Sunday, 28 November 2021

ശാസ്​ത്രവും പ്രയോഗവും


Text Formatted

ശാസ്ത്രവും മോഡേണ്‍ മെഡിസിനും ഒരു മഹാമാരിയെ നേരിടുന്ന വിധം

വൈറസ് പഠനങ്ങള്‍ വ്യാപകമാകുന്നു, മ്യൂട്ടേഷനുകള്‍ പിന്തുടരുന്നു, വാക്‌സിന്‍ ടാര്‍ഗറ്റ് കൃത്യമാക്കുന്നു... ഒരു മഹാമാരിയെ നേരിടാന്‍ മറ്റൊരുകാലത്തും ഉണ്ടാകാത്തവിധം ചടുലമായ പഠന- ഗവേഷണങ്ങളും അന്വേഷണങ്ങളും പരീക്ഷണങ്ങളുമാണ് ആഗോളീയമായി നടന്നുകൊണ്ടിരിക്കുന്നത്- കോവിഡ് കാലത്തെ ശാസ്ത്രത്തിന്റെ ഇടപെടലുകളെക്കുറിച്ച് ഒരു വിശകലനം

Image Full Width
Image Caption
Photo : Unsplash
Text Formatted

കോവിഡ് -19 അതിന്റെ പാന്‍ഡെമിക് സ്വഭാവം കൈവിട്ടിട്ടില്ല. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 29.9 കോടി പേരാണ് രോഗബാധിതരായത്; അതില്‍ 50.5 ലക്ഷം പേര്‍ മരിച്ചു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏതൊരാളിനും ഒരു അടുത്ത ബന്ധുവോ സുഹൃത്തോ നഷ്ടപ്പെട്ടിട്ടുണ്ടാവണം. ആ നിലക്ക് നമ്മെ തീവ്രമായി ബാധിച്ച മഹാമാരിയാണിത്. പ്രതിദിനം നാലു മുതല്‍ അഞ്ചു ലക്ഷം പേര്‍ വീതം നവംബറില്‍ രോഗബാധിതരാകുന്നുണ്ട്​. നാം കോവിഡ് വ്യാപനത്തില്‍ നിന്ന് മുക്തരായിട്ടില്ല, ഇതുവരെ.

കോവിഡ്, വൈറസ് മൂലമുണ്ടാകുന്ന രോഗമാണെന്നും നിലവില്‍ വൈറസുകളെ നശിപ്പിക്കുന്ന മരുന്നുകള്‍ കോവിഡിനെതിരെ ഫലപ്രദമല്ലെന്നുമുള്ള അറിവ് രോഗാരംഭത്തില്‍ തന്നെ മനസ്സിലായിരുന്നു. മാരകശേഷി കുറവാണെങ്കിലും അതിവേഗം വ്യാപിക്കാനുള്ള ശേഷി വൈറസിനുള്ളതിനാല്‍ പാന്‍ഡെമിക് നീണ്ടുനിന്നാല്‍ മരണസംഖ്യ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കാനും മതി. അപ്പോള്‍ രണ്ടു സാധ്യതകളാണ് കോവിഡ് വ്യാപന നിയന്ത്രണത്തിന് നമ്മുടെ മുന്നിലുള്ളത്; വൈറസിനെ നശിപ്പിക്കാന്‍ ത്രാണിയുള്ള പുതിയ മരുന്നുകള്‍ കണ്ടെത്തുക, മറ്റൊന്ന്, വൈറസിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വാക്സിനുകള്‍ കഴിയുന്നത്ര വേഗം നിര്‍മിക്കുക. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ സോളിഡാരിറ്റി (Solidarity) പരീക്ഷണങ്ങളും, ബ്രിട്ടനിലെ ഗവേഷണ സ്ഥാപനങ്ങളും ഓക്‌സ്​ഫഡ്​ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് ആരംഭിച്ച റിക്കവറി (Recovery) പരീക്ഷണങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പുതിയ മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇവ രണ്ടും ചെയ്തിരുന്നത്.

വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടല്ലോ; വാക്സിന്‍ എടുത്തിട്ടും അനേകം പേര്‍ക്ക് കോവിഡ് വരുന്നില്ലേ, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലം വാക്സിന്‍ വിരുദ്ധതയുടെ മൃദുവായ പ്രതിഫലനമാണെന്ന് കരുതാം

ഇന്‍ഫോഡമിക് എന്ന സമാന്തര എപ്പിഡെമിക്​

എന്നാല്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ മാത്രം മതിയാവില്ല. വ്യാപനം ഫലപ്രദമായി തടയാന്‍ കെല്‍പുള്ള രോഗപ്രതിരോധ മാര്‍ഗം കൂടി വേണം. ഇതുവരെയുള്ള വൈദ്യശാസ്ത്ര ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വസൂരി, അഞ്ചാംപനി, ഡിഫ്ത്തീരിയ, പോളിയോ, ടെറ്റനസ് എന്നിവ നമ്മുടെ ഓര്‍മകളില്‍ നിന്നുപോലും മാഞ്ഞുപോയത് വാക്സിനുകള്‍ എല്ലാവരിലും എത്തിക്കാനായതുകൊണ്ടാണ്. വാക്‌സിനെത്തുന്നതിനു മുമ്പ് ലക്ഷക്കണക്കിനുപേര്‍ മരിച്ച നാട്ടില്‍ മരണനിരക്ക് കുറഞ്ഞുവന്നത് സമൂഹത്തില്‍ വാക്സിന്‍ സ്വീകരിക്കാനുള്ള സന്നദ്ധത ഉണ്ടായപ്പോള്‍ മുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ വാക്‌സിന്‍ രൂപകല്പന ചെയ്യാനും പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തികളില്‍ ഫലപ്രാപ്തിയും സുരക്ഷിതത്വവും പരീക്ഷിക്കാനും പിന്നീട് വ്യപകമായി വിതരണം ചെയ്യാനും വര്‍ഷങ്ങള്‍ വേണ്ടിവരുമായിരുന്നു.
ഉദാഹരണത്തിന്, മുണ്ടിനീര് (mumps) തടയുന്ന വാക്‌സിനാണ് ഏറ്റവും വേഗം വികസിപ്പിക്കാനായത്. മൗറിസ് ഹില്‍മാന്‍ (Maurice Hilleman) നേതൃത്വം നല്‍കിയ പരീക്ഷണങ്ങള്‍ വെറും നാലു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ അത്ഭുതകരമായ ശാസ്ത്രനേട്ടങ്ങളില്‍ ഒന്നാണത്. 

covid
മൗറിസ് ഹില്‍മാന്‍/Photo : WikimediaCommons ​

എന്നാല്‍ പാന്‍ഡെമിക് സാഹചര്യങ്ങളില്‍ കോവിഡ് വാക്സിന്‍ വികസിപ്പിക്കാന്‍ നാലുവര്‍ഷം അതിദീര്‍ഘമാണെന്ന് ശാസ്ത്രം മനസ്സിലാക്കിയിരുന്നു. അതിവേഗ വ്യാപനം, തീവ്രപരിചരണം ആവശ്യമായി വരുന്ന അസംഖ്യം രോഗികള്‍, ഫലപ്രദമായ പൊതുജനാരോഗ്യ നടപടികള്‍ ആവിഷ്‌കരിക്കാന്‍ മൂന്നാം ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി, മുന്‍ മാതൃകകളുടെ അഭാവം, സാമൂഹിക-സാമ്പത്തിക നിശ്ചലത തുടങ്ങി അനേകം ഘടകങ്ങള്‍ വാക്സിന്‍ വികസനത്തിന്റെ അടിയന്തര സ്വഭാവം സ്പഷ്ടമാക്കുന്നു.

