Wednesday, 08 February 2023

മതവും ജീവിതവും


Text Formatted

ഒരു മുസ്​ലിം പെൺകുട്ടിയെക്കുറിച്ച്​,
ചില കമ്യൂണൽ ​ട്രോമകളെക്കുറിച്ച്​...

മതത്തിന്റെ പേരിലുള്ള വിദ്വേഷവും വേട്ടയാടലുകളും രാഷ്​ട്രീയത്തി​ലെ വർഗീയതയുമെല്ലാം സാമൂഹിക ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോൾ, മതം പ്രമേയമായിവരുന്ന ചില ജീവിതസന്ദർഭങ്ങളിലൂടെ...

Image Full Width
Image Caption
Photo: suha vaqar khan
Text Formatted

ങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് നിലനിന്നിരുന്ന ദേശീയബോധം വളരെ രസകരമാണ്. ഞങ്ങളുടെ പഞ്ചായത്തായ വടക്കേക്കാട്ടുനിന്ന് തൊട്ടടുത്ത പഞ്ചായത്തുകളായ പുന്നയൂര്‍കുളം, പുന്നയൂര്‍ എന്നിവിടങ്ങളിലേയ്ക്ക് ആഘോഷപൂര്‍വം ഞങ്ങള്‍ പോവുക പെരുന്നാളിനാണ്‌. സൈക്കിള്‍ വാടകയ്‌ക്കെടുത്താണ് പോവുക. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കളാണ് ഞങ്ങളുടെയൊക്കെ കണ്ണില്‍ അന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. ഏത് സൈക്കിള്‍ വേണമെങ്കിലും അവര്‍ക്ക് ചവിട്ടാമല്ലോ.

നിലാവുള്ള രാത്രിയില്‍ കുളക്കോഴികളുടെ കരച്ചില്‍ കേട്ട് ഇടവഴികളിലൂടെ അങ്ങനെ സൈക്കിള്‍ ചവിട്ടിപ്പോവുകയെന്നത് എത്ര ആനന്ദകരമായിരിക്കും. 
എന്നാല്‍, സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കള്‍ക്ക് സൈക്കിള്‍ വാടകയ്‌ക്കെടുക്കാന്‍ ഞങ്ങളേക്കാള്‍ പ്രയാസമാണെന്ന് പിന്നീട് കുറേക്കാലം കഴിഞ്ഞാണ് മനസ്സിലാവുന്നത്. തെങ്ങുകയറ്റക്കാരന്‍ തേങ്ങയും ഇളനീരും തലങ്ങും വിലങ്ങും വെട്ടി താഴെയിടുന്നുണ്ടെങ്കിലും അയാള്‍ ജീവിതത്തില്‍ മൂന്നോ നാലോ ഇളനീര്‍ മാത്രമേ കുടിച്ചിട്ടുണ്ടാവൂ. ഇളനീര്‍ ഞങ്ങള്‍ക്കൊന്നും പറഞ്ഞിട്ടുള്ളതല്ല എന്ന ഒരു വിശ്വാസം അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് അവരുമായി സംസാരിച്ചാല്‍ മനസ്സിലാവും. 

ഏതു മതമാണോ ന്യൂനപക്ഷമതങ്ങളെ അപമാനിക്കുന്നത്, ആ മതത്തിന്റെയടക്കം ഒരു മതചിഹ്നങ്ങളും ശരീരത്തിലേക്കടുപ്പിക്കാതെ ആണും പെണ്ണും രൂപപ്പെട്ടുവരണം. മതചിന്തകൊണ്ട് ഇത് സാധ്യമാവില്ല.

സൈക്കിള്‍ ചവിട്ടിപ്പോകുമ്പോള്‍ പുന്നയൂര്‍കുളം ജൂപീറ്റർ ടാക്കീസില്‍ നിന്ന് "വീണ്ടും പ്രഭാത'ത്തിലെ, ഊഞ്ഞാലാ... ഊഞ്ഞാലാ... ഓമനക്കുട്ടന്‍... എന്ന പാട്ടുകേള്‍ക്കുന്നുണ്ടാവും. അതു കേള്‍ക്കുമ്പോള്‍ സൈക്കിള്‍ സ്വയമറിയാതെ ഒരു തൊട്ടിലായിമാറും. കൈതപ്പൂവിന്റെ മണമുള്ള ഒരമ്മ കുഞ്ഞിനെ താരാട്ടിയുറക്കുന്നത് ഇടതുചെവിക്കുപിന്നില്‍ അനുഭവപ്പെടും. ആ സമയത്താവും ചിലപ്പോള്‍ ദേശീയവാദികള്‍ പ്രത്യക്ഷപ്പെടുക. "എവിടെന്നാടാ' എന്നു ചോദിക്കും. പുന്നയൂര്‍കുളം അവരുടെ ദേശമാണ്. തിരിച്ചുപൊയ്‌ക്കോ എന്നുപറയും. പറഞ്ഞതു കേട്ടില്ലെങ്കില്‍ സൈക്കിളിന്റെ കാറ്റഴിച്ചുവിടും. കാറ്റില്ലാത്ത സൈക്കിള്‍ ഉന്തി വന്ന വഴിയിലൂടെ തിരിച്ചുപോകുന്നതിനേക്കാള്‍ വിഷമകരമായി മറ്റെന്താണുള്ളത്. ഇവര്‍ ദേശീയവാദികളാണെന്ന് പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്. അന്ന് ഞങ്ങള്‍ക്ക് അവരൊക്കെ കേഡികളാണ്. ആവശ്യമില്ലാതെ തല്ലാന്‍ വരുന്നവരാണ് കേഡികള്‍. കേഡികള്‍ ആരെയും പേടിക്കരുതെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് അവര്‍ ആരെയും പേടിച്ചിരുന്നില്ല. അവര്‍ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിക്കും. ആ പിടിവീഴും എന്നുറപ്പായാല്‍ കയറി അടിക്കണം. ഇങ്ങോട്ടടി കിട്ടുന്നതിനുമുമ്പ് അങ്ങോട്ട് കയറി അടിക്കുകയെന്നത് സ്‌കോട്‌ലന്‍ഡ് യാഡില്‍ കുറ്റാന്വേഷകരെ പഠിപ്പിക്കുന്ന ഒരു തത്വമാണെന്ന കാര്യം പിന്നീട് എത്രകാലം കഴിഞ്ഞാണ് മനസ്സിലാവുന്നത്.

