Wednesday, 29 March 2023

ആത്മകഥ


Text Formatted

എഴുകോണ്‍- 35

പ്രതീക്ഷയുടെ പ്രണയോത്സവങ്ങള്‍  

ഒരു ലൈംഗികത്തൊഴിലാളിയുടെ ശരീരവും മനസ്സും എങ്ങനെയാണ് ക്ലയന്റുമായുള്ള ലൈംഗികബന്ധത്തില്‍ പെരുമാറുന്നത്? ലൈംഗികതയില്‍ സ്ത്രീയുടെയും പുരുഷന്റെയും അധികാരപ്രയോഗങ്ങള്‍ എങ്ങനെയാണ് പ്രകടിപ്പിക്കപ്പെടുന്നത്?

Image Full Width
Image Caption
രാജമന്ദ്രിയില്‍ ‘നാരീസക്ഷം’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന സ്​ത്രീകളുടെ റാലി
Text Formatted

Hope is a passion for the possible.
- Soren Kierkegaard 

തിഥികളെ കുങ്കുമമണിയിച്ച് വരവേല്‍ക്കുക എന്നൊരാചാരം അവര്‍ക്കുണ്ടെന്ന് ‘നാരീസക്ഷം' നേതാക്കള്‍ പറയുകയും അവര്‍ അത് എപ്പോഴും പാലിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ഗവേഷകരായും മേല്‍നോട്ടക്കാരായും ഗോദാവരീ തീരത്തേക്ക്  സന്ദര്‍ശകര്‍ വന്നു കൊണ്ടിരുന്നു. അവാഹാന്‍ ഫൗണ്ടേഷന്‍ ഡയറക്ടറായ അശോക് അലക്സാണ്ടറുടെ സന്ദര്‍ശനവേള അവര്‍ ദീപങ്ങളാലും തോരണങ്ങളാലും  നിറശോഭയുള്ളതാക്കി. അദ്ദേഹത്തെ കുങ്കുമമണിയിച്ചും ആരതിയുഴിഞ്ഞും ഹാളിലേക്ക് ആനയിച്ചു. ആ സമയത്ത്, ലക്ഷ്മി എന്ന വനിത ഹാരമണിയിച്ചതിന്റെ ഓര്‍മയില്‍ അവര്‍ രണ്ടുപേരും ഒരേ ഹാരവലയത്തില്‍ സൗഹൃദം പങ്കുവക്കുന്ന ഒരു ചിത്രം ദീര്‍ഘകാലം ഞങ്ങളുടെ ഓഫീസിന്റെ ചുവരില്‍ പതിഞ്ഞുകിടന്നു.  

സ്വന്തം വീട്ടില്‍ തന്നെ സ്വതന്ത്രമായി ബിസിനസ് നടത്തിയിരുന്ന നല്ല പൊക്കവും, ഇരുണ്ട നിറവുമുള്ള ലക്ഷ്മി ആദ്യം തന്നെ ‘നാരീസക്ഷ'ത്തിന്റെ നേതൃനിരയില്‍ സ്ഥാനം പിടിച്ചിരുന്നു.  തികഞ്ഞ സൗഹൃദത്തിന്റെ ഭാഷയിലാണ്, പൊതുസമൂഹവും നിയമപാലകരും കുറ്റവാളികളായി കാണുന്ന സ്ത്രീകളോട് അശോക് സംസാരിച്ചത്. മക്അന്‍സി കമ്പനിയില്‍ നിന്ന് ലൈംഗിക തൊഴിലാളികളുടെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലേക്കുള്ള ചുവടുവെപ്പ് ‘ഫ്രം ബോര്‍ഡ് റൂം റ്റു ബ്രോതല്‍സ്' (From Board Room to Brothels) എന്ന പേരില്‍ പുസ്തകമായി എഴുതാന്‍ അശോക് പദ്ധതി ഇട്ടതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍, മറ്റൊരു പേരില്‍ പിന്നീട് ആ പുസ്തകം പ്രസിദ്ധീകരിച്ചതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.  

ashok
അശോക് അലക്സാണ്ടർ / Photo: Wikimedia Commons

‘നാരീസക്ഷ'ത്തോടൊപ്പം ഓരോരോ ബിസിനസ് കേന്ദ്രങ്ങളിലും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കുന്നതിനെ പറ്റിയും ഞങ്ങള്‍ ആലോചിക്കുകയും അതിന് ഒരുക്കം തുടങ്ങുകയും ചെയ്തു. കക്ഷികളെ സുരക്ഷാ ഉറകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, ലൈംഗിക രോഗങ്ങള്‍ ശാസ്ത്രീയമായി ചികിത്സിച്ചു ഭേദമാക്കുക  എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം.  എന്നാല്‍, സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹ്യപദവിയും മെച്ചപ്പെടാതെ ഇത് സാദ്ധ്യമാക്കാനും കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് അവാഹാന്‍ പദ്ധതി തുടങ്ങിയത്. കൊല്‍ക്കത്തയിലെ "ദുര്‍ബാറി'ന്റെ മാതൃക, ഏറെക്കുറെ അവര്‍ അംഗീകരിച്ചിരുന്നു. അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയായ USAID ലൈംഗികത്തൊഴിലാളി സംഘടനകള്‍ക്കോ അവരെ പിന്തുണക്കുന്നവര്‍ക്കോ  ഫണ്ട് നല്‍കാന്‍ സന്നദ്ധരായിരുന്നില്ലെങ്കിലും  ‘കെയര്‍ ഇന്ത്യ'  വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. ജനങ്ങളെ  ഗുണഭോക്താക്കളായി മാത്രം കാണുന്നതിനുപകരം അവരുടെ അവകാശങ്ങളിലൂന്നിയ കാഴ്ചപ്പാടിലേക്ക്  ‘കെയര്‍' (CARE) എന്ന അന്താരാഷ്ട്ര സംഘടന മാറിയിരുന്നു.  വിവിധ ഇടങ്ങളില്‍ നിന്ന് വിഭവങ്ങള്‍ കണ്ടെത്തിയിരുന്ന ‘കെയര്‍', അമേരിക്കയുടെ നിലപാട് അങ്ങനെ തന്നെ പിന്തുടര്‍ന്നില്ല.  എന്നാല്‍, പല രാജ്യങ്ങളിലും ‘കെയറി'ന് USAID ഫണ്ട് നല്‍കിയിരുന്നതിനാല്‍ അവര്‍ പ്രതിസന്ധി നേരിട്ടു.  

സദാചാരത്തെ കുറിച്ചുള്ള പൊതുബോധം മിക്ക രാജ്യങ്ങളിലും ലൈംഗികത്തൊഴിലാളികളെ പിന്തുണക്കുന്നതില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനാണ് സാദ്ധ്യത എന്ന് ഞാന്‍ ആശങ്കപ്പെട്ടു.