നാമിന്നു ജീവിക്കുന്ന ഡിജിറ്റല്‍ യുഗം ഒരു സമാന്തര എപിഡെമിക്കിനു കൂടി രൂപം നല്‍കി. ലോകാരോഗ്യ സംഘടന അതിനെ ഇന്‍ഫോഡമിക് (infodemic) എന്നുവിളിക്കുന്നു. വ്യാജ വാര്‍ത്തകള്‍, വ്യാജ ചികിത്സാരീതികള്‍, അന്ധവിശ്വാസത്തിന്റെ ഉല്‍പ്പന്നമായ അത്ഭുത ചികിത്സകള്‍ എന്നിവ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് ഇന്‍ഫോഡമിക്കിന്റെ ഭാഗമായിക്കാണണം. ഒരു രാജ്യവും പൂര്‍ണമായി ഇതില്‍നിന്ന് മുക്തമല്ല. സ്മാര്‍ട്ട്‌ഫോണ്‍ പ്രചാരത്തിലുള്ള, എന്നാല്‍ ശാസ്ത്രാവബോധം ശക്തമല്ലാത്ത ഇടങ്ങളില്‍ പൊതുജനാരോഗ്യ ശ്രമങ്ങളെ ദുര്‍ബലമാക്കാന്‍ ഇന്‍ഫോഡമിക്കിന് കഴിയുന്നു. പലയിടങ്ങളിലും സമൂഹത്തിന്റേയോ ഭരണാധികാരികളുടെയോ പരോക്ഷ പിന്തുണയും ഇന്‍ഫോഡമിക് ശക്തിപ്പെടാന്‍ കാരണമാകുന്നു.

എപ്പിഡമിക് ശാസ്ത്രത്തിന്​ പുതിയ ഊര്‍ജം

കോവിഡ് സാഹചര്യത്തില്‍ നാലുവര്‍ഷം വാക്സിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നത് തീര്‍ച്ചയായും ആശ്വാസകരമല്ല. വളരെ അനുകൂലമായ അനേകം സാഹചര്യങ്ങളും നിലപാടുകളുമാണ് വളരെ വേഗം വാക്സിന്‍ കണ്ടെത്താന്‍ സഹായിച്ചത്. 2020 ജനുവരിയില്‍ തന്നെ വൈറസ് ജിനോം ചൈന പ്രസിദ്ധീകരിച്ചു. വൈറസിന്റെ ജിനോം എന്നാല്‍ അതിന്റെ തന്മാത്രാഭൂപടം എന്ന് മനസിലാക്കാം. ഇത് കണ്ടെത്തിയത് വൈറസ് പഠനങ്ങള്‍ വ്യാപകമാക്കാനും, മ്യൂട്ടേഷനുകള്‍ പിന്തുടരാനും, വാക്‌സിന്‍ ടാര്‍ഗറ്റ് കൃത്യമാക്കാനും ശാസ്ത്രജ്ഞരെ ഏറെ സഹായിച്ചു. 2019 ഡിസംബര്‍ മുതലിതുവരെ ആയിരക്കണക്കിന് പഠനങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വൈറസിനെക്കുറിച്ചുള്ള അറിവുകള്‍ ഉല്‍പാദിപ്പിക്കുകയും ശാസ്ത്രജ്ഞര്‍ തമ്മില്‍ പങ്കിടുകയും ചെയ്തുവരുന്നത് മറ്റൊരുകാലത്തും ഉണ്ടാകാത്തവിധം വാക്സിന്‍ വികസനത്തെയും കോവിഡ് ചികിത്സയെയും ഏറെ സഹായിച്ചിട്ടുണ്ട്.

covid

ഏതാനും ആയിരം പേരില്‍നിന്ന് കോവിഡ് ലക്ഷങ്ങളിലേക്കും അനേകം കോടിയിലേക്കും വ്യാപിക്കാന്‍ വളരെനാള്‍ എടുത്തില്ല. സത്യത്തില്‍ വ്യാപനത്തിന്റെ വേഗം, തീക്ഷ്ണത എന്നിവ പലര്‍ക്കും മനസ്സിലായിരുന്നില്ല എന്നുവേണം കരുതാന്‍. എപ്പിഡമിക് വ്യാപനം ഗണിതശാസ്ത്ര മോഡലാക്കി പഠിക്കുകയും ഭാവി പ്രവചനങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ്, ഗ്രാഫ് എന്നിവയുപയോഗിച്ചു നയരൂപീകരണത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ചും ശാസ്ത്രജ്ഞര്‍ മുന്നോട്ടുവന്നു. ഇത് എപ്പിഡമിക് ശാസ്ത്രത്തില്‍ നൂതനമെന്ന് പറയാനാവില്ലെങ്കിലും പുതുതായി കണ്ടെത്തിയ ഊര്‍ജം ഇതിന് വികസിക്കാന്‍ അവസരമൊരുക്കി. ലോകമെമ്പാടും എപ്പിഡമിക് മോഡലിങ് ഗൗരവമായി ശ്രദ്ധിക്കപ്പെട്ടത് കോവിഡ് നിയന്ത്രണനയങ്ങളെ ഒട്ടൊന്നുമല്ല സഹായിച്ചത്.  

വാക്​സിൻ ഗവേഷണത്തിലെ പ്രതിസന്ധികളും മുന്നേറ്റങ്ങളും

മൃഗങ്ങളില്‍ ധാരാളമായുള്ള കൊറോണ വൈറസുകളുടെ പഠനം അനേക ദശകങ്ങളായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചുവരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷക്കാലത്തിലുണ്ടായ സാര്‍സ്, മെര്‍സ് എന്നീ പാന്‍ഡെമിക്കുകള്‍ വാക്‌സിന്‍ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനര്‍ത്ഥം, വൈറസിന്റെ സ്വഭാവം, ഘടന എന്നിവ ഏറെക്കുറെ അറിഞ്ഞുകഴിഞ്ഞു എന്നത്രെ. നാമിപ്പോള്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍, അതിന്റെ പ്രവര്‍ത്തനം, വൈറസുകള്‍ മനുഷ്യകോശങ്ങളില്‍ കയറുന്ന രീതി എന്നിങ്ങനെ അതിസൂക്ഷ്മമായ നിരവധി ധാരണകള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. സ്‌പൈക്ക് (S) പ്രോട്ടീന്‍ മെച്ചപ്പെട്ട വാക്‌സിന്‍ ടാര്‍ഗറ്റ് ആണെന്ന് മെര്‍സ് വൈറസില്‍ പഠനം നടത്തിയ ഓക്​സ്​ഫഡ്​ടീം കണ്ടെത്തുകയുണ്ടായി. സ്‌പൈക്ക് പ്രോട്ടീനിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ക്ക്​ സാര്‍സ്, മെര്‍സ്, എന്നീ വൈറസുകളെ നശിപ്പിക്കാന്‍ കെല്‍പ്പുണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിരുന്നു. ശക്തമായ ഇമ്യൂണ്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ വാക്സിനുകള്‍ക്കായുള്ള അന്വേഷണം തുടങ്ങാന്‍ അതിനാല്‍ അമാന്തിക്കേണ്ടിവന്നില്ല.

എല്ലാവരിലും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ ആരും സുരക്ഷിതരല്ല എന്നതാണ് ശാസ്ത്രപാഠം. ശാസ്ത്രീയമായ തെളിവുകളെ നിരസിച്ച് ഫലമില്ലാത്ത മറ്റു ചികിത്സകള്‍ക്ക് പിന്നാലെ പോകുന്നത് തെറ്റല്ല എന്ന ചിന്ത ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ളവരിലും ശാസ്ത്രം പഠിച്ചുവെന്നു കരുതുന്നവരിലും പ്രബലമാണ്.

കോവിഡ് വൈറസില്‍ മറ്റു പ്രോട്ടീന്‍ ഘടകങ്ങളും ഉണ്ട്. അതില്‍ സ്‌പൈക്ക് പ്രോട്ടീനാകും മെച്ചപ്പെട്ട വാക്‌സിന്‍ ടാര്‍ഗറ്റ് എന്നെങ്ങനെ തീരുമാനിക്കാം? പ്രധാനപ്പെട്ട മറ്റൊരു പ്രോട്ടീന്‍ ഘടകമാണ് ന്യൂക്ലിയോ കാസ്​പിഡ്​ (Nucleo caspid - N) പ്രോട്ടീന്‍. ഇത് വൈറസ് ജീനോം പാക്കേജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രോട്ടീനാണ്. എന്നാലിത് വൈറസ് പ്രതലത്തില്‍ പ്രതിഫലിക്കാത്തതിനാല്‍ ശക്തമായ ഇമ്യൂണ്‍ പ്രതികരണം ഉണ്ടാകണമെന്നില്ല. എന്നാല്‍ എന്‍- പ്രോട്ടീന്‍ മറ്റു കൊറോണ വൈറസുകളിലും സമാനമായ തന്മാത്രാഘടന നിലനിര്‍ത്തുന്നതിനാല്‍ ഇതര കോവിഡ് വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാകുന്ന പൊതുവാക്‌സിന്‍ ടാര്‍ഗറ്റായി പരിണമിച്ചേക്കാം. ഇതുപോലെ വൈറസ് ശരീരത്തില്‍ അടങ്ങിയ മറ്റു പ്രോട്ടീനുകളും വാക്സിന്‍ ടാര്‍ഗറ്റിന് യുക്തമാണോ എന്ന പഠനങ്ങള്‍ നടന്നുകഴിഞ്ഞു. നിലവിലുള്ള വാക്‌സിന്‍ ടാര്‍ഗറ്റ് പോലും എത്ര ശ്രദ്ധയോടെയാണ് ശാസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.  വാക്സിന്‍ നിര്‍മാണം വേഗത്തിലാകാന്‍ സമാനമായ അനേകം മുന്‍ ഗവേഷണാനുഭവങ്ങള്‍ സഹായകരമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

pexels-photo
വാക്‌സിന്‍ സ്വീകരിച്ചവര്‍ നൂറുകോടി കഴിഞ്ഞ ഇക്കാലത്തും വാക്‌സിന്‍ വിതരണത്തിലെ മെല്ലെപ്പോക്ക് നമ്മെ അലോസരപ്പെടുത്തുന്നു. പൂര്‍ണമായി വാക്സിന്‍ ലഭിച്ചവര്‍ 24.5% മാത്രമാണ്. ലോക ശരാശരിയേക്കാള്‍ നാം പിന്നിലാണെന്നര്‍ഥം. / Photo : pexels

ഇക്കാലത്തെ ഏറ്റവും അത്ഭുതകരമായ മുന്നേറ്റം എന്നുപറയാവുന്നത് mRNA ടെക്​നോളജിയിലൂടെ വാക്‌സിന്‍ വികസിപ്പിച്ചതാണ്. അതില്‍ സംശയമില്ല. കോവിഡ് കാലഘട്ടത്തില്‍ പൊട്ടിമുളച്ചതല്ല mRNA ടെക്​നോളജി. റോബര്‍ട്ട് മാലോണ്‍ എന്ന ബിരുദാനന്തര പഠന വിദ്യാര്‍ഥി 1987-ല്‍ നടത്തിയ പരീക്ഷണമാണ് ടെക്​നോളജിടെ തുടക്കം കുറിച്ചത്. കുറച്ചു mRNA നാരുകള്‍ കൊഴുപ്പുമായി ചേര്‍ത്ത മിശ്രിതത്തില്‍ മനുഷ്യകോശങ്ങളെ നിക്ഷേപിച്ചു. ഈ സൂപ്പിനുള്ളില്‍ കിടന്ന് മനുഷ്യകോശങ്ങള്‍ അതിവേഗം mRNA വലിച്ചെടുക്കുകയും അതിന്റെ സ്വാധീനത്തില്‍ പ്രോട്ടീന്‍ നിര്‍മാ
ണമാരംഭിക്കുകയും ചെയ്തു. ഗംഭീരവും സമയത്തെ കവച്ചുവെയ്ക്കുന്ന കണ്ടെത്തലുമാണെന്ന് മാലോണ്‍ തിരിച്ചറിഞ്ഞു. ഭാവിയില്‍ mRNA രോഗങ്ങളെ കീഴടക്കുന്ന മരുന്നാകുമെന്നും അതിപ്രധാന മെഡിക്കല്‍ ഉല്പന്നമാകുമെന്നും മാലോണ്‍ തിരിച്ചറിഞ്ഞു.

Covid
റോബര്‍ട്ട് മാലോണ്‍

തുടര്‍ന്നുണ്ടായ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നില്ല; mRNA യുടെ അസ്ഥിരതയും പരീക്ഷണ ജീവികളില്‍ അതുണ്ടാക്കുന്ന റിയാക്ഷനുകളും തടസമായി നിലകൊണ്ടു. അങ്ങനെ വാക്സിന്‍ പഠിതാക്കള്‍ ശ്രദ്ധ ഡി.എൻ.എ ടെക്‌നോളജിയിലേക്ക് മാറ്റി. ലോകത്താദ്യമായി ഡി.എൻ.എ ടെക്‌നൊളജിയുപയോഗിച്ച് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ലൈസന്‍സ് ഇന്ത്യ നല്‍കിയെന്നതും ശ്രദ്ധേയം. എന്തായാലും അതും mRNA വാക്‌സിന്‍ വികസനത്തിന് സഹായകമായി; മറ്റൊരു പരീക്ഷണത്തിനോട് അനുഭാവം കാട്ടുന്നവര്‍ മുന്നോട്ടുവരികയും ഗവേഷണത്തെ സഹായിക്കുന്ന ഫണ്ടിങ് നടക്കുകയും ചെയ്യുന്നുവെന്നത് നിസ്സാരമല്ലെല്ലോ. ഓസ്ളാം ട്യൂറെസി (Özlem Türeci), ഊഹര്‍ ഷാഹിന്‍ (Ugur ടahin) എന്ന ദമ്പതികളാണ് മോഡേണ വാക്‌സിന്‍ വികസിപ്പിച്ചതുവഴി താരപരിവേഷം കൈവരിച്ചത്. മറ്റൊരു ഗവേഷണ ടീം കൂടി ശ്രദ്ധയർഹിക്കുന്നു. ഇത് കാറ്റലിനെ കാരിക്കോ (Kataline Kariko), ഡ്രൂ വെയ്സ്സ്മാന്‍ (Drew Weissman) എന്നിവരുടെ ടീമാണ്. ഫൈസര്‍ വാക്‌സിന്റെ ഉപജ്ഞാതാക്കള്‍ ഇവരാണ്. കൃത്രിമമായി ഉത്പാദിപ്പിച്ച mRNA ഉപയോഗിക്കുകയാണ് രണ്ടു ടീമും ചെയ്തത്. കൊഴുപ്പിന്റെ നാനോ കണികകളില്‍ mRNA ഘടിപ്പിച്ച് ശരീരത്തിലേക്ക് കടത്തിവിടുകയാണ് അടിസ്ഥാന ടെക്​നിക്ക്​. ശരീരത്തിനെതിരെ mRNA പ്രവര്‍ത്തിക്കാതിരിക്കാന്‍. അതിലൊരു തന്മാത്രയില്‍ മാറ്റം വരുത്തിയാണ് പ്രവര്‍ത്തനക്ഷമമാക്കുന്നത്.

വാക്സിന്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം തരുന്നില്ല. ഉദാഹരണത്തിന് ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ രോഗവ്യാപനം തുടര്‍ന്നുകൊണ്ടേയിരിക്കും. വാക്സിന്‍ വരുന്നതിന് ഒരുമാസം മുമ്പ് നടന്ന പല സര്‍വേകളും ഇക്കാര്യം കണ്ടെത്താന്‍ ശ്രമിച്ചു. വാക്‌സിന്‍ വന്നാല്‍ ഉദ്ദേശം 70% പേർ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നായിരുന്നു കണക്കുകള്‍. ഇതത്ര ആശാവഹമല്ല. നാമിന്നറിയുന്നത് 70% പേരും വാക്‌സിനെടുത്താല്‍ പോലും ഹേര്‍ഡ് ഇമ്മ്യൂണിറ്റി സമൂഹത്തിനു ലഭിക്കുകയില്ലെന്നാണ്. ഡെല്‍റ്റ വൈറസ് ശക്തമായപ്പോള്‍ അതിന്റെ വര്‍ധിച്ച വ്യാപനശേഷി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിക്കന്‍ പോക്സ് പകരുന്ന വേഗത്തില്‍ പകരം കെല്‍പ്പുള്ള വേരിയൻറ്​ ആയി ഡെല്‍റ്റയെ പലരും താരതമ്യം ചെയ്തിട്ടുള്ളത് ഓര്‍ക്കാം. ഇതും ശാസ്ത്രത്തിന്റെ മുന്നേറ്റം തന്നെ; വേരിയ
ൻറുകളെ തത്സമയം കണ്ടെത്തുക, അവയുടെ ജീനോം ഘടന പഠിച്ചു പുറത്തുവിടുക, അതിന്റെ പ്രസരണരീതിയും ശേഷിയും കൃത്യമായി അവലോകനം ചെയ്യുക എന്നതെല്ലാം കോവിഡ് നിയന്ത്രണത്തിന് അനിവാര്യമാണ്.

വാക്​സിൻ വിരുദ്ധത

ഇന്ത്യയിലും വാക്സിന്‍ വിമുഖത ശക്തമായിരുന്നു. 2020 ഡിസംബറില്‍ ഉദ്ദേശം 40% പേരും വാക്‌സിന്‍ വിമുഖത മറച്ചുവെച്ചില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ നൂറുകോടി കഴിഞ്ഞ ഇക്കാലത്തും വാക്‌സിന്‍ വിതരണത്തിലെ മെല്ലെപ്പോക്ക് നമ്മെ അലോസരപ്പെടുത്തുന്നു. പൂര്‍ണമായി വാക്സിന്‍ ലഭിച്ചവര്‍ 24.5% മാത്രമാണ്. ലോക ശരാശരിയേക്കാള്‍ നാം പിന്നിലാണെന്നര്‍ഥം. ആഗോളതലത്തില്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ 39.9% എത്തിക്കഴിഞ്ഞു. എല്ലാവരിലും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ ആരും സുരക്ഷിതരല്ല എന്നതാണ് ശാസ്ത്രപാഠം. ശാസ്ത്രീയമായ തെളിവുകളെ നിരസിച്ച് ഫലമില്ലാത്ത മറ്റു ചികിത്സകള്‍ക്ക് പിന്നാലെ പോകുന്നത് തെറ്റല്ല എന്ന ചിന്ത ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ളവരിലും ശാസ്ത്രം പഠിച്ചുവെന്നു കരുതുന്നവരിലും പ്രബലമാണ്.

covid
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ കാരണങ്ങള്‍ കൊണ്ട് അധ്യാപകര്‍ വാക്സിന്‍ എടുക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്ത.

മറ്റൊരു ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടല്ലോ; വാക്സിന്‍ എടുത്തിട്ടും അനേകം പേര്‍ക്ക് കോവിഡ് വരുന്നില്ലേ, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലം വാക്സിന്‍ വിരുദ്ധതയുടെ മൃദുവായ പ്രതിഫലനമാണെന്ന് കരുതാം. ഗൗരവമുള്ള പാര്‍ശ്വഫലങ്ങള്‍ പത്തുലക്ഷം പേരില്‍ മൂന്നോ നാലോ പേരിലാണ് കാണപ്പെടുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ചു ഭേദപ്പെടുത്താവുന്നതാണ് ഇതില്‍ ഏറെയും. എന്നാല്‍ കോവിഡ് ബാധിച്ച്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരില്‍ ഭൂരിപക്ഷം പേരിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നും നാമോര്‍ക്കണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വരാനുള്ള സാധ്യത കുറവാണ്; വന്നൂകൂടെന്നില്ല. പൂര്‍ണമായി വാക്സിന്‍ എടുത്തവരില്‍ രോഗം സ്ഥിരീകരിക്കുന്നത് മൂന്നുമുതല്‍ അഞ്ചു ശതമാനം പേരില്‍ മാത്രം. എന്നാല്‍ എല്ലാരും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞ സമൂഹത്തില്‍ അപൂര്‍വം പേര്‍ക്കുമാത്രമാണ് കോവിഡ് ബാധിക്കുക. അവര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കുമെല്ലോ. അതില്‍ അതിശയിക്കാനില്ല. ശക്തമായ ഡെല്‍റ്റ​​​​​​​ വൈറസിനെതിരെയും വാക്സിന്‍ നല്ല ഫലം ചെയ്യുന്നുവെന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ്.

വാക്‌സിന്‍ ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടാകും? അമേരിക്കയില്‍ നിന്നുള്ള പഠനങ്ങള്‍ അനുസരിച്ച് 2021 മെയ് ഒന്നുവരെ മാത്രം 1,40,000 പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യയിലും സമാനമായ വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. മരണത്തില്‍ നിന്ന്​ മുക്തി മാത്രമല്ല, ഏറ്റവും ചെലവു കുറഞ്ഞ നിയന്ത്രണമാര്‍ഗവും അതുതന്നെ. വാക്സിന്‍ വിതരണം മെച്ചപ്പെട്ട ഇടങ്ങളില്‍ രോഗതീവ്രത കുറയുന്നതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും സാമ്പത്തികബാധ്യത കുറയുന്നതും കാണാനാകും. ശാസ്ത്രീയമായ അറിവുകളും നിയന്ത്രണമാര്‍ഗങ്ങളും പിന്തുടരാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട് എന്നത് കോവിഡ് കാലത്തെ പ്രധാന പാഠമാണ്.                          

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു. 

 

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM