Monday, 29 November 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 5

കോന്‍സോ; കാലം നിശ്ചലമായി പോയ ഒരിടം

ക്ഷാമവും വരള്‍ച്ചയും ദാരിദ്ര്യവും പിടിമുറുക്കിയ എത്യോപ്യയുടെ കിഴക്കനതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് സൗദി അറേബ്യ എന്ന വാഗ്ദത്തഭൂമി തേടി കാല്‍നടയായി പാലായനം ചെയ്യുന്നുണ്ട് പതിനായിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ ഓരോ വര്‍ഷവും.

Image Full Width
Image Caption
കാന്‍സോയിലേക്കുള്ള വഴിയിലെ കാഴ്ചകള്‍. അര്‍ബാമിഞ്ചില്‍ നിന്ന് ഒരു മണിക്കൂറോളം പിന്നിട്ടാല്‍ പച്ചപ്പ് പതുക്കെ വരണ്ട ഭൂപ്രകൃതിയിലേക്ക് മാറുന്നത് കാണാം.
Text Formatted

നൂറുകിലോമീറ്ററില്‍ താഴെയാണ് അര്‍ബാമിഞ്ചില്‍ നിന്ന് കോന്‍സോ പട്ടണത്തിലേക്കുള്ള ദൂരം. പക്ഷെ സ്വഭാവിക യാത്ര ഒട്ടും സാധ്യമാകുന്ന തരത്തിലുള്ളതല്ല അങ്ങോട്ടുള്ള റോഡിന്റെ അവസ്ഥ. തലേന്നാള്‍ ഇവിടെയൊക്കെ മഴ പെയ്തിട്ടുണ്ട്. റോഡിലെ പല കുഴികളിലും വെള്ളം കെട്ടിക്കിടക്കുന്നു. മറയൂര്‍ താഴ്‌വാരത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂപ്രകൃതി. ചുറ്റും പച്ചപ്പുനിറഞ്ഞ സമതലം. ദൂരെ അതിന് അതിരിടുന്ന പര്‍വതപ്രദേശം. അവിസ്മരണീയമായ ഒരു പുലരിയുടെ ഓര്‍മകളില്‍ കുരുങ്ങിക്കിടക്കുന്നതുകൊണ്ടാവും എല്ലാവരും നിശ്ശബ്ദരാണ്. പുറംകാഴ്ചകളിലേക്ക് കണ്ണുകളയച്ച് അങ്ങനെയിരുന്നു. ഫോണില്‍ ഇ- മെയില്‍, വാടസ്ആപ്പ് സന്ദേശങ്ങളുടെ ലോകത്താണ് ഡോ. അജിന്‍. അര്‍ബാമിഞ്ചില്‍ നിന്ന് കോന്‍സോയിലേക്ക് പോകുന്ന അതിപ്രധാന പാതയാണിങ്ങനെ തകര്‍ന്നു കിടക്കുന്നത്. യാത്ര ദുസ്സഹമാക്കി റോഡില്‍ ചിലയിടത്തൊക്കെ മരാമത്ത് പണി നടക്കുന്നുണ്ട്. 

ETHYOPIA
കാലിക്കൂട്ടങ്ങളുമായി പോകുന്ന ഗ്രാമീണര്‍. അര്‍ബാമിഞ്ചില്‍ നിന്ന് കാന്‍സോയിലേക്കുള്ള വഴിയിലെ കാഴ്ച.

വഴിയില്‍ കാലിക്കൂട്ടങ്ങളെ കണ്ടുതുടങ്ങി.
അമ്പതും നൂറും അതിലധികവുമുളള പശുക്കളും കാളകളും ഇട കലര്‍ന്ന കൂട്ടങ്ങള്‍. എത്യോപ്യന്‍ ഗ്രാമീണമേഖലകളില്‍ പലയിടത്തും ഇന്നും ഒരാളുടെ സമ്പത്തും സാമൂഹ്യപദവിയും നിശ്ചയിക്കുന്നത് അവര്‍ക്ക് സ്വന്തമായുള്ള കാലികളുടെ എണ്ണം കണക്കാക്കിയാണ്. അതു കൊണ്ടുതന്നെ ചെറിയ കുട്ടികള്‍ മുതല്‍ കാലിവളര്‍ത്തലില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങും. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളരെ കുറവാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം എത്യോപ്യയില്‍ സാര്‍വത്രികമാണിന്ന്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ പ്രാഥമിക വിദ്യാലയങ്ങളും ഏകാധ്യാപക വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ കൃഷിയിലും കാലിവളര്‍ത്തലിലും കുടിവെള്ള ശേഖരണത്തിലുമൊക്കെ കുട്ടികളുടെ കൂടി സഹായം കുടുംബങ്ങള്‍ക്ക് ആവശ്യമുള്ളതുകൊണ്ട് അവരില്‍ പലരുടെയും സ്‌കൂള്‍ ദിനങ്ങള്‍ പരിമിതമാണ്. വഴിയോരങ്ങളില്‍ വാഴത്തോട്ടങ്ങളുടെ സമൃദ്ധിയാണ് ഇപ്പോഴത്തെ കാഴ്ച. തോട്ടങ്ങള്‍ക്കപ്പുറം അങ്ങകലെ അബായ തടാകത്തിലെ കലങ്ങിമറിഞ്ഞ ജലപരപ്പ് കാണുന്നുണ്ട്.

