Friday, 09 December 2022

വിദ്യാഭ്യാസ പ്രതിസന്ധി


Text Formatted

വിദ്യാർഥികളുടെ കോവിഡുകാല 
പഠനനിലവാരത്തിൽ തോറ്റുപോയ കേരളം

കേരളത്തിലെ പട്ടികജാതി- വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അക്കാദമിക നിലവാരം ദേശീയ ശരാശരിയിലും ഏറെ പിന്നിലേക്കുപോകുന്നതിന്റെ കണക്കുകൾ നാസിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വായിക്കാം. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ പഠനനിലവാരത്തില്‍ ദേശീയ ശരാശരിക്കും മുകളിലേക്ക് കുതിയ്ക്കുമ്പോള്‍ കേരളം മുന്നോട്ടുപോകാനാവാതെ കിതയ്ക്കുന്നതിന്റെ അടയാളങ്ങളും നാസ് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.

Image Full Width
Image Caption
Photo : A.L.P.School, Thokkampara, fb page
Text Formatted

രാജ്യത്തെ  വിദ്യാഭ്യാസത്തിന്റെ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനിലവാര സര്‍വേയായ നാഷണല്‍ അച്ചീവ്‌മെൻറ്​ സര്‍വേ (‘നാസ്’- 2021 ) ഫലങ്ങള്‍ അടുത്തിടെ പുറത്തുവന്നു. പാന്‍ഡമിക് പ്രതിസന്ധി കാലഘട്ടത്തില്‍ നടന്ന പഠനമെന്ന നിലയില്‍ നാസ് സര്‍വേ കണ്ടെത്തലുകള്‍ക്ക് വിദ്യാഭ്യാസ വിദഗ്ധരും, നയരൂപകര്‍ത്താക്കളും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കോവിഡ് ഇന്ത്യന്‍ വിദ്യാഭ്യാസത്തിലുണ്ടാക്കിയ ആഴമേറിയ അക്കാദമിക പ്രശ്‌നങ്ങളുടെയും കൊഴിഞ്ഞുപോക്കിന്റെയും പഠനനഷ്ടത്തിന്റെയും നിരവധി ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ടിലുടനീളമുണ്ട്.

2017-ല്‍ അവസാനമായി നടന്ന നാസ് പഠനത്തിന് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ പഠനനിലവാരത്തില്‍ വിവിധ സംസ്ഥാനങ്ങളും, ജില്ലകളും, പ്രദേശങ്ങളും, സാമൂഹികവിഭാഗങ്ങളും എവിടെ നില്‍ക്കുന്നുവെന്നതിന്റെ അടയാളമായി 2021-ലെ നാസ് പഠനറിപ്പോര്‍ട്ടിനെ വിലയിരുത്താം. സാമൂഹികസൂചകങ്ങളില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍ നടക്കുന്ന കേരളത്തിനും ചില അക്കാദമിക തിരുത്തലുകള്‍ക്കും ഗുണനിലവാരമുറപ്പാക്കലിനും സൂചകമാവുന്നുണ്ട് നാസ് പഠനഫലം. മൂന്നാം ക്ലാസിലൊഴികെ, പഠനനിലവാരം പരിശോധിച്ച അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ ഒട്ടുമിക്ക വിഷയങ്ങളിലും ദേശീയ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കേരളത്തിന്റേത്.

കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് എന്ന പേരില്‍ ദേശാന്തരങ്ങളില്‍ പ്രസിദ്ധരായ ഒരുകൂട്ടം പ്രതിഭകളെ സംഭാവനചെയ്ത കേരളത്തിന്റെ ഗണിതശാസ്ത്രനിലവാരം താഴേക്കുപോകുന്നതിന്റെ അപായസൂചന റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ പട്ടികജാതി- വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അക്കാദമികനിലവാരം ദേശീയ ശരാശരിയിലും ഏറെ പിന്നിലേക്കുപോകുന്നതിന്റെ കണക്കുകളും നാസിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍നിന്നു വായിക്കാം. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ പഠനനിലവാരത്തില്‍ ദേശീയ ശരാശരിക്കും മുകളിലേക്ക് കുതിയ്ക്കുമ്പോള്‍ കേരളം മുന്നോട്ടുപോകാനാവാതെ കിതയ്ക്കുന്നതിന്റെ അടയാളങ്ങളും നാസ് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.

A.L.P.School, Thokkampara
ഏതു പ്രതിസന്ധിഘട്ടത്തിലും മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായിരുന്ന കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തില്‍ വിള്ളലുകള്‍ വീഴുന്നതിന്റെ സൂചകമായി നാസ് പഠനഫലങ്ങളെ വിലയിരുത്തേണ്ട നിലയിലേക്കാണോ കാര്യങ്ങള്‍ പോകുന്നതെന്ന് അക്കാദമികലോകം സംശയിക്കുന്നുണ്ട്.

