Saturday, 23 October 2021

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പത്തില്‍ ആരംഭിച്ച അരുൺ പ്രസാദിന്റെ '3AM' എന്ന നോവലിന് ശ്രീജിത്ത് പി.എസിന്റെ ചിത്രീകരണം.
Text Formatted

ആ തലക്കെട്ട് അന്വര്‍ഥമാക്കുന്നു കോണ്‍ഗ്രസ് 

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ച് വെബ്സീന്‍ പാക്കറ്റ് പത്തില്‍ കെ.പി. സേതുനാഥും എന്‍.കെ. ഭൂപേഷും എഴുതിയ വിശകലനങ്ങള്‍, ആ പാര്‍ട്ടി ഇന്നെത്തിനില്‍ക്കുന്ന പരിണാമഗതികളെ കൃത്യമായി രേഖപ്പെടുത്തുന്നു. ഈ ലേഖനങ്ങള്‍ വായിച്ചുകൊണ്ടിരുന്ന സമയത്തുതന്നെയാണ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ തുടങ്ങിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്താന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട "ജനകീയപ്രശ്നം' ശബരിമലയിലെ ആചാര സംരക്ഷണമാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.

മാത്രമല്ല, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍, ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം തടവുലഭിക്കുന്ന നിയമം പാസാക്കുമെന്നും "ഉറപ്പു'നല്‍കുന്നു. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമത്രേ. തന്ത്രി പരമാധികാരിയാകുമ്പോള്‍, നിയമലംഘനത്തിനുള്ള ശിക്ഷ, തിളച്ച എണ്ണയില്‍ കൈമുക്കലോ മുക്കാലിയില്‍ കെട്ടി അടിക്കലോ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തലോ ഒക്കെയാകാം. 

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് ഒമ്പതിന്റെ കവർ
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് പത്തിന്‍റെ കവർ

"ബി.ജെ.പിക്കുവേണ്ടി കേരളത്തെ സജ്ജമാക്കുന്ന കോണ്‍ഗ്രസ്' എന്ന വെബ്സീന്‍ ലേഖനത്തിന്റെ തലക്കെട്ടിനെ അന്വര്‍ഥമാക്കുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടാകുക എന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. കേരളത്തില്‍ യു.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ നിലപാടുകളുടെ കാര്യത്തില്‍ വലിയ അന്തരമില്ലെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്.

ബി.ജെ.പിക്ക് നഷ്ടമായതും കോണ്‍ഗ്രസ് നേടിയതുമായ ആ "സുവര്‍ണാവസര'ത്തിലാണ് ഇത്തവണ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും കണ്ണ്. ഇടതുപക്ഷവുമായി ഇഷ്യൂ ബേസ്ഡ് ആയ ഒരു മല്‍സരം സാധ്യമല്ലെന്ന തിരിച്ചറിവിലായിരിക്കാം, ശബരിമല പോലെ, ബി.ജെ.പി വര്‍ഗീയവല്‍ക്കരിച്ചുകഴിഞ്ഞ ഒരു വിഷയത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്. ഇത്, അന്തിമമായി കോണ്‍ഗ്രസിനല്ല, ബി.ജെ.പിക്കുതന്നെയാണ് ഗുണം ചെയ്യുക എന്ന് മനസ്സിലാക്കാന്‍ ശേഷിയുള്ള ഒരു നേതാവുപോലും കോണ്‍ഗ്രസില്‍ ഇല്ലാതെ പോയി. മാത്രമല്ല, ഉമ്മന്‍ചാണ്ടിയെ സംസ്ഥാന കോണ്‍ഗ്രസിലെ "ജനകീയ' നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്.

