ജുഡീഷ്യറിയും ജനകീയതയും
ദാമോദർ പ്രസാദ്
കോടതികൾ റിയലോ സിംബോളിക്കോ?
പോപ്പുലര്‍ സംസ്‌കാരത്തില്‍ റിപ്പബ്‌ളിക്കിന്റെ ആത്മവിശ്വാസം കുടികൊള്ളുന്നത് ജനങ്ങളോട് കണക്കുപറയാന്‍ ബാധ്യതയും ഉത്തരവാദിത്തവുമുള്ള പ്രതിനിധാന ജനായത്ത രാഷ്ട്രീയത്തിലല്ല, പകരം ജനതയോട് നേരിട്ട് കണക്കു പറയാന്‍ ഒരു ബാധ്യതയുമില്ലാത്ത നീതിപീഠങ്ങളിലാണ്

‘On the contrary, with the government, it is not a question of imposing law on men but of disposing things: that is of employing tactics rather than law, and even of using laws themselves as tactics- to arrange things in such a way that, through a certain number of means, such-and-such ends may be achieved.'
- Michel Foucault, Power, Essential Works, Vol.3, 211.
നീതിനിര്‍വഹണത്തില്‍ കോടതിയുടെ ഉദാരവും ജനകീയവും ചിലപ്പോഴെങ്കിലും പ്രതിപക്ഷപരവുമായ ഉത്തരവുകളും ഇടപെടലുകളും ആശ്വാസകരമാകാറുണ്ടെന്നത് നേരാണ്. ജനകീയം എന്ന പ്രയോഗം നീതിനിര്‍വഹണവുമായി ചേര്‍ന്നുപോകുന്നതല്ല. രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ മാത്രം പ്രസക്തമായ പ്രയോഗമാണത്. അതിന് കൃത്യം നിര്‍വചനം നല്കുക സങ്കീര്‍ണമായ കാര്യമാണ്. മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പൊതുബോധമാണ് പലപ്പോഴും ജനകീയതയ്ക്ക് നിദാനമായി തീരാറ്. അത് പ്രതിലോമപരമായിരിക്കില്ല എന്നുറപ്പിച്ചു പറയാനും കഴിയില്ല. ജനകീയത എന്നതിനെ പൊതുസ്വീകാര്യത എന്ന നിലയില്‍ മാത്രമേ വ്യാഖ്യാനിക്കാനാവൂ. ജനം വോട്ടുനല്‍കി അധികാരത്തിലേറ്റിയ ഭരണാധികാരത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിയമ പ്രസ്താവങ്ങള്‍ ജനകീയമാകാറുണ്ട്. ഭരണവ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കെതിരെ നിന്ന് പ്രതിപക്ഷസ്വഭാവമുള്ള ഉത്തരവുകള്‍ നല്കുന്നതും ജനകീയമായ അംഗീകാരത്തിന് കാരണമാകാറുണ്ട്.
എന്നാല്‍, രാഷ്ട്രീയത്തിന്റെ കാര്യത്തിലെന്നപോലെ ഈ ജനകീയതയെ അളക്കാനുള്ള ഉപാധികളൊന്നും തന്നെയില്ല. പൊതുതാല്‍പര്യ ഹര്‍ജികളിലാണ് നീതിപീഠങ്ങള്‍ ഇത്തരത്തിലുള്ള ജനകീയവിധികള്‍ പുറപ്പെടുവിക്കാറ്. എന്നാല്‍ സമീപകാലത്ത്, ഉന്നത നീതിപീഠത്തിന്റെ സമീപനങ്ങളില്‍ കാണുന്ന പ്രകടമായ ഭരണപക്ഷപാതം വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പരമോന്നത നീതിപീഠത്തിലെ ഒരു ജഡ്ജി വിരമിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പേ പ്രധാനമന്ത്രിയെ സ്തുതിച്ചത് കോടതിയുടെ യശ്ശസിനെ ബാധിക്കുന്നതായി വിലയിരുത്തപ്പെട്ടു. വിരമിക്കലിനുശേഷം സര്‍ക്കാര്‍ നല്‍കുന്ന പുത്തന്‍ പദവികള്‍ കാംക്ഷിക്കുന്നതും അതില്‍ അവരോധിതരാകുന്നതും അതിനുവേണ്ടി സര്‍ക്കാരിനനൂകൂലമായി ചിന്തിക്കുന്നതും പുതിയ കാര്യമല്ല. അതുപോലെ, പരമോന്നത കോടതിയിലെ ഒരു മുന്‍ മുഖ്യ ന്യായാധിപന്‍ നേരിടേണ്ടിവന്ന ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പരമോന്നത നീതിപീഠം തന്നെ പരസ്യപ്പെടുത്താതിരുന്നതും വിരമിക്കലിനുശേഷം ആ ന്യായധിപന് രാജ്യസഭാ സീറ്റ് ലഭിച്ചതും നീതിനിര്‍വഹണ സംവിധാനത്തെ തെല്ലൊന്നുമല്ല പൊതുസമൂഹത്തിന്റെ മുമ്പില്‍ കളങ്കപ്പെടുത്തിയത്.
സാമൂഹ്യവൈരുദ്ധ്യങ്ങളുടെ വിളനിലമായ രാഷ്ട്രീയതയുടെ കാഴ്ചയിലൂടെ തന്നെയാണ് രാഷ്ട്രീയത്തിന്റെ ജുഡീഷ്യൽവല്‍കരണത്തെയും ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍കരണത്തെയും നോക്കേണ്ടത്.
ഇത്തരം സംഭവങ്ങളിലൂടെ യശസ്സിന് ഗ്ലാനി വന്ന നീതിപീഠം അന്തസ്സ് വീണ്ടെടുക്കുന്ന ഒന്നായിരുന്നു പെഗാസസ് ചാര സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള ഉത്തരവ്. വലിയതോതില്‍ ശ്ലാഘിക്കപ്പെടുന്ന ഉത്തരവാണ് ഉന്നത നീതിപീഠം ഈ വിഷയത്തില്‍ നല്‍കിയത്. കോടതിയുടെ ഉദാരവാദ വീക്ഷണത്തെ പ്രകടമാക്കുന്നതായിരുന്നു ഈ ഉത്തരവ് എന്നാണ് വിലയിരുത്തപ്പെട്ടത്. തീവ്രമായ സാമൂഹ്യവൈരുധ്യങ്ങള്‍ക്ക് പ്രതീകാത്മകമായി പരിഹാരം കണ്ടെത്തുന്ന വേദി കൂടിയായാണ് കോടതികള്‍ പോപ്പുലര്‍ സംസ്‌കാരത്തില്‍ പ്രതിനിധീകരിക്കപ്പെടുന്നത്. പെഗാസസ് ഉത്തരവ് ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളില്‍ പ്രധാനമായ സ്വതന്ത്ര ജുഡീഷ്യറി എന്ന ധാരണ ഉറപ്പിക്കുന്നതായിരുന്നു. ഈ വിധി പ്രഖ്യാപനത്തിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെയാണ് സൂര്യ അഭിനയിച്ച ‘ജയ് ഭീം' സിനിമയും റിലീസ് ചെയ്യുന്നത്. നീതിനിര്‍വഹണ വ്യവഹാരത്തിന്റെ മണ്ഡലമെന്ന നിലയില്‍ കോടതികള്‍ നിയമങ്ങള്‍ക്കും പ്രക്രിയാപരമായ (procedural) മാമൂലുകള്‍ക്കപ്പുറം യഥാര്‍ഥ നീതിക്കുവേണ്ടി നിലകൊള്ളുമെന്ന് വ്യവസ്ഥപ്പെടുത്തുന്നു ‘ജയ് ഭീം' പോലുള്ള സിനിമകള്‍. വാസ്തവത്തില്‍, ‘ജയ് ഭീം' എന്ന അംബേദ്കറിസ്റ്റ് മുദ്രാവാക്യവും അതിന്റെ അന്തഃസത്തയായ ‘Educate, Organize, Agitate' എന്ന രാഷ്ട്രീയമായ ഉജ്ജ്വല സന്ദേശത്തിനുപകരം ഈ സിനിമയില്‍ ജനകീയമാകുന്നത് ഒരു വക്കീലിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയും അതിന് കോടതിയിലെ ന്യായാധിപര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയിലൂടെയുമാണ്. ‘ജയ് ഭീമി'ലെ വക്കീല്‍ കഥാപാത്രം യാഥാര്‍ഥത്തിലുള്ള ഒരാളാണെന്നും അദ്ദേഹം സ്വയം ഒരു ന്യായാധിപനുമായിരുന്നു എന്ന തിരിച്ചറിവ് നീതിപീഠത്തെ തന്നെ ഒരു വിമോചക സംവിധാനമായി കാണാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

രാഷ്ട്രീയഘടനയെ അതിവര്‍ത്തിക്കുന്ന ഒരു അതിധാര്‍മികമായ (Hyper Moral) തലത്തിലേക്ക് ജുഡീഷ്യറിയെ ഉയര്‍ത്തുന്നത്തിനുള്ള ദൃഷ്ടാന്തമാകുന്നു ‘ജയ് ഭീം'. ഈവിധമുള്ള പ്രതീകാത്മകമായ അതിധാര്‍മികത സമഗ്രാധികാരത്തിന്റെ കീഴില്‍ വീര്‍പ്പുമുട്ടുന്ന സമൂഹങ്ങള്‍ക്ക് ആശ്വാസകരമായിരിക്കാം. എന്നാല്‍ ഇത് നീതിയെക്കുറിച്ചുള്ള മരീചിക മാത്രമാണ് സൃഷ്ടിക്കുന്നത്.
യഥാര്‍ഥത്തില്‍ ജുഡീഷ്യല്‍ ഉത്തരവുകളും ഇടപെടലുകളും വര്‍ധിച്ചുവരുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെ പരിഹരിക്കുക പോകട്ടെ, പ്രാഥമികതലത്തില്‍ തന്നെ അത്തരം വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമാണോ എന്നതാണ് അന്വേഷിക്കേണ്ട വിഷയം. നീതിപീഠങ്ങളെക്കുറിച്ചുള്ള അഭിഭാഷകസമൂഹത്തിന്റെ- അതിലെ ഉല്പതിഷ്ണുക്കളുടെ പോലും- കിഞ്ചന വര്‍ത്തമാനങ്ങള്‍ക്ക് പരിധിയുണ്ട്. കാരണം അവര്‍ നിലകൊള്ളുന്നത് നിലവിലെ കോടതി വ്യവഹാരികതയുടെ ഭാഗമായാണ്. തൊഴില്‍പരമായി അവര്‍ നീതിനിര്‍വഹണ സംവിധാനങ്ങളുടെ ഭാഗമാകയാല്‍ അവര്‍ക്ക് കോടതിയെ നോക്കാന്‍ ഒരു ആര്‍ക്കമേഡിയന്‍ സ്ഥാനം പ്രാപ്യമല്ല. സാമൂഹ്യവൈരുദ്ധ്യങ്ങളുടെ വിളനിലമായ രാഷ്ട്രീയതയുടെ കാഴ്ചയിലൂടെ തന്നെയാണ് രാഷ്ട്രീയത്തിന്റെ ജുഡീഷ്യൽവല്‍കരണത്തെയും ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍കരണത്തെയും നോക്കേണ്ടത്.
വിചിത്രമെന്നു പറയട്ടെ, ന്യായാധിപരുടെ ആത്മനിഷ്ഠ നിലപാടുകള്‍ക്കും സാമൂഹിക നീരിക്ഷണങ്ങള്‍ക്കുമാണ് മാധ്യമങ്ങളും പൊതുസമൂഹവും വലിയ പ്രാമുഖ്യം നല്‍കുന്നത്.
നീതിപീഠം ഈ അതിധാര്‍മിക സ്ഥാനത്തിലേക്ക് സ്വയം അവരോധിക്കുന്നത് നിയമഗ്രന്ഥങ്ങളില്‍ വകുപ്പുകള്‍ ഉദ്ധരിച്ചോ അല്ലെങ്കില്‍ അതില്‍ വ്യഖ്യാനഭേദങ്ങള്‍ കൊണ്ടുവന്നിട്ടോ അല്ല. മാധ്യമങ്ങള്‍ക്കുകൂടി പഥ്യമായ സോഷ്യല്‍ ഭാഷണത്തെ (social rhetoric) ആസ്പദമാക്കിയാണ്. ന്യായാധിപരുടെ സാമൂഹ്യനീരിക്ഷണങ്ങള്‍ പ്രസക്തമായിരിക്കെ തന്നെ അത് നടപ്പുനിയമങ്ങളില്‍ പ്രതിഫലിക്കണമെന്നില്ല. ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ പ്രത്യേകത കോടതി ഉത്തരവുകള്‍ തന്നെ കീഴ്‌വഴക്കമെന്ന നിലയില്‍ നിയമമായി മാറുന്നു എന്നതാണ്. അങ്ങനെയെങ്കില്‍ ന്യായാധിപരുടെ സാമൂഹ്യനീരിക്ഷണങ്ങള്‍ പ്രസക്തമായിരിക്കും. പക്ഷെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍, ഇത് ന്യായാധിപരുടെ വ്യക്തിപരമായ നിലപാടുകളുടെ പ്രകടനമായിരിക്കെ വ്യവസ്ഥാപരമായി അതിന് യാതൊരു സാംഗത്യവുമില്ല എന്നതാണ്. മാത്രമല്ല നിയമം, പ്രത്യേകിച്ച് ഉദാരജനാധിപത്യ വ്യവസ്ഥ അവലംബമാക്കുന്ന ഭരണഘടനാപരമായ നിയമങ്ങള്‍ വസ്തുനിഷ്ഠതയെയെയാണ് അടിസ്ഥാനമാക്കുന്നത്. അതായത്, പോസിറ്റിവിസ്‌റ്റ് ജൂറിസ്പ്രുഡൻസിന്റെ (jurisprudence) കാഴ്ചപ്പാടില്‍, ന്യായാധിപരുടെ ആത്മനിഷ്ഠത ഒരു ഘടകമാകാനേ പാടില്ല. പക്ഷെ വിചിത്രമെന്നു പറയട്ടെ, ന്യായാധിപരുടെ ആത്മനിഷ്ഠ നിലപാടുകള്‍ക്കും സാമൂഹിക നീരിക്ഷണങ്ങള്‍ക്കുമാണ് മാധ്യമങ്ങളും പൊതുസമൂഹവും വലിയ പ്രാമുഖ്യം നല്‍കുന്നത്. ഇത് ലെജിസ്‌ലേറ്റ് ചെയ്യപ്പെട്ട നിയമതത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നീതി സംവിധാനങ്ങളുടെമേല്‍ പ്രത്യാഘാതം സൃഷ്ടിക്കും.
ഉദാഹരണത്തിന് ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണെന്ന ഒരു കാര്യം എടുക്കുക. അതായത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സാര്‍വലൗകിക തത്വം ആത്മനിഷ്ഠ സ്വഭാവത്തോടെ ഒരു ന്യായാധിപന്‍ കേസ് വിസ്താരത്തില്‍ നിരീക്ഷിച്ചെന്നിരിക്കട്ടെ, അത് വസ്തുനിഷ്ഠ സ്വഭാവത്തോടെ എല്ലാ കേസുകളിലും അംഗീകരിക്കപ്പെടണമെന്നില്ല. കേസിന്റെ അര്‍ഹത നിര്‍ണയിക്കുന്നതില്‍ പ്രോസിക്യൂഷൻ നിലപാടുള്‍പ്പെടെ പലകാര്യങ്ങളും പ്രത്യക്ഷമായും അന്തർലീനമായും വര്‍ത്തിക്കുന്നു. ആത്മനിഷ്ഠ ഘടകങ്ങള്‍ തീര്‍ത്തും അപ്രസക്തമാണെന്നല്ല പറഞ്ഞുവരുന്നത്. ലീഗല്‍ പോസ്റ്റിവിസ്റ്റുകള്‍ (ഉദാര ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന്റെ യുക്തി പോസ്റ്റിവിസത്തെ അധികരിച്ചുള്ളതാണ്) വിശദീകരിക്കുന്ന വിധം വസ്തുനിഷ്ഠപരമാണെങ്കില്‍ ഒരു High End അല്‍ഗോരിതത്തിന് തീര്‍ക്കാവുന്നതാണ് ഏതു കോടതി വ്യവഹാരവും. വാദിഭാഗ- പ്രതിഭാഗ വസ്തുതകളും അനുബന്ധ നിയമങ്ങളും കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്താല്‍ അല്‍ഗോരിതത്തിന് നിമിഷങ്ങള്‍ക്കകം വസ്തുനിഷ്ഠമായി തീര്‍പ്പുകല്പിക്കാം. നിര്‍മിതബുദ്ധിയുടെ വരുംകാലം അത്തരം അവസ്ഥകള്‍ സൃഷ്ടിക്കുമെന്ന് കരുതാം. പക്ഷെ ഇവിടുത്തെ താല്‍ക്കാലികപ്രശ്‌നം, ഏറെ ശ്ലാഘിക്കപ്പെടുന്ന ഉദാര നിയമവ്യവസ്ഥയുടെ പരിമിതികളും പരിധികളും എന്താണെന്നാണ്.

രണ്ട്: സുപ്രീംകോടതി സ്വന്തം ശ്രദ്ധയിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യങ്ങൾ
സ്വകാര്യതയെ മൗലികാവകാശത്തിന്റെ ഗണത്തില്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ണായക വിധി സുപ്രീംകോടതി പ്രഖ്യാപിച്ചത് വലിയൊരു വഴിത്തിരിവായിരുന്നു. ജസ്റ്റിസ് പുട്ടസ്വാമി വിധി എന്നറിയപ്പെടുന്ന ഈ വിധി ആധാര്‍ നടപ്പാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് വന്നത്. എന്നാല്‍ ആധാര്‍ നടപ്പാക്കുന്നതില്‍ ഇത്തരം പ്രതിവാദങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ആധാറിനു നിയമപരമായ സാധുത നല്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ആധാര്‍ എന്ന വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കുക എന്നതായിരുന്നു പ്രധാനം. ജസ്റ്റിസ് പുട്ടസ്വാമി വിധി പ്രാബല്യത്തിലിരിക്കെയാണ് പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേതാക്കളെയും പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും കേന്ദ്രസര്‍ക്കാര്‍ നീരിക്ഷിക്കുന്നു എന്ന ഗൗവരകരമായ ആരോപണം ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടിട്ടാണ് ശശികുമാര്‍, എന്‍. റാം, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വ്യാപക സർവൈലൻസിന് ഇട നല്കുന്നു എന്ന ഭീഷണി ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ തന്നെ ഉലയ്ക്കുന്നതാണ്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രസ്തുത റിട്ട് ഹര്‍ജി പരിഗണിച്ചത്. ഈ കേസ് കോടതി മുമ്പാകെ പരിഗണിച്ച വേളയിലൊന്നും കേന്ദ്രസര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തെ സംബന്ധിച്ച് ഒരു വിശദീകരണവും നൽകിയില്ല. വസ്തുതകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ദേശസുരക്ഷയുടെ പ്രശ്‌നം ഉയര്‍ത്തി അതിന് വിസമ്മതിക്കുകയാണുണ്ടായത്.
ജനാധിപത്യപരമായ അവകാശങ്ങള്‍ അലംഘനീയമാണെന്നും ദേശസുരക്ഷയുടെ പേരില്‍ വ്യക്തിഗത അവകാശങ്ങളെ അതിക്രമിക്കാമെന്ന അവസ്ഥ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നുമുള്ള വസ്തുത സുപ്രീം കോടതി അടിവരയിട്ടത് തീര്‍ച്ചയായും ശ്രദ്ധേയമാണ്.
ദേശസുരക്ഷയുടെ വാദം ഉയര്‍ത്തി എല്ലാ തവണയും ഫ്രീ പാസ് ലഭിക്കുമെന്ന് കരുതുന്നത് ശരിയാവുകയില്ല എന്ന് പറഞ്ഞാണ് സുപ്രീം കോടതി പെഗാസസ് ഉത്തരവിലേക്ക് കടക്കുന്നത്. ജനാധിപത്യപരമായ അവകാശങ്ങള്‍ അലംഘനീയമാണെന്നും ദേശസുരക്ഷയുടെ പേരില്‍ വ്യക്തിഗത അവകാശങ്ങളെ അതിക്രമിക്കാമെന്ന അവസ്ഥ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നുമുള്ള വസ്തുത സുപ്രീം കോടതി അടിവരയിട്ടത് തീര്‍ച്ചയായും ശ്രദ്ധേയമാണ്. സ്വകാര്യത അവകാശമാണെന്ന് വീണ്ടും ആവര്‍ത്തിച്ച കോടതി, മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രസ്തുത വിധിയില്‍ അടിവരയിടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ചാര സോഫ്റ്റ്വെയറിലൂടെ സൂക്ഷ്മ നീരീക്ഷണം നടത്തുന്ന പദ്ധതി സ്വാതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ വിറങ്ങലിപ്പിക്കുമെന്നും ആത്യന്തികമായി ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങളുടെ ‘കാവല്‍നായ റോളി’നെ അപകടരമാംവിധം ബാധിക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തില്‍ സ്രോതസ്സുകളെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണെന്നും ഉത്തരവില്‍ പറയുന്നു. ഇതൊക്കെ ജനാധിപത്യത്തിന്റെ സാമാന്യപാഠങ്ങളാണ്. ഇതാണ് കേന്ദ്രസര്‍ക്കാരിനെ കോടതിക്ക് ഓർമിപ്പിക്കേണ്ടി വരുന്നത്.

ഇങ്ങനെയുള്ള ഓര്‍മപ്പെടുത്തലുകള്‍ ജനാധിപത്യത്തിന് കരുത്തു നല്കുന്നതാണെങ്കിലും ഉന്നത നീതിപീഠം സ്വന്തം ശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്, കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യം മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ പരമോന്നത നീതിപീഠത്തോട് അനാദരവ് കാണിച്ചതാണ്. പെഗാസസ് ആരോപണം പഠിക്കാൻ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവാണ് പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ പുറപ്പെടുവിച്ചത്. പക്ഷെ ഉന്നത നീതിപീഠത്തിനു മുമ്പാകെ വെളിപ്പെടുത്താന്‍ വിസമ്മതിച്ച കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിക്കുമുമ്പാകെ സമര്‍പ്പിക്കുമോ എന്നതില്‍ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരില്‍ മുന്‍ ന്യായാധിപരും പ്രമുഖ ജൂറിസ്റ്റുകളൂം അഭിഭാഷകരുമുണ്ട്. സുപ്രീം കോടതി ന്യായാധിപര്‍ക്കുമുമ്പാകെ തന്നെ വസ്തുതകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതാണ് വാസ്തവത്തില്‍ ജനാധിപത്യപ്രക്രിയയില്‍ അവിഭാജ്യമായ സുതാര്യത ഉറപ്പുവരുത്താന്‍ സഹായകമാകുക. ദേശസുരക്ഷ വാദമുയര്‍ത്തുന്നതിനാല്‍ സീല്‍ഡ് കവറില്‍ വിവരം കൈമാറാനും ആവശ്യപ്പെടാം. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ഇതിന് വിസമ്മതിക്കുമെന്ന് അറിയുന്നതിനാലും കോടതിയും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നമായി മാറാതെ ഒരു സ്തംഭനാവസ്ഥ ഒഴിവാക്കാനും കൂടിയാകണം സുപ്രിം കോടതി മറ്റൊരു മാര്‍ഗമെന്ന നിലയില്‍ വിദഗ്ധ സമിതിക്ക് കാര്യങ്ങൾ വിട്ടത്. ഇതൊക്കെ അനുമാനങ്ങള്‍ മാത്രമാണ്. എങ്കിലും, ചാരപ്രവര്‍ത്തനത്തിന്റെ ഹര്‍ജിയുമായി ചെന്നവര്‍ക്ക് നിയമപരമായ ആശ്വാസം ലഭിക്കുന്ന ഉത്തരവായിരുന്നില്ല കോടതിയുടേത് എന്നതാണ് യാഥാര്‍ഥ്യം.
കോടതിയുടെ പക്കലുള്ള അതിശക്തമായ നിയമങ്ങളിലൊന്നാണ് കോടതിയലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ കോടതിവിധികളുടെ ന്യായയുക്തിയെ വിമര്‍ശിക്കുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ക്കെതിരെയാണ് ഈ നിയമം ഒട്ടുമിക്കവാറും പ്രയോഗിക്കപ്പെടുന്നത്.
മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഉന്നത നീതിപീഠത്തെ സമീപിച്ചവര്‍ ജനാധിപത്യത്തെയും അതില്‍ ജുഡീഷ്യറിയുടെ ധർമത്തെയും കുറിച്ച് ബോധ്യമുള്ളവരാകയാല്‍ കോടതി ഉത്തരവ് അവര്‍ വിമര്‍ശരഹിതമായി തന്നെ ഉള്‍ക്കൊണ്ടു. സ്വകാര്യതയെ സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പ്രമാദമായ വിധി നിലനില്‍ക്കേ അതിന്റെ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്ന് കോടതി ഉറപ്പുവരുത്തേണ്ടതണ്ടായിരുന്നു. പൗരജനങ്ങളുടെ സ്വകാര്യത ലംഘിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് വ്യക്തികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യതയെക്കുറിച്ചുള്ള ജുഡീഷ്യല്‍ പരിപ്രേക്ഷ്യം തേടിയായിരുന്നില്ല, ജുഡീഷ്യല്‍ റീലിഫിനായിരുന്നു ഇത് എന്നത് വ്യക്തമാണ്.
സ്വകാര്യത പോലെ ജനാധിപത്യ അവകാശങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതായിരുന്നു ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഐ.ടി. നിയമത്തിലെ 66 എ റദ്ദാക്കിയ ഉത്തരവ്. 2015-ലാണ് ഈ വിധി പ്രസ്താവിച്ചത്. 2021-ആഗസ്റ്റിലെ കണക്കനുസരിച്ച്സുപ്രീം കോടതി റദ്ദാക്കിയ ഈ വകുപ്പുപയോഗിച്ച് ചാര്‍ജ് ചെയ്ത കേസുകളുടെ എണ്ണം 1988 ആണ്. ഇതില്‍ 681 എണ്ണം വിധി പ്രസ്താവത്തിന് മുമ്പുള്ളതാണെങ്കില്‍ 1307 കേസുകൾ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത് ഈ വിധി പ്രസ്താവത്തിനുശേഷമാണ്. കോടതികള്‍ മുമ്പാകെ നിലവില്‍ പരിഗണയിലുള്ള കേസുകളുടെ എണ്ണം 799 ആണ്. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് പി.യു.സി.എല്‍. നല്‍കിയ കേസ് പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങളോടും ഈ വിഷയത്തില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഉത്തരവ് നല്‍കി. സുപ്രീം കോടതിയുടെ ഒരു പ്രധാന വിധിയോട് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തിന്റെ സമീപനമാണിതില്‍ ദൃശ്യമാവുക. ഇതൊരു ദൃഷ്ടാന്തവുമാണ്- മനുഷ്യാവകാശപരമായ അവകാശങ്ങളെ ക്രമസമാധാനപാലന വ്യവസ്ഥ എങ്ങനെ കാണുന്നുവെന്നതിന്റെ.

എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം സുപ്രീം കോടതിയുടെ ഈ പ്രധാന വിധിയോടുള്ള പൊലീസ് സംവിധാനത്തിന്റെ നിഷേധാത്മക സമീപനത്തില്‍ നിസ്സഹായമാകുന്നത് പരമോന്നത നീതിപീഠം മാത്രമല്ല ജനാധിപത്യവും കൂടിയാണ് എന്നതാണ്. ഇതേപോലെ, വോട്ടുബാങ്ക് ലക്ഷ്യം മുന്‍നിര്‍ത്തി സുപ്രീം കോടതി വിധികൾ നടപ്പാക്കാതെ നീട്ടിവെയ്ക്കുന്ന പ്രവണത സംസ്ഥാനങ്ങളില്‍ കാണാം. എന്നാല്‍ കോടതിയുടെ പക്കലുള്ള അതിശക്തമായ നിയമങ്ങളിലൊന്നാണ് കോടതിയലക്ഷ്യം. കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും പ്രസക്തമാകുന്ന നിയമം തന്നെയാണിത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോടതിവിധികളുടെ ന്യായയുക്തിയെ വിമര്‍ശിക്കുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ക്കെതിരെയാണ് ഈ നിയമം ഒട്ടുമിക്കവാറും പ്രയോഗിക്കപ്പെടുന്നത്. അത് വാസ്തവത്തില്‍ വിമര്‍ശനങ്ങളെ റദ്ദുചെയ്യുന്നതിന് തുല്യമാണെന്നുമാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യം പോലുള്ള അടിസ്ഥാന അവകാശങ്ങളെ റദ്ദാക്കുന്നതുമാണ്. നീതിപീഠങ്ങള്‍ ഇതര വിഷയങ്ങളില്‍ പുലര്‍ത്തുന്ന അതിധാര്‍മികത നീതിപീഠങ്ങളുടെ വിമര്‍ശനങ്ങളുടെ കാര്യം വരുമ്പോള്‍ ഇല്ലാതാകുന്നതായി ഈ സമീപനങ്ങൾ കാണിക്കുന്നു.
കോടതികളെക്കുറിച്ചല്ലെങ്കിലും, രസകരമായ മറ്റൊരു കാര്യം ഏറ്റവുമധികം തവണ വധശിക്ഷകൾ വിധിച്ച ഒരു കീഴ്‌കോടതി ജഡ്ജി പിന്നീട് ഉന്നതകോടതിയില്‍ നിന്ന് വിരമിച്ചശേഷം നമ്പര്‍ വണ്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായി അവതരിക്കുന്നത് നേരത്തെ സൂചിപ്പിച്ച അതിധാര്‍മികതയെക്കുറിച്ചുള്ള, അമ്പരപ്പിക്കും വിധമുള്ള വിരോധാഭാസത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാകുന്നു.
മൂന്ന്: ചില ജഡ്ജിമാരുടെ ഉദാഹരണങ്ങൾ
മദ്രാസ് ഹൈക്കോടതി മുഖ്യ ന്യായാധിപനായിരുന്ന ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്ഥലംമാറ്റിയത്സമീപകാലത്ത് ഏറെ വിവാദമായ കാര്യമാണ്. കൊളീജിയം തീരുമാനങ്ങളുടെ പ്രശ്‌നമായി നീരിക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്, ആ തീരുമാനങ്ങള്‍ക്ക് വിശദീകരണം ആവശ്യമുണ്ടാകേണ്ടി വരുന്നില്ല എന്നതാണ്. എന്താണോ തീരുമാനം അത് നടപ്പിലാക്കുക. തീരുമാനത്തിനുപിന്നിലെ കാര്യകാരണങ്ങള്‍ അനുമാനിക്കാമെന്ന് മാത്രം. മദ്രാസ് ഹൈക്കോടതിയിലെ ന്യായാധിപരുടെ അംഗസംഖ്യ 75 ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടതികളിലൊന്നാണ് മദ്രാസ് ഹൈക്കോടതി. നവംബര്‍ 2023-ലാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിക്ക് വിരമിക്കേണ്ടത്. മുതിര്‍ന്ന ജഡ്ജികളിലൊരാളായ അദ്ദേഹത്തിന്സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതകളുമുണ്ടായിരുന്നു. അപ്പോഴാണ് താരതമ്യേന ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റുന്നത്. പ്രത്യേകിച്ചൊരു കാരണമോ വിശദീകരണമോ ഇല്ലാത്തതിനാല്‍ പത്തുമാസത്തിലധികം മദ്രാസിൽ മുഖ്യ ന്യായാധിപനായിരിക്കെ അദ്ദേഹം പുറപ്പെടുവിപ്പിച്ച ഉത്തരവുകളും ബെഞ്ചില്‍ നടത്തിയ നീരിക്ഷണങ്ങളുമാകണം ഈ ട്രാന്‍സ്ഫറിലേക്ക് നയിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്.
ബാബരി പള്ളി തകര്‍ക്കപ്പെട്ടശേഷം ഒരു കൂട്ടം ഹിന്ദു സന്യാസിമാര്‍ പള്ളിയിരുന്നിടത്ത് പൂജ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ ശ്രീരാമന്‍ എന്നത് ഭരണഘടനപരമായ അസ്തിത്വമാണെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് നീരീക്ഷിച്ചത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചില്ല എന്ന കാരണത്തില്‍ ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി തിരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ചിരുന്നു. തൂത്തുകൂടി സ്റ്റര്‍ലൈറ്റിനെതിരെ നടന്ന പ്രക്ഷോഭത്തിനുനേരെ നടന്ന വെടിവെപ്പില്‍ ആര്‍ക്കെതിരെയും കേസെടുത്തില്ല എന്നതില്‍ ശക്തമായ താക്കീത് നൽകിയിരുന്നു. നീറ്റ് പരീക്ഷയെക്കുറിച്ചു പ്രത്യേകമായി പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുവാദം നല്‍കി. അതുപോലെ, ഐ.ടി.- 2020 നിയമപ്രകാരം ഒ.ടി.ടി.കൾ, മൂന്നു തട്ടു പരിശോധന തുടങ്ങിയ വ്യവസ്ഥകൾ സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെ അംഗീകരിക്കുന്ന വിധി പ്രസ്താവിച്ചിരുന്നു. പുതുച്ചേരി തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി., ആധാര്‍ ഡേറ്റ പ്രചാരണത്തിന് ദുരുപയോഗം ചെയ്തിരുന്നോ എന്നന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധനയത്തെക്കുറിച്ചും ഗൗരവമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊളീജിയത്തിന്റെ തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര നിയമമന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷെ സ്ഥലംമാറ്റത്തിനുള്ള കാരണങ്ങള്‍ വ്യക്തമാകാത്തിടത്തോളം ഇത് ശിക്ഷാനടപടിയാണെന്ന പ്രതീതിയാണ് ഉളവാക്കുന്നത്.

മുമ്പ് മദ്രാസ് ഹൈകോടതി മുഖ്യ ന്യായാധിപയായിരുന്ന വിജയ താഹില്‍ രമണിയെ മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തരംതാഴ്ത്തുന്ന നടപടിയായിരുന്നു ഇത്. വിജയ താഹില്‍ രമണി സ്ഥലംമാറ്റം സ്വീകരിക്കാതെ രാജിവെച്ചു. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിലെ ബില്‍ക്കിസ് ബാനു കേസില്‍ പതിനൊന്ന് പേരെ ജസ്റ്റിസ് വിജയ താഹില്‍ രമണിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മുഖ്യ ന്യായാധിപനായിരുന്ന സമയത്താണ് വിജയ താഹില്‍ രമണിയുടെ സ്ഥലംമാറ്റം കൊളീജിയം നിര്‍ദേശിച്ചത്.
മറ്റു വിശദീകരണങ്ങളില്ലാത്തപക്ഷം മാധ്യമങ്ങള്‍ക്ക് സ്ഥലമാറ്റത്തിനുള്ള കാരണങ്ങൾ അനുമാനിക്കുക മാത്രമേ മാര്‍ഗമുള്ളൂ.
ജസ്റ്റിസ് ചന്ദ്രു എന്ന അഭിഭാഷകനും ന്യായാധിപനും നമുക്കിടയില്‍ ഇത്രയും കാലമുണ്ടായിരിന്നിട്ടും ‘ജയ് ഭീം' എന്ന സിനിമയാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.
2017 -ല്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജയന്ത് പട്ടേലിനെ സ്ഥലം മാറ്റുകയും അതില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. കര്‍ണാടകത്തിലെ മുഖ്യ ന്യായാധിപനാകാന്‍ പോകുന്ന വേളയിലാണ് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് വിശദീകരണമില്ലാത്തതിനാല്‍ അനുമാനങ്ങള്‍ മാത്രമാണ് അപ്പോഴും സാധ്യമായത്. ജസ്റ്റിസ് ജയന്ത് പട്ടേല്‍ ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായിരിക്കേ, ഇശ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ വധക്കേസ് സി.ബി.ഐ.യ്ക്ക് വിട്ട് ഉത്തരവിട്ടിരുന്നു എന്നായിരുന്നു അനുമാനം.
നാല്: അയോധ്യ കേസുകളും ഹിന്ദു മേധാവിത്വത്തിന്റെ ഔദ്യോഗികവല്‍കരണവും
ക്രിസ്റ്റോഫ് ജഫ്രെലോട്ട് ‘Modi's India: Hindu Nationalism and the Rise of Ethnic Democracy' എന്ന പുസ്തകത്തില്‍ ജുഡീഷ്യല്‍ സമഗ്രാധികാരത്തെക്കുറിച്ച് (Judicial Authoritarianism) വിശദീകരിക്കുന്നുണ്ട്. അയോധ്യ കേസ് കഴിഞ്ഞ മുപ്പതുകൊല്ലം നീതിപീഠങ്ങള്‍ കൈകാര്യം ചെയ്ത രീതി പരിശോധിക്കുകയാണെങ്കില്‍ ചില ന്യായാധിപരെങ്കിലും സെക്യുലറിസത്തില്‍ നിന്ന് അകന്നുപോയതായി അനുഭവപ്പെടുന്നു എന്നാണ് ജഫ്രെലോട്ട് പറയുന്നത്. ബാബരി പള്ളി തകര്‍ക്കപ്പെട്ടശേഷം ഒരു കൂട്ടം ഹിന്ദു സന്യാസിമാര്‍ പള്ളിയിരുന്നിടത്ത് പൂജ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ ശ്രീരാമന്‍ എന്നത് ഭരണഘടനപരമായ അസ്തിത്വമാണെന്നും ദേശീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഭാഗമാണെന്നുമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് നീരീക്ഷിച്ചത്. ഈയൊരു ഉത്തരവ്, ബാബരി പള്ളി നിന്ന സ്ഥലത്ത് പുതിയ പള്ളി നിര്‍മിക്കുന്ന പ്രക്രിയ ദുഷ്‌കരമാക്കി. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി തന്നെ ബാബരി പള്ളി നിന്നിരുന്ന സ്ഥലം മൂന്നായി ഭാഗിച്ച് വിധി പറഞ്ഞു. പരമോന്നത നീതിപീഠം ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയില്‍ സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് അനുവദിക്കുകയാണുണ്ടായത്.

ക്രിസ്റ്റോഫ് ജഫ്രെലോട്ട് പറയുന്നത്, ഹിന്ദു മേധാവിത്വത്തിന്റെ ഔദ്യോഗികവല്‍കരണം പൂര്‍ത്തീകരിക്കുന്നത് അയോധ്യ വ്യവഹാരത്തിലൂടെയാണ് എന്നാണ്. സുപ്രീം കോടതി രാമക്ഷേത്രത്തിന് സ്ഥലം വിട്ടുകൊടുക്കുക മാത്രമല്ല ചെയ്തത്, കേന്ദ്ര സര്‍ക്കാരിനോട് രാമക്ഷേത്ര നിര്‍മാണത്തിന് ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ കൂടി നിര്‍ദേശിക്കുകയും ചെയ്തു. ജഫ്രെലോട്ട് ചോദിക്കുന്നത്, സെക്യുലറിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണസംവിധാനത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നിരിക്കേ, എങ്ങനെയാണ്, എങ്ങനെയാണ് മതപരമായ ഒരു കാര്യനിര്‍വഹണത്തിന് ഭരണകൂടത്തെ ചുമതലപ്പെടുത്തുക? രാമക്ഷേത്രനിര്‍മാണത്തിന് ഭരണകൂടത്തെ ചുമതലപ്പെടുത്തിയതുപോലെ വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അനുവദിച്ച സ്ഥലത്ത് അതിന്റെ നിര്‍മാണച്ചുമതല സമാനരീതിയില്‍ ഭരണകൂടത്തെ എന്തുകൊണ്ട് ഏൽപ്പിച്ചില്ല?
സെക്കുലര്‍ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മുഖ്യ ന്യായാധിപനായ ഘട്ടത്തിലാണ് പൂര്‍ത്തിയായതെന്നും ജഫ്രെലോട്ട് പറയുന്നു. അയോധ്യ വിധിക്കുശേഷം, ബാബരി പള്ളി തകര്‍ത്ത കേസില്‍ സി.ബി.ഐ. കോടതി എല്‍.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ ബി.ജെ.പി. നേതാക്കളെയും പ്രവര്‍ത്തകരെയും വെറുതെ വിടുകയും ചെയ്തു. സമകാലീന ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അവരോധത്തിനുശേഷം നടന്ന സംഭവങ്ങളാണിത്.
ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷയുടെ കാര്യത്തിലും സി.എ.എ. വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ യു.എ.പി.എ. ചാര്‍ജ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷയിലും സ്റ്റേറ്റിന്റെ താൽപര്യങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രമല്ല നീതിപീഠങ്ങളുടെ വ്യതിയാനം കാണുക. ഭീമാ കൊറേഗാവ് കേസില്‍ രാജ്യദ്രോഹത്തിന് കുറ്റാരോപിതരായവരുടെ ജാമ്യാപേക്ഷയുടെ കാര്യത്തിലും സി.എ.എ. വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ യു.എ.പി.എ. ചാര്‍ജ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്ന അവസരങ്ങളിലും സ്റ്റേറ്റിന്റെ താൽപര്യങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്. നിയമത്തിന്റെ വ്യവഹാരികത ഏതുനിലയിലാണ് രൂപപ്പെടുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. നിയമം എന്നത് ശാസനാവ്യവസ്ഥ കൂടി ആകയാല്‍, ഏതുരീതിയിലാണ് രാഷ്ട്രത്തെയും പൗരസമൂഹത്തെയും നിയമ വ്യവഹാരികതയിലൂടെ വിഭാവനം ചെയ്യുന്നത് എന്നതാണ് സവിശേഷമായി അന്വേഷിക്കേണ്ട കാര്യം.
അഞ്ച്: പ്രതീകാത്മക പരിഹാരങ്ങൾ
വാള്‍ട്ടര്‍ ബെന്യാമിന്‍ നിയമനിര്‍മാണപരമായ ഹിംസ, നിയമപരിപാലനപരമായ ഹിംസ (law making and law preserving violence) എന്നിങ്ങനെ വ്യവച്ഛേദിക്കുന്നുണ്ട്. ഒരു രാജ്യത്തെ കീഴടക്കി അവിടെ പുതിയൊരു നിയമവ്യവസ്ഥ സൃഷ്ടിക്കുന്നു എന്നതിനെയാണ് നിയമനിര്‍മാണപരമായ ഹിംസ എന്ന് വിശേഷിപ്പിക്കുന്നത്. നിലവിലുള്ള ഘടനയെ മാറ്റിത്തീര്‍ത്ത് തികച്ചും പുതിയതൊന്ന് വ്യവസ്ഥ ചെയ്യുന്നതിനെയും നിയമനിര്‍മാണപരമായ ഹിംസ എന്ന് വിശേഷിപ്പിക്കാം. അത്തരം പ്രക്രിയയിലൂടെ സാമൂഹ്യഛിദ്രവും സാധ്യമാകുന്നു. ന്യൂറംബര്‍ഗ് നിയമങ്ങള്‍ ഇതിനുദാഹരണമാണ്.

നിയമനിര്‍വഹണ സ്ഥാപനങ്ങളും പീനല്‍ വ്യവസ്ഥകളും ചേരുന്നതാണ് നിയമപരിപാലന വ്യവസ്ഥ. നിയമത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള (legal ends) ഉപാധികകളാവുകയാണ് നിയമപരിപാലനം. നിയമത്തില്‍ നീതിയുടെ അന്തഃസത്തയുണ്ടെന്നുള്ളത് പൊള്ളയായ ധാരണയാണ്. നിയമം നിയമത്തെ തന്നെയാണ് ലക്ഷ്യംവെയ്ക്കുന്നത്. നിയമപരിപാലനത്തിനുള്ള ഉപാധിയാണ് ഹിംസയും. അത് പ്രകടമായ ഹിംസയാകണമെന്നില്ല, അത് ഘടനപരമായിരിക്കാം. ‘ജയ് ഭീമിലെ' പോലുള്ള കോടതി വ്യവഹാരങ്ങള്‍ നീതിനിര്‍വഹണത്തില്‍ നീതിപീഠങ്ങള്‍ക്ക് ആദർശപരവും അതിധാര്‍മികവുമായ ഒരു ഛായ നല്‍കുമ്പോള്‍ ചൈതന്യ താംഹ്നയുടെ ‘കോര്‍ട്ട്', കോടതികളുടെ അറുമുഷിപ്പനും വരണ്ടതും വൈകാരികതയ്ക്ക് തീരെ പ്രാധാന്യമില്ലാത്തതുമായ ഘടനാപരമായ യാഥാര്‍ഥ്യം ആവിഷ്‌കരിക്കുന്നു. രണ്ടിലും പ്രധാന കഥാപാത്രങ്ങള്‍ ആക്ടിവിസ്റ്റുകളായ അഭിഭാഷകരാണ്. ‘കോര്‍ട്ട്' എന്ന സിനിമയില്‍ നിയമത്തിന്റെ അനേകം ലൂപ്പുകളിലൂടെ ഒരേ ക്രമത്തെ തന്നെ ആവര്‍ത്തിക്കുന്നത് കാണിക്കുമ്പോള്‍ ‘ജയ് ഭീം' ലീനിയര്‍ രീതിയില്‍ നീതിയെക്കുറിച്ചുള്ള കോടതിവ്യവഹാരേതര ഭാഷണങ്ങളിലൂടെ പ്രച്ഛനമായ യാഥാര്‍ഥ്യത്തെയാണ് സൃഷ്ടിക്കുന്നത്. ജസ്റ്റിസ് ചന്ദ്രു എന്ന അഭിഭാഷകനും ന്യായാധിപനും നമുക്കിടയില്‍ ഇത്രയും കാലമുണ്ടായിരിന്നിട്ടും ‘ജയ് ഭീം' എന്ന സിനിമയാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.
ചലച്ചിത്രങ്ങളിലെ കോടതിമുറികളിലെ വിചാരണകളുടെയും വിസ്താരങ്ങളുടെയും ചീത്രീകരണം ശ്രദ്ധിച്ചിട്ടില്ലേ? ചലച്ചിത്രകലയുടെ ആകര്‍ഷണഘടകങ്ങളായ നാടകീയതയും ഉദ്വേഗതയും ഏറ്റവും കസറുന്നത് കോടതിമുറികള്‍ അങ്കത്തട്ടായി മാറുമ്പോഴാണ്. ഇന്ത്യന്‍ സിനിമകളുടെ കാര്യം മാത്രമായിരിക്കില്ല. ഹോളിവുഡില്‍ നിന്നുള്ള പ്രമാദമായ സിനിമകളില്‍ പലതും കോടതിമുറികളിലെ പോരുകളെ മുന്‍നിര്‍ത്തിയുള്ളതാണ്. ഇന്ത്യന്‍ സിനിമകളില്‍ കോടതിമുറികളാണെങ്കില്‍ വലിയ സംഘര്‍ഷവേദി തന്നെയാണ്. നിസ്വനായ പൗരന്‍ അയാളുടെ അവസാനത്തെ അത്താണി എന്ന നിലയില്‍ കോടതികളെ സമീപിക്കുന്ന പ്രവണത കുറച്ചു പഴയതാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആന്തരികവൈരുദ്ധ്യങ്ങള്‍ ഏറ്റുമുട്ടുകയും പരിഹാരം തേടുകയും ചെയ്യുന്ന ഇടമെന്ന നിലയിലാണ് കോടതിമുറികള്‍ക്ക് പ്രതിരൂപകാത്മകമായ സ്ഥാനം ചലച്ചിത്രകലയില്‍ കണ്ടെത്തുന്നത്. റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ നിയമത്തിനുമുമ്പില്‍ ഏവരും സമന്മാര്‍ എന്ന വലിയ തത്വം മാറ്റുരയ്ക്കുന്നത് കോടതികളിലാണ്. എന്തായാലും, പോപ്പുലര്‍ സംസ്‌കാരത്തില്‍ റിപ്പബ്ലിക്കിന്റെ ആത്മവിശ്വാസം കുടികൊള്ളുന്നത് ജനങ്ങളോട് കണക്കുപറയാന്‍ ബാധ്യതയും ഉത്തരവാദിത്തവുമുള്ള പ്രതിനിധാന ജനായത്ത രാഷ്ട്രീയത്തിലല്ല, പകരം ജനതയോട് നേരിട്ട് കണക്കുപറയാന്‍ ഒരു ബാധ്യതയുമില്ലാത്ത നീതിപീഠങ്ങളിലാണ് എന്നതാണ്. പൗരജനതയുടെ പ്രതിസന്ധികളും ദുരിതങ്ങളും യഥാർഥത്തിലുള്ളതാണ് (Real), പക്ഷെ പ്രതീകാത്മകമായ (Symbolic) പരിഹാരങ്ങള്‍ കൊണ്ടാണ് തൃപ്തിപ്പെടേണ്ടത്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.