Wednesday, 29 March 2023

മലപ്പുറം പെണ്ണിന്റെ ആത്മകഥ- 28


Text Formatted

‘ഉമ്മാ, ഈ പിണറായി വിജയന്‍
​​​​​​​നമ്മളെ ആളാണോ?’

പിണറായി വിജയന്‍ മുസ്‌ലിമാണോ അല്ലേ എന്ന് ഞാനവളോട് പറഞ്ഞില്ല. പക്ഷെ, മതം എന്നത് നമ്മള്‍ പ്രാക്ടീസ് ചെയ്യുന്ന ചടങ്ങുകളില്‍ മാത്രമുള്ളതാണെന്നും അതുകഴിഞ്ഞാല്‍ അതിന് പ്രസക്തിയില്ലെന്നുമാണ് ഞാനവളോട് പറയാന്‍ ശ്രമിച്ചത്.

Image Full Width
Image Caption
Photo : Pinarayi Vijayan, FB Page
Text Formatted

രു ദിവസം സ്‌കൂളില്‍നിന്ന് വന്ന ഇനിയ, ടി.വിയില്‍ പിണറായിയെ കണ്ടു.

എന്താണ് വാര്‍ത്ത എന്നൊന്നും കേള്‍ക്കാത്ത അകലത്തിലിരിക്കുകയായിരുന്നുവെങ്കിലും അവള്‍ക്ക് സന്തോഷമായി. പിണറായി വിജയനല്ലേ, നമ്മുടെ മുഖ്യമന്ത്രിയല്ലേ, എന്നൊക്കെ പഠിച്ച പാഠങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു.

അതുകഴിഞ്ഞ് അവള്‍ ഒന്നു നിറത്തി ഒരു ചോദ്യം കൂടി ചോദിച്ചു; ‘ഉമ്മാ, ഈ പിണറായി വിജയന്‍ നമ്മളെ ആളാണോ?’

ചോദ്യം അത്ര വ്യക്തമായില്ലെങ്കിലും എനിക്ക് ഞങ്ങളുടെ കമ്യൂണിസ്റ്റ് പാരമ്പര്യം വരെ ഓര്‍മവന്നു. അവളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നെല്ലാം ആലോചിച്ച് ഞാനവളോട് ചോദിച്ചു,  ‘നമ്മളെ ആളെന്നാലെന്താ ഉദ്ദേശിച്ചത്?'

‘മുസ്‌ലിം ആണോ എന്ന്'.

ഈ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി എന്നു പറഞ്ഞാല്‍ മതിയാകില്ല, സത്യത്തില്‍ തകര്‍ന്നു.

മതം പോലെ പാര്‍ട്ടികളും പ്രദേശവുമെല്ലാം വേര്‍തിരിവുകള്‍ക്ക് കാരണമാകാറുണ്ട്. അതെല്ലാം ഒരാളെ പുര്‍ണമായും വിഴുങ്ങുന്ന ഒന്നായി മാറുമ്പോള്‍ പേടിക്കേണ്ടതുതന്നെയാണ്. പക്ഷെ, ഇപ്പോള്‍ മതത്തിന്റെ പേരിലാണ് അധികം ഈ വേര്‍തിരിവുകളും മാറ്റിനിര്‍ത്തലുകളും ഒടുവില്‍ ഇല്ലാതാക്കലുകളും നാം കാണുന്നത്. 

രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വേര്‍തിരിവുപോലെ മതവ്യത്യാസങ്ങളെ കാണാന്‍ പറ്റുമോ? ഒരേ രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്‍പ്പെട്ടതാണ് എന്നത് വലിയ സന്തോഷമുണ്ടാക്കുമ്പോള്‍ മതത്തെക്കുറിച്ചുള്ള ചോദ്യം തന്നെ ഭീതിയുളവാക്കുന്നതെന്തുകൊണ്ടായിരിക്കും?