abhaya
അബായ തടാകം / ഫോട്ടോ : എം.സി.എച്ച്. അന്‍വര്‍

നീണ്ട കൊടുവാളും വടിയും വെള്ളക്കുപ്പികളുമായി പശുക്കൂട്ടങ്ങള്‍ക്കൊപ്പമുള്ള ഇടയന്മാരിലധികവും കുട്ടികളാണ്. ചില വാഴത്തോട്ടങ്ങളില്‍ പണികള്‍ നടക്കുന്നുണ്ട്. ചോളവും തെഫുമൊക്കെ കൃഷി ചെയ്യുന്നു നിലങ്ങള്‍ ഇടക്ക് കാണാം. റിഫ്റ്റിവാലി തടങ്ങളിലെ പച്ചപ്പും ജലസമൃദ്ധിയും കാര്‍ഷികസമ്പന്നതയുമൊന്നും എത്യോപ്യയുടെ പൊതുചിത്രമല്ല. ക്ഷാമവും വരള്‍ച്ചയും ദാരി​ദ്ര്യവും പിടിമുറുക്കിയ എത്യോപ്യയുടെ കിഴക്കനതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് സൗദി അറേബ്യ എന്ന വാഗ്ദത്തഭൂമി തേടി കാല്‍നടയായി പാലായനം ചെയ്യുന്നുണ്ട് പതിനായിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ ഓരോ വര്‍ഷവും.

ABHAYA
അബായ തടാകവും അരികിലെ പച്ചനിറഞ്ഞ ചതുപ്പും / ഫോട്ടോ:എം.സി.എച്ച്. അന്‍വര്‍

ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ അഫാര്‍ മരുനിലങ്ങളിലൂടെ എത്യോപ്യന്‍ അതിര്‍ത്തി താണ്ടി ഡിജിബൂട്ടിയിലെത്തി അവിടത്തെ മരുപ്രദേശങ്ങളും പിന്നിട്ട് ഏദന്‍ കടലിടുക്ക് താണ്ടി യെമനിലെ ആഭ്യന്തരയുദ്ധം സൃഷ്ടിച്ച അപകടകരമായ കുരുതിനിലങ്ങളിലൂടെ സൗദി അറേബ്യയില്‍ കുടിയേറാന്‍ ശ്രമിക്കുന്നവരാണിവര്‍. 
കുറേപേര്‍ കടുത്തചൂടിനെ അതിജീവിക്കാനാകാതെ മരുനിലങ്ങളില്‍ തന്നെ മരിച്ചുവീഴും. ഏദന്‍ കടലിടുക്കില്‍ മനുഷ്യക്കടത്തുകാര്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന ബോട്ടുകള്‍ മുങ്ങി മരിക്കുന്നവരും നിരവധി. മോചനദ്രവ്യത്തിനും അടിമപ്പണിക്കായും യെമനിലെ മാഫിയകളാല്‍ ബന്ദികളാക്കുന്നവരും ഒട്ടനവധി. സൗദി അതിര്‍ത്തിയില്‍ രക്ഷാസേനയുടെ വെടിയുണ്ടകളില്‍നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തിക്കപ്പുറത്തേക്ക് കടക്കാനാകുന്നത് ന്യൂനപക്ഷത്തിനുമാത്രം. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ അവരും എത്തിപ്പെടുന്നത് ആടുജീവിത സാഹചര്യങ്ങളിലേക്കാണ്. 2000 കിലോമീറ്ററോളം താണ്ടി ഓരോ പ്രദേശത്തേയും മനുഷ്യക്കടത്തുസംഘങ്ങള്‍ക്കും മാഫിയകള്‍ക്കും സര്‍വതും അടിയറ വെച്ച് ഇങ്ങനെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരിലധികവും ഒറോമോ ഗോത്രവര്‍ഗക്കാരാണ്. ഇതില്‍ തന്നെ വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട്. ടിഗ്രായാന്‍ അമാര ഗോത്രങ്ങള്‍ ഒറോമോകളേക്കാള്‍ താരതമ്യേന സമ്പന്നരായതുകൊണ്ട് വാഹനങ്ങളിലാണ് അതിര്‍ത്തി കടന്ന് ഏദന്‍ കടലിടുക്കിലെത്തുന്നത്. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യക്കടത്ത് സംഘങ്ങള്‍ വഴി അതിര്‍ത്തി കടക്കാന്‍ അവര്‍ക്ക് കഴിയുമെങ്കിലും അവരേയും അവസാനം കാത്തിരിക്കുന്നത് തീരാദുരിതം തന്നെ. 
മനോഹര ദൂരക്കാഴ്ചകള്‍ ദൃശ്യമാകുന്ന വഴിയോരങ്ങളില്‍ വാഹനം നിര്‍ത്താനാവശ്യപ്പെടുന്നുണ്ട് അന്‍വര്‍.

UN
യു.എന്‍ സഹായപദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വാഹനങ്ങള്‍.

