Sunday, 07 August 2022

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 6 ല്‍ പുണ്യ സി.ആറിന്‍റെ "കുഞ്ഞുമേരിയും റൂമിയും' എന്ന കഥയ്ക്ക് കെ. പി. മുരളീധരന്‍ വരച്ച ചിത്രം.
Text Formatted

ഇസ്​ലാമോഫോബിയ  ചര്‍ച്ച പൊതുമണ്ഡലത്തെ കൂടുതല്‍ ബഹുസ്വരമാക്കും

​​​​​​​ഇസ്​ലാമോഫോബിയയെകുറിച്ചുള്ള ട്രൂ കോപ്പി വെബ്സീന്‍ വായിച്ച പാശ്ചാത്തലത്തിലും ഇതുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചകള്‍ വികസിക്കുന്ന സവിശേഷ പശ്ചാത്തലത്തിലും പ്രസ്തുത സംവര്‍ഗത്തെ മുന്‍നിര്‍ത്തി ചില നിരീക്ഷണങ്ങളും നിഗമനങ്ങളും പങ്കുവെക്കാനാണ് ഈ കുറിപ്പ്. 
രാഷ്ട്രീയപ്രാധാന്യമുള്ള മറ്റേതൊരു പദത്തെയുംപോലെ ഇസ്​ലാമോഫോബിയയും നിര്‍വചനങ്ങളുടെ സംഘര്‍ഷത്തിലൂടെയും സമവായത്തിലൂടെയും നിരന്തരം കടന്നുപോകുന്നുണ്ട്. ഫെമിനിസം, വംശീയത, ദലിത് തുടങ്ങിയ നിരവധി സാങ്കേതിക പദങ്ങള്‍ നമ്മുടെ ചിന്താമണ്ഡലത്തിന്റെയും വൈജ്ഞാനിക നിഘണ്ടുവിന്റെയും ഭാഗമാവുന്നത് ഒട്ടനവധി രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ്. ഇത്തരമൊരു കാര്യം ഇസ്​ലാമോഫോബിയയുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് ലോകവ്യാപകമായുള്ളതാണ്. കേരളത്തിലെ പൊതുചര്‍ച്ചകളും അതില്‍നിന്നും വ്യത്യസ്തമല്ല. 
ഭരണകൂടങ്ങള്‍, ഭരണകൂടേതര സംഘങ്ങള്‍, മാധ്യമങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാമൂഹിക-സാമുദായിക പ്രസ്ഥാനങ്ങള്‍, ദളിത് ചിന്ത, ഫെമിനിസ്റ്റ് രാഷ്ട്രീയം, ലൈംഗിക ന്യൂനപക്ഷ സ്വത്വവാദം തുടങ്ങി വൈവിധ്യമാര്‍ന്ന സാമൂഹിക ഘടകങ്ങളും രാഷ്ട്രീയ നിലപാടുകളും ഇസ്​ലാമോഫോബിയ എന്താണ് എന്ന സംവാദത്തില്‍ ഇടപെടുന്നുണ്ട്. രാഷ്ട്രീയമായ നിര്‍വചനത്തെ സാധ്യമാക്കുന്ന ഏതൊരു പദത്തിനു ചുറ്റുമുള്ളതുപോലെയുള്ള സന്ദിഗ്ധതകളും ആശയക്കുഴപ്പങ്ങളും ഇസ്​ലാമോഫോബിയയുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.
ഇസ്​ലാമോഫോബിയയെ ഏറ്റവുമാദ്യം നിര്‍വചിക്കാന്‍ ശ്രമിച്ച പ്രധാനപ്പെട്ട ഭരണകൂട ഇടപെടലായിരുന്നു ഇംഗ്ലണ്ടിലെ റന്നിമിഡ് കമ്മീഷന്‍ റിപ്പോര്‍ട്ട്. 1997 ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. യുണൈറ്റഡ് കിങ്ഡത്തില്‍ മൊത്തം വ്യാപിക്കുന്ന ഇസ്​ലാമോഫോബിയയെ പക്ഷേ ഇംഗ്ലണ്ടിലെ സവിശേഷ സാഹചര്യത്തില്‍ മനസ്സിലാക്കാനാണ് പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് ശ്രമിച്ചത്. ഇസ്​ലാമോഫോബിയയ്ക്ക് ഇംഗ്ലീഷ് ഭരണകൂടം നല്‍കുന്ന നിര്‍വചനത്തെ ചുറ്റിപ്പറ്റി നിരവധി പഠനങ്ങള്‍ അതിനുശേഷം വികസിച്ചു. 2017ല്‍ പ്രസ്തുത റിപ്പോര്‍ട്ട് ഇസ്​ലാമോഫോബിയയെക്കുറിച്ച് വീണ്ടും ചില മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കി. അതിനെക്കുറിച്ചും സാമൂഹിക സംവാദങ്ങളും രാഷ്ട്രീയ സംവാദങ്ങളും അക്കാദമിക ഇടപെടലുകളും ഉണ്ടായി. തീര്‍ച്ചയായും ഇസ്​ലാമോഫോബിയയുടെ ഭരണകൂട നിര്‍വചനം എന്നുള്ളത് സാമൂഹികപ്രസ്ഥാനങ്ങള്‍ അതീവ ജാഗ്രതയോടെയാണ് പ്രസ്തുത സാഹചര്യത്തില്‍ നോക്കിക്കണ്ടത്.

cover-out_0.jpg
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 6 ന്‍റെ കവർ

ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടു പ്രധാന പ്രശ്നമണ്ഡലങ്ങളെ അതിവര്‍ത്തിച്ചാണ് ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള പുതിയ വ്യവഹാരം വികസിച്ചത്. 1) കമ്യൂണലിസം, സെക്യുലറിസം എന്നിവയെക്കുറിച്ചുള്ള സംവാദ മണ്ഡലത്തിലാണ് മുസ്​ലിം വിരുദ്ധതയുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതെന്നും അതിനുള്ളില്‍ മാത്രമായി നില്‍ക്കേണ്ടതാണ് മുസ്​ലിം ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ എന്നും ഒരുവിഭാഗം പണ്ഡിതന്മാര്‍ ഇപ്പോഴും വാദിക്കുന്നു. 2002-ലെ ഗുജറാത്ത് വംശഹത്യക്കു ശേഷമുള്ള സവിശേഷ രാഷ്ട്രീയ കാലാവസ്ഥയില്‍ സാധ്യമായ മിക്ക ചര്‍ച്ചകളും അത്തരമൊരു പ്രശ്നമണ്ഡലത്തിലാണ് മുസ്​ലിം പ്രശ്നങ്ങളെ പ്രതിഷ്ഠിച്ചിരുന്നത്. 1980കളില്‍ വികസിച്ച മതേതരത്വത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ പ്രായോഗികമായി ശക്തിപ്പെട്ട കാലമായിരുന്നു അത്. 2) എന്നാല്‍ മതേതരത്വത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ക്കൊപ്പം തന്നെ ദേശീയതയുടെ പ്രശ്നവല്‍ക്കരണത്തിന്റെ ഭാഗമായും മുസ്​ലിം ന്യൂനപക്ഷപ്രശ്നം ഇന്ത്യയില്‍ സംവാദവിധേയമായിട്ടുണ്ട്. 1980കള്‍ മുതല്‍ മണ്ഡല്‍-ബാബരി മസ്ജിദ്- ശരീഅത്ത് വിവാദ കാലത്തും ഇന്ത്യന്‍ ദേശീയതയുടെ പ്രശ്നമണ്ഡലത്തിലാണ് മുസ്​ലിം ന്യൂനപക്ഷ പ്രശ്നങ്ങളെ വികസിപ്പിച്ചത്. 
മതേതരത്വം, ദേശീയത ഇവയുടെ പുനരാലോചനകളെ ആഗോള - ദേശീയ പ്രശ്നങ്ങളുമായി കണ്ണിചേര്‍ത്താണ് ഇസ്​ലാമോഫോബിയയുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകള്‍ വികസിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്​ലാമോഫോബിയ എന്ന വൈജ്ഞാനിക പ്രശ്നത്തിനു കൂടുതല്‍ ഓട്ടോണമി ലഭിക്കുന്ന കാഴ്ചയാണുള്ളത്. ആഗോള മാധ്യമങ്ങളുടെയും സൈബര്‍ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്റെയും വിര്‍ച്വല്‍ രാഷ്ട്രീയത്തിന്റെയും വികാസത്തോടുകൂടി ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദേശീയ സമൂഹങ്ങളുടെ പ്രത്യേകതകള്‍ക്കുള്ളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലെന്ന ബോധ്യം ഇന്നുണ്ട്. 
ആഗോള രാഷ്ട്രീയത്തിലെ ചലനങ്ങള്‍ പ്രാദേശിക സമൂഹങ്ങളിലും ദേശീയ സമൂഹങ്ങളിലും കൊണ്ടുവന്ന മാറ്റങ്ങളെ കൂടി പരിഗണിച്ചുള്ള പുത്തന്‍ പരിപ്രേക്ഷ്യം മുസ്​ലിം പ്രശ്നത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൈവരുന്നുണ്ട്. ആ അര്‍ഥത്തില്‍ ഇസ്​ലാമോഫോബിയ എന്ന പദം ആഗോളതലത്തില്‍ ഐക്യരാഷ്ട്രസഭയുടെ വിവിധ നയരൂപീകരണ വേദികള്‍ തന്നെ മുസ്​ലിംകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളെ വ്യവഹരിക്കുന്നതിനായി നിരന്തരം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്നതും പുതിയ മാറ്റമാണ്. 2004-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറിയായ കോഫി അന്നനാണ് ഈ മാറ്റത്തിനു തുടക്കം കുറിച്ചത്. അക്കാദമിക ഗവേഷണ രംഗത്തും സോഷ്യല്‍ പോളിസിയിലും ഇതുണ്ടാക്കിയ മാറ്റം വരും വര്‍ഷങ്ങളിലെ പഠനങ്ങളില്‍ പ്രതിഫലിച്ചുവെന്നു പറയാം. 
ഇസ്​ലാമോഫോബിയ എന്താണ്? എങ്ങനെയാണ് ഇസ്​ലാമോഫോബിയ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്? ആരാണ് ഇസ്​ലാമോഫോബിയയെ കുറിച്ചുള്ള നിര്‍വചനങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്? തുടങ്ങിയ പ്രശ്നങ്ങള്‍ ഈ ചര്‍ച്ചകളിലുടനീളം ലോകവ്യാപകമായി കാണപ്പെടുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഇവ്വിഷയകമായി ഇന്ന് ലഭ്യമാണ്. ചുരുക്കത്തില്‍, കൂടുതല്‍ സംഘര്‍ഷാത്മകമായ സ്വഭാവത്തില്‍ ഇസ്​ലാമോഫോബിയ എന്ന സംവര്‍ഗം ചര്‍ച്ചചെയ്യപ്പെടുന്നത് ഒട്ടും പുതുമയല്ല. 

j devika , ken
കെ. ഇ. എൻ, ജെ. ദേവിക

കേരളീയ സാഹചര്യത്തില്‍ പലപ്പോഴും കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സി.പി.എമ്മിന്റെ ചില ഇസ്​ലാമോഫോബിക് നിലപാടുകളെ മുന്‍നിര്‍ത്തിയും പൊതുചര്‍ച്ചകള്‍ വികസിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. മുസ്​ലിം രാഷ്ട്രീയത്തോട് സി.പി.എം പുലര്‍ത്തുന്ന നിലപാടുകളുടെ ചിഹ്നപരമായ സൂചനകള്‍, പ്രതിനിധാന പ്രശ്നങ്ങള്‍, മുസ്​ലിം സ്വയം നിര്‍ണയാവകാശത്തിന്റെ പ്രതിസന്ധികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കക്ഷി രാഷ്ട്രീയ പ്രശ്നങ്ങളിലും വിവാദങ്ങളിലും മാത്രമായി പരിമിതപ്പെടേണ്ടതല്ല എന്നാണ് മനസ്സിലാവുന്നത്. രാഷ്ട്രീയത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ബൃഹത്തായ പ്രശ്നങ്ങളിലേക്ക് ഈ സംവാദങ്ങള്‍ വികസിക്കേണ്ടതുണ്ട്. പല തരത്തിലുള്ള രാഷ്ട്രീയ-സൈദ്ധാന്തിക പ്രശ്നങ്ങളുടെ ഭാഗമായി ഇസ്‌ലാമോഫോബിയ എന്ന വ്യവഹാരം വികസിക്കുന്നുണ്ട്.
ഇസ്​ലാമോഫോബിയയെപ്പറ്റിയുള്ള സംവാദം ഇന്നെത്തിപ്പെട്ട മേഖലകള്‍ അതിവിപുലമാണ്. പുതിയ പഠനങ്ങള്‍ ഈ വിഷയത്തില്‍ സാധ്യമാക്കിയ രീതിശാസ്ത്രപരമായ തിരിച്ചറിവുകള്‍ നിരന്തരം അന്വേഷിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഈയടുത്ത് ഇറങ്ങിയ പ്രധാനപ്പെട്ട ഒരു പഠനമാണ് മഹ്മൂദ് മംദാനിയുടെ "Neither Settler nor Native – The Making and Unmaking of Permanent Minorities​​​​​​​'. ഈ പുസ്തകത്തില്‍ അദ്ദേഹം ന്യൂനപക്ഷ പ്രശ്നങ്ങളെക്കുറിച്ചും ഇസ്​ലാമോഫോബിയയെക്കുറിച്ചും നല്‍കുന്ന തിരിച്ചറിവുകള്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ ആധുനികത എങ്ങനെയാണ് ആധുനിക ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ ന്യൂനപക്ഷ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള വിമര്‍ശനാത്മകമായ ഒരു വിലയിരുത്തലാണ് മംദാനി നടത്തിയിട്ടുള്ളത്. ഏഷ്യന്‍-ആഫ്രിക്കന്‍-അമേരിക്കന്‍ - യൂറോപ്യന്‍ ജനാധിപത്യ ക്രമങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള വളരെ വിശാലമായ താരതമ്യപഠനത്തിലൂടെയാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്. ഇസ്​ലാമോഫോബിയയെക്കുറിച്ചും മുസ്​ലിം ന്യൂനപക്ഷ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വിശദീകരിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ സൂക്ഷ്മമായി വായിക്കേണ്ട ഒരു പഠനമാണിത്. 
2001 സെപ്റ്റംബര്‍ 11നു ശേഷം മഹ്മൂദ് മംദാനി എഴുതിയ "ഗുഡ് മുസ്​ലിം ബാഡ് മുസ്​ലിം: അമേരിക്ക, ദി കോള്‍ഡ് വാര്‍, ആന്‍ഡ് ദി റൂട്ട്സ് ഓഫ് ടെറര്‍' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്തതാണല്ലോ. പ്രസ്തുത പുസ്തകത്തിലെ മംദാനിയുടെ രീതിശാസ്ത്രപരമായ ചില ഊന്നലുകളെ വിമര്‍ശിക്കുന്ന പഠനങ്ങള്‍ പിന്നീട് ഉണ്ടായിട്ടുണ്ട്. അതില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വിമര്‍ശനം ഇതാണ്: മുസ്​ലിംകളുടെ രാഷ്ട്രീയ കര്‍ത്തൃത്വത്തെയോ ആഗോളതലത്തില്‍ തന്നെ മുസ്‌ലിം
രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കോളനിപരതയെയോ മനസ്സിലാക്കുന്നതില്‍ മംദാനിയുടെ വിശകലനങ്ങള്‍ പരാജയപ്പെട്ടു. നല്ല മുസ്​ലിം ചീത്ത മുസ്​ലിം എന്ന ദ്വന്ദ്വത്തിന്റെ ചരിത്രം പലപ്പോഴും ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ മാത്രം ഊന്നിനിന്നാണ് അദ്ദേഹം വികസിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ക്ക് ഒരു രേഖീയ ചരിത്രത്തിന്റെ ഇടുങ്ങിയ വീക്ഷണമാണുള്ളത്. ഈ മൂന്ന് വിമര്‍ശനങ്ങളും പല ചര്‍ച്ചകളിലും ഉയര്‍ന്നുവന്നതാണ്. 
മംദാനിയുടെ പുതിയ പുസ്തകം ഈ വിമര്‍ശനങ്ങളെ പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയ ആധുനികതയെ പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ്- പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്റെ സാഹചര്യത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ആഗോളതലത്തില്‍ വംശീയതയും രാഷ്ട്രീയാധുനികതയും തമ്മിലുള്ള പ്രത്യേക കൂടിച്ചേരലിന്റെ കാലഘട്ടമായി കൊളോണിയലിസത്തെ ഈ പുതിയ പഠനത്തില്‍ മംദാനി നിര്‍വചിക്കുന്നുണ്ട്. ഈ മാറ്റങ്ങളുടെ ഭാഗമായി മുസ്​ലിംകള്‍ മറ്റു പല ന്യൂനപക്ഷങ്ങളോടുമൊപ്പം നിരന്തരം പുറന്തള്ളലുകള്‍ക്ക് വിധേയമാവുന്നതിന്റെ വ്യത്യസ്ത രൂപങ്ങള്‍ അദ്ദേഹം ഇതില്‍ ചര്‍ച്ച ചെയ്യുന്നു. രാഷ്ട്രീയാധുനികത മനുഷ്യകേന്ദ്രീകൃതമായ പുതിയൊരു സാമൂഹികവ്യവസ്ഥയെ നിര്‍മിക്കുമ്പോള്‍ തന്നെ മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വംശീയതയിലടിസ്ഥാനപ്പെടുത്തിയ കൊളോണിയല്‍ ദേശരാഷ്ട്ര വ്യവസ്ഥയും സാധ്യമാക്കുന്നു എന്നതാണ് പ്രശ്നം. 

