Sunday, 25 September 2022

ശരീരം ശാസ്​ത്രം സമൂഹം


Text Formatted

ആരുടെ ശരീരം? ആരുടെ അനുഭവം?

മനുഷ്യന്‍ എന്ന അപൂര്‍വ സ്പീഷീസ് പ്രവണതകള്‍

സൗന്ദര്യബോധം ശരീരത്തെ കേന്ദ്രീകരിച്ചാണ് ഉടലെടുക്കുന്നതെന്നും അത് ലൈംഗിക തെരഞ്ഞെടുപ്പിനും അതിജീവനത്തിനും അത്യന്താപേക്ഷിതവുമാണെന്ന തെറ്റിദ്ധാരണയില്‍പ്പെട്ട് ഇന്നും ഉഴലുകയാണ് മനുഷ്യര്‍.

Image Full Width
Text Formatted

രീരം എന്നത് വലിയ ഒരു ബാധ്യതയായി മാറിയ ഒരേയൊരു സ്പീഷീസാണ് മനുഷ്യര്‍. സൗന്ദര്യബോധം ശരീരത്തെ കേന്ദ്രീകരിച്ചാണ് ഉടലെടുക്കുന്നതെന്നും അത് ലൈംഗിക തെരഞ്ഞെടുപ്പിനും (sexual selection) അതിജീവനത്തിനും അത്യന്താപേക്ഷിതവുമാണെന്ന തെറ്റിദ്ധാരണയില്‍പ്പെട്ട് ഇന്നും ഉഴലുകയാണ് മനുഷ്യര്‍. സൗന്ദര്യം എന്നത് ആരോഗ്യലക്ഷണവുമായി ബന്ധപ്പെടുത്തി ഇണയെ ലഭിക്കാനുള്ള അവസരങ്ങള്‍ കൂടുന്നുണ്ടെന്ന സത്യം പ്രധാനമാണെങ്കിലും അത് അതിജീവന പ്രശ്‌നമാണെന്നാണ് മനുഷ്യന്റെ ധാരണ. അതുകൊണ്ട് ശരീരം എന്നത് പ്രദര്‍ശനപരമായ വസ്തു ആണെന്നും ധരിച്ചുവശായിട്ടുണ്ട്, ഈ പ്രത്യേക സ്പീഷീസ്. ചില്ലറയല്ല അതിന്റെ ദുരിതങ്ങള്‍. പ്രജനനത്തിനല്ലാതെ ഇണചേരുക എന്ന പ്രത്യേക പ്രവൃത്തിയില്‍ ഇത് ദുര്‍ഘടങ്ങളുണ്ടാക്കുന്നു.

ആധുനിക സാമൂഹ്യനീതിയില്‍, ലൈംഗികബന്ധത്തിലെ ഉദാരത നിമിത്തവും ശരീരം ഒരു ഉപഭോഗവസ്തു (commodity) ആക്കി മാറ്റപ്പെടുന്നുണ്ട്. വാര്‍ധക്യത്തെ ചെറുക്കാനും ജീവിതം നീട്ടിക്കിട്ടാനും സ്വാഭാവിക സഹജജ്ഞാന (instinct) ത്തിനപ്പുറം കഠിനപ്രയത്‌നം ചെയ്യാന്‍ നിതാന്തമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കയാണ് ശരീരത്തെ. സൗന്ദര്യവര്‍ധക സാമഗ്രികളും അനുബന്ധ ഇടപാടുകളും വലിയ വ്യവസായമായി വളരാന്‍ സാധ്യതയൊരുക്കിയത്, ശരീരം ഇന്ന് വിപണിയുടെ ഏറ്റവും മൂല്യവസ്​തുവാണെന്നുള്ളതാണ്. ലോകവ്യവഹാരങ്ങള്‍ ശരീരം എന്നതിന്റെ ഈ മൂല്യവുമായി ബന്ധപ്പെട്ട് ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
ഇത്തവണ ഓസ്‌കര്‍ അവാര്‍ഡുദാന പരിപാടിയില്‍ വില്‍ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയതും വില്‍ സ്മിത്തിന്​ അക്കാദമിയില്‍ നിന്ന് രാജിവെക്കേണ്ടിവന്നതുമൊക്കെ ഒരു സ്ത്രീയുടെ തലയില്‍ എത്ര മുടി വേണം എന്ന ആലോചനയുടെ പരിണിതഫലമാണെന്നത് കൗതുകകരമാണ്. 

ശരീരപരിപാലനത്തിന്​ ഏറ്റവും പ്രാധാന്യം കൊടുക്കപ്പെടുന്ന ചരിത്ര സമയവേളയിലാണ് നമ്മള്‍. സ്ത്രീശരീരം ആണ്‍നോട്ടത്തിന് പാകപ്പെടുത്താനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് കോര്‍പറേറ്റ് ലോകത്ത് ശ്രേണിയില്‍ തലപ്പത്തുള്ള സ്ത്രീകളുടെ വസ്ത്രധാരണം

