ലിംഗ സമത്വം
ഡോ. എ.കെ. ജയശ്രീ
ഇടകലരേണ്ട ഉടലുകള്‍
ലിംഗവ്യത്യാസമില്ലാതെ ഒരേതരത്തില്‍ ഇടപെടാന്‍ കഴിയുന്ന കാലമാണ് ബാല്യം. അവര്‍ ഇഷ്ടമുള്ളതുപോലെ ഇട കലര്‍ന്നോ അല്ലാതെയോ ക്ലാസിലിരിക്കട്ടെ. വേര്‍തിരിച്ചിരുത്തുന്ന ചട്ടം വേണ്ടെന്നുവച്ചാല്‍ മതി.

പെണ്‍ശരീരങ്ങള്‍ക്കുമേല്‍ അക്രമാസക്തമാകുന്ന ആണ്‍ശരീരങ്ങളെ പറ്റി ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ സംവേദകത്വം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യതയിലേക്ക് കടന്നുകയറ്റമുണ്ടാകുമ്പോള്‍, മുമ്പ് ശീലിപ്പിക്കപ്പെട്ടതു പോലെ സ്ത്രീകള്‍ പൊതുവേ മിണ്ടാതിരിക്കുന്നില്ല. അവകാശബോധം ആര്‍ജ്ജിച്ചു വന്ന സ്ത്രീകള്‍ അവിടെയും ഇവിടെയും ചിലപ്പോഴൊക്കെ പ്രതികരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, അവര്‍ ഒറ്റപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്തിരുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ അതിന് വലിയ മാറ്റം വന്നിരിക്കുന്നു. ഇലക്ട്രോണിക് മീഡിയ വഴി വ്യാപകമായ സമൂഹമാദ്ധ്യമങ്ങളും സഞ്ചാരവേഗവും ഇതിന് സഹായകമായിട്ടുണ്ട്. വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളുടെ ദൃശ്യത, അപ്രമാദിയായി നിലനിന്ന ആണ്‍- പെണ്‍ സങ്കല്പങ്ങളില്‍ അവിടവിടെയായി ഉണ്ടാക്കിയ വിള്ളലുകളും ആണ്‍കോയ്മക്ക് തിരിച്ചടിയുണ്ടാക്കുന്നു. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് സ്‌കൂളുകളില്‍ ലിംഗസമത്വം കൊണ്ടുവരാനുള്ള ആലോചനകളും സംസാരങ്ങളും കേരളത്തിലുണ്ടായിട്ടുള്ളത്.
അപകടകരമായ പ്രതികരണങ്ങൾ
കുറേ പ്രശ്‌നങ്ങളുണ്ടായെങ്കിലും കോവിഡുകാലത്ത് യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ഇന്റര്‍നെറ്റ് വഴി വളരെ വിശാലമായ ഒരു ലോകം തുറന്നുകിട്ടി എന്നത് വാസ്തവമാണ്. നല്ലതും ചീത്തയും ആയി ലോകത്തുള്ളതെല്ലാം അവര്‍ക്ക് ഇപ്പോള്‍ പ്രാപ്യമാണ്. പഴയ തലമുറകളില്‍ നിന്ന് ഒരു അടര്‍ന്നുമാറല്‍ പൊതുവേ കാണാം. പുതിയ വൊക്കാബുലറി, അര്‍ത്ഥങ്ങള്‍, തമാശകള്‍ ഒക്കെ അവരില്‍ നിന്ന് മുതിര്‍ന്നവര്‍ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. ജീവിതത്തിനാവശ്യമായ പല വൈദഗ്ദ്ധ്യങ്ങളും ചിലരെങ്കിലും സ്വന്തമായി ആര്‍ജ്ജിക്കുന്നത് കാണുന്നു. ലിംഗസമത്വവും ക്വിയര്‍ സംസ്‌കാരവുമെല്ലാം സ്വയം പരിചയപ്പെടാനുള്ള സാഹചര്യം അവര്‍ക്കുണ്ട്. മഴവില്‍ കാമ്പസുകള്‍, ക്വിയര്‍ സംവാദങ്ങള്‍ ഒക്കെ എല്ലാ ജെന്‍ഡറിലും പെടുന്നവര്‍ ചേര്‍ന്ന് ആഘോഷിക്കുന്നത് കാണുന്നു. എന്നാല്‍, ഇതിന് നേരെ വിരുദ്ധമായ നിഷേധാത്മക പ്രവണതകള്‍ ചില കോണുകളില്‍ ഉയരുന്നത് കാണാതിരിക്കാനും കഴിയില്ല. അവയുടെ ഉറവിടം അധികാരത്തിനുവേണ്ടിയുള്ള ഗെയിമുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ താല്പര്യങ്ങളാണെന്ന കാര്യം ഒരു മറയുമില്ലാതെ പുറത്തുവരുന്നു. ഉദാഹരണത്തിന് സ്വയംബോദ്ധ്യം വന്ന കാര്യങ്ങള്‍ പോലും യാഥാസ്ഥിതികരായ ഒരു ആള്‍ക്കൂട്ടത്തിന്റെ പിന്തുണ നഷ്ടപ്പെട്ടേക്കുമോ എന്നുഭയന്ന് രാഷ്ട്രീയക്കാര്‍ക്ക് തള്ളി പറയേണ്ടിവരുന്നു. സ്ത്രീകളുടേയും മറ്റു ലൈംഗികവിഭാഗങ്ങളുടേയും അവകാശ സംരക്ഷണം ഈ ചേരിമാറ്റങ്ങള്‍ക്കിടയില്‍ ഉലഞ്ഞുപോകുന്നു. യുവാക്കളും കൗമാരക്കാരും ബാലികാബാലന്മാരും ഇടപെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇത് പ്രതിഫലിക്കും. സ്‌കൂളുകളില്‍ ലിംഗസമത്വം ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാന്‍ ശ്രമിച്ച മാറ്റങ്ങളും അതിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകളും ഗവണ്‍മെന്റിന്റെ പിന്നോട്ടുപോക്കും ഈ പശ്ചാത്തലത്തില്‍ പരിശോധിക്കാവുന്നതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്‌കൂളുകള്‍ ആവശ്യമുണ്ടോ, കുട്ടികള്‍ ചെറിയ ക്ലാസുകള്‍ മുതല്‍ ലിംഗ ഭേദമില്ലാതെ ഇടകലര്‍ന്നിരിക്കാന്‍ പറ്റുമോ, യൂണിഫോമില്‍ ലിംഗവ്യത്യാസം ആവശ്യമുണ്ടോ, സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാന്‍ കഴിയുമോ എന്നതൊക്കെയാണല്ലോ ഈയിടെ വിവാദമായ വിഷയങ്ങള്‍.

ഈ വിഷയങ്ങളിലെല്ലാം, മാറ്റത്തെ പിന്തുണച്ചുവരുന്ന പോസ്റ്റുകള്‍ക്കുതാഴെ വരുന്ന കമന്റുകള്‍ വായിക്കാന്‍ പോലും കൊള്ളാത്ത തരത്തിലാണ്. സ്വന്തം മാനസികാരോഗ്യം പരിഗണിച്ച്, ഇവ വായിക്കാറില്ലെങ്കിലും ചിലപ്പോള്‍ അബദ്ധത്തില്‍ കണ്ടുപോകും. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ചെറിയ ക്ലാസുകളില്‍ പോലും വേര്‍തിരിച്ചിരുത്തുന്നതിലെ അസ്വാഭാവികത പതുക്കെ എങ്കിലും തിരിച്ചറിഞ്ഞുകൊണ്ടാവണം അത് വേണ്ടെന്നുവച്ചുകൊണ്ടുള്ള ആലോചനകളുണ്ടായത്. എന്തുകൊണ്ടാണ് ഇതുപോലും അപകടകരവും അനാവശ്യവുമാണെന്ന തരത്തില്‍ പ്രതികരണങ്ങളുണ്ടാവുന്നത്? ഇത് അത്ര അപകടകരമാണോ? മറിച്ച്, വളരുമ്പോള്‍ ഈ കുട്ടികള്‍ തുല്യതയോടെ ഇട പെടാനുള്ള സാദ്ധ്യതയല്ലേ ഉണ്ടാവുക എന്ന് ചിന്തിച്ചുകൂടെ?
