Monday, 08 August 2022

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് ഒമ്പതിലെ ദേവദാസ് വി.എം. എഴുതിയ 'വെള്ളിനക്ഷത്രം' എന്ന കഥയ്ക്ക് കെ.പി മുരളീധരന്റെ ചിത്രീകരണം.
Text Formatted

പുഷ്പവതിയുടെ പാട്ട് വേണ്ടാത്ത മലയാള സിനിമ

വീട്ടിലും പുറത്തുമുള്ള സ്ത്രീകളുടെ ജീവിതം ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത്, സമൂഹത്തിലെ പല വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ സ്വന്തം ജീവിതവുമായി വെബ്സീനില്‍ എത്തിയത് വിലപ്പെട്ട അനുഭവമായി മാറി. ഇതില്‍ പുഷ്പവതിയുടെ ജീവിതമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. തികച്ചും യാഥാസ്ഥിതികമായ ഒരു ചുറ്റുപാടിനോട് എതിരിട്ട്, അതിനെ തോല്‍പ്പിച്ച് ഇഷ്ടമുള്ളത് ചെയ്യാനും പഠിക്കാനും അസ്തിത്വം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞ അവരുടെ ഐഡന്റിറ്റിയെ ഇന്നത്തെ സമൂഹത്തിനുപോലും പൂര്‍ണമായും ഉള്‍ക്കൊള്ളാനാകാത്ത ഒന്നാണ്.

അത് അവര്‍ തുറന്നുപറയുന്നുമുണ്ട്. പ്രമുഖ സംഗീതജ്ഞന്‍ മങ്ങാട് കെ. നടേശന്റെ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ അവസരം ലഭിക്കുകയും അത് അദ്ദേഹത്തിനുകീഴില്‍ സംഗീതം അഭ്യസിക്കാനുള്ള അവസരമാക്കി മാറ്റുകയും ചെയ്ത് അക്കാദമികമായ യോഗ്യത നേടുക മാത്രമല്ല, പുതിയ ഒരു ശബ്ദത്തിന്റെ സാന്നിധ്യം കുറിക്കുകയും ചെയ്ത ഈ ഗായികക്ക് നല്ല പാട്ടുകള്‍ കിട്ടാതിരിക്കാന്‍ നമ്മുടെ വ്യവസ്ഥിതി മല്‍സരിച്ചുവെന്നുവേണം കരുതാന്‍. അല്ലാതെ, മലയാളത്തില്‍ സമീപകാലത്തുണ്ടായ "ന്യൂ ജനറേഷന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമകളിലടക്കം എത്രയോ പുതിയ ശബ്ദങ്ങളും ശൈലികളും പരീക്ഷിക്കപ്പെട്ടിട്ടും പുഷ്പവതിക്കുമാത്രം എന്തേ അവസരങ്ങള്‍ ഇല്ലാതായി, പ്രത്യേകിച്ച്, അവര്‍ തന്റെ വേറിട്ട ശബ്ദം മലയാളിയെ കേള്‍പ്പിച്ചുകഴിഞ്ഞിട്ടും. ഇവിടെയാണ് ഇന്നും സംഗീതം അടക്കമുള്ള ആവിഷ്‌കാരത്തിന്റെ മേഖലകളില്‍ പ്രത്യേക ശബ്ദത്തിനും പാട്ടുകാരുടെ നിറത്തിനും പാടുന്ന തുറന്നുപറയുന്ന മനുഷ്യര്‍ക്കും എതിരായി വന്‍ ഗൂഢാലോചനകള്‍ സംഭവിക്കുന്നത്. മലയാള സിനിമയില്‍ നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കി ഒരു സംഘടന തന്നെയുണ്ടായി. അത് ആവശ്യവുമായിരുന്നു. എന്നാല്‍, പുഷ്പവതി പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍, എത്ര വിപുലമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണ് സിനിമ അടക്കമുള്ള ക്രിയേറ്റീവ് ലോകത്തിലെ വിവേചനങ്ങള്‍ എന്ന് തിരിച്ചറിയുന്നു.

pushpavathy_0.jpg
പുഷ്​പവതി

പുഷ്പവതിയുടേത് പാട്ടിന്റെ രാഷ്ട്രീയം കൃത്യമായി പ്രകടമാക്കുന്ന ശബ്ദവും സംഗീതവുമാണ്. അവര്‍ തുറന്നുപറയാറുമുണ്ട്. ഈ പാട്ടും പറച്ചിലുമാണ് അവരെ അകറ്റിനിര്‍ത്തുന്നതെന്ന് വ്യക്തമാണ്. മലയാളത്തില്‍ ഇങ്ങനെ, സ്വന്തമായി രാഷ്ട്രീയാഭിപ്രായം പറയുന്ന എത്രയോ ഗായികമാര്‍ പുതിയ തലമുറയില്‍ മാറ്റിനിര്‍ത്തപ്പെടുന്നു എന്ന് കാണാന്‍ വിഷമമില്ല. പകരം, "തങ്ങള്‍'ക്കിഷ്ടമുള്ള, "തങ്ങള്‍'ക്ക് സ്വീകാര്യരായ ഒരു സാര്‍ഥവാഹകസംഘത്തെ മുന്നണിയിലും പിന്നണിയിലും സദാ സംരക്ഷിച്ചുനിര്‍ത്തുന്നു. വേറിട്ട എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കുന്നു. അവരുടെ ഇടം, പുഷ്പവതി പറയുന്നതുപോലെ ഫേസ്ബുക്കും സോഷ്യല്‍ മീഡിയയും. അടിസ്ഥാന വിഭാഗങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുന്നുവെന്ന് പലപ്പോഴും നാം അഭിമാനിക്കാറുണ്ട്, എന്നാല്‍, പുഷ്പവതിമാരുടെ ജീവിതം വായിക്കുമ്പോള്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് ഖേദപൂര്‍വം പറയേണ്ടിവരുന്നു.

ജാനകി, 
തേവര, കൊച്ചി


അദൃശ്യരാക്കപ്പെടുന്ന പുഷ്പവതിമാര്‍

"സ്പീഡില്‍ ഓടിച്ചു കയറ്റിയ എന്റെ ജീവിതം' എന്ന പുഷ്പവതിയുടെ അനുഭവക്കുറിപ്പ് വായിച്ചു (വെബ്സീന്‍, പാക്കറ്റ് ഒമ്പത്). പുഷ്പവതിയുടെ അച്ഛനോടും സഹോദരനോടും സ്നേഹം അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. കാലത്ത് ഓടാന്‍ പോകുമ്പോള്‍ സഹോദരിയെ ഒപ്പം കൂട്ടുന്ന, എക്സസൈസുകള്‍ ഒന്നിച്ചുചെയ്യുന്ന, രാത്രി ഇരുട്ടിലേക്ക് ഇറക്കിവിടുന്ന, ആളുവീണു മരിച്ച കിണറ്റില്‍ കോണിവെച്ച് ഇറക്കി കളഞ്ഞുപോയ സ്പൂണ്‍ തപ്പിയെടുപ്പിക്കുന്ന, പട്ട തൊട്ടുവരാന്‍ പറഞ്ഞ് തെങ്ങിന്‍മുകളില്‍ കയറ്റുന്ന, സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ച, സിനിമക്ക് തിയറ്ററില്‍ കൊണ്ടുപോകുന്ന സഹോദരന്‍. ഒരു പക്ഷെ, വീട്ടിലുണ്ടായ ഈ സാഹചര്യങ്ങളാകാം പുഷ്പവതിയെ സ്വതന്ത്രയായ ഒരു വ്യക്തിയായി വളര്‍ത്തിയെടുത്തത്.

cover-nineth-issue-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് ഒമ്പതിന്റെ കവർ

സവര്‍ണമായ ഒരു ജീവിതചുറ്റുപാടില്‍നിന്ന് അടിസ്ഥാന ജീവിത പാശ്ചാത്തലം എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന് തെളിയിക്കുന്ന ഒന്നാണ് അവരുടെ ജീവിതം. തുല്യതയും ജനാധിപത്യവും സ്വതന്ത്രമായി വളരാനുള്ള സാഹചര്യവുമെല്ലാം ഏറെയുള്ള, പരീക്ഷണങ്ങളോട് പടവെട്ടി ആര്‍ജിച്ച പാകത കൈമുതലായുള്ള അടിസ്ഥാന വര്‍ഗ സ്ത്രീകളാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത് എന്ന് ചരിത്രത്തിലും സംസ്‌കാരത്തിലും വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ്, കേരളത്തില്‍ "നവോത്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ യഥാര്‍ഥത്തില്‍, അടുക്കളകളില്‍നിന്ന് അന്തര്‍ജനങ്ങള്‍ അരങ്ങിലേക്കുവരുന്നതിനും എത്രയോ മുമ്പ് നമ്മുടെ അധഃസ്ഥിത സ്ത്രീകള്‍ക്ക് അണിനിരക്കാനായത്. അവര്‍ എന്നും അദൃശ്യരായി തുടരുന്നു എന്നത്, നമ്മുടെ ചരിത്ര- സാംസ്‌കാരികാഖ്യാനങ്ങളുടെ വര്‍ഗക്കൂറ് തെളിയിക്കുന്ന ഒന്നാണ്. അവര്‍ ഇന്നും അദൃശ്യരാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണല്ലോ പുഷ്പവതിയുടെ ജീവിതം തെളിയിക്കുന്നതും.

നയനതാര എം.കബീര്‍
ടിപ്പസാന്ദ്ര, ബംഗളൂരു


 യമയുടെ ജീവിതത്തിനുമുന്നില്‍ അമ്പരപ്പോടെ 

പെണ്‍ ജിപ്സികളുടെ ജീവിതകാലം എന്ന ലേഖനം (വെബ്സീന്‍, പാക്കറ്റ് ഒമ്പത്) എഴുതിയ യമക്ക് അനുഭവിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് വിസ്മയം തോന്നുന്നു. നമ്മുടെ യാഥാസ്ഥിതികമായ സമൂഹത്തില്‍ നിന്ന് അവര്‍ എങ്ങനെയാണ് ഇത്തരമൊരു ജീവിതം ജീവിച്ചുതീര്‍ക്കുന്നത്?  "വയറ്റിലുള്ള ആള്‍ ആരാണെന്നാലോചിച്ച് അടിവയറ്റില്‍ ഒന്നുതട്ടി നോക്കി, ഏലക്കയിട്ടൊരു സുന്ദരന്‍ പാല്‍ച്ചായ കുടിച്ച്' കഴിയാന്‍ എത്ര സ്ത്രീകള്‍ക്ക് കഴിയും? യാത്ര ചെയ്യുമ്പോഴും പഠിക്കുമ്പോഴും രാത്രി നടക്കുമ്പോഴും ആണുങ്ങളോട് ഇടപഴകുമ്പോഴും സദാചാരനിയമങ്ങളെ ചോദ്യം ചെയ്യുമ്പോഴുമെല്ലാം ഒരു പെണ്‍കുട്ടി നേരിടേണ്ടിവരുന്ന സാഹസികമായ വെല്ലുവിളികളെ യമ വരച്ചിടുന്നുണ്ട്.

YAMA
യമയുടെ ആവിഷ്​കാരങ്ങൾ

"ആണുങ്ങളുടെ പക പെയ്യാതെ കെട്ടിക്കിടക്കുന്ന അന്തരീക്ഷ'ത്തില്‍ ഒരു പെണ്‍ജീവിതം സ്ഥാപിച്ചെടുക്കുക എന്നത് എളുപ്പമല്ല. സ്വന്തം ശരീരം കൊണ്ടുപോലും ഇത്തരമൊരു അന്തരീക്ഷത്തെ ചെറുത്തുനിന്ന യമയുടെ ജീവിതത്തിനുമുന്നില്‍ അമ്പരപ്പോടെ നില്‍ക്കാന്‍ മാത്രമേ ഒരു സ്ത്രീയായ എനിക്കുകഴിയൂ.

ജെന്നിഫര്‍ കെ. മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.എ


ആണ്‍ബോധത്തില്‍നിന്ന് രക്ഷയുണ്ടോ?

ണ്‍ബോധത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത വെബ്സീന്‍ പാക്കറ്റ് ഒമ്പത് ശ്രദ്ധേയമായി. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ തലങ്ങളിലേക്ക് എങ്ങനെയാണ് ആണ്‍ബോധം വികസിച്ചുവരുന്നത് എന്നതിന്റെ സാമൂഹികശാസ്ത്രപരമായ വിശകലനങ്ങളായിരുന്നു, ഓരോ അനുഭവക്കുറിപ്പും. ഇതില്‍ ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ "മനുഷ്യര്‍ തമ്മിലുള്ള ഇടപെടലിനെക്കുറിച്ച് എന്താ ആരും ഒന്നും പഠിപ്പിക്കാത്തത്?' എന്ന ലേഖനം ഒരു ആണിന്റെ കാഴ്ചപ്പാടില്‍നിന്നുള്ള കാഴ്ചയായതുകൊണ്ടുതന്നെ വേറിട്ടുനിന്നു. നമ്മുടെ സമൂഹത്തിലെ സാധാരണങ്ങളായ സ്ത്രീവിരുദ്ധനോട്ടങ്ങളെ, അതില്‍ ആണല്ല പ്രതി, അതൊരു സിസ്റ്റത്തിന്റെയോ മനോഭാവത്തിന്റെയോ പ്രശ്നമാണ് എന്ന മട്ടിലുള്ള ന്യായങ്ങളെ അദ്ദേഹം പൊളിച്ചുകളയുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നതിന്റെ പരിഭ്രാന്തിയാണ്, ഇന്ന് പരക്കെ പ്രകടിപ്പിക്കപ്പെടുന്നത്.