ശരീരമാദ്യം ഖലു ധര്‍മസാധനം- കിം കാര്‍ഡാഷിയാന്‍

ശരീരം ധര്‍മങ്ങളനുഷ്​ഠിയ്ക്കാനുള്ള സാധനമാണെന്ന് സ്മൃതികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. കൊടിയ തപസ്സാല്‍ ശരീരം ദുഷിപ്പിക്കരുതെന്ന് ശിവന്‍ പാര്‍വതിയെ ഉപദേശിക്കുന്ന വേളയില്‍ പ്രയോഗിക്കപ്പെട്ടതാണത്രേ ഈ തത്വം. ആത്മാവിന്റെ ആവിഷ്‌കാരങ്ങള്‍ക്ക് ശരീരം ഉപയോഗവസ്തുവാകുന്നു. കഠോപനിഷത്തിലാവട്ടെ ശരീരം ആത്മാവിനെയും വഹിച്ച്​​ പായുന്ന രഥമാണ്. ശരീരത്തിന്റെ ധര്‍മങ്ങള്‍ ഇക്കാലത്ത് എത്രമാത്രം പ്രസക്തമാണെന്ന് പരിശോധിക്കാൻ, ആധുനിക സമൂഹത്തില്‍ വ്യക്തിയുടെ ശരീരത്തെയും അതിന്റെ ധര്‍മങ്ങളെയും വിഖ്യാതമായ രീതിയില്‍ പരസ്യപ്പെടുത്തി പൊതു അംഗീകാരം നേടുകയും ഘോഷിക്കപ്പെടുകയും ചെയ്ത കിം കാര്‍ഡാഷിയാന്റെ ജീവിതവും പ്രവര്‍ത്തികളും തന്നെ ഉദാഹരണമായെടുക്കാം.  

kim
കിം കാര്‍ഡാഷിയാന്‍ തന്റെ സൗന്ദര്യവര്‍ധക ഉല്‍പന്നമായ മാറ്റ് ഹണിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കിയ പരസ്യം. / Photo: kimkardashian, Ig

സ്വന്തം ജീവിതമുഹൂര്‍ത്തങ്ങളെയും ഒപ്പം ശരീരത്തേയും സമൂഹശരീരത്തിന്റെ ആവശ്യാനുസരണം സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും അതിലെ വിപണിമൂല്യം വസൂലാക്കാന്‍ വഴിതെളിക്കുകയും ചെയ്തു എന്നുമാത്രല്ല, നമ്മള്‍ ശരീരത്തിന്റെ അടിമകളാണെന്ന ബോധ്യം ഉറപ്പിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു അവര്‍. ഏറെ സൗന്ദര്യവര്‍ധക സാമഗ്രികളും ആടയാഭരണങ്ങളും അവര്‍ ബ്രാന്‍ഡ്‌ ചെയ്തു എന്നു മാത്രമല്ല തികച്ചും വ്യക്തിഗതവും സ്വകാര്യവുമായ കാര്യങ്ങള്‍ ഇതിനോട് ചേര്‍ത്തുകെട്ടി, തന്റെ ഉടല്‍പരിചരണമാണ് മറ്റൊല്ലാവര്‍ക്കും മാതൃക എന്ന പ്രഖ്യാപനം പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു അവര്‍. ഒരു കല്യാണത്തിനോടൊപ്പം അവരുടെ ‘കല്യാണസുഗന്ധം' (wedding fragrance) ആണെന്ന് സമര്‍ഥിക്കുന്ന ‘കിം കാര്‍ഡാഷിയാന്‍ ലവ്' എന്നൊരു പെര്‍ഫ്യൂം വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. സ്വശരീരം പൊതുസമൂഹശരീരവുമായി താദാത്മ്യം പ്രാപിക്കാന്‍ ഇടകൊടുക്കുകയാണെന്ന് സമര്‍ഥനം.

ലിംഗഭേദം- വേണെങ്കില്‍ മതി  

പ്രദര്‍ശിക്കപ്പെടുന്ന ശരീരം ആണിന്റെ? പെണ്ണിന്റെ? രണ്ടും ആയവരുടെ/ അല്ലാത്തവരുടെ? ആണ്‍/പെണ്‍ ശരീരമോ എന്ന് ചോദിക്കേണ്ട എന്ന തീരുമാനത്തിലാണ് ആധുനിക സമൂഹവ്യവസ്ഥയുടെ ചിട്ടപ്പെടുത്തല്‍.

ലൈംഗികത ബൈനറി അല്ല എന്ന കരുതല്‍.
ശരീരം എന്നത് സ്വകാര്യമാകുന്നു, ആര്‍ക്കും ചോദ്യംചെയ്യപ്പെടാനാകാതെ. നഗരവാസികളാണെങ്കില്‍ ഉടുപ്പിലും നടപ്പിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ വ്യത്യസ്​തത പുലര്‍ത്തേണ്ട എന്നാണ് ഈ നൂറ്റാണ്ടിലെ പൊതുനിയമം. ഇത് കിം കാര്‍ഡാഷിയാന്‍ ഫിലോസഫിയ്ക്ക് നേര്‍വിപരീതമാണുതാനും. ആണിനും പെണ്ണിനും ഒരേ മൂത്രപ്പുര എന്ന സംവിധാനം പല പാശ്ചാത്യ രാജ്യങ്ങളിലും നടപ്പാക്കിയിട്ടുള്ളതിനാല്‍ ലിംഗഭേദം എന്നത് ശാസ്ത്രപരിപ്രേക്ഷ്യത്തില്‍ മാത്രം ചര്‍ച്ചചെയ്താല്‍ മതിയത്രേ. 

