സർക്കാറും പാർലമെൻറും
ജോൺ ബ്രിട്ടാസ് / മനില സി. മോഹൻ
മോദിയുടെ പാർലമെൻറിൽ ഞങ്ങളിനി
ആംഗ്യഭാഷയിൽ സംസാരിക്കേണ്ടിവരും
ഇപ്പോള്‍ സംഭവിക്കുന്നത്, പുതിയ പാര്‍ലമെൻറ്, പുതിയ ചിഹ്നങ്ങള്‍, പുതിയ പാര്‍ലമെന്ററി ഭാഷ, പുതിയ പാര്‍ലമെന്ററി രീതികള്‍. അങ്ങനെ മൊത്തത്തില്‍ പാര്‍ലമെന്ററി ഡെമോക്രസിയെ അടിമുടി മാറ്റുന്ന തീരുമാനങ്ങളാണ്. പാര്‍ലമെൻറ് തങ്ങളോട് വിധേയപ്പെട്ട് നില്‍ക്കണമെന്ന സന്ദേശമാണ് മോദി നല്‍കുന്നത്.

മനില സി. മോഹന്‍: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുമുന്നോടിയായി പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ 65 വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയാക്കിയിട്ടുണ്ടല്ലോ. ജനാധിപത്യവിരുദ്ധമായ ഈ നടപടിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കൈപ്പുസ്തകം അപ്‌ഡേറ്റ് ചെയ്യുന്നത് സ്ഥിരം പരിപാടിയാണെന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വിശദീകരിച്ചത്. ഈ നടപടി പാര്‍ലമെന്റിനകത്തെ ചര്‍ച്ചകളെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത്?
ജോണ്‍ ബ്രിട്ടാസ്: അണ്‍ പാര്‍ലമെന്ററി പദങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സ്ഥിരം പ്രോസസാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ അതില്‍ കൊണ്ടുവന്നിരിക്കുന്ന 65 പദങ്ങള്‍ നേരത്തെ ഉണ്ടായിരുന്നില്ല. ഞങ്ങളെപ്പോലുള്ള അംഗങ്ങള്‍ ഇനി പാര്‍ലമെന്റില്‍ ആംഗ്യഭാഷ ഉപയോഗിക്കേണ്ടിവരും. പാര്‍ലമെന്റില്‍ മൂകമായ സംസാരം മതി, ആംഗ്യഭാഷ മാത്രം ഉപയോഗിച്ചാല്‍ മതി. അതാണ് ഇതില്‍ അടിവരയിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇപ്പോള്‍ സംഭവിക്കുന്നത്, പുതിയ പാര്‍ലമെൻറ്, പുതിയ ചിഹ്നങ്ങള്‍, പുതിയ പാര്‍ലമെന്ററി ഭാഷ, പുതിയ പാര്‍ലമെന്ററി രീതികള്‍. അങ്ങനെ മൊത്തത്തില്‍ പാര്‍ലമെന്ററി ഡെമോക്രസിയെ അടിമുടി മാറ്റുന്ന തീരുമാനങ്ങളാണ്.
പാര്‍ലമെൻറ് മന്ദിര വളപ്പില്‍ പ്രതിഷേധ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്കേര്‍പ്പെടുത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടുമിക്ക പ്രതിഷേധങ്ങളുടെയും തുടക്കം പാര്‍ലമെന്റിലാണ്. യഥാര്‍ഥത്തില്‍ പാര്‍ലമെന്റില്‍ നിന്ന് എം.പി.മാര്‍ ഇറങ്ങിപ്പോയി, അവര്‍ ആരംഭിക്കുന്ന പ്രതിഷേധത്തിന്റെ ജ്വാലകളാണ് പലപ്പോഴും ദേശീയരാഷ്ട്രീയത്തെ മാറ്റിമറിച്ചിട്ടുള്ളത്. വലിയ ഭൂരിപക്ഷത്തില്‍ വന്ന സര്‍ക്കാരുകള്‍ തകിടംമറിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ആദ്യത്തെ വെടിയുതിര്‍ത്തിരിക്കുന്നത് പാര്‍ലമെന്റിനുള്ളിലും അവിടെനിന്ന് ഇറങ്ങിവന്നിട്ടുമാണ്. ഉദാഹരണം പറയാം. നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ വന്ന രാജീവ് ഗാന്ധിക്കെതിരെ ബൊഫോഴ്സ് കുംഭകോണം വന്നതിനെതുടര്‍ന്ന് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് രാജിവെച്ച് പുറത്തേക്കിറങ്ങുകയാണ്. രാജിവെച്ചിറങ്ങി ആ പ്രക്ഷോഭം പാര്‍ലമെൻറ് വളപ്പില്‍ ആരംഭിക്കുകയാണ്. ആ പ്രക്ഷോഭമാണ് രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രക്ഷോഭമായി തെരുവോരങ്ങളില്‍ അലയടിച്ചത്.
പാര്‍ലമെൻറ് വളപ്പിലെ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ ബി.ജെ.പി. ആയിരുന്നു എപ്പോഴും ലീഡ് ചെയ്തിരുന്നത്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ 1980കളുടെ അവസാനം വാജ്പേയിയും അദ്വാനിയുമൊക്കെ അവിടെ ഇരിക്കുന്നത് ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. എത്രയോ പ്രക്ഷോഭങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ നിന്ന് ജാഥയായിട്ടാണ് അവര്‍ പുറത്തേക്ക് പോകുന്നത്. പാര്‍ലമെന്റില്‍ നിന്നാണവര്‍ പ്രക്ഷോഭം നയിച്ചിരുന്നത്.

യഥാര്‍ഥത്തില്‍ നമ്മള്‍ മനസിലാക്കേണ്ടത്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതികരണങ്ങളുടെ അളവ് കുറച്ചുകുറച്ചു വരികയാണ്. പണ്ട് പാര്‍ലമെന്റിനോട് ചേര്‍ന്നുകിടക്കുന്ന ബോട്ട് ക്ലബ് മൈതാനിയായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതികരണവേദി. പാര്‍ലമെന്റില്‍നിന്ന് എം.പി.മാരും നേതാക്കളും പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബിലേക്ക് പോകുമ്പോള്‍, ബോട്ട് ക്ലബ്ബിലെ വലിയ ജനാവലിയുമായി സന്നിവേശിപ്പിച്ചുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചത്. പിന്നീട് ബോട്ട് ക്ലബ്ബ്, പ്രതിഷേധങ്ങളില്‍ നിന്ന് വേലികെട്ടി മറച്ചു. അതിനുശേഷം ഘട്ടംഘട്ടമായി ഇപ്പോള്‍ പാര്‍ലമെൻറ് വളപ്പില്‍ പോലും പ്രതിഷേധം വിലക്കി. പാര്‍ലമെൻറ് ജനങ്ങളുടെ ശബ്ദത്തിനുവേണ്ടിയുള്ളതാണ്. പാര്‍ലമെന്റില്‍ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും ശബ്ദമുയര്‍ത്താന്‍ സമ്മതിക്കുന്നില്ലെങ്കില്‍ എം.പി.മാര്‍ക്കുള്ള ഏക ഫോറം എന്നുപറയുന്നത് പുറത്തേക്കിറങ്ങി അവിടെ പ്രതിഷേധിക്കുക എന്നുള്ളതാണ്. അതും ഇല്ലാതായി.
മോദി ഭരണത്തില്‍ പുതിയ പാര്‍ലമെൻറ്, പുതിയ ചര്‍ച്ചകള്‍, പുതിയ ചിഹ്നങ്ങള്‍, പുതിയ നിയമങ്ങള്‍, അങ്ങനെ പാര്‍ലമെന്ററി ജനാധിപത്യത്തെ അടിമുടി മാറ്റിയിരിക്കുകയാണ് ഇത്രയും കാലംകൊണ്ട്. സാധാരണഗതിയില്‍ വലിയ അട്ടിമറിയിലൂടെയൊക്കെ വരുന്ന ഭരണകൂടങ്ങളാണ്, ഈ രീതിയില്‍ അടിമുടി മാറ്റമുണ്ടാക്കുക. ഇവിടെ ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന് ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളെയും നിര്‍വീര്യമാക്കുകയാണ്. അതൊരു പുതിയ കാലഘട്ടത്തിലെ രീതിയാണ്. പലപ്പോഴും ഭൂരിപക്ഷവാദവും തീവ്ര അധികാരപ്രകടനങ്ങളും നടത്തുന്ന പല സര്‍ക്കാരുകളും ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ അധികാരത്തിലേക്ക് വന്നിട്ടാണ് ജനാധിപത്യത്തെ ഇല്ലാതാക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മോദി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
പാര്‍ലമെൻറ് മന്ദിരത്തിനുമുന്നില്‍ ഈ അശോകസ്തംഭം സ്ഥാപിച്ച എക്സിക്യൂട്ടീവ്, പാര്‍ലമെന്റിനുമേലുള്ള ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ്. പാര്‍ലമെൻറ് തങ്ങളോട് വിധേയപ്പെട്ട് നില്‍ക്കണമെന്ന സന്ദേശമാണ് മോദി നല്‍കുന്നത്.
പാര്ലമെൻറ്പാര്ലമെൻറ് തങ്ങളോട് വിധേയപ്പെട്ട് നില്‍ക്കണമെന്ന സന്ദേശമാണ് മോദി നല്‍കുന്നത്. മന്ദിരത്തിനുമുന്നില്‍ ഇപ്പോള്‍ അശോകസ്തംഭം സ്ഥാപിച്ചിരിക്കുകയാണ്, ഛായ പാടേ മാറ്റിക്കൊണ്ട്
അശോകസ്തംഭം യഥാര്‍ഥത്തില്‍ സമാധാനത്തിന്റെ ചിഹ്നമാണ്. അതിനെ ക്രൂരതയുടെയും ക്രൗര്യത്തിന്റെയും ചിഹ്നമാക്കി മാറ്റി. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചറിന് വിധേയപ്പെട്ടിരിക്കണമെന്നാണ്. ഇപ്പോഴെന്താണ് സംഭവിക്കുന്നത്. പാര്‍ലമെൻറ് മന്ദിരത്തിനുമുന്നില്‍ ഈ അശോകസ്തംഭം സ്ഥാപിച്ച എക്സിക്യൂട്ടീവ്, പാര്‍ലമെന്റിനുമേലുള്ള ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ്. പാര്‍ലമെൻറ് ഞങ്ങളോട് വിധേയപ്പെട്ട് നില്‍ക്കണമെന്ന സന്ദേശമാണ് മോദി നല്‍കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കുറഞ്ഞ സമയം പാര്‍ലമെന്റില്‍ ചെലവഴിച്ച ഒരാളാണ് മോദി. പാര്‍ലമെൻറില്‍ ‘ജുംല’ (വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം) എന്ന വാക്ക് പറയുമ്പോള്‍ ആദ്യം നെറ്റി ചുളിക്കുന്നത് മോദിയാണ്. അല്ലെങ്കില്‍ ഏറ്റവും പ്രതിഷേധിക്കുന്നത് ബി.ജെ.പി.യാണ്. ഇത് മോദിയെയാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കറിയാം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ആദ്യം വരുമ്പോള്‍ ഒരു ജുംല നടന്നു. പാര്‍ലമെൻറ് കവാടത്തില്‍ വീണുകിടന്ന് സാഷ്ടാംഗ പ്രണാമം നടത്തി. ആ മോദിയാണ് ഓരോ പടികളിലൂടെ പാര്‍ലമെന്ററി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നത്. നെഹ്റു മുതലുള്ള കാലമെടുത്തുകഴിഞ്ഞാല്‍ പാര്‍ലമെന്റില്‍ ഏറ്റവും കുറഞ്ഞ സമയം ചെലവഴിച്ച പ്രധാനമന്ത്രിയായി മോദി മാറുകയാണ്. ചില സമയത്ത് മിനിറ്റുകള്‍ മാത്രമാണ് പാര്‍ലമെന്റിലിരിക്കുന്നത്. നെഹ്റുവിനെപ്പോലെയുള്ള ഭരണാധികാരികള്‍ എപ്പോഴും പാര്‍ലമെന്റില്‍ ഇരിക്കുമായിരുന്നു. പിന്നീട് ആ ഒരു അളവ് കുറഞ്ഞു കുറഞ്ഞു വന്നു. പക്ഷെ കുറഞ്ഞെങ്കില്‍ പോലും ഇതുപോലെ ആരുമില്ല. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രധാനമന്ത്രിയുടെ വകുപ്പാണ് ചോദ്യത്തില്‍ വരുന്നത്. സാധാരണ ഒരു പാര്‍ലമെൻറ് സമ്മേളനം മൂന്നോ നാലോ ആഴ്ചയാണുണ്ടാകുന്നത്. അപ്പോള്‍ മൂന്നോ നാലോ ദിവസം മാത്രമേ പ്രധാനമന്ത്രിക്ക് അവിടെ വരേണ്ടതുള്ളൂ. ആ വകുപ്പിലുള്ള ചോദ്യം അനുവദിച്ചാല്‍ തന്നെ അഞ്ച് മിനിറ്റേ ഉണ്ടാകുകയുള്ളൂ. ആ അഞ്ച് മിനിറ്റില്‍ അദ്ദേഹത്തിനുവേണ്ടി മറുപടി പറയാന്‍, സഹമന്ത്രിമാരുമുണ്ട്. അദ്ദേഹം വന്ന് ഇരിക്കും, ആ ചോദ്യം കഴിഞ്ഞാല്‍ തിരിച്ചുപോകും. മിനിറ്റുകള്‍ മാത്രമാണദ്ദേഹം പാര്‍ലമെന്റില്‍ ചെലവഴിക്കുന്നത്.

മുന്‍കാലങ്ങളില്‍ ഏതെങ്കിലും പ്രധാനപ്പെട്ട വിഷയം വരികയാണെങ്കില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പരിപാടിയുണ്ട്. പെഗാസസ്, കര്‍ഷകരുടെ പ്രശ്നം അതുപോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വന്നാല്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. എന്നാല്‍, ഇപ്പോള്‍ അങ്ങനെയുള്ള ഒരു പരിപാടിക്കും മോദി നില്‍ക്കില്ല. മോദി നടത്തുന്നത് ഏകപക്ഷീയ സംഭാഷണങ്ങളാണ്. അത് പൂര്‍ണമായും രാഷ്ട്രീയവുമാണ്. ഭരണപരമായിട്ടുള്ള പ്രധാനമന്ത്രിയുടെ ദൗത്യം അനുഷ്ഠിക്കുന്ന പരിപാടികളൊന്നുമില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ രീതി. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നുവെച്ചാല്‍, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ വേണ്ട, പാര്‍ലമെൻറ് കെട്ടിടം മതിയെന്നുള്ളതാണ്. ഇതിന്റെ അന്തഃസത്തയല്ല നിങ്ങള്‍ക്ക് പ്രധാനം. കെട്ടിടമാണ് വേണ്ടത്, അത് മോദിയുടെ പേരില്‍ അറിയപ്പെടണം. ഒരു ചക്രവര്‍ത്തിക്ക് എപ്പോഴും തന്റെ ചിഹ്നങ്ങള്‍ സ്ഥാപിക്കപ്പെടണം എന്നുപറയുന്നതുപോലെ, ഇത് പുതിയ ഇന്ത്യയാണ് എന്നൊരു സന്ദേശം കൊടുക്കുകയാണ്. 2014-ലാണ് ഇന്ത്യ ഉണ്ടായത് എന്ന മട്ടിലാണ് കാര്യങ്ങള്‍. മോദിയോട് ചോദിച്ചാല്‍ അങ്ങനെയാണ് പറയുക. അതിനുവേണ്ടിയുള്ള കസര്‍ത്തുകളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന സമയത്ത് ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധത്തിന് മറ്റു പാര്‍ട്ടികളുമായി ആലോചനയുണ്ടോ?
പാര്‍ലമെന്റ് വളപ്പില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പലപ്പോഴും ഇന്‍സ്റ്റന്റാണ്. ഉദാഹരണം പറഞ്ഞാല്‍, കേരളത്തിലെ ഒരു വിഷയം വന്നാല്‍ കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ അരമണിക്കൂറോ ഒരു മണിക്കൂറോ പ്രതിഷേധിക്കും. ചെറിയ വിഷയങ്ങളില്‍ പോലും ഞങ്ങളെല്ലാം അവിടെ പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കും. ഇന്ത്യ എന്ന് പറയുന്ന വലിയ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങള്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം കിട്ടുന്നില്ലെങ്കില്‍, അവരുടെ ശബ്ദം കേള്‍ക്കാനുള്ള ഒരു വേദിയാണത്. അവിടെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ഉപവാസം നടത്തും. സഭയില്‍നിന്ന് പുറത്താക്കപ്പെട്ട എം.പി.മാര്‍ പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ച് അവസാനിക്കുന്ന സമയം വരെ ഗാന്ധിപ്രതിമക്കുമുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യും. അതൊക്കെ പ്രതിഷേധത്തിന്റെ വിവിധ തലങ്ങളാണ്. എന്തായാലും ഇപ്പോള്‍ കൊണ്ടു വന്ന മാറ്റങ്ങളെ തൃണവല്‍ഗണിച്ച് ഇതുവരെയുള്ള എല്ലാ പ്രതിഷേധത്തിന്റെ തലങ്ങളും അവിടെ നമ്മള്‍ ഇനിയും ആവര്‍ത്തിക്കും. ആവര്‍ത്തിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന ചോദ്യമാണുള്ളത്. പട്ടാളത്തെ ഇറക്കി നമ്മളെ ഒഴിവാക്കുമോ? അറസ്റ്റ് ചെയ്യുമോ? ലോക്‌സഭാ സെക്രട്ടറി ജനറലും രാജ്യസഭാ സെക്രട്ടറി ജനറലും ഒരുപോലെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലോക്സഭയെയും രാജ്യസഭയെയും കോ-ഓര്‍ഡിനേറ്റ് ചെയ്യണമെങ്കില്‍ അത് പ്രധാനമനത്രിക്കേ പറ്റൂ. രണ്ട് സഭയുടെയും സെക്രട്ടറി ജനറല്‍മാര്‍ ഇതുപോലൊരു ഉത്തരവ് പുറപ്പെടുവിച്ചു എന്നുപറയുമ്പോള്‍ അത് ഉന്നതതലത്തിലെ തീരുമാനമാണ്. ഒരു ഭരണാധികാരിയെന്ന നിലയില്‍ ഒരുതരത്തിലുമുള്ള വിമര്‍ശനവും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.

ഞാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. പാര്‍ലമെന്റില്‍ നിന്ന് മാധ്യമങ്ങളെ ആട്ടിപ്പായിച്ചു. കോവിഡ് കഴിഞ്ഞ് എല്ലാം തുറന്നെങ്കിലും പാര്‍ലമെന്റിന്റെ പ്രസ് ഗാലറികള്‍ പൂര്‍ണമായും തുറന്നുകൊടുത്തിട്ടില്ല. നേരത്തെ പാര്‍ലമെന്റില്‍ പോയിരുന്ന പത്രപ്രവര്‍ത്തകരില്‍ അഞ്ചുശതമാനം പേര്‍ക്ക് മാത്രം ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമോ മാത്രം ഗാലറിയില്‍ വന്നിരിക്കാമെന്നാണ് ഇപ്പോള്‍. അങ്ങനെ ഫോര്‍ത്ത് എസ്റ്റേറ്റിനെ പാര്‍ലമെന്റില്‍നിന്ന് ആട്ടിപ്പായിച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ പ്രധാനന്ത്രിയും മന്ത്രിമാരും എം.പി.മാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുന്ന സ്ഥലമാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. ഇപ്പോള്‍ ഈ സെന്‍ട്രല്‍ ഹാള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഒരു സ്ഥലം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളാണ്. പത്തുവര്‍ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് കവര്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകന് കിട്ടുന്ന അംഗീകാരമാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസ്. ഇരുപതുവര്‍ഷം കവര്‍ ചെയ്താല്‍ ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസ് കിട്ടും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസും ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസും കൈയില്‍ വെച്ചുകൊണ്ടാണ് ഞാന്‍ എം.പി.യായത്. ഇന്ന് ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസുള്ളവരാണെങ്കില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സെന്‍ട്രല്‍ ഹാളില്‍ പ്രവേശനമില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും അറിയുന്നില്ല. ഈ രീതിയിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് മാറി.
നമ്മള്‍ വിചാരിക്കും, അണ്‍പാര്‍ലമെന്ററി പ്രയോഗങ്ങളെന്ന് പറയുന്നവ വേണമെങ്കില്‍ പറയാം, ഒബ്ജക്റ്റ് ചെയ്താല്‍ മാത്രമെ നീക്കേണ്ടതുള്ളൂ എന്ന്. അതൊക്കെ തെറ്റാണ്. ഞാനിപ്പോള്‍ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചാല്‍ ചാടിയെഴുന്നേല്‍ക്കുന്നത് കേന്ദ്രമന്ത്രിമാരാണ്.
പുതിയ പാര്‍ലമെൻറ് കെട്ടിടത്തില്‍ അങ്ങനെയൊരു സെന്‍ട്രല്‍ ഹാള്‍ തന്നെയില്ല. ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും ഇരിക്കാവുന്ന, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും എം.പി.മാര്‍ക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും മുന്‍ എം.പി.മാര്‍ക്കും ഒക്കെ വന്ന് ഇരിക്കാനും അവര്‍ക്ക് കുശലം പറയാനും ചായ കുടിക്കാനുമൊക്കെ ഉണ്ടായിരുന്ന ഒരു സ്ഥലമാണ്. ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഇടമായിരുന്നു. പലപ്പോഴും പല ആശയങ്ങളും സഖ്യങ്ങളും രൂപപ്പെട്ടിരുന്നത് അവിടെയാണ്. മന്ത്രിമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നത് അവിടെയാണ്. പലപ്പോഴും സര്‍ക്കാരിലെ രഹസ്യങ്ങള്‍ അല്ലെങ്കില്‍ സ്വന്തം മന്ത്രിസഭയോടുള്ള എതിര്‍പ്പുകള്‍ പോലും അവര്‍ പങ്കുവെച്ചിരുന്നത് അവിടെയാണ്. അങ്ങനെയുള്ള അനൗപചാരികമായ സംഭാഷണവേദി പോലും മോദിക്ക് സുഖകരമല്ല.

സെന്‍ട്രല്‍ ഹാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കുന്നതിന് മുമ്പുതന്നെ മോദി ഒരിക്കലും അവിടെ വന്ന് ഇരുന്നിട്ടില്ല. മുന്‍ പ്രധാനമന്ത്രിമാരെല്ലാം വന്നിട്ടുണ്ട്. മോദി തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ അവിടെ വന്നിരിക്കുന്നത് നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. ആകെ ഇളവ് കൊടുത്തിരുന്നത് അരുണ്‍ ജെയ്റ്റലി, സ്മൃതി ഇറാനി തുടങ്ങി ചിലര്‍ക്ക് മാത്രമാണ്.
അതായത് ജനാധിപത്യത്തിന്റേതായ കള്‍ച്ചര്‍ തന്നെ മാറ്റിമറിച്ചു?
പൊതുവെ മോദിയുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മന്ത്രിമാരൊന്നും അവിടെ വന്ന് ഇരിക്കില്ല. മുന്‍കാലങ്ങളില്‍ എല്ലാ മന്ത്രിമാരും വന്നിരിക്കുമായിരുന്നു. എല്ലാ മന്ത്രിമാരും അവിടെ വന്ന് ചായയും കാപ്പിയും കുടിച്ച് എല്ലാവരുമായും സംസാരിച്ചിട്ട് പോകും. ഇപ്പോള്‍ ആ ഒരു കള്‍ച്ചര്‍ തന്നെ ഇല്ലാതായി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അലകും പിടിയും മാറ്റുന്ന നടപടികളാണ് ഓരോ ദിവസവും എടുത്തുകൊണ്ടിരിക്കുന്നത്.
എനിക്ക് ഒരു അനുഭവമുണ്ടായി. നമ്മള്‍ വിചാരിക്കും, അണ്‍പാര്‍ലമെന്ററി പ്രയോഗങ്ങളെന്ന് പറയുന്നവ വേണമെങ്കില്‍ പറയാം, ഒബ്ജക്റ്റ് ചെയ്താല്‍ മാത്രമെ നീക്കേണ്ടതുള്ളൂ എന്ന്. അതൊക്കെ തെറ്റാണ്. ഞാനിപ്പോള്‍ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചാല്‍ ചാടിയെഴുന്നേല്‍ക്കുന്നത് കേന്ദ്രമന്ത്രിമാരാണ്. മുമ്പ്, മുന്‍ ധനകാര്യ സഹമന്ത്രി ശുക്ല തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു, ശുക്ലയും അരുണ്‍ ജെയ്റ്റ്ലിയും കൂടിയാണ് ജി.എസ്.ടി. കൊണ്ടുവന്നതെന്ന്. ജി.എസ്.ടി.യുടെ മഹത്വമൊക്കെ അദ്ദേഹം പറഞ്ഞു. ഞാന്‍ പ്രസംഗിക്കുമ്പോള്‍, ‘പുവര്‍ ഫെലോ ശുക്ലാജി’ എന്നുപയോഗിച്ചു. ഉടനെ നിര്‍മല സീതാരമന്‍ എഴുന്നേറ്റു നിന്നിട്ട് പറഞ്ഞു, ‘പുവര്‍ ഫെലോ’ എന്നത് അണ്‍ പാര്‍ലമെന്ററിയാണ്. അപ്പോള്‍ അത്രത്തോളം അവര്‍ക്ക് അസഹിഷ്ണുതയാണ്. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അല്ലെങ്കില്‍ ഒരു ഭരണകൂടത്തെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പദങ്ങളാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. നിരോധിച്ച പദങ്ങള്‍ മാത്രം ചേര്‍ത്തുവച്ചാല്‍ മോദിക്കെതിരെയുള്ള പ്രതിഷേധമാണ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് ഉപയോഗിക്കേണ്ട പദങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍, ആ ലിസ്റ്റ് എടുത്തുവച്ചാല്‍ മതി. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരാളോട് അതിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞാല്‍ എഴുതിവെക്കുന്ന പദങ്ങളാണ് മാറ്റിയിരിക്കുന്നത്.

ബി.ജെ.പി.യുടെ നാഷണല്‍ എക്സിക്യൂട്ടീവ് ഹൈദരാബാദില്‍ കഴിഞ്ഞല്ലോ. അതില്‍ അമിത് ഷായുടെ ഒരു വലിയ പ്രഖ്യാപനമുണ്ടായിരുന്നു. അടുത്ത 30-40 വര്‍ഷത്തേക്ക് ബി.ജെ.പി. തന്നെയായിരിക്കുമെന്ന ഒരു വലിയ പദ്ധതി. ഇത്തരത്തില്‍ 100 വര്‍ഷത്തെ പദ്ധതിയൊക്കെ വിഭാവന ചെയ്യുകയും പ്രൊജക്റ്റായി നടപ്പാക്കുകയും ചെയ്യുന്ന രീതിയാണല്ലോ ആര്‍.എസ്.എസ്- ബി.ജെ.പിയുടേത്. അപ്പോള്‍ ഈയൊരു പറച്ചിലും ഇപ്പോഴത്തെ സംഭവവികാസങ്ങളുമെല്ലാം കൂടി നോക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഇനി എന്തായിരിക്കുമെന്നാണ് തോന്നുന്നത്?
ഇവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയില്‍ ആയിരം വര്‍ഷം "മറ്റുള്ളവര്‍' ഭരിച്ചു. അതായത് മുസ്ലിമും ഇംഗ്ലീഷുകാരും ഭരിച്ചു. ഇനി "ഞങ്ങളുടെ' ഭരണമാണ്. അരുടെ പ്രീആംബിള്‍ അതാണ്. അതിന്റെ ബഹിര്‍സ്ഫുരണമാണ് ഇപ്പോള്‍ 30-40 എന്നു പറയുന്നത്. 700-800 വര്‍ഷം മുസ്ലിംകള് ഇന്ത്യ ഭരിച്ചു, 200 വര്‍ഷത്തോളം വിദേശികള്‍ ഭരിച്ചു, ഇനി സ്വദേശികളുടെ ഭരണമാണ്, എന്നുവച്ചാല്‍ ഞങ്ങളുടെ ഭരണമാണ് - ഇതാണ് അവരുടെ നരേറ്റീവ്. അവര്‍ക്കത് പറയാന്‍ പറ്റുന്നില്ലെങ്കില്‍ പോലും അതാണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ഒരു പ്രതിഫലനമാണ് അമിത് ഷായുടെ വാക്കുകളിലൂടെ മനസിലാക്കാന്‍ പറ്റുന്നത്. ഇതിന്റെ പര്യായങ്ങള്‍ വേറെയുമുണ്ട്. ഉദാഹരണത്തിന്, 80:20. യോഗി ആദിത്യനാഥ് പറയഞ്ഞതുപോലെ 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള പോരാട്ടമാണ്. ഇതിന്റെ വ്യത്യസ്തങ്ങളായ പര്യായങ്ങളാണ് ഇവര്‍ പറയുന്നത്. അതായത് നാഷണലിസ്റ്റ് Vs ആന്റി നാഷണലിസ്റ്റ്.
പസ്മാന്ത മുസ്ലിം എന്നൊരു വിഭാഗമുണ്ട്. മുസ്ലിമിലെ ദലിത് വിഭാഗമാണവര്‍. യു.പി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മോദി അവരെ കൂടെ നിര്‍ത്തുകയാണ്. അവരെ മറ്റു മുസ്ലിംകള്ക്ക് എതിരാക്കി കൂടെ നിര്‍ത്തുകയാണ്.
അതായത് കൃത്യമായി, മുസ്ലിം കമ്യൂണിറ്റിയെ തന്നെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത് എന്ന്എല്ലാ തരത്തിലും പറഞ്ഞുകൊണ്ടേയിരിക്കുകയാണ് അങ്ങനെയും വായിച്ചുകൂടെ ഇതിനെ?
യഥാര്‍ഥത്തില്‍ നമ്മള്‍ ചിന്തിക്കേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോര്‍ന്നുപോവുന്നതിനെക്കുറിച്ചാണ്. ഒരു ഉദാഹരണം പറയാം. പട്ടാളഭരണമോ രാജഭരണമോ പോലെയുള്ള സംവിധാനങ്ങളിലല്ലാതെ ലോകത്ത് എവിടെയെങ്കിലും 20 കോടി വരുന്ന ജനങ്ങള്‍ക്ക് ഭരണത്തിലോ നിയമനിര്‍മാണത്തിലോ നീതിന്യായത്തിലോ ഒന്നും പ്രാതിനിധ്യമില്ലാതാകുമോ?. ഇപ്പോള്‍ ഇന്ത്യയില്‍ 20 കോടി വരുന്ന ജനങ്ങളുടെ പൗരാവകാശങ്ങളുടെ മൂല്യം എത്രയാണ്. മൂല്യം പൂജ്യമായിരിക്കുകയാണ്. ഇന്ത്യന്‍ ഭരണകൂടത്തില്‍ ഒരു മുസ്ലിമിന് പ്രാതിനിധ്യമില്ല. ചെറിയ ചെറിയ ഉപജാതികള്‍ക്കുപോലും പ്രാതിനിധ്യം കൊടുക്കണമെന്ന് വാശിപിടിച്ച് മന്ത്രിസഭ വികസിപ്പിക്കുന്ന മോദി, ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ 20 കോടിയുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ല. അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, മീഡിയ എന്നീ നാല് പില്ലറുകളില്‍ ഈ 20 കോടി ജനങ്ങള്‍ക്ക് എത്ര പ്രാതിനിധ്യമുണ്ടെന്നാണ്. അത് ഭയാനകമാണ്. പ്രാതിനിധ്യ ജനാധിപത്യം എന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു തത്വം തന്നെ യഥാര്‍ഥത്തില്‍ നിര്‍വീര്യമായിരിക്കുകയാണ്. ഇത് പറഞ്ഞാല്‍ ഞാനൊരു ദേശദ്രോഹിയായി മാറും. പക്ഷെ ഇതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.
പസ്മാന്ത മുസ്ലിം എന്നൊരു വിഭാഗമുണ്ട്. മുസ്ലിമിലെ ദലിത് വിഭാഗമാണവര്‍. യു.പി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മോദി അവരെ കൂടെ നിര്‍ത്തുകയാണ്. അവരെ മറ്റു മുസ്ലിംകള്ക്ക് എതിരാക്കി കൂടെ നിര്‍ത്തുകയാണ്. റാംപൂറിലും അസംഗഡിലും നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പസ്മാന്ത മുസ്ലിംകള് തങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്നാണ് മോദി കരുതുന്നത്. അവര്‍ മുസ്ലിമായതുകൊണ്ടല്ല, ദലിത് എന്ന നിലയ്ക്കും മറ്റു ഡോമിനൻറ് മുസ്ലിംകള്ക്ക് എതിരാണെന്നുമുള്ള ധാരണയുണ്ടാക്കിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. പസ്മാന്ത മുസ്ലിമിന്റെ കാര്യത്തില്‍ കാണിക്കുന്ന അതേ ഫോര്‍മുലയാണ് കേരളത്തില്‍ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ എടുത്തിരിക്കുന്നത്.

ദലിത് വിഭാഗങ്ങള്‍ക്കിടയിലും ഇതേ ഫോര്‍മുല തന്നെയാണ് പയറ്റുന്നത്.
ന്യൂനപക്ഷത്തില്‍ നിന് ക്രിസ്ത്യാനികളെ അടര്‍ത്തിമാറ്റി ഇവിടത്തെ മറ്റ് ന്യൂനപക്ഷമായ മുസ്ലിംകള്ക്കെതിരെ അവരെ തിരിക്കുക. ഇവിടത്തെ സൈദ്ധാന്തികള്‍ക്ക് അത് പിടികിട്ടാത്തതുകൊണ്ടാണ്.അവരുടെ സൗത്ത് മിഷന്റെ ഏറ്റവും പ്രധാന കേരളത്തിലെ അച്ചുതണ്ട് എന്നുപറയുന്നത് ക്രിസ്ത്യന്‍ കമ്യൂണിറ്റിയെ മുസ്ലിംകള്ക്കെതിരെ തിരിക്കുക എന്നതാണ്.
ക്രിസ്ത്യാനികള്‍ അതില്‍ ചെന്ന് വീണുകൊടുക്കുന്നുമുണ്ട്. ‘സൗത്ത് മിഷന്‍’ പറയുന്ന സമയത്തുതന്നെ തമിഴ്നാട് അതിനകത്ത് വേറിട്ടുനില്‍ക്കുകയാണ്. കൃത്യമായി എതിര്‍ത്ത് തന്നെ നില്‍ക്കുന്ന ഭരണകൂടം എന്ന നിലയില്‍ സ്റ്റാലിന്‍ മാറുന്നുണ്ട്. ആ രീതിയില്‍ കേരളത്തിലും കര്‍ണാടകയിലുമൊക്കെ ഇന്ത്യയിലെ മറ്റെല്ലാ പ്രാദേശിക പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഒരു മുന്നണിക്കുള്ള സാധ്യത, സ്റ്റാലിനും പിണറായി വിജയനുമൊക്കെ ഉള്‍പ്പെടുന്ന ഒരു നേതൃത്വം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട്? അങ്ങനെയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ?
സ്റ്റാലിനാകുമ്പോള്‍ കൂടുതല്‍ പാര്‍ട്ടികളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇടതുപക്ഷമെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ മമതയ്ക്ക് പ്രശ്നമുണ്ടാകും.
സ്റ്റാലിനാകുമ്പോള്‍ അതുണ്ടാകില്ല.
യഥാര്‍ഥത്തില്‍ ഇപ്പോള്‍ സ്റ്റാലിനെ ഫോക്കസ് ചെയ്ത് ഒരു ബദലിനുള്ള സാധ്യതകളുണ്ട്. ബി.ജെ.പി. അത് തിരിച്ചറിയുന്നതുകൊണ്ടാണ്, അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേട്ടിട്ടില്ലാത്ത രീതിയില്‍ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുന്നത്. എവിടെയെങ്കിലും ഒരു സോഫ്റ്റ് സ്പോട്ടുണ്ടെങ്കില്‍ അതിനെ അവര്‍ ഉപയോഗിക്കുകയാണ്. ഉദാഹരണം പറഞ്ഞാല്‍, മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ശിവസേനയെ പൊളിക്കുന്നതുതന്നെ യഥാര്‍ഥത്തില്‍ ഇ.ഡി.യെയും സി.ബി.ഐ.യെയും ഇന്‍കംടാക്സിനെയും ഉപയോഗിച്ചാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് അടിപ്പിക്കുകയാണ്. ചപ്പാത്തിക്കും പൊറോട്ടയ്ക്കും മാവുണ്ടാക്കുന്ന അതേ രീതിയിലാണ് രാഷ്ട്രീയത്തെ കാണുന്നത്. അതായത് ഭയങ്കരമായി ഈ മാവ് അടിച്ചടിച്ച് പതം വരുത്തുന്നതുപോലെ ഓരോ സംസ്ഥാനത്തും ഇവരിങ്ങനെ അടിച്ചടിച്ച് പതം വരുത്തുകയാണ്. രാഷ്ട്രീയം ഉപയോഗിച്ചും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും പതം വരുത്തുകയാണ്. അങ്ങനെയുള്ള പതം വരുത്തല്‍ പ്രക്രിയയില്‍ പലപ്പോഴും ആള്‍ക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ഉദാഹരണത്തിന് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മിന്റെ മുഖ്യമന്ത്രി സോറനെ ഒരു മൈനിങ് കേസില്‍ പെടുത്തിയിരിക്കുകയാണ്. ആ കേസുപയോഗിച്ചാണ് ഇനി അവിടെ വര്‍ക്ക് ചെയ്യാന്‍ പോകുന്നത്. ഇത് ഇവരുടെയൊരു തന്ത്രമാണ്. ഇപ്പോള്‍ തന്നെ അതിന്റെ ലാഞ്ചന കണ്ടുതുടങ്ങി. ഒരു ആദിവാസി, അല്ലെങ്കില്‍ ഗോത്രവര്‍ഗം എന്ന പോയിന്റിലാണെങ്കില്‍ പോലും ജെ.എം.എം. ഇപ്പോള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. പക്ഷത്തേക്ക് മാറി. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി അവിടെ ഭരണം നടത്തുന്ന പാര്‍ട്ടിയാണ് ജെ.എം.എം. അവരെ അടിച്ച് പതം വരുത്തുകയാണ്. ഈ പതം വരുത്തലാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരു മീഡിയ ഇന്ററാക്ഷനില്‍ അമിത് ഷാ പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങള്‍ പീക്കിലെത്തിയല്ലോ എന്നുചോദിച്ചപ്പോള്‍, ഇല്ല കേരളം കിട്ടിയാലേ പീക്കാവൂ എന്നാണ് അമിത് ഷാ പറഞ്ഞത്. ഒരുപക്ഷെ യു.പി.യെക്കാള്‍ കൂടുതല്‍ ഞാന്‍ സന്തോഷിക്കുക കേരളം ഞങ്ങളിലേക്ക് വരുമ്പോഴാണ്.
സ്വച്ഛന്ദമായി രാഷ്ട്രീയത്തെ ഒഴുകാന്‍ മോദി സമ്മതിക്കില്ല. ഒഴുകാന്‍ സമ്മതിക്കുന്ന ഒരു പ്രക്രിയയിലാണ് സ്വാഭാവികമായും ഇങ്ങനെയുള്ള ഐക്യങ്ങളൊക്കെ രൂപപ്പെടുന്നത്. ബി.ജെ.പി.യോട് ഉള്ളില്‍ ഇഷ്ടമല്ലെങ്കിലും ബി.ജെ.പി.യെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായ രണ്ട് രാഷ്ട്രീയപാര്‍ട്ടികളാണ് ബി.ജെ.ഡി.യും വൈ.എസ്.ആര്‍. പാര്‍ട്ടിയും. അവര്‍ക്ക്, ഉള്ളില്‍ ബി.ജെ.പി.യെ ഇഷ്ടമല്ല. അവര്‍ സംസ്ഥാനത്ത് ബി.ജെ.പി.യെ നേരിടുന്നുണ്ട്. ജഗന്റെ കാര്യത്തിലാണെങ്കില്‍ നൂറുകണക്കിന് കേസുകളുണ്ട്. ബി.ജെ.ഡി.യ്ക്കും പ്രശ്നങ്ങളുണ്ട്. ബി.ജെ.ഡി.യെ ഏത് നിമിഷവും ഇവര്‍ക്ക് തകര്‍ക്കാമെന്നുള്ളതാണ്. ഭീമമായ സംഖ്യകളൊക്കെ കൊടുത്ത് അവരുടെ എം.പി.മാരെയും എം.എല്‍.എ.മാരെയുമൊക്കെ വിലയ്ക്കെടുക്കാം.
18 വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് അവരുടെ നാഷണല്‍ എക്സിക്യൂട്ടീവ് തെലങ്കാനയില്‍ ചേര്‍ന്നത്. എളുപ്പം അവര്‍ക്ക് അടിക്കാന്‍ പറ്റുന്ന ഇടമായി തെലങ്കാനയെ അവര്‍ കാണുകയാണ്. ദക്ഷിണേന്ത്യയിലുള്ള 130 എം.പി.മാരില്‍ കര്‍ണാടകയില്‍ 25 എം.പി.മാര്‍ കഴിഞ്ഞാല്‍ പിന്നെ നാല് എം.പി.മാരുള്ളത് തെലങ്കാനയിലാണ്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ വലംകൈയായിരുന്ന എട്ടേല രാജേന്ദ്രന്‍ എന്നൊരാളുണ്ട്. അയാള്‍ വളരെ ശക്തനാണ്. തെലങ്കാനയുടെ ആദ്യ ധനമന്ത്രിയായിരുന്നു. അദ്ദേഹത്തെ ബി.ജെ.പി. പിടിച്ചെടുത്തു. അങ്ങനെയാണ് ഇവര്‍ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ വലിയ കോര്‍പറേറ്റ് കമ്പനികള്‍ ചെയ്യുന്നതുപോലെ അക്വിസിഷന്‍, മെര്‍ജര്‍, ടേക്ക് ഓവര്‍ ഒക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ബ്ലാക്ക് മെയിലിങ്, എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങള്‍ ഉപയോഗിക്കുകയാണ്.

അത് രാഷ്ട്രീയ നേതൃത്വത്തിനെതിരെ മാത്രമല്ല. വിസില്‍ ബ്ലോവേഴ്സായ, അല്ലെങ്കില്‍ പബ്ലിക് ഇന്റലക്ച്വല്‍സായ ടീസ്ത തൊട്ട് സുബൈര്‍ തൊട്ട് മേധ വരെ, ഇതുതന്നെയാണ് സംഭവിച്ചത്. എങ്ങനെയാണ് അതിനെ പ്രതിരോധിക്കുക?
യഥാര്‍ഥത്തില്‍ അത് വലിയൊരു സമസ്യയാണ്. ഉദാഹരണം പറഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. ആ മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ആശയപരമായി ഭിന്നനിലയില്‍ നില്‍ക്കുന്ന ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പി.യുമൊക്കെ ഒരുമിച്ചുവന്നപ്പോള്‍ പോലും നമുക്കൊരു സന്തോഷം വന്നു. അങ്ങനെയെങ്കിലും ഒരു പ്രതിരോധമുണ്ടാകട്ടെ. ആ ഒരു പ്രതിരോധത്തെപ്പോലും അവര്‍ തകര്‍ത്തു. തമിഴ്നാട്ടില്‍ രജനീകാന്ത് ചെറിയൊരു സെക്കൻറ് ഒന്ന് വഴുതിപ്പോയിരുന്നെങ്കില്‍ എന്താകുമായിരുന്നു. നമുക്ക് ചിന്തിക്കാന്‍ പറ്റുമോ അത്. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അവര്‍ ഇല്ലാതാക്കി. അവിടെയുള്ള കോണ്‍ഗ്രസുകാരില്‍ കെ.സി.ആറിനോട് വിരോധമുള്ളവരെല്ലാം ഇപ്പോള്‍ ബി.ജെ.പി.യിലേക്ക് പോവുകയാണ്.
സൗത്തിലും കൂടി വ്യാപിച്ചാല്‍ മാത്രമെ അവരുടെ അജണ്ട നടക്കുകയുള്ളൂ. വിക്റ്ററി ഉണ്ടെങ്കിലും മോറല്‍ വിക്റ്ററി ഇല്ല എന്നൊരു പ്രശ്നമുണ്ട് ഇപ്പോള്‍. അവര്‍ക്ക് ടെക്നിക്കല്‍ വിക്റ്ററിയേയുള്ളൂ. മോറല്‍ വിക്റ്ററിയുണ്ടാകണമെങ്കില്‍ ഇന്ത്യ എന്ന ഭൂമികയെ മൊത്തം പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയായി അവര്‍ ഉരുത്തിരിയണം. അവര്‍ റപ്രസെന്റേഷന്‍ മാത്രല്ല, ഐഡിയോളജിയും ശ്രദ്ധിക്കുന്നുണ്ട്. ഒരു മീഡിയ ഇന്ററാക്ഷനില്‍ അമിത് ഷാ പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങള്‍ പീക്കിലെത്തിയല്ലോ എന്നുചോദിച്ചപ്പോള്‍, ഇല്ല കേരളം കിട്ടിയാലേ പീക്കാവൂ എന്നാണ് അമിത് ഷാ പറഞ്ഞത്. ഒരുപക്ഷെ യു.പി.യെക്കാള്‍ കൂടുതല്‍ ഞാന്‍ സന്തോഷിക്കുക കേരളം ഞങ്ങളിലേക്ക് വരുമ്പോഴാണ്. ഐഡിയോളജിക്കലി കേരളം മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രധാനമാണെന്നാണ് അമിത് ഷാ പറയുന്നത്. പ്രാതിനിധ്യത്തെ പോലെ തന്നെ തങ്ങള്‍ക്കെതിരെയുള്ള ആശയങ്ങളെ തകര്‍ക്കുക എന്ന സംഭവവുമുണ്ട്. കേരളത്തിന്റെ 20 എം.പി.മാരൊന്നുമല്ല അവരെ ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ ബി.ജെ.പി.യ്‌ക്കെതിരെയുള്ള അക്കാദമിക്സ് ഉള്‍പ്പെടെ ഉത്പതിഷ്ണുക്കളായ ആള്‍ക്കാരെ കോര്‍ത്തിണക്കുന്നതില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. നമ്മുടെ കാമ്പസുകളില്‍ ഇപ്പോള്‍ ഒരു പ്രൊഫസര്‍ സംസാരിക്കുന്നു, ഒരു വിദ്യാര്‍ഥി സംസാരിക്കുന്നു. അപ്പോള്‍ അവിടെയൊക്കെ ചെറിയ ചെറിയ തുരുത്തുകള്‍ നിലനില്‍ക്കുന്നതിനുള്ള കാരണം ഇടതുപക്ഷ ആശയങ്ങളാണ്. അവര്‍ സി.പി.എമ്മോ സി.പി.ഐ.യോ ഒന്നും ആകണമെന്നില്ല.
നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ രാജീവ് ഗാന്ധി ഭരിച്ചപ്പോഴും അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന തന്റേടത്തിന്റെ നൂറിലൊന്ന് ഇന്നില്ല. ആ യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.
പക്ഷെ ഇടതുപക്ഷമാണ്.
അതെ. ചില കമ്പനികളില്‍ പോലും ലെഫ്റ്റുകളെ കാണാം. കുറേക്കൂടി മാനവികമായ, ഇഗാലിറ്റേറിയനായ, ജാതിക്കും മതത്തിനുമൊക്കെ അതീതമായ കാഴ്ചപ്പാടുകള്‍ അവര്‍ക്കുണ്ടാകാറുണ്ട്. അടിസ്ഥാനപരമായി അവരുടെ ഏറ്റവും പ്രധാന പ്രചോദനം എന്നത് കേരളമാണ്. അതുകൊണ്ടാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഏറ്റവും സങ്കീര്‍ണമായ ഇന്റര്‍നാഷണല്‍ പൊളിറ്റിക്സിന്റെ കാലഘട്ടത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി തിരുവനന്തപുരത്ത് ഫ്ലൈഓവര്‍ കാണാന്‍ വന്നുവെന്ന് പറയുമ്പോള്‍ ആലോചിക്കൂ, എത്രത്തോളം അവര്‍ കേരളത്തെ ഫോക്കസ് ചെയ്യുന്നുണ്ട്.
അതിന്റെ ഭാഗമായിത്തന്നെയാണോ മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു എന്നുള്ള ഒരു സംഗതി വരുന്നത്? കേരളത്തില്‍ അങ്ങനെ പൂര്‍ണമായി വിലയ്ക്കെടുക്കാന്‍ പറ്റുന്ന ഒരു സ്ഥിതി നിലനില്‍ക്കുന്നുണ്ടോ?
മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നതിനേക്കാള്‍ ഭയപ്പെടുത്തുകയാണ്. ഭയപ്പെടുത്തിക്കഴിഞ്ഞു അവര്‍ നേരത്തെ തന്നെ. നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് അങ്ങനെയൊരു അമിതപ്രതീക്ഷയൊന്നും എനിക്കില്ല. കാരണം, ഇന്ന് നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രത്തിനെതിരെയോ ഒരു വിമര്‍ശനവും കേരളത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നില്ല. നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ രാജീവ് ഗാന്ധി ഭരിച്ചപ്പോഴും അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന തന്റേടത്തിന്റെ നൂറിലൊന്ന് ഇന്നില്ല. ആ യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.

അത് നിസ്സഹായതയാണോ അതോ ഹിന്ദുത്വയിലേക്ക് മെന്റലി പ്രിപ്പയേഡാകുന്നതാണോ?
അത് നിസ്സഹായതയായിരിക്കാം, ഭയപ്പെടുത്തലായിരിക്കാം. എന്തുമാകാം. ബി.ജെ.പി. നല്‍കുന്ന ഒരു മിശ്രിതമാണിത്. ഏറെക്കുറെ മോദിയുടെ നയങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന ടൈംസ് ഓഫ് ഇന്ത്യയെ പോലും പേടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവിടെ റെയ്ഡ് നടന്നു. ഗംഗാനദിയില്‍ മൃതദേഹങ്ങൾ ഒഴുകുന്ന ഒരു ദൃശ്യം കൊടുത്തു എന്നതിന്റെ പേരിലാണ് ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത്. ഏതെങ്കിലും മെയിന്‍സ്ട്രീം മാധ്യമം എന്തെങ്കിലും ചെയ്തോ. പുണ്യനദിയില്‍ ആയിരക്കണക്കിന് മൃതദേഹങ്ങളിങ്ങനെ ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ ഒരു ദൃശ്യം പോലും കൊടുക്കാന്‍ ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ പറ്റിയില്ല. ഒരു ദിവസം ഒരു ഫോട്ടോ കൊടുത്തതിനാണ് ദൈനിക് ഭാസ്‌കറിന് വലിയ വില കൊടുക്കേണ്ടിവന്നത്. പിന്നീട് ദൈനിക് ഭാസ്‌കര്‍ ആ പരിപാടി നിര്‍ത്തുകയും ചെയ്തു. ഇതൊക്കെ എന്താണ് കാണിക്കുന്നത്.
കേരളത്തിലെ പത്രങ്ങളും ചാനലുകളുമെടുക്കുക. കേരളത്തില്‍ നിന്നുള്ള എം.പിയല്ല വി. മുരളീധരന്‍. അദ്ദേഹം ക്യാബിനറ്റ് മന്ത്രിയല്ല. അദ്ദേഹം കേരളത്തിന്റെ സാമൂഹ്യമോ സാമ്പത്തികമോ ആയി ബന്ധപ്പെട്ട നിര്‍ണായകമായ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന വ്യക്തിയേയല്ല. കേന്ദ്രത്തില്‍ വലിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത എ.കെ. ആന്റണിക്കും വയലാര്‍ രവിക്കും നല്‍കിയതിനേക്കാള്‍ പതിന്‍മടങ്ങ് പ്രാധാന്യമാണ് കേരളത്തിലെ ചാനലുകളും പത്രങ്ങളും വി. മുരളീധരന് നല്‍കുന്നത്. പക്ഷേ കേരളത്തിലെ ഒരാളും ഇത് പറയില്ല. അല്ലെങ്കില്‍ അവര്‍ക്കത് മനസിലായിട്ടില്ല.
കേരളത്തിന്റെ ഇക്കോണമിയുമായി ബന്ധപ്പെട്ട വലിയൊരു പ്രൊജക്റ്റ് പ്രഖ്യാപിക്കാന്‍ ആന്റണി സമയം ചെലവഴിച്ചാല്‍ അതിനുപോലും കൊടുക്കാത്ത പ്രാധാന്യമാണ് ഇന്ന് കേരളത്തിന്റെ വികസനത്തിനെതിരെ പറയുന്ന മുരളീധരന് കൊടുക്കുന്നത്. അതുകൊണ്ട് കേരള മീഡിയ പിടിച്ചുനില്‍ക്കുന്നുണ്ട്, പിടിച്ചുനില്‍ക്കും എന്നൊക്കെയുള്ള പ്രതീക്ഷയില്ല. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.