islam
ഒ. അബ്ദുറഹ്‌മാന്‍, കുഞ്ഞുണ്ണി സജീവ്

വിഭജിച്ചു ഭരിക്കുക എന്നതിലേറെ നിര്‍വചിക്കുക, ഭരിക്കുക എന്നതാണ് രാഷ്ട്രീയാധുനികതയുടെ വംശീയാധിപത്യത്തിന്റെ പൊതുരീതി. ഇതിന്റെ ഭാഗമായി മുസ്​ലിമിന്റെ നിര്‍വചനങ്ങള്‍, വര്‍ഗീകരണങ്ങള്‍ എങ്ങനെ സാധ്യമാവുന്നുവെന്നത് ഇനിയും അന്വേഷിക്കേണ്ടതുണ്ട്. 1980-കളില്‍ മള്‍ട്ടികള്‍ച്ചറലിസത്തെക്കുറിച്ചുള്ള സംവാദത്തിന്റെ ഭാഗമായി നിര്‍വചിച്ച മതമൗലികവാദി, 1990- കളില്‍ ശീതയുദ്ധാനന്തരം വികസിച്ച തീവ്രവാദി, 2001- നു ശേഷം ഇറാഖ് , അഫ്ഗാന്‍ അധിനിവേശത്തിനു ശേഷം വികസിച്ച ഭീകരവാദി തുടങ്ങിയ വിളിപ്പേരുകള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നുണ്ട്. 
ഈ അര്‍ഥത്തില്‍ ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളായാലും ന്യൂനപക്ഷാനുഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങളായാലും രീതിശാസ്ത്രപരമായി കൂടുതല്‍ വികേന്ദ്രീകൃതവും ഇടര്‍ച്ചകള്‍ക്ക് ഇടമുള്ളതും വംശാവലി സമീപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ആവേണ്ടതുണ്ട്. കേരളത്തില്‍ ഇത്തരം സംവാദങ്ങള്‍ അതിന്റ പ്രാരംഭദശയിലാണുള്ളത്. രീതിശാസ്ത്രപരമായ വ്യക്തത മാധ്യമ സംവാദങ്ങള്‍ക്കോ സൈബര്‍ സംവാദങ്ങള്‍ക്കോ പലപ്പോഴും ഉണ്ടാവാറില്ല. കൂടുതല്‍ ആലോചനക്കു ചില വശങ്ങള്‍ കൂടി സൂചിപ്പിക്കുകയാണ്.

ഇസ്​ലാമോഫോബിയയുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ആശങ്ക കേരളത്തിലടക്കം പൊതുചര്‍ച്ചകളെ സ്വാധീനിക്കുന്നുണ്ട്. ഇസ്​ലാമോഫോബിയ മുസ്​ലിംകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ തടയുന്നു എന്ന ആശങ്കയാണ് അത്. ഇതാകട്ടെ, മതവിമര്‍ശനവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഒരു ആശങ്ക കൂടിയാണ്. പ്രത്യേകിച്ച് നവോത്ഥാന ആധുനികതയുടെ കാലം മുതല്‍ മതവിമര്‍ശനത്തോട് മതേതര ആധുനികതയുടെ പക്ഷത്തുനിന്നും ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആശങ്കയെ കാണേണ്ടത്. മാത്രമല്ല, മതം എന്നു പറയുന്നത് വിമര്‍ശനത്തിന്റെ ശ്മശാനഭൂമിയാണ് എന്നും അതില്‍ത്തന്നെ ഇസ്​ലാം വിമര്‍ശന ചിന്തയെ സവിശേഷമായി തടയുന്നു എന്നും ആരോപിക്കാറുണ്ട്. ഈ രാഷ്ട്രീയ ധാരണ 1980കളില്‍ സല്‍മാന്‍ റുഷ്ദി വിവാദം മുതല്‍ തന്നെ ആഗോള പൊതുമണ്ഡലത്തില്‍ വ്യാപകമായി ഉയര്‍ന്നു വന്നിട്ടുള്ളതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള സംസാരങ്ങള്‍ മുസ്​​ലിംകളെപ്പറ്റിയുള്ള വിമര്‍ശനത്തെ തടയുന്നു എന്ന ആശങ്ക വികസിക്കുന്നത്. ഇസ്​ലാമോഫോബിയയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള പ്രശ്നമാണ് ഇത്. 

‘റിലീജ്യന്‍ ആസ് ക്രിട്ടിക്ക്: ഇസ്​ലാമിക് ക്രിട്ടിക്കല്‍ തിങ്കിങ് ഫ്രം മെക്ക റ്റു മാര്‍ക്കറ്റ് പ്ലേയ്സ്' എന്ന ഇര്‍ഫാന്‍ അഹമ്മദിന്റെ പഠനമാണ് ഈ വിഷയത്തിലുള്ള ചര്‍ച്ചകളെ വീണ്ടും പരിഗണിക്കുന്നത്. വിമര്‍ശനം എന്നത് മത-മതേതര വിഭജനങ്ങളെ മറികടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ആ അര്‍ഥത്തില്‍ അതിന് മത-മതേതര അധികാരത്തെ വിമര്‍ശിക്കുന്ന തരത്തില്‍ സ്വയം നിലനില്‍പുണ്ടെന്നും ഈ പഠനം തെളിയിക്കുന്നു. കൊളോണിയല്‍ ഇന്ത്യയില്‍ മുസ്​ലിംകള്‍ക്കിടയില്‍ നടന്നിട്ടുള്ള സാമുദായിക സംവാദങ്ങളുടെ വിമര്‍ശനസ്വഭാവത്തെ പരിഗണിച്ചുകൊണ്ടാണ് ഇര്‍ഫാന്‍ അഹ്മദ് ഈ നിഗമനത്തിലെത്തുന്നത്. മാത്രമല്ല, മതം എന്നത് വിമര്‍ശനത്തിന്റെ ശ്മശമാനഭൂമിയാണെന്നും മതേതരത്വം എന്ന് പറയുന്നത് വിമര്‍ശനത്തിന്റെ മണ്ഡലമാണെന്നുമുള്ള കണിശമായൊരു വിഭജനത്തില്‍ കാര്യമില്ലെന്നും ഇര്‍ഫാന്‍ അഹ്മദ് കരുതുന്നു. മതവും മതേതരത്വവും ഒരുപോലെ കേവല ഉപകരണയുക്തിയും ഭരണകൂടചിന്തയും ആയി മാറി വിമര്‍ശനചിന്തയെ ഇല്ലാതാക്കിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇര്‍ഫാന്‍ അഹ്മദ് നല്‍കുന്നു. ലോകവ്യാപകമായി മത പ്രസ്ഥാനങ്ങള്‍ മാത്രമല്ല, മതേതര പ്രസ്ഥാനങ്ങളും വിമര്‍ശന ചിന്തയ്ക്കും ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനും എതിരു നിന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അതിനാല്‍ മത - മതേതര ദ്വന്ദ്വങ്ങള്‍ക്കപ്പുറം അധികാര വിമര്‍ശനത്തെ കാണുന്ന സമീപനം വികസിക്കണമെന്നു ഇര്‍ഫാന്‍ അഹ്മദ് നിരീക്ഷിക്കുന്നു. ഈയൊരു സമീപനം പോസ്റ്റ്- എസന്‍ഷ്യലിസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രീതിശാസ്ത്രമായി ഇസ്​ലാമോഫോബിയെക്കുറിച്ചുള്ള പഠനങ്ങളില്‍ വികസിക്കുന്നു. 

അതിനര്‍ഥം മുസ്​ലിംകളെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നതും അവരുടെ തിരഞ്ഞെടുപ്പുകളെ അസാധുവാക്കുന്നതും ആയ വിമര്‍ശനങ്ങളെയും ഇസ്​ലാമിനെക്കുറിച്ചുള്ള സുചിന്തിതവും ദാര്‍ശനികവുമായ രാഷ്ട്രീയ വിമര്‍ശനങ്ങളെയും രണ്ടായിത്തന്നെ കാണണമെന്നാണ്.

islam.jpg
മുസ്‌ലീംകള്‍ക്കെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ വിദ്വേഷ പ്രസംഗങ്ങളെ അപലപിച്ചുകൊണ്ട് 2016 സെപ്റ്റംബറില്‍ മിനസോട്ടയില്‍ നടന്ന റാലി

ഏതുതരം വിമര്‍ശനമാണ് ഇസ്​ലാമോഫോബിയയുടെ പ്രശ്നമണ്ഡലത്തില്‍ പരിഗണിക്കേണ്ടത് ? മുസ്​ലിം രാഷ്ട്രീയത്തെ സുരക്ഷാവല്‍ക്കരണത്തിന്റെ പ്രശ്നമായി ന്യൂനീകരിക്കാത്തിടത്തോളം കാലം ഏതു തരത്തിലുമുള്ള മുസ്​ലിം / ഇസ്​ലാം വിമര്‍ശനവും സാധുവാണ്. മുസ്​ലിംകള്‍ക്കെതിരെയും ഇസ്​ലാമിനെതിരെയും പ്രത്യയശാസ്ത്രപരമായ വിമര്‍ശനത്തിന് സാധ്യതയുണ്ടെന്നും എന്നാല്‍ മുസ്​ലിം രാഷ്ട്രീയത്തെ സുരക്ഷാവല്‍ക്കരണത്തിന്റെ ഉപാധിയാക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ചെറുക്കപ്പെടേണ്ടതുണ്ടെന്നുമാണ് പറഞ്ഞുവരുന്നത്. 
സെക്യൂരിറ്റൈസേഷന്‍ അഥവാ സുരക്ഷാവല്‍ക്കരണം എന്നു വിളിക്കുന്ന പ്രതിഭാസം മുസ്​ലിംകളുടെ രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ അട്ടിമറിക്കുന്നു. മുസ്​ലിംകള്‍ ഒരു ജനവിഭാഗമെന്ന നിലയ്ക്ക് അനുഭവിക്കുന്ന അവകാശ നിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതിനെ മറികടക്കുന്ന രീതിയില്‍ മുസ്​ലിംകള്‍ ഈ രാഷ്ട്രീയസമൂഹത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണ് എന്ന തരത്തിലുള്ള ചിത്രീകരണം നടത്തുന്നതിനെയാണ് സുരക്ഷാവല്‍ക്കരണം എന്ന് പറയുക. അതായത്, അവകാശനിഷേധത്തേക്കാള്‍ സുരക്ഷാപ്രശ്നം പ്രധാനമാവുന്ന തരത്തില്‍ മുസ്​ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ ചിത്രീകരിക്കുന്ന രീതി. പലപ്പോഴും മുസ്​ലിം വ്യക്തികളോ പ്രസ്ഥാനങ്ങളോ സാമൂഹ്യ- രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ അതൊക്കെയും തീവ്രവാദമാക്കുകയും ദേശസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നുള്ള തരത്തില്‍ ചിത്രീകരിക്കുകയും ചെയ്യുക. അവകാശപ്രശ്നങ്ങളെ ജനാധിപത്യപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം അതിനെ ഭീഷണിയായും തീവ്രവാദമായും ചിത്രീകരിക്കുന്നത് തീര്‍ച്ചയായും സുരക്ഷാവല്‍ക്കരണമാണ്. ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ വ്യാപകമായി വികസിക്കുന്നതുകൊണ്ട് സുരക്ഷാവല്‍ക്കരണത്തിന്റെ ഭാഷയിലും വ്യാകരണത്തിലുമുള്ള വിമര്‍ശനങ്ങള്‍ ഇസ്​ലാമോഫോബിയയുടെ പരിധിയില്‍ വരുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. 

ദേശരാഷ്ട്രങ്ങള്‍ ശീതയുദ്ധാനന്തരവും ആഗോളീകരണത്തിന് ശേഷവും പൗരാവകാശത്തെതന്നെ ചുരുക്കുന്ന രീതികളുമായി കണ്ണിചേരുന്നതിന്റെ ഭാഗം കൂടിയാണ് മേല്‍പ്പറഞ്ഞ സുരക്ഷാവല്‍ക്കരണം. ആഗോളീകരണത്തിനു ശേഷം പൗരന്റെ പ്രാഥമിക സ്വത്വം എന്നത് രാഷ്ട്രീയ സ്വത്വത്തിനപ്പുറം ഒരു ഉപഭോഗ സ്വത്വമായി മാറി. ഉപഭോഗം ചെയ്യുന്ന ഉപരി വര്‍ഗ/വംശ പൗരനെ മാത്രമാണ് ഇന്ന് അവകാശമുള്ള പൗരനായി ഭരണകൂടം കാണുന്നുള്ളൂ. സുരക്ഷയ്ക്കര്‍ഹനായ പൗരന്‍ എന്നത് ഉപഭോഗം ചെയ്യുന്ന പൗരനാണ്. രാഷ്ട്രീയ അവകാശം പ്രധാനമാവുന്ന പൗരസങ്കല്‍പം അവസാനിച്ച ഈ നിയോ ലിബറല്‍ കാലത്താണ് സുരക്ഷാവല്‍ക്കരണം രാഷ്ട്രീയ അവകാശത്തെ മാറ്റി പ്രതിഷ്ഠിക്കുന്നത്. അവകാശത്തേക്കാള്‍ സുരക്ഷയ്ക്കു രാഷ്ട്രീയപ്രാധാന്യം കൈവന്നിരിക്കുന്നു. ഈയര്‍ഥത്തില്‍ പുതിയ കാലത്തെ പൗരാവകാശ സമരങ്ങളുടെ പ്രത്യയശാസ്ത്രത്തെ നിര്‍മിക്കുന്നതില്‍ ഇസ്​ലാമോഫോബിയക്കെതിരായ സമരങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട് എന്നാണ് മനസിലാവുന്നത്. ഇതാവട്ടെ മുസ്​ലിംകളുടെ മാത്രം പ്രശ്നവുമല്ല. 