ശരീരത്തിന്റെ ആകൃതിയെക്കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്നതും ചിന്താഭാരം ചുമലിലേറ്റുന്നതുമായ മറ്റൊരു സ്പീഷീസ് ലോകത്തിലില്ല. മേദസ്സു കൂടുതലുള്ള ശരീരം അപകര്‍ഷകരമാണെന്ന തോന്നല്‍ എല്ലാ സമൂഹങ്ങളിലും ഇന്ന് വ്യാപൃതമായിക്കഴിഞ്ഞിരിക്കുന്നു

എന്നാല്‍, ശരീരപരിപാലനത്തിന്​ ഏറ്റവും പ്രാധാന്യം കൊടുക്കപ്പെടുന്ന ചരിത്ര സമയവേളയിലാണ് നമ്മള്‍. സ്ത്രീശരീരം ആണ്‍നോട്ടത്തിന് പാകപ്പെടുത്താനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് കോര്‍പറേറ്റ് ലോകത്ത് ശ്രേണിയില്‍ തലപ്പത്തുള്ള സ്ത്രീകളുടെ വസ്ത്രധാരണം. ഏകദേശം ആണുങ്ങളുടെ പോലെ തന്നെ. അധികാരം ആണിന്​ചുമതലപ്പെടുത്തപ്പെട്ടതുകൊണ്ടാണ് ഈ ആണ്‍വേഷംകെട്ടല്‍ എന്നൊരു മറുപടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. പെണ്ണത്തത്തില്‍ അധികാരസൂചനകളില്ലെന്ന് ധരിയ്ക്കുന്നത് കീഴടങ്ങലല്ലേ എന്ന് ചോദ്യം. പക്ഷേ ജോലിസ്ഥലത്തെ വേഷം ഈ പരിചിന്തനങ്ങളല്ല തീരുമാനിയ്ക്കുന്നത്. അത് പാശ്ചാത്യവുമല്ല.
കേരളത്തില്‍ കെട്ടിടം പണിയിലോ പാടത്തോ പണിയെടുക്കുന്ന സ്ത്രീകള്‍ ഷര്‍ട്ടും ലുങ്കിയുമാണ് ധരിക്കാറ്. തലയില്‍ തോര്‍ത്തുകൊണ്ട് ഒരു കെട്ടും കാണും. ഈ ആണ്‍വേഷംകെട്ടല്‍ തികച്ചും സൗകര്യത്തിന്റെയും ലാളിത്യത്തിന്റെയും നിദര്‍ശനം മാത്രമാണ്, ഫാഷന്‍ പ്രസ്താവനയോ അധികാരസൂചനയോ അല്ല. ആരും ചോദ്യംചെയ്യുന്നില്ല. അതുകൊണ്ട്, ശരീരം എന്നതും അതിനെ ഏതുതരം വേഷങ്ങള്‍ കൊണ്ട് ജെന്‍ഡര്‍ പൊളിറ്റിക്‌സിനു വിധേയമാക്കുന്നു എന്നതും ഒക്കെ എന്തുതരം ജോലി, സമൂഹത്തിലെ ശ്രേണീബദ്ധതയില്‍ എവിടെ, ആരുടെ നോട്ടത്തിനു ദൃഷ്ടീഭവിക്കുന്നു തുടങ്ങിയവയുടെ അടിസ്​ഥാനത്തിലാണ്​. മുണ്ടും മേൽമുണ്ടും എന്ന യൂണിസെക്‌സ് വേഷം പ്രചലിതമായിരുന്ന കേരളത്തില്‍ (സാരിയും ചുരീദാറും എത്തുന്നതിനുമുന്‍പേ) ആണ്‍/പെണ്‍ ശരീരവ്യത്യാസം ഉല്‍ക്കണ്ഠാകുലമേ അല്ലായിരുന്നു.

