Saturday, 22 January 2022

കോവിഡും ശാസ്​ത്രവും


Text Formatted

എത്ര അപകടകാരിയാണ്​ ഒമിക്രോണ്‍?

കോവിഡ് വൈറസ് നമ്മോടൊപ്പം തന്നെ സഹവസിക്കാനാണ്​ പ്ലാനിട്ടിരിക്കുന്നത്. ആണ്ടോടാണ്ട് വാക്‌സിനുകള്‍ പുതുക്കി, ഫ്‌ളൂ വൈറസിനെ നേരിടുന്നതുപോലെ കൈകാര്യം ചെയ്യേണ്ടിവരും. വാക്‌സിന്‍ പരക്കെ ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞിരിക്കയാണ്.

Image Full Width
Image Caption
Photo: pixabay.com
Text Formatted

വീണ്ടും നമ്മെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കോവിഡ് വൈറസ്. വൈറസുകള്‍ അങ്ങനെയാണ്- കൂടുതല്‍ വിഭജിക്കാന്‍ സൗകര്യവും സാവകാശവും കിട്ടിയാല്‍ പുതിയ മ്യൂട്ടന്റുകള്‍ നിര്‍മിച്ചുകൊണ്ടേയിരിക്കും. അവര്‍ മനഃപൂര്‍വം നിര്‍മിച്ചെടുക്കുന്നതല്ല ഈ ‘വേരിയേഷനു'കള്‍. ആയിരമായിരക്കണക്കിനു പകര്‍പ്പുകള്‍ എടുക്കപ്പെടുമ്പോള്‍ വരുന്ന ചില തെറ്റുകള്‍ ആകാനും മതി. നിരവധി  ‘രൂപാന്തരികള്‍' (variants) ഇങ്ങനെ ഉളവാകുന്നതില്‍ ചിലവ വൈറസിന്റെ അതിജീവനം കൂടുതല്‍ സാധ്യമാക്കുന്നതാകാന്‍ പോന്നവയാണ്. പരിണാമം എല്ലാ ജീവികളുടെയും അതിജീവനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാല്‍ ഇവ നിലനില്‍ക്കുകയും ചെയ്യുന്നു.

വൈറസുകള്‍ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്:
1. കൂടുതല്‍ വേഗത്തില്‍ പടരുക.
2. കൂടുതല്‍ ആളുകളില്‍ പരമാവധി എത്തുക.
അതിതീവ്രമായി രോഗം മൂര്‍ച്ഛിപ്പിച്ച് പെട്ടെന്ന് കൊല്ലുക എന്നത് വൈറസുകളെ സംബന്ധിച്ച് ഒരു ലക്ഷ്യമേ അല്ല. കാരണം അവര്‍ പടര്‍ന്നുകയറിയവര്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് പകര്‍ത്തുക എന്നത് സാധ്യമല്ലാതാകുന്നു. മരണം സാവധാനം മതി. പറ്റുന്ന കോശങ്ങളിലൊക്കെ കയറി ആവോളം വിഭജിച്ച് കൂടുതല്‍ പേരിലേക്ക് പടര്‍ത്തിക്കഴിഞ്ഞ് രോഗി മരിയ്ക്കുന്നതാണ് വൈറസുകളെ സംബന്ധിച്ച് അഭികാമ്യം. നമ്മള്‍ മരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമൊന്നുമില്ല. 

വളരെ പെട്ടെന്ന് പകരും എന്നതൊഴിച്ച്. തീവ്രമായ അസുഖങ്ങള്‍ വരുമോ, മരണത്തിന്റെ തോത് കൂടുമോ, കുത്തിവയ്പ് എടുത്തവര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതയേറുന്നോ എന്നതൊക്കെ ഒന്നുരണ്ടാഴ്​ചയ്ക്കകം തീരുമാനിക്കപ്പെടും. 

ഒമിക്രോണ്‍ (‘അമക്രാന്‍, ആമക്രാന്‍, അമുക്രാന്‍, അമുക്രോണ്‍' എന്നൊക്കെ ഉച്ചാരണങ്ങളുണ്ട്.) ഇതേ ആകസ്മികതയുടെ ബാക്കിപത്രം മാത്രമാണ്. തീവ്രമായി പറ്റിപ്പിടിയ്ക്കാനും നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ കയറാനും പുതിയ തന്ത്രങ്ങള്‍ വശത്താക്കിയതുമാണ്. പക്ഷേ രോഗലക്ഷണങ്ങള്‍ അതിതീവ്രമോ, മരണകാരകമോ എന്നതിനു ഇതുവരെ തെളിവുകളില്ല എന്നതാണ് സത്യം. നിലവിലുള്ള ഡെല്‍റ്റാ വൈറസിന്റെ ഉശിരന്‍ രൂപാന്തരി എന്ന് കരുതാം, ഡെല്‍റ്റയേക്കാള്‍ പത്തിരട്ടി മ്യൂ​ട്ടേഷനുകളാണ് ഒമിക്രോണില്‍. പലതും സ്‌പൈക് പ്രോട്ടീനിന്മേല്‍ത്തന്നെ. കോവിഡ്-19 വൈറസുകള്‍ക്ക് നമ്മുടെ കോശങ്ങളില്‍ തീവ്രമായി പറ്റിപ്പിടിയ്ക്കാനുതകുന്ന ‘സ്‌പൈക്' പ്രോട്ടീനില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന മ്യൂ​ട്ടേഷനുകളോട് പ്രത്യേകം താല്‍പര്യമുണ്ട്. 

നവംബര്‍ 24-നാണ് സൗത്താഫ്രിക്കയില്‍ ഈ വൈറസിനെ കണ്ടുപിടിച്ചത്. എന്നാല്‍ നവംബര്‍ 19-നു തന്നെ നെതെര്‍ലന്‍ഡ്‌സില്‍ ഈ വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് ഇപ്പോൾ അറിവായിട്ടുണ്ട്. ലോകത്തെമ്പാടും പടര്‍ന്ന് പരന്നിരിക്കുന്നു ഒമിക്രോണ്‍. ലോകാരോഗ്യസംഘടന ഒമിക്രോണിനെ variant of concern (അതിജാഗ്രത വേണ്ട വേരിയന്റ്​) എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍പെട്ടവയില്‍ അഞ്ചാമത്തെ വേരിയന്റാണ്.  Alpha, Beta, Gamma, Delta   എന്നിവയാണ് മറ്റ് നാലെണ്ണം. ഒമിക്രോണ്‍ ബാധയാല്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടില്ല, ഇതുവരെ. തല്‍ക്കാലം ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, വളരെ പെട്ടെന്ന് പകരും എന്നതൊഴിച്ച്. തീവ്രമായ അസുഖങ്ങള്‍ വരുമോ, മരണത്തിന്റെ തോത് കൂടുമോ, കുത്തിവയ്പ് എടുത്തവര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതയേറുന്നോ എന്നതൊക്കെ ഒന്നുരണ്ടാഴ്​ചയ്ക്കകം തീരുമാനിക്കപ്പെടും. 

ഡെല്‍റ്റ വേരിയൻറ്​ കൂടുതല്‍ മ്യൂ​ട്ടേഷനുകളുമായി വന്ന് ഭവിച്ചതാണ് ഒമിക്രോണ്‍. (ചിത്രം 1) . ഇന്ന് ലോകത്ത് ഏറ്റവും നാശകാരിയായി വിളയാടുന്നത് ഡെല്‍റ്റ തന്നെ. ഡെല്‍റ്റയേക്കാള്‍ ശീഘ്രമായി പകരാനുള്ള കോപ്പുകളുമായാണ് ഒമിക്രോണ്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. നമ്മുടെ കോശോപരിതലത്തില്‍ കൊളുത്തിപ്പിടിയ്ക്കുന്ന ഭാഗത്ത് തന്നെ ധാരാളം മ്യൂ​ട്ടേഷന്‍ സംഭവിച്ചിരിക്കുന്നു.  പ്രതിരോധശക്തി കുറഞ്ഞ ഏതെങ്കിലും എയിഡ്‌സ് രോഗിയിലായിരിക്കണം ഈ പരിണാമം നടന്നത് എന്ന് വിദഗ്ധാഭിപ്രായം ഉണ്ട്.  ഇമ്യൂണ്‍ സിസ്​റ്റം ദുര്‍ബ്ബലമായ എയിഡ്‌സ് രോഗികളില്‍ പലേ വൈറസുകളും വന്ന് ചേക്കാറാറുണ്ട്.

ഡെല്‍റ്റ വൈറസിന്റേയും ഒമിക്രോണ്‍ വൈറസിന്റേയും സ്‌പൈക് പ്രോട്ടീനുകളിലെ മ്യൂ​ട്ടേഷനുകളുടെ താരതമ്യം. നിറങ്ങള്‍ ചേര്‍ത്ത പൊട്ടുകളൊക്കെ മ്യൂടേഷന്‍ സംഭവിച്ച ഇടങ്ങളാണ്.
ചിത്രം 1 : ഡെല്‍റ്റ വൈറസിന്റേയും ഒമിക്രോണ്‍ വൈറസിന്റേയും സ്‌പൈക് പ്രോട്ടീനുകളിലെ മ്യൂ​ട്ടേഷനുകളുടെ താരതമ്യം. നിറങ്ങള്‍ ചേര്‍ത്ത പൊട്ടുകളൊക്കെ മ്യൂടേഷന്‍ സംഭവിച്ച ഇടങ്ങളാണ്.

കോവിഡ്-19 വൈറസിന്റെ രൂപാന്തരികള്‍ക്ക് അവയുടെ ഇടവും ഘടനയും അനുസരിച്ച് അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന പേര്‍ കൊടുക്കുന്നു. കോവിഡ്- 19 വൈറസ് ബീറ്റ വിഭാഗത്തില്‍പ്പെടുന്നവയാണ്. പിന്നീട് വരുന്ന മ്യൂ​ട്ടേഷനുകള്‍ക്ക് അവാന്തര വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു; B. 1.  എന്നിങ്ങനെ. അവയുടെ പിന്നീടുള്ള പരമ്പരകള്‍ B. 1. 1. എന്നാകുന്നു. B.1.1.7 ഏഴാമത്തെ സന്തതിയാണ്, B. 1. 1. ന്റെ. അതിന്റെ 529ാമത്തെ സന്തതിയാണ്  B. 1. 1. 529 എന്ന ഒമിക്രോണ്‍. ഈ അക്കങ്ങള്‍ ഓര്‍ക്കാന്‍ പ്രയാസമായതിനാല്‍ അവയ്ക്ക് ഗ്രീക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ ഇടുകയാണ് എളുപ്പം. ആൽഫ, ബീറ്റ, ഡെല്‍റ്റാ  എന്നൊക്കെ. B. 1. 1.7 ആൽഫ ആണ്, B. 1. 617 ഡെല്‍റ്റയും. 15ാമത്തെ അക്ഷരമാണ് ഒമിക്രോണ്‍. അതിനും മുന്‍പുള്ള് രണ്ട് അക്ഷരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. Nu, Xi എന്നിവ. Nu എന്നത് ഒരു പേരായി ഗണിയ്ക്കപ്പെട്ടേക്കില്ല,  Xi എന്നത് ചൈനീസ് ​പ്രസിഡന്റിന്റെ പേരാണ് എന്നതൊക്കെ കാരണങ്ങള്‍.   

ചിത്രം 2. ഒമിക്രോണ്‍ സ്‌പൈക് പ്രോടീനില്‍ സംഭവിച്ച മ്യൂ​ട്ടേഷന്‍ മാറ്റങ്ങള്‍. പ്രധാന മ്യൂ​ട്ടേഷന്‍ ഇടങ്ങള്‍ പിങ്ക് വൃത്തങ്ങള്‍ കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.
ചിത്രം 2. ഒമിക്രോണ്‍ സ്‌പൈക് പ്രോടീനില്‍ സംഭവിച്ച മ്യൂ​ട്ടേഷന്‍ മാറ്റങ്ങള്‍. പ്രധാന മ്യൂ​ട്ടേഷന്‍ ഇടങ്ങള്‍ പിങ്ക് വൃത്തങ്ങള്‍ കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.

50 മ്യൂ​ട്ടേഷനുകള്‍ (ആര്‍. എന്‍. എ കണ്ണികളില്‍ വരുന്ന മാറ്റം) ആണ് ഒമിക്രോണില്‍. ഇവയില്‍ 30 എണ്ണം സ്‌പൈക് പ്രോട്ടീനിലാണെന്നുള്ളതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്.  ഇതില്‍ 15 എണ്ണം ഈ സ്‌പൈക് പ്രോട്ടീന്‍ നമ്മുടെ കോശോപരിതലത്തിലെ ACE2 (angiotensin converting enzyme receptor) എന്ന സ്വീകരിണീ (receptor) യില്‍ പറ്റിപ്പിടിയ്ക്കാനുള്ള ഇടത്തിലാണ്. പെട്ടെന്ന് പകരാനുള്ള ഒരു കാരണം ഇതായിരിക്കാം. അതിനടുത്തായുള്ള ഒരിടത്ത് (ചിത്രം 2) 4 മ്യൂ​ട്ടേഷന്‍ നടന്നിട്ടുണ്ട്, കുത്തി വെപ്പു കൊണ്ടോ രോഗം വന്നോ നമ്മള്‍ ആര്‍ജ്ജിച്ച് നിര്‍മ്മിച്ചെടുക്കുന്ന ആന്റിബോഡികള്‍ ഈ ഭാഗത്ത്​ വന്ന്  പതിയുമ്പോള്‍ വൈറസിന്​ കോശങ്ങളില്‍ പറ്റിപ്പിടിയ്ക്കാന്‍ സാധിക്കാതെ വരും.  മ്യൂ​ട്ടേഷന്‍ സംഭവിച്ച് ഈ ഇടം മാറിപ്പോയാല്‍ ഈ binding നടന്നേക്കുകയില്ല എന്ന് അനുമാനമുണ്ട്.

പല വാക്‌സിനുകളും മിതമായ രീതിയിലെങ്കിലും പ്രതിരോധിയ്ക്കും എന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടല്‍ എങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്, അവ നടന്നുകൊണ്ടിരിക്കുകയുമാണ്.

ഫ്യൂറിന്‍ എന്ന എന്‍സൈം മുറിയ്ക്കുന്ന ഇടം

സ്‌പൈക് പ്രോടീനിനു S1, S2 എന്ന് രണ്ട് സബ്​ യൂണിറ്റുകളുണ്ട്. നമ്മുടെ കോശോപരിതലത്തില്‍ പറ്റിപ്പിടിച്ചാല്‍ ഇവ മുറിഞ്ഞു മാറി S1 ഇല്‍  നിന്ന് S2  ഇറങ്ങി വന്ന് കോശ സ്തരം തുളയ്ക്കുകയാണ്. ഇങ്ങനെ മുറിയ്ക്കുന്നത് ഫ്യൂറിന്‍ എന്ന എന്‍സൈം (രാസാഗ്‌നി) ആണ്. ഈ ഫ്യൂറിന്‍ വെട്ട് സ്ഥലത്തിന്റെ കോഡ് ആണ് കോവിഡ്- 19 വൈറസ് അതിന്റെ ആവിര്‍ഭാവകാലത്ത് സ്വായത്തമാക്കിയത്, ഒരു മ്യൂ​ട്ടേഷന്‍ കൊണ്ട്. വവ്വാലിലെ കോവിഡ് വൈറസിന്​ ഇല്ലാത്തതാണിത്. വലിയ ഒരു പരിണാമ കുതിച്ചു ചാട്ടമായിരുന്നു ഇത്. ഒമിക്രോണില്‍ ഈ ഇടത്തിനു മറ്റൊരു മ്യൂ​ട്ടേഷന്‍ സംഭവിച്ച് ഈ S1- S2 മുറിയ്ക്കല്‍ എളുപ്പമാവുകയാണ്. (ചിത്രം 2, 3) വൈറസിന്റെ പ്രവേശനം എളുപ്പത്തില്‍ സംഭവിക്കുമെന്ന രീതിയില്‍. മറ്റു ചില മ്യൂടേഷനുകള്‍ നമ്മുടെ പ്രതിരോധവഴികളില്‍ നിന്ന് ഒളിച്ചു മാറാന്‍ സാദ്ധ്യതയിയന്നതാണെന്ന അനുമാനവുമുണ്ട്.

ചിത്രം 3. സ്‌പൈക് പ്രോടീനിലെ S1 (പിങ്ക് നിറം), S2 (നീലനിറം) എന്നിവയ്ക്ക് ഇടയ്ക്ക് ഫ്യൂറിന്‍ മുറിയ്ക്കുന്ന ഇടം സൂചിപ്പിച്ചിരിക്കുന്നു അവസാനത്തെ ചിത്രഭാഗത്ത്. നടുക്ക് സ്‌പൈക് പ്രോട്ടീന്‍ നമ്മുടെ കോശോപരിതലത്തിലുള്ള ACE2  എന്ന സ്വീകരിണി (പച്ച നിറത്തിലുള്ള മൂന്ന് വൃത്തങ്ങള്‍) മേല്‍ പറ്റിപ്പിടിയ്ക്കുന്നത് കാണിയ്ക്കുന്നു.  S1 ന്റെ അഗ്രഭാഗത്തുള്ള RBD (Receptor binding domain) വഴിയാണ് ഈ പറ്റിപ്പിടിയ്ക്കല്‍.
ചിത്രം 3. സ്‌പൈക് പ്രോട്ടീനിലെ S1 (പിങ്ക് നിറം), S2 (നീലനിറം) എന്നിവയ്ക്ക് ഇടയ്ക്ക് ഫ്യൂറിന്‍ മുറിയ്ക്കുന്ന ഇടം സൂചിപ്പിച്ചിരിക്കുന്നു അവസാനത്തെ ചിത്രഭാഗത്ത്. നടുക്ക് സ്‌പൈക് പ്രോട്ടീന്‍ നമ്മുടെ കോശോപരിതലത്തിലുള്ള ACE2 എന്ന സ്വീകരിണി (പച്ച നിറത്തിലുള്ള മൂന്ന് വൃത്തങ്ങള്‍) മേല്‍ പറ്റിപ്പിടിയ്ക്കുന്നത് കാണിയ്ക്കുന്നു. S1 ന്റെ അഗ്രഭാഗത്തുള്ള RBD (Receptor binding domain) വഴിയാണ് ഈ പറ്റിപ്പിടിയ്ക്കല്‍.

വാക്‌സീനുകള്‍ ഫലിയ്ക്കാതെ വരുമോ?

കോവിഡ് വാക്‌സീന്‍ മിക്കതും സ്‌പൈക് പ്രോട്ടീന്‍ നിര്‍മിച്ചെടുക്കാനുള്ള ഡി. എന്‍. എ അല്ലെങ്കില്‍ ആ. എന്‍ .എ കോഡുകള്‍ അടങ്ങിയതാണ്. ഇവ നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് നമ്മുടെ തന്നെ വിഭവങ്ങള്‍ ഉപയോഗിച്ച് സ്‌പൈക് പ്രോട്ടീന്‍ നിര്‍മിക്കും, ഇത് നമ്മുടേതല്ല എന്ന് തിരിച്ചറിയുന്ന പ്രതിരോധ വ്യവസ്ഥ (Immune system) വലിയ വലിപ്പമുള്ള  ‘ആന്റിബോഡി'കള്‍ നിര്‍മ്മിക്കുകയാണ്. Y ആകൃതിയിലുള്ള ഈ വമ്പന്‍ പ്രൊട്ടീനുകള്‍ വൈറസ് നമുക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ സ്‌പൈക് പ്രോട്ടീനിന്റെ പലഭാഗങ്ങളേയും കൃത്യമായി പൊതിയുകയാണ്. വൈറസിനു കോശങ്ങള്‍ക്കകത്ത് കടക്കാനാവതെ ആകുന്നു. (ചിത്രം 4). വളരെ കൃത്യതയുണ്ട് ഈ ആന്റിബോഡികള്‍ക്ക് . ചിലവ കോശങ്ങളില്‍ പറ്റിപ്പിടിയ്ക്കുന്ന ഭാഗ (receptor binding domain) ത്തെ പൊതിയുന്നു, ചിലവ S1 പ്രോടീനിന്റെ വാല്‍ അറ്റത്തെ (N terminal domain) പൊതിയുന്നു. ചിലവ S2 പ്രോട്ടീന്‍ ഭാഗത്തെ പൊതിയുന്നു.

നിലവിലുള്ള വാക്‌സീനുകളെ ചെറിയ രീതിയില്‍ മാറ്റിയെടുക്കാന്‍ അധികം പ്രയത്‌നം വേണ്ടെന്നും അത് എളുപ്പം സാധിച്ചെടുക്കാമെന്നും വാക്‌സീന്‍ നിര്‍മിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്

ഇങ്ങനെ പൊതിയപ്പെട്ട സ്‌പൈക് പ്രോട്ടീനും വച്ച്​വൈറസിനു ഒന്നും സാധിയ്ക്കാതെ വരികയാണ്. ഈ ഭാഗങ്ങളില്‍ വന്‍ മാറ്റങ്ങള്‍ മ്യൂ​ട്ടേഷന്‍ വഴി വരികയാണെങ്കില്‍ ഈ ആന്റിബോഡികള്‍ കൊണ്ട് ഫലമൊന്നും ഉണ്ടാകില്ല. ഒമിക്രോണ്‍ വേരിയൻറിനെ ക്കുറിച്ചുള്ള ഒരു വലിയ ആകുലത ഈ സാധ്യതയാണ്. പല വാക്‌സിനുകളും മിതമായ രീതിയിലെങ്കിലും പ്രതിരോധിയ്ക്കും എന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടല്‍ എങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്, അവ നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവിലുള്ള വാക്‌സീനുകളെ ചെറിയ രീതിയില്‍- ഒമിക്രോണ്‍ സ്‌പൈക് പ്രോട്ടീനിനെ ശരിയ്ക്കും പൊതിയുന്ന രീതിയില്‍ -മാറ്റിയെടുക്കാന്‍ അധികം പ്രയത്‌നം വേണ്ടെന്നും അത് എളുപ്പം സാധിച്ചെടുക്കാമെന്നും വാക്‌സീന്‍ നിര്‍മിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്. പുതിയ വാക്‌സിനുകള്‍ ശരീരത്തില്‍ ഒമിക്രോണിനെതിരെ അവശ്യം ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നുവോ, ലാബില്‍ വളര്‍ത്തുന്ന കോവിഡ് വൈറസുകളെ നിര്‍വ്വീര്യമാക്കാന്‍ പോന്നതാണോ ഈ ആന്റിബോഡികള്‍ എന്നൊക്കെ തീരുമാനിക്കേണ്ടിയിരിക്കുന്നു.  

  ചിത്രം 4 . സ്‌പൈക് പ്രോട്ടീനിന്മേല്‍ വാക്‌സിന്‍ കൊണ്ടോ, വൈറസ് ബാധ കൊണ്ടോ ഉളവായ ആൻറിബോഡികള്‍ (Y ആകൃതി) പറ്റിപ്പൊതിയുന്നത്. ഇത് സംഭവിക്കുമ്പോള്‍ വൈറസിനു നമ്മുടെ കോശങ്ങള്‍ക്കകത്ത് പ്രവേശിക്കാന്‍ കഴിയാതെ പോകുകയാണ്.
ചിത്രം 4 . സ്‌പൈക് പ്രോട്ടീനിന്മേല്‍ വാക്‌സിന്‍ കൊണ്ടോ, വൈറസ് ബാധ കൊണ്ടോ ഉളവായ ആൻറിബോഡികള്‍ (Y ആകൃതി) പറ്റിപ്പൊതിയുന്നത്. ഇത് സംഭവിക്കുമ്പോള്‍ വൈറസിനു നമ്മുടെ കോശങ്ങള്‍ക്കകത്ത് പ്രവേശിക്കാന്‍ കഴിയാതെ പോകുകയാണ്.

പക്ഷേ നമ്മുടെ പ്രതിരോധവ്യവസ്ഥയുടെ പക്കല്‍ മറ്റ് ചില വിദ്യകളുമുണ്ട്.  
ആന്റിബോഡികള്‍ എന്ന പ്രതിരോധ പ്രോട്ടീനുകള്‍ രക്തത്തില്‍ പ്രവഹിച്ചു തുടങ്ങുമ്പോള്‍ത്തന്നെ മറ്റൊരു വിഭാഗം കോശങ്ങള്‍ (T cells) നേരിട്ട് വൈറസുകളേയോ അവ ബാധിച്ച കോശങ്ങളേയോ വക വരുത്താന്‍ ഉഴറി പാഞ്ഞു തുടങ്ങും. ഇവ വൈറസ് ഉള്ളില്‍ കയറുന്നത് തടുക്കുന്നില്ലെങ്കിലും വൈറസ് വിഭജനവും അതിവഴിയുള്ള രോഗമൂര്‍ച്ഛയും ഗണ്യമായി കുറയ്ക്കുന്നുണ്ട്.    നിലവിലുള്ള വാക്‌സീനുകള്‍ ഒമിക്രോണുകളെ ഇങ്ങനെ പ്രതിരോധിയ്ക്കുമത്രെ.

സ്‌പൈക് പ്രോട്ടീനുകള്‍ക്കെതിരെ മറ്റ് ചില രീതികളില്‍ നിര്‍മിച്ചെടുത്ത ആന്റിബോഡി മിശ്രിതങ്ങള്‍ (Antibody cocktails) ചികില്‍സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. മോണോക്ലോണല്‍ ആന്റിബോഡി എന്ന് വിളിയ്ക്കപ്പെടുന്ന, കൂടുതല്‍ കര്‍ശന കൃത്യതയോടെ സ്‌പൈക് പ്രോട്ടീനിനെ പൊതിയുന്നവ ആണിവ. ഇവ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രമേ പറ്റിപ്പിടിയ്ക്കുകയുള്ളൂ. അതുകൊണ്ട് ഒമിക്രോണ്‍ ചികില്‍സയ്ക്ക് പറ്റിയതായിരിക്കില്ല എന്ന് ഒരു ദോഷമുണ്ട്. 

ആന്റിജെന്‍ ടെസ്റ്റുകള്‍ ഒമിക്രോണിനെ തിരിച്ചറിയില്ല എന്ന് വരുമോ?

നിലവിലെ പല കോവിഡ് ടെസ്റ്റുകളും സ്‌പൈക് പ്രോട്ടീനിനെ തിരിച്ചറിയുന്ന വിധം ആസ്പദമാക്കിയുള്ളവയാണ്. 30 ഓളം മ്യൂ​ട്ടേഷന്‍ സംഭവിച്ച ഒമിക്രോണ്‍ സ്‌പൈക് പ്രോട്ടീന്‍ അതുകൊണ്ട് തിരിച്ചറിയാതെ പോയേക്കാം എന്നൊരു ആശങ്കയുണ്ടെങ്കില്‍ അത് അസ്ഥാനത്താണെന്ന് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവകാശപ്പെടുന്നു. PCR ടെസ്റ്റുകളും പുതിയ വേരിയൻറിനെ നിജപ്പെടുത്താന്‍ പര്യാപ്തമാണ്.  മ്യൂ​ട്ടേഷന്‍ വഴി ത്യജിക്കപ്പെട്ട ആര്‍. എന്‍. എ കണ്ണികളുടെ അഭാവം കൃത്യമായി കണ്ടു പിടിയ്ക്കുന്ന ടെസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. അവ പൊതുവേ കോവിഡ് ബാധയുണ്ടോ എന്ന് തെര്യപ്പെടുത്തുക മാത്രമല്ല, ഒമിക്രോണ്‍ വേരിയന്റ് തന്നെയാണ് എന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്യും.

മൂന്നാം ലോകരാജ്യങ്ങളില്‍ കൂടുതല്‍ വാക്‌സന്‍ എത്തേണ്ടത് അത്യാവശ്യമാണെന്ന് സമ്പന്നരാജ്യങ്ങള്‍ ധരിക്കേണ്ട കാലമാണിത്.

ഫൈസര്‍ കമ്പനിയോട് സഹകരിച്ച് വാക്‌സീന്‍ നിര്‍മ്മിച്ചെടുത്ത ബയോണ്‍റ്റെക് അധികാരി ഉഗുര്‍ സാഹിന്‍ അഭിപ്രായപ്പെടുന്നത്, ഒമിക്രോണിനെ അത്ര പേടിക്കേണ്ട എന്നാണ്. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കും എന്ന് അദ്ദേഹം പറയു​ന്നു. എന്നാൽ, മൊഡേണയുടെ ചീഫ് സ്റ്റെഫനി ബാന്‍സെല്‍ അവകാശപ്പെട്ടത് വാക്‌സിന്‍ ഫലപ്രദമാകുന്നതില്‍ വന്‍ ഇടിവ് വന്നേയ്ക്കുമെന്നാണ്.  ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനവും ഇതും കൂടി ആയപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്ന് നിപതിയ്ക്കുകയും ചെയ്തു. രണ്ടാഴ്ചകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് പ്രത്യാശയുണ്ട്. ഇന്ന് വരെ കിട്ടിയ കോവിഡ് പരിചയം, ഇപ്പോള്‍ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളെ നേരിടുന്നത് എളുപ്പമാക്കിയിട്ടുണ്ട്.

പക്ഷേ ഒന്ന് തീര്‍ച്ചയാണ്- കോവിഡ് വൈറസ് നമ്മോടൊപ്പം തന്നെ സഹവസിക്കാനാണ്​ പ്ലാനിട്ടിരിക്കുന്നത്. ആണ്ടോടാണ്ട് വാക്‌സിനുകള്‍ പുതുക്കി, ഫ്‌ളൂ വൈറസിനെ നേരിടുന്നതു പോലെ കൈകാര്യം ചെയ്യേണ്ടി വരും. വാക്‌സിന്‍ പരക്കെ ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞിരിക്കയാണ്. ലോകം മുഴുവന്‍ നല്ല ശതമാനം ജനങ്ങളും വാക്‌സന്‍ എടുത്താലേ ഫലപ്രദമായ നിര്‍മാര്‍ജ്ജനം സാദ്ധ്യമാകൂ. മൂന്നാം ലോകരാജ്യങ്ങളില്‍ കൂടുതല്‍ വാക്‌സന്‍ എത്തേണ്ടത് അത്യാവശ്യമാണെന്ന് സമ്പന്നരാജ്യങ്ങള്‍ ധരിക്കേണ്ട കാലമാണിത്. വാക്‌സിന്‍ ലഭിച്ചവരുടെ ശതമാനം വളരെ താഴെയാണ് സൗത്ത്​ ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ എന്നത് ലോകം മുഴുവന്‍ ഉള്‍ക്കൊണ്ട് അതിന്​ പ്രതിവിധി തേടുന്നതില്‍ ഇനിയും താമസം അരുത്.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM