Tuesday, 28 March 2023

വിദ്യാഭ്യാസ പരിഷ്​കരണം


Text Formatted

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല

ആശങ്കയുടെ വർത്തമാനത്തിൽനിന്ന്​
സാധ്യതകളുടെ ഭാവിയിലേക്ക്​

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി റിപ്പോര്‍ട്ടിലെ ശുപാർശകൾ, സംഘർഷഭരിതമായ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ​മേഖലയെ എങ്ങനെ ബാധിക്കുമെന്ന വിശകലനം

Image Full Width
Text Formatted

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ശ്യാം ബി. മേനോന്‍ അദ്ധ്യക്ഷനായ സമിതിയിൽ ടി. പ്രദീപ്, സാബു തോമസ്, എം.വി. നാരായണന്‍, ആര്‍. രമകുമാര്‍, ആയിഷ കിദ്വായ്, സാബു അബ്ദുല്‍ ഹമീദ് എന്നീ വിദ്യാഭ്യാസവിദഗ്ധര്‍ അംഗങ്ങളായിരുന്നു. റിപ്പോർട്ട്​ നടപ്പാക്കാന്‍ സര്‍ക്കാറിന് എത്രമാത്രം ഇച്ഛാശക്തിയുണ്ട് എന്ന കാര്യം കണ്ടറിയണം, പ്രത്യേകിച്ചും എയ്ഡഡ് കോളേജുകളിലെ നിയമനാധികാരത്തെയടക്കം നിയന്ത്രിക്കുന്നതും പൊതുഖജനാവില്‍നിന്ന്​ ഏറെ തുക വകയിരുത്തേണ്ടതുമായ നിര്‍ദ്ദേശങ്ങളാകുമ്പോള്‍.

സ്വകാര്യസംരക്ഷകരുമായുള്ള കൂട്ടുകച്ചവടത്തിനും സര്‍വ്വകലാശാലകളുടെ വാതായനങ്ങള്‍ വ്യവസായ മുതലാളിമാര്‍ക്ക് തുറന്നുകൊടുക്കാനും സ്വകാര്യ സര്‍വ്വകലാശാല തുടങ്ങാനുമുള്ള ശുപാര്‍ശകൾ ഭരണാധികാരികളെ തൃപ്തിപ്പെടുത്തുമെങ്കിലും ഇക്കാലമത്രയും ഇതിനെ എതിര്‍ത്തുപോരുന്ന പുരോഗമന അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന്​ ഇതെങ്ങനെ ദഹിക്കുമെന്നത്​ കാത്തിരുന്നുകാണാം. 

ഉന്നതവിദ്യാഭ്യാസമേഖലയില്‍ മുതല്‍മുടക്കിന്റെയും നിയന്ത്രണാധികാരത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ നെടുനായകത്വം വഹിക്കണം എന്ന്​ അടിവരയിട്ടു പറയുന്ന ഈ റിപ്പോര്‍ട്ട് സ്വകാര്യനിക്ഷേപത്തിന്റെ സാധ്യതകളെ പൂര്‍ണമായും നിരാകരിക്കുന്നുമില്ല.

മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിലൊരു പാലം

സാമൂഹികപ്രതിബദ്ധതയും പ്രസക്തിയുമുള്ള മേഖലയാണ് ഉന്നതവിദ്യാഭ്യാസരംഗം എന്ന ഉള്‍ക്കാഴ്ചയോടെ തയ്യാറാക്കപ്പെട്ടതാണ് ശ്യാം ബി. മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യമൂലധന പങ്കാളിത്തമല്ലാതെ മറ്റു വഴികളില്ലെന്ന് ഏറെക്കുറെ എല്ലാവരും പറയുകയും അതിനനുഗുണമായൊരു പൊതുബോധം രൂപപ്പെട്ടുവരികയും ചെയ്ത ഒരു കാലത്ത്, ഉന്നതവിദ്യാഭ്യാസമേഖലയില്‍ മുതല്‍മുടക്കിന്റെയും നിയന്ത്രണാധികാരത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ നെടുനായകത്വം വഹിക്കണം എന്ന്​ അടിവരയിട്ടു പറയുന്ന ഈ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ആഴത്തിലറിഞ്ഞവരെ സംബന്ധിച്ച് തീര്‍ച്ചയായും പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്. അതേസമയം, സ്വകാര്യനിക്ഷേപത്തിന്റെ സാധ്യതകളെ പൂര്‍ണമായും നിരാകരിക്കുന്നുമില്ല. മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയില്‍ പാലംപണിയാനാണ് കമീഷന്‍ പാടുപെട്ടിരിക്കുന്നതെന്നു വ്യക്തം.

Education
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷനായ ശ്യാം ബി. മേനോന്‍. / Photo : Screengrab from CECED AUD YouTube Channel

ഏതൊരു സര്‍ക്കാറിനെ സംബന്ധിച്ചും ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിനകത്ത് അവരാഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരണമെങ്കില്‍ ആ മേഖലയിലെ വിദഗ്ധരുടെ ഔദ്യോഗികമായ പഠനറിപ്പോര്‍ട്ടുകള്‍ ആവശ്യമാണ്​. സര്‍വ്വകലാശാലാ നിയമനങ്ങളില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹിതത്തിനു വിപരീതമായി ഇടപെട്ടുവന്ന സാഹചര്യത്തിലാവണം ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലപരിവര്‍ത്തനത്തിനു വിധേയമാക്കുക എന്ന വിചാരം വൈകിയാണെങ്കിലും കേരള സര്‍ക്കാറിനുണ്ടായത്. ഇതിനായി മൂന്നു കമീഷനുകളെ നിയമിച്ചിരുന്നു. അതിലൊന്നാണ് ശ്യാം ബി. മേനോന്റെ നേതൃത്വത്തിലുള്ളത്. നിയമവശങ്ങളെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു കമീഷനും പരീക്ഷാസംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ മറ്റൊന്നും രൂപീകരിച്ചിരുന്നു. 

ഈ റിപ്പോര്‍ട്ടിലും ഊന്നല്‍ നല്‍കിയിരിക്കുന്നത് ശാസ്ത്ര- സാങ്കേതിക മേഖലകള്‍ക്കു തന്നെയാണ്. മറ്റുവിഷയങ്ങളെ കേവലമായി പറഞ്ഞുപോവുകയല്ലാതെ ഈ ദിശയിലുള്ള കൃത്യമായ പഠനങ്ങളോ നിര്‍ദ്ദേശങ്ങളോ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.

മാനവിക വിഷയങ്ങളുടെ ഭാവി ആശങ്കയിൽ

സമ്പദ് വ്യവസ്ഥയുമായി ജ്ഞാനോല്‍പ്പാദനവ്യവഹാരത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമീഷന്‍ കാര്യങ്ങളെ നോക്കിക്കണ്ടത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ജനപക്ഷ സ്വഭാവത്തോടുകൂടി മാത്രമേ കേരളത്തില്‍ ജ്ഞാന സമ്പദ്​വ്യവസ്ഥയുടെ നിര്‍മിതി നടപ്പാക്കാനാവൂ എന്ന കാര്യം ഊന്നിപ്പറയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സംവിധാനം സുതാര്യവും, കാര്യപ്രാപ്തിയുള്ളതും പ്രയോഗക്ഷമവുമാക്കുക എന്നതാണ് കമീഷന്റെ പൊതു കാഴ്ചപ്പാട്. അതിനായി വിവിധ തലങ്ങളിൽ മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രസാങ്കേതികമേഖലകളിലെ ജ്ഞാനോല്‍പാദനത്തെ സമ്പദ്​വ്യവസ്ഥയുമായി ഇണക്കിച്ചേര്‍ക്കാന്‍ പൊതുവെ എളുപ്പമാണ്. ഇതിനായി സര്‍വ്വകലാശാലകളെയും വ്യവസായശാലകളെയും ബന്ധിപ്പിക്കണമെന്നും സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും തുടങ്ങാന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രോല്‍സാഹിപ്പിക്കണം എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Education
റിപ്പോര്‍ട്ട് സമര്‍പ്പണ വേളയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോടൊപ്പം ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ സമിതി അദ്ധ്യക്ഷന്‍ ശ്യാം ബി മോനോനും മറ്റ് അംഗങ്ങളും

എന്നാല്‍ ഭാഷാ-മാനവിക-സാമൂഹിക വിഷയങ്ങള്‍ക്ക് ഏറെ പ്രാധാന്യവും പങ്കാളിത്തവുമുള്ള കേരളത്തിലെ സര്‍വ്വകലാശാലകളെ പുതിയ സങ്കല്പവുമായി വിളക്കിച്ചേര്‍ക്കുക എന്നത് ശ്രമകരമാണ്. ഈ റിപ്പോര്‍ട്ടിലും ഊന്നല്‍ നല്‍കിയിരിക്കുന്നത് ശാസ്ത്ര- സാങ്കേതിക മേഖലകള്‍ക്കു തന്നെയാണ്. അതിനെക്കുറിച്ച് സൂചിപ്പിച്ചശേഷം മറ്റുവിഷയങ്ങളെ കേവലമായി പറഞ്ഞുപോവുകയല്ലാതെ ഈ ദിശയിലുള്ള കൃത്യമായ പഠനങ്ങളോ നിര്‍ദ്ദേശങ്ങളോ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. അതായത്, പുതിയൊരു പദ്ധതി നടപ്പിലായിവരുമ്പോള്‍ ഇത്തരം മാനവികവിഷയങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക വര്‍ദ്ധിക്കുമെന്നു തീര്‍ച്ച. 

സർവകലാശാലകളിലെ ഉദ്യോഗസ്ഥ ഭരണം

നിലവില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍, എണ്ണത്തില്‍ കൂടുതലുള്ള അനധ്യാപകജീവനക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. വൈസ്ചാന്‍സലര്‍മാരെപ്പോലും അവരുടെ ഇംഗിതത്തിനനുസരിച്ചുമാത്രമേ നിയമിക്കാനാവുന്നുള്ളൂ എന്നതാണ് സത്യം. സര്‍വ്വകലാശാലകളില്‍ അക്കാദമിക് താല്‍പര്യം മുന്‍നിര്‍ത്തി ഇടപെടലുകള്‍ നടത്തുന്ന പ്രൊഫസര്‍മാര്‍ക്ക് ചുവപ്പുനാടകളിലൂടെ തടസം സൃഷ്ടിക്കുന്ന ജീവനക്കാരുമായി പലപ്പോഴും സാങ്കേതികാര്‍ത്ഥത്തില്‍ ഏറ്റുമുട്ടേണ്ടിവരാറുണ്ട്. പ്രൊജക്ട് ഫണ്ടുകളുടെ പേപ്പര്‍ജോലികളും മറ്റുമായി ഉദ്യോഗസ്ഥര്‍ പ്രൊഫസര്‍മാരെ പലപ്പോഴും വട്ടംകറക്കാറാണ് പതിവ്. ഇക്കാരണത്താല്‍ പ്രൊജക്ട് ഏറ്റെടുക്കാന്‍പോലും കേരളത്തിലെ സര്‍വ്വകലാശാലകളിലെ അധ്യാപകര്‍ക്ക് പേടിയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നവര്‍ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളികളായിമാറും. അവര്‍ക്ക് പിന്നീട് വൈസ്ചാന്‍സലര്‍ പോലുള്ള പദവി ലഭിക്കുന്നതിനെ ഇവര്‍ സംഘടനാസ്വാധീനം ഉപയോഗിച്ച് തടയിടും.

Calicut University

സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ക്കുള്ളതല്ല, വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണെന്ന് ഉത്തരേന്ത്യയില്‍നിന്ന്​ ഇവിടെയെത്തി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചാര്‍ജ്ജെടുത്ത ഒരു വൈസ്ചാന്‍സലര്‍ക്ക് പരസ്യമായി തന്നെ പറയേണ്ടിവന്നിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്ന് വ്യക്തമാക്കുന്നു. അതിന്​ നിരവധി നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. 

​​​​​​​വിദ്യാർത്ഥി അവകാശങ്ങളുടെ ലംഘനം

നിലവില്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യവും ഏകീകൃതവുമായ ഒരു അക്കാദമി കലണ്ടര്‍ പോലും നിലവിലില്ല. വിദ്യാര്‍ത്ഥിജീവിതത്തിന്റെ അവിഭാജ്യഘടകമായ കലാകായിക മത്സരങ്ങളടക്കമുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളൊന്നും അക്കാദമിക് കലണ്ടറനുസരിച്ചല്ല നടന്നുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കുന്നവരുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നു. അക്കാദമിക് ദിനങ്ങളും ആവശ്യത്തിന്​കിട്ടാത്ത സാഹചര്യമുണ്ടാകുന്നു, ഇത്തരം പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും പരിമിതപ്പെടുന്നുണ്ട്. പരീക്ഷകള്‍ നിരന്തരം മാറ്റിവെയ്ക്കപ്പെടുന്നതും കുട്ടികളെ ബാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സ്‌കോളര്‍ഷിപ്പുകളും കൃത്യസമയത്ത്​ ലഭ്യമാക്കുന്നില്ല. ഇത്തരം വിഷയങ്ങളെല്ലാം അവരുടെ മൗലികാവകാശമാണെന്ന്​ കമീഷന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.

സെക്കൻററി വിദ്യാഭ്യാസാനന്തരം ഉന്നതവിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശദമായ ഡാറ്റ റിപ്പോര്‍ട്ടിലുണ്ട്. അതുപ്രകാരം കേരളം ഉത്തരാഖണ്ഡിനും ഹിമാചല്‍പ്രദേശിനും താഴെ ആറാം സ്ഥാനത്താണ്.

ഉദ്യോഗസ്ഥവൃന്ദത്തിനുനേരെയും റിപ്പോര്‍ട്ട് ഗൗരവകരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. എല്ലാ സര്‍വ്വകലാശാലകള്‍ക്കും ബാധകമായ സ്ഥായിയും സമാനവുമായ അക്കാദമിക് കലണ്ടര്‍ ഏര്‍പ്പെടുത്തുക, പരീക്ഷകളും മൂല്യനിര്‍ണയവും സമയബന്ധിതമായി നടപ്പിലാക്കുക, സിലബസും പാഠ്യപദ്ധതിയും കൃത്യമായി നവീകരിക്കപ്പെടുന്നില്ല എന്ന പരാതിക്ക്​ പരിഹാരമായി കോഴ്‌സുകള്‍ തെരെഞ്ഞെടുക്കാനുള്ള കൂടുതല്‍ അവസരങ്ങളും സാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, എല്ലാ സര്‍വ്വകലാശാലകളേയും കോര്‍ത്തിണക്കി കോഴ്‌സ് ബാങ്കുകള്‍ രൂപീകരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാന്തരമായി പാഠ്യവിഷയങ്ങള്‍ തിരഞ്ഞെടുത്ത് ക്രഡിറ്റ് സമ്പാദിക്കാൻ അവസരമൊരുക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്​ഫർ സൗകര്യം ഒരുക്കിക്കൊടുക്കുക, ക്ലാസ്​മുറികൾ വിദ്യാര്‍ത്ഥി സൗഹൃദമാക്കുക, ലൈബ്രറികളും ലബോറട്ടറികളും ഓണ്‍ലൈന്‍ സംവിധാനങ്ങളും കാര്യക്ഷമമാക്കുക, ഹോസ്റ്റല്‍ സൗകര്യം ആധുനികവല്‍ക്കരിക്കുക.

Education
പാഠ്യേതരപ്രവര്‍ത്തനങ്ങളൊന്നും അക്കാദമിക് കലണ്ടറനുസരിച്ചല്ല  നടന്നുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കുന്നവരുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നു. / Photo : Swathi Lakshmi Vikram

കൃത്യസമയത്ത് ഫെലോഷിപ്പുകളും സ്‌റ്റൈപ്പെന്റുകളും നല്‍കുക, സിലബസും പാഠ്യപദ്ധതിയും അധ്യാപനരീതികളും വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് കമീഷന്‍ സര്‍ക്കാറിനുമുന്നില്‍ വെച്ചിരിക്കുന്നത്. ഇതിനുപുറമെ യു.ജി.സി ഫെലോഷിപ്പ്​ ലഭിക്കാത്ത മുഴുവന്‍ ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യണം എന്നതടക്കം ഗവേഷകവിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും രേഖയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

എയ്​ഡഡ്​ സ്ഥാപനങ്ങളും ദലിത്​ വിഭാഗങ്ങളും

സെക്കൻററി വിദ്യാഭ്യാസാനന്തരം ഉന്നതവിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശദമായ ഡാറ്റ റിപ്പോര്‍ട്ടിലുണ്ട്. അതുപ്രകാരം കേരളം ഉത്തരാഖണ്ഡിനും ഹിമാചല്‍പ്രദേശിനും താഴെ ആറാം സ്ഥാനത്താണ്. നൂറില്‍ 38 പേര്‍ മാത്രമാണ് കേരളത്തിലെ സ്ഥാപനങ്ങളെ ഉന്നതവിദ്യാഭ്യാസത്തിന്​ ആശ്രയിക്കുന്നത്. ഇത് 2030 ആകുമ്പോഴേക്ക് 60 ഉം 2036 ല്‍ 70 ഉം ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. എന്നാല്‍ വെറും ആറു വര്‍ഷംകൊണ്ട് 22 ശതമാനത്തിന്റെ വര്‍ദ്ധനവ് ലക്ഷ്യംവെയ്ക്കുകയും അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പത്തുശതമാനത്തിന്റെ മാത്രം വര്‍ദ്ധനവ് മുന്നില്‍ കാണുകയും ചെയ്യുന്നു. വളര്‍ച്ചയില്‍ കാണുന്ന ഈ അന്തരം എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ കാര്യകാരണസഹിതം സൂചിപ്പിക്കുന്നില്ല. ഈ പ്രായപരിധിക്കാരുടെ ജനസംഖ്യാപരമായ വ്യതിയാനം കണക്കിലെടുത്ത നിഗമനങ്ങളാണെന്നു തോന്നുന്നു. ഏതായാലും കേരളത്തില്‍നിന്ന്​ മറ്റ്​ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഉന്നതവിദ്യാഭ്യാസത്തിന്​ പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനുള്ള അവസരം, അതായത് ഉയര്‍ന്ന നിലവാരമുള്ളതും നൂലാമാല തുലോം കുറവുള്ളതുമായ നൂതനവും മികവുറ്റതുമായ സ്ഥാപനങ്ങള്‍ കേരളത്തില്‍തന്നെ ആരംഭിക്കുകയാണെങ്കില്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നവരെ നാട്ടില്‍തന്നെ നിലനിര്‍ത്താനും അങ്ങനെ ആ പണം ഇവിടെ തന്നെ വിനിമയം ചെയ്യപ്പെടാനും സാധിക്കും എന്നാണ് കമീഷന്റെ കണ്ടെത്തല്‍. ഇത് ജ്ഞാനസമ്പദ്​വ്യവസ്ഥ എന്ന സങ്കല്പം ശക്തിപ്പെടുത്തും. 

Education
ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശനപരീക്ഷ നടത്തുന്ന സര്‍വ്വകലാശാലകള്‍ പിന്നാക്ക ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിരുന്ന ‘ജെ.എന്‍.യു മോഡല്‍’ കേരളത്തിലും നടപ്പിലാക്കണമെന്നും പറയുന്നു. / Photo : Muhammed Hanan. A.K.

എസ്.സി, എസ്ടി വിഭാഗത്തില്‍നിന്ന്​ ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം 11ാം സ്ഥാനത്താണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത റിപ്പോര്‍ട്ടിലുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനുശേഷം ലഭിക്കാന്‍ സാധ്യതയുള്ള തൊഴിലുകളുടെ പരിമിതിയാണ് ഇതിനു പ്രധാന കാരണം. ബഹുഭൂരിപക്ഷം തൊഴില്‍സാധ്യത നിലനില്‍ക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം ഈ വിഭാഗത്തിന്​ അപ്രാപ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിലേക്ക് ഈ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെടാത്തതിന്റെ ഒരു കാരണം അതുതന്നെയാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടാണിതെന്ന് പല പരാമര്‍ശങ്ങളില്‍നിന്നും മനസ്സിലാക്കാം. ഈ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നോളജ്​ പൂളും, മെന്റര്‍പൂളും തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കിയാൽ ഒരു സുപ്രധാന ചുവടുവെപ്പാകും. ഗവേഷണതലങ്ങളില്‍ സൂപ്പര്‍വൈസര്‍തല സംവരണം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

ലിംഗസമത്വമെന്ന ആശയം തത്വത്തിലും പ്രായോഗികതലത്തിലും യാഥാര്‍ത്ഥ്യമാകുന്നതോടെ മാത്രമേ ഉന്നതവിദ്യാഭ്യാസരംഗം അതിന്റെ അര്‍ത്ഥവത്തായ കാഴ്ചപ്പാടുകളോട് നീതിപുലര്‍ത്തുകയുള്ളൂ.

ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശനപരീക്ഷ നടത്തുന്ന സര്‍വ്വകലാശാലകള്‍ പിന്നാക്ക ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിരുന്ന ‘ജെ.എന്‍.യു മോഡല്‍’ കേരളത്തിലും നടപ്പിലാക്കണമെന്നും പറയുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെമാത്രം നടത്തുന്ന അപേക്ഷ ക്ഷണിക്കല്‍ രീതി മൂലം, ഇതിനുള്ള സംവിധാനങ്ങളില്ലാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുന്നുണ്ട്, പ്രത്യേകിച്ചും സാമുദായികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്. അതിനുള്ള പരിഹാരമെന്നോണം ഓണ്‍ലൈന്‍ സംവിധാനത്തോടൊപ്പം ഓഫ്-ലൈന്‍ അവസരങ്ങളും ഇന്ത്യയുടെ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നകാലംവരെ തുടരേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്​നങ്ങൾ

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളിലേക്കും റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. സർവകലാശാലകളിലുള്ള ഉന്നതവിദ്യാഭ്യാസ സമിതികളില്‍ ഭിന്നശേഷി പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഇവരുടെ പരീക്ഷയ്ക്കും മൂല്യനിര്‍ണയത്തിനും ശാസ്ത്രീയ മാനദണ്ഡങ്ങളും ക്രമീകരണങ്ങളും കൊണ്ടുവരിക, പുസ്തകങ്ങളടക്കമുള്ള പഠനോപകരണങ്ങൾ ഇവർക്ക്​ ഗ്രഹിക്കാനുള്ള സൗകര്യത്തിന്​ ലഭ്യമാക്കുക, അവരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനുതകുന്ന സ്‌കോളര്‍ഷിപ്പുകൾ ഏര്‍പ്പെടുത്തുക തുടങ്ങി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

ലിംഗ സമത്വം

ലിംഗസമത്വമെന്ന ആശയം തത്വത്തിലും പ്രായോഗികതലത്തിലും യാഥാര്‍ത്ഥ്യമാകുന്നതോടെ മാത്രമേ ഉന്നതവിദ്യാഭ്യാസരംഗം അതിന്റെ അര്‍ത്ഥവത്തായ കാഴ്ചപ്പാടുകളോട് നീതിപുലര്‍ത്തുകയുള്ളൂ. നമ്മുടെ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലും ഇതേറെ പ്രസക്തമാണ്. ആ കാഴ്ചപ്പാടോടെയുള്ള കാതലായ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

Education
ബിരുദ- ബിരുദാനന്തര തലങ്ങളില്‍ വുമണ്‍ സ്റ്റഡീസ് ഒരു നിര്‍ബന്ധിത പാഠ്യവിഷയമായി പഠിപ്പിക്കണമെന്നും അതിനായി അധ്യാപക തസ്തികകള്‍ നിര്‍മിക്കണമെന്നതടക്കം ഗൗരവമുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. / Photo : womenstudies.uoc.ac.in

എല്ലാ സ്ഥാപനങ്ങളുടെയും ഉന്നതാധികാരി മുതല്‍ ഏറ്റവും അവസാനത്തെ ജീവനക്കാരടക്കം ലിംഗസമത്വ സംബന്ധിയായ സെമിനാര്‍/ശില്പശാല പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്​ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക ഓഫീസും, ഓഫീസറും, ലീഗല്‍ സഹായ സെല്ലുകളും രൂപീകരിക്കണമെന്നും എടുത്തുപറയുന്നു. മാത്രമല്ല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള എല്ലാ അസസ്​മെന്റുകളിലും അക്രഡിറ്റേഷന്‍ നടപടികളിലും ഇതൊരു മാനദണ്ഡമായി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ജണ്ടര്‍ ഓഡിറ്റിനുള്ള സ്ഥിരം സംവിധാനം നടപ്പിലാക്കാനും ശുപാര്‍ശ ചെയ്യുന്നു. ബിരുദ-ബിരുദാനന്തര തലങ്ങളില്‍ വിമണ്‍ സ്റ്റഡീസ് ഒരു നിര്‍ബന്ധിത പാഠ്യവിഷയമായി പഠിപ്പിക്കണമെന്നും അതിനായി അധ്യാപക തസ്തികകള്‍ നിര്‍മിക്കണമെന്നതടക്കം ഉള്ള ഗൗരവമുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഭാഷാ-ശാസ്ത്ര മേഖലയെ ശാസ്ത്രസാങ്കേതിക മേഖലയെപ്പോലെ കമീഷന്‍ പരിഗണിച്ചു എന്നു പറയാനാവില്ല. പതിവുപല്ലവികള്‍ കേവലം പറഞ്ഞുപോവുക മാത്രമാണ് ചെയ്തിരിക്കുന്നത്.

അധ്യാപക നിയമനങ്ങളിലെ അധാർമികതകൾ

സര്‍വ്വകലാശാലാ കോളേജ് അധ്യാപകരുടെ നിയമനങ്ങളില്‍ അധാര്‍മിക നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, ഇത്തരം നടപടികള്‍ ഇല്ലാതാക്കാനും നിയമിക്കപ്പെടുന്നവര്‍ക്ക് ഗുണനിലവാരമുണ്ടെന്ന്​ഉറപ്പുവരുത്താനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും നിർദ്ദേശിക്കുന്നു. ഉന്നതവിദ്യാഭ്യാസ അധ്യാപകനിയമന ബോര്‍ഡ് (HEFRB) രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. അത്തരം പരീക്ഷകള്‍ യു.ജി.സി നെറ്റിന്​ ബദലായ യോഗ്യതാപരീക്ഷകളായി പരിഗണിക്കാനാണെങ്കില്‍ അത്​ മാനേജ്‌മെന്റുകളുടെ സ്വന്തക്കാര്‍ക്കും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കും കയറിക്കൂടാനുള്ള കുറുക്കുവഴികളായി മാറും. 2018-ലെ യു.ജി.സി നിര്‍ദ്ദേശം, കേരളത്തില്‍ നടന്ന സര്‍വ്വകലാശാലാ നിയമനങ്ങളെ എയ്ഡഡ്‌ കോളേജ് നിയമനത്തിന്റെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണല്ലോ. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് സര്‍വ്വകലാശാലാ അധ്യാപക നിയമനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സ്‌ക്രീനിംഗ് സംവിധാനം കൊണ്ടുവരണമെന്ന നിര്‍ദ്ദേശം. ഇത് സ്വാഗതാര്‍ഹമാണ്. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാന്‍ ഗോളാന്തര അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പ്രസക്തമാണെങ്കിലും റിപ്പോര്‍ട്ട് വായനയില്‍ ചിരിക്ക് വകനല്‍കിയ ഒരു സന്ദര്‍ഭം ഇതാണ്.  

ഭാഷാ പഠനം

ഭാഷാ-ശാസ്ത്ര മേഖലയെ ശാസ്ത്രസാങ്കേതിക മേഖലയെപ്പോലെ കമീഷന്‍ പരിഗണിച്ചു എന്നു പറയാനാവില്ല. പതിവുപല്ലവികള്‍ കേവലം പറഞ്ഞുപോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭാഷാ കംപ്യൂട്ടിംഗ് പോലുള്ള രംഗങ്ങളില്‍ ഇപ്പോഴും ഏറെ പ്രയാസമുണ്ട്​. അക്കാദമിക് രംഗത്തുനിന്നല്ല മറിച്ച് ഈ രംഗത്ത് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് നാളിതുവരെ ഭാഷാ കംപ്യൂട്ടിംഗ് രംഗത്ത് അത്ഭുതപ്പെടുത്തുന്ന സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനെ ആ അര്‍ത്ഥത്തില്‍ പഠിക്കാനോ വിലയിരുത്താനോ കമീഷന്‍ തയ്യാറായിട്ടില്ല എന്നു തോന്നുന്നു. ഭാഷയെ സമ്പദ്ഘടനയുമായി ബന്ധിപ്പിക്കാന്‍ പുതിയ സാഹചര്യത്തില്‍ വകുപ്പുകളില്ലാത്തതുകൊണ്ടാണോ അതോ ഭാഷാ പഠനങ്ങള്‍ക്ക്​പൊതുവിലും മാതൃഭാഷാപഠനത്തിന്​ പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസപഠനപദ്ധതിയില്‍ കാര്യമായ പങ്കില്ല എന്ന്​ കമീഷന്​അഭിപ്രായമുള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. സാമൂഹിക-മാനവിക വിഷയങ്ങളോട് ആഗോളതലത്തില്‍ തന്നെ വിദ്വേഷം പ്രകടമാണ് എന്നു സൂചിപ്പിക്കുന്നിടത്തുപോലും ഭാഷാപഠനങ്ങളോടുള്ള ഇത്തരം സമീപനത്തെ വിട്ടുകളയുകയാണ് കമീഷന്‍ ചെയ്തിരിക്കുന്നത് എന്നു കാണാം. 

UGC
2018-ലെ യു.ജി.സി നിര്‍ദ്ദേശം, കേരളത്തില്‍ നടന്ന സര്‍വ്വകലാശാലാ നിയമനങ്ങളെ എയ്ഡഡ്‌ കോളേജ് നിയമനത്തിന്റെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണല്ലോ.

സര്‍വ്വകലാശാലകളുടെ സവിശേഷാസ്തിത്വത്തെ വിച്ഛദിച്ച്​ പരസ്പരബന്ധിതമായ ഒന്നാക്കി പരിവര്‍ത്തിപ്പിക്കണമെന്നും സവിശേഷ സര്‍വ്വകലാശാലകള്‍ എന്ന സങ്കല്പം തന്നെ അവസാനിപ്പിക്കണമെന്നും പറയുന്നതിലൂടെ നിലവില്‍ യാഥാര്‍ത്ഥ്യമായ സംസ്‌കൃത സര്‍വ്വകലാശാല, മലയാളം സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ഫിഷറീസ് യൂണിവേഴ്‌സിറ്റി, കലാമണ്ഡലം തുടങ്ങിയവയുടെ ഭാവിയെ അതെങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല. മറിച്ച് കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്നതും ഇന്നോളം യാഥാര്‍ത്ഥ്യമായിട്ടില്ലാത്തതുമായ അറബിക് സര്‍വകലാശാല പോലുള്ള സ്ഥാപനങ്ങള്‍ വരുമെന്ന പ്രതീക്ഷകള്‍ക്കുമേല്‍ ഇരുള്‍വീണിരിക്കുന്നു എന്നും ഉറപ്പിക്കാം.

തിരു കൊച്ചി-മലബാർ അസന്തുലിതാവസ്ഥ

ഉന്നതവിദ്യാഭ്യാസരംഗത്ത്​ നിലനില്‍ക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥയിലേക്ക് റിപ്പോര്‍ട്ട് കാര്യമായി വിരല്‍ചൂണ്ടുന്നുണ്ട്. തിരു-കൊച്ചിയെ അപേക്ഷിച്ച് മലബാറില്‍ ഉന്നതവിദ്യാഭ്യാസപഠനത്തിനുള്ള സാധ്യത പരിമിതമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍തന്നെ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെ എടുത്തുപറയുന്നു. സര്‍ക്കാര്‍ മേഖലകളില്‍ മാത്രമല്ല എയ്ഡഡ് രംഗത്തും ഈ അവസ്ഥ നിലനില്‍ക്കുന്നതായി കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നു.

നടപ്പിലാക്കിയാല്‍ അഭൂതപൂര്‍വ്വകമായ മാറ്റങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാകുമെന്നകാര്യം ഉറപ്പുനല്‍കുന്ന റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ക്കു താങ്ങായി നില്‍ക്കാന്‍ കെല്‍പ്പുള്ള അഞ്ചുതൂണുകള്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാണിക്കുന്നു:
1. അക്കാദമിക് സ്വാതന്ത്ര്യം.
2. സാമ്പത്തിക സ്വയംഭരണം.
3. ആഭ്യന്തര ഭരണനിര്‍വ്വഹണാധികാരം.
4. ഘടനയില്‍ തന്നെ താഴെനിന്നും മുകളിലേക്ക് എന്ന നിലയിലുള്ള അക്കാദമികവും ഭരണപരവുമായ പ്രാതിനിധ്യം.
5. അക്കാദമിക് രംഗവും ഭരണനിര്‍വ്വഹണരംഗവും തമ്മില്‍ നിലനില്‍ക്കുന്ന നൂലാമാലകളെ പൂര്‍ണമായും വിച്ഛേദിപ്പിക്കുക. 

മുതലാളിത്ത കാലഘട്ടവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും തമ്മിൽ ബാലന്‍സിംഗിനുള്ള ശ്രമം റിപ്പോര്‍ട്ടിലുടനീളം കാണാം. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇതിലെ ഏതിനെയാണ് കൊള്ളുക, തള്ളുക എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ ഭാവി.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം. 

സമീർ കാവാഡ്​

എഴുത്തുകാരൻ, വിവർത്തകൻ. കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ റഷ്യൻ ആൻറ്​ കംപാരറ്റീവ്​ ലിറ്ററേച്ചർ ഡിപ്പാർട്ടുമെൻറിൽ അധ്യാപകനായിരുന്നു.

Audio