വിദ്യാഭ്യാസ പ്രതിസന്ധി
കെ.വി. മനോജ്
മലയാളം വായിക്കാനറിയാത്ത
മൂന്നാം ക്ലാസുകാർ
നമ്മുടെ കുട്ടികളെക്കുറിച്ച്, ആശങ്കകളോടെ...
സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍.സി.ഇ.ആര്‍.ടി. സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡിനുമുമ്പു നടന്ന നിതി ആയോഗ് സര്‍വേയില്‍ എല്ലാ മേഖലകളിലും ഒന്നാമതെത്തിയ സംസ്ഥാനമാണു കേരളം എന്നും ഓർക്കണം. ഇത് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ചോദ്യങ്ങളുയര്‍ത്തുന്നു.

ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ കോവിഡ് സൃഷ്ടിച്ച ആഴമേറിയ അക്കാദമിക പ്രതിസന്ധിയുടെ നേര്‍സാക്ഷ്യങ്ങളായി സര്‍വേ റിപ്പോര്‍ട്ടുകളും, പഠനങ്ങളും പുറത്തുവരികയാണ്. എന്‍.സി.ഇ.ആര്‍.ടി.യുടെ നാഷണല്‍ അച്ചീവ്‌മെൻറ് സര്‍വേ, ഏറ്റവുമൊടുവില്‍ പുറത്തുവന്ന ‘നിപുണ്‍ ഭാരത് മിഷന്‍’ സര്‍വേ എന്നിവയിലെല്ലാം ഇന്ത്യന്‍ വിദ്യാഭ്യാസമേഖല കടന്നുപോകുന്ന തകര്‍ച്ചയുടെ അപായസൂചനകളുണ്ട്. വായനയും, എഴുത്തും, കണക്കുമുള്‍പ്പെടെയുളള ശേഷികളില്‍ ഇന്ത്യയെമ്പാടുമുള്ള അടിസ്ഥാന വിഭാഗങ്ങളിലെ കുട്ടികള്‍ പകച്ചുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. ലോക്ഡൗണും, സ്‌കൂള്‍ അടച്ചുപൂട്ടലുകളും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പേരിലുള്ള ഗിമ്മിക്കുകളും സൃഷ്ടിച്ച പഠനപ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ല എന്ന ഓര്‍മപ്പെടുത്തല്‍ റിപ്പോര്‍ട്ടുകളിലുണ്ട്. കോവിഡ് സൃഷ്ടിച്ച പഠനനഷ്ടം പരിഹരിക്കാതെയും, പരിഹാര ബോധനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാതെയും മുന്നോട്ടുപോയ വിദ്യാഭ്യാസ വ്യവസ്ഥകളിലെല്ലാം കുട്ടികളുടെ അടിസ്ഥാന പഠനശേഷികളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഫലപ്രദമായ ഒരു കോവിഡനന്തര വിദ്യാഭ്യാസസമീപനമില്ലായ്മയുടെ പ്രശ്‌നം കൂടിയായി ഇതിനെ വിലയിരുത്തേണ്ടിവരുന്നു. കേരളത്തിലുള്‍പ്പെടെ കുട്ടികളുടെ അടിസ്ഥാനശേഷികള്‍ ഉറപ്പിക്കുന്നതിനോ, ബ്രിഡ്ജിങ്ങിലൂടെ പഠനവിടവ് പരിഹരിക്കുന്നതിനോ, വൈകാരിക - മാനസിക പ്രതിസന്ധികള്‍ പരിഗണിക്കുന്നതിനോ കാര്യമായ ശ്രമമുണ്ടായിട്ടില്ല.
അടിസ്ഥാന ഗണിത ശേഷികളിലും തൃപ്തികരമായ പ്രകടനമല്ല കേരളത്തിന്റേത്. ‘നാസി’ലും നിപുണ്‍ സര്‍വേയിലും പഞ്ചാബും, ബംഗാളുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതും നാം പരിഗണിക്കണം.
അസ്വസ്ഥജനകമായ സര്‍വേ ഫലം
എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘നിപുണ്‍ ഭാരത് മിഷന്‍’. മൂന്നാം ക്ലാസിന്റെ അവസാനത്തോടെ പ്രതീക്ഷിക്കുന്ന പഠനഫലം കൈവരിക്കുകയാണ് ലക്ഷ്യം. 2026 - 27 ആകുമ്പോഴേക്കും മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാവബോധവും നേടിയെടുക്കാന്‍ കഴിയണം. ഈ ലക്ഷ്യത്തോടെ മാര്‍ച്ച് 23-നും 26-നുമിടയിലായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 10,000 സ്‌കൂളുകളിലെ 86,000 മൂന്നാം ക്ലാസ് കുട്ടികളിലാണ് എന്‍.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പഠനം നടത്തിയത്. വായനയിലെ വൈദഗ്ധ്യം, പദശേഷി, വായനയിലെ ഒഴുക്കും ഗ്രഹണശേഷിയും, ഗണിതപ്രക്രിയകളും, ഗണിത നിലവാരവുമെല്ലാം സര്‍വേയുടെ ഭാഗമായി പരിശോധിക്കപ്പെട്ടു. മസ്തിഷ്‌കപ്രവര്‍ത്തനം സജീവമായി നടക്കുന്ന 6, 7 പ്രായത്തിലുള്ള കുട്ടികളിലുണ്ടാവുന്ന അടിസ്ഥാന വിദ്യാഭ്യാസശേഷികളിലെ കുറവ് നമ്മുടെ വരുംകാല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിച്ചേക്കുമെന്നതിനാല്‍ ‘നിപുണ്‍ ഭാരത് മിഷന്‍’ സര്‍വേ ഫലങ്ങളെ അവഗണിക്കാന്‍ കഴിയില്ല.

2022-ല്‍ പുറത്തുവന്ന നാഷണല്‍ അച്ചീവ്‌മെൻറ് സര്‍വേ (‘നാസ്’) പഠനത്തിന്റെ ഫലങ്ങളില്‍ ചിലതിനെ അടിവരയിടുന്നുണ്ട് ‘നിപുണ്‍ മിഷന്‍’ സര്‍വേ ഫലം. പുതിയ ദേശീയനയത്തിലെ ഒന്നാംഘട്ടമായ അഞ്ചുവര്‍ഷത്തെ ഫൗണ്ടേഷണല്‍ ഘട്ടം അവസാനിക്കുന്നത് മൂന്നാം ക്ലാസിലാണ്. അഞ്ചുവര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയെന്തെന്ന പരിശോധനയും അടിസ്ഥാനശേഷികളിലെ നിലവാരവും ഈ ഘട്ടത്തിലാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍, മൂന്നാം ക്ലാസിനെക്കൂടി ഉള്‍പ്പെടുത്തിയാണ് ‘നാസ്’ സര്‍വേ നടന്നത്. ദേശീയതലത്തില്‍ മൂന്നാം ക്ലാസില്‍ 2017-ലെ ‘നാസ്’ സര്‍വേയില്‍ ഭാഷയില്‍ സ്‌കോര്‍ 68% ഉം ഗണിതത്തില്‍ 64 % ഉം പരിസരപഠനത്തില്‍ 65% ആയിരുന്നുവെങ്കില്‍ 2021-ല്‍ അത് യഥാക്രമം 62% , 57%, 57% വുമായി കുറയുകയുണ്ടായി. നിപുണ്‍ സര്‍വേയില്‍ മൂന്നാം ക്ലാസില്‍ എൻറോൾ ചെയ്യപ്പെട്ട കുട്ടികളില്‍ 37% കുട്ടികള്‍ക്കും പരിമിതമായ ഗണിതശേഷി മാത്രമാണുള്ളത്. 11% കുട്ടികള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായ ഗണിതക്രിയകള്‍ പോലും ചെയ്യാനാവുന്നില്ല. അതായത് 48% വിദ്യാര്‍ഥികളുടെ ഗണിതശേഷി ഒട്ടും തൃപ്തികരമല്ല. ഏതാണ്ട് 10% വിദ്യാര്‍ഥികളാണ് മികച്ച ഗണിത- ഭാഷാശേഷികള്‍ പ്രകടിപ്പിച്ചത്.
കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് മലയാളത്തില്‍ ശരാശരിക്കുമുകളില്‍ പ്രാവീണ്യമുള്ളത്. ഈ കുട്ടികള്‍ക്ക് ഒരു മിനിറ്റില്‍ 51 വാക്കുകളോ അതില്‍ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു.
ഹിന്ദി ഭാഷ സംസാരിക്കുന്ന 18 സംസ്ഥാനങ്ങളിലെ 53% കുട്ടികള്‍ക്കും ഭാഷയില്‍ പ്രാവീണ്യമില്ല. മലയാളത്തിലും തമിഴിലും ഇത് 59% ഉം 77% വുമാണ്. മറ്റു പ്രാദേശിക ഭാഷകളിലും അടിസ്ഥാന നിലവാരം ഏറെ താഴെയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക ഭാഷാ പ്രാവീണ്യം കുറവാണ്. അസമിലെ 67 ശതമാനം വിദ്യാര്‍ഥികള്‍ക്ക് അസമീസ് ഭാഷയില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. മേഘാലയയിലെ 61 ശതമാനം പേര്‍ക്ക് ഖാസിയിലും മണിപ്പുരിലെ 54 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മണിപ്പുരിയിലും 59 ശതമാനം ഗോവന്‍ വിദ്യാര്‍ഥികള്‍ക്ക് കൊങ്കിണിയിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.എന്നാല്‍ സര്‍വേയില്‍ ഇംഗ്ലീഷിന്റെ നിലവാരം ഒട്ടൊക്കെ തൃപ്തികരമാണ്. 55% കുട്ടികളും ഇംഗ്ലീഷില്‍ ശരാശരിക്കുമുകളില്‍ പ്രകടനം നടത്തുന്നു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഇംഗ്ലീഷ് പഠനത്തോടുള്ള താല്‍പ്പര്യം ഈ റിസള്‍ട്ടിനെ സ്വാധീനിച്ചിട്ടുണ്ടാവാം. ഇംഗ്ലീഷിന്റെ പ്രാധാന്യം കുറച്ച് പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കണമെന്ന പുതിയ ദേശീയ നയത്തിന്റെ നിര്‍ദേശം ഈയൊരു സാഹചര്യത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനിടയുണ്ട്.
കേരളം എവിടെ നില്‍ക്കുന്നു?
സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍.സി.ഇ.ആര്‍.ടി. സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സംബന്ധിക്കുന്ന ചോദ്യങ്ങളുയര്‍ത്തുന്നു. സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാര്‍ഥികളിലാണ് സര്‍വേ നടത്തിയത്.

റിപ്പോര്‍ട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് മലയാളത്തില്‍ ശരാശരിക്കുമുകളില്‍ പ്രാവീണ്യമുള്ളത്. ഈ കുട്ടികള്‍ക്ക് ഒരു മിനിറ്റില്‍ 51 വാക്കുകളോ അതില്‍ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം കുട്ടികള്‍ ശരാശരിക്ക് അടുത്ത പ്രകടനം കാഴ്ചവെച്ചു. അവര്‍ക്ക് ഒരു മിനിറ്റില്‍ 28 മുതല്‍ 50 വാക്കുകള്‍ വരെ വായിക്കാനും മനസിലാക്കാനും സാധിച്ചു.
ബാക്കി 56 ശതമാനം കുട്ടികള്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസിലാക്കാനോ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടികളില്‍ 17 ശതമാനം പേര്‍ക്ക് ഒരു മിനിറ്റില്‍ പത്തില്‍ കൂടുതല്‍ വാക്കുകള്‍ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ കുട്ടികള്‍ക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. അതിനാല്‍ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ഗണിത ശേഷികളിലും തൃപ്തികരമായ പ്രകടനമല്ല കേരളത്തിന്റേത്. ‘നാസി’ലും നിപുണ്‍ സര്‍വേയിലും പഞ്ചാബും, ബംഗാളുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതും നാം പരിഗണിക്കണം.
പരീക്ഷകള്‍ക്കു നല്‍കുന്ന അമിത പ്രാധാന്യം കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസം സാധ്യക്കുന്നതിലോ, ഗുണപരമായ പഠനം ഉറപ്പാക്കുന്നതിലോ ഉണ്ടാകുന്നില്ല എന്നതാണ് കേരള വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രതിസന്ധി. കോവിഡ് സൃഷ്ടിച്ച പഠനവിടവ് പരിഹരിക്കാനാവശ്യമായ ബ്രിഡ്ജിങ് ഉള്‍പ്പെടെ ഉണ്ടായിട്ടില്ല.
