കത്തുകള്‍
വായനക്കാർ

അങ്ങനെയൊരു ദളിത് നേതാവ് ഉണ്ടാകുമോ?
പ്രിയംവദ ഗോപാലുമായുള്ള ഷാജഹാന് മാടമ്പാട്ടിന്റെ സംഭാഷണം (വെബ്സീന്‍, പാക്കറ്റ് 12), ഹിന്ദുത്വ പോലുള്ള ഹിംസാത്മകമായ ഒരു പ്രത്യശയാസ്ത്രത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഒന്നായിരുന്നു. നരേന്ദ്രമോദി സര്‍ക്കാറിന്റെ രൂപീകരണം വരെയുള്ള സംഘ്പരിവാര്‍ പദ്ധതിയുടെ അടുക്കും ചിട്ടയുമുള്ള പ്രയാണം, ജനാധിപത്യത്തിന് വേരുള്ളതും അത്യന്തം ബഹുസ്വരമായതും സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്തൂക്കമുള്ളതുമായ ഒരു രാജ്യത്ത് എങ്ങനെ സാധ്യമായി എന്നതിന്റെ കാരണങ്ങളിലേക്ക് ഈ സംഭാഷണം കടന്നുചെല്ലുന്നുണ്ട്.
ഒരു പത്തുവര്‍ഷത്തെ, ഫാസിസത്തിന്റെ വളര്ച്ചയെക്കുറിച്ചേ ഇന്ത്യയിലെ പുരോഗമന ശക്തികളും മുഖ്യധാരാ ഇടതുപക്ഷത്തുള്ള സംഘടനകളും ബൗദ്ധിക സമൂഹവും തന്നെ കാര്യമായി ചര്‍ച്ച ചെയ്യുന്നുള്ളൂ. സ്വാതന്ത്ര്യത്തിനും മുമ്പേ, ആഗോളീയമായി തന്നെ രൂപപ്പെട്ട പലതരം ഫാസിസ്റ്റ് ചിന്താധാരകളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയില്‍നിന്നെല്ലാം ഊര്‍ജം നേടുകയും അതിന്റെ ഒരുതരം ഇന്ത്യന്‍ വേര്‍ഷന്‍ സമര്‍ഥമായി പ്രയോഗിക്കുകയും ചെയ്ത ഒരു ഗൂഢപദ്ധതിയെക്കുറിച്ച് പ്രിയംവദ കൃത്യമായി നിരീക്ഷിക്കുന്നുവെന്നതാണ് ഈ സംഭാഷണത്തെ ശ്രദ്ധേയമാക്കുന്നത്.

ഹിന്ദുത്വയെ, വൈദിക ബ്രാഹ്മണ്യത്തിന്റെ സമകാലികമായ ഒരു എക്സ്റ്റെന്ഷന് മാത്രമായി ചുരുക്കുമ്പോള്‍, അതിനെ ശരിയായി നേരിടാനുള്ള രാഷ്ട്രീയ ഉപകരണങ്ങളാണ് നമുക്ക് നഷ്ടമാകുന്നത്. അത്, ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ ഒരു രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും ഇല്ലാതെ പോയി. സ്വാതന്ത്ര്യത്തിനുശേഷം എഴുപതുകളില്‍ ജെ.പി.യുടെ നേതൃത്വത്തിലുള്ള മൂവ്മെന്റിനും പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല് കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയ സമയത്ത് രൂപപ്പെട്ട ദളിത്- പിന്നാക്ക രാഷ്ട്രീയ സംഘാടനത്തിനുമെല്ലാം സംഭവിച്ച അതേ വിപര്യയം ഇപ്പോള്‍, ഇന്ത്യയിലെ ജനാധിപത്യവാദികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കര്‍ഷക സമരത്തിന്റെയും ഭാവിയെ കാത്തിരിക്കുന്നു എന്ന് വേണമെങ്കില്‍ ന്യായമായും ആശങ്കിക്കാം.
കാരണം, കര്‍ഷക സമരം ആത്യന്തികമായി ഹിന്ദുത്വ ശക്തികളുടെ പുത്തന്ചങ്ങാതിമാരായ കോര്പറേറ്റിസത്തിനെതിരെയുള്ളതാണ്. കോര്പറേറ്റിസത്തിനേല്ക്കുന്ന ആഘാതം ഇന്ത്യയില്‍ ഏറ്റവുമാദ്യം ബാധിക്കുക ഹിന്ദുത്വത്തെയായിരിക്കും. എന്നാല്‍, കര്‍ഷക സമരം ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അത് പ്രയോഗവല്‍ക്കരിക്കാനുള്ള ഒരു രാഷ്ട്രീയ പരിപാടി മുന്നോട്ടുവെക്കാനുള്ള സാധ്യത എവിടെനിന്നും ഉണ്ടാകുന്നില്ല.
