Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിമൂന്നില്‍ കെ.വി. പ്രവീണ്‍ എഴുതിയ 'തൈമയും കൊളംബസും' എന്ന നോവല്ലയ്ക്ക് സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രീകരണം
Text Formatted

ബംഗാളില്‍ കടലില്ലേ, അവിടെപ്പോയി രാഹുല്‍ ചാടാത്തതെന്ത്?

എം. സുചിത്രയുടെ ബംഗാള്‍ റിപ്പോര്‍ട്ടില്‍ (പാക്കറ്റ് 13) ഇങ്ങനെ പറയുന്നു: ""ബി.ജെ.പിക്കെതിരെ തൃണമൂലും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ചു നില്‍ക്കുക എന്നത് ഒരു കാരണവശാലും സാധ്യമല്ല എന്നു തന്നെയാണ് സി.പി.എം നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസുമായി ഒരു സഖ്യം സാധ്യമാണെന്ന് സി.പി.എം ഒരിക്കലും കരുതിയിട്ടില്ലല്ലോ. ഇപ്പോള്‍ തൃണമൂലിനെ നേരിടാന്‍ കോണ്‍ഗ്രസിനോട് കൂട്ടുകൂടുന്നതുപോലെ ബി.ജെ.പിയെ ചെറുക്കാന്‍ തൃണമൂലിനൊപ്പം നില്‍ക്കേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യവും സംജാതമാകാം, ഏറെ വൈകാതെതന്നെ.''
ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍, കൗതുകകരമായ ചില യാഥാര്‍ഥ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കാണാം.

rahul ghandhi
കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാളില്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യത്തെ മൂന്നുഘട്ടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെത്തി വഞ്ചി തുഴഞ്ഞും കടലില്‍ ചാടിയുമൊക്കെ രാഹുല്‍ നടത്തുന്ന അഭ്യാസം പക്ഷെ, ബംഗാളില്‍ ചെലവാക്കാന്‍ അദ്ദേഹത്തിനുതന്നെ മടിയുണ്ട്. കാരണം, ബംഗാളിലെ കോണ്‍ഗ്രസ്- ഇടതു സഖ്യത്തെക്കുറിച്ച് കേരളത്തിലെ സി.പി.എമ്മിനോടും ബി.ജെ.പിയോടും പറയാനുള്ള ന്യായം അദ്ദേഹത്തിന്റെ ചെറിയ രാഷ്ട്രീയ ബുദ്ധിയില്‍ ഇനിയും ഉദിച്ചിട്ടില്ല. ബംഗാളില്‍ ഇത്തവണ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിക്കുന്നത്. 193 സീറ്റില്‍ 101 ഇടത്ത് ഇടതുപാര്‍ട്ടികളും 92 ഇടത്ത് കോണ്‍ഗ്രസും മല്‍സരിക്കുന്നു. ബംഗാളില്‍ എങ്ങനെയാണ് ബി.ജെ.പി പടിപടിയായി വളരുന്നത് എന്നതിന്റെ കൃത്യമായ ചിത്രം സുചിത്രയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴും അവിടുത്തെ ഇടതുപക്ഷം ഈ വളര്‍ച്ചയുടെ അടിസ്ഥാനം തിരിച്ചറിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്.

packet-13-cover-out.jpg
വെബ്സീന്‍ പാക്കറ്റ് പതിമൂന്നിന്റെ കവർ

എന്തുകൊണ്ട് സ്വന്തം അണികള്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നു എന്ന് തിരിച്ചറിയാത്ത ഒരു നേതൃത്വമാണ് ഇടതുപക്ഷത്തിന് ബംഗാളിലുള്ളത്. അഞ്ചുവര്‍ഷത്തെ ആയുസ്സുമാത്രമുള്ള തെരഞ്ഞെടുപ്പുരാഷ്ട്രീയവും അതിനുവേണ്ടിയുള്ള തത്വദീക്ഷയില്ലാത്ത ധാരണകളുമാണ് അവിടെ രാഷ്ട്രീയത്തെ ഇത്രമേല്‍ മലീമസമാക്കുന്നതെന്ന് എന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും തിരിച്ചറിയുക?

ബംഗാളില്‍, ഇരുപാര്‍ട്ടികളുടെയും മുഖ്യശത്രു ബി.ജെ.പി തന്നെയാണ്, തൃണമൂല്‍ കോണ്‍ഗ്രസ് അല്ല. തൃണമൂലിനെ ചെറുക്കാന്‍ ചെലവാക്കുന്ന ഊര്‍ജം ശരിക്കും ബി.ജെ.പിക്കെതിരെയാണ് തിരിച്ചുവിടേണ്ടത്, അതിനുള്ള ധാരണകളും സഖ്യങ്ങളുമാണ് വേണ്ടത്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കേണ്ട കാര്യമില്ല. കാരണം, രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടുന്നത് അതാതിടത്തെ യാഥാര്‍ഥ്യങ്ങളോട് പ്രതികരിച്ചുകൊണ്ടായിരിക്കണം. അത് ജനങ്ങളോട് വിശദീകരിക്കാനുള്ള യുക്തി കോണ്‍ഗ്രസിനില്ലാതെ പോകുന്നു.
സി. കമറുദ്ദീന്‍
കുന്നംകുളം, തൃശൂര്‍ 


ഇടതുപക്ഷം എങ്ങനെയാണ് പരിസ്ഥിതി വിരുദ്ധമാകുന്നത്?

രിസ്ഥിതിയുമായി ബന്ധപ്പെട്ട് ഡോ. ടി.വി. സജീവുമായി കുഞ്ഞുണ്ണി സജീവ് നടത്തിയ സംഭാഷണം (പാക്കറ്റ് 13) ഏറ്റവും സമകാലികമായ ചില വിഷയങ്ങളുടെ ആമുഖമായി വായിച്ചെടുക്കാം. പരിസ്ഥിതി പ്രവര്‍ത്തനത്തിന്, ഭരണകൂട രാഷ്ട്രീയവുമായി നേരിട്ടുതന്നെ ബന്ധം വേണമെന്ന അദ്ദേഹത്തിന്റെ വാദം കൃത്യമാണ്. പ്രത്യേകിച്ച് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഈയൊരു വാദം കേരളത്തില്‍ ഉയര്‍ന്നുവന്നത്. എങ്കിലും, കേരളത്തില്‍ നിലനില്‍ക്കുന്ന പാരിസ്ഥിതിക വിരുദ്ധമായ ഒരുതരം ഇടതുപക്ഷയാഥാസ്ഥിതികത്വം ഇത്തരം ചര്‍ച്ചകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മടിച്ചു. ഇവിടുത്തെ ന്യൂനപക്ഷമായ പരിസ്ഥിതി പ്രവര്‍ത്തകരുടെ ദുര്‍ബലമായ നിലവിളികളായി അവ ഒടുങ്ങി. മറുവശത്ത്, ഇടതുപക്ഷ സര്‍ക്കാറുണ്ടായിരുന്ന കാലഘട്ടങ്ങളില്‍ പോലും ഇത്തരം മൂവ്മെന്റുകളെ വികസനവിരുദ്ധമെന്ന കാഴ്ചപ്പാടിലേക്ക് ചുരുക്കിക്കെട്ടാനായിരുന്നു ശ്രമം. കേരളം രണ്ട് പ്രളയങ്ങളും അനവധി പ്രകൃതിക്ഷോഭങ്ങളും തുടര്‍ച്ചയായി അഭിമുഖീകരിച്ചുകഴിഞ്ഞിട്ടും അവക്കുശേഷം പിണറായി വിജയന്റെ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കേരളത്തിനുവേണ്ടിയുള്ള അജണ്ട, പാരിസ്ഥിതികമായി നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. വിഭവ വിനിയോഗത്തിന്റെ കാര്യത്തില്‍ ഒരുതരം ശാസ്ത്രീയമായ കാഴ്ചപ്പാടും അത് മുന്നോട്ടുവക്കുന്നില്ലെന്നുമാത്രമല്ല, ഇടതുപക്ഷ യാഥാസ്ഥിതികതയുടേതായ കടുംപിടുത്തം അതിനുണ്ടായിരുന്നു.

sajeev_1 (1).jpg
ഡോ. ടി.വി സജീവിനൊപ്പം കുഞ്ഞുണ്ണി സജീവ്

പ്രളയ ദുരിതാശ്വാസം സമര്‍ഥമായി കൈകാര്യം ചെയ്ത ഒരു ഭരണകൂട നേതൃത്വത്തിന് എന്തുകൊണ്ടാണ് അതിന്റെ മൂലകാരണങ്ങളെ ജനകീയപക്ഷത്തുനിന്ന് വിശലകനം ചെയ്യാന്‍ കഴിയാതെ പോയത്? രണ്ടു പ്രളയങ്ങള്‍ക്കും ശേഷം പാരിസ്ഥിതികമായി കേരളം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഭൂമി അടക്കമുള്ള വിഭവങ്ങളുടെ ശാസ്ത്രീയ വിനിയോഗത്തെക്കുറിച്ചും നദികളുടെ സംരക്ഷണത്തെക്കുറിച്ചുമെല്ലാം പുതിയ ആലോചനകള്‍ ഇവിടെയുണ്ടായി. എന്നാല്‍, അവയുടെയൊന്നും സത്ത ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ല. അതുകൊണ്ടുകൂടിയാണ്, ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്ക് തന്നെ അലട്ടുന്ന ഒരു പ്രധാന ചോദ്യം ഡോ. സജീവ് ഉന്നയിക്കുന്നത്: ""നമ്മള്‍ പുതിയതായി നിര്‍മിക്കുന്ന അറിവുകള്‍, അതെത്രമാത്രം, ആ പ്രദേശം ഭരിക്കുന്ന ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്, അതില്‍ എത്രമാത്രം അത് ഭരണത്തെ, ഭരണരീതികളെ, നിര്‍ണയിക്കുന്നതില്‍ ഒരു ഭാഗമാക്കുന്നുണ്ട്''. ജനപക്ഷത്തുള്ളതെന്ന് അവകാശപ്പെടുന്ന ഒരു ഭരണകൂടത്തിന് ഒരിക്കലും അവഗണിക്കാനാകാത്ത ഒരു ചോദ്യമാണിത്. വിവിധ ശാസ്ത്രജ്ഞാനങ്ങളുടെ- പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും- രാഷ്ട്രീയമായ ഏകോപനത്തിനുവേണ്ടിയുള്ള കൃത്യമായ ഒരു നിലപാട് മുന്നോട്ടുവെക്കുന്നു എന്നതുകൊണ്ടാണ് ഈ സംഭാഷണം വേറിട്ടതാകുന്നത
ജെ.ഡി. പ്രസാദ് 
ഗൗരീശപട്ടം, തിരുവനന്തപുരം 


വൈറസിനെ വിവാദങ്ങളില്‍നിന്ന് മുക്തമാക്കുന്ന അന്വേഷണം

സാര്‍സ് കൊറോണ വൈറസുകളുടെ ഉല്‍പ്പത്തിയമായി ബന്ധപ്പെട്ട ശാസ്ത്രീയാന്വേഷണങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞ പാക്കറ്റില്‍ ഡോ. ജയകൃഷ്ണന്‍ ടി. എഴുതിയ ലേഖനം നിരവധി പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍നിന്നായതിനാല്‍, അത് രാഷ്ട്രീയമായ തര്‍ക്കങ്ങളിലേക്കും അര്‍ഥശൂന്യമായ വിവാദങ്ങളിലേക്കുമാണ് നയിച്ചത്.

t-jayakrishnan.jpg
ഡോ. ജയകൃഷ്ണന്‍ ടി.

ട്രംപിന്റെ കാലത്തെ അമേരിക്ക അതിനെ ഒരു നയതന്ത്രപ്രശ്നം പോലുമാക്കി മാറ്റാന്‍ ശ്രമിച്ചത് നാം കണ്ടതാണ്. ശാസ്ത്രത്തിനുമാത്രമേ, ഇത്തരം വസ്തുതാവിരുദ്ധങ്ങളായ പ്രചാരണങ്ങളെ പൊളിച്ചുകാണിക്കാന്‍ കഴിയൂ എന്ന് ഈ ലേഖനം ഊന്നിപ്പറയുന്നു. പാന്‍ഡമിക് എന്ന ഒരു സാമൂഹികാരോഗ്യപ്രശ്നത്തെ എങ്ങനെ ഭരണകൂടങ്ങളുടെ സങ്കുചിതതാല്‍പര്യങ്ങളില്‍നിന്ന് മുക്തമാക്കാം എന്ന അന്വേഷണം കൂടിയായി, ഈ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലുകളെ കാണാം. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് ലീക്ക് ചെയ്ത് വൈറസ് പുറത്തുചാടി, ചൈന ലോകത്തിനെതിരെ തൊടുത്തുവിട്ട ജൈവായുധം തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തങ്ങളെയെല്ലാം നിരാകരിക്കുന്ന തെളിവുകള്‍ ശാസ്ത്രസംഘം കണ്ടെത്തിയതിന്റെ വിശദമായ വിശകലനമാണ് ഡോ. ജയകൃഷ്ണന്‍ നടത്തുന്നത്
എം.സി. അബ്ദുള്‍ കരീം 
ഷാര്‍ജ, യു.എ.ഇ.


എന്തൊരു അധ്യാപകനാണ് ഈ എം. കുഞ്ഞാമന്‍

പ്രിയപ്പെട്ട ശിഷ്യനെക്കുറിച്ചുള്ള അധ്യാപകന്റെ കുറിപ്പും (Teacher's Diary) പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ കുറിപ്പും (Salute, Dear Teacher) ആവേശത്തോടെയാണ് വായിക്കുന്നത്. ഈ പംക്തിയില്‍ കഴിഞ്ഞ പാക്കറ്റില്‍ എം. കുഞ്ഞാമന്‍ എഴുതിയ കുറിപ്പ് കണ്ണ് നനയിക്കുന്നതായിരുന്നു.

ക്ലാസ് റൂമില്‍ മാത്രമല്ല, പുറത്തും ഒരു അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്ന് തന്റെ ജീവിതം കൊണ്ടുതന്നെ അദ്ദേഹം കാണിച്ചുതരുന്നു. ഇന്ത്യയിലെ നിരവധി തലമുറകളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോളം ജീവിതാനുഭവങ്ങളും അതില്‍നിന്ന് നേടിയ ഉള്‍ക്കാഴ്ചയുമുള്ള അധ്യാപകര്‍ വിരളമായിരിക്കും. ഇവയെ തന്റെ അധ്യാപനത്തിലേക്ക് പകര്‍ത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. കാമ്പസില്‍ ഭക്ഷണം കഴിക്കാനില്ലാത്ത ഒരു വിദ്യാര്‍ഥിയെ അദ്ദേഹം പെട്ടെന്ന് തിരിച്ചറിയുന്നത്, അയാളെ കാന്റീനില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കുന്നത്, പിന്നെയൊരിക്കലും ഭക്ഷണം മുടങ്ങാതിരിക്കാനുള്ള ശ്രമം നടത്തുന്നത്... എല്ലാം അധ്യാപനത്തിന്റെ ഭാഗമായി തന്നെ അദ്ദേഹം വിശദീകരിക്കുന്നു. ഞാന്‍ ആ വിദ്യാര്‍ഥിയെക്കുറിച്ചാണ് അത് വായിച്ചപ്പോള്‍ ചിന്തിച്ചത്. ഭക്ഷണം കിട്ടിത്തുടങ്ങിയപ്പോള്‍ പുതിയൊരാവേശത്തോടെ പഠിക്കാന്‍ തുടങ്ങിയ അയാളുടെ ജീവിതത്തിന് പാഠപുസ്തകങ്ങള്‍ നല്‍കിയ അറിവുകളായിരിക്കുകയില്ല തുണയായിട്ടുണ്ടാകുക, പുറത്തുനിന്ന് കിട്ടിയ ഇത്തരം അനുതാപങ്ങളായിരിക്കും. അതുകൊണ്ടുതന്നെ, അയാള്‍ ഒരു നല്ല വ്യക്തിയായി, സമൂഹത്തോടും ചുറ്റുപാടുകളോടും സഹജീവികളോടും പ്രതിബന്ധതയുള്ള വ്യക്തിയായി മാറിയിട്ടുണ്ടാകും.

kunjhaman.jpg
ഡോ. എം. കുഞ്ഞാമന്‍ / ചിത്രം: ധനൂജ്

വെറുമൊരു ക്ലാസ്മുറിയില്‍നിന്ന് ലഭിക്കാത്ത വലിയ പാഠങ്ങള്‍. അത് ഒരു വിദ്യാര്‍ഥിക്ക് നല്‍കാന്‍ അധ്യാപകന് കഴിയുന്നത്, സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങളില്‍നിന്നുകൂടിയാണ്. ആ വിദ്യാര്‍ഥിയുടെ വിശപ്പ് കുഞ്ഞാമന് അതിവേഗം പിടിച്ചെടുക്കാനായത്, താനും അങ്ങനെയൊരു പട്ടിണിക്കാരനായ വിദ്യാര്‍ഥിയായിരുന്നു എന്ന അനുഭവത്തില്‍ നിന്നാണ്. തന്റെ പട്ടിണിയെ, നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ച ഒരു വ്യക്തിയായതുകൊണ്ടാണ്.

കുഞ്ഞാമന്‍ എന്ന അധ്യാപകനെ രൂപപ്പെടുത്തിയ സാഹചര്യങ്ങള്‍ അത്രമാത്രം തീവ്രമായിരുന്നു. അനുഭവമാണ് ഗുരു എന്ന ആപ്തവാക്യം എത്ര ശരിയാണ്!
മഹാരാഷ്ട്രയിലെ തുല്‍ജാപൂര്‍ കാമ്പസിലുള്ള വിദ്യാര്‍ഥികളെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മറക്കാനാവാത്തവയാണ്. ഇന്നും പട്ടിണി കിടന്നും വീടുകളില്‍ പണിയെടുത്തും പഠിക്കുന്ന കുട്ടികള്‍ ഇത്തരം വലിയ കാമ്പസുകളില്‍ പോലുമുണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. രോഹിത് വെമുലയെപ്പോലുള്ള വിദ്യാര്‍ഥികളുടെ ജീവിതവും സമരവും ഓര്‍മവന്നു, കുഞ്ഞാമന്റെ വിദ്യാര്‍ഥികളെക്കുറിച്ച് വായിച്ചപ്പോള്‍. കുഞ്ഞാമനെപ്പോലൊരു അധ്യാപകന്റെ വിദ്യാര്‍ഥികളാകാന്‍ അവര്‍ക്ക് ഭാഗ്യം ലഭിച്ചല്ലോ എന്നോര്‍ത്താണ് സമാധാനം.
ജെന്നിഫര്‍ കെ. മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.എ 


സച്ചിമാഷ്

ച്ചിദാനന്ദന്‍ എന്ന അധ്യാപകനെക്കുറിച്ച് സി.ആര്‍. നീലകണ്ഠന്‍ എഴുതിയ കുറിപ്പ് (പാക്കറ്റ് 13) വായിച്ചപ്പോള്‍ എന്റെ ക്രൈസ്റ്റ് കോളേജ് ജീവിതവും ഓര്‍മവന്നു. 1983- 88 കാലത്ത് പ്രീഡിഗ്രിക്കും ഡിഗ്രിക്കും ക്രൈസ്റ്റില്‍ വിദ്യാര്‍ഥിയായിരുന്നു ഞാനും. നാലുവര്‍ഷം സച്ചിദാനന്ദന്‍ മാഷുടെ ഇംഗ്ലീഷ് ക്ലാസിലിരിക്കാന്‍ ഭാഗ്യം കിട്ടി. സി.ആര്‍. നീലകണ്ഠന്‍ പറയുന്ന കാലത്തേതില്‍നിന്ന് വ്യത്യസ്തമായ, ഒരുതരം ട്രാന്‍സിഷന്‍ കാലം കൂടിയായിരുന്നു അത്. കാമ്പസുകളിലെ വലിയ ബഹളങ്ങളും പ്രതിഷേധങ്ങളുമൊക്കെ ഒട്ടൊക്കെ അടങ്ങുകയും മറ്റൊരു കാലത്തിന്റെ പടിവാതില്‍ക്കലെത്തിയതുപോലുള്ള പ്രതീതിയുമായിരുന്നു അന്നുണ്ടായിരുന്നത്.

SACHITHANANDAN_2.jpg
കെ. സച്ചിദാനന്ദന്‍

അതുകൊണ്ട്, സച്ചിദാനന്ദന്‍ സാറിന്റെ ക്ലാസുകള്‍ തികച്ചും സാധാരണമായ ഒന്നായിരുന്നു. പക്ഷെ, ആ സാന്നിധ്യം, സി.ആര്‍ പറയുന്നതുപോലെ വായനയുടെ അല്‍ഭുതകരമായ ലോകങ്ങളിലേക്ക് നയിച്ചു. മലയാളത്തിലെ എന്റെ ഗൗരവകരമായ വായന തുടങ്ങിയത് സച്ചിദാനന്ദന്റെ അഞ്ചുസൂര്യനും പീഡനകാലവും വായിച്ചാണ്. ആ വായനയാണ് പല ഭാഷകളിലേക്കുമുള്ള സാഹിത്യവായനയുടെ വാതിലുകള്‍ തുറന്നുതന്നത്. ക്ലാസില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ലളിതമായ ഇംഗ്ലീഷാണ്, ആ ഭാഷയോടുള്ള പേടി ഇല്ലാതാക്കിയത്. ഉത്സവം കഴിഞ്ഞ് എന്ന സ്വന്തം കവിത ചൊല്ലിയാണ് അദ്ദേഹം ഒരു ക്ലാസില്‍നിന്ന് യാത്ര പറഞ്ഞത്.
അനില്‍ സി. എബ്രഹാം (ചാലക്കുടി)
ദുബൈ, യു.എ.ഇ.


കോര്‍പറേറ്റുകള്‍ക്കുമുന്നില്‍ ജനങ്ങളും നിസ്സഹായരായിപ്പോകുന്നു

രണകൂടങ്ങളും കോര്‍പറേറ്റുകളും തമ്മിലുള്ള ചങ്ങാത്തത്തിന്റെ അറിയപ്പെടാത്ത കാര്യങ്ങളാണ്, കെ.പി.സേതുനാഥ് ""ആ ടൂള്‍ കിറ്റു''കള്‍ക്കുമുന്നില്‍ അവര്‍ നിശ്ശബ്ദരാണ്(പാക്കറ്റ് 13) എന്ന ലേഖനത്തില്‍ പറയുന്നത്. നരേന്ദ്രമോദിയുടെ സര്‍ക്കാറിനെപ്പോലെ, കോര്‍പറേറ്റുകളുടെ തന്നെ സൃഷ്ടിയായ ഭരണകൂടങ്ങളെ, തങ്ങളുടെ അധീശത്വം ഉറപ്പിക്കാനുള്ള ടൂളുകളായി ഇവര്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് ഇനിയും വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടിട്ടില്ല. തങ്ങള്‍ ഇടപെടുന്ന വ്യാപാരത്തിന്റെ മേഖലയില്‍ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ എല്ലാ മേഖലകളെയും സ്വന്തം മൂലധന താല്‍പര്യത്തിനായി ഒരുക്കിയെടുക്കുന്ന അജണ്ടയാണ് കോര്‍പറേറ്റുകള്‍ പ്രയോഗിക്കുന്നത്. കര്‍ഷക സമരത്തിനാധാരമായ, മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും ആ നിയമങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയാത്തവിധം കുരുക്കിട്ടിരിക്കുകയാണ് കോര്‍പറേറ്റുകള്‍ എന്ന് വ്യക്തം. കര്‍ഷകരെ പോലെ തന്നെ കൊടും ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ചെറുകിട വ്യാപാര- തൊഴില്‍ മേഖലയും.

kp sethunath
കെ.പി. സേതുനാഥ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ആമസോണിന്റെ പങ്കാളിത്തം ഇന്ത്യയിലെ ന്നര ലക്ഷത്തോളം ചെറുകിട വ്യാപാരികളെ ബാധിച്ചുവെന്ന യാഥാര്‍ഥ്യം ഇതിന് തെളിവാണ്. ഒരു കോര്‍പറേറ്റ് സൂപ്പര്‍മാര്‍ക്കറ്റ് വരുമ്പോള്‍, സമീപത്തുള്ള എത്ര ചെറുകിട കച്ചവടക്കാരുടെ കച്ചവടം ഇല്ലാതാകും എന്നുമാത്രം നോക്കിയാല്‍ മതി, ഒരു വിപുലമായ കോര്‍പറേറ്റ് ഇടപെടല്‍ എങ്ങനെ രാജ്യത്തെ ആകമാനമുള്ള വ്യാപാരമേഖലയെ ബാധിക്കാനെന്ന്. കോര്‍പറേറ്റുകള്‍ക്കുള്ള ഭരണകൂട ഒത്താശ, കോര്‍പറേറ്റുകള്‍ നല്‍കുന്ന "സൗകര്യ'ങ്ങളുടെ ഗുണഭോക്താക്കളാകാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. വിചാരിച്ചാല്‍ പോലൂം കോര്‍പറേറ്റുകളില്‍നിന്ന് ഒഴിഞ്ഞുമാറാനാകാത്ത അവസ്ഥ.
ശ്യാമിലി ഹേമന്ത് 
മില്‍ട്ടണ്‍, കാനഡ 


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media