ദേശീയ സിലബസിനെ അടിസ്ഥാനമാക്കി നടത്തുന്നുവെന്നതും, കുട്ടികളില്‍ പഠനനഷ്ടത്തിനും, മാനസിക- വൈകാരിക പ്രതിസന്ധികള്‍ക്കും ഇടയാക്കിയ പാന്‍ഡമിക് പ്രതിസന്ധിയ്ക്കുശേഷം നടക്കുന്നുവെന്നതുമാണ് നാസ് സര്‍വേയില്‍ കേരളത്തെ പിന്നോട്ടടിച്ചത് എന്ന വാദമുയരുന്നുണ്ട്. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്ത മറ്റെല്ലാ സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യങ്ങള്‍ തന്നെയായിരുന്നില്ലേയെന്ന മറുചോദ്യവുമുണ്ട്. ഏതു പ്രതിസന്ധിഘട്ടത്തിലും കേരളത്തിന്റെ അക്കാദമിക നിലവാരം മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം എപ്പോഴും മാതൃകയായിരുന്ന ഒന്നാണ്. കേരള വികസന മാതൃകയുടെ പ്രധാന ഘടകങ്ങളിലൊന്നായി പരിഗണിക്കുന്ന വിദ്യാഭ്യാസനിലവാരത്തില്‍ വിള്ളലുകള്‍ വീഴുന്നതിന്റെ സൂചകമായി നാസ് പഠനഫലങ്ങളെ വിലയിരുത്തേണ്ട നിലയിലേക്കാണോ കാര്യങ്ങള്‍ പോകുന്നതെന്ന് അക്കാദമികലോകം സംശയിക്കുന്നുണ്ട്.

2017-ല്‍ നിന്ന് 2021-ലെത്തുമ്പോള്‍ പഠനത്തിനുവിധേയമാക്കിയ ക്ലാസുകളിലെല്ലാം വലിയതോതിൽ നിലവാരത്തകര്‍ച്ചയുണ്ടായിട്ടുണ്ട്. ദേശീയതലത്തില്‍ മൂന്നാം ക്ലാസില്‍ 2017-ല്‍ ഭാഷയില്‍ സ്‌കോര്‍ 68%, ഗണിതത്തില്‍ 64%, പരിസരപഠനത്തിൽ 65% വീതം ആയിരുന്നുവെങ്കില്‍ 2021-ല്‍ അത് യഥാക്രമം 62%, 57%, 57% മായി കുറഞ്ഞു.

സമഗ്രപഠനം

ഇന്ത്യയെമ്പാടുമുള്ള വ്യത്യസ്ത സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസിലാക്കാന്‍ സഹായിക്കുന്ന ദേശീയപഠനനിലവാര സര്‍വേയാണ് നാഷണല്‍ അച്ചീവ്‌മെൻറ്​ സര്‍വേ. വിദ്യാഭ്യാസത്തില്‍ ഏറെ വൈവിധ്യങ്ങളും, വ്യത്യസ്ത സിലബസുകളും, പഠനബോര്‍ഡുകളുമുള്ള ഇന്ത്യയില്‍ അക്കാദമിക നിലവാരത്തിന്റെ ദേശീയ ഏകകമായി പരിഗണിക്കുന്നത് നാഷണല്‍ അച്ചീവ്‌മെൻറ്​ സര്‍വേയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടാണ്. ദേശീയതലത്തില്‍ തയ്യാറാക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉപയോഗിച്ച് ഒരേ ദിവസം, ഒരേ സമയമാണ് വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നാസ് പരീക്ഷ നടത്തുന്നത്. എന്‍.സി.ഇ.ആര്‍.ടി. തയാറാക്കിയ ദേശീയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ തയാറാക്കുന്നത്. ദേശീയതലത്തിലെയും, സംസ്ഥാന- ജില്ലാ തലങ്ങളിലെയും, ഭിന്നവിഷയമേഖലകളിലെയും പഠനനിലവാരം തിരിച്ചറിയാന്‍ നാസ് സര്‍വേയാണ് സഹായകമാവുന്നത്. രാജ്യത്തും സംസ്ഥാനങ്ങളിലും വിദ്യാഭ്യാസമേഖലയിലെ നയരൂപീകരണത്തിനും ഗുണനിലവാര വിലയിരുത്തലിനും, പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ക്കും, പഠന നിലവാരമുയര്‍ത്തുന്നതിനുള്ള പുതുപദ്ധതികള്‍ക്കും പ്രചോദകമായിമാറുന്നത് നാസ് പഠനമാണ്. അതുകൊണ്ടുതന്നെ ദേശീയ -സംസ്ഥാന വിദ്യാഭ്യാസ ഏജന്‍സികള്‍ നാസ് പഠനഫലത്തെ ഏറെ സൂക്ഷ്മതയോടെ സമീപിക്കാറുണ്ട്. 

