Neoliberal Capitalism
കെ.പി. സേതുനാഥ്
ആഗോള മുതലാളിത്തം നവലിബറല്‍ യുഗത്തോട് വിട പറയുമോ?
2008-ലെ വന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായി കരകയറാത്ത ആഗോള മുതലാളിത്തം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ സങ്കീര്‍ണ പ്രതിസന്ധി നേരിടുകയാണ്. 40 വര്‍ഷത്തിലധികമായി പ്രയോഗിക്കപ്പെട്ട നിയോലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക അസമത്വം നീതീകരിക്കാന്‍ കഴിയാത്തവണ്ണം വളര്‍ന്നിരിക്കുന്നു.

മാന്‍ഹാട്ടന്റെ മധ്യത്തില്‍ ഹൈഡ്രജന്‍ ബോംബ് വീണുവെന്നു കേട്ടാലും തൊട്ടടുത്ത കെട്ടിടത്തില്‍ ഗോള്‍ഡ്മാന്‍ സാക്ക്സിലെ സീനിയര്‍ എക്സിക്യൂട്ടീവ് കൂടുതല്‍ ബോണസ്സോടെ മെറില്‍ ലിഞ്ചില്‍ ചേരുന്നതിനെ കുറിച്ചുള്ള കൂടിയാലോചനയുടെ തിരക്കിലാവും എന്നാണ് മൈക്കല്‍ ലൂയിസിന്റെ ഒരു നിരീക്ഷണം. ആഗോള മുതലാളിത്തം നവലിബറല്‍ യുഗത്തില്‍ നിന്ന് വഴിമാറുന്നതിന്റെ സൂചനകള്‍ ശക്തമാവുന്നു എന്ന വിലയിരുത്തല്‍ ലൂയിസിന്റെ ഈ നിരീക്ഷണം ഓര്‍മയില്‍ കൊണ്ടുവരുന്നു.1
മൂലധനത്തിന് ഏറ്റവും ആദായം എത്രയും വേഗം ലഭ്യമാക്കുന്ന നിക്ഷേപം ഏതായിരിക്കുമെന്ന് സൂപ്പര്‍ കമ്പ്യൂട്ടറുകളും, നിര്‍മിതബുദ്ധിയും തീരുമാനിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ കെയ്നീഷ്യസത്തിലേക്കുള്ള മടങ്ങിപ്പോക്കിനോട് ധനവിപണികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ മറ്റൊരു വീരഗാഥയായി പുതിയ നയങ്ങളെ പ്രകീര്‍ത്തിക്കുന്ന വാഴ്ത്തുകള്‍ ഒരുപക്ഷെ വരാനിരിക്കുന്ന ദിവസങ്ങളില്‍ വന്നുകൂടെന്നില്ല. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ മുതല്‍ അന്തരാഷ്ട്ര നാണയനിധി വരെ അതിന് പശ്ചാത്തലമൊരുക്കി കഴിഞ്ഞു. പ്രസിഡണ്ടായി 100 ദിവസം പിന്നിട്ട ബൈഡന്‍ ബുധനാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗം നവലിബറല്‍ നയങ്ങളോട് അമേരിക്ക തല്‍ക്കാലികമായെങ്കിലും വിടപറയുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയായി കണക്കാക്കപ്പെടുന്നു.

പ്രസിഡണ്ട് റൊണാള്‍ഡ് റെയ്ഗന്‍ നവലിബറല്‍ നയങ്ങള്‍ക്ക് അമേരിക്കയില്‍ തുടക്കമിട്ടതിന്റെ 40-ാം വാര്‍ഷികത്തിലാണ് തിരിച്ചുപോക്കിന്റെ സൂചനകള്‍ നിറഞ്ഞ ബൈഡന്റെ പ്രസംഗം. രാജ്യം അഭിമുഖീകരിയ്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം സര്‍ക്കാരാണെന്ന പ്രഖ്യാപനത്തോടെയാണ് 1980-ല്‍ റെയ്ഗന്‍ അധികാരമേറ്റത്. മൂലധനത്തിന്റെ സ്വൈര്യവിഹാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാരിന്റെ ജോലിയെന്ന ആശയം പ്രാവര്‍ത്തികമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. നികുതി, തൊഴില്‍, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നു വേണ്ട സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ജനക്ഷേമ പദ്ധതികളെല്ലാം റെയ്ഗന്‍ ഇല്ലാതാക്കി. സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ എന്ന പേരില്‍ റെയ്ഗന്‍ ഭരണത്തിന്റെ ആശയങ്ങളുടെ ടെംപ്ലേറ്റുകള്‍ അധികം വൈകാതെ ലോകമാകെ നടപ്പില്‍ വന്നു. ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ അതിനുവേണ്ട ചുക്കാന്‍ പിടിച്ചപ്പോള്‍ ലോകബാങ്കും, അന്താരാഷ്ട്ര നാണയനിധിയും ലോകമാകെ അവ അടിച്ചേല്‍പ്പിക്കുന്നതിന്റെ ചുമതലയേറ്റു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഉടലെടുത്ത ക്ഷേമരാഷ്ട്ര സങ്കല്‍പ്പം വഴിയിലുപേക്ഷിച്ചതിന്റെ നാലു ദശകങ്ങള്‍ പിന്നിടുന്ന വേളയിലാണ് മറ്റൊരു നയം മാറ്റത്തിന്റെ സൂചനകള്‍ തെളിയുന്നത്.
ലോകജനസംഖ്യയുടെ ഭൂരിഭാഗം സാധാരണക്കാരും, പാവപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ പൂര്‍ണമായി മുഖം തിരിക്കുകയും ഗവണ്‍മെൻറിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലധനതാല്‍പര്യങ്ങള്‍ക്ക് മാത്രമായി പരുവപ്പെടുത്തുകയും ചെയ്യുന്ന ഭരണസംസ്‌ക്കാരം ആഗോളതലത്തില്‍ രൂഢമൂലമായി.
"കുറച്ച് സര്‍ക്കാര്‍, കൂടുതല്‍ ഗവേണന്‍സ്' (ലെസ് ഗവണ്‍മെൻറ്, മോര്‍ ഗവേണന്‍സ്) എന്നെല്ലാം നവലിബറല്‍ വാദികള്‍ പ്രാസമൊപ്പിച്ചു പറയുമെങ്കിലും കഴിഞ്ഞ 40-വര്‍ഷത്തെ അനുഭവങ്ങള്‍ നല്‍കുന്ന പാഠം അത്തരം അവകാശവാദങ്ങളെ പിന്തുണക്കില്ല. ലോകജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന സാധാരണക്കാരും, പാവപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ പൂര്‍ണമായി മുഖം തിരിക്കുകയും ഗവണ്‍മെൻറിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലധനതാല്‍പര്യങ്ങള്‍ക്ക് മാത്രമായി പരുവപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണസംസ്‌ക്കാരം ആഗോളതലത്തില്‍ രൂഢമൂലമായതാണ് നവലിബറല്‍ കാലഘട്ടത്തിലെ പ്രധാന സംഭവവികാസം. ജനക്ഷേമമടക്കം സാമ്പത്തികവുമായി ബന്ധപ്പെട്ട മേഖലകള്‍ മുഴുവനായും സ്വകാര്യ മൂലധന നിക്ഷേപത്തിനായി സൗകര്യപ്പെടുത്തി കൊടുക്കുന്ന ദല്ലാള്‍പണിയുടെ ഭംഗിയായ നിര്‍വഹണം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ കാര്യക്ഷമതയുടെ ഉത്തമ മാതൃകയായി.

സര്‍ക്കാരിന്റെ ചുമതലയില്‍ അതുവരെ ഉണ്ടായിരുന്ന വിദ്യാഭ്യാസം മുതല്‍ പൊതുജനാരോഗ്യം വരെയും, പൊതുഗതാഗതം മുതല്‍ കുടിവെള്ളം വരെയുമുള്ള മേഖലകളെല്ലാം കെടുകാര്യസ്ഥതയുടെ വിഴുപ്പുഭാണ്ഡം പേറുന്നവയാണെന്നും മത്സരാധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയുടെ ഭാഗമായ കാര്യക്ഷമത കൈവരിയ്ക്കുവാന്‍ സ്വകാര്യമേഖല മാത്രമാണ് വഴിയെന്നും വിലയിരുത്തപ്പെട്ടു.
സ്വകാര്യ മേഖലയുടെ വരവോടെ ഈ മേഖലകള്‍ വര്‍ധിച്ച കാര്യക്ഷമത നേടുമെന്നും പൊതുജനങ്ങള്‍ അതിന്റെ ഗുണമേന്മ അനുഭവിക്കുമെന്നുമുള്ള സുലഭമായ വാചോടപങ്ങള്‍ എങ്ങും നിറഞ്ഞുനിന്നു. ബ്രിട്ടനിലെ റെയില്‍വേ, അമേരിക്കയിലെ റോഡുകള്‍, ഇന്ത്യയിലെ വൈദ്യുതി മേഖല എന്നിവ ഉദാഹരണമായെടുത്താല്‍ ഇപ്പറഞ്ഞവയൊന്നും നടപ്പിലായില്ലെന്നു മാത്രമല്ല പൊതുസമ്പത്ത് കൈക്കലാക്കുന്നതിനുള്ള ആര്‍ത്തി മാത്രമാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ചതെന്നും കാണാനാവും. ധനതത്വശാസ്ത്രം, നയരൂപീകരണ സ്ഥാപനങ്ങള്‍, ധനവിപണികള്‍, രാഷ്ട്രീയ നേതൃത്വം, ബഹുരാഷ്ട്ര കമ്പനികള്‍, ധനസഹായ സ്ഥാപനങ്ങള്‍, അക്കാദമിക വിദഗ്ധര്‍, മാനേജ്മെന്റ് ഗുരുക്കന്മാര്‍, മാധ്യമങ്ങള്‍ തുടങ്ങിയ നിരവധി വേദികളിലൂടെയാണ് നവലിബറല്‍ ആശയങ്ങള്‍ മാത്രമാണ് സാമ്പത്തിക പുരോഗതിയുടെ ഏകപാതയെന്ന വീക്ഷണം അപ്രമാദിത്തം നേടിയത്.
കൊളോണിയലിസം, സാമ്രാജത്വം, മുതലാളിത്തം, ചൂഷണം, നാടുവാഴിത്തം, ജാതി, വംശീയത, ലിംഗ വിവേചനം തുടങ്ങിയ ഘടനപരമായ ഒട്ടേറെ വിഷയങ്ങള്‍ സാമ്പത്തിക സംബന്ധിയായ പദാവലികളില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെട്ടുവെന്നു മാത്രമല്ല, അത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നവര്‍ പുരാതന മനുഷ്യര്‍ എന്ന നിലയില്‍ വിലയിരുത്തപ്പെടാനും തുടങ്ങി.

കാര്യക്ഷമതയെക്കുറിച്ചുള്ള വാചോടാപങ്ങള്‍ വികസന സംവാദങ്ങളുടെ പ്രധാന ചേരുവയായതോടെ മാര്‍ഗരറ്റ് താച്ചറുടെ TINA (ബദലുകളില്ല) ഫാക്ടര്‍ വലത്തും, ഇടത്തുമുള്ള രാഷ്ട്രീയ സമന്വയത്തിന്റെ വേദവാക്യമായി. മുന്‍നിര മുതലാളിത്ത രാജ്യങ്ങളില്‍, പ്രത്യേകിച്ചും അമേരിക്കയില്‍ രൂഢമൂലമായിരുന്ന ഈ സമന്വയം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു എന്നാണ് ബൈഡന്റെ 100 ദിവസത്തെ ഭരണം നല്‍കുന്ന സൂചന. അന്താരാഷ്ട്ര നാണയ നിധിയുടെ മേധാവികളും കഴിഞ്ഞ കുറച്ചു കാലങ്ങളായി കളംമാറ്റി ചവിട്ടുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.
കഴിയുന്നതും സര്‍ക്കാരുകള്‍ കടം വാങ്ങരുതെന്നും അഥവാ വാങ്ങിയാല്‍ നിശ്ചിത പരിധി കടക്കരുതെന്നുമാണ് നിയോ-ലിബറല്‍ ധനനയത്തിന്റെ കാതല്‍
സാമ്പത്തിക വളര്‍ച്ചക്കുള്ള എഞ്ചിനെന്ന നിലയിലും, സാമൂഹ്യക്ഷേമത്തിനും സര്‍ക്കാരിന്റെ പങ്ക് നിര്‍ണായകമാണെന്ന ബൈഡന്റെ അഭിപ്രായം നാലു ദശകങ്ങള്‍ക്ക് മുമ്പ് റെയ്ഗന്‍ പറഞ്ഞതിന്റെ വിപരീതമാണ്. റെയ്ഗന്റെ പ്രസിദ്ധമായ കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം (ട്രിക്കിള്‍-ഡൗണ്‍ തിയറി) സാമ്പത്തിക കാര്യത്തില്‍ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയ ബൈഡന്‍ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുമായി ഫെഡറല്‍ സര്‍ക്കാര്‍ 4-ലക്ഷം കോടി ഡോളര്‍ ചെലവഴിക്കുമെന്നും വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ നടപടികള്‍ക്കായി 1.9 ലക്ഷം കോടി ഡോളര്‍ ചെലഴിക്കാനുള്ള അനുമതി അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ നേടിയതിന് പുറമെയാണ് ബുധനാഴ്ച പ്രഖ്യാപിച്ച 4-ലക്ഷം കോടിയുടെ പദ്ധതികള്‍. പുതിയ പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്ന 2.3 ലക്ഷം കോടി ഡോളറിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നികുതി വര്‍ധിപ്പിച്ച് സമാഹരിക്കാനാവുമെന്ന് പ്രസിഡണ്ട് അവകാശപ്പെടുന്നു. 1.8 ലക്ഷം കോടി ഡോളറിന്റെ സാര്‍വലൗകികമായ സൗജന്യ പ്രീസ്‌കൂള്‍, രണ്ട് വര്‍ഷത്തെ സൗജന്യ കമ്മ്യൂണിറ്റി കോളേജ് പഠനം, 225 ബില്യണ്‍ ഡോളറിന്റെ ചൈല്‍ഡ് കെയര്‍ പദ്ധതി എന്നിവയാണ് മറ്റ് പ്രധാന ചെലവവിനങ്ങള്‍. അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ 1980-കള്‍ക്കു ശേഷം, പശ്ചാത്തല സൗകര്യമേഖലയിലും, സാമൂഹ്യക്ഷേമ മേഖലയിലും ഇത്രയും പണം നിക്ഷേപിക്കുമെന്ന് പറയുന്നത് പോലും അത്ഭുതമായാണ് വീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ 40-കൊല്ലമായി പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക വാദത്തിന്റെ അടിസ്ഥാന ധാരണകള്‍ക്ക് വിരുദ്ധമാണ് ബൈഡന്റെ പ്രഖ്യാപനം.

നവലിബറലിസത്തിന്റെ ഒരു പ്രധാന ആശയം സര്‍ക്കാരുകളുടെ സാമ്പത്തിക അച്ചടക്കമാണ്. കഴിയുന്നതും സര്‍ക്കാരുകള്‍ കടം വാങ്ങരുതെന്നും അഥവാ വാങ്ങിയാല്‍ നിശ്ചിത പരിധി കടക്കരുതെന്നുമാണ് നിയോ-ലിബറല്‍ ധനനയത്തിന്റെ കാതല്‍. നികുതിയും, കടമെടുക്കലുമാണ് ലോകത്തിലെ സര്‍ക്കാരുകളുടെ പ്രധാന വരുമാന ശ്രോതസ്സുകള്‍. കടമെടുക്കാന്‍ സര്‍ക്കാരുകള്‍ ധനവിപണിയില്‍ എത്തുന്നതോടെ സ്വകാര്യ നിക്ഷേപകരുടെ അവസരം കുറയുമെന്നും സാമ്പത്തിക വളര്‍ച്ചയെ ആകമാനം അത് നിഷേധാത്മകമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കടമെടുക്കരുതെന്ന ന്യായവാദം.
അതോടൊപ്പം നികുതി നിരക്കുകള്‍ പരമാവധി കുറയ്ക്കുകയെന്ന മറ്റൊരു നിയോലിബറല്‍ വാദം കൂടി ചേരുന്നതോടെ സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങള്‍ പ്രതിസന്ധിയിലാവും. സര്‍ക്കാരുകളുടെ മുന്‍ഗണന ക്രമത്തില്‍ ഇതോടെ ചെലവു ചുരുക്കല്‍ സ്വാഭാവികമായും പ്രമുഖ സ്ഥാനം കൈവരിക്കും. ജനക്ഷേമകരമായ സേവനമേഖലകളില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്തിരിയേണ്ടി വരും. 1980-കള്‍ മുതല്‍ ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ അരങ്ങേറുന്ന ഈപ്രതിഭാസത്തില്‍ നിന്നുമുള്ള വ്യതിയാനമാണ് ബൈഡന്റെ വാക്കുകളില്‍ കാണാനാവുക. ബൈഡന്റെ പദ്ധതികള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഉറപ്പുകള്‍ ഇല്ലെന്നു മാത്രമല്ല ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നും തീര്‍ച്ചയാണ്.
നവലിബറല്‍ പരിപ്രേക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം അമേരിക്കന്‍ ഭരണകൂടത്തില്‍ മാത്രമല്ല കാണാനാവുക. വാഷിംഗ്ടണ്‍ സമന്വയം എന്ന പേരില്‍ അറിയപ്പെടുന്ന നവലിബറല്‍ നയങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അന്താരാഷ്ട്ര നാണയ നിധിയും, ലോക ബാങ്കും തങ്ങളുടെ മുന്‍നിലപാടില്‍ നിന്നും ചില മാറ്റങ്ങള്‍ കുറച്ച് കാലമായി മുന്നോട്ടു വയ്ക്കുന്നതായി പുരോഗമനവാദികളായ ചില സാമ്പത്തിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകള്‍ ചെലവുകളും, പൊതുകടവും കുറയ്ക്കുക, ഐ.എം.എഫ്-ലോക ബാങ്ക് ധനസഹായത്തിനായി ഉപാധികള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പഴയതുപോലെ കടും പിടുത്തം കാണിക്കുന്നില്ല എന്നതാണ് ഈ സ്ഥാപനങ്ങളുടെ വീക്ഷണത്തില്‍ വന്ന മാറ്റത്തിന്റെ ലക്ഷണമായി ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍.
നിയോലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക അസമത്വം നീതീകരിക്കാന്‍ കഴിയാത്തവണ്ണം വളര്‍ന്നിരിക്കുന്നു. അസഹനീയമായ ഈ അസമത്വം സ്വാഭാവികമായും സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കുന്നതിനൊപ്പം വെള്ളക്കോളര്‍ കുറ്റകൃത്യങ്ങള്‍ എന്നറിയപ്പെടുന്ന ഭീമമായ സാമ്പത്തിക കുറ്റങ്ങള്‍ക്കും ഇടയാക്കുന്നു.
നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായി അമേരിക്കന്‍ ഭരണകൂടത്തിനും, ഐ.എം.എഫ്-ലോക ബാങ്ക് പ്രഭൃതികള്‍ക്കും മാനസാന്തരം സംഭവിച്ചതിന്റെ ഭാഗമായി ഈ മാറ്റങ്ങളെന്ന് കാണാനാവില്ലെന്ന് മൈക്കല്‍ റോബര്‍ട്സിനെ2 പോലുള്ള സാമ്പത്തിക പണ്ഡിതര്‍ വിലയിരുത്തുന്നു. 2008-ലെ വന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായി ഇനിയും കരകയറാത്ത ആഗോള മുതലാളിത്തം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധികളെ നേരിടുകയാണ്. അതില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് ഇപ്പോഴത്തെ മനം മാറ്റമെന്ന് റോബര്‍ട്സ് വിശദീകരിയ്ക്കുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി പ്രയോഗിക്കപ്പെട്ട നിയോലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ഭയാനകമായ സാമ്പത്തിക അസമത്വം ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയാത്തവണ്ണം വളര്‍ന്നിരിക്കുന്നു. അസഹനീയമായ ഈ അസമത്വം സ്വാഭാവികമായും സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കുന്നതിനൊപ്പം വെള്ളക്കോളര്‍ കുറ്റകൃത്യങ്ങള്‍ എന്നറിയപ്പെടുന്ന ഭീമമായ സാമ്പത്തിക കുറ്റങ്ങള്‍ക്കും ഇടയാക്കുന്നു. വംശീയ വിവേചനം, തൊഴില്‍ ചൂഷണം, സ്ത്രീകള്‍ക്കെതിരായ അക്രമം, മൂന്നാംലോക രാജ്യങ്ങള്‍ നേരിടുന്ന നവ-കൊളോണിയല്‍ ചൂഷണം, പരിസ്ഥിതി വിനാശം തുടങ്ങി പേരെടുത്തു പറയേണ്ട ഒരു പിടി സ്ഥായിയായ വിഷയങ്ങള്‍ക്ക് പുറമെയാണ് മഹാമാരിയുടെ ഭാഗമായി സംഭവിച്ച സാമ്പത്തിക-സാമൂഹ്യ തകര്‍ച്ച. ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ അമേരിക്കയിലുടനീളം നടന്ന കലാപങ്ങള്‍ സാമ്പത്തിക-സാമൂഹ്യ തകര്‍ച്ചയുടെ ആഴം വെളിപ്പെടുത്തുന്നു.
മുടിനാരിഴയുടെ പതിനായിരത്തിലൊന്നു പോലുമില്ലാത്ത ഒരു വൈറസ് മനുഷ്യരുടെ അതിജീവനം പോലും സംശയത്തിലാക്കിയ സാഹചര്യത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ ഋണബാധ്യത എഴുതി തള്ളണമെന്ന ആവശ്യം പരിഗണിക്കാത്ത സ്ഥാപനങ്ങളുടെ മഹാമനസ്‌കതയില്‍ അമിത പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല
ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ഏപ്രിലില്‍ 7-ന് മുന്നോട്ടു വച്ച ഗ്ലോബല്‍ പോളിസി അജന്‍ഡയില്‍ ഇതിന്റെ അനുരണനങ്ങള്‍ കാണാനാവും. വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റല്‍, പരിസ്ഥിതി മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശത്തിന് പുറമെ കൂടുതല്‍ കടാശ്വാസ നടപടികള്‍, നിലവിലുള്ള വായ്പകളുടെ തിരിച്ചടവിനായി കൂടുതള്‍ സാവകാശം, 2022 വരെ പലിശയില്‍ കുറവ് നല്‍കുക തുടങ്ങിയ കാര്യങ്ങളും ഐ.എം.എഫ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപരിപ്ലവമായ ചില നീക്കുപോക്കുകള്‍ കൈക്കൊള്ളുവാന്‍ നിര്‍ബന്ധിതമായതിനെ ഐ.എം.എഫ്- ലോക ബാങ്ക് നയങ്ങളില്‍ വന്ന മാറ്റമായി കരുതാനാവില്ലെന്ന് റോബര്‍ട്സ് വ്യക്തമാക്കുന്നു. കോവിഡിനെ തുടര്‍ന്നുള്ള വലിയ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കുന്നതിനായി മുന്‍നിര മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഭാരിച്ച ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതുപോലെ ഐ.എം.എഫും-ലോക ബാങ്കും ആഗോളതലത്തില്‍ വായ്പ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യങ്ങള്‍ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇപ്പോഴത്തെ കടാശ്വാസ നടപടികള്‍. മുതലാളിത്ത സമ്പദ്ഘടന നേരിടുന്ന ഘടനപരമായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ നടപടികള്‍ക്ക് ആവില്ലെന്ന് റോബര്‍ട്സ് പറയുന്നു. മുടിനാരിഴയുടെ പതിനായിരത്തിലൊന്നു പോലുമില്ലാത്ത ഒരു വൈറസ് മനുഷ്യരുടെ അതിജീവനം പോലും സംശയത്തിലാക്കിയ സാഹചര്യത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ ഋണബാധ്യത എഴുതി തള്ളണമെന്ന ആവശ്യം പരിഗണിക്കാത്ത സ്ഥാപനങ്ങളുടെ മഹാമനസ്‌കതയില്‍ അമിത പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല.▮
1: അമേരിക്കന്‍ ധനവിപണിയായ വാൾസ്ട്രീറ്റിലെ ആര്‍ത്തിയും, തട്ടിപ്പുകളുമെല്ലം സവിസ്തരം കൈകാര്യം ചെയ്യുന്ന എഴുത്തുകാരനാണ് മൈക്കല്‍ ലൂയിസ്. അദ്ദേഹത്തിന്റെ ‘ദ ഫ്യൂച്ചര്‍ ഹാസ് ജസ്റ്റ് ഹാപ്പന്‍ഡ്’ എന്ന കൃതിയിലെ നിരീക്ഷണം. ലാഭം മാത്രമാണ് മൂലധനത്തിനും, അത് കൈകാര്യം ചെയ്യുന്നവരുടെയും ഏകലക്ഷ്യം എന്ന നിഗമനത്തെ വിശദീകരിക്കാനാണ് ഈ നിരീക്ഷണം.
2: മൈക്കല്‍ റോബര്‍ട്സ്: ‘ഐ.എം.എഫ് ആൻറ് ഡെറ്റ്: എ ന്യൂ കണ്‍സെസ്’- ഏപ്രില്‍ 15, 2021.