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ  ‘കെയര്‍' സംഘടനകള്‍ ഒരുമിച്ചുചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുകയും, അവസാനം എന്ത് തീരുമാനമെടുക്കണമെന്നത് അതാതു രാജ്യങ്ങളിലെ സംഘടനകള്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്തു.  സദാചാരത്തെ കുറിച്ചുള്ള പൊതുബോധം മിക്ക രാജ്യങ്ങളിലും ലൈംഗികത്തൊഴിലാളികളെ പിന്തുണക്കുന്നതില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനാണ് സാദ്ധ്യത എന്ന് ഞാന്‍ ആശങ്കപ്പെട്ടു. എന്നാല്‍, എല്ലാ രാജ്യക്കാരും,  ലൈംഗികത്തൊഴിലാളികളെ പിന്തുണക്കാനും അതിനെ എതിര്‍ക്കുന്ന USAID ഫണ്ട് വേണ്ടെന്നു വെക്കാനുമാണ് തീരുമാനിച്ചത്.  
ഇന്ത്യയിലെ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും രോഗനിയന്ത്രണത്തില്‍  സെക്‌സ് വര്‍ക്കര്‍മാരുടെ പ്രാധാന്യം മനസ്സിലാക്കി, അവരുടെ കമ്യൂണിറ്റി സംഘടനകള്‍ രൂപപ്പെടുത്താനുള്ള തീരുമാനത്തിലേക്കാണ് പോയിക്കൊണ്ടിരുന്നത്.  ‘ദുര്‍ബാറി'നെ പോലെയല്ലെങ്കിലും കേരളത്തിലെയും സ്ത്രീകളുടെ സംഘാടനം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ എയ്ഡ്സ് വ്യാപനം കുറവായിരുന്നുവെങ്കിലും ആദ്യം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിലും റിസ്‌കുള്ള വിഭാഗങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുന്നതിലും, ഹെല്‍ത്ത് സെക്രട്ടറിയായി അടുത്ത കാലത്ത് വിരമിച്ച രാജീവ് സദാനന്ദന്‍ നല്ല പങ്ക് വഹിച്ചിരുന്നു.  കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയം  അവാഹാന്‍, നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, UNAIDS എന്ന സംഘടനകളൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

book

ഇങ്ങനെ ഒരന്തരീക്ഷം ഉണ്ടായിരുന്നതുകൊണ്ട് ഇന്ത്യയില്‍ ലൈംഗികതൊഴിലാളി സ്ത്രീകളുടെയും വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളുടെയും  സാമൂഹ്യപദവിയില്‍ മാറ്റം വരുത്താനുള്ള പരിപാടികളും കോണ്ടം വിതരണത്തോടൊപ്പം അംഗീകരിക്കപ്പെട്ടു. നേരത്തെ യാതൊരു പിന്തുണയും ഇല്ലാതെ ഞങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ സംഘാടനം, പൊലീസ് തുടങ്ങി വിവിധ ഏജന്‍സികളുമായുള്ള ആശയ വിനിമയം, നിരന്തരം അവര്‍ നേരിടുന്ന അക്രമങ്ങള്‍ക്കുള്ള തത്സമയ പരിഹാരങ്ങള്‍ എന്നിവയൊക്കെ പ്രോഗ്രാമുകളുടെ ഭാഗമായി തന്നെ നിലവില്‍ വന്നു.  
ഈസ്റ്റ്  ഗോദാവരിയില്‍  പ്രാദേശികതലം മുതല്‍ ജില്ലാതലം  വരെ സ്ത്രീകള്‍ സംഘടിക്കുന്നതിനു മുന്നോടിയായി ഒരു വലിയ പൊതുപരിപാടി സംഘടിപ്പിക്കാന്‍ "നാരീസക്ഷം' തീരുമാനിച്ചു. പ്രണയദിനമായ ഫെബ്രുവരി 14 വാലന്റയിന്‍സ് ഡേയിലാണ് (2005) ഈ പരിപാടി നടത്താന്‍ തീരുമാനിച്ചത്. പ്രണയദിനമായതുകൊണ്ട് അതിനു യോജിച്ച ഒരു പേരാണ്  ‘നാരീസക്ഷം' അതിനായി  തെരഞ്ഞെടുത്തത്. "പ്രേമപാണ്ഡുക' (Festival of Love) അഥവാ "പ്രണയോത്സവം' എന്നായിരുന്നു അത്.

മിക്ക സെക്​സ്​ വർക്കർക്കും പ്രണയ ബന്ധങ്ങളുണ്ട്. എന്റെ പുരുഷന്‍ എന്നൊരു സങ്കല്‍പം അവര്‍ കാത്തുസൂക്ഷിക്കുന്നു. അങ്ങനെ കരുതുന്നവരോട് അവര്‍ സ്വന്തം ഇഷ്ടങ്ങള്‍ ആവശ്യപ്പെടുന്നു.

പൊതുസ്ഥലത്ത് പ്രമുഖ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ അത്തരമൊരു പരിപാടി നടത്താന്‍ സാധിച്ചത് നല്ലൊരു തുടക്കമായി. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്ന് പല സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്തു. പരസ്പര സ്‌നേഹവും മനുഷ്യരാശിയോടും  കലയോടുമുള്ള പ്രേമവും അതോടൊപ്പം പ്രണയത്തിന്റെ പാരമ്പര്യവും അവിടെ അവര്‍ വിളംബരം ചെയ്തു.
‘‘ഞങ്ങളുടെ സ്‌നേഹത്തെയും സഹനത്തെയും സമൂഹം തെറ്റായി ചിത്രീകരിക്കുന്നു. ഞങ്ങളെ അയിത്തമുള്ളവരായും കുറ്റവാളികളായും അപമാനിക്കുന്നു.  നമ്മുടെ ദേശീയത വിവിധ സംസ്‌കാരങ്ങളുടെ പാരമ്പര്യത്തിലൂടെ  നിര്‍മിച്ചതാണ്. ആരോഗ്യപ്രവര്‍ത്തകരായും മാറ്റത്തിന്റെ വാഹകരായും , നര്‍ത്തകികളായും ആനന്ദദായിനികളായും, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട സാമൂഹ്യഅംഗീകാരം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്'' എന്നവര്‍ പ്രഖ്യാപിച്ചു.   

അവരുടെ യോഗത്തില്‍ നഗരത്തിലെ മേയര്‍ ചക്രവര്‍ത്തി, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ എല്ലാം പങ്കെടുത്ത് സംസാരിക്കുകയും അവരെ കേള്‍ക്കുകയും  ചെയ്തു.  ചില വയോധികമാര്‍,  രാജനര്‍ത്തകിമാരുടെ പാരമ്പര്യം ഓര്‍ത്തെടുത്ത് നൃത്തം വക്കുകയും നഷ്ടപ്പെട്ട സ്ഥാനങ്ങളോര്‍ത്ത് കണ്ണീരൊഴുക്കുകയും ചെയ്തു. രാജാവിനെ കാത്തിരിക്കുന്ന ഒരുവളുടെ വിരഹഗാനം ഒരു പ്രായം ചെന്ന നര്‍ത്തകി ഓര്‍ത്തുപാടി.  അവരോടൊപ്പം തെരുവിലും ഹൈവേയിലും ജോലി ചെയ്യുന്നവരും കൊല്‍ക്കത്തയില്‍ നിന്ന് വന്ന കോമള്‍ ഗാന്ധാറിലെ നര്‍ത്തകരും ആടുകയും പാടുകയും ചെയ്തു.  പരിപാടിയുടെ അവസാനം ഒന്നിച്ച് മെഴുകുതിരി കത്തിച്ച് അവര്‍ സ്‌നേഹവും ഐക്യദാര്‍ഢ്യവും പങ്കുവെച്ചു.  

