Thursday, 24 November 2022

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിനൊന്നില്‍ വിനോയ് തോമസ് എഴുതിയ കളിബാധ എന്ന കഥയ്ക്ക് കെ.പി. മുരളീധരന്റെ ചിത്രീകരണം
Text Formatted

കര്‍ഷക സമരം സമഗ്രമായി വെബ്സീനില്‍ 

ര്‍ഷക സമരത്തിന്റെ ഉള്ളടക്കത്തെയും അതിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും ഇത്ര സൂക്ഷ്മമായി പിന്തുടരുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണം വെബ്സീനിനെപ്പോലെ മലയാളത്തില്‍ ഇല്ല എന്നുതന്നെ പറയാം. ഇതുസംബന്ധിച്ച് വെബ്സീന്‍ ഇതിനകം പ്രസിദ്ധീകരിച്ച ലേഖനങ്ങളും പഠനങ്ങളും അഭിമുഖങ്ങളുമെല്ലാം, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു മാത്രമല്ല, ഇന്ത്യന്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും പുതിയ പ്രശ്നങ്ങളെ തുറന്നുകാട്ടുന്നതാണ്. കര്‍ഷക പ്രക്ഷോഭത്തിന്റെ പാശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളുടെ വിപുലമായ ഒരു വായന സാധ്യമാക്കുന്നതിന് വെബ്സീനിന് അഭിനന്ദനങ്ങള്‍. പാക്കറ്റ് 11ല്‍ പ്രസിദ്ധീകരിച്ച ഡോ. സുനിലം, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ എടുത്തു പറയേണ്ടതാണ്.

ഇന്ത്യന്‍ കര്‍ഷക മുന്നേറ്റങ്ങളിലെയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെയും പ്രധാന പേരുകളിലൊന്നാണ് ഡോ. സുനിലം. കേന്ദ്ര സര്‍ക്കാറിനും അത് പ്രതിനിധീകരിക്കുന്ന സമഗ്രാധിപത്യത്തിനും എതിരെ ജനാധിപത്യത്തിന്റേതായ ഒരു പ്രതിപക്ഷം സമരം ചെയ്യുന്ന കര്‍ഷകരിലൂടെ ഉയര്‍ന്നുവരുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം, വിശാലാര്‍ഥത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്.

eassays
വെങ്കിടേഷ് രാമകൃഷ്ണന്‍, ഡോ. സുനിലം

കാരണം, ബി.ജെ.പിക്കും സംഘ്പരിവാറിനും എതിരെ കൃത്യമായ പ്രത്യയശാസ്ത്രാടിത്തറയുള്ള ഒരു രാഷ്ട്രീയസഖ്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. അവശേഷിക്കുന്ന പ്രതീക്ഷയായ കോണ്‍ഗ്രസിന് ഈ വെല്ലുവിളി സമീപകാലത്തൊന്നും ഏറ്റെടുക്കാനും കഴിയില്ല. അപ്പോള്‍, അവശേഷിക്കുന്ന വഴി, ഇത്തരം സമരപാതകളിലൂടെ ശക്തിപ്പെട്ടുവരുന്ന ജനാധിപത്യത്തിന്റെയും വികേന്ദ്രീകൃതമായ നേതൃത്വങ്ങളുടെയും മുന്നേറ്റങ്ങളാണ്, അവ ഉയര്‍ത്തുന്ന അടിസ്ഥാനവര്‍ഗ പ്രശ്നങ്ങളുടെ പേശീബലമുള്ള പരിപാടികളാണ്. ഇത്തരം മൂവ്മെന്റുകളാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ. തെണ്ണൂറുകളുടെ ആദ്യം മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നീക്കം നടന്നപ്പോള്‍, ജാതീയമായി സമൂഹത്തെ വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ചത് അടിസ്ഥാന വര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്ന നേതൃത്വങ്ങളും സംസ്ഥാന തല രാഷ്ട്രീയ പാര്‍ട്ടികളുമാണ്.

dd.jpg
വെബ്സീന്‍ പാക്കറ്റ് പതിനൊന്നിന്റെ കവർ

അവ പിന്നീട് അധികാര രാഷ്ട്രീയത്തിന്റെ ചതിക്കുഴികളില്‍ അകപ്പെട്ടുവെങ്കിലും അതൊരു സാധ്യത തുറന്നിടുക തന്നെ ചെയ്തു. അന്നത്തേതിലും പരിപാകമായ ഒരു സാഹചര്യവും സാധ്യതയുമാണ് ഇന്നത്തെ കര്‍ഷക പ്രക്ഷോഭം തുറന്നിടുന്നത് എന്ന് ഡോ. സുനിലവുമായുള്ള സംഭാഷണം വ്യക്തമാക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഹാപഞ്ചായത്തുകളിലേക്ക് ഒഴുകിയെത്തുന്ന കര്‍ഷകരും അല്ലാത്തവരുമായ ഗ്രാമീണരുടെ ആവേശവും പങ്കാളിത്തവും ശുഭസൂചന തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല എന്നു വരാം, എന്നാല്‍, നീറിനീറിക്കഴിഞ്ഞ് അതിനൊരു സ്ഫോടനത്തിന്റെ തലത്തിലേക്കുയരാനുള്ള ശേഷിയുണ്ടെന്നത് ഇപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയുന്ന കാര്യമാണ്.
സി.കെ.ആനന്ദ്
കുന്നുകുഴി, തിരുവനന്തപുരം


കര്‍ഷക സമരത്തിന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് ആശങ്കയോടെ

പാക്കറ്റ് 11ല്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള അഭിമുഖം, സമരമുഖത്തെ മാത്രമല്ല, അണിയറകളിലെ കൂടി വിവരങ്ങളാല്‍ സമ്പന്നമായി. എന്തുകൊണ്ടാണ് തുടക്കത്തിലെ ഒത്തുതീര്‍പ്പുശ്രമങ്ങളില്‍നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സമരത്തെ ബലപ്രയോഗത്തിലൂടെ തന്നെ  നേരിടുന്നത് എന്നതിന്റെ ഉത്തരം ഈ അഭിമുഖത്തിലുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ തങ്ങള്‍ക്ക് ഭാവിയില്‍ ഒരുതരത്തിലുമുള്ള സീറ്റുനഷ്ടവും ഉണ്ടാക്കാനിടയില്ലാത്ത ഒന്നായി ബി.ജെ.പി ഈ സമരത്തെ ന്യൂനീകരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ സമരത്തെ, കര്‍ഷകരുടെ പേരില്‍ നടക്കുന്ന അതിക്രമമായി അവര്‍ വരുത്തിത്തീര്‍ക്കുന്നു, അവഗണിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ അതിനായി കേന്ദ്ര ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പാക്കിയ നാടകത്തിന്റെ ഗൂഢാലോചന വെളിവായെങ്കിലും മുഖ്യധാരാ മാധ്യമങ്ങളടക്കം, പിന്നീട് കര്‍ഷക സമരത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്തത്. സമരത്തിന് ധാര്‍മികത നഷ്ടമായി എന്നും അത് ജനവിരുദ്ധമായ ദിശയിലേക്ക് പോകുന്നുവെന്നുമൊക്കെയുള്ള ഭരണകൂട ഭാഷ്യങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ കാണാം. എന്നിട്ടും ഇത്തരം വ്യാജപ്രചാരണങ്ങളെ നേരിട്ടാണ് സമരം തുടരുന്നത്.

farmers.jpg
കാർഷിക ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ നിന്ന് / Photo : Anustup Roy

ഈ സമരത്തെ രാഷ്ട്രീയമായി വിപുലപ്പെടുത്താനുള്ള സാഹചര്യം, വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നതുപോലെ തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. കാരണം, ഈ സമരത്തിന്റെ അന്തഃസ്സത്ത ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി പോലും ഇന്ന് ഇന്ത്യയിലില്ല. ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് യഥാര്‍ഥത്തില്‍, കാര്‍ഷികമേഖലയിലടക്കം കോര്‍പറേറ്റുവല്‍ക്കരണത്തിന്റെ വിത്ത് പാകിയത്.

അവര്‍ക്ക് ഇന്നും ഇന്ത്യയിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പുരോഗമനപരമായ ഒരു നിലപാടില്ല. സമരരംഗത്ത് സാന്നിധ്യമായ ഇടതുപക്ഷമോ? ബംഗാളില്‍ ഭരിക്കുമ്പോള്‍ കര്‍ഷകരോട് അവര്‍ എന്താണ് ചെയ്തത്? അത് അവരുടെ തന്നെ അടിത്തറ ഇളക്കിയില്ലേ? ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതം കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ജനകീയമായൊരു മുന്നേറ്റത്തിന്റെ സാധ്യത എവിടെയും കാണുന്നില്ല എന്ന യാഥാര്‍ഥ്യം പങ്കുവെക്കുന്നു ഈ അഭിമുഖം. 
ജയന്തി മേനോന്‍
ചന്ദ്രാപ്പുര്‍, മഹാരാഷ്ട്ര


കവിതയുടെ രാഷ്ട്രീയം 

n-gopikrishnan
പി.എന്‍. ഗോപീകൃഷ്ണന്‍

സംപൂജ്യരായ സുരേഷ്ബാബുമാരുടെ ജീവിതം എന്തുമാത്രം സാര്‍ഥകമാണ്? ശരിക്കും അവരല്ലേ വിജയികള്‍? ഹൈജംപിലും വോളിബോളിലും ചെസിലും മാത്രമല്ല, ജീവിതത്തിലും. എന്നിട്ടും സുരേഷ് ബാബുമാരെ തോല്‍പ്പിക്കുന്ന ഗുരുത്വം വിളങ്ങുന്നു. വയറ്റുപ്പിഴപ്പിന്റെ രസതന്ത്രം മാത്രമറിയുന്ന സാറന്മാര്‍ വയറ്റുപ്പിഴപ്പിനുള്ള വഴിയറിയാത്തവരെ വിധിക്കുന്നു, പുറത്താക്കുന്നു. അവര്‍ പക്ഷെ, പുറത്തും ഒരു ലോകം നിര്‍മിക്കുന്നു, അയ്യങ്കാളിയിലൂടെയും ശ്രീനാരായണഗുരുവിലൂടെയും വര്‍ഗീസിലൂടെയും എ.കെ.ജിയിലൂടെയും. കവിതയുടെ രാഷ്ട്രീയം വീണ്ടും വീണ്ടും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന പി.എന്‍. ഗോപീകൃഷ്ണന് നന്ദി. 
എം. അബ്ദുള്‍ റഷീദ്
ഷാര്‍ജ, യു.എ.ഇ


ഗ്രേസി ഞെട്ടിച്ചു 

പാക്കറ്റ് 11ല്‍ പ്രിയപ്പെട്ട എഴുത്തുകാരി ഗ്രേസിയുടെ അനുഭവക്കുറിപ്പ് വായിച്ച് ഞെട്ടിപ്പോയി. ഗ്രേസിയെപ്പോലൊരു എഴുത്തുകാരിക്കുപോലും എഴുത്തുലോകത്ത് എന്തുമാത്രം പരാധീനതകള്‍ നേരിടേണ്ടിവരുന്നു? സാധാരണ കുടുംബ പാശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോള്‍ അത്ര വലിയ ഒരു പ്രശ്നമായിട്ടൊന്നും തോന്നില്ല, ഗ്രേസിയുടെ അനുഭവം. മാത്രമല്ല, മകളുടെ കുഞ്ഞുങ്ങളുടെ മുത്തശ്ശിയായി ജീവിക്കുക എന്നത് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു ജീവിതാവസ്ഥയുമാണ് സ്ത്രീകളുടെ ജീവിതത്തില്‍. അതുകൊണ്ടുതന്നെ അതിനിണങ്ങുന്ന തരത്തിലുള്ള ന്യായങ്ങള്‍ കുടുംബങ്ങളില്‍ ഏറെയുണ്ട്.

gracy
ഗ്രേസി

ഗ്രേസി തന്നെ എഴുതുന്നതുപോലെ, യുവതിയായ ഒരമ്മയെയും രണ്ട് പൊടിക്കുഞ്ഞുങ്ങളെയും ഒറ്റക്കാക്കി ഞാന്‍ എന്റെ സര്‍ഗാത്മക ജീവിതത്തിന്റെ പുറകേ അലയുന്നത് എത്ര മനുഷ്യത്വമില്ലായ്മയായിപ്പോകും എന്ന ആത്മനിന്ദ വരെയെത്തുന്ന ബോധ്യത്തിലേക്ക് ഇത്തരം ന്യായങ്ങള്‍ സ്ത്രീകളെ കൊണ്ടുചെന്നെത്തിക്കുന്നു. എന്നാല്‍, ഈ മുത്തശ്ശിക്ക് നഷ്ടമാകുന്നത് എന്തെല്ലാമാണ് എന്ന് ആരും ചിന്തിക്കുന്നില്ല. ഒരുപക്ഷെ, ഗ്രേസി ഒരു എഴുത്തുകാരിയായതുകൊണ്ടാകാം ഈ നഷ്ടങ്ങളെ ഇത്ര തീവ്രമായി രേഖപ്പെടുത്താനാകുന്നത്. നമ്മുടെയൊക്കെ സാധാരണ കുടുംബങ്ങളിലെ എത്രയെത്ര മുത്തശ്ശിമാരുടെ നീറുന്ന വിചാരങ്ങളില്‍ ഇത്തരത്തിലുള്ള എന്തുമാത്രം നഷ്ടബോധങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുണ്ടാകും. വിവാഹശേഷമുള്ള ജീവിതമെന്നത് സ്ത്രീയെ സംബന്ധിച്ച് വലിയ സ്വാതന്ത്ര്യനഷ്ടങ്ങളുടെയും സ്വത്വനഷ്ടങ്ങളുടെതുമാണ്. അതില്‍ ഭര്‍ത്താവ് എന്നൊരു അധികാരകേന്ദ്രമാണ് എളുപ്പം തിരച്ചറിയപ്പെടുന്നത്. എന്നാല്‍, അത്രത്തോളം ശക്തമായ എത്രയോ ആധിപത്യങ്ങള്‍ സ്നേഹത്തിന്റെയും ലാളനയുടെയും വ്യാജമായ മുഖംമൂടികളിട്ട് കുടുംബത്തിലെ ഒരു സ്ത്രീക്കുചുറ്റും പാറിനടക്കുന്നു എന്നറിയുമ്പോഴുള്ള ഞെട്ടലാണ് ഗ്രേസി ഉണ്ടാക്കുന്നത്.
മുംതാസ് റിയാസ്
മസ്‌കറ്റ്, ഒമാന്‍


എതിരന്‍ കതിരവന്റെ കഥകളി 

ഥകളി എന്ന രംഗകലയുടെ അരങ്ങുഘടനയെക്കുറിച്ച് ഇത്ര വ്യത്യസ്തമായ ഒരു കാഴ്ച മുമ്പ് വായിച്ചിട്ടില്ല (എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം, പാക്കറ്റ് 11). ഒരു സംവിധായകന്‍ പോലുമില്ലാതെ ഇത്രമേല്‍ ചിട്ടയോടെ നടക്കുന്ന ഒരു രംഗാവതരണം വേറെയില്ലെന്നു പറയാം. എന്നാല്‍, സാധാരണ കാഴ്ചയില്‍ മേളക്കാരും പാട്ടുകാരും വേഷക്കാരുമെല്ലാം, അതത് ഇഷ്ടപ്രകാരങ്ങളുടെ പുറകെ പോകുകയാണ് പതിവ്. ഇന്നയാള്‍ പാടാനുണ്ടെങ്കില്‍ ഞാന്‍ വേഷം ശ്രദ്ധിക്കാറില്ല, ഇന്നയാള്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പാട്ട് കേള്‍ക്കാന്‍ പറ്റാറില്ല എന്നൊക്കെ സാധാരണ കളിക്കമ്പക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍, കൊട്ടും പാട്ടും അഭിനയവും ഒരേചരടില്‍ കോര്‍ത്ത ഒരു ഘടനയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് എതിരന്‍ കതിരവന്‍. അരങ്ങില്‍ കത്തിച്ചുവെന്ന ഒരു നിലവിളക്കും തീരശ്ശീലയുടെ ചലനങ്ങളുമെല്ലാം അരങ്ങിന്റെ കാഴ്ചയിലും ആസ്വാദനത്തിലും എങ്ങനെ കണ്ണികളാകുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ethiravan.jpg
എതിരൻ കതിരവൻ

അരങ്ങിലെ ഇടങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ഇതോടൊപ്പം, അരങ്ങിനുപുറത്തേക്കുകൂടി വിപുലപ്പെടുന്നതാണ് കഥകളി എന്നും ഓര്‍ക്കാം. അതായത്, കാണികള്‍ക്കിടയിലൂടെയും വേഷങ്ങള്‍ സഞ്ചരിക്കുകയും ചിലപ്പോള്‍ കാണികള്‍ തന്നെ അരങ്ങില്‍ നിറയുകയും ചെയ്യുന്ന പലതരം സഞ്ചാരങ്ങള്‍ കഥകളിയില്‍ കാണാം. നിയതമായ അരങ്ങുഘടനയെ ലംഘിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കഥകളിയില്‍ കാണാം. കുചേലവൃത്തത്തില്‍ കുചേല- കൃഷ്ണ സമാഗമത്തിനുമുമ്പുള്ള അവതരണം, ശ്രീരാമപട്ടാഭിഷേകത്തിലെ അവസാന ഭാഗങ്ങള്‍ തുടങ്ങിയവ അരങ്ങിന്റെ നാലതിരുകളെ പ്രപഞ്ചത്തിന്റെ അനന്തമായ അതിരുകളിലേക്ക് വികസിപ്പിക്കുന്നവയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, ലൗകിക ലോകത്തിലെ സമയവും ദൂരവും ഇടവും തമ്മിലുള്ള വിനിമയങ്ങള്‍ എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുക എന്ന കൗതുകം കൂടി ഈ വായന മുന്നോട്ടുവെക്കുന്നു. 
എന്‍.എസ്. ജീവന്‍
ചേര്‍ത്തല, ആലപ്പുഴ


'പുതുമ'യില്ലാത്ത പാക്കറ്റ്

പെണ്‍ജീവിതങ്ങളുടെ പൊള്ളിക്കുന്ന കഥകളുമായെത്തിയ ട്രൂ കോപ്പി വെബ്സീന്‍ (പാക്കറ്റ് 9)  ഒട്ടും "പുതുമ'യില്ലാത്തതായിരുന്നു. കാരണം ആ പെണ്‍ജീവിതങ്ങളത്രയും നിത്യേന കാണുന്നതും, അറിയുന്നതും അനുഭവിക്കുന്നതും ആണ്. ആണ്‍പ്രിവിലേജിന്റെ സകല സുഖങ്ങളും സൗജന്യങ്ങളും അനുഭവിച്ച് ധാരാളം പുരുഷന്മാര്‍ പലതരത്തില്‍ സ്ത്രീജീവിതങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട്. സീതയുടെ സഹനവും, പാഞ്ചാലിയുടെ ത്യാഗവും തുടങ്ങി നിര്‍ഭയ, ജിഷ, വാളയാര്‍ പെണ്‍കുട്ടികള്‍ കടന്ന് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ എത്തിനില്‍ക്കുന്ന പെണ്‍ജീവിതചര്‍ച്ചകള്‍. 

സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കാനും ആണുങ്ങളെ അടുക്കളയിലേക്ക് "ആകര്‍ഷിക്കാനും'  സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടി പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തമിഴ്നാട്ടില്‍, കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതിമയ്യം പ്രകടനപത്രികയില്‍ വീട്ടമ്മമ്മാര്‍ക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലിക്കും പുരുഷന്‍ ചെയ്യുന്ന ഓഫീസ് ജോലിക്കും ഒരേ മൂല്യമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതും ഈയടുത്താണ്.  

വീട്ടുജോലിയുടെ മൂല്യനിര്‍ണയ- മഹത്വവല്‍ക്കരണത്തെക്കുറിച്ച് ഉപരിപ്ലവമായി നടക്കുന്ന ചര്‍ച്ചകള്‍ക്കിടയിലേക്കാണ് അടുക്കളയിലേയും കിടപ്പറയിലേയും ആവര്‍ത്തന കാഴ്ചകളുടെ തീവ്രാവിഷ്‌കാരവുമായി ജിയോബേബി എന്ന സംവിധായകന്‍  ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന  സിനിമയുമായെത്തുന്നത്. പേരുതന്നെ പൊള്ളിക്കുന്നതാണ്. സ്ത്രീകളുടെ ത്യാഗത്തിനും, സ്നേഹത്തിനും, സഹനത്തിനും വാഴ്ത്തുപാട്ട് പാടുന്ന ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടതിങ്ങനെയാണ്: "പുരുഷന്മാരെ വീട്ടുതമ്പ്രാക്കളും വിത്തുകാളകളായും  സ്ത്രീകളെ അടുക്കള ചക്കികളും, പേറ്റുമൃഗങ്ങളായും മാറ്റിയാണ് ഭാരതീയ സംസ്‌കാരം നിലകൊള്ളുന്നത്.'  

അടുക്കള ആണിനൊരു സാധ്യതയും പെണ്ണിനൊരു ബാധ്യതയും ആയിരിക്കുന്നിടത്തോളം വീട്ടുവേലക്ക് കൂലി നല്‍കിയതുകൊണ്ടോ, അടുക്കള സ്മാര്‍ട്ടാക്കിയതുകൊണ്ടോ അസമത്വത്തിന്റെ അടിവേരുകള്‍ പിഴുതെറിയപ്പെടില്ല. സ്ത്രീകളെ ഗാര്‍ഹികവത്കരിക്കാന്‍ (Domesticate) നൂറ്റാണ്ടുകളായി പ്രധാനമായും രണ്ട്  സ്ട്രാറ്റജികളാണ് പിന്തുടരുന്നത്. ഒന്ന്, മഹത്വവല്‍ക്കരിച്ച് മൂലക്കിരുത്തുക- വളയിട്ട കൈകളെ പ്രകീര്‍ത്തിച്ചും പെണ്ണുള്ള വീടിന്റെ ഐശ്വര്യത്തെ പ്രശംസിച്ചും, മാതൃത്വത്തിന്റെ വിശുദ്ധി വാഴ്ത്തിയും സ്ത്രീകള്‍ക്ക് ഒരു സര്‍വംസഹ ഇമേജ് നല്‍കുക. ഇത്തരം വിഴുപ്പുഭാണ്ഡങ്ങള്‍ ആധുനിക തലമുറ കൂടി പേറുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഓരോ വര്‍ഷവും മാതൃ-വനിതാ ദിനങ്ങളിലെ സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുകള്‍. 

packet-9.jpg
വെബ്സീന്‍ പാക്കറ്റ് ഒമ്പതിന്റെ കവർ

രണ്ട്, ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ തരംതാഴ്ത്തുക. ആണിന്റെ പേശീബലമാണ് സാമൂഹിക അധികാരശ്രേണിയില്‍ അവന് ഉന്നതസ്ഥാനം നല്‍കുന്നതെന്ന വാദത്തെ "സാപിയന്‍സ്' എന്ന ഗ്രന്ഥത്തില്‍ യുവാല്‍ നോവാഹരാരി കൃത്യമായി പൊളിച്ചടുക്കുന്നുണ്ട്. അധികാര സമവാക്യങ്ങള്‍ പേശീബലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കായികക്ഷമത ആവശ്യമില്ലാത്ത എന്നാല്‍ ഉന്നതാധികാരം നല്‍കുന്ന പൗരോഹിത്യം, നിയമം, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നും സ്ത്രീകള്‍ ഒഴിച്ചു നിര്‍ത്തപ്പെട്ടതെന്തുകൊണ്ടാണ്?

കേവല സാമാന്യയുക്തിയുടെ പിന്‍ബലത്തോടെ മേല്‍പ്പറഞ്ഞ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു ചെല്ലുന്നവര്‍ക്ക് മുന്‍പില്‍ അനാവരണം ചെയ്യപ്പെടുക ആസൂത്രിതമായ ഒരു ചതിയാണ്. അത് സ്ത്രീകളെ അശുദ്ധയും അബലയുമാക്കി, സ്വശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധം നിറച്ചു, ഗാര്‍ഹികവൃത്തിയുടെ ഗരിമ ബോധ്യപ്പെടുത്തി, കുടുംബമെന്ന സ്ഥാപനം സ്ത്രീകളുടെ ത്യാഗത്തിന് മുകളിലാണ് കെട്ടിയുയര്‍ത്തുന്നതെന്ന് പഠിപ്പിച്ചു, ഏറ്റവും ഒടുവില്‍ ഇപ്പറഞ്ഞ പാഠങ്ങള്‍ ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് ഓതി പഠിപ്പിക്കാന്‍ സ്ത്രീകളെ തന്നെ ഏജന്റുമാരായി നിയമിച്ചു.  

കോളേജ് പഠനകാലത്ത് കെമിസ്ട്രി പ്രാക്ടിക്കല്‍ ലാബില്‍ എത്ര ചെയ്തിട്ടും പരീക്ഷണ ഫലം കിട്ടാതിരുന്ന പെണ്‍കുട്ടിയോട് ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അധ്യാപിക പറഞ്ഞത്, ഇത് വീട്ടില്‍ കഞ്ഞിയും കറിയും വെക്കുന്നതുപോലെ എളുപ്പമുള്ള പണിയല്ല' എന്നാണ്. ഇത്തരം ഏജന്റുമാര്‍ക്കും ആണ്‍പ്രിവിലേജ് നന്നായി ആസ്വദിക്കുന്നവര്‍ക്കും ദഹനക്കേട് സൃഷ്ടിക്കുന്ന രീതിയിലാണ് ശാസ്ത്രത്തിന് നന്ദി പറഞ്ഞ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അവതരിക്കുന്നത്. ഓരോ കാഴ്ചയും നമ്മോട് ചോദിക്കുന്നു, അടുക്കള പെണ്ണിന്റെ സാമ്രാജ്യമാണെന്നാരു പറഞ്ഞു? അത് ആണധികാരത്തിന്റെ അധോലോകമാണ്. പൊരിച്ച മീനിനുവേണ്ടി ഫെമിനിസ്റ്റായെന്ന് പറഞ്ഞ് അഭിനേത്രി റിമ കല്ലിങ്കലിനെ അധിക്ഷേപിച്ച കേരളത്തിലെ ആണുങ്ങള്‍ സിനിമ കണ്ടതിനുശേഷം സ്വയം പാത്രം കഴുകി വെക്കാന്‍ തുടങ്ങിയെന്നും ഫെമിനിസ്റ്റായെന്നും പറയുന്നത് പുരുഷന്റെ ഫെമിനിസം പുരോഗമനവും സ്ത്രീയുടെ ഫെമിനിസം അരാജകത്വവുമായി വ്യഖ്യാനിക്കുന്ന ഭൂരിപക്ഷ ജനതയുള്ള മണ്ണില്‍ ചവിട്ടിനിന്നുകൊണ്ടാണ്.

നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ ഒരു പുരുഷന്‍ ഫെമിനിസ്റ്റാവുന്നത് സമത്വത്തിനും സഹജീവികള്‍ക്കും വേണ്ടിയാവുമ്പോള്‍ ജെന്‍ഡര്‍ സ്പെക്ട്രത്തിലെ മറ്റുള്ളവര്‍ ഫെമിനിസ്റ്റാവുന്നത് അതിജീവനത്തിനും ആത്മാഭിമാനത്തിനും വേണ്ടിയാണ്. പൊരിച്ച മീനും, ഇറച്ചിക്കഷ്ണവും, അഴുക്കു വെള്ളവും, ആര്‍ത്തവവും ഞങ്ങള്‍ക്കൊരു വിഷയമാക്കുന്നതും അതുകൊണ്ടുതന്നെയാണ്. മീശ ഒരധികാര ചിഹ്നമല്ലെന്നും അതൊരു ജനിതക വ്യത്യാസമാണെന്നും തിരിച്ചറിഞ്ഞ് മികച്ച ഒരു ജീവിത സൃഷ്ടി സ്‌ക്രീനില്‍ സമ്മാനിച്ച ജിയോ ബേബി എന്ന മനുഷ്യന് കൈയ്യടിക്കാം. സിനിമയെ (സീരിയലുകളും) വെറും സിനിമയായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് വര്‍ഷങ്ങളായി സ്ത്രീവിരുദ്ധതയും, ബോഡി ഷേമിംഗും, ജാതീയതയും, വര്‍ണവെറിയും കാഴ്ചക്കാരുടെ തലച്ചോറിലേക്ക് കുത്തിനിറച്ച കലാകാരന്മാര്‍ക്ക് സ്വയം കരണത്തടിക്കാം.
അശ്വതി ആഷ ശിവറാം
സുല്‍ത്താന്‍ ബത്തേരി
വയനാട്


തച്ചുടക്കുന്ന നോവല്‍ പ്രയാണം

arun-prasad.jpg
അരുണ്‍ പ്രസാദ്

3 am നോവലിന്റെ ആദ്യ അധ്യായം ബ്ലഡി മേരി വായിച്ചു. ഇന്നത്തെ മലയാളം നോവല്‍ സങ്കല്‍പങ്ങളെ അട്ടിമറിക്കുന്ന ഭാഷയും ഭാവനയും ഘടനയും. മിത്തുകളിലും പ്രാദേശികതകളിലും കുടുങ്ങിക്കിടക്കുന്ന മലയാള സാഹിത്യത്തിന് മികച്ചൊരു മറുപടിയായിരിക്കും ഈ നോവലെന്ന് പ്രതീക്ഷയുണ്ട്. മുന്‍ധാരണകളെയെല്ലാം തച്ചുടച്ചാണ് ഈ നോവല്‍ പ്രയാണം ആരംഭിച്ചിരിക്കുന്നത്. ഭാഷയിലെ വ്യത്യാസം പുതുമയുടെ കാറ്റ് വീശിയ കണക്കായി. അരുണ്‍പ്രസാദ് എന്ന എഴുത്തുകാരനെ മുന്‍പ് കേട്ടിട്ടില്ല. ഒരു പുതുമുഖത്തിന്റെ പരീക്ഷണത്തില്‍ വിശ്വാസം അര്‍പ്പിച്ച ട്രൂകോപ്പി വെബ്സീന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എഴുത്തുകാരനും അഭിനന്ദനങ്ങള്‍. പുതിയ അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.  
സുധ കെ.എസ്
ഇലിനോയിസ്, യു.എസ്


'കളിബാധ' രസികന്‍ കഥ

വിനോയേട്ടന്റെ പുതിയ കഥ "കളിബാധ' ചുമ്മാ നല്ല നേരമ്പോക്കാണ് എന്നുമാത്രം പറഞ്ഞുനിര്‍ത്തിയാല്‍ അത് ഞാന്‍ എന്റെയുള്ളിലെ ബോബി ചെമ്മണ്ണൂര്‍ തീവ്ര-രസികനെ വഞ്ചിക്കുന്നതിന് തുല്യമാകും. അതുകൊണ്ട് തെളിച്ചുപറയാം, ബോബി ചെമ്മണ്ണൂര്‍ എന്ന അതികായന്‍ ആദ്യമായി മലയാള സാഹിത്യത്തില്‍ അടയാളപ്പെടുന്ന കഥയാണ്, അങ്ങനെയൊരു വലിയ കാര്യം ചെയ്യാന്‍ സാധിച്ചതില്‍ വിനോയെട്ടനും ചാരിതാര്‍ഥ്യമുണ്ടാകും, എനിക്കറിയാം. 
ബോബിസര്‍ പവര്‍. Fun apart, "കളിബാധ' രസികന്‍ കഥയാണ്. ഈ കഥ വായിക്കണം, പറ്റിയാല്‍ ഇത്തിരി ബ്ലഡ്ഡും ഡൊണേറ്റ് ചെയ്യണം. 
വിവേക് ചന്ദ്രന്‍
ഫേസ്ബുക്ക് പോസ്റ്റ്


കിളി പോയി!

vinoy thomas
വിനോയ് തോമസ്

കളിബാധ ബാധിച്ചു, കിളി പോയ മട്ടിലായി! 
വിനോയ് മാഷേ, ഇ. സന്തോഷ് കുമാറിന്റെ ഈയിടെ പ്രസിദ്ധീകരിച്ച കഥ, മറഡോണയുടെ ശരീരത്തില്‍ പച്ച കുത്തിയ ആറു ചിത്രങ്ങള്‍ വായിച്ച് അന്തം വിട്ടിരിക്കയായിരുന്നു. അതിലുമുണ്ട് ബോബി ചെമ്മണ്ണൂര്‍. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഇടപെടാതെ ഒരു പ്രധാന പത്രപ്രവര്‍ത്തകന്‍ നടത്തിയ നീക്കത്താല്‍ ഒഴിവായ ദുരന്ത സാധ്യതയെ ചുറ്റിപ്പറ്റി ആയിരുന്നുവല്ലോ ആ കഥ ചുരുള്‍ നിവര്‍ന്നത്. ഈ കഥയില്‍ "കള്‍സി'ന്റെ (വി.കെ.എന്നിനോട് കടപ്പാട്) ലഹരിയില്‍ "കിളി പോയ' പള്ളീലച്ചന്റെ ആശീര്‍വാദത്താല്‍ മാളികമുകള്‍ ഏറിയ വിന്‍സിച്ചായന്റെ വിക്രിയകള്‍ എങ്ങനെ, അഭ്യസ്തവിദ്യനും എന്നാല്‍ Pervert-മായ സരുണിനെ അഴിക്കുള്ളില്‍ ആക്കിയെന്നതിന്റെ "ചുരുള്‍' നിവരുന്നു. ആശംസകള്‍!
സുരേന്ദ്രന്‍ പൂന്തോട്ടത്തില്‍
ഫേസ്ബുക്ക് പോസ്റ്റ്


'കളിബാധ' നിരാശപ്പെടുത്തിയില്ല

"മിക്കാനിയ മൈക്രാന്ത' വായിച്ചാണ് വിനോയ് തോമസിനെ അടുത്തറിയുന്നത്. ആഖ്യാനത്തിലെയും പ്രമേയസ്വീകരണത്തിലെയും പുതുമകളാണ് അദ്ദേഹത്തിന്റെ ഓരോ കഥകളുടെയും ആകര്‍ഷണം. വെബ്‌സീനിലെ (പാക്കറ്റ് 11) കഥ "കളിബാധ'യും നിരാശപ്പെടുത്തിയില്ല. എത്ര സൂക്ഷ്മമായാണ് സംഭവങ്ങളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കുന്നത്. 
ഷാജി ജോസഫ്
ഫേസ്ബുക്ക് പോസ്റ്റ്


ടീനേജറുടെ നോവല്‍

തികച്ചും നവീനവും പുതുമയുള്ളതുമായ 3 am എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സീന്‍ ടീമിനെ അഭിനന്ദിക്കട്ടെ. ഇതുവരെ പ്രസിദ്ധീകരിച്ച രണ്ടു ഭാഗങ്ങളും ഞാന്‍ വായിച്ചു. എന്റെ മകള്‍ മീനാക്ഷി, അവള്‍ ഒരു ടീനേജറാണ്, വളരെ താല്‍പര്യത്തോടെയാണ് ഈ നോവല്‍ വായിക്കുന്നത്. അവളുടെ അഭിപ്രായത്തില്‍, ആധുനിക ലോകത്തെ ആവിഷ്‌കരിക്കുന്ന മലയാള നോവലുകള്‍ വിരളമാണ്.

3am.png

മാത്രമല്ല, ഈ നോവല്‍ മുന്നോട്ടുവെക്കുന്ന ഈസ്‌തെറ്റിക്‌സ് ഉജ്വലമാണ്. മിക്കവാറും മലയാളം നോവലുകള്‍ എണ്‍പതുകളിലെ ഈസ്‌തെറ്റിക്‌സില്‍ ആണ്ടുകിടക്കുന്നവയാണ് എന്നാണ് എന്റെ അഭിപ്രായം. അരുണ്‍പ്രസാദിന്റെ നോവല്‍ ഇവിടെ വ്യത്യസ്തമാകുന്നു. നോവലിന്റെ ഭാഷ തീര്‍ത്തും പുതിയതാണ്. 
ജയ
ഫേസ്ബുക്ക് പോസ്റ്റ്


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍   സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media


​​​​​​​​​​​​​​