homeless children
ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ ഏറെക്കാലം മുമ്പുതന്നെ നിലനിന്നിരുന്ന സാമൂഹ്യ-സാമ്പത്തിക - സാംസ്‌കാരിക വിടവുകള്‍ക്കൊപ്പം ഡിജിറ്റല്‍ വിടവു കൂടി രൂപപ്പെട്ടതോടെ മാര്‍ജിനലൈസ്ഡ് വിഭാഗങ്ങളുടെ വിദ്യാഭ്യാസാവസരത്തെ അത് കാര്യമായി ബാധിച്ചു. / Photo : Ashok Tangde, PARI

2017-ലാണ് അവസാന നാഷണല്‍ അച്ചീവ്‌മെൻറ്​ സര്‍വേ നടന്നത്. മൂന്നു വര്‍ഷത്തിനുശേഷം 2020-ല്‍ നാസ് നടക്കേണ്ടിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതിനാല്‍ നടന്നില്ല. 2021 നവംബര്‍ 12-ാം തീയതിയിലാണ് ഇപ്പോള്‍ പുറത്തുവിട്ട സര്‍വേയ്ക്കാധാരമായ പരീക്ഷ നടന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട 733 ജില്ലകളിലെ 1,23,729 സ്‌കൂളുകളാണ് നാസ് -2021 ന്റെ ഭാഗമായത്. 3, 5, 8, 10 ക്ലാസുകളിലെ പഠനനിലവാരമാണ് നാസ് - 2021 പരിഗണിച്ചത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും ഭാഷ, ഗണിതം, പരിസരപഠനം എന്നിവയും എട്ടാം ക്ലാസില്‍ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയും പത്താംക്ലാസില്‍ പ്രാദേശിക ഭാഷ, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലുമാണ് പഠനനിലവാരം പരിശോധിച്ചത്. ഓരോ ക്ലാസിലും വിവിധ വിഷയങ്ങള്‍ക്കായി എന്‍.സി.ഇ.ആര്‍.ടി. പുറത്തിറക്കിയ പഠനഫലങ്ങള്‍ (Learning Outcomes) അടിസ്ഥാനമാക്കിയാണ് ചോദ്യമാതൃകകള്‍ തയാറാക്കിയത്. ഓരോ ക്ലാസിലും വിദ്യാര്‍ഥി ആര്‍ജിക്കേണ്ട അറിവ്, ശേഷികള്‍, മനോഭാവങ്ങള്‍ എന്നിവയാണ് പഠനനേട്ടങ്ങളിലൂടെ വിലയിരുത്തപ്പെടുന്നത്.

അഞ്ചാം ക്ലാസില്‍ ഭാഷയില്‍ ദേശീയനിലവാരത്തിനു മുകളിലും പരിസരപഠനത്തില്‍ ദേശീയ നിലവാരത്തിനൊപ്പവുമാണ് കേരളം. എന്നാല്‍ ഗണിതത്തില്‍ ഏറെ പിന്നിലാണ്.

മൂന്നാം ക്ലാസിലെ  6,55,128 കുട്ടികളും അഞ്ചിലെ 6,46,975 കുട്ടികളും എട്ടിലെ 1,20,477 കുട്ടികളും പത്തിലെ 13,80,879 കുട്ടികളുമുള്‍പ്പെടെ 38,87,759 കുട്ടികളായാണ് നാസ് പഠനസര്‍വേയില്‍ പങ്കെടുത്തത്. യൂഡൈസ് ഡേറ്റ ഉപയോഗപ്പെടുത്തി ഗ്രാമം/നഗരം, ഗവണ്‍മെൻറ്​/ എയിഡഡ് / അണ്‍ എയിഡഡ് / കേന്ദ്ര ഗവണ്‍മെൻറ്​ സ്‌കൂളുകള്‍, ജെന്‍ഡര്‍, സോഷ്യല്‍ ഗ്രൂപ്പ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുടെ പഠനനിലവാരം വിലയിരുത്തിയിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടി., സി.ബി.എസ്.ഇ., എന്‍.എസ്.ഇ., നിതി ആയോഗ്, യൂനിസെഫ് എന്നീ വിദ്യാഭ്യാസ ഏജന്‍സികളുടെ സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെയാണ്  ബൃഹത്തായ നാഷണല്‍ അച്ചീവ്‌മെൻറ്​ സര്‍വേ നടത്തുന്നത്. നാസ് - 2021 നടത്താന്‍ തെരഞ്ഞെടുത്ത ഏജന്‍സി സി.ബി.എസ്.ഇ. ആയിരുന്നു. എന്നാല്‍ ചോദ്യങ്ങളും വിലയിരുത്തല്‍ ഫ്രെയിംവര്‍ക്കും തയാറാക്കിയത് എന്‍.സി.ഇ.ആര്‍.ടി.യാണ്. സംസ്ഥാനങ്ങള്‍ നിയമിക്കുന്ന സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരാണ് സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്റ്റേറ്റ് നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍മാരും സ്‌കൂള്‍തലത്തില്‍ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരുമുണ്ട്. കൂടാതെ ഡിസ്ടിക്ട് ലെവല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സും, റിസോഴ്‌സ് സെന്റര്‍ കസ്റ്റോഡിയന്‍മാരും സ്‌കൂള്‍തല ഒബ്‌സര്‍വര്‍മാരുമുണ്ട്. വളരെ വിപുലമായ ആസൂത്രണവും തയാറെടുപ്പുകളും മനുഷ്യവിഭവശേഷിയും, സാമ്പത്തികവും നാസ് പഠനസര്‍വേയുടെ നിര്‍വഹണത്തിനുപിന്നിലുണ്ട്. വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഇത്തരമൊരു സമഗ്രപഠനം മറ്റെവിടെയും നടക്കുന്നില്ല.