ഫോട്ടോഗ്രാഫര്‍മാരെ വഴിയരികിലിറക്കി യാത്ര തുടരേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു ഡോ. അജിന്‍. ഒടുവില്‍ വഴിയിലൊരിടത്ത് ബുന്ന കുടിക്കാന്‍ വണ്ടി നിര്‍ത്തി. നദീതട സമതലത്തോട് ചേര്‍ന്ന ചെറിയൊരു തീന്‍പുര. പുറകില്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ പച്ചനിറഞ്ഞ ചതുപ്പിനപ്പുറം അബായ തടാകം. ചില യു.എന്‍ വാഹനങ്ങള്‍ ആ വഴി കടന്നുപോകുന്നുണ്ട്. ഗ്രാമങ്ങളിലേക്കുള്ള യു.എന്‍ സഹായപദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വാഹനവ്യൂഹമാണ്. ഗോക്കളും ഗോപാലകരും അപ്പോഴും കടന്നുപോകുന്നുണ്ട് ആ വഴി. എങ്ങോട്ടാണായാത്ര എന്ന് പിടികിട്ടിയില്ല. ഒരു പക്ഷെ അങ്ങകലെയെങ്ങോയുള്ള മേച്ചില്‍പ്പുറങ്ങളിലേക്കായിരിക്കും, അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാമീണ മൃഗചന്തയിലേക്ക്. കാലങ്ങള്‍ക്കു മുമ്പത്തെ പെരുമ്പിലാവ്, വാണിയംകുളം ചന്ത ദിവസങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് ആ കാഴ്ച. അജിനും അതു തന്നെ പറഞ്ഞു. ചില ഇടയന്മാർ ടയര്‍ചക്രങ്ങളോടുകൂടിയ കാളവണ്ടികളിലിരുന്നാണ് കാലിക്കുട്ടത്തേയും തെളിച്ച് പോകുന്നത്.

ETHYOPIA
എത്യോപ്യന്‍ യുവതി / ഫോട്ടോ:എം.സി.എച്ച്. അന്‍വര്‍

തീന്‍പുരയോട് ചേര്‍ന്ന കുടിലിലെ എത്യോപ്യന്‍ ഗ്രാമസുന്ദരിയുടെ ചിത്രം അവരുടെ അനുവാദത്തോടെ പകര്‍ത്തി അന്‍വര്‍. വീണ്ടും യാത്ര തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മുമ്പ് കോന്‍സോയിലെ താമസസ്ഥലത്തെത്തണം. അവിടെ ഉച്ചഭക്ഷണവും ചെറിയൊരു വിശ്രമവും കഴിഞ്ഞ് കോന്‍സോയുടെ കാഴ്ചകളിലേക്കിറങ്ങണം. വലിയ വാഹനത്തിരക്കുള്ള വഴിയല്ല ഇതും. ഇരുചക്രവാഹനങ്ങള്‍, ബജാജ് ഓട്ടോറിക്ഷകള്‍, കാളവണ്ടികള്‍, ചില കാറുകള്‍, അപൂര്‍വമായി ബസുകള്‍, ട്രക്കുകള്‍ ഇതൊക്കെയാണ് വാഹനങ്ങള്‍. ചിലയിടങ്ങളില്‍ വാഴത്തോട്ടങ്ങളില്‍നിന്നുള്ള കുലകള്‍ വെട്ടി ലോറികളില്‍ കയറ്റുന്നുണ്ട്. ബുന്ന കഴിഞ്ഞിറങ്ങിയതോടെ എല്ലാവരും വീണ്ടും ഉഷാറായി. ജോയേട്ടന്റെ നേതൃത്വത്തില്‍ ഗാനമേള തുടങ്ങി. മറ്റൊന്നിലും ശ്രദ്ധിക്കാതെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ അതിവിദഗ്ധമായി വണ്ടി ഓടിക്കുകയാണ് അബ്ദു. മൂന്ന് വര്‍ഷത്തോളമാകുന്നു അബ്ദു അജിനൊപ്പം കൂടിയിട്ട്. മെക്കാനിക്കല്‍ ഡിപ്ലോമധാരി കൂടിയാണ് അബ്ദു. ഉറച്ച ശരീരപ്രകൃതിയുള്ള അബ്ദു കഠിനാധ്വാനിയും സത്യസന്ധനും സഹായമനസ്‌ക്കനുമാണ്. തുറന്ന പെരുമാറ്റം. നിരവധി എത്യോപ്യന്‍ പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയാണ് അബ്ദുവെന്ന് പറഞ്ഞിരുന്നു അജിന്‍, പരിചയപ്പെടുത്തിയപ്പോള്‍.

