Friday, 26 November 2021

ആത്മകഥ


Text Formatted

എഴുകോൺ-46

അരികത്തായ്...

അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ അമ്മിഞ്ഞക്കാലം, അമ്മക്കാലം ഒക്കെ ഓര്‍മ്മ വന്നു. അമ്മ മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ എന്റെ അനുജത്തി അമ്മയോട് ചേര്‍ന്ന് കിടന്നു. അപ്പോള്‍ ഞാന്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം കിടന്ന നാളുകള്‍ ഓര്‍ത്തു. ജയശ്രീയുടെ അമ്മ ജഗദമ്മ സപ്തംബര്‍ 24നാണ് അന്തരിച്ചത്.

Image Full Width
Image Caption
ജയശ്രീയുടെ അമ്മ ജഗദമ്മ
Text Formatted

തൊട്ടരികില്‍ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ഒരാളുണ്ടെന്ന തോന്നലാണ് എല്ലാവര്‍ക്കും ആവശ്യമായുള്ളത്. മനുഷ്യര്‍ ദേഷ്യം പിടിക്കുന്നതും അക്രമിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും ആ തോന്നല്‍ നഷ്ടപ്പെടുമ്പോഴാകാം. അരികിലുള്ളത് ആരുമാകട്ടെ. ഇന്ന ആള്‍ വേണമെന്ന് വാശി പിടിക്കേണ്ട. ആ വാശി ഉപേക്ഷിച്ചാല്‍ തന്നെ മിക്കവാറും അരികത്ത് ആളുണ്ടാവും. അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ അമ്മിഞ്ഞക്കാലം, അമ്മക്കാലം ഒക്കെ ഓര്‍മ്മ വന്നു. അമ്മ മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ എന്റെ അനുജത്തി അമ്മയോട് ചേര്‍ന്ന് കിടന്നു. അപ്പോള്‍ ഞാന്‍ കുട്ടിക്കാലത്ത് അമ്മയോടൊപ്പം കിടന്ന നാളുകള്‍ ഓര്‍ത്തു. അനുജത്തി ജനിക്കുന്നതു വരെ ഞാന്‍ അമ്മയുടെ അടുത്തു കിടന്നായിരുന്നു ഉറങ്ങിയത്. എനിക്ക് ഏഴു വയസ്സായപ്പോള്‍ മാത്രമാണ് അവള്‍ ജനിച്ചതെന്നതിനാല്‍, അതുവരെ അമ്മയുടെ കൂടെ കിടക്കാനുള്ള പ്രിവിലേജ് എനിക്കായിരുന്നു. അടുത്ത് രാത്രിയില്‍ കിടക്കുമ്പോള്‍, ഇരുളിന്റെ ഭയം ഉള്ളില്‍ വന്നു നിറയുകയും, അമ്മയുടെ സാമീപ്യവും വാക്കുകളും, നുറുങ്ങു പാട്ടുകളും അത് പതുക്കെ അലിയിച്ച് കളയുകയും ചെയ്യും. ഭയം ഇല്ലാതിരിക്കുന്നതിനേക്കാള്‍ അതുണ്ടായി മറയുന്നതിലാണ് സുഖം. മിക്കവാറും ദൂരെ നിന്ന് കേള്‍ക്കുന്ന മൂങ്ങയുടെ മൂളലും സാങ്കല്പികമായ കുറുക്കന്റെ ഓരിയിടലുമാണ് പേടിയുണ്ടാക്കുന്നത്.

ജനിച്ചു കഴിഞ്ഞാല്‍ ശ്വാസത്തോടൊപ്പം തന്നെ മുതിര്‍ന്നവരുമായുള്ള അടുപ്പവും നമുക്കാവശ്യമായി വരുന്നു. അത് ലഭിക്കാതെ വരുന്നവര്‍ വളരുമ്പോള്‍ മാനസികമായി വൈകല്യമുള്ളവരായി മാറാനിടയുണ്ടെന്നൊക്കെയാണ് പഠനങ്ങള്‍ പറയുന്നത്. മുതിര്‍ന്നയാള്‍ ജീവശാസ്ത്രപ്രകാരമുള്ള അമ്മ തന്നെയാകണമെന്ന് നിര്‍ബ്ബന്ധമുള്ളതായി തോന്നുന്നില്ല. പ്രസവസമയത്ത് അമ്മ മരിച്ചിട്ടുള്ള കുഞ്ഞുങ്ങളും മറ്റാരെങ്കിലും കരുതാനുള്ളപ്പോള്‍ നന്നായി വളരുന്നത് കാണാറുണ്ടല്ലോ.

അമ്മ പ്രസവത്തിനായി എന്നെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയപ്പോള്‍ തന്നെ ഞാന്‍ കിടപ്പ് അമ്മയുടെ അച്ഛമ്മയോടോപ്പം മാറ്റിയിരുന്നു. ഞങ്ങള്‍ അവരെ അമ്മാമ്മ എന്നാണ് വിളിച്ചിരുന്നത്. അമ്മാമ്മക്കൊപ്പം കിടക്കുമ്പോള്‍ അമ്മയുടെ അടുത്തെന്നതിനേക്കാള്‍ സന്തോഷവും സുരക്ഷിതത്വവും ഞാന്‍ അനുഭവിച്ചു. കുട്ടിക്കാലത്ത്, വഴിയില്‍ കാണുന്നവരായാല്‍ പോലും വൃദ്ധരോട് എനിക്ക് ഏറെ അടുപ്പം തോന്നിയിരുന്നു. ചെറുപ്പക്കാരുടെ പരുപരുത്ത തൊലിയേക്കാള്‍ മാര്‍ദ്ദവവും പതുപതുപ്പുമുള്ള അവരുടെ തൊലിയോട്, എന്റെ മുഖം ചേര്‍ത്ത് വയ്ക്കാന്‍ ഞാന്‍ കൊതിച്ചു. അമ്മാമ്മയുടെ വെറ്റിലമണവും എനിക്കിഷ്ടമായിരുന്നു. 

എന്റെ മകള്‍ക്ക് ഒരു സഹോദരി ഇല്ലാത്തതു കൊണ്ട് ഈയൊരു മധുരം നഷ്ടപ്പെട്ടിട്ടുണ്ടാവുമോ എന്ന് ഞാന്‍ ചിലപ്പോള്‍ ആശങ്കപ്പെടുന്നു. പക്ഷേ, എനിക്ക് കിട്ടുന്ന ഉത്തരം മറിച്ചാണ്. ഇതു പോലെയുള്ള അടുപ്പത്തിന് രക്തബന്ധമൊന്നും ആവശ്യമില്ല.

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന കൊച്ചു കുടുംബത്തേക്കാള്‍, കൂടുതല്‍ പേരുള്ളതും എപ്പോഴും അയല്‍ക്കാരും ബന്ധുക്കളും വന്നു പോവുകയും ചെയ്യുന്ന അമ്മവീട് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. വൈകാരികമായ അടുപ്പം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടപാട് മാത്രമല്ല. ഊഷ്മളത നിറഞ്ഞു നില്‍ക്കുന്ന ഒരു മണ്ഡലത്തില്‍ ചേര്‍ന്നു നില്‍ക്കുന്നവര്‍ തമ്മില്‍ പങ്കിടുന്നത് കൂടിയാണ്. ഒന്നോ അതിലധികമോ ആള്‍ക്കാര്‍ അതിലുണ്ടാകാം. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിക് ആയി പലരും പങ്ക് വയ്ക്കുന്നിടത്ത് ചുറ്റുപാടുകളുടെ ആകെയുള്ള ഒരു ഫീലും അതില്‍ തുന്നിച്ചേര്‍ത്ത സവിശേഷമായ കുഞ്ഞു തുണ്ടുകളും ഉണ്ടാവും. അനിയത്തിയുമായി ഞങ്ങള്‍ അമ്മവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഒപ്പം അവളെ നോക്കാന്‍ അമ്മാമ്മയേയും കൂട്ടി. അന്ന് മുതല്‍ എന്റെ കിടപ്പ് അമ്മാമ്മക്കൊപ്പമായി. വൈകുന്നേരങ്ങളില്‍ നാട്ടിലെ പഴയ പാട്ടുകളും കഥകളും അവര്‍ ചൊല്ലി തന്നു. അതെനിക്ക് ഉത്സവ കാലമായിരുന്നു. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാമ്മ തിരിച്ചു പോയി. ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോള്‍ എന്റെ മനസ്സ് വേദനിച്ചു. പക്ഷേ അമ്മയോടൊപ്പം കിടക്കണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. നരച്ച തലയില്‍ തലോടാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ദൈവം അമ്മാമ്മയെ എന്റെ കൂടെ കൊണ്ടു വന്ന് കിടത്തണേ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ ഒരു അമ്മൂമ്മസ്പര്‍ശം അനുഭവപ്പെട്ടു. കണ്ണു തുറന്നപ്പോള്‍ അടുത്ത് നരച്ച തലയും പതുപതുത്ത ദേഹവും കണ്ടു. ദൈവത്തോട് സ്‌നേഹം തോന്നി. പെട്ടെന്ന് തന്നെ, അത് ഒരു ബന്ധുവായ മുത്തശ്ശി അതിരാവിലെ വിരുന്ന് വന്ന് എന്റെ കട്ടിലില്‍ സ്ഥാനം പിടിച്ചതാണെന്ന് മനസ്സിലായി. അവരോട് എനിക്കത്ര അടുപ്പമൊന്നും തോന്നിയില്ല. എന്റെ അമ്മാമ്മ ഉള്ളില്‍ വേറിട്ട് നിന്നു. അമ്മയുടെ വീട്ടില്‍ പോയി മടങ്ങി വരുന്ന ആദ്യദിവസങ്ങളില്‍ എനിക്ക് എന്റെ സ്വന്തം ഇടത്തില്‍ നിന്ന് പറിച്ചു മാറ്റിയതു പോലെ ഒരു വേദന അനുഭവപ്പെടും. അവിടുത്തെ തൊഴുത്തിന്റേയും വൈക്കോലിന്റേയും മണവും മുരുപ്പും, അയല്‍ വീടുകളിലേക്ക് അമ്മച്ചിഅമ്മയുടെ (അമ്മയുടെ അമ്മ) കൂടെയുള്ള സഞ്ചാരവും ഒക്കെയായിരുന്നു, എന്റെ വീടിനേക്കാള്‍ അന്ന് പ്രിയമായി തോന്നിയത്. രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ കണ്ണടച്ചു കിടക്കാന്‍ ശ്രമിക്കും. ദൈവത്തിന്റെ ശക്തിയാല്‍ സ്ഥലം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കും. ചതിയില്‍ പെട്ട് വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.

cov
അമ്മയ്ക്കും അനുജത്തി രാജശ്രീയ്ക്കുമൊപ്പം ജയശ്രീ

ഒരനുജത്തിയെ കിട്ടിയതും എന്നെ സന്തോഷിപ്പിച്ചിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍ കുറച്ചധികം ഭാവന ചേര്‍ത്ത് പറയുമ്പോള്‍ അത് വിശ്വസിക്കാനും ആസ്വദിക്കാനും ഒരാളുണ്ടാവുക വലിയ ആത്മവിശ്വാസം എനിക്ക് നല്‍കി. അതൊന്നും കേള്‍ക്കാന്‍ പ്രായമായവര്‍ ഇരുന്നു തരില്ലല്ലോ. കേട്ടാല്‍ തന്നെ അതവര്‍ക്ക് മറ്റുള്ളവരുമായി പറഞ്ഞു രസിക്കാനുള്ള തമാശകള്‍ ആയിരിക്കും. എന്റെ എല്ലാ കളികളിലും പ്രവൃത്തികളിലും അവള്‍ സന്തോഷത്തോടെ കൂടെ ചേര്‍ന്നു. പുതിയ സംസ്‌കൃത പദങ്ങള്‍ സമ്മാനമായി പഠിപ്പിച്ചു കൊടുത്ത്, എന്റെ ചെറിയ ജോലികളും ഞാനവളെ കൊണ്ട് ചെയ്യിപ്പിച്ചു. തിരിച്ചറിയാതെ തന്നെ കുഞ്ഞു സഹോദരങ്ങള്‍ തമ്മില്‍ ഇങ്ങനെ ഒരു ഇഴുകിച്ചേരല്‍ നടക്കുന്നു. വളര്‍ന്ന് വ്യത്യസ്തരായി വേറെ ലോകങ്ങളില്‍ ആയിരിക്കുമ്പോഴും, പഴയ അടുപ്പത്തിന്റെ ചില നൂലിഴകള്‍ പൊട്ടാതെ കിടക്കുന്നുണ്ടാവും. എന്റെ മകള്‍ക്ക് ഒരു സഹോദരി ഇല്ലാത്തതു കൊണ്ട് ഈയൊരു മധുരം നഷ്ടപ്പെട്ടിട്ടുണ്ടാവുമോ എന്ന് ഞാന്‍ ചിലപ്പോള്‍ ആശങ്കപ്പെടുന്നു. പക്ഷേ, എനിക്ക് കിട്ടുന്ന ഉത്തരം മറിച്ചാണ്. ഇതു പോലെയുള്ള അടുപ്പത്തിന് രക്തബന്ധമൊന്നും ആവശ്യമില്ല. അടുത്ത കൂട്ടുകാര്‍ക്കിടയിലും ഒരുമിച്ച് കളിച്ചും പിണങ്ങിയും ഇണങ്ങിയും വളരുമ്പോള്‍ ഇതു തന്നെ സംഭവിക്കാം.

ബന്ധുക്കളില്‍ പിന്നീട് ഏറ്റവും അടുപ്പം തോന്നിയത് ഒരു കുഞ്ഞമ്മയോടായിരുന്നു. എനിക്ക് ഓര്‍മ്മയായപ്പോള്‍ മുതല്‍ കുഞ്ഞമ്മ തിരൂരിലും തൃശൂരിലും ഒക്കെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടാവണം, ഞങ്ങളുടെ കൊല്ലം ഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലിയിലാണ് കുഞ്ഞമ്മ സംസാരിച്ചിരുന്നത്. സാധാരണ തൃശൂര്‍ ഭാഷയില്‍ നിന്ന് വ്യത്യസ്തമായി രണ്ടും കൂടി കലര്‍ന്നതായിരുന്നു അത്. കുഞ്ഞമ്മ പാട്ടു പാടുകയും അതെന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ് എനിക്ക് അടുപ്പമാകാനുള്ള മറ്റൊരു കാരണം. ഒരാളോട് അടുപ്പമുണ്ടാകുന്നതിന് അയാള്‍ക്ക് നമ്മുടേത് പോലെയുള്ള ചില സ്വഭാവങ്ങള്‍ കാരണമാകാമെങ്കിലും, അന്യമായ രീതികളും ചിലപ്പോള്‍ ആകര്‍ഷകമാകാറുണ്ട്. തിരുവിതാംകൂര്‍ ശൈലി, എപ്പോഴും ചുറ്റുമുള്ളതായതു കൊണ്ടാവാം, മലബാറിന്റെ ചില ചേലുകള്‍ കൂടി കൊണ്ട് വന്ന കുഞ്ഞമ്മയെ ഞാന്‍ ഇഷ്ടപ്പെട്ടത്. കുഞ്ഞമ്മ വരുമെന്ന് പറയുന്ന ദിവസം പതിവിന് വിപരീതമായി അതിരാവിലെ ഞാന്‍ ഉണരും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരമരത്തിന്റെ ചുവട്ടില്‍ പോയി നില്‍ക്കും. സന്തോഷം വരുമ്പോള്‍ എനിക്ക് കൂട്ടാവുന്നത് ആ നാടന്‍ പേരയായിരുന്നു. മിനുസമുള്ള അതിന്റെ തടിയും അതില്‍ നിന്ന് അടര്‍ന്ന് വരുന്ന ഇല പോലെയുള്ള ചീളുകളും മരുന്നു മണമുള്ള ഇലകളും പേരയ്ക്ക് ഒരു ദിവ്യമായ പരിവേഷം നല്കാന്‍ എന്നെ പ്രേരിപ്പിച്ചു. 

അമ്മക്കും അച്ഛനും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും അപ്പുറത്തും ഗാഢ ബന്ധങ്ങളുണ്ടാകുന്നതിന് സാക്ഷികളാകുന്നത് കൂടിയാണ് വളര്‍ച്ച

അതിനേക്കാളുപരി ഇലകള്‍ക്കിടയില്‍ ഒളിപ്പിച്ച് വക്കുകയും എനിക്ക് മാത്രം കാണിച്ചു തരികയും ചെയ്യുന്ന സ്വര്‍ണ്ണക്കനികള്‍, ആ മരത്തെ എന്റെ കൂടപ്പിറപ്പായി മാറ്റി. അതിന്റെ ശിഖരങ്ങളില്‍ ചാരി നിന്നാണ് ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവരെ ഓര്‍ക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നത്. വിരുന്നുകാര്‍ വരുന്നത് നോക്കി നില്‍ക്കുന്നതും അതിന്റെ ചുവട്ടിലാണ്. കുഞ്ഞമ്മ എത്തുമ്പോള്‍ അവിടം വിട്ടോടി പോകുമെങ്കിലും ഇടക്കിടെ വന്ന് പഴുത്ത പേരക്കകള്‍ നോക്കി വെക്കുകയും മരത്തോട് വിശേഷം പങ്ക് വയ്ക്കുകയും ചെയ്യും. കഴിയുന്നത്രയും സമയം ഞാന്‍ കുഞ്ഞമ്മയോടോപ്പം കൂടും. മറ്റു കുട്ടികളെ അവര്‍ എടുക്കുകയോ ലാളിക്കുകയോ ചെയ്യുന്നത് എനിക്ക് അസൂയ ഉണ്ടാക്കി. കുഞ്ഞമ്മയുടെ വിവാഹം നിശ്ചയിച്ചപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. വിവാഹം കഴിഞ്ഞ് ചിറ്റപ്പനോടൊപ്പം മാത്രമാണ് കുഞ്ഞമ്മ വരുന്നത്. കൂടെ കിടക്കാന്‍ സാധിക്കാത്തതിനാല്‍ എനിക്ക് ചിറ്റപ്പനെ ആദ്യമൊക്കെ ഒരു വില്ലനായി മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ബന്ധങ്ങള്‍ സ്ഥിരമായി നില്‍ക്കുകയില്ലെന്നും, ആരെയും നമ്മുടെ സ്വന്തം മാത്രമാക്കി വക്കാന്‍ കഴിയുകയില്ലെന്നുമുള്ള ആദ്യ പാഠങ്ങള്‍ പഠിക്കുക കൂടിയായിരുന്നു ഞാന്‍.

വിശാലമായ ഒരു ലോകത്തിലേക്ക് നമ്മള്‍ കടക്കുന്നത് സ്‌കൂളിലൂടെയാണ്. എത്രയധികം ആളുകളെയാണ് കാണുന്നതും പരിചയപ്പെടുന്നതും. അതില്‍ നിന്നും ചിലര്‍ കൂടുതല്‍ ഇഴയടുപ്പമുള്ളവരായി തെരഞ്ഞെടുക്കപ്പെടുന്നു. സ്‌കൂളില്‍ പോകുന്നത് നമ്മള്‍ ഇഷ്ടപ്പെടുന്നത് അത് പിന്നീട് ഭാവി സുരക്ഷിതമാക്കും എന്ന് കരുതിയിട്ടൊന്നുമായിരിക്കില്ല. സമപ്രായത്തിലുള്ളവരും അല്‍പ്പം മുതിര്‍ന്നവരും കുറച്ച് താഴെയുള്ളവരും എല്ലാമായി ഒരു ഉത്സവത്തിന് പോകുന്ന പ്രതീതിയാണതിന്. ഞാന്‍ അങ്ങനെയാണ് അനുഭവിച്ചിരുന്നത്. ചതുരത്തില്‍ അടുക്കിയ ബഞ്ചുകളുള്ള ക്ലാസ്സുകള്‍ക്ക് വെളിയിലാണ് കുട്ടികള്‍ ജീവിതം ആസ്വദിക്കുന്നത്. ചിലരോട് തോന്നുന്ന അടുപ്പം, അവര്‍ പിരിയുമ്പോഴുണ്ടാകുന്ന നഷ്ടം ഒക്കെ അനുഭവിക്കുമ്പോഴാണ് നമ്മള്‍ വീടിന്റെ ചെറിയ വൃത്തത്തില്‍ നിന്ന് പുറത്ത് കടക്കുന്നത്. അമ്മക്കും അച്ഛനും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും അപ്പുറത്തും ഗാഢ ബന്ധങ്ങളുണ്ടാകുന്നതിന് സാക്ഷികളാകുന്നത് കൂടിയാണ് വളര്‍ച്ച. കുടുംബത്തിന് പുറത്തുണ്ടാകുന്ന ഗാഢബന്ധങ്ങളെ ഒരു പരിധി വരെ നിര്‍ണ്ണയിക്കുന്നത് ആദ്യ കാലത്തുണ്ടായ ആ ബന്ധങ്ങള്‍ തന്നെയാണ്.