Bicycle
സൈക്കിള്‍ വാടകയ്‌ക്കെടുത്താണ് പോവുക. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കളാണ് ഞങ്ങളുടെയൊക്കെ കണ്ണില്‍ അന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. / Photo : bloggersglobe.com

കടപ്പുറത്തേക്കുപോയാലും ഇപ്രകാരം ദേശീയവാദികളുടെ ആക്രമണം നേരിടേണ്ടിവരുമായിരുന്നു. ആഗസ്റ്റ് 15-ന്​ ഞങ്ങള്‍ കുറച്ചുപേർ സ്‌കൂളില്‍ നിന്ന്​കടല്‍ കാണാന്‍ പോകും. ജീവിതത്തില്‍ ആദ്യമായി കടല്‍ കാണുന്നവര്‍ക്ക് ജലത്തെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലുകളും ഉടന്‍ തെറ്റും. മസിലുകളുള്ള ജലത്തെ ആദ്യമായാവും അയാള്‍ കാണുന്നത്. 

കടല്‍ കണ്ടുനില്‍ക്കുമ്പോള്‍ കടപ്പുറത്തെ ദേശീയവാദികള്‍ തല്ലാന്‍ വരും. കടല്‍ കാണാന്‍ വന്ന ഞങ്ങളൊക്കെ അവര്‍ക്ക് വരത്തന്‍മാരാണ്. ഞങ്ങളില്‍ പലരും അവരെ സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണെന്ന കാര്യം അവര്‍ക്കറിയില്ല. ഒരാള്‍ സ്‌നേഹിക്കുന്നു എന്ന കാര്യം മറ്റൊരാള്‍ അറിയാതിരിക്കുകയെന്നത് മനുഷ്യരുടെ മാത്രം ദുഃഖമാണ്. അവരില്‍ ചിലര്‍ തിരമാലകളെ ഇടംകൈകൊണ്ട് മര്യാദ പഠിപ്പിച്ച് മുന്നോട്ടുപോകുന്നതൊക്കെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് എങ്ങനെയാണ് അവരോട് പറയുക. കടപ്പുറത്തുനിന്നും ഉന്തും തള്ളും കിട്ടിയാണ് ആഗസ്റ്റ് 15-ന്​ തിരിച്ചുപോരുക. വീട്ടിലെത്തിയാല്‍ രാത്രി കടലിന്റെ മുഴക്കം ദൂരെനിന്ന് കേള്‍ക്കുന്നുണ്ടാവും. അത് കേള്‍ക്കുമ്പോള്‍ ഞങ്ങളില്‍പെട്ട ചില ഭാവനാശാലികള്‍ പുതപ്പിനകത്ത് കടലിനെ സങ്കല്‍പിച്ച് കിടക്കും. 

മതത്തെ മതംകൊണ്ട് നേരിട്ട് എവിടെയും ആരും നന്നായിട്ടില്ല. ഇരുപത് ശതമാനം സഹിഷ്ണുത പറഞ്ഞ് 80 ശതമാനം അസഹിഷ്ണുത ശീലിപ്പിക്കാനാണ് എല്ലാ മതങ്ങളും ശ്രമിക്കുന്നത്.

സ്‌കൂളിനകത്ത് ദേശീയവാദികള്‍ മാത്രമല്ല, വര്‍ഗീയവാദികളും ഉണ്ടായിരുന്നു. അവരൊക്കെ വര്‍ഗീയവാദികളായിരുന്നെന്ന് പിന്നീട് എത്രകാലം കഴിഞ്ഞാണ് മനസ്സിലായത്. അന്ന് "വര്‍ഗീയവാദി' എന്ന വാക്ക് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. മാഷന്‍മാര്‍ക്ക് ഏത് മതത്തില്‍പെട്ട കുട്ടികളോടും സ്‌നേഹമായിരുന്നു. എന്നാല്‍ അവരില്‍ ചിലര്‍ മാപ്പിളമാരെയും നസ്രാണികളെയും ഈഴവരെയും പുലയന്‍മാരെയും കളിയാക്കും. മുസ്‌ലിം കുട്ടികളെ അവരുടെ വാപ്പമാരുടെയോ വല്ല്യാപ്പമാരുടെയോ പേര് പറഞ്ഞാണ് വിളിക്കുക. മുസ്തഫയെ വിളിക്കുക "മക്കാരു മാപ്പിളേ' എന്നാണ്‌, മക്കാരു എന്നത് മുസ്തഫയുടെ വല്ല്യാപ്പയുടെ പേരാണ്. കൃഷ്ണനെ "ചങ്കരാ' എന്നു വിളിക്കും. അതവന്റെ അച്ഛച്ഛന്റെ പേരാണ്. 

മാഷന്‍മാരില്‍ ഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ തന്നെയായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. യുദ്ധക്കളത്തില്‍ കര്‍ണനെ തളര്‍ത്താന്‍ ചെയ്ത അതേ തന്ത്രമാണ് നല്ലവരായ ഗുരുനാഥന്‍മാരും അവരറിയാതെ ചെയ്തിരുന്നത്. മുസ്തഫയെ മക്കാരു എന്നും കാസിമിനെ അവറാന്‍ മാപ്പിള എന്നും വിളിച്ചാല്‍ അവര്‍ സ്വയമറിയാതെ തല താഴ്​ത്തുന്നതുകാണാം.

ഏതെങ്കിലും തറവാട്ടുകാരുമായി പരമ്പരാഗതമായി വിരോധമുണ്ടെങ്കില്‍ അവിടെ നിന്നുവരുന്ന പഠിതാവിനെ തല്ലാന്‍ കണക്കുമാഷ് ഒരു വിദ്യ പ്രയോഗിക്കും. അവരോട്​ പതിമൂന്നിന്റെ പെരുക്കപ്പട്ടിക കാണാതെ ചൊല്ലാന്‍ പറയും. അത് ചൊല്ലുകയെന്നത് അടി ഇരന്നുവാങ്ങുന്ന പണിയാണെന്ന് ഗണിതജ്ഞനറിയാം. 
ഇങ്ങനെ സ്‌കൂളന്തരീക്ഷത്തില്‍ ജാതി- മത ഭിന്നതകള്‍ തമാശകളുടെ ഭാഗമായിരുന്നു. അങ്ങനെയിരിക്കെയാണ് റംസാന്‍ മാസത്തില്‍ 30 നോമ്പും നോല്‍ക്കുന്ന മാധവപ്പണിക്കര്‍ മാഷ് വരുന്നത്. അദ്ദേഹമായിരിക്കണം ആദ്യത്തെ മതേതരവാദിയായ മാഷ്. മാപ്പിളമാര്‍ എങ്ങനെ തലകുത്തിമറിഞ്ഞാലും "കണ്ടീലയോ കനകമയമൃഗമെത്രയും ചിത്രം ചിത്രം...' എന്ന് അക്ഷരശുദ്ധിയോടെ പറയാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന പാറുക്കുട്ടിയമ്മ എന്ന വിദുഷിയും ഇക്കാലത്തു തന്നെയാണ് വ്യാപരിച്ചിരുന്നത് എന്ന കാര്യം തീര്‍ത്തും അത്ഭുതരഹിതമാണല്ലോ.

cemetery
'ഞങ്ങള്‍ മുസ്‌ലിം വീടുകളില്‍ നിന്നുവരുന്ന വിപ്ലവകാരികള്‍ക്ക് പള്ളിയോട് ഒരു താത്പര്യവുമില്ലെങ്കിലും പള്ളിക്കാടിനോട് താത്പര്യമുണ്ടായിരുന്നു. ആദരവുമുണ്ടായിരുന്നു. ശവങ്ങള്‍ മറവുചെയ്യുന്ന സ്ഥലം പൂമരങ്ങള്‍ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്നും, അവിടെ പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടണമെന്നും, ആളുകളിരുന്ന് സംസാരിക്കണമെന്നും തോന്നിയിരുന്നു.' / Photo: Muhammed Fasil

ഹിന്ദുക്കളും ക്രിസ്ത്യാനികളും എന്തൊക്കെ കാട്ടിക്കൂട്ടിയാലും സ്വര്‍ഗത്തില്‍ കടക്കാന്‍ പോകുന്നില്ലെന്ന് മുസ്തഫ ഒരു ദിവസം പറഞ്ഞു. ഇഹലോകം, പരലോകം എന്നീ രണ്ടു ലോകങ്ങള്‍ ഞങ്ങള്‍ക്കുള്ളില്‍ പ്രബലമായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. മരിച്ചുകഴിഞ്ഞാല്‍ എന്താണുണ്ടാവുക എന്നതിനെക്കുറിച്ച് അശോകനോ ലാസറിനോ ഒന്നും കാര്യമായി അറിയില്ലെന്ന് മുസ്തഫയ്ക്കറിയാമായിരുന്നു. ഇഹലോകമല്ല, പരലോകമാണ് നമ്മുടെ ശക്തി എന്ന് പറയാനാവശ്യമായ വ്യാകരണം അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് മുസ്തഫ അങ്ങനെയൊന്നും പറഞ്ഞില്ല. 
മുന്‍പറഞ്ഞ തരത്തില്‍പെട്ട ദേശീയവാദികളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. നസ്രാണിയെ നസ്രാണിയും ഹിന്ദുവിനെ ഹിന്ദുവും മാപ്പിളയെ മാപ്പിളയും കളിയാക്കി രസിച്ചു. എങ്കിലും, സ്വന്തം മതമാണ്​ നല്ല മതമെന്ന് ഓരോരുത്തരും രഹസ്യമായി വിശ്വസിച്ചിരുന്നു.

പിന്നീട് 17-ാം വയസ്സുമുതല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളായി ഞങ്ങളില്‍ ചിലരൊക്കെ മാറിയതോടെ എല്ലാം പെട്ടെന്ന് മറ്റൊരുതരത്തിലായി. പള്ളികളൊക്കെ പൊളിച്ചുകളഞ്ഞ് അവിടെ വാഴ വെച്ചാല്‍ എത്ര നന്നായിരിക്കും എന്ന് മുസ്തഫ ഒരു ദിവസം പറഞ്ഞു. ഞങ്ങള്‍ മുസ്‌ലിം വീടുകളില്‍ നിന്നുവരുന്ന വിപ്ലവകാരികള്‍ക്ക് പള്ളിയോട് ഒരു താത്പര്യവുമില്ലെങ്കിലും പള്ളിക്കാടിനോട് താത്പര്യമുണ്ടായിരുന്നു. ആദരവുമുണ്ടായിരുന്നു. ശവങ്ങള്‍ മറവുചെയ്യുന്ന സ്ഥലം പൂമരങ്ങള്‍ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്നും, അവിടെ പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടണമെന്നും, ആളുകളിരുന്ന് സംസാരിക്കണമെന്നും, അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് മരണബോധവും നശ്വരതയെക്കുറിച്ചുള്ള ജ്ഞാനവും സിദ്ധിക്കുമെന്നും ശ്രീനാരായണഗുരു പറഞ്ഞത് എത്ര നല്ല കാര്യമാണെന്ന് ഞങ്ങളില്‍ ചിലര്‍ക്ക് തോന്നിയിരുന്നു. വിപ്ലവകാരികളായിരുന്ന കാലത്തും ഞങ്ങള്‍ക്ക് മണത്തല നേര്‍ച്ച, കപ്ലിയങ്ങാട് ഭരണി, പാവിട്ടകുളങ്ങര വേല എന്നീ ആഘോഷങ്ങളൊക്കെ വലിയ ആനന്ദം തന്നിരുന്നു. അത് മതം തരുന്ന ആനന്ദമായിരുന്നില്ല. 

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്; എത്ര കഷ്ടപ്പെട്ടാണ് ഇവര്‍ സംവത്സരങ്ങള്‍ പഴക്കമുള്ള ഒരു കെട്ടിടം നശിപ്പിക്കുന്നത്, ഇതെന്തൊരു വിഡ്ഡിത്തമാണ് എന്നാണ്.