national-achievement-survey-nas-2021

വിമര്‍ശനങ്ങള്‍

കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസമേഖലയെ പിടിച്ചുലച്ച ഘട്ടത്തില്‍ ഒരു ദേശീയനിലവാരപഠനം നടത്തിയതിന്റെ യുക്തി പല കോണുകളില്‍ നിന്ന്​ഉയരുന്നുണ്ട്. പരിമിതമായ ഓണ്‍ലൈന്‍ പഠനത്തെ മാത്രം ആശ്രയിച്ചിരുന്ന വിദ്യാര്‍ഥികളില്‍ പഠനവിടവ് പരിഹരിക്കുന്നതിനും പരിഹാരബോധനത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കിയിട്ടാവണമായിരുന്നു സര്‍വേ നടത്തേണ്ടിയിരുന്നുവെന്നതാണ്  പ്രധാന വാദം. വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവത്തെയും സംസ്ഥാന ബോര്‍ഡുകളുടെ സിലബസിനെയും പരിഗണിക്കാതെ ഏകപക്ഷീയമായി ദേശീയ സിലബസിനെ മാത്രം ആശ്രയിച്ച് ചോദ്യമാതൃകകള്‍ തയാറാക്കുന്നത് നീതികരിക്കാവുന്നതല്ല എന്ന കാര്യം ചില സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പഠനനേട്ടം എന്ന ഒരൊറ്റ ഘടകത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന മള്‍ട്ടിപ്പിള്‍ ചോദ്യമാതൃകകളിലൂടെ കുട്ടിയുടെ യഥാര്‍ഥ പഠനനിലവാരം അളക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. പഠനമെന്ന പ്രക്രിയയെ നാസ് സമഗ്രമായി സമീപിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭാഷാവൈവിധ്യങ്ങളും സാമൂഹികവിഭജനങ്ങളും, സാംസ്‌കാരികവൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരു ഏകീകൃത പരീക്ഷയുടെ സാംഗത്യവും വിമര്‍ശനവിധേയമാക്കപ്പെടുന്നുണ്ട്. വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും ദേശീയതലത്തിലും സംസ്ഥാന - ജില്ലാ തലങ്ങളിലും ജെന്‍ഡര്‍ സാമൂഹിക വിഭാഗങ്ങളിലും വ്യത്യസ്ത വിഷയമേഖലകളിലും രാജ്യം എവിടെ നില്‍ക്കുന്നുവെന്ന് വിലയിരുത്താന്‍ സഹായകമായ മറ്റൊരു സംവിധാനമില്ല എന്നതാണ് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേയെ പ്രസക്തമാക്കുന്നത്.

ഇതിനുമുമ്പു നടന്ന പഠനനിലവാരസര്‍വേകളിലും നിതി ആയോഗിന്റെ സര്‍വേയിലും മികച്ച സ്‌കോറുകള്‍ നേടി ദേശീയനിലവാരത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും ഏറെ മുന്നിലുണ്ടായിരുന്ന കേരളമാണ് ഇപ്പോള്‍ ദേശീയ നിലവാരത്തിനടുത്തെത്താന്‍ പാടുപെടുന്നത്.