സ്കൂൾ ചട്ടങ്ങളിലെ പാട്രിയാർക്കി
തീരെ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ ഒരു കുടുംബത്തിലുള്ളതും ബന്ധത്തില്‍ പെട്ടതും അയല്‍പക്കക്കാരും ഒക്കെയായവര്‍ ഒരുമിച്ചുചേര്‍ന്ന് കളിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഇതേ കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍, ഒരു വീട്ടിലുള്ളവരായാൽ പോലും വേറെ മാറിയിരിക്കണം. ആണ്‍- പെണ്‍ വേര്‍തിരിവ് വീട്ടില്‍നിന്നുതന്നെ കളിപ്പാട്ടങ്ങളിലൂടെയും വേഷങ്ങളിലൂടെയും മറ്റും തുടങ്ങുമെങ്കിലും അത് ഏറ്റവും നന്നായി ഉറപ്പിച്ചെടുക്കുന്നത് സ്‌കൂളുകളിലൂടെയാണ്. പാഠശാലകള്‍ ആണ്‍- പെണ്‍ നിര്‍മ്മിതിയുടെ വാര്‍പ്പ് ശാലകള്‍ കൂടി ആയിത്തീരുകയാണ്.

ഈ വേര്‍തിരിവിനടിസ്ഥാനമാകുന്നത് പാട്രിയാര്‍ക്കിയെ ഊട്ടിയുറപ്പിക്കുന്ന ആണ്‍-പെണ്‍ വാര്‍പ്പ് മാതൃകാസങ്കല്‍പ്പനമല്ലാതെ മറ്റൊന്നുമല്ല. വോട്ടവകാശമോ പൗരത്വമോ പൊതുജീവിതത്തില്‍ ഇടമോ ഇല്ലാതിരുന്ന സ്ത്രീകള്‍ അത് ആര്‍ജ്ജിച്ചെടുക്കുന്നത് ആണധികാരസമൂഹത്തിന് പ്രശ്‌നം തന്നെയാണ്. തുല്യതയെ കുറിച്ച് പറയുമ്പോഴും പുറമേ തിരിച്ചറിയാനാവാത്ത തരത്തിലുള്ള പരിമിതികള്‍ വച്ചുകൊണ്ടാണ് പാട്രിയാര്‍ക്കല്‍ സമൂഹം നിലനിന്നുപോരുന്നത്. അതിനുള്ള ഏറ്റവും യോജിച്ച ഉപാധിയാണ് ആണത്തത്തിന്റേയും പെണ്ണത്തത്തിന്റേയും ഉണ്ടാക്കിയെടുക്കല്‍. വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് വിമോചകമാണെന്ന സങ്കല്പത്തില്‍ തുടങ്ങി എങ്കിലും സ്‌കൂളുകള്‍ വാര്‍പ്പ് മാതൃകകള്‍ സൃഷ്ടിച്ചെടുക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണെന്ന് യാഥാസ്ഥിതികര്‍ കണ്ടെത്തിയതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അവരുടെ നിലനില്‍പ്പ് വിളിച്ചറിയിക്കാന്‍ തുടങ്ങിയതോടെ രണ്ടു കള്ളികളിലായി ഒതുക്കിയ ആണ്‍- പെണ്‍ നിര്‍മിതി പ്രതിസന്ധിയില്‍ പെടുന്നു.
കുട്ടിക്കാലത്തുതന്നെ ആണിനേയും പെണ്ണിനേയും വേര്‍തിരിച്ചിരുത്തുന്നതുവഴി ഇരുകൂട്ടര്‍ക്കും രണ്ട് ലോകങ്ങള്‍ സൃഷ്ടിക്കുകയാണ്. പെണ്ണിന്റെ ലോകം പകല്‍ സമയത്തേക്കും ചില പ്രത്യേക വിഷയങ്ങളിലേക്കുമായി ചുരുക്കപ്പെടുന്നു. ക്ലാസ് റൂമിലെ വേര്‍തിരിവ് മറ്റു സ്ഥലങ്ങള്‍ പരിമിതമാക്കുന്നതിന്റെ മുന്നുപാധി കൂടിയാണ്. പരസ്പരം അടുത്തറിയാനും ആദരവോടെ പെരുമാറാനുമുള്ള അവസരം നഷ്ടപ്പെടുന്നതോടെ വ്യത്യസ്ത ശരീരങ്ങള്‍ പേറുന്നവര്‍ മറുലിംഗക്കാര്‍ക്ക് ദുരൂഹത ഉളവാക്കുന്നവരായി മാറുന്നു. യഥാര്‍ത്ഥത്തിലുള്ള മനുഷ്യരേക്കാള്‍ സിനിമയിലും മറ്റു മാദ്ധ്യമങ്ങളിലൂടെയും കാണുന്നവരെയാണ് അവര്‍ അറിയുന്നതും അടുപ്പമുള്ളവരെ പോലെ അവര്‍ക്ക് തോന്നുന്നതും. ആണിന്റെയും പെണ്ണിന്റെയും മോഡലുകള്‍ ഉള്ളില്‍ വാര്‍ത്തെടുക്കപ്പെടുന്നു. എന്നാല്‍, ശരിക്കും സ്വലിംഗക്കാരോടും എതിര്‍ലിംഗക്കാരോടും ഒക്കെ നേരിട്ട് ഇടപെടുമ്പോഴാണ് സാമൂഹ്യമായ കഴിവുകള്‍ വികസിക്കുന്നത്.

ഏതുസമയത്തും സ്വന്തം ലിംഗത്വത്തെക്കുറിച്ച് ചിന്തിച്ച് നിലകൊള്ളണമെന്ന വിചിത്ര നിലപാടാണ് പാട്രിയാര്‍ക്കിയുടേത്. സ്‌കൂള്‍ ചട്ടങ്ങളിലൂടെയും അതാണ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.
വാസ്തവത്തില്‍ സമാനതകളെ അപേക്ഷിച്ച് വളരെ കുറച്ച് വ്യത്യസ്തതകള്‍ മാത്രമാണ് വിവിധ ലിംഗത്വ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കുള്ളത്. ബൗദ്ധികവും സാംസ്‌കാരികവും അദ്ധ്വാനപരവും ഒക്കെയായ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് മനുഷ്യര്‍. അവിടെ ഒന്നും ശാരീരികവ്യത്യാസങ്ങളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം മനുഷ്യര്‍ക്കുണ്ടാവുന്നില്ല. പ്രണയമോ ലൈംഗിക താല്പര്യമോ ഉള്ള സമയത്തുമാത്രമായിരിക്കാം ശരീരത്തിന്റെ മോര്‍ഫോളജിയോ അനാട്ടമിയോ പ്രസക്തമാകുന്നത്. അതല്ലെങ്കില്‍ രോഗചികിത്സയില്‍. മോര്‍ഫോളജിയേക്കാളും, നിത്യജീവിതത്തില്‍ ഊന്നല്‍ നല്‍കുന്നത് അതിനെ അടിസ്ഥാനപ്പെടുത്തിയ ലൈംഗികമായ പെരുമാറ്റ (behaviour)ത്തിനും ആവിഷ്‌കാര (expression) ത്തിനുമാണ്. ഇത് പാട്രിയാര്‍ക്കിയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുകയാണ്. ട്രാന്‍സ്‌ജെന്റര്‍ മനുഷ്യരും ക്വിയര്‍ മനുഷ്യരും പ്രയാസത്തില്‍ പെടുന്നത് ഈ ചട്ടങ്ങള്‍ മൂലമാണെന്നതും നമ്മള്‍ ഓര്‍ക്കണം.