പരമ്പരാഗത തൊഴില്‍ നിലനിന്നിരുന്ന ഇടമാണെങ്കില്‍ പോലും സദാചാരത്തിന്റെ പുതിയ സംസ്‌കാരം വളര്‍ന്നിരുന്നതിനാല്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ തന്നെ അവര്‍ക്കുനേരെ അക്രമവും ചൂഷണവും വളര്‍ന്നിരുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ദവളേശ്വരം, കോട്ടണ്‍ ബാരേജ് എന്നറിയപ്പെടുന്ന  ഡാമിന് പ്രസിദ്ധി  നേടി. 19ാം നൂറ്റാണ്ടില്‍ ‘കോട്ടണ്‍' എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ്  അത് നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗോദാവരിയിലെ ജലം തടഞ്ഞുനിര്‍ത്തി കൃഷിക്ക് ഉപയോഗിക്കാന്‍   ഈ ഡാം സഹായിക്കുന്നു. 1970 ല്‍ ഡാം പുതുക്കി പണിത സമയത്ത് അതില്‍ പ്രവര്‍ത്തിച്ച പണിക്കാര്‍ക്ക് സേവനം നല്‍കാനായിരിക്കണം അവിടെ ചില ചെറിയ ബ്രോതല്‍ വീടുകള്‍ സ്ഥാപിതമായത്. അതിനടുത്തുള്ള മാര്‍ക്കറ്റും ഇവിടെ ബിസിനസ് തുടങ്ങിയ സ്ത്രീകള്‍ക്ക് തുണയായി. ഞങ്ങള്‍ പദ്ധതി തുടങ്ങിയ സമയത്ത് അവിടെ എട്ടു ചെറിയ വീടുകളിലായി മുപ്പതോളം സ്ത്രീകള്‍ ഉണ്ടായിരുന്നു.

സ്ത്രീകളും  ചിന്തിക്കുന്നത് പുരുഷന്മാര്‍ക്കുവേണ്ടിയാണ്.  പ്രായം കുറഞ്ഞ സ്ത്രീകളുടെ യോനിയിലെ മുറുക്കം ആണിനും പെണ്ണിനും ഒരുപോലെ ആനന്ദം  നല്‍കുമായിരിക്കും എന്ന് പ്രായമുള്ള സ്ത്രീകള്‍ സന്ദേഹിച്ചു.

അവിടെ ബ്രോത്തല്‍ നടത്തുന്നവരും ജോലി ചെയ്യുന്നവരും തമ്മില്‍ വലിയ വ്യത്യാസം കണ്ടില്ല.  സ്ത്രീകള്‍ക്ക് വന്നു ചേരാനും ചര്‍ച്ചകള്‍ നടത്താനും ഞങ്ങള്‍ ഓഫീസിനോടുചേര്‍ന്ന്  ഒരു സെന്റര്‍ തുടങ്ങി.  അവിടെ വന്നവരില്‍ ദവളേശ്വരത്ത് നിന്നുള്ളവരും  ഉണ്ടായിരുന്നു.  അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പുതുതായി വന്നു ചേര്‍ന്ന ഇന്‍സ്പെക്ടര്‍ അര്‍ദ്ധരാത്രി അവിടെ റെയ്ഡ് നടത്തുകയും സ്ത്രീകളെ റോഡിലേക്ക് വലിച്ചിറക്കി അടിക്കുകയും തൊഴിക്കുകയും ചെയ്തതായി പകല്‍ സെന്ററില്‍ വന്നവര്‍ ഞങ്ങളോട് പറഞ്ഞു.  സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് അവിടെയും കുറവില്ലെന്ന് ഞാന്‍ മനസ്സിലാക്കി.   
പൊതുസമൂഹത്തില്‍ അവരെ മനുഷ്യരായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നാട്ടിലെ നേതാക്കളുടെ സഹകരണം കൂടിയേ കഴിയൂ. സ്ഥലത്തെ സാമാജികയും കോണ്‍ഗ്രസിലെ ദേശീയ നേതാവുമായിരുന്ന വിജയലക്ഷ്മി ആദ്യം മുതല്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയാറായി.  ഗേറ്റ്‌സ് ഫൗണ്ടേഷന്റേയും ‘കെയറി'ന്റെയും പേരിലുള്ള പദ്ധതിയായതുകൊണ്ട് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. ഇവരെയെല്ലാം പങ്കെടുപ്പിച്ച് പല പരിപാടികളും സംഘടിപ്പിക്കുകയും അതിലൊക്കെ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.

march
ജനങ്ങളെ ഗുണഭോക്താക്കളായി മാത്രം കാണുന്നതിനു പകരം, അവരുടെ അവകാശങ്ങളിലൂന്നിയ കാഴ്ചപ്പാടാണ് ‘കെയര്‍' (CARE) എന്ന അന്താരാഷ്ട്ര സംഘടനയുടേത് / Photo: careindia.org

കേരളത്തില്‍ നിന്ന് വ്യത്യസ്തമായി അവിടെ കണ്ട ഒരു കാര്യം, ഹോട്ടലുകള്‍ ഞങ്ങളുടെ സമ്മേളനങ്ങള്‍ക്കായി ഹാള്‍ നല്‍കാന്‍ മടിച്ചില്ല എന്നതാണ്. അവിടുത്തെ ഏറ്റവും മുന്തിയ ഹോട്ടല്‍ ആയിരുന്ന ആനന്ദ് റീജന്‍സിയില്‍ വച്ചാണ് ഞങ്ങള്‍ പരിശീലന പരിപാടി നടത്തിയിരുന്നത്.  നൂറോളം  സാധാരണ  സെക്‌സ് വര്‍ക്കര്‍മാര്‍ അവരുടെ  കോണ്‍ഫറന്‍സ് ഹാളിലും റിസപ്ഷന്‍ ഏരിയയിലും റെസ്റ്റോറൻറുകളിലും ചുറ്റിത്തിരിയുന്നത് അവരെ അലോസരപ്പെടുത്തിയില്ല. 
എന്നാല്‍, പുറത്തുള്ള ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അവരെ വിട്ടൊഴിഞ്ഞില്ല. ‘ഇഷുകവീഥി’ എന്ന പേരില്‍  നഗരത്തില്‍ തന്നെയുള്ള ഒരു തെരുവില്‍ നിരനിരയായുള്ള വീടുകളില്‍ ലൈംഗിക തൊഴിലാളികള്‍ താമസിച്ചിരുന്നു. അവിടെയും പൊലീസ് റെയ്ഡ് സ്ഥിരമായി നടക്കാറുണ്ടെന്നും എപ്പോഴും ഭയന്ന് കഴിയേണ്ട അവസ്ഥയാണെന്നും അവിടെ നിന്ന് വന്ന സ്ത്രീകള്‍ പറഞ്ഞു. ഇഷുകവീഥിയില്‍ പോയപ്പോള്‍ മനസ്സിലായ കാര്യം, ഈ തൊഴിലിനെ ഉപജീവിച്ചും ചുറ്റിലും സോഡാ കച്ചവടക്കാരും പൂക്കച്ചവടക്കാരും മറ്റും നില നിന്നുപോരുന്നുണ്ടെന്നാണ്. ഇന്ത്യയിലെ  പല നഗരങ്ങളിലും സെക്‌സ് വര്‍ക്ക് ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളെ കുടിയിറക്കുകയും അവിടങ്ങളില്‍ വലിയ ഷോപ്പിംഗ് മാളുകള്‍ വന്നുകൊണ്ടിരിക്കുകയും   ചെയ്യുന്ന സമയവുമായിരുന്നു അത്. ഗോവയിലും സൂറത്തിലും ഇതുപോലെ സ്ത്രീകളുടെ വാസസ്ഥലങ്ങളില്‍ നിന്ന് പൊലീസ് സഹായത്തോടെ  അവരെ ആട്ടിപ്പായിക്കുകയും അതിനെതിരെ സമരങ്ങള്‍ നടക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.  ഇഷുകവീഥിയില്‍ നിന്നും ദ്വവളേശ്വരത്തു നിന്നും സ്ത്രീകളും അവിടുത്തെ ഇക്കോ സിസ്റ്റവും എപ്പോള്‍ വേണമെങ്കിലും  പിഴുതെറിയപ്പെടാമെന്ന് എനിക്ക് തോന്നി.  