ഇന്ത്യന്‍ വിദ്യാഭ്യാസ യാഥാര്‍ത്ഥ്യങ്ങൾ

ഇന്ത്യന്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന അസ്വസ്ഥജനകമായ യാഥാര്‍ഥ്യങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയാകുന്നുണ്ട് 2021-ലെ നാസ് സര്‍വേ. 2021-ല്‍ ‘പിസ’ (പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡൻറ്​ അസസ്‌മെൻറ്​) എന്ന രാജ്യാന്തര വിദ്യാഭ്യാസനിലവാര പരീക്ഷയില്‍ പങ്കെടുക്കേണ്ടിയിരുന്ന രാജ്യമാണ് ഇന്ത്യ. 2009-ലാണ് ഇന്ത്യ ആദ്യമായി ‘പിസ’യില്‍ പങ്കെടുത്തത്. അന്ന് 74 രാജ്യങ്ങള്‍ പങ്കെടുത്തതില്‍ 73-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. 2009-ലെ ദയനീയ പ്രകടനത്തെത്തുടര്‍ന്നാവാം പിന്നീട് നടന്ന ‘പിസ’ അസസ്‌മെന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. കേന്ദ്രീയ വിദ്യാലയങ്ങളെയും, കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢിനെയും ഉള്‍പ്പെടുത്തി 2021-ലെ പിസയില്‍ പങ്കെടുക്കാന്‍ ഗവണ്‍മെൻറ്​ തയാറായിയെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അത് മാറ്റിവെച്ചു. ഈ വര്‍ഷമോ, അടുത്തവര്‍ഷമോ പിസ നടക്കാനിടയുള്ള സാഹചര്യത്തിലാണ് നാസ് പഠനസര്‍വേഫലം പുറത്തുവരുന്നത്.

Girls as young as 12 are being married
Illustration : Labani Jangal, PARI

ലോക്ഡൗണും, കൂട്ടപലായനങ്ങളും, അടച്ചുപൂട്ടലുകളും ഇന്ത്യയില്‍ വലിയ പഠനപ്രതിസന്ധിയും, പഠനനഷ്ടവുമുണ്ടാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികള്‍ സ്‌കൂളുകള്‍ ഉപേക്ഷിച്ച് ബാലവേലയിലേക്കും ബാല്യവിവാഹങ്ങളിലേക്കും ചെന്നുപെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനരീതിയിലേക്കുള്ള മാറ്റം വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയതോതിൽ ഡിജിറ്റല്‍ വിഭജനത്തിനും പഠനവിടവിനും കാരണമായി. കേരളത്തില്‍പ്പോലും ഡിജിറ്റല്‍ ഡിവൈസ് ലഭ്യമല്ലാത്തതിന്റെ പേരില്‍ കുട്ടി ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായി. ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ ഏറെക്കാലം മുമ്പുതന്നെ നിലനിന്നിരുന്ന സാമൂഹ്യ-സാമ്പത്തിക - സാംസ്‌കാരിക വിടവുകള്‍ക്കൊപ്പം ഡിജിറ്റല്‍ വിടവു കൂടി രൂപപ്പെട്ടതോടെ മാര്‍ജിനലൈസ്ഡ് വിഭാഗങ്ങളുടെ വിദ്യാഭ്യാസാവസരത്തെ അത് കാര്യമായി ബാധിച്ചു.

നിതി ആയോഗിന്റെ റിപ്പോര്‍ട്ട്, നാഷണല്‍ സാംപിള്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്, വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് എന്നിവയെല്ലാം മുമ്പ് ഇന്ത്യയിലെ ഡിജിറ്റല്‍ അന്തരത്തെ സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വെളിവാക്കിയിട്ടുണ്ട്. നാസ് -2021 സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 24% പേര്‍ ഡിജിറ്റല്‍ ഉപകരണലഭ്യതയില്ലാത്തവരും 38% പേര്‍ പാന്‍ഡമിക് ഘട്ടത്തില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവരുമാണ്. റിപ്പോര്‍ട്ടിലെ ശ്രദ്ധേയ കാര്യം, 70% വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ - ഡിജിറ്റല്‍ പഠനരീതിയോട് വിമുഖരാണ് എന്നതാണ്. സ്‌കൂള്‍ എന്ന സുരക്ഷിത സാമൂഹിക കേന്ദ്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും, അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ ജൈവികതയും അരക്കിട്ടുറപ്പിക്കുന്നുവെന്നത് നാസ് -2021 പഠനത്തിന്റെ എടുത്തുപറയേണ്ട ഫലങ്ങളിലൊന്നാണ്. പരിമിതികളുണ്ടെങ്കിലും, ക്ലാസുമുറിയും, മുഖാമുഖപഠനവും, സ്‌കൂളും ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാവുന്നുവെന്ന ദേശീയപഠനനിലവാര സര്‍വേയുടെ കണ്ടെത്തല്‍ വിദ്യാഭ്യാസ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പുതിയ സമീപനങ്ങള്‍ക്കും ചിന്തകള്‍ക്കും കാരണമായിത്തീരേണ്ടതാണ്.

ഡിജിറ്റല്‍ സങ്കേതങ്ങളും ഉപകരണങ്ങളും വിദ്യാഭ്യാസം നടക്കുന്നുവെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേരളത്തിലെ വിദ്യാഭ്യാസക്രമത്തില്‍ പ്രത്യേകിച്ചൊരു മാറ്റവുമുണ്ടാക്കിയില്ലയെന്നാണ് നാസ് പഠന റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍.

2017-ല്‍ നിന്ന് 2021-ലെത്തുമ്പോള്‍ പഠനത്തിനുവിധേയമാക്കിയ ക്ലാസുകളിലെല്ലാം വലിയതോതിൽ നിലവാരത്തകര്‍ച്ചയുണ്ടായിട്ടുണ്ട്. ദേശീയതലത്തില്‍ മൂന്നാം ക്ലാസില്‍ 2017-ല്‍ ഭാഷയില്‍ സ്‌കോര്‍ 68%, ഗണിതത്തില്‍ 64%, പരിസരപഠനത്തില്‍65% വീതം ആയിരുന്നുവെങ്കില്‍ 2021-ല്‍ അത് യഥാക്രമം 62%, 57%, 57% വുമായി കുറഞ്ഞു. അഞ്ചാം ക്ലാസില്‍ ഭാഷയില്‍ 58%, ഗണിതത്തില്‍ 53%, പരിസരപഠനത്തില്‍ 57% ആയിരുന്നെങ്കില്‍ 2021-ല്‍ 55% , 44% ,48% എന്നിങ്ങനെ കുറഞ്ഞു. എട്ടില്‍ ഭാഷയിലെ 57%, 53% ആയും ഗണിതത്തിലെ 42% , 36% ആയും, സാമൂഹ്യശാസ്ത്രത്തിലെ 44% ,39% ആയും മാറി. 2017-ല്‍ പത്താം ക്ലാസിനെ പരിഗണിച്ചിട്ടില്ലാത്തതിനാല്‍ 2021 മായി താരതമ്യം സാധ്യമല്ല. എന്നിരുന്നാലും എല്ലാ വിഷയങ്ങളിലും അമ്പതുശതമാനത്തില്‍ താഴെ മാത്രമാണ് പത്താം ക്ലാസിലെ ദേശീയപഠനനിലവാരം. വിദ്യാഭ്യാസത്തിലെ ലഭ്യതയ്ക്കും (Access) തുല്യതയ്ക്കും(Equity) ഒപ്പം ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ അടിയന്തിരമായി ഉണ്ടാവേണ്ട ഗുണനിലവാരം (Quality) ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നാസ് - 2021 ദിശാസൂചിയാവേണ്ടത്.

കേരളം എവിടെയാണ്​?

2021 ലെ നാഷണൽ അച്ചീവ്മെൻറ്​ സർവേയുടെ പഠനഫലം കേരളത്തിനു ശുഭപ്രതീക്ഷ നൽകുന്നില്ല. ദേശീയതലത്തിലും പഠനനിലവാരം കുറഞ്ഞിട്ടുണ്ടെങ്കിലും അത് നമുക്ക് ആശ്വാസത്തിന്​ വക നല്‍കുന്നില്ല. മൂന്നാം ക്ലാസില്‍ ഭാഷയിലും, ഗണിതത്തിലും പരിസരപഠനത്തിലും ദേശീയ ശരാശരിയേക്കാള്‍ മികച്ച നിലവാരമാണ് കേരളത്തിനുള്ളത്. എന്നാല്‍ പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ കേരളത്തിനുമുന്നിലുണ്ട്. അഞ്ചാം ക്ലാസില്‍ ഭാഷയില്‍ ദേശീയനിലവാരത്തിനു മുകളിലും പരിസരപഠനത്തില്‍ ദേശീയ നിലവാരത്തിനൊപ്പവുമാണ് കേരളം. എന്നാല്‍ ഗണിതത്തില്‍ ഏറെ പിന്നിലാണ്. എട്ടാം ക്ലാസില്‍ ഭാഷയിലും സയന്‍സിലും ദേശീയ ശരാശരിക്കുമുകളില്‍ നില്‍ക്കുമ്പോള്‍ ഗണിതത്തിലും സാമൂഹ്യശാസ്ത്രത്തിലും പിന്നിലാണ്. പത്താം ക്ലാസില്‍ ഭാഷ, സാമൂഹ്യശാസ്ത്രം, സയന്‍സ് എന്നിവയില്‍ ദേശീയ നിലവാരത്തേക്കാള്‍ മുന്നിലും ഗണിതത്തില്‍ പിന്നിലുമാണ്. പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ മിക്ക വിഷയങ്ങളിലും കേരളത്തിനുമുകളിലാണ്. ഇതിനുമുമ്പു നടന്ന പഠനനിലവാരസര്‍വേകളിലും നിതി ആയോഗിന്റെ സര്‍വേയിലും മികച്ച സ്‌കോറുകള്‍ നേടി ദേശീയനിലവാരത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും ഏറെ മുന്നിലുണ്ടായിരുന്ന കേരളമാണ് ഇപ്പോള്‍ ദേശീയ നിലവാരത്തിനടുത്തെത്താന്‍ പാടുപെടുന്നത്. ഇത് കേരളത്തിലെ വിദ്യാഭ്യാസക്രമത്തിലുണ്ടാവേണ്ട അടിയന്തരമായ അക്കാദമിക നിലവാരമുറപ്പാക്കലിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. 

school
മൂന്നാം ക്ലാസില്‍ ഭാഷയിലും, ഗണിതത്തിലും പരിസരപഠനത്തിലും ദേശീയ ശരാശരിയേക്കാള്‍ മികച്ച നിലവാരമാണ് കേരളത്തിനുള്ളത്. എന്നാല്‍ പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ കേരളത്തിനുമുന്നിലുണ്ട് / Photo : Muthuvadathur v v l p s, fb page

കേരളത്തിലെ വിദ്യാഭ്യാസം :അനിവാര്യമായ തിരുത്തലുകള്‍

ലോകത്തെ ഏറ്റവും വലിയ സൈക്കോ - സോഷ്യല്‍ എക്‌സ്‌പെരിമെന്റായി യു.എന്‍. നിരീക്ഷിച്ച കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയിലും സൃഷ്ടിച്ചത്. ഡിജിറ്റല്‍ സങ്കേതങ്ങളും ഉപകരണങ്ങളും വിദ്യാഭ്യാസം നടക്കുന്നുവെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേരളത്തിലെ വിദ്യാഭ്യാസക്രമത്തില്‍ പ്രത്യേകിച്ചൊരു മാറ്റവുമുണ്ടാക്കിയില്ലയെന്നാണ് നാസ് പഠന റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. ഗ്രാമീണ, മലയോര മേഖലയിലും ഗോത്ര - ആദിവാസി വിഭാഗങ്ങളിലും എഴുത്ത്, വായന, ഗണിതം ഉള്‍പ്പെടെയുള്ള അടിസ്ഥാനശേഷികളില്‍ ചോര്‍ച്ചയുണ്ടായി. ഓരോ ഘട്ടത്തിലും, ക്ലാസിലും ഉറപ്പാക്കേണ്ട പഠനനേട്ടങ്ങള്‍ ഉറപ്പാക്കാനാവുന്നില്ല എന്നതാണ് കേരളത്തിലെ അക്കാദമിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഭാഷയിലും ഗണിതത്തിലും പഠനം ഉറപ്പാക്കപ്പെടണമെന്ന നിഷ്‌കര്‍ഷയില്ലാതെ പോകുമ്പോള്‍ അക്കാദമിക നിലവാരത്തകര്‍ച്ചയുണ്ടാവുന്നു. ഓരോ സ്‌കൂളും കുട്ടികളുടെ പഠനനേട്ടത്തില്‍ എവിടെ നില്‍ക്കുന്നുവെന്നതിനെ സംബന്ധിക്കുന്ന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതാണ് വികേന്ദ്രീകൃതമായി പഠനം ഉറപ്പിക്കാനുള്ള പ്രായോഗിക സമീപനം. ചെറിയ ക്ലാസുകളില്‍ നിന്ന് ഉയര്‍ന്ന ക്ലാസുകളിലേക്ക് പോകുമ്പോള്‍ പഠനനിലവാരം കുറഞ്ഞുവരുന്നുവെന്നതിന് 2021-ലെ നാസ് പഠനറിപ്പോര്‍ട്ടും അടിവരയിടുന്നു. ഹൈസ്‌കൂള്‍ പഠനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും പത്താം ക്ലാസില്‍ സബ്ജക്ട് മിനിമം ഉറപ്പാക്കേണ്ടതിലേക്കും ഇത് വിരല്‍ചൂണ്ടുന്നുണ്ട്. വ്യത്യസ്ത വിഷയമേഖലകളില്‍ ദേശീയ സിലബസിനോട് കിടപിടിക്കാവുന്ന പാഠപുസ്തകങ്ങളും ഉള്ളടക്കമേഖലയും, പഠനസമീപനങ്ങളും ഇല്ലാതെവരുമ്പോള്‍ ദേശീയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി നടത്തുന്ന മത്സരപരീക്ഷകളില്‍ നിന്ന് കേരളത്തിലെ കുട്ടികള്‍ പിന്തള്ളപ്പെടാനിടയുണ്ട്. നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി., ക്ലാറ്റ് പോലുള്ള ദേശീയതല മത്സരപരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലുണ്ട് എന്നതും നാം പരിഗണിക്കണം. ഗണിത- ശാസ്ത്ര - സാമൂഹികശാസ്ത്ര പഠനമേഖലകളുടെ സിലബസ് -പാഠ പുസ്തകരൂപീകരണത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. പാഠ്യപദ്ധതിയിലെ മികച്ച രാജ്യാന്തര മാതൃകകള്‍ ഇനി നടക്കാന്‍ പോകുന്ന കരിക്കുലം പരിഷ്‌കരണത്തില്‍ കേരള സാഹചര്യങ്ങള്‍ക്കനുസൃതമായി കടന്നുവരണം. 

Education
പൊതുവിഭാഗത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗവിഭാഗങ്ങളില്‍ നിന്നും അക്കാദമിക നിലവാരത്തില്‍ ഏറെ താഴെയാണ് കേരളത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങളെന്ന യാഥാര്‍ഥ്യം ദേശീയപഠനനിലവാര സര്‍വേയിലെ സോഷ്യല്‍ ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ വിശകലനത്തില്‍ നിന്നു വ്യക്തമാണ്

കേരളം 76.6% സ്‌കോര്‍ നേടി ഒന്നാമതെത്തിയ നിതി ആയോഗ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കും, പഠനനിലവാരത്തകര്‍ച്ചയും സൂചിപ്പിച്ചിരുന്നു. പഠനമുപേക്ഷിക്കുന്ന കുട്ടികളെ തിരിച്ചെത്തിക്കുന്നതില്‍ നാം മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ടിലെ നിരീക്ഷണം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നാണ് നാസ് -2021 റിപ്പോര്‍ട്ടിലെ കണക്കുകളും വ്യക്തമാക്കുന്നത്. പൊതുവിഭാഗത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗവിഭാഗങ്ങളില്‍ നിന്നും അക്കാദമിക നിലവാരത്തില്‍ ഏറെ താഴെയാണ് കേരളത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങളെന്ന യാഥാര്‍ഥ്യം ദേശീയപഠനനിലവാര സര്‍വേയിലെ സോഷ്യല്‍ ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ വിശകലനത്തില്‍ നിന്നു വ്യക്തമാണ്. അസസ്‌മെന്റിലും അധ്യാപക പരിശീലനങ്ങളിലും നാം തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ മാര്‍ക്ക് ദാനമായും അധ്യാപകപരിശീലനങ്ങള്‍ അനുഷ്ഠാനങ്ങളായും തുടരുന്നുവെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിദേശങ്ങളിലെ അക്കാദമിക സ്ഥാപനങ്ങളിലും, ഐ.ഐ.ടി.കളിലും, ഐ.ഐ.എമ്മുകളിലും അധ്യാപകര്‍ക്ക് ഉള്ളടക്കത്തിലും മാറിയ ബോധനശാസ്ത്രസമീപനങ്ങളിലും പരിശീലനം നല്‍കുന്നത് കേരളം കാണാതെപോകരുത്. അധ്യാപകനിലവാരം ഉയരുകയെന്നാല്‍ വിദ്യാര്‍ഥികളുടെ നിലവാരവും ഉയരുന്നുവെന്നതാണര്‍ഥം.

കേരളത്തിന്റെ പ്രോഗ്രസ് കാര്‍ഡില്‍ സാമൂഹികവിഭാഗങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലുമുള്ള അന്തരം ഏറെ പ്രകടമാണ്. പിന്നാക്ക-ഗോത്രവിഭാഗങ്ങള്‍ ഏറെയുള്ള വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളുടെ അക്കാദമിക നിലവാരം മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നിലാണെന്ന യാഥാര്‍ഥ്യം നാസ് സര്‍വേ അവതരിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും പ്രാദേശികവും സാമൂഹികവുമായ അക്കാദമിക അനുരൂപീകരണസാധ്യതകള്‍ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം നാസ് -2021 വ്യക്തമാക്കുന്നത് ഗവണ്‍മെന്റുകള്‍ പരിഗണിക്കേണ്ടതുണ്ട്.
അടിസ്ഥാനസൗകര്യങ്ങളിലെ അന്തര്‍ദേശീയ നിലവാരമെന്ന ആശയം അക്കാദമികതയുടെ കൂടി അന്തര്‍ദേശീയ നിലവാരമാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് 2021-ലെ നാഷണല്‍ അച്ചീവ്‌മെൻറ്​ സര്‍വേ റിപ്പോര്‍ട്ട് കേരളത്തെ നയിക്കേണ്ടത്.  


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ. ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Audio