ഏതുസമയത്തും സ്വന്തം ലിംഗത്വത്തെക്കുറിച്ച് ചിന്തിച്ച് നിലകൊള്ളണമെന്ന വിചിത്ര നിലപാടാണ് പാട്രിയാര്‍ക്കിയുടേത്. സ്‌കൂള്‍ ചട്ടങ്ങളിലൂടെയും അതാണ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ബൗദ്ധികമോ അദ്ധ്വാനപരമോ ആയ മേഖലയില്‍ ഒരുമിച്ചുവരുമ്പോഴും ഇങ്ങനെ ‘രൂപപ്പെട്ട ആണും പെണ്ണും' ലൈംഗികമായി പരസ്പരം കാണേണ്ട അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുന്നു. ആണിന് എല്ലാ മേഖലകളും വ്യാപരിക്കുന്ന ആണിടങ്ങളുള്ളതിനാല്‍, സ്ത്രീകളെ അതിനുപുറത്ത് നിര്‍ത്തി കാണാനാണ് അവര്‍ താല്പര്യപ്പെടുന്നത്. ഔദ്യോഗികസ്ഥലങ്ങളിലും സ്ത്രീകള്‍ എത്തുമ്പോള്‍ ‘നിന്റെ രൂപം അല്ലെങ്കില്‍ വസ്ത്രം മനോഹരമായിരിക്കുന്നു' എന്നുപറയാനും അങ്ങനെ പറയുന്നതില്‍ എന്താ പ്രശ്‌നം എന്ന് അതിശയിക്കാനും ആണിന് കഴിയുന്നത് അതുകൊണ്ടാണ്. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ഈ മനോഭാവത്തിന്റെ ഗുരുതരവും ഭീകരവുമായ വശമാണ്. അതേസമയം, മറുവശത്ത് സ്ത്രീകള്‍ തങ്ങള്‍ക്ക് പറഞ്ഞുവച്ചിട്ടുള്ള അമ്മത്തത്തിനും ലൈംഗിക പരിവേഷത്തിനും പുറത്തുള്ള മേഖലകളിലേക്ക് കടക്കാന്‍ മനുഷ്യസഹജമായ താല്‍പ്പര്യത്തോടെ പാടു പെടുകയാവും. ഈ ഒരു വിടവ് നികത്തുക എന്നത് തുല്യതയിലൂന്നുന്ന മാനവികതക്ക് ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലിംഗസമത്വത്തിനായുള്ള ശ്രമങ്ങള്‍ ഈ ദിശയിലുള്ള മാറ്റമായി കാണാം.
അധികാരം നിലനിര്‍ത്തുന്നതും പുരോഗമനപരമായ നിലപാടും തമ്മിലുള്ള നീക്കുപോക്കില്‍, ഗവണ്മെന്റിന് പാട്രിയാര്‍ക്കിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്നോട്ട് നടക്കേണ്ടിവരുന്നു
ലൈംഗിക വിദ്യാഭ്യാസത്തെ ആർക്കാണ് പേടി?
