Wednesday, 29 March 2023

ആത്മകഥ


Text Formatted

എന്റെ കഥ- 10

മീനാ ഹാരിസ്; ഒരു ചെന്നൈ കൊലപാതകകഥ

ആ ഖബറിസ്ഥാന്റെ പേരും എനിക്ക് ഹൃദിസ്ഥമായിരുന്നു. ഞാനാ കഥ പറഞ്ഞു... മീനാ ഹാരിസ് എന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ ദുരന്തകഥ...

Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരീധരന്‍
Text Formatted

മീനാ ഹാരിസി (24) ന്റെ ജഡം സെപ്റ്റിക് ടാങ്കില്‍ നിന്ന്​ ഇന്നു പുറത്തെടുക്കും.
നുങ്കമ്പാക്കം ഹൈറോഡിലെ നറ്റാലിയ അപ്പാര്‍ട്ട്‌മെന്റ് കോളനിയിലെ ഔട്ട് ഹൗസിന്റെ സെപ്റ്റിക് ടാങ്കിലാണ് ജഡം ഒളിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു മീന.

മീനയ്‌ക്കൊപ്പം കൊല ചെയ്യപ്പെട്ടത് കാര്‍ത്ത്യായനിയമ്മ തന്നെ; പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ട് 
​​​​​​​
മീനയുടെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയത് ഭര്‍ത്തൃമാതാവായ സ്വര്‍ണ്ണലതയുടെ അമ്മ കാര്‍ത്ത്യായനിയമ്മയുടെ ജഡം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊന്നത് എതിര്‍ത്തപ്പോള്‍
തന്റെ ആഭരണങ്ങള്‍ ഊരി നല്‍കാതെ മീന എതിര്‍ത്തതു കൊണ്ടാണ് കൊല ചെയ്യേണ്ടി വന്നതെന്ന് മുഖ്യപ്രതി.

കൊല്ലപ്പെട്ടത് കോഴിക്കോടിന്റെ എഴുത്തുകാരി
സ്‌കൂള്‍, ഇന്റര്‍സോണല്‍ തലങ്ങളില്‍ അനവധി തവണ സര്‍ഗപ്രതിഭയായിരുന്നു മീന. കൂടാതെ നല്ല പ്രാസംഗികയും. 

""പക്ഷികളുടെ പ്രതിസന്ധി ചിറകുകളാണ്
പറക്കാതെ വയ്യ
ചിറകുകളില്‍ തൂവലിന്റെ ആണ്‍ വസന്തം
അവനില്ലാതെ എന്ത് ആകാശം
ആ നീലയില്‍ എന്നെ കൊല്ലുക''

അവളെഴുതിയ കവിതകള്‍

എന്റെ പ്രിയനെ സ്വപ്നത്തിന്റെ യന്ത്രച്ചക്കില്‍ തലകുടുങ്ങിയിരിക്കുന്നു.
നിന്റെ തലയില്‍ നീ എന്നെയൂറ്റിയ എണ്ണ തേച്ചിരുന്നില്ലെ?

ഡോ. അലിക്കെഴുതിയ പ്രേമലേഖനത്തിലെ വരികള്‍
ഹാ അവളെന്തൊരു പെണ്ണായിരുന്നു....

മീനാ ഹാരിസ്...
അതെ അവള്‍ മീനാ ഹാരിസ്

ഇരുനിറത്തില്‍ ഉയരം കുറഞ്ഞ ഒരുവളായിരുന്നു.
അലസമായ, എന്നാല്‍ പുതുഫാഷനിലെ ഉടുപ്പുകള്‍ ധരിക്കുമായിരുന്നു.
തലയില്‍ തട്ടമില്ലാതെ ഗര്‍വ്വമായ നടത്തം.
ഭംഗിയുള്ള വിലകൂടിയ ചെരുപ്പ്.
കയ്യില്‍ ചെറു ബ്രേസ്ലെറ്റ്. അതില്‍ തൂങ്ങിക്കിടക്കുന്ന താക്കോല്‍ ബ്ലേഡ്, കുഞ്ഞി മഴു, അരിവാള്‍. കഴുത്തില്‍ ഒരു പ്ലാറ്റിനം ചെയിന്‍ അതിനു ലോക്കറ്റായി വജ്രഹൃദയം. പണക്കാരിയാണ്.. നല്ലപണക്കാരി. അഹങ്കാരിയും തന്റേടിയും മുന്‍കോപക്കാരിയുമാണ്.

indu-4

ആരെയും കൂസാത്ത പ്രകൃതം.
നിരന്തരവായനയാലും എഴുത്താലും സ്വയം പുതുക്കപ്പെട്ട പെണ്ണ്.
തിയറിയും തെറിയും ചേര്‍ത്ത് പറയുന്നവള്‍.
അവളുടെ മാതൃഭാഷ തമിഴായിരുന്നു. സ്വത്വപ്രകാശനഭാഷ ഇംഗ്ലീഷും.
രണ്ടും വന്യമായ ഒഴുക്കോടെ വാള്‍ത്തല മൂര്‍ച്ചയോടെ വീശുന്നവള്‍. എന്നാലവളുടെ മലയാളം സൗമ്യമായിരുന്നു. സ്‌നേഹമയമായിരുന്നു.

 ""എന്തു കൊണ്ടാണത്?''
""എന്തുകൊണ്ടാവാന്‍.. അവന്റെ ഭാഷയാണത്, മലയാളം.
അവനെപ്പോലെ സ്‌നേഹമയമായും സൗമ്യമായും ഇരിക്കുന്ന ഒന്ന്.''
പക്ഷെ അവന്‍, അവളുടെ പ്രിയപ്പെട്ടവനായ ഡോ. അലി ഒരിക്കലും അവളോട് സൗമ്യമായിരുന്നില്ല. അവന്‍ മലയാളത്തിലും ഇംഗ്ലീഷിലും അവളെ മാറി മാറി ചീത്ത പറഞ്ഞു.
""ജസ്റ്റ് ഗെറ്റ് ലോസ്റ്റ്'' ബിസ്‌കറ്റ് കൂടുകള്‍ ഇംഗ്ലീഷ് വകുപ്പിന്റെ മുറ്റത്ത് വന്ന് പൊട്ടിച്ചിതറി.
""ഗെറ്റ് ഔട്ട്... ഐ സെ ഗെറ്റ് ഔട്ട്'' പൂക്കളും ആര്‍ച്ചീസ്സ് കാര്‍ഡുകളും മുറ്റത്ത് തന്നെ...

അവള്‍ക്ക് മാത്രം കൂസലില്ല. പരിഭ്രമമില്ല.. ഭയമില്ല...
ഞാനെന്റെ പ്രേമത്തിലും ചിന്തയിലും തെളിവുള്ളവളാണെന്ന അഹന്തയോടെ ചവിട്ടിക്കുതിച്ച് നടന്നു. അവളുടെ ബൂട്ടിന്റെ അടിയില്‍ നഗരത്തിലെ പ്രശസ്തനായ ചക്ലിയന്‍ മൂന്ന് ആണികള്‍ വീതം അടിച്ചു നല്‍കിയിരുന്നു. വരാന്തയില്‍ കുതിരച്ചിപ്പെണ്ണ് കുളമ്പടിക്കുന്നതു പോലെ അവള്‍ നടന്നു...
ഡോ. അലി പ്രാണഭയത്തോടെ ഓടി രക്ഷപ്പെട്ടു.

ഇംഗ്ലീഷ് വകുപ്പിന്റെ ഇടനാഴിയില്‍, ലൈബ്രറിയുടെ നിശബ്ദവായനകളില്‍, പ്രിന്‍സിപ്പല്‍ മുറിയുടെ നീണ്ട വരാന്തകളില്‍ ടക് ടക് ശബ്ദത്തില്‍ രാജകുമാരിയെപ്പോലെ അവള്‍ നടന്നു.
അവളുടെ ചിക്കങ്കാരി കുര്‍ത്തയുടെ അരികുകള്‍ തീപ്പാറിയതു പോലെ തൂണുകള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു..
നീണ്ട മൈതാനിയില്‍ ചിലപ്പോള്‍ കൊന്നപ്പൂവസന്തം നീര്‍ത്തിയ സറാറയായി കണ്ടു...

