Wednesday, 29 March 2023

ആത്മകഥ


Text Formatted

എന്റെ കഥ-1

മരപ്പാവക്കുട്ടിക്കാലം

ഉന്മാദിനിയെപ്പോലെ നടക്കുന്ന കാലമാണ്. മൂന്നാം ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും സകല കുറകളും വന്ന്, വിഷാദം വന്ന്, ഹൃദ്രോഗം വന്ന് ഭര്‍ത്താവിനാല്‍ പൂര്‍ണമായി അവഗണിയ്ക്കപ്പെട്ട്, മരണം ഒരു കാമുകനെപ്പോലെ അവന്റെ കാമക്കണ്ണുകള്‍ വിടര്‍ത്തി എനിക്ക് പിറകില്‍ നടന്നിരുന്ന കാലമായിരുന്നു അത്

Image Full Width
Image Caption
ചിത്രീകരണം : കെ.പി മുരളീധരന്‍
Text Formatted

ത്യധികം മെലിഞ്ഞ്, അതി ദുര്‍ബല ശരീരിയെന്നു തോന്നും വിധം  ഉടലാകൃതി. കഷ്ടി അഞ്ചടി രണ്ട് ഇഞ്ച്.  
ഇരുനിറത്തില്‍ തിളക്കമോ പ്രത്യേകിച്ച് പ്രത്യേകതകളോ ഇല്ലാത്ത ചര്‍മ്മം. സാധാരണ ഒരാളായിരുന്നു കാഴ്ചയില്‍ എന്റെ അച്ഛന്‍.
മെലിഞ്ഞു കനം കുറഞ്ഞ മുടിയുടെ പഴയ രീതി വെട്ടലും വളര്‍ത്തലും കവിളിലേക്ക് നീണ്ട വീതികൃതാവും മെലിഞ്ഞ കഴുത്തിലെ രസഗുള കൃകാടികയും അദ്ദേഹത്തെ ഏറെയേറെ പഴഞ്ചനാക്കി. വെളുത്ത ഖാദി ഉടുപ്പുകളില്‍ വെള്ളമുണ്ടുകളുടെ തെളിമയില്‍ അദ്ദേഹം കൂടുതല്‍ നിസ്സഹായനായ ഒരു മനുഷ്യനെപ്പോലെ നിലകൊണ്ടു. 
​​​​​​​വള്ളിക്കാട്ട് തറവാട്ടിലെ മരുമക്കളില്‍ നിറംകൊണ്ടും ഉയരം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും സമ്പത്തുകൊണ്ടും ഒട്ടും കൊള്ളാത്ത ഒരുത്തനായിരുന്നു അമ്മവീട്ടുകാര്‍ക്ക് എന്റെ അച്ഛന്‍. 

കുട്ടിക്കാലത്തൊക്കെ ""മാഷ് കറുത്തിട്ടാണ്​'' എന്ന് അമ്മയും ""സത്യേടെ മാഷ് കറത്തിട്ടല്ലെ?'' എന്ന്​ ബന്ധുജനങ്ങളും പറയുന്നതുകേട്ടാണ്​ ഞാന്‍ വളര്‍ന്നത്. എന്റെ തൊലിയ്ക്കും പൊന്‍നിറമുണ്ടായിരുന്നില്ല.
എനിക്കെന്റെ അച്ഛന്റെ നിറമായിരുന്നു.
എനിക്കൊപ്പമുണ്ടായിരുന്ന എന്റെ കസിന്‍സ്സായ അനൂപ്, അമ്മിണി, വിമലുവാവ എന്നിവര്‍ വെളുത്ത് വെളുത്ത് ഗോതമ്പിന്റെ സ്വര്‍ണനിറത്തില്‍ ഊതിക്കാച്ചിത്തിളങ്ങി. അവര്‍ക്കിടയില്‍ ചുരുണ്ട സ്​പ്രിംഗാകൃതിയുള്ള കാപ്പിരിയന്‍ മുടിയും ആഫ്രിക്കന്‍ ജനിതകശരീരവും ഇരു നിറവുമുള്ള ഞാന്‍ നിറമില്ലാത്തവള്‍ എന്നും അതിനു കാരണം എന്റെ അച്ഛന്റെ ഉടല്‍ നിറമെന്നും വിലയിരുത്തപ്പെട്ടു.

""ഞാന്‍ മങ്ങാട്ടെ കുരിടിയച്ചിയുടെ മകനാണ്​. ആ നിറമേ കാണൂ'' എന്നച്ഛന്‍ മരിച്ചുപോയ അമ്മയെ പ്രതി അഭിമാനത്തോടെ പറഞ്ഞു കേട്ടു.
എനിക്ക് മങ്ങാട്ടെ കുരിടിയച്ചി കുഞ്ഞിക്കുട്ടിപ്പിള്ളയമ്മയോട് ദേഷ്യം തോന്നി.
""അച്ഛമ്മ കാരണല്ലെ?'' ഞാന്‍ പരിഭവിക്കുമ്പോള്‍
""എന്തിനാ''? അച്ഛനെന്നെ ആശ്വസിപ്പിച്ചു.
""എന്റെമ്മ അത്ര നിറമില്ലായിരുന്നു. ഉയരവും കുറവ്. അതൊക്കെ നമ്മള്‍ തീരുമാനിക്കുന്നതാണോ? അല്ല. ഞാനും കൃഷ്ണങ്കുട്ടിയണ്ണനും എന്റെ അമ്മയുടെ പോലെയാണ്. ബാക്കിയൊള്ളോരെ നീ കണ്ടിട്ടില്ലെ?''
ശരിയാണ്​, അച്ഛന്റെ സഹോദരങ്ങളില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും നല്ല വെളുത്ത തൊലിക്കാരാണ്.
""എന്റെമ്മ എനിക്ക് തൊലി മാത്രമല്ല അമ്മയുടെ സംഗീതവും തന്നു. നമ്മള്‍ ജീവിക്കുന്നത്, നമ്മള്‍ ഉടുക്കുന്നത് ഒക്കെ എന്റെ അമ്മ തന്ന സംഗീതത്തിനെ ഔദാര്യമാണ്.'' അച്ഛന്റെ മുഖം അഭിമാനപൂര്‍ണമായി.

