സംസ്‌കാരവും അധിനിവേശവും
പി.കെ. ശശിധരൻ / മുഹമ്മദ് ഫാസില്‍
കളരിയാവിരെെ
കളരിവിദ്യയുടെ അബ്രാഹ്‌മണവല്‍ക്കരണം,
തമിഴകത്തെ വീണ്ടെടുക്കല്‍
സിദ്ധപാരമ്പര്യത്തെക്കാളും സവര്‍ണപാരമ്പര്യമാണ് പലരും കളരിയില്‍ തേടുന്നത്. കളരിയുടെ സിദ്ധപാരമ്പര്യത്തെ കാണാതിരിക്കുമ്പോഴും, ഇവര്‍ അനുദിനം പ്രയോഗിക്കുന്ന മര്‍മവിദ്യയും, നാഡീശാസ്ത്രവും സിദ്ധപാരമ്പര്യത്തില്‍ നിന്ന് വന്നതാണെന്നതാണ് ഇതിലെ വൈരുദ്ധ്യം.

മുഹമ്മദ് ഫാസില്‍: "കളരിവിദ്യയും സിദ്ധപാരമ്പര്യവും'- കളരിയാവിരൈ ശില്പശാല എന്ന പേരില്‍ ഈയിടെ കോഴിക്കോട്ട് ഒരു ശില്‍പശാലയും പുസ്തകപ്രകാശനവും സംഘടിപ്പിച്ചിരുന്നല്ലോ. കളരിവിദ്യയുടെ തമിഴ്-സിദ്ധപാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈയൊരു ശില്‍പശാലയ്ക്ക് ആധാരമെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ കളരിയെക്കുറിച്ച് ഇന്ന് പ്രചാരത്തിലുള്ള ഉല്‍പത്തിചരിത്രം ഐതിഹ്യസ്വഭാവത്തിലാണുതാനും. കളരിയാവിരൈ എന്ന പ്രയോഗവും പുതുമയുള്ളതാണ്. ഇതിന്റെ എറ്റിമോളജിയെക്കുറിച്ചും, പ്രചാരത്തിലുള്ള ചരിത്രവും താങ്കളുടെ അന്വേഷണത്തിലെ കണ്ടെത്തലുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചും വിശദീകരിക്കാമോ ?
പി.കെ. ശശിധരൻ: കളരിയുടെ ഉല്‍പത്തിയെക്കുറിച്ചുള്ള പോപുലര്‍ നറേറ്റീവ് ഐതിഹ്യങ്ങളിലൂന്നിയുള്ളതാണ്. കേരളത്തിലെ കളരിക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചരിത്രബോധവും ഇതുതന്നെ. പരശുരാമന്റെ ഐതിഹ്യവുമായി ബന്ധിപ്പിച്ച് രൂപപ്പെടുത്തിയ കേരളോല്‍പത്തി ചരിത്രത്തിന്റെ അടിത്തറയാണ് ഇന്ന് കളരിക്കുമുള്ളത്. പരശുരാമകല്‍പസൂത്രത്തിലും, ധനുര്‍വേദത്തിലും, നാട്യശാസ്ത്രത്തിലും, ശുക്രനീതിയിലുമാണ് കളരിയുടെ ആശയാടിത്തറ ഇവര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് വേദകളരി, യോദ്ധാകളരി, ധനുര്‍വേദ കളരി, ആയുര്‍വ്വേദ കളരി തുടങ്ങിയ വൈദിക-സംസ്‌കൃതബോധ പ്രധാനമായ കളരിവിദ്യയുടെ സ്ഥാപനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കളരിയുടെ പ്രയോഗതലത്തില്‍ തന്നെ വലിയ സ്വാധീനമുള്ള സിദ്ധപാരമ്പര്യം അവഗണിക്കപ്പെടുകയാണ്. ബ്രാഹ്‌മണവല്‍ക്കരണം മൂലമുണ്ടായ ചരിത്രപരമായ അവഗണനയുടെ ഒരു തുടര്‍ച്ചയായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്.
ലെഫ്റ്റ് ഐഡിയോളജിക്കല്‍ ബാക്ഗ്രൗണ്ട് ഉള്ള ഞാന്‍ ഈ പണി ചെയ്യുമ്പോള്‍ നേരിട്ട ചോദ്യം ആര്‍.എസ്.എസ്. ചെയ്യുന്ന ജോലി നിങ്ങളെന്തിനാണ് ചെയ്യുന്നത് എന്നാണ്. യഥാര്‍ത്ഥത്തില്‍ അത് നേരെ മറിച്ചാണ്.
കളരിയുടെ മേല്‍ നടന്ന ബ്രാഹ്‌മണിക്കല്‍ സംസ്‌കൃതവല്‍കരണത്തെയാണ് ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്. കളരിയാവിരൈ പ്രൊജക്ട് പ്രശ്‌നവത്കരിക്കുന്നതും ഈയൊരു അധീശത്വത്തെയാണ്. കലൂരിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് കളരി ഉണ്ടായതെന്ന അവകാശവാദങ്ങളുണ്ട്. എന്നാല്‍ കളരിയെന്ന വാക്കിന്റെ ഉത്ഭവം അന്വേഷിച്ചു പോയാല്‍ എത്തുന്നത് തമിഴിലും പാലിയിലുമാണ്.