gr indugopan
ജി.ആർ. ഇന്ദുഗോപൻ

അത് സ്വന്തം സിംഹാസനം നഷ്ടമാകുന്നതിന്റെ കൂടി പരവേശവും പേടിയുമാണ്. കപട സദാചാരത്തിന്റെ വളര്‍ത്തുതൊട്ടിലുകളായ കുടുംബങ്ങള്‍ക്കുവേണ്ടി ഉയരുന്ന സംരക്ഷണവാദം അടിസ്ഥാനപരമായി ആണ്‍ബോധം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയുള്ള വാദം കൂടിയാണ്. അതുകൊണ്ടുതന്നെ, കുടുംബത്തില്‍നിന്നുതന്നെ ആണ്‍കുട്ടികളെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞുപഠിപ്പിക്കാന്‍ എത്രമാത്രം കഴിയും? കുടുംബങ്ങളുടെ അതേ സദാചാര സമീപനങ്ങളുള്ള സ്ഥാപനങ്ങളാണ് ഭരണകൂടം വരെ, ഒരു വ്യക്തി പുറത്ത് ഇടപഴകുന്ന സ്ഥാപനങ്ങള്‍. അതുകൊണ്ടുതന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ആണ്‍ബോധമെന്ന കെണിയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവരാന്‍ ഒരു ആണിനും പെണ്ണിനും എത്രമാത്രം കഴിയും?

അനസുദ്ദീന്‍ എം.കെ.
കിഴക്കമ്പലം, എറണാകുളം


ദേവദാസിന്റെ വെള്ളിനക്ഷത്രം

ഫിക്ഷന്റെ ഒരു ഭംഗി അത് വാസ്തവത്തില്‍ നിന്ന് പുറപ്പെട്ടുപോവുമ്പോഴാണ്.  ഒരു പരുന്തിന്റെ ഉയരത്തില്‍ അപ്പോഴും വാസ്തവത്തെ വട്ടമിടുന്നത് കൊണ്ട് കൂടിയാണ്. ഫിക്ഷനും വാസ്തവവും ഒരു നിര്‍മിതിയാണ് എന്നും അത് ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ദേവദാസിന്റെ പുതിയ കഥ, വെള്ളിനക്ഷത്രം  (ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് ഒമ്പത്) അങ്ങനെ ഒന്നാണ്. തന്റെ ഇതിവൃത്തത്തെ ഭാഷയുടെയും രൂപത്തിന്റെയും അവസരമായിക്കൂടി കണ്ട് എഴുതുന്ന ഒരാള്‍ എന്ന നിലയ്ക്കും ദേവദാസിനെ വായിക്കാന്‍ രസമാണ്. ഒഴുകിക്കൊണ്ടിരിക്കുക, അതല്ല  അയാളുടെ രീതി, ഒഴുക്കില്‍ ഉയര്‍ത്തിവെക്കുന്ന തടയിണകള്‍ കൂടി അവതരിപ്പിക്കുന്ന  ദൃശ്യമാണ്. ഈ കഥ നമ്മുടെ തന്നെ ഓര്‍മയില്‍ തപ്പിയെടുക്കുന്ന ചരിത്രത്തിന്റെ ഒരംശമാണ്.  സിനിമ,  ഭരണകൂടത്തിന്റെ നിഴലാട്ടം ആവുന്ന, ഉരയുന്ന ഭംഗിയുള്ള, കഥ. 

കരുണ്‍ ഇളംപുലാവില്‍
ഫേസ്ബുക്ക് പോസ്റ്റ്


രാഷ്ട്രീയം തമസ്‌കരിക്കുന്ന മലയാള സിനിമ

ലയാളത്തിലെ നവതരംഗ സിനിമാപ്രവര്‍ത്തകരെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുന്ന വെബ്സീനിലെ പരമ്പര വായിക്കാറുണ്ട്. മലയാള സിനിമ അധികം ഓര്‍ക്കാന്‍ എന്തുകൊണ്ടോ ഇഷ്ടപ്പെടാത്ത സംവിധായകന്‍ പവിത്രനെക്കുറിച്ച് ഒ.കെ. ജോണി എഴുതിയ കുറിപ്പ് അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ്. മലയാളത്തിലെ കലാസിനിമയെ സമകാലികമാക്കിയവരില്‍ ഒരാളാണ് പവിത്രന്‍ എന്ന ജോണിയുടെ നിരീക്ഷണം കൃത്യമാണ്. കാരണം, കൊണ്ടാടപ്പെട്ട സംവിധായകര്‍ പോലും സിനിമയിയെ രാഷ്ട്രീയാഖ്യാനമായി മാറ്റാന്‍ മടിച്ചിരുന്ന കാലത്താണ് (അതും അത് അനിവാര്യമായ ഘട്ടങ്ങളില്‍ പോലും) കബനീനദിയെപ്പോലൊരു രാഷ്ട്രീയ സിനിമയുടെ നിര്‍മാതാവായി പവിത്രന്‍ വരുന്നത്.

