Wednesday, 29 March 2023

എഴുത്തുകാരന്റെ ദേശസഞ്ചാരം


Text Formatted

മുറിഞ്ഞ ജീവിതവും ചരിത്രവും
കഥ പറഞ്ഞുകൊണ്ടിരിക്കുന്നു, എന്നിലൂടെ...

തമിഴ്‌നാട്ടില്‍ ജനിച്ച, തമിഴില്‍ എഴുതുന്ന ഒരു മലയാളി എന്ന നിലയ്​ക്ക്​

സ്വന്തം ദേശവഴികളിലേക്ക് തിരിച്ചു സഞ്ചരിക്കുകയാണ്​ ജയമോഹൻ. രാഷ്ട്രീയമായ കേരളവും സാംസ്‌കാരികമായ കേരളവും രണ്ടാണെന്ന്​ ആറരപ്പതിറ്റാണ്ട് പിന്നിടുന്ന ഈ ദേശത്തെ മുൻനിർത്തി അദ്ദേഹം വിശദീകരിക്കുന്നു

Image Full Width
Image Caption
ജയമോഹന്‍
Text Formatted

‘‘മനുഷ്യന്‍ വെറും വ്യക്തിയല്ല. ഒരു സാംസ്‌കാരിക ഭൂമികയാണ്. അതിലേക്ക് നയിക്കുന്നത് ചരിത്രമാണ്, രാഷ്ട്രീയമാണ്. അങ്ങനെ നയിക്കപ്പെടാന്‍ ഒരു ചരിത്രമില്ലെങ്കില്‍, നിങ്ങള്‍ ആപ്പിളിന്റെയോ ടയോട്ടയുടേയോ ഒരു ഉപഭോക്താവ് മാത്രമാണ്''- തെക്കന്‍പാട്ടിന്റെ താളം ഗര്‍ഭം ധരിച്ച വേളിമലയുടെ ചെരുവിലിരുന്ന് ജയമോഹന്‍ പറയുന്നത് തെക്കന്‍ തിരുവിതാംകൂറിന്റെ നാടകീയമായ ചരിത്രം മുന്നില്‍ വച്ചിട്ടാണ്. എങ്കില്‍ വ്യക്തി പൂര്‍ണമാകുന്നത് എവിടെയാണ്? വ്യക്തിയെ വാര്‍ത്തെടുക്കുന്ന ദേശപ്പൊരുളിലാണ്. ജീവിതമാകുന്ന മിഥോളജി തൊട്ട് യുക്തിഭദ്രമായ ചരിത്രം വരെ സകലതും വേരോടുന്ന ഇന്നലെകളുടെ ഹൃദയതടം പകുത്തുകൊടുക്കുന്ന അനുഭവങ്ങളിലാണ്. കേരളപ്പിറവിക്ക് വര്‍ഷാവര്‍ഷമോര്‍ക്കുന്ന ആ വിഭജനത്തിന്റെ സ്ഥിരം ധര്‍മസങ്കടങ്ങള്‍ക്കപ്പുറം കന്യാകുമാരി ബാക്കി വയ്ക്കുന്നതെന്താണ്?

കളിയിക്കാവിളയില്‍ ജീവിതം മുറിഞ്ഞുപോയി, ചരിത്രവും.
പക്ഷെ വിഭജനത്തിന്റെ മുറിവേറ്റ തലമുറ കൊഴിഞ്ഞുതീരാറായി. ആ ഓര്‍മ്മകള്‍ തൊട്ടടുത്ത തലമുറയ്ക്കൊരു കഥ മാത്രമായി തീരുന്നു. എങ്കിലും ചരിത്രത്തിന് എക്കാലവും അപൂര്‍ണമായിരിക്കാനാവില്ല. കാരണം നാഞ്ചിനാടെന്ന തിരുവിതാംകൂറിന്റെ പത്തായത്തിലിനിയും ഇത്തിരി നെല്ല് ബാക്കിയുണ്ട്. അതില്‍ മലയാളത്തിന്റെ നീരോട്ടമുണ്ട്. കേരളം വേണ്ടെന്നു വച്ചാലും എഴുത്തും എഴുത്തുകാരനും നിലനില്‍ക്കുന്നിടത്തോളം ഈ നാട് അനാഥമാവുന്നില്ലെന്ന് കേരളപ്പിറവിയുടെ ആറരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍, സ്വന്തം ദേശവഴികളിലേക്ക് നോക്കി തമിഴകത്ത് നിന്ന് ഒരെഴുത്തുകാരന്‍ വിളിച്ചു പറയുകയാണ്. പോരും പകയും കൊലയും ബലിയും പ്രണയവും യക്ഷികളും സര്‍പ്പങ്ങളും ആനകളും കുലദൈവങ്ങളും നിറഞ്ഞ ഒരനുഭവലോകത്തു നിന്നും വീണ്ടും വീണ്ടും കഥകള്‍ക്ക് പിറവിയെടുക്കാതിരിക്കാനുമാവില്ല. നാല് തലമുറകളായി വലിയ എഴുത്തുകാരുടെ മണ്ണാണ് കന്യാകുമാരി. അതും രണ്ട് ഭാഷകളിലെഴുതിയ പ്രതിഭകള്‍. അതുകൊണ്ട് 1956-ല്‍ മുറിഞ്ഞ ജീവിതവും ചരിത്രവും ഇന്നും കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു. 

എം.ജി. അനീഷ്​: ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം കഴിഞ്ഞ് കേരളപ്പിറവിക്ക് ആറരപ്പതിറ്റാണ്ട് എത്തുന്നു. തമിഴകത്തിരുന്ന് നാഞ്ചിനാട്ടിലേക്കും നാഞ്ചിനാട്ടിലിരുന്ന് കേരളത്തിലേയ്ക്കും നോക്കിയാല്‍ മനസ്സെന്ത് പറയും?

ജയമോഹൻ: ഞാന്‍ തമിഴ്‌നാട്ടില്‍ ജനിച്ച, തമിഴില്‍ എഴുതുന്ന ഒരു മലയാളിയാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം അക്ഷരങ്ങള്‍ പഠിച്ചു. ഡിഗ്രി കഴിഞ്ഞ് കാസര്‍കോഡ് ജോലി നോക്കുമ്പോള്‍ മലയാളം എഴുതാന്‍ പഠിച്ചു. മലയാളം വായിച്ചിരുന്നു. കേരളത്തിനോട് വളരെക്കുറച്ച് മാത്രമേ അടുപ്പവുമുണ്ടായിരുന്നുള്ളു. ആ അടുപ്പം സാഹിത്യത്തിലൂടെ ഉണ്ടായതാണ്. ഇതുപോലെ വിട്ടകന്ന സംസ്‌കാരങ്ങള്‍ തമിഴകത്തിനും കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കുമെല്ലാം ഉണ്ട്.

Jayamohan

1956-ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടു. ഇതുകൊണ്ട് സംഭവിക്കുന്നൊരു സാംസ്‌കാരിക പ്രശ്‌നമുണ്ട്. തമിഴ്‌നാട്ടില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെയുള്ള അഞ്ഞൂറ് വര്‍ഷക്കാലം കളപ്പുരര്‍ എന്നൊരു ജാതിയാണ് ഭരിച്ചിരുന്നത്. അതേപ്പറ്റി രണ്ട് ചെപ്പേടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. ഇന്നുവരെയുള്ള തമിഴ് ചരിത്രമെഴുതിയ സകലരും കളപ്പുരര്‍ കാലം ഇരുണ്ട കാലം എന്നെഴുതി അഞ്ഞൂറ് കൊല്ലത്തിന്റെ ചരിത്രത്തെ ലളിതമായങ്ങ് മറികടക്കും. അവരെങ്ങനെ അര സഹസ്രാബ്ദം തമിഴകം വാണുവെന്ന ചോദ്യത്തിനുത്തരവുമില്ല. ഈ കാലഘട്ടത്തിലാണ് ചിലപ്പതികാരമുണ്ടായത്. ഇതേ കാലത്താണ് പതിനെണ്‍ കീഴ്​ക്കണക്കുണ്ടായത്. അതില്‍ തിരുക്കുറളുമുണ്ട്. ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമാകാത്തതിന് പ്രധാന കാരണം ഭാഷാപരമായി വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരിലൊതുങ്ങി നിന്നുകൊണ്ട് ചരിത്രമെഴുതിയതാണ്. ആ കാലത്ത് തമിഴകത്തിന്റെ ആസ്ഥാനം ശ്രാവണബല്‍ഗോളയാണ്. കളപ്പുരര്‍ വന്നത് മൈസൂറിനടുത്തു നിന്നാണ്. പക്ഷെ നമ്മുടെ ചരിത്രകാരന്‍മാരുടെ മനസ്സ് ചെന്നൈയിലോ വെല്ലൂരിലോ അവസാനിക്കും. ഇതാണ് കേരളവും തുടര്‍ന്നത്. 

രാഷ്ട്രീയമായ കേരളവും സാംസ്‌കാരികമായ കേരളവും രണ്ടാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഇന്നത്തെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ നിന്ന്​ അതിന്റെ ചരിത്രമെഴുതുമ്പോള്‍ അതിനു പുറത്തിരുന്ന് കാണുന്നവര്‍ക്ക് ആ ചരിത്രം അപൂര്‍ണ്ണമായി തോന്നും

ആ സമീപനം കൊണ്ടെന്ത് സംഭവിച്ചു?

56ൽ ഇന്നത്തെ കേരള സംസ്ഥാനമുണ്ടായ ശേഷം കേരളീയമായ സംസ്‌കാരത്തെയും ദേശീയതയെയും കളിയിക്കാവിളയിലും കാസര്‍കോട്ടും അവസാനിപ്പിച്ചു. കന്യാകുമാരിയും ഗോകര്‍ണവും അതിന് പുറത്താകും. രാഷ്ട്രീയമായ കേരളവും സാംസ്‌കാരികമായ കേരളവും രണ്ടാണ്. മൂകാംബികാദേവി മുതല്‍ കന്യാകുമാരീദേവി വരെ നീണ്ടുകിടക്കുകയാണ് സാംസ്‌കാരികമായ കേരളം. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഇന്നത്തെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ നിന്ന്​ അതിന്റെ ചരിത്രമെഴുതുമ്പോള്‍ അതിനു പുറത്തിരുന്ന് കാണുന്നവര്‍ക്ക് ആ ചരിത്രം അപൂര്‍ണ്ണമായി തോന്നും. കേരളചരിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലം വരെ മധുരയുടെ സ്വാധീനം ശക്തമാണ്. അതും മധുരൈ നായ്ക്കന്‍മാര്‍. റാണി മീനാക്ഷിയുടെ ആത്മഹത്യക്കു ശേഷമാണ് തിരുവിതാംകൂര്‍ ഒരു സ്റ്റേറ്റെന്ന നിലയില്‍ ശക്തമാവുന്നത്. അതുവരെ മധുരയുടെ ഒരു പ്രവിശ്യ മാത്രമായിരുന്നു കേരളം. അതിനും മുന്‍പ് പാണ്ഡ്യരുടെയും ചോളരുടെയും പ്രദേശം. കേരളത്തില്‍ അന്‍പത്താറ് രാജ്യം എന്നൊരു സങ്കല്‍പ്പം നിലനിന്നു. അതിനു പിന്നില്‍ പഴങ്കഥകളുമുണ്ട്. നാടുകളും നാടുവാഴികളുമുണ്ട്. ഈ  സമ്പ്രദായങ്ങള്‍ക്ക് ചോളരുമായി എന്ത് ബന്ധമെന്ന് പലപ്പോഴും കേരളീയ ചരിത്രകാരന്‍മാര്‍ക്കും അറിയില്ല.

കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ഓരോ കൊല്ലവും കന്യാകുമാരി ജില്ലയിലെ മലയാളി സംസ്‌കാരം നശിച്ചു കൊണ്ടേയിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. ഓണക്കാലം ആ നഷ്ടങ്ങളെ വീണ്ടും ഓര്‍മിപ്പിക്കും.