വാര്‍ഡുതലത്തിലെ വരെ പ്രവര്‍ത്തകരെ പേരെടുത്തുവിളിക്കാന്‍ കഴിയുന്ന നേതാവ് എന്നൊക്കെ. ഇങ്ങനെയൊരു ജനകീയതയുടെ പ്രതീകമായാണോ ഉമ്മന്‍ചാണ്ടി ഇന്ന് നേതൃത്വത്തിലെത്തിയിരിക്കുന്നത്. അല്ലെന്ന് ആര്‍ക്കും അറിയാം. ക്രിസ്ത്യന്‍ സഭകള്‍, എന്‍.എസ്.എസിനെപ്പോലെയുള്ള മധ്യ- സവര്‍ണ വര്‍ഗ വിഭാഗങ്ങള്‍, മാണി ഗ്രൂപ്പിന്റെ നഷ്ടം മൂലമുണ്ടായ മധ്യതിരുവിതാംകൂറിലെ വോട്ടുബാങ്ക് എന്നിവയെ തികച്ചും വര്‍ഗീയാടിസ്ഥാനത്തില്‍ ധ്രുവീകരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിന് ചെയ്യാനുള്ളത്. കേരളത്തിന്റെ ഭാവി രാഷ്ട്രീയം കണക്കിലെടുത്താല്‍, ബി.ജെ.പി പൂവിട്ട് പൂജിക്കേണ്ട ഒരു നേതാവായിരിക്കും ഉമ്മന്‍ചാണ്ടി.

സൗമ്യ സി.രഞ്ജന്‍
പാറ്റൂര്‍, തിരുവനന്തപുരം


പുതിയ നോവലുകളേ, ഹാ, കഷ്ടം! 

വെബ്സീന്‍ പാക്കറ്റ് പത്തില്‍ തുടങ്ങിയ അരുണ്‍പ്രസാദിന്റെ നോവല്‍ 3 am തുടക്കം ഗംഭീരം. ഏറ്റവും പുതിയ കാലത്തിന്റെ സങ്കീര്‍ണത, ആ ജീവിതം, വെറും കഥാപാത്രങ്ങളായി മാറുന്ന മനുഷ്യരും പ്രകൃതിയും, ജീവിതത്തിന്റെ മരവിപ്പുകള്‍ തുടങ്ങിയ വലിയ ഒരു കാന്‍വാസിന്റെ പ്രാരംഭമായി തോന്നുന്ന ആമുഖം. പുതിയ എഴുത്തുകാര്‍, എഴുത്തിനെ സമീപിക്കുന്ന രീതിയിലും സമീപനത്തിലുമുള്ള വലിയ ബ്രേക്കും അരുണ്‍പ്രസാദ് അനുഭവിപ്പിക്കുന്നുണ്ട്. മലയാളത്തില്‍, നോവലിന്റെ ഭാഷയും സങ്കേതവും ഉള്ളടക്കവുമെല്ലാം ഭയങ്കരമായ അട്ടിമറികള്‍ക്ക് വിധേയമായി എന്നൊന്നും പറയാനാകില്ല, മാത്രമല്ല, ഇന്നും എം.ടിയും പൊറ്റെക്കാട്ടുമെല്ലാം ബെസ്റ്റ്സെല്ലര്‍മാരായി തുടരുന്ന മലയാള നോവലിന്റെ വായനയും പഴഞ്ചന്‍ ഭാവുകത്വത്തോട് ഒട്ടിനില്‍ക്കുകയാണ്.

അരുൺ പ്രസാദ്​
അരുൺ പ്രസാദ്​

അതിനെ കീറിമുറിച്ച് മുന്നോട്ടുപോകാനുള്ള ശേഷി പ്രകടിപ്പിക്കുന്ന നോവലിസ്റ്റുകള്‍ ഏറ്റവും പുതിയ തലമുറയില്‍ കുറവാണ്, അല്ലെങ്കില്‍ അത്തരം കൃതികള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അനുഭവം. നിലവാരം കുറഞ്ഞതും വെറും സാധാരണമായതുമായ നോവലുകള്‍ക്ക് കിട്ടുന്ന "ലൈക്കു'കള്‍ വച്ചുകൊണ്ട് ഒരു ഗംഭീരപ്രതീതി സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയ വൃന്ദങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രകീര്‍ത്തിക്കപ്പെട്ട, എഡിനഷനുകളിലേക്ക് പറപറക്കുന്ന, അവാര്‍ഡുകളാല്‍ പുരസ്‌കൃതമായ എത്ര മലയാള നോവലുകള്‍, ഭാവിയുടെ വായനയെ ഉള്‍ക്കൊള്ളുന്നു എന്നു ചോദിച്ചാല്‍ നിരാശയായിരിക്കും ഫലം. അരുണ്‍പ്രസാദിനെപ്പോലുള്ളവര്‍ക്ക് ഈ കൂപമണ്ഡൂകരചനാവൃത്തത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്‍. ലസിത
കാലടി, എറണാകുളം


നാട് അന്യമാവുമ്പോള്‍ പ്രവാസി എഴുതുന്നത്

ലയാളത്തിനുപുറത്തുള്ള ഭാഷകളിലെ സാഹിത്യം പരിചയപ്പെടുത്താനുള്ള വെബ്സീനിന്റെ ശ്രമം ശ്ലാഘനീയമാണ്. കന്നട എഴുത്തുകാരന്‍ കനകരാജ് ബാലസുബ്രഹ്‌മണ്യവുമായി എ.കെ. റിയാസ് മുഹമ്മദ് നടത്തിയ അഭിമുഖവും അദ്ദേഹത്തിന്റെ ഇരുള്‍ വിടരും മുമ്പ് എന്ന കഥയും നല്ലൊരു വായനാനുഭവമായി. വിദേശത്തുനിന്ന്, ഏഴുവര്‍ഷങ്ങള്‍ക്കുശേഷം, ഒരു ആഗസ്റ്റ് 14ന് അര്‍ധരാത്രിയിലെ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്ന യുവാവിന് വൃഷണം നഷ്ടമാകുന്ന കഥ, ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തെക്കുറിച്ചുള്ള ഏറ്റവും പ്രതീകാത്മകമായ ഒരു ആഖ്യാനമാണ്.

കനകരാജ് ബാലസുബ്രഹ്മണ്യം
കനകരാജ് ബാലസുബ്രഹ്മണ്യം

പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലിനെയും സന്ദിഗ്തകളെക്കാളുമേറെ, ഇന്ത്യ എന്ന സ്വന്തം നാട്ടില്‍ അയാള്‍ക്ക് നഷ്ടമാകുന്ന സ്വത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അയാള്‍ക്കുമേലുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ യാഥാര്‍ഥ്യങ്ങളാണ് ഈ വൃഷണ നഷ്ടത്തിലൂടെ വായിച്ചെടുക്കാനാകുക. ""നിയോ കാപ്പിറ്റലിസ്റ്റുകളുടെ അഭിവൃദ്ധിക്ക് രാജ്യത്തെത്തന്നെ അടിമകളാക്കുന്ന തീവ്ര വലതുപക്ഷക്കാര്‍ തങ്ങളെ സ്വയം ദേശഭക്തരെന്ന് വിളിക്കുന്നത് ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും നമ്മുടെ കാലത്തെ ഒരു ദുരന്തനാടകം ക്ലൈമാക്‌സിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതിനെ ഉത്കണ്ഠയോടെ കാണേണ്ട വിഷയമാണ്'' എന്ന് കനകരാജ് അഭിമുഖത്തില്‍ സൂചിപ്പിക്കുന്നതിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരം കൂടിയായി ഈ കഥയെ വായിക്കാം. കല ഒരു Subversive expression ആണ്, ഭരണകൂട നിയന്ത്രണത്തിനെതിരായി നില്‍ക്കുന്ന പ്രക്ഷോഭത്തിന്റെ രൂപകമാണ് എഴുത്ത് എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ കൂടി ക്രിയാത്മകസൃഷ്ടിയാണ് ഈ കഥ. മറ്റൊരു കാര്യം, ഈ കാലഘട്ടത്തിലെ സാധാരണ പ്രവാസ എഴുത്തില്‍നിന്നുള്ള ഒരു വ്യതിചലനം കൂടിയായി കനകരാജിന്റെ എഴുത്തുജീവിതത്തെ കാണാം എന്നുതോന്നുന്നു.

12
ഇരുള്‍ വിടരും മുമ്പ് എന്ന കഥയ്ക്ക് സൂരജ കെ.എസിന്റെ ചിത്രീകരണം

വിദേശത്തായാലും നാടിനെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മകളിലാണ് മലയാളി അടക്കമുള്ള പ്രവാസികളുടെ ദൈനംദിന ജീവിതം. അതുകൊണ്ടുതന്നെ അവരുടെ രചനകളിലും ഈ ഗൃഹാതുരത്വം ചീഞ്ഞളിഞ്ഞു കിടക്കുന്നതായി കാണാം. പല മട്ടിലും സങ്കീര്‍ണവും വൈവിധ്യപൂര്‍ണമായതുമായ പ്രവാസ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയോടെ സമീപിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസി എഴുത്തുകാരുടെ എണ്ണം തു്ചഛമാണ്. പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളിലെ ഫീച്ചറുകളുടെ അത്ര നിലവാരം പോലുമില്ലാത്ത രചനകളാണേറെയും. അതുകൊണ്ടുതന്നെ, കനകരാജ് പ്രകടിപ്പിക്കുന്ന, എഴുത്തിനെക്കുറിച്ച വേറിട്ട സമീപനം ശ്രദ്ധേയമാകുന്നു. വിദേശത്ത് ജീവിച്ചുകൊണ്ട്, ആഗോളീയമായ സാഹചര്യങ്ങളെ രാഷ്ട്രീയമായി തിരിച്ചറിയുകയും സ്വന്തം നാടിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് പ്രധാനമായി തോന്നുന്നു. അതുകൊണ്ടുതന്നെ പുതിയ കാലത്തെ പ്രതിനിധീകരിക്കുന്ന ഇത്തരം എഴുത്തും എഴുത്തുനിലപാടുകളും  ഇനിയും വെബ്സീനില്‍നിന്ന് പ്രതീക്ഷിക്കുന്നു.

എം.എം.നസീര്‍
ദുബായ്


ചിന്തയെ വിക്ഷുബ്ധമാക്കുന്ന ലേഖനം

സ്വേച്ഛാധിപത്യത്തിന്റെ അത്രതന്നെ ശ്രദ്ധിക്കാതെ പോകുന്ന ഒരു ആവിഷ്‌കാരത്തെക്കുറിച്ചുള്ള ദാമോദര്‍ പ്രസാദിന്റെ ലേഖനം (രാമക്ഷേത്രം, സെന്‍ട്രല്‍ വിസ്റ്റ: സ്വേച്ഛാധിപത്യത്തിന്റെ ആര്‍ക്കിടെക്ചര്‍, പാക്കറ്റ് 10), ചിന്തയുടെ ഒരു പുതിയ തലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. രാഷ്ട്രീയം സൂക്ഷ്മമായി പിന്തുടരുന്നവരുടെ ശ്രദ്ധയില്‍പോലും പലപ്പോഴും വരാന്‍ സാധ്യതയില്ലാത്ത ഒരു വിഷയമാണ് ദാമോദര്‍പ്രസാദ് അവതരിപ്പിക്കുന്നത്. സമീപ കാലഘട്ടത്തിലെ ഓര്‍മയില്‍ പെട്ടെന്ന് തെളിഞ്ഞുവരുന്ന ഒരു സംഭവം, അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കുപ്രസിദ്ധമായ തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവമാണ്. അതും, സ്വേച്ഛാധിപത്യത്തിന്റെ ഒരുതരം നിര്‍മിതിക്കുവേണ്ടിയുള്ള നിലമൊരുക്കലായി കാണാം. ഇന്ത്യ ഒരു ജനാധിപത്യവ്യവസ്ഥയായി നിലനില്‍ക്കുന്നുവെങ്കിലും കാലങ്ങളായി, കാണാമറയത്ത് സ്വേച്ഛാധിപത്യം ഇത്തരം നിലമൊരുക്കലുകള്‍ നടത്തിവന്നതിന്റെ പരിണിതഫലങ്ങളിലൊന്നാണ് ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടം പോലും.

ദമോദര്‍പ്രസാദ് ചൂണ്ടിക്കാണിക്കുന്നതുപോലെ, എല്ലാ തരത്തിലും പെട്ട മഹാനിര്‍മിതികളെ അപ്രസക്തമാക്കുന്നതാണ് പുതിയ കാലം. ഈ കാലത്തിന് അനുയോജ്യം വികേന്ദ്രീകൃതവും എന്തിന്, വിസിബിള്‍ അല്ലാത്ത, വെര്‍ച്വലായ വിഭവങ്ങളും നിര്‍മാണങ്ങളുമാണ്. മനുഷ്യാധ്വാനത്തിന്റെ മാത്രമല്ല, പ്രകൃതിയിലെ സ്പെയ്സിന്റെയും ഭൂവിനിയോഗത്തിന്റെയുമൊക്കെ പുരോഗമനപരമായ കാല്‍വെപ്പ് ഇത്തരം നിര്‍മിതികളിലാണ് നിലനില്‍ക്കുന്നത്. എന്നാല്‍, ഹിസാത്മക ദേശീയതയുടെ സ്ഥാപനത്തിന് സംഘ്പരിവാര്‍ രൂപം കൊടുത്ത പദ്ധതികള്‍ നോക്കൂ. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി എന്നാണ് പേര്.

 സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ
ഗുജറാത്തിലെ നര്‍മദയില്‍ പണിത സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ

ഈ ഐക്യത്തില്‍ ഇന്ത്യയിലെ ഏതെല്ലാം വിഭാഗക്കാരാണ് ഉണ്ടാകുക എന്ന് അവര്‍ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടല്ലോ. 'സ്റ്റാച്യു ഓഫ് യൂണിറ്റി' നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരിടമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്നത്. "ഒരു ഇന്ത്യന്‍ എന്ന നിലക്കും ഗുജറാത്തി എന്ന നിലക്കും അഭിമാനം തോന്നിയ നിമിഷം' എന്ന് ഈയിടെ ഈ പ്രതിമ സന്ദര്‍ശിച്ച വ്യവസായി ഗൗതം അദാനി പറഞ്ഞു. ഇതെല്ലാം പുതിയൊരു നേതൃനിര്‍മിതിയുടെയും വ്യവസ്ഥാ നിര്‍മിതിയുടെയും ആടയാഭരണങ്ങളാണെന്ന് നാം തിരിച്ചറിഞ്ഞില്ലെങ്കില്‍, ജനാധിപത്യം രാവണന്‍കോട്ടയില്‍ ദിശ തെറ്റിയലയുന്ന ഒരു കാണാസാന്നിധ്യം മാത്രമായി ഒതുങ്ങും.

ജെന്നിഫര്‍ കെ.മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.


മജീദ് കൊച്ചാപ്പമാര്‍ ഇനിയുമുണ്ട്

ഫീഖ് മുസ്തഫ എഴുതുന്ന ഗള്‍ഫ് ഓര്‍മക്കുറിപ്പുകള്‍, സാധാരണക്കാരായ പ്രവാസികളുടെ ഹൃദയം തൊടുന്നതാണ്. തികച്ചും ഗ്രാമീണനായ ഒരു മലയാളി ഗള്‍ഫിലെത്തുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന സാധാരണത്വങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെങ്കിലും, അത് ജീവിതത്തിന്റെ ചില അടിസ്ഥാനങ്ങളിലേക്ക് ചെന്നെത്തുന്നുണ്ട്. അതിലൊന്നാണ് പാക്കറ്റ് പത്തില്‍, മജീദ് കൊച്ചാപ്പ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍. ഇവിടെ, നാടും നാട്ടുകാരുമായി ഇടപഴകിയും പുറംലോകവുമായി ബന്ധപ്പെട്ടും ജീവിച്ച ഒരാള്‍ പണിയെടുക്കാനും പണമുണ്ടാക്കാനും മാത്രമുള്ള വെറും യന്ത്രമായി മാറിപ്പോകുന്നതിലുള്ള സംഘര്‍ഷം കൂടിയാണ് അദ്ദേഹം അനുഭവിക്കുന്നത്.

ഷഫീഖ് മുസ്തഫ
ഷഫീഖ് മുസ്തഫ

ഞാന്‍ എട്ടുവര്‍ഷം വെറും തുച്ഛമായ ശമ്പളത്തിന് ഒരു ഗള്‍ഫ് രാജ്യത്ത് പണിയെടുത്ത ആളാണ്. പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി ചെയ്യുന്ന എന്തോ ഒരുതരം ജീവിയായിട്ടായിരുന്നു ഇക്കാലത്തെ ജീവിതം. നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഷ്ടപ്പെട്ടുണ്ടാക്കിയ വായനശാലയായിരുന്നു ഞങ്ങളുടെ അഭയസ്ഥാനം. അവിടേക്ക് പുസ്തകം സംഘടിപ്പിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങിയതും അന്നത്തെ നാട്ടുകാരുടെ പ്രതികരണങ്ങളടങ്ങിയ അനുഭവക്കുറിപ്പുകള്‍ ഡയറിയില്‍ എഴുതിവച്ചതുമൊക്കെയായിരുന്നു ഗള്‍ഫിലെ എന്റെ വിലപ്പെട്ട സമ്പാദ്യം.

എട്ടുവര്‍ഷം അവിടെ ജീവിച്ചിട്ടും ഒരു തരി പോലും എനിക്ക് ഗള്‍ഫുകാരനാകാന്‍ കഴിഞ്ഞില്ല. എട്ടുവര്‍ഷം മുമ്പ് നിലച്ച ശ്വാസം ഇവിടെ, കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് ഒന്നു നേരേ വീണത്. അത്തരം പിടച്ചിലുകള്‍ ഷഫീഖിന്റെ കുറിപ്പുകളില്‍നിന്ന് വായിച്ചെടുക്കാനാകുന്നുണ്ട്.

മുസ്തഫ അരീക്കല്‍
ചേളാരി, മലപ്പുറം


മുഹമ്മദ് അബ്ബാസാണ് ശരിക്കും മലയാളി

വെബ്സീനില്‍ (പാക്കറ്റ് പത്ത്) നൗഫല്‍ എന്‍ എഴുതിയ, മുഹമ്മദ് അബ്ബാസിനെക്കുറിച്ചുള്ള ലേഖനം എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒന്നാണ്. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു തമിഴ്നാട്ടുകാരനാണ് മലയാളത്തിലെ എണ്ണം പറഞ്ഞ പുസ്തകങ്ങളെക്കുറിച്ച് ഇത്ര ഗൗരവത്തോടെ എഴുതുന്നത് എന്നത് അമ്പരപ്പിക്കുന്നതും അഭിമാനമുണ്ടാക്കുന്നതുമാണ്.

മുഹമ്മദ് അബ്ബാസ്
മുഹമ്മദ് അബ്ബാസ്

വിദ്യാഭ്യാസമോ പദവിയോ മറ്റേതെങ്കിലും സാമൂഹികമായ സാഹചര്യങ്ങളോ അല്ല ഒരു മനുഷ്യന്റെ സര്‍ഗജീവിതത്തെ നിര്‍ണയിക്കുന്നത് എന്ന് ഈ സാധാരണ മനുഷ്യന്‍ തെളിയിക്കുന്നു. വായിക്കുക മാത്രമല്ല, അതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുക കൂടി ചെയ്യുമ്പോള്‍, അബ്ബാസ് വായനയെ സാമൂഹികമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, അദ്ദേഹം വായിക്കാന്‍ തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍, ഇരുന്ന് വായിച്ച ഇടങ്ങള്‍, വായിച്ചുകൊണ്ട് അദ്ദേഹം നടന്നുതീര്‍ത്ത കഠിനജീവിതം ഇതെല്ലാം, അബ്ബാസിന്റെ വായനയെ, ഏതൊരു വായനക്കും വായനക്കാരനും മുമ്പേ നടത്തുന്നു.

ജലജ എസ്.ജെ.
പുനെ, മഹാരാഷ്ട്ര 


വെബ്സീനിലെ ജീവിതാഖ്യാനങ്ങളെക്കുറിച്ച്

വെബ്സീനില്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത്, വ്യത്യസ്തങ്ങളായ ജീവിതസാന്നിധ്യങ്ങളാണ്. ഡോ.എ.കെ. ജയശ്രീ, ശോഭീന്ദ്രന്‍ മാഷ്, എന്‍. പ്രഭാകരന്‍, പ്രഭ പിള്ള എന്നിവരുടെ ജീവിതക്കുറിപ്പുകള്‍ എന്തുമാത്രം വ്യത്യസ്തമാര്‍ന്ന അനുഭവലോകങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. മലയാളത്തിലെ രണ്ട് വലിയ എഴുത്തുകാരായ വി.കെ.എന്നിന്റെയും എം.പി. നാരായണപിള്ളയുടെയും ജീവിത സമീപനങ്ങള്‍ പ്രഭ പിള്ള വിവരിക്കുന്നത് എന്തുമാത്രം പ്രസന്നതയോടെയാണ്! ജീവിതത്തെ ഇവരെല്ലാം എത്ര സരസവും ലളിതവുമായാണ് സമീപിക്കുന്നത്. ഏതു പ്രതിസന്ധികളെയും നിസ്സാരമാക്കുന്ന ഒരുതരം സരളതയെക്കുറിച്ചാണ് പ്രഭ പിള്ള പറയാതെ പറയുന്നത്.

അതുപോലെ, തന്റെ സഹോദരന്റെ ആത്മഹത്യയെക്കുറിച്ചുള്ള എന്‍. പ്രഭാകരന്റെ കുറിപ്പ് കണ്ണുനനയിച്ചു. ഈ ആത്മകഥ തന്നെ എഴുതുന്നത് ആ സഹോദരനുവേണ്ടിയാണെന്ന അദ്ദേഹത്തിന്റെ സ്നേഹം, ആ വേര്‍പാടുണ്ടാക്കിയ ശൂന്യത, വര്‍ഷങ്ങള്‍ക്കുശേഷവും അതിന്റെ വേട്ടയാടല്‍ എന്നിവയെല്ലാം, വായിച്ചറിഞ്ഞ പ്രഭാകരന്‍ മാഷില്‍നിന്ന് വ്യത്യസ്തനായ ഒരു വ്യക്തിയെ തുറന്നുകാട്ടുന്നു. വ്യക്തിയും ബന്ധങ്ങളും തമ്മിലുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. അത് പലപ്പോഴും നമ്മെ നിസ്സഹായരാക്കുന്നു, വിചാരണക്കൂട്ടിലാക്കുന്നു, ആത്മനിന്ദയിലേക്ക് തള്ളിയിടുന്നു. ഒരു സാധാരണ മനുഷ്യനെ ഇത്രമേല്‍ ആഴത്തില്‍ വ്യാഖ്യാനിക്കുന്ന ഒരു ആത്മകഥ വായിച്ചതായി ഓര്‍ത്തെടുക്കാനാകുന്നില്ല.

ഡോ. ജയശ്രീയുടെ ആത്മകഥ മറ്റൊരുലോകത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ജീവിച്ചിരിക്കുന്ന കാലഘട്ടത്തോട് യോജിച്ചും വിയോജിച്ചും സൗമ്യമായി പൊരുതിയും മുന്നേറുന്ന വിവേകിയായ ഒരു വ്യക്തിയെ ഈ ആത്മകഥയില്‍ കാണാം. അവര്‍ കടന്നുപോകുന്ന വഴികളിലെ സാമൂഹികമായതും രാഷ്ട്രീയവുമായ എല്ലാ തുടിപ്പുകളും ശ്വാസോച്ഛ്വാസം പോലെ അത്രയും സ്വഭാവികമായാണ് അവര്‍ എഴുതുന്നത്.

അജോയ് കുമാര്‍
​​​​​​​തൃപ്പൂണിത്തുറ,എറണാകുളം

​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media


​​​​​​​

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM