Sunday, 28 November 2021

ആത്മകഥ


Text Formatted

എഴുകോൺ-47

​​​​​​​ഇനി വേറെയായ് ...

കുടുംബം ഉപേക്ഷിച്ച് ഞാനും മൈത്രേയനും വേറെ താമസിക്കാന്‍ തീരുമാനിക്കുമ്പോഴും അതൊരു പിരിയല്‍ അല്ലെങ്കില്‍ കൂടിയും ഒരു തീവ്രാനുഭവത്തില്‍ കൂടി ഞാന്‍ കടന്നുപോയി.  അതില്‍, വൈകാരികവും പ്രായോഗികവുമായ ഘടകങ്ങള്‍ ഉണ്ടായിരുന്നു.

Image Full Width
Image Caption
മൈത്രേയനും ഡോ. എ.കെ. ജയശ്രീയും
Text Formatted

നി വേറെയായ് കഴിയുന്നതാണ് വേദന...
സജിനീ...

ഷഹബാസ് അമന്റെ പാട്ടുകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ‘സജിനി’. ഒരുപക്ഷേ, മനുഷ്യരുടെ ഏറ്റവും തീവ്രമായ വികാരം, വിരഹവും അതിന്റെ വേദനയും ആയിരിക്കും. പ്രണയിനിയും സ്‌നേഹം നിറഞ്ഞ കൂട്ടുകാരും സന്യാസിനിയും വിപ്ലവകാരിയും ബാലരും വൃദ്ധരും അതനുഭവിക്കുന്നു, പല ആവൃത്തികളിലായിരിക്കുമെന്ന് മാത്രം.

അഞ്ചുവയസുള്ളപ്പോള്‍ എനിക്ക് രണ്ട് കുഞ്ഞു പൂച്ചകളെ കിട്ടി.
രണ്ടുപേര്‍ക്കും തിളങ്ങുന്ന കറുപ്പ് നിറമായിരുന്നു.
ഒന്ന് ശാന്തസ്വഭാവമുള്ളതും മറ്റേത് തൊട്ടാലുടനെ മാന്തുന്നതും. സ്വാഭാവികമായും മാന്താത്ത പൂച്ചക്കുഞ്ഞ് കൂടുതല്‍ പ്രിയമുള്ളതായി. ഒരുദിവസം രാത്രി അവള്‍ മുറ്റത്ത് എന്നോടൊപ്പം കളിച്ചുകൊണ്ടിരുന്നു. ഞാന്‍ അകത്തുപോയ നേരം ഒരു അപകടം തോന്നി. ഒരു നായയുടെ മുരളിച്ചപോലെ. തിരികെ വന്നുനോക്കുമ്പോള്‍ മുറ്റത്ത് ഒരു കറുത്ത നിഴല്‍. ഒരു നിമിഷം എന്റെ ഉള്ള് കാളി. എന്റെ പൂച്ചക്കുഞ്ഞ് മരിച്ചുകിടക്കുന്നതായിരിക്കുമോ അത്? മുകളില്‍ വലിച്ചുകെട്ടിയിരുന്ന അയയില്‍ തൂങ്ങിക്കിടക്കുന്ന തുണികളിലൊന്നിന്റെ നിഴലായിരിക്കട്ടെ അതെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചു. അടുത്തുപോയി നോക്കിയില്ല. എന്റെ പൂച്ചക്കുട്ടി അകത്ത് വികൃതിക്കുട്ടിയുമായി കളിക്കുകയാവും എന്ന് സങ്കല്‍പ്പിച്ചു. ഞാന്‍ മുറ്റത്ത് മരവിച്ചിരിക്കെ മറ്റുള്ളവര്‍ വന്ന് മരിച്ചുകിടന്ന പൂച്ചക്കുഞ്ഞിനെ സങ്കടപ്പെട്ട് അടക്കംചെയ്തു. കുറച്ചുദിവസത്തേക്ക് എന്റെ ഉള്ളില്‍ ആ വേദന ഉരുകാത്ത ഐസ് പോലെ കട്ടിപിടിച്ചുകിടന്നു.  

മകള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ ചുറ്റുമുള്ളവര്‍ ചോദിക്കാന്‍ തുടങ്ങി,  ‘കല്യാണമായില്ലേ' എന്ന്. ‘ആദ്യം ഞാന്‍ വിവാഹം കഴിക്കട്ടെ' എന്ന് ഞാന്‍ തമാശയായി അവരോട് പറഞ്ഞു.

ബാല്യം വിട്ട് കൗമാരമെത്തിയപ്പോഴേക്കും ഉറക്കം വരാത്ത രാത്രികളില്‍ എവിടെ നിന്നോ ഗസല്‍ സംഗീതം ഒഴുകിവന്നു. വിരഹത്തിന്റെ വേദന തലമുറകളിലൂടെ കൈ മാറുന്ന ജനിതകം, മസ്തിഷ്‌കത്തില്‍ എഴുതിയുണ്ടാക്കുന്ന ഓര്‍മച്ചിത്രങ്ങളിലൂടെ ഉള്ളുണര്‍ത്തുകയായിരിക്കാം. ക്ലാസിക് കഥകളില്‍ നിന്ന് ദ്രൗപദിയും അനാര്‍ക്കലിയും ഓര്‍മയില്‍ വേദനയായി തങ്ങിനിന്നു.  
മറ്റൊരാളെ ഉള്ളില്‍ പേറി നടക്കുന്നത് മനുഷ്യരുടെ സ്വഭാവമായി കാണുന്നു. എന്നാല്‍, ഉള്ളിലേക്ക് മറ്റാരെയും അധികം കടത്തിവിടാതെ സ്വസ്ഥമായി കഴിയുന്നവരെയും കാണാം. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ചില ചെറുപ്പക്കാരെ കണ്ട് അതിശയിച്ചിട്ടുണ്ട്. അവരുടെ പണികളില്‍ മുഴുകിയിരിക്കുകയും മറ്റുള്ളവരെ പറ്റി അധികം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവര്‍. ഒരു പ്രേമഭാജനത്തിനായി അവര്‍ എപ്പോഴെങ്കിലും ദാഹിക്കുമോ എന്ന് സംശയം തോന്നും.  

shahabas aman
ഷഹബാസ് അമന്‍ / Photo: Facebook

ചിലരുടെ ജീവിതം അവരറിയാതെ നിരീക്ഷിച്ചിട്ടുമുണ്ട്. വിവാഹിതരായതിനുശേഷം അവര്‍ ദീര്‍ഘകാലം ബന്ധത്തില്‍ തുടര്‍ന്നില്ല എന്നും കണ്ടു. എന്നാല്‍, അവരോട് നേരിട്ട് ഇക്കാര്യം സംസാരിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ ഉള്ളില്‍ എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. മറുവശത്ത്, ജീവിതകാലം മുഴുവന്‍ മറ്റൊരാളെ ഉള്ളില്‍ കൊണ്ട് നടക്കുന്നവരെയും കാണാം. കോഴിക്കോട്ടെ കാഞ്ചനമാലയുടെ കഥ അടുത്തിടെ ചലച്ചിത്രമാക്കിയിരുന്നു. കാമുകനുവേണ്ടി അവര്‍ ഒരുപാട് കാലം കാത്തിരിക്കുകയും, വിവാഹം നടക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം അപകടത്തില്‍പെട്ട് മരിച്ചുപോവുകയും ചെയ്തു. ഓര്‍മയില്‍ അദ്ദേഹത്തെ സൂക്ഷിച്ചുകൊണ്ട് അവിവാഹിതയായി അവര്‍ ജീവിതം തുടര്‍ന്നു. അവരെ ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ സന്ദര്‍ശിച്ചു. സ്വന്തമായി ഓട്ടുകമ്പനി നടത്തുകയും അതോടൊപ്പം മറ്റുള്ളവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തിരുന്നു. അതെല്ലാം കുറെ നേരം സംസാരിച്ചു എങ്കിലും ഈ വിഷയത്തിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.     