ഇനിഇപ്പോള്‍ പഠിക്കുന്നത് രണ്ടാം ക്ലാസിലാണ്. സ്‌കൂളില്‍ പോയിത്തുടങ്ങിയതിനുശേഷം അവള്‍ ചിലപ്പോഴൊക്കെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു.

‘ഞാന്‍ ഹിന്ദുവാണോ മുസ്‌ലിമാണോ?' എന്നായിരുന്നു ഒരിക്കല്‍ വന്നു ചോദിച്ചത്. അതിലെന്താ, ഇത്ര വലിയ കാര്യം എന്നു ഞാന്‍ നിരുത്സാഹപ്പെടുത്താന്‍ നോക്കി.
‘പറയ്, ഉമ്മാ' എന്നവള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 
‘നിനക്ക് ഏതാവാനാണ് ഇഷ്ടം' എന്ന് ഞാന്‍ വീണ്ടും ഇടങ്കോലിട്ടു.
‘അതൊന്നും എനിക്കറിയില്ല, ഉമ്മ, ഉത്തരം പറഞ്ഞാ മതി, എന്നോടെല്ലാവരും ചോദിച്ചിട്ടാണ്' എന്ന് അവളും ചിണുങ്ങിക്കൊണ്ടിരുന്നു.
എങ്കില്‍ മുസ്‌ലിമാണ് എന്ന് പറഞ്ഞോ എന്ന് പറഞ്ഞു. അവള്‍ക്കത്രയും മതിയായിരുന്നു. അവരോട് പറയാനൊരു ഉത്തരം.

പക്ഷെ, കുട്ടികള്‍ ഇത്തരം ചോദ്യങ്ങളുന്നയിക്കുന്ന സാഹചര്യം അന്നും എനിക്ക് ആശങ്കകളുണ്ടാക്കിയിരുന്നു. അതിന്റെ പേരില്‍ ക്ലാസില്‍ വേര്‍തിരിവുണ്ടാകുമോ എന്നതടക്കം. ചിലപ്പോള്‍ അവളുടെയോ മാതാപിതാക്കളുടെയോ വസ്ത്രധാരണരീതി കൊണ്ട് വന്ന നിസ്സാര സംശയമാകാം കൂട്ടുകാര്‍ ഉന്നയിച്ചത്. പക്ഷെ, ഉത്തരം പറയാന്‍ എനിക്ക് പലവട്ടം ആലോചിക്കേണ്ടിവന്നു. 

dweep

അവള്‍ക്ക് സ്‌കൂളില്‍ അറബി ക്ലാസുണ്ട്. അത് മുസ്‌ലിം കുട്ടികള്‍ക്കുമാത്രമേ നിര്‍ബന്ധമുള്ളൂ. മറ്റു കുട്ടികള്‍ക്ക് ആ സമയം കളികളില്‍ ഏര്‍പ്പെടാം. അത് പറയുമ്പോഴെല്ലാം ചെറിയൊരു കുശുമ്പ് അവളുടെ ശബ്ദത്തില്‍ തന്നെ കലര്‍ന്നിരിക്കും. പക്ഷെ, അറബി അവള്‍ക്ക് കുറച്ചൊക്കെ ഇഷ്ടമായിരുന്നതുകൊണ്ടാകാം വലിയ പരാതികളുണ്ടായിരുന്നില്ല. ചിലപ്പോള്‍ അറബി പദ്യങ്ങളെല്ലാം ഉറക്കെ ചൊല്ലി നടക്കുന്നതുകാണാം. അതും മതവ്യത്യാസങ്ങളെ കുട്ടികള്‍ക്കിടയില്‍ ഉറപ്പിക്കുന്നതിന് കാരണമാകുന്നുണ്ടാകാം. നിസ്സാരമായത് അറബി ക്ലാസില്‍ തീരുന്നതുമാവാം.

ഈ ചോദ്യങ്ങള്‍ എനിക്കുമാത്രമാണോ അസ്വസ്ഥത ഉണ്ടാക്കുന്നത്?

നിലവിലുള്ള സാമൂഹിക സാഹചര്യം മതാടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ച് ഒടുവില്‍ മറ്റുള്ളതിനെ എല്ലാം ഇല്ലാതാക്കുന്ന അന്യവല്‍ക്കരണത്തിലേക്ക് (Othering) എത്തിക്കുന്നത് പലപ്പോഴും നമ്മള്‍ കാണുന്നുണ്ട്.
മതം പോലെ പാര്‍ട്ടികളും പ്രദേശവുമെല്ലാം വേര്‍തിരിവുകള്‍ക്ക് കാരണമാകാറുണ്ട്. അതെല്ലാം ഒരാളെ പുര്‍ണമായും വിഴുങ്ങുന്ന ഒന്നായി മാറുമ്പോള്‍ പേടിക്കേണ്ടതുതന്നെയാണ്. പക്ഷെ, ഇപ്പോള്‍ മതത്തിന്റെ പേരിലാണ് അധികം ഈ വേര്‍തിരിവുകളും മാറ്റിനിര്‍ത്തലുകളും ഒടുവില്‍ ഇല്ലാതാക്കലുകളും നാം കാണുന്നത്. അതുകൊണ്ടാകാം ഈ ഭയം എനിക്കുണ്ടാകുന്നത്.

ഞാനും എല്ലാക്കാലത്തും ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിരുന്നു.
‘ഓ, മുസ്‌ലിമാണോ, കണ്ടാ പറയേ ഇല്ല’ എന്നും  ‘ഒരു നായര് കുട്ടിയെ പോലെയുണ്ട്’ എന്ന് അഭിനന്ദനരൂപേണ പറഞ്ഞതും മറക്കാറായിട്ടില്ല. മുസ്‌ലിമാണെങ്കിലും നല്ലവള്‍ ആയവള്‍ എന്ന സ്വത്വമാണ് പതിച്ചുകിട്ടിയത്. അത് ചില കൂട്ടങ്ങളില്‍ പരസ്യമായി പറയുന്നതുകേട്ട് അന്തിച്ചിരുന്നുപോയിട്ടുണ്ട്. എന്നാലും സാരമില്ല, അതൊരു ചെറിയ ധാരണാപ്പിശകല്ലേ എന്ന് സമാധാനിച്ചിട്ടേയുള്ളൂ. പലപ്പോഴും തമാശ തോന്നിയിട്ടുമുണ്ട്.  

belief
Photo : Abul Kalam Azad Pattanam

വിശ്വാസിയാണോ എന്ന ചോദ്യത്തിന് എനിക്ക് ‘അതെ’ എന്ന ഉത്തരം തന്നെയേ പറയാനാകൂ. അങ്ങനെ അല്ലാതിരിക്കാനാണ് ഏറെ പ്രയാസം എന്നും ഞാന്‍ കരുതുന്നുണ്ട്. അതിലപ്പുറമുള്ള മതജീവിതത്തെക്കുറിച്ച് എനിക്കൊന്നും ഉറപ്പിച്ച് പറയാനാവില്ലെന്നേയുള്ളൂ.

ഒരിക്കല്‍ ഒരാള്‍ വഴിയില്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്തി ചോദിച്ചത് Are You a believer എന്നായിരുന്നു. ഞാന്‍ എന്തുത്തരം പറയണമെന്നറിയാതെ ഒരുനിമിഷം അന്തംവിട്ടുനിന്ന് ആദ്യം ‘അതെ’ എന്നും പിന്നീട് ‘അല്ല’ എന്നും ഉത്തരം പറഞ്ഞു. അത് ക്രിസ്ത്യന്‍ മതത്തിലെ പ്രത്യേക വിഭാഗമാണെന്ന് പിന്നീട് മനസ്സിലായി. അന്ന് ആഭരണങ്ങളൊന്നും ഉപയോഗിക്കാതിരുന്നതുകൊണ്ടാകാം ആ ചോദ്യം വന്നത്. വിശ്വാസിയാണോ എന്ന ചോദ്യത്തിന് എനിക്ക് ‘അതെ’ എന്ന ഉത്തരം തന്നെയേ പറയാനാകൂ. അങ്ങനെ അല്ലാതിരിക്കാനാണ് ഏറെ പ്രയാസം എന്നും ഞാന്‍ കരുതുന്നുണ്ട്. അതിലപ്പുറമുള്ള മതജീവിതത്തെക്കുറിച്ച് എനിക്കൊന്നും ഉറപ്പിച്ച് പറയാനാവില്ലെന്നേയുള്ളൂ. ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാറുമുണ്ട്, അതില്‍ ഭാഗഭാക്കായിട്ടുമുണ്ട്. അതുപോലെ മറ്റു മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് എന്റെ വ്യക്തിപരമായ പ്രാക്ടീസല്ല. നമ്മളെല്ലാവരും പരിശീലിക്കപ്പെട്ടത് ഇങ്ങനെത്തന്നെയായിരുന്നു. പക്ഷെ, എപ്പോഴാണ് മതം ഒരു വ്യക്തിയെ ഒന്നാകെ നിര്‍ണയിക്കുന്ന തരത്തില്‍ നമുക്കിടയിലേക്ക് കയറിക്കൂടിയത്? അങ്ങനെ മതത്തെ കാണാന്‍ തുടങ്ങിയ വാര്‍ത്തകള്‍ തന്നെയാണ് ഈ ഭയവും എന്നിലുണ്ടാക്കിയത് എന്നു തോന്നുന്നു. 

mother-daughter.
Photo : unsplash.com

പിണറായി വിജയന്‍ മുസ്‌ലിമാണോ അല്ലേ എന്ന് ഞാനവളോട് പറഞ്ഞില്ല. പക്ഷെ, മതം എന്നത് നമ്മള്‍ പ്രാക്ടീസ് ചെയ്യുന്ന ചടങ്ങുകളില്‍ മാത്രമുള്ളതാണെന്നും അതുകഴിഞ്ഞാല്‍ അതിന് പ്രസക്തിയില്ലെന്നുമാണ് ഞാനവളോട് പറയാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ വച്ച് കാണുന്ന കൂട്ടുകാര്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുന്നിടത്തുള്ള കൂട്ടുകാര്‍, ക്ലബില്‍ കാണുന്നവര്‍ എല്ലാവരും വേറെവേറെ തരത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ വീട്ടിലും വേറെ വേറെ തരത്തില്‍ പ്രാര്‍ഥിക്കുന്നുണ്ടാകും. അതുകഴിഞ്ഞാല്‍ നമ്മള്‍ കളിക്കാനും പഠിക്കാനും സിനിമ കാണാനുമൊക്കെയായി ഒന്നിച്ച് കൂടുന്നവരാണ്. അതിനിടയില്‍ നമ്മള്‍ വീട്ടിലെങ്ങനെയാണ് പ്രാര്‍ഥിച്ചത് എന്ന് ആലോചിക്കുന്നതില്‍ കാര്യമുണ്ടോ എന്നവളോട് ചോദിച്ചു. അതില്ലെന്ന് അവള്‍ സമ്മതിച്ചു.

എന്റെ വിശദീകരണം അത്രക്ക് അവള്‍ക്ക് ബോധിച്ചതായി തോന്നിയില്ല, എന്നാലൂം അങ്ങനെ ചോദിക്കുന്നതില്‍ എന്തോ അപാകതയുണ്ടെന്നുമാത്രം അവള്‍ക്കനുഭവപ്പെട്ടതായി തോന്നി. അത്രയെങ്കിലുമായല്ലോ എന്ന് ആശ്വസിക്കാനേ എനിക്കും കഴിഞ്ഞുള്ളൂ.  

ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ  എഴുതിയിട്ടുണ്ട്​.

Audio