ഒരു സാംസ്‌കാരിക രൂപം എന്ന നിലയ്ക്ക് കളരിയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല. കേരളചരിത്രത്തിന്റെ ഭാഗമായി കളരിയെക്കുറിച്ച് എഴുതുന്നവര്‍ ഇതിനെ ഒരു യുദ്ധമുറ എന്ന രീതിയിലാണ് സമീപിച്ചത്. 12-ാം നൂറ്റാണ്ടിലാണിത് രൂപപ്പെട്ടത്, നാട്ടുരാജാക്കന്മാരുടെ അംഗത്തിന്റെ ഭാഗമായി ഉണ്ടായത്, എന്നിങ്ങനെ തുടങ്ങി യുദ്ധകേന്ദ്രീകൃതമായ ആഖ്യാനമാണ് പ്രചാരത്തിലുള്ളത്. വളരെ വിപുലവും ഗഹനവുമായ അറിവുപാരമ്പര്യങ്ങളുടെ പശ്ചാത്തലമുള്ള കളരിവിദ്യയെ "കളരിപ്പയറ്റ്' എന്ന യുദ്ധവിദ്യയായി ചുരുക്കുന്ന ചരിത്ര നിര്‍മ്മിതിയില്‍ നിന്നുകൊണ്ടുള്ള ആശയപ്രചാരണങ്ങളുടെ ഭാഗമായിക്കൊണ്ട് കൂടിയാണ് കളരിയുടെ സിദ്ധവിദ്യാ പശ്ചാത്തലങ്ങള്‍ അമര്‍ച്ചചെയ്യപ്പെടുന്നത്.
കളരിയാവിരൈ എന്നത് വളരെ പ്രാചീനമായ ഒരു തമിഴ് വാക്കാണ്. ഇന്നത്തെ തമിഴില്‍ എവിടെയും അതുപയോഗിച്ചുകാണുന്നില്ല. പ്രാചീനകാലത്തുണ്ടായിരുന്ന ഒരു നൂല്‍ (പുസ്തകം അല്ലെങ്കില്‍ ശാസ്ത്രം) ആയിട്ടാണ് അതേക്കുറിച്ച് പരാമര്‍ശമുള്ളത്. കളരി വിത്ത്, കളരിശൈലി എന്നീ അര്‍ത്ഥങ്ങളാണതിനുള്ളത്. മലയാളത്തിലെ കളരിവിദ്യ, കളരിമുറ എന്നിവയുടെ ആദിരൂപമാകാം കളരിയാവിരൈ എന്നത്. കളരി, കളരി അഭ്യാസം, കളരിപ്പയറ്റ്, കളരിമുറ, കളരിവിദ്യ എന്നീ പ്രയോഗങ്ങള്‍ക്ക് ഇന്ന് കല്‍പിച്ചുവരുന്ന പരിമിതമായ അര്‍ത്ഥം അല്ല ഇതിന്റേത്.

5-8 നൂറ്റാണ്ടുകാലത്ത് ജീവിച്ചിരുന്ന ഇറയനാരുടെ പരാമര്‍ശപ്രകാരം കളരിയാവിരൈ ഒരു ആരോഗ്യ സംബന്ധമായ കൃതിയാണെന്നാണ് പറയപ്പെടുന്നത്. ഇറയനാര്‍ രചിച്ച സംഘകാല സാഹിത്യത്തിലെ പ്രണയ കാവ്യശൈലികളെക്കുറിച്ചുള്ള പഠനത്തിലാണ് (കളവിയല്‍ എൻറ ഇറയനാര്‍ അകപ്പൊരുള്‍) നഷ്ടപ്പെട്ടുപോയ കൃതികളിലൊന്നായ കളരിയാവിരൈയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. തലൈ(ആദി)സംഘകാലത്തുണ്ടായിരുന്നതും പിന്നീട് അളിഞ്ഞുപോയതുമായ കൃതികളില്‍ (ഉദാ: പെരുംപരിപാടല്‍, മുതുനാരൈ, മുതുക്കുറുങ്ങ്) ഒന്നാണ് കളരിയാവി എന്നാണതിലുള്ള പരാമര്‍ശം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചുവെന്ന് കരുതപ്പെടുന്ന ശിലപ്പതികാര വ്യാഖ്യാതാവായ അടിയാര്‍ക്കുനല്ലാരുടെ അഭിപ്രായത്തില്‍ കളരിയാവിരൈ ഉള്‍പ്പെടെയുള്ള നാല് ആദിസംഘകാലകൃതികള്‍ അദ്ദേഹത്തിന്റെ കാലത്തിനു വളരെ മുമ്പേ തന്നെ ഇല്ലാതായിട്ടുണ്ട്. അവയുടെ തുടര്‍ച്ചയായി ഉണ്ടായ കൃതികളും നഷ്ടമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. (ഇറയനാരും ആദിസംഘത്തില്‍പ്പെട്ട എഴുത്തുകാരനാണെന്നാണ് അടിയാര്‍ക്കുനല്ലാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇറയനാര്‍ അകപ്പൊരുളിന്റെ കാലം അഞ്ചാം നൂറ്റാണ്ടില്‍ നിന്ന് വളരെ പിറകിലേക്ക് പോകും). എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള കളരി ചരിത്രം തുടങ്ങുന്നത് പക്ഷെ എ.ഡി. 12-ാം നൂറ്റാണ്ടിലാണെന്നത് രസകരമാണ്.
ഇവയൊക്കെ നഷ്ടപ്പെട്ടു പോയെന്ന വാദത്തെ അംഗീകരിക്കാൻ കഴിയില്ല. താളിയോലകള്‍ ദ്രവിച്ചും, അളിഞ്ഞും, ചിതലുപിടിച്ചും നഷ്ടപ്പെട്ടതല്ല അവ. അത്തരൊമൊരു രൂപമല്ലായിരുന്നതിന്. ഇതിന്റേത് വാമൊഴി പാരമ്പര്യമാണ്. ഒരു പ്രത്യേക ധാരയില്‍പ്പെടുന്ന അറിവുപാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ എങ്ങിനെയോ ഒരു ഇടര്‍ച്ച സംഭവിച്ചതാകാനാണ് സാദ്ധ്യത. ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട വിദ്യയാണിതെന്ന് പറയപ്പെടുന്നു. കളരിയാവിരൈയെക്കുറിച്ചുള്ള യുക്തിസഹമായ അനുമാനം ഇത് ആരോഗ്യരക്ഷയെക്കുറിച്ചുള്ള ശാസ്ത്രകാവ്യമാണെന്നാണ്. പലകാരണങ്ങളാല്‍ ഈ അറിവുകള്‍ ഫ്രാഗ്മെന്റടായി, ഈ അവസ്ഥയെയാണ് നഷ്ടപ്പെടല്‍ എന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്. ഈ ഫ്രാഗ്മെന്റഡ് ആയ വിജ്ഞാനത്തിന്റെ അവശേഷിപ്പുകളിലൊന്നാണ് ഇന്നത്തെ കളരിവിദ്യ. കളരി വിദ്യയുമായി ബന്ധപ്പെട്ടു കിടക്കുന്ന അറിവുകളൊക്കെയും കളരിയാവിരൈയുടെ കീഴില്‍ വരുന്നതായിരിക്കാം.
തമിഴ്‌നാട്ടിലെ ഭക്തിപ്രസ്ഥാനത്തില്‍ പ്രധാനികളായ ശൈവ, വൈഷ്ണവ പ്രസ്ഥാനക്കാര്‍ റാഡിക്കല്‍ സ്വഭാവമുള്ള സിദ്ധന്മാരുടെ സാഹിത്യത്തെ നിലവാരമില്ലാത്തതായി കണ്ട് അവഗണിച്ചിരുന്നു.
തമിഴ്‌നാട് കേന്ദ്രീകരിച്ച് വിശദമായ പഠനങ്ങള്‍ നടക്കാറുണ്ടെങ്കിലും സംഘകാല സാഹിത്യത്തെ കുറിച്ച് കേരളത്തില്‍ നിന്നും പഠനങ്ങള്‍ അപൂര്‍വമാണ്. എന്നാല്‍ കളരിയാവിരൈ ഉള്‍പ്പടെ സിദ്ധപാരമ്പര്യത്തെക്കുറിച്ച് അക്കാദമികമായ ഗവേഷണങ്ങള്‍ നടക്കാതെ പോയത് എന്തുകൊണ്ടാണ്.
കളരിവിദ്യ എന്ന് പറയുന്ന പ്രയോഗം ഇന്ന് കേരളത്തില്‍ മാത്രമാണ് നിലവിലുള്ളത്. തമിഴ്‌നാട്ടിലതില്ല. തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ ഗവേഷണങ്ങളതില്‍ ഉണ്ടായിട്ടില്ല. കേരളത്തിലും ഉണ്ടായിട്ടില്ലെന്ന് പറയാം. കേരളത്തില്‍ കളരിവിദ്യ എന്ന പേര് ഉണ്ടെങ്കിലും അതിനെ കളരിയാവിരൈയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണങ്ങള്‍ കേരളത്തിന്റെ സാമൂഹ്യചരിത്രകാരില്‍ നിന്നുണ്ടായിട്ടില്ല. അതിന് പലകാരണങ്ങളാണ്. ആദ്യമേ പറയാം, ഇതൊരു അന്വേഷണമാണ്. കാര്യങ്ങളെ സ്ഥാപിച്ചെടുക്കുകയല്ല ഉദ്ദേശ്യം. എന്തു കൊണ്ടും ഇതേക്കുറിച്ച് ഗവേഷണം നടത്താനുള്ള ഉത്തവാദിത്തം നമ്മുടേതാണ്. നമ്മള്‍ എന്ന് പറയുമ്പോള്‍ ഞാന്‍ കേരളത്തെയാണ് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും ചേരനാടായിരുന്നല്ലോ. ഇവിടുത്തെ പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണല്ലോ ഇതിനെക്കുറിച്ച് സ്വാഭാവികമായും അറിഞ്ഞിരിക്കേണ്ടത്. നമ്മുടെ നാട്ടില്‍ കളരിയെന്ന വാക്കുമായി ബന്ധപ്പെട്ട അറിവിന്റെ പ്രയോഗതലം ഇന്നും സജീവമായി നിലനില്‍ക്കുന്നുണ്ട്. ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങള്‍ ചേര്‍ന്ന തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളം. ഇന്നത്തെ തമിഴ്‌നാട്ടില്‍ നിന്നും ചേരനാടിനെക്കുറിച്ചുളള ഗവേഷണ പഠനങ്ങള്‍ വിരളമാണ്.

ഇതേകാരണത്താലായിരിക്കാം കളരിയെക്കുറിച്ചും മറ്റും തമിഴ് സാഹിത്യത്തില്‍ വലിയ പരാമര്‍ശങ്ങളില്ലാതിരുന്നത്. കളരിയാവിരൈ എന്ന നൂലിനെക്കുറിച്ച് അവിടെ നിന്നും ഗൗരവമായ പഠനങ്ങള്‍ വന്നിട്ടില്ല. കളരിവിദ്യയുമായി ബന്ധമുള്ള നമുക്ക് ഇത്തരത്തിലൊരു കൃതിയെക്കുറിച്ച് അറിയുമ്പോള്‍ തീര്‍ച്ചയായും അതുമായി റിലേറ്റ് ചെയ്യാന്‍ കഴിയുമല്ലോ. അങ്ങനെയാണ് ഞാനിതിലേക്ക് വരുന്നത്.
തമിഴ്‌നാട്ടിലെ ഭക്തിപ്രസ്ഥാനത്തില്‍ പ്രധാനികളായ ശൈവ, വൈഷ്ണവ പ്രസ്ഥാനക്കാര്‍ റാഡിക്കല്‍ സ്വഭാവമുള്ള സിദ്ധന്മാരുടെ സാഹിത്യത്തെ നിലവാരമില്ലാത്തതായി കണ്ട് അവഗണിച്ചിരുന്നു. മോശം ഭാഷ ശൈലിയും, ജീവിതരീതിയുമാണ് ഇവരുടേതെന്നായിരുന്നു വാദം. തമിഴ് മുഖ്യധാരാ സാഹിത്യത്തിലും ഇതിന് കാര്യമായ പരിഗണന ലഭിച്ചില്ല. ശകലങ്ങളായി ചിതറക്കിടക്കന്ന കളരിയാവിരൈയിലൂടെ ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ ശേഖരിക്കുക എന്നതാണ് എന്റെ ഉദ്യമത്തിന് പിന്നില്‍.
കളരിയാവിരൈയുമായി ബന്ധപ്പെട്ട താങ്കളുടെ അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും വിശദീകരിക്കാമോ?
കളരിവിദ്യയില്‍ എറ്റവും പ്രബലമായ വിദ്യയാണ് മര്‍മശാസ്ത്രം. അതിന്റെ വേരുകള്‍ ചെന്നെത്തുന്നത് സിദ്ധന്മാരുടെ പാട്ടുകളിലാണെന്ന് പറഞ്ഞല്ലോ. അതിന്റെ പശ്ചാത്തലം ബ്രാഹ്‌മണിക്കലല്ല. ഇന്ന് പക്ഷെ കേരളത്തില്‍ കളരിക്ക് കല്‍പിച്ചു കൊടുക്കുന്നത് ബ്രാഹ്‌മണിക്കല്‍ പാരമ്പര്യമാണ്. ആയിരക്കണക്കിന് സിദ്ധര്‍പാടലുകള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടു വന്നത് തമിഴിലുണ്ട്. ഈ വലിയൊരു സിദ്ധര്‍ കോര്‍പസിനെ കുറിച്ച് വേണ്ടരീതിയിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. ചരിത്രത്തോടുള്ള നമ്മുടെ സമീപനത്തിന്റെ ഒരു പ്രശ്‌നമായി ഞാന്‍ മനസ്സിലാക്കുന്നത് ഇതാണ്. അത് കേരളത്തിന്റെയോ തമിഴ്‌നാടിന്റെയോ മാത്രം പ്രശ്‌നമല്ല. ഇന്ത്യന്‍ ചരിത്രരചനയില്‍ ഇത്തരം പാട്ടുകളെക്കുറിച്ച് എത്രകണ്ട് റഫറന്‍സുകളുണ്ട്. ഇന്ത്യന്‍ ചരിത്രം പറയുമ്പോള്‍ വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും മറ്റുമൊക്കെയാണ് ആദ്യം കടന്നുവരുന്നത്. കൂടാതെ അല്‍പം ബൗദ്ധ സാഹിത്യവും ജൈന സാഹിത്യവും. ഇന്ത്യന്‍ ചരിത്രം എഴുതിപ്പെട്ടിട്ടുള്ളത് തെന്നിന്ത്യന്‍ രേഖകളെ പരിഗണിക്കാതെയാണ്.
ഇന്ത്യയെ ഒറ്റമൂശയില്‍ വാര്‍ക്കാനുള്ള ശ്രമങ്ങള്‍ നൂറ്റാണ്ടുകള്‍ മുമ്പ് തന്നെ ആരംഭിച്ചതാണ്. ഇന്ന് രാഷ്ട്രീയമായി അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, സാംസ്‌കാരികമായി അത് മുന്‍പേ സംഭവിച്ചു കഴിഞ്ഞു.
ഇത്രയധികം എണ്ണപെരുപ്പമുള്ള ഒരു സാഹിത്യത്തെക്കുറിച്ച്, പാട്ടുരീതിയെക്കുറിച്ച്, സാംസ്‌കാരിക രൂപത്തേക്കുറച്ച് ഇന്ത്യാ ചരിത്രത്തില്‍ ഒരു പരാമര്‍ശം പോലുമില്ല. ഇന്ത്യന്‍ ചരിത്രാരചനാ രീതിയിലുള്ള ഒരു പ്രശ്‌നമാണത്. നഷ്ടപ്പെട്ടെന്ന് പറയുന്ന കളരിയാവിരൈയുടെ സാംസ്‌കാരിക ശേഷിപ്പുകള്‍ ഇന്നും വളരെ സജീവമായി നമുക്ക് മുന്നിലുണ്ട്, സിദ്ധര്‍പാട്ടുകളായി പഴയ തമിഴ് രൂപത്തില്‍ ഇന്നും രേഖീയമായിത്തന്നെ അവ ലഭ്യമാണുതാനും. അതിന്റെ ഏറ്റവും പ്രബലമായ ശേഷിപ്പുകളാവട്ടെ കേരളത്തില്‍ കളരിയുടെ രൂപത്തില്‍ നമുക്ക് കാണാം. സിദ്ധര്‍പാട്ടുകളും, സമാനമായ പല ശാസ്ത്രങ്ങളും ഓല രൂപത്തിലും മറ്റും കണ്ടെടുത്തിട്ടുള്ളതും തെക്കന്‍ കേരളത്തില്‍ നിന്നാണ്. കേരള യൂണിവേഴ്‌സിറ്റി മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ അതിന്റെയൊക്കെ ബൃഹത്തായ ശേഖരങ്ങളുണ്ട്.