ETHYOPIA
എത്യോപ്യന്‍ ഗ്രാമീണര്‍

യാത്ര ഒരു മണിക്കൂറോളം പിന്നിട്ടപ്പോള്‍ ഭൂപ്രകൃതി മാറിത്തുടങ്ങി. തടാകതടം പിന്നിട്ട് വണ്ടി മേടിലേക്ക് കയറുകയാണ്. പച്ചപ്പ് പതുക്കെ പതുക്കെ വരണ്ട ഭൂപ്രകൃതിയിലേക്ക് വഴിമാറുകയാണ്. മലപ്പുറം ജില്ലയിലെ പറങ്കിമാവിന്‍ കൂട്ടങ്ങള്‍ നിറഞ്ഞ ഇടനാടന്‍ ചെങ്കന്‍കുന്നുകളിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി. പിന്നെ പിന്നെ സസ്യപ്രകൃതിയും കുറഞ്ഞു വന്നു. വിശാലമായി കിടക്കുന്ന തരിശായ ആഫ്രിക്കന്‍ സമതലപ്രകൃതിയിലൂടെയായി യാത്ര. വീണ്ടും മേടുകളിലേക്ക് വണ്ടി കയറി. ഒടുവില്‍ 11.30 ഓടെ കോന്‍സോ അങ്ങാടിയിലെത്തി. പ്രധാന കവലയില്‍ നിന്ന് 1.5 കിലോമീറ്ററോളം മാറി കോന്‍സോ കള്‍ചറല്‍ ലാന്‍ഡ് സ്‌കേപ്പിലേക്ക് പോകുന്ന പാതയോടുചേര്‍ന്ന് പരമ്പരാഗത ആഫ്രിക്കന്‍ ശൈലി പിന്തുടര്‍ന്ന് നിര്‍മിച്ച ഒരു റിസോട്ടുണ്ട്.  കാന്താ ലോഡ്ജ് (Kanta Lodge) എന്നാണ് അതി മനോഹരമായ ആ വാസഗേഹത്തിന്റെ പേര്. പരുക്കന്‍ കല്ലുകള്‍ അടുക്കി നിര്‍മിച്ച അതിര്‍ത്തിമതിലിനുള്ളില്‍ ബോഗന്‍വില്ലകള്‍ അതിരിടുന്ന കല്ലുവിരിച്ച പാതകള്‍, അതില്‍നിന്നുള്ള ചെറിയ ഉപനടപ്പാതകള്‍, അതിന്റെ ഓരം ചേര്‍ന്ന് ആഫ്രിക്കന്‍ പരമ്പരാഗത വാസ്തു മാതൃകകളെ പിന്തുടര്‍ന്ന് നിര്‍മിച്ച മനോഹരമായ പുല്ലുമേഞ്ഞ വൃത്താകൃതിയിലുള്ള കുടിലുകള്‍. ആ വളപ്പിന്റെ ഒരു വശം മനോഹരമായ താഴ്‌വരയാണ്. മരങ്ങളില്‍ നിറയെ ചെറുകിളികള്‍. ശാന്തവും സ്വച്ഛവുമായ പരിസരം. പതിവുപോലെ വിലപേശലുകള്‍ക്കുശേഷം അവരുമായി ധാരണയിലെത്തി അന്നവിടെ തങ്ങാമെന്ന് തീരുമാനമായി. അല്‍പനേരത്തെ കാത്തിരിപ്പിനുശേഷം ചൂടോടെ എത്യോപ്യന്‍ ഉച്ചഭക്ഷണമെത്തി. അപ്പോഴേക്കും എവിടെ നിന്നോ കടന്നുവന്ന പൂച്ചകള്‍ക്കൊപ്പം അത് കഴിച്ച് അല്‍പനേരം വിശ്രമിച്ചു ഞങ്ങള്‍.

CONSO
കോന്‍സോയിലെ പരമ്പരാഗത ഗ്രാമം

ഇനി കോന്‍സോയുടെ കാഴ്ചകളിലേക്കാണ്, എത്യോപ്യന്‍ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനപ്പെട്ട ഒരിടത്തേക്ക്. ആഫ്രിക്കയിലെ ഏറ്റവും പ്രാകൃതരായ ഗോത്രവര്‍ഗക്കാരുള്ളത് ഓമോ വാലിയിലാണ്. എത്യോപ്യന്‍ ആദിവാസി-ഗോത്രവംശജര്‍ പാരമ്പര്യത്തനിമയോടെ അവരുടെ സ്വാഭാവിക ചുറ്റുപാടില്‍ ഇന്നും ജീവിക്കുന്ന ഇടം. ആന്‍ഡമാനിലെ പ്രാകൃത മനുഷ്യരെ പോലെ അവരും അര്‍ധനഗ്‌നരാണ്. അവിടേക്ക് കോന്‍സോയില്‍ നിന്ന് 300 കിലോമീറ്ററോളം പോകണം. കോന്‍സോയില്‍ കൂടിയാണ് ഓമോ വാലിയിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതും. പക്ഷെ ഞങ്ങളുടെ യാത്രാപരിപാടിയില്‍ ഓമോ വാലിയില്ല. എന്നാല്‍ അതിനോളം പ്രാധാന്യമുള്ള, ഒരു കാലത്ത് ഏറ്റവും സംസ്‌കൃതരായിരുന്ന, കര്‍ഷകരായ, തനത് ആഫ്രിക്കന്‍ പൈതൃകം പിന്തുടര്‍ന്നുപോരുന്ന, പ്രാചീനമായൊരു ജനവിഭാഗം ഇപ്പോഴും അതേ പാരമ്പര്യത്തനിമയോടെ ജീവിക്കുന്ന കോന്‍സോ സാംസ്‌കാരിക ഭൂമികയാണ് ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

കോന്‍സോ സാംസ്‌കാരിക ഭൂമിക

ക്രിസ്തുമതവും പിന്നീട് ഇസ്‌ലാമും എത്യോപ്യയിലേക്ക് കടന്നുവന്നിട്ട് നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും തങ്ങളുടെ പരമ്പരാഗത ഗോത്രജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഒരു മാറ്റവും വരുത്താന്‍ തയ്യാറാകാത്തവരാണ് ഓമോവാലിയിലെ പോലെ കോന്‍സോ പൈതൃകഗ്രാമത്തിലെ പര്‍വതവാസികളായ ഗ്രാമീണരും. പക്ഷെ വസ്ത്രധാരണത്തിലും ഭക്ഷണശീലത്തിലും വിദ്യാഭ്യാസത്തിലും ഇന്ന് കോന്‍സോ ഗോത്രക്കാര്‍ക്ക് ചില മാറ്റങ്ങള്‍ വന്നിട്ടുമുണ്ട്.

