Election and Realities
കെ. കണ്ണൻ
പിണറായി വിജയനോട് നമുക്കു ചോദിക്കാനുളള
ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്
വിമര്‍ശനത്തിന്റെയും സ്വീകാര്യതയുടെയും സ്‌പെയ്‌സുകള്‍ അവശേഷിപ്പിക്കുന്ന ഒരു സ്ഥാനാര്‍ഥിയാണ് ധര്‍മടത്തെ പിണറായി വിജയന്‍. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ സ്ഥാനാര്‍ഥിത്വമാണിത്.

ധര്‍മടം എന്ന മണ്ഡലം, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുപ്പില്‍ വരുന്നത് ജയസാധ്യതകളുടെ വിശകലനത്തിലല്ല. കാരണം, മണ്ഡലത്തിലെ ഇരുമുന്നണികളുടെ വോട്ടുഷെയറും സ്ഥാനാര്‍ഥികളെയും പരിഗണിച്ചാല്‍, മുഖ്യമന്ത്രി കൂടിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിണറായി വിജയന് ജയം ഉറപ്പിക്കാം. അദ്ദേഹത്തിനുമേല്‍ ഒരു അട്ടിമറി വിജയം സാധ്യമാകുന്ന സാഹചര്യങ്ങളും ധര്‍മടത്ത് ദൃശ്യമല്ല.
അപ്പോള്‍, വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞ ഒരു മത്സരത്തെ മുന്‍നിര്‍ത്തിയല്ല, ധര്‍മടത്തെക്കുറിച്ച് സംസാരിക്കേണ്ടത്; മറിച്ച്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ച, ഇനിയും അഞ്ചുവര്‍ഷം കൂടി ഭരിക്കും എന്നു പ്രവചിക്കപ്പെട്ട ഒരു സര്‍ക്കാറിനെക്കുറിച്ചും അതിന്റെ മുഖ്യമന്ത്രിയെക്കുറിച്ചുമാണ്.
പിണറായിക്കെതിരായ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.സി.സി സെക്രട്ടറി കൂടിയായ സി. രഘുനാഥാണ്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ്, നാടകീയമായി രഘുനാഥിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കെ. സുധാകരന്‍ തന്നെ പിണറായിക്കെതിരെ മത്സരിക്കണമെന്ന് കെ.പി.സി.സിയിലും ഹൈക്കമാന്‍ഡിലും അഭിപ്രായമുയരുകയും അത് സുധാകരന്‍ തന്നെ ഏതാണ്ട് സമ്മതിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ. സുധാകരന്‍ വിജയിച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് എല്‍.ഡി.എഫിന് 4099 വോട്ടിന്റെ തുച്ഛമായ ഭൂരിപക്ഷമാണുണ്ടായിരുന്നതെന്നും സുധാകരന്‍ സ്ഥാനാര്‍ഥിയായാല്‍ ഇത് മറികടക്കാനും വിജയിക്കാനും കഴിയും എന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍ പിണറായിയുടെ പ്രതിയോഗി എന്ന മട്ടില്‍ അവതരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ഋജുവായ കണക്കുകളെ മറികടക്കുന്ന മറ്റു കാര്യങ്ങള്‍ കൂടിയുണ്ടെന്ന തിരിച്ചറിവുകൊണ്ടാകാം, സുധാകരന്‍ ‘ദുരൂഹമായ' ചില കാരണങ്ങള്‍ നിരത്തി ധര്‍മടത്തെ മത്സരത്തില്‍നിന്ന് ഒഴിവായത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ രാഷ്ട്രീയമായ ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല
കെ. സുധാകരന്‍ എന്ന പ്രതീകം
മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയനെതിരായ യു.ഡി.എഫിന്റെ ആക്ഷേപങ്ങളെ ‘ശക്ത'മായി വോട്ടര്‍മാര്‍ക്ക് അഭിമുഖം നിര്‍ത്താനുള്ള ഒരു സാധ്യതയാണ് പിണറായി- സുധാകരന്‍ മത്സരം ഇല്ലാതായതോടെ അടഞ്ഞുപോയതെന്ന് ചില രാഷ്ട്രീയ ഇന്നസെന്റുമാര്‍ വിശകലനം നടത്തുന്നുണ്ട്. അത്, കേരളത്തിലെ കോണ്‍ഗ്രസിനെക്കുറിച്ചുള്ള അന്തക്കേടില്‍നിന്നുണ്ടാകുന്ന ഒന്നാണ്. എല്‍.ഡി.എഫിനോട് ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ മത്സരം നടത്താനുള്ള യു.ഡി.എഫിന്റെ സ്‌പെയ്‌സ് ആയിരുന്നു ധര്‍മടം എന്ന് വാദത്തിന് സമ്മതിക്കുക. അപ്പോള്‍, പ്രതിപക്ഷത്തായിരുന്ന, കെ. സുധാകരന്റെ കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ചുവര്‍ഷം ഇഷ്യൂകളെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നുവോ എന്ന ചോദ്യം ഉയരും. നിസ്സംശയം അല്ല എന്ന മറുപടിയും കിട്ടും.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ രാഷ്ട്രീയമായ ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനാണ് ഭരണകൂടത്തെ രാഷ്ട്രീയമായി തിരുത്താന്‍ കഴിയുക എന്നത് പ്രാഥമിക തത്വമാണ്. പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവ വിനിയോഗം, മതനിരപേക്ഷത, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ടതും എടുത്തതുമായ സന്ദര്‍ഭങ്ങള്‍ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലുണ്ടായി.

സംവരണ അട്ടിമറി, വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്റെ ദുരുപയോഗം, കരിനിയമങ്ങളുടെ പ്രയോഗം, ക്രിമിനല്‍ പൊലീസിങ്, രാഷ്ട്രീയ പ്രതിയോഗികളുടെ കൊലപാതകം, ബ്യൂറോക്രസിയുടെ അവിഹിത ഇടപെടൽ തുടങ്ങി തിരുത്തലുകള്‍ അനിവാര്യമായ ജനവിരുദ്ധനടപടികളും ഇതോടൊപ്പം സംഭവിച്ചു. കേരളം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിലപാടെടുക്കാനുള്ള ശേഷി ഇല്ലെന്നുമാത്രമല്ല, ഇടതുപക്ഷ സര്‍ക്കാര്‍ തിരുത്തേണ്ട സംഗതികള്‍, ഇതിനേക്കാള്‍ തീവ്രമായി നടപ്പാക്കിയ ചരിത്രവും കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കുണ്ട്. അതുകൊണ്ട്, പിണറായി വിജയനെതിരെ പരമാവധി ഒരു സി. രഘുനാഥ് മത്സരമാണ് കോണ്‍ഗ്രസിന് സാധ്യമാകുക. അതായത്, രഘുനാഥിനുപകരം സാക്ഷാല്‍ കെ. സുധാകരന്‍ മത്സരിച്ചാലും ആകാരപരമായ ‘ശക്തി'ക്കപ്പുറം ആശയപരമായ ഒരു കരുത്ത് ആ മത്സരത്തിനുണ്ടാകില്ല. അതിന്, സുധാകരന്‍ തന്നെയാണ് തെളിവ്.
കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസിനെ കൃത്യമായി നിര്‍വചിക്കാവുന്ന ഒരു സൂചകം സുധാകരനാണ്. അതായത്, ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് നല്ലൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന സുധാകരന്റെ തിയറി, അദ്ദേഹത്തിന്റെ സഹജമായ വിടുവായത്തമായിരുന്നില്ല. കേരളത്തില്‍, സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ സി.പി.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയുടെ വോട്ടുഷെയറിലേക്ക് സംഭാവനയുണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തിയാല്‍, ബി.ജെ.പിക്കും സംഘ്പരിവാറിനും കേരളത്തില്‍ പ്രത്യയശാസ്ത്രപരമായ സാധൂകരണം സാധ്യമായത് കോണ്‍ഗ്രസിലൂടെയാണ്. അത്, തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടുന്ന വോട്ടുഷെയറിനേക്കാള്‍ അപകടകരമായ പ്രക്രിയയാണ്.
വാളയാറിലെ അമ്മയുടെ ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തെ ഒരു രാഷ്ട്രീയ മത്സരമായി എടുക്കാനാകില്ലെങ്കിലും അത് യു.ഡി.എഫിന്റേതിനേക്കാള്‍ പ്രസക്തമാകുന്നുണ്ട്. കാരണം, അത് പിണറായി വിജയന്‍ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ ക്രൂരമായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
ഒരു ‘ഹൈ പൊട്ടന്‍ഷ്യല്‍ ലെഫ്റ്റ്' ഐഡന്റിറ്റിയുടെ സാന്നിധ്യവും സ്വാധീനവും പലമട്ടില്‍ പ്രകടമാകുകയും അത് പുരോഗമനപരമായ അസ്തിത്വമായി ജനതയെ നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളം. ഇവിടേക്കാണ് മാനവികമായ, ജനാധിപത്യപരമായ, മതേതരമായ, ബഹുസ്വരമായ ഇടപെടലുകളെയെല്ലാം വിലക്കുന്ന വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും രാഷ്ട്രീയം നുഴഞ്ഞുകയറുന്നത് എന്നോര്‍ക്കണം. (സംഘ്പരിവാറിന് സാധൂകരണം നേടിക്കൊടുത്ത Social vulnerability യുടേതായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ കാരണങ്ങളോടൊപ്പം, കാല്‍നൂറ്റാണ്ടിനിടയിലുണ്ടായ സാമൂഹിക പരിണാമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്- എല്ലാ സാമൂഹിക / സാമുദായിക വിഭാഗങ്ങളിലേക്കും പടരുന്ന സവര്‍ണവല്‍ക്കരണം, നിയോ- ലിബറല്‍ യുക്തികളുടെ ചങ്ങാത്തത്താല്‍ പ്രബലമാക്കപ്പെട്ട യാഥാസ്ഥിതികത്വം, മതങ്ങളുടെയും വിശ്വാസങ്ങളുടെയും മനുഷ്യവിരുദ്ധമായ പുനരുത്ഥാനങ്ങള്‍, പ്രബലമായി വരുന്ന സ്ത്രീ കര്‍തൃത്വങ്ങളാല്‍ ദുര്‍ബലപ്പെടുന്ന പുരുഷാധിപത്യത്തിന്റെ ‘സ്ട്രഗിളു'കള്‍ തുടങ്ങിയവ സംഘ്പരിവാറിന് ഒരുക്കിയ അടിത്തറകള്‍ തീര്‍ച്ചയായും പ്രധാനമാണ്. എന്നാല്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ വിശകലനത്തില്‍നിന്ന് അവ മാറ്റിനിര്‍ത്തുന്നു എന്നേയുള്ളൂ.)

കോണ്‍ഗ്രസ് സാധ്യമാക്കിയ ബി.ജെ.പിയിലേക്കുള്ള ഈ പൊളിറ്റിക്കല്‍ ഷിഫ്റ്റിനെക്കുറിച്ചാണ് സുധാകരന്‍ തുറന്നുപറഞ്ഞത്. തൊട്ടുമുമ്പ് സൂചിപ്പിച്ച സാമൂഹിക പരിണാമങ്ങളുടെ ഒരു ‘ഉടൻ പ്രത്യാഘാതം’ ആയ ശബരിമല എന്ന കൃത്യമായ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. 2018ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മുതല്‍ ഈയിടെ പുറത്തിറക്കിയ യു.ഡി.എഫ് പ്രകടനപത്രികയിലെ ‘ശബരിമല അധ്യായം' വരെയുള്ള പ്രതികരണങ്ങളും തീരുമാനങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ കോണ്‍ഗ്രസിലെ സുധാകരന്മാരുടെ പൊരുള്‍ പിടികിട്ടും. ധര്‍മടം അടക്കം എത്ര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ മത്സരം സാധ്യമാകുന്നുണ്ട് എന്നുപരിശോധിച്ചാല്‍, വിരലിലെണ്ണാവുന്നതില്‍ ഒതുങ്ങും.
വാളയാറിലെ അമ്മ എന്ന പ്രതീകം
വാളയാറിലെ അമ്മയുടെ ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തെ ഒരു രാഷ്ട്രീയ മത്സരമായി എടുക്കാനാകില്ലെങ്കിലും അത് യു.ഡി.എഫിന്റേതിനേക്കാള്‍ പ്രസക്തമാകുന്നുണ്ട്. കാരണം, അത് പിണറായി വിജയന്‍ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ ക്രൂരമായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
ഒമ്പതും 13 ഉം വയസ്സുള്ള സഹോദരിമാര്‍ ലൈംഗികാക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍, സര്‍ക്കാര്‍ സംവിധാനത്തെ പ്രതിക്കൂട്ടിലാക്കാന്‍ പോന്നതാണ്. ഇത്തരം കേസുകളുടെ അന്വേഷണത്തിലെ ഗൗരവകരമായ പാളിച്ചകള്‍ ഭരണസംവിധാനത്തോട് അവമതിപ്പുണ്ടാക്കുമെന്ന ഹൈകോടതി നിരീക്ഷണം കൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
ആദ്യത്തെ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ സംഭവിച്ച പാളിച്ച, ആത്മഹത്യയെന്ന മുന്‍ധാരണയില്‍ കേസ് ചാര്‍ജ് ചെയ്തത്, കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനെതുടര്‍ന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടത്, പ്രതികള്‍ക്കുവേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാജരായത്, പട്ടികജാതി കമീഷന്റെ നിസ്സംഗത, ഇളയ കുട്ടിക്ക് വിഷം നല്‍കിയോ മയക്കുമരുന്ന് നല്‍കിയോ മയക്കിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന് ഫോറന്‍സിക് സര്‍ജന്‍ സൂചന നല്‍കിയിട്ടും അത് പൊലീസ് അവഗണിച്ചത്, കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്റെ വെളിപ്പെടുത്തലുകള്‍ തുടങ്ങി കേസിന്റെ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു അധഃസ്ഥിത കുടുംബത്തോട് ചെയ്ത ക്രൂരത വിചാരണ ചെയ്യപ്പെടുകയാണ് അമ്മയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ. അതോടൊപ്പം, അവരുടെ സ്ഥാനാർഥിത്വം മുൻനിർത്തി അരങ്ങേറുന്ന വൈകാരികവും വൈയക്തികവുമായ കാമ്പയിനുകൾ, ആ ഇഷ്യുവിനെ തന്നെ റദ്ദാക്കുന്നതിന് സമമായി കാണേണ്ടതുമാണ്.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഏറ്റവും കൂടുതൽ വിമർശിക്കപ്പെടാനിടയാക്കിയ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംവിധാനമാകെയാണ് ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത്.
ജനനേന്ദ്രിയത്തിലടക്കം അതിക്രൂരമായ മര്‍ദ്ദനമേല്‍പ്പിച്ച് ദളിത് യുവാവ് വിനായകന്റെ ജീവനെടുത്ത സംഭവത്തോടുള്ള പ്രതിഷേധവും വിമര്‍ശനവും ‘പൊലീസ് ആചാര'ങ്ങളില്‍ ഒരു മാറ്റവും വരുത്തിയില്ലെന്ന് ആവര്‍ത്തിക്കപ്പെട്ട രണ്ടു ഡസനോളം കസ്റ്റഡി മരണങ്ങള്‍ തെളിയിച്ചു.
കേരളത്തിന്റെ ഓര്‍മയില്‍, ഇത്തരം സ്വേച്ഛാധിപത്യപരമായ പൊലീസിംഗ് കെ. കരുണാകരന്റെ ഭരണത്തില്‍ മാത്രമാണുണ്ടായിരുന്നത്.
അടിയന്തരാവസ്ഥയിലേതിനുസമാനമായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എട്ട് മാവോയിസ്റ്റ് പ്രവർത്തകരുടെ ജീവനാണെടുത്തത്. രോഗബാധിതരെയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരെയും കീഴടങ്ങാന്‍ സന്നദ്ധരായവരെയുമെല്ലാം തൊട്ടടുത്തുനിന്നും പുറകില്‍നിന്നും വെടിവെച്ചുകൊന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്തുവന്നു. ശ്യാം ബാലകൃഷ്ണൻ കേസിൽ, ഒരു രാഷ്ട്രീയ തത്വസംഹിതയിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർ എന്തുതരം വിധ്വംസക പ്രവർത്തനമാണ് നടത്തിയത് എന്നത് ഇന്നും ദുരൂഹമായി അവശേഷിക്കുന്നു.
താഹക്കും അലനും എതിരായ പന്തീരാങ്കാവ് യു.എ.പി.എ കേസ്, ഇത്തരം കരിനിയമങ്ങള്‍ക്കെതിരായ സി.പി.എമ്മിന്റെ നിലപാടിനെ തന്നെ ഒറ്റിക്കൊടുക്കുന്നതായിരുന്നു. എന്നിട്ടും അതിന് വ്യാജമായ ന്യായങ്ങള്‍ ചമച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഓര്‍മയില്‍, ഇത്തരം സ്വേച്ഛാധിപത്യപരമായ പൊലീസിംഗ് കെ. കരുണാകരന്റെ ഭരണത്തില്‍ മാത്രമാണുണ്ടായിരുന്നത്. കരുണാകരന്റെ ഒരുപരിധിവരെ ഹിംസാത്മകമായ നേതൃത്വത്തെ സൂചിപ്പിക്കാന്‍ സി.പി.എം ചൂണ്ടിക്കാട്ടുന്ന അതേ വസ്തുത തന്നെയാണ് തങ്ങള്‍ക്കുനേരെയും ചൂണ്ടുന്നതെന്ന വാസ്തവം പാര്‍ട്ടി തിരിച്ചറിയാതിരുന്നത് ദുരൂഹമാണ്.

പൊലീസിനുമേല്‍ എന്തുകൊണ്ടാണ് ഇടതുപക്ഷ ഭരണകൂടത്തിന് ഒരു രാഷ്ട്രീയ നിയന്ത്രണം സാധ്യമാകാതിരുന്നത് എന്ന ചോദ്യം ഉത്തരമില്ലാതെയും ദുരൂഹമായും അവശേഷിക്കുകയാണ്. ഈയൊരു അനിയന്ത്രിതാവസ്ഥയാണ് ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലുള്ള സര്‍ക്കാറിന്റെ ഇച്ഛാശക്തിയെ ഒറ്റുകൊടുത്തത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു, പകരം അത് അപക്വമായ ഒരു പൊലീസ് നടപടിയായി പരിമിതപ്പെട്ടത് ആരുടെ ഗൂഢാലോചനയാണ്?
പുതിയ ജാതിക്കോളനികള്‍
ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം ഭൂമി എന്ന വിഭവത്തിന്റേതാണ്. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികം നിര്‍ജീവമായ ചില സെമിനാറുകളിലും വിലകുറഞ്ഞ ചില വിവാദങ്ങളിലും ഒടുങ്ങിപ്പോയത് സ്വഭാവികമായിരുന്നു. കാരണം, ഭൂപരിഷ്‌കരണം എന്നത് കേരളത്തിലെ ഭൂരഹിതരെ സംബന്ധിച്ച് വ്യാജമായ ഒരു അവകാശവാദമായിരുന്നു. ഈ അമ്പതാം വാര്‍ഷികത്തിലും, ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടും പുറമ്പോക്കുനിവാസികളുടെയും ചേരിനിവാസികളുടെയും കോളനിവാസികളുടെയും ഭൂരഹിതരുടെയും സെഗ്രിഗേഷന്‍ തീവ്രമായി വരികയാണ്. കേരളത്തില്‍ 79 ശതമാനം ദളിതരും കഴിയുന്നത് കാല്‍ലക്ഷത്തിലേറെ വരുന്ന കോളനികളിലാണ് എന്നൊരു കണക്കുണ്ട്.

സമീപവര്‍ഷങ്ങളില്‍ ഭൂമിക്കുവേണ്ടിയാണ് കേരളത്തില്‍ ഏറ്റവും ശക്തമായ അടിസ്ഥാനവര്‍ഗ സമരങ്ങള്‍ നടന്നിട്ടുള്ളത്. അവയെ ഇടതുപക്ഷത്തിന്റേതടക്കമുള്ള ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്ത രീതി മറന്നുകൂടാ. ഈ സന്ദര്‍ഭത്തിലാണ്, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശവാദമായ ലൈഫ് മിഷന്‍ എന്ന ഫ്‌ളാറ്റ് വിതരണ പദ്ധതിക്കെതിരെ ഭൂരഹിതരുടെയും ദളിതരുടെയും ഭാഗത്തുനിന്നുയര്‍ന്ന വിമര്‍ശനം ശ്രദ്ധിക്കേണ്ടത്- ലൈഫ് മിഷന്‍ പദ്ധതിയിലൂടെ, ഭൂമിക്കുവേണ്ടിയുള്ള അവകാശവാദങ്ങള്‍ അസാധ്യമാക്കപ്പെടുകയും ജാതിക്കോളനികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന വിമര്‍ശനത്തിന് ഇടതുപക്ഷം മറുപടി പറഞ്ഞിട്ടില്ല. ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയാതിരിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത് എന്ന സി.കെ. ജാനുവിന്റെ നിരീക്ഷണവും കൃത്യമായിരുന്നു. ഭൂപരിഷ്‌കരണം തൊലിപ്പുറത്തെ ചികിത്സ മാത്രമായിരുന്നു എന്ന്, അതിന്റെ 50ാം വർഷത്തിൽ മറ്റൊരു ഇടതുപക്ഷ സർക്കാറിന് ലൈഫ് മിഷൻ പദ്ധതിയിലൂടെ സമ്മതിക്കേണ്ടിവന്നു.
സംവരണം സവര്‍ണര്‍ക്ക്
ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം സവര്‍ണ സംവരണത്തിന്റേതാണ്. സാമ്പത്തിക സംവരണമാണ് ഇനി നിലനില്‍ക്കുകയെന്നും ജാതി സംവരണം ഇല്ലാതാകുമെന്നും സുപ്രീംകോടതി തന്നെ പറയുന്നിടത്തോളം കാര്യങ്ങളെത്തിച്ചുകഴിഞ്ഞു. തീരുമാനം പാര്‍ലമെന്റിന്റേതായതിനാല്‍, നിലവിലുള്ള ഇന്ത്യന്‍ പാര്‍ലമെൻറ് മറിച്ചൊരു തീരുമാനമെടുക്കാന്‍ വഴിയില്ല. കാരണം, ജാതി സംവരണം മെരിറ്റിനെ ഇല്ലാതാക്കുമെന്ന പൊതുബോധം പങ്കിടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ മുതല്‍ ബി.ജെ.പി വരെയുള്ളവര്‍. സാമ്പത്തിക സംവരണത്തിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ 103ാം ഭരണഘടനാഭേദഗതിയിലൂടെ തുടങ്ങിവെച്ചിട്ടുണ്ട്. അതിനൊപ്പിച്ചുള്ള നടപടികളിൽ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാർ ഒരു മുഴം മുന്നിലുമാണ്. ഇതിനും ഒരു വര്‍ഷം മുമ്പാണ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്, അമിത പ്രാതിനിധ്യമുള്ളവരുടെ പ്രാതിനിധ്യം പതിന്മടങ്ങാക്കുന്ന ഒന്നായിരുന്നു ഈ നടപടി. അതായത്, ദേവസ്വം ബോര്‍ഡില്‍ 82 ശതമാനം നായന്മാരും 14 ശതമാനം മറ്റ് മുന്നാക്കക്കാരുമാണുള്ളത് എന്നോർക്കുക.
ഭരണകൂട- അധികാര സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാപരമായ ഒരു ലക്ഷ്യത്തെ അട്ടിമറിക്കാന്‍ എത്രവേഗമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വിരുദ്ധ പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ ഒരുമിച്ചത് എന്ന കാര്യം അടിവരയിടേണ്ട ഒന്നാണ്.
സവര്‍ണജാതി സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് മണ്ഡല്‍ കമീഷന്‍ കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയുണ്ട്. മാത്രമല്ല, കേന്ദ്രത്തിന്റെ ഭരണഘടനാഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഇരുപതോളം ഹര്‍ജികള്‍ നിലനില്‍ക്കുകയും ഇവയില്‍ തീര്‍പ്പ് വരുന്നത് കാത്തിരിക്കുകയും ചെയ്യാതെയാണ് കേരളത്തില്‍ സവര്‍ണ സംവരണ നടപടികള്‍ പുരോഗമിക്കുന്നത്. ഭരണകൂട- അധികാര സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാപരമായ ഒരു ലക്ഷ്യത്തെ അട്ടിമറിക്കാന്‍ എത്രവേഗമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വിരുദ്ധ പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ ഒരുമിച്ചത് എന്ന കാര്യം അടിവരയിടേണ്ട ഒന്നാണ്.
പ്രളയാനന്തര പുനര്‍നിര്‍മാണം, ഒരു ബ്യൂറോക്രാറ്റിക് ലീല
ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി ആഘാത നിര്‍ണയ നിയമ (ഇ.ഐ.എ) ത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അവസാന നിമിഷമാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ എതിര്‍ത്തത്. എന്നാല്‍, ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് കൂട്ടുനില്‍ക്കുകയും ചെയ്തു.

ജനവാസ കേന്ദ്രങ്ങളില്‍നിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ക്വാറി ഉടമകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാറും കോടതിയിലെത്തി. ട്രൈബ്യൂണല്‍ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കിയത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ക്വാറികള്‍ക്ക് ഒരു വര്‍ഷത്തേക്കുകൂടി ലൈസന്‍സ് നീട്ടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. അനുമതി നീട്ടിയതിലൂടെ ജനവാസമേഖലയില്‍നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും. രണ്ട് പ്രളയങ്ങള്‍ സൃഷ്ടിച്ച കൊടും പാരിസ്ഥിതികാഘാതത്തിന്റെ അനുഭവം പേറുന്ന ഒരു ജനതക്കുമുന്നിലാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇത്രയും ജനവിരുദ്ധമായിപ്പോയത്. പ്രളയാനന്തര പുനര്‍നിര്‍മാണമെന്ന പദ്ധതി, ഒരു ബ്യൂറോക്രാറ്റിക് ലീലയായി മാറിയത് എന്തുകൊണ്ടാണ്?
ജീവകാരുണ്യം
ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം ദുരുപയോഗിക്കപ്പെടുന്ന വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്റേതാണ്. നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇല്ലാതാകുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെടുത്തിയാണ് വെല്‍ഫെയര്‍ പൊളിറ്റിക്‌സിനെ ഇടതുപക്ഷം വിശദീകരിക്കുന്നത്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്ന അവസ്ഥയില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സഹായിക്കുക. സാമൂഹിക പെന്‍ഷന്‍ 600 രൂപയില്‍നിന്ന് അഞ്ചുവര്‍ഷം കൊണ്ട് 1600 രൂപയാക്കുന്നു.

അത് അതിലും ഇരട്ടിയാക്കാന്‍ മറ്റു രണ്ട് മുന്നണികളും മത്സരിക്കുന്നു.
പാശ്ചാത്യ ജനാധിപത്യ പൗരസമൂഹങ്ങളിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ റാഡിക്കല്‍ റൈറ്റ് പാര്‍ട്ടികള്‍ പയറ്റുന്ന അതേ തന്ത്രം എങ്ങനെയാണ് ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ നയമായി മാറുന്നത് എന്നതിന് ഈ വിശദീകരണം പോരാതെ വരും. ഒരുതരം എക്‌സ്‌ക്ലൂഷന്‍- ഇന്‍ക്ലൂഷന്‍ മെത്തേഡിലൂടെ ഒരു വശത്ത് അത് അരാഷ്ട്രീയ മധ്യവര്‍ഗത്തെ സൃഷ്ടിക്കുകയും മറുവശത്ത് എലീറ്റിസം നിലനിര്‍ത്തുകയും ചെയ്യും. ഈ വിഭജനം മൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്വീകാര്യവുമാണ്. അഞ്ചുവര്‍ഷത്തെ മാത്രം ആയുസ്സുള്ള തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സംബന്ധിച്ച് welfare populism വോട്ട് കിട്ടാന്‍ സഹായിക്കും. എന്നാല്‍, ഒരു പൗരസമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിനും തുടര്‍ച്ചക്കും ഇത് പോരാതെ വരും. ജനത പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, അതിനായി തുല്യതയുടെയും പങ്കാളിത്തത്തിന്റെയും വിഭവാവകാശത്തിന്റെയും തറക്കല്ലുകള്‍ പാകുകയാണ് ആദ്യം വേണ്ടത്. എന്നാല്‍, ഇതെല്ലാം നിഷേധിച്ച് ജീവകാരുണ്യത്തെ ഒരു രാഷ്ട്രീയ പരിപാടിയായി വികസിപ്പിക്കുന്നത് അപകടം വരുത്തിവെക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന പാർശ്വവൽകൃത ജനതയാകും യഥാർഥത്തിൽ വെൽഫെയർ പോപ്പുലിസത്തിന്റെ ഇരകൾ. അവരുടെ അടിസ്ഥാന അവകാശങ്ങളുടെ അപഹരണമാണ് ജീവകാരുണ്യത്തിലൂടെ നിർവഹിക്കപ്പെടുന്നത്.
അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോട്
ഇനി, പിണറായി വിജയന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ധര്‍മടം പ്രതിനിധാനം ചെയ്യുന്ന ചില വിഷയങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മതനിരപേക്ഷത എന്ന മൂല്യമാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായും സംഘ്പരിവാറിന്റെ ഒരു പ്രധാന ടാര്‍ഗറ്റാണ് കേരളം. ഉത്തരേന്ത്യയില്‍ ചെയ്യുന്നതുപോലെ കാസ്റ്റ് പൊളിറ്റിക്‌സിലൂടെയുള്ള ഒരു സാമൂഹിക ധ്രുവീകരണം സംഘ്പരിവാറിന് കേരളത്തില്‍ സാധ്യമാകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം മൂലമാണ്. കേരളീയതയെ പുരോഗമനപരമായ ഒരു രാഷ്ട്രീയ ഐഡന്റിറ്റിയായി നിലനിര്‍ത്തുന്ന പ്രക്രിയ ഇടതുപക്ഷത്തിലൂടെയാണ് സാധ്യമാകുന്നത്. ഈ രാഷ്ട്രീയ ഐഡന്റിറ്റിയാണ് സംഘ്പരിവാറിനെയും ബി.ജെ.പിയെയും പ്രതിരോധിക്കുന്നത്.
ആചാരം പാലിക്കുന്ന വിശ്വാസികളുടെ കൂട്ടമായി കേരളത്തെ മാറ്റാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ തകര്‍ത്തുകളഞ്ഞ്, മതനിരപേക്ഷതയുടെ അവശേഷിക്കുന്ന തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ആദ്യമായി അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോടാണ്
ശബരിമലയില്‍ കയറാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സ്വീകരിച്ച നടപടികള്‍ നവോത്ഥാനത്തുടര്‍ച്ചയുടെ സ്‌ഥൈര്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. പിണറായി വിജയന്റെ പാര്‍ട്ടി തന്നെ തെറ്റിധരിച്ചപോലെ യു.ഡി.എഫിന്റെ 19 എം.പിമാരോ ബി.ജെ.പിയുടെ വോട്ടുഷെയറോ അല്ല, ആ നടപടിയുടെ ഫലം, മറിച്ച്, ഒരു റാഡിക്കല്‍ മലയാളിയുടെ വീണ്ടെടുപ്പായിരുന്നു. ഇപ്പോള്‍, വിശ്വാസിയായ ദേവസ്വം മന്ത്രി ഖേദപ്രകടനം നടത്തുകയും പാര്‍ട്ടി നേതാവ് എം.വി. ഗോവിന്ദന്‍ വിശ്വാസികളെ മുന്‍നിര്‍ത്തി വൈരുധ്യാത്മക ഭൗതികവാദത്തിന് പുതുഭാഷ്യം ചമക്കുകയും പാര്‍ട്ടി സെക്രട്ടറിക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവും പരസ്പരം മാറിപ്പോകുന്ന വിധത്തില്‍ നാക്കുപിഴ സംഭവിക്കുകയും പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടന എട്ടും പൊട്ടും തിരിയാത്ത മട്ടില്‍ സാംസ്‌കാരിക വിരുദ്ധമായി ബ്രാഹ്‌മണ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍, ഇവരില്‍നിന്ന് ഭിന്നനായ ഒരു വക്താവായി പിണറായി വിജയന് നിലകൊള്ളാനാകുന്നുണ്ട്. ആചാരം പാലിക്കുന്ന വിശ്വാസികളുടെ കൂട്ടമായി കേരളത്തെ മാറ്റാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ തകര്‍ത്തുകളഞ്ഞ്, മതനിരപേക്ഷതയുടെ അവശേഷിക്കുന്ന തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ആദ്യമായി അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോടാണ്. മതനിരപേക്ഷതക്ക് മാനവികതയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ എടുത്തുകാട്ടിയാണ് രണ്ടു പ്രളയങ്ങളിലും രണ്ട് പകര്‍ച്ചവ്യാധികളിലും അനവധി പ്രകൃതിദുരന്തങ്ങളിലും മലയാളിയെ പിണറായി വിജയന്‍ ഒരൊറ്റ സ്വത്വത്തിലേക്ക് വിപുലപ്പെടുത്തിയത്. പൗരത്വവിരുദ്ധ നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന പ്രഖ്യാപനം, ഫെഡറലിസത്തിന്റെ മാത്രമല്ല, പൗരത്വം നിഷേധിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യപ്രഖ്യാപനമാണ്.
ഈയൊരു സന്ദര്‍ഭത്തിലാണ് പല ഭാഗത്തുനിന്നും ജാതീയമായി പിണറായി വിജയന്‍ അധിക്ഷേപത്തിനിരയായത് എന്നോര്‍ക്കാം. മറുപടിയായി, "ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണ്' എന്ന് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.
ഏറ്റവും നിസ്വനായ ഒരു മലയാളിയുടെ പ്രതിനിധാനം ഒരു മുഖ്യമന്ത്രി ഏറ്റെടുത്ത ഒരു സന്ദര്‍ഭം. മനുഷ്യസഹജവും സത്യസന്ധമായതുമായ പെരുമാറ്റങ്ങളുടെ പേരില്‍ വരെ പിണറായി വിജയൻ ആക്ഷേപിക്കപ്പെട്ടു. കേരളത്തില്‍ ഏറ്റവും നന്നായി ചിരിക്കുകയും കണ്ണിറുക്കി കുസൃതി കാണിക്കുകയും മാധ്യമങ്ങളോട് ഒട്ടിനില്‍ക്കുകയും ആൾക്കൂട്ടങ്ങളെ അകമ്പടിയാക്കുകയും ചെയ്ത നേതാവ് കെ. കരുണാകരനായിരുന്നു. ഈ ഗുണങ്ങള്‍ വച്ച് അദ്ദേഹത്തിന്റെ സ്വീകാര്യതയെ അളന്നാല്‍ എന്തുസംഭവിക്കും?

രാഷ്ട്രീയമായ അധിക്ഷേപങ്ങള്‍ വേറെയുമുണ്ടായി. പിണറായിയെും മോദിയെയും സമീകരിക്കാനുള്ള മാധ്യമ അജണ്ടയാണ് അതില്‍ പ്രധാനം. "പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം ഊഷ്മളമാണോ?' എന്നായിരുന്നു, ഈയിടെ ഒരു ചാനലിന്റെ പ്രീ പോള്‍ സര്‍വേയില്‍ ചോദിച്ച ഒരു ചോദ്യം. മാതൃഭൂമി സര്‍വേയില്‍ "കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയേത്' എന്ന ചോദ്യമുണ്ടായിരുന്നു. ബി.ജെ.പി എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത് എങ്കിലും രണ്ടാം സ്ഥാനത്ത് ഒരു പാര്‍ട്ടിയെ പ്രതിഷ്ഠിക്കാനുള്ള സൂത്രമായി ആ ഒന്നാം സ്ഥാനത്തെ കാണാം- രണ്ടാം സ്ഥാനം സി.പി.എമ്മിനായിരുന്നു. സി.പി.എമ്മിനോടുള്ള വെറുപ്പിന്റെ കാരണം ചികഞ്ഞ് എത്തുക പിണറായി വിജയനിലാണെന്ന് പറയാതെ പറയുന്ന ഒരു ചോദ്യവും ഉത്തരവും. പിണറായി വിജയനെ മുന്‍നിര്‍ത്തിയുള്ള കേരള നരേറ്റീവുകളിലെല്ലാം ഇത്തരമൊരു സമീകരണ യുക്തി പ്രവര്‍ത്തിക്കുന്നതായി കാണാം. കേരളം ഒരു രാഷ്ട്രീയ ബദലാണ് എന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തിന് മറുപക്ഷത്തുനിന്നുള്ള മറുപടികളാണിത്. കാരണം, കേരളം ഇതേ മൂല്യങ്ങളുള്ള ഒരു രാഷ്ട്രീയ ബദലായി വികസിക്കുന്നത് ഇന്ന് കോണ്‍ഗ്രസിനേക്കാള്‍ പരിഭ്രാന്തിയിലാക്കുന്നത് ബി.ജെ.പിയെയാണ്.
ഒരു രാഷ്ട്രീയ വിജയത്തിലേക്ക്
വിമര്‍ശനത്തിന്റെയും സ്വീകാര്യതയുടെയും സ്‌പെയ്‌സുകള്‍ അവശേഷിപ്പിക്കുന്ന ഒരു സ്ഥാനാര്‍ഥിയാണ് ധര്‍മടത്തെ പിണറായി വിജയന്‍. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ സ്ഥാനാര്‍ഥിത്വമാണിത്. കാരണം, കേരളത്തില്‍ ഇന്ന് സാധുവായ വിമര്‍ശനം സാധ്യമാകുന്നതും അതിലൂടെ ഒരു തിരുത്തല്‍ പ്രതീക്ഷിക്കാവുന്നതും ഇടതുപക്ഷത്താണ്. വര്‍ഗനിരപേക്ഷമായ ഒരു മുന്നണി സംവിധാനത്തിനകത്തെ സ്വഭാവികമായ ഒത്തുതീര്‍പ്പുകള്‍ മുതല്‍ ബോധപൂര്‍വമായ കീഴടങ്ങലുകള്‍ വരെ നിര്‍ദ്ദയം വിചാരണ ചെയ്യപ്പെടണം. ജനാധിപത്യം നടത്തുന്ന ഈ വിചാരണ ഏറക്കുറെ അസാധ്യമായ മുന്നണികളാണ് യു.ഡി.എഫും എന്‍.ഡി.എയും. അതുകൊണ്ടാണ്, ഓരോ തെരഞ്ഞെടുപ്പിനുശേഷവും അതിനുമുമ്പുള്ള അതേ മുന്നണിയായി തന്നെ ഒരു മാറ്റവുമില്ലാതെ അവ നമുക്കുമുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, പിണറായി വിജയനോട് നമുക്കു ചോദിക്കാനുളള ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അവ നിരന്തരം ചോദിക്കപ്പെടണം. വാളയാറിലെ അമ്മയുടെ ചോദ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന, ധര്‍മടത്തെ ഓരോ വോട്ടറുടെയും ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ വിജയമാണ് പിണറായി വിജയന് സംഭവിക്കാന്‍ പോകുന്നത്. അതിനുള്ള ഉത്തരമായിട്ടല്ല ഈ ജയം സംഭവിക്കുക, കൂടുതല്‍ ചോദ്യം ചെയ്യപ്പെടാനുള്ള ഒരു അവസരമായിട്ടായിരിക്കും.