പ്രായം കുറഞ്ഞ സ്ത്രീകളാണോ കൂടുതല്‍ അനുഭവങ്ങളുള്ള മദ്ധ്യവയസ്‌കരാണോ കൂടുതല്‍ ആനന്ദം നല്‍കുന്നതെന്ന് ആശങ്കപ്പെടുന്ന  പുരുഷന്മാരുടെ ചിന്തകള്‍ അവരും പങ്കുവച്ചു.  

പല ഏരിയകളില്‍ നിന്ന് വന്നു ചേര്‍ന്ന സ്ത്രീകളുമായി അവരുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. ഓരോ സ്ഥലത്തും സ്വാധീനമുള്ളവരെയും സംസാരിക്കാന്‍ കഴിവുള്ളവരെയും സോഷ്യല്‍ ചേഞ്ച് ഏജന്റു (Social Change Agent) മാരായി തെരഞ്ഞെടുത്തു.  ക്ലിനിക്കുകളിലേക്ക് സ്ത്രീകളെ കൊണ്ടു വരാനും ഉറകള്‍ വിതരണം ചെയ്യാനും അവരെ ഏല്‍പ്പിച്ചു. എന്നാല്‍, അക്രമത്തില്‍ നിന്നുള്ള മോചനവും മെച്ചപ്പെട്ട വരുമാനവും കുഞ്ഞുങ്ങളുടെ പഠനവുമൊക്കെ ആയിരുന്നു അവരുടെ മുന്‍ഗണന. എങ്കിലും പുതുതായി ലഭിച്ച പദവിയില്‍ അവര്‍ സന്തോഷിക്കുകയും ചെയ്തു. സമൂഹത്തില്‍ വലിയൊരംഗീകാരമാണ് ആരോഗ്യപ്രവര്‍ത്തകരെന്ന നിലക്ക് അവര്‍ നേടിയത്. 
സോനാഗാച്ചി സന്ദര്‍ശിക്കാന്‍ പോയി വന്നവര്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ സംസാരിക്കാന്‍ തുടങ്ങി.  ഓരോ ഏരിയയിലും ചെറുസംഘങ്ങള്‍ രൂപീകരിക്കുകയും അവ  ‘നാരീസക്ഷ'ത്തോട് കണ്ണിചേര്‍ക്കുകയും ചെയ്തു. ആയിടക്ക് ആന്ധ്രപ്രദേശ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, എയ്ഡ്സ് നിയന്ത്രണത്തിന് ഒരു വലിയ അവബോധ പരിപാടി സംഘടിപ്പിച്ചിരുന്നു. Andhra Pradesh Sexual Health Awareness, ‘പ്രത്യാശ’ എന്നര്‍ത്ഥം വരുന്ന ASHA എന്ന് ചുരുക്കപ്പേരാക്കി.  രാജമന്ദ്രിയില്‍ അതേറ്റെടുത്ത് നടത്താനുള്ള ഉത്തരവാദിത്വം ‘നാരീസക്ഷ'ത്തിനു നല്‍കി. മുന്നൂറോളം സ്ത്രീകളെ പങ്കെടുപ്പിച്ച് വലിയ പൊതുറാലി അവര്‍ സംഘടിപ്പിച്ചു. അതിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥാപനങ്ങളും മറ്റു ഓഫീസുകളും പൊതുജനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഒക്കെയായി ബന്ധപ്പെടാന്‍ കഴിഞ്ഞത് അവര്‍ക്ക് ആത്മവിശ്വാസമുണ്ടാക്കി. എങ്കിലും സെക്‌സ് വര്‍ക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ പലരും ലജ്ജ അനുഭവിച്ചു. ആരോഗ്യ പ്രവര്‍ത്തകരായി മറ്റുള്ളവരുടെ മുന്നില്‍ സ്വയം പരിചയപ്പെടുത്താനാണ് പലരും ഇഷ്ടപ്പെട്ടത്. യൂണീഫോമായി ഏതെങ്കിലും കളര്‍ സാരി വേണോ എന്ന ആലോചനയും അതിനിടെ അവര്‍ നടത്തി. ലൈലാക് കളറിലുള്ള സാരി അതിനായി തെരഞ്ഞെടുത്തു. പിന്നീട് നടത്തിയ റാലികളെല്ലാം ലില്ലിപ്പൂക്കള്‍ കൂട്ടമായി വിരിഞ്ഞതുപോലെയുള്ള ശോഭ പരത്തി. 

ഒരുമിച്ചുള്ള കുളി മുതല്‍ ലിംഗ-യോനീ സംയോഗം വരെ പതിനാലോളം വ്യത്യസ്ത രതിലീലകളെ കുറിച്ച് അവര്‍ ഉല്ലാസത്തോടെ വിവരിച്ചു. ഈ അനുഭവങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ അവര്‍ക്ക് ആദ്യം മടിയുണ്ടായിരുന്നു.

ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പല ഗവേഷകരും എത്തിയിരുന്നു. അമേരിക്കയിലെ യെയ്ല്‍സ് (Yales) യൂണിവേഴ്സിറ്റി, അതിനായി ‘പരിവര്‍ത്തന്‍' എന്ന ഒരു പദ്ധതിയിലൂടെ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങളെ പിന്തുടര്‍ന്ന് ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമന്‍  (ICRW) എന്ന അന്താരാഷ്ട്ര സംഘടന വ്യത്യസ്തമായ തരത്തില്‍ ഒരു പഠനപരിപാടിയുമായി വന്നു. സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തത്തോടെയുള്ള ഒരു പഠനമായിരുന്നു അത്.  സ്ത്രീകള്‍ക്ക്, ലൈംഗികത അപകടവും ആനന്ദവും ഒളിപ്പിച്ചുവച്ചിട്ടുള്ള ഇടമാണെന്ന ഒരു പരിസരത്ത് നിന്നാണ് അവര്‍ പഠനം നടത്താന്‍ ആഗ്രഹിച്ചത്.  വാണിജ്യത്തിന്റെ പ്രയോക്താക്കള്‍ ഇത് ആനന്ദത്തിനുള്ള ഉപാധിയായി മാത്രം കാണുമ്പോള്‍, അതിന്റെ പിന്നിലെ അധികാര വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും കണ്ടില്ലെന്നു നടിക്കുന്നു. സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരാകട്ടെ, അവരുടെ കര്‍തൃത്വത്തെ പാടേ നിരാകരിച്ച് അപകടം മാത്രം പരിഗണിക്കുന്നു.  ഈ ദ്വന്ദ്വത്തിനപ്പുറം അവരവരുടെ ജീവിതങ്ങളുടെ യാഥാര്‍ഥ്യത്തെ സ്വയം ഒന്ന് തിരിഞ്ഞുനോക്കാനുള്ള ഒരവസരം ഒരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് പഠനം നടത്താനെത്തിയവര്‍  പറഞ്ഞു. പഠനത്തിന് ഒരു പേര് കണ്ടെത്താന്‍ സ്ത്രീകളെ തന്നെ ഏല്‍പ്പിച്ചു. അവരുടെ ഓര്‍മയില്‍ നിറഞ്ഞു നിന്ന ‘പ്രണയോത്സവം' തന്നെ അതിന്റെ ടൈറ്റിലായി അവര്‍ നിര്‍ദ്ദേശിച്ചു.  
ലൈംഗിക തൊഴിലാളിസ്ത്രീകളെ സംബന്ധിച്ച് "കുടുംബിനി' എന്നും ‘ഗണിക' എന്നുമുള്ള രണ്ട് വിരുദ്ധ സ്വത്വം പേറേണ്ടി വന്നിരുന്നു. ഇത് തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെങ്കിലും, ഇവര്‍ക്ക് രണ്ട് മേഖലയിലും ഒരേ സേവനം നല്‍കേണ്ടി വരുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം മോശം സ്ത്രീയെന്ന്  മറ്റുള്ളവര്‍ ഏല്‍പ്പിക്കുന്ന കളങ്കം ആത്മബോധത്തില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യും.  കൂടാതെ, ഇപ്പോള്‍ എയ്ഡ്സ് ഉണ്ടാകുമോ എന്ന ഭീതിയും അത് പരത്തുന്നവരെന്ന കുറ്റാരോപണവുമുണ്ട്.  ഏതു നിമിഷവും ജീവന്‍ പോലും അപകടപ്പെടാവുന്ന തരം  അക്രമവും ചൂഷണവും ചൂഴ്​ന്നുനില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നവര്‍ അതിനിടയിലും  പക്ഷേ,  പ്രതീക്ഷ കൈവെടിയുന്നില്ല. അപ്പോഴും  മനുഷ്യജീവിതത്തിന് സഹജമായ ആഹ്ലാദവും അംഗീകാരവും തേടിക്കൊണ്ടിരിക്കുന്നു.  മറ്റുള്ളവര്‍ കാണുന്നതുപോലെതന്നെ സ്വയം മനസ്സിലാക്കുമ്പോള്‍ കുറ്റബോധവും അപമാനവും ലജ്ജയുമാണ് അവരനുഭവിക്കുന്നത്.  എന്നാല്‍, തങ്ങള്‍ ചെയ്യുന്നത് ഉപജീവനത്തിനാവശ്യമായ തൊഴിലാണെന്ന ചിന്ത സ്വാഭിമാനം വളര്‍ത്തുന്നതാണ്. എങ്കിലും  ശരീരത്തിന്റെ ആഘോഷങ്ങളും ലൈംഗികാഹ്ളാദവും ബന്ധങ്ങളിലെ വൈകാരിക തീവ്രതയുമൊക്കെ സ്വാഭിമാനത്തിന്റെ ഭാഗമാകണമെങ്കില്‍ അതിലേക്ക് തിരിഞ്ഞ് നോക്കുകയും  ആഖ്യാനം ചെയ്യുകയും വേണം. അതിനുള്ള ശ്രമമായിരുന്നു ഈ പ്രണയോത്സവ പഠനം.  നിത്യജീവിതത്തില്‍ അവര്‍ക്കുണ്ടാകുന്ന ആഹ്ലാദങ്ങളും അപകടങ്ങളും പ്രതീക്ഷകളും എങ്ങനെ സ്വയം വിലയിരുത്തപ്പെടുന്നു എന്ന് കാണാനാണ് ഇതിലൂടെ ശ്രമിച്ചത്.   

MAPPING
നാരീസക്ഷവുമായി ചേർന്ന് ICRW നടത്തിയ Participatory Learning and Action Study-യില്‍ തങ്ങളുടെ ശരീരത്തിലെ ആനന്ദത്തിന്റേയും, വേദനയുടേയും, അധികാരത്തിന്റേയും സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ലെെംഗിക തൊഴിലാളികള്‍ / Photo: ICRW Project Report

കുടുംബിനിയായും വാണിജ്യക്കാരിയായും ഒരേസമയം വാഴേണ്ടതിനാല്‍ രണ്ടിനും ആവശ്യമായ നൈപുണ്യവും നൈതികതയും അവര്‍ മെനഞ്ഞെടുക്കുന്നുണ്ട്. മിക്ക പേരും കുടുംബിനി എന്ന ബിംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 
"മാന്യവനിത'കളെ പോലെ പുറത്തുപോകുമ്പോള്‍ സാരിയും കുങ്കുമവും അണിയേണ്ടതുണ്ട്. കഴിയുന്നതും വീട്ടില്‍ വസിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും വേണം.  കുറഞ്ഞ എണ്ണത്തില്‍, യോഗ്യരായ ക്ലയന്റുകളെ മാത്രം തെരഞ്ഞെടുക്കണം.  സഹപ്രവര്‍ത്തകരോടുള്ള ധാര്‍മികത നിലനിര്‍ത്താന്‍, ക്ലയന്റിന് വേണ്ടി അവരുമായി വഴക്കടിക്കാതിരിക്കണം. മര്യാദ വിട്ട് മത്സരിക്കുകയും അരുത്-  ഇതൊക്കെയാണ് വാണിജ്യക്കാരിയായ സ്ത്രീക്ക് ആവശ്യമായ ഗുണഗണങ്ങളായി അവര്‍ കണ്ടത്.  വാണിജ്യപരമായ   ലൈംഗികപ്രവൃത്തി ഒരേസമയം ശരീരങ്ങളും മനസ്സുകളും തമ്മിലുള്ള ഇടപാടും, അതേസമയം ധനസമ്പാദന മാര്‍ഗവുമാണ്. ഇതില്‍ പ്രധാനമായും ശ്രദ്ധ ഊന്നുന്നത് ധനസമ്പാദനത്തിലായിരിക്കും. അതിനു വേണ്ടിയാണെങ്കിലും ക്ലയന്റിനെ സന്തോഷിപ്പിക്കേണ്ടതുമുണ്ട്.  ഇതില്‍ സ്വന്തം ശരീരത്തിന്റെ ആനന്ദത്തേക്കാള്‍ പണം തരുന്ന ആളിന് പ്രാധാന്യം നല്‍കണം. ഇത് ഏറെക്കുറെ അങ്ങനെ തന്നെയാണ് സ്ഥിരപങ്കാളിയുമായും വിവാഹ ജീവിതത്തിലും നടക്കുന്നതെന്നത് കൗതുകകരമാണ്.  ഭാര്യമാരായ സ്ത്രീകളും പലപ്പോഴും ലൈംഗികേതരമായ കുടുംബ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ അവഗണിക്കുകയാണ് പതിവ്. 