പൗരാവകാശം അടക്കം ആധുനിക ഭരണകൂടങ്ങള്‍ അനുഭവിക്കുന്ന പല പ്രതിസന്ധികളുടെയും ഭാഗമായി ഇസ്​ലാമോഫോബിയയുടെ പ്രശ്നമണ്ഡലം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. നേരത്തേ സൂചിപ്പിച്ചതു പോലെ, ആഗോള തലത്തിലും ദേശീയ തലത്തിലും തന്നെ മുസ്​ലിംകള്‍, കറുത്തവര്‍, ദളിതുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ഉപദേശീയതകള്‍ എന്നിവരടക്കമുള്ള വിവിധ ന്യൂനപക്ഷ രാഷ്ട്രീയ പ്രശ്നങ്ങളുടെ ഭാഗമായി പലപ്പോഴും ഇസ്​ലാമോഫോബിയ ചര്‍ച്ചചെയ്യപ്പെടാറുണ്ട്. ആ അര്‍ഥത്തിലുള്ള ഐക്യദാര്‍ഢ്യങ്ങള്‍ ലോകവ്യാപകമായി ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ ഇത്തരം ഒരു അവബോധം ഇന്ന് വളരെ വ്യക്തമാണ്. ന്യൂനപക്ഷ പ്രശ്നങ്ങളെയും പൗരാവകാശ പ്രശ്നങ്ങളെയും പരിഗണിക്കുന്ന ഒരു സൈദ്ധാന്തിക-പ്രായോഗിക മാനം ഇന്ന് ഇസ്​ലാമോഫോബിയക്കെതിരായ പോരാട്ടത്തില്‍ ലോകവ്യാപകമായി ഉണ്ട്.
ഒരു കാര്യം കൂടി വ്യക്തമാണ്: മുസ്​ലിം എന്ന മുന്‍കൂര്‍ നിര്‍മിതമായ സാന്നിധ്യത്തെയല്ല മറിച്ച് മുസ്​ലിം എന്ന രൂപത്തെയാണ് ഇസ്​ലാമോഫോബിയ വിമര്‍ശിക്കുന്നത്. 2016ല്‍ അമേരിക്കന്‍ അക്കാദമി ഓഫ് റിലീജ്യന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആഗോള ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. ഈ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു ഗവേഷകന്‍ ദക്ഷിണകൊറിയയിലെ ഇസ്​ലാമോഫോബിയയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഏകദേശം 98 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തലസ്ഥാന നഗരിയായ സിയോളില്‍ വെറും നാല്‍പതിനായിരം മുസ്​ലിംകള്‍ മാത്രമാണ് ഉള്ളത്. അതായത് 0.41% മാത്രം. മുസ്​ലിംകളുടെ സാന്നിധ്യം വളരെ കുറവുള്ള ഈ നഗരത്തില്‍ ഇസ്​ലാമോഫോബിക്കായിട്ടുള്ള വാര്‍ത്തകളും ഇസ്​ലാമിനെക്കുറിച്ചുള്ള വെറുപ്പ് നിറഞ്ഞ ചര്‍ച്ചകളും വലിയ തോതില്‍ നടക്കുന്നതിനെക്കുറിച്ചായിരുന്നു ആ പ്രബന്ധം. മുസ്​ലിംകളുടെ സാന്നിധ്യം ഇന്ന് ഇസ്​ലാമോഫോബിയക്ക് നിര്‍ണായകമായ കാര്യം പോലുമല്ല.

മുസ്​ലിം എന്നതിനെ ഒരു പ്രത്യേക രീതിയില്‍ നിര്‍മിക്കപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ മണ്ഡലത്തെയാണ് ഇസ്​ലാമോഫോബിയ എന്ന സൂചകം അഭിമുഖീകരിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍, താടി വെച്ചിട്ടുള്ള, മുസ്​ലിമല്ലാത്ത പല ആളുകളും മുസ്​ലിമാണെന്ന സംശയത്താല്‍ ചോദ്യം ചെയ്യപ്പെടുകയോ താടി വെച്ചതിന്റെ പേരില്‍ പൊലീസുകാര്‍ പ്രത്യേകതരത്തില്‍ പെരുമാറുകയോ ചെയ്ത സന്ദര്‍ഭങ്ങള്‍ കേരളത്തില്‍ പല സുഹൃത്തുക്കളും പങ്കുവെച്ചിട്ടുണ്ട്. മുസ്​ലിമിനെപ്പോലെ തോന്നിക്കുന്ന ആളുകള്‍ പല സംഘര്‍ഷങ്ങള്‍ക്കിടയിലും ആക്രമിക്കപ്പെട്ടു എന്നുള്ളതും വസ്തുതയാണ്. വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍ ലിംഗാഗ്രഛേദം ചെയ്യപ്പെട്ടിട്ടുള്ള ആളുകള്‍ പോലും ആക്രമിക്കപ്പെട്ടിട്ടുള്ളത് പലപ്പോഴും മുസ്​ലിമിമിനോടുള്ള രൂപസാദൃശ്യം കൊണ്ടാണ്. രൂപം എന്നത് സാന്നിധ്യത്തെ മുന്‍കടക്കുന്ന രീതിയില്‍ പ്രതിഷ്ഠിക്കപ്പെടുന്നു എന്നുള്ളതാണ് ഇസ്​ലാമോഫോബിയ സാധ്യമാക്കുന്നത്. 
ഇത് ഒരേ സമയം രാഷ്ട്രീയമായ വെല്ലുവിളിയും സാധ്യതയുമാണ്. മുസ്​ലിനെസ്സ് അഥവാ മുസ്​ലിം രൂപം എന്നത് ഒരു രാഷ്ട്രീയപ്രശ്നമായി വികസിപ്പിക്കേണ്ടതുണ്ട്. ഈയര്‍ഥത്തില്‍ ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള സംവാദത്തെ ഹ്രസ്വദൃഷ്ടിയില്‍നിന്ന് നിന്ന് മോചിപ്പിക്കാനും പുതിയൊരു രാഷ്ട്രീയപ്രയോഗത്തിന്റെയും സാമൂഹികമാറ്റത്തിന്റെയും മുദ്രാവാക്യത്തിന്റെ തലത്തില്‍ പ്രതിഷ്ഠിക്കാനും കഴിയേണ്ടതുണ്ട്. കേരളത്തില്‍ പരിചയിച്ചിട്ടുള്ള ഇലക്ട്രല്‍ രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ മാത്രമല്ല ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാവേണ്ടത്. കേരളത്തിലെ നവസാമൂഹിക രാഷ്ട്രീയത്തിന്റെ ഊന്നലുകളിലും സൂക്ഷ്മ രാഷ്ട്രീയപ്രയോഗങ്ങളിലും പുതിയ ജനാധിപത്യസമരങ്ങളിലുമാണ് ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വികസിക്കേണ്ടത്. 

ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പലപ്പോഴും തടസ്സമായി കടന്നുവരാറുള്ള മറ്റൊരു കാര്യമാണ് ഈ ചര്‍ച്ച മുസ്​ലിംകളെ കൂടുതല്‍ ഹിംസാത്മകമാക്കി മാറ്റാന്‍ സാധ്യതയുണ്ട് എന്നത്. മുസ്​ലിം രാഷ്ട്രീയത്തെ ഇത് പ്രത്യേക തരത്തിലുള്ള ഒറ്റപ്പെടലിലേക്ക് നയിക്കും എന്നും ഈ ആശങ്ക ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അധിനിവേശാനന്തര രാഷ്ട്രീയ കാലഘട്ടത്തില്‍ മുസ്​ലിം രാഷ്ട്രീയ സമൂഹങ്ങളില്‍ നടന്നിട്ടുള്ള മുന്നേറ്റങ്ങള്‍ പരിശോധിച്ചാല്‍ അതീവ സവിശേഷമായ ഒരു രാഷ്ട്രീയപരികല്‍പനയായി ഇസ്​ലാമോഫോബിയയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വളര്‍ന്നിട്ടുണ്ട് എന്നു കാണാം. അത് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുന്നേറ്റമായാലും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളായാലും ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭത്തില്‍ അണിനിരന്ന വിവിധ ദളിത്- ബഹുജന്‍- ന്യൂനപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളായലും സാധ്യമാക്കിയ പുതിയ രാഷ്ട്രീയമാണ്. രാഷ്ട്രീയ ഹിംസയെക്കുറിച്ചുള്ള വളരെ വികസിതമായ ഒരു സങ്കല്‍പം ഇസ്​ലാ​ഫോബിയ എന്ന രാഷ്ട്രീയ സംവര്‍ഗവും അതുമായി ബന്ധപ്പെട്ട സംവാദങ്ങളും മുന്നോട്ട് വെക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. 

aklaq.jpg
ദാദ്രിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്. കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത 18 പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തിന് പിന്നീട് ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു.

1969ല്‍ ഹന്നാ ആരെന്റ് "ഓണ്‍ വയലന്‍സ്' എന്ന തന്റെ ഗ്രന്ഥത്തിലൂടെ അമേരിക്കയില്‍ നടന്ന വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിലെ ഹിംസയെ വിശകലനം ചെയ്തുകൊണ്ട് പങ്കുവെക്കുന്ന ചില തിരിച്ചറിവുകള്‍ ഇസ്​ലാമോഫോബിയയെ മുന്‍നിറുത്തിയുള്ള പൗരാവകാശപ്രവര്‍ത്തനങ്ങള്‍ക്കും പൊതുമണ്ഡലത്തിലെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയമായ ഇടപെടലുകളുടെ നൈതികതക്കും വളരെ നിര്‍ണായകമാണ്.
രാഷ്ട്രീയം എന്നത് പൊതുമണ്ഡലത്തില്‍ വ്യത്യസ്തതകളോടും അപരത്വങ്ങളോടും ഉള്ള നീക്കുപോക്കുകളിലൂടെയും പങ്കാളിത്തത്തിലൂടെയും വികസിക്കുന്ന ഒന്നാണെന്നും ഏതെങ്കിലും സ്വകാര്യ താല്‍പര്യങ്ങളുടെ സംരക്ഷണത്തില്‍ ഒതുങ്ങുന്ന ഒന്നല്ല എന്നുമുള്ള കാഴ്ചപ്പാട് ഹന്നാ ആരെന്റ് മുന്നോട്ട് വെക്കുന്നു. ഹിംസ എന്നു പറയുന്നത് ഈ തരത്തിലുള്ള പങ്കാളിത്തത്തെയും സഹവര്‍ത്തിത്വത്തെയും നിഷേധിക്കുന്ന ഉപകരണ യുക്തിയില്‍ അധിഷ്ഠിതമാണെന്നും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ ഹിംസക്ക് ഒന്നും നിര്‍മിക്കാന്‍ കഴിയില്ല എന്നും അധിനിവേശാനന്തര ലോകത്തെയും നാസിയനന്തര ലോകത്തെയും മുന്‍നിര്‍ത്തിയുള്ള വിശകലനത്തിനു ശേഷം ആരെന്റ് പറഞ്ഞുവെക്കുന്നു. സൃഷ്ടിപരതയെയും സംവാദത്തിന്റെ പുതിയ മാതൃകകളെയും സൃഷ്ടിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഹിംസയെക്കുറിച്ച് വിമര്‍ശനങ്ങള്‍ സാധ്യമാക്കാന്‍ കഴിയുമെന്നും അവര്‍ നിരീക്ഷിക്കുന്നു. 

ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ആഗോള തലത്തില്‍ തന്നെ സംവാദത്തെയും സംഭാഷണത്തെയും പങ്കാളിത്തത്തെയും ഉയര്‍ത്തിപ്പിടിച്ച ഏറ്റവും വികസിതമായ മുസ്​ലിം കര്‍തൃത്വ പ്രധാനമായ വ്യവഹാരമാണ് ഇസ്​ലാമോഫോബിയ. മുസ്​ലിം സമൂഹത്തെക്കുറിച്ച് ഏറ്റവും സൃഷ്ടിപരമായ സംവാദങ്ങള്‍ നിര്‍മിച്ച വ്യവഹാരമായി ഇസ്​ലാമോഫോബിയയെ കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ച രാഷ്ട്രീയഹിംസയെ നിരാകരിക്കുന്നതും രാഷ്ട്രീയഹിംസയുടെ ഉപകരണാത്മകയുക്തിയെ മറികടക്കുന്നതും രാഷ്ട്രീയത്തിന്റെ തന്നെ സൃഷ്ടിപരതയെ ഊന്നുന്നതുമാണ്. മുസ്​ലിംകള്‍ അനുഭവിക്കുന്ന അവകാശപ്രശ്നത്തെക്കുറിച്ച ആഖ്യാനം സാധ്യമാക്കുന്നതിനൊപ്പം തന്നെ അവരുടെ പൊതുമണ്ഡലത്തിലെ സംവാദാത്മകമായ പങ്കാളിത്തത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യവഹാര മണ്ഡലമായി ഇന്ന് ഇസ്​ലാമോഫോബിയ മാറിയിരിക്കുന്നു. ഇസ്​ലാമോഫോബിയയെപ്പറ്റിയുള്ള അന്വേഷണങ്ങളും പൊതുസംവാദങ്ങളും അറിഞ്ഞോ അറിയാതെയോ സാധ്യമാക്കിയത് ഈയര്‍ഥത്തിലുള്ള സൃഷ്ടിപരമായ രാഷ്ട്രീയത്തെയാണ്. അത്തരമൊരു രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംവര്‍ഗം എന്ന നിലയില്‍ ഇസ്​ലാമോഫോബിയയെക്കുറിച്ചുള്ളചര്‍ച്ചകള്‍ നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല്‍ ബഹുസ്വരമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ. അഷ്റഫ്, 
ഡിപ്പാര്‍ട്‌മെന്റ്  ഓഫ് റിലീജ്യന്‍ സ്റ്റഡീസ്, 
യൂണിവേഴ്സിറ്റി ഓഫ് ജൊഹാനസ്ബര്‍ഗ്


എന്തൊരു കഥയാണിത്!

രു സ്ത്രീയുടെ സ്വകാര്യജീവിതത്തെയും അവളുടെ വ്യക്തിത്വത്തെയും ഇത്രമേല്‍ ഗാഢമായി രേഖപ്പെടുത്തുന്ന ഒരു കഥ അടുത്തകാലത്ത് മലയാളത്തില്‍ വായിച്ചിട്ടില്ല, പുണ്യ സി.ആറിന് നന്ദി. ഒട്ടും വൈകാരികമല്ലാതെ, ധ്വന്യാത്മകമായി വെറും സാധാരണമായ ഒരു അനുഭവലോകം ഇത്ര അസാധാരണമായി കഥയിലൂടെ ആവിഷ്‌കരിക്കാന്‍ എഴുതിത്തുടങ്ങുന്ന ഒരു കഥാകൃത്തിന് കഴിയുക എന്നത് അപൂര്‍വം കൂടിയാണ്.

അപഹരിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്യുന്ന സ്നേഹത്തിന്റെ വലിയൊരു ശൂന്യതയിലാണ് സ്ത്രീജീവിതം. എന്നാല്‍, വ്യക്തിയെന്ന നിലയ്ക്കുള്ള അതിജീവനം സാധ്യമാകുന്നത് സ്നേഹത്തിന്റെ പലതരം ആവിഷ്‌കാരങ്ങളിലൂടെയാണുതാനും. സ്നേഹരാഹിത്യത്താല്‍ ജീവിതത്തിന്റെ അതിജീവനം തന്നെ നഷ്ടമാകുന്ന ഒരു സമൂഹത്തിന്റെ വലിയ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാണ്, കഥാകൃത്ത്, കുഞ്ഞുമേരിയിലൂടെയും അവളുടെ അപരലോകമായ റൂമിയിലൂടെയും നടത്തുന്നത്. റൂമി നാം വായിച്ചറിഞ്ഞതോ ഇടക്ക് ഓര്‍മിക്കുന്നതോ ആയ ഒരു സൂഫി കവിയേയല്ല, സ്നേഹത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും പാടിയ ഒരു കവിയുമല്ല, അങ്ങനെയാണ് തുടക്കത്തില്‍ കുഞ്ഞുമേരിക്ക് ടീച്ചര്‍ പറഞ്ഞുകൊടുക്കുന്നതെങ്കിലും. പോകെപ്പോകെ, കുഞ്ഞുമേരിയുടെ ജീവിതത്തില്‍ റൂമി പലതരം സ്വാതന്ത്ര്യങ്ങളുടെയും വിമോചനത്തിന്റെയുമെല്ലാം രൂപകമായി മാറുന്നു.

PUNYA-CR.jpg
പുണ്യ സി.ആർ.

""സ്‌നേഹമാണഖിലസാരമൂഴിയില്‍'' എന്ന് ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നു. എല്ലാവരും സ്‌നേഹത്തെ കുറിച്ച് കവിത ചൊല്ലുന്നു. പക്ഷെ ""നിങ്ങള്‍ സ്‌നേഹിക്കൂ കുട്ട്യോളേ'' എന്ന് ഒരു ടീച്ചറും പറഞ്ഞിട്ടേയില്ല എന്ന് കുഞ്ഞുമേരി സങ്കടപ്പെടുന്നു, കാരണം, അവള്‍ക്ക് പലരോടും പലതിനോടും ചുറ്റുപാടുകളോടുമെല്ലാം നിറഞ്ഞ സ്നേഹമുണ്ട്. എന്നാല്‍, സ്നേഹം എമ്മട്ടിലുള്ളതാണെന്ന സന്ദേഹവുമുണ്ട്. 'എടി പന്നീ' എന്ന് ശകാരിച്ച് ഇരുട്ടാകുന്നതുവരെ വീട്ടുജോലി ചെയ്യിക്കുന്ന അമ്മച്ചിയുടേത് എന്തുതരം സ്നേഹമാണെന്ന് അവള്‍ ഓര്‍ക്കുന്നു. താന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കത്ത ടീച്ചറോടും അവള്‍ക്ക് സന്ദേഹമുണ്ട്. നെഞ്ചിന്‍കൂടിനകത്തേക്ക് ശ്വസിച്ചെടുക്കാന്‍ കഴിയുന്ന ഒരുതരം സ്നേഹമായിരുന്നു അവള്‍ക്ക് വേണ്ടത്. അത് ജീവിതത്തിലെ പലതരം റൂമികളിലൂടെ അവള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു, വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ട്, എങ്കിലും ചാവാന്‍ പോകുന്ന, നിസ്സഹായയായ ഒരു കിളിക്കുഞ്ഞ്, ജീവനുവേണ്ടി അവസാനത്തെ പിടച്ചില്‍ പിടയുംപോലെ കുഞ്ഞുമേരിയും ഓരോ തവണയും ഒന്നുപിടഞ്ഞുനോക്കുന്നു, ചിറകുകള്‍ വിടര്‍ത്താന്‍ നോക്കുന്നു, ജീവിതത്തിലേക്ക്...
ഈ കഥക്ക് കെ.പി. മുരളീധരന്‍ വച്ച ചിത്രങ്ങളുടെ ഭംഗിയും  എടുത്തുപറയണം. പെണ്‍കുട്ടികളുടെ ഏകാന്തലോകങ്ങളെ, അവളുടെ സൗഹൃദങ്ങളെ, മുറിവുകളെയെല്ലാം നീറ്റലുണ്ടാക്കുംവിധമാണ് ചിത്രകാരന്‍ വരച്ചുവെച്ചിരിക്കുന്നത്. അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍.
ജെന്‍സി സെബാസ്റ്റ്യന്‍ 
കടവന്ത്ര, എറണാകുളം 


മതവും മതവിശ്വാസവും ഫാസിസത്തോളം തന്നെ ജനവിരുദ്ധമാകരുത് 

പൊതുസമൂഹത്തില്‍ പ്രബലമായി വരുന്ന മുസ്​ലിം പേടിയെക്കുറിച്ച് വെബ്സീന്‍ ചര്‍ച്ച ചെയ്യുന്ന സമയത്തുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ സംഭവങ്ങള്‍ കേരളീയ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹയുടെ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവ് ഒരു ഉദാഹരണം മാത്രം. സാമൂഹിക പ്രസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും മാത്രമല്ല, ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ഇസ്​ലാം ഭീതി എങ്ങനെയാണ് ബാധിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എത്രമാത്രം ഭീകരമാണെന്നും വ്യക്തമാക്കുന്നതായിരുന്നു വെബ്സീനില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍. ഒരു വിഷയത്തിലൂന്നിയുള്ള പലതരം നിലപാടുകള്‍ ഇങ്ങനെ ഒരേ പ്ലാറ്റുഫോമില്‍ വായിക്കാന്‍ കഴിയുക എന്നത് പ്രത്യേകമായ ഒരു വായനാനുഭവം കൂടിയാണ്.

shajahan.jpg
ഷാജഹാന്‍ മാടമ്പാട്ട്

കാരണം, ഇന്നത്തെ സംവാദങ്ങള്‍ ഒരുതരം ബാലന്‍സിങ്ങിന്റേതാണ്, അതുകൊണ്ടുതന്നെ അവ അശ്ലീലവുമാണ്. ഒരു വാദത്തെ ജനവിരുദ്ധമായ മറ്റൊരു വാദം കൊണ്ട് ഖണ്ഡിക്കുന്ന തരത്തിലുള്ള സംവാദങ്ങളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ വെബ്സീനിന് വ്യക്തമായ ഒരു നിലപാടുണ്ടെന്ന് വ്യക്തികളുടെ തെരഞ്ഞെടുപ്പിലും അവരുടെ വാദങ്ങള്‍ക്ക് നല്‍കിയ ഊന്നലിലും അവതരണത്തിലും തെളിയുന്നു. വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നിന്നുകൊണ്ടുതന്നെ, ആധുനിക സമൂഹത്തിലെ മതപ്രയോഗങ്ങളുടെ രാഷ്ട്രീയത്തെ കൃത്യമായി രേഖപ്പെടുത്തുന്നതായിരുന്നു ഈ ഉള്ളടക്കം. ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ആധിപത്യ രാഷ്ട്രീയപ്രക്രിയ ഭൂരിപക്ഷം നേടിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മതം ഒരു വിഷയമാകുന്ന സംവാദങ്ങളെ എങ്ങനെ പുരോഗമനപരമാക്കാം എന്ന് ഷാജഹാന്‍ മാടമ്പാട്ട് വിശദീകരിക്കുന്നുണ്ട്. ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ തന്നെ മതവും മതവിശ്വാസവും ഫാസിസത്തോളം തന്നെ ജനവിരുദ്ധമാകരുത് എന്ന ഓര്‍മപ്പെടുത്തലും ഇതോടൊപ്പം ആവശ്യമാണ്.
അബ്ദുള്‍ റഷീദ് 
വടപളനി, ചെന്നൈ 


ബി.ജെ.പി സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ട് ഒ. അബ്ദുള്ള പറയുന്നത്

"ബി.ജെ.പിയില്‍ എനിക്ക് ധാരാളം നല്ല സുഹൃത്തുക്കളുണ്ട്' എന്ന ന്യായം നിരത്തിവെച്ച്, ആ പ്രത്യയശാസ്ത്രത്തിന്റെ ഒത്താശയില്‍ നടക്കുന്ന വര്‍ഗീയതയെ പരോക്ഷമായി ന്യായീകരിക്കുന്ന ഒ. അബ്ദുള്ളയുടെ അഭിപ്രായം (മുസ്​ലിം അഥവാ ഇസ്​ലാം  പേടി; സ്ഥാനത്തും അസ്ഥാനത്തും, വെബ്സീന്‍, പാക്കറ്റ് ആറ്) വായിച്ച് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. കാരണം, ഗോള്‍വാള്‍ക്കറുടെയും അമിത് ഷായുടെയും ഹിന്ദുത്വ വര്‍ഗീയത അവരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്നും അതിലൊന്നും ബി.ജെ.പിക്കാര്‍ക്ക് വലിയ പങ്കില്ലെന്നും, ഗുജറാത്തിലെ രണ്ടു  നേതാക്കളുടെ കൈകളില്‍ രാജ്യഭരണം അവിചാരിതമായി അകപ്പെട്ടപ്പോഴുണ്ടായ തീവ്രതയാണ് ഇതെന്നുമാണ്, തന്റെ ബി.ജെ.പി സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ടുകൊണ്ട് അബ്ദുള്ള പറയുന്നത്.

o-abdulla
ഒ. അബ്ദുള്ള

അതായത്, സംഘ്പരിവാറിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഏതാനും വ്യക്തികളുടെ മാത്രം പ്രശ്നമാണെന്നും അത് ഒരിക്കലും ആശങ്കപ്പെടുന്നതുപോലെ രാജ്യത്തെ അപകടപ്പെടുത്തില്ലെന്നുാമണ് അബ്ദുള്ള സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഗുജറാത്തിലും ഡല്‍ഹിയിലും അടക്കം രാജ്യത്ത് അരങ്ങേറിയ അനവധി വംശഹത്യകളുടെ ചോരയില്‍ ചവുട്ടിനിന്നാണ് അദ്ദേഹം ഈ ന്യായം ചമയ്ക്കുന്നതെന്നോര്‍ക്കണം, ഗാന്ധിവധത്തിനുശേഷം രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഹിംസ എന്ന് സ്വബോധമുള്ളവര്‍ പറഞ്ഞുവച്ച ബാബരി മസ്ജിദ് ധ്വംസനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നുകൊണ്ട്, ആ സ്ഥലം ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്ത അന്യായവിധിയുടെ ഞെട്ടല്‍ മാറും മുമ്പേയാണ്, ഇത്തരമൊരു വാദം അബ്ദുള്ള ഉയര്‍ത്തുന്നത് എന്നത് ആരെയും ഞെട്ടിപ്പിക്കും.
എം.ഹനീഫ 
ദമ്മാം, സൗദി  അറേബ്യ 


