Wednesday, 29 March 2023

Kerala Politics


Text Formatted

ഹിന്ദു ഇടതുപക്ഷത്തിന്റെ മൂന്ന് മാരക നുണകള്‍

ബി.ജെ.പി തങ്ങളുടെ ജോലി, നിറഞ്ഞ മനസ്സോടെത്തന്നെ കേരളത്തിലെ ഹിന്ദു ഇടതിന് ഔട്ട്‌സോഴ്‌സ് ചെയ്യുകയാണ്.

Image Full Width
Text Formatted

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മുസ്‌ലിംകളെ വെറുക്കാന്‍ പ്രത്യേകിച്ച് പരിശീലനം നല്‍കേണ്ട കാര്യമൊന്നുമില്ല. മുസ്‌ലിം വിരോധത്തില്‍ മാമ്മോദിസാ മുങ്ങിയവരാണ് മിക്ക സവര്‍ണ ക്രിസ്ത്യാനികളും. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകളുമായി ഏഴു ദശകം നീളുന്ന രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുന്നതില്‍ ഈ വെറുപ്പ് ഒരു പ്രതിബന്ധമായില്ല. വെറുപ്പുകൊണ്ടുമാത്രം ഒരു സമുദായവും വംശഹത്യാ രാഷ്ട്രീയത്തിലേക്ക് പോവുന്നില്ല. 

19, 20 നൂറ്റാണ്ടുകളിലെ സാമുദായിക രൂപീകരണവും സാമൂഹിക പരിണാമവും സംസ്ഥാനത്തെ സഖ്യരാഷ്ട്രീയ സമവാക്യങ്ങളില്‍ പ്രതിഫലിച്ചു കാണാം. സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അവര്‍ണ ജാതിയില്‍ പെട്ട ഈഴവരും, തിയ്യരും, പുലയരും ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചപ്പോള്‍, സുറിയാനി ക്രിസ്ത്യാനികള്‍ നയിച്ച കേരള കോണ്‍ഗ്രസും, മുസ്‌ലിം ലീഗും, നായര്‍ സമുദായത്തിലെ ഒരു വിഭാഗവും കോണ്‍ഗ്രസിനൊപ്പം നിന്നു. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ 1959-ല്‍ നടന്ന വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞതാണ് പ്രസ്തുത സഖ്യസമവാക്യം.

മതന്യൂനപക്ഷങ്ങളുടെ ഈ രാഷ്ട്രീയ സഖ്യത്തെ ഒരു സാമൂഹിക സഖ്യമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നയിച്ച യു.ഡി.എഫ് പ്രായോഗികമായി ഒന്നും തന്നെ ചെയ്തില്ലെന്നു പറയാം.

ഇ.എം.എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നയങ്ങള്‍ക്കെതിരെയും, വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യവല്‍ക്കരണത്തിനെതിരെയും സമരം ചെയ്യാന്‍ നായര്‍, സുറിയാനി ക്രിസ്ത്യാനി, മുസ്‌ലിം വിഭാഗങ്ങളിലെ വരേണ്യര്‍ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. നടപ്പുവ്യവസ്ഥയെ ചോദ്യം ചെയ്തില്ലെങ്കിലും, വിമോചനസമരാനന്തരം ഉണ്ടായ ഈ സഖ്യരാഷ്ട്രീയം അധികാരത്തിന്റെയും വിഭവങ്ങളുടെയും പങ്കുവെയ്ക്കലില്‍ (സവര്‍ണ സമുദായങ്ങളുടെ ഇടയില്‍) അധിഷ്ഠിതമായ ഒരു ഒത്തുതീര്‍പ്പ് ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. പക്ഷെ, ഈ സഖ്യത്തിന് സാധാരണക്കാരായ ക്രൈസ്തവരെയും, മുസ്‌ലിംകളേയും ഒരുമിച്ചു കൊണ്ടുവരാന്‍ സാധിച്ചില്ല. അല്ലെങ്കില്‍, മതന്യൂനപക്ഷങ്ങളുടെ ഈ രാഷ്ട്രീയ സഖ്യത്തെ ഒരു സാമൂഹിക സഖ്യമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നയിച്ച യു.ഡി.എഫ് പ്രായോഗികമായി ഒന്നും തന്നെ ചെയ്തില്ലെന്നു പറയാം. 

VANITHA
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലിംഗസമത്വ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ നിന്ന്‌

സഖ്യസമവാക്യങ്ങളെ കുറിച്ച് സി.പി.എം പുനര്‍വിചിന്തനം നടത്തിയത് ശബരിമലയിലെ ഹിന്ദു "നാസി' ഉപരോധത്തിനുശേഷമാണ്. അണികളുടെയും, ഹിന്ദുക്കളില്‍ പൊതുവേയും ഉണ്ടായിരുന്ന ഉഗ്രതവല്‍ക്കരണത്തിന്റെ ചൂട് സി.പി.എം അറിഞ്ഞത് അപ്പോഴാണ്. കേരളത്തില്‍ ഇടതുപാര്‍ട്ടിയുടെ രൂപീകരണത്തിനും നിലനില്‍പ്പിനും ഹേതുവായ ജാതിവിരുദ്ധ സമരങ്ങളുടെയും, സാമൂഹിക പരിഷ്‌കരണത്തിന്റേയും ഉജ്ജ്വല ചരിത്രം മുഖ്യധാരാ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്ന് അപ്രസക്തമായതും ഇതിനു കാരണമായിരുന്നു. ഹിന്ദു നാസികളെ നേരിടാന്‍ അതിന് രാഷ്ട്രീയമായ വിഭവങ്ങളൊന്നും തന്നെ ഇല്ല എന്ന തിരിച്ചറിവ്, ഹിന്ദു നാസികളുടെ ഉപാധികളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു തന്ത്രം രൂപപ്പെടുത്തേണ്ടതിലേക്ക് അതിനെ നയിച്ചു.

കാലങ്ങളായി നിലനിന്നുപോന്ന മുസ്‌ലിം, ക്രിസ്ത്യന്‍ രാഷ്ട്രീയ സഖ്യത്തെ പിളര്‍ത്തിയ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്, സാമ്പ്രദായിക കേരള രാഷ്ട്രീയത്തെ തന്നെയാണ് മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസു (എം) മായി സഖ്യധാരണയിലെത്തിയ സി.പി.എം, മുസ്‌ലിം വിരോധികളായ ക്രിസ്ത്യാനികളെ മുസ്‌ലിം വിരുദ്ധ വംശഹത്യാവാദികളാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കാന്‍ മാരകമായ മൂന്നു നുണകളാണ് "ഹിന്ദു ഇടതുപക്ഷം' പ്രചരിപ്പിക്കുന്നത്. 
1. കോണ്‍ഗ്രസ് മുസ്‌ലിംകളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടു, 2. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ്, 3. കോണ്‍ഗ്രസിനെ നയിക്കുന്നത് യു.ഡി.എഫ് അല്ല, മറിച്ച് മുസ്‌ലിം ലീഗാണ് എന്നിവയാണവ. 

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ബി.ജെ.പിയെ ആരോഗ്യകരമായ അകലത്തില്‍ നിര്‍ത്തുന്ന ഘടകം ക്രിസ്ത്യന്‍- മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാപരമായ വിന്യാസവും, രാഷ്ട്രീയ സഖ്യസമവാക്യങ്ങളുമാണ്.

ക്രൈസ്തവരെ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫില്‍ നിന്ന് അകറ്റുക മാത്രമല്ല, മറിച്ച് അവരെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കുക കൂടിയാണ് ഈ നുണകളുടെ ഉദ്ദേശ്യം എന്നതുകൊണ്ടുതന്നെയാണ് അവ മാരകമാവുന്നതും. 
പൊതുവില്‍ വിലയിരുത്തപ്പെടുന്നതു പോലെ, കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ബി.ജെ.പിയെ ആരോഗ്യകരമായ അകലത്തില്‍ നിര്‍ത്തുന്ന ഘടകം ഇടത്/ മതനിരപേക്ഷ പ്രത്യയശാസ്ത്രമോ, ജനക്ഷേമ രാഷ്ട്രീയമോ അല്ല. മറിച്ച് ക്രിസ്ത്യന്‍- മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാപരമായ വിന്യാസവും, രാഷ്ട്രീയ സഖ്യസമവാക്യങ്ങളുമാണ്. ഹൈന്ദവ നാസിസത്തെ പ്രതിരോധിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഈ "ജനസംഖ്യാമതിലിനെ' എന്തു വിലകൊടുത്തും തകര്‍ക്കാനാണ് ഹിന്ദു ഇടതുപക്ഷത്തിന്റെ ശ്രമം. 

ക്രൈസ്തവരില്‍ വംശഹത്യാരാഷട്രീയം വളര്‍ത്താന്‍ സി.പി.എമ്മിന് വിജയകരമായി സാധിച്ചാല്‍ ഇരു സമുദായങ്ങളും രാഷ്ട്രീയമായി ചിന്നിച്ചിതറുകയും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നവര്‍ അപ്രസക്തമാവുകയും ചെയ്യും. ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് സി.പി.എം നിലപാട്. ഒരു ചെറിയ വിഭാഗം ക്രൈസ്തവര്‍ക്കിടയിലെങ്കിലും മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യാ മനോഭാവം സൃഷ്ടിക്കാന്‍ സാധിച്ചാല്‍, ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം കുറ്റക്കാരാക്കി പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം അത് ഉപയോഗിക്കും, പ്രത്യേകിച്ച് അവര്‍ണ ജാതിയില്‍ പെട്ട ക്രിസ്ത്യാനികളെ. അത് അവരെ രാഷ്ട്രീയമായി അസാധുവാക്കും (ക്രൈസ്തവരില്‍ ഫാസിസ്റ്റ് മനോഭാവം വളര്‍ത്തിയെടുത്തതിലുള്ള സി.പി.എമ്മിന്റെ പങ്ക് ആരും ഓര്‍ക്കുകയുമില്ല). ക്രൈസ്തവരാല്‍ വേട്ടയാടപ്പെട്ടാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരാവുകയും ഇത് അവരെ രാഷ്ട്രീയ അനാഥത്വത്തിലേക്ക് നയിക്കുകയും ചെയ്യും.

"കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന നരേന്ദ്ര മോദിയുടെ എക്കാലത്തേയും വലിയ സ്വപ്നം ഒരു സംസ്ഥാനത്തെങ്കിലും യാഥാര്‍ഥ്യമാക്കുന്നതിലേക്കാണിത് നയിക്കുക. അതായത്, കോണ്‍ഗ്രസ് മുക്ത കേരളം നടപ്പിലാവും. കോണ്‍ഗ്രസ് മുക്തം എന്നതുകൊണ്ട് മുസ്‌ലിം മുക്തമാണ് ബി.ജെ.പി അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തം. 29 ല്‍ 19 സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിക്ക് മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് മുസ്‌ലിം പ്രതിനിധികളുള്ളത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ. എന്നാല്‍ ഈ മുദ്രാവാക്യം സത്വര പരിണാമത്തിലൂടെ മുസ്‌ലിം മുക്ത ഭാരതം എന്നതായിത്തീരുന്നത്' എങ്ങനെയെന്ന് നിസിം മണ്ണത്തുക്കാരന്‍ (2018) കൃത്യമായി വിവരിക്കുന്നുണ്ട്. 

കേരളത്തെ ക്രിസ്ത്യന്‍- മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ നിന്ന് വിമുക്തമാക്കി, ഹിന്ദുക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് തടയാമെന്ന് ദിവാസ്വപ്നം കാണുകയാണ് സി.പി.എം. വിശാല ഹിന്ദു സംയോജനം യാഥാര്‍ഥ്യമാക്കി, അതുവഴി ഭരണത്തുടര്‍ച്ച നേടാം എന്നതാണ് പദ്ധതി. അതായത്, ഹിന്ദു നാസികളെ ഒഴിവാക്കി ഹിന്ദു നാസിസം നടപ്പിലാക്കുക. പ്രസ്തുത പദ്ധതിയെ ബി.ജെ.പി സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. പ്രത്യയശാസ്ത്രത്തിലൂന്നിയ ഒരു പ്രസ്ഥാനം എന്ന നിലയില്‍, നാസിസം ആരു നടപ്പിലാക്കുന്നു എന്നത് നാസികളെ സംബന്ധിച്ച് അപ്രസക്തമാണ്. ആരു മുന്‍കൈ എടുത്താലും തങ്ങളുടെ പ്രത്യയശാസ്ത്രം/ പദ്ധതി വിജയകരമായി നടപ്പിലാവണം എന്നാണവര്‍ക്ക്. ബി.ജെ.പി തങ്ങളുടെ ജോലി നിറഞ്ഞ മനസ്സോടെത്തന്നെ കേരളത്തിലെ ഹിന്ദു ഇടതിന് ഔട്ട്‌സോഴ്‌സ് ചെയ്യുകയാണ്.

COORILOSE
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇടതുപക്ഷ ക്രൈസ്തവര്‍ എന്ന നിലയില്‍, ചരിത്രപരമായ മാറ്റങ്ങളുടെ അടിയൊഴുക്കുകളും ഹൈന്ദവ മേല്‍ക്കോയ്മയുടെ രൂപീകരണവും തമ്മിലുള്ള ഈ കൂടിച്ചേരല്‍ ഞങ്ങള്‍ ആശങ്കാഭരിതരായാണ് തിരിച്ചറിയുന്നത്. ഹൈന്ദവ ഇടതിന്റെ ഈ പ്രക്രിയയിലുള്ള ചായ്‌വും സക്രിയ പങ്കാളിത്തവും ഭീതിജനകമാണ്. കേരളീയ ക്രൈസ്തവ സമൂഹം ഈ വംശഹത്യാപദ്ധതി തിരിച്ചറിയുകയും, ഹൈന്ദവ ഇടതില്‍ നിന്ന് വേര്‍പിരിയുകയും ചെയ്യേണ്ടതുണ്ട്; ഹൈന്ദവ ഇടതിന്റെ മുസ്‌ലിം വിരുദ്ധ വംശഹത്യാ ഉപജാപങ്ങളില്‍ ക്രിസ്ത്യാനികള്‍ കാലാള്‍പടയാളികളായി മാറരുത്.

ഹിന്ദു ഇടതിന്റെ ഉപജാപം ഇനിയും തിരിച്ചറിയാത്തവര്‍ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ സമയോചിത പ്രസ്താവന ശ്രദ്ധിച്ചാല്‍ നന്ന്: ""പറയാതെ വയ്യ. തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്നുമാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്‌ഫോടനാത്മകമായ സന്ദര്‍ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്‌ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്‌ലിം -ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്‍പ്പിക്കും.'' 

a vijayaraghavan
എ. വിജയരാഘവന്‍

സാമുദായിക ഐക്യം ആഹ്വാനം ചെയ്തുകൊണ്ടുള്ള മാര്‍ കൂറിലോസിന്റെ ഈ പ്രസ്താവനക്ക് മറുപടിയെന്നോണം, മുസ്‌ലിം ലീഗിനെതിരെ പ്രസ്തുത ആരോപണങ്ങള്‍ ഉന്നയിച്ച സി.പി.എം സെക്രട്ടറി എ. വിജയരാഘവനെ പാര്‍ട്ടി താക്കീത് ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ ഈ നടപടി സ്തുത്യര്‍ഹമാണെങ്കിലും, ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുക എന്ന നയം ഉപേക്ഷിച്ച് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്.

ഈ ഫാസിസ്റ്റ് കാലഘട്ടത്തില്‍, മാര്‍ കൂറിലോസിനെപ്പോലെയുള്ള ജൈവീക നേതൃത്വത്തിന്റെ വിവേകത്തെ തിരസ്‌കരിക്കാനുള്ള ആഡംബരം ഒരു സമുദായത്തിനുമില്ല. എല്ലാ സമുദായങ്ങളിലും പെട്ട വരുംതലമുറകളുടെ അതിജീവനം ഉറപ്പു വരുത്തുകയെന്ന സഹജാവബോധമാണിവരെ നയിക്കുന്നത്. സമുദായ രാഷ്ട്രീയത്തിന്റെ ഈ ജീവിതോന്മുഖഗുണമാണ് ഹിന്ദു നാസിസത്തിനെതിരെ നമ്മുടെ പക്കലുള്ള ഏറ്റവും അമൂല്യമായ ആയുധം. 

(countercurrents.org ല്‍ പ്രസിദ്ധീകരിച്ച ലേഖനം. പരിഭാഷ മുഹമ്മദ് ഫാസില്‍).

മാത്യു കുര്യാക്കോസ്

 കൊല്‍ക്കത്തയില്‍ രാഷ്ട്ര മീമാംസ വിഭാഗം അദ്ധ്യാപകന്‍

മൈത്രി പ്രസാദ് ഏലിയാമ്മ

ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തില്‍ ഗവേഷക.
 

Audio