പുതിയ ട്രെൻഡുകൾ
ധന്യ ബാലകൃഷ്ണന്‍ / മനില സി. മോഹന്‍
വസ്ത്രം
വ്യക്തിയുടെ
ഡിസൈൻ
ഇപ്പോഴത്തെ തലമുറയില്‍ വലിയൊരു വിഭാഗത്തിന് പ്രായം എന്നത് ഒരു ഘടകമല്ല. അവര്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ സന്തോഷം തോന്നിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കും. ശരിക്കും അതില്‍ ഭയങ്കര സന്തോഷം തോന്നാറുണ്ട്.

മനില സി. മോഹന്‍: വസ്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പറഞ്ഞുകേള്‍ക്കുന്നതാണ്, പെണ്‍കുട്ടികള്‍ക്ക് നിറയെ ചോയ്‌സുണ്ട് ആണ്‍കുട്ടികള്‍ക്ക് കുറച്ചേ ഉള്ളൂ എന്ന്. പെണ്ണുങ്ങള്‍ക്ക് നിറയെ ചോയ്‌സുണ്ടാവാനുള്ള സാമൂഹിക കാരണങ്ങള്‍ എന്തായിരിക്കാം?
ധന്യ ബാലകൃഷ്ണന്‍: ഇതില്‍ കുറച്ച് മാറ്റം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ ആണ്‍കുട്ടികള്‍ ഒരുപാട് ട്രൈ ഔട്ട് ചെയ്യുന്നുണ്ടെന്നുവേണം പറയാന്‍. ബോയ്‌സ് കുറച്ച് ‘റഫാ’ണെന്നും ഗേള്‍സാണ് കൂടുതല്‍ ട്രൈ ഔട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ എന്നുമുള്ള കോൺസെപ്റ്റുണ്ടല്ലോ. ഇത് മനസ്സിലുള്ളതുകൊണ്ടായിരിക്കാം ആണ്‍കുട്ടികള്‍ ഒരുപാട് ട്രൈ ഔട്ട് ചെയ്യുന്നില്ല എന്നതാണ് സത്യം. പെണ്‍കുട്ടികള്‍ അങ്ങനെയല്ല. കുറച്ചുകൂടി പ്രസന്റബിള്‍ ആകണം എന്നാഗ്രഹിക്കുന്ന മൈന്‍ഡ്‌സെറ്റുള്ളതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചിട്ടുണ്ടാവുക. ഗേള്‍സിന് ബ്ലൗസും സ്കർട്ടും എന്ന ഒരു ഓപ്ഷനില്‍ ബ്ലൗസില്‍ തന്നെ പല വേരിയേഷന്‍സ് വരുമ്പോള്‍ പല ഡിസൈനുകളുണ്ടാകുന്നു. പക്ഷെ ബോയ്‌സിന് അതുപോലെയുള്ള ഡിസൈന്‍സ് എത്ര ശരിയാകുമെന്നറിയില്ല. ഈസ്തെറ്റിക് ഫാക്റ്ററും കൂടിയുണ്ടല്ലോ. അങ്ങനെ വരുമ്പോള്‍ ഗേള്‍സിന്റെ കര്‍വ്‌സും ബോയ്‌സിന്റെ കര്‍വ്‌സും തമ്മിലുള്ള വ്യത്യാസവും അതിനൊരു കാരണമാകാം.
ആണും പെണ്ണും ഒരുപോലെ മുണ്ടുപയോഗിച്ചിരുന്ന കാലത്തുനിന്നാണ് കേരളത്തിലേക്ക് സ്ത്രീകളുടെ വസ്ത്രങ്ങളായി ദാവണിയും സാരിയും ചുരിദാറുമൊക്കെ വരുന്നത്. ഇത്തരം വസ്ത്രങ്ങള്‍ സ്ത്രീശരീരത്തിന്റെ ചലന സ്വാതന്ത്ര്യത്തില്‍, കാഴ്ചയില്‍ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്?