അപ്പോള്‍ ഇതിനെ എതിര്‍ക്കുന്നതിന്റെ താല്പര്യമെന്താണ്? തീര്‍ച്ചയായും അധികാരവ്യവസ്ഥയുമായി ചേര്‍ന്നുനില്‍ക്കുന്ന പാട്രിയാര്‍ക്കിയുടേതാണ് അത്. പലപ്പോഴും പുരോഗമനസ്വഭാവം പുറമേ കാട്ടുന്ന തരത്തിലാണ് ഇന്നത്തെ വ്യവസ്ഥയില്‍ അത് നിലനിര്‍ത്തപ്പെടുന്നത്. സ്ത്രീകള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം അതിന്റെ കപട മുഖത്തിന് ഉദാഹരണമാണ്. വിദ്യാഭ്യാസത്തില്‍ പഠിക്കാനും പരീക്ഷ എഴുതാനും അവസരം നല്‍കുമ്പോള്‍ തന്നെ അതിന്റെ ഘടനയില്‍, ഇടവും സമയവും ഡ്രസ് കോഡും മറ്റും നിര്‍ദ്ദിഷ്ടമാക്കി ലിംഗവ്യത്യാസം ഉറപ്പിച്ചെടുക്കുന്നു. സാമൂഹ്യമായും കുടുംബത്തിനുള്ളിലും ലിംഗാടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം നിലനിര്‍ത്തി, സ്ത്രീകളെ ഉത്പാദന പ്രക്രിയയില്‍ നിന്നും പൊതുമണ്ഡലത്തില്‍ നിന്നും കഴിയുന്നത്ര പുറത്തു നിര്‍ത്തുന്നു. സ്ത്രീയെ ചവുട്ടി പുറത്താക്കല്‍ ഏതുസമയത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. സ്ത്രീയുടെ വസ്ത്രമാണ് പീഡനത്തിന് കാരണമായതെന്ന തരത്തില്‍ കേരളത്തില്‍ ഈ കാലത്ത് ഒരു വിധിയുണ്ടായത് നമ്മളെ അതിശയിപ്പിച്ചത് അതുകൊണ്ടാണ്. പുരോഗമനപരമെന്ന് കരുതുന്ന രാഷ്ട്രീയപാര്‍ട്ടികള്‍, പ്രതീക്ഷിക്കാത്ത വിധത്തില്‍ മതത്തിന്റെ ചുവടുപിടിച്ചും അല്ലാതെയും ക്വിയര്‍ സമൂഹത്തേയും ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളെയും എതിര്‍ക്കുന്നത് അതുകൊണ്ടാണ്. അധികാരം നിലനിര്‍ത്തുന്നതും പുരോഗമനപരമായ നിലപാടും തമ്മിലുള്ള നീക്കുപോക്കില്‍, ഗവണ്മെന്റിന് പാട്രിയാര്‍ക്കിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്നോട്ട് നടക്കേണ്ടിവരുന്നതും അതുകൊണ്ടാണ്.

ലൈംഗിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പും ഇതോട് ചേര്‍ത്തുകാണാം. ലൈംഗിക വിദ്യാഭ്യാസത്തെ പേടിക്കുന്നത് ആരാണ്? മറയില്ലാത്ത ലൈംഗിക ചൂഷണങ്ങള്‍ക്ക് സാക്ഷികളായിരിക്കുമ്പോഴും ലൈംഗികവിദ്യാഭ്യാസത്തെയും വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളെയും എതിര്‍ക്കുന്നവരുടെ താല്‍പ്പര്യം പാട്രിയാര്‍ക്കി തങ്ങള്‍ക്കനുകൂലമായി നിലനിര്‍ത്തുക എന്നത് തന്നെയാണ്. യുവാക്കള്‍ക്കും കൗമാരപ്രായക്കാര്‍ക്കും എല്ലാ വിജ്ഞാനവും പ്രാപ്യമായിരിക്കുമ്പോഴും അതവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ലൈംഗികതയെ പറ്റി എത്ര വികലമായ സങ്കല്പങ്ങളാണ് ഇവരുടെയുള്ളിലുള്ളതെന്നത് നമ്മളെ അതിശയിപ്പിക്കും. സമഗ്ര ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യകത വീണ്ടും വീണ്ടും ഓര്‍മിപ്പിക്കും.
പരസ്പര ബഹുമാനത്തിന്റെ അന്തരീക്ഷത്തില്‍ നിന്നാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത്. പ്രൈമറി സ്‌കൂള്‍ തലം മുതല്‍ തന്നെ ഈ ബോധം കുട്ടികളില്‍ ഉറപ്പിക്കേണ്ടതുണ്ട്. ശരീരത്തിന്റെ വ്യത്യസ്തതകള്‍ പരസ്പര ബഹുമാനത്തിന് വിഘാതമായിക്കൂടാ. അത് ലിംഗവ്യത്യാസം കൊണ്ടോ നിറം കൊണ്ടോ പൊക്കം കൊണ്ടോ അംഗപരിമിതി കൊണ്ടോ എന്തുതന്നെ ആയാലും, മറ്റെയാളെ ആദരവോടെയും സൗഹാര്‍ദ്ദത്തോടെയും കാണാന്‍ ശീലിക്കണം.
ബന്ധങ്ങളെ കുറിച്ചാണ് ആദ്യം സംസാരിച്ചുതുടങ്ങേണ്ടത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അതിന്റെ മൂല്യങ്ങളെ കുറിച്ച് അറിയണം. പിന്നീട് പ്രണയ ബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും പ്രായത്തിനനുസരിച്ച് ഉണ്ടായി വരുമെന്ന് അവര്‍ അറിയണം. ബന്ധങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞവര്‍ക്ക് എല്ലാ ബന്ധങ്ങളിലും സൂക്ഷിക്കേണ്ട തുല്യതയുടെയും ആദരവിന്റെയും മൂല്യം മനസ്സിലാവും. പഴയ മാമൂലുകളല്ല മൂല്യങ്ങളാകുന്നത്; ഇടപെടലുകളിലൂടെ അവ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്.
വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരുടെയും ഇഷ്ടത്തിനും സൗകര്യത്തിനും ആയിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. യൂണിഫോം ആണെങ്കിലും മൂന്നോ നാലോ തരത്തില്‍ നല്‍കി, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അനുവദിക്കാം.
കുട്ടികൾക്കൊപ്പം പഠിക്കണം മുതിർന്നവരും
ബാല്യത്തിലും കൗമാരത്തിലും വ്യത്യസ്തമായ പാഠങ്ങളാണ് കുട്ടികള്‍ക്ക് കിട്ടേണ്ടത്. ലിംഗവ്യത്യാസമില്ലാതെ ഒരേതരത്തില്‍ ഇടപെടാന്‍ കഴിയുന്ന കാലമാണ് ബാല്യം. അവര്‍ ഇഷ്ടമുള്ളതുപോലെ ഇട കലര്‍ന്നോ അല്ലാതെയോ ക്ലാസിലിരിക്കട്ടെ. വേര്‍തിരിച്ചിരുത്തുന്ന ചട്ടം വേണ്ടെന്നുവച്ചാല്‍ മതി. ഈ സമയത്തുതന്നെ എല്ലാവരേയും ഒരേ ആദരവോടെ കാണാന്‍ കുട്ടികള്‍ പരിശീലിപ്പിക്കപ്പെടണം. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരുടെയും ഇഷ്ടത്തിനും സൗകര്യത്തിനും ആയിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. യൂണിഫോം ആണെങ്കിലും മൂന്നോ നാലോ തരത്തില്‍ നല്‍കി, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അനുവദിക്കാം.

കൗമാരകാലത്ത്, ശരീരത്തോടൊപ്പം മനസ്സും വളരും. മനസ്സ് വളരുന്നത് ബന്ധങ്ങളിലൂടെയാണ്. അതില്‍ ഒരേ പ്രായക്കാരായവരോടുള്ള സൗഹൃദം, മുതിര്‍ന്നവരോടുള്ള ആരാധന, പ്രണയം, ലൈംഗികാകര്‍ഷണം ഇതെല്ലാം ഉണ്ടാകും. ഈ സമയത്ത്, ഇരിക്കുന്നിടത്ത് രണ്ടുപേര്‍ക്കിടയില്‍ സ്പേസ് നല്‍കുന്നതും വ്യക്തികളുടെ സ്പേസ് മാനിക്കുന്നതിനെ കുറിച്ച് ബോധമുണ്ടാക്കുന്നതും നല്ലതായിരിക്കും. സ്പര്‍ശം സുഖമുള്ളതാകുമ്പോള്‍ തന്നെ, ഇഷ്ടമില്ലാത്തപ്പോള്‍ അരോചകവും ആകുമെന്നും അനുവാദമില്ലാതെ മറ്റുള്ളവരെ സ്പര്‍ശിക്കരുതെന്നുമുള്ള ബോധം ആ പ്രായത്തില്‍ ആണ്‍കുട്ടികള്‍ക്കുണ്ടായാല്‍ അവര്‍ ഭാവിയില്‍ സ്ത്രീകളെ കടന്നാക്രമിക്കാനിടയില്ല. പ്രണയവും ലൈംഗിക താല്‍പ്പര്യവും ഏത് ലിംഗത്തില്‍ പെട്ടവരോടും ഉണ്ടാകാമെന്നും അത് സ്വാഭാവികമാണെന്നും കുട്ടികള്‍ മനസ്സിലാക്കണം. അതില്ലാത്തതാണെന്ന് കരുതി ഒളിച്ചുവച്ചിട്ടു കാര്യമില്ല. എല്ലാവര്‍ക്കും ഒരേതരത്തിലുള്ള താത്പര്യങ്ങളല്ല ഉണ്ടാവുകയെന്നും അറിയണം.
സ്ത്രീവിരുദ്ധമായും ലൈംഗികത ഒളിച്ചുകളിയായും നിലനില്‍ക്കുന്ന സമൂഹത്തില്‍, അതേസമയം, കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അറിവുള്ള സാഹചര്യത്തില്‍, എങ്ങനെ വിദ്യഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റം കൊണ്ടുവരാമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
നമ്മുടേതുപോലെ സ്ത്രീവിരുദ്ധമായും ലൈംഗികത ഒളിച്ചുകളിയായും നിലനില്‍ക്കുന്ന സമൂഹത്തില്‍, അതേസമയം, കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അറിവുള്ള സാഹചര്യത്തില്‍, എങ്ങനെ വിദ്യഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റം കൊണ്ടുവരാമെന്നത് ഒരു വെല്ലുവിളി തന്നെയാണ്. സിലബസില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുമാത്രം കാര്യമില്ല. നമ്മുടെ അദ്ധ്യാപകരോ മറ്റു മുതിര്‍ന്നവരോ ഇതില്‍ പരിശീലനം ലഭിച്ചവരല്ല. പരസ്പരം ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവക്കാനുള്ള വേദി ഒരുക്കിക്കൊടുക്കുക മാത്രമാണ് മുതിര്‍ന്നവര്‍ക്ക് ചെയ്യാവുന്നത്. നല്ല സെക്‌സ് എഡ്യുക്കേറ്റര്‍മാരെല്ലാം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠിക്കുന്നവരാണ്. സയന്‍സ് അറിഞ്ഞിരിക്കണമെങ്കിലും ഫിസിയോളജിക്കല്‍ ആയും ക്ലിനിക്കല്‍ ആയും മാത്രമല്ല ശരീരത്തിന്റെ അടുപ്പത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും അറിയേണ്ടത്. സിനിമകള്‍, സാഹിത്യം, മറ്റു കലാരൂപങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തും കലാരൂപങ്ങള്‍ സൃഷ്ടിച്ചും ഒക്കെയാണ് നമ്മള്‍ പഠിക്കേണ്ടത്. കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ മുതിര്‍ന്നവരും തയാറായാല്‍ അവരെ കുറിച്ചുള്ള ആശങ്കകള്‍ കുറക്കാം. വിവിധ ലിംഗത്വ വിഭാഗങ്ങളില്‍ പെട്ടവര്‍ ഇടകലര്‍ന്ന് വളരട്ടെ, പേടിക്കേണ്ടതില്ല. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.