pavithram
പവിത്രന്‍ (വലത്) ചെലവൂർ വേണുവിനൊപ്പം

പിന്നീട്, കമ്പോളവുമായി സന്ധി ചെയ്യേണ്ടിവന്നപ്പോള്‍ പോലും, വ്യത്യസ്തനാകാന്‍ അദ്ദേഹം ശ്രമിച്ചു. മലയാള സിനിമയില്‍ പവിത്രന്‍ പ്രതിനിധാനം ചെയ്ത ധാരക്ക് പിന്നീട് തുടര്‍ച്ചയുണ്ടായില്ല. അടിയന്തരാവസ്ഥക്കുശേഷം, രാഷ്ട്രീയമായി രേഖപ്പെടുത്തപ്പെടേണ്ട എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്കുചുറ്റിലുമുണ്ടായി. വിരലിലെണ്ണാവുന്ന ശ്രമങ്ങളൊഴിച്ച്, കാതലായ സൃഷ്ടികളൊന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ, ഇന്ന് പവിത്രനെക്കുറിച്ചെഴുതിയത് വായിക്കുമ്പോള്‍ ഏതോ ഒരു കാലത്തെ സംവിധായകനെക്കുറിച്ച് എന്നപോലെ അനുഭവപ്പെടുന്നു.

കെ.ദിവാകരന്‍
കുന്ദമംഗലം, കോഴിക്കോട്


അമല്‍ ഇക്ബാലിന്റെ യു.എസ് വിശകലനം മികച്ചത് 

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം മലയാളത്തില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച വിശകലനമാണ് അമല്‍ ഇക്ബാല്‍ വെബ്സീന്‍ പാക്കറ്റ് ഒമ്പതില്‍ എഴുതിയ "ബൈഡന്‍ പ്രസിഡന്‍സിയുടെ ഭാവി'. ട്രംപിസം എന്ന പ്രതിഭാസം ഒരു വ്യക്തിയുടെ തിരോധാനത്തോടെ അപ്രത്യക്ഷമാകുന്ന ഒന്നല്ല എന്നും "ബൈഡനിസം' എന്ന മറ്റൊരു പ്രതിഭാസം ഒരു അസാധ്യതയല്ലെന്നും അമലിന്റെ ലേഖനത്തില്‍നിന്ന് വായിച്ചെടുക്കാം.

amal-ekbal.jpg
അമല്‍ ഇക്ബാല്‍

യു.എസ് ഇലക്ടറല്‍ വ്യവസ്ഥയുടെ ഘടനാപരമായ പ്രശ്നങ്ങളും എക്സിക്യൂട്ടീവ് അധികാര സ്ഥാപനങ്ങളിലെ ബലാബലവും മുതല്‍ ആഗോള സാഹചര്യങ്ങളുമായുള്ള അമേരിക്കയുടെ വിനിമയങ്ങള്‍ വരെ സ്വാധീനം ചെലുത്തുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണിത്. അതുകൊണ്ടുതന്നെ ബൈഡന്‍ എന്ന വ്യക്തിയെ മുന്‍നിര്‍ത്തിയും അദ്ദേഹം ആദ്യ മണിക്കൂറുകളില്‍ എടുത്ത തീരുമാനങ്ങളെ വിലയിരുത്തിയും പ്രതീക്ഷ, മികച്ച തുടക്കം എന്നൊക്കെയുള്ള പോപ്പുലിസ്റ്റ് സമീപനം സ്വീകരിക്കുന്ന അപക്വമായിരിക്കും. ഒരു രാഷ്ട്രീയ സംവിധാനത്തില്‍ ഒരു വ്യക്തിക്കോ ഒരു പാര്‍ട്ടിക്കോ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന്റെ തോത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ നമ്മെ പഠിപ്പിച്ചുതരുന്നുണ്ട്.

രാഗേഷ് സെബാസ്റ്റ്യന്‍
​​​​​​​അററ്‌ലാന്റിസ്, എറണാകുളം


വെബ്സീന്‍ കവറുകളുടെ വ്യത്യസ്തത

തുവരെ പ്രസിദ്ധീകരിച്ച ഒമ്പത് പാക്കറ്റുകളുടെയും കവര്‍ ഞാന്‍ സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുണ്ട്. പേജിനേഷന്‍, ഡിസൈനിംഗ് എന്നിവയില്‍ താല്‍പര്യമുള്ള ആളെന്ന നിലക്ക്. ടെക്സ്റ്റ് ഒന്നുമില്ലാതെ ("നായിന്റെ മോന്‍' എന്ന നോവെല്ല തുടങ്ങിയ ഒരു പാക്കറ്റില്‍ മാത്രമാണ് ടെക്സ്റ്റ് വന്നത്, അതും ഇമേജായി) കണ്ടന്റിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുക എന്നത് ശ്രമകരമാണ്, അതില്‍ വെബ്സീനിന്റെ ഓരോ പാക്കറ്റും മുമ്പത്തേതിനെ കടത്തിവെട്ടുന്നു. ആദ്യ പാക്കറ്റായ കവണ, മാസ്റ്റ്ഹെഡിനെ കോണ്‍ഡം അണിയിച്ച മൂന്നാം പാക്കറ്റ്, പ്രവാസി വിഷയം വന്ന പാക്കറ്റ് നാല്, ഒടുവില്‍ ആണ്‍ബോധം... ഈ കവറുകളെല്ലാം സ്വയം ഒരു കണ്ടന്റായി മാറുന്ന അപൂര്‍വത, ഒരു വിശദീകരണം പോലുമില്ലാതെ. മലയാളത്തില്‍ ഇന്ന് ഏറ്റവും അണ്‍പ്രൊഫഷണലായി ചെയ്യുന്ന ഒന്നാണ് മാഗസിനുകളുടെ കവര്‍ ഡിസൈന്‍.

cover-1.jpg
ട്രൂകോപ്പി വെബ്സീന്‍ കവറുകള്‍

മാര്‍ക്കറ്റില്‍ എളുപ്പം വിറ്റുപോകുന്ന ഒരു വ്യക്തിയെയോ ഒരു ടൈറ്റിലോ ഉപയോഗിച്ച് ഒരു വഴിപാട്. പല പ്രമുഖ ആനുകാലികങ്ങളുടെയും കവറുകള്‍, വര്‍ഷങ്ങളായി ഒരു മാറ്റവുമില്ലാതെയാണ് ആവര്‍ത്തിക്കുന്നത്. മീഡിയയുടെ മാറിക്കൊണ്ടിരിക്കുന്ന വിഷ്വല്‍ കള്‍ചറും അതിന്റെ വൈവിധ്യവും വിഷ്വലൈസേഷനിലെ സാങ്കേതിക മാറ്റങ്ങളും വായനക്കാര്‍ എങ്ങനെ കണ്‍സീവ് ചെയ്യണമെന്ന ബോധ്യവും എല്ലാത്തിനുമുപരി, ഇതെല്ലാം ഒരു ജേണലിസ്റ്റിക് ഇന്റലിജന്‍സിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് മികച്ച കവര്‍ ഉണ്ടായിവരുന്നത്. ഇത്തരമൊരു സ്റ്റഫ് പ്രകടിപ്പിക്കുന്നതാണ് വെബ്സീന്‍ കവറുകള്‍. 