CONSCO
കോന്‍സോ സാംസ്‌കാരിക ഭൂമികയിലെ കാഴ്ച

മറ്റ് ഗോത്രങ്ങളെ വെച്ചുനോക്കുമ്പോള്‍ ഒരു കാലത്ത് വളരെ പരിഷ്‌കൃതരും ആധുനികരുമായിരുന്നു കോന്‍സോയിലെ ജനത. അവര്‍ക്ക് സ്വയം സമ്പൂര്‍ണമായ ഒരു ഗ്രാമവ്യവസ്ഥയും അധികാരകേന്ദ്രങ്ങളും ആസൂത്രിത പാര്‍പ്പിട സമ്പ്രദായവും തട്ടുതട്ടായി മണ്ണ്- ജല സംരക്ഷണം നടത്തിക്കൊണ്ടുള്ള കൃഷിസമ്പ്രദായങ്ങളും ഉണ്ടായിരുന്നു. തനതായ ശാസ്ത്രസാങ്കേതിക വിദ്യകളും സാമൂഹ്യ ഐക്യവും സാംസ്‌കാരിക മൂല്യങ്ങളും ഉണ്ടായിരുന്ന ഒരു ജനത. മറ്റ് ഗോത്രവര്‍ഗങ്ങള്‍ ഇരുളിലാണ്ടു പോന്ന ഒരു കാലത്ത് ഏറെ നവീനരായിരുന്നു അവര്‍. എന്നാല്‍ ചരിത്രത്തിന്റെ എതോ വഴിയോരത്തുവെച്ച് അവര്‍ മുന്നോട്ടുള്ള യാത്ര മതിയാക്കി.

CONSCO
കോന്‍സോയിൽ പരമ്പരാഗത ജീവിതം കാത്തുസൂക്ഷിക്കന്ന ഗ്രാമം

അങ്ങനെ കാലം നിശ്ചലമായി പോയ ഒരിടമാണ് കോന്‍സോ സാംസ്‌കാരിക ഭൂമിക. 1977 മുതല്‍ യുനസ്‌കോ സംരക്ഷിത പ്രദേശമാണിത്. ലോകത്തിന്റെ പലഭാഗത്തുനിന്നും നിരന്തരം വന്നു പോകുന്ന നരവംശശാസ്ത്ര ഗവേഷകര്‍ക്കും സാംസ്‌കാരിക പഠിതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സഞ്ചാരികള്‍ക്കുമൊക്കെ മുമ്പില്‍ അതിന്റെ പരമ്പരാഗത ജീവിതം തുടരുമ്പോഴും അതുവഴി തുറന്നു കിട്ടിയ ചില പുതിയ ഉപജീവനവഴികളുമായി ചേര്‍ന്നു പോകുകയും ചെയ്യുന്നു ഈ ഗ്രാമം.

CONSO
കോന്‍സോയിലെ ധാന്യപ്പുര

കോന്‍സോ സാംസ്‌കാരിക ഭൂഭാഗത്ത് ഇന്ന് ആയിരത്തില്‍ താഴെ കുടുംബങ്ങളാണുള്ളത്. കല്ലുകള്‍ അടക്കിവെച്ച് നിര്‍മിച്ച ആളുയരം വരുന്ന പുറംമതിലുകള്‍ക്കിടയിലൂടെ നീണ്ടു കിടക്കുന്ന ഇടുങ്ങിയ നടവഴികള്‍. അവക്കിടയിലും ഉള്ളിലുമായി കുരുങ്ങിക്കിടക്കുകയാണ് മുഖ്യ ഗ്രാമം. ഗ്രാമമുഖ്യന്റെയും പുരോഹിതന്റെയും ഭവനങ്ങള്‍, ദൈവപ്പുരകള്‍, വെളിപാട് തറകള്‍, ഗ്രാമസഭകള്‍ ചേരുന്ന ഇടങ്ങള്‍, ധാന്യപ്പുരകള്‍, ഗ്രാമത്തിലെ പൊതു ഇടങ്ങള്‍ എല്ലാമുണ്ട് അതിനിടയില്‍. ഒരു സ്വയം സമ്പൂര്‍ണഗ്രാമത്തിനു വേണ്ട നെയ്ത്തും മണ്‍പാത്രനിര്‍മാണവും കൈവേലകളും കൃഷിത്തരങ്ങളുമൊക്കെയായി അവരവിടെ കഴിഞ്ഞു കൂടുന്നു. 

CONSO
കോന്‍സോയിലെ കുട്ടികള്‍

ഗ്രാമത്തിന് താഴെയായാണ് കൃഷിയിടങ്ങള്‍. ഉയര്‍ന്ന മലപ്രദേശത്ത് തട്ടുതട്ടായുള്ള സ്ഥലത്ത് ധാനങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. ശവമടക്കിനും ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതിനുമായി പരിപാലിക്കപ്പെടുന്ന വിശുദ്ധവനങ്ങളും ഗ്രാമത്തിന് പൊതുവായുള്ള ജലസംഭരണികളും ഇവിടെയാണ്.

CONSO
കോന്‍സോ സാംസ്കാരിക ഭൂമികയുടെ പടിവാതില്‍

കോന്‍സോയിലെ ടെറസ് ഫാമിങ്ങ് പ്രശസ്തമാണ്. തലമുറകളായി പകര്‍ന്നു കിട്ടിയ പരിസ്ഥിതി സംരക്ഷണ പാഠങ്ങള്‍ അവരിന്നും പിന്തുടരുന്നു. ഇന്ന് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി ഈ ഗ്രാമത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടിക്കച്ചവടക്കാര്‍ കരകൗശലവസ്തുക്കളുമായി സഞ്ചാരികള്‍ക്കൊപ്പം തന്നെയുണ്ട്. ഭൂനിരപ്പില്‍നിന്ന് കരിങ്കല്ലുകൊണ്ട് കെട്ടി ഉയര്‍ത്തിയ ചെറുതറകള്‍ക്ക് മുകളിലാണ് പുരകള്‍. വൃത്താകൃതിയിലാണ് ചുമരും മേല്‍പ്പുരയും. മരക്കമ്പുകള്‍ കുത്തിനിറുത്തിയതാണ് ചുമര്‍. കമ്പുകള്‍ക്കുമേല്‍ കനത്തില്‍ പുല്ല് മേഞ്ഞതാണ് മേല്‍ക്കൂര. ഗ്രാമവാസികളുടെ കുടിലിന്റെ നേര്‍പ്പകര്‍പ്പുതന്നെയാണ് കാലിപ്പുരകളും. ചില കുടിലിനകത്ത് കാലികളെയും കണ്ടു. ഒരിടത്ത് വലിയൊരു കല്ല് കിടക്കുന്നുണ്ട്. പഴയ ആചാരപ്രകാരം പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ ആ കല്ലുയര്‍ത്തി തലക്ക് മുകളിലൂടെ പുറകിലേക്കിടണം. അതിനായാല്‍ മാത്രമേ വിവാഹിതനാകാന്‍ അയാള്‍ യോഗ്യത നേടൂ. 

CONSCO
കോന്‍സോയിലെ കല്‍മതിലുകള്‍

21 തലമുറകളുടെ പഴക്കമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കോന്‍സോ സംസ്‌കൃതിക്ക്. 400 വര്‍ഷമായി തനത് സാംസ്‌ക്കാരിക തുരുത്തായി ഇത് നിലനില്ക്കുന്നു. തലമുറകളുടെ വംശാവലി അവര്‍ അടയാളപ്പെടുത്തിയിട്ടുള്ളത് കുത്തി നിര്‍ത്തിയ മരത്തടികളും കല്‍സ്തംഭങ്ങളും മരപ്രതിമകളുമുപയോഗിച്ചാണ്.

CONSO
കോന്‍സോ - പൂര്‍വ്വികരുടെ മരപ്രതിമകള്‍

പലയിടത്തായി ചിതറിക്കിടക്കുന്ന Anthropomorphic മരപ്രതിമകളിലും തടി-കല്‍ത്തൂണുകളിലും ലിഖിതങ്ങളിലും ചിഹ്നങ്ങളിലുമായി ഈ വംശാവലിപ്പട്ടികയും ചരിത്രവും ചിതറിക്കിടക്കുന്നു. കൃഷിക്കുപുറമെ തേനീച്ചവളര്‍ത്തലും നെയ്ത്തും അവരുടെ ഉപജീവനമാര്‍ഗങ്ങളാണ്. മൊരിങ്ങ എന്നു തന്നെ അവര്‍ വിളിക്കുന്ന മുരിങ്ങയാണ് പ്രധാന ഭക്ഷ്യവസ്തുക്കളിലൊന്ന്. മുരിങ്ങയുടെ ഇല മുതല്‍ കായും തൊലിയും ഉണക്കിയ കുരുവുമൊക്കെ പല വിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചുപോരുന്നു അവര്‍. 

CONSO
ബാവോ കളിക്കാര്‍

യുനസ്‌കോ സാസ്‌കാരിക ഭൂമികാ പദവി പ്രകാരം ലഭ്യമാകുന്ന നിയമ പരിരക്ഷയും പ്രാദേശിക സ്വയംഭരണവും വിദേശസഹായങ്ങളും കോന്‍സോയുടെ പ്രത്യേകതകളാണ്. പൈതൃകവും പാരമ്പര്യത്തനിമയും നിലനിര്‍ത്തുന്നതിന് ഗോത്രത്തലവന്മാരും ഗവണ്‍മെന്റ് പ്രതിനിധികളും യുനസ്‌കോ നിരീക്ഷകരും അടങ്ങുന്ന സംവിധാനമുണ്ട്. പലയിടത്തും പ്രദര്‍ശനമൂല്യത്തിന് ഒരു മ്യൂസിയം പീസുപോലെ ഇത്തരം ജനസമൂഹങ്ങളെ നിലനിര്‍ത്തിയിരിക്കുകയാണെങ്കില്‍ കോന്‍സോയില്‍ അത് അങ്ങനെയല്ല. പുതിയ കാലവുമായി പലയിടത്തും അവര്‍ സന്ധിക്കുമ്പോഴും അവരിന്നും നടപ്പുരീതികളും ആചാരാനുഷ്ഠാനങ്ങളും കാര്‍ഷിക രീതികളും ദൈനംദിന വ്യവഹാരങ്ങളും സാംസ്‌കാരിക മൂല്യങ്ങളും മാറ്റമില്ലാതെ തുടരുന്നു.

CONSO
കോന്‍സോയിലെ നടവഴികള്‍

കരിങ്കല്‍ക്കെട്ടുകള്‍ക്കിടയിലെ ഒറ്റയടിപ്പാതകളിലൂടെയുള്ള യാത്രക്കിടയില്‍ എവിടേയൊ വെച്ച് നാം സ്വയം നഷ്ടപ്പെട്ടുപോകും. മരത്തില്‍ കൊത്തിയ ആഫ്രിക്കന്‍ മുഖംമൂടികള്‍, ആരാധനയ്ക്കുള്ളതും മൂര്‍ത്തികളെ തളച്ചിട്ടതുമായ പ്രതിമകള്‍, ഏതോ കാലത്ത് സ്വപ്‌നത്തില്‍ കണ്ടതെന്ന് നമ്മെ വിഭ്രമിപ്പിക്കുന്ന ചില വൃദ്ധമുഖങ്ങള്‍, നാമറിയാതെ എവിടെ നിന്നൊക്കയോ നമ്മെ നിരീക്ഷിക്കുന്ന ചില കണ്ണുകള്‍. ചിത്രമെടുപ്പും മറ്റുമായി അലയുന്നതിനിടയില്‍ പലപ്പോഴും നാം കൂട്ടം തെറ്റിയിരിക്കും. ഭയപ്പെടുത്തുന്ന യാതൊന്നും അവിടെയില്ലെങ്കില്‍തന്നെയും ആ അന്തരീക്ഷവും ഏകാന്തതയും വല്ലാതെ സംഭ്രമിപ്പിക്കും നമ്മളെ. പ്രകൃതിക്കും അവിടെ ജീവനുണ്ട്. അതുമൊരു മനുഷ്യനായി തന്നെയാണ് അനുഭവപ്പെടുക. ജരാനിരകളാല്‍ ഏറെ ആക്രമിക്കപ്പട്ടതാണ് പക്ഷെ അത്. കരകൗശലവസ്തുക്കളുടെ കച്ചവടത്തിനും പണത്തിനും മറ്റു സംഭാവനകള്‍ക്കുവേണ്ടിയും നമ്മുടെ ഫോണും ക്യാമറയും കാണുന്നതിനും നമുക്കൊപ്പം കൂടുന്ന കുട്ടികള്‍ മാത്രമാണ് നമ്മെ വിഭ്രമാത്മകമായ ആ അന്തരീക്ഷത്തില്‍നിന്ന് അല്‍പമെങ്കിലും രക്ഷിച്ചെടുക്കുക.

ethyopia
കോന്‍സോയിലെ കുട്ടികളും ലേഖകനും / ഫോട്ടോ : എം.സി.എച്ച്. അന്‍വര്‍

രാവണന്‍കോട്ടപോലെയുള്ള ആ കല്‍മതിലുകള്‍ക്കുള്ളിലെ ഒറ്റയടിപ്പാതയിലൂടെ നടന്ന് ഒടുവില്‍ തുറസ്സായ സ്ഥലത്തെത്തി. വൃത്താകൃതിയിലുള്ള മേല്‍പ്പുരയോടുകൂടിയ ഒരു തുറന്ന മണ്ഡപമുണ്ടവിടെ. ഗ്രാമസഭകള്‍ ചേരുന്നതോ പൊതുആവശ്യങ്ങള്‍ക്കുള്ളതോ ആവണം അത്. തല പെരുത്തിരിക്കുന്നു; അവിടെയിരുന്നു. അന്‍വറും ജോയേട്ടനും ദത്തേട്ടനുമെത്തി, പുറകെ അബ്ദുവും. ഡോ. അജിനെ കാണാനില്ല. 

