Monday, 27 June 2022

ആത്മകഥ


Text Formatted

എന്റെ കഥ- 6

​​​​​​​അമ്മയവിഹിതം; വിഹിതം പേറുന്ന കുട്ടികള്‍

സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ അവിഹിത കഥകള്‍ കേട്ടിട്ടുണ്ടോ? അവിഹിതങ്ങള്‍ കണ്ടിട്ടുണ്ടോ? അവിഹിതങ്ങളെപ്പറ്റി വായിച്ചിട്ടുണ്ടോ? ഭയങ്കരമായ അവസ്ഥയാണത്.

Image Full Width
Image Caption
ചിത്രീകരണം : കെ.പി. മുരളീധരന്‍
Text Formatted

നിങ്ങളെപ്പോഴെങ്കിലും സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ അവിഹിത കഥകള്‍ കേട്ടിട്ടുണ്ടോ? അവിഹിതങ്ങള്‍ കണ്ടിട്ടുണ്ടോ? അവിഹിതങ്ങളെപ്പറ്റി വായിച്ചിട്ടുണ്ടോ? ഭയങ്കരമായ അവസ്ഥയാണത്. അച്ഛന്റെ അവിഹിതങ്ങളെക്കാളും ഭയാനകമായിരിക്കുക അമ്മമാരുടെ അവിഹിതമാണ്. അതിനൊരു ആദിയുമില്ല അന്തവുമില്ല. തലയ്ക്കകത്ത് കടന്നല്‍ക്കൂട് പെട്ടപോലെയങ്ങ് ഉറച്ചിരിയ്ക്കും. ഞാന്‍ എന്റെ അച്ഛന്റെ അവിഹിതത്തെക്കുറിച്ച് അറിഞ്ഞത് അമ്മ വീട്ടുകാരുടെ വായില്‍ നിന്നായിരുന്നു. എന്റെ തലകറങ്ങി. ഞാന്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി അച്ഛന്‍ മാത്രം ശാന്തനായിരുന്നു അവിഹിതകഥകള്‍ കേട്ടു. എനിക്ക് എന്റെ സുഹൃത്തായിരുന്ന ദേവദത്തനെ ഓര്‍മ വന്നു. മെലിഞ്ഞിരുനിറത്തില്‍ കോലു മുടിയും നീണ്ട കൈകാലുകളുമുള്ള ദേവന്‍. തുമ്പിയെപ്പോലെ ചിറകുവടർത്തി പറക്കുന്ന കൊലുന്നനെയുള്ള കുട്ടി. അവന്റെ അമ്മ ദേവൂട്ടാ എന്നും അച്ഛന്‍ ദത്തൂട്ടാ എന്നും വിളിച്ചു. അവന്‍ അവരുടെ ഇരുവരുടെയും ഓമനക്കുട്ടിയായിരുന്നു.

കുട്ടിക്കാലം മുതലെ അവനെന്റെ സുഹൃത്തായിരുന്നു. ഞങ്ങള്‍ ഹൃദയത്തില്‍ സ്നേഹമുള്ളവരായിരുന്നു. അവിഹിതത്തിന്റെ ഭാരത്തെക്കുറിച്ച് ഉഷ്ണത്തെക്കുറിച്ച് മൂര്‍ച്ചയെക്കുറിച്ച് അവന്‍ എന്നോട് നിത്യം പറഞ്ഞു കൊണ്ടിരുന്നു. അവന്റെ തല അന്നെല്ലാം തകര്‍ന്നു കിടന്നു. അവന്റെ തൊലി പൊള്ളിക്കുമിളിച്ചടര്‍ന്നു കിടന്നു. അവന്റെ ഹൃദയം അതിന്റെ മൂര്‍ച്ചയാല്‍ കുത്തിപ്പഴുക്കപ്പെട്ടു.

""അമ്മയ്ക്ക് ജോലിസ്ഥലത്ത് വേറെയൊരാളെ ഇഷ്ടമാണ്. ചെലപ്പോ അവര്‍ കല്യാണം കഴിക്കും'' അവന്‍ കടുത്ത ദുഃഖത്തോടെ ഒരിക്കല്‍ പറഞ്ഞു. രണ്ടാമത്​ കല്യാണം കഴിക്കാനാകുമെന്ന് ആരും കരുതിയിരുന്നില്ല. ഞാന്‍ പ്രത്യേകിച്ചും...

പാവം ദേവന്‍ അവന്റെ ജീവിതം പോലെ ദുഃഖകരമായ ഒന്നുണ്ടായിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ട ഏറ്റവും സന്തോഷവാനായ കുട്ടികളില്‍ ഒരാളായിരുന്നു അവന്‍. അവനും അവന്റെ അച്ഛനുമമ്മയും ആഹ്ലാദത്തോടെ രാമനാട്ടുകരയിലെ താലപ്പൊലിയ്ക്ക് പോകുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. തൂക്കിയിട്ട കുരങ്ങന്‍ ബലൂണുകളും കാറ്റില്‍ കറങ്ങുന്ന വര്‍ണ്ണപ്പങ്കകളും കയ്യില്‍ പിടിച്ച് എല്‍.എം. എല്‍ വെസ്പ സ്‌കൂട്ടറില്‍ അവന്‍ രാജകുമാരനെ പോലെ ഇരുന്നു. അവന്റെ അച്ഛന്റെ തോളില്‍ പിടിച്ച് അവന്റെയമ്മയിരുന്നു. അവരുടെ നീണ്ടു ചുരുണ്ട മുടിയിഴകള്‍ കാറ്റില്‍ പറക്കും അണലികളായി അവന്റെ അച്ഛന്റെ കവിളില്‍ കൊത്തി. അദ്ദേഹം കിക്കിളിയോടെ ചിരിച്ചു. മനോഹരമായ കുടുംബം. അതു കാണ്‍കെ ഞാനും ചിരിച്ചു. കൈവീശി
""ടാട്ടാ''
അവന്റെ അച്ഛനു ബിസിനസ്സായിരുന്നു. പലതരം കച്ചവടങ്ങള്‍ ഉണ്ടായിരുന്നു. പലതും പൊളിഞ്ഞു പോയി. ഒടുക്കം ഒന്നു മാത്രം അവശേഷിച്ചു. രാമനാട്ടുകര അങ്ങാടിയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന ഒരു കടയായിരുന്നു അത്. ഫ്യുരഡാനും എന്‍ഡോ സള്‍ഫാനും പോലെയുള്ള കീടനാശിനികളുടെ വലിയ വീപ്പമേല്‍ കയറിയിരുന്ന് അവന്‍ പഫ്സ്സ് കടിച്ച് തിന്നു കൊണ്ടിരുന്നു. ആ കടയ്ക്കാകെ കീടനാശിനിയുടെ രൂക്ഷഗന്ധമായിരുന്നു. അവന്റെ ചേച്ചി മണിപ്പാദസരക്കാലുകളാട്ടി മറ്റൊരു വീപ്പയില്‍ കുത്തിയിരുന്ന് എന്നെ തുറിച്ചു നോക്കി. ആ കടയുടെ പരിസരത്ത് രണ്ട് നിമിഷം നിന്നാല്‍ എനിക്ക് ഓക്കാനം വരുമായിരുന്നു. മൂന്നാമത്തെ നിമിഷം ബോധക്ഷയവും. അവനെങ്ങിനെ അവിടെയിരിക്കുന്നുവെന്ന് ഞാന്‍ അമ്പരന്നു. അവനു പക്ഷെ ആ ഗന്ധം കുഴപ്പമില്ലായിരുന്നു. മൂക്കു വിടര്‍ത്തി ആവോളം മണത്ത് നുകര്‍ന്നു കൊണ്ട് അവനവിടെത്തന്നെ പലപ്പോഴും ഇരുന്നു.