പരസ്പരമുള്ള കരുതലിനോടൊപ്പം തന്നെ, നഷ്ടപ്പെടുമോ എന്ന ഭയവും അസൂയയും ഉണ്ടാകുന്നു എന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരുപാട് കാലം മൈത്രേയന് മറ്റൊരു ബന്ധമുണ്ടാകുന്നത് എന്റെ സ്വപ്നങ്ങളില്‍ അഥവാ, ദുഃസ്വപ്നങ്ങളില്‍ കടന്നുവന്നിരുന്നു. 

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാഞ്ചെസ്‌കോ പെട്രാര്‍ക് (Francesco Petrarch) എന്ന ഇറ്റാലിയന്‍ കവിയുടെ റൈം സ്പെയേഴ്സ് (Rime Sparse), ലോറ എന്ന   തന്റെ പ്രണയിനിയെക്കുറിച്ച് കാല്‍നൂറ്റാണ്ട് കൊണ്ട് രചിച്ച 366 കവിതകളാണ്. മറ്റു പൗരാണിക സാഹിത്യ കൃതികളിലെന്ന പോലെ, മോഹവും വിരഹവും മിസ്റ്റിസിസവും കലര്‍ന്നുകിടക്കുന്നതാണ് ഈ രചന. അവിന്‍യോണി (Avignon) ലെ സെയിൻറ്​ ക്ലെയര്‍ (Saint Clare) ചര്‍ച്ചില്‍ വച്ച് ലോറ എന്ന സ്ത്രീയെ കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിനുണ്ടായ അഭിനിവേശമാണ് ഈ കവിതകളിലുള്ളത്. ഇത് സാങ്കല്പികമാണോ യഥാര്‍ഥമാണോ എന്നുപോലും നിര്‍ണയിക്കാനാവുന്നില്ല. ആ സ്ത്രീ നേരത്തേ തന്നെ വിവാഹിതയായതുകൊണ്ട് ഒരിക്കലും പ്രാപിക്കാനാകാത്തതിനാലാണ് അദ്ദേഹത്തിന്റെ വിരഹം തീവ്രമാകുന്നത്. ക്രിസ്തീയ സദാചാരം ചെറുപ്പകാലം മുതല്‍ സ്വാധീനിച്ചിട്ടുള്ള ആളായിരുന്നു പെത്രാര്‍ക്. ആത്മീയമായ പ്രണയത്തിനും ശരീരബദ്ധമായ അഭിനിവേശത്തിനും ഇടയില്‍ ഉഴറുന്നതാണ് ഈ കവിതകളിലുള്ളത്. ലോറയുടെ നിറവും മുടിയിഴകളുടെ ഇളകലുമെല്ലാം ഉടലിനോടുള്ള ആകര്‍ഷണം തന്നെയാണ്. എന്നാല്‍,  ഇത് കാല്പനികമായ ബിംബവല്‍കരണമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആകൃഷ്ടമായ ശരീരം, ആകര്‍ഷണം അനുഭവിക്കുന്ന ആളിന്റെ ശരീരത്തിലുണ്ടാക്കുന്ന പീഡയും ആനന്ദവുമാണ് എനിക്കിതില്‍ താല്പര്യമുണ്ടാക്കുന്നത്. അകന്നിരിക്കുമ്പോഴും വിരഹത്തിലും മാത്രം അനുഭവിക്കാനാകുന്ന ഒരവസ്ഥയാണത്. ഈ അവസ്ഥയില്‍ മനസ്സിനുണ്ടാകുന്ന ചാഞ്ചല്യമാണ് അതിന്റെ  മറ്റൊരു സവിശേഷത. വിരഹിണിയോ വിരഹിയോ, മാറിമാറി വേദനിക്കുകയും, ആനന്ദമൂര്‍ച്ഛയിലെത്തുകയും, കരയുകയും ചിരിക്കുകയും പ്രതീക്ഷിക്കുകയും, നിരാശപ്പെടുകയും ചെയ്യും. സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍ ഒഴുകിനടക്കുകയാണിവര്‍.  
Now I seem to find her, now I realise
she's far away, now I'm comforted, now despair,
now longing for her, now truly seeing her. 
(Rime Sparse: Petrarch)

വിരഹം ശരീരത്തിലേല്‍പ്പിക്കുന്ന ആഘാതം സംസ്‌കൃതകൃതികളിലും സുലഭമാണ്. ജയദേവന്റെ ഗീതാഗോവിന്ദത്തില്‍ എത്ര മനോഹരമായാണ് അത് വിവൃതമാകുന്നത്?
‘‘സരസമസൃണമപി മലയജപങ്കം പശ്യതി വിഷമിവ വപുഷി സശങ്കം  
ശ്വസനപവനമനുപമപരിണാഹം  മദനദഹനമിവ വഹതി സദാഹം’’
  തുടങ്ങി ഒട്ടേറെ പദങ്ങള്‍ വിരഹത്തിന്റെ വര്‍ണനയാണ്. 
കൃഷ്ണന്റെ വിരഹത്താല്‍ കുളിര്‍ചന്ദനം കൊണ്ടുള്ള ലേപനം വിഷം പോലെയും ആസക്തിയാല്‍ ശ്വാസനിശ്വാസങ്ങള്‍ പൊള്ളുന്നതായുമാണ് രാധ അനുഭവിക്കുന്നത്. കാളിദാസന്റെ നായികമാരായ കുമാരസംഭവത്തിലെ പാര്‍വതിയും അഭിജ്ഞാന ശാകുന്തളത്തിലെ ശകുന്തളയും വിരഹം കൊണ്ട് മെലിച്ചിലും പലവിധ ശരീരപീഡകളും അനുഭവിക്കുന്നുണ്ട്. സംസ്‌കൃതഭാഷയില്‍ അതിമനോഹരമായാണ് ശരീരപീഡകള്‍ വര്‍ണിക്കുന്നതെങ്കിലും ക്ലിനിക്കിലെ രോഗവിവരണത്തേക്കാള്‍ അധികമാണല്ലോ ഇവ എന്ന് എനിക്ക് തോന്നാറുണ്ട്. 
വള്ളുവരുടെതിരുക്കുറളിലും വിരഹപീഡകളെക്കുറിച്ച് സമാനമായ വിവരണങ്ങളുണ്ട്.  
‘‘His mere look was once a delight; but now
Even his embrace saddens, fearing separation'
'Can fire, which hurts when touched, 
Hurt like the passion of love even untouched?’’

‘‘വരാനിരിക്കുന്ന വിരഹത്തെക്കുറിച്ചുള്ള ആലോചനയാല്‍ കാമുകന്റെ ആലിംഗനം പോലും ദുഃഖകരമാകുന്നു. അകന്നിരിക്കുമ്പോള്‍ പ്രണയാസക്തിയുണ്ടാക്കുന്നത്രയും വരുമോ തീയോടടുത്താലുള്ള പൊള്ളല്‍?'' എന്നൊക്കെയാണ് പറയുന്നത്. 
തിരുക്കുറളിലെ പ്രണയകാണ്ഡത്തില്‍ കൂടുതലും സംയോഗത്തേക്കാള്‍, വിരഹവും ലജ്ജയും സമൂഹത്തില്‍ അത് പരത്തുന്ന ഊഹാപോഹങ്ങളും ചേര്‍ന്നുണ്ടാക്കുന്ന സന്ദേഹങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. 

kani jayasree
ഡോ. എ.കെ. ജയശ്രീയും കനിയും

ആധുനികപൂര്‍വ കാലത്തെ പ്രണയത്തിന്റെ ആഖ്യാനങ്ങള്‍ ഇപ്പോള്‍ നോക്കുന്നത് രസകരമല്ലേ? അന്ന്, ശരീരത്തെയും മനസ്സിനെയും വേര്‍തിരിച്ചുള്ള ഒരു സങ്കല്‍പ്പം ഉണ്ടായിരുന്നില്ല എന്നത് കൗതുകകരമാണ്. പ്രണയവും വിരഹവും ഒക്കെ അനുഭവിക്കുന്നത് ശരീരങ്ങളാണ്. വിഷയിയോ കര്‍തൃത്വമോ ഒന്നും അവിടെ കടന്നുവരുന്നില്ല. ശരീരത്തിന്റെയും സമൂഹത്തിന്റെയും ധര്‍മങ്ങളാണ് പ്രസക്തമായി വരുന്നത്. ശരീരത്തിനതീതമായി കാണുന്നത് ആത്മാവിനെയാണ്. അതിന് കര്‍തൃത്വം ഒന്നുമില്ല. അനുഭവങ്ങളില്‍ നിന്ന് ആഖ്യാനങ്ങളുണ്ടാകുന്നത് പോലെ, ഇത്തരം ആഖ്യാനങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. വെറുതേ, സ്വാധീനിക്കുന്നു എന്നുപറഞ്ഞാല്‍ പോരാ, അത് ഉടലില്‍ മുദ്രണം ചെയ്യപ്പെടുകയാണ്. 

ആധുനിക കാലത്താണ് ജീവിക്കുന്നതെങ്കിലും പഴയ മൂല്യങ്ങളൊക്കെ ശക്തമായി നില്‍ക്കുന്ന കാലത്തായിരുന്നു എന്റെ യൗവനം. അതേസമയം, ആധുനികമൂല്യങ്ങളില്‍ ജീവിക്കുന്ന ഒട്ടേറെപേര്‍ ചുറ്റുമുണ്ടായിരുന്നു താനും. വിവാഹത്തിലും ദാമ്പത്യത്തിലും അവസാനിക്കുന്ന കാല്‍പ്പനിക പ്രണയങ്ങളും, പ്രണയമില്ലാത്ത പ്രായോഗികമതിത്വം മുന്നിട്ടുനില്‍ക്കുന്ന ദാമ്പത്യങ്ങളുമായിരുന്നു ചുറ്റിലും കണ്ടത്. വ്യക്തികള്‍ രൂപപ്പെട്ടു എങ്കിലും സ്ത്രീകള്‍ വിദ്യാഭ്യാസം പോലെ പൊതുരംഗത്തേക്ക് വന്നു എങ്കിലും ശരീരത്തിലേക്കുള്ള ഏകപക്ഷീയമായ പുരുഷനോട്ടത്തെക്കുറിച്ച് അന്നാരും പറഞ്ഞുകേട്ടിരുന്നില്ല. അത് കൊണ്ടൊക്കെ ആവാം, പ്രണയത്തിന്റെ വിഷയത്തില്‍, ചെറുപ്പകാലത്ത് ആധുനികതയെക്കാള്‍ ഞാന്‍ ആകര്‍ഷിക്കപ്പെട്ടത് പൗരാണികതയിലേക്കാണ്. ദാമ്പത്യത്തിലേക്ക് ആനയിക്കപ്പെടുന്ന പ്രണയം ഞാന്‍ ആഗ്രഹിച്ചില്ല. പകരം, ശരീരത്തെ വിരഹപീഡകള്‍ക്ക് വിട്ടുകൊടുത്ത് നിഗൂഢമായ ഒരു ലോകത്ത് മറഞ്ഞിരിക്കാനാണ് ഞാന്‍ കൊതിച്ചത്. അതോടൊപ്പം ഉണ്ടാകുന്ന ആനന്ദനിമിഷങ്ങളിലും സാധനകളിലൂടെ ഒരിക്കല്‍ കൈവന്നേക്കാവുന്ന പരമമായ ആത്മീയാനുഭൂതിയെപ്പറ്റിയുള്ള സങ്കല്പങ്ങളിലും ഞാന്‍ തൃപ്തയായിരുന്നു. ആസക്തി ഉണ്ടാക്കുന്ന ആള്‍ക്കാരെ ഞാന്‍ അകലത്തില്‍ തന്നെ നിര്‍ത്തി. അവരുമായി എന്തെങ്കിലും ഇടപാടുകള്‍ നടത്തണമെങ്കില്‍ തീര്‍ച്ചയായും അതിനുചേരുന്ന അന്തരീക്ഷവും തയാറെടുപ്പുകളും വേണം. ഈ ആസക്തി എത്ര കാലം നിലനില്‍ക്കുമെന്നും അറിയാന്‍ കഴിയില്ല. ചിലപ്പോള്‍ ദിവസങ്ങളായിരിക്കും. മറ്റു ചിലപ്പോള്‍ മാസങ്ങളും. മാസങ്ങളോളം നീണ്ടുനില്‍ക്കുമ്പോള്‍ വിരഹവും വേദനയുമൊക്കെ അനുഭവിക്കാനാകും. സാങ്കല്പികമായിരിക്കെ ഉണ്ടാകുന്ന അനുഭവം യാഥാര്‍ഥ്യമാകുമ്പോള്‍ എങ്ങനെ ആയിരിക്കും എന്ന് അറിയാന്‍ കഴിയില്ല. ചിലപ്പോള്‍ അവ ദുരന്തങ്ങളിലും അവസാനിച്ചേക്കാം. തിരസ്‌കരിക്കപ്പെടുമെന്ന ഭയമോ, മുന്നിട്ടുനില്‍ക്കുന്ന ആത്മരതിയോ, സാഹചര്യങ്ങളുടെ പ്രാതികൂല്യമോ ഒക്കെ ആയിരിക്കാം അഭിനിവേശങ്ങള്‍ ഉള്ളില്‍ മാത്രം ഒതുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. 

ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അതിശയകരമായ ഒരു വേവലാതിയും ആനന്ദവും അതൊപ്പം കൊണ്ടുവന്നു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും രാവിലെ ഉണരുമ്പോഴും ഒപ്പം ഒരാളുണ്ടാവുക എന്നത് പുതുമ തന്നെയാണ്

വേറൊരാളുമായി ബന്ധത്തിലേര്‍പ്പെടുക്കുക തികച്ചും പുതുമയുള്ള കാര്യമായിരുന്നു. നമ്മുടെ നാട്ടില്‍ ഡേറ്റിങ് ഒന്നും പരസ്യമായി അനുവദിച്ചിട്ടില്ലല്ലോ. എങ്കിലും ഞങ്ങള്‍ കഴിയുന്നത്ര കുറേശ്ശെ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചു. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും, ആധുനികമായ എല്ലാ സ്വഭാവങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി. ഒരാള്‍ അപ്പുറത്ത് വരുമ്പോള്‍ ഇപ്പുറത്തെ വ്യക്തിക്ക് തല പൊക്കാതിരിക്കാന്‍ ഇപ്പോഴത്തെ സാമൂഹ്യജീവിതത്തില്‍ സാധിക്കുകയില്ല. സ്ത്രീക്ക് എന്തെല്ലാം സവിശേഷതകളുണ്ടായാലും അവര്‍ വ്യക്തി തന്നെയാണ്. ശരീരത്തിന്റെ വേദനയായാലും ആനന്ദമായാലും, ഉള്ളില്‍ ഉണര്‍ന്നിരിക്കുന്ന ഞാന്‍ തന്നെയായിരിക്കണം അതിന്റെ നിയന്താവ് എന്ന ബോധം വന്നത് വേറൊരാള്‍ ജീവിതത്തില്‍ വന്നപ്പോഴാണ്. വ്യക്തികളെക്കുറിച്ചുള്ള സങ്കല്‍പ്പം രൂപപ്പെട്ട ആധുനിക കാലത്തിനുശേഷം സ്ത്രീപുരുഷബന്ധങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത സമസ്യയാണ്. ഫെമിനിസത്തിനുശേഷം കാല്‍പനിക പ്രണയവും പ്രശ്‌നത്തിലായി. മനുഷ്യര്‍ സ്ത്രീകളും പുരുഷന്മാരും മാത്രമല്ലെന്ന തിരിച്ചറിവ് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.  