കോവിഡിനുമുമ്പു നടന്ന നിതി ആയോഗ് സര്‍വേയില്‍ എല്ലാ മേഖലകളിലും ഒന്നാമതെത്തിയ സംസ്ഥാനമാണു കേരളം. എന്നാല്‍ കോവിഡനന്തരം ആ മികവു പുലര്‍ത്താനാവുന്നില്ലയെന്നതിന് ‘നാസ്’ പഠനവും ‘നിപുണ്‍ സര്‍വേ’യും ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. പരീക്ഷകള്‍ക്കു നല്‍കുന്ന അമിത പ്രാധാന്യം കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസം സാധ്യക്കുന്നതിലോ, ഗുണപരമായ പഠനം ഉറപ്പാക്കുന്നതിലോ ഉണ്ടാകുന്നില്ല എന്നതാണ് കേരള വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രതിസന്ധി. കോവിഡ് സൃഷ്ടിച്ച പഠനവിടവ് പരിഹരിക്കാനാവശ്യമായ ബ്രിഡ്ജിങ് ഉള്‍പ്പെടെ ഉണ്ടായിട്ടില്ല.അക്ഷരാവതരണരീതിയില്‍ നിന്ന് ആശയാവതരണരീതിയിലേക്കുള്ള മാറ്റം ഭാഷാ പഠനത്തിലുണ്ടാക്കിയ വിള്ളലുകളും ആശാസ്യമല്ലാത്ത പ്രവണതകളും എഴുത്തിനെ, വായനയെ, ആശയഗ്രഹണത്തെ കാര്യമായി ബാധിച്ചുവെന്നും കരുതേണ്ടതുണ്ട്. ഇനി നടക്കാന്‍ പോകുന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം സര്‍വേകള്‍ മുന്നോട്ടുവയ്ക്കുന്ന ഗുണമേന്‍മയെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
സര്‍വേകള്‍ വിമര്‍ശനാതീതമല്ല
കേന്ദ്ര സിലബസിനെ അടിസ്ഥാനമാക്കി തയാറാക്കുന്ന മത്സരപരീക്ഷകളും സര്‍വേകളും പഠന റിപ്പോര്‍ട്ടുകളും സിലബസുകളിലെ വൈവിധ്യത്തേയും പ്രാദേശിക വ്യത്യാസങ്ങളേയും പരിഗണിക്കുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. അവയുടെ ചോദ്യമാതൃകകളും, സങ്കേതങ്ങളും രീതിശാസ്ത്രവും സി.ബി.എസ്.ഇ കേന്ദ്രീകൃതമായാണ് നടത്തുന്നതെന്ന നിരീക്ഷണവും അക്കാദമിക ലോകത്തിനുണ്ട്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഒന്നും രണ്ടും ക്ലാസുകളില്‍ സ്‌കൂളില്‍ പോകാനോ, അടിസ്ഥാനശേഷികള്‍ ആര്‍ജിക്കാനോ കഴിയാതെ പോയ മൂന്നാം ക്ലാസിലെ കുട്ടികളില്‍ നടത്തിയ സര്‍വേ ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ചിത്രമാണോ പങ്കുവയ്ക്കുന്നതെന്ന സംശയവുമുയരുന്നുണ്ട്. ലക്ഷക്കണക്കിനു കുട്ടികളില്‍ നിന്ന് ആയിരം പേരുടെ സാമ്പിള്‍ മാത്രമെടുത്ത് നടത്തുന്ന വിലയിരുത്തലിന്റെ യുക്തിയും വസ്തുനിഷ്ഠതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഠനനേട്ടം എന്ന ഒരൊറ്റ ഘടകത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന മള്‍ട്ടിപ്പിള്‍ ചോദ്യമാതൃകകളിലൂടെ കുട്ടിയുടെ യഥാര്‍ഥ പഠനനിലവാരം അളക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. പഠനമെന്ന പ്രക്രിയയെ സര്‍വേകള്‍ സമഗ്രമായി സമീപിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭാഷാ വൈവിധ്യങ്ങളും സാമൂഹിക വിഭജനങ്ങളും, സാംസ്‌കാരിക വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം ഏകീകൃത പരീക്ഷകളുടേയും സര്‍വേകളുടേയും സാംഗത്യവും വിമര്‍ശനവിധേയമാക്കപ്പെടുന്നുണ്ട്. വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളിലെ കുട്ടികളുടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന നീതിപൂര്‍വ്വമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ▮