ഭൂമിയും ആദിവാസിയും
എം. ജി. അനീഷ്
ആദിവാസികളുടേതല്ലാതാകുകയാണ് വനം

1980ലെ വന സംരക്ഷണ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 1980ലെ നിയമമനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ഭേദഗതി, ഇത്തരം നിയന്ത്രണങ്ങള്‍ മറികടക്കാനാണെന്ന വിമര്‍ശനം ആദിവാസി സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. റിസര്‍വ് വനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വനേതര ആവശ്യങ്ങള്‍ക്കായി പാട്ടത്തിനുനല്‍കാന്‍ കേന്ദ്രാനുമതി വേണമെന്ന നിയമത്തിലെ സെക്ഷന്‍ രണ്ട് (iii) എടുത്തുകളയുന്നതടക്കമുള്ള മാറ്റങ്ങള്‍ ആദിവാസികളുടെ അവകാശങ്ങളെയാണ് പ്രധാനമായും ബാധിക്കുക. കോർപറേറ്റുകൾക്കും സ്വകാര്യ സംരംഭകർക്കും വനം തുറന്നിട്ടുകൊടുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് വിമർശനം. ഈ സാഹചര്യത്തില്‍, ആദിവാസി ഭൂമിയിലുള്ള കടന്നുകയറ്റങ്ങളും അവയ്ക്ക് ഭരണകൂടങ്ങള്‍ നല്‍കുന്ന ഒത്താശകളും വിശലകനം ചെയ്യപ്പെടുന്നു.
മനുഷ്യരായിപ്പിറന്ന സകല വിഭാഗങ്ങള്‍ക്കും അവരുടെ ഭൂമിക്കുമേലുള്ള ഉടമസ്ഥത നിയമപരമായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്ത തലമുറകളിലേക്കോ മറ്റുള്ളവരിലേക്കോ, പിതൃസ്വത്തായോ ഇഷ്ടദാനമായോ വിലയ്‌ക്കോ കൈമാറാന്‍ ആ ഉടമക്കവകാശമുണ്ട്. സ്വന്തം ഭൂമിയില്‍ സ്വയംനിര്‍ണയാവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, ആദിവാസികള്‍ക്കുമാത്രം അതില്ല.
ഭൂരഹിത ആദിവാസിക്ക് ഭൂമിയെന്ന് വിളംബരം ചെയ്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നാടൊട്ടുക്ക് പട്ടയമേള നടത്തി ഭൂമി ‘കൊടുത്തു’. ആ നിക്ഷേപത്തെ തെരഞ്ഞെടുപ്പിലും വസൂലാക്കി. പക്ഷെ കൊടുത്തത് പട്ടയമല്ല, കേറിക്കിടക്കാന്‍ മാത്രം അവകാശമനുവദിക്കുന്ന വെറും കൈവശരേഖ മാത്രമാണെന്ന് ആദിവാസി മാത്രമറിഞ്ഞു. ഒരു കൂര പണിയാന്‍ നട്ടുവളര്‍ത്തിയൊരു മരം മുറിക്കാനുള്ള അവകാശം, പൊന്നുമക്കളുടെ കെട്ടുകല്ല്യാണത്തിനോ വിദ്യാഭ്യാസത്തിനോ ഒരു ബാങ്ക് വായ്പക്ക് ഈട് നല്‍കാനുള്ള വകുപ്പ്, കാട്ടില്‍ കയറിയതിന് വനംവകുപ്പ് കേസെടുത്താല്‍ ജാമ്യത്തിലിറങ്ങാന്‍ കരം തീര്‍ത്തൊരു രസീത്, നട്ടുവളര്‍ത്തിയ കൃഷിഭൂമി പ്രകൃതിക്ഷോഭത്തില്‍ ഇല്ലാതായാല്‍ റവന്യൂരേഖയുടെ അടിസ്ഥാനത്തില്‍ കിട്ടേണ്ട നഷ്ടപരിഹാരം, ഒന്നിനും വകുപ്പില്ലാത്ത, ആവശ്യം വരുന്ന പക്ഷം ഏതുനേരവും ഇറക്കിവിടാന്‍ പാകത്തില്‍ ഒരിടക്കാലശാന്തി മാത്രമായി ആദിവാസിക്ക് കൊടുത്ത വനഭൂമി മാറി. നിയമസഭയിലും പൊതുവേദിയും പ്രകടനപത്രികയിലും കൈവശരേഖ പട്ടയമായി പുനരവതരിക്കും.
1990 വരെയുള്ള കണക്കനുസരിച്ച് ആദിവാസി സമൂഹത്തിന്റെ 40 ശതമാനത്തിനും അവര്‍ പുലര്‍ന്നുപോന്ന ആവാസ വ്യവസ്ഥയില്‍ നിന്ന് കുടിയൊഴിയേണ്ടി വന്നു.
ആദിവാസി പുറത്താക്കപ്പെട്ടത് എങ്ങനെ?
പട്ടയം കൊടുത്താല്‍ ആ ഭൂമിയെ ആദിവാസി അന്യാധീനപ്പെടുത്തുമെന്ന ന്യായത്തിലാണ് കൈവശമുള്ള ഭൂമിക്കുമേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥതയില്‍ നിന്ന് ആദിവാസി അങ്ങനെ പുറത്തായതിന് ചരിത്രപരമായൊരു വഴിയുണ്ട്. 19ാം നൂറ്റാണ്ടിലെ ബോംബെ പ്രൊവിന്‍സ് ലാന്‍ഡ് റവന്യൂ കോഡിന്റെ കാലം മുതല്‍ 2006ലെ കേന്ദ്രവനാവകാശനിയമം വരെയുള്ള നിയമപരിരക്ഷകളില്‍ നിന്നാണ് ആദിവാസി പുറന്തള്ളപ്പെട്ടത്. അക്കഥയില്‍ ജനാധിപത്യ സര്‍ക്കാരുകളാണ് സാമ്രാജ്യത്വത്തേക്കാള്‍ പ്രതിസ്ഥാനത്ത്.
ഭൂമിക്കുമേലുള്ള സ്വകാര്യ ഉടമസ്ഥത ബ്രിട്ടന്റെ സംഭാവനയായിരുന്നു. ഭൂമിയില്‍ നിന്നുള്ള വരുമാനം ലക്ഷ്യമിട്ടുള്ള ഭൂനയങ്ങളാണ് അവര്‍ ശീലിപ്പിച്ചത്. കൃഷിഭൂമി സ്വകാര്യ ഉടമസ്ഥതക്ക് കീഴിലും വനഭൂമി ഭരണകൂടത്തിന്റെ കീഴിലും നിലനിര്‍ത്തുന്ന ശൈലിയും അവര്‍ തുടങ്ങിവച്ചു. ഭൂമിയുടെ വിലയെന്നാല്‍ അതില്‍ നിന്ന് ലഭ്യമാകുന്ന ഉത്പന്നത്തിന്റെ വിലയെന്ന സങ്കല്‍പ്പവും അവിടുന്നാരംഭിക്കുന്നു. ബ്രിട്ടന്റെ വരവിനുമുന്‍പ് ആ കൃത്യത്തിനൊരു ശ്രമം നടത്തിയത് 1766 മുതല്‍ 1792വരെ മലബാര്‍ വാണ മൈസൂര്‍ രാജാക്കന്മാരായിരുന്നു. ജന്മികളെ ഒഴിവാക്കി കൃഷിയിറക്കുന്ന കര്‍ഷകരില്‍ നിന്ന് വരുമാനം അവര്‍ നേരിട്ട് സംഭരിച്ചു. അത് പിന്നീട് വന്ന ബ്രിട്ടനുപകരിച്ചു. ഉടമസ്ഥാവകാശവും തൊഴില്‍ശക്തിയുടെ സാധ്യതകളും തിരിച്ചറിയാത്ത ഭൂവിനിയോഗശൈലിയെ അവര്‍ മാറ്റിയെടുത്തു. അതിനുമുമ്പുള്ള മലബാറിലെ ഭൂവിനിയോഗം വെറും പരസ്പരബന്ധത്തിന്റെ ഈടിലായിരുന്നു. രാജാവും ജന്മിയും കാണക്കാരും വെറുമ്പാട്ടക്കാരും സംഗമിക്കുന്ന വെറുമൊരുടമ്പടിയില്‍ അത് പുലര്‍ന്നു. ആര്‍ക്കും പരമാധികാരമില്ലാതെ.

തൊഴില്‍ശക്തിയിലൂടെ ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്ന വിളവിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാര്‍ ഭൂമിയുടെ ഭരണപരമായ തരംതിരിവ് നടത്തിയത്. മണ്ണിനെ പൂജിക്കുന്ന, ഭൂമിക്ക് നോവാതെ അതിനുമേല്‍ ഉപജീവിക്കുന്ന ആദിവാസിയുടെ പ്രകൃതിനീതി നാട്ടിലെ ജന്മിക്കും സായിപ്പിനും പിന്നീടുവന്ന ഭരണകൂടങ്ങള്‍ക്കും തിരിഞ്ഞുമില്ല. ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന 1793ലെ പെര്‍മനൻറ് സെറ്റില്‍മെൻറ് ആക്ടും 1830 -1840 കാലത്തെ റയട്ട് വാരി സെറ്റില്‍മെൻറ് ഓഫ് വെസ്റ്റേണ്‍ ഇന്ത്യ ആക്ടും 1865ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടുമെല്ലാം ഭൂമിക്കുമേലുള്ള ഉടമസ്ഥത നിശ്ചയിക്കാന്‍ പരിഗണിച്ചത് അതില്‍ വരുമാനമുണ്ടാക്കാനുള്ള സാമര്‍ത്ഥ്യം മാത്രമാണ്. മണ്ണിനെ പൂജിക്കുന്നവർക്ക്പുല്ലുവിലയും അതില്‍ വിളവെടുത്ത് ലാഭം കൊയ്യുന്നവർക്ക് പൊന്നുവിലയും കിട്ടി.
ഉടമസ്ഥാവകാശം നടപ്പിലാക്കിയെടുക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ക്ക് കൃത്യം പാകമായത് ജന്മിയും കുടിയേറ്റ കര്‍ഷകനുമായിരുന്നു.
‘കൃഷിഭൂമി കര്‍ഷകന്, വനഭൂമി വനവാസിക്ക്’- ഒരിക്കലും നടക്കാത്ത മധുര മനോജ്ഞ മുദ്രാവാക്യത്തിന്റെ കടക്കലാദ്യം കത്തിവച്ചതും തത്വത്തില്‍ ആദിവാസിയെ ‘പരിഗണിച്ച’ സായിപ്പ് തന്നെ. 1855ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന പ്രധാന ഭൂപരിഷ്‌കരണ പരിപാടികളിലൊന്ന് ഫോറസ്റ്റ് എന്ന ഭരണപരമായ പുതിയ സങ്കല്‍പ്പത്തിന്റെ പിറവിയാണ്. വനഭൂമിയിലേക്കുള്ള കടന്നുകയറ്റത്തെ ചെറുക്കാനുള്ള ഔദ്യോഗിക മെമ്മോറാണ്ടമായാണ് അതിന്റെ വരവ്. പിന്നീട് ഭരണപരമായി 1865ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിന് വിധേയമായി പ്രവര്‍ത്തിച്ചു. 1878ല്‍ അതിന്റെ ആദ്യ ഭേദഗതിയും നടന്നു. അങ്ങനെ ഇന്ത്യാമഹാരാജ്യത്തെ വിശാലമായ വനഭൂമിയില്‍ ഒരു വലിയ പങ്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി.
മാനസിക പിന്തുണ കൊണ്ട് ലോകത്തിന്നേവരെ ഒരു ദുര്‍ബ്ബലവിഭാഗവും രക്ഷപെട്ടിട്ടില്ലെന്നും ആദിവാസിക്ക് വേണ്ടത് രാഷ്ട്രീയ പിന്തുണയാണെന്നും സി. കെ. ജാനു വിളിച്ചുപറയുന്നത് ഈ പശ്ചാത്തലത്തിലാണ്
അട്ടപ്പാടിയിലെ വിശാലമായ വനഭൂമിയെ റിസര്‍വ്വ് ഫോറസ്റ്റെന്ന ഗണത്തിലുള്‍പ്പെടുത്തി. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരടക്കമുള്ള ജന്മികളില്‍ നിന്ന് വിലക്ക് വാങ്ങിയതോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയാണത്. 1937ലെ ആദ്യ വര്‍ക്കിംഗ് പ്ലാനനുസരിച്ച് അട്ടപ്പാടി താഴ്‌വരകളില്‍ 1887ല്‍ ആദ്യ സര്‍വ്വേ നടന്നു. അതില്‍ വനവാസികളുടെ കണക്കെടുപ്പുമുള്‍പ്പെടും. മദ്രാസ് ഗവണ്‍മെൻറ് കൂടുതല്‍ വനഭൂമിയാവശ്യപ്പെട്ടുവെങ്കിലും ജന്മികള്‍ അതിനെതിരെ നിയമയുദ്ധം നടത്തി. കോളണിഭരണകാലത്തെ കോടതികള്‍ ജന്മാവകാശം മുന്‍നിര്‍ത്തി ജന്മിക്ക് തിരിച്ചുനല്‍കിയ വനഭൂമികള്‍ പിന്നീട് സ്വകാര്യവനങ്ങളായി. അവിടം തൊട്ട് വനഭൂമിയില്‍ ആദിവാസിക്ക് നിയന്ത്രണങ്ങളും വന്നുതുടങ്ങി. 1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ടും 1894ലെ ആദ്യ ഫോറസ്റ്റ് പോളിസിയുമനുസരിച്ച് റിസര്‍വ്വ് ഫോറസ്റ്റ് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. വനഭൂമിക്കും വനവിഭവങ്ങളിലും പ്രാദേശിക മനുഷ്യര്‍ക്കനുവദിക്കേണ്ട ഇളവുകള്‍ പ്രാദേശിക വനംവകുപ്പ് അധികാരികള്‍ നിശ്ചയിക്കും. പ്രായോഗികാര്‍ത്ഥത്തില്‍ വനഭൂമിയില്‍ നിന്ന് വനവാസി അന്നേ പുറത്തായി. ഏതുനിമിഷവും തിരിച്ചെടുക്കാവുന്ന ഭൂമിയിലെ പാട്ടക്കാരനായി ആദിവാസി മാറി.

മാനസിക പിന്തുണ കൊണ്ടെന്തുകാര്യം?
ചവിട്ടിനില്‍ക്കാന്‍ ആദിവാസിക്ക് മണ്ണില്ലെങ്കിലും, ലാഭക്കണ്ണുകളുമായി മലയോരം ചുറ്റുന്നവര്‍ക്കൊത്താശ ചെയ്യുന്ന ഭരണകൂടങ്ങള്‍ നാടു ഭരിച്ചപ്പോഴും, ആശയപരമായി ആദിവാസിയോടുള്ള പരിഗണനക്കൊരു കുറവുമുണ്ടായിട്ടില്ലെന്ന് ചരിത്രം തെളിയിക്കും. മാനസിക പിന്തുണ കൊണ്ട് ലോകത്തിന്നേവരെ ഒരു ദുര്‍ബ്ബലവിഭാഗവും രക്ഷപെട്ടിട്ടില്ലെന്നും ആദിവാസിക്ക് വേണ്ടത് രാഷ്ട്രീയ പിന്തുണയാണെന്നും സി. കെ. ജാനു വിളിച്ചുപറയുന്നതും ഈ പശ്ചാത്തലത്തിലാണ്. 1874ല്‍ ബ്രിട്ടന്‍ നടപ്പാക്കിയ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്ട്‌സ് ആക്ടും 1918ലെ മൊണ്ടേഗു ചെംസ്‌ഫോര്‍ഡ് റിപ്പോര്‍ട്ടും 1919ല ഗവണ്‍മെൻറ് ഓഫ് ഇന്ത്യ ആക്ടും 1930ലെ സൈമണ്‍ കമീഷന്‍ റിപ്പോര്‍ട്ടുമെല്ലാം ആദിവാസിയെ പരിഗണിച്ചു, താത്വികമായി മാത്രം. സൈമണ്‍ കമീഷന്‍ റിപ്പോര്‍ട്ട് ആ കരുതല്‍ കൂടുതല്‍ വ്യക്തമാക്കി. ആദിവാസി ഉപജീവനം കഴിക്കുന്ന കൃഷിഭൂമിയുടെ നാട്ടുവാസികളിലേക്കുള്ള കൈമാറ്റവും വട്ടിപ്പലിശക്കാരുടെ സാന്നിധ്യവും പ്രധാന അപകടങ്ങളായി സൈമണ്‍ കമീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തുന്നുണ്ട്. ആ സമൂഹത്തെ അതില്‍ നിന്ന് രക്ഷിക്കേണ്ട ചുമതല ഗവണ്‍മെന്റിനുണ്ടെന്ന് പറയാനുള്ള മനുഷ്യപ്പറ്റ് സായിപ്പിന് ബാക്കിയുണ്ടായിരുന്നു. പ്രവിശ്യഭരണാധികാരികള്‍ക്ക് അതിന് താത്പര്യമില്ലാത്തതുകൊണ്ടുതന്നെ അവരുടെ സുരക്ഷ ഗവര്‍ണര്‍മാരിലൂടെ ഉറപ്പുവരുത്താനാണ് ജോണ്‍ സൈമണ്‍ ചെയര്‍മാനായ ഇന്ത്യന്‍ സ്റ്റാറ്റിയൂട്ടറി കമീഷന്‍ ശുപാര്‍ശ ചെയ്തത്.

പക്ഷെ ഈ കേന്ദ്രീകരണത്തെ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പരിഗണിച്ചില്ല. ആദിവാസിഭൂമിയെ ഷെഡ്യൂള്‍ഡ് ഏരിയകളായി പരിഗണിച്ച 1874ലെ ബ്രിട്ടന്‍ കൊണ്ടുവന്ന ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്ട് ആക്ട് മുന്നോട്ടുവച്ച സന്മനസ്സ് 1937ല്‍ ഗവണ്‍മെൻറ് ഓഫ് ഇന്ത്യയുടെ ഉത്തരവോടെ തീര്‍ന്നുകിട്ടി. ഷെഡ്യൂള്‍ഡ് ഏരിയകള്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാരുടെ അധികാരപരിധിയിലേക്ക് വീണ്ടുമെത്തി. 1946 മെയ് പതിനാറിലെ ക്യാബിനറ്റ് മിഷന്റെ പ്രസ്താവനയനുസരിച്ച് ഒരിക്കല്‍ മാറ്റിനിര്‍ത്തപ്പെട്ട ആദിവാസി മേഖലകളടക്കമുള്ള ഭൂപ്രദേശങ്ങള്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയുടെ പ്രത്യേകപരിഗണനക്ക് കീഴിലാകണമെന്ന് വിധിക്കപ്പെട്ടു. അതോടെ വീണ്ടും, ആര്‍ക്കും തൊടാനാവാത്ത പ്രത്യേക ഭൂപ്രദേശത്തെ പ്രത്യേകവിഭാഗമെന്ന പരിഗണനയും ആദിവാസിക്ക് പോയിക്കിട്ടി.
ആദിവാസിയെ കൈയൊഴിഞ്ഞ കേരളം
1947 ഫെബ്രുവരി 27ന് കോണ്‍സ്റ്റിറ്റ്യുവൻറ് അസംബ്ലി മൂന്ന് സബ് കമ്മിറ്റികളെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു, പരിമിതികളുടെയും രോഗങ്ങളുടെയും ദുരിതങ്ങളുടെയും അവസ്ഥയാണ് കമ്മിറ്റി വിവരിച്ചത്. ആദിവാസികള്‍ ഭൂരിപക്ഷമുള്ള ഇടങ്ങളെ ഷെഡ്യൂള്‍ഡ് ഏരിയ ആക്കണമെന്നും ആദിവാസി ഭൂമിയുടെ കൈമാറ്റം കര്‍ശനമായി തടയണമെന്നും ആ റിപ്പോര്‍ട്ടുകളും പറഞ്ഞു. പക്ഷെ ആവേശം പതിയെ തണുത്തു. ആ റിപ്പോര്‍ട്ട് നടപ്പിലായില്ല. തുടര്‍ന്ന് ആ ദൗത്യം ഭരണഘടനയുടെ മേലായി. 1948ലെ കോണ്‍സ്റ്റിറ്റ്യൂഷൻ ഡ്രാഫ്റ്റില്‍ ആ നിര്‍ദ്ദേശങ്ങളുടെ പ്രതിഫലനമുണ്ടായിരുന്നു, ഭൂമി കൈമാറ്റം മുതല്‍ ആദിവാസിക്ഷേമം വരെയുള്ളതെല്ലാം ട്രൈബല്‍ അഡ്വൈസറി കൗണ്‍സിലിന്റെ അനുമതിയോടെയാവണമെന്ന് അത് നിഷ്‌കര്‍ഷിച്ചു. തെരഞ്ഞെടുക്കപ്പെട്ട നാലില്‍ മൂന്നംഗങ്ങളും ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തിലുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ട്രൈബല്‍ അഡ്വൈസറി കൗണ്‍സില്‍ ഭരണപരമായ തീരുമാനങ്ങളിലെ ആദിവാസി പ്രതിനിധ്യം ഉറപ്പുവരുത്തി. ഊരുകൂട്ടങ്ങളെ അട്ടിമറിച്ച് ഫണ്ട് തട്ടുന്ന പുതിയ കാലത്ത് പഴയ ട്രൈബല്‍ അഡ്വൈസറി കൗണ്‍സില്‍ ഒരു മാതൃകയായിരുന്നു.
ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം ഭൂമിയുടെ പുനര്‍വ്വിതരണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആദിവാസിക്ക് ഭൂമി കിട്ടിയില്ല?. വനഭൂമി, ഭൂപരിഷ്‌കരണത്തിന്റെ പരിധിയിലായിരുന്നില്ലെന്ന ന്യായം എത്രകാലം തുടരും. ഭൂപരിഷ്‌കരണനിയമം ജന്മിയേയും കുടിയാനെയും മാത്രമേ കണ്ടുള്ളൂ.
ഫലത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ട് മുതലുള്ള നിയമനിര്‍മാണ ചരിത്രം സൂചിപ്പിക്കുന്നത് ഷെഡ്യൂള്‍ഡ് ഏരിയകളായി കണക്കാക്കപ്പെട്ട ആദിവാസിഭൂമിയുടെ കൈമാറ്റം കര്‍ശനമായിത്തന്നെ നിരോധിക്കപ്പെട്ടിരുന്നുവെന്നാണ്. പ്രത്യേക സ്റ്റാറ്റ്യൂട്ടറി പരിഗണനകളോടെ അത് കേന്ദ്ര ഗവണ്‍മെൻറിന്റെ നിയന്ത്രണത്തില്‍ തുടര്‍ന്നു. അക്കാലം മുതല്‍ ഭരണഘടന നിലവില്‍ വരുന്ന കാലം വരെയും ആദിവാസി ഭൂമി ഇതരവിഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്താല്‍ത്തന്നെ നിയമപരമായി അതിന് സാധുതയുമുണ്ടായിരുന്നില്ല. 1879ല്‍ ബോംബെ പ്രൊവിന്‍സ് ലാന്‍ഡ് റവന്യൂ കോഡിന്റെ കാലം മുതല്‍ ആദിവാസിഭൂമി കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്ന വിധി നിലനിന്നു. ആദിവാസിഭൂമിയോടുള്ള പരിഗണനക്ക് കുറവൊന്നുമുണ്ടായില്ല. 1901ല്‍ ഗുജറാത്ത്, 1908ല്‍ ബീഹാര്‍, നാല്‍പ്പത്തിയെട്ടില്‍ കര്‍ണാടക, 1955ല്‍ രാജസ്ഥാന്‍, 1959ൽ മധ്യപ്രദേശ്, 1960ല്‍ ഒറീസയും ത്രിപുരയും, 1964ല്‍ അസം, 1968ല്‍ ഹിമാചല്‍ പ്രദേശ്, 1970ല്‍ മണിപ്പൂര്‍, 1974ല്‍ മഹാരാഷ്ട്ര, 1977ല്‍ സിക്കിം തുടങ്ങി പല സംസ്ഥാനങ്ങളും ആദിവാസി ഭൂമിക്ക് സുരക്ഷയുറപ്പ് വരുത്താന്‍ നിയമഭേദഗതിക്കൊരുങ്ങുമ്പോഴും ഭൂപരിഷ്‌കരണത്തിന്റെ നാട് കേരളം ആദിവാസിയെ കൈയ്യൊഴിഞ്ഞു. ആദിവാസിയെയും അവന്റെ മണ്ണിനെയും സുരക്ഷിതമാക്കാനാണ് ഷെഡ്യൂള്‍ഡ് ഏരിയകള്‍ നിശ്ചയിക്കപ്പെട്ടത്. ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെല്ലാം ഷെഡ്യൂള്‍ഡ് ഏരിയകള്‍ പ്രഖ്യാപിച്ചപ്പോഴും കേരളവും തമിഴ്‌നാടും കര്‍ണാടകയും പശ്ചിമബംഗാളും മടിച്ചു.
കുടിയേറ്റക്കാർ വരുന്നു
ചരിത്രപരമായ ഈ വഞ്ചനയുടെ തുടര്‍ച്ച ശരിക്കങ്ങ് പൊലിച്ചത് മണ്ണ് തേടി മലബാറിലെ മലയോരങ്ങളിലേക്കുള്ള വ്യാപകമായ കുടിയേറ്റമരാംഭിച്ച പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യം മുതലാണ്. അവിടുന്നിങ്ങോട്ട് ആദിവാസിയോട് സൂക്ഷിച്ച താത്വികമായ പരിഗണനയും പോയിക്കിട്ടി. വയനാടന്‍ മലകളിലേക്കുള്ള യൂറോപ്യന്‍ പ്ലാന്റര്‍മാരുടെ വരവാണാദ്യം. കോളണി ഭരണകൂടത്തെയും ജന്മിയെയും ബോധ്യപ്പെടുത്തി ഭൂമി പാട്ടത്തിനെടുത്ത് സായിപ്പ് പണി തുടങ്ങി. അട്ടപ്പാടിയില്‍ മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ ഭൂമിയില്‍ തമിഴകത്തെ കര്‍ഷകരും വിത്തിറക്കി. ഭൂമിയുടെ വാങ്ങലും വില്‍പ്പനയും ആയിരത്തിത്തൊള്ളായിരത്തി മുപ്പതോടെയാരംഭിച്ചു. ക്രമേണ മലബാറിന്റെ ഭൂവിനിയോഗശൈലിയും മാറി. 1930കളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് മൂന്ന് കൂടുംബങ്ങളെന്ന കണക്കില്‍ മലബാറിലെ കാടുകളിലേക്ക് തിരുവിതാംകൂറില്‍ നിന്ന് കുടിയേറി. അതിന്റെ ദണ്ഡം മുഴുവന്‍ ആദിവാസി അനുഭവിച്ചു. 1940നും 50നുമിടയില്‍ തിരുവിതാംകൂര്‍ കുടിയേറ്റക്കാരുടെ 50 സെറ്റില്‍മെന്റുകളുണ്ടായി.

അന്‍പതുകളിലെ മലേറിയ നിര്‍മ്മാര്‍ജ്ജനപരിപാടികളും കാര്‍ട്ട് റോഡും വന്നുകഴിയുമ്പോഴേക്കും ‘അട്ടനേമീനാഥന്റെ ആലയ’മായ അട്ടപ്പാടിയും കുടിയേറ്റക്കാര്‍ കീഴടക്കി. ജനസംഖ്യാവര്‍ദ്ധനവും കൃഷിഭൂമിയുടെ അഭാവവും കൊണ്ടാണ് തിരുവിതാംകൂറില്‍ നിന്ന് കുടിയേറ്റം ശക്തമായത്. അറുപതുകളിലും എഴുപതുകളിലും കുടിയേറ്റം മൂര്‍ദ്ധന്യത്തിലെത്തി. ആദിവാസിയില്‍ ഭൂമിയുടെ പാട്ടം ശേഖരിച്ച കാര്യസ്ഥന്‍ ഭൂമി പതിച്ചുകൊടുക്കുന്ന കാര്യക്കാരനായി. ഭൂമി അളന്ന് തിട്ടപ്പെടുത്തിയ കോല്‍ക്കാരന്‍ അധികാരിയായി. കുടിയേറ്റക്കാരന്‍ പാട്ടത്തിനെടുക്കുന്ന ഭൂമിക്ക് കൊടുക്കുന്ന പണത്തിന് പകരം വെറുമൊരു രസീത് പകരം കൊടുക്കും. ഭൂമിയുടെ സ്ഥാനവും അളവുമെല്ലാം സങ്കല്‍പ്പം മാത്രം. അങ്ങനെ സാമര്‍ത്ഥ്യവും കായബലവുമുള്ള കുടിയേറ്റക്കാര്‍ തന്നിഷ്ടമനുസരിച്ച് ഭൂമി കൈയ്യേറി. അതിനൊപ്പം ആദിവാസികള്‍ ഓരങ്ങളിലേക്ക് പിന്‍വാങ്ങി. 1961 ല്‍ അട്ടപ്പാടിയിലെ ജനസംഖ്യയുടെ 64 ശതമാനവും ആദിവാസികളായിരുന്നെങ്കില്‍ കൃത്യം പത്ത് വര്‍ഷം കഴിഞ്ഞ് 1971ൽ അത് 40 ശതമാനമായി താഴ്ന്നു. ആ കണക്ക് 1991ലെത്തുമ്പോള്‍ അവരുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 30 ശതമാനമായി ചുരുങ്ങി. ജനസംഖ്യ കുറയുന്നതിനൊത്ത് അവരുടെ കൈവശമിരുന്ന ഭൂമിയുടെ വിസ്തൃതി കുറയുന്ന പ്രതിഭാസവും സംഭവിച്ചു. കുടിയേറിയ നാട്ടുമനുഷ്യര്‍ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അനുപാതം തെറ്റിച്ചു. കുടിയേറ്റക്കാരില്‍ സര്‍വസമുദായങ്ങളുടെയും പ്രാതിനിധ്യമുണ്ടായി. അട്ടപ്പാടിയില്‍ 2000 ഏക്കര്‍ പാട്ടത്തിനെടുത്ത് വിത്തിറക്കാന്‍ എന്‍. എസ്. എസും ഇറങ്ങി.
1976ല്‍ കേരള സ്റ്റേറ്റ് അസംബ്ലി നിയോഗിച്ച സബ്കമ്മിറ്റി പരിശോധിച്ച ആകെ 298 കേസുകളില്‍ 71 കേസുകളിലും ആദിവാസി ഭൂരഹിതനായത് ബലപ്രയോഗത്തിലൂടെ ആയിരുന്നു.
ഭൂപരിഷ്‌കരണം എന്ന വഞ്ചന
ഭൂമിസംബന്ധമായി എന്തെങ്കിലും ഒരുപകാരം ആദിവാസിക്കുണ്ടാകേണ്ടിയിരുന്നത് കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണം കൊണ്ടായിരുന്നു. ജന്മിക്കെതിരെ കര്‍ഷകനെയും കര്‍ഷകപ്പണിക്കാരെയും അണിനിരത്തി പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന നിരീക്ഷണം ഇവിടെയിണങ്ങും. ഭൂരഹിതന് ഭൂമിയെന്ന മുദ്രാവാക്യം അതെവിടെയും ബാക്കി വച്ചില്ല. ലക്ഷ്യം ഭൂമിയുടെ പുനര്‍വ്വിതരണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആദിവാസിക്ക് ഭൂമി കിട്ടിയില്ല?. വനഭൂമി ഭൂപരിഷ്‌കരണത്തിന്റെ പരിധിയിലായിരുന്നില്ലെന്ന ന്യായം എത്രകാലം തുടരും. ഭൂപരിഷ്‌കരണനിയമം ജന്മിയേയും കുടിയാനെയും മാത്രമേ കണ്ടുള്ളൂ. ആരാണ് ജന്മിയും കുടിയാനുമെന്നതിന് വിശാലാര്‍ത്ഥങ്ങളും കല്‍പ്പിക്കപ്പെട്ടു. കുടിയാന് ഭൂമിക്കുമേല്‍ അവകാശം കിട്ടുമെന്നായപ്പോള്‍ ആദിവാസിയെ കുടിയാനായി കാണാന്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമായില്ല. ഭൂപരിഷ്‌കരണം ജന്മിക്കെതിരായിരുന്നു. പക്ഷെ വികസനത്തിനെതിരായിരുന്നില്ല. ഭൂപരിഷ്‌കരണം മുതലാളിത്തത്തിന്റെ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തരുതെന്ന് ഇ. എം. എസും വാദിച്ചു. പകുതി കൊളോണിയലും മറുപകുതി ജന്മി കേന്ദ്രിതവുമായ ഒരു രാജ്യത്തില്‍ കൃഷിയിലെ മുതലാളിത്തം ഒരു മുന്നേറ്റമായിത്തന്നെ അദ്ദേഹവും കണ്ടു.
ഇടതും വലതും മാറി മാറി വഞ്ചിച്ച ആദിവാസിക്ക് 1975ലെ കേരള ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആക്ടായിരുന്നു മണ്ണ് കിട്ടുമെന്ന പ്രതീക്ഷ വീണ്ടും കൊടുത്തത്. ആദിവാസി ഭൂമി കൈയ്യേറിയാല്‍ 1989ലെ എസ്. സി. എസ്. ടി പ്രിവന്‍ഷന്‍ ഓഫ് ആട്രോസിറ്റിസ് ആക്ടനുസരിച്ച് ആറ് മാസം തൊട്ട് അഞ്ച് വര്‍ഷം തടവും കിട്ടുമെന്നായി. പക്ഷെ ഇടതും വലതുമൊന്നിച്ച് നിന്ന് ആ പ്രതീക്ഷയെ പൊളിച്ചടുക്കി. 1996ൽ കോണ്‍ഗ്രസുകാര്‍ ഭേദഗതിക്ക് ശ്രമിച്ചപ്പോള്‍ ഗവര്‍ണര്‍ ശിവശങ്കര്‍ അത് കൈയ്യൊഴിഞ്ഞു. പിന്നാലെ വന്ന ഇടതുസർക്കാർ ഭേദഗതിക്കൊരു ശ്രമം കൂടി നടത്തി. ആദ്യം ഗവര്‍ണര്‍ ഖുര്‍ഷിദ് ആലംഖാനും അടുത്ത ഘട്ടത്തില്‍ പ്രസിഡൻറ് കെ. ആര്‍. നാരായണനും വിയോജിച്ചു, അങ്ങനെ ഭേഗഗതി കട്ടപ്പുറത്തായി. ഭൂപരിഷ്‌കരണം നടപ്പാക്കിയ ശിങ്കങ്ങള്‍ വെറുതെ വിട്ടില്ല. 1999ൽ ആ കൃത്യം വെടിപ്പാക്കി. ഭൂമിയെന്നാല്‍ കൃഷിഭൂമിയെന്ന വകുപ്പിലൊതുക്കി സ്റ്റേറ്റിന്റെ സ്വന്തം മുതലാക്കി, പ്രസിഡന്റിന്റെ സമ്മതമില്ലാതെ ഭേദഗതി സാധിച്ചെടുത്തു. നഷ്ടപ്പെട്ട ഭൂമി ആദിവാസിക്ക് വീണ്ടെടുത്ത് നല്‍കേണ്ട ബാധ്യതയൊഴിഞ്ഞു.
അച്യുതമേനോന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച കേരള ഷെഡ്യൂള്‍സ് ട്രൈബ്‌സ് ആക്ടനുസരിച്ച് 1960 മുതല്‍ 1986 വരെയുള്ള ഭൂമിസംബന്ധമായ സകല ക്രയവിക്രയങ്ങളും അസാധുവായി. അതില്‍ നാഴിമണ്ണ് ബാക്കിയില്ലാതെ യഥാര്‍ത്ഥ ഉടമകളായ ആദിവാസിക്ക് തിരിച്ചു നല്‍കാനാണ് 1975ലെ ആക്ട് വ്യവസ്ഥ ചെയ്തത്. അതിനെയാണ് 1999ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ പൊളിച്ചത്. 1996ല്‍ അത് പാസ്സാക്കാനുള്ള വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള മനസ്സുറപ്പെങ്കിലും കാണിച്ച ഒരൊറ്റയാള്‍ മാത്രം നിയമസഭയില്‍ ബാക്കിയായി- കെ. ആര്‍. ഗൗരിയമ്മ. 1975ലെ ആക്ട് പത്ത് വര്‍ഷം കഴിഞ്ഞ് 1986ൽ നിലവില്‍ വന്നു, ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളിലുള്‍പ്പെടുത്തി കോര്‍ട്ട് ഓഫ് ലായേയും അത് മറികടന്നു, സംസ്ഥാനത്തെ 3.21 ലക്ഷം ആദിവാസികളുടെ പ്രതീക്ഷയായി. പത്ത് വര്‍ഷം വച്ച് കാത്ത് നിയമമായിട്ടും നടപടികള്‍ മന്ദഗതിയില്‍ തുടര്‍ന്നു.
ആദിവാസിക്കെതിരായ കളികൾ
മലഞ്ചെരിവുകളില്‍ ആദിവാസിയുടെ മണ്ണ് കുടിയേറ്റ കര്‍ഷകനും പ്ലാന്റേഷന്‍ മുതലാളിമാരും സ്വന്തമാക്കി. 1976ല്‍ കേരള സ്റ്റേറ്റ് അസംബ്ലി നിയോഗിച്ച സബ്കമ്മിറ്റി ഭൂമി കവരുന്നതിന്റെ വാസ്തമറിയാന്‍ വയനാട്ടില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നൊരു കണക്കുണ്ട്. പരിശോധിച്ച ആകെ 298 കേസുകളില്‍ 71 കേസുകളിലും ആദിവാസി ഭൂരഹിതനായത് ബലപ്രയോഗത്തിലൂടെ ആയിരുന്നു. ചെറിയ തുക നല്‍കി സ്വന്തമാക്കുകയോ ശാരീരികമായി കവര്‍ന്നെടുക്കുകയോ ചെയ്ത 67 കേസുകള്‍, ഒരു വെള്ളക്കടലാസിലൊരൊപ്പിട്ടതിന്റെ പേരില്‍ ആദിവാസിക്ക് ഭൂമി പോയിക്കിട്ടിയതിന്റെ കഥയാണ് 14 എണ്ണം.
1975ലെ നിയമത്തിനനുസരിച്ച് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ 8879 അപേക്ഷകളാണ് കിട്ടിയത്. 10177 ഹെക്ടര്‍ ഭൂമിയുടെ കണക്കാണ് കൈയ്യേറിയവരില്‍ നിന്ന്തിരിച്ചെടുക്കാൻ ആദിവാസികള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്. പക്ഷെ ആരുമനങ്ങിയില്ല. ആദിവാസിഭൂമിയുടെ കൈമാറ്റം മുന്നനുവാദമില്ലാതെ പറ്റില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുേമ്പാഴും മലയോരങ്ങളില്‍ ഭൂമികൈയ്യേറ്റം പൊലിപൊലിച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ ‘ശുഷ്‌കാന്തി’ കൊണ്ട് കോടതിയിടപെട്ടു. ആറുമാസം കൊണ്ട് അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ 1993 ഒക്ടോബര്‍ 15ന് ഹൈക്കോടതി പറഞ്ഞു. 1988ല്‍ ഡോ. നല്ലതമ്പി തേര നല്‍കിയ പരാതിയില്‍ ഹൈക്കോടതി അടിസ്ഥാനവര്‍ഗ്ഗത്തോടൊപ്പം നിന്നു.
കുടിയേറ്റകര്‍ഷകർക്ക് നൊന്താല്‍ ആശ്വസിപ്പിക്കാന്‍ കേരള രാഷ്ട്രീയത്തിലെന്നും തുണക്കാരെയുള്ളൂ. നഷ്ടപ്പെട്ട ഭൂമി ആദിവാസിക്ക് വീണ്ടെടുത്ത് നല്‍കാന്‍ പറഞ്ഞ കോടതിവിധിയെ പൊളിക്കാന്‍ രാഷ്ട്രീയക്കാര്‍ കച്ച കെട്ടിച്ചിറക്കിയതും കുടിയേറ്റ കര്‍ഷകരെയായിരുന്നു
അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ പുരോഗതി മാസത്തിലൊരിക്കല്‍ അറിയിക്കാന്‍ ആര്‍. ഡി. ഒക്ക് ഉത്തരവിട്ടു. 8000 അപേക്ഷകള്‍ പരിശോധിച്ചു. അവിടുന്നാണ് കളി ആദിവാസിക്കെതിരെ തിരിയുന്നത്. തിരിച്ചുകിട്ടാന്‍ അപേക്ഷിക്കുന്ന ഭൂമി തന്റെതാണെന്ന് തെളിയിക്കാന്‍ രേഖകള്‍ വേണം. അപേക്ഷകര്‍ക്ക് ഭൂമി കിട്ടാന്‍ യോഗ്യരാണോയെന്ന് ആര്‍. ഡി. ഒ നിശ്ചയിക്കും. പകുതിയോളം അപേക്ഷകള്‍ തള്ളി. 4524 അപേക്ഷകളിലായി ആവശ്യപ്പെട്ട 7640 ഏക്കര്‍ ഭൂമിയുടെ ആവശ്യം മാത്രം പരിഗണിക്കപ്പെട്ടു. പരമ്പരാഗത അവകാശം തെളിയിക്കാന്‍ ആദിവാസി എന്ത് തെളിവു നിരത്തും. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ചെമ്പ് പട്ടയമെങ്കിലും പേരിനുണ്ട്. ഫലത്തില്‍ ഭൂമി വീണ്ടും ആവിയായി.
കുടിയേറ്റകര്‍ഷകർക്ക് നൊന്താല്‍ ആശ്വസിപ്പിക്കാന്‍ കേരള രാഷ്ട്രീയത്തിലെന്നും തുണക്കാരെയുള്ളൂ. നഷ്ടപ്പെട്ട ഭൂമി ആദിവാസിക്ക് വീണ്ടെടുത്ത് നല്‍കാന്‍ പറഞ്ഞ കോടതിവിധിയെ പൊളിക്കാന്‍ രാഷ്ട്രീയക്കാര്‍ കച്ച കെട്ടിച്ചിറക്കിയതും കുടിയേറ്റ കര്‍ഷകരെയായിരുന്നു. മാന്യമായി ജോലിക്കിറങ്ങിയ റവന്യു ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സന്ദര്‍ഭം വരെയുണ്ടായി. റൂള്‍ ഓഫ് ലോയുടെ വെളിച്ചത്തില്‍ നിലനില്‍ക്കുന്നൊരു ജനാധിപത്യ സംവിധാനം അധഃസ്ഥിതന് ക്ഷേമം നല്‍കാന്‍ കഴിയാതെ കീഴടങ്ങുമോയെന്ന ചോദ്യവും ഹൈക്കോടതി കേരള സര്‍ക്കാരിനോട് ചോദിച്ചു. ഭൂമി തിരിച്ചെടുത്ത് നല്‍കാനുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് സുപ്രണ്ടുമാരോടുത്തരവിട്ടതും കോടതിയായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയ കേരള സര്‍ക്കാരിനോട് കോടതി മറുചോദ്യവും ചോദിച്ചിരുന്നു: നിയമം എഴുപത്തിയഞ്ചില്‍ വന്നു. കോടതിയുത്തരവ് തൊണ്ണൂറ്റി മൂന്നില്‍ വന്നു. ഇപ്പോള്‍ തൊണ്ണൂറ്റിയാറ്, ഇതൊരു രാത്രിയായിരുന്നോ? കോടതികളുടെ ഇത്തരം ഇടപെടലുകൾക്കിടെയാണ്, 2019 ഫെബ്രുവരിയില്‍ പത്ത് ലക്ഷത്തോളം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. പുതിയ കാലം ആദിവാസിക്ക് നന്നല്ലെന്ന് ജുഡീഷ്യറിയും തെളിയിച്ചു.

1963ല്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയ ഇടതുപാര്‍ട്ടികള്‍ തന്നെ 1999ലെ നിയമത്തിലൂടെ 1975ലെ ട്രൈബല്‍ ആക്ട് അട്ടിമറിച്ചു. അതനുസരിച്ച് കവര്‍ന്നെടുക്കപ്പെട്ട ആദിവാസിഭൂമി രണ്ട് ഹെക്ടറിലധികമാണെങ്കില്‍ മാത്രമേ തിരിച്ചെടുക്കേണ്ടതുള്ളൂ. രണ്ട് ഹെക്ടര്‍ ഭൂമി തന്റെതാണെന്ന് പറയാനുള്ള അത്യാഗ്രഹം ആദിവാസിക്കില്ലാത്തതുകൊണ്ട് മലയോര ഭൂപ്രഭുക്കന്‍മാരും കുടിയേറ്റ കര്‍ഷകനും സര്‍ക്കാരും രക്ഷപ്പെട്ടു. 1960 മുതല്‍ 86 വരെ നിയമം അസാധുവാക്കിയ ഭൂമി വ്യവഹാരങ്ങളെയും ഇടതുപക്ഷ സര്‍ക്കാര്‍ സാധുവാക്കി. പുതിയ നിയമസംവിധാനത്തില്‍ ആദിവാസിക്ക് ഒരു വരം കിട്ടി. എസ്. ടി റിഹാബിലിറ്റേഷന്‍ ആൻറ് വെല്‍ഫെയര്‍ ഫണ്ട്. കൈയ്യേറിയവരിൽനിന്ന് ഭൂമി തിരിച്ചെടുക്കാന്‍ ആദിവാസി നല്‍കേണ്ട തുക ലോണായി സര്‍ക്കാരനുവദിക്കും. കുടിയേറ്റ കര്‍ഷകർക്കുള്ള തീറ്റ ആദിവാസിയിലൂടെയെത്തിക്കുന്ന കൃത്യം. പിന്നൊരുവരം കൂടിയുണ്ടായി. താമസിക്കുന്ന ജില്ലകളില്‍ പത്ത് ഹെക്ടര്‍ വരെ ഭൂമി രണ്ടുവര്‍ഷത്തിനുള്ളില്‍ അനുവദിക്കും. 11,000 കുടുംബങ്ങളെയും ഗുണഭോക്താക്കളായി കണ്ടെത്തി. 1972ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ടനുസരിച്ചും ഭൂരഹിതരായ ആദിവാസിക്കായി 23,000 ഏക്കര്‍ വ്യവസ്ഥ ചെയ്തിരുന്നു. അതും കടലാസിലൊതുങ്ങി.
സ്വതന്ത്ര ഇന്ത്യയിലെ അസ്വതന്ത്രർ
21ാം നൂറ്റാണ്ടിന്റെ പ്രഭാതം ആദിവാസികളുടെ അവകാശസമരത്തിലെ നിര്‍ണായകമായൊരധ്യായം കുറിച്ചിട്ടു. 2001 ൽ ഓണക്കാലത്ത്, 36ഓളം പട്ടിണി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആദിവാസികള്‍ സെക്രട്ടേറിയറ്റ് നടയില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് ആ മരണങ്ങള്‍ ഒരപമാനം പോലുമായില്ല. പക്ഷെ അന്നോളം നിവൃത്തികെട്ടവരുടെ സമരമായി ഭരണകൂടങ്ങളെഴുതിത്തള്ളിയ ഭൂസമരം ആദ്യമായി ഭരണകൂടങ്ങള്‍ക്കൊരു താക്കീതായി. 75,000 ആദിവാസികുടുംബങ്ങളില്‍ ഭൂരഹിതരായ 45,000 കുടുംബങ്ങള്‍ക്ക് അഞ്ചേക്കറെന്ന മുദ്രാവാക്യവുമായി കാടരിച്ച് കാലക്ഷേപം കഴിച്ച മണ്ണിന്റെ മക്കള്‍ തലസ്ഥാനം വളഞ്ഞു. ഒരു ജനവിഭാഗമെന്ന നിലയില്‍ അന്ന് കാട്ടിയ കരുത്ത് മുത്തങ്ങയിലുമാവര്‍ത്തിച്ചെങ്കിലും അത് പതിയെ ചോര്‍ന്നുപോയി.
എസ്. സി എസ്. ടി കമീഷണറുടെ 29ാം റിപ്പോര്‍ട്ട് പറയുന്നൊരു കണക്കുണ്ട്. അതനുസരിച്ച് 1990 വരെയുള്ള കണക്കനുസരിച്ച് ആദിവാസി സമൂഹത്തിന്റെ 40 ശതമാനത്തിനും അവര്‍ പുലര്‍ന്നുപോന്ന ആവാസവ്യവസ്ഥയില്‍ നിന്ന്കുടിയൊഴിയേണ്ടിവന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂരഹിതരായി മാറിയ ആറ് കോടി ഇന്ത്യക്കാരില്‍ 40 ശതമാനവും മൊത്തം ജനസംഖ്യയുടെ വെറും എട്ട് ശതമാനം മാത്രമുള്ള ആദിവാസികളായിരുന്നുവെന്നാണ് 2011ല്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ തെളിഞ്ഞ കണക്ക്. അങ്ങനെ കുടിയിറക്കപ്പെടുന്ന പാവങ്ങള്‍ക്ക് 2013 ലെ ‘റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആൻറ് ട്രാന്‍സ്പാരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആൻറ് റീസെറ്റില്‍മെൻറ് ആക്ട്’ കൊണ്ടെന്താണ് മെച്ചം?.
എന്നുവച്ചാല്‍ സ്വാതന്ത്ര ഇന്ത്യ കൈവരിച്ച വികസനനേട്ടങ്ങളുടെ സര്‍വ്വദുരന്തങ്ങളുമേറ്റുവാങ്ങിയത് ആദിവാസികളായിരുന്നു എന്നർഥം. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായ മൂന്നേകാല്‍ ലക്ഷം ആദിവാസികള്‍ക്ക് അങ്ങനെ മനുഷ്യനെന്നും രാഷ്ട്രത്തിലെ പൗരനെന്നുമുള്ള നിലയില്‍ അവരുടെ അന്തസ്സില്ലാതായി.

സ്വതന്ത്രഇന്ത്യയിലെ ജനകീയസര്‍ക്കാരുകള്‍ ആദിവാസിയെ പടിക്കുപുറത്താക്കിയതിനുപിന്നില്‍ ഒരു രാഷ്ട്രീയഗണിതമുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണക്രമത്തോടും ഇന്ത്യന്‍ ദേശീയതയോടും ഒരേ വിധേയത്വത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭാവനകളും ആരംഭിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്റ്റേറ്റിന്റെ പ്രതാപമാണ് ഉദ്യോഗസ്ഥവൃന്ദങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ നേതാക്കള്‍ വികസനത്തിലൂടെ സംഭവിക്കാനിരിക്കുന്ന രാഷ്ട്രപ്രതാപത്തെയാണ് ഉദ്യോഗസ്ഥവൃന്ദങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഗവണ്‍മെൻറിനെ വികസനം നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉപകരണമായിട്ടാണ് നെഹ്‌റു പോലും കണ്ടത്. ഭരണകൂടത്തിന്റെയും വികസനത്തിന്റെയും പ്രതാപങ്ങളില്‍ നിന്ന് ബഹുദൂരം അകലെ ജീവിക്കുന്ന പാവം വനവാസി സ്വാഭാവികമായും രണ്ടിനും പുറത്തായി.
‘‘ആദിവാസി സമൂഹത്തെ നമ്മള്‍ സമീപിക്കേണ്ടത് വൈകാരികമായ അനുതാപത്തോടും സൗഹൃദത്തോടും അവരെ പുതിയ വിഹായസ്സുകളിലേക്കുയര്‍ത്തുന്ന ശക്തിയെന്ന നിലയിലുമാണ്. അവരില്‍ നിന്ന്എന്തെങ്കിലും കവര്‍ന്നെടുക്കാനെത്തുവരെന്ന ചിന്തയല്ല, അവര്‍ക്ക് പുതിയ ജീവിതാവസരങ്ങള്‍ നല്‍കാനെത്തുന്നവരെന്ന ചിന്തയാണ് അവരില്‍ നമ്മളുണര്‍ത്തേണ്ടത്. നമ്മള്‍ ജീവിക്കുന്ന ജീവിതവും സങ്കല്‍പ്പങ്ങളും അവരിലടിച്ചേല്‍പ്പിച്ച് അവരുടെ ഭൂമി കൈയ്യേറാനെത്തുന്നവരാണ് നമ്മളെന്ന ചിന്തയാണ് അവരിലുണ്ടാകുന്നതെങ്കില്‍ അത് നമ്മുടെ പ്രശ്‌നമാണ്, അതിനര്‍ത്ഥം ആദിവാസി സമൂഹത്തോടുള്ള നമ്മുടെ സമീപനം പൂര്‍ണമായും തെറ്റാണെന്നാണ്. സ്വന്തം പ്രതിഭക്കും പാരമ്പര്യത്തിനുമനുസരിച്ചുള്ള ജീവിതം സാധ്യമാക്കുന്നതിന് ആദിവാസികളെ സഹായിക്കാന്‍ ഇന്ത്യാഗവണ്‍മെൻറ് പ്രതിജ്ഞാബദ്ധമാണ്.'' ഇപ്പറഞ്ഞത് ഇക്കാലത്തെ ഏതെങ്കിലും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയല്ല, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്, ദ ട്രൈബല്‍ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടും കഴിഞ്ഞു. ആദ്യ പ്രധാനമന്ത്രി ഇങ്ങനെ വിഭാവനം ചെയ്ത ആദിവാസിയുടെ ജീവിതം എക്കാലത്തും ദുരന്തമായി. അപ്പോഴും മാനസികപിന്തുണക്ക് മാത്രം ആദിവാസിക്ക് ഒരു മുട്ടുമില്ല. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.