മന്‍സൂര്‍ അഹമ്മദ്
റാസ് അല്‍ ഖൈമാ, യു.എ.ഇ


സ്വാതന്ത്ര്യ സമരം: ആവര്‍ത്തനവും ഭിന്നതയും  

ര്‍ഷക സമരത്തെ മുന്‍നിര്‍ത്തി ഭാവി രാഷ്ട്രീയത്തിന് ഒരാമുഖം എന്ന പേരില്‍ ട്രൂ കോപ്പി വെബ്സീനില്‍ (പാക്കറ്റ് എട്ട്) വന്ന, കര്‍ഷക സമരത്തിന്റെ പുതിയ രാഷ്ട്രീയം വ്യക്തമാക്കുന്ന എന്റെ ലേഖനത്തെ കുറിച്ച് പല കോണുകളില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. എന്നാല്‍ ഇക്കൂട്ടത്തില്‍ എന്റെ ലേഖനം നേരിട്ട് പരാമര്‍ശിക്കാതെ അതിലെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ വേണ്ടി ഇത് രണ്ടാം സ്വാതന്ത്ര്യ സമരമല്ല, ഒരു നവ സ്വാതന്ത്ര്യ സമരമാണ്  എന്ന് വാദിക്കുന്ന ഒരു ലേഖനവും ശ്രദ്ധയില്‍ പെട്ടു. അതിനെ കുറിച്ചാണ് ഈ കുറിപ്പ്. 
തുടക്കത്തില്‍ തന്നെ പറയട്ടെ, എന്റെ ലേഖനത്തില്‍ പറയുന്നത് എന്താണെന്ന് പൂര്‍ണമായി ഗ്രഹിക്കാനുള്ള ക്ഷമ കാണിക്കാതെ "രണ്ടാം' എന്ന സംഖ്യാ വാചകത്തില്‍ പിടിച്ചുകൊണ്ടുള്ള ഉപരിപ്ലവമായ ഒരു വിമര്‍ശനമാണിത്. കാരണം എന്റെ ലേഖനം മുഴുവന്‍ തന്നെ ഈ കര്‍ഷക സമരത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ രാഷ്ട്രീയത്തേയും അതിന്റെ സവിശേഷതകളേയും വിവരിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ്. എന്തുകൊണ്ട് ഈ കര്‍ഷക സമരം പുതിയ "ജനസഞ്ചയ' ( Multitude ) ജനാധിപത്യ ബദല്‍ രാഷ്ട്രീയത്തിന്റെ മാതൃകയായിരിക്കുന്നു എന്നാണ് അതില്‍ വ്യക്തമാക്കുന്നത്. ഇത് പഴയ സ്വാതന്ത്ര്യ സമരത്തിന്റെ ആവര്‍ത്തനമാവുക സാദ്ധ്യമല്ല.
ഈ സമരം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ യുഗനിര്‍ണായകമായ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണെന്നാണ് ഞാന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് എന്റെ ലേഖനത്തില്‍ പലയിടത്തും ഈ സമരം ഒരു വിച്ഛേദ സംഭവം ( Event ) ആണെന്ന് ഉണ്മാ സിദ്ധാന്തപരമായിത്തന്നെ ( Ontological ) അതിനെ വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിച്ഛേദ സംഭവം ( Event ) എന്നതുകൊണ്ട്  എന്താണ് ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമാക്കാന്‍ വേണ്ടി വെബ്സീനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്   Alain Badiou വിന്റെ "Being And Event ' എന്ന ഗ്രന്ഥം അടിക്കുറിപ്പായി കൊടുത്തിട്ടുമുണ്ട്. 
എന്താണ് Event ? ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഭവ പരമ്പരകളുടെ തുടര്‍ച്ചയെ വിച്ഛേദിച്ചുകൊണ്ട് അതുവരെ നിലവില്‍ ഇല്ലാതിരുന്ന പുതിയ ഒരു ഉണ്മ ( Being ) യുടെ ആവിര്‍ഭാവമാണ് event.  ഇന്നത്തെ ഇന്ത്യന്‍ കര്‍ഷക സമരത്തേയും പഴയതിന്റെ ആവര്‍ത്തനങ്ങളെ നിഷേധിക്കുന്ന പുതിയ ഒന്നിന്റെ തുടക്കമാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഈ  തത്വശാസ്ത്ര പരികല്‍പനയെത്തന്നെ ഞാന്‍ ആശ്രയിച്ചത്. അതുകൊണ്ട് എന്റെ ലേഖനത്തിന്റെ  തലക്കെട്ടിലെ "രണ്ടാം' എന്നവിശേഷണം യാന്ത്രികമായ ആവര്‍ത്തനത്തിലല്ല മറിച്ച് ഭിന്നത ( Difference ) യിലാണ് ഊന്നുന്നത്.

farm bill
കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ നിന്ന് / Photo : PARI Network, Shalini Singh

കര്‍ഷക സമരത്തെ കുറിച്ച് ഞാന്‍ എഴുതിയ മറ്റു ലേഖനങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം ഈ സമരത്തില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തേയും അതിന്റെ  നൂതനമായ ആവിഷ്‌കാരങ്ങളേയും കുറിച്ചാണ് വിശദീകരിച്ചിട്ടുള്ളത്.  "രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പ്രഭാതഭേരി ' എന്ന് ലേഖനത്തിന് തലക്കെട്ടു നല്‍കാനുള്ള രാഷ്ട്രീയ കാരണങ്ങള്‍ ആ ലേഖനത്തിന്റെ നാലാം ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്.  അവിടെ, ഗാന്ധി പറയുന്നതുപോലെ  സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യനേടിയ പാര്‍ലമെന്ററി സ്വരാജിന്റെ പാരതന്ത്ര്യങ്ങളില്‍നിന്ന് പൂര്‍ണസ്വരാജിലേക്കുള്ള സ്വാതന്ത്ര്യ സമരത്തിന്റെ തുടര്‍ച്ച എങ്ങനെ തികച്ചും ഭിന്നമായിരിക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.  ഒന്നാം സ്വാതന്ത്ര്യസമരം പാര്‍ലമെന്ററി  സ്വരാജിലൂടെ അധികാരം ഏറ്റെടുക്കുന്നതിന്  ഇന്ത്യന്‍ മുതലാളി വര്‍ഗ്ഗം നയിച്ച സമരമായിരുന്നു.  രണ്ടാം സ്വാതന്ത്ര്യ സമരമാകട്ടെ, ഭരണവര്‍ഗാധിപത്യത്തിനെതിരെ കീഴാള  ജനസഞ്ചയം നയിക്കുന്ന പൂര്‍ണസ്വരാജിലേക്കുള്ള  സമരമാണ്. അതുകൊണ്ടുതന്നെ  ആ സമരം നൂതനവും ഭിന്നവുമായിരിക്കാതെ വയ്യ. ഇവിടെ സ്വാതന്ത്ര്യസമരം ആവര്‍ത്തിക്കുകയാണ്, തികച്ചും ഭിന്നവും നൂതനവുമായി. ഈ  വാദമുഖത്തെ ലേഖനത്തിന്റെ  തലക്കെട്ട് മാത്രം  വായിച്ച്   പാടെ അടച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍  കര്‍ഷക സമരത്തിന്റെ പുതിയ രാഷ്ട്രീയത്തെയല്ല  മറിച്ച് അതിന്റെ ശത്രുക്കളെയാകും സഹായിക്കുക. 

ബി. രാജീവന്‍
തിരുവനന്തപുരം


devadas vm
ദേവദാസ് വി.എം.

റെക്കാലത്തിനുശേഷം, അല്ല ആദ്യമായി, ഒരു മലയാളം കഥ കേട്ടു

ദേവദാസിന്റെ "വെള്ളിനക്ഷത്രം' എന്ന പുതിയ കഥയുടെ ശബ്ദരേഖ (ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് ഒമ്പത്).  ഡ്രൈവ് ചെയ്യുമ്പോള്‍ കാറില്‍ മുഴങ്ങിയ ശബ്ദം പണ്ട് റേഡിയോയില്‍ കേട്ട സിനിമകളുടെ ശബ്ദരേഖകളെ  ഓര്‍മിപ്പിച്ചു. 
ലോകം എത്ര ചെറുതാണ് (ഇറ്റ്‌സ് എ സ്മാള്‍ വേള്‍ഡ്)  എന്നൊരു പ്രയോഗമുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളും, സംഭവങ്ങളും, ആളുകളും തമ്മില്‍ അവിചാരിതമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന  അത്ഭുതത്തെ വിളിച്ചറിയിക്കുന്ന പ്രയോഗം. ഈ കഥയുടെ മര്‍മമായി എനിക്ക് അനുഭവപ്പെട്ടതും ഈ പ്രയോഗമാണ്. സ്‌പോയിലര്‍ ആകുമെന്നതുകൊണ്ട്  സര്‍പ്രൈസ് എലമെന്റ് വെളിപ്പെടുത്തുന്നില്ല. നിങ്ങളും കേട്ടറിയുക. ഗംഭീരമായ ഈ കഥ നല്‍കിയ ദേവന് നന്ദി.
സുരേഷ്‌കുമാര്‍
ഫേസ്ബുക്ക് പോസ്റ്റ്


കഥപറച്ചിലിലെ വെള്ളിനക്ഷത്രം

മാനമൊട്ടാകെ ഇനിയുമിനിയും നക്ഷത്രങ്ങള്‍ നിറഞ്ഞു നില്‍ക്കണതെങ്ങനെയാണ്? പൊന്‍കുഞ്ഞ് കേള്‍വിക്കാരിയുടെ മൗനം തുടര്‍ന്നപ്പോള്‍ തള്ളക്കാക്ക തനിയെ ഉത്തരം പറഞ്ഞു. 
"ഈ മനുഷ്യര്... നന്നായും കെട്ടുമൊക്കെയിങ്ങനെ പിന്നെയും പിന്നെയും പലമാതിരി ചത്തും ജീവിച്ചുമൊക്കെ കഥകളുണ്ടാക്കി ആകാശമെമ്പാടും തെളിച്ചങ്ങള്‍ നിറയ്ക്കുന്നതുകൊണ്ട്... "വെള്ളിനക്ഷത്രം'... ദേവദാസിന്റെ കഥപറച്ചിലിലെ പുതുമകള്‍ തുടരുന്നു. അഭിനന്ദനങ്ങള്‍.

ഷാജി ജോസഫ്
ഫേസ്ബുക്ക് പോസ്റ്റ്

​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media


​​​​​​​