ശരീരം എന്ന എടുത്താല്‍ പൊങ്ങാത്ത മാനസികഭാരം 

ശരീരത്തിന്റെ ആകൃതിയെക്കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്നതും ചിന്താഭാരം ചുമലിലേറ്റുന്നതുമായ മറ്റൊരു സ്പീഷീസ് ലോകത്തിലില്ല. മേദസ്സു കൂടുതലുള്ള ശരീരം അപകര്‍ഷകരമാണെന്ന തോന്നല്‍ എല്ലാ സമൂഹങ്ങളിലും ഇന്ന് വ്യാപൃതമായിക്കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലാണ് ഈ ഉത്കണ്ഠ (urban anxiety) കൂടുതല്‍. ആണുങ്ങളിലേക്ക് ഇത് പടര്‍ന്നിട്ട് അധികകാലമായില്ല. മധ്യവയസ്സിലെ കുടവയര്‍ വളര്‍ച്ചയ്ക്ക് ഫിസിയോളജിപരമായ ചില കാരണങ്ങളുണ്ടെങ്കിലും അത് നാണക്കേടിനു തുടക്കമിടുമത്രേ. Health food എന്നത് വന്‍ തട്ടിപ്പിലേയ്ക്ക് മാറിയതും അത് വന്‍ ബിസിനസായതും ഇക്കാലത്താണ്. ആയുര്‍വേദവും ആധുനിക ശാസ്ത്രവും ചില പച്ചമുരുന്ന് പ്രയോഗങ്ങളും കൂട്ടിയരച്ച് ചാരുതയാര്‍ന്ന പാക്കേജിലാക്കി വിറ്റ് കോടികള്‍ കൊയ്യുന്ന സംരംഭങ്ങളില്‍ ഇന്ന് ചില ഡോക്​ടർമാരും പങ്കാളികളാകുന്നുണ്ട്. ഇത്തരം വ്യാജന്മാര്‍ യൂട്യൂബ് കൈയടക്കുകയും അതില്‍ ധാരാളം മലയാളികള്‍ വീണുപോകുന്നതും നിത്യക്കാഴ്ചയാണ്. ഐതിഹ്യമാലയെ വെല്ലുന്ന സങ്കല്‍പങ്ങളാണ് ചില പ്രയോഗവിധികളുടെ ഉള്ളടക്കം. സ്വന്തം ശരീരത്തെ ഇത്ര പേടിയ്ക്കുന്ന, വെറുക്കുന്ന മറ്റൊരു കാലഘട്ടം നമുക്കുണ്ടായിട്ടില്ല. ഈ പേടിയെയാണ് വ്യാജന്മാര്‍ വിറ്റു കാശാക്കുന്നത്. ‘ഫിറ്റ്‌നസ്' എന്ന വാക്ക്, സാധാരണ ജീവിതശൈലിയില്‍ നമുക്ക്  ‘ഫിറ്റ്' ആയ ശരീരമില്ലെന്നും അത് കൈവരുത്തേണ്ടതാണെന്നും ഓര്‍മപ്പെടുത്തുക മാത്രമല്ല, പൊതുബോധത്തിന്റെ സ്വാധീനത്താല്‍ നിര്‍ദേശമായി മാറുന്നുമുണ്ട്. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ് എന്നിങ്ങനെ ഓമനപ്പേരുകള്‍ ഫാഷന്‍ഭ്രമത്തോട് ചേര്‍ത്താണ് വായിക്കപ്പെടുന്നത്.

coir
കയര്‍ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന മലബാറിലെ സ്ത്രീകളുടെ ഒരു പഴയകാല ചിത്രം. / Photo: Vinil Paul via Fb

പെണ്‍ശരീരം മറയ്ക്കണം? വേണ്ട?

പെൺമാറിടം ലൈംഗികോത്തേജന അവയവമായി കരുതിയിരുന്നില്ല, കേരളത്തില്‍ പ്രത്യേകിച്ചും. കൊളോണിയല്‍ കാഴ്ചപ്പാടുകള്‍ നിയുക്തമാക്കിയ നിര്‍ദേശങ്ങള്‍ ഏറ്റെടുക്കേണ്ടിവരികയാണുണ്ടായത്. മിഷനറിമാര്‍ ക്രിസ്ത്യാനി സ്ത്രീകള്‍ക്ക് ചട്ടയും മുണ്ടും ആവിഷ്‌കരിച്ചു നല്‍കിയപ്പോഴാണ് കേരളീയ സ്ത്രീവിഭാഗം മാറു മറച്ചവരുടെയും മറയ്ക്കാത്തവരുടേതുമായി രണ്ടായി വിഭജിക്കപ്പെട്ടത്. 1950 കളിലും അറുപതുകളുടെ ആദ്യകാലങ്ങളില്‍ പോലും പ്രായമായ സ്ത്രീകള്‍ മാറുമറയ്ക്കാതെ നടന്നിരുന്നത് പലരും ഓര്‍മിക്കുന്നുണ്ടായിരിക്കണം. ബഷീര്‍ ‘ഒരു ഭഗവദ്ഗീതയും കുറേ മുലകളും' എഴുതുമ്പോള്‍ മുലകള്‍ മറയ്ക്കാതെ നായര്‍ സ്ത്രീകള്‍ നമ്പൂതിരി ഇല്ലങ്ങളില്‍ വരുന്നത് വ്യക്തമായി വിവരിച്ചിട്ടുണ്ട്: ‘‘അങ്ങനെയിരിക്കുമ്പൊഴാണ് മുലകള്‍ വരുന്നത്. ഞാന്‍ കുറെയേറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാമുല, സൂചിമുല, അടയ്ക്കാമുല, മരോട്ടിക്കായ മുല, വഴുതനങ്ങാ മുല, പമ്പര മുല, പപ്പായമുല, ചക്കമുല... എല്ലാം മുഖംമൂടി, സോറി, മുലമൂടി ഇട്ടതാണ്​കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മയില്ല. മുലകള്‍ കാണുമ്പോള്‍ ജീവന്റെ ആധാരം! എന്നൊരോര്‍മ വരും. എപ്പോഴുമില്ല. അതുകൊണ്ട് മുല എവിടെക്കണ്ടാലും ഞാന്‍ നോക്കും. പശു, ആട്, എരുമ, പന്നി, പട്ടി ഇതൊക്കെ നഗ്‌നമുലകളാണ്. മനുഷ്യസ്ത്രീകള്‍ക്കു മാത്രം മുഖമൂടി ഇട്ട മുലകള്‍. നഗ്‌നമായവ കണ്ട ഓര്‍മയില്ല. അപ്പോള്‍ ദാ വരുന്നു നഗ്‌നമായ മുലകളുടെ സുന്ദരമായ ഒരു ഘോഷയാത്ര... ഒരു പത്തിരുപതു നായര്‍ യുവതികള്‍. പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, ഇരുപത്- ഈ വയസ്സുകളിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ളമുണ്ടുടുത്തിട്ടുണ്ട്; താറും. പിന്നെ മോളിലേയ്ക്ക് വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടെയും തലയില്‍ വിറകുണ്ട്. അത് രണ്ട് കൈകൊണ്ടും പിടിച്ച് നെഞ്ചുകള്‍ മുന്നോട്ടുതള്ളി വരുന്നു...  മുലകള്‍! മുലകള്‍! നഗ്‌നമുലകള്‍!...  എത്ര മുലകള്‍, എന്തിനെണ്ണുന്നു? എല്ലാം ജീവന്റെ ആധാരം! ... നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകള്‍ കാണിയ്ക്കണം... നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓര്‍മകളാകുന്നു ഈ സുന്ദരമുലകള്‍!'' - ബഷീര്‍ എഴുതുന്നു.
ഈ പുസ്തകത്തിന്​ എം.വി. ദേവന്‍ വരച്ച ചിത്രം കവര്‍പേജാക്കി പ്രസിദ്ധീകരിക്കാന്‍ ഇന്ന് സാധിയ്ക്കുകയില്ല എന്നത് എല്ലാവര്‍ക്കും അറിയാം. മുല അത്രമാത്രം ശരീരവിരുദ്ധമായിപ്പോയിരിക്കുന്നു.

