Wednesday, 20 October 2021

കത്തുകള്‍


Image Full Width
Image Caption
ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ ഒരു കോവിഡ് ആശുപത്രിയില്‍നിന്ന് ഡ്യൂട്ടിക്കുശേഷം മടങ്ങുന്ന നഴ്‌സ്‌
Text Formatted

കോവിഡ് ആക്രമിച്ചത് മലയാളിയുടെ ചികിത്സാ സവര്‍ണതയെ കൂടിയാണ്

കോവിഡുമായി അക്ഷരാര്‍ഥത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെ വ്യത്യസ്ത തലങ്ങളിലുള്ള വിശകലനങ്ങളടങ്ങിയ ട്രൂ കോപ്പി വെബ്സീന്‍ പാക്കറ്റ് എട്ട്, തികച്ചും വേറിട്ട വായനാനുഭവമായി. പ്രത്യേകിച്ച് ഡോ. പ്രസന്നന്‍, ഡോ. ജയകൃഷ്ണന്‍, ഡോ. ജിനേഷ് എന്നിവരുടെ ലേഖനങ്ങള്‍. കോവിഡ് എന്ന രോഗത്തെയും രോഗാണുവിനെയും മെഡിക്കല്‍ സയന്‍സിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഏറെ ആധികാരികമായാണ് അവതരിപ്പിക്കുന്നത്. ഇതില്‍ പല ഡോക്ടര്‍മാരും എടുത്തു പറഞ്ഞ ഒരു കാര്യം, കോവിഡ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടാക്കിയ മാറ്റമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികള്‍ സൗകര്യങ്ങളുടെയും ചികിത്സാ സമീപനത്തിന്റെയും കാര്യത്തില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇവിടുത്തെ സാധാരണക്കാര്‍ക്ക് അറിയാം.

letters
ഡോ. പ്രസന്നൻ പി.എ, ഡോ. ജയകൃഷ്​ണൻ ടി.

എന്നാല്‍, മലയാളിയുടെ ഒരുതരം മധ്യവര്‍ഗ വരേണ്യത ഈ മാറ്റത്തെ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ്, ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളോട് ഒരുതരം അസ്പൃശ്യത നിലനില്‍ക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന പല ചികിത്സകളും ഒരു ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ സൗജന്യമായിപ്പോലും ചെയ്തുകൊടുക്കുന്ന മെഡിക്കല്‍  കോളജുകളുള്ളപ്പോള്‍, സ്വകാര്യ ആശുപത്രികളെ ഒരുതരം സ്റ്റാറ്റസ് സിംബലായിപ്പോലും ആഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍, കോവിഡ് ഈ ചികിത്സാ സവര്‍ണതയെ തകര്‍ത്തുകളഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരുമാണ് ഈ കാലത്ത് ജീവന്റെ രക്ഷകരായി മാറിയത്. സര്‍ക്കാര്‍ ഡോക്ടര്‍മാരും നഴ്സുമാരും ഇക്കാലയളവില്‍ ചെയ്ത അധ്വാനത്തിന്റെ കണക്ക് താരതമ്യങ്ങളില്ലാത്തതാണ്. ചികിത്സയുടെ കാര്യത്തില്‍ മാത്രമല്ല, കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ കാര്യത്തിലും പൊതുജനാരോഗ്യസംവിധാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിലും, ഈ മേഖലയിലെ ലാഭം പങ്കുപറ്റാന്‍ മാത്രം എത്തുന്ന കോര്‍പറേറ്റുകള്‍ക്ക് ഒരുവിധത്തിലുമുള്ള സംഭാവനയും അര്‍പ്പിക്കാനായില്ല എന്ന് ഓര്‍ക്കേണ്ടതാണ്. കോവിഡുകാലത്തെ മറ്റൊരു കേരള മോഡലാണ്, നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സാധ്യമായത്.
മുഹമ്മദ് ബഷീര്‍
തൊട്ടില്‍പാലം, കോഴിക്കോട്


കൊറോണ വൈറസിനെക്കുറിച്ച്  സുന്ദരമായ ഒരു പ്രതീക്ഷ

cover-07-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് ഏഴിന്റെ കവർ

വെബ്സീനിന്റെ ഡോക്ടര്‍ സ്പെഷ്യലില്‍ ഡോ. പ്രസന്നന്‍ എഴുതിയ ലേഖനത്തില്‍നിന്ന് ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു വസ്തുത കാണാന്‍ കഴിഞ്ഞു. കോവിഡിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പല വിദഗ്ധരും മുന്നറിയിപ്പുനല്‍കുന്നുണ്ടെങ്കിലും രോഗം അതിജീവിച്ചവരില്‍ വൈറസ് ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് അദ്ദേഹം ശാസ്ത്രീയമായി തന്നെ വിശദീകരിക്കുന്നു. ജീവന് അത്യന്താപേക്ഷിതമായി മനുഷ്യന്റെ കുടലില്‍ ജീവിക്കുന്ന കോടാനുകോടി ബാക്റ്റീരിയകളെപ്പോലെ, മരണകാരിയായ വൈറസുകള്‍ക്കും മനുഷ്യകോശങ്ങളുമായി പരസ്പരം സുരക്ഷിതമായ ഒരു സഹജീവനം സാധ്യമാണോ എന്ന ചിന്ത തന്നെ അത്യന്തം താല്‍പര്യജനകമാണ്. 2016ല്‍ പുറത്തുവന്ന ഒരു പഠനഫലത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധേയമാണ്: 40- 80 ശതമാനം മനുഷ്യജീനുകളും അധിനിവേശക്കാരായ ആദിമ വൈറസുകളുടേതാണ്! ജീവികളുടെ പരിണാമപ്രക്രിയകള്‍ പലതരം ആഘാതങ്ങളിലൂടെയും സ്വാധീനങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ കൊറോണ വൈറസിനെപ്പോലൊരു സൂക്ഷ്മജീവിക്ക്, അനേകപരിണാമഘട്ടങ്ങള്‍ കഴിഞ്ഞ്, അതിന്റെ ശത്രുവായ മനുഷ്യകോശവുമായി ഒരു സഹജീവിതം സാധ്യമാകും എന്ന ചിന്ത പോലും ഇന്നത്തെ സാഹചര്യത്തില്‍ എത്രമാത്രം സുന്ദരമായ ഒന്നാണ്!
സി.ഗീതാകുമാരി
കോട്ടക്കല്‍, മലപ്പുറം


‘ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍' ബാധിച്ചവര്‍

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസത്തോടെ അന്ധവിശ്വാസങ്ങള്‍ കുറഞ്ഞുവരുമെന്ന ലോജിക്ക് അത്ര ശരിയല്ല എന്നാണ് കോവിഡ് കാലം തെളിയിക്കുന്നത്. കാരണം, ശാസ്ത്ര- സാങ്കേതിക വിദ്യയുടെ പലതരം പ്രയോഗങ്ങളാണ് കോവിഡ് എന്ന മഹാമാരിയില്‍നിന്ന് മനുഷ്യസമൂഹത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടിയിലും, ഇതേ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് വ്യാജന്മാരെ സൃഷ്ടിക്കുന്നതില്‍ ചിലര്‍ നന്നായി വിജയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വാട്സ്ആപ് സന്ദേശം പ്രചരിച്ചിരുന്നു: "കൊറോണ രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇറ്റലി നടത്തി, വലിയ വെളിപ്പെടുത്തല്‍ സംഭവിച്ചു, സമഗ്രമായ അന്വേഷണത്തിനുശേഷം കോവിഡ് -19 ഒരു വൈറസായി നിലനില്‍ക്കുന്നില്ലെന്ന് കണ്ടെത്തി, 'ആംപ്ലിഫൈഡ് ഗ്ലോബല്‍ 5 ജി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ (വിഷം)' മൂലമാണ് ആളുകള്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നത്' എന്നൊക്കെപ്പറഞ്ഞ്. "വിവരമുള്ളവര്‍' എന്ന് നാം സാധാരണ ധരിച്ചുപോരുന്നവര്‍ പോലും ഇത്തരം ഇലക്ട്രോ മാഗനറ്റിക് വിഷങ്ങളില്‍ എളുപ്പം വീണുപോകുന്നു. വെബ്സീനില്‍ ഡോ. ജിനേഷ് പി.എസ്. എഴുതിയ ലേഖനം വായിച്ചപ്പോഴാണ് ഇത്തരം വ്യാജന്മാരുണ്ടാക്കുന്ന ഗുരുതരാവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടത്. അദ്ദേഹം പറയുന്നതുപോലെ, ഇപ്പോഴിതാ, ഏറ്റവും വലിയ വാക്സിനേഷന് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നു, ഒപ്പം നമ്മുടെ കേരളവും.

jinesh.jpg
ഡോ. ജിനേഷ് പി.എസ്.

കേരളത്തിലുമുണ്ടല്ലോ, രോഗാണുക്കള്‍ എന്ന ഒന്ന് ഇല്ലെന്നും വാക്സിന്‍ ശരീരത്തിന് ഹാനികരമാണ് എന്നും പറഞ്ഞുകൊണ്ടിരിക്കുന്ന 'ഡോക്ടര്‍'മാര്‍. എന്നാല്‍, നിപ്പ സമയത്തുണ്ടായിരുന്നതപോലത്തെ ഇവരുടെ വിളയാട്ടം കോവിഡിനെ കാലത്ത് കാണാനില്ല. ശക്തമായ പൊതുജനാരോഗ്യ പ്രചാരണമാകാം കാരണം. എന്നാല്‍, എളുപ്പം തിരിച്ചറിയാനാകാത്ത, ശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞുവരുന്ന "വിദഗ്ധരെ'യാണ് കരുതിയിരിക്കേണ്ടത്. കോവിഡ് വാക്സിന്‍ മനുഷ്യരില്‍ ജനിതകമാറ്റമുണ്ടാക്കും എന്ന് ഒരാള്‍ 'കാര്യകാരണ സഹിതം' പോസ്റ്റിട്ടാല്‍ അത് വായിക്കുന്ന സാധാരണക്കാരില്‍ അല്‍പം ആശയക്കുഴപ്പമുണ്ടാകുക സ്വഭാവികമാണ്. പേരിനൊപ്പം "ഡോക്ടര്‍' എന്നുള്ളവര്‍ തന്നെ വ്യാജന്മാരായി അവതരിക്കുന്ന കാലമാണ്. ഇത്തരം സാഹചര്യങ്ങളിലാണ്, ഡോ. ജിനേഷിനെപ്പോലെ, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകള്‍ ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ധാരാളം പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍, ജനകീയ കാമ്പയിനായി ഇവ സാധാരണ മനുഷ്യര്‍ക്കരികിലെത്തിയാലേ പൂര്‍ണമായ ഫലമുണ്ടാകൂ. 
സന്തോഷ് ഡി.
മസ്‌കറ്റ്, ഒമാന്‍


പ്രകൃതിയിലേക്ക് ഒരു ദേശാന്തര ഗമനം

വെബ്സീന്‍ പാക്കറ്റ് എട്ടില്‍ ഏറ്റവും ശ്രദ്ധേയമായത്, ഇ. ഉണ്ണികൃഷ്ണന്‍ എഴുതിയ മുത്തുപിള്ള എന്ന ഫോട്ടോ ഫിക്ഷനാണ്. കിളികളും മനുഷ്യരും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളായ, അതീവഹൃദ്യമായ ഒരു രചന.

E Unni Krishnan
ഇ. ഉണ്ണിക്കൃഷ്ണന്‍

പ്രകൃതിയില്‍നിന്നുതിര്‍ന്നുവീഴുന്ന മഞ്ഞുകണം പോലെ തണുപ്പാര്‍ന്ന അനുഭവം. കരുണയാര്‍ന്ന നോട്ടങ്ങളും കാഴ്ചകളും. മുത്തുപിള്ള... ആ പേരു തന്നെ എത്രമാത്രം പുതുമയാര്‍ന്നതാണ്! കിളികളുടെ സഞ്ചാരം പോലെ അത്യന്തം കൗതുകകരം കൂടിയാണ് ഉണ്ണികൃഷ്ണന്റെ ആഖ്യാനവും. മുത്തുപിള്ളയുടെ ജാതിയെച്ചൊല്ലിയുള്ള അന്വേഷണം മലയാളത്തിലെ ഉഗ്രന്മാരായ ചില പിള്ളമാരിലേക്കും പണിക്കന്മാരിലേക്കും കുറുപ്പുമാരിലേക്കുമൊക്കെ എത്ര അനായാസമായാണ് സഞ്ചരിക്കുന്നത്. ഇത് കിളികളുടെ ആത്മകഥയല്ല, നമ്മുടെ പ്രകൃതിയുടെ വേരുകളിലൂടെയുള്ള ഒരു ദേശാന്തരഗമനമാണ്. 
കറുവത്ത് രാമചന്ദ്രന്‍
വേളാച്ചേരി, ചെന്നൈ


മരണമെത്തുന്ന നേരത്ത്...

പാക്കറ്റ് എട്ടില്‍ പ്രസിദ്ധീകരിച്ച "അടുത്ത മൂവില്‍ നിങ്ങള്‍ ചെക്ക്മേറ്റാണ്' എന്ന ലേഖനം വായിച്ചു. കോവിഡ് കാലത്ത്, മരണത്തിന്റെയും വേദനകളുടെയും ചുറ്റുപാടുകളിലിരുന്ന് വായിക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച ലേഖനങ്ങളിലൊന്നായിരുന്നു ഇത്. ഏറ്റവും അടുപ്പമുള്ളവരുടെ മാത്രമല്ല, സ്നേഹത്തോടെ ആരാധിക്കുന്നവരുടെ പോലും മരണങ്ങള്‍ ജീവിതത്തെ വേദനിപ്പിച്ച കാലമാണിത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം എന്നെ സംബന്ധിച്ച് അത്തരമൊരു വേദനയുണ്ടാക്കിയ വേര്‍പാടായിരുന്നു.

Sreekala Mullasseri
ഡോ. ശ്രീകല മുല്ലശ്ശേരി

ജീവിതത്തില്‍ ഒരിക്കലും കാണാത്ത ഒരാള്‍, ശബ്ദം മാത്രമാണ് പരിചയം. എന്നിട്ടും, ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ഒരാള്‍ വിട്ടുപോയപോലത്തെ വേദനയായിരിന്നു അദ്ദേഹം മരിച്ചപ്പോള്‍. ആ ദിവസങ്ങളില്‍ ഞാന്‍ എനിക്കേറെ ഇഷ്ടപ്പെട്ട ആ പാട്ടുകളുടെ ഓര്‍മകളിലായിരുന്നു. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടതും അല്ലാത്തതുമായ എത്രയോ സന്ദര്‍ഭങ്ങള്‍ എസ്.പിയുടെ ശബ്ദത്തിലൂടെ എനിക്ക് വീണ്ടെടുക്കാനായി. കോളേജില്‍ പഠിക്കുന്ന കാലത്തെ സുഹൃത്തുക്കള്‍, തീര്‍ത്തും സ്വകാര്യമായി കൊണ്ടുനടന്നിരുന്ന സൗഹൃദങ്ങള്‍, അവ വിട്ടുപോയപ്പോഴുള്ള സങ്കടങ്ങള്‍, അന്നത്തെ ഏകാന്ത നിമിഷങ്ങളിലെ വിചാരങ്ങള്‍...എല്ലാം ഈയൊരൊറ്റ ശബ്ദത്തിലൂടെ വീണ്ടെടുക്കുക എന്നത് ആലോചിച്ചുനോക്കിയാല്‍ വിസ്മയകരമായ ഒരനുഭവം കൂടിയാണ്. കാരണം, അസാന്നിധ്യം കൊണ്ടുപോലും സാന്നിധ്യങ്ങളേക്കാള്‍ തീവ്രമായ അനുഭവമാണ് ഇത്തരം വ്യക്തികളിലൂടെ സംഭവിക്കുന്നത്. ഡോ. ശ്രീകല മുല്ലശ്ശേരിയും എഴുതുന്നത് ഇത്തരം അനുഭവങ്ങളെക്കുറിച്ചാണ്. നമ്മുടെ ജീവിതത്തിലെ ഏതൊരു വ്യക്തിയും മരണശേഷവും നമുക്കുചുറ്റും മരിക്കാതെ ജീവിച്ചിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇല്ലാത്തവരും സമൂഹത്തിന്റെ ഓര്‍മകളിലൂടെ നമ്മെ ചുറ്റിവരിയുന്നു- ഷേയ്ക്സ്പിയറും സിഗ്മണ്ട് ഫ്രോയ്ഡും പോലെ. ഇവരുടെയൊക്കെ മരണം എന്തുമാത്രം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു! പ്രത്യേകിച്ച് മനോവിശ്ലേഷണത്തിന്റെ കാര്യത്തില്‍ ഒരായുസ്സിനെക്കൊണ്ടാകുന്നതിലധികം കാര്യങ്ങള്‍ ചെയ്ത ഫ്രോയ്ഡിന്റെ മരണം- ബല്‍സാക്കിന്റെ നോവല്‍ വായിച്ചുകൊണ്ട് മരണത്തെ ശാന്തമായി, സമചിത്തതയോടെ അഭിമുഖീകരിച്ചു അദ്ദേഹം. ഏതു സാധാരണ മരണത്തിലും ഇത്തരം വൈചിത്ര്യങ്ങളുടെയും ഉത്തരമില്ലായ്മകളുടെയും അനവധി അനുഭവങ്ങള്‍ കാണാം, ആലോചിച്ചുനോക്കിയാല്‍.
അഷിത അര്‍ജുന്‍
​​​​​​​മാരാരിക്കുളം, ആലപ്പുഴ


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media


 

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM