Wednesday, 29 March 2023

വനവും ഭരണകൂടവും


Text Formatted

ആരാണ്​ കർഷകരെ
​​​​​​​കാടിന്റെ ശത്രുവാക്കുന്നത്​?

സർക്കാറിന്റെ നയമില്ലായ്​മ കേരളത്തിൽ രണ്ടുതരം തീവ്രവാദികളെ സൃഷ്​ടിച്ചിരിക്കുകയാണ്​. പരിസ്ഥിതി തീവ്രാദികളും കുടിയേറ്റ തീവ്രവാദികളും.  കാട്ടുപന്നിയെ കൊല്ലണം എന്നു പറഞ്ഞാല്‍ പരിസ്ഥിതിക്കാരനല്ലാതാകും. പരിസ്​ഥിതിലോല മേഖല വേണം എന്നു പറഞ്ഞാൽ  കര്‍ഷകവിരോധിയാകും. 

Image Full Width
Image Caption
Photo :Shafeeq Thamarassery
Text Formatted

ന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിര്‍ദേശം അനിവാര്യമായ ഒന്നാണ്​. പശ്ചിമഘട്ടത്തിന്റെ ചരിവുവച്ച് അത് പരിസ്ഥിതിലോല പ്രദേശം തന്നെയാണ്. അതിന്, അതിന്റേതായ സംരക്ഷണം നല്‍കിയേ പറ്റൂ. കാടിനുമാത്രമല്ല, പശ്ചിഘട്ടത്തിലെ ചരിവിന് മൊത്തം ഈ സംരക്ഷണം വേണം.

ഈ വിഷയവുമായി ബന്ധപ്പെട്ട്​ ഇപ്പോൾ വിവാദങ്ങളും പ്രശ്​നങ്ങളുമുണ്ടാകാൻ പ്രധാന കാരണം, സർക്കാറിന്റെ നയരാഹിത്യവും വനംവകുപ്പ്​ ഉദ്യോഗസ്​ഥരുടെ ദുഷ്​പ്രഭുത്വവുമാണ്​. ഈ പ്രശ്‌നത്തിന് കൃത്യമായ പരിഹാരം ചൂണ്ടിക്കാണിച്ചിട്ടുള്ളത്​ മാധവ്​ ഗാഡ്​ഗിൽ തന്നെയാണ്​​. ഗ്രാമസഭകള്‍ കൂടി വേണം നിയന്ത്രണങ്ങളെക്കുറിച്ച്​ തീരുമാനിക്കാന്‍ എന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പശ്​ചിമഘട്ടമേഖല ശാസ്​ത്രീയമായി തരംതിരിച്ച്​, അവയ്ക്കനുയോജ്യമായ ഡേറ്റകൾ ​ശേഖരിച്ച്​, അവയ്ക്ക്​ വാല്യു നിശ്​ചയിച്ച്​ശാസ്ത്രീയമായി തന്നെയാണ് ഈ റി​പ്പോർട്ട്​ അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രാമസഭകള്‍ തീരുമാനിക്കുകയും അതിനുള്ള അധികാരം ഗ്രാമസഭകളില്‍, നിക്ഷിപ്തമാക്കുകയും ചെയ്താല്‍ ഒരു പ്രശ്‌നവുമില്ലാതെ ഈ വിഷയം മുന്നോട്ടുപോകും. 

Shafeeq Thamarasseri
ഭാവിയില്‍, പരിസ്ഥിതിലോല മേഖല യാഥാർഥ്യമായാൽ, ഉദ്യോഗസ്ഥര്‍ ഏതൊക്കെ രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്ന ഭയം കര്‍ഷകര്‍ക്കുണ്ട് / Photo : Shafeeq Thamarasseri