ജമാഅത്തെ ഇസ്​ലാമി  ഇടതുപക്ഷമാണെന്നത് വലിയൊരു നുണയാണ്

സ്​ലാമും കമ്യൂണിസവും തമ്മില്‍ പലകാര്യങ്ങളിലും ഒരേ ചിന്താഗതിയാണെന്നും അതുകൊണ്ടുതന്നെ ഇസ്​ലാമിനെ പിന്‍പറ്റുന്ന ജമാഅത്തെ ഇസ്​ലാമി ഇടതുപക്ഷത്താണെന്നുമുള്ള ന്യായം, വെബ്സീനിലെ ലേഖനത്തില്‍ ഒ. അബ്ദുള്ള ആവര്‍ത്തിക്കുന്നുണ്ട്. ഇത് ജമാഅത്തെ ഇസ്​ലാമിക്കാര്‍ തന്നെ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യവുമാണ്. "അനശ്വരമായ പരലോകജീവിതവും സ്വര്‍ഗവും' എന്നൊരു സങ്കല്‍പത്തെ മുന്നില്‍വെച്ച് വിശ്വാസികള്‍ മാത്രമുള്ള തീര്‍ത്തും അന്ധമായ, അനുസരണയുള്ള ഒരു കൂട്ടം മാത്രമായി മനുഷ്യനെ വിഭജിക്കുന്ന പ്രപഞ്ചവിരുദ്ധമായ ഒരു സംഘാടനത്തെ എങ്ങനെയാണ്, യുക്തിഭദ്രവും ശാസ്ത്രീയവുമായ കാര്യകാരണങ്ങളോടെ മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും പ്രതിസന്ധികളുടെ കാരണമന്വേഷിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോട് തുല്യതപ്പെടുത്താനാകുക? ഏത് മര്‍ദ്ദിതരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ഭാഗത്തുനിന്നാണ് ഇസ്‌ലാം സംസാരിക്കുന്നത്? കമ്യൂണിസം പ്രതിനിധീകരിക്കുന്ന മര്‍ദ്ദിതരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പക്ഷത്തിന് ഇതുമായി എന്തുബന്ധമാണുള്ളത്? കേരളത്തിലെങ്കിലും ഇടതുപക്ഷം എന്നത് സുരക്ഷിതമായ ഒരു താവളമാണ്, അതുകൊണ്ടാണ്, ജമാഅത്തെ ഇസ്‌ലാമിയെപ്പോലൊരു സംഘടന ഇടതുപക്ഷത്ത് സ്ഥാനമുറപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ വ്യക്തികളുടെ "ധാര്‍മികത'യും "നന്മ'യുമെല്ലാം നോക്കി വോട്ടുചെയ്തിരുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍. ഈ ന്യായം വച്ച് ഇവര്‍ മുമ്പ് വോട്ടുചെയ്ത നേതാക്കളുടെ ധാര്‍മികതയും നന്മയും പരിശോധിച്ചാല്‍ ദയനീയമായ കരച്ചിലിനുപോലും നമുക്ക് ശേഷിയുണ്ടാകില്ല. അത്രത്തോളം അരാഷ്ട്രീയമായി തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന ഒരു പ്രസ്ഥാനമാണിത്. ഈയൊരു അരാഷ്ട്രീയതയാണ്, ഇത്തവണ യു.ഡി.എഫിനെ പിന്തുണച്ചതിലൂടെ അവര്‍ ആവര്‍ത്തിച്ചത്.
കെ.മുഹമ്മദ് ഹാരിസ് 
ഷാര്‍ജ, യു.എ.ഇ 


കെ.കെ. കൊച്ച് എഴുതിയത് ശ്രദ്ധിക്കുമോ?

സ്​ലാഫോബിയയുടേതായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇസ്​ലാമിക രാഷ്ട്രീയ- സാമുദായിക സംഘടനകള്‍ക്കുള്ള പങ്ക് എടുത്തുകാട്ടുന്നതാണ് വെബ്സീന്‍ പാക്കറ്റ് ആറില്‍ കെ.കെ. കൊച്ച് എഴുതിയ ‘അത്തരമൊരു തിരിച്ചറിവില്ലെങ്കില്‍ മുസ്​ലിം സമുദായത്തിന്റെ യാത്ര ജിന്നയിലേക്കായിരിക്കും' എന്ന ലേഖനം.

kk koch
കെ.കെ. കൊച്ച്

 ഇസ്​ലാമിന്റെ പക്ഷത്തുനിന്നുണ്ടാകേണ്ട ഒരു സ്വയം വിമര്‍ശനത്തെക്കുറിച്ചാണ് കൊച്ച് എഴുതുന്നത്. സംഘ്പരിവാര്‍ ആശയത്തിന് സമീപകാലത്തുണ്ടായ വര്‍ധിച്ച സ്വാധീനത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യയില്‍ ദളിത്- മുസ്​ലിം ഐക്യം എന്നത് ഒരു പ്രായോഗിക രാഷ്ട്രീയ നിലപാടായി രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഇതിന് തുരങ്കം വെക്കുന്നത്, ഇസ്​ലാമിസ്റ്റ് സംഘടനകള്‍ തന്നെയാണ്. രാജ്യമൊട്ടുക്കും ഗാന്ധിയേക്കാളും നെഹ്റുവിനേക്കാളും അംബേദ്കറും അംബേദ്കര്‍ സിദ്ധാന്തങ്ങളും, വിമോചനപോരാട്ടങ്ങളുടെ അടയാളമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിച്ച്, മുസ്​ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെക്കുറിച്ച് വ്യാജ പ്രതീകങ്ങളുയര്‍ത്തിക്കൊണ്ടുവരികയും അംബേദ്കറിനെ മുസ്​ലിംകളുടെ ശത്രുവായി അവതരിപ്പിക്കുകയും ചെയ്യുന്ന വിദ്യ കേരളത്തില്‍ സമര്‍ഥമായി അരങ്ങേറുന്നുണ്ട്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനുദാഹരണമാണ്. സംഘടനാവല്‍ക്കരണം അവിഹിത സ്വാധീനം ചെലുത്തുന്ന കേരളത്തിലെ മുസ്​ലിം രാഷ്ട്രീയമണ്ഡലത്തില്‍, മുസ്​ലിം ജനസാമാന്യത്തിന്റെ സമ്പൂര്‍ണമായ ജനാധിപത്യവല്‍ക്കരണം ഏട്ടിലെ പശുവായി അവശേഷിക്കുകയാണ്.
സി. രവീന്ദ്രന്‍ 
കളമശ്ശേരി,എറണാകുളം 


ശോഭീന്ദ്രന്‍ മാഷിന്റെ ​​​​​​​ശബ്ദം ഹൃദയാവര്‍ജകം

t sobeendran
പ്രൊഫ. ടി. ശോഭീന്ദ്രന്‍

ഹൃദ്യമായൊരു ആത്മകഥാ കുറിപ്പാണ് പ്രൊഫ. ടി. ശോഭീന്ദ്രന്റെ "മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം' എന്ന പരമ്പര. നാലുപതിറ്റാണ്ടു മുമ്പത്തെ അധ്യാപക ജീവിതം മാത്രമല്ല, പ്രകൃതിയെയും അപൂര്‍വമായൊരു പ്രദേശത്തെയും അദ്ദേഹം ഹൃദ്യമായ ഭാഷയില്‍ വരച്ചിടുന്നു. വായന കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തന്നെ ആ ജീവിതകഥ കേട്ടപ്പോള്‍, കുറെക്കൂടി ആ കാലം കണ്‍മുന്നില്‍ വന്നുനില്‍ക്കുന്നതുപോലെ തോന്നി. എഴുതുന്നതിനേക്കാള്‍ ഗാഢമായി ആ ശബ്ദം, ആ കാലഘട്ടത്തെ ഒപ്പിയെടുത്തിരിക്കുന്നു. അദ്ദേഹം ഇടപെടുന്ന മനുഷ്യരെപ്പോലെത്തന്നെ ആ പ്രകൃതിയും കൂടിച്ചേര്‍ന്നുള്ള ആഖ്യാനം അത്യപൂര്‍വമായ വായനാനുഭവമാണ് നല്‍കുന്നത്.
​​​​​​​ലീന കളത്തില്‍ 
കല്പറ്റ, വയനാട് 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍

വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക.
സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media