ആധുനിക ഫാഷന്‍ അനുസരിച്ച്, പ്രത്യേകിച്ചും പാശ്ചാത്യ നാടുകളില്‍ മാറ് അത്ര മറയ്ക്കപ്പെടേണ്ടതല്ല എന്നാണ് പ്രമാണം. ഫാഷന്‍ ഷോകളോ ഓസ്‌കര്‍ അവാര്‍ഡ് വേള പോലത്തെ സംഭവങ്ങളിലെ സ്ത്രീവസ്ത്രധാരണമോ നോക്കിയാല്‍ മതി.

അപരിഷ്‌കൃതം? അല്ല, അങ്ങനെ വിളിയ്ക്കാന്‍ വരട്ടെ. ആധുനിക ഫാഷന്‍ അനുസരിച്ച്, പ്രത്യേകിച്ചും പാശ്ചാത്യ നാടുകളില്‍ മാറ് അത്ര മറയ്ക്കപ്പെടേണ്ടതല്ല എന്നാണ് പ്രമാണം. ഫാഷന്‍ ഷോകളോ ഓസ്‌കര്‍ അവാര്‍ഡ് വേള പോലത്തെ സംഭവങ്ങളിലെ സ്ത്രീവസ്ത്രധാരണമോ നോക്കിയാല്‍ മതി. സ്ത്രീശരീരം കാമക്കണ്ണുകളാല്‍ നോക്കപ്പെടേണ്ടതല്ല എന്ന വാദം അത്ര ആധുനികവുമല്ല. എങ്കിലും ലെഗിങ്​സ്​ ധരിച്ച്​ വഴിയരികില്‍ നില്‍ക്കുന്ന പെണ്ണിനെ കണ്ടപ്പോള്‍ കാമമോഹിതനായി എന്ന് നമ്മുടെ ഒരു എഴുത്തുകാരന്‍ തന്നെ തുറന്നുപറഞ്ഞത് ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. പെണ്‍ശരീരമാണെങ്കില്‍ ആസകലം മറയ്ക്കപ്പെടേണ്ടതാണ് എന്ന് മതപരമല്ലാതെ രാഷ്ട്രീയാന്തര്‍ധാരകളില്‍ എത്തപ്പെട്ട ഹിജാബ് വിവാദങ്ങള്‍ സൂചിപ്പിക്കുന്നു.

book

സ്ത്രീശരീരത്തെ പൊതിയുന്ന വസ്ത്രത്തെ കലാത്മകതയോടെ നോക്കിക്കാണാന്‍ ഏറെ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് രാജാ രവിവര്‍മയാണ്. സുതാര്യമായതോ മറയ്ക്കുന്നതോ ആയ നനുത്ത തുണിത്തരങ്ങളുപയോഗിച്ച് നോട്ടം അവയില്‍ ഏകാഗ്രതപ്പെടുത്താന്‍ യത്‌നിക്കുന്നുണ്ട് പല പെയ്​ൻറിങ്ങുകളും. തുണിത്തരങ്ങളുടെ വൈവിദ്ധ്യ പ്രദര്‍ശനം പോലെയാണ് പല ചിത്രങ്ങളും. അദ്ദേഹം മാതൃകപ്പെടുത്തിയ മധ്യകാല യൂറോപ്യന്‍ പെയിന്റിങ്ങുകളില്‍ കാണാത്ത കൗശലങ്ങള്‍ ശരീരദൃഷ്ടിയെ മാറ്റിപ്രതിഷ്​ഠിച്ചു. വസ്ത്രങ്ങള്‍ ലൈംഗികതാദര്‍ശനങ്ങളെ മറയ്ക്കാ​നുള്ളതാണെന്ന ശാഠ്യമൊന്നുമില്ലാതെ. നഗ്‌നമാറിടത്ത് അലസമായി വിലസുന്ന സുതാര്യമായ നേര്യതിന്റെ ചുളിവുകളിലും മടക്കുകളിലും ശ്രദ്ധ വീഴാന്‍ യത്‌നിച്ചു അദ്ദേഹം. സാരിയുടെ ഞൊറി (pleats) അഞ്ചില്‍ കൂടുതലാക്കി, ഭംഗിയ്ക്കുവേണ്ടി. മറയ്ക്കാത്തതോ മറച്ചതോ ആയ ശരീരങ്ങളില്‍ ശ്രദ്ധയൂന്നാതെ എങ്ങനെ മറയ്ക്കുന്നു, മറയ്ക്കാതിരിക്കുന്നു എന്നതില്‍ കേന്ദ്രീകരിച്ചതാണ് രവിവര്‍മയുടെ കൗശലം. വിശ്വാമിത്ര- മേനകയുടെ സംഗമം ചിത്രീകരിച്ചപ്പോള്‍ വിശ്വാമിത്രന്റെ മേനിയാണ് നഗ്‌നമാക്കപ്പെട്ടത്. വസ്ത്രങ്ങളെക്കുറിച്ചും ശരീരങ്ങളെക്കുറിച്ചും അനന്യമായ ധാരണകള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്ന രവിവര്‍മയെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കാണുന്നത്. 

ആധുനിക ഫാഷന്‍ രൂപകല്‍പനകളും ശരീരങ്ങള്‍ക്കുപകരം വസ്ത്രങ്ങളുടെ ഡിസൈനുകളും വര്‍ണപാറ്റേണുകളും ഏകാഗ്രപ്പെടുത്താനും പ്രദര്‍ശിപ്പിക്കാനുമുള്ള നിജപ്പെടുത്തലാണെന്നാണ് ഫാഷന്‍ ഡിസൈനര്‍മാരുടെ തത്വദീക്ഷ. പൊതിയപ്പെടുന്ന ശരീരം അപ്രത്യക്ഷമാകണം എന്ന ഒരു ആശ.

RAVIVARMA
രാജാരവിവര്‍മയുടെ 'വിശ്വാമിത്രനും മേനകയും'. / Photo: Raja Ravi Varma Heritage Foundation, Bengaluru

 ശരീരം എന്ന തെരഞ്ഞെടുപ്പ് 

ചില ജന്തുക്കളില്‍ പരിതസ്ഥിതി അനുസരിച്ചാണ് ആണാകണോ പെണ്ണാകണോ എന്ന തീരുമാനം സാധ്യമാക്കുന്നത്. ചില മീനുകള്‍, ഓന്തുകള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍, തവളകള്‍, ആമകള്‍, പാമ്പുകള്‍ ഒക്കെ ആവശ്യാനുസരണം ആണോ പെണ്ണോ ആകാന്‍ തയാറാണ്. സമൂഹത്തില്‍ കൂടുതല്‍ പെണ്ണുങ്ങളാണെങ്കില്‍ ചിലവ ആണായി മാറും. പക്ഷേ സസ്തനികളില്‍ ഇത് അത്ര സാധ്യമല്ല. മനുഷ്യരുടെ സങ്കീര്‍ണമായ തലച്ചോര്‍ ലൈംഗികചോദനകളെ നിയന്ത്രിക്കുമ്പോള്‍ ആണ്‍ശരീരത്തില്‍ പെണ്‍മനസ്സും പെണ്‍ശരീരത്തില്‍ ആണ്‍മനസും വന്നുകൂടാന്‍ സാധ്യതയുളവാകുന്നു. ബാഹ്യരൂപവും മനസ്സും തമ്മിലുള്ള ഈ വൈരുദ്ധ്യം ചിലരെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഇത് സാധ്യമാക്കുന്നുമുണ്ട്. അങ്ങനെ, ശരീരം എന്നത് ഒരു തെരഞ്ഞെടുപ്പായി മാറുകയാണ്. മറ്റ് ജന്തുക്കളില്‍ പരിണാമത്തിന്റെ നിയമാവലികളാണ് ഇത് സാധ്യമാക്കുന്നതെങ്കില്‍ മനുഷ്യരില്‍ സ്വയം തീരുമാനമാണ്. പക്ഷേ സ്വയം ചെയ്യാന്‍ പറ്റാത്ത, കൂടുവിട്ട് കൂടുമാറല്‍. എന്നാല്‍ വളരെ അപര്യാപ്തമായ രീതിയില്‍ സാധിച്ചുകൂട്ടുന്ന ഒരു പ്രക്രിയയാണിത് എന്നത് ചിലപ്പോള്‍ ദുരന്തത്തില്‍ അവസാനിച്ചേക്കാം.

കഴിഞ്ഞവര്‍ഷം ഇപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യോനി നിര്‍മിച്ചെടുത്തത് ചോരയിറ്റുന്ന ഒരു വന്‍ മുറിവായി മാറിയതും അയാള്‍/അവള്‍ ആത്മഹത്യചെയ്യേണ്ടിവന്നതും ദുരന്തസാധ്യതയുടെ ഉദാരഹണമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് രതിമൂര്‍ച്ച എത്രമാത്രം സാധ്യമാണ്​ എന്നതിനെക്കുറിച്ചും ആശങ്കകളുണ്ട്. സ്വശരീരത്തെക്കുറിച്ച് താനറിയാതെ, സ്വന്തം മസ്തിഷ്‌കപ്രവര്‍ത്തനത്തിന്റെ നിര്‍ദേശങ്ങളാല്‍ ഉത്കണ്ഠകള്‍ വന്നുചേരുന്നത് മനുഷ്യനു മാത്രമായിരിക്കണം. ശരീരം എന്നത് മനസ്സിന്​ വന്‍ ബാധ്യതയാകുന്ന വേള.

സ്പാനിഷ് സംവിധായകനായ പെഡ്രോ അല്‍മോദവാര്‍
ലിംഗപരതയെപ്പറ്റിയുള്ള സമസ്യകള്‍ പ്രമേയമാക്കുന്നതില്‍ അദ്വിതീയനാണ്. ആണ്‍- പെണ്‍ ശരീരങ്ങളും അവയിലെ സങ്കീര്‍ണമായ ലൈംഗികത്വരകളുമാണ് പല സിനിമകളുടെയും മുഖ്യപ്രമേയം

ആണ്‍/പെണ്‍ എന്നത് മായാമോഹനം അല്ലെങ്കില്‍ വിഭ്രാന്തിയുടെ വിപര്യയം മാത്രമാണെന്ന് നാരദനെ പഠിപ്പിച്ചെടുക്കുന്ന കഥയാണ് പുരാണത്തിലെ നാരദമോഹനം. ആണിന്റെ അനുഭവം അല്ലെങ്കില്‍ പെണ്ണിന്റെ അനുഭവം എന്നത് ആപേക്ഷികം മാത്രമാണെന്ന് ഗുണപാഠം നല്‍കുന്ന കഥ. ശ്രീകൃഷ്ണന്‍ പതിനാറായിരത്തെട്ട് സുന്ദരിമാരുമായി എങ്ങനെ വിഹരിക്കുന്നു എന്നതിന്റെ രഹസ്യമറിയാന്‍ ചെല്ലുകയാണ് നാരദന്‍. ഈ പരീക്ഷണത്തെ ശ്രീകൃഷ്ണന്‍ നേരിടുന്നത് ആണും പെണ്ണും എന്നത് ദോലനാത്മകവും രൂപാന്തരിക സാധ്യതാനിബദ്ധവുമായ, പരസ്പരബന്ധിതമായ അവസ്ഥാവിശേഷങ്ങള്‍ മാത്രമാണെന്ന് പഠിപ്പിച്ചുകൊടുത്താണ്. കുളിച്ചുകൊണ്ടിരുന്ന നാരദന്‍ ഒരു കന്യകയായി മാറ്റപ്പെടുന്നു. സിന്ധുരാജാവ് ആ നാരദകന്യകയെ വേള്‍ക്കുകയും ഒരുപാട് സന്താനങ്ങളെ അവള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അമ്മ എന്നത് എന്താണെന്ന് നാരദനു ബോധ്യമാകുന്നു. ഒരിയ്ക്കല്‍ കാട്ടില്‍ വച്ച് ഒരു വനചരന്‍ അവളുടെ ഭര്‍ത്താവായ സിന്ധുരാജാവിനെ വധിയ്ക്കുന്നു, വൈധവ്യം എന്നത് നാരദന്​ അനുഭവിക്കേണ്ടിവരുന്നു. ശേഷം അയാള്‍ അവളെ വേള്‍ക്കുകയും ചെയ്യുന്നു. ഈ സമയത്ത് നാരദന്‍ തിരിച്ച് ആണായി മാറുകയാണ്. ആണ്‍/പെണ്‍ തനിമ, ലൈംഗികതാനുഭവം ആണിലും പെണ്ണിലും ഇതൊക്കെ പ്രഹേളികകളായി നാരദനുമുന്നില്‍ അവതരിയ്ക്കുകയാണ്. രതി, മാതൃത്വം, വൈധവ്യം, രാജ്ഞിയായിരിക്കുക, കാട്ടാളഭാര്യയായിരിയ്ക്കുക... ഇങ്ങനെ അവസ്ഥാന്തരങ്ങളും അനുഭവങ്ങളും പാളിച്ചകളും ഏറെയുള്ളതുകൊണ്ട്​, ശരീരത്തെ നിശ്ചിത നിര്‍വചനങ്ങളില്‍പ്പെടുത്താന്‍ പ്രയാസം സൃഷ്ടിയ്ക്കുന്നു എന്നതും നാരദന്‍ പഠിച്ചെടുത്തുകാണണം...

The Skin I Live In- ത്വക്കിനടിയിലെ ലിംഗവ്യക്തി ആര്?

പ്രസിദ്ധ സ്പാനിഷ് സംവിധായകനായ പെഡ്രോ അല്‍മോദവാര്‍
ലിംഗപരതയെപ്പറ്റിയുള്ള സമസ്യകള്‍ പ്രമേയമാക്കുന്നതില്‍ അദ്വിതീയനാണ്. ആണ്‍- പെണ്‍ ശരീരങ്ങളും അവയിലെ സങ്കീര്‍ണമായ ലൈംഗികത്വരകളുമാണ് പല സിനിമകളുടെയും മുഖ്യപ്രമേയം. തൊലിപ്പുറത്ത്, അല്ലെങ്കില്‍ പ്രത്യക്ഷമായിക്കാണുന്ന ലിംഗപരതയും ഉള്ളില്‍ തുടിയ്ക്കുന്ന ലൈംഗികചോദനകളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ആഖ്യാനമാണ് ‘The Skin I Live In'. അല്‍മോദവാര്‍ ഈ സിനിമയെ വിശേഷിപ്പിച്ചത്  ‘a horror story without screams or frights' എന്നാണ്. പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് ത്വക്ക് മാറ്റിയെടുക്കുകയോ പുതിയ ത്വക്ക് നിര്‍മിക്കുകയോ ഒക്കെ സാധ്യമായ ഡോക്​ടർ റോബര്‍ട്ടിന്റെ ലൈംഗിക പരീക്ഷണങ്ങളില്‍ക്കൂടിയാണ് കഥ വികസിക്കുന്നത്. പെണ്ണായി മാറ്റിയെടുക്കപ്പെട്ട വൈസെൻറ്​ എന്ന ചെറുപ്പക്കാരന്‍, ഉള്ളിലെ ആണിനെ അതേപടി നിലനിർത്താന്‍ ശ്രമിക്കുന്നതും കൃത്രിമമായി നിര്‍മിക്കപ്പെട്ട തന്റെ യോനി രതിവേളയില്‍ വേദന സമ്മാനിക്കുന്നതും തന്റെ പുറമേയുള്ള ത്വക്ക് നല്‍കുന്ന പെണ്‍സ്വരൂപത്തിനുള്ളിലെ വീര്‍പ്പുമുട്ടലും ഏകാന്ത തടവും ഒക്കെ വിഭ്രമാത്മകമാണെങ്കിലും സമൂഹസത്യങ്ങളുടെ പരിച്ഛേദം തന്നെയാണ്. ശരീരം വ്യക്തമാക്കുന്നത് മായാവിഭ്രമം മാത്രമാണ്, ഉള്ളിലെ  ചോദനകള്‍; പ്രത്യേകിച്ചും ലൈംഗികമായുള്ളതാണ് സത്യം എന്ന് സിനിമ പ്രഘോഷിക്കുന്നു. 

the-skin
'The Skin I Live In'- ലെ ഒരു രംഗം. / Photo: IMDb

മാറ്റിയെടുത്ത ത്വക്ക് (ബാഹ്യരൂപം) സൃഷ്ടിയ്ക്കുന്ന വിഭ്രാന്തിയും ആന്തരിക സംഘര്‍ഷങ്ങളും ശരീരം, മനസ്സ് ഇവയെക്കുറിച്ചുള്ള പഠനം തന്നെയാണ്. വേര, ഗാല്‍ എന്നീ രണ്ട് സ്ത്രീകള്‍ ഡോക്ടറുടെ സൃഷ്ടിയാണ്, മായാരൂപങ്ങളാണ്. അമ്മ, അച്ഛന്‍, മകള്‍, കാമുകന്‍, ഭര്‍ത്താവ്, അനുജന്‍, ചേട്ടന്‍... എല്ലാം പരസ്പരം മാറിമറിയാവുന്ന സ്വത്വങ്ങളാണ്, ഇവര്‍ തമ്മിലുള്ള ലൈംഗികത ആപേക്ഷികം മാത്രമാണ്. വൈസെൻറ്​ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച നോര്‍മയുടെ അമ്മ വേര എന്ന ഗാല്‍ ആയി ആണ് അയാള്‍ മാറ്റപ്പെടുന്നത്. കണ്ണാടികളില്ലാത്ത ലോകത്താണ് വേര തളയ്ക്കപ്പെട്ടിരിക്കുന്നത്, കഠിനമായ പ്ലാസ്​റ്റിക്​ സര്‍ജറി കൊണ്ട് ആകൃതി നഷ്ടപ്പെട്ട അവളുടെ ശരീരവും മുഖവും അവള്‍ കാണാതിരിയ്ക്കാന്‍ വേണ്ടി. പക്ഷെ ഒരിയ്ക്കല്‍ യദൃച്ഛയാ, സ്വന്തം മുഖം കാണുന്നതോടേ അവള്‍ ആത്മഹത്യ ചെയ്യുന്നു, സ്വന്തം മകള്‍ കാണ്‍കേ. അവളുടെ രൂപമാണ് പിന്നീട് വൈസൻറിന്​ഏറ്റെടുക്കേണ്ടിവരുന്നത്. വൈസൻറിന്റെ വെല്ലുവിളികള്‍ ശരീരവും മനസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തന്നെയാണ്.

ശരീരവും ലൈംഗികതയും സൃഷ്​ടിക്കുന്ന ഭ്രമാത്മകത ചിത്രീകരിക്കുകയാണ് സംവിധായകന്‍ അല്‍മോദവാര്‍. ഉടലും അതിനുള്ളിലെ മനുഷ്യനും എവിടെ, എങ്ങനെ വിഘടിക്കപ്പെടുന്നു, കൂടിച്ചേരുന്നു എന്ന അന്വേഷണം. ലൈംഗികത മറ്റൊരു തലം (dimension) ആണ്. ഈ ശരീരം നമ്മുടേതല്ല, അത് മാറ്റിമറിയ്ക്കപ്പെടാം. നമ്മള്‍ ധരിക്കുന്ന ഉടുപ്പ് മാത്രമാണ്. അതുകൊണ്ടാണ്  ‘The Skin I Live In' എന്ന് സിനിമയ്ക്ക് പേര്. ഭഗവദ്ഗീതയിലെ ശ്ലോകം ഓര്‍മിപ്പിക്കുന്നതാണിത്: 
വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ

(മനുഷ്യന്‍ എങ്ങനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞ്​ അപരങ്ങളായ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീര്‍ണിച്ച ദേഹങ്ങള്‍ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു). 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​​​​​​​

എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

 

Audio