അതില്‍ കുറച്ച് പോസിറ്റീവുമുണ്ട്, നെഗറ്റീവുണ്ട്. ഉദാഹരണത്തിന്, മുണ്ടില്‍ നിന്ന് ചുരിദാറിലേക്ക് വന്നപ്പോള്‍ മൊബിലിറ്റി കുറച്ചുകൂടി ഈസിയായി. പക്ഷെ സാരിയിലേക്ക് വന്നപ്പോള്‍ കുറച്ചൊരു റെസ്ട്രിക്ഷൻ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ, ഓരോരുത്തരുടെയും കംഫര്‍ട്ട് സോണ്‍, അവരുടെ പര്‍പ്പസ് ഒക്കെ പ്രധാനമാണ്. ഒരു ഫംഗ്ഷന് പോകുന്ന ആളാണെങ്കില്‍ അവര്‍ക്ക് ഈസ്തെറ്റിക് സെന്‍സ് വച്ച്സാരി കുറച്ചുകൂടി ഭംഗിയായിരിക്കും. വര്‍ക്ക്ഔട്ടിന് പോകുന്ന ആളാണെങ്കില്‍ ആക്റ്റീവ് വെയര്‍ വേണ്ടിവരും. ആക്റ്റീവ് വെയര്‍ അവരുടെ മൊബിലിറ്റിയെ സഹായിക്കും. ജോലിക്ക് പോവുമ്പോൾ, മിനി സ്കർട്ട് ഇടേണ്ട സാഹചര്യം വരുമ്പോള്‍ അവർക്ക് തടസമാകുന്നത്, അവരുടെ പോസ്‌റ്റേഴ്‌സായിരിക്കും.

ഏറ്റവും അടുത്ത കാലത്തായി പെണ്‍വേഷങ്ങളില്‍ ലൂസായ പാന്റും ഷര്‍ട്ടും ടോപ്പും ട്രെന്റിംഗ് ആവുന്നുണ്ട്. ഷേപ്പ് ചെയ്ത് ശരീരവടിവിനൊത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമാണത്. അതിനെ എങ്ങനെയാണ് കാണുന്നത്?
ആളുകളുടെ മൈന്‍ഡ്‌സെറ്റില്‍ വന്ന വ്യത്യാസമായിട്ടാണ് തോന്നിയിട്ടുള്ളത്. മുമ്പുണ്ടായിരുന്നവര്‍ കുറച്ചുകൂടി ഈസ്തെറ്റിക്കലി പ്രസന്റബിള്‍ ആകാന്‍ ശ്രമിച്ചപ്പോള്‍, ഇപ്പോഴത്തെ ആളുകള്‍ കുറച്ചുകൂടി സൗകര്യപ്രദം എന്ന ചിന്തയിലേക്കാണ് വന്നിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍, ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ഡ്രസിടും. കുറച്ച് വണ്ണമുള്ള ആളാണെങ്കില്‍ ഷേപ്പ് ചെയ്ത ഡ്രസിടുകയാണെങ്കില്‍ ഭംഗിയായി പ്രസൻറ് ചെയ്യാന്‍ ചിലപ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് നടക്കേണ്ടിവരും. പക്ഷെ, സൗകര്യപ്രദമായ വസ്ത്രം തെരഞ്ഞെടുത്താൽ ഫ്രീയായി നടക്കാം. ഫ്രീഡം ആഗ്രഹിക്കുന്നതു കൊണ്ടായിരിക്കാം എല്ലാവരും കംഫര്‍ട്ടബിള്‍ സോണിലേക്ക് മാറുന്നത്.
കേരളത്തിലെ സ്ത്രീകള്‍ നിറങ്ങളുടൈ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്നാണ് തോന്നിയിട്ടുള്ളത്? വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രദേശങ്ങളുടെ വ്യത്യാസം തന്നെ അഭിരുചികളിലും വ്യത്യാസം വരുത്തുന്നതായി തോന്നിയിട്ടുണ്ട്. അത് ശരിയാണോ?
