Wednesday, 07 December 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 5 ല്‍ രാജേഷ് ആര്‍. വര്‍മ്മയുടെ 'നായിന്റ മോന്‍' എന്ന നോവെല്ലയ്ക്ക് സൂരജ കെ.എസ് വരച്ച ചിത്രം.
Text Formatted

കോവിഡ് വാക്സിനെക്കുറിച്ചുള്ള
​​​​​​​ആ വിവരങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്

ഴിഞ്ഞ പാക്കറ്റിലെ കോവിഡ് പാക്കേജിലുണ്ടായിരുന്ന ഡോ. ബി. ഇക്ബാലിന്റെയും ഡോ. ജയകൃഷ്ണന്റെയും ലേഖനങ്ങള്‍, കോവിഡിനുശേഷമുള്ള ലോകത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച നല്‍കി. കോവിഡിനെപ്പോലൊരു മഹാമാരി മനുഷ്യന്റെ ശരീരത്തെ മാത്രമല്ല, ഈ പ്രപഞ്ചത്തിന്റെ ഭാവിയെക്കൂടി ബാധിക്കാന്‍ തക്ക ഗുരുതരമായ ഒരു സാമൂഹിക പ്രശ്നം കൂടിയാണെന്ന് ഇക്ബാല്‍ പറയുന്നു. കോളറയും ക്ഷയവും പോലുള്ള മഹാമാരികള്‍ ദരിദ്രരെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്. എന്നാല്‍, പുതിയ കാലത്തെ കോവിഡുപോലുള്ള മഹാമാരികള്‍ എല്ലാത്തരം മനുഷ്യരെയുമാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ രോഗവ്യാപനശാസ്ത്രത്തിലെ തിരിച്ചറിവുകള്‍ കൊണ്ടുമാത്രം ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കാനാകില്ല. അത്, സാമൂഹികവും സാമ്പത്തികവുമായ ഒട്ടേറെ പരിഹാരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തന്നെ സാമൂഹിക ജീവിതത്തില്‍ നമുക്കുണ്ടായ തിരിച്ചറിവുകള്‍ അതിനുള്ള തെളിവാണ്. ഒരു പബ്ലിക് ഹെല്‍ത്ത് ആക്റ്റിവിസ്റ്റുകൂടിയായ ഇക്ബാല്‍, ഇതേക്കുറിച്ചെല്ലാം ആഴത്തില്‍ തുറന്നെഴുതുന്നുണ്ട്.

dr-b.jpg
ഡോ.ബി. ഇക്ബാല്‍

കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ട് എന്ന ഡോ. ജയകൃഷ്ണന്റെ ലേഖനം, കേരളത്തിലും വാക്സിന്‍ നല്‍കാന്‍ തുടങ്ങുന്ന സമയത്തുതന്നെ പ്രസിദ്ധീകരിച്ചത് ഉചിതമായി. ലോകത്ത് വിതരണത്തിന് തയാറായ ഫൈസര്‍ വാക്സിന്‍, മോഡേണ വാക്സിന്‍, കോവി ഷീല്‍ഡ് വാക്സിന്‍ എന്നിവയെ വിശദമായി, അവയുടെ ഗുണദോഷങ്ങള്‍ വിവരിച്ച് ലേഖനം പരിചയപ്പെടുത്തുന്നു. വാക്സിന്റെ ഫലപ്രാപ്തി മാത്രമല്ല, അതിന്റെ വിതരണവുമായി ബന്ധപ്പെട്ട നൈതിക പ്രശ്നങ്ങള്‍ കൂടി ജയകൃഷ്ണന്‍ ചര്‍ച്ച ചെയ്യുന്നു എന്നതാണ് ഈ ലേഖനത്തിന്റെ പ്രസക്തി. ആര്‍ക്കൊക്കെ വാക്സിന്‍ നല്‍കണം എന്നതില്‍ മുതല്‍ ഏത് രാജ്യങ്ങളിലും മേഖലകളിലും ഇത് വിതരണം ചെയ്യണം എന്ന കാര്യത്തില്‍ വരെ സങ്കുചിതമായ വര്‍ണ, വര്‍ഗ, സാമ്പത്തിക താല്‍പര്യങ്ങളും ദേശാഭിമാനവുമായി ബന്ധപ്പെട്ട ജിയോ പൊളിറ്റിക്കല്‍ പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് ഇപ്പോഴേ വന്‍ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട് എന്നും പല രാജ്യങ്ങളും അഡ്വാന്‍സ് മാര്‍ക്കറ്റ് കമ്മിറ്റ്മെന്റിന്റെ പേരില്‍ ഫലപ്രാപ്തി അത്ര ഉറപ്പില്ലാത്ത വാക്സിന്‍ വാങ്ങേണ്ട സ്ഥിതിയിലുമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ നൈതികതയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിത്. ലോകാരോഗ്യസംഘടനയെപ്പോലൊരു അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ഉണ്ടായിട്ടും, ലോകത്തെയാകെ ഗ്രസിച്ച ഒരു മഹാമാരിയുടെ കാര്യത്തില്‍ ജനകീയവും നൈതികവും തുല്യതയുടെ അടിസ്ഥാനത്തിലുള്ളതുമായ തീരുമാനമെടുക്കാന്‍ ലോകത്തിന് കഴിയുന്നില്ല എന്നാണ് കോവിഡ് വാക്സിന്‍ തെളിയിക്കുന്നത്. വാക്സിന്‍ വികസിപ്പിച്ചിട്ടുള്ള യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍, അതാതുരാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ പ്രതിനിധീകരിക്കുന്ന സങ്കുചിത ജിയോ പൊളിറ്റിക്കല്‍ ഇഷ്യൂകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുക? വാക്സിന്‍ ലഭ്യമായാല്‍ തന്നെ, മനുഷ്യരെ തമ്മില്‍ വിഭജിച്ചുഭരിക്കുന്ന ഭരണകൂടങ്ങളുള്ള രാജ്യങ്ങളില്‍ ആര്‍ക്കൊക്കെയായിരിക്കും ഇത് ലഭിക്കുക? എന്തായിരിക്കും മുന്‍ഗണനകള്‍?വാക്സിന്‍ എത്തിയെങ്കിലും കോവിഡിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്സ് രൂക്ഷമാകാന്‍ പോകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ആയിഷ ബി
ദോഹ, ഖത്തര്‍


‘നായിന്റെ മോന്‍': ഇതാണ് പുതിയ കഥ

ട്രൂ കോപ്പി വെബ്സീന്‍ സാഹിത്യത്തിലെ ഏറ്റവും പുതിയ ധാരകളെ അടയാളപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഉദാഹരണത്തിന് കഴിഞ്ഞ പാക്കറ്റില്‍ രാജേഷ് ആര്‍. വര്‍മ്മ എഴുതിയ ‘നായിന്റെ മോന്‍' എന്ന നോവെല്ലയും സതി അങ്കമാലിയുടെ, സജീവന്‍ പ്രദീപിന്റെ കവിതകളുടെ വായനയും പ്രത്യേകം എടുത്തുപറയാം.