maithreyan
മൈത്രേയന്‍

ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അതിശയകരമായ ഒരു വേവലാതിയും ആനന്ദവും അതൊപ്പം കൊണ്ടുവന്നു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും രാവിലെ ഉണരുമ്പോഴും ഒപ്പം ഒരാളുണ്ടാവുക എന്നത് പുതുമ തന്നെയാണ്. ഒറ്റയടിക്ക് സ്വകാര്യത നഷ്ടപ്പെടുകയുമാണ്. അതേസമയം സ്വയം തിരിച്ചറിയാനുള്ള ഒരവസരം ഉണ്ടാവുകയും ചെയ്യുന്നു. മറച്ചുവെക്കപ്പെട്ടിട്ടുള്ള പല സ്വഭാവങ്ങളും സ്വയം വെളിവാക്കുന്നു. വേവലാതിയോടൊപ്പം വലിയ ഒരു സംരക്ഷണവലയത്തില്‍ സ്വസ്ഥമാകുന്നത് പോലെയും അന്നെനിക്ക് തോന്നി. 

പരസ്പരമുള്ള കരുതലിനോടൊപ്പം തന്നെ, നഷ്ടപ്പെടുമോ എന്ന ഭയവും അസൂയയും ഉണ്ടാകുന്നു എന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരുപാട് കാലം മൈത്രേയന് മറ്റൊരു ബന്ധമുണ്ടാകുന്നത് എന്റെ സ്വപ്നങ്ങളില്‍ അഥവാ, ദുഃസ്വപ്നങ്ങളില്‍ കടന്നുവന്നിരുന്നു. ബന്ധങ്ങളില്‍ എല്ലാ കാലത്തും മനുഷ്യര്‍ നേരിട്ടിട്ടുള്ള പ്രശ്‌നമാണ് സെക്ഷ്വല്‍ ജലസി. ഷേക്സ്പിയര്‍ കൃതികളിലും ആധുനിക സാഹിത്യത്തിലും എപ്പോഴും പ്രമേയമായി വരുന്ന വിഷയമാണിത്. ജീവിതത്തിലും അങ്ങനെ തന്നെയാണല്ലോ. പരസ്പരമുള്ള ഇഴുകിചേരല്‍ ‘ഞാന്‍' എന്നതിനെ ഉലച്ചുകൊണ്ടിരിക്കും. മറ്റേയാളില്ലാതെ നിലനില്‍ക്കാന്‍ കഴിയുമോ എന്ന സന്ദേഹം, നഷ്ടപ്പെടുമോ എന്ന ഭയത്തിലേക്ക് നയിക്കുന്നു. ഈ ഉത്കണ്ഠയോടൊപ്പം തന്നെ പുതിയ ബന്ധങ്ങളിലേക്ക് വഴുതിവീഴാനുള്ള ത്വരയും എപ്പോഴുമുണ്ടെന്നതും കൗതുകകരമാണ്. സാധാരണജീവിതത്തില്‍ പലവിധ ആചാരങ്ങളാലും നിയമങ്ങളാലും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കാണുന്നത്. എന്നാല്‍, അവ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടുമില്ല. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിലും പ്രാരാബ്ധങ്ങളിലും മുഴുകിപ്പോകുന്നവര്‍ ഇതൊക്കെ താല്‍ക്കാലികമായി മറന്നുപോയേക്കാം. സദാചാരബോധനം ഉറച്ചുപോയവരില്‍ ഈ വികാരങ്ങളൊക്ക അമര്‍ത്തപ്പെട്ടിട്ടുണ്ടാവാം. വിശ്രമവേളകളില്‍ മറ്റുള്ളവരുടെ ‘അവിഹിത' ബന്ധങ്ങളെ പറ്റിയുള്ള ദൂഷണങ്ങളിലൂടെ, സംതൃപ്തിയും സദാചാരം നിലനിര്‍ത്തുന്നു എന്ന തോന്നലുമുണ്ടാകും. 

സമൂഹത്തില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിയാത്തതുകൊണ്ട് അത് പുരുഷനിലൂടെ നേടാമെന്നതാണ് സ്ത്രീക്ക് പുരുഷനെ ചിലപ്പോള്‍ ‘ടോക്‌സിക്’ ആകുന്ന തരത്തില്‍ സ്വന്തമാക്കി വക്കാന്‍ പ്രേരകമാകുന്നത്.

ഇത്തരം വികാരങ്ങള്‍ എല്ലാവരിലും ഉണ്ടാകുമെങ്കിലും പുരുഷന്മാര്‍ക്ക് സെക്ഷ്വല്‍ ജലസി കൂടുതലായി ഉണ്ടാകാമെന്ന് പൊതുവെ ധാരണയുണ്ട്. ഇതിന് അതിജീവനപരമായതോ ജീവശാസ്ത്രപരമായതോ ഒക്കെ ഉള്ള കാരണങ്ങള്‍ നിരത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇതിന്റെ ആഖ്യാനങ്ങള്‍ കാലഘട്ടം മാറുന്നതിനനുസരിച്ച് മാറുകയും ചെയ്യുന്നു. പ്രത്യേകിച്ച് കൊലയിലേക്കും അനിയന്ത്രിതമായ ക്ഷോഭത്തിലേക്കും പോകുന്നിടത്ത്. പഴയ കൃതികളില്‍ സ്വാഭാവികമായും അനിവാര്യമായുമുള്ളതായാണ് അത്തരം ക്ഷോഭങ്ങള്‍ ചിത്രീകരിക്കപ്പെട്ടത്. ജീവിതത്തിലും അങ്ങനെ തന്നെയാണ് കാണുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അസൂയ ഉണ്ടാകുമെങ്കിലും പ്രതികരിക്കുന്നത് രണ്ട് തരത്തിലാണ്. പെട്ടെന്നുള്ള ക്ഷോഭംമൂലം പുരുഷന്മാര്‍ ഭാര്യയെയോ ജാരനെയോ രണ്ടുപേരെയുമോ കൊലപ്പെടുത്താം. തപസ് കൊണ്ട് മനഃസംയമനം സിദ്ധിച്ച മഹര്‍ഷിമാര്‍ പോലും അത് ചെയ്തിരിക്കുന്നു. അതിന് കഴിയാത്തവര്‍ മദ്യപിക്കുകയോ നിരന്തരം പങ്കാളിയെ പീഡിപ്പിക്കുകയോ ചെയ്തുകൊണ്ടിരിക്കും. ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ പോലും ആധി കൂടിയ മനുഷ്യര്‍ പരനോയ്ഡ് ഡെല്‍യൂഷന്‍ (paranoid delusion) എന്ന മാനസികരോഗത്തിനടിപ്പെടുന്നു. മനോരോഗ ചികിത്സാകേന്ദ്രങ്ങളില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം ഈ പ്രശ്‌നമുള്ളവരാണ്.

dr jayasree
ഡോ. എ.കെ. ജയശ്രീ

സംശയരോഗത്തിനടിപ്പെടുന്നവര്‍ അതിനുള്ള തെളിവുകളും കൊണ്ടുവരും. എന്റെ അടുത്ത് വന്നിരുന്ന ഒരു  സ്ത്രീ, ഭര്‍ത്താവ് വേറൊരു സ്ത്രീയുമായി യാത്ര ചെയ്യുന്നു എന്നതിന് തെളിവായി തലമുടിയില്‍ ചൂടുന്ന പൂക്കളും സ്ത്രീകള്‍ ധരിക്കുന്ന ആഭരണങ്ങളും ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് കൊണ്ടുവന്നിരുന്നു. മരുന്നുകള്‍ കഴിച്ചപ്പോള്‍ അവരുടെ ചിന്ത മാറുകയും ചെയ്തു. ഒരുകാലത്ത് മൈത്രേയനോട് ചില സ്ത്രീകള്‍ കാണിക്കുന്ന അമിതമായ അടുപ്പം എനിക്ക് അതില്‍ ഒരു ഒബ്‌സെഷന്‍ ഉണ്ടാക്കിയിരുന്നു. അതുതന്നെ ചിന്തിച്ചകൊണ്ടിരിക്കുമ്പോള്‍ ഭാവനയില്‍ നമ്മള്‍ ഇല്ലാത്തതു കാണാന്‍ തുടങ്ങും. രോഗാവസ്ഥയിലേക്ക് ആളുകള്‍ എങ്ങനെയാണ് എത്തുന്നതെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.  

സ്വന്തം പങ്കാളി നഷ്ടപ്പെടുമോ എന്ന ഭയത്തേക്കാള്‍, പുരുഷന്മാര്‍ക്ക് അതില്‍ ഒരു അപമാനം കൂടി പേറേണ്ടിവരുന്നുണ്ട്. പുരുഷനും സ്ത്രീയും തമ്മില്‍ ഗാഢബന്ധം നിലനില്‍ക്കുമ്പോഴും പുരുഷന്മാര്‍ എപ്പോഴും മറ്റു പുരുഷന്മാര്‍ക്ക് മുകളില്‍ ഒരു സ്ഥാനം ഉറപ്പിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. സ്ത്രീകളെ സ്വന്തമാക്കി വക്കുകയും അവരെ പൂര്‍ണമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുക എന്ന ഒരു വൈകല്യം അവരില്‍ കടന്നുകൂടി. സ്ത്രീകളുമായി ബന്ധമുണ്ടാക്കുക മാത്രമല്ല, അത് മറ്റു പുരുഷന്മാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകവഴി അവരുടെമേല്‍ ആധിപത്യമുണ്ടാക്കുന്നത് കൂടിയാണ് പുരുഷന് അഭിമാനം. അതിനാല്‍, തന്റെ പെണ്ണ് വേറൊരുത്തനുമായി ബന്ധമുണ്ടാക്കുമ്പോള്‍, തന്നെ അപമാനിക്കുന്നതായി അവന്‍ അനുഭവിക്കുന്നു. ഇത്തരം മൂല്യങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത് സ്ത്രീകള്‍ കൂടി അതിന് ഒത്താശ ചെയ്തുകൊടുക്കുന്നതുകൊണ്ടുമാണ്. സ്ത്രീകളുടെ അസൂയയ്ക്ക് അടിസ്ഥാനമാകുന്നത് അവരുടെ വിഭവക്കുറവായിരിക്കും. ഭൗതികമായതുമാത്രമല്ല, സാമൂഹ്യവിഭവങ്ങളും അധികാരവും പുരുഷന്റെ കൈയിലാണല്ലോ. സമൂഹത്തില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിയാത്തതുകൊണ്ട് അത് പുരുഷനിലൂടെ നേടാമെന്നതാണ് സ്ത്രീക്ക് പുരുഷനെ ചിലപ്പോള്‍ ‘ടോക്‌സിക്’ ആകുന്ന തരത്തില്‍ സ്വന്തമാക്കി വക്കാന്‍ പ്രേരകമാകുന്നത്. സ്ത്രീകളും ഇതെല്ലാം ആര്‍ജിച്ചുകഴിഞ്ഞാല്‍ പിന്നെ, ഉയര്‍ന്ന കവിളെല്ലുകളും കനത്ത ശബ്ദവുമൊക്കെ മാത്രമാകും പുരുഷന് ആകര്‍ഷണീയത ഉണ്ടാക്കുന്നത്. ഇന്നത്തെ പോലെ കൈവിട്ടുപോകുമോ എന്ന ആശങ്കയൊന്നും അപ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകില്ലായിരിക്കാം.   

ഇപ്പോഴത്തെ അവസ്ഥയില്‍, സ്ത്രീകള്‍ കുടുംബവ്യവസ്ഥയ്ക്ക് വല്ലാതെ അടിപ്പെട്ടിരിക്കുന്നു. സ്വന്തമായ പുരുഷന് മറ്റൊരു സ്ത്രീയുമായി  ബന്ധമുണ്ടായാല്‍, അത് പുതിയ കാമുകിയുടെ മാത്രം പ്രശ്‌നമായാണ് ഭാര്യ കാണുന്നത്. അവരെ ഒഴിവാക്കി ഭര്‍ത്താവിനെ തിരിച്ചുപിടിക്കാനാണ് സ്ത്രീകള്‍ കോടതിയിലൊക്കെ എത്തുന്നത്. സ്ത്രീകള്‍ക്ക് വൈകാരികതയ്ക്ക് പുറമേ സാമ്പത്തികമായും പുരുഷനെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണിത്. എന്ത് പ്രയാസം സഹിച്ചും ഭര്‍ത്താവിനെ തിരികെ കൊണ്ടുവരേണ്ട ഗതികേടിലാണ് സ്ത്രീകള്‍. പണ്ട് എന്റെ വീടിനടുത്ത് ഒരു ദമ്പതിമാര്‍ താമസിച്ചിരുന്നു. സ്ത്രീയ്ക്ക് അന്‍പത് വയസ്സിലേറെ പ്രായവും പുരുഷന് മുപ്പതിനും നാല്പതിനും ഇടയ്ക്ക് പ്രായവും വരും. അവര്‍ മറ്റൊരാളിന്റെ ഭാര്യയായിരുന്നപ്പോള്‍ ഈ ചെറുപ്പക്കാരനുമായുള്ള രഹസ്യബന്ധം അറിയാനിടയായ ഭര്‍ത്താവ് ഇവരെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്യിപ്പിച്ചതാണത്രേ. ഇങ്ങനെയുള്ള പല സംഭവങ്ങളും അക്കാലത്ത് കേട്ടിരുന്നു.

പ്രിയപ്പെട്ടവരുടെ ഉപേക്ഷ മനുഷ്യരില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായാണ് കാണുന്നത്. നേരത്തേയുള്ള മുറിവുകളുടെ പാടുകള്‍ തിണര്‍ത്തു കിടക്കുന്നതിനാല്‍ പെട്ടെന്ന് മുറിവുകളുണ്ടാകാം. അവരുടെ പ്രണയവും സ്‌നേഹവും തീക്ഷ്ണമായിരിക്കും.

ഭര്‍ത്താക്കന്മാരുടെ ഇത്തരം ചെയ്തികള്‍ക്ക് സമൂഹത്തിന്റെ സമ്മതി ഉള്ളതുകൊണ്ട് കൂടിയാണ് അവ നടക്കുന്നത്. ദിവസക്കൂലിക്ക് പണിയെടുത്ത് കൊണ്ടിരുന്ന അയാളോടൊപ്പം ആ സ്ത്രീയെ എപ്പോഴും കണ്ടിരുന്നു. അയാള്‍ക്ക് അവര്‍ പണിയില്‍ സഹായിച്ചുകൊടുക്കുകയും ചെയ്യും. ചായക്കടയിലും ബീഡി വലിക്കുന്നിടത്തും അവര്‍ കൂടെയുണ്ടാവും. അവരെ അയാള്‍ നിരന്തരം ഉപദ്രവിച്ചുകൊണ്ടുമിരുന്നു എന്നതാണ് വിചിത്രമായ കാര്യം. അയാള്‍ വിട്ടുപോകുമോ എന്ന ഭയം അവരെ പിടികൂടിയിരിക്കണം. സ്വതന്ത്രമായി ഒന്ന് ശ്വാസംവിടാന്‍ പോലും ഇടം കൊടുക്കാത്ത അവരുടെ പെരുമാറ്റം അയാള്‍ക്ക് കോപമുണ്ടാക്കി. എത്രമാത്രം പീഡനങ്ങള്‍ അനുഭവിക്കുമ്പോഴും കൂടുതല്‍ സ്ത്രീകളും ഭര്‍ത്താവ് പിരിഞ്ഞുപോകരുതെന്ന് കരുതുന്നവരാണ്. മിക്കപേരുടെയും മുന്നില്‍ കുട്ടികളുടെ വിവാഹം, ദൈനംദിന ജീവിതത്തിലെ ചെലവ് തുടങ്ങിയ പ്രായോഗികപ്രശ്‌നങ്ങളാണുള്ളത്. എന്നാല്‍, അതിനുമപ്പുറം ഒരുമിച്ച് കഴിഞ്ഞുപോന്നവര്‍ തമ്മില്‍ പിരിയുമ്പോഴുണ്ടാകുന്ന വേദനയും ഏറ്റക്കുറച്ചിലുകളോടെ നിലനില്‍ക്കുകയും ചെയ്യും.  

പല ആത്മഹത്യകളുടേയും പിന്‍വഴികള്‍ അന്വേഷിച്ചുപോകുമ്പോള്‍ ഒറ്റപ്പെടല്‍ കാണാറുണ്ട്. പ്രിയപ്പെട്ടവരുടെ ഉപേക്ഷ മനുഷ്യരില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായാണ് കാണുന്നത്. ഇത് കുട്ടിക്കാലം മുതല്‍ ഉണ്ടാകുന്നതാകാം. അവരവര്‍ തന്നെ അത് തിരിച്ചറിയണമെന്നില്ല. കുട്ടിക്കാലത്ത് തന്നെ അത്തരം അനുഭവങ്ങളുള്ളവര്‍ പ്രണയത്തില്‍ പെടുമ്പോഴും ദാമ്പത്യത്തില്‍ ആയിരിക്കുമ്പോഴും പങ്കാളിയെ മുറുകെ പിടിക്കുന്നവരായിരിക്കും. നേരത്തേയുള്ള മുറിവുകളുടെ പാടുകള്‍ തിണര്‍ത്തു കിടക്കുന്നതിനാല്‍ പെട്ടെന്ന് മുറിവുകളുണ്ടാകാം. അവരുടെ പ്രണയവും സ്‌നേഹവും തീക്ഷ്ണമായിരിക്കും. അതില്‍ പുതുതായെത്തുന്ന പങ്കാളി ഭ്രമിച്ചു പോകും.  പക്ഷെ, അതുതന്നെ അവര്‍ തിരിച്ച്  പങ്കാളിയില്‍ നിന്നും  പ്രതീക്ഷിക്കും. നിസ്സാരമായ തഴയല്‍ പോലും അവരെ കഠിനമായി വേദനിപ്പിക്കും. അങ്ങനെ വരുമ്പോഴാണ് ബന്ധം മുന്നോട്ടു കൊണ്ട് പോകാന്‍ പ്രയാസമുണ്ടാകുന്നത്. അവര്‍ക്ക് പരമാവധി കരുതല്‍ നല്‍കാന്‍ ശ്രമിക്കേണ്ടതാണ്. ചിലപ്പോള്‍ പുറമേ നിന്നുള്ളതോ ക്ലിനിക്കല്‍ ആയതോ ഒക്കെയുള്ള സഹായങ്ങള്‍ വേണ്ടി വരും.  പ്രശ്‌നം രണ്ട് പേര്‍ക്കിടയിലാണ് ഉരുത്തിരിയുന്നതെങ്കിലും ഇത് അവരുടെ മാത്രം പ്രശ്‌നമായി കാണാന്‍ കഴിയില്ല. വ്യക്തികളില്‍ പ്രകടമാകുമ്പോഴും   അത് സംസ്‌കാരത്തിന്റെ പല തലങ്ങളില്‍ ആണ്ടു  കിടക്കുന്നതു കൂടിയാണ്.  കാര്യമായ കരുതല്‍ നല്‍കിയവര്‍, പ്രിയപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ കുറ്റവും പേറേണ്ടതില്ല. അത് മൂലം  കുറ്റബോധത്താല്‍ നീറി  കഴിയുന്നവരേയും നമുക്കിടയില്‍ കാണാറുണ്ട്.

jayasree fam
മൈത്രേയനും ഡോ. എ.കെ. ജയശ്രീയും കനിയ്‌ക്കൊപ്പം

ചേരലിനെ പോലെ ചിലപ്പോള്‍ പിരിയലും  അനിവാര്യമാകാം.  പ്രത്യേകിച്ച് സ്വതന്ത്ര വ്യക്തികള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത്. അപ്പോഴും  അത് വേദന ഉണ്ടാക്കുന്നതാണ്. മനസ്സിന്റേതെന്ന് കരുതുമ്പോഴും മനസ്സ് വേറിട്ടു നില്‍ക്കാത്തതിനാല്‍  നമ്മളോട് ഇഴുകി ചേര്‍ന്ന ഒന്നിനെ ഇളക്കി മാറ്റുമ്പോഴുള്ള  ശാരീരികവേദനയാണത്.  നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെടുന്നതിനാല്‍, അത് നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് കാണുന്നു. എവിടെ എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും എന്നില്‍ എവിടെയോ മറ്റേ  ആള്‍ ഉള്‍ചേര്‍ന്നിരിക്കുന്നു.  ആള്‍ തന്നെയാണോ, അതോ ആളെ കുറിച്ചുള്ള എന്റെ സങ്കല്‍പ്പമാണോ അതോ രണ്ടും കൂടിയതാണോ എന്നൊക്കെ ആലോചിക്കാവുന്നതാണ്.  അവിടെയാണ് സാംസ്‌കാരികമായി നമ്മള്‍ ആര്‍ജ്ജിച്ചിട്ടുള്ള വാസനകളും സങ്കല്പങ്ങളും മൂല്യങ്ങളും എല്ലാം കടന്നു വരുന്നത്. ഒരാളെ നമ്മള്‍ ഇഷ്ടപ്പെടുമ്പോള്‍ നമ്മുടെ ഉള്ളില്‍ കടഞ്ഞു വച്ചിട്ടുള്ള ഒരാളെ ആ ആളിലേക്ക് ആരോപിക്കുകയാണ്.  അവയില്‍   ചില ഗുണങ്ങള്‍ ആ  ആളിലുണ്ടാകുമെങ്കിലും പൂര്‍ണമായും അങ്ങനെ ഒരാളാകണമെന്നില്ല.  എങ്കില്‍ പോലും സങ്കല്‍പ്പത്തിലുള്ളതും യാഥാര്‍ത്ഥത്തിലുള്ളതുമായതിനെ ചേര്‍ത്ത്  കൊണ്ടുള്ള ഒരു ശില്‍പ്പം നമ്മള്‍ ഉള്ളില്‍ പണിതു വക്കുന്നുണ്ട്. അതവിടെ നിന്ന് ഇളക്കി മാറ്റാന്‍ നിര്‍ബ്ബന്ധിതരാകുമ്പോള്‍ പ്രയാസമായി മാറുന്നു.  സെലിബ്രിറ്റികളോടുള്ള ആരാധനയിലും ഏതാണ്ട് സമാനമായ കാര്യമാണ് സംഭവിക്കുന്നത്.  അവര്‍ മരിക്കുമ്പോഴും  അവര്‍ക്ക് അപമാനമോ ആപത്തോ സംഭവിക്കുമ്പോഴും  ആരാധകര്‍ ക്ഷുഭിതരാവുകയോ, ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാറുണ്ടല്ലോ.   