കോണ്‍ഗ്രസ് എന്നേ മരിച്ചുകഴിഞ്ഞ പാര്‍ട്ടിയാണ്. ഇടതുപക്ഷം ഒരു മൂവ്മെന്റ് എന്ന നിലക്കുമാത്രമാണ് ഈ സമരത്തെ പ്രതിനിധീകരിക്കുന്നത്, അതാണ് അതിന്റെ ദൗര്‍ബല്യവും. ഒരു ദളിത് നേതാവിന്റെ അരങ്ങേറ്റത്തിനുള്ള സാഹചര്യം ഇന്നത്തെ ഇന്ത്യയിലുണ്ടെന്ന പ്രിയംവദ ഗോപാലിന്റെ പ്രതീക്ഷ, ഒരു സ്വപ്നത്തിന്റെ അയഥാര്ഥതയിലേക്ക് സഞ്ചരിക്കുന്ന ഒന്നായി അനുഭവപ്പെടുന്നു. കാരണം, ഒരു ‘ദളിത്' രാഷ്ട്രപതിയാണ് ഇപ്പോഴും ഇന്ത്യക്കുള്ളത് എന്നോര്‍ക്കണം. ഈ ധാരയില്‍പെട്ട ദളിത് നേതാക്കന്മാര് എത്ര വേണമെങ്കിലും ഇനിയുമുണ്ടാകും. എന്നാല്‍, പ്രിയംവദ പുലര്‍ത്തുന്ന പ്രതീക്ഷക്കൊത്ത ഒരു ദളിത് നേതാവ്?
ജെന്നിഫര്‍ കെ.മാര്ട്ടിന്
കെന്റക്കി, യു.എസ്.എ.
ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ സംഭാഷണങ്ങള്‍
സമകാലികമായ രാഷ്ട്രീയ സംഭവങ്ങളെ ഒരുയര്‍ന്ന തലത്തില്‍ വായനക്കാര്‍ക്ക് നല്‍കുന്നതാണ് വെബ്സീനിലെ സംഭാഷണങ്ങളും രാഷ്ട്രീയ ലേഖനങ്ങളും. ഡോ. സുനിലവുമായി കെ. സഹദേവന് നടത്തിയ സംഭാഷണത്തിന്റെ കുറെക്കൂടി വിപുലമായ, അതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒന്നാണ് പ്രിയംവദ ഗോപാലും ഷാജഹാന് മാടമ്പാട്ടും തമ്മിലുള്ള സംഭാഷണം (പാക്കറ്റ് 12). ഇന്ത്യയില്‍ എന്തുകൊണ്ട് വിഭജനത്തിന്റേതായ ഒരു പ്രത്യയശാസ്ത്രത്തിന് വേരോട്ടം കിട്ടുന്നു എന്ന് ആഗോളീയമായ യാഥാര്‍ഥ്യങ്ങളുടെ കൂടി വെളിച്ചത്തില്‍ പ്രിയംവദ സംസാരിക്കുന്നു. വംശീയതയെക്കുറിച്ചും ജാതീയതയെക്കുറിച്ചും പലവിധ സംവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സമകാലീനാവസ്ഥയില്‍ പോലും ഇത്തരം ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്നതില്‍ ഇന്ത്യന്‍ ഇടതുപക്ഷം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന അലംഭാവം അമ്പരപ്പിക്കുന്നതാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പലതരം കെണികളില്‍ വീണുകിടക്കുന്ന മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് ജാതിക്കുനേരെ കണ്ണടക്കുന്നതെന്നത് വ്യക്തമാണ്.

ന്യൂനപക്ഷം, ഭൂരിപക്ഷം എന്നുപറയുമ്പോള്‍, നാക്കുപിഴ സംഭവിക്കുന്ന പാര്ട്ടിസെക്രട്ടറിമാര് ഇപ്പോഴുമുള്ള നാടാണിത്. അത്, അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട നാക്കുപിഴകളാണ്. എന്നാല്‍, മുഖ്യധാരക്കുപുറത്ത് രൂപപ്പെടുന്ന പുരോഗമന മതേതതര- ഇടതുപക്ഷ ധാരക്ക്, അംബേദ്കറിസം മുന്നോട്ടുവച്ചിട്ടുള്ള കൃത്യമായ രാഷ്ട്രീയ പദ്ധതിയുടെ ചുറ്റുവട്ടത്തുപോലും എത്താന്‍ കഴിഞ്ഞിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. ഒരുപക്ഷെ, നമ്മുടെ കാമ്പസുകളിലാണ്, ഇതുസംബന്ധിച്ച വലിയ ഉണര്‍വുകളുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആ നിലക്ക് പുതിയ നേതൃരൂപീകരങ്ങളെക്കുറിച്ച് ഈ സംഭാഷണം മുന്നോട്ടുവെക്കുന്ന പ്രതീക്ഷ യാഥാര്‍ഥ്യബോധമുള്ളതാണ്.
രാജീവ് സേതുമാധവന്
ന്യൂഡല്‍ഹി
ബംഗാളിന്റെ ശരിച്ചിത്രം നല്കുന്ന റിപ്പോര്‍ട്ട്
ബംഗാളില്‍നിന്ന് വാര്‍ത്തകളുണ്ട് എന്ന എം. സുചിത്രയുടെ ബംഗാള്‍ റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. (പാക്കറ്റ് 12). ബംഗാളില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നതിന്റെ ശരിയായ ചിത്രം വായനക്കാര്‍ക്ക് ലഭിക്കുന്നു. പലവിധ ജാതി സമവാക്യങ്ങളാല്‍ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ കാലങ്ങളായി ഭരിക്കുന്ന ഉത്തരേന്ത്യയില്‍ ബി.ജെ.പി പയറ്റിയ അതേ തന്ത്രമാണ് ബംഗാളിലും അവര്‍ വിജയകരമായി നടപ്പാക്കുന്നത് എന്നത് ഒരു വിരോധാഭാസമായി അനുഭവപ്പെടുന്നു. കാരണം, എത്രയോ കാലം എതിര്ശബ്ദങ്ങളൊന്നുമില്ലാതെ ഇടതുപക്ഷ ഭരണം സാധ്യമായ ഒരു സംസ്ഥാനമാണിത്. തീവ്ര ഇടതുപക്ഷത്തിനുകൂടി സ്വാധീനമുള്ള സ്ഥലം. എന്നിട്ടും ഗ്രാമീണരെയും തൊഴിലാളികളെയും അധഃകൃതരെയുമൊന്നും ഒരു രാഷ്ട്രീയജനതയായി രൂപപ്പെടുത്താനുള്ള മണ്ണൊരുക്കാന്‍ പോലും അതിന് കഴിഞ്ഞില്ല എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കാണിക്കുന്നത്.