ചോളരെയോ നായ്ക്കരെയോ മാറ്റിനിര്‍ത്തി ഒരു കേരളചരിത്രമില്ല. പക്ഷെ വിശദാംശങ്ങള്‍ കളിയിക്കാവിളയില്‍ അവസാനിക്കും. ചോളരുടെ ഭരണകാലത്താണ് ഈ പ്രദേശം പല റവന്യൂ യൂണിറ്റുകളായി വിഭജിക്കപ്പെട്ടത്. അവരാണ് തമിഴകത്ത് നിലവരി അഥവാ ഭൂനികുതിയും ഏര്‍പ്പെടുത്തിയത്. അങ്ങനെ വിഭജിക്കപ്പെട്ട പ്രദേശങ്ങളാണ് നാടുകളായത്. നാടുകള്‍ ചേര്‍ന്ന് വളനാട്, വളനാടുകള്‍ ചേര്‍ന്ന് കൂറ്റം, കൂറ്റം ചേര്‍ന്ന് കോട്ടം. ആ കോട്ടങ്ങളുടെ തലവനായിരുന്നു ചോളരാജാവ്. അങ്ങനെ വിഭജിക്കപ്പെട്ടതാവാം കേരളത്തിലെ അന്‍പത്താറ് നാടുകളും. ഈ വിശദാംശങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നത് രാഷ്ട്രീയമായ കേരളമാണ് സാംസ്‌കാരികമായ കേരളമെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ്. 

ഭാഷാടിസ്ഥാനത്തില്‍ കന്യാകുമാരി വേര്‍പിരിയുന്ന കാലം സ്വന്തം വേരുകളെ എങ്ങനെയാണ് ബാധിച്ചത്?

ആ വിഭജനം കഴിഞ്ഞ് പിന്നെയും അഞ്ചാണ്ട് കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. പക്ഷെ അച്ഛനും അമ്മയും കേരളത്തില്‍ ജനിച്ചവരായിരുന്നു. തിരുവിതാംകൂറിന്റെ പ്രജകളായിരുന്ന അവര്‍ തമിഴ്‌നാടിന്റെ പ്രജകളായി മാറി. പക്ഷെ അതെളുപ്പമായിരുന്നില്ല. അവരുടെ മനസ്സ് കിടന്നത് തിരുവിതാംകൂര്‍ രാജ്യത്താണ്. എല്ലാ കൊല്ലവും ആറാട്ടിനൊക്കെ പങ്കെടുത്തിരുന്ന എന്റെ അച്ഛന്‍ അവസാന നിമിഷം വരെ മനസ്സുകൊണ്ട് തിരുവിതാംകൂറിന്റെ പ്രജയായിരുന്നു. ആ വിഭജനത്തിലൂടെ ക്രമേണ രക്തയോട്ടം നിലച്ച് ഒരവയവം മരിച്ചു പോകുന്ന പോലെ ദേശസംസ്‌കൃതിയും മരിച്ചു. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ഓരോ കൊല്ലവും കന്യാകുമാരി ജില്ലയിലെ മലയാളി സംസ്‌കാരം നശിച്ചു കൊണ്ടേയിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. ഓണക്കാലം ആ നഷ്ടങ്ങളെ വീണ്ടും ഓര്‍മിപ്പിക്കും. ഓണപ്പന്തും കബഡിയും ഉത്സവങ്ങളുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ഉത്സവത്തിന് കേരളത്തിലെ കലാകാരന്‍മാരായിരിക്കും കൂടുതലും വരുന്നത്. കൊല്ലം എ.കെ. രാജു 1970കളില്‍ ഇവിടെ പ്രശസ്തനായ നാടകനടനായിരുന്നു. അദ്ദേഹത്തിന്റെ ആന, എലി എന്നീ നാടകങ്ങളെല്ലാം ഇവിടെ വളരെ പ്രശസ്തമായിരുന്നു. എന്റെ ഓര്‍മ്മയില്‍ത്തന്നെ ഓന്നൊന്നായി ഇല്ലാതായി. ഇട്ടകവേലിയെന്ന് ഒരു സ്ഥലമുണ്ട്. അവിടെ മുടിപ്പുര ദേവിയെന്നൊരു ഫോക്ക് ഡേയ്റ്റിയാണ്. അവിടെ കൊല്ലംകോട് തൂക്കം പോലെ പത്ത് നാളിന്റെ ഉത്സവം നടന്നിരുന്നു. കഥാപ്രസംഗം, നാടകം എല്ലാം മലയാളത്തിലായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് അവിടെച്ചെല്ലുമ്പോള്‍ ഒരൊറ്റ ദിവസം കൊണ്ട് ഉച്ചയ്ക്ക് മുന്‍പ് ഉത്സവം കഴിയും. അതൊരു ചടങ്ങ് മാത്രമായി തീര്‍ന്നു. ആരും വരാതായി. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്ന്​ ഇവിടേക്ക് വന്നിരുന്ന എല്ലാം അവസാനിച്ചു. കൊമേഴ്‌സ്യല്‍ നാടകങ്ങള്‍, കഥാപ്രസംഗം, സാംസ്‌കാരികമായ ചടങ്ങുകള്‍ എല്ലാം അവസാനിച്ചു. അങ്ങനെ രക്തയോട്ടം നിലച്ച് മരിച്ചു കൊണ്ടേയിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. 

Jayamohan

കന്യാകുമാരിയും തിരുവിതാംകൂറും ഇന്ന് പരസ്പരം തിരിച്ചറിയുന്നത് എങ്ങനെയാണ്?

രാഷ്ട്രീയമായി ഇത് രണ്ടായിത്തന്നെയാണ് കിടക്കുന്നത്. മനസ്സുകൊണ്ട് അത്രയും അകല്‍ച്ചയില്ല. കന്യാകുമാരി ജില്ലയിലെ നിരവധി മനുഷ്യരുടെ ജീവിതം കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അങ്ങോട്ടേയ്ക്കുള്ള തീവണ്ടികളിലും ആ തിരക്കുണ്ട്. കന്യാകുമാരിയിലെ തമിഴന് മധുരയോടോ ചെന്നൈയോടോ ഉള്ളതിനെക്കാള്‍ അടുപ്പം തിരുവനന്തപുരത്തോടുണ്ട്. ഭാഷയ്ക്കും വേഷത്തിനും ഭക്ഷണത്തിനുമെല്ലാം കേരളീയ സ്വഭാവമുണ്ട്. കന്യാകുമാരി ജില്ലയിലെ തമിഴന്‍ തിരുനെല്‍വേലിയില്‍ ചെന്നാലും അവരെ മലയാളിയെന്നേ പറയുള്ളൂ. ക്ഷേത്രങ്ങളും വിശ്വാസവുമാണ് ഇപ്പോഴും പഴയ രക്തബന്ധങ്ങളെ നിലനിര്‍ത്തുന്നത്. കന്യാകുമാരിയിലെ പഴയ കേരളീയ ക്ഷേത്രങ്ങള്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ പോലെ സമ്പന്നമല്ല. മാനസികമായി മലയാളി കളിയിക്കാവിളയില്‍ നില്‍ക്കുന്നതുകൊണ്ട് ഇവിടെയുള്ള കേരളീയ ക്ഷേത്രങ്ങളിലേക്ക് അവര്‍ വരാതെയായി. മണ്ടക്കാട് ക്ഷേത്രത്തില്‍ ആളുകള്‍ വരുന്നുണ്ട്. കുറച്ചുപേര്‍ തിരുവട്ടാര്‍ ക്ഷേത്രത്തിലും വരും. പക്ഷെ മലയാളിയുടെ സാംസ്‌കാരിക ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. തിരുവിതാംകോട് അഥവാ ശ്രീവാഴും കോട് എന്ന പേര് പോലുമുണ്ടാകുന്നതിന് കാരണമായ ഒരു ഗ്രാമം ഇവിടെയുണ്ട്. ഏതെങ്കിലും ഒരു ഗ്രാമത്തിനെ കേരളത്തിന്റെ സാംസ്‌കാരികമായ പ്രതീകമായി കാണിക്കാമെങ്കില്‍ അത് തിരുവിതാംകോടിനെയാണ്. 

കുലദൈവങ്ങളെ ഭക്തിയുടെ കണ്ണിലൂടെ നമ്മള്‍ കണേണ്ടതില്ല. ഒരാള്‍ക്ക് ഭക്തിയുണ്ടാവാം, ഇല്ലാതിരിക്കാം. പക്ഷെ ഇന്നൊരാളുടെ വേരുകളെന്തെന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗം കുലദൈവമാണ്.

വളരെ പുരാതനമായ ഒരു ശിവക്ഷേത്രം അവിടെയുണ്ട്. സെൻറ്​ തോമസിന്റെയോ കാനായി തൊമ്മന്റെയോ കാലത്ത് സ്ഥാപിച്ചുവെന്ന് വിശ്വസിക്കുന്ന ഏഴോ എട്ടോ നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ഒരു ചര്‍ച്ച് അവിടെയുണ്ട്. തമിഴകത്തിന്റെ പുരാതനമായ തച്ചുശ്ശാസ്ത്ര മാതൃകയിലാണ് അത് നിര്‍മിക്കപ്പെട്ടത്. തൊട്ടടുത്ത് അഞ്ചാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ സ്ഥാപിക്കപ്പെട്ട മാലിക് ദിനാര്‍ മോസ്‌കുണ്ട്. കേരളത്തില്‍ ഈ മൂന്ന് മതങ്ങള്‍ തൊട്ടടുത്ത് സൗഹാര്‍ദ്ദപൂര്‍വം കഴിഞ്ഞതിന്റെ സാംസ്‌കാരികമായ വലിയൊരു തെളിവാണ് തിരുവിതാംകോട് എന്ന ഗ്രാമം. ഈയടുത്ത കാലത്ത് ചരിത്രഗവേഷകന്‍ കെ.കെ. മുഹമ്മദ് സാറിനെയും കൂട്ടി ഞാനവിടം സന്ദര്‍ശിച്ചിരുന്നു. തിരുവിതാംകോടിന് തൊട്ടടുത്താണ് കേരളപുരം. അവിടെയും കേരളീയമായ പ്രതാപം നഷ്ടപ്പെട്ടൊരു വലിയ ശിവക്ഷേത്രമുണ്ട്. അത്രയും വലിയ ക്ഷേത്രത്തില്‍ ദിവസം അഞ്ചോ പത്തോ പേര് പോലും വരാറില്ല.  ഇതെല്ലാം കേരളത്തിന്റെ പഴമയോടും ഓര്‍മ്മയോടും ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണ്. 

കന്യാകുമാരിയും നാഞ്ചിനാടും കുലദൈവങ്ങളുടെ മണ്ണായി മാറിയതെങ്ങനെയാണ്?

കുലദൈവങ്ങളെ ഭക്തിയുടെ കണ്ണിലൂടെ നമ്മള്‍ കണേണ്ടതില്ല. ഒരാള്‍ക്ക് ഭക്തിയുണ്ടാവാം, ഇല്ലാതിരിക്കാം. പക്ഷെ ഇന്നൊരാളുടെ വേരുകളെന്തെന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം കുലദൈവമാണ്. ഉദാഹരണത്തിന് വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തമിഴകത്തേക്ക് തെലുങ്കരുടെ കുടിയേറ്റമാരംഭിച്ചു. ഇപ്പോഴും ജനസംഖ്യയുടെ വലിയൊരു ശതമാനം തെലുങ്കരാണ്. അവരുടെ ഭൂതകാലം തിരിച്ചറിയുന്നതും കുലദൈവങ്ങളിലൂടെയാണ്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ അവരുടെ വേരുകള്‍ നീണ്ടുപോകുന്ന വഴികളൊന്നും മങ്ങിയില്ല. പക്ഷെ മലയാളികള്‍ അവരുടെ കുലദൈവങ്ങളെ മറന്നു. ഇടയ്ക്കെപ്പോഴോ കേരളീയ ജീവിതത്തില്‍ കടന്നുവന്ന നാസ്തിക സ്വഭാവം അല്ലെങ്കില്‍ ഒരു നിഹിലിസം അതിനെ മായ്ച്ചുകളഞ്ഞു. മനുഷ്യന്‍ വ്യക്തിയല്ല. അതിനുമപ്പുറം ഒരു കള്‍ച്ചറല്‍ എൻഡിറ്റിയാണ്. അത് പതിഞ്ഞുകിടക്കുന്നത് ഓരോരുത്തരുടെയും പൂര്‍വകഥകളിലാണ്. ജയമോഹനെന്നാല്‍ ജയമോഹന്‍ മാത്രമല്ല. ജയമോഹന്റെ അച്ഛന്‍ ബാഹുലേയന്‍ പിള്ളയും ജയമോഹനാണ്. ബാഹുലേയന്‍ പിള്ളയുടെ മകന്‍ ശങ്കരപ്പിള്ളയും ജയമോഹനാണ്. 

jayamohan aneesh
ജയമോഹനും എം.ജി. അനീഷും സംഭാഷണത്തിനിടെ

കുമാരകോവിലിലേക്ക് പോകുന്ന വഴിക്കാണ് മേലാങ്കോട്. ആ വഴി വളരെ പ്രധാനമാണ്. അത് ഉദയഗിരിക്കോട്ടയുടെ പുറകിലാണ് കിടക്കുന്നത്. അതൊരു ശ്മാശാനം പോലുള്ള പ്രദേശമാണ്. രാജഭരണകാലത്ത് കഴുവേറ്റിയതും മറ്റ് ശിക്ഷകള്‍ നടപ്പാക്കിയതുമായ ഒരിടമാണത്. അങ്ങനെ മരണപ്പെട്ടവരുടെ ഓര്‍മ നിലനിര്‍ത്തുന്ന മുന്നൂറും നാനൂറും കുലദൈവങ്ങളുള്ള സ്ഥലമാണത്. അവിടെ പ്രധാനമായും ഒരു ശിവക്ഷേത്രമുണ്ട്. അതിനോട് ചേര്‍ന്ന് മേലാങ്കോട് ചേച്ചി അനിയത്തി അമ്പലങ്ങളുണ്ട്. മേലാങ്കോട്ടെ യക്ഷിയമ്പലമെന്നാണ് അതറിയപ്പെടുന്നത്. ഈ ഇളയമ്മ മാര്‍ത്താണ്ഡവര്‍മയുടെ മുറപ്പെണ്ണ് ഉണ്ണിയാണ് എന്നൊരു കഥയുണ്ട്. ഭാഷാപോഷിണിയില്‍ ഞാന്‍ ഇതിനെക്കുറിച്ച് ഒരു പഠനമെഴുതി. അതുകണ്ട സുഗതകുമാരിയുടെ ചേച്ചി പ്രൊഫ. ഹൃദയകുമാരി എനിക്കൊരു കത്തെഴുതി. അവരുടെ കുലദൈവവും മേലാങ്കോട്ടമ്മയായിരുന്നു. കുട്ടിക്കാലത്ത് വന്നുപോയതിന്റെ ഒരോര്‍മ അവര്‍ക്കുണ്ടായിരുന്നു. അവരുടെ അച്ഛന്‍ ബോധേശ്വരന്റെ നാട് നെയ്യാറ്റിന്‍കരയ്ക്കടുത്താണ്. 

എറണാകുളം വരെ നീണ്ടുകിടക്കുന്ന പലരുടെയും കുലദൈവങ്ങള്‍ കിടക്കുന്ന ഭൂമി തെക്കന്‍ തിരുവിതാംകൂറാണ്. മിക്കവാറും പേരുടെ കുലദൈവങ്ങള്‍ കുമാരകോവിലിന് ചുറ്റുമായിരിക്കും

കുലദൈവമെന്നാല്‍ ദൈവമല്ല. കുലത്തിലെ ഒരു മുതിര്‍ന്നയാളാവും. അമ്മയോ, മുത്തച്ഛനോ, അല്ലെങ്കില്‍ പിതൃക്കളിലാരുടെയോ ഒരടയാളമാണ്. നമ്മള്‍ വെറുമൊരു കണ്‍സ്യൂമറായി ചുരുങ്ങുമ്പോഴാണ് ഇതൊന്നും നമുക്ക് പ്രാധാന്യമില്ലാതാവുന്നത്. പാരമ്പര്യവും ചരിത്രവുമൊന്നുമില്ലെങ്കില്‍ നിങ്ങള്‍ ടയോട്ടയുടെയോ ആപ്പിളിന്റെയോ ഒരു ഉപഭോക്താവ് മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ എറണാകുളം വരെ നീണ്ടുകിടക്കുന്ന പലരുടെയും കുലദൈവങ്ങള്‍ കിടക്കുന്ന ഭൂമി തെക്കന്‍ തിരുവിതാംകൂറാണ്. മിക്കവാറും പേരുടെ കുലദൈവങ്ങള്‍ കുമാരകോവിലിന് ചുറ്റുമായിരിക്കും. ഇവിടുന്നാണ് പലരും മറ്റിടങ്ങളിലേക്ക് കുടിയേറിയത്. കുലദൈവങ്ങള്‍ പലരീതിയില്‍ ഉണ്ടാവുന്നു. ചിലപ്പോള്‍ യുദ്ധത്തില്‍ മരണപ്പെട്ടൊരാളിന്റെ ഓര്‍മ്മയ്ക്കായി നാട്ടിയൊരു കല്ലാവും. വര്‍ഷാവര്‍ഷം ആരാധനയും നടത്തും. ഗുരുതിയും പൊങ്കാലയുമൊക്കെ ഉണ്ടായെന്നിരിക്കും. അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അമ്മയായിരിക്കും. ആ ഓര്‍മയുടെ കല്ല് നാട്ടിയ മണ്ണാവും. ചിലപ്പോഴത് കാവല്‍ ദൈവങ്ങളായിരിക്കും. ചിലര്‍ക്ക് വീട്ടില്‍ വച്ചുതൊഴല്‍ ഉണ്ടാവും. തെക്കതെന്ന് ഇവിടെ പേരുവിളിക്കും. വീട് പൊളിക്കുമ്പോള്‍ തെക്കതിനെ മാറ്റിയിടും. അങ്ങനെ മലയാളി കൈയ്യൊഴിഞ്ഞ തെക്കതുകള്‍ ധാരാളമുണ്ടിവിടെ. അതിലൊട്ടുമുക്കാലും ഇപ്പോള്‍ റബ്ബര്‍ എസ്റ്റേറ്റായി മാറിയിട്ടുണ്ടാവും. തെക്കതോ യക്ഷിയോ മറ്റോ കുടിയിരുന്നാല്‍ ഭൂമിക്ക് വിലകുറയുമെന്നുള്ളതുകൊണ്ട് നേരത്തെ തന്നെ അതിനെ പൊളിച്ചുകളയും, പിന്നെ വില്‍ക്കും. സത്യത്തില്‍ ഇത് സാംസ്‌കാരികമായ ഒരു ദുരന്തമാണ്. കുലദൈവങ്ങളെയും ഗ്രാമദേവതയെയും തൊഴുതിട്ടാണ് മറ്റ് ദൈവങ്ങളെ ഇവിടുത്തുകാര്‍ പ്രാര്‍ഥിച്ചത്. 

തെക്കന്‍ തിരുവിതാംകൂര്‍ കുലദൈവങ്ങളുടെ മണ്ണായി മാറിയതിന്റെ രാഷ്ട്രീയകാരണങ്ങള്‍ എന്താണ്? 

ചോളരുടെ ഭരണത്തിന് മുന്‍പേ തിരുവിതാംകൂറിന്റെ കേന്ദ്രനഗരങ്ങള്‍ ഒരു പ്രത്യേക പ്രദേശത്തിനുള്ളിലായിരുന്നു. ഇരണിയല്‍, കേരളപുരം, തിരുവിതാംകോട് പിന്നെ തലക്കുളം. അവിടന്ന് മാറി അധികാരകേന്ദ്രം തലക്കുളമായി. പദ്മനാഭപുരം ഉണ്ടാകുന്നതിനും മുന്‍പേ പുലിയൂര്‍ക്കുറിച്ചി കോട്ട അഥവാ ഉദയഗിരിക്കോട്ടയുണ്ടായി. അവിടെ രാജേന്ദ്രചോളനെ ജയിലില്‍ അടച്ചെന്ന് തെളിയിക്കുന്ന ചരിത്രരേഖയുണ്ട്.  അങ്ങനെ സ്വന്തം മകനെ തടവിലാക്കിയതിന്റെ പക തീര്‍ക്കാനാണ് രാജരാജ ചോളന്‍ വലിയ സൈന്യവുമായെത്തി ഇരണിയല്‍ രാജാവ് ഭാസ്‌കര രവിവര്‍മ്മനെ കൊന്ന് കേരളത്തില്‍ അധികാരമുറപ്പിച്ചത്. ഇതെല്ലാം പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ്. ഏഴാം നൂറ്റാണ്ട് മുതല്‍ നിരന്തരം യുദ്ധം നടന്നിരുന്നതും ഇവിടെയാണ്. എങ്കില്‍ മരിച്ചിരിക്കുന്നതും ഇതേ സ്ഥലത്തായിരിക്കും. ഇവിടെയൊക്കെത്തന്നെയാവും അവരെ ആരാധിച്ചിരുന്ന കുലദൈവ പ്രതിഷ്ഠകളും.

udayagiri fort
ഉദയഗിരി കോട്ട / Photo: Wikimedia Commons

ഉദയഗിരിക്കോട്ടയുടെ പുറകിലാണ് കുമാരകോവില്‍. അത് രാജഭരണകാലത്ത് വലിയൊരു കൊലക്കളമായിരുന്നു. ശിക്ഷകള്‍ നടപ്പാക്കപ്പെട്ട സ്ഥലം. കുറ്റം ചെയ്തത് മിക്കപ്പൊഴും രാജാവിനെതിരെ ആയിരിക്കും. അതുകൊണ്ടുതന്നെ അയാളുടെ പരമ്പരകള്‍ക്ക് അയാളെപ്പൊഴും ഒരു വീരനായകനായിരിക്കും. കഴുവേറ്റിയവനെ ആരാധിക്കരുതെന്ന് രാജാവും പറഞ്ഞില്ല. മാര്‍ത്താണ്ഡവര്‍മയ്ക്ക് എതിരെ നിന്ന പപ്പു തമ്പിയും രാമന്‍ തമ്പിയും നായര്‍, നാടാര്‍ സമുദായങ്ങളിലെ ഒരു വലിയ വിഭാഗത്തിന്റെ വീരനായകനാണ്. തമ്പിമാര്‍ കഥൈ എന്ന പേരില്‍ തെക്കന്‍പാട്ടും പ്രചരിക്കുന്നു. അവരെ ആരാധിക്കുന്ന ചെറിയ ക്ഷേത്രങ്ങളുണ്ട്. കൊന്നവനും ചത്തവനും അന്ന് ഹീറോ ആയിരുന്നു. അങ്ങനെയാണ് ഈ പ്രദേശം ഇത്രയും ദൈവങ്ങളെക്കൊണ്ട് നിറഞ്ഞത്. അത് കുടുംബചരിത്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതെല്ലാം മലയാളിയുടെ ജീവിതസംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതറിഞ്ഞാല്‍ തെക്കന്‍ തിരുവിതാംകൂര്‍ അങ്ങനെ ഇട്ടെറിഞ്ഞ് പോകാവുന്ന ഭൂമിയല്ലെന്ന് മലയാളിക്ക് മനസ്സിലാവും. 

മേലാങ്കോട്ടെ ശിവക്ഷേത്രത്തിനുള്ളില്‍ മെഗലിത്തിക് കാലഘട്ടത്തിലുള്ള നാല് കല്ലുകള്‍ ബാക്കിയുണ്ട്. പ്രീഹിസ്റ്റോറിക് മോണുമെന്റ്‌സ് കണ്ടുശീലിച്ചവര്‍ക്കറിയാം അതിന് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ടെന്ന്. പുരാതനകാലത്തെ മനുഷ്യര്‍ മരണപ്പെട്ട രാജാവിന്റെയോ ഗോത്രത്തലവന്‍മാരുടെയോ സ്മാരകമായി സൂക്ഷിച്ചിരുന്ന കല്ലുകളാണത്.

മാര്‍ത്താണ്ഡവര്‍മയുടെ മുറപ്പെണ്ണ് ഉണ്ണിയെന്ന ഉമ്മിണിത്തങ്ക നാക്ക് പിഴുത് മരണപ്പെട്ടയിടമാണ് മേലാങ്കോട് എന്നൊരു സങ്കല്‍പ്പമുണ്ട്. ഒടുവില്‍ അവര്‍ മേലാങ്കോട്ടെ യക്ഷിയായി മാറി. തൊട്ടടുത്ത മേലാങ്കോട് ശിവക്ഷേത്രത്തില്‍ ഉമ്മിണിത്തങ്കയുടെ സഹോദരിയും ആരാധിക്കപ്പെടുന്ന മൂര്‍ത്തിയായി മാറി. ഈ പ്രദേശങ്ങളില്‍ ഒരുപാട് കുലദൈവങ്ങളും പിന്നെ കൊലദൈവങ്ങളുമുള്ള പ്രദേശമായിരുന്നു. ഏതാണ്ട് ഒരാറ് നൂറ്റാണ്ട് കാലമായി നായര്‍ സമുദായമടക്കമുള്ള വിഭാഗങ്ങളില്‍ നിന്നുള്ള പിതൃക്കളുടെ മൃതശരീരം അവിടെ അടക്കം ചെയ്യപ്പെട്ടു. മേലാങ്കോട്ടെ ശിവക്ഷേത്രത്തിനുള്ളില്‍ മെഗലിത്തിക് കാലഘട്ടത്തിലുള്ള നാല് കല്ലുകള്‍ ബാക്കിയുണ്ട്. പ്രീഹിസ്റ്റോറിക് മോണുമെന്റ്‌സ് കണ്ടുശീലിച്ചവര്‍ക്കറിയാം അതിന് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ടെന്ന്. പുരാതനകാലത്തെ മനുഷ്യര്‍ മരണപ്പെട്ട രാജാവിന്റെയോ ഗോത്രത്തലവന്‍മാരുടെയോ സ്മാരകമായി സൂക്ഷിച്ചിരുന്ന കല്ലുകളാണത്. മണ്ണിന് മുകളില്‍ അഞ്ച് മുതല്‍ ഏതാണ്ട് ഇരുപതടി വരെ ഉയരമുണ്ടാകും. അത്രയും നീളം മണ്ണിനടയിലുമുണ്ടാകും. തമിഴകത്ത് ഈറോഡ് ഭാഗങ്ങളില്‍ ഇത്തരം പുരാതനമായ കല്ലുകള്‍ ധാരാളമുണ്ട്. അക്കൂട്ടത്തിലുള്‍പ്പെട്ട കല്ലുകളിലൊന്നാണ് മേലാങ്കോട്ടും കാണുന്നത്. എന്നുവച്ചാല്‍ പുരാതനകാലം തൊട്ട് അതൊരു ശ്മശാനമായിരിക്കാനിടയുണ്ട്. ആ ഓര്‍മയും അനുഷ്ഠാനവും നിശബ്ദം തുടരുകയാണിന്നുമവിടെ.  

Jayamohan

കൃഷി, വൈദ്യം, വാസ്തുശാസ്ത്രം തുടങ്ങി പല മേഖലകളിലും പഴയ തെക്കന്‍ തിരുവിതാംകൂറിന്റെ സംഭാവനകള്‍ വലുതാണെന്ന് ചരിത്രം പറയുന്നുണ്ട്. വാസ്തുശാസ്ത്രത്തില്‍ വടക്കന്‍ചിട്ടകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലവറയും പത്തായപ്പുരകളും കളരികളുമായി നാലുകെട്ടും പടിപ്പുരകളുമുണ്ടായി. ഇവയെല്ലാം അതിപുരാതനമായ ഒരു ജീവിതക്രമത്തിന്റെ പൊതുവായ തുടര്‍ച്ചയില്‍ സംഭവിച്ചതായിരിക്കുമോ?

സംഘകാല ജീവിതത്തിന്റെ വളരെക്കുറച്ച് തെളിവുകള്‍ മാത്രമേ തമിഴകത്തിന് കിട്ടിയിട്ടുള്ളു. കിട്ടിയവയിലൊന്ന് കന്യാകുമാരിയോട് ചേര്‍ന്ന് കിടക്കുന്നു. സംഘകാല രാജാക്കന്‍മാരായ ആയ് രാജവംശത്തിന്റെ ചില ശിലാലിഖിതങ്ങള്‍ ഇവിടെ ലഭ്യമാണ്. ആയ് ആണ്ടിരന്‍ എന്നൊരു രാജാവിനെപ്പറ്റിയും അതിന്റെ വിശദാംശങ്ങളെപ്പറ്റിയും തെളിവുകളുണ്ട്. മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാല്‍ മല ഇവിടെ നിലനിന്ന ജൈനസംസ്‌കാരത്തിന്റെ ബാക്കിയാണ്. കുറത്തിയറയാര്‍ എന്നൊരി രാജ്ഞി നാഗനന്ദിയടികള്‍ക്ക് കൊടുത്ത ഭൂമിയെക്കുറിച്ചുള്ള തെളിവുകളുമുണ്ട്. അതിനുമിപ്പുറം ചോളരുടെ കാലം. അതുംകഴിഞ്ഞാണ് തിരുവിതാംകൂറിന്റെ ചരിത്രമാരംഭിക്കുന്നത്. അപ്പോള്‍ നമ്മള്‍ പറയുന്ന കേരളചരിത്രം, മലയാളിയുടെ ചരിത്രം, തിരുവിതാംകൂറിന്റെ ചരിത്രം, പാണ്ഡ്യരുടെ ചരിത്രം, അതിനും മുന്‍പുള്ള ആയ് ആണ്ടിരന്‍, നാഞ്ചില്‍ കുറവന്‍ തുടങ്ങിയ നാട്ടുരാജാക്കന്‍മാരുടെ ചരിത്രം. അതിനുമുന്‍പുള്ള ശിലായുഗത്തിന്റെയും മെഗലിത്തിക് കാലഘട്ടത്തിന്റെയും ചരിത്രം, ഇവയുടെയെല്ലാം തുടര്‍ച്ച കന്യാകുമാരിയിലുണ്ട്. ചരിത്രഗവേഷകര്‍ അതേപ്പറ്റി എഴുതിയിട്ടുമുണ്ട്. 

ലോകത്തെവിടെയും രണ്ട് സംസ്‌കാരങ്ങളുടെ സന്ധിയില്‍ ജീവിക്കുന്ന ഏത് ഏതെഴുത്തുകാരനും അനുഗ്രഹിക്കപ്പെട്ടവരാണ്. അവര്‍ക്കെഴുതാന്‍ ഒരുപാടുണ്ടാവും. താന്‍ കൂടിയുള്‍പ്പെട്ട രണ്ട് സംസ്‌കാരങ്ങളുടെ താരതമ്യസാധ്യതയാണ് ഒന്ന്.

സത്യത്തില്‍ തമിഴകത്തിന്റെ പ്രധാനപ്പെട്ട സ്‌കോളര്‍മാരില്‍ പലരും കന്യാകുമാരിയോട് ബന്ധപ്പെട്ട് കിടക്കുന്നു. തമിഴകത്തിന്റെ ദേശീയ ഗീതമെന്ന് പറയുന്ന, നീരാറും കടലുടുത്ത് നിലമടന്തയ്‌ക്കെഴിലൊഴുകും എന്ന പാട്ടെഴുതിയ മനോന്മണീയം സുന്ദരം പിള്ളൈ, തമിഴ്‌നാടിന്റെ ആദ്യത്തെ മെഗാ ലെക്‌സിക്കന്‍ ഉണ്ടാക്കിയ എസ്. വയ്യാപുരിപ്പിള്ളൈ ഇവിടുത്തുകാരനാണ്. രുവനന്തപുരത്താണ് ജോലി നോക്കിയത്. തമിഴ് സംഗീതത്തിന് ഒരുപാട് സംഭാവന നല്‍കിയ ലക്ഷ്മണ പിള്ളൈ ഇവിടത്തുകാരനാണ്. തമിഴ് സാഹിത്യത്തിന്റെ കാലഗണനയെഴുതിയ കെ.കെ. പിള്ളൈ, ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലെഴുതുന്ന ആക്കാ പെരുമാള്‍ എന്നിവരെല്ലാം ആ താവഴിയിലുണ്ട്. കന്യാകുമാരിയിലുണ്ടായ ആധുനിക എഴുത്തുകാരില്‍ വലിയൊരു പങ്ക് തമിഴിലും മലയാളത്തിലുമെഴുതുന്ന ദ്വിഭാഷാ എഴുത്തുകാരായി മാറി. സുന്ദരരാമസ്വാമിക്ക് മലയാളം നന്നായി അറിയാമായിരുന്നു. തകഴിയുടെ കൃതികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തയാളാണ്. അ. മാധവന്‍ തിരുവനന്തപുരത്ത് താമസിക്കുന്ന കന്യാകുമാരിയുടെ തമിഴ് എഴുത്തുകാരനാണ്. പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവല്‍ തമിഴിലാക്കിയത് അ. മാധവനാണ്. പിന്നെ നീല പദ്മനാഭന്‍, നാഞ്ചിനാടന്‍ തൊട്ട് ഞാന്‍ വരെയുള്ള എഴുത്തുകാരെല്ലാം മലയാളത്തിലും തമിഴിലും എഴുതുന്ന ദ്വിഭാഷികളായി. 

കന്യകുമാരി ജില്ലയില്‍, വേണാട്ടില്‍ ജനിച്ച എഴുത്തുകാരനെന്ന നിലയില്‍ ദേശം ജയമോഹന്റെ പ്രതിഭക്കെന്താണ് നല്‍കിയത്?

ലോകത്തെവിടെയും രണ്ട് സംസ്‌കാരങ്ങളുടെ സന്ധിയില്‍ ജീവിക്കുന്ന ഏത് ഏതെഴുത്തുകാരനും അനുഗ്രഹിക്കപ്പെട്ടവരാണ്. അവര്‍ക്കെഴുതാന്‍ ഒരുപാടുണ്ടാവും. താന്‍ കൂടിയുള്‍പ്പെട്ട രണ്ട് സംസ്‌കാരങ്ങളുടെ താരതമ്യസാധ്യതയാണ് ഒന്ന്. മലയാളിയോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന പലതിന്റെയും തമിഴ് വേരുകളെപ്പറ്റി എനിക്ക് പറയാനാവും. തമിഴനോട് സംസാരിക്കുമ്പോള്‍ അവരുടെ മലയാളി വേരുകളെപ്പറ്റിയും എനിക്ക് പറയാനാകും. തമിഴ് സംഘസാഹിത്യത്തില്‍ വേലന്‍ വെറിയാട്ടിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. നായകനും നായികയും തമ്മില്‍ പ്രണയം. നായിക വിഷണ്ണയായിരിക്കുന്നു. അവള്‍ക്കെന്തോ പ്രേതബാധയാണെന്ന് കുടുംബം വിശ്വസിക്കുന്നു. പരിഹാരമായി വേലനെ വിളിക്കുന്നു. വേലന്‍ വന്ന് വേലെടുത്ത് വെറിയാട്ടാടി ബാധ ഒഴിപ്പിക്കുന്നു. ഈ ചടങ്ങ് ഇന്ന് തമിഴകത്ത് ഒരിടത്തുമില്ല. പക്ഷെ മലബാറിലിന്നും അത് തുടരുന്നു. വേലന്‍ എന്ന് പറഞ്ഞാല്‍ പെരുവണ്ണാനാണ്. പക്ഷെ ഇതിന്റെ വേരുകള്‍ കേരളത്തിലാണെന്ന് നമ്മള്‍ തമിഴകത്ത് പറയുമ്പോള്‍ അവര്‍ക്കതൊരു പുതിയ കാര്യമാണ്.

സംഘകാലത്തിന്റെ ജീവിതരീതിക്കും അനുഷ്ഠാനങ്ങള്‍ക്കുമെല്ലാം കൃത്യമായ വേരുകളുള്ളത് കേരളത്തിലാണ്. കാരണം തമിഴകത്ത് അതിനുശേഷം തെലുങ്കരുടെ ഭരണമുണ്ടായി. ഒരുപാട് മാറ്റങ്ങളുമുണ്ടായി. കേരളം റെഫ്രിജറേറ്ററില്‍ വച്ച തമിഴ് സംസ്‌കാരമാണ്. കാണിക്കാരുടെയും പണിയരുടെയും ജീവിതക്രമം സംഘസാഹിത്യത്തോട് പലപ്പൊഴും ചേര്‍ന്നുനില്‍ക്കുന്നതും കാണാം. മലബാറിന്റെ ആചാരങ്ങള്‍ പലതും സംഘസാഹിത്യത്തില്‍ കാണാം. ഈ രണ്ട് സംസ്‌കാരങ്ങളെയും എനിക്ക് അടുത്തറിയാന്‍ പറ്റും. രണ്ട് സംസ്‌കാരങ്ങളെ എഴുത്തിന്റെ പ്രതീകങ്ങളാക്കി മാറ്റാനും കഴിയും. മലയാളത്തിലും തമിഴിലും അതെനിക്ക് ഗുണപ്പെടും. അതിന്റെ മെച്ചം കന്യാകുമാരി ജില്ലയിലെ എല്ലാ എഴുത്തുകാര്‍ക്കുമുണ്ട്. അതുകൊണ്ടാണ് തമിഴ് സാഹിത്യത്തില്‍ ഏറ്റവും എഴുതപ്പെട്ട, ഏറ്റവുമധികം വായിക്കപ്പെട്ട ഭൂമികയായി കന്യാകുമാരി മാറുന്നത്. ഒരര്‍ഥത്തില്‍ എഴുത്തിന്റെ ഒരു തീര്‍ഥഭൂമിയാണത്. അത് തേടിവരുന്ന സഞ്ചാരികളുമുണ്ട്. 

രണ്ട് ഭാഷകളില്‍ സര്‍ഗസൃഷ്ടി നടത്തുന്നതിന്റെ വെല്ലുവിളിയെന്താണ്?

ഇന്ത്യന്‍ ഭാഷകളെ അങ്ങനെ രണ്ടായി കാണേണ്ടതില്ല. ദ്വിഭാഷ രചനയില്‍ ഇന്ത്യക്ക് ഒരു രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രമെങ്കിലും ഉണ്ടാവും. കഴിഞ്ഞ തലമുറയിലെ മഹാസാഹിത്യകാരന്‍മാര്‍ പലരും രണ്ട് ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരുന്നു. പ്രാദേശികഭാഷയും സംസ്‌കൃതവും അറിയാതെ ഇന്ത്യയില്‍ ഒരു ഭാഷയിലും ഒരാളും സാഹിത്യമുണ്ടാക്കിയിട്ടില്ല. തമിഴിലെ കഴിഞ്ഞ തലമുറയിലെ മഹാന്മാരായ കവികളത്രയും സംസ്‌കൃതത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. ഫലത്തില്‍ ഇന്ത്യന്‍ സാഹിത്യകാരന്‍മാര്‍ മിക്കപ്പൊഴും ദ്വിഭാഷാ എഴുത്തുകാരാണ്. ഒരു ഭാഷയില്‍ മാത്രം എഴുതുക, ചിന്തിക്കുക എന്നീ രീതികള്‍ 1956-ന് ശേഷം സംഭവിച്ചതാണ്. സംസ്‌കൃതവും പ്രാകൃതവും പാലിയും അറിയാത്ത ചരിത്ര ഗവേഷകരുണ്ടാക്കുന്ന വിഢ്ഢിത്തമാണ് തമിഴ് സംസ്‌കാരം നേരിടുന്ന ഒരു വലിയ പ്രതിസന്ധി. തമിഴകത്തിന്റെ സാംസ്‌കാരികബന്ധങ്ങള്‍ ഈ ഭാഷകളുമായി ചേര്‍ന്നുകിടക്കുന്നു. തമിഴ് മാത്രം അറിഞ്ഞുകൊണ്ട് അതിലൊരു ഗവേഷണത്തിനും സാധ്യതയില്ല. അതുകൊണ്ട് രണ്ട് ഭാഷയിലെ എഴുത്ത് ഇവിടെ ഒരു വെല്ലുവിളിയല്ല.

മലയാളവും തമിഴും രണ്ടല്ല, ഒരു ഭാഷയുടെ രണ്ട് മുഖങ്ങളാണെന്ന് എനിക്ക് തോന്നാറുണ്ട്. മനസ്സിന്റെ ഭാഷ എനിക്ക് തമിഴാണ്. മലയാളം എഴുതുമ്പോള്‍ ഞാന്‍ ധാരാളം തമിഴ് വാക്കുകള്‍ ഉപയോഗിക്കും. പിന്നീടത് നോക്കുമ്പോള്‍ ആ വാക്കുകള്‍ ഒട്ടുമുക്കാലും മലയാളത്തിലും ഉണ്ടെന്ന് മനസ്സിലാവും.

ദ്രാവിഡഭാഷകള്‍ക്കിടയിലെ അകലം വളരെക്കുറവാണ്. പദസമ്പത്തില്‍ വ്യത്യാസമുണ്ടാവും. പക്ഷെ അതിന്റെ താളവും പ്രതീകാത്മകമായ ഘടനയും ഒന്നാണ്. രണ്ടാഴ്ച സമയം കൊണ്ട് എനിക് കന്നഡ പഠിക്കാന്‍ പറ്റും. ഒരിക്കല്‍ പാലക്കാട് ഒരു പരിപാടിക്ക് ഞാന്‍ പ്രസംഗിക്കാന്‍ പോയി. പ്രസംഗം മലയാളത്തിലാണെന്നും തമിഴിലല്ലെന്നും ഞാന്‍ പറഞ്ഞിട്ടും അത് കേള്‍ക്കാനായി കോയമ്പത്തൂര്‍ ഈറോഡ് ഭാഗങ്ങളില്‍ നിന്നും എന്റെ തമിഴ് വായനക്കാരുടെ സംഘവും വന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ പറഞ്ഞതില്‍ എഴുപത് ശതമാനം മനസ്സിലായെന്ന് പറഞ്ഞു.  കൂട്ടത്തില്‍ അഴകിയ മണവാളന്‍ എന്നൊരാള്‍ വെറും ഒന്‍പത് ദിവസം കൊണ്ട് മലയാളം പഠിച്ചു. പി.കെ. ബാലകൃഷ്ണന്റെ ലേഖനങ്ങള്‍ അയാള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു. നിരവധി കഥകളും തമിഴിലേക്ക് മൊഴിമാറ്റി. പിന്നീടയാള്‍ ഒരു കഥകളി ആരാധകനായി മാറി. കഥകളി കാണാന്‍ കേരളമുടനീളം അലഞ്ഞുനടന്നു. കഥകളി കാണുമ്പോള്‍ കേരളീയമെന്നതിനേക്കാളധികം അതൊരു തമിഴ് കലാരൂപമാണെന്ന് തോന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്. അയാളൊരു വൈഷ്ണവനാണ്. അവര്‍ക്കിടയില്‍ അരയര്‍ സേവൈ പോലുള്ള ചില നൃത്തകലാരൂപങ്ങളുണ്ട്. അതിനോടാണ് കഥകളിക്ക് കൂടുതല്‍ സാമ്യമെന്ന് അയാള്‍ പറയാറുണ്ട്. 

padmanabhapuram palace
പദ്മനാഭപുരം കൊട്ടാരം / Photo: Wikimedia Commons

മലയാളവും തമിഴും രണ്ടല്ല, ഒരു ഭാഷയുടെ രണ്ട് മുഖങ്ങളാണെന്ന് എനിക്ക് തോന്നാറുണ്ട്. മനസ്സിന്റെ ഭാഷ എനിക്ക് തമിഴാണ്. മലയാളം എഴുതുമ്പോള്‍ ഞാന്‍ ധാരാളം തമിഴ് വാക്കുകള്‍ ഉപയോഗിക്കും. പിന്നീടത് നോക്കുമ്പോള്‍ ആ വാക്കുകള്‍ ഒട്ടുമുക്കാലും മലയാളത്തിലും ഉണ്ടെന്ന് മനസ്സിലാവും. എന്റെ എഴുത്തിലും മറ്റും എം. ഗോവിന്ദന്റെ നാട്ടുഭാഷാ പ്രസ്ഥാനത്തിന്റെ സ്വാധീനമുണ്ട്. സംസ്‌കൃതത്തെ ഒഴിവാക്കലായിരുന്നു ഗോവിന്ദന്‍ ലക്ഷ്യമിട്ടത്. തിരുവനന്തപുരം കഴിഞ്ഞ് വടക്കോട്ട് നീങ്ങുന്തോറും ഭാഷയിലെ സംസ്‌കൃതസ്വാധീനം കൂടുന്നുണ്ട്. തൃശൂരിലും മറ്റും ഉപയോഗിക്കുന്ന ഭാഷയില്‍ മലയാളത്തേക്കാളധികം സംസ്‌കൃതമുണ്ട്. ഒരു തെക്കന്‍ തിരുവിതാംകൂറുകാരനായ ഞാന്‍ നാട്ടുഭാഷയുടെ ആളാണ്. ഇന്നും തിരുവനന്തപുരത്തുകാരന്റെ ഭാഷയില്‍ സംസ്‌കൃതം കുറവാണ്.  സംസ്‌കൃതം പരമാവധി കുറച്ച്, നാട്ടുവാക്കുകളും, പറഞ്ഞാല്‍ മനസ്സിലാവുന്ന തമിഴും ഉപയോഗിച്ച് മലയാളം എഴുതാനാണ് ഞാന്‍ ശ്രമിച്ചത്. മലയാളത്തിലെഴുതുന്ന പലര്‍ക്കും അവരുടേതായൊരു ഭാഷയില്ല. ഒരു മാനകഭാഷയിലാണ് എല്ലാവരും എഴുതുന്നത്. ഒരു പാരഗ്രാഫ് വായിച്ചാല്‍ എഴുതിയത് എം.ടിയാണെന്ന് പറയാം. പക്ഷെ യുവസാഹിത്യാകാരന്‍മാരുടെ കാര്യത്തില്‍ അത് കഴിയുമെന്ന് തോന്നുന്നില്ല. എന്റെ മനസ്സിന്റെ ഭാഷ തിരുവിതാംകൂറിന്റെ ഭാഷയാണ്. അത് കൊണ്ടുവരുവാനാണ് ഞാന്‍ ശ്രമിച്ചത്. 

ജയമോഹന്റെ എഴുത്തിനെ സ്വാധീനിച്ച ഇമേജ് ഡേറ്റാബെയ്‌സുകള്‍ ഏതെല്ലാമാണ്?

ആദ്യത്തേത് പ്രധാനമായും തിരുവിതാംകൂറിന്റെ ചരിത്രമാണ്. ഇപ്പോള്‍ അശോകവനം എന്ന പേരില്‍ മൂവായിരം പേജുള്ള ഒരു നോവല്‍ വരാന്‍ പോവുകയാണ്. അത് മാര്‍ത്താണ്ഡവര്‍മയുടെ കഥയാണ്. മാര്‍ത്താണ്ഡവര്‍മ അധികാരമേല്‍ക്കുന്നത് മുതല്‍ തുറ കയറ്റല്‍ വരെയുള്ള ചരിത്രമാണ് നോവല്‍. പക്ഷെ കഥയില്‍ പകുതി സംഭവിക്കുന്നത് മധുരയിലാണ്. അടുത്ത ഉറവിടം തെക്കന്‍ തിരുവിതാംകൂറിന്റെ നാടോടി ജീവിതമാണ്. കാണിക്കാരുടേയും ഗോത്രങ്ങളുടെയും ജീവിതം. തമിഴകത്തിന്റെ ആഴങ്ങളിലേക്ക് കടക്കാനുള്ള എളുപ്പവഴികളിലൊന്ന് കാണിക്കാരുടെ ജീവിതത്തിലേക്ക് കടക്കുകയെന്നതാണ്. സംഘസാഹിത്യത്തിലേക്കുള്ള എളുപ്പവഴിയും അതാണ്. പേച്ചിപ്പാറ മല കയറിയാല്‍ അതിലേക്ക് എളുപ്പമെത്താം. എന്നെ സ്വാധീനിച്ച മൂന്നാമത്തെ ഉറവിടം പ്രാചീനമായ തമിഴ് സാഹിത്യമാണ്. ഈ മൂന്നുറവകളില്‍ നിന്നാണ് എന്റെ എഴുത്ത് സംഭവിക്കുന്നത്. 

ഞാനോര്‍ക്കാറുണ്ട് എന്നില്‍ നിന്ന്​ മാര്‍ത്താണ്ഡവര്‍മയിലേക്കോ, അതിനും പുറകില്‍ ഉമയമ്മറാണിയിലേക്കോ അതിനും പിറകില്‍ രാമവര്‍മ മഹാരാജാവിലേക്കോ ഒക്കെയെത്താന്‍ ഒരുപാട് ദൂരമൊന്നുമില്ല. 

ഏറ്റവുമൊടുവില്‍ എഴുതിയ കഥ പത്മനാഭപുരം കൊട്ടാരത്തിലെ തൂക്ക് കൂടിനെപ്പറ്റിയാണ്. പത്മനാഭപുരത്തെ മ്യൂസിയത്തില്‍ അങ്ങനെയൊന്നുണ്ട്. ഇരുമ്പ് കൊണ്ടുണ്ടാക്കിയ ആള്‍രൂപമുള്ള ഒന്നാണത്. കുറ്റവാളിയായ ഒരാളെ അതിനുള്ളിലാക്കി പൊതുജനമധ്യത്തില്‍ തൂക്കിയിടുന്നതായിരുന്നു പഴയ ചിട്ട. കുടിവെള്ളം പോലും നിഷേധിക്കും. അങ്ങനെ ദിവസങ്ങള്‍ കഴിയുമ്പോള്‍ ശരീരത്തിലെ ജലാംശം മുഴുവന്‍ കാലിലെത്തി നീര് വന്ന് പൊട്ടും. പത്തും പതിനഞ്ചും നാള്‍ നരകിച്ച് അയാള്‍ മരിക്കും. ആ തൂക്കുകൂടിനെപ്പറ്റിയാണ് ഞാന്‍ എഴുതിയത്. എന്റെ പൂര്‍വ്വികര്‍ പറഞ്ഞുതന്ന അത്തരം കഥകള്‍ ഒരുപാടുണ്ട്. ഇത് യക്ഷിയുടേയും ആനയുടെയും പാമ്പിന്റെയും കഥകളുടെ നാടാണ്. അങ്ങനെ ഞാനും പാമ്പിന്റെയും യക്ഷികളുടെയും ആനകളുടെയും കഥകളെഴുതി. ഒരു വൃക്ഷത്തിന്റെ വേരുകള്‍ മണ്ണിലാണ്ട് നില്‍ക്കുന്ന പോലെ ഒരെഴുത്തുകാരന്റെ ബോധം ആ മണ്ണിലാണ്ടു കിടക്കുകയാണ്. അതില്‍ നിന്ന്​ എന്ത് കിട്ടുമെന്ന് പറയാനാവില്ല. 

ദേശവും അതിന്റെ കഥകളും രുചികളും സ്വന്തം കുടുംബാന്തരീക്ഷത്തില്‍ കുട്ടിക്കാലത്ത് പ്രതിഫലിച്ചെതെങ്ങനെയായിരുന്നു?

എന്റെ അച്ഛന്‍ ഭക്ഷണക്കാര്യത്തില്‍ കടുത്ത പിടിവാശിക്കാരനായിരുന്നു. കറിക്ക് വാള മീനാണെങ്കില്‍ അരയ്ക്കാ​ന്‍ ഏതെങ്കിലും തെങ്ങിലെ തേങ്ങ പോരായിരുന്നു. നല്ല ഉയരമുള്ള എണ്ണപ്പതമുള്ള തെങ്ങിലെ തേങ്ങ വേണമെന്നായിരുന്നു നിഷ്ഠ. പകരം മീന്‍ മത്തിയാണെങ്കില്‍ അരയ്ക്കാന്‍ ആറ്റുതീരത്തെ ചെറിയ തെങ്ങിലെ തേങ്ങ മതി. ഇന്റലക്ട് യൂണിവേഴ്‌സലാണ്, ഉപബോധമനസ്സ് പ്രാദേശികമാണ്. സ്വപ്നം തീര്‍ത്തും പ്രാദേശികമായ ഉറവകളില്‍ നിന്നാണ് സംഭവിക്കുന്നത്. ഞാനോര്‍ക്കാറുണ്ട് എന്നില്‍ നിന്ന്​ മാര്‍ത്താണ്ഡവര്‍മയിലേക്കോ, അതിനും പുറകില്‍ ഉമയമ്മറാണിയിലേക്കോ അതിനും പിറകില്‍ രാമവര്‍മ മഹാരാജാവിലേക്കോ ഒക്കെയെത്താന്‍ ഒരുപാട് ദൂരമൊന്നുമില്ല. 

kanyakumari
കേരളം കന്യാകുമാരി ജില്ലയെ ഒരുതരത്തില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. പക്ഷെ കേരളത്തിലെ മുഴുവന്‍ ജനതയും ഉപേക്ഷിച്ചാലും അത് ചെന്നെത്തുന്നത് സാഹിത്യത്തിലായിരിക്കും / Photo: Wikimedia Commons

ഞാന്‍ ഒരു ദിവസം കൊണ്ട് എഴുതിത്തൂര്‍ത്ത കുമരിത്തുറൈവി എന്നൊരു ചെറിയ നോവലുണ്ട്. മാലിക് ഗഫൂര്‍ മധുര പിടിച്ചപ്പോള്‍ മീനാക്ഷി അമ്മനെ കന്യാകുമാരിക്ക് കൊണ്ടുവരുന്നു. ആരള്‍വായ്‌മൊഴിയില്‍ പരശ്ശേരി കണ്ടന്‍ ശാസ്താവെന്നൊരു ക്ഷേത്രമുണ്ട്. അതിനുള്ളില്‍ മീനാക്ഷിയെയും സുന്ദരേശനെയും ഒളിപ്പിച്ചുവച്ചു. 70, 80 കൊല്ലം കഴിയുമ്പോള്‍ വിജയനഗരത്തിലെ കുമാരകമ്മണന്‍ വലിയ സൈന്യവുമായി വന്ന് മധുര പിടിച്ചു. എന്നിട്ട് ക്ഷേത്രം പുതുക്കിപ്പണിയുമ്പോള്‍ മധുരമീനാക്ഷിയെ മടക്കിത്തരാന്‍ തിരുവിതാംകൂര്‍ രാജാവിനോട് ആവശ്യപ്പെടുന്നു. വന്നുകയറിയ മഹാലക്ഷ്മിയെ മടക്കി അയക്കുന്നത് അപമാനമാണെന്ന് തിരുവിതാംകൂര്‍ രാജാവും പറഞ്ഞു. ദേവിയെ തിരിച്ചയക്കുന്നത് രാജ്യത്തിന് നന്നല്ലെന്നും വിശ്വസിച്ചു. പക്ഷെ മധുര വാഴുന്ന രാജാവിനോടെതിര്‍ക്കാന്‍ ഭയവുമുണ്ടായിരുന്നു. ഒടുവില്‍ രാജാവ് ശുചീന്ദ്രം തന്ത്രിയോട് ഉപദേശമാരായുന്നു. ഏത് സ്ത്രീ വീടുവിട്ട് പോയാലും അത് അമംഗലമാണെന്ന് തന്ത്രി പറഞ്ഞു. പക്ഷെ വിവാഹം ചെയ്ത് അന്യഗൃഹത്തിലേക്ക് പെണ്ണ് പോയാല്‍ കുഴപ്പമില്ലെന്നും. അതുകൊണ്ട് മധുര മീനാക്ഷിയെ തിരുവിതാംകൂര്‍ രാജാവിന്റെ മകളായി സങ്കല്‍പ്പിച്ച് സുന്ദരേശനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച് മധുരക്കയക്കാന്‍ തീരുമാനിക്കുന്നു. ആ വിവാഹത്തെപ്പറ്റിയാണ് കുമരിത്തുറൈവി എന്ന നോവല്‍. ഈ നോവല്‍ ഇവിടെ ജനിച്ചുവളര്‍ന്ന ഒരാള്‍ക്കേ എഴുതാന്‍ പറ്റൂ. നെഗറ്റീവായി ഒന്നും പറയാത്ത നോവലാണത്. മംഗലം മാത്രമേ അതിലുള്ളൂ. വായനക്കാരും അത്രയും വൈകാരികമായാണ് അതിനോട് പ്രതികരിച്ചത്. ഇപ്പൊഴും കത്തുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. തമിഴ്‌നാട്ടിലെ കല്യാണങ്ങള്‍ക്ക് നോവലിന്റെ അഞ്ഞൂറും ആയിരവും കോപ്പികള്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ വേരുകള്‍ തിരുവിതാംകൂറിലാണ്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സ്ഥാനത്തുനിന്ന് ആ കഥയെ കാണാന്‍ എനിക്കാവുന്നത് ഞാനൊരു തിരുവിതാംകൂറുകാരനായതുകൊണ്ടാണ്. അത് നമ്മള്‍ പ്രായോഗികമായി പഠിച്ചെടുക്കുന്നതുമല്ല. സ്വാഭാവികമായി ആര്‍ജ്ജിക്കപ്പെടുന്നതാണ്. ഞാന്‍ പറയുന്ന കഥകളൊട്ടുമുക്കാലും എന്റെ പതിനഞ്ച് വയസ്സിനുള്ളില്‍ കേട്ട കഥകളാണ്. ചരിത്രത്തിന്റെ വിശദാംശങ്ങളും പ്രത്യേക വിവരങ്ങളുമെല്ലാം പിന്നീട് കിട്ടും. അടിസ്ഥാനമായി നില്‍ക്കുന്ന രൂപകങ്ങളെല്ലാം ചെറുപ്പത്തിലേ പതിഞ്ഞു. 

കേരളം കന്യകുമാരിയോട് എന്താണ് ചെയ്തത്​?

കേരളം കന്യാകുമാരി ജില്ലയെ ഒരുതരത്തില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. പക്ഷെ കേരളത്തിലെ മുഴുവന്‍ ജനതയും ഉപേക്ഷിച്ചാലും അത് ചെന്നെത്തുന്നത് സാഹിത്യത്തിലായിരിക്കും. സാഹിത്യം ഉള്ളതുവരേക്കും ഇതൊരിക്കലും ഉപേക്ഷിക്കപ്പെട്ട ഭൂമിയല്ല. ഇവിടെ ഒരെഴുത്തുകാരന്‍ ഇരുന്നെഴുതുന്നിടത്തോളം ഇത് മറക്കപ്പെടുന്നുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ തിരുവിതാംകൂര്‍ ചരിത്രത്തെപ്പറ്റി ഏറ്റവുമധികം കഥകളുണ്ടായത് മലയാളത്തിലല്ല, തമിഴിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ തിരുവിതാംകൂര്‍ ചരിത്രത്തെപ്പറ്റി ഞാന്‍ മുപ്പതിലധികം കഥകളെഴുതി. ഉമയമ്മറാണിയെപ്പറ്റി, വേലുത്തമ്പിയെപ്പറ്റി, മാര്‍ത്താണ്ഡവര്‍മ്മയെപ്പറ്റി. ഒന്നും പ്രകീര്‍ത്തനങ്ങളല്ല. ചരിത്രം വിസ്മരിക്കപ്പെടും, രാഷ്ട്രീയം മാറിപ്പോകും. പക്ഷെ കല മണ്ണിനെ ഉപേക്ഷിക്കില്ല. 

ജയമോഹന്‍ എന്തുകൊണ്ടാണ് തെക്കന്‍ തിരുവിതാംകൂറിനെ വിട്ടുപോകാത്തത്?

തമിഴകത്തിന്റെ ഭൂപ്രകൃതി ചിലപ്പോഴൊക്കെ എനിക്ക് ബുദ്ധിമുട്ടാണ്. നോക്കിയാല്‍ പച്ച കണ്ടില്ലെങ്കില്‍ എന്നെ വിഷാദം ബാധിക്കും. ഒരു മാസത്തില്‍ പത്ത് ദിവസം മാത്രമേ ഞാനിവിടെയുള്ളു. ശിഷ്ടം ദിനങ്ങള്‍ ചെന്നൈയിലെ ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലിലെ ഏതോ ഒരു മുറിയിലായിരിക്കും. അപ്പോഴൊന്നും ഞാന്‍ പുറത്ത് പോകാറേയില്ല. ആ അന്തരീക്ഷം ശ്വാസം മുട്ടിക്കും. പക്ഷെ ഈറോഡിനടുത്ത് അന്തിയൂരെന്നൊരു സ്ഥലമുണ്ട്. അവിടെ ഞാന്‍ പോകാറുണ്ട്. താമസിക്കാറുണ്ട്. അവിടം കര്‍ണാടകയുടെ പച്ചപ്പുള്ള മലമ്പ്രദേശം പോലിരിക്കും. അന്തിയൂരിനടുത്ത് താമരക്കരൈ, അത് കഴിഞ്ഞാല്‍ വെള്ളിമലൈ. അവിടെയുള്ള ചെറിയ ഒരെസ്റ്റേറ്റാണത്. അവിടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പക്ഷെ ഇത് തന്നെയാണ് എന്റെ നാട്. താമസിക്കാന്‍ എവിടെയും പോകാം. പക്ഷെ സൈക്കോളജിക്കലി ഇവിടെയാണ് ജീവിക്കാനുള്ളത്. ഓര്‍മ വച്ച നാള്‍ തൊട്ട് ഞാന്‍ അപ്പുറത്തെ വേളിമല കണ്ടിരിപ്പാണ്. ആ കാഴ്​ചയില്ലാതെ ജീവിക്കാനാവില്ല. 

തമിഴകത്തിന്റെ മൊത്തം പ്രകൃതങ്ങളില്‍ നിന്ന്​ നാഞ്ചിനാട് വേറിട്ട് നില്‍ക്കുന്നത് എങ്ങനെയാണ്?

നാഞ്ചിനാട് രണ്ട് അമ്മമാരുടെ കിടാവാണ്. തമിഴകത്തിന് ഒരു മഴക്കാലമേയുള്ളു. നാഞ്ചിനാടിന് ജൂണിലും ഒക്ടോബറിലുമായി രണ്ട് മഴക്കാലമുണ്ട്. നാഞ്ചിനാട്ടെ മണ്ണിന് പച്ചപ്പും വളക്കൂറും നിലനിന്നത് അങ്ങനെയാണ്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റിലിരുന്നാല്‍ കാണാം, വേളിമല കഴിഞ്ഞാല്‍ പ്രകൃതിക്ക് നിറം പച്ചയാകും. അത് വരെക്കും നിറം ഏതാണ്ട് ചുവപ്പായിരിക്കും. തമിഴകത്തിന്റെയും നാഞ്ചിനാടിന്റെയും മണ്ണ് വേറിട്ടാണ്. പ്രധാനമായും വെള്ളം തന്നെയാണ് ചരിത്രത്തെയും സംസ്‌കാരത്തെയും തീരുമാനിച്ചത്. അങ്ങനെ നാഞ്ചിനാടിന്റെ തലവര ഈ രണ്ട് മഴകളിലൂടെ നിശ്ചയിക്കപ്പെട്ടു. നാഞ്ചിനാടിന്റെ പ്രത്യേകതകളിലൊന്ന് ഇവിടുത്തെ മട്ടിപ്പഴമാണ്. അത് തമിഴകത്ത് കിട്ടില്ല. കേരളത്തിലും തിരുവനന്തപുരം കഴിഞ്ഞാല്‍ അത് കിട്ടാന്‍ പാടാണ്. മട്ടിപ്പഴം വിളയിക്കാന്‍ അതിന്റെ കന്ന് മോഷ്ഠിച്ച കള്ളന്‍മാര്‍ ആരള്‍വായ്‌മൊഴിയില്‍ വച്ച് പിടിക്കപ്പെട്ട ഒരു പഴയ കഥ ഇവിടെ പ്രചാരത്തിലുണ്ട്. മോഷണവാര്‍ത്തയറിഞ്ഞ തിരുവിതാംകൂര്‍ രാജാവ് പറഞ്ഞത് മറ്റൊന്ന്.  ‘‘കന്നല്ലേ കൊണ്ടുപോയുള്ളു. അവരെ വിട്ടേക്കൂ, കന്നിനെ സമൃദ്ധമായി വിളയിച്ചെടുക്കുന്ന ആനയടിച്ചാറല്‍ മഴയെ കൊണ്ടുപോയില്ലല്ലോ'' എന്നാണ്.  ഈ ചാറല്‍ മഴയാണ് ഇവിടത്തെ വാഴകൃഷിക്ക് ആശ്രയം. മീനിന് പോലുമുണ്ട് വ്യത്യാസം. ഇവിടെ പിടിക്കുന്ന മീനും തൂത്തുക്കുടിയിലെ മീനും വേറെയാണ്. ആ രുചിവ്യത്യാസം എനിക്കുപോലും തിരിച്ചറിയാം. ഒരു മണ്ണില്‍ ഒരു പ്രത്യേകരുചി കിളിര്‍ത്ത് വരുന്നതിന് പിന്നില്‍ ദീര്‍ഘമായൊരു ചരിത്രമുണ്ട്. പാരിസിലെ വൈനും ജര്‍മ്മനിയിലെ ബീറും പെട്ടെന്നുണ്ടായതല്ല. ദേശം കൂടുതല്‍ ആഗോളവത്കരിക്കപ്പെടുമ്പോള്‍ സംഭവിക്കാനിരിക്കുന്ന വലിയ നഷ്ടങ്ങളിലൊന്ന് ഇനി ആ രുചികളായിരിക്കും.

ജയമോഹന്റെ കഥകളെ മനുഷ്യനായി സങ്കല്‍പ്പിച്ചാല്‍ അതിന്റെ ഒരു കാല്‍ മാത്രമേ നിലത്തുണ്ടാവൂ എന്ന് ചില വായനക്കാര്‍ പറയുന്നത് എന്തുകൊണ്ടാണ്?

കാരണം യക്ഷികളുടെയും ആനകളുടെയും പാമ്പുകളുടെയും നാടാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ ലോകമൊന്നും എനിക്ക് പറ്റില്ല. നമ്മുടെ മണ്ണില്‍ ദൈവങ്ങളെ ചേര്‍ന്നുമാത്രമേ ജീവിക്കാനാവൂ. കന്യാകുമാരി ജില്ലയില്‍ എത്ര മനുഷ്യരുണ്ടോ, അത്രയും ദൈവങ്ങളുമുണ്ട്. സാംസ്‌കാരിമായ പരിശീലനം താരതമ്യേനെ കുറഞ്ഞ സമൂഹമായതുകൊണ്ട് ജാതീയമായ ക്രൂരതകള്‍ തമിഴകത്ത് കൂടുതലുണ്ട്. മറുവശത്ത് കേരളത്തിന്റെ ഇന്നത്തെ കാപട്യം എന്ന് പറയുന്നത് കേരളത്തിലുണ്ടായ സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ കൊണ്ട് ഉണ്ടായതാണ്. പക്ഷെ അതിലൂടെയാണ് പൊതുവിടങ്ങള്‍ സജീവമാകുന്നത്. അത്തരമിടങ്ങളില്‍ തോന്നിയത് പറയാനും ചെയ്യാനുമാവില്ല. ഒരു നിയന്ത്രണം വേണം. അത് സാംസ്‌കാരികമായ ഒരു പരിശീലനം കൂടിയാണ്. ഒരര്‍ത്ഥത്തില്‍ അതിനെയും കാപട്യമെന്ന് പറയാം. അപ്പോഴും സംസ്‌കാരത്തിന്റെ വിജയം തന്നെയായിരിക്കും. മലയാളിക്ക് അഭിമാനിക്കാവുന്ന ഒന്നുണ്ട്. തമിഴകത്തെ സൗഹൃദസംഘങ്ങള്‍ക്കിടയിലെ ഒത്തുചേരലുകള്‍ക്കിടയില്‍ മിക്കപ്പോഴും ഒരേ ജാതിക്കാരും മതക്കാരുമാവും. അതിനിടയില്‍ ദലിതനോ മുസ്​ലിമോ ഉണ്ടാവാനുള്ള സാധ്യതയും കുറവ്. കേരളത്തില്‍ ആ കൂട്ടായ്മ നിലനില്‍ക്കുന്നു. 

തെക്കന്‍ തിരുവിതാംകൂറിന്റെ ഉത്സവങ്ങള്‍ക്ക് 1956-നുശേഷം എന്ത് സംഭവിച്ചു?

റബ്ബര്‍ വ്യാപകമായതോടെ കൃഷിയുടെ രീതി മാറി. ഇവിടെ നെല്‍കൃഷി കുറഞ്ഞു. മുഴുവന്‍ റബ്ബറായി. കാര്‍ഷികരീതി മാറിയപ്പോള്‍ ഉത്സവം മാറി. എന്റെ അച്ഛന്റെ ഓണം എനിക്ക് ഓണമല്ലാതായി. ഓരോ ഋതുക്കളിലും മണ്ണില്‍ വിളഞ്ഞ ഭക്ഷ്യോത്പ്പന്നങ്ങളായിരുന്നു ഉത്സവം സൃഷ്ടിച്ചത്. മണ്ണിന്റെ മാറ്റങ്ങളാണ് ഓരോ ഉത്സവങ്ങളായി മാറിയത്. മണ്ണ് മാറുമ്പോള്‍ അതുവെറും സിംബോളിക് ആക്ടിവിറ്റി ആയി മാറും. എന്റെ ചെറുപ്പകാലത്ത് പുന്നെല്ലും മാവിലയും ചേര്‍ത്ത് വീട് നിറക്കുക എന്ന പതിവുണ്ടായിരുന്നു. അന്ന് അച്ഛന്‍ പച്ചരി കൊണ്ടുള്ള ചോറുണ്ണും. പിന്നീട് തൊണ്ണൂറ് ദിവസത്തേക്കുള്ള കുറവൈ നെല്ല് വന്നു. ആണ്ടില്‍ നാല് കൃഷി നടന്നു. അങ്ങനെ ഓണത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുമ്പോഴാണ് ഞാന്‍ ജനിക്കുന്നത്. അപ്പോഴും ഇരുപതോളം ദിവസങ്ങള്‍ ഞങ്ങള്‍ ഓണത്തിനായി മാറ്റിവച്ചു. അറുപതടി പൊക്കത്തില്‍ ഊഞ്ഞാല്‍ കെട്ടും. നാഞ്ചിനാട്ടിലാകെ ഓണപ്പന്ത് ടൂര്‍ണമെന്റുകളും ഓണത്തല്ലും നടക്കും.  ഞാന്‍ നോക്കിയിരിക്കുമ്പോള്‍ അതെല്ലാം ഇല്ലാതായി. നാഞ്ചിനാട്ടെ പഴയ ക്ഷേത്രങ്ങളിലും മലയാളി സമാജങ്ങളിലും മാത്രമായി ഓണം നിലച്ചു. മലയാളി വീടുകളില്‍ അതൊരു സദ്യയിലൊതുങ്ങി. 

നാഞ്ചിനാട്ടെ പഴയ തലമുറയും പൂര്‍ണമായും മാറിക്കഴിഞ്ഞോ?

ലോകം മുഴുവന്‍ ചുറ്റിനടന്നിട്ട് പ്രായം ചെന്നപ്പോള്‍ നാഞ്ചിനാട്ടിലേക്ക് തിരികെ പോയ എന്റെയൊരു പരിചയക്കാരനുണ്ട്. ആറേഴു കൊല്ലം തിരുവാട്ടാറില്‍ ജീവിച്ചു, പിന്നെ മരിച്ചുപോയി. അദ്ദേഹം എപ്പോഴും പറഞ്ഞത്, ലോകം മുഴുവന്‍ സഞ്ചരിച്ചെങ്കിലും ഏറ്റവും സുഖകരമായ ജീവിതം ഈ തിരുവട്ടാറിലാണെന്നാണ്. അതിലേറ്റവും പ്രിയം പുഴയിലെ മുങ്ങിക്കുളിയായിരുന്നു. കാലാവസ്ഥ നോക്കി വീടിന് പുറത്തിറങ്ങേണ്ട ആവശ്യവുമില്ല. കഴിഞ്ഞുപോകാന്‍ ആര്‍ഭാടം വേണ്ട, ഒരൊറ്റ മുണ്ടും തോര്‍ത്തും ധാരാളം. കാലത്തെണീറ്റ് മുങ്ങിക്കുളിച്ച് ആദികേശവനെ തൊഴുത് സ്വസ്ഥമായ ജീവിതം. നേരമ്പോക്കിന് ഞാനിതിനെ മുങ്ങിക്കുളി ജീവിതമെന്ന് പറയും. എന്റെ അച്ഛന്റെ തലമുറ ആ മുങ്ങിക്കുളി ജീവിതത്തിന്റെ ഭാഗവുമായിരുന്നു. ബന്ധുക്കളില്‍ ചിലരെങ്കിലും ഇന്നും ആ ജീവിതം ജീവിക്കുന്നുമുണ്ട്. പക്ഷെ ആ തലമുറ കഴിഞ്ഞു. അടുത്ത തലമുറയുടെ പ്രശ്‌നം വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും മാത്രമാണ്. അവര്‍ക്ക് മുങ്ങിക്കുളിക്കാന്‍ നേരമില്ല. അവരുടെ ഉത്സവങ്ങളും വേറെയാണ്. സര്‍ക്കാര്‍ ജോലിക്ക് തമിഴ് പഠിക്കണം. നാഞ്ചിനാട്ടെ മിക്കവാറും പള്ളിക്കൂടങ്ങളില്‍ മലയാളം പഠിപ്പിക്കുന്നില്ല. മലായാളിയായാലും തമിഴ് നിര്‍ബന്ധം. ഞാനും തമിഴാണ് പഠിച്ചത്. ഓണത്തെപ്പറ്റി നിങ്ങള്‍ പഠിച്ചാലും ഇല്ലെങ്കിലും പൊങ്കലിനെപ്പറ്റി നിങ്ങള്‍ പഠിച്ചേ തീരു. മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകാന്‍ വിജയ്​ പടവും അജിത് പടവും തമിഴ് ടി.വി. സീരിയലും കണ്ടേ തീരൂ. അങ്ങനെ ക്രമേണ തമിഴനായി മാറുമ്പോഴേക്കും ജോലി കിട്ടും. ജോലി തൊണ്ണൂറ് ശതമാനവും ചെന്നൈയിലേ കിട്ടൂ. അവിടെ നാഞ്ചിനാട്ടുകാരനെത്തേടി മറ്റൊരു വെല്ലുവിളി കാത്തിരിക്കും. ഞാന്‍ തമിഴില്‍ മുന്നൂറോളം പുസ്തകങ്ങളെഴുതി. യൂ റ്റ്യൂബില്‍ എന്റെ ഇരുന്നൂറോളം പ്രസംഗങ്ങള്‍ കിട്ടും. പക്ഷെ ഇപ്പൊഴും എന്റെ തമിഴ് ആക്‌സെൻറ്​ മലയാളം കലര്‍ന്നിട്ടാണ്. ഒരു ഗവണ്‍മെൻറ്​ ജോലിക്ക് കയറണമെങ്കില്‍ ഒരു കന്യാകുമാരി ജില്ലക്കാരന്‍ മദ്രാസില്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ച്ചെന്ന് ആ മലയാളം കലര്‍പ്പ് കളയണം. ചെന്നൈത്തമിഴ് അനുകരിക്കണം. അങ്ങനെ പൂര്‍ണമായും തമിഴനായി അവന്‍ മാറിക്കഴിയുമ്പോഴേക്കും അവന്റെ അപ്പൂപ്പനോ, അപ്പൂപ്പന്റെ സാവധാനത്തിലുള്ള മുങ്ങിക്കുളി ജീവിതമോ അതിന്റെ ഓണമോ അതിന്റെ ഓര്‍മകളോ ഒരു പ്രശ്‌നമേയാവുന്നില്ല. രണ്ട് വേറിട്ട തലമുറകളായി അത് മാറും. നടുവില്‍ ചരിത്രം ഒരു കിടങ്ങ് നിര്‍മിച്ചു. 

Jayamohan

പൊതുവിലുള്ള തമിഴ് സമൂഹം നാഞ്ചിനാട്ടുകാരനെയും കന്യാകുമാരി ജില്ലക്കാരനെയും കാണുന്നതെങ്ങനെയാണ്?

മൊത്തം തെക്കന്‍ കേരളത്തെയും മലയാളി പൊതുവേ നാഞ്ചിനാട് എന്ന വാക്കിലൊതുക്കാറുണ്ട്. തെക്കന്‍ കേരളം തന്ന വേറെ വേറെ നാടുകളാണ്. ഇപ്പോഴുള്ള കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം, തോവാളയെന്ന രണ്ട് താലൂക്കുകളിലുള്‍പ്പെട്ട പ്രദേശം മാത്രമാണ് നാഞ്ചിനാട്. വയലും മലയും ചേര്‍ന്ന കൃഷിഭൂമിയാണധികവും. അല്‍പ്പം കടപ്പുറം. കല്‍ക്കുളം, വിളവന്‍കോട് താലുക്കുകള്‍ വേണാടിലുള്‍പ്പെടും. നാഞ്ചിനാട് പിന്നീട് വേണാടിന്റെ ഒരു ഭാഗമായി മാറി. ചരിത്രപരമായി നാഞ്ചിനാട് സ്വതന്ത്രദേശമാണ്. എന്നെ നാഞ്ചിനാടിന്റെ എഴുത്തുകാരനായി തമിഴകം കരുതുന്നില്ല. നാഞ്ചിനാടന്‍ എന്ന പേരില്‍ത്തന്നെ തമിഴിലെ വളരെ പ്രധാനപ്പെട്ട എഴുത്തുകാരനുണ്ട്. ഞാന്‍ എഴുതുന്നത് വേണാടിന്റെ സാഹിത്യമാണ്. പ്രധാന വ്യത്യാസം പറയാം. നാഞ്ചിനാട്ടില്‍ എരുമയില്ല. പശുവും കാളയുമാണുള്ളത്. ഇവിടെ കാളപൂട്ടിയാലെ നിലമുഴാന്‍ പറ്റൂ. ചേറ് നിറഞ്ഞ വേണാട്ടിലെ വയലില്‍ കാളയെക്കൊണ്ട് പൂട്ടിയാല്‍ തിരിച്ചുകയറ്റാന്‍ ക്രെയിന്‍ വേണ്ടിവരും. എഴുത്തുകാരന്‍ നാഞ്ചിനാടന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് എരുമക്കിടാവിനെ കെട്ടി നിലമുഴാന്‍ പറ്റുമെന്ന് അദ്ദേഹം മനസ്സിലാക്കിയത്. ഞാന്‍ കോളേജിലെത്തുമ്പോഴാണ് ആദ്യമായി കാളകെട്ടി നിലുഴുന്നതും കണ്ടത്. രണ്ടും വേറെ സംസ്‌കാരങ്ങളാണ്. വേണാട്ടുകാരന് നാഞ്ചിനാട്ടുകാരന്‍ പോലും പാണ്ടിക്കാരനാണ്. എന്റെ അച്ഛന്‍ തക്കലയ്ക്കിപ്പുറം വന്നാല്‍ത്തന്നെ അന്യരാജ്യത്ത് വന്നപോലെയാണ്. നാഞ്ചിനാട്ടുകാരുണ്ണുന്നത് വെളുത്ത അരിയുടെ ചോറാണ്. അത് അച്ഛനിഷ്ടമല്ല. അച്ഛന്‍ ചുവന്ന അരിയുടെ ചോറേ കഴിക്കൂ. അച്ഛന്‍ നാഗര്‍കോവിലിലെ ചേച്ചിയുടെ വീട്ടില്‍ വന്നാലും ഉണ്ണാനരി വേണാട്ടില്‍ നിന്ന് കൊണ്ടുവരും. നാഗര്‍കോവില്‍ ചന്തയിലെ കത്രിക്കയൊന്നും വായില്‍ വക്കാന്‍ പറ്റില്ലെന്ന് പറയും. രുചി വേറെയാണ്. എന്നാല്‍ എല്ലാം ഒന്നുതന്നെയാണ്. ക്ഷേത്രപൂജയില്‍ത്തന്നെ വലിയ വ്യത്യാസമുണ്ട്. കല്‍ക്കുളം നാഞ്ചിനാട് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ പൂജ പ്രധാനമായും ആഗമരീതിയിലാണ്. വേണാട്ടിലേക്കെത്തിയാല്‍ അത് താന്ത്രികവിധിയായി മാറും. 

‘നെല്ല് എങ്കള്ക്ക് എല്ലൈ, മൂരി എങ്കള്ക്ക് തൊല്ലൈ’ എന്നാണ് പഴയ സമീപനം. സത്യത്തിലിന്ന് കന്യാകുമാരി ജില്ലയോടുള്ള തമിഴകത്തിന്റെ പൊതുസമീപനം എങ്ങനെയാണ്?

തമിഴകം സ്വതന്ത്രരാഷ്ട്രമായി മാറണമെന്ന ചിന്ത മുന്‍പുണ്ടായത് തമിഴകം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവന കൂടുതലും തിരിച്ചുകിട്ടുന്നത് കുറവുമായതുകൊണ്ടാണ്. അതേ യുക്തിയില്‍ ആലോചിച്ചാല്‍ കന്യാകുമാരി ജില്ല തമിഴകത്തിന് കൊടുക്കുന്നതിലും എത്രയോ ചെറിയ അളവ് പരിഗണന മാത്രമേ കന്യാകുമാരിക്ക് തിരിച്ചുകിട്ടുന്നുള്ളു. രണ്ട് മത്സ്യബന്ധനത്തുറമുഖങ്ങള്‍, വലിയ അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. തിരുനെല്‍വേലിക്ക് മുഴുവന്‍ കുടിവെള്ളം നല്‍കുന്നു. മത്സ്യം, വൈദ്യുതി, വെള്ളം മൂന്നും ഇവിടെ സമൃദ്ധമാണ്. പക്ഷെ തമിഴകത്തിന് കന്യകുമാരി വിദൂരമായൊരു നാട് പോലെയാണ്. ഭൗതികസാഹചര്യങ്ങള്‍ ഏറ്റവും കുറഞ്ഞ, ഏറ്റവും കുറച്ചുമാത്രം വികസനം സംഭവിച്ച ഒരു ജില്ലയായി കന്യാകുമാരി ഇപ്പോഴും തുടരുന്നു. ഒരു നല്ല റോഡ് പോലുമില്ല. തമിഴ് രാഷ്ട്രീയത്തില്‍ കന്യാകുമാരി ഒരു വലിയ സ്വാധീനശക്തിയല്ല. ജനസംഖ്യയും കുറവ്. പക്ഷെ ധാരാളം മഴ കിട്ടും. ജനങ്ങള്‍ വിദ്യാസമ്പന്നരാണ്. ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യം അതിലുണ്ട്. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസനേട്ടങ്ങള്‍ അക്കാലം മുതല്‍ തന്നെ കന്യാകുമാരിയും പങ്കിട്ടു. തമിഴകത്തോട് താരതമ്യം ചെയ്താല്‍ വലിയ ദാരിദ്ര്യമില്ല. 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ജയമോഹൻ

തമിഴ്, മലയാളം എഴുത്തുകാരനും സാഹിത്യ നിരൂപകനും. വെണ്‍മുരശ്, കന്യാകുമാരി, ഏഴാം ഉലഗം, ഇരവ് തുടങ്ങിയവ പ്രധാന കൃതികള്‍. മലയാളത്തില്‍ നൂറ് സിംഹാസനങ്ങള്‍, ഉറവിടങ്ങള്‍, നെടുംപാതയോരം, ആന ഡോക്ടര്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകിരിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും രചന നിര്‍ഹിച്ചിട്ടുണ്ട്.
 

എം. ജി. അനീഷ്

എഴുത്തുകാരൻ, ഏഷ്യാനെറ്റ് ന്യൂസില്‍ ഡെപ്യൂട്ടി ചീഫ് പ്രൊഡ്യൂസര്‍