ഞാന്‍ പട്ടിയെപ്പോലെ അണച്ചു. എന്റെ നെഞ്ചില്‍ ഒരു കറുത്ത അണലിയെപ്പോലെ ആ മുത്തുമാല തിളങ്ങുന്നതും ഇരുട്ടില്‍ കണ്ണീര്‍ പൊടിഞ്ഞ മുഖത്തോടെ ഞാന്‍ വിറച്ച് നിന്നതും രാത്രിയില്‍ ഞാന്‍ സ്വപ്നം കണ്ടു.

അവന്റെ വീട്ടില്‍ പലപ്പോഴും അമ്മയുണ്ടായിരുന്നില്ല. പണ്ട് അമ്മയുണ്ടായിരുന്നു. അമ്മയ്ക്ക് ജോലികിട്ടിയതില്‍ പിന്നെ  അവര്‍ക്ക് തിരക്കായി. അവര്‍ ദേവൂട്ടന്റെ കാര്യങ്ങളൊക്കെ മറന്ന് തിരക്കില്‍ മുഴുകി. പലപ്പോഴും വൈകുന്നേരങ്ങളില്‍ അധിക ജോലിയ്ക്കായി അമ്മ ജോലിസ്ഥലത്ത് തന്നെ നിന്നു. വൈകുന്നേരങ്ങളില്‍ അവന്‍ അച്ഛന്റെ കടയില്‍ പോയി നിന്നു. വീപ്പയുടെ മേലെ സൂപ്പര്‍മാന്റെ പ്രതിമ പിടിച്ച് കളിച്ചു. കൈകള്‍ മുകളിലേക്കുയര്‍ത്തി കുരങ്ങിനെപ്പോലെ മറ്റു ഒഴിഞ്ഞ വീപ്പകളിലേയ്ക്ക് ചാടിക്കളിച്ചു. ചിലപ്പോള്‍ വീപ്പയുടെ മീതെ തന്നെ കിടന്നുറങ്ങി. അവനു വീട്ടുകണക്കുകള്‍ ചെയ്യുവാന്‍ സമയം കിട്ടാതെയായി. എന്നും മാഷന്മാരുടെ കയ്യില്‍ നിന്നും അടികൊണ്ടു.

""അമ്മയ്ക്ക് ജോലിസ്ഥലത്ത് വേറെയൊരാളെ ഇഷ്ടമാണ്. ചെലപ്പോ അവര്‍ കല്യാണം കഴിക്കും'' അവന്‍ കടുത്ത ദുഃഖത്തോടെ ഒരിക്കല്‍ പറഞ്ഞു. അന്നവനും ഞാനും മൂന്നിലോ നാലിലോ മറ്റോ പഠിക്കുകയാണ്. രണ്ടാമത്​ കല്യാണം കഴിക്കാനാകുമെന്ന് ആരും കരുതിയിരുന്നില്ല. ഞാന്‍ പ്രത്യേകിച്ചും...

""ഏയ്യ് പോടോ.'' ഞാനവനെ തിരുത്താന്‍ നോക്കി.
""രണ്ട് കല്യാണം കഴിച്ചാല്‍ പൊലീസ് പിടിക്കും''
""എന്റെ ചേച്ചി പറഞ്ഞതാണ്..'' അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
""അച്ചനുമമ്മയും പിരിയുന്ന കടലാസ്സ് കൊടുത്തിട്ട് മാസങ്ങളായി'' അവന്‍ അശരണമായി പൊട്ടിക്കരഞ്ഞു.

കാല്‍പ്പന്തു കളിയ്ക്കിടെ അവന്റെ അമ്മയെപ്പറ്റിപറഞ്ഞ വിജിത്തിന്റെ മൂക്കടിച്ചവന്‍ പൊട്ടിച്ചിരുന്നു.

indumenon-2.jpg

""നെന്റെ കൂടെ കളിയ്ക്കരുതെന്ന് എന്റെ അമ്മ പറഞ്ഞിട്ട്ണ്ട്. നെന്റമ്മ ചീത്തയാ''
വിജിത്താകട്ടെ മട്ടല്‍ കൊണ്ട് മണ്ടയ്ക്ക് തന്നെ വീക്കി. ശേഷം അവരിരുപേരും ചളിയില്‍ കിടന്ന് അടിപിടികൂടി. വിജിത്തിന്റെ വലിയ കൈകൊണ്ടുള്ള കുത്തുകളേറ്റ് അവന്റെ മുഖമാകെ നീരു വന്നു വീര്‍ത്തു..  പിന്നെയതു പതിവായി. ചുണ്ടു പൊട്ടിയും മുഖം മുറിഞ്ഞും കവിളു കീറിയും തലപൊട്ടിയും അവന്റെ ജീവിതം അമ്മയെപ്പറയുന്നവരോടുള്ള കവല വഴക്കുകളായി. എല്ലായിടത്തും  ആ പാവം തോറ്റു.

അവന്റെ അച്ഛനുമമ്മയും കോടതിയില്‍ വെച്ച് പിരിഞ്ഞുവെന്ന് വീട്ടില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. അവന്റെ അച്ഛന്‍ രാമനാട്ടുകരയിലെ ബിസിനസ്സ് വിറ്റ് മഞ്ചേരിയിലേയ്ക്ക് പോയതായും. ആ കീടനാശിനിയുടെ കട അടഞ്ഞു കിടന്നു. എന്നെന്നേയ്ക്കുമായി. അവന്റെ ജീവിതം പോലെ.

പിന്നീട് ഹൈസ്‌കൂളില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി.
""അയാളിപ്പോള്‍ എന്റെ വീട്ടില്‍ താമസിക്കാന്‍ വരാറുണ്ട്. ഒരൂസം ഞാനയാളെ കൊല്ലും'' അവന്‍ പല്ലിറുമ്മി.
മറ്റൊരിക്കല്‍ ദേവന്റെ കവിളില്‍ ബെല്‍റ്റടിയുടെ പാട് കണ്ടു ടീച്ചര്‍ അവനെ വിളിപ്പിച്ചു.
""എന്തു പറ്റി മോനെ? ആരാണ് നിന്നെ തല്ലിയത്?''
അവനൊന്നും മിണ്ടിയില്ല. ഉരുണ്ടവലിയ കണ്ണുകളില്‍ നിന്നും കണ്ണീരു പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു..
""ആരാണ് ചെയ്തത് ദേവാ?'' ഞാനവനോട് ചോദിച്ചു
""അയാള്.. അയാള്.. ഭയങ്കര ചീത്തയാ'' എത്ര ചോദിച്ചിട്ടും അവനൊന്നും വിട്ട് പറഞ്ഞതേയില്ല.
""അയ്യോ സത്യേ ആ ചെറക്കന്റെ ദേഹത്ത് മൊത്തം ബെല്‍റ്റിന്റെ പാടാണ്'' അച്ഛനുമമ്മയും സംസാരിക്കുന്നത് രാത്രിയില്‍ പാതിമയക്കത്തില്‍, ഞാനത് കേട്ടു. എന്റെ ഹൃദയം ജാഗരൂഗമായി.
""അയ്യാളു പോയതോടെ ഇല്ലേ പെണ്ണുമ്പുള്ള അവനെ വീട്ടിക്കേറ്റി. ഇപ്പോ മൂത്തപെങ്കൊച്ചിനെയും ഉപദ്രവിക്കുവാ.. എന്തോ പ്രശ്നമൊണ്ടായിട്ടുണ്ട്.''
ഒരു ദിവസം പതിനൊന്നരയുടെ ഇന്റെര്‍വെല്ലിനു മുയലുണ്ണി സതീഷുമായി അവന്‍ വഴക്കുണ്ടാക്കി. മുയലുണ്ണി അവനെ പാടത്തെ ചളിയില്‍ പൂഴ്ത്തിക്കളഞ്ഞു. അവന്‍ ചേറില്‍ പൊങ്ങിക്കിടക്കുന്ന ചത്ത നായയെപ്പോലെയായി. എനിക്ക് കരച്ചില്‍ വന്നു. അച്ഛന്‍ സഞ്ചയികയ്ക്ക് അടയ്ക്കുവാന്‍ തന്ന 100 രൂപ എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ ഓട്ടോറിക്ഷപിടിച്ച് അവനെയും കൊണ്ട് അവന്റെ വീട്ടിലെത്തി. കതക് ചാരിക്കിടന്നു. കര്‍ട്ടനുകള്‍ വൃത്തിയായി വിരിച്ചിട്ടിരുന്നു. അവന്റെ മുഖം ദയനീയമായി. അവന്‍ വീടിന്റെ വലതുഭാഗത്തേയ്‌ക്കോടി. ടെറെസ്സിലേയ്ക്കുള്ള ഗോവണി ഓടിക്കയറി. പാതിയില്‍ കുനിഞ്ഞ് സൈഡിലെ കിളിവാതിലിലൂടെ അകത്തേയ്ക്ക് നോക്കി. ഞാനും കണ്ടു. അവന്റെ ചേച്ചി. പത്താം ക്ലാസ്സിലെ ചേച്ചി അയാള്‍ക്കു മുമ്പീല്‍ യൂണിഫോമിന്റെ പാവാടമാത്രം ധരിച്ച് നില്‍ക്കുന്നു. എന്റെ രക്തമുറഞ്ഞു പോയി അവളുടെ മുടിമെടഞ്ഞ് റിബണിട്ട് ഇരു വശത്തും കെട്ടിയിരുന്നു. അയാള്‍ അവളുടെ കൈകളില്‍ ചുവന്ന വളകള്‍ ഇട്ടു കൊടുത്തിരുന്നു. അവളുടെ നഗ്‌നമായ തോളില്‍ അമര്‍ത്തിപ്പിടിച്ച് അലമാരിയ്ക്കു മുമ്പിലെ ആള്‍ക്കണ്ണാടിയ്ക്ക് മുന്നില്‍ നിര്‍ത്തി. പുറകില്‍ നിന്ന് കറുത്ത മുത്തുകളുള്ള മാല അയാളവളുടെ കഴുത്തില്‍ ധരിപ്പിച്ചു. കണ്ണാടിയില്‍ അവളുടെ ഇളം മുലകള്‍ക്കു മീതെ മുത്തുമാല തിളങ്ങിക്കിടന്നു. അയാള്‍ മുട്ടു കുത്തിനിന്ന് അവളുടെ അരക്കെട്ടിലമര്‍ത്തിപ്പിടിച്ച് മുലക്കണ്ണുകളിലേയ്ക്ക് ചുണ്ടു ചേര്‍ത്തു. അതേ നിമിഷം അവന്‍ പൊട്ടിക്കരഞ്ഞു. അയാള്‍ തലയുയര്‍ത്തി നോക്കി. ഒരു വന്യമൃഗം ഇരയെക്കണ്ട പകയോടെ അയാള്‍ വാതില്‍ക്കലേയ്ക്ക് പാഞ്ഞു.
""ഓടിക്കോ ഇന്ദൂ ഓടിക്കോ''
ഞാന്‍ ഭയന്നു പോയിരുന്നു. ഓടുമ്പോള്‍ രണ്ട് തവണ നെഞ്ചിടിച്ചു വീണു. എന്നിട്ടും ഞാനോടി എന്റെ സ്‌കൂളും വഴികളും പിന്നിട്ട് എന്റെ വീട് വരെ ഓടി. ഞാന്‍ പട്ടിയെപ്പോലെ അണച്ചു. എന്റെ നെഞ്ചില്‍ ഒരു കറുത്ത അണലിയെപ്പോലെ ആ മുത്തുമാല തിളങ്ങുന്നതും ഇരുട്ടില്‍ കണ്ണീര്‍ പൊടിഞ്ഞ മുഖത്തോടെ ഞാന്‍ വിറച്ച് നിന്നതും രാത്രിയില്‍ ഞാന്‍ സ്വപ്നം കണ്ടു. അതിലേയ്ക്ക് അറപ്പിക്കുന്ന ഒരു കൈ നീണ്ടു വന്നു. ഞാന്‍ ഉറക്കം ഞെട്ടിയുണര്‍ന്നു. അവന്റെ കരച്ചിൽ എന്റെ ചെവിയില്‍ വന്നലച്ചു.

അമിതമായി ചുണ്ടുകള്‍ ചുവപ്പിച്ച് വന്നതിന് ടീച്ചര്‍മാര്‍ അവളെ ശകാരിച്ചു. ചിലപ്പോള്‍ കടുംചോപ്പ് പൊട്ടുകള്‍ തൊട്ടു വന്നു. തലയില്‍ മുല്ലപ്പൂ ചൂടി. അവളെ സെന്റ് വാസനിച്ചു. അവള്‍ക്കൊപ്പം പരീക്ഷാ ഹാളിലിരുന്ന എനിക്ക് ഫ്രെഞ്ച് റോസ്സായുടെ മാദകമണത്തില്‍ തലകുത്തി, മൈഗ്രേയില്‍ ഇളകി.

മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് അവന്‍ വന്നപ്പോള്‍  കൈത്തണ്ടയില്‍  പൊള്ളിയ അടയാളം കണ്ടു. എന്റെ പേരവന്‍ പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ആശ്വാസമുണ്ടായി. പിന്നീട് പലപ്പോഴുമവന്‍ സ്‌കൂളില്‍ വരാതായി. ഞാനുമായി സംസാരിക്കാതെയായി. ചിലപ്പോള്‍ വന്നു. തല കുമ്പിട്ട് അപരിചിതനെപ്പോലെ നിന്നു. അവന്റെ ചേച്ചിയാകട്ടെ സദാ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ക്ലാസ്സിലിരുന്നു. അമിതമായി ചുണ്ടുകള്‍ ചുവപ്പിച്ച് വന്നതിന് ടീച്ചര്‍മാര്‍ അവളെ ശകാരിച്ചു. ചിലപ്പോള്‍ കടുംചോപ്പ് പൊട്ടുകള്‍ തൊട്ടു വന്നു. തലയില്‍ മുല്ലപ്പൂ ചൂടി. അവളെ സെന്റ് വാസനിച്ചു. അവള്‍ക്കൊപ്പം പരീക്ഷാ ഹാളിലിരുന്ന എനിക്ക് ഫ്രെഞ്ച് റോസ്സായുടെ മാദകമണത്തില്‍ തലകുത്തി, മൈഗ്രേയില്‍ ഇളകി. അവളോടുള്ള വെറുപ്പിനാല്‍ എനിക്ക് മനം പിരട്ടി. തലേന്ന് ആശാ ഫാന്‍സി സ്റ്റോറില്‍ വെച്ച് അവളെയും അയാളെയും കണ്ടതോര്‍ക്കെ എനിക്ക് ദേഷ്യവും തോന്നി
""ഇവിടെന്താ കല്യാണമുണ്ടോ?''  അവളുടെ മേക്കപ്പും ഒരുക്കവും സഹിക്കാതെ ടീച്ചര്‍ അവളെ തല്ലി. അവന്‍ പക്ഷെ നേരെ മറിച്ചായിരുന്നു. പിഞ്ഞിയ യൂണിഫോം, പൊട്ടിയ ചെരുപ്പുകള്‍, വര്‍ഷങ്ങള്‍ പഴകിയ സ്‌കൂള്‍ ബാഗ്.. അവന്റെ ജീവിതം നിറം കെട്ട് മങ്ങിപ്പോയി.

indumenon-1.jpg

പിന്നെപ്പിന്നെ അവനാരോടും മിണ്ടാതായി. എന്നെ നോക്കുക പോലും ചെയ്യാതായി. അവന്‍ തലകുമ്പിട്ട് മാത്രം നടന്നു.
അവന്‍ ലോകത്തെ നോക്കിയില്ല. സുഹൃത്തുക്കളെ നോക്കിയില്ല. മനുഷ്യരെ നോക്കിയില്ല. കുനിഞ്ഞ ശിരസ്സും കുനിഞ്ഞ കണ്ണുകളും. അവന്‍ പാതാളക്കുഴിയിലേയ്ക്ക് താണ് പോയവനായിരുന്നു. ജീവിതത്തോട് തോറ്റ് തോറ്റ് പോയവനായിരുന്നു.

ഒരിക്കല്‍ ഊമക്കത്തുകളുടെ പേരില്‍ ഞാന്‍ സ്‌കൂളില്‍ വെച്ച് കരഞ്ഞപ്പോള്‍ അവന്‍ വന്നു ആശ്വസിപ്പിച്ചു.. ബാഗില്‍ ഒളിച്ച് വെച്ച കത്തെടുത്ത് ഞാനവന് കൊടുത്ത്.
""ഇദാപ്പം... എടോ ഇത് നുണയെഴുതീതല്ലെ. നെന്റെ അമ്മ അങ്ങനെയല്ലല്ലോ..''
അവനെന്നെ ആശ്വസിപ്പിച്ചു.
""എന്നെ നോക്ക് ഞാങ്കരയാറ്‌ണ്ടോ? പക്ഷെ എന്റെ അമ്മ ഇങ്ങനെ തന്നെയാണ്.. ഈ കത്തില് എഴുതിയത് മാതിരി...'' അവന്റെ കണ്ണുകള്‍ ചുവന്നു വന്നു.
""ഒരു കൂത്തിച്ചി'' ഞാന്‍ പേടിച്ചു പോയി
""എന്റെ മാമന്‍ അമ്മയെ വിളിക്കുന്ന പേരാണ് ഇതിലെഴുതിയിരിക്കുന്നത്'' അവന്‍ വിശദീകരിച്ചു... 
""ആദ്യമൊക്കെ വെഷമാരുന്നു. ഇപ്പോ ശീലായി'' അവന്‍ വിളറിയ ചിരി ചിരിച്ചു.. ഓരോ ഊമക്കത്ത് വായിക്കുമ്പോഴും ഞാനവനെ ഓര്‍ത്തു
""കരയരുത്. കരഞ്ഞാ തീര്‍ന്നില്ലെ? അവരാശിക്കണത് കിട്ടീന്നര്‍ത്ഥം. അങ്ങനെ വിട്ട് കൊടുക്കരുത്. ബീ കൂള്‍'' അവന്റെ വാക്കുകള്‍ എന്റെ തലയില്‍ നിത്യം മുഴങ്ങി.

പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം കിടപ്പുമുറിയിലെ ഫാനിലവന്‍ തൂങ്ങി നിന്നപ്പോള്‍ അവന്റെ നാക്കില്‍ ചൂട് ചോരയുറഞ്ഞ് തണുത്തുകറുത്ത പാടുകളുണ്ടായിരുന്നു.. ബീ കൂള്‍ എന്നു പറഞ്ഞ അവന്റെ ഉടല്‍ അസാധാരണമായ തണുപ്പില്‍ കൂള്‍ കൂളായിക്കിടന്നു. ആ മരണവീട്ടില്‍ ആരും അവനായി കരയാനില്ലായിരുന്നു. എല്ലാം കൂളായിരുന്നു.. സ്വന്തം രക്തബന്ധുക്കളുടെ അവിഹിതങ്ങളുടെ ഭാരം ഇനി താങ്ങാനാവില്ല എന്നോ മറ്റോ അര്‍ത്ഥമാക്കുന്ന രണ്ട് വരിക്കത്തില്‍ അവന്‍ ജീവിതത്തെ നിര്‍ത്തി നടന്നു പോയി... അവന്റെയച്ഛന്റെ കീടനാശിനിക്കടയിലിരുന്ന് അവല്‍ ലോലീപ്പോപ്പ് നീട്ടി ചിരിക്കുന്നതും ""ബീ കൂള്‍'' എന്നു പറയുന്നതും ഓരോ തവണത്തെ കത്ത് വരുമ്പോഴും ഞാനോര്‍മ്മിച്ചു കൊണ്ടേയിരുന്നു...

ജയ ബേക്കറിയിലെ എരിവും മസാലരുചിയും എനിക്ക് തികട്ടി വന്നു. എനിക്കോ അച്ഛനോ പരസ്പരമൊന്നും പറയാന്‍ കഴിഞ്ഞില്ല. കുടയില്‍ ഞാനും അച്ഛനും. മഴയ്‌ക്കൊപ്പം എന്റെ ഉള്ളില്‍ സങ്കടം പൊട്ടിച്ചിതറി. 

ബില്‍ ക്ലിന്റന്റെ പ്രായം

ഊമക്കത്തുകള്‍ പേരക്ക മരത്തില്‍ ഒളിഞ്ഞിരിക്കുന്ന തൊപ്പപ്പുഴുക്കളായിരുന്നു. കട്ടികുറഞ്ഞ ഉമിനീര്‍നൂലില്‍ അവ മരത്തിനുമുകളില്‍ നിന്നിറങ്ങി. അത് സ്പര്‍ശിച്ചവര്‍ മാത്രമല്ല കണ്ട എല്ലാവരുടേയും ദേഹം ചൊറിഞ്ഞു പിന്നെ തിണര്‍ത്തു.. വര്‍ഷങ്ങള്‍ കഴിയും തോറും അവയുടെ എണ്ണം കൂടിക്കൂടി വന്നു. കാറ്റില്‍ എപ്പോഴും അതിന്റെ ഉപദ്രവകരമായ തൊപ്പകള്‍ പാറിനടന്നു. ചിലപ്പോളവ കാട്ടുകടന്നലുകളായി.. വിഷമുള്ളുകള്‍ കുത്തി ഞങ്ങള്‍ക്ക് വ്രണങ്ങളായ്. ചിലപ്പോള്‍ മരണാസന്നമായ അനാഫൈലാക്‌സിസ് റിയാക്ഷനുണ്ടായി. ഓരോ കത്ത് വായിക്കുമ്പോഴും ഹൃദയത്തിനു താളം തെറ്റി. ശ്വാസമെടുക്കാന്‍ പ്രയാസമായി. രക്തസമ്മര്‍ദ്ദം  വല്ലാതെ കുറഞ്ഞു.

""കൂത്തിച്ചിയേ'' എന്നാരോ പിന്‍ വിളിച്ചതു പോലെ എന്റെ ചെവികളില്‍ കാറ്റടിച്ചു. ഞാന്‍ ഭയന്നു.

നല്ല മഴയായിരുന്നു. മലപ്പുറത്തെ തണുപ്പന്‍ കാറ്റ് ചിതറിയ്ക്കുന്ന ഓമനത്തമുള്ള പളുങ്ക് മഴ.... ഡിഡിയുടെ വീട്ടില്‍ നിന്നും കഴിച്ച മിക്‌സ്ചറിനു നല്ല രുചിയായിരുന്നു. ജയ ബേക്കറിയിലെ എരിവും മസാലരുചിയും എനിക്ക് തികട്ടി വന്നു. എനിക്കോ അച്ഛനോ പരസ്പരമൊന്നും പറയാന്‍ കഴിഞ്ഞില്ല. കുടയില്‍ ഞാനും അച്ഛനും. മഴയ്‌ക്കൊപ്പം എന്റെ ഉള്ളില്‍ സങ്കടം പൊട്ടിച്ചിതറി. 
""---- മാഷായിരിക്കുമോ?'' അച്ഛന്റെ സ്‌കൂളിലെ ഒരു മാഷുടെ പേരു ഞാന്‍ പറഞ്ഞു.
""അല്ല ആവില്ല. കുത്തിത്തിരിപ്പനാണെങ്കിലും എന്നോട് നല്ല സ്‌നേഹമുള്ള ആളല്ലെ? മര്യാദക്കാരനുമാണ്. ആവാന്‍ വഴിയില്ല''
ആരായിരിക്കും കത്തയച്ചിരിക്കുക എന്ന് അച്ഛന്‍ വല്ലാതെ ആധി പിടിച്ചു.
""നിനക്കറിയുമോ? എനിക്കും പതിവായ് കത്തുകള്‍ വരാറുണ്ട്. ഇതേ കയ്യക്ഷരത്തില്‍ പക്ഷെ മൊത്തം അഴുക്കചീത്ത വിളീയാണ്'' അച്ഛന്‍ തുറന്നു പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. ഓഹ്. 
""അതെന്താ അമ്മയോട് പറയാത്തത്?''
""അമ്മയ്ക്ക് വയ്യാത്തതല്ലെ? അതൊക്കെ വായിച്ചാല്‍ വലിയ വിഷമമായിരിക്കും. അമ്മയെക്കുറിച്ചൊക്കെ വളരെ മോശമെഴുതിയാണ് വന്നിട്ടുള്ളത്''

ആ നിമിഷം എനിക്ക് ഭയങ്കരമായ സങ്കടം തോന്നി. അമ്മ അച്ഛനോട് ഈ വിഷയം തുറന്നു പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഏകദേശം 16 കൊല്ലമായിരുന്നു കത്തിന്റെ വരവ് തുടങ്ങിയിട്ട്.

indumenon-3.jpg

""എടി വെല്ല്യേട്ടന്‍ പറഞ്ഞിട്ട്ണ്ട് ഈ വിഷയം മാഷോട് പറയണ്ട എന്ന്'' ഞാന്‍ ചോദിക്കുമ്പോള്‍ അമ്മ പലകുറി ഇതു തന്നെ പറഞ്ഞു. അച്ഛനെ അറിയിച്ച് വിഷമിപ്പിക്കണ്ട എന്ന് അമ്മ ശരിക്കും കരുതിയിരുന്നു. അമ്മയ്ക്ക് പൊതുവെ നിഷ്‌കളങ്കത കൂടുതലാണ്. പക്ഷെ  ആ നിമിഷം അച്ഛനോട് ഞാനാ വിവരം, മുഴുവന്‍ കഥകളും  ഉപകഥകളുമടക്കം വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തു.

ഞങ്ങള്‍ മഴമാറാനായി പി ടി എസ്സിന്റെ കൂള്‍ബാറിലിരിക്കുകയായിരുന്നു. അമ്മയോ മക്കളായ ഞങ്ങളോ ഈ വിഷയം ഒരു തരിമ്പ് പോലും വിശ്വസിച്ചിട്ടില്ലെന്ന് ഞാന്‍ വളരെ ശാന്തമായിത്തന്നെ പറഞ്ഞു. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞ് വരുന്നത് ഞാന്‍ കണ്ടു.. ഒരു മറുപടിയും അദ്ദേഹം പറഞ്ഞില്ല.

""എന്നാലും സത്യയ്ക്ക് എന്നോടിത് പറയാമായിരുന്നു''
""എന്തിനു. ഒരാവശ്യവുമില്ല. അതച്ഛനല്ല എന്ന് അമ്മയ്ക്കുറപ്പാണല്ലോ''
 വളരെ സാവകാശം ഞാന്‍ പഫ്സ്സ് കഴിച്ചുകൊണ്ട് അസാമാന്യമായ ശാന്തത പുറത്തേയ്ക്ക് കാട്ടി. അച്ഛനൊന്നും തോന്നാന്‍ പാടില്ലല്ലോ
""ഓഹ് അത് ശരി അതാണപ്പോ ഇപ്പോ മീഞ്ചന്തയിലേക്ക് നീ പോകാത്തത് അല്ലെ?''
""അല്ല. പക്ഷെ എനിക്ക് ഇത് പറയുന്നവരെ ഇഷ്ടമല്ല. ഞാന്‍ നന്നായി തിരിച്ച് പറയും. പിന്നെ അമ്മയ്ക്കാണ്''

""നീ വഴക്കിനൊന്നും പോവരുത്. നമുക്ക് വഴിയുണ്ടാക്കാം'' അച്ഛന്‍ പ്രത്യാശിച്ചു.

എന്ത് വഴി? പെരുവഴിയായിരുന്നു സംഭവിച്ചത്. കത്തുകള്‍ പെരുകിക്കൊണ്ടേയിരുന്നു. അടുത്തതലമുറയിലേയ്ക്ക് അതങ്ങനെ വന്നുകൊണ്ടിരുന്നു. ഹോസ്റ്റലില്‍ നില്‍ക്കുന്ന എന്റെ അനിയത്തിയ്ക്കും കൊച്ചു കസിന്‍ കീര്‍ത്തിമോള്‍ക്കും വരെ കത്തുകള്‍ വരാന്‍ തുടങ്ങി. എന്തിനു മാസം തികയാതെ പെറ്റ എന്റെ പെണ്‍കുഞ്ഞിന്റെ പേരു ഗൗരി എന്ന് പ്രഖ്യാപിച്ചതോടെ അവള്‍ക്ക് വരെ വന്നു കത്ത്. തെറികള്‍ക്കൊപ്പം, മതം, ജാതി കടുത്ത ഹിന്ദുവര്‍ഗീയത എന്നിവ കടന്നു വന്നുകൊണ്ടിരുന്നു. കത്തെഴുതുന്നവന്റെ രാഷ്ട്രീയം കൃത്യമായിരുന്നു. ക്രിസ്ത്യാനിയായതിനാല്‍ എന്റെ ഭര്‍ത്താവിനും കിട്ടിയിരുന്നു ധാരാളം മിഠായികള്‍. ""നിന്റെ ലിംഗത്തില്‍ ശൂലം കേറ്റുമെടാ'' എന്ന് തുറന്ന കാര്‍ഡിലെഴുതി ഓഫീസ്സിലേയ്ക്കയച്ചതും അത് മനോരമപത്രമാപ്പീസ്സിലെ എല്ലാ സഹപ്രവര്‍ത്തകരും വായിച്ചതുമൊക്കെ ഭര്‍ത്താവ് പറയുമ്പോള്‍ തമാശയോ ഗൗരവമോ എന്നറിയാതെ ഞാന്‍ ആകുലപ്പെട്ടു. കത്തുകള്‍ കിട്ടിയപ്പോള്‍ എന്റെ അമ്മായിയമ്മ വിറച്ചു പോയി. അമ്മ അതീവ ദുഃഖിതയുമായി.

അവിഹിതം. തലപൊട്ടിക്കുന്ന അവിഹിതം. അവിഹിതം ഒരു ഭാരമാണ്. അഭിമാനിയായ അച്ഛനത് പ്രശ്‌നന്മുണ്ടാക്കും എന്നവര്‍ക്ക് തോന്നി. അവര്‍ ക്ഷോഭത്തോടെ അച്ഛനരികില്‍ വന്നു. അച്ഛനെ വേദനിപ്പിക്കണമെന്ന് അവര്‍ കഠിനമായി ആഗ്രഹിച്ചു. 

പക്ഷെ ഒരു കാര്യം മാത്രം മാറിയില്ല. മാറ്റാന്‍ ഞങ്ങള്‍ക്കൊരു വഴിയും കിട്ടിയില്ല എന്നതാണ്. അച്ഛന്‍ കുറ്റവാളിയും വെറുക്കപ്പെട്ടവനുമായി. ഞാനുമച്ഛനും പോയി പരാതിപ്പെട്ടപ്പോള്‍ പൊലീസ്സുകാര്‍ അതിനെ ഗൗരവത്തോടെ എടുത്തതേയില്ല. അതൊന്നും കുഴപ്പമില്ല എന്ന നിലപാടായിരുന്നു അവര്‍ക്ക്. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാതെയായി.
​​​​​​​ഏവരുടെയും ദേഷ്യം കടുത്തപകയായി മാറിയ സമയമായിരുന്നു അത്. അമ്മവീട്ടുകാര്‍ കത്തിജ്ജ്വലിച്ചു കൊണ്ടിരുന്നു. കീര്‍ത്തിമോള്‍ക്ക് ഹോസ്റ്റലിലേയ്ക്ക് കത്തു വന്നപ്പോള്‍ എല്ലാവര്‍ക്കും പ്രാന്ത് പിടിച്ചതു പോലെയായി. അച്ഛനോട് ചോദിക്കാനും വഴക്കുണ്ടാക്കാനും അവര്‍ തീരുമാനിച്ചു. അമ്മയുടെ ഇളയ അനിയനും അനിയത്തിയുമാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്താണ് അവരുടെ ഈ തന്ത്രത്തിന്റെ കാതല്‍ എന്നു എനിക്കപ്പോഴെ മനസ്സിലായി. അവിഹിതം. തലപൊട്ടിക്കുന്ന അവിഹിതം. അവിഹിതം ഒരു ഭാരമാണ്. അഭിമാനിയായ അച്ഛനത് പ്രശ്‌നന്മുണ്ടാക്കും എന്നവര്‍ക്ക് തോന്നി. അവര്‍ ക്ഷോഭത്തോടെ അച്ഛനരികില്‍ വന്നു. അച്ഛനെ വേദനിപ്പിക്കണമെന്ന് അവര്‍ കഠിനമായി ആഗ്രഹിച്ചു. 
കത്തുകളാണ് അവര്‍ സംസാരിക്കുവാന്‍ വന്ന വിഷയമെന്ന് അച്ഛനു നല്ല ബോധ്യമുണ്ടായിരുന്നു. അച്ഛന്‍ അതിന്മേല്‍ സംസാരിക്കുവാന്‍ അവസരം തേടുകയുമായിരുന്നു. ഞാന്‍ വിവരങ്ങള്‍ അച്ഛനോട് പറഞ്ഞതോ അച്ഛനറിഞ്ഞതോ അമ്മയോട് പറയരുതെന്നു ഞാന്‍ സത്യം ചെയ്യിച്ചിരുന്നു. അച്ഛനത് പാലിച്ചുമിരുന്നിരുന്നു.

""സത്യേ, ഇയാളു കേട്ടല്ലോ. അപ്പോള്‍ എന്റെ പേരില്‍ ഒരു ഗര്‍ഭക്കേസ്സാണ് ഇവരു ആരോപിക്കുന്നത്.'' വലിയ ഒരു കൊടുങ്കാറ്റാണ് അച്ഛന്‍ ഊതിപ്പറപ്പിക്കുന്നത്. അമ്മയുടെ ദാമ്പത്യം എന്നെന്നേയ്ക്കുമായി കടപുഴകാവുന്ന ഒരു കള്ളം

എന്നാല്‍  അവര്‍ കത്തുകളെക്കുറിച്ച് പറഞ്ഞതേയില്ല. സംഭവിച്ചത് മറ്റൊന്നാണ്. അവിഹിതത്തിന്റെ ചൂടു കഥ.
""മണിയേട്ടനെ തേടി സ്‌കൂളില്‍ ഒരു സ്ത്രീ വന്നിരുന്നു'' ആദ്യത്തെ കൊച്ചു പടക്കം പൊട്ടി.
""എന്നെ അന്വേഷിച്ച്ട്ടോ? ആരാണ് വന്നത്? എന്താ കാര്യമെന്നെ അന്വേഷിച്ചില്ലെ?''
""ഒരു സ്തീയാണ് വന്നത് 35 വയസ്സൊക്കെ കാണേരിക്കും''
""എന്നിട്ട്?''
""അവര്‍ ഗര്‍ഭിണിയാണ് അഞ്ച് മാസം വരും''
രണ്ടാമത്തെ സ്‌ഫോടകാത്മക രഹസ്യവും വെളിപ്പെട്ടു.
അച്ഛന്‍ വാപൊളീച്ചു തന്നെ നില്‍ക്കുകയാണ്. എന്താണ്  കാര്യം ഇതെന്താണ് പറയുന്നതെന്നു തിരിയുന്നില്ല. 
""ആ സ്ത്രീ പറയുന്നത് അവളുടെ ഗര്‍ഭത്തിനുത്തരവാദി മണിയേട്ടനാണെന്നാണ്''
ബോംബ്. ഭയങ്കരമായ ബോംബ്. എല്ലാവരും സ്തബ്ധരായി നില്‍ക്കുകയാണ്. എനിക്ക് ദേവനെ ഓര്‍മ വന്നു അവന്റെ വാക്കുകള്‍ ഓര്‍മ വന്നു.
""മ്പളെ അമ്മനെം അച്ഛനെം പറ്റിയൊക്കെ ചീത്തത് കേക്കുമ്പോ തല പൊട്ട്വടോ''
അച്ഛന്റെ മുഖത്തെ ഗൗരവം അയഞ്ഞു. ചിരി വിടര്‍ന്നു. അച്ഛന്‍ ഒറ്റ മറുപടിയാണ്.
""ആഹ. കൊള്ളാലോ. ഇങ്ങോട്ട് വരാന്‍ പറയൂ. ഇവിടെയാവുമ്പോള്‍ സത്യയും മക്കളുമൊക്കെയില്ലെ? കാര്യമൊക്കെ സംസാരിക്കാമല്ലൊ?'' ഗര്‍ഭക്കേസ്സ് കൊണ്ടുവന്നവര്‍ അമ്പരന്നു നില്‍ക്കുകയാണ്. അച്ഛനു വലിയൊരു തമാശകേട്ട ഭാവമാണ്
""സത്യാ..'' അച്ഛന്‍ ചായയിടാന്‍ പോയ അമ്മയെ വിളിച്ചു. അമ്മ രംഗത്ത് പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ കുട്ടികള്‍ സ്തബ്ധരാണ്. അനുജനും അനിയത്തിയും മെല്ലെ വലിഞ്ഞു. എനിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. ദേവന്റെ വാക്കുകള്‍ കത്തുകയാണ് തലയ്ക്കുള്ളില്‍ തീമരമുയരുന്നു.. കത്തില്‍ വായിക്കുമ്പോ കേള്‍ക്കുന്നതു പോലെയല്ല. അച്ഛന്മാരുടെ അവിഹിതങ്ങള്‍നേരിട്ട് കേള്‍ക്കുന്നത്. വീട്ടിലെ പഴയ ഫാനില്‍ തൂങ്ങി ഞാന്‍ നില്‍പ്പുണ്ട്. അശരണമായ ഹൃദയത്തോടെ, അപമാനത്തോടെ ഒടിഞ്ഞകഴുത്തോടെ ഞാന്‍ നില്‍പ്പുണ്ട്. പയര്‍വള്ളികള്‍ പോലെ തൂങ്ങി നില്‍ക്കുന്ന മെലിഞ്ഞ കാല്..

""സത്യേ, ഇയാളു കേട്ടല്ലോ. അപ്പോള്‍ എന്റെ പേരില്‍ ഒരു ഗര്‍ഭക്കേസ്സാണ് ഇവരു ആരോപിക്കുന്നത്.'' വലിയ ഒരു കൊടുങ്കാറ്റാണ് അച്ഛന്‍ ഊതിപ്പറപ്പിക്കുന്നത്. അമ്മയുടെ ദാമ്പത്യം എന്നെന്നേയ്ക്കുമായി കടപുഴകാവുന്ന ഒരു കള്ളം. അച്ഛനെ ഏറ്റവും ഹീനമായ രീതിയില്‍ വ്യക്തിഹത്യചെയ്യല്‍.

ഞാനാണെങ്കില്‍ വലിയ പ്രശ്‌നം ഉണ്ടാക്കിയേനെ. എന്റെ സഹോദരി, എന്റെ ഭര്‍ത്താവിനെക്കുറിച്ച് ഇത്തരമൊരു അപവാദം പറഞ്ഞാല്‍, ഞാനാണെങ്കില്‍ സഹിക്കുമായിരുന്നില്ല.

""ഒറപ്പായിട്ടും അമ്മൂന്റെയും ഹരീന്റെയും പല്ല് ഞാന്‍ അടിച്ച് കൊഴിക്കും'' സന്ധ്യയ്ക്ക് കലഹം പെരുത്ത് ഞാന്‍ അമ്മയോട് വീറോടെ അലറി. അമ്മ അപ്പോഴും ചുമരു ചാരി നിന്നു.
""അമ്മയ്ക്കാരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റാണാവശ്യം? പാവം സത്യ എന്നു കേള്‍ക്കുന്നത് എന്തോ ഹരമാണ്. സത്യ പാവമൊന്നുമല്ല. സ്വന്തം ഭര്‍ത്താവിനെ ബന്ധുക്കള് ദ്രോഹിക്കാന്‍ സപ്പോര്‍ട്ടിയ്യണ ആളാണ്'' ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു.

indumenon-

""ഇന്ദു മതി. നിര്‍ത്ത്. '' അച്ഛന്‍ എന്നെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. അന്നു ഞാന്‍ ഭയങ്കരമായി പൊട്ടിത്തെറിച്ചു. ദേഷ്യപ്പെട്ടു. അലറി നിലതെറ്റി വഴക്കുപിടിച്ചു. അമ്മയുടെ നിശബ്ദതയെ, നന്മയെ ഒക്കെ ചീത്ത പറഞ്ഞു.

""അവരു വെറും നാട്ട്യക്കാരാണ്. പ്രിട്ടെന്‍ഷ്യസ്സ്. അവരുടെ ഉള്ളിലൊന്നും നന്‍മയില്ല. സത്യം പറയുന്നോര്, നിലപാട് എടുക്കുന്നോരു ഒന്നും ചീത്തയല്ല. അങ്ങനെ പറയുന്നോര്‍ക്ക് ഗുഡ് ബുക്കിലിടം ഉണ്ടാവില്ല. പക്ഷെ അവനവന്റെ ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി സംസാരിക്കുക എന്നത് അമ്മമ്മാരുടെ ഉത്തരവാദിത്താണ്. അമ്മയ്ക്ക് കൂറു എക്കാലത്തും അമ്മടെ വീട്ടുകാരോടാണ്. അതിക്കവിഞ്ഞ് ആരൂല്ല. ഞങ്ങളൂല്ല. അച്ഛനുല്ല'' ഞാന്‍ കരയാന്‍ തുടങ്ങി. 
""ഇപ്പോ എത്ര വര്‍ഷമായി. അമ്മ അച്ഛനോട് എന്തെങ്കിലും സത്യം പറഞ്ഞൊ? ഈ ചീത്തയും നുണയും കേക്കണ്ടി വന്നതിനു അമ്മയും കാരണമാണ്. നോക്കിക്കോളി ആ ദേവനെ മാതിരി ഞാനും ഇവടെ ശരിയാക്കും..''
എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.  അമ്മയും കരയാന്‍ തുടങ്ങി. പക്ഷെ അച്ഛന്‍ അനിതരസാധാരണമായ സമാധാനത്തോടെ എന്നോട് സംസാരിച്ചു.

""ഇപ്പറഞ്ഞ ആരോപണം പോലെ തന്നെയാണ് ഇന്ദൂ ഗര്‍ഭക്കേസ്സും. ഒരു നുണ. കത്തിന്റെ കാര്യവും അങ്ങനെ തന്നെ. പിന്നെ'' അച്ഛന്‍ എന്റെ കരഞ്ഞു വീര്‍ത്ത മുഖം നോക്കി
""ഇതിങ്ങനെയേ വരൂ എന്ന് എനിക്ക് ഊഹമുണ്ടായിരുന്നു'' അച്ഛന്റെ മുഖത്ത് ചെറിയ കുസൃതി വിരിഞ്ഞു..
""എന്ത് ഗര്‍ഭക്കേസ്സോ? അതെന്താ?'' എനിക്ക് അരിശം വന്നു
""ആഹ് അതെന്നെ...?''
""ഏഹ് എന്താ പറയണത്?'' ഞാന്‍ ചൊടിച്ചു.
അച്ഛന്‍  അതേ കുസൃതിയോടെ ചിരിച്ചു.
""ഞാനെ 46 ലാണ് ജനിച്ചത്. ഇപ്പോ എന്താപ്രായം? 52 വയസ്സ്. അദ്ദാണ്. എനിക്കേ ബില്‍ ക്ലിന്റെന്റെ പ്രായമാണ്. ഈ പ്രായം ശരിയല്ല.'' അച്ഛന്‍ പൊട്ടിപ്പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

പലപ്പോഴും അങ്ങനെയാണ്. എന്നെ വിറളിപിടിപ്പിക്കുന്ന് പലതും അച്ഛന് തമാശയാണ്. ഒരു പക്ഷെ എന്നോ എന്റെ രണ്ട് വയസ്സിലോ മറ്റോ തകര്‍ന്നു പോകാവുന്ന ഒരു ദാമ്പത്യം തകരാതെ തഴച്ച് സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും വന്മരമായി മാറിയതിനു കാരണങ്ങളിലൊന്ന് ഈ സമാധാനസ്വഭാവമാണ്. വരട്ടെ നമുക്ക് സത്യമറിയാന്‍ ശ്രമിക്കാമെന്ന ക്ഷമയാണ്. എന്റെ അച്ഛന്‍ ശരിക്കും പൂവ് പോലെ വിശുദ്ധനായ മനുഷ്യനാണ്. അമ്മ ഒരു പക്ഷാഭേദക്കാരിയും
""പാര്‍ഷ്യാലിറ്റി ചട്ടിവടി'' അമ്മ കേള്‍ക്കെ ഞാന്‍ ശകാരിച്ചു.

(തുടരും)​​​​​​​

ഇന്ദുമേനോന്‍

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു  വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും  തുടങ്ങിയവ പ്രധാന കൃതികൾ.

Audio