ഞാന്‍ എട്ടാം ക്ലാസ്സില്‍ വെച്ച് സന്യാസം സ്വീകരിച്ചു. പൗഡര്‍, ആഭരണങ്ങള്‍, മറ്റ് ആര്‍ഭാടങ്ങള്‍ ഒക്കെ ഉപേക്ഷിച്ചു. ഇസ്തിരിയുപേക്ഷിച്ചു. വെള്ള, സന്യാസി സാഫ്രോണ്‍, പിങ്ക് അങ്ങനെ മൂന്നേ മൂന്ന് പാവാടകളായിരുന്നു അക്കാലത്ത് ധരിച്ചിരുന്നത്

ബോഡി ഷെയിമ്മിങ്ങിനെ പറ്റിയോ ശരീരത്തിന്റെ നിറം സൃഷ്ടിക്കുന്ന ആഭിജാത്യങ്ങളെപ്പറ്റിയോ ഒന്നും അറിയാത്ത പ്രായത്തില്‍ ഞാന്‍ അമ്മയോട് കലഹിച്ചു കൂട്ടി: ""ആ വാവയെപ്പോലെ എന്നയാക്കാമായിരുന്നില്ലെ. അമ്മൂനെപ്പോലെ വെളുപ്പിക്കാമാരുന്നില്ലെ? എന്റെ ചുണ്ടിനു ഇത്തിരി നിറം കൂടിത്തരാമായിരുന്നില്ലെ?''
""വലുതാകട്ടെ നീ അമ്മയെപ്പോലെയാകും'' എന്ന് ആരും പറഞ്ഞില്ല.
""നീ ഉയരമില്ലാത്ത കുള്ളിയായി ജീവിക്കും. നീ നിറം കെട്ട തൊലിയുമായി ജീവിക്കും, ഒഹ്, നിന്നെക്കാണാന്‍ എന്തിനു കൊള്ളും'' എന്റെ ഹൃദയം ചളുങ്ങി. ഞാന്‍ എട്ടാം ക്ലാസ്സില്‍ വെച്ച് സന്യാസം സ്വീകരിച്ചു. പൗഡര്‍, ആഭരണങ്ങള്‍, മറ്റ് ആര്‍ഭാടങ്ങള്‍ ഒക്കെ ഉപേക്ഷിച്ചു. ഇസ്തിരിയുപേക്ഷിച്ചു. വെള്ള, സന്യാസി സാഫ്രോണ്‍, പിങ്ക് അങ്ങനെ മൂന്നേ മൂന്ന് പാവാടകളായിരുന്നു അക്കാലത്ത് ധരിച്ചിരുന്നത്. മറ്റുടുപ്പുകള്‍ അലമാരയില്‍ അങ്ങനെ ഇരുന്നു. കെട്ടാത്ത, എണ്ണ പാറാത്ത, അലസമായി കെട്ടിയ മുടിയില്‍ ഭംഗിയില്ലാത്ത ഞാന്‍ ലോകത്തോട് എന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടേയിരുന്നു. 

ഒരു ചെറിയ ഹൃദയത്തിനു താങ്ങാനാകുന്നതിലധികമായിരുന്നു അതിസുന്ദരിയായ അമ്മയ്ക്ക് പിറക്കുന്ന ശരാശരി ഉടല്‍പ്പെണ്മകള്‍പ്പട്ടം.
ഒട്ടും ഭംഗിയില്ലാത്ത ഒരു ഭര്‍ത്താവും ആ ഭര്‍ത്താവിനെ പകര്‍ന്നു കിട്ടിയ മകളും ചിലപ്പോള്‍ നാട്ടുകാര്‍ക്ക് അന്യരായി.
പൗഡറിട്ടില്ലെങ്കിലും പൊട്ടുതൊട്ടില്ലെങ്കിലും തിളങ്ങുന്ന മുഖമുള്ള അമ്മയെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി. ചെറുപ്പകാലത്ത് കാണാന്‍ നല്ല രസമുണ്ടെന്നു കണ്ട് എന്റെ സ്‌കൂളിലെ കുട്ടികള്‍ എന്റെ അമ്മയെ നോക്കി ""സെരിക്കും?'' എന്നത്ഭുതം കൂറി.
""യെന്ത്ത്തും ലങ്കി മറച്ചിലാണ്ടോ?'' എന്ന് തൊലിയെപ്രതി കമന്റുകളുതിര്‍ത്തു.
""ശരിക്കും എന്റെയാ. എന്റെയമ്മയാ. വാടേയ്ക്ക് എടുത്തതേ അല്ല'' എന്ന് അവരെ വിശ്വസിപ്പിക്കുവാന്‍ ഞാനേറെ പ്രയാസപ്പെട്ടു.
ചെറുപ്പകാലത്ത് ഞാന്‍ വളരെനന്നായി ആശാരിപ്പണിയും ലോഹപ്പണിയും ചെയ്യുമായിരുന്നു. അമ്മയും അച്ഛനും സ്‌കൂളില്‍ പോകുമ്പോള്‍ അഞ്ച് വയസ്സുമുതല്‍ എന്നെ നോക്കുന്നത് ഊട്ടുന്നത്, ഒരുക്കുന്നത്, ഉറക്കുന്നത് ഒക്കെ അപ്പുട്ടന്‍ ആശാരിയെന്ന ആശാരിമാമയും ഭാര്യ ദേവകി വെല്ല്യമ്മയുമായിരുന്നു. വീടുമുറ്റത്തിരുന്നു ആശാരിമാമനൊപ്പം ഉളിയും ചിപ്പിലിയും അറക്കവാളുമൊക്കെ പ്രയോഗിച്ച് ഞാനും നന്നായിത്തന്നെ ആശാരിപ്പണി സ്വായത്തമാക്കി.  

മാപ്പിള സ്‌കൂളായതിനാല്‍ വെള്ളിയാഴ്ചകളില്‍ അവധിയായിരുന്നു.
ദൂരെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്ന അമ്മയ്ക്ക് ആശാരിമാമയും കുടുംബവും താങ്ങായി.
ആ ദേശത്തെ ഗുണ്ട ബിനുവായ എന്നെ രാവിലെ തന്നെ അമ്മ ആശാരിമാമയുടെ വീട്ടിലേയ്ക്ക് കൊണ്ടാക്കി. അമ്മയെയും എന്നെയും കാണുന്ന നിമിഷം ആശാരിമാമനൊപ്പം പണിയെടുക്കുന്നവര്‍ ഗൂഢഭാവത്തോടെ പരസ്പരം നോക്കി സംവദിച്ചു.

Indu Menon

എനിക്കുള്ള പരിഹാസമാണത് എന്നറികെ ഞാന്‍ പല്ലിറുമ്മി.
എന്ത് ഫലം, അമ്മ പോയിക്കഴിയുമ്പോള്‍ തുടങ്ങും. തോട്ടിലൊഴുകി വന്ന ആശാരിച്ചിക്കുട്ടിയാണു ഞാനെന്ന് ഒടുവിലവര്‍ നിസ്സംശയം എന്റെ ജന്മരഹസ്യം വെളിപ്പെടുത്തും.  
""ഏട്ന്ന് നിച്ചണ്ടാകാനാ ഉളി പിടിക്കലു? വെല്ല്യാശ്ശാരിയ്‌ക്കെന്നെ ഭയങ്കര കാര്യല്ലേ? ദൊക്കെ ആശാരിച്ചികള്‍ക്കേ പറ്റൂ'' അവര്‍ കട്ടായമായി പറയും.
""ആശാരിക്കുട്ടി തന്നെ'' അതൊരു കോളനി ജീവിതമായിരുന്നു. സാധാരണക്കാരായ മനുഷ്യര്‍. ഭൂദാനപ്രസ്ഥാനത്തിലൂടെ സൗജന്യഭൂമികിട്ടിയവര്‍. ഉള്ളോട്ടു പോകും തോറും കൂലിപ്പണിയും അവയല്‍പ്പണിയും ചെയ്തു ജീവിക്കുന്ന അസംഖ്യം മനുഷ്യര്‍. അതിനിടയില്‍ കുഞ്ഞു രണ്ട് മുറികളുള്ള വരാന്തയും മരജനാലകളും  ചാണകം തേച്ച തറയുമുള്ള കറന്റില്ലാത്ത വീട്- ഇന്ദു ഭവന്‍. തൊഴില്‍ എടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആ മനുഷ്യര്‍ക്കിടയില്‍ ഞാന്‍ ആശാരിയോ ചെട്ട്യാറോ ഒഴുക്കി വിട്ട തവിട് പെണ്‍കുട്ടിയായി.

ഞാന്‍ ആശാരിമാമ പഠിപ്പിച്ചു തന്നതൊക്കെ വൃത്തിയായും ശരിയായും തന്നെ ചെയ്തിരുന്നു.
കിറുകൃത്യമായി ചിപ്പിലിയൊരതി മരങ്ങളുടെ വളവ് നീര്‍ത്തി.
മരത്തിന്റെ മുടിയിഴകളായിരുന്നു ചിപ്പിലിയുരതുമ്പോള്‍ വെളിക്കു വരുന്നതെന്ന് ഞാന്‍ വിശ്വസിച്ചു. എന്റെ കൂടെയുള്ള പെണ്‍കുട്ടികള്‍ ചെറിയ കട്ടര്‍ കൊണ്ട് പെന്‍സില്‍ കൂര്‍പ്പിക്കെ മനോഹരമായ മരച്ചുരുള്‍ വരുന്നത് എടുത്ത് വെയ്ക്കുമായിരുന്നു.

അവയുടെ ഓര്‍മ്മയില്‍ ഞാനാകട്ടെ മരമുടിച്ചുരുളുകള്‍ സൂക്ഷിച്ച് വെച്ചു. നിറം പിടിപ്പിച്ചു. അവരെ അസൂയപ്പെടുത്തി. മയിലിന്റെ പീലിയും മരത്തലപ്പുകളും പൂവുകളും കുഞ്ഞു വിശറികളും വിടര്‍ന്നു.

ആശാരിമാമന്‍ തന്ന ചെറിയുളിയായിരുന്നു എന്റെ പ്രധാന ആയുധം. മരക്കുട്ടികളായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടവ.
മരം കൊണ്ടുള്ള ഉരുളന്‍ ബൊമ്മക്കുട്ടികള്‍. അവ ഞാന്‍ തന്നെ അളവു തെറ്റാതെ ഉണ്ടാക്കി. കയ്യും കാലും കൊത്തിയെടുത്തു. പക്ഷെ മുഖം! മുഖഡീറ്റെയിലിങ്ങിനായി ഉളിവെയ്ക്കുമ്പോള്‍ തന്നെ മൂക്ക് ചെത്തിയും കണ്ണ് കുഴിഞ്ഞും അതിന്റെ പരിപൂര്‍ണ്ണത നഷ്ടപ്പെട്ടിരുന്നു. മുഖം കുരങ്ങന്റെയോ കരടിയുടേയോ പോലെ വികൃതമായി. ആശാരിമാര്‍ എന്നിട്ടും ആവോളം അഭിനന്ദിച്ചു. കുട്ടികള്‍ പരിഹസിച്ചു. 
""മരക്കുട്ടിക്കൊരങ്ങത്തി
മൊച്ചങ്കുട്ടിക്കൊരങ്ങന്‍'' അവര്‍ താളത്തില്‍ പാടി. മനുഷ്യമുഖം ഉണ്ടാക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞതേയില്ല. ഒടുവില്‍ മുഖത്ത് ഉളിതൊടാതെ വരച്ച് ചേര്‍ക്കാമെന്നു ഞാന്‍ തീരുമാനിച്ചു. കണ്ണുകളില്ലാത്ത ചുണ്ടുകളും മുഖവുമില്ലാത്ത എന്റെ മരപ്പാവകള്‍ തുണിക്കടകളിലെ മാനിക്ക്യൂന്‍ പോലെയായി തീര്‍ന്നു. 

മോന്തയില്ലാത്ത ബൊമ്മകളെ നിര്‍മ്മിച്ച് കുട്ടികള്‍ക്കിടയില്‍ മോശം പേരും ആശാരിമാര്‍ക്കിടയില്‍ നല്ല പേരും ഞാന്‍ സമ്പാദിച്ചു. മുഖമില്ലാത്ത മരബൊമ്മകള്‍ക്ക് വാട്ടര്‍ കളറോ സ്‌കെച്ച് പെന്‍സിലോ വെച്ചു മുഖമുണ്ടാക്കിയാല്‍ എങ്ങനുണ്ടാകും. ഒട്ടും ഭംഗിയുണ്ടാവില്ല. 
""അന്നെപ്പോലെ തന്നെ'' ഏട്ടമ്മ കുത്തുവാക്കുകള്‍ പറഞ്ഞു. ഞാന്‍ നോക്കി മങ്ങിയ മുഖം. അല്‍പ്പം കൂടി കളറ് കിട്ടാന്‍ ഞാന്‍ റെയ്‌നൊള്‍ഡ്​സ്​ പേനയുടെ നിബ്ബ് ഊരി മഷി ഊതിയുറ്റിച്ച് അത് തേച്ചു ബൊമ്മമുഖങ്ങളുണ്ടാക്കി നോക്കി. കുട്ടികള്‍ കളിയാക്കി. എന്നാലും ആശാരിമാമന്റെ പേരക്കുട്ടി ബിന്ദു പൊട്ടിപ്പൊട്ടിച്ചിരിച്ചു
""അന്റെ ഒലക്കമ്മലെ മരക്കുട്ടി. മോന്തകണ്ടാ മതി. ഔ ബളെ''

എത്ര പരിഹസിച്ചാലും ബിന്ദുവിനേക്കാളും ഭേദമായിരുന്നു ഞാന്‍.
അവള്‍ക്ക് ഒരു ആശാരിപ്പണിയും അറിയുമായിരുന്നില്ല. താത്പര്യവുമുണ്ടായിരുന്നില്ല. അവള്‍ ഏറെ സുന്ദരിയായിരുന്നു.
എന്റെമ്മയുടെ മകളാണവളെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നു. അവള്‍ വെളുത്ത് തുടുത്ത് നല്ലയുടുപ്പുകളിട്ട് മുടിയില്‍ കനകാംബരമോ ചക്കമുല്ലപൂവോചൂടി നിന്നു. ഹൈസ്‌ക്കൂള്‍ പൂര്‍ത്തിയാകുന്ന അന്ന് അവള്‍ കല്യാണം കഴിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാനോ ട്രൗസറിട്ട് ചുരുണ്ട സ്​പ്രിങ്​ മുടി രാവണന്‍ കോട്ട പോലെ വളര്‍ത്തി. ഉളിപിടിച്ചും തട്ടാന്റാലയില്‍ ഊതി പൊന്നുരുക്കിയും കൊല്ലന്‍സുരന്റെ ആലയില്‍ ഇരുമ്പടിച്ച് പരത്തിയും നടന്നു. ഉളികൊണ്ട് മീന്മുറിക്കാനും ഇറച്ചികാശാപ്പുനടത്താനും കറിമൂസയോ പച്ചക്കറിയോ ചെത്താനും കശുവണ്ടി കീറി പരിപ്പെടുക്കാനും എനിക്കറിയാമായിരുന്നു. ഒഴിവു സമയങ്ങളില്‍ പള്ളിക്കണ്ടികളും പണിക്കന്മാരുടെയും ചെറുമക്കളുടെയും ശ്മശാനങ്ങളെയും സന്ദര്‍ശിച്ചു. ഞാനങ്ങനെ തോട്ടിലൊഴുകി വന്ന ആശാരിച്ചിയായും തവിടു കൊടുത്ത് ശാന്തയും സുരനും വാങ്ങിയ പെങ്കുട്ട്യായായും ഗണപതിച്ചെട്ട്യാറെ ചീരു ചെട്ടിച്ചിയ്ക്ക് ദൈവം കൊടുത്ത പൈതയായും  അവലിടിയുമ്മയുടെ ഇണ്ണിയായും നാട്ടില്‍ വിളങ്ങി.

മുലപ്പാല്‍  കടം കൊണ്ടൊരാള്‍

വളര്‍ന്നപ്പോള്‍ എനിക്ക് സത്യം ബോധ്യപ്പെട്ടു; എന്റെ അച്ഛന്‍ വിരൂപനേ അല്ല. ഞാനുമല്ല. മെലിഞ്ഞ് ഊര്‍ജ്ജ്വസ്വലനായ ആരോഗ്യവാനായ ഇരു നിറക്കാരനായ ഒരു സാധാരണ മനുഷ്യന്‍. എന്നാല്‍ കല കൊണ്ട് അസാധാരണക്കാരനായവന്‍. ഇപ്പോള്‍ 74 വയസ്സിലും യൗവ്വനകരമായ ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവന്‍. അമ്മവീട്ടുകാരുടെ ഗര്‍വ്വിനും അഹന്തയ്ക്കും അച്ഛനോടുള്ള ഈ അവജ്ഞയ്ക്കും കൃത്യമായ ഒരു കാരണം അവര്‍ക്കുണ്ടായിരുന്നു. എന്തായാലും എന്തിന്റെ പേരിലായാലും അച്ഛനെ ഇങ്ങനെ വിരൂപനാക്കുന്നതില്‍ എനിക്ക് കലശലായ എതിര്‍പ്പു തോന്നി. എന്തുകൊണ്ട് അമ്മ അത് എതിര്‍ക്കുന്നില്ല? എന്തുകൊണ്ട് അമ്മ അതില്‍ പ്രതി അച്ഛനു വേണ്ടി സംസാരിക്കുന്നില്ല എന്ന് ഞാന്‍ കലഹിച്ചു.

1979 ലാണ്​ അവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

Indu Menon

ശേഷം ഒരു ദിവസം അമ്മയുടെ അയല്‍വാസിയായ അച്ച്വേട്ട മാമ  അച്ഛനെ ബസ്സില്‍ നിന്ന്​ കണ്ടു. കാറ്റത്ത് നീണ്ടമുടിയിഴ അനങ്ങിയപ്പോള്‍ അവിടവിടെയായി അകാലനര തിളങ്ങി. എന്തു കൊണ്ടോ ആ നരപിടിച്ചില്ല മൂപ്പര്‍ക്ക്, എന്റെയച്ഛനെയും. വന്നയുടനെ ചോദിച്ചു.
""എന്തിനാണു സത്യ മുടി നരച്ച ആളെ കെട്ടാന്‍ പോകുന്നത്?'' എന്തോ മഹത്വം ചെയ്ത ത്യാഗിയെപ്പോലെ അമ്മ നിന്നു.

""ഇരട്ടത്താപ്പാണ്​ അമ്മ. സുന്ദരനെ വേണെമെങ്കില്‍ അന്ന് കല്യാണം കഴിക്കാരുന്നല്ലോ. പിന്നെന്തിനു എന്റെ അച്ഛനെ കെട്ടി?''
""എന്റച്ഛന്‍ പറഞ്ഞു നീ ഇയാളെ കല്യാണം കഴിച്ചൊന്ന്. അതുകൊണ്ട് ഞാന്‍ കെട്ടാന്‍ തീരുമാനിച്ചു'' ത്യാഗി മാത്രമല്ല സൽസ്വഭാവികൂടിയായ പുത്രിയാണ് താനെന്നതു പോലെ അമ്മ നിന്നു. നിന്നെപ്പോലെ തര്‍ക്കുത്തരം പറയുന്ന, അച്ചനമ്മമാരെ ചോദ്യം ചെയ്യുന്ന നിഷേധിയല്ലെടീ ഞാന്‍ എന്ന ധ്വനിയില്‍ മൂക്കുയര്‍ത്തി, അമ്മ ഗര്‍വിയായ്. 

""എന്റച്ഛനു സുഖമില്ലാത്ത സമയമായിരുന്നു. ഞാന്‍ കല്യാണം കഴിക്കണമെന്ന് മൂപ്പര്‍ടെ ആശയായിരുന്നു'' അമ്മച്ഛന്റെ രോഗകാലത്ത് അമ്മ അച്ഛന്റെ സന്തോഷത്തിനായി ചെയ്ത കല്യാണം. സത്യത്തില്‍ രോഗിയായ അച്ചന്റെ ഗതികേടാണെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. സുന്ദരിയായ എന്നെ ലോട്ടറിയടിച്ച അമ്പട മാഷെ എന്ന ലൈനില്‍ മൂപ്പത്തിയാര്‍ ചെത്തി. 
പലപ്പോഴും ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു സുന്ദരനല്ലാത്ത മെലിഞ്ഞ മനുഷ്യനെ, കോലോന്തൊടിയിലെ അതിസുന്ദരി കല്യാണം കഴിച്ചതില്‍ പലര്‍ക്കും ചങ്കെരിഞ്ഞു. സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക്, വയസ്സന്മാര്‍ക്ക്, ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. 

എന്റെ അച്ഛന്‍ അതീവ ശാന്തനായ മനുഷ്യനായിരുന്നു.
എന്നിട്ടു പോലും ഈ അധിക്ഷേപങ്ങളുടെ മാരക മൂര്‍ച്ചയില്‍ ഇടയ്‌ക്കൊക്കെ അദ്ദേഹം ക്ഷുഭിതനായി. അത്രമേല്‍ അധിക്ഷേപം അദ്ദേഹത്തിനു കിട്ടി. അദ്ദേഹമാകട്ടെ സൗന്ദര്യം, പണം, പദവി എന്നിവയിലൊന്നും അഭിരമിക്കുന്ന ഒരാളുമല്ലായിരുന്നു. നാട്ടില്‍ പറഞ്ഞുവെച്ച സ്വന്തം മുറപ്പെണ്ണ്, തന്റെ കല്യാണനായിക മറ്റൊരാളെ പ്രേമിക്കുന്നെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് വേണ്ടി വീട്ടില്‍ സംസാരിച്ച് സ്വയം മാറിനിന്നത്ര പാവമാണ്​ എന്റെയച്ഛന്‍. കലാകാരന്റേതായ ചില ശുണ്ഠികള്‍ മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പരമസാധുവുമാണ്. മനുഷ്യരെ പറ്റി നല്ലത് വിശ്വസിക്കുകയും പറയുകയും ചെയ്യുക. ആരെക്കണ്ടാലും കൊണ്ടു പോയി ചായയും ഭക്ഷണവും വാങ്ങി നല്‍കുക (ഒരു പക്ഷെ അവര്‍ വിശന്നിട്ടായിരിക്കും വരിക. അതൊന്നും മനുഷ്യര്‍ നമ്മോട് പറയില്ല. പക്ഷെ നമ്മളത് അറിഞ്ഞ് ചെയ്യണം). വളരെ ബുദ്ധിമുട്ടി കോളേജില്‍ പഠിക്കുന്ന കാലത്ത് അച്ഛനും റൂമേറ്റായ സുകുസാറിനും പൈസയൊന്നും ഇല്ലായിരുന്നുവെത്രെ. സുകുസാറിന്​ കിട്ടുന്ന ചെറിയ സ്‌റ്റൈപ്പന്‍ഡ് തുകയാണ് അച്ഛന്റെയും അന്നം. അത് മാസപ്പകുതിയില്‍ തീര്‍ന്ന ശേഷം മുറിയില്‍ മിക്കപ്പോഴും പട്ടിണിയാണ്. ശേഷം അച്ഛന്റെയും സഹമുറിയന്റെയും  കാര്യം വളരെ പരിതാപകരവുമായിരുന്നു. ഇടയ്ക്ക് പരിചയക്കാര്‍ വരുമ്പോള്‍ ""എടെ വിക്രമാ ബാടെ ഒരു ചായ അടിക്കാടെ'' എന്നു പറയുമ്പോള്‍ സഹമുറിയനൊപ്പം പോയി ചായയും ബണ്ണും കഴിച്ച ഓര്‍മകളാണ്​ അദ്ദേഹത്തിന്റെ ഈ യുക്തിക്കാധാരം). പോകുമ്പോള്‍ ആളുകള്‍ക്ക് വണ്ടിക്കൂലി നല്‍കുക, ഉടുപ്പുകള്‍ വാങ്ങി നല്‍കുക എന്നിവ അച്ഛന്റെ നിര്‍ബന്ധമായിരുന്നു. എവിടേയ്ക്ക് പോകുമ്പോഴും ""പൈസയുണ്ടോടെ? ചില്ലറയിരിക്കട്ടെ'' എന്ന് നിര്‍ബന്ധം പറഞ്ഞ് അച്ഛന്റെ പണം നീട്ടി. എല്ലാര്‍ക്കും. എനിക്കുമതേ, അച്ഛന്റെ കയ്യില്‍ നിന്ന്​ 10 രൂപ വാങ്ങിക്കുകയെന്നത്  ഒരു സുഖശീലമായിരുന്നു. വളരെക്കാലം ഞാനത് തുടരുകയും ചെയ്തിരുന്നു. ജോലികിട്ടിയിട്ടും നല്ല ശമ്പളമുണ്ടായിട്ടും കാറില്‍ സഞ്ചാരം പതിവാക്കിയിട്ടും ഇറങ്ങുമ്പോള്‍  ""അച്ഛാ പൈസ'' എന്നു കൈനീട്ടി 10 രൂപ വാങ്ങുന്ന ആ സുഖമൊന്നു വേറെയായിരുന്നു.
""യെന്തിനീ പുല്ല് പെണ്ണ് ഇങ്ങനെ കൈനീട്ടുന്നു. അതും പത്തു രൂവയ്ക്ക്?'' എന്നച്ഛന്‍ അപ്പോഴല്ലെ അമ്മയോട് ആധിപൂഴും
""മാഷ് പഠിപ്പിച്ച് വിട്ട ശീലം അല്ലാതെന്താണ്​?'' അമ്മ അച്ഛനെ കളിയാക്കും
""എടെ സത്യേ ഇയ്യാടെ മോക്ക് ശമ്പളവൊന്നുവില്ല്യോ?'' എന്ന് ചോദിച്ച് കൂലങ്കുഷമായ് ചിന്തിക്കും
""യെല്ലാം അടിച്ച് പൊട്ടിച്ച് കാണും കേട്ടാ'' അച്ഛന്‍ തന്നെ ഉത്തരവും പറയും. നന്നായി കളിയാക്കുകയും നല്ല നര്‍മ്മം സൂക്ഷിക്കുകയും ചെയ്യുന്ന ആള്​കൂടിയാണദ്ദേഹം. പെന്‍ഷന്‍, ഡി.എ. അരിയറൊക്കെ കിട്ടുമ്പോള്‍ അദ്ദേഹം എന്നെ കളിയാക്കാറുണ്ട്.
""വ്വ്വൊ ഇതപ്പടീം തീര്‍ക്കണൊങ്കി ഒറ്റ വഴിയേ ഒള്ള്. ഇയ്യാടെ മോളോട് കടം വാങ്ങാമ്പറ. തമാമാക്കിത്തരും'' 

ഇപ്പോഴും വീട്ടില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഒരു പത്തുരൂപ കിട്ടുമോ എന്ന് ഞാന്‍ ഓര്‍മകള്‍ക്ക് പതര്‍ച്ചയും വിഷാദരോഗത്തിന്റെ നിഴലുകളുമുള്ള അച്ഛനോട് വെറുതെ ചോദിക്കും.
മരക്കുട്ടിയുടെ പോലെ നിര്‍മ്മമായ മുഖത്ത് ചിരി തെളിയും. സ്‌കൂള്‍ കാലത്ത് മകള്‍ക്ക് പൈസ നീട്ടുന്ന അതേ വാത്സല്യപ്പച്ചയില്‍ കണ്‍പീലി നരകള്‍ ഇളകും. കൈ വിറഞ്ഞു പറയും.

Indu Menon

""ഒപ്പിട്ട് തരാം പെന്‍ഷനീന്ന് എടുത്തോളൂ''

ഈ കളിയാക്കലൊപ്പം ഇരട്ടപ്പേരടിക്കുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാം രഹസ്യമയമാണ്​. അമ്മയോട് മാത്രമേ അതൊക്കെ പറയൂ സംസാരിക്കൂ. ശക്തിദുര്‍ഗ്ഗ, മെത്ത, പാച്ചു കോവാലന്‍, കാക്കി, കണ്മഷി, ക്യാപ്‌റ്റെന്‍, മിതവാദി, ഭഗത് സിങ്ങ്, ദുല്‍ക്കർ, ചിങ്കാരി എന്നിങ്ങനെ ഇരട്ടപ്പേരുകള്‍  സ്വാഭാവികമായി തട്ടിവിടും. ദുല്‍ക്കര്‍ എന്റെ അനുജത്തിയുടെ ഭര്‍ത്താവിനെയാണ്. അവനെ പെട്ടന്നു കണ്ടാല്‍ അച്ഛന്​ ദുല്‍ഖര്‍ സല്‍മാനെ ഓര്‍മവന്നു കൊണ്ടിരുന്നു. അച്ഛന്റെ പേരുകള്‍ ഒട്ടും നെഗറ്റീവായിരുന്നില്ല, അവ ഏറെ പോസിറ്റീവ് ആയിരുന്നു. നര്‍മവും വിമര്‍ശവുമായിരുന്നു അതിന്റെ കാതല്‍

അച്ഛന്‍ പൊതുവെ മിതഭാഷിയാണ് ആരോടും അധികം സംസാരിക്കില്ല. പാട്ടുപാടുന്ന സമയത്ത് കൂടുതല്‍ കര്‍ക്കശമാകും. കട്ട  മൗനവൃതം. നിശബ്ദമായിരിക്കും. ആരും അച്ഛനോട് സംസാരിക്കാന്‍ പാടില്ല. ആരും ഉറക്കെ സംസാരിക്കാന്‍ പാടില്ല. അമ്മയും ഞങ്ങളുമല്ലാതെ മറ്റൊരാളും ആ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിശബ്ദ കര്‍ഫ്യൂ വീട്ടിനകത്ത് സുശക്തമായി. വലിയ സ്ഥായിയിലെ ഒച്ചയുള്ള എനിക്ക് ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ വര്‍ത്തമാനം പറയുന്നതിന്​ അച്ഛനെന്താ? എന്ന വിപ്ലവം എന്നെ ദേഷ്യക്കാരിയാക്കി. അമ്മ സമവായം വെച്ചു. മിണ്ടിക്കോളൂ പക്ഷെ അച്ഛനോട് വേണ്ട. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, ജോലി കഴിഞ്ഞു വരുമ്പോള്‍ എന്റെ ശിരസ്സ് ശബ്ദങ്ങള്‍ തട്ടി ദയാരഹിതമായ് പിളര്‍ന്നു. ചെന്നിക്കുത്തു കണ്ണുകളില്‍ ചെന്നിനായകം കലക്കിയൊഴിച്ചു. എനിക്ക് കാഴ്ച കയച്ചു. നെറ്റി ഞരമ്പ് പിണഞ്ഞുയര്‍ന്നു. പ്രത്യേകിച്ച് എന്റെ ശബ്ദം കടം കൊണ്ട് മകന്‍ കുഞ്ഞൂട്ടന്റെ കലപില. ചെവിക്കകത്ത് കയറിയുണ്ടാക്കുന്ന ബഹളങ്ങള്‍.  മകളുടെ ശബ്ദം. ഉയ്ശ്ശ്. അച്ഛനു കൊടുത്തത് കാലം തിരികെത്തരുന്നു.

വസ്ത്രത്തിലും അച്ഛന്റെ ഹൃദയ നൈര്‍മ്മല്യവും ലാളിത്യവും പ്രകടമായിരുന്നു. വെളുത്ത ഖദറുടുപ്പുകളാണു ധരിക്കുക വെള്ളമുണ്ടും. ചിലപ്പോള്‍ ഇളം സന്ന്യാസി സാഫ്രോണ്‍, മരനിറം പോലുള്ള ചില നരച്ചനിറങ്ങളുമുള്ള വലിയ  ജുബ്ബ ധരിയ്ക്കും. അതിനുള്ളില്‍ കാറ്റടിച്ചാല്‍ അച്ഛന്‍ പറന്നുപോകുമെന്നു തോന്നത്തക്ക വിധം കൃശഗാത്രമിളകി. തോളില്‍ ചെറിയ കള്ളികളുള്ള കൈമുണ്ട് ഇടും. അതും ഖാദി തന്നെ. കുട്ടിക്കാലത്ത് അച്ഛന്‍ അമ്മയെപ്പോലെ പാവാട ഉടുക്കാത്തതെന്ത് എന്ന് ഞാന്‍ വ്യഥപൂണ്ടു.
""എന്തിന്​?'' 
""നിഴലടിക്കുന്നു. ഇതു വീണു പോകാമല്ലോ?'' പലവിധ ആധികളുണ്ടെനിക്ക്. ആര്‍ഭാടങ്ങളില്ലാത്ത പട്ടങ്ങള്‍ പോലെ നീളവാലുള്ള ലംഗോട്ടിയും അതിനുമീതെ മുട്ടുതൊടുന്ന വെള്ള ഖാദി ട്രൗസറും മുണ്ടുരിഞ്ഞാല്‍ വെളിപ്പെടില്ലെ എന്നു ഞാന്‍ ഭയപ്പെട്ടു. ഒമാനില്‍ പോകാനാണു മൂപ്പരാദ്യായിട്ട് പാന്റിട്ട് കണ്ടത്.

അച്ഛന്റെ ഭക്ഷണം അതിനേക്കാള്‍ ലളിതമാണ്​. ജീവിതത്തില്‍ ഇറച്ചിയോ മീനോ കഴിച്ചിട്ടില്ല. എന്തിനു പാലു പോലും മര്യാദയ്ക്ക കുടിച്ചിട്ടില്ല. അച്ഛനെ പിറകൊണ്ട അറുപതാം ദിവസം അച്ഛന്റെ അമ്മ, കുഞ്ഞിക്കുട്ടിയമ്മ ചെന്നിവന്ന് മരണപ്പെട്ടതാണ്.
""അമ്മയെ അച്ഛന്‍ അടിച്ചിരുന്നു. പ്രസവിച്ച് പത്തോ പതിനഞ്ചോ ദിവസത്തില്‍. മരിച്ചുകിടക്കുന്ന ഫോട്ടോയില്‍ നീരു വീങ്ങി വീര്‍ത്ത മുഖം കാണാമായിരുന്നു'' ഇടയ്‌ക്കെപ്പോഴോക്കെയോ അച്ഛന്‍  സങ്കടപ്പെട്ടു പറഞ്ഞു.

അമ്മവീട്ടുകാര്‍ അച്ഛനെ എടുത്തപ്പോള്‍ അപ്പൂപ്പന്‍ ഇലവുമ്മൂട്ടില്‍ ശിവരാമപിള്ള കടുമ്പിടുത്തം പിടിച്ചു. അഹങ്കാരവും ഗര്‍വ്വും കലര്‍ന്ന സ്വരത്തില്‍ അമ്മവീട്ടുകാര്‍ക്ക് അച്ഛനെ നിഷേധിച്ചു.
""വെല്ല്യപെങ്ങളേ, ഇവനെക്കൊണ്ടു പോ'' കരയുന്ന കുഞ്ഞിനെ വലിച്ചെടുത്ത് മൂത്തസഹോദരിയായ കാര്‍ത്ത്യാനിപ്പിള്ളയമ്മയ്ക്ക് കൊടുത്തു.

""പിന്നെ ഇവന്റെ പേര് വിക്രമന്‍. കൊണ്ട് പൊയ്‌ക്കോ'' അങ്ങനെ അച്ഛന്റെ വല്യപ്പച്ചിയും അവരുടെ മകളും അച്ഛന്റെ മുറപ്പെണ്ണുമായ നാണിക്കുട്ടിയമ്മയും ചേര്‍ന്നാണു പിന്നെ  അച്ഛനെ വളര്‍ത്തിയത്. 
അതിലും ഒരു കഥയുണ്ട് 55 വയസ്സായ കാര്‍ത്ത്യായനിയമ്മയുടെ ജാതകം നോക്കിയ മാതുക്കണിയാന്‍ വാപൊളിച്ച് ഇരുന്നു.
""എന്തുവാടെ മാതു?'' 
"'ഒന്നുവില്ല അമ്മ'' അയാള്‍ നിശബ്ദനായി. വീണ്ടും വീണ്ടും ജാതകം നോക്കി. പിന്നെ മടിച്ച് മടിച്ച് പറഞ്ഞു.
""അമ്മാ അമ്മയ്‌ക്കൊരു പുത്രയോഗവുണ്ട്''
""ഹഹ'' കേട്ടു നിന്നവര്‍ ഉറക്കെ ചിരിച്ചു
""പോഹ് പുല്ല്.'' കാര്‍ത്ത്യായനിയമ്മ ചൊടിച്ചു.
""അല്ലമ്മാ. ഇതിനകത്ത് അമ്മയ്‌ക്കൊരു പുത്രയോഗം കാണുന്നുണ്ട്''
മാതുക്കണിയാനെ അന്ന് തല്ലാതെ വിട്ടത് ഭാഗ്യംമാത്രം
""ഉയ്യോ കവ്ടീം എടുത്ത് ഇല്ല അയ്യത്തൂടെ ഓടി'' നാണിക്കുട്ടിയമ്മ കാതിലെ തോടയിളക്കി ചിരിച്ചു
""യെന്തുവാര്ന്ന് അമ്മയ്ക്ക് ദേഷ്യം വന്നിട്ട്'' നാണിക്കുട്ടിപ്പിള്ളയമ്മയുടെ ചുവന്ന ഒറ്റക്കല്‍ നക്ഷത്രമൂക്കുത്തി തിളങ്ങി. അടുപ്പിലേയ്ക്ക് വിറക് നീക്കിവെയ്‌ക്കെ മുറുക്കിന്റെ ചോപ്പില്‍ നിന്ന ചുണ്ടുകള്‍ തൊണ്ടിപ്പഴമായി

നാണിക്കുട്ടിയമ്മ. ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛമ്മ. ചുവന്ന കല്ല് മൂക്കുത്തിയും റൗക്കയും ചുരുണ്ടമുടിയും നീണ്ട് തിളങ്ങുന്ന കണ്ണുകളും ഓര്‍മ്മവരും. അലിവിന്റെ ആള്‍രൂപമാണു. കൊതുമ്പ് അടുപ്പില്‍ തള്ളി ചൂടോടെ ദോശയുണ്ടാക്കുമ്പോള്‍ ഇടയ്ക്കിടെ ചിരിക്കുകയോ ഓടിവന്നു ഉമ്മതരികയോ ചെയ്യും. ഒപ്പം ഓമനിച്ച് വിളിയാണു ഇന്ദുപ്പിള്ളയമ്മോ എന്ന്. 

"ആടിനെ അമ്മാവന്‍ വാങ്ങിച്ച് തന്നൊന്നുവല്ല. പിന്നേ ഇത് നല്ല കഥ. ' എന്റെയച്ഛനെ വേണ്ടത് പോലെ നോക്കാത്തതിനു അച്ഛന്റെയച്ഛനോട് വലിയ ദേഷ്യമായിരുന്നു. ആ നാണിക്കുട്ടിയമ്മ അമ്മാവന്റെ മകനു കൊടുക്കാന്‍ മുലപ്പാലില്ലാത്തതിനാലാണു ആടിനെ വാങ്ങിച്ചത്. മങ്ങാട്ടഴികത്തെ സ്ത്രീകള്‍ എല്ലാം കൂടി അലിവോടെ പാലുകറന്ന് അലിവോടെ അമ്മമരിച്ച കുഞ്ഞിന്റെ വിശപ്പാറ്റി. ആ ആടിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മാവനോട് വഴക്കുണ്ടാക്കിയും അക്കാലത്ത് പ്രസവിച്ച മറ്റൊരു മുറപ്പെണ്ണായ സരോജിനിയക്കയുടെ അടുത്ത് എടുത്തുകൊണ്ട് പോയ് കുഞ്ഞിനെപ്പാലൂട്ടിയും എന്റെ അച്ഛമ്മ അച്ഛനെ വളര്‍ത്തി. കടംകുടിച്ച മുലപ്പാല്‍. 
""ഞാനെന്തൊരു പാപിയാണ്​, അമ്മയെ കണ്ടിട്ടുപോലുമില്ല.'' 
ഇടയ്‌ക്കെല്ലാമച്ഛന്‍  സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു. അമ്മയും ഞങ്ങള്‍ മക്കളും സംഗീതവുമല്ലാതെ അച്ഛനൊന്നും ഇല്ലായിരുന്നു. ഒന്നും.

ജീവിതം ഒരു വലിയ ചക്രമാണ്. കൊണ്ടത് കൊടുത്തും കൊടുത്തത് കൊണ്ടും നമ്മളിലത് വിരസമായി ആവര്‍ത്തിക്കുന്നു. അച്ഛന്‍ ആരോടോ കടം കൊണ്ട മുലപ്പാലിന്റെ കണക്ക് പിന്നീട് എന്റെ ജീവിതം കൊണ്ട് എനിക്ക് കൊടുത്ത് കണക്ക് തീര്‍ക്കേണ്ടിവന്നു.. മക്കളല്ലാത്ത മൂന്നാലു കുട്ടികള്‍ക്ക് പലസന്ദര്‍ഭങ്ങളിലായി എനിക്ക് മുലപ്പാലു കൊടുക്കേണ്ടി വന്നു...ഒരാള്‍ക്ക് നിത്യവും. അവള്‍ ദത്തെടുക്കപ്പെട്ട ഒരു പെണ്‍കുഞ്ഞായിരുന്നു. മൂന്നര ദിവസം പ്രായമുള്ളത്. ടിന്‍പാലും പശുപ്പാലും അലര്‍ജിയുള്ളവള്‍. അവളുടെ അപ്പിയില്‍ ചോരവാര്‍ന്നു വന്നു. ഡോക്ടര്‍മാര്‍ മുലപ്പാലു കിട്ടുമോ എന്നന്വേഷിക്കാനാണ് പറഞ്ഞത്. അതേ ഡോക്ടെര്‍മാര്‍ തന്നെയാണ് എന്റെ ഹൈപ്പെര്‍ ലാക്‌റ്റേഷന്‍ സിന്‍ഡ്രോമിനെക്കുറിച്ചും അവരോട് പറഞ്ഞത്. 

Indu Menon

മുലപ്പാല്‍ അധികമായി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ പെട്ട് ഉന്മാദിനിയെപ്പോലെ നടക്കുന്ന കാലമാണ്. മൂന്നാം ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും സകല കുറകളും വന്ന് വിഷാദം വന്ന്, ഹൃദ്രോഗം വന്ന് ഭര്‍ത്താവിനാല്‍ പൂര്‍ണമായി അവഗണിയ്ക്കപ്പെട്ട് , മരണം ഒരു കാമുകനെപ്പോലെ അവന്റെ കാമക്കണ്ണുകള്‍ വിടര്‍ത്തി എനിക്ക് പിറകില്‍ നടന്നിരുന്ന കാലമായിരുന്നു അത്.

ആ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിചിത്രമായ ആവശ്യം കേട്ട് എന്റെ അമ്മയുമച്ഛനും അന്ധാളിച്ചു.
""തീരുമാനം നിന്റെയാണ്​ ഇന്ദൂ'' അച്ഛന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങി. കേട്ടകഥകളുടെ ഓര്‍മയായിരിക്കണം.
""നിന്റെ അച്ഛനും ഒരു കാലത്ത് ഇങ്ങനെ യാചിച്ച് നിന്നിട്ടുണ്ട്''  അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഉള്‍ക്കിടിലമുണ്ടായി
""അതിനെയും വാരിപ്പിടിച്ച് അതിന്റെ തള്ള യാചകിയെപ്പോലൊരു നില്‍പ്പുണ്ട് കണ്ടാല്‍ സഹിക്കില്ല.''

അച്ഛന്റെ തൊണ്ടയിടറി. അവളെ ഞാന്‍  മകളായി സ്വീകരിച്ചു.  ഓരോദിവസവും ഓരോതവണയും ആ കുഞ്ഞിനെയും അമ്മയേയും കാണുമ്പോള്‍ എന്റെ അച്ഛമ്മയേയും അച്ഛനേയും ഞാനോര്‍ത്തു. എന്റെ അച്ഛനെയും പേറി വെയിലത്ത് നടന്ന് മുറപ്പെണ്ണിന്റെ അടുക്കല്‍ പോയി മുലപ്പാല്‍ കടം വാങ്ങുന്ന എന്റെ അച്ഛമ്മ. അമ്മാവന്റെ മകനോടുള്ള സ്‌നേഹം മാത്രമായിരുന്നില്ല അത്. അമ്മാവിയും സമപ്രായക്കാരിയുമായ കുഞ്ഞുക്കുട്ടിയമ്മയ്ക്ക് രോഗകാലത്ത് നല്‍കിയ വാക്കായിരുന്നു അത്. 

​​​​​​​മുലപ്പാല്‍ പോലും കടംകൊണ്ട് ജീവിച്ചതിന്റെ നിസ്സഹായതയായിരുന്നു ജീവിതത്തിലുടനീളം എന്റെച്ചന്‍ പുലര്‍ത്തിയ എളിമയുടെ കാതല്‍. ജീവിതമെന്നാല്‍ ചുറ്റുമുള്ളവരുടെ കേവല ഔദാര്യമാണെന്നും ലോകത്തെ നാം ഗൗരവമായ് കാണണമെന്നും അച്ഛന്‍ വിശ്വസിച്ചു. മുലപ്പാല്‍ കടം കൊണ്ടൊരാള്‍ക്ക് ലോകത്തോട് അലിവും കനിവും മാത്രം പോരാ അതിലുമേറേയെന്തൊക്കെയോ ചെയ്തു തീര്‍ക്കുവാനുണ്ടെന്ന് അച്ഛനെപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു.

(തുടരും)

ഇന്ദുമേനോന്‍

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു  വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും  തുടങ്ങിയവ പ്രധാന കൃതികൾ.

Audio