സ്ഥലം മാറുന്നതിനനുസരിച്ച് കളര്‍സെന്‍സിലും കോസ്റ്റ്യൂം സെന്‍സിലും ധാരാളം വ്യത്യാസം വരും. തിരുവനന്തപുരത്ത് കാണുന്ന കളര്‍ പാലറ്റായിരിക്കില്ല എറണാകുളത്ത്. തിരുവനന്തപുരത്ത് കുറുച്ചുകൂടി നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എറണാകുളത്ത് പേസ്റ്റല്‍, സട്ടില്‍ കളറുകളാണ്. പാലക്കാട്ടും തൃശൂരിലും വ്യത്യസ്തമാണ്. എങ്ങനെയാണ് ഈ നിറങ്ങളിലേക്ക് എത്തുന്നത് എന്നത് വിശദീകരിക്കാന്‍ പറ്റില്ല. അന്ധമായി സിനിമകളെ ഫോളോ ചെയ്യുന്നവരുണ്ട്. ഒരു സിനിമയില്‍ ഒരു ഡ്രസോ നിറമോ വന്നാല്‍, ചേരുന്നതാണോ അല്ലയോ എന്നുനോക്കാതെ അതേപടി ഉപയോഗിക്കുന്നവരുണ്ട്. 60-70 ശതമാനം അങ്ങനെയുള്ളവരാണ്. 10 ശതമാനം, നന്നായി റിസര്‍ച്ച് ചെയ്ത് അവര്‍ക്ക് ചേരുന്നതാണോ എന്നൊക്കെ നോക്കും.

ഇപ്പോൾ, ആളുകള്‍ സ്വന്തം സിസൈന്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് ചേരുന്നത് എന്താണെന്ന് നോക്കി സ്വന്തമായി ചെയ്യുന്നവരുണ്ട്. 10-20 ശതമാനം അതിലേക്ക് എത്തിയിട്ടുണ്ട്. ഇവരിൽ ഒരു ഭാഗം നന്നായി ചെയ്യുന്നവരാണ്. അതില്‍ അവരെ സ്വാധീനിക്കുന്നത് ചിലപ്പോള്‍ സിനിമകളായിരിക്കാം, ചിലപ്പോള്‍ സെലിബ്രിറ്റീസ് ഇടുന്ന ഡ്രസുകളായിരിക്കാം. കുറച്ചുപേര്‍ നല്ല ഫോട്ടോഗ്രാഫുകൾ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിൽ പലരുടെയും ഡ്രസ് ഫോളോ ചെയ്യുന്നവരുണ്ട്.
അടുത്തകാലം വരെ സിനിമയിലെ സ്ത്രീകളുടെ വസ്ത്രധാരണം സാധാരണ വസ്ത്രധാരണത്തില്‍ നിന്ന് വ്യത്യസ്തമായി തോന്നിയിരുന്നു. എന്നാല്‍ മാറിയ മലയാള സിനിമ റിയലിസ്റ്റിക്കായതിനൊപ്പം വസ്ത്രങ്ങളും റിയലിസ്റ്റിക്കായി. താങ്കള്‍ ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അതിന്റെ മികച്ച ഉദാഹരണമാണ്. അതില്‍ നിമിഷയുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ താങ്കള്‍ നടത്തിയ സൂക്ഷ്മമായ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളെക്കുറിച്ച് സംവിധായകന്‍ ജിയോബേബി തന്നെ പറഞ്ഞിട്ടുണ്ട്. താങ്കളുടെ സിനിമാഅനുഭവം പറയാമോ?
സിനിമകള്‍ തന്നെ വളരെ മാറിയിട്ടുണ്ടല്ലോ. സിനിമയുടെ കാറ്റഗറിക്കനുസരിച്ച് തന്നെയാണ് കോസ്റ്റ്യൂമും വരുന്നത്. ഇപ്പോഴും ഫാന്റസി സിനിമകള്‍ വരുന്നുണ്ട്. അതിന്റെ കോസ്റ്റ്യൂമും ഫാന്റസി ആയിരിക്കും. ഇപ്പോള്‍ 80 ശതമാനം സിനിമകളും റിയലിസ്റ്റിക്കാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യുമ്പോള്‍, ജിയോ ബേബി കൃത്യമായി പറഞ്ഞിരുന്നു. കോഴിക്കോടോ ഒറ്റപ്പാലമോ പോലെയുള്ള സ്ഥലത്തെ ഒരു പെണ്‍കുട്ടി ജനിച്ചുവളര്‍ന്ന വീട്ടില്‍ നിന്ന് കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടില്‍ പോകുമ്പോള്‍ അവളുടെ വീട്ടില്‍ നിന്ന് കൊണ്ടുപോകുന്ന കുറച്ച് ഡ്രസ്സുകളുണ്ടാവാം. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ താത്പര്യത്തിലുള്ള അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വാങ്ങിക്കൊടുക്കുന്ന വസ്ത്രത്തിലേക്ക് അവള്‍ മാറിയിട്ടുണ്ടാവാം. അതിന്റെ ഒരു മാറ്റം വേണം. വീട്ടില്‍ നിന്ന് വരുന്ന സമയത്ത് കുറച്ചുകൂടി ഫാഷനബിളായ, ഇഷ്ടത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങിയിരുന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അയാളുടെയോ വീട്ടുകാരുടെയോ താത്പര്യത്തിലേക്ക് മാറി, അവര്‍ കൊടുക്കുന്ന വസ്ത്രത്തിലേക്ക് മാറുകയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന പെണ്‍കുട്ടി പുതിയ സാധനങ്ങളായിരിക്കും ഉപയോഗിക്കുന്നത്. അതുകഴിഞ്ഞ് കുറച്ച് നാള്‍ കഴിയുന്നതോടെ അത് പഴയതാവും. അവള്‍ക്ക് വരുന്ന മാറ്റങ്ങൾ അറിഞ്ഞുതന്നെ ചെയ്തതായിരുന്നു.

ഫ്രെയിം സെന്‍സും കൂടി നോക്കിയാണ് വസ്ത്രം തെരഞ്ഞെടുത്തത്. ഫ്രെയിം ഡള്‍ ആകുന്നിടത്ത് വസ്ത്രങ്ങളും ഡള്‍ ആക്കി. അത് യഥാര്‍ഥ ജീവിതത്തിലുണ്ടോയെന്ന് ചോദിച്ചാല്‍ ഒരു പരിധിവരെ ഉണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം നമ്മുടെ മൂഡ് ശരിയല്ലെങ്കില്‍ നമ്മള്‍ തെരഞ്ഞെടുക്കുന്ന വസ്ത്രവും അങ്ങനെയുള്ളതായിരിക്കുമെന്നാണ് മനഃശാസ്ത്രപരമായി പറയുന്നത്. സന്തോഷമുള്ള ദിവസം നമ്മള്‍ തെരഞ്ഞെടുക്കുന്നത് അങ്ങനെയുള്ള നിറങ്ങളായിരിക്കും. അത് ഒരു വശം, രണ്ടാമത്തെ വശം, ഫ്രെയിമിനെ ഭംഗിയാക്കുക എന്നുള്ള ഉദ്ദേശ്യമായിരുന്നു. അതായത് സീന്‍ ബൈ സീന്‍ അവള്‍ക്കുണ്ടാകുന്ന മാനസിക മാറ്റങ്ങള്‍ കാണിക്കുക. കുറച്ചുകൂടി മ്യൂട്ടഡായ നിറങ്ങളാണ് പിന്നീട് പിന്നീടുള്ള സീനുകളില്‍ ഉപയോഗിച്ചത്.
വസ്ത്രങ്ങള്‍ മനുഷ്യരുടെ വ്യക്തിത്വത്തെ ഡിസൈന്‍ ചെയ്യുന്നതില്‍ പ്രധാന ഘടകമാണ് എന്നുപറയാറുണ്ട്. വ്യത്യസ്തമായ മത, സാമൂഹിക, വര്‍ഗ, സാമ്പത്തിക സാഹചര്യങ്ങള്‍ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമ്പോള്‍ ഒരു ഡിസൈനര്‍ എന്ന രീതിയില്‍ നേരിടുന്ന വെല്ലുവിളികളും സൗകര്യങ്ങളും എന്തൊക്കെയാണ്?
ഒരു ഡിസൈനര്‍ എന്ന നിലയ്ക്ക് നമുക്കിഷ്ടമുള്ളതുമാത്രം ഡിസൈന്‍ ചെയ്തുകൊടുക്കുക എന്ന ഓപ്ഷനുണ്ട്, അത് നമ്മുടെ ഇഷ്ടം അല്ലെങ്കില്‍ പാഷന്‍ എന്ന രീതിയില്‍ ചെയ്യുമ്പോള്‍. ഒരു പ്രൊഫഷന്‍ എന്ന രീതിയിലേക്ക് വരുമ്പോള്‍, നമ്മള്‍ അവരുടെ കൂടി ഇഷ്ടങ്ങള്‍ നോക്കണം- മതം, സാമ്പത്തിക സ്ഥിതി എല്ലാം വിഷയമാണ്. അവര്‍ക്കും കൂടി വേണ്ടി ഡിസൈന്‍ ചെയ്യുക എന്നതാണ് നമ്മുടെ രണ്ടാമത്തെ സന്തോഷം. ഓരോ ക്ലയൻറ്സിന്റെയും താത്പര്യങ്ങള്‍ അറിഞ്ഞ് അതിനനുസരിച്ച് അവര്‍ക്ക് ഏറ്റവും യോജിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക.
ഉദാഹരണത്തിന്, ഒരു മുസ്‌ലിം ക്ലയൻറ് വന്നു, ചിലപ്പോള്‍ അവര്‍ക്ക് അതിനേക്കാള്‍ നന്നായി ചെയ്യാന്‍ പറ്റുന്നതായിരിക്കാം. പക്ഷെ ചില നിയന്ത്രണങ്ങള്‍ കാരണം ഇങ്ങനെ ചെയ്യേണ്ടിവരുമ്പോള്‍ വിഷമമുണ്ടാവാറുണ്ട്. പക്ഷെ അവരുടെ സന്തോഷം കൂടി അതില്‍ വിഷയമാണ്. അതൊരു വലിയ പ്രശ്‌നമായി തോന്നാറില്ല. പക്ഷെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ചിലപ്പോഴുണ്ടാകും. ചില ഡിസൈന്‍സിന് ചില ബജറ്റ് വേണ്ടിവരും. അവരുടെ ബജറ്റിന്, അവരുടെ മതത്തിന് ഒക്കെ അനുസരിച്ച് ചെയ്യുക എന്നതാണല്ലോ. അതുകൊണ്ട് അതില്‍ അങ്ങനെ വലിയ വെല്ലുവിളി എന്നുപറയാന്‍ ഒന്നുമില്ല.

കേരളത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഡ്രസ് മെറ്റീരിയല്‍ ഏതാണ്?
കേരളത്തിലെ ഹ്യൂമിഡിറ്റി ഒരു പ്രശ്‌നമായി ഉള്ളിടത്തോളം ഏറ്റവും അനുയോജ്യമായ മെറ്റീരിയല്‍ കോട്ടണും ലിനനും തന്നെയാണ്. ഏറ്റവും സുഖകരമായി വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് കോട്ടണും ലിനനും തന്നെയാണ് നല്ലത്.
മധ്യവയസ്സ് എത്തുന്നതോടെ സ്ത്രീകളുടെ വസ്ത്ര തെരഞ്ഞെടുപ്പില്‍ മാറ്റം വരാറുണ്ടോ? ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡില്‍ നാല്‍പത് പിന്നിട്ട സ്ത്രീകളും സ്‌കര്‍ട്ടും ഫ്രോക്കുമൊക്കെ ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത് ഭയങ്കര പോസറ്റീവ് ആയി തോന്നി.
ഇവിടെയും മൈന്‍ഡ്‌സെറ്റ് തന്നെയാണ് പ്രധാനം. ചിലര്‍ക്ക് 30- 35 വയസ്കഴിയുമ്പോള് തന്നെ വയസ്സായി എന്ന തോന്നല്‍ വന്ന്, ആ രീതിയിലേക്ക്അവരുതന്നെ അഡാപ്റ്റ് ചെയ്യും. മറ്റൊന്ന്, ബാഹ്യഘടകങ്ങളാണ്. ചിലപ്പോള്‍ അവരുടെ ഭർത്താവിനോ വീട്ടുകാര്‍ക്കോ ഇഷ്ടമുണ്ടാകില്ല. മറ്റൊന്ന്, ശരീരഘടനയിലെ വ്യത്യാസമാണ്. ഒരു പ്രായം കഴിയുന്നതോടെ പലരും ശരീരം ശ്രദ്ധിക്കാതെയാകും. അപ്പോൾ അവര്‍ക്ക് ആദ്യം ഇട്ടിരുന്ന പോലത്തെ ഡ്രസ് ഇടാന്‍ പറ്റില്ല.

ഇപ്പോഴത്തെ തലമുറയില്‍ വലിയൊരു വിഭാഗത്തിന് പ്രായം എന്നത് ഒരു ഘടകമല്ല. അവര്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ സന്തോഷം തോന്നിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കും. ശരിക്കും അതില്‍ ഭയങ്കര സന്തോഷം തോന്നാറുണ്ട്. കാരണം, ഞാനങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പ്രായം എന്നുപറഞ്ഞാല്‍ വെറുമൊരു നമ്പറാണെന്ന് വിചാരിക്കുന്ന ഒരാളാണ്. ആ സമയത്ത് കുറച്ചുപേരെങ്കിലും അങ്ങനെ ചിന്തിക്കുന്നത് ഭയങ്കര സന്തോഷമുണ്ടാക്കും.
സാരി കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട വസ്ത്രമാണ്. മനോഹരവും വൈവിധ്യപൂര്‍ണവുമായ പരീക്ഷണങ്ങള്‍ സാരി കേന്ദ്രീകരിച്ച് നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. സാരിയെക്കുറിച്ച് സംസാരിക്കാമോ?
സാരിയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്റെ ഒരു സങ്കല്‍പത്തില്‍ ഏത് സ്ത്രീകള്‍ക്കും ഏറ്റവും ഭംഗിയായി ചേരുന്ന വസ്ത്രമാണ് സാരി. ക്ലാസിക്കാണ്. ഏത് സമയത്തും അത് ഫാഷനായിരിക്കും. ഭാവിയിലും ചിലപ്പോള്‍ വേരിയേഷന്‍സോ അഡാപ്‌റ്റേഷന്‍സോ വന്നേക്കാം. പക്ഷെ സാരി എന്ന് പറയുന്ന സങ്കല്‍പം അവിടെത്തന്നെയുണ്ടാകും.

പെണ്‍വസ്ത്രങ്ങളില്‍ പോക്കറ്റിന്റെ അഭാവത്തെക്കുറിച്ച് എപ്പോഴും ആലോചിക്കാറുണ്ട്. സ്വയം പര്യാപ്തതയുടെ രാഷ്ട്രീയ പ്രസ്താവനയാണ് പോക്കറ്റ് എന്ന് നിര്‍വചിക്കേണ്ടതുണ്ട് എന്നു പോലും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. വസ്ത്രത്തിന്‍, പ്രത്യേകിച്ച് പെണ്‍വസ്ത്രത്തില്‍ പോക്കറ്റിന്റെ പ്രാധാന്യം എന്താണ്?
പോക്കറ്റ് എന്ന് പറയുന്നതുതന്നെ യൂട്ടിലിറ്റി ഡീറ്റെയിലിങ്ങാണ്. ഒരു കാര്‍ഗോ പാൻറ്സ് നോക്കിക്കഴിഞ്ഞാല്‍ നമുക്കറിയാം, അതിനകത്ത് അത്രയധികം പോക്കറ്റുകള്‍ വച്ചിട്ടുണ്ടെങ്കില്‍, അത് ഉപയോഗിക്കുന്ന ആള്‍ക്കാര്‍ക്ക് എന്തെങ്കിലും സാധനം എളുപ്പം എടുക്കാനാണ്. ഒരു ക്യാമറാമാന് ലെന്‍സുകള്‍ വെക്കാന്‍ വേണ്ടിയൊക്കെ. അങ്ങനെയൊരു യൂട്ടിലിറ്റി ഡീറ്റെയിലിങ്ങാണ് പോക്കറ്റ്. ഇപ്പോള്‍ ആണ്‍, പെണ്‍ വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും പോക്കറ്റ് ഒരാവശ്യം തന്നെയാണ്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.