Rajesh_JD.jpg
രാജേഷ് ആർ. വർമ്മ

എഴുതാനുള്ളത് മുന്‍പിന്‍ നോക്കാതെ എഴുതുക എന്ന പുതിയ കഥാകൃത്തുക്കളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് രാജേഷ് ആര്‍. വര്‍മ്മയുടെ രചനയെ മൗലികമാക്കുന്നത്. നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്ന ധാരണകള്‍ക്കും ആശയങ്ങള്‍ക്കും മേല്‍ ഒരുവിധ നിയന്ത്രണവുമില്ലാതെ കടന്നകയറുകയാണ് കഥാകൃത്ത്, അങ്ങനെ നാം ജീവിക്കുന്ന ജീവിതത്തെ കറുത്ത ഫലിതം കൊണ്ട് കീറിമുറിക്കുന്നു. സ്വന്തം കപടജീവിതത്തെ സ്വയം കൊന്നുകളയുന്ന ഒരുതരം ആഖ്യാനം. മലയാള കഥ സഞ്ചരിക്കുന്ന ഏറ്റവും പുതിയ ഉയരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ‘നായിന്റെ മോന്‍'. മലയാളകഥയില്‍ ഭാഷയിലും നരേഷനിലും ഏറെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു തലമുറയുടെ കാലം കൂടിയാണിത്. ഒരുതരം സങ്കോചവുമില്ലാത്ത തുറന്നെഴുത്ത് കഥയിലുണ്ടാകുന്നുണ്ട്, മുമ്പത്തെ കഥ തൊട്ടും തൊടാതെയും മാറ്റിവച്ചിരുന്ന/ബാക്കിവെച്ചിരുന്ന അവശിഷ്ടങ്ങളില്‍നിന്നാണ് ഏറ്റവും പുതിയ എഴുത്തുകാര്‍ കഥയെഴുതുന്നത്. അതുകൊണ്ട്, അവര്‍ നടത്തുന്ന ഓരോ കാല്‍വെപ്പും ‘നായിന്റെ മോന്‍' പോലെ അഗമ്യഗമനങ്ങളായി മാറുന്നു.
സജീവന്‍ പ്രദീപന്റെ കവിതകളെക്കുറിച്ച് മലയാളത്തില്‍ വന്ന ഏറ്റവും മികച്ച വായനയാണ് സതി അങ്കമാലി വെബ്സീനിലൂടെ നടത്തുന്നത്. കവിതയെക്കുറിച്ച പൊതുബോധത്തെ അരികുകളില്‍നിന്നെത്തിയ അപരത്വങ്ങള്‍ റദ്ദാക്കിക്കളഞ്ഞിട്ടുണ്ട്. ഇന്ന് എഴുതപ്പെടുന്ന ഓരോ വരിയും അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രഖ്യാപനങ്ങളാണ്;
​​​​​​​‘‘ഞങ്ങടെ പെണ്ണുങ്ങള്‍
ഞങ്ങളില്‍ നിന്ന് മാറികിടന്നില്ല.
ശബരിമലമുണ്ട് ഞങ്ങളും
ഞങ്ങളുടെ കുട്ടികളും
നാടകത്തിന്ന്, ഊരി കളഞ്ഞു''

എന്നീ വരികളെപ്പോലെ. ഫെമിനിസം, ജെന്റര്‍, ജാതി വ്യവഹാരങ്ങളെ പുരോഗമനപരമായി പൊളിച്ചെഴുതുന്ന കവിതകള്‍ ഒരുവിധ നിരൂപണത്തള്ളലുകളുമില്ലാതെ ശ്രദ്ധ നേടുന്ന കാലത്തെ വെബ്സീന്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

അരുന്ധതി ഗോപന്‍
കളമശ്ശേരി, എറണാകുളം


എം.ടിയെ വായിച്ചു, കണ്ണുനിറഞ്ഞു

റെക്കാലത്തിനുശേഷമാണ് എം.ടി എഴുതിയ ഒരു കുറിപ്പ് വായിക്കുന്നത്. ശോഭീന്ദ്രന്‍ മാഷുടെ അനുഭവക്കുറിപ്പിനുള്ള അവതാരികയാണെങ്കിലും അത് എം.ടിയുടെ പതിവു കുറിപ്പുകളെപ്പോലെ ഹൃദയസ്പര്‍ശിയായിരുന്നു. അധ്യാപകനായി ജീവിച്ച പഴയ കാലത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് വായിച്ച് കണ്ണുനിറഞ്ഞു.

mt-vasu.jpg
എം.ടി. വാസുദേവന്‍ നായര്‍

പണ്ട്, പട്ടാമ്പി സ്‌കൂളില്‍ പഠിപ്പിച്ച ഒരു കുട്ടിയുടെ കത്ത് ഈയിടെ കിട്ടിയപ്പോള്‍ സന്തോഷം തോന്നി എന്ന് അദ്ദേഹം എഴുതിയത് വായിച്ചപ്പോള്‍, ഒരു അധ്യാപകന്‍ കൂടിയായിരുന്ന ഞാനും എന്റെ സ്‌കൂള്‍ കാലഘട്ടം ഓര്‍ത്തുപോയി. ഇപ്പോഴും പലയിടങ്ങളിലും വച്ച് അപ്രതീക്ഷിതമായി മുമ്പ് പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികളെ കാണുമ്പോള്‍, അവര്‍ സ്നേഹത്തോടെ, അന്നത്തെ അതേ ബഹുമാനത്തോടെ മുന്നില്‍വന്നുനില്‍ക്കും. അത് മറ്റൊരു തൊഴിലിനും കിട്ടാത്ത ഒരു ചാരിതാര്‍ഥ്യമാണെന്നുതോന്നുന്നു. അതിനുകാരണം, എം.ടി സൂചിപ്പിച്ച, മുമ്പ് അധ്യാപക സമൂഹം പുലര്‍ത്തിയിരുന്ന നന്മയായിരുന്നു. വിദ്യാര്‍ഥിയുടെ പൊതിച്ചോറ് മോഷ്ടിച്ച് വിശപ്പുമാറ്റുന്ന അധ്യാപകന്റെ കഥയെക്കുറിച്ച് എം.ടി എഴുതുന്നുണ്ടല്ലോ. കാരൂരിന്റെ ആ കഥ വെറും കഥയായിരിക്കാന്‍ ഇടയില്ല. കാരണം, അത്തരം ദാരിദ്ര്യങ്ങളുടെയും ഇല്ലായ്മകളുടെയും നിരവധി അനുഭവങ്ങള്‍ ഞങ്ങളുടെ തലമുറയിലെ പല അധ്യാപകര്‍ക്കുമുണ്ട്. ആ തലമുറയില്‍പെട്ട അധ്യാപകന്‍ കൂടിയായ ശോഭീന്ദ്രന്‍ മാഷുടെ അനുഭവക്കുറിപ്പുകള്‍ വായിക്കാന്‍ അതുകൊണ്ടുതന്നെ കാത്തിരിക്കുന്നു.

കെ.ശിവശങ്കരന്‍
കണ്ണൂര്‍


അത് പൊതുബോധത്തിന്റെ അയിത്താചരണമായിരുന്നു

കോവിഡ് കാലത്തെ മാലിന്യശേഖരണത്തിലെ ജെന്റര്‍ ഇഷ്യുകള്‍ വിശദമാക്കുന്ന സോയ തോമസിന്റെ ലേഖനം- ‘സ്ത്രീ തൊഴിലാളികളെ വൈറസ് എന്നപോലെയാണ് പലരും കണ്ടത്'- പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. മാലിന്യം ശേഖരിക്കുക എന്ന പണി, വീട്ടിലെ തൊഴില്‍ വിഭജനത്തിന്റെ അതേ പാറ്റേണിലുള്ളതാണ് എന്ന സോയയുടെ നിരീക്ഷണം കൃത്യമാണ്. കേരളത്തില്‍ മാലിന്യം, പ്രത്യേകിച്ച് ഗാര്‍ഹിക മാലിന്യങ്ങള്‍, തികച്ചും അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നത് എന്ന് കാണാന്‍ കഴിയും.

soya.jpg
സോയ തോമസ്​

സംസ്‌കരണത്തിന് ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും മാലിന്യം ഉറവിടങ്ങളില്‍നിന്ന് ശേഖരിച്ച് സംസ്‌കരണ ഘട്ടത്തില്‍ വരെയെത്തിക്കുന്ന പണി ആരോഗ്യപരമായി മാത്രമല്ല, സാമൂഹികവുമായ വിവേചനത്തിന്റെ ഇരകളാക്കി സ്ത്രീകളെ മാറ്റുന്നു. അതിവേഗം മധ്യവര്‍ഗാഭിമുഖ്യങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തില്‍ ഈ സ്ത്രീകള്‍ മറ്റൊരു ‘അധഃകൃത വര്‍ഗ'മായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് ഇവരോട് പൊതുസമൂഹം പാലിച്ച അകലം, ആരോഗ്യപരമായ ഉല്‍ക്കണ്ഠളുടെ പേരില്‍ മാത്രമല്ല എന്ന് കാണാന്‍ വിഷമമില്ല. അത് പ്രബലമായി വരുന്ന ഒരുതരം പൊതുബോധത്തിന്റെ അയിത്താചരണമായിരുന്നു. പ്രളയത്തിന്റെ കാലത്ത് ആരും വിളിക്കാതെ തന്നെ കൂട്ടമായി എത്തി സഹജീവികളെ രക്ഷിച്ച നമ്മുടെ മല്‍സ്യത്തൊഴിലാളികളെ അക്കാലത്തും പ്രളയവാര്‍ഷികങ്ങളിലും ഫെയ്സ്ബുക്കില്‍ നമ്മള്‍ ഫ്ളക്സ് വച്ച് പൂജിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് തുല്യ സമൂഹമെന്ന നിലക്കുള്ള പരിഗണന ലഭിക്കുന്നുണ്ടോ? അവര്‍ ഇപ്പോഴും അരികുജീവിതം തന്നെയാണ് നയിക്കുന്നത്. പ്രളയമായാലും കോവിഡായാലും പൊതുസമൂഹത്തിന്റെ പരികല്‍പനകള്‍ മാറുന്നില്ല, അത് കൂടുതല്‍ അപകടകരമാകുകയേയുള്ളൂ എന്ന പാഠമാണ് സോയയുടെ ലേഖനം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.

കെ.എം.റിയാസ്
​​​​​​​പെരിന്തല്‍മണ്ണ, മലപ്പുറം


ഒരു കിടിലന്‍ ക്വോട്ട്

ടച്ചു പൂട്ടിയിരിക്കുമ്പോള്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഫ്രഞ്ച് വിധവയുടെ കൂടെ കഴിയുന്നതല്ലേ അഭികാമ്യം എന്ന സച്ചു തോമസിന്റെ വരി ഒരു കിടിലന്‍ ക്വോട്ട് ആണ്. വായനയുടെയും ഭാവനയുടെയും അപാരമായ റിവേഴ്‌സ് റണ്‍.

Sachu-1.jpg
സച്ചു തോമസ്​

വെബ്‌സീന്‍തിങ്കളാഴ്ചയുടെ ആ ദിവസം ഞാന്‍ ഉറങ്ങിയില്ല. സച്ചുവിന്റെ വരിയും പിടിച്ച് ഞാനുമേറെ പിറകോട്ട് സഞ്ചരിച്ചു. വഴിയില്‍ ഞാന്‍ ബുദ്ധനെ കണ്ടു, ക്ലിയോപാട്രയെ കണ്ടു. ബറാബസ് എന്നെ മകളേ എന്നു വിളിച്ചു. മെസോസോയിക്ക് കാലഘട്ടത്തിലെ ഒരു കൂറ്റന്‍ ദിനോസര്‍ എന്റെ വീട്ടിന്റെ പടിഞ്ഞാറെ മുറ്റത്തിരുന്ന് ഒരു കോഴിയെപ്പോലെ മുട്ടകള്‍ നെഞ്ചിനടിയിലേക്ക് വാരിക്കൂട്ടി അടവെക്കുകയായിരുന്നു ഞാനുറങ്ങുമ്പോള്‍!ട്രൂ കോപ്പി വെബ്‌സീന്‍ ഒരു പുത്തന്‍ വായനാ സഞ്ചാരം തന്നെ.

ജെന്നിഫര്‍ കെ.മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.എ


കോണ്‍ഗ്രസ്: പൊടിപോലും കാണാനില്ല

നാമിക അജയ് കഴിഞ്ഞ പാക്കറ്റില്‍ എഴുതിയതിനോട് യോജിപ്പാണെനിക്ക്. കോണ്‍ഗ്രസ് ഇല്ലാതാവരുതെന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കുന്ന ഒരു ഗാന്ധി വിശ്വാസിയാണ് ഞാന്‍.

anamika ajay
അനാമിക അജയ്

പ്രളയമായാലും കോവിഡ് ആയാലും പ്രാദേശിക തലത്തില്‍ എന്തു സംഭവിച്ചാലും സി പി എമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരുടെ സാന്നിധ്യം കാണാം എന്ന അനാമികയുടെ വിലയിരുത്തല്‍ ശരിയാണ്, മുസ്‌ലിം ലീഗിനെ കൂടെ ഇതിനോടൊപ്പം ചേര്‍ക്കണം. ഇതു മൂന്നുമാണ് കേരളത്തിലെ കേഡര്‍ പാര്‍ട്ടികള്‍. ഇലക്ഷന്‍ വരുമ്പോള്‍ ടി.വി.യില്‍ താമസം തുടങ്ങുന്നവര്‍ മാത്രമായി ചുരുങ്ങിയതാണ് കോണ്‍ഗ്രസിന്റെ പതനത്തിന്റെ ഒരു കാരണം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഉണ്ടാക്കുന്ന വിസിബിലിറ്റിയാണ് വേണ്ടത്. അല്ലാതെ സോഷ്യല്‍ മീഡിയയിലോ ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലോ എത്ര നേരമിരുന്നു എന്നു നോക്കിയല്ല ജനങ്ങള്‍ വോട്ടു ചെയ്യുക.ഈ ബാലപാഠമാണ് കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുഭേദമെന്യേ മനസ്സിലാക്കേണ്ടത്.

സി.അജയന്‍
​​​​​​​പൂങ്കുന്നം, തൃശൂര്‍


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക.
സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media