പരിസ്ഥിതിലോലമേഖലാ പ്രശ്​നം, കര്‍ഷകരുമായി ബന്ധപ്പെട്ട ഒരു റിയല്‍ ഇഷ്യൂ അല്ല. ഇതൊരു ഇഷ്യൂ ആയി മാറിയത് ഉദ്യോഗസ്ഥരുടെ അപ്രമാദിത്തം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതുമൂലമാണ്​. അതുവഴി, കര്‍ഷകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുക്കളായി മാറി. ഭാവിയില്‍, പരിസ്ഥിതിലോല മേഖല യാഥാർഥ്യമായാൽ, ഉദ്യോഗസ്ഥര്‍ ഏതൊക്കെ രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്ന ഭയം കര്‍ഷകര്‍ക്കുണ്ട്. പകരം, അതിന്റെ അധികാരം ഗ്രാമസഭകള്‍ക്ക് വിട്ടുകൊടുത്താല്‍ ഇതൊരു വിഷയമേ ആകില്ല. തദ്ദേശസ്വയംഭരണതലത്തില്‍ ജനകീയാസൂത്രണം കൊണ്ടുവന്ന് മാറ്റമുണ്ടാക്കിയപോലെ, ഇക്കാര്യം ഗ്രാമസഭകള്‍ക്ക് വിടാന്‍ എന്തിന്​ മടിക്കുന്നു? നിയന്ത്രണങ്ങളുള്ള മേഖലകളില്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് കൊടുക്കണം. ഇത്തരമൊരു കാഴ്​ചപ്പാടുണ്ടെങ്കിൽ ഒരു പ്രശ്‌നം എളുപ്പം പരിഹരിക്കാം. 

കര്‍ഷകരെയോ മലയോരത്ത് താമസിക്കുന്നവരെയോ വിശ്വാസത്തിലെടുക്കുന്ന നയങ്ങളായിരുന്നില്ല സര്‍ക്കാറുകളുടേത്. ഇതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം. ഇതിന് ഒരു മാറ്റം വരണം, അല്ലെങ്കില്‍ മലയോരമേഖല കലാപകലുഷിതമാകും.  മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നയമുണ്ടായിരുന്നു, ജനപങ്കാളിത്ത വനസംരക്ഷണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ വനസംരക്ഷണം സാധ്യമാകില്ല എന്ന ബോധ്യത്തില്‍ കൊണ്ടുവന്ന നിയമമായിരുന്നു അത്. എന്നാല്‍, വനം ഉദ്യോഗസ്ഥര്‍ തന്നെ അത് പൊളിച്ചുകളഞ്ഞു. കാരണം, അവരുടെ അപ്രമാദിത്തം പോകും എന്നതുകൊണ്ട്.

പരിസ്​ഥിതിലോല മേഖലയുടെ പേരിൽ, ഇടുക്കിയില്‍ ബഹളംവക്കുന്നതിന്റെ 50 ശതമാനവും കൈയേറ്റക്കാരാണ്. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുമിച്ചുകൂട്ടി ഇറക്കിയത് ക്രിസ്ത്യന്‍ പള്ളിയാണ്. കാരണം, ചർച്ചാണ്​ ഇടുക്കിയിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍. 

കർഷകർക്ക്​ അറിയാം, കാടിനെ

കര്‍ഷകര്‍ കാടിനെ സ്​നേഹിക്കുന്നവരാണ്​ എന്നതിന്​ എനിക്ക്​ എത്രയോ അനുഭവങ്ങളുണ്ട്​. പശ്ചിമഘട്ടത്തിന്റെ അങ്ങേതല മുതല്‍ ഇങ്ങേതല വരെ കാര്‍ഷികമേഖലയിലൂടെയും വനത്തിലൂടെയും ഞാൻ നടന്നിട്ടുണ്ട്. എല്ലായിടത്തും കണ്ടത്, കാട് നിലനില്‍ക്കണമെന്നാഗ്രഹമുള്ള കർഷകരെയാണ്​. പക്ഷെ, അവരുടെ ജീവിതം ഇന്നൊരു ചോദ്യചിഹ്‌നമാണ്, കാടിന്റെ ശത്രു എന്നതിനേക്കാള്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുവാണ് ഇന്ന്​ അവര്‍. 

വനനശീകരണവുമായി ബന്ധപ്പെട്ട്​ നിരവധി കേസുകള്‍, ‘വൺ എർത്ത്​ വൺ ലൈഫ്​’ എന്ന സംഘടനയുടെ ലീഗൽ സെൽ ചുമതലയുള്ളയാളെന്ന നിലയ്​ക്ക്​ഞാന്‍ കൊടുത്തിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കാന്‍ പോകുമ്പോള്‍, വനനശീകരണത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പരാതി പറയുന്നത്​ കര്‍ഷകരാണ്. കൈയേറ്റക്കാര്‍ കയറുന്നുണ്ട്, അത് തടയണം, അല്ലെങ്കില്‍ കാലാവസ്ഥയൊക്കെ മാറും എന്നുപറയുന്നത് കര്‍ഷകരാണ്. ഇന്ന് കര്‍ഷകര്‍ അത് പറയുന്നില്ല. കാട് പോണെങ്കില്‍ പോകട്ടെ എന്നൊരു മാനസികാവസ്ഥയിലേക്ക് കര്‍ഷകരെ കൊണ്ടെത്തിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിസ്ഥിതി തീവ്രവാദികളും ചേര്‍ന്ന്. 

പരിസ്​ഥിതിലോല മേഖലയുടെ പേരിൽ, ഇടുക്കിയില്‍ ബഹളംവക്കുന്നതിന്റെ 50 ശതമാനവും കൈയേറ്റക്കാരാണ്. 50 ശതമാനം, പണ്ട്, രാജഭരണകാലത്തും മറ്റും പാട്ടവും പട്ടയവുമൊക്കെ കൊടുത്തവരും. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുമിച്ചുകൂട്ടി ഇറക്കിയത് ക്രിസ്ത്യന്‍ പള്ളിയാണ്. കാരണം, ചർച്ചാണ്​ ഇടുക്കിയിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍. അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍, കൈയേറ്റക്കാര്‍ മാത്രം പോരാ, കുടിയേറ്റക്കാരും കൂടി വേണം. കുടിയേറ്റക്കാര്‍ക്ക് അടി കിട്ടും എന്ന തരത്തില്‍ ആശങ്ക സൃഷ്ടിച്ച്, പള്ളികളാണ് പ്രശ്‌നം ഇത്ര രൂക്ഷമാക്കിയത്. പൂര്‍ണമായും രാഷ്ട്രീയ ഒത്താശയോടെയാണ് ഇടുക്കിയിലെ കൈയേറ്റം, അത്​ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.

tribes
വനസംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഗൈഡ് ആദിവാസിയാണ്. ഒരിക്കലും അവര്‍ക്ക് വഴി തെറ്റില്ല / Photo : Shafeeq Thamarassery

പശ്ചിമഘട്ടത്തിന്റെ കുത്തനെയുള്ള ചരിവില്‍ ഒരു ക്വാറി പാടില്ല എന്ന്, മറ്റാരേക്കാളും കര്‍ഷകര്‍ക്കാണ് അറിയുക. ഒരു ഗ്രാമസഭയ്ക്ക് അധികാരം കൊടുത്തുനോക്കൂ, ചരിവില്‍ ഒരു ക്വാറി തുടങ്ങാന്‍ അനുവദിക്കില്ല. കാരണം, അത് അവരുടെ ജീവിതപ്രശ്‌നമാണ്. അതിനെ നമ്മള്‍ അംഗീകരിച്ചാല്‍ മാത്രം മതി.

വയനാട്ടിലാക​ട്ടെ, വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. തലമുറകളായി നില്‍ക്കുന്ന ഒരു മരം മുറിക്കാന്‍ പറ്റില്ല. വയനാട്ടില്‍ ഞാന്‍ നടന്നുകണ്ട ഒരു ഭാഗത്തും പുതിയ മരം മുളച്ചുവരുന്നില്ല. പഴയ മരങ്ങള്‍ ഉണക്കിക്കളയുകയാണ് കര്‍ഷകര്‍. പകരം, അവര്‍ക്ക് മരം മുറിക്കാന്‍ അനുമതിയുണ്ടായിരുന്നുവെങ്കിൽ, അവര്‍ ഉറപ്പായും മരം ന​​ട്ടേനേ. നാളെ അവർക്ക്​ അതൊരു അസ്സറ്റാകും. ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത പാറയിടുക്കില്‍ മരം നട്ടാല്‍ നാളെ അവര്‍ക്കത് മുറിച്ചുവില്‍ക്കാം. അവർ സാധാരണ മരം മുറിച്ചിരുന്നത്​ അത്യാവശ്യങ്ങൾക്കായാണ്​. മക്കളുടെ കല്യാണത്തിനോ ഒരു ആശുപത്രിക്കാര്യത്തിനോ മറ്റോ. ഇന്ന് മരം മുറിച്ചാല്‍ കാര്യമായി ഒന്നും കിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തുകഴിഞ്ഞാല്‍, ബാക്കിയൊന്നുമുണ്ടാകില്ല. ഇപ്പോൾ, ഒരു മരവും കര്‍ഷകർ വനത്തില്‍ വളര്‍ത്തുന്നില്ല, കാരണം വളര്‍ത്തിയാല്‍ പ്രശ്‌നമാണ് എന്നാണ് അവര്‍ പറയുന്നത്. ചന്ദനം നടാന്‍ സര്‍ക്കാര്‍ പറഞ്ഞു. അത് മുറിച്ചാല്‍ പണം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ല. ഇന്ന് മരം പറമ്പില്‍ വളരാന്‍ വിട്ടാല്‍, അതിന്റെ നിഴലുമൂലം, കൃഷി ചെയ്യാന്‍ പറ്റില്ല, മുറിക്കാനും പറ്റില്ല, അതുകൊണ്ട് മരം നടില്ല. പണ്ട്, സ്ഥലം കൊടുക്കുമ്പോള്‍, അവിടെയുള്ള മരങ്ങൾ റിസര്‍വ്ഡ് ആണ്, ആ മരങ്ങളുടെ 90 ശതമാനവും ഉണക്കിക്കളഞ്ഞുകഴിഞ്ഞു. അല്ലെങ്കില്‍ ഒരു കൃഷിയും നടക്കില്ല. മുറിക്കാനും പറ്റില്ല. വയനാട് നാശമായത് ഈ ഒറ്റക്കാരണത്താലാണ്. 

ഇങ്ങനെ, ഇടുക്കിക്കും വയനാടിനും മറ്റും, ആ പ്രദേശങ്ങളുടേതായ പ്രശ്‌നങ്ങളുണ്ട്. അവ വ്യത്യസ്തമായി തന്നെ കാണണം.

Munnar,Kerala
പൂര്‍ണമായും രാഷ്ട്രീയ ഒത്താശയോടെയാണ് ഇടുക്കിയിലെ കൈയേറ്റം, അത്​ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. / Photo : Wikimedia Commons

കാട്ടുപന്നികളിറങ്ങുമ്പോൾ

കാട്ടുപന്നിയാണല്ലോ ഇപ്പോൾ, വനവും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രവിഷയം. കാട്ടുപന്നികൾ പെറ്റുപെരുകുന്നതിന്​ പാരിസ്ഥിതികമായ കാരണങ്ങള്‍ ഏറെയുണ്ട്, അവയുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്ന ജീവികള്‍ കുറഞ്ഞതും മറ്റും. അവ കാട്ടിൽനിന്ന്​ പുറത്തുവരാനും കാരണമുണ്ട്. കാട്ടില്‍ തീറ്റയില്ലാതായി. പലയിടത്തും കൃഷിഭൂമിയില്‍ തന്നെയാണ് കാട്ടുപന്നികള്‍ താമസിക്കുന്നതും പെറ്റുപെരുകുന്നതും. കാട്ടിലേക്ക് പോകുന്നുപോലുമില്ല. കാർഷികോത്പന്നങ്ങള്‍ക്ക് വില കുറഞ്ഞതോടെ, കര്‍ഷകര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അടിക്കാട് വെട്ടുകയുള്ളൂ. അതുകൊണ്ട്​, കൃഷിയിടങ്ങളിൽ പന്നിക്ക് പെറ്റുപെരുകാന്‍ സൗകര്യമുണ്ട്. ഇഷ്ടംപോലെ ഭക്ഷണവും കിട്ടും. 
ഈ പന്നികളെ കൊല്ലാന്‍ എത്രയോ കാലമായി കര്‍ഷകര്‍ സമരം ചെയ്യുന്നു. ഇപ്പോള്‍, തദ്ദേശസ്ഥാപന അധികൃതര്‍ക്ക് അവകാശം നല്‍കുമ്പോള്‍ പോലും അതില്‍ നിരവധി നിയന്ത്രണങ്ങളുണ്ട്. മുമ്പ്​, ലൈസന്‍സുള്ള തോക്കുവേണം, വിഷം കൊടുത്തോ കുടുക്കുവച്ചോ കൊല്ലരുത് എന്നൊക്കെയുള്ള വ്യവസ്​ഥകളുണ്ടായിരുന്നു. അതിനുംമുമ്പ്, ഗര്‍ഭിണിയായതോ മുലയൂട്ടുന്നതോ ആയ പന്നിയെ കൊല്ലരുത് എന്ന വ്യവസ്​ഥയുണ്ടായിരുന്നു. കര്‍ഷകര്‍ പന്നിയെ പിടിച്ച് സ്‌കാന്‍ ചെയ്തുനോക്കേണ്ട സ്​ഥിതി.  

എല്ലാ മൃഗങ്ങളുടെയും എണ്ണം കൂടിയിട്ടുണ്ട് എന്നത് സെന്‍സസില്‍ വ്യക്തമാണ്. മറ്റു രാജ്യങ്ങളില്‍ കള്ളിംഗ് നടത്തുന്നുണ്ട്. നമ്മള്‍ എന്തുകൊണ്ട് നടത്തുന്നില്ല? ഏറ്റവുമൊടുവിൽ, കാട്ടുപന്നിയുടെ കാര്യത്തിൽ, ഇത്​ സമ്മതിച്ചു. എന്നാൽ, അവയെ കൊന്ന്​ ഡീസലൊഴിച്ച് കുഴിച്ചുമൂടാനാണ്​ പറഞ്ഞിരിക്കുന്നത്​. ഇവയെ സര്‍ക്കാര്‍ എടുത്ത്​ മീറ്റ് പ്രൊഡക്​റ്റ്​സ്​ ഓഫ് ഇന്ത്യ വഴിയോ കാര്‍ഷിക സര്‍വകലാശാല വഴിയോ വാല്യു ആഡഡ് ഉത്പന്നമാക്കി വിറ്റാല്‍ ഖജനാവിലേക്ക് എത്രയോ ലക്ഷങ്ങളാണ് കിട്ടുക. 

wild boar
കാട്ടില്‍ തീറ്റയില്ലാതായപ്പോള്‍ പന്നികള്‍ കാട്ടില്‍നിന്ന് പുറത്തുവരാന്‍ തുടങ്ങി. കര്‍ഷകര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അടിക്കാട് വെട്ടുകയുള്ളൂ. അതുകൊണ്ട്, കൃഷിയിടങ്ങളില്‍ പന്നിക്ക് പെറ്റുപെരുകാന്‍ സൗകര്യമുണ്ട്. ഇഷ്ടംപോലെ ഭക്ഷണവും കിട്ടും / Photo : unsplash.com

ജനങ്ങളെ വിശ്വാസത്തിലെടുത്ത്, ജനങ്ങളുമായി ചേര്‍ന്ന് വനസംരക്ഷണം എന്ന നിലപാട് സ്വീകരിച്ചാല്‍ പാരിസ്ഥിതിക ലോലപ്രദേശം എന്ന വിഷയത്തോട് കര്‍ഷകര്‍ പ്രശ്‌നമുണ്ടാക്കില്ല. വികലനയങ്ങളുടെ നടത്തിപ്പുകാരാകുന്നതാണ്​ഏറ്റവും വലിയ പ്രശ്‌നം. കര്‍ഷകർക്ക്​ പുര പണിയണമെങ്കിൽ, പറമ്പിലുള്ള കല്ല് പൊട്ടിച്ച് പുര പണിയാൻ അവകാശം കൊടുക്കണം. അതിനപ്പുറം, മൈനിങ്ങും​ ക്വാറികളും വനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശനമായി നിരോധിച്ചിരിക്കണം. 

വനത്തിലുള്ളവരുടെ അറിവുകൾ

എന്റെ അനുഭവത്തില്‍, വനവും അവിടത്തെ പരിസ്​ഥിതിയുമായും ബന്ധപ്പെട്ട്​ഏറ്റവും കൂടുതല്‍ വൈദഗ്ധ്യമുള്ളത് വനത്തിനോടുചേര്‍ന്ന് ജീവിക്കുന്നവര്‍ക്കാണ്. ഒരു കാടിന്റെ നാശം ആദ്യം കാണാന്‍ കഴിയുന്നത് അവര്‍ക്കാണ്. 25 വര്‍ഷം മുമ്പ് ഒരു കര്‍ഷകനാണ് എന്നോടുപറഞ്ഞത്, മയിൽ വരാന്‍ തുടങ്ങിയിരിക്കുന്നു, കാലാവസ്ഥയാകെ മാറുകയാണ്, സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും എന്ന്. നമ്മുടെ ഉദ്യോഗസ്ഥര്‍ പോലും കാണുന്നതിനുമുമ്പ് കര്‍ഷകരാണ് ഇതെല്ലാം കാണുക. അവരുടെ അനുഭവങ്ങളിലൂടെയാണ് പറയുന്നത്. 

കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കുന്ന കുട്ടികള്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് പ്രായോഗികപാഠങ്ങള്‍ നേടണമെന്ന് ഒരു പോളിസിയുണ്ട്. സിലബസിലുള്ള ഇക്കാര്യം എത്രമാത്രം ഫലപ്രദമാകുന്നുണ്ട്? 

എന്തിലാണ് വൈദഗ്ധ്യം വേണ്ടത്? ഒരു കാട് സംരക്ഷിക്കുന്നതിലോ? പശ്ചിമഘട്ടത്തിന്റെ കുത്തനെയുള്ള ചരിവില്‍ ഒരു ക്വാറി പാടില്ല എന്ന്, മറ്റാരേക്കാളും കര്‍ഷകര്‍ക്കാണ് അറിയുക. സര്‍ക്കാര്‍ ആകട്ടെ, റോഡുപണിക്കും മറ്റും എവിടെനിന്നുവേണമെങ്കിലും കല്ല് പൊട്ടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്രാമസഭയ്ക്ക് അധികാരം കൊടുത്തുനോക്കൂ, ചരിവില്‍ ഒരു ക്വാറി തുടങ്ങാന്‍ അനുവദിക്കില്ല. കാരണം, അത് അവരുടെ ജീവിതപ്രശ്‌നമാണ്. പുറത്തുനില്‍ക്കുന്ന ഏതൊരു ഉദ്യോഗസ്ഥനേക്കാളും അവിടെ ജീവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതം സംരക്ഷിക്കാനുള്ള അറിവും അനുഭവവും ഉണ്ട്. അതിനെ നമ്മള്‍ അംഗീകരിച്ചാല്‍ മാത്രം മതി. നമ്മുടെ കൃഷി വകുപ്പ് ആദ്യം പഠിക്കേണ്ടത് കര്‍ഷകരില്‍നിന്നാണ്, അവരെ പഠിപ്പിക്കാന്‍ നോക്കുന്നതിനുമുമ്പ്. 

വനസംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഗൈഡ്, എന്റെ അനുഭവത്തില്‍ 
ആദിവാസിയാണ്. ഒരിക്കലും അവര്‍ക്ക് വഴി തെറ്റില്ല. ഒരു മരത്തിന്റെ മാറ്റം കണ്ടാല്‍ അവര്‍ അപ്പോള്‍ പറയും. ഒരിക്കൽ, ശിരുവാണി ഡാമില്‍, കാട്ടിലൂടെ പോകുകയായിരുന്നു. പ്രായമായ രണ്ട് ആദിവാസികളാണ് ഒപ്പമുള്ളത്. അവര്‍ പറയുന്നു, വലിയ മരങ്ങളൊന്നും ആ മലയിലില്ല. വെള്ളത്തില്‍ തട്ടി സൂര്യപ്രകാശം ഇലയുടെ അടിയിലാണ് പതിക്കുന്നത്. അതുകൊണ്ട്, മരമെല്ലാം ഉണങ്ങിപ്പോയി. ശാസ്ത്രീയമായി പഠനം നടത്തുന്നവരോട് ഇതേക്കുറിച്ച്​ അന്വേഷിച്ചപ്പോള്‍, അത് ശരിയാണെന്നുകണ്ടു. വെള്ളത്തില്‍നിന്ന് സൂര്യപ്രകാശത്തിന്റെ റിഫ്‌ളക്ഷന്‍ പതിക്കുന്നത്, ഇലയുടെ അടിയില്‍ സ്‌റ്റൊമാറ്റയിലാണ്. അപ്പോള്‍, ഇവോപറേഷന്‍ കൂടും, മരം ഉണങ്ങും. മുത്തിക്കളം റിസര്‍വിന്റെ ചരിവിലുള്ള കാട്ടില്‍ ഒരൊറ്റ വന്‍മരവുമുണ്ടായിരുന്നില്ല. ഈ അറിവുള്ളത് ആദിവാസിക്കാണ്. ഇത്തരം പഠനങ്ങള്‍ മറ്റെവിടെയെങ്കിലുമുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. കാട് അറിയുന്ന ഒരു ആദിവാസിക്ക്, കാട്ടുമൃഗത്തിന്റെ ആക്രമണം ഉണ്ടാകാതെ പോകാന്‍ കഴിയും. ഒരു മലയ്ക്ക് അപ്പുറം ആന നടന്നുപോകുന്നതുപോലും മണ്ണില്‍ ചെവിവെച്ച് എനിക്കുപറഞ്ഞുതന്ന, വയോധികനായ ഒരു ആദിവാസിയുണ്ടായിരുന്നു, ഒരു കറുമ്പന്‍. അത്, തലമുറകളായി ആര്‍ജിച്ച അറിവാണ്. 

quari
മീറോട് മലയിലെ ചങ്കല്‍ ക്വാറി

ഇത്തരം പ്രായോഗിക അറിവുകളെ ശാസ്ത്രീയജ്ഞാനവുമായി കൂട്ടിയിണക്കിയാല്‍, ഇരട്ടിയായി പ്രയോഗിക്കാന്‍ കഴിയും. ഇത്തരം കാഴ്ചപ്പാടുള്ള അപൂര്‍വം ശാസ്ത്രജ്ഞരുണ്ട്, എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം കാഴ്ചപ്പാടില്ല.
ഗ്രാമസഭകളില്‍ വരുന്നത് അവിടെ ജീവിക്കുന്നവര്‍ മാത്രമാണ്, പുറത്തുനിന്ന് ആരുമില്ല. ഒരു ക്വാറി വന്നാല്‍ എന്താണ് കുഴപ്പമെന്ന് അവര്‍ക്കറിയാം. അവരുടെ വീടിന്റെ ഭിത്തി വിണ്ടുകീറും. അതുകൊണ്ട്​, അവരാണ് അതിനുവേണ്ടി നിയന്ത്രണമുണ്ടാക്കേണ്ടവർ. അങ്ങനെയുള്ള ഒരിടത്ത്​ ക്വാറി തുടങ്ങാന്‍ ഗ്രാമസഭ അനുവദിക്കില്ല. കാടിനോടുചേർന്ന്​ ജീവിക്കുന്നവരെപ്പോലെ, കാടിനെ സംരക്ഷിക്കണമെന്ന ബോധ്യമുള്ളവര്‍ മറ്റെവിടെയുമുണ്ടാകില്ല. 

വനജീവിതവുമായി ബന്ധപ്പെട്ട് സയന്‍സ്, പ്രായോഗികതയിൽനിന്ന്​ അകന്നുനില്‍ക്കുന്നതിന് പ്രധാന കാരണം, അനുഭവസമ്പത്തുകളെ ഉള്‍ക്കൊള്ളാത്തതാണ്. അതേസമയം, ഇത്തരം അറിവുകളെ ഉപയോഗിച്ച ശാസ്ത്രജ്ഞരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്​. 

അപൂര്‍വം വനംവകുപ്പ് ജീവനക്കാര്‍ ഇത്തരം അറിവുകളെ ഉപയോഗിക്കുന്നുണ്ട്. സൈലൻറ്​ വാലിയിലെ ഫോറസ്​റ്റ്​ വാച്ചർ മാരിയെപ്പോലുള്ളവർ. 16ാമത്തെ വയസ്സിൽ അച്​ഛൻ ലച്ചിയപ്പനൊപ്പമാണ്​ മാരി സൈലൻറ്​ വാലിയിലെത്തിയത്​. ലച്ചിയപ്പനും വാച്ചറായിരുന്നു. മഡുഗ ഗോത്രക്കാരനായ ലച്ചിയപ്പൻ, സൈലൻറ്​വാലിയെക്കുറിച്ചുള്ള അറിവുകളുടെ ഒരു ശേഖരം തന്നെയായിരുന്നു. ഇത്തരം റെയ്ഞ്ചര്‍മാരും ഡി.എഫ്.ഒമാരുമുണ്ടായിരുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കുന്ന കുട്ടികള്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് പ്രായോഗികപാഠങ്ങള്‍ നേടണമെന്ന് ഒരു പോളിസിയുണ്ട്. സിലബസിലുള്ള ഇക്കാര്യം എത്രമാത്രം ഫലപ്രദമാകുന്നുണ്ട്? 

ഇത്തരം അറിവുകളെ അംഗീകരിച്ചാല്‍, മാനിച്ചാല്‍ നമ്മുടെ സയന്റിഫിക് വിഷന് ഏറെ മാറ്റമുണ്ടാകും. അത്തരം മാറ്റങ്ങളിലൂടെ മാത്രമേ, പ്രായോഗിക പരിഹാരങ്ങളിലേക്ക് എത്താനാകൂ. വനജീവിതവുമായി ബന്ധപ്പെട്ട് സയന്‍സ്, പ്രായോഗികതയിൽനിന്ന്​ അകന്നുനില്‍ക്കുന്നതിന് പ്രധാന കാരണം, ഇത്തരം അനുഭവസമ്പത്തുകളെ ഉള്‍ക്കൊള്ളാത്തതാണ്. അതേസമയം, ഇത്തരം അറിവുകളെ ഉപയോഗിച്ച ശാസ്ത്രജ്ഞരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്​. 

kifa
പരിസ്ഥിതിലോല, ബഫര്‍സോണ്‍ പ്രഖ്യാപനങ്ങള്‍ക്കെതിരെ കിഫയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ച്

പരിസ്​ഥിതി തീവ്രവാദങ്ങൾ

സർക്കാറിന്റെ നയമില്ലായ്​മ സൃഷ്​ടിക്കുന്ന മറ്റൊരു പ്രശ്​നമുണ്ട്​. അത്​, കേരളത്തിൽ രണ്ടുതരം തീവ്രവാദികളെ സൃഷ്​ടിച്ചിരിക്കുകയാണ്. പരിസ്ഥിതി തീവ്രാദികളും കുടിയേറ്റ തീവ്രവാദികളും. കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി കൊടുത്തതിനെതിരെ ബഹളമുണ്ടാക്കുന്നവരുണ്ട്. കൊല്ലണം എന്നു പറഞ്ഞാല്‍ ഞാന്‍ പരിസ്ഥിതിക്കാരനല്ലാതാകും. പരിസ്​ഥിതിലോല മേഖല വേണം എന്നു പറഞ്ഞാൽ ഞാന്‍ കര്‍ഷകവിരോധിയാകും. 

കേരള ഇന്‍ഡിപെന്റഡൻറ്​ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്നൊരു സംഘടന മലയോരമേഖലയില്‍ രൂപം കൊണ്ടിട്ടുണ്ട്. മണ്ണാര്‍ക്കാട്ട് ആന പടക്കം കടിച്ച് ചരിഞ്ഞ സംഭവത്തെതുടര്‍ന്ന് രൂപം കൊണ്ട ഈ സംഘടന, രണ്ടുവര്‍ഷം കൊണ്ട്​ വളരെ പെട്ടെന്നാണ് വളർന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയെയും വിശ്വാസമില്ലാത്ത തരത്തില്‍, ഒരു സ്വതന്ത്ര സംഘടന,  കര്‍ഷകരെ സംഘടിപ്പിക്കുന്നു. അവർ കുറേ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്, എന്നാല്‍, കാടുപോലും വേണ്ട എന്ന തരത്തില്‍, തീവ്രവാദ ആശയങ്ങളും അതില്‍നിന്നുണ്ടാകുന്നുണ്ട്. ഇതിനെ ഒരു ഉദാഹരണമായി കാണണം. സര്‍ക്കാറിനാണ് ഇതേക്കുറിച്ച് ചിന്ത വേണ്ടത്. അതിനുള്ള നയം വേണം. ഉദ്യോഗസ്ഥരെ അഴിച്ചുവിടുന്നതിന് മാറ്റം വേണം. കാരണം, വനത്തെ ചൂണ്ടി ഒരു തീവ്രവാദ നിലപാട് ഒരിക്കലും ഉയര്‍ന്നുവരാന്‍ പാടില്ല.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

ടോണി തോമസ്​

കാർഷിക മേഖലയുമായും വനസംരക്ഷണവുമായും ബന്ധപ്പെട്ട്​ ഇടപെടലുകൾ നടത്തുന്നു. ‘വൺ എർത്ത്​ വൺ ലൈഫ്​’ എന്ന സംഘടനയുടെ ലീഗൽ സെല്ലിന്​ നേതൃത്വം നൽകുന്നു. പരിസ്​ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്​ നിരവധി പൊതുതാൽപര്യ ഹർജികൾ നൽകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്​തിട്ടുണ്ട്​.

Audio