മിക്ക സ്ത്രീകളും ഏക ഭാര്യാഭര്‍തൃബന്ധത്തിന്റെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്ക് സാധിച്ചില്ലെങ്കിലും കുട്ടികളെ അതിലേക്കുനയിക്കാന്‍ ആഗ്രഹിക്കുന്നു. മിക്ക സ്ത്രീകള്‍ക്കും സ്ഥിരമല്ലാത്തതെങ്കിലും ഒരു പങ്കാളി ഉണ്ടാവും. അവര്‍ ചിലപ്പോള്‍ മറ്റൊരു കുടുംബമുള്ളവരാകും.  എങ്കിലും അവരെ സ്വന്തമായി കരുതുകയും  ‘ലവര്‍' എന്ന് വിളിക്കുകയും ചെയ്യുന്നു.  ഞങ്ങളുടെ പ്രോജക്ട് ഭാഷയില്‍ അവര്‍ ‘താല്‍ക്കാലിക ഭര്‍ത്താക്ക'ന്മാരാണ് (Temporary husband). ലൈംഗികാഹ്ലാദം നന്നായി അനുഭവിക്കുന്നത് ഇവരുമായുള്ള ബന്ധത്തിലൂടെയാണെന്ന് ഈ സ്ത്രീകള്‍ പറയുന്നുണ്ട്.  ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വ്യത്യസ്തമായ സന്ദര്‍ഭങ്ങളിലുള്ള ലൈംഗിക ജീവിതം അനുഭവിക്കുന്നതുകൊണ്ട് അതിലെ സൂക്ഷ്മ വ്യത്യാസങ്ങള്‍ തിരിച്ചറിയാനും അത് ആഖ്യാനം ചെയ്യാനും അവര്‍ക്ക് കഴിയുന്നു.  അവരുടെ തിരിച്ചറിവ് ഒരു പക്ഷെ, മറ്റുള്ളവര്‍ക്ക് കൂടി വിജ്ഞാനപ്രദമാണ്.  

പുരുഷാധിപത്യത്തിനു കീഴിലും സ്ത്രീകള്‍ അവര്‍ക്കുകഴിയുന്ന രീതിയില്‍ പണിപ്പെട്ട് അധികാരം സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്നു.  അങ്ങനെ വരുമ്പോള്‍ യോനി, ശക്തിയുടെ ഇരിപ്പിടമായി അവര്‍ കരുതുകയും ചെയ്യുന്നുണ്ട്.

ലൈംഗികമായ ആനന്ദത്തെ കുറിച്ച് പറയുമ്പോള്‍ അവര്‍ ക്ലയന്റുകളേക്കാള്‍ വാചാലരായത് താല്‍ക്കാലികരെങ്കിലും പങ്കാളികളെയോ കാമുകന്മാരെയോ കുറിച്ചാണ്.  ക്ലയന്റുകളുടെ പോക്കറ്റുകളിലേക്കാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഒരുമിച്ചുള്ള കുളി മുതല്‍ ലിംഗ-യോനീ സംയോഗം വരെ പതിനാലോളം വ്യത്യസ്ത രതിലീലകളെ കുറിച്ച് അവര്‍ ഉല്ലാസത്തോടെ വിവരിച്ചു. ഈ അനുഭവങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ അവര്‍ക്ക് ആദ്യം മടിയുണ്ടായിരുന്നു.  അത് സ്വകാര്യമാണെന്നു കരുതുന്നതോടൊപ്പം കലാവിരുതുകള്‍ മറ്റുള്ളവരുമായി പങ്കുവച്ചാല്‍  സ്വന്തം കഴിവ് മറ്റുള്ളവര്‍ കവര്‍ന്നെടുക്കുമോ എന്ന ഭയവും പലര്‍ക്കും ഉണ്ടായിരുന്നു. ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും ക്രമേണ അവര്‍ കളിചിരികളോടെ പരസ്പരം തുറന്നുപറയാന്‍ തുടങ്ങി. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ വച്ച് ഏറ്റവും ആസ്വാദ്യകരമായതും സ്വയം തിരിച്ചറിയാന്‍ സഹായിച്ചതും ആത്മവിശ്വാസം വളര്‍ത്തിയതും ഇവയായിരുന്നു എന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തു.  പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതലായി ആനന്ദം അനുഭവിക്കാനാകുന്നുണ്ട്. 

പൊതുബോധത്തിനനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെയാണ് അവര്‍ക്കുമുണ്ടായിരുന്നത്.  സ്ത്രീ- പുരുഷ സംയോഗം മറ്റെല്ലാ തരത്തിലുമുള്ള രതിലീലകള്‍ എത്തിച്ചേരേണ്ട പരമമായ ലക്ഷ്യമായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന രഹസ്യസമ്മാനമാണെന്ന് അവര്‍ പറഞ്ഞു.  പ്രായം കുറഞ്ഞ സ്ത്രീകളാണോ കൂടുതല്‍ അനുഭവങ്ങളുള്ള മദ്ധ്യവയസ്‌കരാണോ കൂടുതല്‍ ആനന്ദം നല്‍കുന്നതെന്ന് ആശങ്കപ്പെടുന്ന  പുരുഷന്മാരുടെ ചിന്തകള്‍ അവരും പങ്കുവച്ചു.   സ്ത്രീകളും  ചിന്തിക്കുന്നത് പുരുഷന്മാര്‍ക്കുവേണ്ടിയാണ്.  പ്രായം കുറഞ്ഞ സ്ത്രീകളുടെ യോനിയിലെ മുറുക്കം ആണിനും പെണ്ണിനും ഒരുപോലെ ആനന്ദം  നല്‍കുമായിരിക്കും എന്ന് പ്രായമുള്ള സ്ത്രീകള്‍ സന്ദേഹിച്ചു.  എന്നാല്‍, പ്രായം കുറഞ്ഞ,  പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ പലപ്പോഴും വേദന കടിച്ചുപിടിച്ച് സ്വന്തം നിലനില്‍പ്പിനു വേണ്ടി യത്‌നിക്കുകയായിരിക്കും. 

project
ICRW പ്രൊജക്ടിന്റെ ഭാഗമായി സ്ത്രീകള്‍ നിർമ്മിച്ച 'മാന്യവനിത'യുടെ ക്ലേ മോഡല്‍ / Photo: ICRW Project Report

പരസ്പരമുള്ള ആദരവും അംഗീകാരവുമാണ് ഏതുതരം  ബന്ധത്തിലും സുഖകരമാവുക എന്നത് സംസാരത്തിലൂടെ തെളിഞ്ഞുവന്നു. അധികാരനിയന്ത്രണങ്ങള്‍ വ്യാപരിക്കുന്ന വ്യവഹാരം കൂടിയാണ് ലൈംഗികത. പൊതുവേയുള്ള പുരുഷാധിപത്യത്തിനു കീഴിലും സ്ത്രീകള്‍ അവര്‍ക്കുകഴിയുന്ന രീതിയില്‍ പണിപ്പെട്ട് അധികാരം സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്നു.  അങ്ങനെ വരുമ്പോള്‍ യോനി, ശക്തിയുടെ ഇരിപ്പിടമായി അവര്‍ കരുതുകയും ചെയ്യുന്നുണ്ട്.  പുരുഷന്മാരെ ആകര്‍ഷിച്ച് തങ്ങളുടെ വരുതിയിലാക്കുന്നതില്‍ അധികാരപ്രയോഗം നടക്കുന്നതായും ചില സ്ത്രീകള്‍ കരുതുന്നു. സംയോഗത്തില്‍, സ്ത്രീയുടെ പൊസിഷനും (നില) ഇതില്‍ പ്രാധാന്യമുള്ളതാണ്.  സ്ത്രീകള്‍ മുകളിലായിരിക്കുന്നത് പുരുഷന് ആനന്ദം വര്‍ദ്ധിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അധികാരവും നിയന്ത്രണവും നല്‍കുന്നു. പുരുഷന് ആനന്ദം നല്‍കുന്നതോടൊപ്പം സ്വയം ശക്തി ആര്‍ജ്ജിക്കുന്നതായും അവര്‍ അനുഭവിക്കുന്നു. സ്വന്തം നിയന്ത്രണത്തിലുള്ള ബന്ധത്തിനുശേഷം ചിലപ്പോള്‍ ഞങ്ങള്‍ അവരെ തൊഴിക്കുക പോലും ചെയ്യാറുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തി.  

വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ അവരിഷ്ടപ്പെടുന്നത് കാമുകന്മാരുടെ അടുത്ത് മാത്രമാണ്.  ക്ലയന്റുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും.  ആലിംഗനത്തില്‍ കുറെ നേരം കഴിയുന്നതും പ്രണയികളുമായാണ്.

പരസ്പരധാരണയോടെയുള്ള ബന്ധത്തില്‍ ഒരാള്‍ ക്ഷീണിക്കുമ്പോള്‍ മറ്റെയാള്‍ താങ്ങായി അതേറ്റെടുക്കുന്നു.  മുകള്‍നില സ്ത്രീകള്‍ക്ക് ശക്തി നല്കുന്നുവെങ്കിലും ദീര്‍ഘ സമയം  ചെലവഴിക്കേണ്ടി വരുന്നതിനാല്‍ ബിസിനസില്‍ അത് സമയനഷ്ടമുണ്ടാക്കുന്നതായും അവര്‍ കണ്ടു.  
എഞ്ചിനീയര്‍മാര്‍, ഭരണാധികാരികള്‍, കൂലിത്തല്ലുകാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി  ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ ക്ലയന്റുകളായി എത്താറുണ്ട്. ബിസിനസിലാണെങ്കിലും പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. മാന്യമായ പെരുമാറ്റവും, രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ കണക്കാക്കുന്നതും, വിവേകവുമെല്ലാം ഏതൊരു ഇടപാടിലുമെന്ന പോലെ ഇവിടെയും പ്രസക്തമാണ്.  

സ്ത്രീകള്‍ക്കുവേണ്ടി എല്ലാ കാലത്തും പുരുഷന്മാര്‍ പരസ്പരം മത്സരിക്കുന്നുണ്ട്. രാജാക്കന്മാരുടെ കാലത്ത് ഇത് കൂടുതല്‍ പ്രകടമായിരുന്നു. സ്ത്രീയുടെ ഇഷ്ടം നേടാന്‍ പുരുഷന്മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും പരസ്പരം അസൂയപ്പെടുകയും ചെയ്യുന്നു. ഇത് സ്ത്രീയുടെ ശക്തിയെയാണ് കാണിക്കുന്നത്. അവര്‍  സമ്പാദിക്കുന്ന പൊന്നും പണവും സ്ത്രീ സാമീപ്യത്തിനായി സമര്‍പ്പിക്കുന്നു.  
ശരീരത്തിന് വേദനയുണ്ടാക്കുന്ന നിലകളെ കുറിച്ചും സ്ത്രീകള്‍ക്ക് നല്ല ധാരണയുണ്ട്.  ചില പുരുഷന്‍മാര്‍ സ്ത്രീകളുടെ  ശരീരത്തിന്റെ മൃദുലതയോ, അസ്വാസ്ഥ്യമോ ക്ഷീണമോ ഒന്നും പരിഗണിക്കാതെ   വേദനിപ്പിക്കുകയും ചെയ്യുന്നു. മിതമായ മദ്യപാനം രണ്ടുപേര്‍ക്കും സുഖപ്രദമാണെങ്കിലും അമിത മദ്യപന്മാരായ പുരുഷന്മാര്‍ സമയം ദീര്‍ഘിപ്പിച്ച് ബുദ്ധിമുട്ടിക്കാറുണ്ട്. യോനീബന്ധമാണ് ശ്രേഷ്ഠമെന്ന് അവര്‍ മനസ്സിലാക്കി വച്ചിരിക്കുന്നു എങ്കിലും അനുഭവത്തില്‍ മുലകള്‍, കക്ഷം, തുടകള്‍ എന്നിവ പുരുഷന്മാര്‍ ഉപയോഗിക്കുന്നതാണ് വേദന ഇല്ലാതിരിക്കാന്‍ നല്ലതെന്നും അവര്‍ തിരിച്ചറിയുന്നു. 

തുറന്ന സംസാരങ്ങള്‍ ക്രമേണ സ്ത്രീകളുടെ ആനന്ദത്തെ നോക്കി കാണാനും കര്‍തൃത്വത്തെ അറിയാനും  അവരെ  പ്രേരിപ്പിച്ചു.  ലിംഗവും, ലിംഗത്തെ തഴുകുന്നതും തലോടുന്നതും ലൈംഗിക രസാനുഭൂതിയുടെ കേന്ദ്രമായാണ് കണക്കാക്കി പോരുന്നത്.  ലൈംഗികത എന്ന വാക്കുതന്നെ അതില്‍ നിന്ന് രൂപപ്പെട്ടതാണല്ലോ.  ലിംഗമില്ലായ്മ സ്ത്രീകള്‍ക്ക് ഒരു കുറവല്ലെന്നും, ഏതൊരവയവത്തിനുമുള്ള ധര്‍മത്തിനപ്പുറം   അസൂയപ്പെടാനായുള്ള മേന്മയൊന്നും ലിംഗത്തിനില്ലെന്നും ഫെമിനിസ്റ്റുകള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്.  ശംഖുപുഷ്പം പോലെ മനോഹരവും ആനന്ദദായകവുമായ സ്ത്രീയുടെ ഇന്ദ്രിയത്തെ മുറിച്ച് വികൃതമാക്കുന്ന ഭീകരത നില നില്‍ക്കുന്നുമുണ്ട്. 

ഐസ്​ഫ്രൂട്ട്​ എന്ന് പേരിട്ടു വിളിക്കുന്ന, പുരുഷന്മാര്‍ക്കായുള്ള വദനസുരതത്തെക്കുറിച്ച് അവര്‍ വ്യത്യസ്ത അനുഭവങ്ങള്‍ പങ്കിട്ടപ്പോഴാണ് ഇതൊക്കെ ഓര്‍മ വന്നത്. ചില സ്ത്രീകള്‍ അതാസ്വദിക്കുകയും മറ്റു ചിലര്‍ വെറുക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കാനുള്ള വായ കൊണ്ട് ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്.  എന്നാല്‍, സ്ത്രീകള്‍ക്കായുള്ള വദനസുരതം എല്ലാവരും ആസ്വദിക്കുകയും ഏറ്റവും ഉയര്‍ന്ന രസാനുഭൂതിയായി തിരിച്ചറിയുകയും ചെയ്യുന്നു.  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികത ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്നതായി അവര്‍ കാണുന്നു. പങ്കാളികളും കാമുകന്മാരും മാത്രമല്ല, ക്ലയന്റുകളും അവരെ ആനന്ദിപ്പിക്കാറുണ്ടെന്ന് മിക്ക സ്ത്രീകളും പറഞ്ഞു.  ചിലര്‍ വിരലുകളോ വഴുതനങ്ങയോ ഒക്കെ ഉപയോഗിച്ച് സംയോഗത്തിനു മുന്‍പ് അവരെ രതിമൂര്‍ച്ഛയിലെത്തിക്കുന്നു. ഇതൊക്കെ കാണിക്കുന്നത്, മറ്റുള്ളവര്‍ കരുതും പോലെ ബിസിനസ് സെക്‌സില്‍ പീഡനം മാത്രമല്ല ഉള്ളതെന്നാണ്.  എങ്കിലും സ്ത്രീകള്‍ അവരുടെ സമയനഷ്ടത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുമെന്നതും വാസ്തവമാണ്.  ഇതിനിടയില്‍ ഏതു സമയത്തും ഉണ്ടാകാവുന്ന പൊലീസ് ഇടപെടലും അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കും.  

മുലകള്‍,  സൗന്ദര്യം കൊണ്ടും രസമുകുളങ്ങളുടെ ബഹുലത കൊണ്ടും മധുരതരമായ അനുഭൂതി നല്‍കുന്ന ഉടലിടമാണ്.  കുഞ്ഞിന് മുല നല്‍കുന്നതില്‍ ആനന്ദത്തോടൊപ്പം ഭാവിയിലേക്കുള്ള പ്രത്യാശ കൂടി നില കൊള്ളുന്നു. അതിനേക്കാള്‍ തീവ്രമായ രസാനുഭൂതിയാണ്  പരസ്പരം കരുതലുള്ള  രതിയോടുചേര്‍ന്ന് അവ നല്‍കുന്നത്.  ഏതു തരത്തിലുമുള്ള ആനന്ദം മനുഷ്യര്‍ അവരുടെ ജീവിതത്തിന്റെ അര്‍ത്ഥവുമായും  മൂല്യങ്ങളുമായും  ചേര്‍ത്തിണക്കിയാണ് അനുഭവിക്കുന്നത്.  അതുകൊണ്ടുതന്നെ താല്‍ക്കാലിക നായകന്മാരാണെങ്കിലും പങ്കാളികളും കാമുകന്മാരുമായുള്ള ബന്ധത്തിന് അവര്‍ കൂടുതല്‍ മൂല്യം നല്‍കുന്നു. ചുംബനം, അത്തരം ബന്ധങ്ങളുടെ മുദ്രയായി അവര്‍ പരിഗണിക്കുന്നുണ്ട്.  അത് നെറ്റിയിലാകുമ്പോള്‍ ബന്ധത്തിന്റെ തീവ്രതയും ആഴവും അവര്‍ക്ക് സാന്ത്വനവും പ്രത്യാശയും നല്‍കുന്നു.  ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനം  സ്‌നേഹവും കരുതലും ഉള്ളപ്പോഴാണ് സംഭവിക്കുക. അത് ആനന്ദകരമായ ഇണ ചേരലിലേക്ക് നയിക്കുന്നു.  വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ അവരിഷ്ടപ്പെടുന്നത് കാമുകന്മാരുടെ അടുത്ത് മാത്രമാണ്.  ക്ലയന്റുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും.  ആലിംഗനത്തില്‍ കുറെ നേരം കഴിയുന്നതും പ്രണയികളുമായാണ്. പ്രണയിക്കുന്ന പുരുഷന്മാരാണ് അതിന് തയാറാകുന്നത്.  

മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി രസാനുഭൂതികളുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്കുണ്ട്. നിലാവത്ത് ചേര്‍ന്നിരിക്കാനും ആലിംഗനങ്ങളില്‍ സമയം അലിയിച്ച് കഴിയാനും കൊതിക്കുന്നവരുണ്ട്.  

ഹൈവേയിലും തെരുവിലും വില്‍പന നടത്തുന്നവര്‍ക്ക് സമയപരിമിതിയുണ്ട്.  സിനിമ തിയേറ്ററുകളിലോ ഓട്ടോറിക്ഷയിലോ  കുറ്റിക്കാടിന്റെ മറവിലോ സമയം ചെലവഴിക്കുമ്പോള്‍, കൈകള്‍ കൊണ്ട് ഉത്തേജനം നല്‍കുകയോ സ്പര്‍ശനത്തിന് അനുമതി കൊടുക്കുകയോ ഒക്കെ മാത്രമാണ് ഉണ്ടാവുക.  രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകമാണ്. 
ധനസമ്പാദനമാണ് ഏറ്റവും വലിയ ആനന്ദമെന്ന് കരുതുന്നവരുമുണ്ട്.  സ്വന്തം സുഖം മറച്ചുവച്ച് ക്ലയന്റിന്റെ താത്പര്യങ്ങള്‍ മാനിക്കുന്നതാണ് ധാര്‍മികമെന്ന് വിചാരിക്കുന്നവരും, പണം വാങ്ങിയ ശേഷം എങ്ങനെ സെക്‌സ് ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട്.  പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്നവരും സ്വന്തം വീടുകളില്‍ അതിഥികളെ സ്വീകരിക്കുന്നവരും കൂടുതല്‍ കാല്‍പ്പനികഭാവമുള്ളവരാണ്.  നിലാവത്ത് ചേര്‍ന്നിരിക്കാനും ആലിംഗനങ്ങളില്‍ സമയം അലിയിച്ച് കഴിയാനും കൊതിക്കുന്നവരുണ്ട്.  

മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി രസാനുഭൂതികളുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്കുണ്ട്. നിയമപരമായ വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ കുറവാണ്.  അതേസമയം മിക്ക പേര്‍ക്കും പ്രണയ ബന്ധങ്ങളുണ്ട്. എന്റെ പുരുഷന്‍ എന്നൊരു സങ്കല്‍പം അവര്‍ കാത്തുസൂക്ഷിക്കുന്നു. അങ്ങനെ കരുതുന്നവരോട് അവര്‍ സ്വന്തം ഇഷ്ടങ്ങള്‍ ആവശ്യപ്പെടുന്നു. അവരോടൊത്ത് കൂടുതല്‍ സമയം ചെലവിടാനും തീവ്രമായ വൈകാരികത നിലനിര്‍ത്താനും ആഗ്രഹിക്കുന്നു.  സ്ഥിരബന്ധത്തിനും താല്‍ക്കാലിക ബന്ധത്തിനുമിടയിലുള്ള വിടവ് പലപ്പോഴും  നേര്‍ത്തതാണ്. അതേപോലെ തന്നെ പ്രണയബന്ധവും  വാണിജ്യബന്ധവും തമ്മില്‍   വേര്‍തിരിക്കാനാവാത്ത ചില ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. എല്ലാ ബന്ധങ്ങളിലും രസാനുഭൂതി വ്യത്യസ്ത അളവിലും ചേരുവയിലും കുടി  കൊള്ളുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ അതിലെ റിസ്‌ക്  കണക്കാക്കി   താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ എന്നും മറ്റും  ലേബല്‍ നല്‍കുന്നു.  അവരുടെ വിശ്വാസവും സ്‌നേഹവും മുഴുവന്‍ ആ കാമുകരില്‍  അര്‍പ്പിച്ചിട്ടുള്ളതിനാല്‍  അന്നേരം  സുരക്ഷാ മാര്‍ഗ്ഗങ്ങള്‍  സ്വീകരിക്കാറില്ല. എച്ച്.ഐ.വി പകരുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്.  വേദനകള്‍ക്കിടയിലും ഉടലിന്റെ ഉത്സവങ്ങള്‍ കെടുത്തി കളയാതെ,  നീണ്ടുനില്‍ക്കുന്ന ഒരു ബന്ധത്തില്‍ അവര്‍ പ്രത്യാശ അര്‍പ്പിക്കുന്നു. അപകടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയിലൂടെ സഞ്ചാരം തുടരുന്നു.   ▮

(തുടരും)

ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Audio