കുടുംബം ഉപേക്ഷിച്ച് ഞാനും മൈത്രേയനും വേറെ താമസിക്കാന്‍ തീരുമാനിക്കുമ്പോഴും അതൊരു പിരിയല്‍ അല്ലെങ്കില്‍ കൂടിയും ഒരു തീവ്രാനുഭവത്തില്‍ കൂടി ഞാന്‍ കടന്നുപോയി. അതില്‍, വൈകാരികവും പ്രായോഗികവുമായ ഘടകങ്ങള്‍ ഉണ്ടായിരുന്നു. പ്രയോഗികമായുള്ളത് പല കാര്യങ്ങളും ഒറ്റക്ക് ചെയ്തു ശീലിച്ചിട്ടില്ലാത്തതു കൊണ്ടുള്ളതായിരുന്നു. അത് പ്രാക്ടീസ് കൊണ്ട് പെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതാണ്.   പ്രധാനമായത് വൈകാരികം തന്നെയാണ്.  എവിടെ നിന്നോ  കാരണമില്ലാത്ത  ശോകചിന്തകള്‍ വന്ന്  അലട്ടാന്‍ തുടങ്ങി.  വികാരങ്ങള്‍, അവ എന്ത് തന്നെയായാലും ചുറ്റുപാടുകളുടെ ഓര്‍മകളിലൂടെയും ഗാനങ്ങളിലൂടെയും ഒക്കെയാണ് ഞാന്‍ അനുഭവിക്കാറുള്ളത്. ഗാനങ്ങളും പ്രകൃതിയുടെ ഭാവങ്ങളും, മയങ്ങി കിടക്കുന്ന   ഓര്‍മകള്‍ ഉണര്‍ത്തും. അന്ന്, ഞാന്‍ ഷഹബാസ് അമന്റെ പാട്ടുകള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നു.  അതില്‍  ‘ആറ്റിന്റെ വക്കത്തൊരൊറ്റ മൈന' എന്ന വരിയുള്ള ഒരു പാട്ടുണ്ടായിരുന്നു.  ‘ഒറ്റ മൈന'  നമുക്ക് ദുഃഖം കൊണ്ട് വരുന്നു എന്നതാണ് ഞാന്‍ കൊണ്ടുനടക്കുന്ന ഒരേ ഒരു അന്ധവിശ്വാസം.  ആ പാട്ട് കേള്‍ക്കുമ്പോള്‍ ദുഃഖം ഉറഞ്ഞു കൂടും.  എന്നാല്‍, നമുക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന വേദനകള്‍ സുഖം തരുന്നത് കൂടിയാണ്. സ്വയം തഴുകി ആശ്വസിക്കാനുള്ള അപൂര്‍വ്വ അവസരവുമാണത്.  ശോകഛായയുള്ള   ഗസലുകള്‍ എപ്പോഴും എല്ലാവര്‍ക്കും പ്രിയമുള്ളതായിരിക്കുന്നതും അതുകൊണ്ടാണ്. 

സ്ത്രീകളും ക്വിയര്‍ വ്യക്തികളുമെല്ലാം കര്‍ത്തൃത്വമുള്ളവരായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രണയസങ്കല്പങ്ങളും ദാമ്പത്യസങ്കല്പങ്ങളും ഒരു പാട് മാറി. പഴയ കാലത്തെ പോലെ ആത്മീയ പരിവേഷത്തോടുകൂടിയതോ കാല്പനികമായതോ ആയ   വിരഹാനുഭവങ്ങള്‍ ഇപ്പോള്‍ ഉണ്ടാകാന്‍ സാദ്ധ്യത കുറവാണ്. ഒരുമിക്കുമ്പോഴും പിരിയുമ്പോഴും അതില്‍ പങ്കാളികളാവുന്ന ഓരോരുത്തരും പ്രധാനമാണ്. അങ്ങനെ ആയില്ലെങ്കില്‍ വയലന്‍സിലെത്തുകയും ചെയ്യും. ബന്ധത്തിന്റെ ഒരു പ്രധാന രസക്കൂട്ട് അതിലെ കൊടുക്കല്‍ വാങ്ങലുകളാണ്.  ഒരാള്‍ മറ്റേയാളുടെ സൗകര്യത്തിനും ആനന്ദത്തിനും വേണ്ടി വിട്ടു കൊടുക്കുന്ന സ്വന്തം ഇഷ്ടങ്ങള്‍;  അതെത്രത്തോളം ചെയ്യാന്‍ കഴിയുന്നു എന്നത് തള്ളി നോക്കലാണത്.  ഇത് നിരന്തരം നോക്കി കൊണ്ടിരിക്കുക എന്ന പണി സ്വന്തം ഉത്തരവാദിത്വത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ട്. ഒരാള്‍ക്ക് അത് തള്ളിക്കൊണ്ടുപോകാന്‍ പ്രയാസം വരുന്നുണ്ടെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബാദ്ധ്യത വേദനിപ്പിക്കുന്നതാണെങ്കില്‍ കൂടി മറ്റേയാള്‍ക്കുണ്ട്. അപ്പോള്‍ മാത്രമേ അത് സ്‌നേഹവും കരുതലും ആകുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ പിരിയലും അതിന്റെ വേദനയും പോലും സ്‌നേഹത്തിന്റെ പ്രകാശനമാണ്.  ഒരു പക്ഷെ, സ്വന്തം തെരഞ്ഞെടുപ്പുള്ള ബന്ധങ്ങളില്‍ മാത്രമേ ഇതൊക്കെ പ്രസക്തമാകുന്നുള്ളൂ.  നിര്‍ബ്ബന്ധിതമായ വിവാഹബന്ധങ്ങളില്‍ അത് വേറെ തരത്തിലായിരിക്കും.  

എന്റെ ബംഗാളി സുഹൃത്തായിരുന്ന ഡോ. റോയ് കുടുംബം വിട്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തുടക്കം മുതല്‍ തന്നെ എത്രത്തോളമാണ് മറ്റേയാള്‍ നമുക്ക് പ്രധാനമായിരിക്കുന്നത്, എത്രത്തോളമാണ് പരസ്പരം തള്ളി നോക്കാന്‍ കഴിയുന്നത് എന്നൊക്കെയുള്ള ധാരണ ഉണ്ടെങ്കില്‍, ഉള്ളിലെ ശില്‍പ്പം ഇടക്കൊക്കെ എടുത്ത് പരിശോധിക്കാന്‍ കഴിയും.  തിരിച്ചറിവിന്റെ തലത്തില്‍ ഇത് എളുപ്പമാണെങ്കിലും  വൈകാരിക തലത്തില്‍ അങ്ങനെ  ആയിക്കൊള്ളണമെന്നില്ല.  എങ്കിലും നമുക്ക് അത് കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ.  ഒഴിഞ്ഞ ശില്‍പ്പത്തിന്റെ ശൂന്യത പതിയെ ആണെങ്കിലും  നികത്താന്‍ കഴിയും. അല്ലെങ്കില്‍ അതൊന്ന് പുതുക്കി അവിടെ തന്നെ വക്കാനും ആകും. അതിന് കുറച്ച് പണിയെടുക്കണമെന്നു മാത്രം.   

പ്രണയം പോലെ അല്ലെങ്കിലും  വിരഹത്തിന്റേതും  മധുരിക്കുന്ന വേദനയാണ്. പൗരാണിക കാലത്തും ആധുനിക കാലത്തുമെല്ലാം അതങ്ങനെ തന്നെയാണ് കാണുന്നത്. പകയും കൊലപാതകങ്ങളും പോലും എഴുത്തുകാര്‍ കൃത്യമായ ചേരുവ കൊണ്ട് പാകപ്പെടുത്തി  മനോഹരമായി ചെയ്തു വച്ചിട്ടുണ്ട്. പക്ഷേ, ജീവിതത്തില്‍ അവ ഒഴിവാക്കാന്‍, എല്ലാവര്‍ക്കും  കഴിയുന്നില്ലെങ്കില്‍ പോലും   ഇപ്പോള്‍ മനുഷ്യര്‍ക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകളും മറ്റു  പുരുഷേതരരും അവരുടെ നില തിരയാന്‍ തുടങ്ങിയതോടെയാണ് ഇത് സാദ്ധ്യമാകുന്നത്.  പുരുഷന്മാരെ അവരുടെ ക്ഷിപ്രകോപത്തില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമം കൂടിയാണത്.  പുതിയ നോവലുകളും സിനിമയും,  ബന്ധങ്ങളെ പുരുഷ കേന്ദ്രിതവും പാതിവ്രത്യബദ്ധവുമായ മൂല്യങ്ങളില്‍ നിന്നും വിടുവിക്കാന്‍ ശ്രമിക്കുന്നു.  

പങ്കാളികള്‍ക്ക് തോന്നുന്ന അസൂയയും അതേ  പോലെയുള്ള വികാരങ്ങളുമൊക്കെ പരസ്പരം സംസാരിക്കാന്‍  കഴിയുന്ന അന്തരീക്ഷം പൊതുവായി നമ്മുടെ നാട്ടില്‍ ഇനിയും വികസിക്കേണ്ടതായാണുള്ളത്.

പഴയ സമ്പ്രദായങ്ങളൊക്കെ ഏറെക്കുറെ  നിലനില്‍ക്കുണ്ടെങ്കിലും ബന്ധങ്ങളെ  പുതുക്കി മനസ്സിലാക്കുന്ന  യുവാക്കള്‍ ലോകത്തെല്ലാമുണ്ട്. അതേ സമയം പഴയ പോലെ അസൂയയും അധീനപ്പെടുത്തലും പേറി അതിനനുസരിച്ച് ജീവിക്കുന്നവരും വിനാശകരമായി ജീവിതം നയിക്കുന്നവരുമുണ്ട്.  ഏതായാലും സമൂഹത്തില്‍ നടക്കുന്ന സാംസ്‌കാരിക വ്യവഹാരങ്ങള്‍ക്ക് അതില്‍ പങ്കുണ്ടെന്നതാണ്. അതു കൊണ്ട് തന്നെ ലിംഗഭേദങ്ങള്‍ക്കതീതമായി പരസ്പരം അറിഞ്ഞും മാനിച്ചും വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലെ വ്യവഹാരങ്ങള്‍ വ്യാപകമാകേണ്ടതുണ്ട്.

എന്റെ മകളും അവളുടെ സുഹൃത്തുക്കളും കഴിയുന്ന ലോകം കുറെ കൂടി മെച്ചമായി അറിയാന്‍ കഴിയുന്നു. പ്രശ്‌നങ്ങളില്ലെന്നല്ല. അവര്‍ സ്വന്തം വികാരങ്ങളേയും പങ്കാളികളുടെ വികാരങ്ങളേയും കൈവെള്ളയില്‍ എടുത്ത് പരിശോധിക്കുന്നു.   പങ്കാളികള്‍ക്ക് തോന്നുന്ന അസൂയയും അതേ  പോലെയുള്ള വികാരങ്ങളുമൊക്കെ പരസ്പരം സംസാരിക്കാന്‍  കഴിയുന്ന അന്തരീക്ഷം പൊതുവായി നമ്മുടെ നാട്ടില്‍ ഇനിയും വികസിക്കേണ്ടതായാണുള്ളത്. മകള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ ചുറ്റുമുള്ളവര്‍ ചോദിക്കാന്‍ തുടങ്ങി,  ‘കല്യാണമായില്ലേ' എന്ന്. ‘ആദ്യം ഞാന്‍ വിവാഹം കഴിക്കട്ടെ' എന്ന് ഞാന്‍ തമാശയായി അവരോട് പറഞ്ഞു.  എങ്കിലും നമ്മുടെ വ്യവസ്ഥയില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ മക്കളെ ഏല്‍പ്പിക്കുക വിഷമകരം തന്നെയാണ്. പ്രസവ വേദന  പോലെ അത് ഉത്കണ്ഠയും  നെഞ്ചിടിപ്പും  ആഹ്‌ളാദവും വളര്‍ത്തി കൊണ്ടിരിക്കും. മക്കളുടെ  ജനനത്തിലുള്ള കൗതുകം വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലുമുണ്ട്. അവര്‍ വളര്‍ന്ന് വേറിടുമ്പോഴും ഉണ്ടാകുന്നത് സുഖമുള്ള നോവാണ്.  

അനുപമ സ്വന്തം കുഞ്ഞിനെ ആവശ്യപ്പെട്ടു വന്ന സന്ദര്‍ഭത്തില്‍ അവരുടെ പങ്കാളിയേയും  അയാളുടെ  മറ്റു ബന്ധങ്ങളെ പറ്റിയുമൊക്കെ അവരാവശ്യപ്പെടാതെ തന്നെ പൊതുസ്ഥലത്തിട്ടു ചര്‍ച്ച ചെയ്യുന്നതുകണ്ടു. യഥാര്‍ത്ഥ വിഷയത്തേക്കാള്‍ ആളുകള്‍ക്ക് താല്‍പ്പര്യം ഈ ഗോസിപ്പ് ലോകമാണ്. മറ്റുള്ളവരുടെ ബന്ധങ്ങളില്‍ നമ്മള്‍ ഇടപെടേണ്ടതും അഭിപ്രായം പറയേണ്ടതും അതവര്‍ ചര്‍ച്ചക്കായി തുറന്നു വക്കുമ്പോഴാണ്. അത് അവരുടെ ജീവിതത്തെ സഹായിക്കാനാകണം. അല്ലെങ്കില്‍ ആ സമയം  നമ്മുടെ തന്നെ  ബന്ധങ്ങളെയും, അതിലെ സൗന്ദര്യത്തേയും വഴുക്കലുകളേയും പറ്റി ഒക്കെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്. നമ്മള്‍ ഓരോരുത്തരും സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയും പിരിയുകയും ഒക്കെ ചെയ്യുമ്പോള്‍ അത് ലോകത്തേയും മാറ്റി മറിക്കും. മരണത്തിലൂടെയാണെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് അനിവാര്യമാണല്ലോ.   വിനാശകാരിയായി മാത്രം ആ ദു:ഖത്തെ അറിയേണ്ടതില്ല. വിരഹനൊമ്പരങ്ങളില്‍ ഈണവും കുടി  കൊള്ളുന്നുണ്ട്. 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ: എ.കെ.ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM