Wednesday, 29 March 2023

ക്ലാസ്​ റൂമിന്റെ ലിംഗം


Text Formatted

സഹവിദ്യാഭ്യാസ സമസ്യകള്‍,
സമകാലിക സന്ദര്‍ഭങ്ങള്‍

സഹവിദ്യാഭ്യാസം സംബന്ധിച്ച ചര്‍ച്ചകളില്‍ ആദ്യം പരിഗണിക്കേണ്ടത് വിദ്യാര്‍ഥികളെയാണ്. കണക്കില്‍ മണ്ടികളാക്കി മാറ്റി നിര്‍ത്തിയ ഞങ്ങള്‍ പെണ്‍കുട്ടികളെ, എവിടെയിരിക്കണം എന്ന് ശങ്കിച്ച ട്രാന്‍സ് വിദ്യാര്‍ത്ഥികളെ, അടുത്തിരുന്നതിന് സ്റ്റഡി ക്ലാസ്​ കേള്‍ക്കേണ്ടി വന്ന ഞങ്ങളുടെ സൗഹൃദങ്ങളെ.

Image Full Width
Text Formatted

ലിംഗാതീത വിദ്യാലയങ്ങളെക്കുറിച്ചുള്ള സാമൂഹികചര്‍ച്ചക്ക്​ തുടക്കം കുറിച്ചതു മുതല്‍ ‘വെള്ള ഷര്‍ട്ടും കാപ്പിപ്പൊടി പിനഫറു'മിട്ട ഒരു രണ്ടാം ക്ലാസുകാരി ഓര്‍മയിലേക്ക് ഓടിക്കയറുന്നുണ്ട്. കുറുക്കനും കോഴിയും കളിക്കാന്‍ വട്ടത്തില്‍ നിന്ന നേരം, അടുത്തുനിന്ന സഹപാഠി ‘ഈ പെണ്ണിന്റെ കൈപിടിക്കുന്നതിലും നല്ലത് ക്ലോസറ്റില്‍ കയ്യിടുന്നതാണ്' എന്നുപറഞ്ഞ് കളിയില്‍ നിന്നിറങ്ങിപ്പോയതിന്റെ നാണക്കേട് അവളെ ഇപ്പോഴും വേദനിപ്പിക്കുന്നു.

ആറാം ക്ലാസില്‍ ഗ്രൂപ്പ് വര്‍ക്കിനിരിക്കുമ്പോള്‍ ‘ആണുങ്ങളോടെല്ലാം മിണ്ടുന്ന നീയാണ് ഈ ക്ലാസിലെ എറ്റവും വല്യ വൃത്തികെട്ടവള്‍' എന്ന് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍ പറഞ്ഞതുകേട്ട് പകപ്പോടെയാണെങ്കിലും ആ പെണ്‍കുട്ടി അതിന്റെ ധ്വനി മനസ്സിലാക്കിയിരുന്നു. പിന്നീട് പ്ലസ് വണ്‍ കാലത്ത്, എല്‍. കെ. ജി തൊട്ടൊന്നിച്ച് പഠിച്ച അയല്‍ക്കാരന്‍ കൂട്ടുകാരനൊപ്പം ബസ് കയറാന്‍ കാത്തു നില്‍ക്കെ, ‘സകല പയ്യന്‍മാരുടെയും കാമുകി' എന്ന് കുലുങ്ങിച്ചിരിച്ച ആ അധ്യാപകനും തെല്ലും മങ്ങാതെ അവളുടെ മനസിലുണ്ട്. ഡിഗ്രി കാലത്തില്‍; വുമന്‍സ് കോളേജില്‍ നിന്നിറങ്ങുന്ന വൈകുന്നേരങ്ങളില്‍ വഴിയരികില്‍ നാക്ക് നീട്ടി നിന്നിരുന്ന നായമനുഷ്യരെയും അവളോര്‍ക്കുന്നു.

തീര്‍ച്ചയായും അവള്‍ ഞാന്‍ തന്നെയാണ്.
ഞാനും കൂടിയായ ഒരോ പെണ്‍കുട്ടിയുമാണ്.

സത്യത്തില്‍, സഹവിദ്യാഭ്യാസം സംബന്ധിച്ച ചര്‍ച്ചകളില്‍ ആദ്യം പരിഗണിക്കേണ്ടത് വിദ്യാര്‍ഥികളെയാണ്. കണക്കില്‍ മണ്ടികളാക്കി മാറ്റി നിര്‍ത്തിയ ഞങ്ങള്‍ പെണ്‍കുട്ടികളെ, എവിടെയിരിക്കണം എന്ന് ശങ്കിച്ച ട്രാന്‍സ് വിദ്യാര്‍ത്ഥികളെ, അടുത്തിരുന്നതിന് സ്റ്റഡി ക്ലാസ്​ കേള്‍ക്കേണ്ടി വന്ന ഞങ്ങളുടെ സൗഹൃദങ്ങളെ.

adila
അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുക പോലും ചെയ്യരുതെന്ന് വിലക്കുന്ന ഗുണകാംശികള്‍ ഭാവി സമൂഹത്തിലെ തൊഴിലിടങ്ങളില്‍, പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാവില്ല എന്നാകുമോ കരുതുന്നുണ്ടാവുക? / Photo: Hanan

വൈകാരികമായ അനേകം മുറിവുകളും അപമാനിക്കപ്പെട്ടതിന്റെ ഓര്‍മകളും കൊണ്ടാണ് പല വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കാലത്തുനിന്ന് ഇറങ്ങിയോടുന്നത്. ഇടകലര്‍ന്നിരിക്കുന്ന ക്ലാസ്​ മുറികളില്‍ അധ്യാപകരില്‍ നിന്നുമാത്രം ഞങ്ങള്‍ നേരിട്ടിട്ടുള്ള അപഹാസങ്ങള്‍ ഒരു സംസ്‌കാരപഠന ഗവേഷകക്ക് പ്രബന്ധമെഴുതാനുള്ളതുണ്ട്. എന്നാല്‍, നിലവിലെന്താണിവിടെ സംഭവിക്കുന്നത്? മേല്‍ വിഷയത്തിലുള്ള ചര്‍ച്ചയും തര്‍ക്കങ്ങളും മതാധികാരികളുടെ മേലധികാരത്തിലാണ്. ഓര്‍ക്കണം- മതപഠനശാലകളെക്കുറിച്ചല്ല, പൊതുവിദ്യാലയങ്ങളെക്കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സംസാരിച്ചത്. വിദ്യാലയങ്ങളാകട്ടെ പൊതുവിടങ്ങളാണ്. ‘പൊതു' എന്നാല്‍, നിലനില്‍ക്കുന്ന ഭേദങ്ങളൊന്നും ബാധകമാകാന്‍ പാടില്ലാത്ത ഇടങ്ങള്‍. മതം, ജാതി, വര്‍ഗ്ഗം , വര്‍ണം , ലിംഗം ഇതൊന്നും അതിനുള്ളിലെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ പാടില്ല. അവിടെയാണ് മതസംഘടനകള്‍ തങ്ങളുടെ മൗലികാദര്‍ശങ്ങളുടെ പേരില്‍ വിയോജിപ്പുയര്‍ത്തുന്നത്. അവയെ പരിഗണിക്കുകയും ഭയക്കുകയും ചെയ്യേണ്ടി വരുന്നു എന്ന യാഥാര്‍ത്ഥ്യം എത്ര ലജ്ജാവഹമാണ്. 

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മിശ്രവിദ്യാലയങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തെയും പഠനഫലത്തെയും ഗുണപരമായി സ്വാധീനിക്കുന്നു എന്നാണ്. അതേസമയം ലിംഗവിഭജനം കൊണ്ട് കാര്യമായ എന്തെങ്കിലും നേട്ടമുള്ളതായി നിഷ്പക്ഷമായ പഠനങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടുമില്ല.

ചരിത്രപരമായി; സമൂഹമാഗ്രഹിക്കുന്ന കര്‍ത്തവ്യങ്ങള്‍ പരിശീലിപ്പിക്കുന്ന കാലഹരണപ്പെട്ടൊരു സംവിധാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഏകലിംഗ വിദ്യാലയങ്ങള്‍ ഉടലെടുക്കുന്നത്. ദൈവഭയത്തോടെ ജീവിക്കാനും ഗൃഹസ്ഥയായി വീട് ഭരിക്കാനും നല്ല ഭാര്യയായിരിക്കാനും മികച്ച അമ്മയാകാനും സ്ത്രീകള്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട് എന്ന് ഒരുകാലത്ത് (ഒരുപക്ഷേ ഇപ്പോഴും) വിശ്വസിക്കപ്പെട്ടു. അങ്ങനെയുള്ള പരിശീലനക്കളരികളായിരുന്നു ആദ്യഘട്ടത്തിലെ പെണ്‍വിദ്യാഭ്യാസ ശാലകള്‍. കേരളീയ വിദ്യാഭ്യാസമാതൃകയും മിഷനറിമാരില്‍ നിന്ന്​ കടംകൊണ്ട ഇംഗ്ലീഷ് വിദ്യാഭ്യാസ സ​മ്പ്രദായവും സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്തങ്ങളെ താഴ്ന്ന നിലയില്‍ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പ്രാര്‍ഥനായോഗങ്ങളും നൈപുണ്യവികസന പരിശീലനങ്ങളുമായി അവ സ്ത്രീകളുടെ രണ്ടാംപദവി ഉറപ്പിച്ചെടുത്തു. പിന്നീട് പല ഘട്ടങ്ങളിലായി നടന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും ഫെമിനിസ്റ്റ് ചലനങ്ങളും സാകല്യ വിദ്യാഭ്യാസം (inclusive education) സംബന്ധിച്ച ആശയങ്ങളും സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകളെ പരിഷ്‌കരിച്ചു. എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സഹ വിദ്യാഭ്യാസം നടപ്പിലാക്കേണ്ടതു സംബന്ധിച്ച ശക്തമായ നിഷ്‌കര്‍ഷകള്‍ ഉണ്ടായില്ല.

എല്ലാ മതസ്ഥാപനങ്ങളും വിദ്യാലയങ്ങള്‍ നടത്താന്‍ മുതിര്‍ന്നപ്പോള്‍ അതുവരെ സ്ത്രീകള്‍ക്ക് സമൂഹത്തിലിറങ്ങിയുള്ള വിനിമയങ്ങളെല്ലാം നിഷിദ്ധമാക്കിയിരുന്ന ഇസ്​ലാമിക സംഘങ്ങള്‍ക്കും പുരോഗമിച്ചേ കഴിയൂ എന്ന സാഹചര്യം ഉടലെടുത്തു. മിഷണറിമാരാല്‍ തുടങ്ങിവെച്ച പെണ്‍വിദ്യാലയങ്ങളുടെ മാതൃക മൂന്നിലുണ്ടായിരുന്നതിനാല്‍ മതതാല്പര്യങ്ങള്‍ സംരക്ഷിച്ച്​ മുന്നോട്ടുപോകുന്നതിന് അവര്‍ക്കു തടസമുണ്ടായില്ല. പൊതുസമൂഹത്തിനുമുന്നില്‍ നിന്ന് തങ്ങളുടെ യാഥാസ്​ഥിതിക നിലപാടുകള്‍ മറച്ചുവെക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ സെമറ്റിക് മതങ്ങള്‍ക്കൊരു മറയായി. ഇന്ന്; അതിർവരമ്പുകളെ തൂത്തുമാറ്റി പുതിയ ആശയങ്ങള്‍ പ്രായോഗികമാകും എന്ന സ്ഥിതി വരുമ്പോള്‍ ഈ പൊയ്​മുഖം പുറത്താക്കപ്പെടും എന്ന സ്ഥിതി ആഗതമായിരിക്കുന്നു. 

വൈകാരികമായ അനേകം മുറിവുകളും അപമാനിക്കപ്പെട്ടതിന്റെ ഓര്‍മകളും കൊണ്ടാണ് പല വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കാലത്തുനിന്ന് ഇറങ്ങിയോടുന്നത്.
വൈകാരികമായ അനേകം മുറിവുകളും അപമാനിക്കപ്പെട്ടതിന്റെ ഓര്‍മകളും കൊണ്ടാണ് പല വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കാലത്തുനിന്ന് ഇറങ്ങിയോടുന്നത്.

സ്ത്രീ പുരുഷ സംസര്‍ഗ്ഗം എന്നാല്‍ ലൈംഗികാധിഷ്ടിതം മാത്രമാണെന്ന കേവലബുദ്ധികളാണ് സഹവിദ്യാഭ്യാസം സംബന്ധിച്ച ഇപ്പോഴത്തെ ചര്‍ച്ചയെ സംശയിക്കുന്നവര്‍. സ്‌കൂളുകളിലെ ലിംഗഭേദമില്ലാതായാല്‍ മിശ്രവിവാഹം നടന്ന് താന്താങ്ങളുടെ മതത്തില്‍ ആളെണ്ണം കുറയും എന്നവര്‍ ഭയപ്പെടുന്നു. പെണ്‍കുട്ടികള്‍ അസാന്മാര്‍ഗ്ഗികളായിത്തീരുമെന്നും ലൈംഗിക അരാജകത്വം പുലരുമെന്നും അവര്‍ ആശങ്ക ഉയര്‍ത്തുന്നു. സത്യത്തില്‍, പെണ്‍ശരീരത്തിന്റെ വിശുദ്ധിയെ പ്രതി ഇത്രയേറെ ആകുലപ്പെടുന്ന ഈ ആണ്‍ബോധത്തെയാണ് വിദ്യാഭ്യാസം കൊണ്ട് നാം നേരിടേണ്ടത്. അങ്ങനെ സ്വന്തം നിലനില്‍പ്പിനെ സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തരായ മനുഷ്യരെ നിര്‍മിക്കുകയാണ് ഓരോ വിദ്യാലയങ്ങളും ചെയ്യേണ്ടത്. എതിര്‍ക്കുന്നവര്‍ ഭയപ്പെടുന്നതും ഇതുതന്നെയാണ്. തങ്ങളുടെ കൂടു വിട്ട്​ ആകാശത്തിലേക്കു പറന്നു പോകുന്ന പെണ്‍കുട്ടികളെ അവര്‍ ഭയക്കുന്നു. 

ആണ്‍കുട്ടികളോട് ഇടപെടുകയും അടുത്തിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ‘ഇളക്കക്കാരി'കളും ‘അഴിഞ്ഞാട്ടക്കാരി'കളുമായി കണക്കാക്കാത്ത എത്ര അധ്യാപകരുണ്ട്​? കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം അകത്തിയിരുത്തുന്ന; അടുത്തിരിക്കുന്നവരില്‍ അശ്ലീലം കാണുന്നവരാണ് ഭൂരിപക്ഷം അധ്യാപകരും.

പൊതുസമൂഹത്തില്‍ നിന്നുയരുന്ന എതിര്‍പ്പുകളെ മാറ്റിനിര്‍ത്താം. ആത്യന്തികമായി ഇതൊക്കെ നടപ്പിലാകേണ്ട ഇടങ്ങള്‍ വിദ്യാലയങ്ങളാണെന്നിരിക്കെ, കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ മുന്‍കൈ എടുക്കേണ്ടത് അദ്ധ്യാപകരാണ്. കേരളത്തിലെ ശരാശരി അദ്ധ്യാപകര്‍ നിലവിലെ ചര്‍ച്ചകളെ എങ്ങനെയാകും മനസിലാക്കുന്നത്? ആണ്‍കുട്ടികളോട് ഇടപെടുകയും അടുത്തിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ‘ഇളക്കക്കാരി'കളും ‘അഴിഞ്ഞാട്ടക്കാരി'കളുമായി കണക്കാക്കാത്ത എത്ര അധ്യാപകര്‍ ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളിലുണ്ടാകും? കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം അകത്തിയിരുത്തുന്ന; അടുത്തിരിക്കുന്നവരില്‍ അശ്ലീലം കാണുന്നവരാണ് ഭൂരിപക്ഷം അധ്യാപകരും. മുന്നിലിരിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ നെഞ്ചില്‍ നോക്കി ‘വത്തക്ക' എന്ന ആണ്‍നോട്ടമായക്കുമ്പോള്‍ മാത്രമല്ല, ‘ഇനിയാവര്‍ത്തിച്ചാല്‍ പിടിച്ച് പെണ്‍പിള്ളേരുടെ ഇടയിലിരുത്തും' എന്ന താക്കീതുകളും ഇതേ ബോധരഹിത്യത്തിന്റെ തെളിവാണ്. അധ്യാപകരായതു കൊണ്ടല്ല, ഈ സമൂഹത്തിന്റെ പരിശ്ചേദമെന്ന നിലയിലാണ് പലരും ക്ലാസ്​മുറികളിലെ സദാചാര സംരക്ഷകരാകുന്നത്. നിര്‍ഭാഗ്യവശാല്‍, കടന്നുവന്ന പരിശീലനവ്യവസ്ഥയില്‍, ഈ അദ്ധ്യാപകരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട മൂല്യങ്ങളും ഇതുതന്നെയാണ്.

ആദി
ആദി

ക്വിയര്‍ ആക്റ്റിവിസ്റ്റ് ആദി, തന്റെ ബി.എഡ് ക്ലാസ് മുറിയെക്കുറിച്ചും അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും താന്‍ നേരിട്ട തീവ്രമായ ആക്ഷേപങ്ങളെക്കുറിച്ചും തുറന്നെഴുത്ത് നടത്തിയത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ, നിയമവും നിര്‍ബന്ധിത നിര്‍ദ്ദേശങ്ങളും തുടര്‍ച്ചയായ പരിശീലനങ്ങളും നൽകി കൃത്യമായ ഉള്‍ക്കാഴ്ചയില്‍ മാത്രമേ അധ്യാപക സമൂഹത്തെ ലിംഗനീതിയുടെ ബാലപാഠങ്ങളില്‍ എത്തിക്കാനാകൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ പഠിച്ചതും പരിശീലിച്ചതും മനപ്പൂര്‍വ്വം മറന്നുകൊണ്ടേ അദ്ധ്യാപകര്‍ക്ക് ഈ ആശയം നടപ്പിലാക്കാനുള്ള ശേഷിയാര്‍ജ്ജിക്കാന്‍ കഴിയൂ. 

ലോകത്തിന്റെ സകലവിനിമയങ്ങളിലേക്കും കുട്ടികളെ പ്രാപ്തരാക്കാന്‍ ബാധ്യതപ്പെട്ട സ്ഥാപനങ്ങളാണ് സ്‌കൂളുകള്‍. അതിനനുവദിക്കാതെ അടഞ്ഞ ലോകങ്ങളില്‍ അവരെ പരുവപ്പെടുത്തുന്നത് മുഴുവന്‍ സമൂഹത്തിന്റെയും മുന്നോട്ടു പോക്കിനെ തടസപ്പെടുത്തും. വികാരങ്ങളെ കൂടി പരിഗണിക്കുകയും പരുവപ്പെടുത്തുകയും ചെയ്യേണ്ട വിദ്യാലയങ്ങള്‍, വിദ്യാഭ്യാസപ്രക്രിയയിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ഓരോ നിമിഷത്തെയും ജീവിതപാഠമാക്കാനുള്ള ശേഷി കൂടി കൈമാറേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ലിംഗഭേദം പറഞ്ഞ് കുട്ടികളെ അകറ്റി ഇരുത്തുകയോ കൂടുതല്‍ ലിംഗാധിഷ്ഠിത സ്‌കൂളുകള്‍ ഉണ്ടാക്കുകയോ അല്ല വേണ്ടത്. ഒന്നിച്ച് പഠിക്കാനുള്ള അന്തരീക്ഷമൊരുക്കുകയും അതിനെ പരിപാലിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കരണീയം. പൊതുമര്യാദകളും പെരുമാറ്റച്ചട്ടങ്ങളും നിലവില്‍ കൊണ്ട് വരികയും ആരോഗ്യകരമായ സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടത് എങ്ങനെയാണ് എന്ന പ്രായോഗിക പരിജ്ഞാനം പ്രവര്‍ത്തിയിലൂടെ കുട്ടി സ്വയത്തമാക്കുകയും ചെയ്യേണ്ടതുണ്ട്. 

അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുക പോലും ചെയ്യരുതെന്ന് വിലക്കുന്ന ഗുണകാംശികള്‍ ഭാവി സമൂഹത്തിലെ തൊഴിലിടങ്ങളില്‍, പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാവില്ല എന്നാകുമോ കരുതുന്നുണ്ടാവുക? 

പാഠ്യവിഷയങ്ങള്‍ മനസിലാക്കുന്നതിനോടൊപ്പം കൗമാരത്തിന്റെ വൈകാരികവേലിയേറ്റങ്ങളെ സാധാരണീകരിക്കാനും ക്ലാസ് മുറികള്‍ക്ക് സാധിക്കും. പ്രണയിക്കാനും, നിരസിക്കപ്പെടുന്ന പ്രണയത്തെ പക്വതയോടെ കൈകാര്യം ചെയ്യാനും, മറ്റൊരാളുടെ വ്യക്തിപരമായ അതിരുകള്‍ എന്താണ്-എവിടെ വരെയാണ് എന്ന് മനസിലാക്കാനും, അനുമതിയോടെ മാത്രം അപരന്റെ ശരീരത്തെ സമീപിക്കാനും കുട്ടികള്‍ പരിശീലനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍, വിദ്യാഭ്യാസം എന്ന വാക്കില്‍ ഇതെല്ലാമുള്‍പ്പെടും. അങ്ങനെ മനസിലാക്കാത്തവര്‍ സമൂഹത്തില്‍ ഇന്നുമുണ്ടെങ്കില്‍ അതവരുടെ പിഴയാണ്, പരിമിതിയാണ്. അതിനുള്ളില്‍ നിന്നുകൊണ്ട് പുതുതലമുറയുടെ അവകാശങ്ങള്‍ക്ക് പരിധി നിര്‍ണയിക്കുന്നത് തുറന്ന അവകാശനിഷേധവും ആദര്‍ശരാഹിത്യവുമാണ്. അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുക പോലും ചെയ്യരുതെന്ന് വിലക്കുന്ന ഗുണകാംശികള്‍ ഭാവി സമൂഹത്തിലെ തൊഴിലിടങ്ങളില്‍, പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാവില്ല എന്നാകുമോ കരുതുന്നുണ്ടാവുക? 

സഹവിദ്യാഭ്യാസം നടപ്പിലാക്കുന്ന വിദ്യാലയങ്ങള്‍ പോലും കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അനേകമാണ്. ആര്‍ത്തവ സംബന്ധിയായ ക്ലാസുകളും പ്രത്യുത്പാദന പാഠങ്ങളും വേര്‍തിരിച്ചിരുത്തി പഠിപ്പിക്കുകയും പ്രേമലേഖനം പിടിച്ചാല്‍ കൊലപാതകികളോടെന്ന പോലെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മിശ്രവിദ്യാലയങ്ങള്‍ എത്ര വൈകാരിക ആഘാതമാണ് കുട്ടികളില്‍ തീര്‍ക്കുന്നത്. തന്നെയല്ല, ‘ആണ്‍കൂട്ടികള്‍ കലാവിഷയങ്ങളില്‍ പിന്നിലാണ്', ‘കണക്കില്‍ പെണ്‍കുട്ടികള്‍ മണ്ടികളാണ്', ‘കായികപ്പണികളില്‍ ആണ്‍കുട്ടികളാണ് മിടുക്കര്‍', ‘നന്നായി സംസാരിക്കാന്‍ പെണ്‍കുട്ടികളാണ് മിടുക്കികള്‍', ‘ഒരുങ്ങിവരുന്ന പെണ്‍കുട്ടികള്‍ അത്ര ശരിയല്ല' തുടങ്ങി എന്തെല്ലാം മുന്‍ധാരണകളാണ് സ്‌കൂളുകള്‍ ചേര്‍ന്ന് ഉണ്ടാക്കിത്തീര്‍ത്തിരിക്കുന്നത്. ഒന്നിച്ചുള്ള ക്ലാസ് മുറികള്‍ തന്നെ ഇങ്ങനെയാണെങ്കില്‍, ലിംഗാടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന വിദ്യാലയങ്ങളിലെ സ്ഥിതി പറയാനുണ്ടോ?

ad

എതിര്‍ലിംഗത്തിലുള്ള സമപ്രായക്കാരെ സംബന്ധിച്ച് അവര്‍ നിര്‍മിക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം വാസ്തവവിരുദ്ധവും വക്രീകൃതവുമാണ്. ‘മുഖക്കുരുവുള്ള പെണ്ണുങ്ങള്‍ പെട്ടെന്ന് വളയും', ‘സ്ലീവ്‌ലെസ്ധാരികള്‍ പോക്ക് കേസുകളാണ്', ‘ആണുങ്ങളെയെല്ലാം പ്രേമിച്ചു പറ്റിക്കുന്ന തേപ്പുകാരികളാണ് പെണ്ണുങ്ങള്‍', ‘ബസില്‍ മേലൂരുമ്മുന്ന ചേട്ടന്മാരെ പെണ്ണുങ്ങള്‍ക്ക് സത്യത്തില്‍ ഇഷ്ടമാണ്' തുടങ്ങി ഉള്‍ക്കിടിലമുണ്ടാക്കുന്ന ഭീകരമായ ചിന്തകള്‍! ഒന്ന് ശ്രദ്ധിക്കൂ: ‘രാത്രി കണ്ടവന്റെ കൂടെ കയ്യില്ലാത്ത ഉടുപ്പുമയിട്ട് ഇറങ്ങി നടന്നവളല്ലേ, അവളൊക്കെ ബലാല്‍സംഗം ചെയ്യപ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ' എന്ന പരിചിതമായ ആ ആക്രോശത്തില്‍നിന്ന് നിങ്ങളുടെ ക്ലാസുമുറിയിലെ ആണ്‍കുട്ടികളുടെ ശബ്ദം വേറിട്ടു കേള്‍ക്കാനാകുന്നില്ലേ?

രക്ഷകര്‍ത്താക്കളെയും പൊതുസമൂഹത്തെയും വിദ്യാഭ്യാസ ഗുണനിലവാരം മുന്‍നിര്‍ത്തി മേല്‍സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനും കൂടുതല്‍ പ്രായോഗിക പഠനങ്ങള്‍ നടത്തി ശാസ്ത്രീയമായി നിയമവത്കരിക്കാനും സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. 

നിശ്ചയമായും മാറ്റം അനിവാര്യമാണ്. എന്നാല്‍, കേവലമായ കൂടിയിരുപ്പ് ചര്‍ച്ചകളില്‍ നിന്നുടലെടുക്കുന്ന തീരുമാനങ്ങളോ പിന്തിരിപ്പന്‍ മൂല്യങ്ങളില്‍ നിന്നുയരുന്ന വൈകാരിക തടസവാദങ്ങളോ അല്ല അത് നിര്‍ണയിക്കേണ്ടത്. സഹവിദ്യാഭ്യാസം സംബന്ധിച്ച നിലവിലെ ചര്‍ച്ചകള്‍ ലിംഗനീതിയില്‍ മാത്രമധിഷ്ഠിതമാണ്. നിലനില്ക്കുന്ന സംവിധാനത്തിന്റെ പോരായ്മകള്‍ പരിശോധിക്കുകയും മുന്നോട്ടു വെക്കുന്ന സംവിധാനത്തിന് ഉണ്ടാകാനിടയുള്ള മേന്മകള്‍ ചര്‍ച്ചയുടെ കേന്ദ്രത്തില്‍ വരികയും വേണം. കുട്ടികളില്‍ ഈ മാറ്റം എങ്ങനെ പ്രതിഫലിക്കും എന്നതുസംബന്ധിച്ച കൃത്യമായ പഠനങ്ങളും വിശകലനങ്ങളും ഉണ്ടാകണം. എങ്കിലേ യുക്തിസഹമായി അതിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാനും ആശയം ശാശ്വതമായി നടപ്പിലാക്കാനും കഴിയൂ.

ഇതിനോടകം മറ്റു രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മിശ്രവിദ്യാലയങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തെയും പഠനഫലത്തെയും ഗുണപരമായി സ്വാധീനിക്കുന്നു എന്നാണ്. അതേസമയം ലിംഗവിഭജനം കൊണ്ട് കാര്യമായ എന്തെങ്കിലും നേട്ടമുള്ളതായി നിഷ്പക്ഷമായ പഠനങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍, രക്ഷകര്‍ത്താക്കളെയും പൊതുസമൂഹത്തെയും വിദ്യാഭ്യാസ ഗുണനിലവാരം മുന്‍നിര്‍ത്തി മേല്‍സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനും കൂടുതല്‍ പ്രായോഗിക പഠനങ്ങള്‍ നടത്തി ശാസ്ത്രീയമായി നിയമവത്കരിക്കാനും സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. 

നിശ്ചയമായും മാറ്റം അനിവാര്യമാണ്. എന്നാല്‍, കേവലമായ കൂടിയിരുപ്പ് ചര്‍ച്ചകളില്‍ നിന്നുടലെടുക്കുന്ന തീരുമാനങ്ങളോ പിന്തിരിപ്പന്‍ മൂല്യങ്ങളില്‍ നിന്നുയരുന്ന വൈകാരിക തടസവാദങ്ങളോ അല്ല അത് നിര്‍ണയിക്കേണ്ടത്. സഹവിദ്യാഭ്യാസം സംബന്ധിച്ച നിലവിലെ ചര്‍ച്ചകള്‍ ലിംഗനീതിയില്‍ മാത്രമധിഷ്ഠിതമാണ്. നിലനില്ക്കുന്ന സംവിധാനത്തിന്റെ പോരായ്മകള്‍ പരിശോധിക്കുകയും മുന്നോട്ടു വെക്കുന്ന സംവിധാനത്തിന് ഉണ്ടാകാനിടയുള്ള മേന്മകള്‍ ചര്‍ച്ചയുടെ കേന്ദ്രത്തില്‍ വരികയും വേണം.

അലിഖിത നിയമങ്ങള്‍ക്കും സംസ്‌കാരസംരക്ഷണത്തിനുമായി നീക്കിവെക്കുന്ന താല്പര്യത്തിന്റെ ഒരംശമെങ്കിലും എഴുതപ്പെട്ട ഭരണഘടന പാലിക്കുന്നതില്‍ നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. സൗജന്യവും നിര്‍ബന്ധിതവുമായ നിലവാരമുള്ള വിദ്യാഭ്യാസം വേര്‍തിരിവുകളില്ലാതെ നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാകട്ടെ. അനാവശ്യ ചേരിതിരിവുകളുടെ അനന്തരഫലങ്ങള്‍ ഭാവി തലമുറയെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവ് ഭരണാധികാരികളില്‍ പ്രവര്‍ത്തിക്കട്ടെ. തുടര്‍ന്നുപോന്നൊരു തെറ്റിനെ തിരുത്താനുള്ള സാമൂഹിക സന്ദര്‍ഭമായി ഈ ഘട്ടത്തെ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ സ്‌കൂള്‍ മുറ്റങ്ങള്‍ വിഭാവനം ചെയ്യപ്പെടട്ടെ. അവിടെ; അടുത്തു നിന്നിട്ടും അയിത്തം കല്പിച്ച് കൈ പിടിക്കാതിരുന്ന ഞങ്ങളെ മറികടന്ന് പുതിയ കൂട്ടുകാര്‍ കൈകോര്‍ത്ത് നടക്കട്ടെ.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം. 

ആദില കബീർ

കവി. തേവര സേക്രഡ്​ ഹാർട്ട്​ കോ​ളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. അവർണ, ശലഭമഴ, അമ്മാളു എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 

 

Audio