ആദിവാസി- ദളിത് മേഖലകളിലാണ് ബി.ജെ.പി ശക്തിയാര്‍ജിച്ചുവരുന്നത് എന്ന് സുചിത്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥയും ഭരണകൂടത്തിന്റെ അതിക്രമങ്ങളും മാത്രമല്ല, ബി.ജെ.പിയുടെ വളര്‍ച്ചക്കുപിന്നില്‍ എന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വര്‍ഗരാഷ്ട്രീയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിഭാഗങ്ങളാണിവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ മാത്രമുള്ള ഒരു ഭരണകൂടമാണ് ബംഗാളിലുണ്ടായിരുന്നത് എന്നതാണ് യാഥാര്‍ഥ്യം, അതിന് അതിന്റെപോലും രാഷ്ട്രീയവുമായി ഒരുതരത്തിലുമുള്ള ബന്ധവുമുണ്ടായിരുന്നില്ല. മാത്രമല്ല, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയനിലപാടുകളെയും പരിപാടികളെയും സ്വാധീനിക്കാന്‍ കഴിയുന്ന വര്ഗനേതൃത്വം അടിസ്ഥാനപരമായി സവര്‍ണമായിരുന്നു എന്നുകൂടി ബംഗാളിലെ പരിണാമങ്ങള്‍ കാണിച്ചുതരുന്നു. രാഷ്ട്രീയമായ വലിയ തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകുന്നതാണ് സുചിത്രയുടെ നിരീക്ഷണങ്ങള്‍.
റിയാസ് തോട്ടത്തില്‍
ദുബായ്, യു.എ.ഇ
എന്തൊരു ഭംഗിയാണ് എത്യോപ്യന്‍ യേശുവിന്!
മികച്ച രണ്ട് യാത്രാവിവരങ്ങളാണ് വെബ്സീനില്‍ വന്നുകൊണ്ടിരിക്കുന്നത്. അമല്‍ പുല്ലാര്‍ക്കാട്ടിന്റെ ബാള്‍ട്ടിക് യാത്രാവിവരണം, ഒരുപക്ഷെ, മലയാളിയുടെ സാമാന്യമായ രാഷ്ട്രീയധാരണകളെ പൊളിക്കുന്ന ഒന്നുകൂടിയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം രൂപപ്പെട്ട പുത്തന്‍ മൂലധന കോളനിവല്‍ക്കരണത്തിന്റെ ശരിയായ കാഴ്ച കൂടിയാണ് ബാള്‍ട്ടിക് യാത്ര. സ്വാതന്ത്ര്യവുമായും സാമ്പത്തിക വളര്‍ച്ചയുമായും ബന്ധപ്പെട്ട് പറയുന്ന മുന്നേറ്റങ്ങള്‍ എത്രമാത്രം പൊള്ളയാണ് എന്നുമാത്രമല്ല, വംശീയതയില്‍ അധിഷ്ഠിതമായ ദേശീയതകളുടെ വികാസം, മനുഷ്യവിരുദ്ധമായ ഒരു സമൂഹസൃഷ്ടിക്കാണ് ഇടവരുത്തിയിരിക്കുന്നതെന്നുകൂടി അമല്‍ പറഞ്ഞുവെക്കുന്നു.

മലയാളിയെ സംബന്ധിച്ച് പലതരം ധാരണാപ്പിശകുകളുള്ള ഒരു നാട്ടിലേക്കുള്ള സാംസ്കാരിക സഞ്ചാരം കൂടിയാണ് പ്രമോദ് കെ.എസ് നടത്തുന്ന എത്യോപ്യന്‍ യാത്ര. ലോകചരിത്രത്തിലെ രണ്ടാമത്തെ ക്രൈസ്തവ രാജ്യമായ എത്യോപ്യ, എങ്ങനെയാണ് ഒരു മതത്തെ അതിന്റെ സംസ്കാരത്തിലേക്കും ബഹുസ്വരതയിലേക്കും സ്വാംശീകരിച്ചത് എന്നത് കൗതുകകരം മാത്രമല്ല, ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന ഒരാളെ സംബന്ധിച്ച് പലതരം തിരിച്ചറിവുകളിലേക്കും നയിക്കേണ്ടതാണ്. ബൈബിളിനെയും അതിന്റെ ഉള്ളടക്കത്തെയും ക്രിസ്തുമതത്തെ തന്നെയും അവര്‍ തങ്ങളുടെ ഗ്രാമീണമായ ആവിഷ്കാരമായി സ്വന്തപ്പെടുത്തിയിരിക്കുന്നു എന്ന് ആ ചിത്രങ്ങള്‍ തന്നെ കാണിച്ചുതരുന്നു. എന്തൊരു വ്യത്യസ്തതയും ഭംഗിയുമുള്ള യേശുവും മറിയവുമൊക്കെയാണ് എത്യോപ്യക്കാരുടേത്!
അഖില
കലിക്കറ്റ് യൂണിവേഴ്സിറ്റി
ഗാന്ധിയെക്കുറിച്ച് ‘വഴി തെറ്റിക്കുന്ന' പുസ്തകങ്ങള്‍
ചില്‍ഡ്രന്‍സ് ബുക്കില്‍ പാക്കറ്റ് 12ല്‍ റൂബിന് ഡിക്രൂസ് അവതരിപ്പിക്കുന്ന ‘മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഏറ്റവും മികച്ച മൂന്നു പുസ്തകങ്ങള്‍' ഇന്ന് ഒരു കുട്ടി വായിക്കുമ്പോള്‍ അപൂര്‍ണമായി അനുഭവപ്പെടില്ലേ. അതിന്റെ കാരണവും അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്. ഗാന്ധിയെ ആരാണ് വെടിവെച്ചുകൊന്നത്, എന്തിനാണ് കൊന്നത് എന്ന കാര്യമാണ് ഗാന്ധിയുടെ ജീവിതം തന്നെ സാര്ഥകമാക്കുന്ന ഒരു കാര്യം. അത് ഈ പുസ്തകത്തില്‍ ഇല്ല. എന്തുകൊണ്ടാണ്, ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തമായ ഒരു വിവരം കുട്ടികളില്‍ നിന്ന് ഇങ്ങനെ മറച്ചുപിടിക്കുന്നത്? മാത്രമല്ല, ഗാന്ധി വധം പലതരത്തിലും വളച്ചൊടിക്കപ്പെടുകയും ഘാതകര്‍ ആഘോഷിക്കപ്പെടുകയും ചെയ്യമ്പോള്‍, കുട്ടികളോടാണ് ആ യാഥാര്‍ഥ്യം ആദ്യം പറയേണ്ടത്.

അതുകൊണ്ട്, റൂബിന് ഡിക്രൂസ് എഴുതുന്നതുപോലെ, ‘കുട്ടികള്‍ക്ക് ഗാന്ധിജിയിലേക്ക് വഴി കാട്ടുന്ന' പുസ്തകങ്ങളല്ല, ഗാന്ധിയെക്കുറിച്ച് വഴി തെറ്റിക്കുന്ന പുസ്തകങ്ങളാണിവ എന്നു പറയേണ്ടിവരും. കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോഴെങ്കിലും അതിന്റെ അനുബന്ധമായി ഈയൊരു വിവരം ചേര്‍ക്കാമായിരുന്നു.
ഡി. ശിവകുമാര്‍
കുന്നംകുളം, തൃശൂര്‍
വെബ്സീന്‍ നല്കുന്ന കേള്‍വിയുടെ സാധ്യതകള്‍
വെബ്സീന്‍ തുടര്‍ച്ചയായി വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. റിലീസ് ചെയ്ത ഓരോ പാക്കറ്റും സാംസ്കാരികമായും രാഷ്ട്രീയമായും ബൗദ്ധികമായ ഉണര്‍വിലേക്ക് കൈപിടിക്കുന്നു. ശോഭീന്ദ്രന് മാഷിന്റെ അനുഭവങ്ങളോട് വല്ലാത്തൊരടുപ്പം തോന്നുന്നു. മൊളക്കാല്മുരുവിനെക്കുറിച്ചുള്ള മാഷിന്റെ എഴുത്തും വായനയും സര്‍ഗാത്മകമായ പുതിയൊരനുഭൂതി തന്നെയാണ് നല്‍കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ ആമുഖത്തില്‍ സൂചിപ്പിച്ചതു പോലെ നോവലായി വായിച്ചു പോകാവുന്ന ഹ്യദ്യമായൊരു ഗ്രാമജീവിതാഖ്യാനം തന്നെയാണത്. ശോഭീന്ദ്രന്‍മാഷ് വായിച്ചു കേള്‍ക്കുന്നതിന്റെ സന്തോഷം ഒന്നു വേറെയുമാണ്.
ആ വായന, കര്‍ണാടകത്തിലെ അപരിചിതമായ മൊളക്കാല്‍മുരു എന്ന ഗ്രാമവും അവിടെയുണ്ടായിരുന്ന മനുഷ്യബന്ധങ്ങളും ഒരു സിനിമയിലെന്നപോലെ മുന്നില്‍ കൊണ്ടുവരും. "പ്രകാശ'യെക്കുറിച്ച് അനിതരസാധാരണമായി മാഷ് പറയുമ്പോള്‍ ഒരു നോവലിലെ അസാധാരണ കഥാപാത്രത്തിലൂടെയാണോ നമ്മള് കടന്നുപോകുന്നത് എന്നു തോന്നിപ്പോകും. ഒന്നിനുമല്ലാതെ, സ്വാഭാവികമായി ഇണങ്ങിപ്പോകുന്ന നാട്ടുമനുഷ്യരുടെ സമ്പന്നചിത്രങ്ങള് കാണുമ്പോള്‍ നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം എത്രമാത്രം മാറിപ്പോയി പരസ്പരം നമ്മളെന്ന് കൂടി കാണും. സാഹിത്യത്തിന്റെ ഭാഗമായിരിക്കെ തന്നെ എഴുത്തുകാരനെ തനതുമട്ടില് കൃതിയില്‍ ചേര്‍ത്തുനിര്‍ത്തുന്ന സര്‍ഗാത്മക വ്യവഹാരംകൂടിയാണല്ലോ അനുഭവക്കുറിപ്പുകള്‍. ഒരര്‍ത്ഥത്തില്‍ തന്നെത്തന്നെ വായിക്കുകയാണല്ലോ ഇവിടെ എഴുത്തുകാരന്.
മാഷ് വായിച്ചു കേള്‍ക്കുമ്പോഴുള്ള ഹൃദ്യതയുടെ നിദാനവും അതു തന്നെയായിരിക്കണം. വായനയില്‍ ഇടയ്ക്ക് കയറിവരുന്ന ചെറുചിരിയും, ദീര്‍ഘനിശ്വാസവും, ഓര്‍ത്തുകൊണ്ടെന്ന പോലെയുള്ള മൗനനിമിഷവും, മൊളക്കാല്‍മുരുവിലെ നിസ്വരായ മനുഷ്യരെയും തന്റെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്തുപിടിച്ചു പറയുമ്പോള്‍ വിതുമ്പിത്തുളുമ്പാനുള്ളൊരായലും., ഇതൊക്കെ ടെക്സ്റ്റിലില്ലാതിരുന്നിട്ടും എഴുത്തുകാരന് വായിക്കുന്നതു കൊണ്ടുമാത്രം വായനക്കാരന് ലഭിക്കുന്ന അനുപമമായ സൗന്ദര്യാനുഭവമാണെന്നു പറയാം.
ഇടയ്ക്കുള്ള പാട്ടുകളും ഉറുദുശായരികളും കന്നടയിലും ഹിന്ദിയിലുമുള്ള ചെറുസംഭാഷണങ്ങളുടെ കേള്‍വിയും ഏറെ ആസ്വാദ്യകരംതന്നെ. വായിക്കുകയും കേള്‍ക്കുകയും ചെയ്യാം എന്ന് വെബ്സീന്‍ ടാഗ് ലൈന്‍ ചെയ്യുമ്പോള്‍ ‘കേള്‍ക്കുകയും ചെയ്യാം' എന്നതിന് ഈയര്ത്ഥത്തില്കൂടി സാധ്യതയുണ്ടെന്നു കരുതിയിരുന്നില്ല.

പാക്കറ്റ് 12ല്‍ പ്രസിദ്ധീകരിച്ച ഒരു കവിതയെക്കുറിച്ചുകൂടി പറയട്ടെ. വി. അബ്ദുല്‍ ലത്തീഫ് എഴുതിയ ‘മുഹമ്മദ് ഷഫീഖ് ആരായിരുന്നു അയാള്‍ക്ക് എന്തു സംഭവിച്ചു' എന്ന കവിത ഊറിക്കൂടിയ വേദനയുടെ ചരിത്രമാണ്. ചരിത്രത്തില്‍ നിന്ന് നമ്മളൊന്നും പഠിക്കുന്നില്ലെങ്കിലും ചരിത്രത്തില്‍ നമുക്ക് ധാരാളം റഫറന്‍സുണ്ട്. ഈ കവിത വായനക്കാര്‍ക്ക് നല്കുന്ന മുഖവുര ഇതാണെന്നു പറയാം.
കൂടുവിട്ടു കൂടുമാറുക എന്നൊക്കെപ്പറയാവുന്നതു പോലെ ഒരു ആഭിചാരക്രിയ എഴുത്തുകാരന് ഈ കവിതയില്‍ നടത്തുന്നതു കാണാം. ചരിത്രത്തില്‍ നിന്നുളള സമാനാനുഭവങ്ങളെ സമകാലികാനുഭവങ്ങളുമായി ചേര്‍ത്ത് ആവിഷ്ക്കരിക്കാനുള്ള ഒരു നിലപാടായി. അധികമാരും കേട്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ അഥവാ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുടെ കൂടെയുള്ള യാത്രയ്ക്കായാണ് സവിശേഷമായി കവിയുടെ ഈ നിലപാട്. ചരിത്രമായി മാറിയ ഒരാളിലേക്കുളള യാത്രദൂരം ഭാവനയില്‍ മാത്രം ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന ഒന്നാണല്ലോ. അതുകൊണ്ടു തന്നെ ചരിത്രവും ഭാവനയും പ്രവര്‍ത്തിക്കുകയാണ് ഈ കവിതയില്‍. കവിതയില്‍ തന്റെതായ ഒരു രീതി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കവിത എഴുത്തിന്റെ ആവിഷ്ക്കാരം കൂടിയാണ് ലത്തീഫിന്റെ ഈ കവിതയും.
എം.പി.അനസ്
മേപ്പയ്യൂര്‍, കോഴിക്കോട്.
നിവര്‍ത്തിവെച്ച ഒരു ചരിത്രഭൂപടം
വി. അബ്ദുല്‍ ലത്തീഫ് എഴുതിയ ‘മുഹമ്മദ് ഷഫീഖ് ആരായിരുന്നു അയാള്‍ക്ക് എന്തു സംഭവിച്ചു' എന്ന കവിത ഒരു ചരിത്ര ഭൂപടം നിവര്ത്തിവച്ചപോലെയുണ്ടല്ലോ. കവിതയുടെ ആഖ്യാന രീതിയെ ചരിത്രാഖ്യാനവുമായി അതിശയകരമായ രീതിയില്‍ സംയോജിപ്പിക്കുന്നു. ബിംബങ്ങള്‍ക്കു പകരം നിറയെ സംഭവങ്ങള്‍, ഭാവനയിലും അല്ലാതെയും അത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
വരികള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവഹിക്കുകയും ചരിത്രത്തിന്റെ മറുപുറത്തെന്ന പോലെ ഉജ്ജ്വലമായ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ചരിത്രം ചികയുക, അതു കവിതക്കുള്ള ചേരുവയാക്കുക- ഫിക്ഷന്റെ തന്നെ അസാധ്യസാധ്യതയുള്ള പരിപാടി ആണ്. പക്ഷേ സാഹിത്യലോകവും ലോകവും ഉള്ള നടപ്പുരീതിക്ക് ഒരു ലൈക്ക് പോലും കിട്ടില്ല.
ഉംബാച്ചി റഫീക്ക്
ഫേസ്ബുക്ക് പോസ്റ്റ്.
സഖാവ് മുഹമ്മദ് ഷഫീഖ് മലയാള കവിതയിലേക്ക് ആദ്യമായി കാലെടുത്തു വെക്കുമ്പോള്‍
‘മുഹമ്മദ് ഷഫീഖ് ആരായിരുന്നു, അയാള്‍ക്കെന്ത് സംഭവിച്ചു?' എന്ന വി.അബ്ദുല്‍ ലത്തീഫിന്റെ കവിത ട്രൂ കോപ്പി വെബ്സിന്‍ 12ാം പാക്കറ്റിലുണ്ട്. കവിതയെക്കുറിച്ചും സാഹിതീയതയെക്കുറിച്ചും പുലര്‍ത്തുന്ന പതിവു മാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചരിത്രവും കവിതയുമായുള്ള ഒരു സവിശേഷ അഭിമുഖീകരണമായി മാറുകയാണ് ഈ കവിത. ഭൂതകാലത്തിന്റെ രാഷ്ടീയ വ്യാഖ്യാനമാണ് ചരിത്രമെന്നത് എടുത്തു പറയേണ്ട കാര്യമല്ല.
ചില അദൃശ്യതകളെ തേടി ചരിത്രത്തിനു കുറുകേയുള്ള കല്പിതസഞ്ചാരങ്ങള് സ്വയമേവ കവിതയായിത്തീരുന്നതും അപൂര്‍വമല്ല. പക്ഷേ, ഇത് ചരിത്രവും കവിതയും ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന അപൂര്‍വ സന്ദര്‍ഭമാണ്.കുത്തിയൊലിച്ചു വരുന്ന വെള്ളം പുതിയ പുതിയ ചാലുകളിലേക്ക് പടരുന്നതുപോലെ, കാലത്തിന്റേയും ദേശത്തിന്റേയും പടരലായി മാറുകയാണ് കവിതയില്‍ മുഹമ്മദ് ഷഫീഖിന്റെ ചരിത്ര ജീവിതം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ സഖാവ് മുഹമ്മദ് ഷഫീഖ് മലയാള കവിതയിലേക്ക് ആദ്യമായി കാലെടുത്തു വെക്കുകയാണ്. ഷഫീഖ് എന്നത് ഒരു സഞ്ചാരത്തിന്റെ പേരായി മാറുന്നതിനെ അനുഭവിപ്പിക്കുന്നുണ്ട് കവിത.
എം.സി. അബ്ദുല്‍ നാസര്‍
ഫേസ്ബുക്ക് പോസ്റ്റ്.
മുഹമ്മദ് ഷെഫീക്കിന്റെ പേരും ജീവിതവും
ആദ്യം ടൈറ്റില്‍ ഉണ്ടാക്കിയ കൗതുകത്തിലൂടെയും പിന്നീട് കവിതയെപ്പറ്റിയുണ്ടായ ചില ചര്‍ച്ചകളിലൂടെയും മുന്നോട്ട് നടക്കാന്‍ ശ്രമിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
ബാബ്റി മസ്ജിദ് തകര്‍ച്ചക്കും അതിനനുകൂലമായ ഭരണകൂട ന്യായവിധികള്‍ക്കും ശേഷമുള്ള ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ പേരും ജീവിതവും ചികഞ്ഞു കണ്ടെടുക്കുകയും അതിനെ കേന്ദ്രസ്ഥാനത്തുനിര്ത്തുകയും ചെയ്യുന്ന കവിതയാണിത്.
അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെ ഇത് പൊള്ളുന്ന കവിതയാണ്. എന്നാല്‍ അതു പറയാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഏറെക്കുറെ വരണ്ടതും ലേഖന സ്വഭാവമുള്ളതുമായ ആഖ്യാനവും ടോണുമാവട്ടെ, ഇന്ത്യ കടന്നുപോവുന്ന നിരാര്‍ദ്രമായ രാഷ്ട്രീയകാലത്തെ ഒട്ടുമേ മെലോഡ്രമാറ്റിക് അല്ലാതെ അനുഭവിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഒപ്പം, കവിത സ്വീകരിച്ചിരിക്കുന്ന സമീകരണത്തിന്റെയും അന്വേഷണാത്മകതയുടെയും സന്ദേഹങ്ങളുടെയും ഭാഷ അതിനെ മികച്ച ഒരു രാഷ്ട്രീയ കവിതയാക്കുന്നുമുണ്ട്.
ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തുടക്കംമുതല്‍ അതില്‍ സജീവപങ്കാളികളായും പോരാളികളായും പ്രവര്‍ത്തിച്ച നിരവധി മുസ്ലിം ചെറുപ്പക്കാരുടെ പ്രതിനിധാനചരിത്രം കൂടിയാണ് മുഹമ്മദ് ഷെഫീഖിന്റേത്. അയാള്‍ ഉള്‍പ്പെടുന്ന മുഹാജിറുകളുടെ, പിന്നീട് ‘മതപരമായ പുറപ്പാട്' (Hijrath) എന്ന് രേഖപ്പെടുത്തപ്പെട്ട, പലായനചരിത്രവും കവിത നല്കുന്ന അതിന്റെ ഡീറ്റെയിലിംഗും ഭയപ്പെടുത്തുന്ന ഒരു റിവേഴ്സ് പലായനത്തെ ഭീകരമായി സമീപമെത്തിച്ചുനിര്ത്തുകയും ചെയ്യുന്ന ഒന്നാണ്.

മുറിവുകളുടെയും അറിവുകളുടെയും ആഖ്യാനം കൂടിയാണിതിലെ സഞ്ചാരം. ഇന്ന് ഇന്ത്യയിലടക്കം വ്യാപകമായിത്തീര്‍ന്ന പാന്‍ ഇസ്ലാമിക് പ്രത്യയശാസ്ത്രത്തെ പിന്തുടരുന്ന ഒന്നായിരുന്നില്ല ആ രാഷ്ട്രീയ പലായനം. ആധുനികസമൂഹം വികസിച്ചുവന്ന പരിണാമവഴികളുടെ മൂല്യചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തി നേടിയ ആ സംഘത്തിലെ യുവത്വമാണ് പിന്നീട് താഷ്ക്കെന്റില്‍ വെച്ച് രൂപപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സജീവസ്ഥാനങ്ങളില്നിന്ന് നയിച്ചത്. സമകാലികമായി ഇന്ത്യന്‍ മുസ്ലിംകള് നേരിട്ടുകൊണ്ടിരിക്കുന്ന (ഇത് ഒരിക്കലും മുസ്ലിംകളുടെ മാത്രം പ്രതിസന്ധിയല്ല) സ്വത്വസംബന്ധിയായ വിചാരണകളുടെയോ സംശയാത്മകതയുടെയോ അഭ്യൂഹങ്ങളുടെയോ കാലവുമായിരുന്നില്ല അത്.
എന്നാല്‍ പിന്നീട് പെഷവാര്‍ ഗൂഢാലോചനക്കേസ് പോലൊരു തീവ്രകുറ്റകൃത്യം ആരോപിക്കാന്‍ പാകത്തില്‍ മുഹമ്മദ് ഷെഫീഖിനെപ്പോലുള്ള സഖാക്കള്‍ കരുത്താര്‍ജ്ജിക്കുകയും നാടു കടത്തപ്പെടുകയും ചെയ്യുന്നുണ്ട്. എം.എന്‍.റോയ് ചൈനയിലേക്കു പോയപ്പോള്‍ ഇറാനില്‍ എത്തിപ്പെടേണ്ടിവന്ന ഷെഫീഖ് ബ്രിട്ടന്റെ തടവുപുള്ളിയായി സീസ്താന്‍ കോണ്‍സുലേറ്റില്‍ കീഴടങ്ങിയ ശേഷം പിന്നീടുള്ളത് എവിടെയും രേഖപ്പെടുത്തപ്പെടാത്ത ചരിത്രമാണ്. പില്ക്കാലത്ത് അപരത്വത്തിന്റെ നിഴലില്‍ നിര്‍ത്തി മുസ്ലിം യുവത അഴികള്ക്കുള്ളിലാവുന്നതിന്റെയോ അപ്രത്യക്ഷരാവുന്നതിന്റെയോ വര്ത്തമാനമാലോചിച്ചാല് ഇരുപത്തിനാലു വയസ്സുകാരനും ഇന്ത്യന്‍ മുസ്ലിമുമായ ഒരു ചെറുപ്പക്കാരന്റെ കീഴടങ്ങലിലും വിചാരണയിലുമുള്ള തുടക്കവരികള്‍ ഇതിന് യാദൃശ്ചികമായി വന്നതല്ലെന്ന് കാണാം.
അതുപോലെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍നിന്നും ദേശീയ രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ നിന്നും പതുക്കെ അപ്രത്യക്ഷമായിപ്പോയ മുസ്ലിം കമ്യൂണിസ്റ്റ് ധാരയുടെ ബലമുള്ള കണ്ണി കൂടിയാണയാള്‍. വേറൊന്ന്, ഇന്ത്യന്‍ പൗരത്വഭേദഗതി നിയമത്തെ ഇവിടുത്തെ ന്യൂനപക്ഷ മതസംഘടനകള്‍ ഏറ്റെടുത്ത വിധവും അതിനെതിരെ ഒരു ജനകീയ പ്രതിരോധവും പിന്തുണയും സൃഷ്ടിക്കുന്നതില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് പറ്റാതായതിന്റെ ഒരു പ്രധാന കാരണവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഹമ്മദ് ഷെഫീഖിനെപ്പോലുള്ള വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ അഭാവമാണെന്ന ബോധ്യം കൂടി ഈ കവിത മുന്നോട്ടു വെക്കുന്നു എന്നതാണ്. ആധുനിക മൂല്യങ്ങള്‍ സ്വാംശീകരിക്കുകയും മതേതരമായ രാഷ്ട്രീയം പേറുകയും ചെയ്യുന്ന മുസ്ലിം ഐഡന്റിറ്റിയുള്ള മനുഷ്യരെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് എപ്രകാരമാണ് ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത് എന്നതും മറ്റൊരു കാതലായ ചോദ്യമാണ്. രൂപം കൊണ്ട് ഇത് ഒരു ചെറു വിവരണത്തിന്റെ ഫോര്‍മാറ്റാണ് പിന്തുടരുന്നതെങ്കിലും അതിലെ അനുഭവ പരമ്പരകളും അവയേല്‍പിച്ച ആഘാതങ്ങളും പരിണാമങ്ങളു മൊക്കെച്ചേര്ന്ന് സവിശേഷമായൊരു താദാത്മ്യപ്പെടലിന്റെ സഹയാത്രയിലേക്ക് കവിത വായനക്കാരെ കൊണ്ടുപോകുന്നുണ്ട്.
അതുപോലെ, നേരത്തെയുണ്ടായിട്ടുള്ള ചരിത്ര കവിതയെന്ന് വിളിക്കാവുന്ന തരം കവിതകളുടെ ഘടനയില്‍നിന്ന് ഇതിനെ പ്രധാനമായും വേറിട്ടുനിര്‍ത്തുന്നത് ഇന്ത്യയിലെ ഏറ്റവും കാലികവും മാരകവുമായ ഒരു പ്രശ്നത്തെ തീവ്രമായി സ്ഥാപിച്ചുകൊണ്ടവസാനിക്കുന്ന അതിന്റെ നിലയാണ്. മോദിക്കാല ഇന്ത്യ നേരിടുന്ന ഏറ്റവും സംശയാസ്പദവും അവഹേളനപരവുമായ ചില ചോദ്യമാതൃകകളെ നിര്‍ദ്ദയമായി അതിങ്ങനെ ക്വോട്ട് ചെയ്യുന്നത് കാണുക.
ജയിലില്‍നിന്ന്
റഷ്യയിലേക്ക് തിരിച്ചുപോയത്
ബ്രിട്ടീഷ് ചാരനായിട്ടാകുമോ?
തിരിച്ച് ഇന്ത്യയിലേക്ക്
മടങ്ങിയത് സോവിയറ്റ്
ചാരനായിട്ടാകുമോ?
ഒടുവില്‍, അതേ സന്ദേഹങ്ങളെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് ‘മുഹമ്മദ് ഷെഫീഖ് ആരായിരുന്നു? അയാള്‍ക്ക് എന്തു സംഭവിച്ചു' എന്ന മുഴക്കമുള്ള അന്വേഷണത്തില്‍ അവസാനിക്കുന്നു കവിത. സമകാലിക ഇന്ത്യയില്‍ മുഴങ്ങേണ്ട മാനവികതയുടെ ചോദ്യങ്ങളെ ചരിത്രത്തില്‍നിന്ന് പുനര്‍നിര്‍മിക്കുകയും കവിത എന്ന മാധ്യമത്തിനകത്ത് അതിനെ രാഷ്ട്രീയ വീര്യത്തോടെ സൗന്ദര്യാത്മകമായി പ്രതിഷ്ഠിക്കുകയും ചെയ്യുകയാണീ കവിത ചെയ്യുന്നതെന്ന് സംശയമില്ലാതെ പറയാം. അപരവത്ക്കരണം വിഷയമാക്കി ലത്തീഫ് മാഷ് തന്നെ
എഴുതിയിട്ടുള്ള ചില ആദ്യകാലകവിതകളില്‍ നിന്നുള്ള വളര്‍ച്ച കൂടിയാണിത്. അതുപോലെ, വി. അബ്ദുല്‍ ലത്തീഫ് എന്നു പേരുള്ള ഒരു മനുഷ്യന് ഗതികെട്ട ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ന് ചെയ്യാവുന്നതില്‍ വെച്ച് ഏറെക്കുറെ യുക്തവും ബുദ്ധിപൂര്വവുമായ തെരഞ്ഞെടുപ്പാണ് ഈ കവിതയും അതിന്റെ ഈ മട്ടിലുള്ള ആവിഷ്കാരവും എന്നുംകൂടി കൂട്ടിച്ചേര്‍ക്കാതെ വയ്യ. അതുതന്നെ രാഷ്ട്രീയൗചിത്യത്തിന്റെ മറ്റൊരു കവിതയാണ്.
സ്മിത പന്ന്യന്‍
ഫേസ്ബുക്ക് പോസ്റ്റ്.
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
കെ.കണ്ണന് എക്സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന് സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് സിദാന് ടെക്നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന് ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്സ്ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്സ്ക്രിപ്ഷന് സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media