കുറച്ച് കുട്ടികള്‍ അവര്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വില്‍ക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൂടിയിരുന്നു. അതിലൊരാള്‍ക്ക് ക്യാമറ കാണണം, തൊടണം, പിന്നീട്  അവരുടെ ഫോട്ടോ എടുത്ത് കാണണം. ആ ഫോട്ടോകള്‍ കാണുന്നതിനിടക്ക് ഫോണില്‍ നാട്ടിലെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അത് മുഴുവനും കാണണമെന്നായി. ഒടുവില്‍ ആഡിസ് അബാബയിലെ ലാന്‍ഡിങ്ങും ദുബായ് നഗരവും അര്‍മേനിയയും നോങ്ങല്ലൂരുമൊക്കെ വീഡിയോകളിലൂടെ കണ്ടുതുടങ്ങിയതോടെ ആ കുട്ടിക്കൂട്ടം വലുതായി വലുതായി വന്നു. അവരുടെ സ്‌നേഹം കെട്ടിപ്പിടിക്കലും മുടിയും ഷര്‍ട്ടുമൊക്കെ പിടിച്ചുവലിക്കലും പിച്ചലുമൊക്കെയായി പടര്‍ന്നു തുടങ്ങി. ഷര്‍ട്ടും ട്രൗസറുമാണ് ഗ്രാമീണരുടെ വേഷം. സ്ത്രീകള്‍ മേല്‍ക്കുപ്പായവും (മിക്കവാറും ബനിയന്‍) താഴെ ഞെറികളോടുകൂടി രണ്ട് തട്ടായി കിടക്കുന്ന മുക്കാല്‍ പാവടയും ധരിക്കുന്നു. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയില്‍ നിന്ന് നൂലുണ്ടാക്കി കൈത്തറി കൊണ്ട് നെയ്‌തെടുക്കുന്ന തുണികൊണ്ടുള്ളതാണ് പാവാടകള്‍. 
കുട്ടികളുടെ ആഘോഷം കൂടി വന്നപ്പോള്‍ ഗ്രാമീണരില്‍ ചിലരുവന്ന് കുട്ടികളെ ശാസിച്ചു. കുറച്ചുകൂടി വലിയ കുട്ടികള്‍ കുറച്ചപ്പുറത്തായി പന്തു കളിക്കുന്നുണ്ട്. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ചില സ്ത്രീകള്‍ വീടുകളിലേക്ക് പോകുന്നുണ്ട്.

CHILDREN
കോന്‍സോയിലെ കുട്ടികള്‍ നിർമ്മിക്കുന്ന കരകൗശല വസ്തുക്കള്‍

ചില കുട്ടികളെങ്കിലും സകൂളില്‍ പോകുന്നവരാണ്. മോശമില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്. ചില ചെറിയ കുട്ടികള്‍ സന്ദര്‍ശകരുമായുള്ള സഹവാസം കൊണ്ടാകണം, ചില ഇംഗ്ലീഷ് വാക്കുകള്‍ പറയുന്നുണ്ട്. പക്ഷെ വൈദ്യുതി എത്തിയിട്ടില്ല, മറ്റ് അനുബന്ധ ഉപകരണങ്ങളും ഇല്ല. ഒഴിവാക്കാനാകാത്ത വൈദ്യുതി ആവശ്യങ്ങള്‍ക്കായി പൊതുവായ ഒരു ഡീസല്‍ ജനറേറ്ററുണ്ട് ഇപ്പോഴവിടെ. 

CONSO
കോന്‍സോയിലെ പൊതുകൂടിച്ചേരലുകള്‍ക്കുള്ള പുര

താമസിയാതെ ഡോ. അജിനെത്തി ഞങ്ങളുടെ ഗൈഡും ഡോക്ടറെ തിരഞ്ഞുപോയ അബ്ദുവും ഒപ്പമുണ്ട്. അതിനിടയില്‍ എതോ കുടിലില്‍ നിര്‍മിച്ചുകൊണ്ടിരുന്ന പ്രദേശികമായ അരാക്ക് (ചാരായം) വാങ്ങിയിട്ടിയുണ്ട്. മൂപ്പര് കത്തിച്ചാല്‍ കത്തുന്നതാണ്. അത് പരീക്ഷിക്കുന്നതിന്റെ വീഡിയോയും കാണിച്ചു തന്നു. ഒരു പക്ഷെ ഈ സംസ്‌കൃതിയോളം തന്നെ പഴക്കമുള്ളതാകണം അവിടത്തെ ഈ പ്രദേശിക മദ്യത്തിനും അതുണ്ടാക്കുന്ന പുരാതനമായ രീതികള്‍ക്കും.

ETHYOPIA
കോന്‍സോയിലെ കുട്ടികള്‍

ഏറെ നേരമായി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളില്‍നിന്ന് അവരുണ്ടാക്കിയ പുതിയ മാതൃകയിലുള്ളതും പരമ്പരാഗതവുമായ കരകൗശലവസ്തുക്കള്‍ വാങ്ങി. അവര്‍ക്കെല്ലാവര്‍ക്കുമായി കുറച്ച് പണം കൂടി കൊടുത്ത് ഞങ്ങള്‍ യാത്ര പറഞ്ഞു. 
എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് ചന്ത ദിവസങ്ങള്‍. ഞങ്ങള്‍ കോന്‍സോയിലെത്തിയത് വ്യാഴാഴ്ചയായതുകൊണ്ട് ഗ്രാമചന്ത കൂടി കാണാന്‍ കഴിഞ്ഞു. കോന്‍സോ സാംസ്‌കാരിക ഭൂമികയില്‍നിന്ന് ചന്തയിലെത്തുമ്പോഴേക്കും വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു.

(തുടരും)

പ്രമോദ് കെ.എസ്.

Epta International ന്റെ മിഡില്‍ ഈസ്റ്റ് ഓഫീസില്‍ (ദുബായ്) ഡിസൈനര്‍. കേരളീയം മാസികയുടെ ആദ്യകാല പ്രവര്‍ത്തകനും പ്രസാധകനുമായിരുന്നു.
 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM