Sunday, 25 September 2022

മനുഷ്യാവകാശം


Text Formatted

സര്‍ഫാസിയില്‍ നിലപാടില്ലാതാകുന്ന ഭരണ - പ്രതിപക്ഷം

കടത്തില്‍ ജനിച്ച്, കടത്തില്‍ ജീവിച്ച്, കടത്തില്‍ മരിക്കുന്നവർക്കു മാത്രമാണ്, സർഫാസി നിയമത്തിന്റെ പേരിൽ കിടപ്പാടം നഷ്ടമാകുന്നത്. ഭരണ, പ്രതിപക്ഷ, നോക്കുകുത്തി വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളും സത്യത്തില്‍ ഈ നിയമത്തിനൊപ്പമാണ്. സർഫാസി നിയമത്തിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്​.

Image Full Width
Text Formatted

മൂവാറ്റുപുഴ പായിപ്രയില്‍ രക്ഷിതാക്കള്‍ ചികിത്സയ്ക്കായി പോയ സമയത്ത്​പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ നിന്നിറക്കിവിട്ട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സര്‍ഫാസി നിയമം ഉപയോഗിച്ച് വീട് ജപ്തി ചെയ്ത സംഭവമുണ്ടായത് ഈയടുത്താണ്. അതോടെ സര്‍ഫാസി ആക്ടിനെതിരെ അത് പാസാക്കിയ കാലം മുതലുള്ള എതിര്‍പ്പ് ഒരിക്കല്‍ കൂടി ശക്തമായിരിക്കുകയാണ്.

പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് സര്‍ഫാസി നിയമമെന്നത്. സര്‍ഫാസി ആക്ട് (SARFAESI) അഥവാ സെക്യൂരിറ്റിസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആൻറ്​ എന്‍ഫോഴ്‌സ്‌മെൻറ്​ ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് ആക്ട് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ സുപ്രധാനമായ ഒരു നിയമമാണ്. 2002ലാണ് ഇന്ത്യന്‍ പാര്‍ലമെൻറ്​ ഈ നിയമം പാസാക്കിയത്. ഇതനുസരിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവര്‍ കൊടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ ഈടായി നല്‍കിയ ഗാര്‍ഹികമോ വ്യാപാര സംബന്ധിയായതോ ആയ വസ്തുക്കള്‍ ലേലം ചെയ്ത് പണം തിരികെ നേടാവുന്നതാണ്. ഇതിനായി കോടതി നടപടികളുടെ ആവശ്യം വരുന്നില്ല. സര്‍ഫാസി നിയമമാണ് ബാങ്കുകള്‍ക്ക് ഈ അധികാരം നല്‍കുന്നത്. വായ്പയില്‍ നിശ്ചിത ദിവസത്തെ മുടക്ക് വരുത്തുകയും(90+ ദിവസം) ആ വായ്പ ബാങ്കിനെ സംബന്ധിച്ച് Non Performing Asste (കിട്ടാക്കടം) ആയി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിയമത്തിന്റെ പ്രസക്തി. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍, മുഴുവന്‍ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാന്‍ ബാക്കിയുള്ള സാഹചര്യങ്ങള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലോ എടുത്ത ലോണിന്റെ ഇരുപത് ശതമാനത്തിന് മുകളിലോ കടം വന്നവരുടെ ആസ്തികള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ച് പിടിച്ചെടുക്കാന്‍ കോടതിയെക്കൂടാതെയുള്ള അനുമതി ബാങ്കുകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതോടെ കടക്കാരന്‍ കിടപ്പാടമില്ലാത്തവനാകും

കിട്ടാക്കടങ്ങൾ കമ്പനികൾക്ക്​

സര്‍ഫാസി നിയമം പാസായതോടെ ഇന്ത്യയില്‍ നിരവധി അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ സ്ഥാപിതമായി. ഈ ആക്ട് പ്രകാരമുള്ള ലേലനടപടികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ. റിസര്‍വ്വ് ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും സാധാരണഗതിയില്‍ ബാങ്കുകള്‍ അവരുടെ കിട്ടാക്കടങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. തിരിച്ചുകിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകള്‍ക്ക് ഏതു നടപടിയും സ്വീകരിക്കാം. അതിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് മാത്രമല്ല, ആസ്തിയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കുന്നു.

സര്‍ഫാസി നിയമപ്രകാരം ക്രൂരമായ ജപ്തി നടപടികള്‍ വ്യാപകമായപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഇതില്‍ നിന്ന്​ സാധാരണക്കാര്‍ക്ക് ഇളവുനല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പല പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് വീടുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകള്‍ ഈ നിയമം ഉപയോഗിച്ച് അവരുടെ വീടുകള്‍ ജപ്തി ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. മാത്രമല്ല, സര്‍ഫാസിയുടെ 31-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2017 ഓഗസ്റ്റ് 21ന് നിയമസഭ പ്രമേയവും പാസാക്കി.

കൃഷിഭൂമിയാണ് ഈട് നല്‍കുന്നതെങ്കില്‍ സര്‍ഫാസി നിയമപ്രകാരം അത് ജപ്തി ചെയ്യാനാകില്ലെന്നും കൂടാതെ അഞ്ച് സെൻറ്​ വരെയുള്ള ഭൂമിയും വീടും ജപ്തിയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. കൂടാതെ സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് 2019 ജൂണ്‍ പത്തിന് മുഖ്യമന്ത്രി സഭയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന് കീഴില്‍ വരുന്ന കേരള ബാങ്കിനും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും ഈ നിയമം ബാധകമാണ്. അതിനാലാണ് അച്ഛന്‍ ഐ.സി.യുവില്‍ കിടക്കുമ്പോള്‍ മക്കളെ ഇറക്കിവിടാന്‍ മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന് സാധിച്ചത്. സി.പി.എമ്മാണ് ഈ ബാങ്ക് ഭരിക്കുന്നതും.

Muvattupuzha-Bank-Dept
മൂവാറ്റുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് ജപ്തി ചെയ്ത വീട്

മൂവാറ്റുപുഴയിലെ മുൻകൂട്ടിയെഴുതിയ തിരക്കഥ

വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വെച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. കുട്ടികളെ പുറത്തുനിര്‍ത്തിയുള്ള നടപടിക്കെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തുകയും വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയും ചെയ്തു. ബാങ്ക് ലോണ്‍ താന്‍ തീര്‍ത്തുകൊടുക്കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. സംഭവം വിവാദമായതോടെ ജപ്തി തീരുമാനമെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. കുടുംബത്തിന്റെ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം. അതിനിടെ ബാങ്കിലെ ഇടതുപക്ഷ സംഘടനാ ജീവനക്കാര്‍ പിരിവെടുത്ത് ലോണ്‍ അടച്ചു തീര്‍ത്തു. എന്നാല്‍ ഇത് ജപ്തിക്കിരയായ വീട്ടുമ അജേഷും ഭാര്യ മഞ്ജുവും അംഗീകരിച്ചില്ല.

പായിപ്രയിലും മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലും അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇവിടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ തെളിവാണെന്നാണ് പായിപ്ര പഞ്ചായത്തിലെ ഇടതുപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. 

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ശമ്പളം ഉള്‍പ്പെടെയുള്ള 1,35,686 രൂപയുടെ ചെക്ക് അവര്‍ ബാങ്കിലെത്തി നല്‍കി. നിലവില്‍ കടം തീര്‍ത്ത അവസ്ഥയിലാണെന്നും അതുകൊണ്ട് ചെക്ക് സ്വീകരിക്കാനാകില്ലെന്നും ബാങ്ക് അറിയിച്ചപ്പോള്‍ കടം തീര്‍ത്ത വിവരം അറിയിച്ചിട്ടില്ലെന്നും കടം തീര്‍ക്കാനാണ് വന്നതെന്നും അജേഷും കുടുംബവും നിലപാടെടുത്തു. അതോടെ ജീവനക്കാര്‍ക്ക് ചെക്ക് സ്വീകരിക്കാതെ വയ്യെന്നായി. അതേസമയം അജേഷിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് വരവ് വയ്ക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ സി.ഐ.ടി.യുവിന് പണം നല്‍കില്ലെന്ന നിലപാട് കുടുംബവും എടുത്തു. ഇത്തരത്തില്‍ നാടകീയ സംഭവങ്ങളാണ് ഈ ദിവസങ്ങളില്‍ പായിപ്രയിലും മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലും അരങ്ങേറിയത്. ഈ നാടകീയ സംഭവങ്ങള്‍ തന്നെ ഇവിടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ തെളിവാണെന്നാണ് പായിപ്ര പഞ്ചായത്തിലെ ഇടതുപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. 

Mathew-Kuzhalnadan-Bank-Issue
ജപ്തി ചെയ്യപ്പെട്ട വീടിന്റെ പൂട്ട് തല്ലിപ്പൊളിച്ച ശേഷം കുടുംബത്തോടൊപ്പം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

മുന്‍കൂട്ടിയെഴുതിയ തിരക്കഥ പോലെയാണ് അവിടെ നടന്ന സംഭവങ്ങളെന്ന് പായിപ്ര വാര്‍ഡ് മെമ്പറായ സക്കീര്‍ ഹുസൈന്‍ ആരോപിക്കുന്നു. ‘യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസിന്റെ ആളുകളും കൂടി ചേര്‍ന്ന് എം.എല്‍.എയെക്കൊണ്ട് ഇങ്ങനൊരു തീരുമാനമെടുപ്പിച്ച് അവരത് നടപ്പാക്കി. അങ്ങനെയൊരു നാടകമാണ് അവിടെ അരങ്ങേറിയത്. കുട്ടികളെ പുറത്താക്കി വീട് പൂട്ടിയത് മോശമായി പോയി. അവർ ആശുപത്രിയില്‍ നിന്ന് വന്നിട്ട് അത് നടപ്പാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ആ സമയത്ത് കുട്ടികള്‍ അമ്മയുടെ വീട്ടിലായിരുന്നു. അല്ലാതെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയൊന്നുമുണ്ടായിട്ടില്ല. ആ വീട്ടുകാര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ് താല്‍പര്യം. സി.ഐ.ടി.യു കടം വീട്ടാമെന്ന് പറഞ്ഞപ്പോള്‍ അവരത് വേണ്ടെന്നാണ് പറഞ്ഞത്. എം.എല്‍.എ സഹായിച്ചാല്‍ മതിയെന്ന നിലപാടാണ് അവരെടുത്തത്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന് രണ്ട് ബാങ്കുകളുണ്ട്. മണ്ഡലം പ്രസിഡന്റിന് ഒരു ബാങ്കുണ്ട്. അവിടെ തന്നെ കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവിനും ഒരു ബാങ്കുണ്ട്. ആള്‍ ജാമ്യത്തില്‍ പോലും അവിടെ നിന്നും വായ്പ കൊടുത്തിട്ടുണ്ട്. ഈയൊരു സംഭവം കൊണ്ട് നാട്ടുകാര്‍ നിയമം പഠിച്ചു. സഹകരണ ബാങ്കില്‍ നിന്ന് ജപ്തി ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കാശടയ്ക്കാന്‍ തയ്യാറല്ലെന്നാണ് ചിലര്‍ പറഞ്ഞത്. കാരണം, ജപ്തി ചെയ്യാനാകില്ലെന്ന് ഈ സംഭവത്തോടെ നാട്ടുകാര്‍ പഠിച്ചു.'

നിയമത്തിനുള്ളിലെ അജണ്ടകൾ

സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം സ്വന്തം ഉല്‍പ്പന്നമായ കേരള ബാങ്കിനെ സഹായിക്കാനാണെന്നാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ആരോപിക്കുന്നത്. പ്രസ്ഥാനത്തിന്റെ മുഖ്യ നേതാക്കളിലൊരാളായ പി.കെ. വിജയന്‍ ചൂണ്ടിക്കാണിക്കുന്നത്, തങ്ങള്‍ പത്തൊമ്പത് വര്‍ഷമായി ഈ നിയമത്തിനെതിരെ പോരാടുകയാണെന്നാണ്. ഇവരുടെ സമരമാണ് ഒന്നാം പിണറായി സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു. ‘രണ്ടാം പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കേന്ദ്ര നിയമമായ സര്‍ഫാസിക്കെതിരെ സംസ്ഥാന ഓര്‍ഡിനന്‍സ് പാസാക്കുമെന്നൊക്കെ പറഞ്ഞിരുന്നു. അഞ്ച് സെൻറ്​ വരെ ഭൂമിയും അഞ്ച് ലക്ഷം രൂപ വരെ വായ്പയുള്ളവരുടെയുമിടയില്‍ സര്‍ഫാസി നിയമം നടപ്പാക്കില്ല എന്ന പ്രമേയമൊക്കെ ഇവര്‍ പാസാക്കിയതാണ്. അതെല്ലാം ഞങ്ങളുടെ നിരന്തര സമരങ്ങളുടെ ഫലമായിരുന്നു. സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ ദലിതര്‍ ഉള്‍പ്പെടെയുള്ള ദരിദ്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത വിഷയമൊക്കെയാണ് ഞങ്ങള്‍ ഉന്നയിച്ചത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനമായി വികസിക്കുന്നത്. ഈ നിയമം ഗുരുതരമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. കിട്ടാക്കടം തിരിച്ചുപിടിക്കാനായി 2002ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. അന്ന് ഇവിടെയുണ്ടായിരുന്ന കിട്ടാക്കടം 12,000 ലക്ഷം കോടി രൂപയാണ്. അതില്‍ 11,000 ലക്ഷം കോടിയും തിരിച്ചടക്കാനുള്ളത് ഇവിടുത്തെ കോര്‍പ്പറേറ്റുകളാണ്. ഈ കിട്ടാക്കടം തിരിച്ചുപിടിച്ച് നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുമെന്ന വ്യാജേനയാണ് സര്‍ഫാസി നിയമം കൊണ്ടുവന്നത്. പക്ഷേ ഈ നിയമത്തിന്റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റ് അജണ്ടകളുണ്ടായിരുന്നു. അതിവിടുത്തെ രാഷ്ട്രീയ നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ല.

PK-Vjayan
പി.കെ. വിജയന്‍ / Photo: FB, Vijayan PK

വിദേശ മൂലധന ശക്തികള്‍ക്ക് ഇവിടെ കടന്നുവരുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അതിനൊരു സെക്യൂരിറ്റി എന്ന നിലയിലാണ് ഈ നിയമം ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ജി-7 രാജ്യങ്ങളിലെടുത്ത നിലപാടിന്റെ ഭാഗമായാണ് ഈ നിയമം മൂന്നാം ലോക രാജ്യങ്ങളിലും പാസാക്കിയത്. മുമ്പ് ഇതെല്ലാം നീതിന്യായ വ്യവസ്ഥയുടെ കീഴിലുണ്ടായിരുന്ന ഒരു സംവിധാനമായിരുന്നു. നീതിന്യായ വ്യവസ്ഥയില്‍ നിന്നും വേര്‍പെടുത്തി ഈ നിയമത്തെ ധനകാര്യ വകുപ്പിന്റെ കീഴിലേക്ക് കൊണ്ടുവന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് കീഴില്‍ കടാശ്വാസ കോടതിയും കട പരിഹാര കോടതിയുമൊക്കെയുണ്ടായിരുന്നു. ഈ നിയമം വന്നതോടെ സാധാരണക്കാരന് ഇവിടുത്തെ നീതിന്യായ സംവിധാനത്തെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തി.

കടക്കാരെ നെ​ട്ടോട്ടമോടിക്കുന്ന  നിയമം

ഈ നിയമമനുസരിച്ച് ഇനി സാധാരണക്കാരന്‍ പോകേണ്ടത് ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിലാണ്(ഡി.ആര്‍.ടി). കേരളത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് ഡി.ആര്‍.ടി കോടതിയുള്ളത്. തിരുവനന്തപുരത്തുള്ളവരും കാസര്‍ഗോഡുള്ളവരും ലക്ഷദ്വീപിലുള്ളവരും ആ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. സെക്ഷന്‍ 36 അനുസരിച്ച് സിവില്‍ ജൂറിസ്ഡിക്ഷന്‍ ഒഴിവാക്കിയതിനാല്‍ കടക്കാരന്‍ ചീറ്റ് ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ തെളിയിച്ചാല്‍ മാത്രമേ ജപ്തി നേരിടുന്നവര്‍ക്ക് ഡി.ആര്‍.ടിയില്‍ എന്തെങ്കിലും സാധ്യതയുള്ളൂ. അത്തരത്തില്‍ സിവില്‍ ജൂറിസ്ഡിക്ഷനില്‍ നിന്ന് അടര്‍ത്തി മാറ്റിക്കൊണ്ട് ധനകാര്യ സ്ഥാപനത്തിന് കീഴില്‍ ഇത് കൊണ്ടുവരികയും ആ ധനകാര്യ സ്ഥാപനത്തിന് കീഴിലിരിക്കുന്ന പ്രസീഡിംഗ് ഓഫീസര്‍മാര്‍ തീരുമാനമെടുക്കുകയും ചെയ്യുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന് കൃത്യമായ നീതിനിര്‍വ്വഹണം കിട്ടാതെ വരുന്നു. കാരണം, പ്രസീഡിംഗ് ഓഫീസര്‍മാരായി ബാങ്കിംഗ് പ്രതിനിധികളെയാണ് നിര്‍ത്തിയിരിക്കുന്നത്. അവരുടെ താല്‍പര്യം ബാങ്കിന്റെ കിട്ടാക്കടം തിരിച്ചുപിടിക്കാനായിരിക്കും. ഡി.ആര്‍.ടി കോടതിയുടെ മുന്നില്‍ നടക്കുന്നത് ശരിക്കും വസ്തുക്കച്ചവടമാണ്. സാധാരണക്കാരന്റെ വസ്തു ചുളുവിലയ്ക്ക് എടുക്കാന്‍ പന്ത്രണ്ടോളം അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ മുടക്കാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങാമെന്നാണ് ഈ നിയമം പറയുന്നത്. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നവരുടെ ലോണുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നത് ഈ കമ്പനികളാണ്. ഒരാള്‍ പത്ത് കോടി രൂപ വിലമതിക്കുന്ന വസ്തു ഈട് വച്ച് പത്ത് ലക്ഷം രൂപ ലോണെടുത്തിട്ട് ആ ലോണ്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാല്‍ അയാള്‍ക്ക് ആ പത്ത് കോടിയുടെ വസ്തു ഉപയോഗിക്കാനുള്ള ത്രാണിയില്ല, ത്രാണിയുള്ള ആളുകള്‍ ഇവിടെയുണ്ട്, അവരെ ഏല്‍പ്പിക്കുന്നുവെന്നതാണ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ യഥാര്‍ത്ഥ മൂലധനം. അംബാനിയുടെയും പെഗാസസിന്റെയും അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഇവിടെയുണ്ട്.

കിട്ടാക്കടം തിരിച്ചുപിടിച്ച് സമൂഹത്തിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി ഉപയോഗിക്കുമെന്ന് പറഞ്ഞ ആളുകള്‍ കടം തിരിച്ചുകൊടുക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും തിരിച്ചുപിടിച്ചിട്ടില്ല.

ഇനി കൊച്ചിയിലെ ട്രിബ്യൂണലില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ ചെന്നൈയിലുള്ള ഹയര്‍ അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. കിട്ടാക്കടമായി ഇരിക്കുന്ന തുകയുടെ പകുതി പണം ഹയര്‍ അതോറിറ്റിയില്‍ കെട്ടിവച്ചാലേ അവിടേക്ക് പോകാനാകൂ. എന്നാലേ അവര്‍ പരാതി പോലും പരിഗണിക്കൂ. ലോണ്‍ തിരിച്ചടയ്ക്കാനാകാതെ നില്‍ക്കുന്ന മനുഷ്യരാണ് ചെന്നൈയിലേക്ക് പോകേണ്ടതെന്നും ഓര്‍ക്കണം. നീതി സംവിധാനത്തില്‍ നിന്നും അടര്‍ത്തിമാറ്റി ധനകാര്യ സ്ഥാപനത്തിലേക്ക് ബന്ധിപ്പിക്കുന്ന ഈ അവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കിട്ടാക്കടം തിരിച്ചുപിടിച്ച് സമൂഹത്തിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി ഉപയോഗിക്കുമെന്ന് പറഞ്ഞ ആളുകള്‍ കടം തിരിച്ചുകൊടുക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും തിരിച്ചുപിടിച്ചിട്ടില്ല. നീരവ് മോദിയും അംബാനിയും അടക്കമുള്ളവര്‍, അദാനി തന്നെ ഒന്നര ലക്ഷം കോടി രൂപ തിരിച്ചുകൊടുക്കാനുണ്ട്. 12,000 കോടി രൂപയാണ് എസ്.ബി.ഐ കഴിഞ്ഞ മാസം എഴുതിത്തള്ളിയത്. ഈ എഴുതിത്തള്ളുന്ന പണം സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും പിരിച്ചുകൊണ്ടാണ് പകരം കണ്ടെത്തുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് ഡി.ആര്‍.ടി. ഇവിടുത്തെ സഹകരണ ബാങ്കുകള്‍ സര്‍ഫാസിക്ക് പകരം ആര്‍ബിട്രേഷന്‍ നിയമം ഉപയോഗിച്ച് ജപ്തി നടപടികളുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ്. അതാത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് അഞ്ച് ശതമാനം മുതല്‍ ഏഴര ശതമാനം വരെ കമ്മീഷന്‍ കിട്ടാവുന്ന തരത്തിലേക്കാണ് സഹകരണ ബാങ്കുകള്‍ നീങ്ങുന്നത്. ഇത്തരത്തില്‍ വളരെ ഭീകരമായ അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് വേണ്ടത്. ആ ചെറുത്തുനില്‍പ്പില്ലെങ്കില്‍ രാജ്യം തന്നെ കടത്തിലായ ലോകത്തിന് എങ്ങനെ മുന്നോട്ട് പോകാനാകും?' അദ്ദേഹം ചോദിക്കുന്നു.

Nirav-Modi-Mukesh-Ambani
നീരവ് മോദി, മുകേഷ് അംബാനി

ബാങ്ക്​ നിയമമല്ല, ആഗോളീകരണ കാലത്തെ നിയമം

സര്‍ഫാസി ഒരു ബാങ്ക് നിയമമല്ലെന്നാണ് സര്‍ഫാസി വിരുദ്ധ പ്രസ്ഥാന നേതാവ് അഡ്വ. എം.ജെ മാനുവല്‍ പറയുന്നത്.  ‘ഇത് ആഗോളീകരണവുമായി ബന്ധപ്പെട്ട് വായിക്കപ്പെടേണ്ട നിയമമാണ്. തൊണ്ണൂറുകളില്‍ നരസിംഹന്‍ കമ്മിറ്റിയെക്കൊണ്ട് ഇതുപോലുള്ള നിയമങ്ങള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ഏതാണ്ട് പന്ത്രണ്ടോളം നിയമങ്ങള്‍ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമങ്ങളൊന്നും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല. പകരം മൂലധനത്തിന്റെ ചലന താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ബാങ്കുകളുടെ ബാധ്യതകള്‍ തിരിച്ച് പിടിക്കാനുള്ള നിയമങ്ങളെല്ലാം അതിനുള്ളിലുമുണ്ടായിരുന്നു. അതിന് സിവില്‍ കോടതികളില്‍ കാലതാമസമുണ്ടാകുന്നുവെന്നും അതൊഴിവാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആര്‍.ബി.ഡി.ബി.എഫ്.ഐ എന്ന ആക്ട് ആയിരുന്നു അത്. കടത്തില്‍ വീണ സാധാരണപ്പെട്ട മനുഷ്യര്‍ക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സമീപിക്കാനുള്ള അവകാശമാണ് അതിലൂടെ നിഷേധിക്കപ്പെട്ടത്. പകരം ട്രിബ്യൂണലുകള്‍ കൊണ്ടുവന്നു.

ട്രിബ്യൂണലൈസേഷന്റെ ലക്ഷ്യം തന്നെ പെട്ടെന്ന് തീരുമാനങ്ങള്‍ എത്തിക്കുക എന്നതാണ്. അവിടെ പലപ്പോഴും ഇന്‍സ്റ്റിറ്റിയൂഷണലൈസായുള്ള കില്ലിംഗ് ആണ് നടക്കാറ്. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണല്‍ എന്ന് പറയുന്ന കടം പിരിച്ചെടുക്കുന്ന കച്ചേരികളാണ് അതിലൂടെ സ്ഥാപിക്കപ്പെട്ടത്. കടത്തില്‍ വീണവരുടെ ആകെയുള്ള ആശ്രയം ആ കച്ചേരികളാണ്. ആശ്രയമെന്നല്ല പറയേണ്ടത് അവസ്ഥയെന്നാണ്. തലവെട്ടിയെടുക്കുമെന്ന് ഉറപ്പുള്ള കശാപ്പുശാലകളിലേക്ക് മൃഗങ്ങള്‍ ചെന്നുകയറുന്നതുപോലെയാണ് അത്. അക്കാലത്ത് പത്ത് പതിനേഴ് ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലുകള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. ബാങ്കിനുവേണ്ടി തന്നെയാണ് അത്തരം ട്രിബ്യൂണലുകള്‍ ഇന്ന് വരെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കാരണം, ട്രിബ്യൂണലിന്റെ ചെലവുകള്‍ അതായത് അവിടെ വരുന്നവര്‍ക്ക് താമസ സൗകര്യം പോലും ഏര്‍പ്പെടുത്തുന്നത് ബാങ്കുകളാണ്. കേരളത്തില്‍ ഇത് ആദ്യം ഉപയോഗിച്ചത് കനറാ ബാങ്കാണ്.

PJ-Manuel
പി.ജെ. മാനുവല്‍ / Photo: Shafeeq Thamarassery

രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് എറണാകുളം മാനത്തുപാടത്തെ പ്രീത ഷാജി ജപ്തി ഭീഷണി നേരിട്ടത്. രണ്ട് ലക്ഷം രൂപ പലിശ കൂടി രണ്ടര കോടിയായെന്ന് പറഞ്ഞാണ് അവരുടെ വസ്തു 37 ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത് വിറ്റത്. റിക്കവറി ഓഫീസര്‍മാരും ബാങ്കിന്റെ റിക്കവറി മാനേജര്‍മാരും ഒത്തുകളിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് ടീമുകളെ ഇടപെടുത്താന്‍ കഴിയും. ഈ വസ്തു വിറ്റാല്‍ ബാക്കിയുള്ള കാശ് ഇവര്‍ക്ക് കിട്ടുന്നുമില്ല. യഥാര്‍ത്ഥത്തില്‍ വായ്പ വാങ്ങാത്ത ആളുകളാണെന്നും ഓര്‍ക്കണം. നമ്മുടെ ചിന്താശേഷിക്കും അപ്പുറമാണ് അത്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒരു വട്ടിപ്പലിശക്കാരന്‍ പതിനായിരം രൂപ കടം തന്നിട്ട് നാളെ വന്നിട്ട് ഒരു ലക്ഷം രൂപയായെന്ന് പറഞ്ഞാല്‍ പിന്നെയാ പലിശക്കാരന് ആ പ്രദേശത്തേക്ക് കടക്കാന്‍ പോലും പറ്റില്ല. അതേസമയം ബാങ്കുകള്‍ അമിത പലിശ ഈടാക്കിയാല്‍ യാതൊരു വിധ എതിര്‍പ്പുകളുമുണ്ടാകില്ല, അതിന് തടസ്സമായി നില്‍ക്കുന്ന നിയമങ്ങളും ഇവിടെയില്ല. സഹകരണ ബാങ്കുകളില്‍ മുതലിനേക്കാള്‍ കൂടുതല്‍ പലിശ വാങ്ങാനാകില്ലെന്ന അവസ്ഥയായിരുന്നു നേരത്തെ. എന്നാല്‍ മന്‍മോഹന്‍ സിംഗ് ഇന്ററസ്റ്റ് ആക്ട് കൊണ്ടുവന്നതോടെ പലിശ ഓരോ മണിക്കൂറിലും കൂട്ടാവുന്ന അവസ്ഥയിലെത്തി. അതുകൊണ്ട് തന്നെ ജീവിതം നഷ്ടമായ ഒരുപാട് മനുഷ്യര്‍ ഇവിടെയുണ്ട്. അതൊന്നും പോരാതെയാണ് ഇവര്‍ സര്‍ഫാസി ആക്ടും കൊണ്ടുവന്നിരിക്കുന്നത്. ആ ആക്ട് പരിശോധിച്ചാല്‍ ഈ ചൂഷണം ബലപ്പെടുത്തുകയാണെന്ന് മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് കച്ചവടം കൂടി ഇതിനിടയില്‍ കാണാം. കടത്തില്‍ വീണ ആളുകളുടെ ആസ്തികളെ പുനരുജ്ജീവിപ്പിച്ചെടുക്കാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കടക്കാരില്‍ ഒരാളായ അംബാനി ഗ്രൂപ്പ് പോലും ഇത്തരം കമ്പനി നടത്തുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ വിദ്യാഭ്യാസ ലോണുകള്‍ അനില്‍ അംബാനി വാങ്ങി ലോണില്‍ വീഴ്ച വരുത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ കയ്യിലുള്ള ആസ്തികള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Preetha-Shaji
പ്രീത ഷാജിയും സഹപ്രവര്‍ത്തകരും ജപ്തിവിരുദ്ധ സമരത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ / Photo: Shafeeq Thamarassery

അന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് പോലും എതിര്‍പ്പുണ്ടായെങ്കിലും നിയമപരമായി നടത്തുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ എതിര്‍ക്കരുതെന്ന് അനില്‍ അംബാനി അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചപ്പോഴാണ് 650 കോടി രൂപയുടെ വിദ്യാഭ്യാസ കടം ഏതാണ്ട് 64 കോടി രൂപയ്ക്ക് വിറ്റത്. ഒരേക്കര്‍ വസ്തുവില്‍ പത്ത് ലക്ഷം രൂപ കടം വാങ്ങിയ ആളുകള്‍ കാണും. അതെല്ലാം പിടിച്ചെടുക്കുകയാണ് അവര്‍ ചെയ്തത്. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളെ ഒളിച്ചുകടത്തുകയാണ് ഈ നിയമത്തിലൂടെ ഇവര്‍ ചെയ്യുന്നത്. രണ്ടാമത്, ഒരു ലക്ഷം രൂപയ്ക്ക് മുകളിലോ എടുത്ത ലോണിന്റെ ഇരുപത് ശതമാനത്തിന് മുകളിലോ കടം വരികയോ ചെയ്ത ആളുകളുടെ ആസ്തികള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ച് പിടിച്ചെടുക്കാന്‍ കോടതിയെക്കൂടാതെയുള്ള അനുമതി ബാങ്കുകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. കോടതിക്ക് മുന്നില്‍ ഒരു അഫിഡവിറ്റ് കൊടുത്താല്‍ അറുപത് ദിവസത്തിനകം അവര്‍ക്ക് ഈ ആസ്തികള്‍ പിടിച്ചെടുക്കാനാകും. കടക്കാരന്‍ കിടപ്പാടമില്ലാത്തവന്‍ കൂടിയായി തീരും', അഡ്വ. മാനുവല്‍ വിശദീകരിക്കുന്നു.

പായിപ്ര പഞ്ചായത്ത് പ്രസിഡൻറ്​ മാത്യൂസ് വര്‍ക്കി എം.എല്‍.എ ഇടപെട്ട് പൂട്ട് തല്ലിപ്പൊളിച്ചതിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും സര്‍ഫാസി നിയമത്തിനെതിരെ സംസാരിക്കാന്‍ തയ്യാറല്ല.  ‘ബാങ്കുകള്‍ പിന്നെങ്ങനെ പിടിച്ചു നില്‍ക്കും. അവര്‍ കൊടുത്ത കടങ്ങള്‍ തിരിച്ചെടുക്കേണ്ടതല്ലേ' എന്നാണ് അദ്ദേഹം ഈ ലേഖകനോട് ചോദിച്ചത്.

ഭരണ, പ്രതിപക്ഷ, നോക്കുകുത്തി വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളും സത്യത്തില്‍ ഈ നിയമത്തിനൊപ്പമാണ്. താല്‍ക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയും പൂട്ട് തല്ലിപ്പൊളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും സാധാരണക്കാരായ മനുഷ്യര്‍ മാത്രമാണ് ഇതിനെതിരെ ശക്തമായി മുന്നിലുള്ളത്. കാരണം, കടത്തില്‍ ജനിച്ച്, കടത്തില്‍ ജീവിച്ച്, കടത്തില്‍ മരിക്കുന്ന അവര്‍ക്ക് മാത്രമാണ് എല്ലായ്​പ്പോഴും കിടപ്പാടം നഷ്ടമാകുന്നത്. വീടില്ലാത്തവര്‍ക്ക് വീട് കെട്ടിക്കൊടുക്കുമെന്ന വാഗ്ദാന പ്രഹസനങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുമ്പോള്‍ ഉള്ള കിടപ്പാടം നഷ്ടപ്പെടുന്ന ഇവര്‍ സര്‍ഫാസിയെ ഒരു ദുര്‍ഭൂതത്തെ പോലെ ഭയപ്പെടുകയാണ്.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

അരുൺ ടി. വിജയൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കവി.

Audio