1950-കളില്‍ ഒറ്റപ്പെട്ട ചിലയാളുകളുടെ ശ്രമഫലമായി തമിഴ്‌നാട്ടില്‍ ഇത്തരം വാമൊഴി അറിവുകള്‍ എഴുത്തുരൂപത്തിലും പുസ്തകരൂപത്തിലും മാറ്റാന്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇതിനായി മാത്രം താമരൈപതിപ്പ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബോധര്‍, അഗസ്ത്യര്‍, പുല്‍പാണി തുടങ്ങിയ സിദ്ധരുടെ ആയിരക്കണക്കിന് പാട്ടുകള്‍ ഇന്ന് ശേഖരത്തിലുണ്ട്. ഞങ്ങളിപ്പോള്‍ പ്രസിദ്ധീകരിച്ച 40 കൃതികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തുള്ള വലിയറത്തുറ ശ്രീധരന്‍ നായര്‍ സ്വന്തം നിലയ്ക്ക് വ്യഖ്യാനിച്ച് പരിഭാഷപ്പെടുത്തിയിരുന്നു. അത് പക്ഷെ പ്രസിദ്ധീകരിക്കപ്പെടാതെ കിടന്നു. ആ പുസ്തകങ്ങളുടെ പ്രസാധനമാണ് കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ നടന്നത്. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ കളരിയാശാന്മാര്‍, സിദ്ധവൈദ്യര്‍ എന്നിവരുടെ പക്കല്‍ ധാരാളം കൈയ്യെഴുത്ത് പ്രതികളുണ്ട്. ഇവരുടെ പക്കലുള്ള ഓലച്ചുവടുകള്‍ ശേഖരിച്ച് ഈയിടെ നിര്യാതനായ മൂഞ്ചിറ സിദ്ധ മെഡിക്ക കോളേജിലെ സിദ്ധ ഡോക്ടർ, ഡോ. മോഹന്‍രാജ് തമിഴില്‍ ഇതിനെ പുസ്തരൂപത്തില്‍ അവതരിപ്പിച്ചിരുന്നു. ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് ഈ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. അതിന്റെ പണികള്‍ പുരോഗമിക്കുന്നുണ്ട്. കളരിയാവിരൈയുമായി ബന്ധപ്പെട്ട 100-ഓളം പുസ്തകങ്ങളുടെ ജോലി തകൃതിയായി നടക്കുന്നുണ്ട്.

ചരിത്രരചന, അത് പൂര്‍വാധുനിക ചരിത്രത്തെക്കുറിച്ചാകുമ്പോള്‍ ഐതിഹ്യങ്ങളായും, സവര്‍ണ ഹിന്ദുത്വ ആഖ്യാനങ്ങളായും കലാശിക്കാനുള്ള പ്രവണത കാണിക്കാറുണ്ട്. ഇന്ത്യന്‍ ചരിത്രരചനയില്‍ നിന്നും തദ്ദേശീയ പാരമ്പര്യം മാറ്റിനിര്‍ത്തപ്പെടുന്നു എന്ന വിമര്‍ശനം താങ്കള്‍ ഉന്നയിച്ചല്ലോ. തദ്ദേശീയപാരമ്പര്യത്തെ മാറ്റിനിര്‍ത്തിയുള്ള ഐതിഹ്യനിര്‍മാണമായി ഇന്ന് പ്രചാരത്തിലുള്ള ഇന്ത്യന്‍ പൂര്‍വാധുനിക ചരിത്രത്തെ കാണാമോ?
ഇന്ത്യയെ ഒറ്റമൂശയില്‍ വാര്‍ക്കാനുള്ള ശ്രമങ്ങള്‍ നൂറ്റാണ്ടുകള്‍ മുമ്പ് തന്നെ ആരംഭിച്ചതാണ്. ഇന്ന് രാഷ്ട്രീയമായി അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, സാംസ്‌കാരികമായി അത് മുന്‍പേ സംഭവിച്ചു കഴിഞ്ഞു.
നമ്മുടെ ഇതിഹാസങ്ങളുടെയും വേദങ്ങളുടെയും കാര്യമെടുക്കാം. ഋഗ്വേദം പ്രധാനപ്പെട്ട ഒരു വേദമാണല്ലോ. അതില്‍ പ്രധാനമായമുള്ളത് സ്തുതികളാണ്. ഇന്ദ്രന്‍, വരുണന്‍, പ്രജാപതി തുടങ്ങിയ ദേവതകളുടെ വീരകൃത്യങ്ങളെ സ്തുതിക്കുകയാണതില്‍ ചെയ്യുന്നത്. വീരകൃത്യമെന്നു പറഞ്ഞാല്‍, അസുരന്മാരെയും മറ്റും വധിച്ചതിനെക്കുറിച്ചാണ്. അവര്‍ക്ക് ഭീഷണിയായി നില്‍ക്കുന്നവരെ നശിപ്പിച്ചതിന്റെ ആഘോഷം. ദുഷ്ടശക്തികളില്‍ നിന്നും രക്ഷിച്ച് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യവും, പാര്‍പ്പിടവും, ഭക്ഷണവും തരണം എന്നര്‍ത്ഥം വരുന്ന കീര്‍ത്തനങ്ങളാണിതിലുള്ളത്. ഇതാണ് പൊതുവെയുള്ള പാറ്റേണ്‍. അല്ലാത്തവ ചുരുക്കമായിരിക്കും. എന്തുകൊണ്ടാണ് നമ്മുടെ ആദിമ സംസ്‌കൃത വേദസാഹിത്യം ഇത്രയധികം യുദ്ധപ്രധാനമായത്. നിലനിന്നിരുന്ന ഒരു വ്യവസ്ഥിതിക്ക് മേല്‍ നടത്തിയ സാംസ്‌കാരിക അധിനിവേശത്തിന്റെ സൂചനയായി ഇതിനെ വിവക്ഷിക്കാം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിഹാസങ്ങള്‍ രൂപം കൊണ്ടത്. ഇതിന്റെ തുടര്‍ച്ച തന്നെയല്ലേ കളരിയുടെ കാര്യത്തിലും സംഭിച്ചതെന്ന ചോദ്യമുണ്ട്.
കളരിയെന്നാല്‍ യുദ്ധമുറയാണെന്ന ധാരണ ഇതില്‍ നിന്നുണ്ടായതായിരിക്കാം. തീര്‍ച്ചയായും കളരിക്ക് അങ്ങനെ ഒരു വശമുണ്ട്. എന്നാല്‍ അതത്രമാത്രമാണ്, കളരിയെ അതിലേക്ക് ചുരുക്കാന്‍ സാധിക്കില്ല. അറിവിനെ പലരീതിയില്‍ ഉപയോഗിക്കാം. പൂര്‍ണമായും ആയോധനകലയായി മാത്രം കളരിയെ അവതരിപ്പിക്കുന്നത് മേല്‍ സൂചിപ്പിച്ച അധീശത്വ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ്.
ഇന്നത്തെ കേരളത്തിന്റെ മുഖമുദ്ര തമിഴ് വിരുദ്ധതയാണ്. ഈ വിരുദ്ധതയുടെ വേരുകള്‍ കിടക്കുന്ന ഒരുകാലത്ത് നടന്ന ബ്രാഹ്‌മണവല്‍ക്കരണത്തിലാണ്.
കേരളത്തിന് ശക്തമായ ഒരു ആധുനിക ചരിത്രമുണ്ട്. എന്നാല്‍ മിത്തുകളും, സങ്കല്‍പങ്ങളും തന്നെയാണ് കേരളത്തിന്റെ പൂര്‍വാധുനിക ചരിത്രത്തിലും കൂടുതല്‍ മുഴച്ചു നിര്‍ക്കാറ്. ഭാഷാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ പോലും കളരിവിദ്യയിലെ വായ്ത്താരികളും തമിഴും തമ്മിലെ ബന്ധം കാണാം. തമിഴ് സംസ്‌കാരവുമായി അഭേദ്യബന്ധമുണ്ടായിട്ടും, അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക ശേഷിപ്പുകള്‍ നമ്മുടെ പൊതുമണ്ഡലങ്ങളില്‍ ആവേശപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുകയോ, അതിനെ സ്വന്തം എന്ന പോലെ സ്വീകരിക്കപ്പെടുകയോ ചെയ്യാത്തതിന് കാരണമെന്തായിരിക്കും. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന വംശീയ ദേശീയതയെ പ്രതിരോധിക്കാന്‍ ദ്രവീഡിയന്‍ കള്‍ച്ചറിന് ഏതുതരം പ്രതിരോധമാണ് സാധ്യമാകുക?
""അമര്‍ന്ന് അമര്‍ച്ചയിലെടുത്തുവെച്ച് വലത്ത്‌കൊണ്ടച്ചവുട്ടി
വലത്ത വയ്യോട്ടുമാറി
എടത്തേതുംകൂട്ടി വാങ്ങിയമര്‍ന്ന്
നീര്‍ന്ന് എടത്തേത് എടുത്തുനോക്കി
ചാടിക്കെട്ടിച്ചവുട്ടി വലിഞ്ഞമര്‍ന്ന്...''
ഇങ്ങനെയാണ് കടത്തനാടന്‍ (പിള്ളതാങ്ങി) സമ്പ്രദായത്തിലെ ആദ്യ അറപ്പ് മെയ്യ്പ്പയറ്റിന്റെ വായ്ത്താരി തുടങ്ങുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വായ്ത്താരി പറയുന്നത് കേള്‍ക്കാനിടയായ ഒരു തമിഴ് ഭാഷാ പണ്ഡിതന്‍ വല്ലാതെ ആശ്ചര്യപ്പെട്ടുപോയി. സംഘകാല തമിഴിന് മുമ്പേയുള്ള ഒരു തമിഴ് ശൈലിയില്‍ ചിട്ടപ്പെടുത്തപ്പെട്ട പാട്ടായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. അങ്ങനെയൊരു സന്ദര്‍ഭത്തെക്കുറിച്ച് എന്നോട് പറഞ്ഞത് പറഞ്ഞത് ഒരു ശിലംബ വിദഗ്ധനായ തിരുനെല്‍വേലി സ്വദേശി ശിവജയപ്രകാശ് ആശാനാണ്. അദ്ദേഹം കേരളത്തിലെ ഒരു കളരിഗുരുക്കളുടെ ശിഷ്യനാണ്. അദ്ദേഹത്തിന്റെ കളരി വായ്ത്താരി പ്രയോഗം കേട്ടപ്പോള്‍ തമിഴ് ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്ന പാവലരേരു പെരിഞ്ചിത്തനാര്‍, "എന്‍ കാതില്‍ തേനായുറ്റത്' എന്ന് പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചത് പോലും "ആസിരിയപാ' ശൈലിയുടെ ആദിമരൂപമാണ് അദ്ദേഹത്തിന് അതില്‍ കാണാനായത്. അതായത്, സംഘകാവ്യങ്ങളുടെ കാലത്തിന് മുമ്പുള്ള പാട്ടുശൈലിയുടെ അവശേഷിപ്പാണെന്ന് (തനിത്തമിഴ് പ്രസ്ഥാനത്തിന്റെ പ്രമുഖരായ മൂന്നുപേരില്‍ ഒരാളാണ് പെരിഞ്ചിത്തനാര്‍. ദ്രാവിഡ കഴകത്തിന്റെ പിതാവായി കാണുന്ന പെരിയാറും തമിഴ് ഭാഷാ പണ്ഡിതന്‍ ദേവനേയ പാവനരുമാണ് മറ്റ് രണ്ടുപേര്‍. ചട്ടമ്പിസ്വാമികളുടെ ആദിഭാഷ എന്നകൃതിയാണ് ഇവരുടെ മൊഴി വിചാരത്തിന്റെ അന്തര്‍ധാരയെന്ന് പറയുന്നുണ്ട്). വരമൊഴി സംസ്‌കാരത്തിനുമുമ്പ് അറിവുകള്‍ പാട്ടുരൂപത്തില്‍ ചമക്കുന്ന രീതി വളരെ പ്രബലമായിരുന്നു. ഓരോ വിഷയത്തിനും ചേര്‍ന്നവിധത്തിലുള്ള വൃത്തത്തില്‍ അറിവുകള്‍ പാട്ടുരൂപത്തില്‍ വായ്‌മൊഴിയായി പകരുന്ന സംമ്പ്രദായം വളരെ സമ്പന്നമായിരുന്നു. ആ രീതിയിലാകണംകളരിവിദ്യാ വായ്ത്താരികളും ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക.
എന്നാല്‍ ഇന്നത്തെ കേരളത്തിന്റെ മുഖമുദ്ര തമിഴ് വിരുദ്ധതയാണ്. ഈ വിരുദ്ധതയുടെ വേരുകള്‍ കിടക്കുന്ന ഒരുകാലത്ത് നടന്ന ബ്രാഹ്‌മണവല്‍ക്കരണത്തിലാണ്. കേരളമെന്നാല്‍ 16-ാം നൂറ്റാണ്ടില്‍ ശൂന്യതയില്‍ നിന്ന് വന്നതാണെന്ന ഭാവമാണ് പൊതുവെ. ഇവിടെ മുമ്പ് ജനതയും, സംസ്‌കാരവും, ഭാഷയും, ആത്മീയതയും, ഉണ്ടായിരുന്നെന്ന് വിസ്മരിക്കപ്പെടുന്നു.

സംസ്‌കൃതവല്‍കരണത്തെ മാറ്റി നിര്‍ത്തിയാല്‍, പൂര്‍വാധുനിക കാലം തൊട്ടേ വൈദേശിക ബന്ധം പുലർത്തിയിരുന്ന നാടായിരുന്നു കേരളം. അതിന്റെ സാംസ്‌കാരിക സ്വാധീനവും പിന്നീട് വന്ന ഇടത് പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനവും കേരളത്തില്‍ ശക്തമായുണ്ട്. ഒരാള്‍ പാരമ്പര്യത്തിലേക്ക് തിരിയുമ്പോള്‍ അത് കാലഹരണപ്പെട്ടതാണെന്നും വൃഥാ വ്യായാമമാണെന്നുമുള്ള പൊതുബോധം ആധുനികതയുടെ ഭാഗമായി രൂപപ്പെട്ടിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. വിമോചനാശയങ്ങളും, നവോത്ഥാനപ്രക്രിയയും, ശാസ്ത്രാവബോധവും യൂറോപ്യന്‍ സംസ്‌കാരത്തെ അടിസ്ഥാനമാക്കി നോക്കിക്കാണുന്ന നാടെന്ന നിലയ്ക്ക് ഇത്തരം പൂര്‍വാധുനിക വീണ്ടെടുപ്പുകള്‍ കാലഹരണപ്പെട്ടതാണെന്ന് വരും. ലെഫ്റ്റ് ഐഡിയോളജിക്കല്‍ ബാക്ഗ്രൗണ്ട് ഉള്ള ഞാന്‍ ഈ പണി ചെയ്യുമ്പോള്‍ നേരിട്ട ചോദ്യം ആര്‍.എസ്.എസ്. ചെയ്യുന്ന ജോലി നിങ്ങളെന്തിനാണ് ചെയ്യുന്നത് എന്നാണ്. യഥാര്‍ത്ഥത്തില്‍ അത് നേരെ മറിച്ചാണ്. സംഘപരിവാറിന്റെ ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള ഏകശിലാത്മകമായ ആഖ്യാനങ്ങളെ പൊളിച്ചെഴുതാനാണ് ഇത്തരം ശ്രമങ്ങള്‍ ഉപകാരപ്പെടുന്നത്. അത് കാണാതെ, വിശാല കാഴ്ചപ്പാടില്‍ ഇതിനെ അറിയാന്‍ ശ്രമിക്കാതിരിക്കുന്നത് നമ്മുടെ അറിവന്വേഷണത്തെ നിരുല്‍സാഹപ്പെടുത്തുകയും പിന്നോട്ടു വലിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
ഞാനിതിനെ പുരോഗമന പേടി എന്നാണ് സര്‍ക്കാസ്റ്റിക്കലായി വിശേഷിപ്പിക്കുന്നത്. പുരോഗമനത്തെ പേടിക്കുന്ന എന്നല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. പുരോഗമനക്കാരനായി അല്ലാതെ വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടിയാണ്. എന്റെ അനുഭവത്തില്‍ നിന്ന് കോയിന്‍ ചെയ്‌തെടുത്ത പ്രയോഗമാണത്. നമ്മുടെ പുരോഗമന സങ്കല്‍പത്തിന്റെ പരിമിതിയായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. ഇത്രത്തോളം എജുക്കേറ്റഡ് ആയ, ശാസ്ത്രബോധമുള്ള, വെസ്റ്റേണൈസ്ഡ് ആയിട്ടുള്ള, പ്രോഗ്രസീവ് മൈന്‍ഡുള്ള കേരളത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ സ്വഭാവസവിശേഷത എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഈ പുരോഗമന പേടിയാണ്. ഈ പേടിയെ മറികടന്നാല്‍ മാത്രമേ പൂര്‍വാധുനിക കേരളത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണം സാധ്യമാകൂ. അതിലൂടെ മാത്രമേ കാലക്രമത്തില്‍ സംഭവിച്ച അധീശത്വങ്ങളെ തദ്ദേശീയ സംസ്‌കാരമായി ആഘോഷിക്കുന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ കഴിയൂ. പാരമ്പര്യത്തെ വളരെ സൂപര്‍ഫിഷ്യല്‍ ആയി നോക്കിക്കാണുന്ന ഒരു പ്രവണതയുണ്ട്. വലിയൊരളവില്‍ ബ്രാഹ്‌മണവത്കരണം നടന്നു കഴിഞ്ഞ സമൂഹമാണ് നമ്മുടേത്. അതിനെക്കുറിച്ച് ഗവേഷണം നടത്താതിരിക്കുന്നത് അതിനെ അംഗീകരിക്കുന്ന കണക്കാണ്. സോഷ്യലിസ്റ്റ്- ലെഫ്റ്റ്- ലിബറല്‍- ഡെമോക്രാറ്റിക്- പ്രോഗ്രസീവ് കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുന്ന കേരളസമൂഹം ഇതിനെ ഗൗരവമായി സമീപിക്കേണ്ടതുണ്ട്. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന വംശീയ ദേശീയതയ്‌ക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം പാരമ്പര്യാന്വേഷണത്തിലൂടെയുള്ള അബ്രാഹ്‌മണവല്‍ക്കരണവും ദ്രവീഡിയന്‍ വേരുകളുടെ തിരിച്ചു പിടിക്കലുമാണ്. കളരിയാവിരൈയിലൂടെ സാധ്യമാകുന്നത് തമിഴകത്തെ വീണ്ടെടുക്കലാണ്. കേരളത്തിന്റെ ചേരസംസ്‌കാരത്തെ വീണ്ടെടുക്കലാണ്.
സിദ്ധപാരമ്പര്യത്തെക്കാളും സവര്‍ണപാരമ്പര്യമാണ് പലരും കളരിയില്‍ തേടുന്നത്. കളരിയുടെ സിദ്ധപാരമ്പര്യത്തെ കാണാതിരിക്കുമ്പോഴും, ഇവര്‍ അനുദിനം പ്രയോഗിക്കുന്ന മര്‍മ്മ വിദ്യയും, നാഡീശാസ്ത്രവും സിദ്ധപാരമ്പര്യത്തില്‍ നിന്ന് വന്നതാണെന്നതാണ് ഇതിലെ വൈരുദ്ധ്യം.
കേരളത്തിലെ കളരി കമ്മ്യൂണിറ്റിയില്‍ നിന്ന് നിങ്ങളുടെ പരിശ്രമങ്ങളോടുള്ള സമീപനം എങ്ങനെയാണ്. തീര്‍ച്ചയായും അവരുടെ പിന്തുണ ഇത്തരം ഒരുദ്യമത്തിന് ഒഴിച്ചുകൂടാനാകാത്തതാണല്ലോ ?
നേരത്തെ സൂചിപ്പിച്ചതു പോലെ കളരിയെക്കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. സിദ്ധപാരമ്പര്യത്തെക്കാളും സവര്‍ണപാരമ്പര്യമാണ് പലരും കളരിയില്‍ തേടുന്നത്. കളരിയുടെ സിദ്ധപാരമ്പര്യത്തെ കാണാതിരിക്കുമ്പോഴും, ഇവര്‍ അനുദിനം പ്രയോഗിക്കുന്ന മര്‍മവിദ്യയും, നാഡീശാസ്ത്രവും സിദ്ധപാരമ്പര്യത്തില്‍ നിന്ന് വന്നതാണെന്നതാണ് ഇതിലെ വൈരുദ്ധ്യം. കളരിയിലെ ചികിത്സയായാലും, വൈദ്യമായാലും, ആത്മീയതയായാലും, മറ്റു സാംസ്‌കാരിക സവിഷേതകളായാലും അതിനൊക്കെ അവലംബമായിരിക്കുന്നത് സിദ്ധപാരമ്പര്യമാണ്. ഈ സിദ്ധപാരമ്പര്യത്തേയും തമിഴ് ബന്ധത്തേയും ആശ്ലേഷിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
ഞങ്ങള്‍ നടത്തിയ ശില്‍പശാലയ്ക്ക് അതുകൊണ്ടുതന്നെ ഇവര്‍ക്കിടയില്‍ നിന്നും പ്രതികൂലമായ പ്രതികരണമാണ് ലഭിച്ചത്. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെട്ട സിദ്ധവൈദ്യന്മാരെ കളരി അസോസിയേഷന്‍ ഇടപെട്ട് പിന്തിരിപ്പിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. ഈ ശില്‍പശാലയില്‍ മാത്രമല്ല. കളരിയുടെ യഥാര്‍ത്ഥ വേരുകള്‍ അന്വേഷിച്ചുള്ള എല്ലാ ശ്രമങ്ങളേയും ഇവര്‍ നിരത്സാഹപ്പെടുത്തുന്നുണ്ട്. അതേസമയം പൊതുജനങ്ങളില്‍ നിന്നും പ്രോത്സാഹനവും ഇതിന് ലഭിക്കുന്നുണ്ട്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.