ലക്ഷണമൊത്ത വര്‍ഗീയവാദികള്‍ അന്ന് കുറവായിരുന്നു. ലക്ഷണമൊത്ത വിപ്ലവകാരികള്‍ കുറേയുണ്ടായിരുന്നു. തട്ടമിട്ട പെണ്‍കുട്ടികളെക്കൊണ്ട് അമ്പലത്തില്‍ താലമെടുപ്പിച്ച മുക്കുഴി ഗോപി, മകനെ ഉയര്‍ന്ന ജാതിക്കാര്‍ "ഈശ്വരാ' എന്നു വിളിക്കണമെന്ന് ശഠിച്ച് മകന് ഈശ്വരന്‍ എന്നുപേരിട്ട സഖാവ് കോരന്‍, തമ്പ്രാന്‍മാരെ കളിയാക്കാന്‍ കടിഞ്ഞൂര്‍ പുത്രന് "തമ്പുരാന്‍' എന്നുപേരിട്ട സഖാവ് ബ്ലൂസ്റ്റാര്‍ രാഘവന്‍, തികച്ചും പെറ്റിബൂര്‍ഷ്വയായ കൊറ്റാന്തറ കേശവന്റെ അര ഫര്‍ലോങ് നീണ്ട വേലി രായ്ക്കുരാമാനം പൊളിച്ച് ചക്കിത്തറ പാടത്ത് കൊണ്ടിട്ട സഖാവ് അറമുഖന്‍, രണ്ട് ബസിന്റെ ഓണറായ ബൂര്‍ഷ്വാസി കേശവന്റെ കൈയില്‍ നിന്ന് അണ പൈസ ഫണ്ട് പിരിക്കരുതെന്ന് മിനിട്‌സ് ബുക്കില്‍ എഴുതിച്ചേര്‍ത്ത സഖാവ് ചേന്ദന്‍, അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ അരികിലിരുന്ന് രാമായണം വായിക്കാന്‍ തുടങ്ങിയ അയല്‍ക്കാരിയുടെ വലതുകൈയില്‍ കുമാരനാശാന്റെ "വീണപൂവ്' കൊടുത്ത് ഇത് വായിക്ക്, മരിക്കാന്‍ നേരത്ത് ഇത് ഗുണംചെയ്യും എന്നുപറഞ്ഞ സഖാവ് നാരായണന്‍... അങ്ങനെ എത്രപേര്‍.
തെരഞ്ഞെടുപ്പിന് വോട്ടുചോദിക്കാന്‍ നടക്കുമ്പോള്‍, "ഇത് ബൂര്‍ഷ്വാതന്ത്രം മാത്രമാണ്. ജനാധിപത്യം നമ്മുടെ അന്തിമലക്ഷ്യമല്ല. അന്തിമലക്ഷ്യം വിപ്ലവമാണ്, ചെങ്കോട്ടയില്‍ ചെങ്കൊടി പാറുക തന്നെ ചെയ്യും' എന്നുരുവിട്ടുകൊണ്ടിരുന്ന സഖാവ് വിപ്ലവം വാസു ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കറിയാം.

revolution
Photo: Shafeeq Thamarassery

ഞങ്ങള്‍, മുസ്‌ലിം വിപ്ലവകാരികളെ, ബാബറി മസ്ജിദ് പൊളിച്ചതൊന്നും നടുക്കിയില്ല. ജാതികൊണ്ടും മതംകൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. ആത്മാര്‍ഥ സുഹൃത്ത് മരിച്ചശേഷം ലവലേശം ദുഃഖമില്ലാതെ ഒരു ചാര്‍മിനാര്‍ സിഗററ്റും വലിച്ച് കാലുകളാട്ടിക്കൊണ്ടിരുന്ന ഗണേശന്‍ പറഞ്ഞത് ഓര്‍മിക്കാതിരിക്കാനാവില്ല; "കുറച്ചുകഴിഞ്ഞാലാവും ശരിക്കുള്ള ദുഃഖം വരിക... ചില കാര്യങ്ങള്‍ അങ്ങനെയാണ്.' അയാള്‍ ദുഃഖം വരാന്‍ വേണ്ടി കാത്തിരുന്നു. ദുഃഖം അഭിനയിക്കാന്‍ ഒട്ടും മിനക്കെട്ടില്ല.

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്; എത്ര കഷ്ടപ്പെട്ടാണ് ഇവര്‍ സംവത്സരങ്ങള്‍ പഴക്കമുള്ള ഒരു കെട്ടിടം നശിപ്പിക്കുന്നത്, ഇതെന്തൊരു വിഡ്ഡിത്തമാണ് എന്നാണ്. ഇത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കടക്കല്‍ കത്തിവെക്കലാണ് എന്ന പ്ലാസ്റ്റിക് വാക്കുകള്‍ അന്ന് ഉള്ളില്‍ തോന്നിയിരുന്നില്ല. പള്ളി ഒരു ജനവിഭാഗത്തിന്റെ അസ്തിത്വത്തിന്റെ അടയാളമാകുന്നത് നല്ലതാണെന്ന് ഇന്നും തോന്നുന്നില്ല. 

നൂറുവര്‍ഷം പഴക്കമുള്ള ഒരു മരം എന്തുകൊണ്ടും നമ്മളേക്കാള്‍ മഹത്തരമാണ്. പല രാജ്യങ്ങളിലും പഴമയെ പഴമയായിത്തന്നെ നിലനിര്‍ത്തും. ഇരുനൂറുവര്‍ഷം പ്രായമുള്ള ഒരു മരം മുറിക്കുമ്പോള്‍ മനുഷ്യലോകത്തുനിന്നും ഇരുനൂറുവര്‍ഷത്തെ വെട്ടിമാറ്റുകയാണ്. ബാബറി മസ്ജിദ് പൊളിക്കുന്നതുകണ്ട മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യ അവരുടെ രാജ്യമല്ലെന്ന് തോന്നിയിട്ടുണ്ടാവും, അതവരുടെ മനസ്സ് മുറിപ്പെടുത്തിയിരിക്കും എന്ന നിഗമനത്തിലെത്തുകയെന്നത് എത്ര എളുപ്പമാണ്. ഒരു ജനവിഭാഗം ഇപ്രകാരമാണ് ചിന്തിക്കുകയെന്ന് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചുവെച്ചിരിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുക.

ഇന്ത്യയില്‍, ഡല്‍ഹിയിലും മറ്റും പഠിക്കാന്‍ പോകുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്.

കേരളത്തിലെ സാധാരണ മതവിശ്വാസികള്‍ക്ക് അമ്പലം പൊളിക്കുന്നതിലും പള്ളി പൊളിക്കുന്നതിലും താത്പര്യം കാണില്ല. അതവരുടെ ഒരു ജീവന്‍മരണപ്രശ്‌നമൊന്നുമല്ല. മതം കൊണ്ട് അധികാരം സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്കാണ് ഇതൊക്കെ പ്രശ്‌നമാകുന്നത്. ബാബറി മസ്ജിദ് പൊളിച്ചതിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ എന്നന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കൃശഗാത്രരായ കുറേയാളുകള്‍ കോടാലികളുമായി ഒരാനയുടെ പുറത്തുകയറി അതിനെ താഴെനിന്നും മുകളില്‍നിന്നും വെട്ടിയും കുത്തിയും നിലംപരിശാക്കുന്നതുപോലെയാണ് ബാബറി മസ്ജിദ് പൊളിക്കുന്നതുകണ്ടപ്പോള്‍ തോന്നിയത്. 

ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിക്കും അനുയായികള്‍ക്കും മതം ഒരു കച്ചവടത്തിന്റെ ഭാഗമാണ്. സെമിറ്റിക് മതത്തിന്റെ ഘടനയല്ലാത്തതുകൊണ്ട് ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെ ഒരിടത്ത് കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനവരെ സഹായിച്ചുകൊണ്ടിരിക്കുക ന്യൂനപക്ഷ മതങ്ങളിലെ മതതീവ്രവാദികളാണ്. ഏകദൈവ വിശ്വാസത്തിലൂന്നിയ മതങ്ങളില്‍ വിശ്വസിക്കുന്നവരെ ഒന്നിപ്പിക്കാനെളുപ്പമാണ്. 

പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെ "ബഹുമാനപ്പെട്ട' എന്നുചേര്‍ത്ത് സംബോധന ചെയ്യുകയെന്നതുതന്നെ കുറ്റകൃത്യമായിത്തീര്‍ന്ന കാലമാണിത്. ഇവരെയൊന്നും നമ്മള്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കുന്നതല്ല. പല തരികിടകളും പ്രയോഗിച്ച് മുന്നോട്ടുവന്ന് ബലംപ്രയോഗിച്ച് ഭരിക്കുകയാണിവര്‍. അതുകൊണ്ട് ഇത്തരക്കാരെക്കുറിച്ച് പറയുമ്പോള്‍ "ലോകത്തിനുമുന്നില്‍ ഇവരാണ് നമ്മുടെ മാതൃരാജ്യത്തിന്റെ മുഖം' എന്നൊന്നും പറയുന്നത് ശരിയല്ല. ഇന്ത്യയെ ലോകരാജ്യങ്ങള്‍ ആദരിക്കുന്നുണ്ടെങ്കില്‍ അത് ഗാന്ധിജിയുടെയും ബുദ്ധന്റെയും മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ദര്‍ശനങ്ങളുടെ പേരിലാണ്. കേരളത്തെ പുറത്തുള്ളവര്‍ ഇഷ്ടപ്പെടുന്നത് ഭൂപ്രകൃതിയുടെയും കലകളുടെയും പ്രത്യേകതകൊണ്ടാണ്. അതുകൊണ്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെയൊന്നും വിലവെക്കേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ആളുകളുടെ നെഞ്ചത്തുകയറാനും സുഖിച്ചുജീവിക്കാനും ആഗ്രഹമുള്ളവരായിരിക്കും ഓരോ പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെയായി ഉന്തിത്തള്ളി മുന്നോട്ടുവരുന്നത്. അങ്ങനെയല്ലാത്തവരും ഉണ്ടാവും. അവരുടെ എണ്ണം വളരെ വളരെ കുറവാണ്. യാഥാര്‍ഥ്യബോധമുള്ള ഒരു ഭരണകൂടത്തിന് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ ഈ രാജ്യത്തുള്ളൂ. എന്നാല്‍ അതിനവര്‍ക്ക് കഴിയാത്തത് ‘സ്വന്തം പാര്‍ട്ടി, അധികാരം, സമ്പത്ത്' എന്ന സൂത്രവാക്യത്തില്‍ ഉറഞ്ഞുപോയതുകൊണ്ടാണ്.

Babari Masjid
Photo : @Altaf_Xamza, Twitter

ഇന്ത്യയില്‍, ഡല്‍ഹിയിലും മറ്റും പഠിക്കാന്‍ പോകുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്. ഒരു കള്‍സള്‍ട്ടൻറ്​ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിക്കുന്നതുകൊണ്ട്, ഇതെഴുതുന്ന ഇന്ത്യന്‍ പൗരനെ പലരും മനോവിഷമങ്ങള്‍ വരുമ്പോള്‍ സമീപിക്കാറുണ്ട്. ഇരുപതുവര്‍ഷമായി ഇത് തുടരുന്നു. അങ്ങനെയാണ് ആ പെണ്‍കുട്ടി വന്നത്. സൈക്കോളജിയില്‍ എം.എസ് സി. കഴിഞ്ഞശേഷം ‘നെറ്റും’ പാസായ അവള്‍ക്ക് പ്രവേശനപരീക്ഷയിലൂടെ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ എം.ഫിലിന് അഡ്മിഷന്‍ ലഭിച്ചു. മനഃശാസ്ത്രജ്ഞരെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണത്. പ്രശസ്തരായ മനഃശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരുമാണ് അധ്യാപകരില്‍ പലരും. ധൈഷണികമായ ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളും എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. (സ്ഥാപനത്തിന്റെ പേരോ വിദ്യാര്‍ഥിനിയുടെ പേരോ പറയുന്നില്ല. അവളുടെ പഠനം പൂര്‍ത്തിയായിട്ടില്ല, അതുകൊണ്ട്). നന്നായി പഠിക്കുന്നവളാണ് ഈ പെണ്‍കുട്ടി. പഠനത്തിനുവേണ്ടി വിവാഹം നീട്ടിക്കൊണ്ടുപോയി വീട്ടുകാര്‍ക്കും മാനസിക പിരിമുറുക്കമുണ്ടാക്കിയിട്ടുണ്ട് ഇവള്‍. ദക്ഷിണേന്ത്യയില്‍ നിന്നുതന്നെ മൂന്നുപേര്‍ക്കാണ് അഡ്മിഷന്‍ ലഭിച്ചത്. അതില്‍ ഒരാള്‍ ഇവളാണ്. 

പഠിക്കുന്നത് മനഃശാസ്ത്രമാണെങ്കിലും അവിടെ ചേര്‍ന്ന് പഠനം തുടങ്ങിയതോടെ മനസ്സുഖം നഷ്ടപ്പെട്ടു. പഠിപ്പിക്കുന്ന ഡോക്ടര്‍മാര്‍ മിക്കവരും ഉയര്‍ന്ന ജാതിക്കാരാണ്. തലച്ചോറിന്റെ പരിശുദ്ധിയിലും വരേണ്യതയിലും വിശ്വസിക്കുന്നവരാണ് പലരും. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ക്കേ ഉയര്‍ന്ന കാര്യങ്ങള്‍ പഠിക്കാന്‍ കഴിയൂ, നിങ്ങളൊന്നും പഠിച്ചിട്ട് കാര്യമൊന്നുമുണ്ടാവില്ല എന്ന് ഈ അധ്യാപകന്‍ ഈ പെണ്‍കുട്ടിയോട് തുറന്നുതന്നെ പറഞ്ഞു. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ നടുങ്ങാത്തവര്‍ ഇതുകേട്ടാല്‍ നടുങ്ങുമെന്ന് തോന്നുന്നു.

മുസ്‌ലിമായി ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. അതുകൊണ്ട് ആശ്വാസത്തിന് എവിടെ പോകണമെന്നറിയാത്ത അവസ്ഥ. അവളുടെ പേരിനെപ്പോലും അധ്യാപകന്‍ കളിയാക്കുമായിരുന്നു. എന്നാല്‍ കൂടെ പഠിക്കുന്നവര്‍ അവളെ വേറിട്ടുകണ്ടിരുന്നില്ല. ദക്ഷിണേന്ത്യയില്‍ നിന്നാണ് വരുന്നത് എന്നതും കളിയാക്കലിന് വിഷയമായിരുന്നു. ഇങ്ങനെയായപ്പോള്‍ അവള്‍ പഠിപ്പ് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. താന്‍ അനുഭവിക്കുന്നത് അനീതിയാണെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് അവള്‍ അസ്വസ്ഥയായത്. അധ്യാപകര്‍ പറയുന്നതുകേട്ട് ചിരിച്ച് തലയാട്ടിനിന്നാല്‍ അവള്‍ക്ക് അവിടെ നിന്നുപിഴക്കാമായിരുന്നു. എന്നാല്‍ സ്വത്വബോധമുള്ളതുകൊണ്ട് അവളതിനു തയ്യാറായില്ല. പലപ്പോഴും അവള്‍ തര്‍ക്കിച്ചു. അധ്യാപകരില്‍ പലരും പ്രതികാരബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങി. കോവിഡ് മൂര്‍ധന്യത്തില്‍ നിന്ന നാളുകളിലായിരുന്നു ഇതെല്ലാം. 
പര്‍ദ പോലുള്ള വസ്ത്രങ്ങളൊന്നും ഉപയോഗിക്കുന്നവളായിരുന്നില്ല ഈ പെണ്‍കുട്ടി. വലിയ മതവിശ്വാസിയുമല്ല. ഒരു മതത്തോടും വിരോധവുമില്ല. പഠിച്ച് നന്നാകണം എന്ന ആഗ്രഹമേയുള്ളൂ. 

സൈക്കോളജി പഠിക്കുന്നവര്‍ക്ക് മനസ്സംഘര്‍ഷം വന്നാല്‍ സ്ഥിതി സങ്കീര്‍ണമാകാറുണ്ട്. അവര്‍ക്ക് ചില മനോരോഗങ്ങളെക്കുറിച്ച് അറിയാമല്ലോ. അവയുടെ ലക്ഷണങ്ങള്‍ തങ്ങളില്‍ അവര്‍ കണ്ടെത്തിക്കൊണ്ടിരിക്കും. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് തോന്നിയാലുടന്‍ ഓഡിറ്ററി ഡെല്യൂഷനാണെന്ന് ഉറപ്പിക്കും. മനസ്സില്‍ മ്ലാനത പരന്നാല്‍ ‘മെലങ്കോളിക് ഡിപ്രഷനാ’ണെന്നു തീരുമാനിക്കും. പിന്നെ ഡിപ്രഷന്‍ രോഗിയെപ്പോലെ പെരുമാറാന്‍ തുടങ്ങും. മനസ്സിന്റെ പ്രയാസങ്ങളിലാവും പിന്നെ പൂര്‍ണശ്രദ്ധ. പരീക്ഷാപ്പേടിയുള്ള കുട്ടികളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. പരീക്ഷയോടുള്ള ഭയം കാരണം കുട്ടിക്ക് ഛര്‍ദിയും തലവേദനയും ഉറക്കക്കുറവും മലബന്ധവുമെല്ലാമുണ്ടാവും. പരീക്ഷയോടുള്ള ഭയമാണ് ഇതിനെല്ലാം കാരണമെന്ന കാര്യം കുട്ടിക്ക് ഓര്‍മ വരില്ല. ഈ അസ്വസ്ഥതകള്‍ മൂലം തനിക്ക് പഠിക്കാന്‍ കഴിയുന്നില്ല എന്ന് കുട്ടി ആവലാതിപറയും. 

സ്വത്വബോധവും ബുദ്ധിയും ഉള്ളവരെയാണ് മതപരമായ വിവേചനവും അപമാനവും അസ്വസ്ഥരാക്കുക. അവരെ പിന്നീട് ഉപയോഗിക്കുക മതതീവ്രവാദികളാണ്. അവരെക്കൊണ്ട് ഒരു കാലത്തും സാധാരണ മതവിശ്വാസിക്ക് ഗുണമുണ്ടാവില്ല.