ചിലപ്പോള്‍ ഇന്ദ്രനീലയുടെ വൈരഭംഗി ചുരുക്കുംപോലെ കൈകള്‍ തെറുത്തു കേറ്റി, ആണ്‍കുട്ടികളോട് കലഹമുണ്ടാക്കുന്നതു കണ്ടു.
നിറങ്ങളും ശബ്ദവും ഗര്‍വ്വും അറിവും ചേര്‍ന്നൊരു പെണ്ണുണ്ടെങ്കില്‍ അതായിരുന്നു മീനാ ഹാരിസ്... ബോറമാരുടേ പരമ്പരാഗത വസ്ത്രത്തില്‍ മക്കന നീര്‍ത്തിയ അവളുടെ ഉമ്മയും അവളും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു.. വലിയ ബെന്‍സ് കാറില്‍ പൂത്തുന്നിയ പര്‍ദ്ദകളിട്ട അവളുടെ ഉമ്മിയോട് ഞാന്‍ കൈവീശി.. അവര്‍ അസാധാരണ ആഴമുള്ള നുണക്കുഴികള്‍ വിടര്‍ത്തി എന്നോട് ചിരിച്ചു.

ബ്രിട്ടീഷ് പ്രസംഗറാണി

ഞാന്‍ ആദ്യം കാണുമ്പോള്‍ അവള്‍ ക്ഷോഭത്തോടെ ആക്രോശിച്ചു കൊണ്ടേയിരുന്നു. തമിഴിലും ഇംഗ്ലീഷിലും ചീത്തവിളിച്ചു കൊണ്ടിരുന്നു.
ബി സോണ്‍ മത്സരങ്ങള്‍ നടക്കുകയാണ്. ബ്രണ്ണനിലെ പഴയ ക്ലാസ്സ് റൂമില്‍ അവള്‍ക്ക് വായ്ത്താരിയായി ചാരനിറപ്രാവുകള്‍ കുറുകി. 
""ഞാനിത് സഹിക്കില്ല.'' അവള്‍ ടീച്ചര്‍മാരോട് കയര്‍ത്തുകൊണ്ടിരുന്നു.
""മസ്റ്റ് ഡൂ സംതിങ്ങ്''
""ഇല്ല ഇല്ല. അങ്ങനെ ഒന്നും ബി സോണില്‍ നടക്കില്ല''
മിസ് മുനവറ ശാന്തതയോടെ പറഞ്ഞു.
""ആരോ നിന്നെ തെറ്റിദ്ധരിപ്പിച്ചതാണ്''
""അല്ല.. ഞാനറിഞ്ഞു. അവര്‍ക്ക് വിഷയം ചോര്‍ത്തിക്കിട്ടിയിട്ടുണ്ട്''

നഗരത്തിലെ പ്രശസ്തമായ പെണ്‍കോളേജുകാര്‍ക്ക് യൂനിയന്‍കാര്‍ ഇംഗ്ലീഷ് പ്രസംഗത്തിന്റെ വിഷയം ചോര്‍ത്തി നല്‍കിയതാണ് ക്ഷോഭകാരണം.
""എങ്ങനറിയാം മീനാ?'' 
""എന്റെ കസിന്‍ രഹാന അവിടെയാണ് പഠിക്കുന്നത്. അവളു പറഞ്ഞതാണ്'' 
""വിട്ടു കളയ്.നമുക്ക് പ്രിപെയര്‍ ചെയ്യാം''
""ആഹാ! അതെന്ത് മര്യാദ മിസ്സേ? ഇല്ല ഞാന്‍ വിട്ടു കൊടുക്കില്ല''
വിസമ്മതഭാവത്തില്‍ അവള്‍ ടീച്ചര്‍മാരോട് തലയാട്ടി.
""നിന്റെ വാലില്‍ കെട്ടാനില്ല ഒരുത്തിയും. അവര്‍ക്കാദ്യമേ വിഷയം അറിയാമെങ്കില്‍ പോലും,'' അഹമ്മദ് സാര്‍ ആത്മവിശ്വാസത്തോടെ ആശ്വസിപ്പിച്ചു.
മീന തലയുയര്‍ത്തി മനോഹരമായ ഒരു ചിരി അവളുടെ ചുണ്ടുകളെ തിളക്കി.

""എന്തു പറയുന്നു മിസ്റ്റര്‍ ഹാന്‍ഡ്‌സം?'' അഹമ്മദ് മാഷ് തിരിഞ്ഞപ്പോള്‍ ഡോ. അലിയോട് ശബ്ദം താഴ്ത്തി അവള്‍ ചോദിച്ചു.
ഞാന്‍ ഞെട്ടിപ്പോയി. ഡെസ്‌ക്കു ചേര്‍ത്തിട്ട്, മൂലയില്‍ ഒരു ഷീറ്റ് വിരിച്ച് ഞാന്‍ കിടക്കുന്നത് മീനയോ അലിക്കാക്കയോ കണ്ടിരുന്നില്ല. എനിക്ക് കടുത്ത മൈഗ്രേനായിരുന്നു. ഛര്‍ദ്ദിച്ച ശേഷം ഞാന്‍ തളര്‍ന്നു പോയി. ഗുളിക കഴിച്ച് ഉറങ്ങിയും പോയി. മീനയുടെ ചിലപ്പ് കേട്ടാണുറക്കം വിട്ടെണീറ്റത്..

""ഷടപ്പ്'' അലി മാഷ് ദേഷ്യത്തോടെ പറഞ്ഞു
""ബിഹെവ് യുവര്‍സെല്‍ഫ് മീനാ''
""ഹൗ ഡൂ ഐ ബിഹേവ്?''
അവള്‍ പ്രണയാതുരമായ മുഖത്തോടെ കുനിഞ്ഞു.
""നിങ്ങളടുത്തുള്ളപ്പോള്‍ ഞാന്‍ പ്രപഞ്ചത്തില്‍ ലയിക്കയാണു പ്രിയനെ.''
ഞാന്‍ സ്തബ്ദയായി. ഓഹ് അതിവളായിരുന്നോ എന്ന് ആശ്ചര്യപ്പെട്ടു. അലിമാഷ് ഉടനടി സംഭവിക്കാന്‍ സാധ്യതയുള്ള ഒരുമ്മയെപ്രതി ചാടിയെഴുന്നേറ്റു. ഞാനും എണീറ്റിരുന്നു. 

""എഹ് ഇതെന്താ ഇങ്ങനൊരാള് ഇവടെ കെടപ്പൊണ്ടായിരുന്നോ? ഹെയ് അലി നിങ്ങടെ സംരക്ഷണത്തിനാണോ ഈ ഐറ്റം? റഹദയുടെ ബെസ്റ്റ് ഫ്രെന്റ്.. അതിരിക്കട്ടെ ഞാന്‍ ജയിക്കോ?''
ഡോ. അലി പുസ്തകം മടക്കി വെച്ചു.
""പ്ലീസ് ഉപദ്രവിക്കരുത്''
""ഉറപ്പായും ഇല്ല. പക്ഷെ ഡോ അലി. ആ കോളേജുകാര്‍ക്ക് പ്രസംഗത്തിന്റെ വിഷയം കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടുക 10 മിനുട്ട് മുമ്പാണ്. ഞാന്‍ പോകണോ? നിങ്ങള്‍ പറയും പോലെ''

അലിക്കാക്ക ഒരു നിമിഷം നിശബ്ദനായി.
""കിട്ടും മീനാ. യൂ ആര്‍ ദി ബെസ്റ്റ് വണ്‍. വിഷ് യൂ ഗുഡ് ലക്ക്''
ഒരു നിമിഷം അവളുടെ മുഖം വിഷാദഭരിതമായി.
""താങ്ക്യു അലി. നിങ്ങള്‍ എന്നോടുള്ള ദേഷ്യത്തിനു കിട്ടില്ലാന്ന് പറയുമെന്നാ ഞാന്‍ കരുതിയെ.. താങ്ക്യൂ. ഈ വാക്ക് മതി.. ഇത്രമാത്രം...''

ഈ പെണ്‍കുട്ടിയാരാണെന്ന് എനിക്കറിയുമായിരുന്നില്ല.
ഡോ. അലി എനിക്ക് അലിക്കാക്കാ ആണ്. എന്റെ നാട്ടുകാരന്‍.
മിടുക്കനായ ചെറുപ്പക്കാരന്‍. എന്റെ പ്രിയസുഹൃത്ത് റഹദയുടെ പൊന്നിക്കാക്കാ...
""ഇബളെ. ബയ്ങ്കര പ്രസ്‌നാണ്,'' റഹദ തട്ടത്തിന്റെ തുമ്പ് വലിച്ചിട്ടു.
""പെരേലട്ക്കം പ്രസ്‌നാ. ഓളെ പേരൊന്നും നിച്ചല്ല. ഞാനറയാത്ത കിബ്ബറാണ്. ബെല്ല്യ പൈശക്കാര്യാ. ഓലെ വീട്ട്ന്ന് നമ്മളോടിക്കി വന്നിനീ. അലിക്കാക്കയ്ക്ക് രണ്ടാമാലോചന്യായിട്ട്. വാപ്പിച്ചി കൊല്ലാണ്ട് ബിട്ട്ണ്.'' റഹദ ചിരിച്ചു
""ഔ ബളെ എമ്മാരി വെല്ലീ വണ്ട്യേയ്‌നി. ബെന്‍സ്'' ഞാന്‍ നിശബ്ദയായ് നിന്നു.
""യെന്ത് ദൈര്യം മാണന്ന് ഇജാലോയ്ച്ചാ. അള്ളോ'' അവളാ ഓര്‍മ്മയില്‍ ചകിതയായി.

അതവരായിരുന്നു. മീനയുടെ മാതാപിതാക്കള്‍.
ഭൂവുടമയും ജന്മിയും പണക്കാരനുമായ നഗരത്തിലെ സ്വര്‍ണ്ണവ്യാപാരി ഹാരിസ് സൈനുലബ്ദീന്‍, ബേഗം ഹലീമാ. അവര്‍ക്ക് ഒറ്റ മകള്‍. 49ാ- മത്തെ വയസ്സില്‍ ബേഗം ഹലീമ ആദ്യമായി ഗര്‍ഭിണിയായപ്പോള്‍ അവര്‍ പേടിച്ചു. എത്ര ചികിത്സ ചെയ്തിരുന്നു. മദ്രാസ്, ബൊംബെ, ലണ്ടന്‍. ഒന്നും ഫലിച്ചില്ല. ഒടുക്കം മക്കളുണ്ടാകില്ലെന്ന സത്യം അവര്‍ അംഗീകരിച്ചു വന്നതായിരുന്നു. പക്ഷെ പടച്ചോന്‍ കനിവുള്ളവനായിരുന്നു. 
""അനുജത്തിയുടെ മകളുടെ പ്രസവശുശ്രൂഷ ചെയ്‌തോണ്ടിരിക്കുമ്പഴാ ഉമ്മി തല ചുറ്റി ബീണത്. ഞാനായിരുന്നു.. പേരക്കുട്ടികളേക്കാള്‍ ഇളപ്പമുള്ള കുട്ടി.'' അവരുടെ വാര്‍ദ്ധക്യ വസന്തമായി ബേഗം മീനാ ഹാരിസ് സൈനുലബ്ദ്ദീന്‍ പിറന്നു. 
""ഓലി ഓറെ പേരക്കുട്ടീന്റെ ചേലിക്കാണ് ബളര്‍ത്തിയെ'' റഹദയുള്ളപ്പോള്‍ റഹദയുടേ മലപ്പുറമലയാളം പറയാന്‍ മീന ശ്രദ്ധിച്ചു...

""ഇന്ദൂനറിയോ, എന്റെ അമ്മാവും അബ്ബുവും തന്നെയാണ് എന്‍ താത്താവും പാട്ടിയും.'' പിന്നീടൊരിക്കല്‍ മീനാ ഹാരിസ് പറഞ്ഞു.
""എന്നാലും അലിക്കാക്ക വിവാഹിതനല്ലെ? ഇങ്ങളെ ഉമ്മാക്കും വാപ്പാക്കും അതറയൂലെ.''
""വൈ നോട്ട് അവര്‍ക്ക് നന്നായിട്ടറിയും. എന്റെ പാരെന്റ്‌സ് ബേസിക്കലി തമിഴാണ്. ഞാനും. എന്റെ പേരു ശ്രദ്ധിച്ചോ. മീനാ.. മീനാംബാള്‍. ഹഹ'' മീനാ ഹാരിസ് പൊട്ടിച്ചിരിച്ചു. മീനാ ഹാരിസിന്റെ വാശിയെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് അവരുടെ അച്ഛനമ്മമാര്‍. എന്നാലും എന്തൊരു ധൈര്യം...

indu-1

തൂത്തുക്കുടിയിലെ അവരുടെ തറവാട്ടില്‍ പുരുഷന്മാര്‍ക്ക് രണ്ട് കല്യാണം സ്വാഭാവികമാണെത്രെ.
""നാലു വരെ ആകാമല്ലൊ.'' എന്തൊരു കൂളാണ് മീന.
""എന്റെ അപ്പാവുക്കില്ലെ. അനാല്‍ പെരിയപ്പ, സിത്തപ്പ, താത്താ യെല്ലോര്‍ക്കും റണ്ട് മൂണ്ണ് മനൈവികള്‍ ഇരിക്ക്. പെരിയതാത്താവുക്കും ഇല്ലെ. അതെന്നെനാ. അവങ്കെ കാതലുക്കാകെ ഇസ്‌ലാമായിട്ച്ച്. കാതല്‍ കാതല്‍.'' മീനാ ഹാരിസ് പൊട്ടിച്ചിരിച്ചു.

മീനയുടെ താത്താവുടെ താത്താ ഒരു അമ്പലത്തിലെ ശാന്തിയായിരുന്നു പോലും. ഒരു പട്ടര്‍. സൈക്കിളില്‍ പോകുന്ന സമയത്ത് പള്ളിക്കരികിലെ വീട്ടില്‍ ഒരു ബോറ മുസ്‌ലിം പെണ്ണ്. പട്ടര്‍ പതിയെ അമ്പലം നിര്‍ത്തി പള്ളിയില്‍ പോക്ക് തുടങ്ങി. ഓത്തും നിസ്‌കാരവും പഠിച്ചു ഇസ്​ലാം മതം സ്വീകരിച്ചു. 
""അവങ്കെ പേരു രാഘവയ്യ... അവങ്കെ വന്ത് പെരിയപാട്ടിയെ പെണ്ണിനെ തിരുമണം പണ്ണിയാച്ച്. റൊമ്പ ദൈര്യസാലി. പിന്നെ തൂത്തുക്കുടിയില്‍ നിന്നും കല്ലുകള്‍, മുത്തുകള്‍ എന്നിവയുടെ വ്യാപാരം തുടങ്ങി. പെട്ടന്നു തന്നെ പെരിയ ബിസിനസ്സ് ആയി. ന്യൂ മീനാ മഹല്‍ തങ്കമാളിഗെ. അന്ത താത്താവുടെ അമ്മതാന്‍ മീനാംബാള്‍.''

മീനാ ഹാരിസിന്റെ സംഭാഷണം കേള്‍ക്കേണ്ടതാണ്. മനോഹരമായ മലയാളം , തമിഴ് തെളിഞ്ഞ ഇംഗ്ലീഷ്.
""എങ്ങനെ ഇത്ര നല്ല ഇംഗ്ലീഷ്?'' അന്ന് ബി സോണിനു വിഷയം ചോര്‍ത്തിക്കിട്ടി, ആദ്യമേ പഠിച്ചു വന്ന കോളേജിലെ എതിരാളിയെ അടിച്ച് തൂക്കി ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ ഞാന്‍ വാപൊളിച്ചിരുന്നു പോയി.
ഞാനും അലിക്കാക്കയും ഒന്നിച്ചാണവളുടെ പ്രസംഗം കേട്ടത്..
""ബ്രില്ല്യൻറ്​. ലണ്ടനില്‍ പഠിച്ചതാണ്.'' അലിക്കാക്ക പറഞ്ഞു.

പഠിക്കാനും ബഹുമിടുക്കിയായിരുന്നു മീനാ ഹാരിസ്. എഴുതുന്ന പരീക്ഷകള്‍ക്കൊക്കെ കിടിലന്‍ മാര്‍ക്കുകള്‍. എഴുതുന്ന കവിതകളില്‍ കമലാദാസ് തോല്‍ക്കുന്ന പ്രേമ കാല്‍പ്പനികതകള്‍. സില്‍വിയാപ്ലാത്തിന്റെ കഠിനവിഷാദം. മീനാ ഹാരിസിന്റെ ധൈര്യം അതെടുത്തു പറയേണ്ടതാണ്. കൊമേഴ്​സിലെ മുദസ്സിര്‍ കപാസ്സിയും കച്ചട ആരിഫും വരെ മീനയുടെ മുമ്പില്‍ മുട്ടുകുത്തി. അവളെ തട്ടമിടീക്കാന്‍ വന്ന ഇക്കാക്കമാര്‍ പ്രാണനും കൊണ്ടു പാഞ്ഞു. അവളെ നല്ലവഴി പഠിപ്പിക്കാന്‍ വന്ന വല്ലിത്തമാര്‍ ഒടുക്കം തട്ടം ബഹിഷ്‌കരിച്ചു. അവളൊന്നിനെയും ഭയക്കുന്നവളായിരുന്നില്ല. ഒന്നിനെയും. പതിനെട്ടുകാരിയായ അവള്‍ തന്റെ പ്രേമത്തെപ്പോലും ഭയന്നില്ല. അവളുടെ സ്വപ്നകാമുകനായ അലിക്കാക്കയാകട്ടെ പ്രാണഭീതിയാല്‍ ഉഴറി.

""ഓലെങ്ങാനും ക്യാമ്പസ്സില്‍ വെച്ച് ഇക്കുനെ ഉമ്മ വെച്ചാല്‍ എന്തിയ്യും?''
അവള്‍ പ്രേമലേഖനങ്ങള്‍ എഴുതി അയച്ചു. ഒപ്പം അലെന്‍ സോളിയുടെ ഷര്‍ട്ടുകള്‍ സമ്മാനമായി അയച്ചു.
""സമ്മാനവും കത്തും വാങ്ങിയില്ലെങ്കില്‍ ക്യാമ്പസില്‍ വച്ച് കിസ്സിയ്യും എന്ന് ഭീഷണിപ്പെടുത്തി. അലിക്കാക്ക വെറച്ച് ഇരിക്കാണ്.'' 
റഹദയുടെ വീട്ടുകാര്‍ താടിക്ക് കൈകൊടുത്ത് നിന്നു. റുബീനാത്ത മാത്രം ചിരിച്ചു. 
""അലിയിന്നു വരട്ടെ.'' പാതികളിയിലും പാതി കാര്യത്തിലും റുബീനാത്ത പറഞ്ഞു. ഇത്തായ്ക്ക് ഭയമുണ്ടായിരുന്നു. ഇത്തായെക്കാളും മുന്തിയ ചോയ്സാണ് മീനയും കുടുംബക്കാരുമെന്ന് ഇത്ത ആധി പൂണ്ടു.

""നീ കൊണ്ടോയ്‌ക്കോ. ആര്‍ക്കൊക്കെയോ ഷര്‍ട്ട് കൊടുക്കാറില്ലെ. കൊടുത്തോ.'' 
അലിക്കാക്ക വരും മുമ്പെ ആ ഷര്‍ട്ടുകള്‍ വീട്ടില്‍ നിന്നും പുറത്തുകളയാന്‍ റുബീനാത്ത വെമ്പി. ഞാന്‍ റുബീനാത്ത നീട്ടിയ ഷര്‍ട്ടുകള്‍ എടുത്തു കൊണ്ട് പോയി. എന്റെ അയല്പക്കക്കാരിയായ അവിലിടിയുമ്മയുടെ മകന്‍ അക്കാലത്ത് പി.എസ്.എം.ഓയില്‍ പഠിക്കുകയായിരുന്നു.

""അരുണേട്ടന്റെ ഷര്‍ട്ടാണ്. ഒന്നോ രണ്ടോ തവണ ഇട്ടത്.'' ഞാന്‍ കവറില്‍ നിന്നും ഷര്‍ട്ടുകള്‍ പുറത്തെടുത്ത് ബിഗ് ഷോപ്പറിലാക്കിക്കൊടുത്തു.
""പുത്ത്ന്‍ മണക്ക്ണ് വിന്ദുട്ട്യേ.'' അവിലിടിയുമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ഓരോ ഷര്‍ട്ടും മനോഹരമായിരുന്നു. വിലയേറിയവയും. അപൂര്‍വ്വ നിറവും തുണിയും. മീനയെപ്പോലൊരുവളുടെ പ്രേമം ആ ഷര്‍ട്ടിനെ കൂടുതല്‍ മനോഹരമാക്കിയിരുന്നു.. സൈദലവി അവ ധരിക്കുമ്പോള്‍ അവനും കൂടുതല്‍ ഭംഗിയായ് കാണപ്പെട്ടു.

""അന്റെ ഏട്ടനു പിരാന്താവളെ. ഒരു തവണ പോലും ഇട്ടിട്ട് കൂടിയില്ലല്ലോ...'' സൈദലവി പറഞ്ഞു.
""ഞാന്‍ കയിച്ചിലായി മോളെ. 1000 ഉറുപ്പ്യെക്ക് മീതെയാണ് ബെല.'' അന്ന് 1995 കാലമാണ്. 1000 രൂപയെന്നാല്‍ ഇന്നത്തെ 10,000 രൂപയാണ്. മീനയുടെ പ്രേമം ചീഞ്ഞു സൈദലവിക്കു വളമായി.

indu-2

മീനയുമായി ഞാന്‍ സൗഹൃദത്തിലായത് അലിക്കാക്ക ആവശ്യപ്പെട്ടിട്ടായിരുന്നു. അതിനും മുമ്പേ മീന എന്നോട് സൗഹൃദത്തിനായി വന്നു. എഴുത്തുകാരി എന്ന നിലയില്‍ മാത്രമായിരുന്നില്ല അത്. അലിക്കാക്കയ്ക്ക് എന്റെ കഥകളെ പറ്റി നല്ല അഭിപ്രായമായിരുന്നു. ആ അടുപ്പമായിരുന്നു അവളെ അതിനു പ്രേരിപ്പിച്ചത്. റുബീനാത്തയോടുള്ള കൂറ് ആ സൗഹൃദത്തെ വിലക്കാന്‍ കാരണമായി. എന്നാല്‍ അവളെ നിയന്ത്രിക്കാനൊരു പാലം എന്ന നിലയില്‍ എന്റെ സൗഹൃദം ഗുണപ്രദമായിരിക്കുമെന്ന് അലിക്കാക്ക കരുതി.

മീനാ ഹാരിസിന്റെ പ്രേമം/ ശല്യം ഒരു സമയത്ത് അതിന്റെ മാരകമുഖം കാട്ടിത്തുടങ്ങി.
ചോരകൊണ്ട് എഴുതിയ കത്തുകള്‍.
മുടിയിഴകളാലെഴുതിയ കത്തുകള്‍.
കണ്‍പീലി പറിച്ചെടുത്ത് ഹൃദയാകൃതിയില്‍ ഒട്ടിച്ചുണ്ടാക്കിയ കാര്‍ഡിന്റെ ചുവപ്പു നിറം ചോരയുടെതെന്ന് ആര്‍ക്കും മനസ്സിലാകുമായിരുന്നു.
മീനയോട് സംസാരിച്ചെ പറ്റൂ എന്ന സന്ദര്‍ഭത്തില്‍ ഞാനും റഹദയും കൂടി പോകാമെന്ന ആശയം ആദ്യമേ ഉപേക്ഷിച്ചു. 
കാരണം, റുബീനത്താത്ത അക്കാലത്ത് ഗര്‍ഭിണിയായിരുന്നു. ഷര്‍ട്ടുകള്‍ എഴുത്തുകള്‍ വിലയേറിയ ചോക്കലേറ്റുകള്‍ എന്നിവയുടെ പൊതി കാണ്‍കെ തന്നെ അവര്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങി. ചോരക്കത്ത് മണത്ത് ഛര്‍ദ്ദിച്ച് കുഴഞ്ഞു...
""അദ് വിരലു മുറിച്ച ചോരയൊന്നുമല്ല.'' കാര്‍ഡില്‍ മണ്ണെണ്ണയൂത്തി തീ കൊളുത്തെ റുബീനാത്ത അസഹ്യതയോടെ പറഞ്ഞു.
""ഇതേടെ എത്തും?''

മീനയുടെ മാതാപിതാക്കള്‍ രണ്ടാമതും വിവാഹാലോചനയുമായി വന്നതോടെ രംഗം മൊത്തം മാറി. റുബീനാത്തയ്ക്ക് സ്വയമെ നിയന്ത്രിക്കുവാന്‍ ആയില്ല. വലിയ വായില്‍ അവര്‍ അലറിക്കരഞ്ഞു. റഹദ മീനയോട് സംസാരിച്ചതറിഞ്ഞ ദിവസം റുബീനാത്തയ്ക്ക് ഫിറ്റ്‌സ് വന്നു. റഹദയ്ക്ക് മീനയോട് താല്‍പര്യം എന്നവര്‍ വിതുമ്പി. ഇത്ര വലിയ പണക്കാരുടെ കുടുംബത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്നവര്‍ ഭയന്നു. റഹദയ്ക്ക് വിഷയം സംസാരിക്കന്‍ പറ്റാതെയും വന്നു. റഹദയല്ലെങ്കില്‍ പിന്നെ ഞാന്‍ അത്രയുമേ അലിക്കാക്കയ്ക്ക് കഴിയുമായിരുന്നുള്ളൂ.

കോഴിക്കോട്ടെ ബീച്ചിനടുത്തുള്ള ഹോട്ടെല്‍ ലോബിയിലിരിക്കെ അലിക്കാക്ക വിളറി. 
""മാനേജ്‌മെന്റിലും സ്റ്റാഫിനിടേലും സംസാരമായിട്ടുണ്ട്. എനിക്കറിയില്ല. ചില സ്റ്റുഡൻറ്​സും.'' അലിക്കാക്ക തലയില്‍ കൈവെച്ചു.
""പേടിക്കണ്ട ഇക്ക നമക്ക് സംസാരിക്കാ.'' ഞാന്‍ ആശ്വസിപ്പിച്ചു. ചൂടുള്ള ഉച്ചക്കാറ്റ് ആഞ്ഞു വീശി. അവളിപ്പോള്‍ വരുമെന്നോര്‍ക്കെ എനിക്കും കൂടി ഭയമായി
അവള്‍ വന്നു കൊടുങ്കാറ്റു പോലെ വന്നു...
ഇളമ്പച്ച പിസ്താഷിയോ നിറസാരിയാണ് ഉടുത്തിരുന്നത്. മരതകപ്പച്ചയുടെ മാദകകല്ലുകള്‍ തുന്നിയ ജെറി...
കഴുത്തില്‍ മരതകമാല...
ലിപ്​സ്​റ്റിക്​ തേച്ചു തിളക്കിയ ചുണ്ടുകള്‍. തുടുത്ത കവിളുകള്‍...
കാറ്റിനോട് മല്ലിടുന്ന പട്ടുനൂല്‍ മുടിയിഴകള്‍...
അവളിരുന്നപ്പോള്‍ വിക്ടോരിയ സീക്രെട്ടിന്റെ മാദകകാരിയായ ഗന്ധം പടര്‍ന്നു.
""എന്തിരിത്ത് മണാ മോളുവൊ ദിനു ഔ,'' ഷര്‍ട്ടുകള്‍ മണപ്പിച്ചു നോക്കി അവിലിടിയുമ്മ അമ്പരന്ന ആ മണം.
""ഓഹ് ഇങ്ങളു സമ്മാനപ്പൊതിയിലും സ്‌പ്രേ അടിക്കുമല്ലെ?'' എന്ന് ഞാന്‍ ചോദിച്ചില്ല. പക്ഷെ എനിക്ക് ഉത്തരമുണ്ടായി.

""മീനാ. ഞാന്‍... ഞാന്‍ പറയുന്നത് നീ അനുസരിക്കണം.'' അലിക്കാക്ക കെഞ്ചി.
""നോ നോ... നിങ്ങള്‍ പറയുന്നത് അനുസരിക്കാന്‍ എനിക്കാവുമെന്നു തോന്നുന്നില്ല. പക്ഷെ വേണമെങ്കില്‍ എനിക്ക് നിങ്ങളെ പ്രേമിക്കാനാകും.''
""ജസ്റ്റ് സ്റ്റോപ്പ് ദിസ്.'' അലിക്കാക്കയുടെ മുഖം ക്ഷുഭിതമായി.
""സ്‌നേഹം സ്‌നേഹം സ്‌നേഹം... നിനക്ക് തോന്നുന്ന ഈ ചാപല്യത്തിന്റെ പേരു സ്‌നേഹം. ഹ്‌മ്മ്...'' അലിക്കാക്ക ചാടി എഴുന്നേറ്റു
""ഇരിക്ക് അലിക്കാക്ക. മുഴുവന്‍ പറയ്.'' ഞാന്‍ നിര്‍ബന്ധിച്ചു.
""ഒരു സാധാരണ കുടുംബമാണെന്റേത്. വീട് പോലും വെയ്ക്കുന്നേയുള്ളു. ഈ ജോലിയല്ലാതെ മറ്റൊന്നില്ല. നിന്റെ ഉപദ്രവം കാരണം എനിക്കിത് തുടരാനും പറ്റുമെന്ന് തോന്നുന്നില്ല. ഉപദ്രവിക്കരുത്. ഭാര്യയുണ്ട് കുഞ്ഞുണ്ട്... ജീവിക്കാന്‍ അനുവദിക്കണം.'' നിന്ന നില്‍പ്പില്‍ അത്രയും പറഞ്ഞ് അലിക്കാക്ക ഒറ്റപ്പോക്ക്.

മീനയുടെ കണ്ണുകളില്‍ സമുദ്രമിരമ്പി. പക്ഷെ അവള്‍ കൂസിയില്ല. ഞാനെണീറ്റു.
എന്റെ കൈപിടിച്ചമര്‍ത്തി.
""ഇരിക്ക്. ഇത് തീര്‍ത്തിട്ട് പോയാല്‍ മതി.'' മീനാ ഹാരിസിന്റെ ആജ്ഞാപിക്കല്‍ എന്നെ അസ്വസ്ഥപ്പെടുത്തി. ഞാന്‍ പുച്ഛത്തോടെ അവളെ നോക്കി, കസേര നീക്കി പുറത്തേയ്ക്കു നടന്നു...
""പ്ലീസ്സ്..പ്ലീസ്സ്'' അവളുടെ ശബ്ദം പൊടുന്നനെ നിസ്സഹായമായി.. അവള്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു.
""പോവല്ലെ പ്ലീസ്സ്'' അവളുടെ കണ്ണുകള്‍ തുളുമ്പിയിറങ്ങി.. മുഖം പൊത്തി അവള്‍ വിമ്മിക്കരഞ്ഞു...

കോളേജിലെ സ്ഥിരം പ്രശ്‌നക്കാരി, ഫെമിനിസ്റ്റ് തീപ്പൊരി, ആരെയും ഭയമില്ലാത്തവള്‍. അവള്‍ കരഞ്ഞു കൊണ്ടേയിരുന്നു...
ഹോസ്റ്റല്‍ വാര്‍ഡനും പ്രിന്‍സിപ്പലുമായുള്ള പ്രശ്‌നങ്ങള്‍ അതിന്റെ ഏറ്റവും മാരകമായ രൂപത്തിലായിരുന്നു. നാടക പരിശീലനത്തിനു ശനി, ഞായര്‍ ഹോസ്റ്റലിനു വെളിയില്‍ വിടാനാകില്ലെന്നു പറഞ്ഞതിനു വാര്‍ഡനുമായും പ്രിന്‍സിപ്പലുമായും വഴക്കടിച്ചവള്‍. ആരെയും ഒരധികാരത്തെയും ഭയമില്ലാത്ത ഉഗ്രരൂപിണിയായ മീനാ ഹാരിസ്, സ്വന്തം കണ്ണീരുപ്പു കലര്‍ത്തി പതം പറയുന്നു.
""നാന്‍ ഒണ്ണുമെ പണ്ണലെ.. ഒണ്ണുമെ പണ്ണലെ എന്നൊടെ കാതല്‍ നിജം താന്‍.''
""പക്ഷെ അലിക്കാക്കയുടെ കുടുംബത്തിലു കേറി പ്രശ്‌നണ്ടാക്കിട്ടല്ല അത് ചെയ്യണ്ടത്. ഞാന്‍ മീനേച്ചിയോട് യോജിക്കുന്നില്ല. ഭയങ്കര അണ്‍ എത്തിക്കലാണ്.''
""തെരിയൂടി.. എനക്ക് തെര്യും.. എന്നാലെ മുടിയലെ.'' അവളുടെ മുഖം കണ്ണീര്‍ നനഞ്ഞു വാടിപ്പോയി. വികാരം വരുമ്പോള്‍ എന്നെത്തെയും പോലെ തൂത്തുക്കുടിത്തമിഴില്‍ അവള്‍ പതം പറഞ്ഞു. 
""നിങ്ങള്‍ അലിക്കാക്കയുടെ മരണമാണ് ആഗ്രഹിക്കുന്നത്. ഇത്ര സമ്മര്‍ദ്ദം അദ്ദേഹം താങ്ങുമെന്നെനിക്ക് തോന്നുന്നില്ല. നിങ്ങടെ സ്‌നേഹം സത്യമാണെങ്കില്‍ ആ കുടുംബത്തെ ദ്രോഹിക്കരുത്. അത് പാപമാണ്''

 ഞങ്ങള്‍ സംസാരിച്ചു കൊണ്ടെയിരുന്നു... മണിക്കൂറുകളോളം... ആളുകള്‍ വാതില്‍ തുറക്കുമ്പോള്‍ ചൂടുള്ള കടല്‍ക്കാറ്റ് അകത്തേയ്ക്കു തെള്ളി വന്നു. അസ്തമയസമയമാകാനായിട്ടും മീനവേനല്‍ കടല്‍ത്തിളക്കി മണല്‍ത്തിളക്കി മനുഷ്യാരത്തെ കടന്നു വിയര്‍പ്പായും പുഴുക്കമായും ചുറ്റിത്തിരിഞ്ഞു. സന്ധ്യാകാലാകാശത്തിന്റെ ഓറഞ്ചല്ലികള്‍ വിടര്‍ത്തിയ ഇരുട്ടിന്റെ ആകാശക്കമ്പളം നോക്കി ഞങ്ങളിരുന്നു.. നക്ഷത്രങ്ങള്‍ വിളറിയുദിച്ചു. ചന്ദ്രന്റെ പ്രകാശമാകട്ടെ വിഷാദനീലയില്‍ തളര്‍ന്നു നിന്നു.

""എന്തു പറയുന്നു. നിങ്ങള്‍ക്കിതാണ് ചേച്ചി ലാഭം. അല്ലെങ്കില്‍ നിങ്ങളെയവര്‍ ഡിസ്മിസ്സ് ചെയ്യും. ആലോചിച്ച് നോക്കൂ. ഇതിപ്പോള്‍ കോളേജ് ട്രാന്‍സ്‌ഫര്‍ കിട്ടും നഗരത്തിലെ പ്രശസ്തമായ പെണ്‍ കോളെജ്. ഇത് അവസാനത്തെ സമവായമാണ്.''
പടികളിറങ്ങുമ്പോള്‍ അവളെന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു.. അവള്‍ക്കു മുമ്പില്‍ പടികളില്ല ഇറക്കങ്ങളില്ല പ്രതിസന്ധമായ കയറ്റങ്ങള്‍ മാത്രം...
കാറില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു.
""എന്തു തീരുമാനിച്ചു? ഓപ്ഷന്‍ വണ്‍? ഓര്‍ റ്റു?'' 
അവളൊന്നും പറഞ്ഞില്ല. വെറുതെ കൈവീശി. മൊഫ്യൂസില്‍ സ്റ്റാന്‍ഡിന്റെ മുമ്പില്‍ ഒരു മിനുട്ട് നേരം കൂടി അവളുടെ ഹ്യുണ്ടായ് സാന്റ്രോ നിന്നു. പിന്നെ ചില്ലുകള്‍ കയറിപ്പോയി. അവള്‍ വണ്ടിയോടിച്ച് അകന്നു പോയി.

അതിനു ശേഷം വലിയ അവധി. അതുകഴിഞ്ഞു വന്നപ്പോള്‍ മീനാ ഹാരിസ് ഇല്ല. കോളേജില്‍ അലിക്കാക്കായുടെ ഡിപ്പാര്‍ട്‌മെന്റിലേയ്ക്ക് ആരോറൂട്ട് ബിസ്‌കറ്റുമായ്, ബ്രിട്ടിഷ് ആക്‌സെന്റില്‍ സംസാരിച്ച് വരുന്ന ആ പെണ്‍കുട്ടിയില്ല. അവളെ ഡിസ്മിസ്സ് ചെയ്യുമെന്ന ഭീഷണി ഏറ്റു. അവള്‍ ട്രാന്‍സ്‌ഫര്‍ വാങ്ങി നഗരത്തിലെ കന്യാസ്ത്രീകളുടെ കോളേജിലേയ്ക്ക് പോയി. 

പിന്നീട് ഒരു ബി സോണിനും ഞാനവളെ കണ്ടില്ല. ഇംഗ്ലീഷ് പ്രസംഗമോ പ്രബന്ധമോ നാടകമോ ഒന്നിലും അവളില്ലായിരുന്നു. പത്രങ്ങളിലെ ഇന്റര്‍ കോളിജിയെറ്റ് മത്സരങ്ങളില്‍, വാര്‍ത്തകളില്‍ നിന്നെല്ലാം മീനാ ഹാരിസ് അപ്രത്യക്ഷയായി.

ക്രമേണ മീനാ ഹാരിസിനെ ഞാന്‍ മറന്നു... ഒരിക്കലും ഒരിക്കലും ഞാനോ റഹദയോ അലിക്കാക്കയോ മീനാ ഹാരിസ് എന്ന പേരുച്ചരിച്ചില്ല. അതിനു ധൈര്യം ആര്‍ക്കും വന്നില്ല എന്നതാണ് വാസ്തവം... കഷ്ടി 18 വയസ്സുള്ള മീനാ ഹാരിസിനെ 35 കാരനായ അലിക്കാക്ക ഭയത്തോടെ മാത്രമായിരിക്കണം ഓര്‍ത്തിരുന്നത്. റുബീനാത്തയുടെ പരാതികളും പ്രശ്‌നങ്ങളും അവസാനിച്ചു... അവിലിടിയുമ്മയുടെ മകന്‍ സൈദലവിയ്ക്ക് കിട്ടിയിരുന്ന വിക്‌റ്റോറിയാ സീക്രെറ്റ് മണമുള്ള അലന്‍ സോളി ഷര്‍ട്ടുകള്‍ കിട്ടാതെയായി.......
ഒരു പ്രേമത്തെ ഞങ്ങളെല്ലാരും കൂടി കൊന്നു...
ഒരു പെണ്‍കുട്ടിയെ എന്ന് പിന്നീട് മനസ്സിലായി....

മദിരാസ്സപട്ടണം എയര്‍പോര്‍ട്ട് 

മദ്രാസ്​ യൂണിവേഴ്സി​റ്റിയിലെ പ്രസംഗം കഴിഞ്ഞുള്ള മടക്കം.
ആദ്യം 2 മണിക്കൂര്‍ പിന്നെ മൂന്ന് മണിക്കൂര്‍.
വിമാനം നേരം വൈകിപ്പറന്നു കൊണ്ടേയിരുന്നു.
എനിക്കാ കാത്തിരിപ്പ് വിരസമായില്ല. ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അലിക്കാക്കയെ കണ്ടു. ഇടയ്‌ക്കൊക്കെ വല്ലപ്പോഴും കണ്ടിരുന്നു. റഹദ സൗദിയിലായതിനാല്‍ പിന്നീട് കണ്ടിട്ടേ ഇല്ല. പ്രീഡിഗ്രിക്കാലത്തെ സുഹൃത്തുക്കള്‍ വളരെ കുറച്ചു പേരെ മാത്രമേ എനിക്ക് പിന്നീട് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതില്‍ ഒരിക്കലും കാണാതെ പോയ ഒരുവളാണ് റഹദ. അലിക്കാക്കയും ഞാനും ഒരുപാട് സംസാരിച്ചു. വിശേഷങ്ങള്‍ വീട്ടിലെ, നാട്ടിലെ, യൂനിവേസിറ്റിയിലെ. കഥകളെ പറ്റി, എഴുത്ത്, നിലപാട്, പുതിയ നോവല്‍, പി.എച്ച്.ഡി. അഞ്ച് മണിക്കൂര്‍ നേരം വര്‍ത്തമാനം പറഞ്ഞു പറഞ്ഞു ഞങ്ങളിരുന്നു. ഒടുവിലെപ്പോഴോ ഞാന്‍ അലിക്കാക്കയോട് മീനാ ഹാരിസിനെ പറ്റി ചോദിച്ചു...

""ഏയ് പാവം. ഒരിക്കല്‍ പോലും വിളിക്കുകയോ കത്തയക്കുകയോ ഉണ്ടായില്ല.'' അലിക്കാക്ക വിഷാദപൂര്‍വ്വം ചിരിച്ചു...
""എന്തേയ് സങ്കടായാ?'' ഞാന്‍ ചിരിച്ചു..
""അള്ള.. ഒരിക്കലുമില്ല. എനിക്കൊരു വലിയ ആശ്വാസമാണ് ഉണ്ടായത്. നിനക്കറിയാലോ. വളരെ യാഥാസ്ഥിതികമായ ഒരു കോളേജാണ് നമ്മടേത്. എനിക്കാണെല്‍ അത്യാവശ്യത്തിന് ശത്രുക്കളുമുണ്ട്. ഉയ്യോ സിസ്റ്റര്‍ സഹായിച്ചത് കൊണ്ട് രക്ഷപ്പെട്ടു. അവള്‍ പോയില്ലായിരുന്നെങ്കില്‍ പ്രശ്‌നം വഷളായേനെ. കോളേജിലു മാത്രമല്ല. വീട്ടിലും.'' അലിക്കാക്ക പഴയ ഓര്‍മ്മയില്‍ അസ്വസ്ഥമായ്. 
""പാവമായിപ്പോയി. എനിക്കന്ന് അത്ര പ്രെഷറാരുന്നു. അതാണ് അവളെ പറഞ്ഞയപ്പിച്ചത്. അതാണ് കഷ്ട്മായത്.''
ഓഹ് അപ്പോള്‍ അലിക്കാക്കയും എല്ലാം അറിഞ്ഞിരിക്കുന്നു...

""പാവം. വല്ലാത്ത കഷ്ടം തന്നെ'' ഞാനും മീനാ ഹാരിസിന്റെ കാര്യമോര്‍ത്ത് സങ്കടപ്പെട്ടു.
""ശരിയാ. ഹൈദരാബാദ് എയര്‍പോര്‍ട്ടീന്നാ ഞാനവളെ അവസാനം കണ്ടത് 10 കൊല്ലായിണ്ടാവും. അന്നും പക്ഷെ വല്ല്യ സീനുണ്ടാക്കി. ഞാനൊറ്റയ്ക്കായോണ്ടും തെലുങ്കര്‍ക്ക് മലയാളം അറിയാത്തതോണ്ടും രക്ഷപ്പെട്ടു. അവള് ഇഫ്‌ലുല് എന്റ്രന്‍സ്സ് എഴുതാന്‍ വന്നതാ. നമ്മടെ കോളേജിലെ റാങ്ക് പ്രതീക്ഷയായിരുന്നില്ലെ മീന. പക്ഷെ അതൊക്കെ പോയി.''
""എന്താ സീനുണ്ടാക്കിയെ?''
""അതോ എന്നെക്കണ്ടതും ഓടി വന്നു കാലില്‍ വീണു. ഭയങ്കരകരച്ചിലും. സോറി സോറി എന്നും പറഞ്ഞിട്ടാണ് കരയണെ. ഞാന്‍ വല്ലാണ്ടായിപ്പോയി.''
 

indumenon

മീനാ ഹാരിസിന്റെ നിശബ്ദതയുടെ കഥ കേള്‍ക്കെ എന്റെ ഹൃദയവും അലിഞ്ഞു. നഗരത്തിലെ പുതിയ കോളേജില്‍ വന്നു ചേര്‍ന്ന രണ്ടാമത്തെ മാസം മാവൂര്‍ റോഡിലെ ചെരുപ്പുകട നടത്തുന്നവനുമായി മീനാ ഹാരിസ് പ്രേമത്തിലായി. ഡിഗ്രി പൂര്‍ത്തിയാവും മുമ്പെ അവനെത്തന്നെ കല്യാണവും കഴിച്ചു. അവന്‍ പക്ഷെ വളരെ സൂത്രക്കാരനായ കുറുക്കനായിരുന്നു. മീനയുടെ അബ്ബുവിന്റെ സ്വര്‍ണ്ണക്കടയുടെ കോഴിക്കോട് ബ്രാഞ്ച് നടത്തിപ്പൊട്ടിച്ച് കയ്യില്‍ കൊടുത്തു.
""മദ്യവും മയക്കുമരുന്നുമുള്ള ഒരു കച്ചട. അവളുടെ പഠിത്തം പോയില്ലെ? ഞാനൊന്നുകൂടി ക്ഷമിച്ച് നിന്നാല്‍ മതിയായിരുന്നു. നമ്മടെ കോളേജിന്നവളു റാങ്ക് വാങ്ങിയേനെ. സിവില്‍ സര്‍വീസ്​ ക്ലിയറീതെനെ. ഇതിപ്പോ പാവത്തിന്റെ കരിയറൂ പോയി. ജീവിതോം തുലഞ്ഞു. മാത്രല്ല. എന്നോട് പറഞ്ഞ ഒരു കാര്യാണ് ഭയങ്കര സങ്കടം. എന്നെ മറക്കാന്‍ കഴ്യാഞ്ഞാണെത്രെ മറ്റെ ചെക്കന്റെ പ്രേമത്തിലു പെട്ടത്. കേട്ടപ്പോ സങ്കടം തോന്നി. ഡിവൊര്‍സ് ചെയ്തുന്നാ പറഞ്ഞെ. ആര്‍ക്കറിയാം. എവിടാണെന്ന്?''
ഞാന്‍ അലിക്കാക്കയുടെ മുഖത്തേയ്ക്കു നോക്കി. അലിക്കാക്ക ഒന്നും അറിഞ്ഞില്ലെ എന്നു ഞാന്‍ ശങ്കിച്ചു.
""ചെലപ്പം പി.എച്ച്.ഡിയൊക്കെ ചെയ്തുണ്ടാവും. വാശിക്കാരിയാണ്. ഒരു കോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതു വരെ അതുണ്ടായില്ല.'' അലിക്കാക്ക എന്തോ ഓര്‍ത്തു തല വെട്ടിച്ചു.
ദൈവമേ മീനാ ഹാരിസിനെ പറ്റി ഒന്നും അറിയില്ലാ.. ഞാന്‍ നിശബ്ദയായി.

""ഇന്ദുവായിട്ട് കോണ്ടാക്റ്റ് ഉണ്ടോ?'' 
""ഏയ്യ് എവടന്ന്. അന്ന് സീക്യൂനിന്ന് കണ്ടതില്‍ പിന്നെ ഒന്നുമില്ല.'' 
""എവിടാന്നറിയോ.''

""മ് അതറിയാം.'' എന്റെ നെഞ്ച് വിങ്ങിപ്പോയി. ഞാങ്കൂടി അവളെ കോളെജ് മാറാന്‍ സമ്മര്‍ദ്ദപ്പെടുത്തിയല്ലോ എന്ന ഓര്‍മ്മ ദുസ്സഹമായി.
""എവിടെയാ?''
""മ്മ്ഹ്‌മ് ഇവടെ ചെന്നെയില്‍ ദാവൂദി ബൊറ ഖബറിസ്ഥാനില്‍.. അവള്‍ മരിച്ചിട്ട് 7-8 കൊല്ലായി അലിക്കാക്കാ.'' ഞാന്‍ അസ്വസ്ഥതയോടെ തല വെട്ടിച്ചു.
""ഒന്നും അറിയില്ലെ?''
""ഇല്ല.. ഇല്ല''

ആ പത്രത്തിന്റെ കട്ടിങ്ങുകള്‍ ഞാനെന്റെ ഡയറിയില്‍ ഏറെക്കാലം സൂക്ഷിച്ചിരുന്നു. ആ ഖബറിസ്ഥാന്റെ പേരും എനിക്ക് ഹൃദിസ്ഥമായിരുന്നു. ഞാനാ കഥ പറഞ്ഞു.. മീനാ ഹാരിസ് എന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ ദുരന്തകഥ...

അവളുടെ കഥ

ആദ്യവിവാഹം തകര്‍ന്നതില്‍ മീനയ്ക്ക് തെല്ലും പ്രശ്‌നമില്ലായിരുന്നു.
വലിയ ഭാരം, ബാധ്യത തലയില്‍ നിന്നൊഴിഞ്ഞു അത്രതന്നെ.
അവനുമായുള്ള അവസാനത്തെ വഴക്കില്‍ തല്ലിയലച്ച് വീണ് നാലുമാസഗര്‍ഭം കലങ്ങിപ്പൊയതിനാല്‍ പിന്നെ അത്തരം ബാധ്യതകളും ഇല്ലാതായി. ഇഫ്‌ളുവിലെ എന്റെ ബാച്ചുകാരിയായ രേഷ്മ പറഞ്ഞ വിവരങ്ങളാണത്. അവളുടെ അബ്ബു മരിച്ചു പോയതിനു ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. കച്ചവടവും ധനകാര്യവും മുഴുവനായി അവന്‍ ഏറ്റെടുത്തു. അവനും അവന്റെ വീട്ടുകാരും കൂടി തീരുമാനിക്കുന്നു, നടത്തുന്നു. ഏതായാലും ആ ബന്ധം അവസാനിച്ചതോടെ ജീവിതത്തില്‍ സമാധാനമുണ്ടായി. അവള്‍ വീണ്ടും പഠിത്തം തുടര്‍ന്നു.. 

ഹൈദരാബാദിലെ ജീവിതത്തിനിടയില്‍ അവള്‍ രഘുവിനെ കണ്ടു മുട്ടിയതും പഠനശേഷം അവര്‍ വിവാഹം ചെയ്തതും ചെന്നെയില്‍ അഹ്ലാദ ജീവിതം നയിച്ചതുമൊക്കെ ഞാനറിഞ്ഞു. പ്രശസ്തയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു രഘുവിന്റെ അമ്മ സ്വര്‍ണലത. അവരും അവരുടെ അമ്മയും രഘുവും മീനയും സന്തോഷകരമായി ചെന്നെയില്‍ ജീവിക്കുന്നു. രേഷ്മയുടെ കഥ അവിടെ തീര്‍ന്നു... മീനാ ഹാരിസ് സമാധാനമായി ജീവിക്കുന്നുവെന്ന് ഞാനും ആശ്വസിച്ചു...

പിന്നെയും നാളുകള്‍ കഴിഞ്ഞ് മാതൃഭൂമിയിലെ ഒന്നാം പേജില്‍ നാലു കൊലപാതകികളുടെ പടം കൊടുത്തത് കണ്ടു. രണ്ടു പേര്‍ മുഖം പൊത്തി നിന്നു....
""ചെന്നെയിലെ കൊലപാതകം, കേബിള്‍പ്പണിക്കാര്‍ അറസ്റ്റില്‍''
വാര്‍ത്തകളില്‍ എനിക്ക് കൗതുകമേ ഉണ്ടായിരുന്നില്ല. തലക്കെട്ടില്‍ തീരും വായന. ഞാനത്തരം വാര്‍ത്തകള്‍ക്കുള്ളിലേയ്ക്കു പോയതേയില്ല. പതിവുപടി തലക്കെട്ടില്‍ വെച്ചു തന്നെ വാര്‍ത്ത നിര്‍ത്തി. അമ്മയാണ്​ ഉച്ചയ്ക്ക് കാണിച്ചു തന്നത്... നാലാം പേജിലെ ഫോട്ടോ. മീനാ ഹാരിസും ഭര്‍ത്തൃമാതാവിന്റെ വൃദ്ധയായ അമ്മയും ചെന്നെയില്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത.

""ആറു ദെവസായിറ്റ് മിസ്സിങ്ങാരുന്നു. ഈകുട്ടി 9 മാസം ഗര്‍ഭിണിയാത്രെ. അയ്യോ ദൈവമേ...'' ഞാന്‍ വാര്‍ത്ത വായിച്ചു... ഹൃദയം തകരുന്ന വാര്‍ത്ത.
പത്രങ്ങള്‍ പഴയത് എടുത്തു ഓരോന്നായി വായിച്ചു.
ഭാര്യയെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്യാനായി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ് രഘുവും അമ്മയും... സ്വര്‍ണ്ണാഭരണത്തിനായി വീട്ടുടമസ്ഥന്റെ ഭാര്യയേയും മുത്തശ്ശിയേയും കൊന്നു... കേബിള്‍ പണിക്കാര്‍ നാലു പേരുടെയും വിശദ വാര്‍ത്തകള്‍... ദൂരദര്‍ശനില്‍ വാര്‍ത്ത.

""സ്വര്‍ണ്ണം ഊരിക്കൊടുക്കാന്‍ പറഞ്ഞപ്പോ മീന തരൂലാന്നു പറഞ്ഞൂത്രെ.
​​​​​​​അത് പിന്നെ പിടിവലിയും ആയി. എന്തു പറയാനാ അവസാനം അവളെ കുത്തിക്കൊന്നു. ആ വയസ്സായ മുത്തശ്ശീനെം. എന്നിട്ട് ബോഡി കക്കൂസ്സ് കുഴിയില്‍ ഒളിപ്പിച്ചു.''
അമ്മ പറഞ്ഞത് കേട്ട് ഞാന്‍ അന്തം വിട്ടു.
""ധൈര്യം അതാണവളെ അപകടത്തിലാക്കിയത്. ഊരിക്കൊടുത്താ മത്യാരുന്നു. ജീവനെങ്കിലും കിട്ടേരുന്നു.''
അമ്മ പറഞ്ഞ വാക്കുകള്‍ ഞാനും വൃഥാ ആവര്‍ത്തിച്ചു. 

""ധൈര്യം, അതാണ് മീനയുടെ ഏറ്റവും വലിയ പോരായ്മ''
അലിക്കാക്കയുടെ കണ്ണുകളില്‍ നിന്നും ജലം ഉറവപൊട്ടി. അദ്ദേഹം കരയുന്നത് ഞാന്‍ കണ്ടു.. 
""ഞാനറിഞ്ഞില്ല... ആരും പറഞ്ഞില്ല... വേണ്ടിയിരുന്നില്ല. ഞാന്‍ പി.ഡി.എഫിനു പോയാല്‍ മതിയായിരുന്നു. അവളു പഠിച്ച് റാങ്ക് വാങ്ങ്യെനെ. സിവില്‍ സര്‍വീസും എഴുതിയേനെ.'' അഗാധമായ ദുഃഖത്താല്‍ അദ്ദേഹം വിതുമ്പി....
""എനിക്ക് നിങ്ങളെ അനുസരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ എനിക്ക് വേണച്ചാല്‍ നിങ്ങളെ പ്രേമിക്കാന്‍ പറ്റും...'' അവളുടെ വാക്കുകള്‍ എനിക്കു പൊടുന്നനെ ഓര്‍മ്മ വന്നു...
ഫ്‌ളൈറ്റ് ബോഡിങ്ങിന്​ സമയമായെന്ന അറിയിപ്പു വന്നു. ഞാനും അലിക്കാക്കയും രണ്ട് വ്യത്യസ്ത ദിശകളിലേയ്ക്ക് നടന്നു...യാത്ര പറഞ്ഞില്ല.. കൈകള്‍ കൊടുത്തു. അവയ്ക്കു തണുപ്പായിരുന്നു....
വിമാനമുയര്‍ന്നു...താഴെക്കാഴ്ചകളില്‍ ദാവൂദി ബോറ ഖബറിസ്ഥാന്‍ കണ്ടു... കില്‍പ്പോക്ക് സെമിത്തേരി കണ്ടു. മദ്രാസ് വാര്‍ സെമിത്തേരി കണ്ടു...
അലിക്കാക്കയും കണ്ടിരിക്കണം. മീനാ ഹാരിസ് ഉറങ്ങുന്ന മണ്ണ്...

ഇത്രയേ ഉള്ളു
ഇത്രയേ ഉള്ളു...
മീനയും ഞാനും എല്ലാരും...
ഞാന്‍ ഹൃദയത്തെ ശാന്തമാക്കാന്‍ ശ്രമിച്ചു...
വിക്‌റ്റോറിയ സീക്രെട്ടുപോലൊരു സുഗന്ധദ്രവ്യത്തിന്റെ ഗന്ധം എയര്‍ക്രാഫ്റ്റില്‍ നിറഞ്ഞു... മീനയുടെ പ്രേമഗന്ധം... അതോ മരണഗന്ധമോ? 

(തുടരും)

ഇന്ദുമേനോന്‍

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു  വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും  തുടങ്ങിയവ പ്രധാന കൃതികൾ.

Audio