jaya sis
ഒരനുജത്തിയെ കിട്ടിയത് എന്നെ സന്തോഷിപ്പിച്ചിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍ കുറച്ചധികം ഭാവന ചേര്‍ത്ത് പറയുമ്പോള്‍ അത് വിശ്വസിക്കാനും ആസ്വദിക്കാനും ഒരാളുണ്ടാവുക വലിയ ആത്മവിശ്വാസം എനിക്ക് നല്‍കി. ജയശ്രീ സഹോദരി രാജശ്രീയ്ക്കൊപ്പം

മുതിര്‍ന്നവരില്‍ നിന്നും കുട്ടിക്കാലത്ത് തീരെ സംരക്ഷണം ലഭിക്കാത്തവരും അച്ഛന്മാരോ മറ്റു മുതിര്‍ന്നവരോ അവരുടെ ആസക്തികളാല്‍ ആഘാതമേല്പിച്ചവരും ആയ കുട്ടികള്‍ അപകടകരമായ ബന്ധങ്ങളില്‍ പോയി വീഴാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് മനഃശാസ്ത്രം പറയുന്നത്. കുറ്റവാസനകളുള്ളവരുടെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോഴും ഇത് ഏറെക്കുറെ ശരിയായി കാണാം. സ്‌കൂളില്‍ പഠിക്കുന്ന പ്രായത്തില്‍ അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു ആണ്‍കുട്ടിയെ ഒരിക്കല്‍ അറിയാനിടയായി. അവന് കുട്ടിയായിരുന്നപ്പോള്‍ ലഭിക്കേണ്ടിയിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ കിട്ടിയിരുന്നില്ല. ആ കൃത്യം ചെയ്തതിന് ശേഷം സ്വന്തക്കാരില്‍ നിന്നും വീണ്ടും അകന്നു ജീവിക്കേണ്ട അവസ്ഥയാണ് അവനുണ്ടായത്. പുതിയ സ്ഥലത്ത് സ്‌നേഹിക്കാന്‍ ആളുണ്ടായെങ്കിലും നേരത്തേ ഏറ്റിരുന്ന ആഘാതങ്ങള്‍ മൂലം അത് സ്വീകരിക്കാനുള്ള പ്രാപ്തി നേടുവാന്‍ തന്നെ അവന്‍ പ്രയാസപ്പെട്ടു. മനോവേദനയില്‍ നിന്നുള്ള മോചനത്തിനായി അവന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. വളരെ പ്രയാസപ്പെട്ടു മാത്രമാണ് അവനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനായത്. മുതിര്‍ന്നവരുടെ ആസക്തിക്ക് വിധേയരായ പെണ്‍കുട്ടികള്‍ രണ്ട് തരത്തിലുള്ള സ്വഭാവങ്ങള്‍ കാണിക്കാറുണ്ട്. ചിലര്‍ ബന്ധങ്ങളെ ഭയക്കുകയും വിട്ടു നില്‍ക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ വീണ്ടും വീണ്ടും വിഷമയമായതോ വിനാശകരമായതോ ആയ ബന്ധങ്ങളില്‍ ചെന്ന് പെടുന്നു.

ഞാന്‍ ഒരു അലൈംഗികജീവിയായി എപ്പോഴും തുടര്‍ന്നിട്ടില്ല. എന്നാല്‍, അത്തരം കാലഘട്ടങ്ങളിലൂടെ കടന്നു പോകാറുമുണ്ട്.

പൊതുവായി ഇത്തരം നിഗമനങ്ങളില്‍ എത്താമെങ്കിലും വളരെ സങ്കീര്‍ണ്ണവും തനതായ തരത്തിലുമാണ് മനുഷ്യര്‍ തീവ്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതും അവയില്‍ നിന്ന് വിടുതല്‍ നേടുന്നതുമൊക്കെ. അതില്‍ പൊതുസമൂഹത്തിന്റെ മൂല്യങ്ങളും സാമൂഹിക നിയമങ്ങളുമൊക്കെ പങ്ക് വഹിക്കുന്നുമുണ്ട്. വീടിനു പുറത്തുള്ള പുരുഷന്മാരുമായി അധികം അടുക്കുന്നത് അപകടകരമാണെന്ന സന്ദേശമാണ് ചെറുപ്പകാലത്ത് ഞങ്ങള്‍ക്കൊക്കെ കിട്ടിയിരുന്നത്. അതോടൊപ്പം തന്നെ മനുഷ്യജീവികളെന്ന നിലയ്ക്ക് തന്നെ പുതിയ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് പല തരത്തിലുള്ള ആശങ്കകള്‍ ഉണ്ടാകാം. നഷ്ടപ്പെട്ടു പോകുമോ, അത് നിലനിര്‍ത്താന്‍ കഴിയുമോ, നിലനിന്നില്ലെങ്കില്‍ തീവ്രദുഃ:ഖത്തിലേക്ക് വീണു പോകുമോ എന്നിങ്ങനെയെല്ലാമുള്ള ഭയമുണ്ടാകാം. മനഃശാസ്ത്രപ്രകാരം കുഞ്ഞുന്നാളിലെ രക്ഷിതാവുമായുള്ള ബന്ധത്തിന്റെയും അതിലുണ്ടാവുന്ന വിള്ളലിന്റെയും ഓര്‍മ്മ പിന്നീടുള്ള ബന്ധങ്ങളെ സ്വാധീനിക്കുന്നു. പുതുതായുണ്ടാകുന്ന ബന്ധം ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയെ എങ്ങനെ ബാധിച്ചേക്കുമെന്ന ഉത്കണ്ഠയും ഉണ്ടാകാം. ഇതെല്ലാം ചേര്‍ന്ന് ഭൗതികമായ ബന്ധപ്പെടലിന്റെ സ്ഥാനത്ത് കാല്പനികമായ ഒന്നിനെ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യവുമുണ്ടാക്കാറുണ്ട്. യേശുവിനേയോ കൃഷ്ണനേയോ ഒക്കെ പ്രണയിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നത് ഇത് കൊണ്ടായിരിക്കാം.

കൗമാരകാലത്ത് ഏറ്റവും പ്രതിബദ്ധത ആവശ്യപ്പെടുന്നതും അതിനാല്‍ ഏറ്റവും മൂല്യവത്തായതുമായ ബന്ധം ഗുരുവും ശിഷ്യനും തമ്മിലുള്ളതാണെന്ന് ഞാന്‍ കരുതി. അതില്‍ ലിംഗബോധം ഒട്ടും കലര്‍ന്നിരുന്നുമില്ല. അതുകൊണ്ട് ശിഷ്യ - ശിഷ്യന്‍ ഭേദത്തെ കുറിച്ച് ചിന്തിച്ചില്ല. ലിംഗേതരരായി ജീവിക്കുന്നവരും ലൈംഗിക താല്പര്യമില്ലാത്തവരുമായ മനുഷ്യരുണ്ടെന്ന് ഇപ്പോള്‍ നമുക്കറിയാം. അത് സഹജമായി അങ്ങനെ ആയിരിക്കുമ്പോള്‍ അവര്‍ക്ക് സുന്ദരമായി ജീവിക്കാന്‍ കഴിയും. എന്നാല്‍, പുറമേ നിന്ന് ഏല്‍പ്പിക്കുമ്പോള്‍ അത് ദുസ്സഹമാവുകയും ആളുകള്‍ വേലി ചാടുകയും ചെയ്യുന്നു എന്നുമാണ് നമ്മള്‍ കാണുന്നത്. അതേസമയം യഥാര്‍ത്ഥത്തില്‍ ലൈംഗികബോധമില്ലാതെ ജീവിക്കാന്‍ താല്‍പ്പര്യമുള്ളവരെ അതിന് വിടാതെ നിര്‍ബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്യും. ഞാന്‍ ഒരു അലൈംഗികജീവിയായി എപ്പോഴും തുടര്‍ന്നിട്ടില്ല. എന്നാല്‍, അത്തരം കാലഘട്ടങ്ങളിലൂടെ കടന്നു പോകാറുമുണ്ട്.

 പ്രണയത്തിന്റെ ഉന്മത്തമായ ലഹരി ഏത് റിസ്‌കും എടുക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കും. അപ്പോഴും ജീവന്‍ നിലനിര്‍ത്താനുള്ള പ്രേരണ വിട്ടുപോവുകയുമില്ല. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ഏതെങ്കിലും ഒരു വശത്തേയ്ക്ക് നമ്മള്‍ ചാഞ്ഞു പോകുമെന്ന് മാത്രം.

സ്‌കൂള്‍ കാലത്തും കോളേജ് കാലത്തും ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ട്രാന്‍സ് വ്യക്തികള്‍ എന്ന് തോന്നിപ്പിച്ചവരോടും ശക്തമായ ആകര്‍ഷണം എനിക്കുണ്ടായിട്ടുണ്ട്. അവരുടെ രൂപം വിടാതെ മനസ്സില്‍ കയറി കൂടുകയും വിശപ്പ് കുറയുകയും കാണുമ്പോള്‍ വൈദ്യുതാഘാതമേറ്റ പോലെ ശരീരം വിറ കൊള്ളുകയും ചെയ്യുന്നതായിരുന്നു അതിന്റെ ലക്ഷണങ്ങള്‍. എന്നാല്‍, അവയൊന്നും തന്നെ ബന്ധങ്ങളായി വളര്‍ത്തിയെടുക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. അതിന്റെ സാഹചര്യങ്ങള്‍ പലതാണ്. ഭൗതികമായി മുതിര്‍ന്നവരുടെ ഒരു കരുതല്‍ ഏറെക്കുറെ അനുഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍, പുതിയ ബന്ധങ്ങളുടെ പര്യാംപുറങ്ങള്‍ കാല്‍പ്പനിക തലത്തില്‍ മാത്രം തേടി കൊണ്ടിരിക്കാന്‍ അവസരമുണ്ട്. എല്ലാവര്‍ക്കും ഇതുണ്ടായി കൊള്ളണമെന്നില്ല. കുട്ടികളെ നേരത്തേ തന്നെ സ്വതന്ത്രരാക്കി വിടുന്ന സമൂഹങ്ങളില്‍ അവര്‍ക്ക് തീരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഗാഢബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ബന്ധങ്ങളുണ്ടാക്കുന്നതില്‍ നമ്മുടെ സാമൂഹ്യ അന്തരീക്ഷം ചില സൂചനകള്‍ നല്‍കുന്നു. ഓരോരുത്തരും അത് സ്വീകരിക്കുന്നത് അവരവരുടെ വാസനയ്ക്കും, അനുഭവത്തിന്റെ പിന്‍ബലത്തിലുമായിരിക്കും. ഇതില്‍ പ്രധാനമായി വരുന്നത് സുരക്ഷിതത്വത്തെക്കുറിച്ചും റിസ്‌കിനെ കുറിച്ചുമുള്ള ഓരോരുത്തരുടേയും വിലയിരുത്തലുകളാണ്. നമ്മുടെ സമൂഹത്തില്‍ കുടുംബത്തെ കേന്ദ്രീകരിച്ച ഗാഢബന്ധങ്ങളാണ് അംഗീകരിച്ചിട്ടുള്ളതും പിന്തുണ ലഭിക്കുന്നതും. അതില്‍ റിസ്‌ക് ഇല്ലെന്നോ കുറവാണെന്നോ ഉള്ള ധാരണയുണ്ടാകുന്നു. എന്നാല്‍, അവിടെയും അപമാനിക്കപ്പെടുകയോ, അസ്വാതന്ത്ര്യം അനുഭവിക്കുകയോ, മര്‍ദ്ദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ഒക്കെ കാണുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ഊഷ്മളത പരമ്പരാഗത കുടുംബങ്ങളില്‍ നിന്നും നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍, അതിലേയ്ക്ക് ചെയ്യേണ്ടി വരുന്ന ഇന്‍വെസ്റ്റ്‌മെന്റ്, പ്രതിബദ്ധത, ഉത്തരവാദിത്വങ്ങള്‍ എന്നിവയുമായി തട്ടിച്ചു നോക്കുമ്പോള്‍ വൈകാരികമായും അസ്തിത്വപരമായും വ്യക്തിക്ക് ഉണ്ടാകാവുന്ന ഗുണമെന്താണ് എന്നും ചിന്തിക്കാം. ഇതൊന്നും ചിന്തിക്കാതെ, വരുന്നത് പോലെ വരട്ടെ എന്ന തരത്തില്‍ നീങ്ങുകയും ചെയ്യാം. ശരീരത്തിന്റെ കാമനകള്‍ എല്ലാവരിലും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടാവും. കര്‍ശനമായ സാമൂഹ്യ നിയമങ്ങള്‍ ഉപയോഗിച്ച് അവ അമര്‍ത്തുകയാണ് ചെയ്യുന്നത്. ചിലരെങ്കിലും അപ്പോഴും റിസ്‌ക് എടുത്ത് പ്രണയബന്ധങ്ങള്‍ക്ക് തയ്യാറാവുന്നു.

book

റിസ്‌കിലും ആനന്ദാനുഭവവും സ്വയം ഇല്ലാതാകാനുള്ള സാദ്ധ്യതയും അന്തര്‍ലീനമാണ്. പ്രണയത്തിന്റെ ഉന്മത്തമായ ലഹരി ഏത് റിസ്‌കും എടുക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കും. അപ്പോഴും ജീവന്‍ നിലനിര്‍ത്താനുള്ള പ്രേരണ വിട്ടുപോവുകയുമില്ല. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ഏതെങ്കിലും ഒരു വശത്തേയ്ക്ക് നമ്മള്‍ ചാഞ്ഞു പോകുമെന്ന് മാത്രം. ഇതില്‍ തെറ്റും ശരിയും ഒന്നുമില്ല. ഞാന്‍ ചെറുപ്പകാലത്ത് അധികം റിസ്‌ക് എടുത്തിരുന്നില്ല എന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. ബാന്ധവങ്ങള്‍ കാല്പനികവും ആത്മീയവുമായ തലങ്ങളില്‍ ഒതുക്കി നിര്‍ത്തി. അങ്ങനെ നിര്‍ത്താന്‍ കഴിയുന്നത് ഭൗതികമായി ബന്ധുക്കളില്‍ നിന്ന് ലഭിച്ച പിന്തുണ കൊണ്ട് മാത്രമാണ് താനും. ആ സമയത്താണ് ഗുരുശിഷ്യബന്ധം എല്ലാ ബന്ധങ്ങളില്‍ വച്ചും മൂല്യവത്തായി കണ്ടത്. കുടുംബം ഉപേക്ഷിച്ച് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച നടരാജഗുരുവും നിത്യചൈതന്യയതിയും അവരുടെ ജീവിതാനുഭവങ്ങളിലൂടെ ഗുരുശിഷ്യബന്ധത്തെ വിവരിച്ച പുസ്തകങ്ങളായിരുന്നു എനിക്ക് പ്രേരണ ആയത്. നടരാജഗുരു തനിക്ക് നാരായണ ഗുരുവുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചെഴുതിയ "ഗുരുവരുളും', നിത്യചൈതന്യയതി, നടരാജഗുരുവുമായുള്ള ബന്ധത്തെക്കുറിച്ചെഴുതിയ "ഗുരുവും ശിഷ്യനും' ആയിരുന്നു അവ. ഗുരുവരുളില്‍ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെ പറ്റി വളരെ കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. അതു തന്നെയും വ്യക്തിപരമല്ല. ഗുരുവിന്റെ സ്‌നേഹവും കരുണയും എല്ലാവരോടും എല്ലാറ്റിനോടുമാണ്. ആ ജീവിതത്തെ കുറിച്ചുള്ള വിവരണമാണ് അതിലുള്ളത്. പക്ഷപാതിത്വമില്ലാത്ത സ്‌നേഹമാണല്ലോ ഗുരുവിനുള്ളത്? അവിടെ വ്യക്തിബന്ധം നിര്‍വ്വചിച്ചെടുക്കാന്‍ പ്രയാസമാണ്. ചുരുങ്ങിയ വാക്കുകളിലൂടെയാണെങ്കിലും അതിന്റെ തീവ്രത അപൂര്‍വ്വം ചിലയിടങ്ങളില്‍ വെളിവാകുന്നുണ്ട്. ""താനനുഭവിക്കുന്ന സമാധാനത്തിന്റെ നിലക്കാത്ത ധാര, മറ്റൊരാളുമായി പങ്ക് വയ്ക്കാന്‍, പ്രണയദാഹിയായ ഒരാള്‍ പ്രേമഭാജനത്തെ കാത്തിരിക്കുന്ന പോലെ, വൈശിഷ്ട്യമാര്‍ന്ന ഏകാന്തഭൂവില്‍ തനിക്കിണങ്ങുന്ന ശിഷ്യനെ കാത്തിരിക്കുകയാണ് ഗുരു'' എന്നെഴുതുന്നത് പോലെ.

നമ്മുടെ സ്വാര്‍ത്ഥവും സ്വസ്ഥവുമായ ഇടത്തിലേക്ക് എത്രത്തോളം മറ്റൊരാളെ കടത്താം, അതിലുള്ള നേട്ടങ്ങളെന്താണ്, അതില്‍ നഷ്ടപ്പെടുന്നതെന്താണ്, അതില്‍ ധാര്‍മ്മികമായതെന്താണ് എന്നതൊക്കെയും സ്വതന്ത്രയായ ഒരാള്‍ ചിന്തിക്കും. സ്ത്രീശരീരത്തിന്റെ ഘടനാ വിശേഷം കൊണ്ടുണ്ടാകുന്ന ഗര്‍ഭം നമുക്കാവശ്യമില്ലാത്തപ്പോഴാണുണ്ടാകുന്നതെങ്കില്‍ അത് ഒരു പ്രശ്‌നം തന്നെയാണ്. ഞാന്‍ അത് സഹിക്കാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഏതു ഗാഢബന്ധത്തിലും ഞാനത് ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു.

നിത്യചൈതന്യയതിയാകട്ടെ, നടരാജഗുരുവുമായുള്ള ബന്ധത്തിന്റെ വൈകാരികവും തീവ്രവുമായ വശങ്ങള്‍ കുറേ കൂടി തുറന്നെഴുതുന്നുണ്ട്.
ഗാഢബന്ധത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ മേഘങ്ങളെ പോലെ സാന്ദ്രമായി ഉള്ളില്‍ ഉറഞ്ഞു കൂടുകയാണ്. അത് അച്ഛനമ്മമാരും മക്കളും തമ്മിലും പ്രണയിക്കുന്നവര്‍ തമ്മിലും ദമ്പതിമാര്‍ക്കിടയിലും ഗുരുശിഷ്യര്‍ക്കിടയിലും എല്ലാം അങ്ങനെ തന്നെയാണ്. പഴയ കാലത്തും ഈ സങ്കല്‍പ്പങ്ങള്‍ ഉറഞ്ഞു കൂടുകയും ശരീരബദ്ധമായി അനുഭവിക്കുകയും ചെയ്തിരുന്നു എങ്കിലും, സ്വാത്മബോധത്തോടെ അതിനെ നോക്കാന്‍ തുടങ്ങിയത് ആധുനിക കാലത്ത് മാത്രമാണ്. ഗുരുശിഷ്യബന്ധവും ഭാര്യാഭര്‍ത്തൃബന്ധവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട പഴയ മാതൃകകളാണ്. അവിടെ അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയോ അതിലേക്ക് സ്വയം നോക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഏറെക്കുറെ അതിന്റെ ധാര്‍മ്മികവും വൈകാരികവുമായ ആവശ്യം നിറവേറ്റപ്പെടുന്നുണ്ട്. കാല്പനികമായ തലത്തില്‍ അത്അനുഭവിച്ചു കൊണ്ടിരിക്കാനും കഴിയും. കുടുംബത്തിനുള്ളില്‍ അപമാനിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് ശുഭപ്രതീക്ഷയിലൂടെ സ്‌നേഹബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിയുന്നത് അത് കൊണ്ടാണ്. ഒരു യഥാര്‍ത്ഥ ബന്ധത്തിന്റെ റിസ്‌ക് എടുക്കാതെ ഗുരുസങ്കല്പത്തില്‍ ദീര്‍ഘനാള്‍ ഞാന്‍ കഴിഞ്ഞതും അങ്ങനെ തന്നെ. എന്നാല്‍, റിസ്‌ക് എടുത്ത് കൊണ്ട് വിവാഹത്തിനു മുന്‍പ് പ്രണയബന്ധങ്ങളുണ്ടാക്കിയ എന്റെ കൂട്ടുകാരെ ഞാന്‍ ബഹുമാനിക്കുന്നു. അതില്‍ തകര്‍ന്നു പോയവരും തന്ത്രപരമായി മുന്നോട്ടു പോയി വിജയിച്ചവരുമുണ്ട്. നമ്മുടെ നാട്ടില്‍ പ്രണയമുണ്ടായാല്‍ വിവാഹം ഒരു അനിവാര്യതയായി മാറുകയാണ്. വിവാഹത്തിലെത്തി കഴിഞ്ഞാല്‍ സ്വാത്മപരിചരണം എത്രത്തോളം സാദ്ധ്യമാകും എന്നതാണ് ഒരു പ്രശ്‌നം.

എങ്കിലും ബന്ധങ്ങള്‍ വിവാഹത്തില്‍ അവസാനിക്കണമെന്ന് സങ്കല്പിക്കുകയാണ്. സങ്കല്പത്തില്‍ കൂട്ടി വച്ചിരിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും അമിതമായി ആദര്‍ശവല്‍ക്കരിച്ചവയായിരിക്കും. പുസ്തകങ്ങളില്‍ നിന്നോ, സിനിമകളില്‍ നിന്നോ, കെട്ടുകഥകളില്‍ നിന്നോ ഒക്കെ നേടിയതായിരിക്കാം അത്. പ്രണയത്തകര്‍ച്ചയില്‍ സ്വയം നാശത്തിലേയ്ക്കോ കൊലപാതകത്തിലേയ്ക്കോ ഒക്കെ പോകുന്നത് അത് കൊണ്ടാണ്. അസൂയയും അപകര്‍ഷതയും അമിതമായ ദുഃഖവുമാണ് നാശത്തിന്റെ വശത്തേയ്ക്ക് കൊണ്ടുപോകുന്നത്. പ്രണയത്തില്‍ പെട്ട ഒരാള്‍ അങ്ങനെയാകുമ്പോള്‍ മറ്റേയാള്‍ കൂടി ആ ദുരന്തത്തിലേക്ക് എടുത്തെറിയപ്പെടുന്നു. എന്റെ കോളേജ് കാലത്തിറങ്ങിയ, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "ചില്ല്' എന്ന സിനിമ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ചില്ല് പോലെ തകരുന്ന ബന്ധങ്ങളും ജീവിതവുമാണതില്‍. ചെറുപ്പകാലം മുതല്‍ പ്രണയത്തിലായിരുന്ന യുവതീയുവാക്കളില്‍, യുവാവിനുണ്ടാകുന്ന അസൂയ ദുരന്തത്തിന് കാരണമാവുകയാണ്. യുവതിക്ക് മറ്റൊരാളോടുള്ള സൗഹൃദം അയാള്‍ക്ക് താങ്ങാന്‍ കഴിയാതെ വരുന്നു. അങ്ങനെ വരുന്ന സമയത്ത് അവളെ അസൂയപ്പെടുത്താന്‍ മാത്രമായി അയാള്‍ മുറപ്പെണ്ണിനോട് അടുപ്പം കാണിക്കുകയും അത് വിവാഹത്തിലെത്തുകയും ചെയ്യുന്നു. കാമുകി ഇതോടെ തകരുന്നു എങ്കിലും അവള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, വിവാഹശേഷവും അയാള്‍ക്ക് ഉള്ളില്‍ കാമുകി മാത്രമാണുള്ളത്. ആദ്യരാത്രി തന്നെ അയാള്‍ കാമുകിയെ തേടി എത്തുന്നു. അയാളുടെ അമിതവൈകാരികത മൂലം അവര്‍ രണ്ട് പേരും പെട്ടു പോയ ദുരവസ്ഥ തിരിച്ചറിഞ്ഞ യുവതി അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്യുകയും അയാള്‍ എന്നെന്നേക്കുമായി മനോരോഗിയാവുകയും ചെയ്യുന്നു. ഇതോട് സമാനമായ അവസ്ഥ ഇപ്പോഴും നമ്മള്‍ ജീവിതത്തിലും കണ്ട് കൊണ്ടിരിക്കുന്നു. പക്ഷെ, അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി ബന്ധങ്ങളെ കാണുകയും പരിചരിക്കുകയും ചെയ്യുന്ന യുവാക്കള്‍ ഇപ്പോള്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ മതസ്ഥാപനങ്ങളും നിയമപാലകരും നേതാക്കളും കൗണ്‍സിലര്‍മാരും ഒക്കെ തടയാന്‍ ശ്രമിച്ചിട്ടും വിവാഹമോചനങ്ങള്‍ കൂടുന്നു. ഇത് ഗുണപരമായ മാറ്റമാണ്. വിവാഹമോചനം കഴിഞ്ഞും ആളുകള്‍ക്ക് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാവുന്നതാണ്.

സാമൂഹിക രൂപീകരണത്തില്‍ വന്ന മാറ്റങ്ങള്‍ ഗാഢബന്ധത്തിന്റെ സ്വഭാവത്തിലും പ്രതിഫലിക്കുകയാണ്. മുമ്പ് കൂടുതലും ആളുകള്‍ തങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ബന്ധങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. വിശ്വാസങ്ങളോടും ആചാരങ്ങളോടും പ്രതിബദ്ധമായിരുന്നെന്നതുകൊണ്ട് എപ്പോഴും പ്രതീക്ഷ വച്ചു പുലര്‍ത്താം. ഒരു പുരുഷന്‍ രണ്ടോ മൂന്നോ സ്ത്രീകളെ കല്യാണം കഴിക്കുമ്പോഴും കൂട്ടുകുടുംബത്തിലുമൊക്കെ ആരൊക്കെ തമ്മിലാണ് തീവ്രമായ ബന്ധമുണ്ടാകുന്നതെന്ന് അറിയാന്‍ പറ്റില്ല. ഓരോരുത്തരും അവര്‍ക്ക് നിയുക്തമായ ധര്‍മ്മം നിറവേറ്റുകയാണ്. ഇപ്പോള്‍ അങ്ങനെയല്ല. സ്വാത്മബോധത്തോടെ വ്യക്തികള്‍ ബന്ധങ്ങള്‍ ഉണ്ടാക്കി എടുക്കുകയാണ്. അവരവരുടെ അതിരിനെ കുറിച്ചും അതിനു ചുറ്റും ഉണ്ടാവേണ്ട ഇടത്തിന്റെ വിസ്താരത്തെ കുറിച്ചും ആളുകള്‍ക്ക് ബോധമുണ്ട്. അതിലേയ്ക്ക് ആളുകളെ കടത്തി വിടുകയോ കടത്തി വിടാതിരിക്കുകയോ, എത്രമാത്രം കടത്തണം എന്ന് തീരുമാനിക്കുകയോ ഒക്കെ ചെയ്യാം. അങ്ങനെ ചെയ്യുന്നതിലൂടെ ബന്ധങ്ങള്‍ ഉറപ്പിച്ചെടുക്കുകയോ അഴിക്കുകയോ ആണ്. എല്ലാവരും അങ്ങനെയാണെന്നല്ല. പാരമ്പര്യവും പരിവര്‍ത്തനവും കലര്‍ന്നു നില്‍ക്കുന്ന സമൂഹമാണല്ലോ നമ്മുടേത്.

ഗുരുകുലത്തില്‍ വച്ച് മൈത്രേയനെ പരിചയപ്പെട്ട ശേഷം ഒരു ഉള്‍പ്രേരണ പോലെ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നതായി എനിക്ക് തോന്നി. അതിന് മുന്‍പും ചില ആളുകള്‍ ഉള്ളില്‍ കടന്നു കൂടിയിരുന്നെങ്കിലും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് സങ്കല്പിച്ചിരുന്നില്ല. ആള്‍ അറിയാതെ തന്നെ ഒരാളെ ഉള്ളില്‍ വഹിച്ചു കൊണ്ട് നടക്കുന്നത് രസമുള്ള കാര്യമാണ്. അതില്‍ യാതൊരു റിസ്‌കും ഇല്ല. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിച്ച് വിഷമിക്കേണ്ടതില്ല. ശരീരത്തില്‍ സ്പര്‍ശിക്കാത്തതിനാല്‍ രോഗമുണ്ടാകുമെന്നോ ഗര്‍ഭമുണ്ടാകുമെന്നോ ഭയക്കേണ്ടതില്ല. സ്ത്രീകള്‍ക്കുള്ള ഗര്‍ഭ-ഭയം മുതലെടുത്തു കൊണ്ടാണ് അവരെ ലൈംഗികനിയന്ത്രണത്തിന് വിധേയരാക്കി കൊണ്ടിരുന്നത്.

chillu

ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ വൃത്തികേടാണെന്ന് വിചാരിക്കുന്നതും അത് കൊണ്ടാണ്. നൂറു ശതമാനവും സുരക്ഷിതവും എളുപ്പമുള്ളതുമായ ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗം ഇപ്പോഴും ഇല്ലെന്നതാണ് വാസ്തവം. എന്നാല്‍, ഈ കാര്യങ്ങള്‍ തുറന്നു സംസാരിക്കാത്തതു കാരണം സ്ത്രീകള്‍ പോലും അവര്‍ക്കുള്ള റിസ്‌ക് അറിയുന്നില്ല. ആവശ്യമില്ലാത്ത സമയത്ത് ഗര്‍ഭമുണ്ടാകുന്നത് അതുകൊണ്ടാണ്. ഉന്മാദലഹരി കൊണ്ട് നമ്മളെ അടിമുടി പ്രകമ്പനം കൊള്ളിക്കുന്നതാണ് പ്രണയമെങ്കിലും ഈ റിസ്‌ക് അവഗണിക്കാന്‍ കഴിയുന്നതല്ല. പ്രണയ ലഹരി അവസാനിച്ചാലും നമ്മളെ കരുതുന്ന ഒരാള്‍ അടുത്തുണ്ടാവുകയും അത് നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതും ആവശ്യമാണ്. ഒരാളോട് പ്രതിബദ്ധമായിരിക്കുക എന്ന ധാര്‍മ്മിക പരിഗണനയുമുണ്ടല്ലോ. അങ്ങനെ ഒക്കെ ആയിരിക്കുമ്പോഴും, നമ്മുടെ സ്വാര്‍ത്ഥവും സ്വസ്ഥവുമായ ഇടത്തിലേക്ക് എത്രത്തോളം മറ്റൊരാളെ കടത്താം, അതിലുള്ള നേട്ടങ്ങളെന്താണ്, അതില്‍ നഷ്ടപ്പെടുന്നതെന്താണ്, അതില്‍ ധാര്‍മ്മികമായതെന്താണ് എന്നതൊക്കെയും സ്വതന്ത്രയായ ഒരാള്‍ ചിന്തിക്കും. സ്ത്രീശരീരത്തിന്റെ ഘടനാ വിശേഷം കൊണ്ടുണ്ടാകുന്ന ഗര്‍ഭം നമുക്കാവശ്യമില്ലാത്തപ്പോഴാണുണ്ടാകുന്നതെങ്കില്‍ അത് ഒരു പ്രശ്‌നം തന്നെയാണ്. ഞാന്‍ അത് സഹിക്കാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഏതു ഗാഢബന്ധത്തിലും ഞാനത് ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നിട്ടും അതുണ്ടായി എന്നത് മറ്റൊരു കാര്യം. എന്റെ ബന്ധങ്ങളില്‍ ഈ പരിമിതി എപ്പോഴും ഉണ്ടായിരുന്നിട്ടുണ്ട്. ഗര്‍ഭം പോലെ തന്നെ അപകടം പിടിച്ചതാണ് അപ്പുറത്തുള്ള ആളിന്റെ വൈകാരിക പ്രതികരണങ്ങള്‍. അത് ഏതു നിലയ്ക്കൊക്കെ പോകുമെന്ന് മുന്‍കൂട്ടി അറിയുക അസാദ്ധ്യമല്ലെങ്കിലും പ്രയാസമാണ്. 

അടുപ്പത്തിലായിരിക്കുന്ന വ്യക്തിക്ക് ഉണ്ടാകുന്ന മനസികാഘാതങ്ങള്‍ പ്രണയിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. കഴിയുന്നത്ര അവരത് പരിഹരിക്കാന്‍ നോക്കും. സ്‌നേഹത്തിലൂടെയും പരിചരണത്തിലൂടെയും അവരെ സാന്ത്വനിപ്പിക്കേണ്ടത് കടമയാണെന്ന് കരുതും. ""എങ്ങനെ ഇത്ര നാള്‍ നിങ്ങള്‍ ഒരുമിച്ചു കഴിഞ്ഞു'', എന്ന് മറ്റുള്ളവരെ കൊണ്ട് ചോദിപ്പിക്കുന്ന തരത്തില്‍ വിഷമയമായ ബന്ധങ്ങളുണ്ടാകുന്നത് അങ്ങനെയാണ്. ഈ അപകടങ്ങളെക്കുറിച്ചൊക്കെ കരുതുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ എനിക്ക് ഇന്‍വോള്‍വ്‌മെന്റ് ഇല്ലെന്നും, എപ്പോഴും എന്നെ പിറകോട്ട് വലിക്കുന്ന എന്തോ ഉണ്ടെന്നും എന്റെ കാമുകന്മാര്‍ ശരിയായി വിലയിരുത്തി. ഞാന്‍ ഇങ്ങനെയായിരിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി കൂടുതല്‍ സ്വയം വിട്ടു നല്‍കാനും റിസ്‌ക് ഏറ്റെടുക്കാനും തയാറുള്ള സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാല്‍, അവര്‍ ഇത് അറിഞ്ഞുകൊണ്ടു തന്നെ ഏറ്റെടുക്കുകയാണോ മറ്റുള്ളവരുടെ പ്രേരണയാല്‍, അതില്‍ പെട്ടു പോവുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകള്‍ കുറേ സഹിച്ച് മുന്നോട്ടു പോകുമെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ ബന്ധം ഉപേക്ഷിക്കാനും നേരത്തേ ഉണ്ടായ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനും മുന്നോട്ടു വരുന്നത് ഇപ്പോള്‍ കാണുന്നുണ്ട്. ട്രാന്‍സ്ജെന്റര്‍ വ്യക്തികളും അങ്ങനെ ചെയ്യുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ കരുതലോടെയും ശ്രദ്ധയോടെയും ബന്ധങ്ങളെ പരിചരിക്കാനുള്ള ബാദ്ധ്യത പുരുഷന്മാര്‍ക്കും വന്നു ചേര്‍ന്നിരിക്കുന്നു. ഇല ചെന്ന് മുള്ളില്‍ വീണാലും, മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്ന ചൊല്ല് മനുഷ്യര്‍ക്ക് ഇനി ബാധകമാവില്ല എന്നു തോന്നുന്നു.

jayasree
ഇരുപതുകളില്‍ എത്തിയിരുന്ന ഞാന്‍ മൈത്രേയനുമായി ബന്ധം തുടങ്ങുമ്പോള്‍ തികച്ചും പുതിയതായ ഒരു മേഖലയിലേയ്ക്ക് കാല്‍ വയ്ക്കുകയായിരുന്നു. ഉത്തരവാദിത്വമുള്ള ഒരു കാര്യത്തിലേയ്ക്കാണ് പ്രവേശിക്കുന്നതെന്ന ബോദ്ധ്യം ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നിട്ടും അറിയാത്ത ഏതോ ഒരിടത്ത് വന്നു പതിച്ചതു പോലെ വികാരങ്ങളുടെ കുത്തൊഴുക്കില്‍ ഞാന്‍ പെട്ട് പോയി.

ഇങ്ങനെയുള്ള ബോദ്ധ്യങ്ങളൊന്നും കാര്യമായില്ലാതിരുന്ന സമയത്താണ് ഞാന്‍ മൈത്രേയനുമായുള്ള ബന്ധം തുടങ്ങുന്നത്. ഗുരുസങ്കല്പവും പ്രണയഭാവനയും ഒരേപോലെ അപ്പോഴേയ്ക്കും എന്നില്‍ കുടിയേറിയിരുന്നു. മാതാപിതാക്കളില്‍ നിന്ന് സ്വതന്ത്രമായി മറ്റൊരു ജീവിതത്തിലേയ്ക്ക് കടക്കാന്‍ സമയവും ആയതായി എനിക്ക് തോന്നി. രണ്ടാണെങ്കിലും സങ്കല്പത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ബന്ധത്തെ കൊണ്ടു വരേണ്ടിയിരുന്നു. ഗുരുവുമായി ഈ വിഷയം സംസാരിക്കുമ്പോള്‍ രണ്ടാമത്തേതിലേയ്ക്ക് തിരിയാനുള്ള സൂചനയാണ് എനിക്ക് കിട്ടിയത്. മറ്റു പരമ്പരാഗത ആശ്രമങ്ങളേക്കാള്‍ വ്യത്യസ്തമായിരുന്നു ഗുരുകുലത്തിന്റെ പരിസരമെന്നതാണ് എന്നെ അവിടേയ്ക്കാകര്‍ഷിച്ചിരുന്നത്. ഒരു വശത്ത് നിരപേക്ഷമായ പൂര്‍ണ്ണതയെ ഭാരതീയ പാരമ്പര്യമെന്ന നിലയില്‍ മൂല്യമായി ഉയര്‍ത്തി കാണിക്കുമ്പോള്‍ തന്നെ സയന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക പാശ്ചാത്യ ശൈലികളുമായി ഇടപെടുക എന്നതായിരുന്നു അത്. പ്രത്യേകിച്ച്, വിദേശത്ത് നിന്നും നാട്ടില്‍ നിന്നുമുള്ള സ്ത്രീകള്‍ അവിടെ മറ്റു സ്ഥാപനങ്ങളിലെ പോലെ മാറ്റി നിര്‍ത്തപ്പെടുന്നത് ഞാന്‍ കണ്ടില്ല. പാചകം, കുഞ്ഞുങ്ങളുടെ പരിചരണം എന്നിവയൊക്കെ പുരുഷന്മാരും ചെയ്യുന്നത് കണ്ടിരുന്നു. ഗുരു നിത്യചൈതന്യയതി തന്നെ പാചകം ചെയ്യുന്നതും അമ്മമാരെ പോലെ കുട്ടികളെ പരിചരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. സ്ത്രീകള്‍ ഗുരുവിനോടൊപ്പം ഇരുന്ന് ബൗദ്ധിക വേലകളില്‍ ഏര്‍പ്പെടുന്നതും കണ്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ഗുരു ഇരിക്കുന്ന ധ്യാനഭൂമിയുടെ ഏകാന്തതയില്‍ കാത്തിരിക്കുന്നത് ശിഷ്യനെയായിരിക്കാന്‍ മാത്രമാണ് സാദ്ധ്യത. അവിടെ ശിഷ്യയ്ക്ക് സ്ഥാനമുണ്ടോ എന്ന് സംശയമാണ്. നമ്മള്‍ സ്വതന്ത്രമെന്നും വ്യക്തിപരമെന്നും അന്തര്‍വ്യക്തിപരമെന്നും കരുതുന്നിടങ്ങളില്‍ പോലും വ്യവസ്ഥയുടെ സ്വാധീനം വളരെ ശക്തമാണെന്നൊന്നും അന്ന് കാണാന്‍ കഴിഞ്ഞിരുന്നില്ല. വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും മാത്രമാണ് ദൈനംദിന ജീവിതത്തില്‍ സാധാരണ നമ്മള്‍ കാണുന്നത്. വ്യക്തികള്‍ ചേര്‍ന്ന് ഒരു സമൂഹമാകുന്നു എന്നും നമ്മള്‍ തെറ്റിദ്ധരിക്കുന്നു. തികച്ചും വ്യക്തിപരം എന്ന് കരുതുന്ന വൈകാരികബന്ധങ്ങളില്‍ വ്യവസ്ഥ എങ്ങനെയെല്ലാം ഇടപെടുന്നു എന്ന് സൂചിപ്പിക്കാനാണ് ഇതെല്ലാം പറഞ്ഞത്.

ഓരോ പ്രാവശ്യവും കാണുമ്പോള്‍ മൈത്രേയന്‍ അതുവരെ കരുതി വച്ച ഒറ്റ രൂപ തുട്ടുകള്‍ എനിക്ക് സമ്മാനിച്ചിരുന്നു. അതെല്ലാം ഞാനും സ്‌നേഹത്തോടെ സൂക്ഷിച്ചു വച്ചു. മൈത്രേയന്റെ അമ്മ എപ്പോഴും എനിക്ക് സമ്മാനപ്പൊതികള്‍ കൊടുത്തു വിട്ടു. കുടുംബാംഗങ്ങളെല്ലാം തന്നെ സ്‌നേഹത്തോടെ പെരുമാറുകയും സമ്മാനങ്ങള്‍ തരുകയും ചെയ്തു. ഇതെല്ലാം ഗാഢബന്ധങ്ങള്‍ നിലനില്‍ക്കുന്നതിന് സഹായകരമാണ്.

ഇരുപതുകളില്‍ എത്തിയിരുന്ന ഞാന്‍ മൈത്രേയനുമായി ബന്ധം തുടങ്ങുമ്പോള്‍ തികച്ചും പുതിയതായ ഒരു മേഖലയിലേയ്ക്ക് കാല്‍ വയ്ക്കുകയായിരുന്നു. ഉത്തരവാദിത്വമുള്ള ഒരു കാര്യത്തിലേയ്ക്കാണ് പ്രവേശിക്കുന്നതെന്ന ബോദ്ധ്യം ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നിട്ടും അറിയാത്ത ഏതോ ഒരിടത്ത് വന്നു പതിച്ചതു പോലെ വികാരങ്ങളുടെ കുത്തൊഴുക്കില്‍ ഞാന്‍ പെട്ട് പോയി. വീടുപേക്ഷിച്ച് പൂര്‍ണ്ണമായും സമൂഹത്തിലേക്കിറങ്ങിയ ഒരാളും, പരിമിതമായ ഒരു വലയത്തിനുള്ളില്‍ സാങ്കല്‍പ്പിക ലോകത്തില്‍ കഴിഞ്ഞിരുന്ന ഒരാളും തമ്മിലാണ് ഇവിടെ പ്രണയം എന്ന സങ്കല്പമുണ്ടാകുന്നത്. പ്രണയം എന്ന സങ്കല്പം തന്നെ നമ്മള്‍ എഴുതി ഉണ്ടാക്കുന്ന കഥയാണെന്നിരിക്കെ, അതിന്റെ എന്തൊക്കെ അംശങ്ങള്‍ ഈ ബന്ധത്തിലുണ്ടെന്ന് പരിശോധിക്കുക കൂടി ചെയ്യേണ്ടിയിരുന്നു. ഞാന്‍ മൈത്രേയനെ പ്രണയിയായും പങ്കാളിയായും സങ്കല്‍പ്പിച്ചു എങ്കിലും യതിയില്‍ നിന്നുമുള്ള കേട്ടറിവ് കൊണ്ടു മാത്രമാണ് മൈത്രേയന്‍ എന്റെ അടുത്തെത്തുന്നത്. 

രണ്ടു പേര്‍ തമ്മില്‍ പരസ്പരം ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ആകര്‍ഷണത്തില്‍ നിന്നുണ്ടായ പ്രണയം എന്നിത് പറയാനാവില്ല. വളരെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള രണ്ട് പേരുടെ മനസ്സില്‍ പ്രണയം രൂപപ്പെട്ടിരിക്കുന്നത് രണ്ട് തരത്തിലായിരിക്കും. ഇത് ഇല്ലാത്തതെന്ന തരത്തില്‍ കേവലം സങ്കല്‍പ്പമെന്ന് പറയാനും കഴിയില്ല. ചിന്തയിലൂടെയും പുറമെ നിന്നുള്ള അറിവിലൂടെയും ഉത്തേജനങ്ങളിലൂടെയും അത് ഉള്ളില്‍ എഴുതി ചേര്‍ത്തിട്ടുണ്ടാവും. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും അത് രൂപാന്തരം പ്രാപിക്കാമെന്നു മാത്രം. പ്രണയസങ്കല്‍പ്പത്തിലുള്ള വൈരുദ്ധ്യം ഓരോ ഇടപെടലിലും അന്തഃസംഘര്‍ഷങ്ങളുണ്ടാക്കി കൊണ്ടിരുന്നു. പ്രണയിയും പ്രണയിനിയുമെന്ന നിലക്ക് ഞങ്ങള്‍ രണ്ടു പേരും മറ്റേയാളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായിരിക്കില്ല യഥാര്‍ത്ഥത്തില്‍ ഉള്ളത്. ഏത് രണ്ടു വ്യക്തികള്‍ക്കിടയിലും ഇങ്ങനെ തന്നെയാവും. ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന് മാത്രം. എന്നാല്‍, ശരീരങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് ഇത് തടസ്സമാകുന്നുമില്ല. മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന സിറോടോണിനും (Serotonin) ഹോര്‍മോണുകളും ചേര്‍ന്ന് ശരീരങ്ങള്‍ പ്രവര്‍ത്തിക്കും. ഉള്ളില്‍ നിന്നുള്ള വിലക്ക് ഉണ്ടെങ്കില്‍ അത്‌ നീക്കി കൊടുക്കണമെന്ന് മാത്രം. അത് നീക്കണമെങ്കില്‍ പരസ്പരധാരണയിലൂടെ പ്രതിബദ്ധമാകുകയും വേണം. കുറെ നാളത്തെ ഇടപെടലുകള്‍ക്കും സംസാരത്തിനും ശേഷം ഞങ്ങള്‍ക്കത് സാധിച്ചു. വൈകാരികമായ പ്രകടിപ്പിക്കലുകളില്‍ പക്ഷേ, എപ്പോഴും വ്യത്യാസങ്ങള്‍ നിലനിന്നു. 

kani
സ്‌നേഹപ്രകടനത്തില്‍ വെറും പരാജയമായ ഞാന്‍ എന്റെ മകള്‍ കനിയില്‍ നിന്നാണ് അത് മനസ്സിലാക്കുന്നത്. പ്രകടമാക്കിയില്ലെങ്കിലും അവള്‍ക്കുണ്ടാകുന്ന വേദന ചിലപ്പോള്‍ എന്നെയും ബാധിക്കാറുണ്ട്. അവള്‍ക്ക് പ്രിയപ്പെട്ടവരില്‍ ചിലര്‍ എനിക്കും പ്രിയപ്പെട്ടവരാകുന്നു. അവര്‍ തമ്മിലുണ്ടാകുന്ന വിടവുകള്‍ എന്നെയും ബാധിക്കുന്നു. / Photo: എ.ജെ. ജോജി

ഗാഢബന്ധങ്ങളില്‍ അതും ആവശ്യമാണ്. അത് കൗമാരകാലം മുതല്‍ പരിശീലിച്ചെടുക്കേണ്ടതാണ്. ഞാന്‍ വളര്‍ന്ന സംസ്‌കാരത്തില്‍ ഇത് തീരെ ഇല്ലാത്തതിനാല്‍ അത്തരം പ്രകടനങ്ങള്‍ എനിക്ക് അന്യമാണ്. ആരെങ്കിലും ഇങ്ങോട്ട് വന്ന് ആലിംഗനം ചെയ്താലല്ലാതെ, എനിക്കായി അത് തുടങ്ങി വയ്ക്കാന്‍ സാധിക്കില്ല. ഞാന്‍ എപ്പോഴും സ്വീകരിക്കാന്‍ മാത്രം തയാറായിരിക്കുന്ന ആളാണ്. ഒരു പക്ഷേ, എനിക്ക് നാലു വരി കവിത എഴുതാന്‍ പറ്റുമായിരുന്നിരിക്കും. പക്ഷേ, കുറഞ്ഞ സമയം കൊണ്ടു തന്നെ ആ കാര്യത്തിലുള്ള ഞങ്ങളുടെ സെന്‍സിബിലിറ്റി രണ്ട് തരത്തിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് എന്തെങ്കിലും എഴുതി കൊടുക്കാമെന്നു വച്ചാല്‍ തന്നെ, അത് തള്ളിക്കളയപ്പെടുമോ എന്ന ഭയവും എന്നെ ബാധിച്ചു. മൈത്രേയനെ പോലെ, മറ്റുള്ളവരെ കരുതാന്‍ പരിശീലനം കിട്ടിയിട്ടുള്ള ആളായതു കൊണ്ടായിരിക്കാം ഞങ്ങള്‍ തമ്മിലുള്ള അടുപ്പം നിലനിന്നു പോന്നത്.

ഓരോ പ്രാവശ്യവും കാണുമ്പോള്‍ മൈത്രേയന്‍ അതുവരെ കരുതി വച്ച ഒറ്റ രൂപ തുട്ടുകള്‍ എനിക്ക് സമ്മാനിച്ചിരുന്നു. അതെല്ലാം ഞാനും സ്‌നേഹത്തോടെ സൂക്ഷിച്ചു വച്ചു. മൈത്രേയന്റെ അമ്മ എപ്പോഴും എനിക്ക് സമ്മാനപ്പൊതികള്‍ കൊടുത്തു വിട്ടു. കുടുംബാംഗങ്ങളെല്ലാം തന്നെ സ്‌നേഹത്തോടെ പെരുമാറുകയും സമ്മാനങ്ങള്‍ തരുകയും ചെയ്തു. ഇതെല്ലാം ഗാഢബന്ധങ്ങള്‍ നിലനില്‍ക്കുന്നതിന് സഹായകരമാണ്. മൈത്രേയന്റെ ജീവിതം ആദ്യം തന്നെ സമൂഹത്തോട് പ്രതിബദ്ധമായിരുന്നതിനാല്‍ ആ ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ട് മാത്രമേ ഞങ്ങള്‍ക്ക് ബന്ധം വളര്‍ത്തിയെടുക്കാന്‍ ആവുമായിരുന്നുള്ളൂ. എനിക്കത് ഒരു അപ്രെന്റിസ്ഷിപ്(apprenticeship) കാലം പോലെയാണ് തോന്നിയിരുന്നത്. വ്യക്തിപരമായി മാത്രമല്ല, സാമൂഹ്യമായ ഒരു പരിവര്‍ത്തനം കൂടി നടക്കുന്ന കാലമായിരുന്നു അത്. കേരളത്തില്‍ സ്വതന്ത്ര സ്ത്രീവിമോചന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കാലം. സാമൂഹ്യമായ എന്റെ കാഴ്ചപ്പാടുകള്‍ മാത്രമല്ല മാറ്റി മറിക്കപ്പെട്ടത്, ഉള്ളില്‍ ഉരുക്കി കൂട്ടി വച്ചിരുന്ന വൈകാരിക ഭാവങ്ങളും മൂല്യങ്ങളും കൂടിയാണ്. എന്റെ പാവം തലച്ചോറിനെ അത് ഒരുപാട് ഞെരുക്കിയിട്ടുണ്ട്. വികാരങ്ങളും വിചാരങ്ങളുമെല്ലാം അവിടെ തന്നെയാണുള്ളത്. ആലങ്കാരികമായി പറയാറുള്ളതുപോലെ ഹൃദയത്തിലോ കരളിലോ ഒന്നുമല്ല. ഗാഢബന്ധങ്ങള്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്നതാണ്. ആ സമയത്തെ ചുറ്റുപാടുകള്‍ കൂടിയാണ് അതിന്റെ ഭദ്രത നില നിര്‍ത്തുന്നത്. നല്ല ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു. അല്ലാത്തവ പിന്നീട് അതു തകരുന്നതിനും കാരണമായേക്കും. മൈത്രേയന്റെ ചിങ്ങോലി ഗ്രാമത്തിലെ വീടും അവിടെ കൂടിയിരുന്ന നാട്ടുകാരും മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരും ബന്ധുക്കളും എല്ലാം എനിക്ക് കൂടുതലും നിറമുള്ള ഓര്‍മ്മകളാണ് തന്നിട്ടുള്ളത്. ബന്ധങ്ങള്‍ നമ്മുടെ ജീവിതഗതിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതും അത് വിലയിരുത്തുമ്പോള്‍ ആവശ്യമാണ്. എന്റെ ജീവിതത്തെ ആകെ പ്രയാസങ്ങളിലൂടെയാണെങ്കിലും നല്ല രീതിയില്‍ മാറ്റി മറിക്കാന്‍ മൈത്രേയനുമായുള്ള ബന്ധത്തിലൂടെ സാധിച്ചു എന്നതുകൊണ്ട് തന്നെ അത് വിലമതിക്കാവുന്ന ബന്ധമാണ്.

സുഹൃദ്ബന്ധങ്ങളും സാമൂഹ്യബന്ധങ്ങളുമൊക്കെ ഏറ്റക്കുറച്ചിലുകളോടെ തീവ്രബന്ധങ്ങളായി പരിണമിക്കാറുണ്ട്. ഭൗതികമായ സാമീപ്യമില്ലെങ്കില്‍ പോലും ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ഒരു ഊഷ്മളത നിലനില്‍ക്കുന്നു. എണ്‍പതുകളില്‍ പ്രസ്ഥാനം തുടങ്ങുമ്പോഴുണ്ടായിരുന്ന വലിയ അഭാവമാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലായി വളര്‍ന്നു കൊണ്ടിരിക്കുന്ന സൗഹൃദങ്ങളിലൂടെ നികത്തപ്പെട്ടത്. അവരില്‍ നമ്മുടെ മക്കളും പെടുന്നു. പുരുഷന്മാര്‍ക്ക് വേണ്ടി മത്സരിക്കേണ്ടവര്‍ എന്ന ബോധം കയ്യൊഴിഞ്ഞപ്പോഴാണ് സ്ത്രീകളുടെ ഇടയിലുള്ള മതിലുകള്‍ മാഞ്ഞു പോയത്. സ്ത്രീകള്‍ പരസ്പരം ഉറപ്പിച്ചെടുക്കുന്ന സൗഹൃദങ്ങള്‍ വിവാഹശേഷം ഭര്‍ത്തൃഗൃഹത്തില്‍ ഉണ്ടാക്കപ്പെടുന്നതും ഭര്‍ത്താക്കന്മാരുടെ കൂട്ടുകാരുടെ ഭാര്യമാരുമായി ഉണ്ടാകുന്നതും പോലെയല്ല. പെണ്‍സുഹൃത്തുക്കളുടെ വീട്ടില്‍ അവര്‍ മാത്രമുള്ളപ്പോള്‍ ലഞ്ചിനു പോകുന്നതും അതിന് ശേഷം അവിടെ കിടന്നുറങ്ങുന്നതും ഞാന്‍ ഏറെ ആസ്വദിക്കുന്ന സമയമാണ്. ചിലപ്പോള്‍ അവരോടോത്തു സിനിമയ്ക്ക് പോകുന്നതും. ആണ്‍സുഹൃത്തുക്കളാണെങ്കില്‍ ഒരു കൈ എപ്പോഴെങ്കിലും നമ്മളിലേയ്ക്ക് നീണ്ടു വരുന്നുണ്ടോ എന്ന് ഭയക്കണം. സമ്മതം ചോദിച്ചു മാത്രം ദേഹത്ത് സ്പര്‍ശിക്കുന്ന ആണ്‍സുഹൃത്തുക്കള്‍ ക്ഷമിക്കുക. അങ്ങനെ അല്ലാത്തവര്‍ ഉണ്ടായതുകൊണ്ടു പറഞ്ഞു പോയതാണ്. സ്ത്രീകള്‍ തമ്മില്‍ അടുക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഒരിക്കല്‍ എന്റെ റൂമില്‍ അതിഥിയായെത്തിയ ഒരു കൂട്ടുകാരി എന്നോടൊപ്പം വന്ന് കിടക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അനുവാദം ചോദിച്ചില്ലെങ്കിലും എണ്ണ തൊട്ടെടുക്കാവുന്ന അവളുടെ തൊലിയും വാടിയ ജമന്തിപ്പൂമണവും എനിക്കിഷ്ടപ്പെട്ടതു കൊണ്ട് ഞാന്‍ എതിര്‍ത്തില്ല. പക്ഷെ, വേണ്ടെന്ന് പറഞ്ഞാല്‍ സ്ത്രീകളാണെങ്കിലും അത് മാനിക്കണം.

സ്‌നേഹപ്രകടനത്തില്‍ വെറും പരാജയമായ ഞാന്‍ എന്റെ മകള്‍ കനിയില്‍ നിന്നാണ് അത് മനസ്സിലാക്കുന്നത്. പ്രകടമാക്കിയില്ലെങ്കിലും അവള്‍ക്കുണ്ടാകുന്ന വേദന ചിലപ്പോള്‍ എന്നെയും ബാധിക്കാറുണ്ട്. അവള്‍ക്ക് പ്രിയപ്പെട്ടവരില്‍ ചിലര്‍ എനിക്കും പ്രിയപ്പെട്ടവരാകുന്നു. അവര്‍ തമ്മിലുണ്ടാകുന്ന വിടവുകള്‍ എന്നെയും ബാധിക്കുന്നു. ഈയൊരു പ്രതിഭാസം ഞാന്‍ തന്നെ അതിശയത്തോടെയാണ് കണ്ടത്. ജീവശാസ്ത്രപരമായ ബന്ധങ്ങള്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്നതിനെ അതിരു കടന്ന് വളരുന്നുണ്ടോ? അതിന്റെ പ്രഭാവം ഉണ്ടാകാമെങ്കിലും നമ്മള്‍ അത് വളര്‍ത്തിയെടുക്കുക കൂടി വേണം. പല കാര്യങ്ങളും ഒരുമിച്ച് പങ്കിടാനും കഴിയണം. അവളുമായി പല കാര്യങ്ങളും ആശയപരമായി പങ്ക് വയ്ക്കാന്‍ കഴിഞ്ഞപ്പോഴാണ് ബന്ധത്തിന് കൂടുതല്‍ ദൃഢത ഉണ്ടായത് എന്ന് ഞാന്‍ വിചാരിക്കുന്നു.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ഗാഢബന്ധങ്ങള്‍ എല്ലാം തന്നെ വ്യത്യസ്തവും വിലപ്പെട്ടതുമാണ്. എനിക്കും അമ്മയ്ക്കും പങ്ക് വയ്ക്കാന്‍ കഴിയുന്ന ആശയലോകം കുറവായിരുന്നു. അമ്മ കാണുന്ന സീരിയലുകള്‍ കാണാനോ അതേ പറ്റി സംസാരിക്കാനോ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞത് കൊണ്ട് അമ്മ മരിച്ചപ്പോള്‍, ഇതു വരെ നേരിട്ട ഏതു മരണത്തേക്കാളും വലിയ ആഘാതം എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ എത്ര ഒഴിഞ്ഞു മാറിയാലും എന്നിലേയ്ക്ക് തിരിഞ്ഞു കൊണ്ടിരുന്ന അമ്മയുടെ പ്രത്യേകത കൊണ്ട് കൂടിയാവണം അത്. അമ്മയുടെ അവസാന നാളുകളില്‍ ഞങ്ങള്‍ എപ്പോഴും അരികിലുണ്ടായിരുന്നതു കൊണ്ട് അടുപ്പം കൂടി. കനി ഒരു കുഞ്ഞിനെ എന്ന പോലെ അമ്മയെ പരിചരിക്കുന്നതു ഞാന്‍ നോക്കി നിന്നു. അവള്‍ കുളിപ്പിക്കുമ്പോള്‍ അമ്മ പറഞ്ഞു, ""നിനക്കിതൊക്കെ അറിയാമല്ലോ, ജയശ്രീക്ക് അറിയില്ല'' എന്ന്. എന്റെ കരുതല്‍ കുറവിനെ പോലും അമ്മ നിസ്സാരമായി കണ്ട് പൊരുത്തപ്പെട്ടു. സ്‌നേഹം കൊണ്ടും സങ്കല്‍പ്പം കൊണ്ടും അരികത്ത് നില്‍ക്കുന്നവരാണ് ജീവിതം ചലിപ്പിക്കുന്നത്.


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ: എ.കെ.ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM