കെ-റെയില്‍ വിരുദ്ധ പോരാട്ടം
ഷഫീഖ് താമരശ്ശേരി
ഈ നാടിന്റെ മുഴുവന്‍ സമാധാനവും
കെ-റെയിലുകൊണ്ട് സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്
കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനകളെന്ന്
സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍ അടിത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഒരന്വേഷണം

ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് രണ്ടുമണിയായിക്കാണും. വീടിന് പുറത്ത് നിന്ന് വലിയ ബഹളങ്ങള്‍ കേട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കിയ റോസി അക്ഷരാര്‍ത്ഥത്തില്‍ ഭയന്നുപോയി. വീട്ടുമുറ്റത്ത് നിറയെ പൊലീസുകാരും ആള്‍ക്കൂട്ടവും. അടച്ചിട്ട ഗേറ്റും മതിലും ചാടിക്കടന്നുകൊണ്ട് പൊലീസുകാര്‍ അകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. അവരുടെ കയ്യില്‍ എന്തൊക്കെയോ ഉപകരണങ്ങള്‍. മതിലിന് പുറത്ത് ക്യാമറയും മറ്റുമായി കുറേ മാധ്യമപ്രവര്‍ത്തകര്‍, പിന്നെ തടിച്ച് കൂടിയ നാട്ടുകാര്‍. അത്രയും പൊലീസുകാരെ ഇതിന് മുമ്പ് സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ റോസി ഭയന്നുവിറച്ചു. ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ചു. ഉറങ്ങുകയായിരുന്ന മക്കളെ വിളിച്ചുണര്‍ത്തി ചേര്‍ത്തുപിടിച്ചു. എന്താണെന്നറിയാതെ വാതില്‍ തുറക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍ അയല്‍വാസികളുടെ ഫോണ്‍ വന്നു. "വാതില്‍ തുറക്കൂ... പുറത്തുവന്നിരിക്കുന്നത് കെ - റെയിലിന്റെ ആള്‍ക്കാരാണ്'.
കെ റെയില്‍ എന്ന വാക്ക് പത്രങ്ങളിലും ടിവിയിലും കണ്ടിട്ടുണ്ട് എന്നല്ലാതെ അതെന്താണെന്ന് റോസിക്ക് അറിയുമായിരുന്നില്ല. കെ റെയില്‍ കടന്നുപോകുന്നത് താനും കുട്ടികളും ഇപ്പോള്‍ കഴിയുന്ന വീട് നില്ക്കുന്ന സ്ഥലത്ത് കൂടിയാണെന്നും ഇവിടെ നിന്നും ഒഴിഞ്ഞുപോകേണ്ടി വരുമെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ഇനിയുമൊരു ആഘാതം താങ്ങാന്‍ ശേഷിയില്ലാത്ത തരത്തില്‍ തകര്‍ന്നിരിക്കുന്ന റോസിയും മൂന്ന് മക്കളും കെ റെയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടുമുറ്റത്ത് മഞ്ഞക്കുറ്റി കുഴിച്ചിടുന്നതും ശേഷം നാട്ടുകാര്‍ അത് പിഴുതെറിയുന്നതും നോക്കി നിന്നു. കെ റെയില്‍ അതുവഴി കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പലരും പല വിവരങ്ങളും പറയുന്നുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയില്ല. അത് വിശദീകരിച്ചു നല്‍കേണ്ട ചുമതലയുള്ള ആരും ആ വീട്ടിലേക്ക് ഇതുവരെ വന്നിട്ടില്ല.

ഭര്‍ത്താവിനും മൂന്ന് ആണ്മക്കള്ക്കുമൊപ്പമുള്ള സന്തോഷകരമായ ജീവിതമായിരുന്നു റോസിയുടേത്. സൗദി അറേബ്യയിലെ കച്ചവടത്തില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ഭര്‍ത്താവ് മുജീബ് റഹ്മാന് നാട്ടുകാര്‍ക്ക് വേണ്ടിയും ചെലവഴിച്ചിരുന്നു. കോഴിക്കോട് വെസ്റ്റ് കല്ലായിക്കടുത്തുള്ള തെക്കുംപുറത്തെ സാമാന്യം മോശമല്ലാത്ത വീട്ടില്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളെയും കെടുത്തിക്കൊണ്ടാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് മുജീബ് റഹ്മാന് സൗദിയില്‍ വെച്ച് കൊവിഡ് ബാധിതനായി മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കളെല്ലാം തിരികെ പോയതോടെ റോസിയും മൂന്ന് മക്കളും മാത്രമായി വീട്ടില്‍. 16 വയസ്സുള്ള മൂത്ത മകന് അബ്ദുള്ള, 12 വയസ്സുള്ള രണ്ടാമന് ഉമര്‍, മൂന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ മകന് ബിലാല്‍. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേര്‍പാട് തീര്‍ത്ത പ്രഹരങ്ങളില്‍ നിന്ന് റോസി ഇനിയും പുറത്തുകടന്നിട്ടില്ല, വീടുവിട്ട് പുറത്തിറങ്ങാറുമില്ല. ജീവിതത്തിലിന്നുവരെ ഒന്നും സ്വയമേറ്റെടുത്ത് ചെയ്യേണ്ടി വന്നിട്ടില്ല, സ്വന്തമായി വരുമാന മാര്‍ഗവുമില്ല. തങ്ങള്‍ക്കിനി എന്ത് സംഭവിക്കുമെന്നറിയാതെ, ജീവിതത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ദുരന്തങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ആ കുടുബം.
ഗ്രാമ-നഗര ഭേദമന്യേ കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ അനേകം കുടുംബങ്ങള്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്നത് സമാനമായ സാഹചര്യങ്ങളാണ്. യാതൊരുവിധ മുന്നറിയിപ്പുകളും ഔദ്യോഗിക വിശദീകരണങ്ങളുമൊന്നുമില്ലാതെ തങ്ങളുടെ പുരയിടങ്ങളിലേക്കും വീടകങ്ങളിലേക്കുമിരച്ചുകയറിവന്ന പൊലീസുകാര്‍ക്കും കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധമിരമ്പി. കോഴിക്കോട് പള്ളിക്കണ്ടിയിലും ഇടിയങ്ങരയിലും, മലപ്പുറത്ത് തിരൂരിലും തിരുനാവായയിലും, എറണാകുളം ചോറ്റാനിക്കരയിലും കുട്ടമശ്ശേരിയിലും, കോട്ടയം മാടക്കരയിലും പാറമ്പുഴയിലുമെല്ലാം നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകളും അടിത്തട്ടിലെ യാഥാര്‍ത്ഥ്യവും
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വ്യത്യസ്തയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടയിലും പദ്ധതിക്കുള്ള അന്തിമാനുമതി നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു കേരളം. ഇതിനായി മാര്‍ച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയന് ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ നേരില്‍ കണ്ടു. ശേഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുവരുത്തിയതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

"ഏതെങ്കിലും കല്ലുകള്‍ ആരെങ്കിലും ഇളക്കിമാറ്റിയെന്ന് കരുതി സില്‍വര്‍ലൈന്‍ പദ്ധതി അവസാനിക്കില്ല' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞശേഷം പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച മുഖ്യമന്ത്രി, "ജനങ്ങള്‍ക്കാര്‍ക്കും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയുമില്ല, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്', എന്നും കൂടി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ തുറന്നുകാട്ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. ഇപ്പോള്‍ നടക്കുന്ന കല്ലിടല്‍ ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയല്ലെന്നും സാമൂഹികാഘാത പഠനത്തിന്റെ ഭാഗമാണെന്നുമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വിശദീകരിച്ചത്. ഈ യാഥാര്‍ത്ഥ്യം ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് വലിയ രീതിയില്‍ ബോധ്യമുണ്ട് എന്ന് മുഖ്യമന്ത്രി നിരന്തരം പറയുന്നുണ്ടെങ്കിലും അടിത്തട്ടിലെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയും സര്‍ക്കാര്‍ പ്രതിനിധികളുടെ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളും കല്ലിടാനെത്തുന്നവരുടെ പ്രവൃത്തികളിലെ ജനാധിപത്യവിരുദ്ധതയുമാണ് അടിത്തട്ടില്‍ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചത്. കാലങ്ങളായി താമസിക്കുന്ന മണ്ണില്‍ നിന്നും കുടിയൊഴിഞ്ഞുപോകേണ്ടി വരുമെന്ന ഭീതിയില്‍ കഴിയുന്ന ദരിദ്ര -പിന്നാക്ക വിഭാഗങ്ങളുടെ വീടുകളിലേക്കേ് സര്വേക്കല്ലുമായെത്തുന്നതിന് മുമ്പ് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ജനാധിപത്യ സമീപനം സര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ല.
കല്ലിടല്‍ എന്ന ആഘാതം
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കാതെ നടപ്പാക്കുന്നത് സാധാരണക്കാര്‍ക്കിടയില്‍ എത്രമാത്രം പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട് എന്നതിന്റെ നേര്‍ചിത്രമായിരുന്നു മലപ്പുറം തവനൂരിലെ തങ്ക എന്ന വയോധികയുടെ കരച്ചില്. മാര്‍ച്ച് 23 ന് തവനൂരിലെ കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പാചകത്തൊഴിലാളിയായ കുണ്ടപ്പറമ്പില്‍ തങ്ക തന്റെ വീടിനടുത്ത് സര്‍വേ നടക്കുന്ന വിവരമറിയുന്നത്. മറ്റ് നാടുകളില്‍ സര്‍വേ നടക്കുന്ന സമയത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചില് ടിവിയിലൂടെ കണ്ട് ഭയപ്പെട്ടിരുന്ന തങ്ക തനിക്കും ഈ ഗതി വന്നെന്നറിഞ്ഞ് ഭയന്ന് വീട്ടിലേക്കോടി. അവിടെ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് കണ്ട് തിരികെ കാര്‍ഷിക കോളേജിന് മുന്നിലെത്തി. കവാടത്തിന് മുന്നിലെ പൊലീസുകാരെയും മാധ്യമങ്ങളെയും കണ്ടതോടെ തന്റെയുള്ളിലെ സങ്കടഭാരം തുറന്നു. "കാലങ്ങളോളം കൂലിപ്പണിയെടുത്ത് വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ ചെറിയ കൂരയാണ്, അവിടുന്നെന്നെ ഇറക്കിവിടല്ലേ സാറന്മാരേ...' എന്ന് പറഞ്ഞ് നിര്‍ത്താതെ കരഞ്ഞ ആ പാവം വയോധികയെ നാട്ടുകാര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയയായിരുന്നു.

കല്ലിടലിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിലും സ്കൂളിലും ഇരച്ചെത്തിയ പൊലീസുകാര്‍ സൃഷ്ടിച്ച ഭീതിയില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയായ എറണാകുളം കുട്ടമശ്ശേരി സ്വദേശിനി ഷാജില നൗഷാദ് ട്രൂകോപ്പിയോട് പറഞ്ഞത്. "അവര്‍ ആദ്യം ഇവിടുത്തെ വീടുകളില്‍ കല്ലിട്ടു. പിന്നീട് സ്കൂളിന് നടുവിലും. പ്രതിഷേധിച്ച നാട്ടുകാരെയെല്ലാം അറസ്റ്റ് ചെയ്തുനീക്കി. അത് ചോദ്യം ചെയ്ത ഞങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ ബലം പ്രയോഗിച്ചു. ഇതെല്ലാം കണ്ടുനിന്ന ഞങ്ങളുടെ കുട്ടികള്‍ ഇപ്പോഴും ആ ഷോക്കില്‍ തന്നെയാണ്. സമാധാനത്തോടെ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക് എന്തിനാണ് ഇത്രയും പൊലീസുകാര്‍ വന്നതെന്നറിയില്ല. ഈ നാടിന്റെ മുഴുവന്‍ സമാധാനവും അവര്‍ തകര്‍ത്തിരിക്കുകയാണ്', ഷാജില നൗഷാദ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം ജില്ലയിലെ കുട്ടമശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. 2018 ലെ പ്രളയത്തില്‍ വെള്ളം കയറി നശിച്ച സ്കൂള്‍ പുതുക്കി നിര്‍മിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ വലിയ ശ്രമങ്ങളാണ് നടത്തിയത്. നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം സംയുക്തമായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി മൂന്ന് കോടി രൂപ സ്കൂളിന് അനുവദിക്കപ്പെട്ടു. പണി പൂര്‍ത്തിയായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സില്‍വര്‍ ലൈനിന് വേണ്ടി സ്കൂളിന് നടുവില്‍ കല്ലിട്ടിരിക്കുന്നത്. നാടിന്റെ വലിയ വികസന സ്വപ്നങ്ങളായിരുന്ന സ്കൂള്‍, ആയുര്‍വേദ ഡിസ്പന്‍സറി, അംഗന്‍വാടി എന്നിവിടങ്ങളിലെല്ലാം കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലിട്ടതിനെ വലിയ ആശങ്കയിലാണ് നാട്ടുകാര്‍ കാണുന്നത്. "നഷ്ടപരിഹാരം തരാമെന്നും പദ്ധതി ബാധിക്കാന്‍ പോകുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്നും പറഞ്ഞിരുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ആരോടും ഒരു വാക്ക് പോലും പറയാതെ ഞങ്ങളുടെ അടുക്കളകളില്‍ വരെ കയറി കല്ലിട്ടിരിക്കുന്നത്', കുട്ടമശ്ശേരി സ്വദേശിനിയായ മിനി ട്രൂകോപ്പിയോട് പറഞ്ഞു.

കല്ലിടലുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങളുണ്ടായ കോഴിക്കോട് കല്ലായി, പള്ളിക്കണ്ടി, തെക്കുംപുറം പ്രദേശങ്ങളിലെ വീട്ടുകാരും വലിയ ഭീതിയിലാണ്. "ജനങ്ങള്‍ അങ്ങേയറ്റം തിങ്ങിത്താമസിക്കുന്ന മേഖലയാണിത്. കല്ലായിപ്പുഴ, അറബിക്കടല്‍, റെയില്‍വേ ട്രാക്ക്, വലിയങ്ങാടി എന്നിങ്ങനെ നാല് ഭാഗവും ചുറ്റപ്പെട്ട ഒരു തുരുത്ത് പോലെയാണ് ഈ പ്രദേശം. ചരിത്രപരമായി നിരവധി സവിശേഷതകള്‍ ഈ നാടിനുണ്ട്. ആകെ രണ്ട് കിലോമീറ്റര്‍ ചുറ്റളവ് മാത്രമാണ് ഈ പ്രദേശത്തിനുള്ളതെങ്കിലും കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനസാന്ദ്രത വളരെ കൂടുതലാണ്. ഇതിലൂടെ കെ റെയില്‍ കടന്നുപോവുകയാണെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും', കല്ലായി തെക്കുംപുറത്ത് മരക്കച്ചവടക്കാരനായ നിസാര്‍ ട്രൂകോപ്പിയോട് പറഞ്ഞു.

ഇന്നുവരെ സി.പി.ഐ.എമ്മിന് മാത്രം വോട്ട് ചെയ്തിട്ടും തന്റേതെന്ന് കരുതിയ സര്‍ക്കാറില്‍ നിന്നും ദുരനുഭവങ്ങളുണ്ടായതിന്റെ വേദനയാണ് തെക്കുംപുറം സ്വദേശിനിയായ അഫ്സ ട്രൂകോപ്പിയുമായി പങ്കുവെച്ചത്. "ഞാന്‍ ഒരു അടിയുറച്ച കമ്യൂണിസ്റ്റാണ്. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള ഞങ്ങളുടെ ഈ വാര്‍ഡില്‍ 26 വര്‍ഷത്തിന് ശേഷം സി.പി.ഐ.എം വിജയിച്ചപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് എന്റെ കുടുബം. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ എന്റെ രണ്ട് മക്കള്‍ക്കൊപ്പം ചെങ്കൊടിയും പിടിച്ച് ഞാനും ആഹ്ലാദപ്രകടനങ്ങള്‍ക്ക് പോയിട്ടുണ്ട്. ഇപ്പോഴും പിണറായി വിജയനോട് വലിയ ബഹുമാനമുണ്ട്. സര്‍ക്കാറില്‍ നിന്ന് ഞങ്ങള്‍ക്കൊരു ആനുകൂല്യവും വേണ്ട, സഹായവും വേണ്ട. ഞങ്ങളെ ജന്മനാട്ടില് ജീവിക്കാന്‍ മാത്രം സമ്മതിച്ചാല്‍ മതി', അഫ്സ പറയുന്നു.
"കല്ലിടലിന്റെ ഭാഗമായി വന്ന പൊലീസുകാരും ഉദ്യോഗസ്ഥരും യാതൊരു മര്യാദയും ഞങ്ങളോട് കാണിച്ചില്ല. ഞങ്ങള്‍ തലമുറകളായി താമസിക്കുന്ന സ്ഥലത്ത് വന്ന് കുറ്റിയടിച്ച് പോകുമ്പോള്‍ മിനിമം അക്കാര്യം ഞങ്ങളോട് പറയാന്‍ പോലും തയ്യാറാകാത്തവര്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് കല്പിക്കുന്ന വിലയെന്താണ്. എന്റെ ഉപ്പ മരിച്ചിട്ട് 6 മാസം മാത്രമായിട്ടേ ഉള്ളൂ, ഉപ്പയുടെ ഓര്‍മകളുള്ള ഈ മണ്ണ് വിട്ട് പോകേണ്ടി വരിക എന്നത് എന്നെ സംബന്ധിച്ച് മരിക്കുന്നതിന് തുല്യമാണ്', അഫ്സ കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ എന്ന പദ്ധതിയേക്കാള്‍ പ്രശ്നമാണ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമീപനങ്ങളെന്നാണ് കോതിപ്പാലം സ്വദേശിയായ നജീബ് പറയുന്നത്. "നേരത്തെയും ഒരു സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുത്തിട്ടുള്ള ആളാണ് ഞാന്‍. കോതിപ്പാലം അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആറ് മാസം മുമ്പെ തഹസില്‍ദാറില്‍ നിന്ന് എനിക്ക് നോട്ടീസ് ലഭിച്ചു. നാടിന്റെ പൊതു ആവശ്യം എന്ന നിലയില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറാകുകയും ചെയ്തു. അന്ന് ആ പ്രദേശത്തുണ്ടായിരുന്ന മാര്‍ക്കറ്റ് വിലയേക്കാള്‍ എത്രയോ തുച്ഛമായ തുകയാണ് എനിക്ക് ലഭിച്ചത്. എന്നിട്ടും ഞാനത് കാര്യമാക്കാതിരുന്നത് അന്ന് സര്‍ക്കാര്‍ എന്നോട് മാന്യമായാണ് പെരുമാറിയത് എന്നതുകൊണ്ട് കൂടിയായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി അങ്ങനെയല്ല, ഇവിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസും സംഘവും ഞങ്ങളുടെയൊക്കെ വീടുകളില്‍ കയറി തോന്നിവാസം കാണിക്കുന്നു എന്നതുകൊണ്ടാണ് ഞങ്ങള്‍ ഈ രീതിയില്‍ പ്രകോപിതരാകുന്നത്', നബീജ് ട്രൂ കോപ്പിയോട് പറഞ്ഞു.
കല്ലിടാന്‍ നിയമമില്ല
കേരള സര്‍വേ അതിര്‍ത്തി നിയമത്തില്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടണമെന്ന നിര്‍ദേശം എവിടെയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരള സര്‍വേ അതിര്‍ത്തി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപന പ്രകാരമാണ് കല്ലിടല്‍ നടത്തുന്നതെന്നാണ് കെ റെയിലിന്റെ വാദം. എന്നാല്‍ നിയമത്തില്‍ ഒരിടത്തും കല്ല് എന്ന വാക്ക് പോലുമില്ല. സര്‍വേ ഭൂമിയുടെ അതിര്‍ത്തികളില്‍ അടയാളം നല്‍കണമെന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാറിന് ഏത് ഭൂമിയിലും സര്‍വേ നടത്തി അതിരുകള്‍ നിശ്ചയിക്കാമെന്ന് ഈ നിയമത്തില്‍ പറയുന്നു. അതിരടയാളവും നല്‍കാം. എന്നാല്‍ കല്ലിടണമെന്ന് നിര്‍ബന്ധമില്ല. ഇപ്പോള്‍ കെ റെയില്‍ സ്ഥാപിക്കുന്ന കല്ലിന്റെ രൂപവും അളവും സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സാമൂഹികാഘാകാത പഠനത്തിന് കല്ലിടല്‍ അനിവാര്യമാണെന്നത് ആധികാരികമായി വിശദീകരിക്കാന്‍ കെ റെയിലിന് സാധിച്ചിട്ടില്ല. മാര്‍ച്ച് 21 ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ കല്ലിടലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അതിന്മേല് കൃത്യമായ ഉത്തരങ്ങള്‍ നല്കാന് കെ - റെയില്‍ എം.ഡി, വി. അജിത് കുമാറിന് സാധിച്ചിട്ടില്ല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുകയോ, പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ വായ്പകള്‍ തരപ്പെടുകയോ ചെയ്തിട്ടില്ല എന്നിരിക്കെ കെ റെയിലെന്ന് പേരെഴുതിയ കല്ലുകള്‍ പാകുന്നതിലെ പ്രശ്നവും പലരും ഉന്നയിക്കുന്നുണ്ട്.
ഔദ്യോഗിക വിശദീകരണങ്ങളിലെ പൊരുത്തക്കേടുകള്‍
പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമായ ഒന്ന്, ഔദ്യോഗിക വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളാണ്. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, കെ റെയില്‍ ഉദ്യോഗസ്ഥര്‍, ഭരണ മുന്നണിയിലെ നേതാക്കള്‍ എന്നിങ്ങനെ വിവിധയാളുകള്‍ നല്കുന്ന വിശദീകരണങ്ങളിലെ പൊരുത്തക്കേടുകള്‍ ജനങ്ങളെ വലിയ രീതിയില്‍ പ്രയാസത്തിലാക്കുന്നുണ്ട്.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബഫര്‍ സോണിനെക്കുറിച്ചുള്ള വിശദീകരണങ്ങളിലാണ് ഈ രീതിയില്‍ വലിയ ആശയക്കുഴപ്പങ്ങളുണ്ടായത്. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് ബഫര്‍ സോണ്‍ ഇല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന് ആദ്യം പറഞ്ഞിരുന്നത്. "സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ട്രാക്കിന് ചുറ്റും ഒരു മീറ്റര്‍ പോലും ബഫര്‍ സോണ്‍ ഇല്ല, ബഫര്‍ സോണ്‍ ഉണ്ടെന്നത് കള്ളപ്രചാരണമാണ്. ഞാന്‍ ഡി.പി.ആര് നന്നായി പഠിച്ചതാണ്. എല്ലാവരും ഡി.പി.ആര് പഠിക്കണം. സില്‍വര്‍ ലൈനില്‍ ബഹുഭൂരിപക്ഷം ഭാഗത്തും മുകളില്‍ കൂടിയാണ് ട്രാക്ക്. അവിടെ എന്തിനാണ് ബഫര്‍ സോണ്‍', ഇാതായിരുന്നു മാര്‍ച്ച് 21 ന് ആലപ്പുഴയില്‍ വെച്ച് മന്ത്രി സജി ചെറിയാന് നടത്തിയ പ്രസ്താവന. എന്നാല്‍ അതേ ദിവസം തന്നെ തിരുവനന്തപുരത്ത് വെച്ച് കെ റെയില്‍ എം.ഡി, വി. അജിത് കുമാര്‍ സജി ചെറിയാന്റെ പ്രസ്താവനകളെ തിരുത്തുകയുണ്ടായി. സില്‍വര്‍ ലൈനിന് ഇരുവശത്തും 10 മീറ്റര്‍ വീതം ബഫര്‍ സോണ്‍ ഉണ്ടെന്നും ഇതില്‍ ആദ്യ അഞ്ച് മീറ്ററില്‍ നിര്‍മാണം പാടില്ല എന്നും ബാക്കിവരുന്ന അഞ്ച് മീറ്ററില്‍ നിര്‍മാണം നടത്തുന്നതിന് അനുമതി വേണമെന്നുമാണ് വി. അജിത് കുമാര്‍ പറഞ്ഞത്.

ബഫര്‍ സോണുമായി ബന്ധപ്പെട്ട കാര്യത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് ശരി എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചതോടെ സജി ചെറിയാന് തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് നിലപാട് മാറ്റുകയായിരുന്നു. പദ്ധതിയെക്കുറിച്ച് ആദ്യാവസാനം മുഴുവന്‍ പഠിച്ച് മനസ്സിലാക്കിയിട്ടുണ്ട് എന്ന തരത്തിലുള്ള മുഖവുരയോടെ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നര് നടത്തുന്ന പ്രസ്താവനകളിലാണ് ഇത്തരത്തില്‍ ജനങ്ങളെ കുഴക്കുന്ന ഗൗരവമായ വസ്തുതാ പിഴവുകളുണ്ടാകുന്നത്.
ബഫര്‍ സോണ്‍ ഉണ്ട് എന്നത് കെ റെയില്‍ എം.ഡി തന്നെ സ്ഥിരീകരിച്ചിരിക്കെ തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് 35 - 45 മീറ്റര്‍ വരെയുള്ള ഭൂമിയാണ് എന്ന തിരിച്ചറിവിലാണ് നാട്ടുകാര്‍. കെ റെയിലിന് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള തുക ലഭിക്കുക 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയുള്ള സ്ഥലത്തിനാണ്. ബാക്കി വരുന്ന 10 മീറ്ററോളം സ്ഥലത്ത് നിയന്ത്രണങ്ങളുണ്ടായിരിക്കെ ആ സ്ഥലം കൊണ്ട് പ്രയോചനനമുണ്ടാവില്ല എന്നതാണ് സ്ഥിതി.
പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍, നഷ്ടപരിഹാരം, പദ്ധതികള്‍ കടന്നുപോകുന്ന വഴി, പുനരധിവാസ പദ്ധതി, പദ്ധതി ബാധിത കുടുംബങ്ങളുടെ കണക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടെല്ലാം വലിയ രീതിയിലുള്ള തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. പദ്ധതിയെക്കുറിച്ച് സാധാരണക്കാര്‍ക്ക് അവബോധം നല്‍കുന്നതിനുള്ള യാതൊരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടുമില്ല.

"പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി ഏതാനും പൗരപ്രമുഖരെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്ന ആളുകളോട് ഇതുവരെ ആരും ഒന്നും സംസാരിച്ചിട്ടില്ല. ആദ്യം വിശദീകരിക്കേണ്ടത് കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ മനുഷ്യരോടാണ്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് അതല്ല', കല്ലായി സ്വദേശിയായ റഹനീഷ് ട്രൂകോപ്പിയോട് പറഞ്ഞു.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സംരക്ഷണ ഭിത്തിയുടെ കാര്യത്തിലും സമാനമായ ആശയക്കുഴങ്ങളുണ്ട്. പാളത്തിന് ഇരുവശത്തും 2.4 മീറ്റര്‍ ഉയരത്തില്‍ മതില് വേണമെന്നാണ് ഡി.പി.ആറിലെ നിര്‍ദേശമെങ്കിലും അങ്ങനെയൊരു മതില് ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. പാതയുടെ ഇരുവശത്തും സംസ്ഥാനത്തുടനീളം മതിലുണ്ടാകുമെന്നത് കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആശങ്കയുയര്ന്നതിന് പിന്നാലെയാണ് അങ്ങനെയൊരു മതിലുണ്ടാകില്ല എന്ന തരത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. എന്നാല്‍ ഇരുവശവും വേലിയുണ്ടാകുമെന്ന് തന്നെയാണ് കെ റെയില്‍ എം.ഡി വി. അജിത് കുമാര്‍ പറഞ്ഞത്. മതിലില്‍ പരസ്യം പതിച്ച് വരുമാനമുണ്ടാക്കാമെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും ഡി.പി.ആറില്‍ നിര്‍ദേശവുമുണ്ട്. മാത്രവുമല്ല, മണിക്കൂറില്‍ 200 ല്‍ അധികം വേഗതയില്‍ ചീറിപ്പായുന്ന ട്രെയിനുകളുള്ള പാതയ്ക്ക് സംരക്ഷണ ഭിത്തിയില്ലെങ്കില് അതുണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും വലുതായിരിക്കും. അങ്ങനെയിരിക്കെ സുരക്ഷാ മതിലുണ്ടാവില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നത് സംബന്ധിച്ച വ്യക്തതകളില്ല.
സമരത്തെ സര്‍ക്കാര്‍ നേരിടുന്ന രീതി
കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വ്യത്യസ്ത ജില്ലകളിലെ വിവിധ ഭൂപ്രദേശങ്ങളില്‍ പല ഘട്ടങ്ങളിലായി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയെ കാര്യമായി കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കെ റെയില്‍ വിരുദ്ധ സമരം കേവലം സര്‍ക്കാര്‍ വിരുദ്ധ സമരമാണെന്നും അത് വിമോചന സമരത്തിന് തുല്യമാണെന്നുമാണ് സി.പി.ഐ.എം നേതാക്കളുടെ പ്രതികരണം. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണമുയര്‍ത്തിയത് മുഖ്യമന്ത്രി തന്നെയാണ്. കെ റെയില്‍ വിരുദ്ധ സമരത്തിലുള്ളവരെല്ലാം കേരള വിരുദ്ധ മുന്നണിയുടെ ഭാഗമാണെന്ന പ്രസ്താവനയുമായി മന്ത്രി പി. രാജീവും രംഗത്ത് വന്നു, ഏറ്റവുമൊടുവില്‍ മന്ത്രി സജി ചെറിയാന് പറഞ്ഞത് കെ റെയില്‍ വിരുദ്ധ സമരക്കാരെ സഹായിക്കുന്നത് ഓട്ടോ മൊബൈല്‍ കമ്പനികളാണ് എന്നാണ്.

കെ റെയില്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പലതരത്തിലുള്ള ചാപ്പകള്‍ നല്കുന്നതിനിടയില് ഒരിക്കല്‍പോലും എന്തുകൊണ്ട് കെ റെയിലിനെതിരെ ജനകീയ ചെറുത്തുനില്പുകളുണ്ടാകുന്നു എന്ന ചോദ്യത്തെ രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ ഇതുപക്ഷ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ചെറു സംഘങ്ങളായി ചേര്‍ന്ന് നേരത്തെ തന്നെ ജനകീയ സമരസമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍, അങ്ങേയറ്റം ആശങ്കയില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് മുന്നറിയിപ്പുകളില്ലാതെ കല്ലിടാന്‍ ചെന്നതാണ് രൂക്ഷമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത് എന്നത് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ നെറുകയിലൂടെ ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ ആ പദ്ധതിയുടെ ആദ്യ ഘട്ടമായി സര്‍ക്കാര്‍ കണക്കാക്കേണ്ടത് പദ്ധതി ബാധിക്കാന്‍ പോകുന്ന കുടുംബങ്ങളെ കൃത്യമായി കണ്ടെത്തി അവരെ പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണ്. ഇനിയുമതിന് തയ്യാറാകാതെ മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ വലിയ ആഘാതങ്ങള്‍ തന്നെയായിരിക്കും അടിത്തട്ടില്‍ സൃഷ്ടിക്കുക. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ അറിയിക്കാം