ഇതുതന്നെ ആ പെണ്‍കുട്ടിയുടെ കാര്യത്തിലും സംഭവിച്ചു. തനിക്ക് വിഷാദരോഗമാണെന്ന് അവള്‍ പറഞ്ഞു. വിഷാദരോഗം (depression) നിസാര രോഗമൊന്നുമല്ലെന്ന് അവള്‍ക്കറിയാം. അതൊരു മൂഡ് ഡിസോര്‍ഡറായതുകൊണ്ട് രോഗിയെ വല്ലാതെ വലച്ചുകൊണ്ടിരിക്കും. എന്നാല്‍ വിഷാദരോഗമുള്ള ഭൂരിപക്ഷം പേരും തനിക്ക് വിഷാദരോഗമാണെന്ന് അക്ഷരവടിവോടെ പറയില്ല. അവരുടെ ശരീരചലനങ്ങളില്‍ നിന്നും വാക്കുകളില്‍ നിന്നും നമുക്ക് കാര്യം മനസ്സിലാവും. 
വല്ലപ്പോഴും മാത്രം നമസ്‌കരിച്ചിരുന്ന അവള്‍ കൃത്യസമയത്ത് നമസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും മറ്റും തുടങ്ങിയിരുന്നു. തന്നില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ തന്നെ പറഞ്ഞു. തന്റെ മതവിശ്വാസം അവഹേളിക്കപ്പെടാന്‍ തുടങ്ങിയതോടെ അവള്‍ ആ മതത്തിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ ഇഴുകിച്ചേരാനാണ്​ അബോധപൂര്‍വമായി ആഗ്രഹിക്കുന്നതെന്ന് മനസ്സിലായി. ഇത് സ്‌റ്റോക്‌ഹോം സിന്‍ഡ്രോം (Stockholm Syndrome) എന്ന മാനസികഭാവത്തിന്റെ മറ്റൊരു രൂപമാണ്. തന്നെ തടവിലാക്കിയവരോടോ ലൈംഗികമായി പീഡിപ്പിച്ചവരോടോ തോന്നുന്ന അടുപ്പവും ഇഷ്ടവുമാണ് സ്റ്റോക്‌ഹോം സിന്‍ഡ്രോമില്‍ കാണുന്നത്. ഇവിടെ എതിര്‍ക്കപ്പെടുന്ന മതത്തോടാണ് ഇഷ്ടം വളര്‍ന്നുവന്നത്. 

CAA
മുസ്‌ലിങ്ങള്‍ക്കുനേരെയുള്ള കായികമായ അക്രമങ്ങള്‍ തടയാന്‍ ഭരണകൂടം വിചാരിച്ചാലേ സാധ്യമാവൂ. ഹിന്ദുവും മുസ്‌ലിമും മറ്റു മതവിഭാഗത്തില്‍പെട്ടവരും ഒരു മതത്തിലും പെടാത്തവരുമെല്ലാം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അനീതികളുമുണ്ട്. അതെല്ലാം മുന്‍നിര്‍ത്തിയുള്ള ചെറുത്തുനില്‍പ്പ് ഭാവനയില്‍ മാത്രമേ സംഭവിക്കൂ.

ഉന്നതവിദ്യാഭ്യാസം നേടിയ പല ചെറുപ്പക്കാരും ഭീകരസംഘടനകളില്‍ എത്തിപ്പെടുന്നതിന്റെ ഒരു സാഹചര്യം ഇതാവാം. സ്വത്വബോധവും ബുദ്ധിയും ഉള്ളവരെയാണ് മതപരമായ വിവേചനവും അപമാനവും അസ്വസ്ഥരാക്കുക. അവരെ പിന്നീട് ഉപയോഗിക്കുക മതതീവ്രവാദികളാണ്. അവരെക്കൊണ്ട് ഒരു കാലത്തും സാധാരണ മതവിശ്വാസിക്ക് ഗുണമുണ്ടാവില്ല. സ്വന്തം അധികാരം സ്ഥാപിച്ചിടത്തെല്ലാം അവര്‍ സാധാരണ മതവിശ്വാസികളെയും മതസഹിഷ്ണുതയുള്ളവരെയുമാണ് ആദ്യം ദ്രോഹിക്കുക. 
ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്കിടയില്‍ വര്‍ഗീയവാദം തഴച്ചുവളരുന്നതിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയില്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്ത്യയിലെ ഐ.ഐ.ടി.കളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന പല സംഭവങ്ങളും ഇതിനു തെളിവായുണ്ട്.

പണ്ടൊക്കെ നാട്ടില്‍ മതസഹിഷ്ണുത കൊണ്ടുവന്നിരുന്നത് ഇംഗ്ലണ്ടില്‍ പോയി പഠിച്ച, ഏതെങ്കിലും ഇല്ലത്തെ ഉണ്ണിയേട്ടനായിരുന്നു. പഠിച്ചവര്‍ക്ക് തലതിരിഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്. ഈയിടെ ഗുജറാത്ത് വരെ സൈക്കിളില്‍ പോയ ഒരാള്‍ പറഞ്ഞത്, "പോര്‍ബന്തറിലേക്ക്' എന്ന ബോര്‍ഡ് പല ഭാഷകളിലെഴുതിവെച്ച് സഞ്ചരിച്ച അയാളെ മതവും ജാതിയുമൊന്നും നോക്കാതെ പാവപ്പെട്ട ഗ്രാമീണര്‍ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു എന്നാണ്. ക്ഷേത്രങ്ങളില്‍ വരെ അയാള്‍ അന്തിയുറങ്ങി. ഇതും ഇന്ത്യയില്‍ തന്നെയാണ് സംഭവിക്കുന്നത്. മുന്‍പറഞ്ഞ പെണ്‍കുട്ടിയെ സാഹചര്യങ്ങളെ നേരിടാന്‍ സഹായിച്ചത് എസ്.ഡി. (systematic desensitization) എന്ന സൈക്കോതെറാപ്പിയാണ്. അവള്‍ തിരിച്ചുപോയി പഠനം തുടര്‍ന്നു.

മുസ്‌ലിങ്ങള്‍ക്കുനേരെയുള്ള കായികമായ അക്രമങ്ങള്‍ തടയാന്‍ ഭരണകൂടം വിചാരിച്ചാലേ സാധ്യമാവൂ. ഹിന്ദുവും മുസ്‌ലിമും മറ്റു മതവിഭാഗത്തില്‍പെട്ടവരും ഒരു മതത്തിലും പെടാത്തവരുമെല്ലാം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അനീതികളുമുണ്ട്. അതെല്ലാം മുന്‍നിര്‍ത്തിയുള്ള ചെറുത്തുനില്‍പ്പ് ഭാവനയില്‍ മാത്രമേ സംഭവിക്കൂ. അടിയെ അടികൊണ്ടു തടുക്കാന്‍ കഴിയില്ലെങ്കില്‍ ഒന്നുകില്‍ ഓടാം, അല്ലെങ്കില്‍ നിന്ന് കൊള്ളാം. ഇതില്‍ രണ്ടാമത്തെ വഴിയാണ് ഗാന്ധിജി തെരഞ്ഞെടുത്തത്. അത്തരം സഹനസമരങ്ങള്‍ വിജയിച്ച കഥ ചരിത്രത്തില്‍ കുറേയുണ്ട്. പുരാതന റോമില്‍ പ്രാട്രീഷ്യന്‍മാരും പ്ലീസിയന്‍മാരും തമ്മില്‍ നടന്ന രക്തരഹിത വിപ്ലവവും ഒരുദാഹരണം മാത്രം.

ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രബല രാഷ്ട്രീയകക്ഷികളെല്ലാം മതവൈരം നിലനിര്‍ത്താനാണ് പരിശ്രമിക്കുന്നത്. കപടതയാണ് അവരുടെ മുഖമുദ്ര.
മുസ്‌ലിം പീഡനങ്ങള്‍ക്കെതിരെയുള്ള സാംസ്‌കാരികമായ ചെറുത്തുനില്‍പ്പുകള്‍ക്കുള്ള സമരമുറകളും സമരായുധങ്ങളും ഇന്നും വളരെ പഴയതാണ്. മതചിഹ്നങ്ങളെ വിലക്കുമ്പോള്‍ അവ ഉപയോഗിക്കുക, ബീഫ് ഫെസ്റ്റിവല്‍ നടത്തുക എന്നിവയൊന്നും അത്ര ഗംഭീരമാണെന്ന് തോന്നുന്നില്ല. കോഴിയെയും പോത്തിനെയുമെല്ലാം വെറും ഭക്ഷണം മാത്രമായി കാണുന്ന തലമുറയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. "ചിക്കന്‍' എന്നുപറഞ്ഞാല്‍ അവര്‍ക്ക് ഒരു ജീവിപോലുമല്ല. "ബീഫ്' എന്നാല്‍ അവര്‍ പൊറോട്ടയെ ഓര്‍ക്കും. ഇവയൊക്കെ ജീവികളാണ്, അവയ്ക്കും നമ്മളെപ്പോലെ ജീവനും വേദനയും ഉണ്ട് എന്ന അനുശീലനവും കുട്ടികള്‍ക്ക് ലഭിക്കണം. 

ബുദ്ധമതത്തില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് ഉറുമ്പിനെപ്പോലും കൊല്ലാനാവില്ല. പിന്നെ എങ്ങനെ ഇറച്ചി തിന്നും എന്നുപറഞ്ഞ് ബുദ്ധമതത്തില്‍ നിന്ന് ആളുകളെ അകറ്റാന്‍ ബ്രാഹ്‌മണമതത്തിന്റെ വക്താക്കള്‍ ശ്രമിച്ചിരുന്ന കാര്യം ചരിത്രകാരനായ ടോയന്‍ബി പറയുന്നുണ്ട്. ഇന്ത്യയില്‍ പണ്ട് ബ്രാഹ്‌മണര്‍ കുതിരയെ വരെ തിന്നിരുന്നു. പോത്തിനെ തിന്നുകൊള്ളാം എന്ന് പോത്തുമായി മുസ്‌ലിംകൾ പോത്തുമായി വല്ല പ്രാചീന ഉടമ്പടിയിലും ഒപ്പുവച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ പോത്തിന്റെ കഷ്ടകാലം.

Women
ഇന്ത്യയില്‍, ഡല്‍ഹിയിലും മറ്റും പഠിക്കാന്‍ പോകുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്. / Jamia News, fb page

ഏതു മതമാണോ ന്യൂനപക്ഷമതങ്ങളെ അപമാനിക്കുന്നത്, ആ മതത്തിന്റെയടക്കം ഒരു മതചിഹ്നങ്ങളും ശരീരത്തിലേക്കടുപ്പിക്കാതെ ആണും പെണ്ണും രൂപപ്പെട്ടുവരണം. മതചിന്തകൊണ്ട് ഇത് സാധ്യമാവില്ല. ചിന്തയെ അധികരിപ്പിക്കുന്ന ഒരു രോഗമാണ് ഒ.സി.ഡി. ചീത്ത ചിന്തകളും ആ ചിന്തകളെ ഒഴിവാക്കാനുള്ള പ്രവൃത്തികളും ചേര്‍ന്ന് രോഗികള്‍ പരവശരായിക്കൊണ്ടിരിക്കും. ചിലര്‍ ചീത്ത ചിന്തകളെ നല്ല ചിന്തകള്‍ കൊണ്ട് നേരിടാന്‍ ശ്രമിക്കും. അപ്പോഴും ചിന്തകള്‍ അധികരിക്കും. നല്ല ചിന്തകളും ചിന്തകള്‍ തന്നെയാണല്ലോ. മതത്തെ മതംകൊണ്ട് നേരിട്ട് എവിടെയും ആരും നന്നായിട്ടില്ല. ഇരുപത് ശതമാനം സഹിഷ്ണുത പറഞ്ഞ് 80 ശതമാനം അസഹിഷ്ണുത ശീലിപ്പിക്കാനാണ് എല്ലാ മതങ്ങളും ശ്രമിക്കുന്നത്. ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ എന്നുപറഞ്ഞ് ഭരിക്കുന്നവര്‍ അവരെക്കാള്‍ അംഗസംഖ്യ കുറഞ്ഞവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെങ്കില്‍ മനസ്സിന് വലിയ വിശാലത വേണം. ടാങ്കര്‍ ലോറി ഓടിക്കുന്നവര്‍ക്ക് മോട്ടോര്‍ സൈക്കിളില്‍ വരുന്നവരെയും കാറില്‍ വരുന്നവരെയും വിലവെക്കേണ്ടതില്ല. അവര്‍ സൂക്ഷിച്ച് വഴിമാറിപ്പോകുമെന്ന് അയാള്‍ക്കറിയാം. ആ ആത്മവിശ്വാസമാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവര്‍ക്കുള്ളത്. എന്നാല്‍ ഓടിക്കുന്നത് ടാങ്കര്‍ ലോറിയാണെന്നും അതില്‍ സ്വയം നശിപ്പിക്കാനാവശ്യമായ ചിലതുണ്ടെന്നും ഡ്രൈവര്‍ ചിലപ്പോള്‍ അറിയുക തന്നെ ചെയ്യും.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

എം. കമറുദ്ദീന്‍

കഥാകൃത്ത്​, ​നോവലിസ്​റ്റ്​, വിവർത്തകൻ. കൺസൽട്ടൻറ്​ സൈക്കോളജിസ്​റ്റാണ്. പഞ്ചസാരയുടെ ഉപമ, രണ്ടു നാവികര്‍ക്ക് ശരത്കാലം, പുറവഞ്ചേരിയിലെ കിഴവന്‍, ചതുപ്പ്, ശരീരവും സംസ്‌കാരവും, വസ്ത്രവും നഗ്‌നതയും തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Audio