Tuesday, 28 March 2023

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിനാലില്‍ ഷഫീക്ക് മുസ്തഫ എഴുതിയ പ്രവാസിയുടെ ‘വര്‍ക്ക് ഫ്രം ഹോം' എന്ന കുറിപ്പിന് ദേവപ്രകാശിന്റെ ചിത്രീകരണം
Text Formatted

ജാതിയും മതവുമുള്ള വൈറസ്

കോവിഡ് വരുത്തിവെച്ച ശാരീരികമായ വിനാശങ്ങളേക്കാള്‍ എത്രയോ ഗുരുതരമാണ് സാമൂഹികാഘാതങ്ങള്‍ എന്ന് ഡോ. ബി. ഇക്ബാല്‍ വ്യക്തമാക്കുന്നു (കോവിഡ് മഹാമാരിക്കുള്ളിലുണ്ട്, വംശീയതയുടെ മഹാമാരികള്‍, വെബ്സീന്‍ പാക്കറ്റ് 14). കോവിഡ്, ആളുകളുടെ സമ്പത്തോ പദവിയോ ലിംഗമോ നോക്കാതെ എല്ലാവരെയും ഒരേപോലെ ബാധിക്കുന്ന ഒന്നാണ് എന്ന തെറ്റിധാരണയാണ് ഡോ. ഇക്ബാല്‍ പൊളിച്ചുകാട്ടുന്നത്. കറുത്ത വര്‍ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരിലാണ് മരിച്ചവരില്‍ 19 ശതമാനവും എന്ന ബ്രിട്ടനിലെയും അമേരിക്കയിലെയും കണക്ക് അദ്ദേഹം ഉദാഹരണമായി പറയുന്നത്, കണ്ണു തുറപ്പിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തനീയമാണ്. അത്, കോവിഡിന്റെ സാമൂഹികശാസ്ത്രത്തെ വെളിപ്പെടുത്തുന്നു.

dr b ikbal
ഡോ. ബി. ഇക്ബാല്‍

പകര്‍ച്ചവ്യാധിക്കിടയാക്കുന്ന ജീവിതസാഹചര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ ഇത്തരക്കാരാണ്. മാത്രമല്ല, സമ്പന്നര്‍ക്ക് രോഗത്തില്‍നിന്ന് രക്ഷപ്പെടാനും അതിനെ പ്രതിരോധിക്കാനുമുള്ള ചുറ്റുപാടുകളുണ്ട്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് സമ്പന്ന- മധ്യവര്‍ഗം സുരക്ഷിതരായി വീടുകളില്‍ അടച്ചിരുന്നപ്പോള്‍, ആരുടെയും ശ്രദ്ധയില്‍ പെടാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ തെരുവുകളിലായിരുന്നു, അവര്‍ മരിച്ചുവീഴുകയും ചെയ്തുകൊണ്ടിരുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍. കിലോമീറ്ററുകള്‍ നടന്ന് ക്ഷീണിച്ച് ദിവസങ്ങളോളം കൊച്ചുകുട്ടികളും സ്ത്രീകളുമുടങ്ങുന്ന അവരുടെ കുടുംബങ്ങള്‍ എത്രയോ ദിവസങ്ങള്‍ അക്കാലത്ത് റോഡരികില്‍ ഉറങ്ങിക്കിടന്നു. അവര്‍ക്ക് ആരാണ് സാനിറ്റൈസനും മാസ്‌കുമെല്ലാം നല്‍കുക? സര്‍ക്കാര്‍ പോലും ശ്രദ്ധിക്കാത്ത ഇത്തരം മനുഷ്യര്‍ ലോകത്തെല്ലായിടത്തുമുണ്ടാകും. ജീവിക്കാന്‍ തെരുവിലിറങ്ങേണ്ടിവരുന്ന ഇവരെയാണല്ലോ വൈറസ് ആദ്യം ആക്രമിക്കുക. അതില്‍ അല്‍ഭുതവുമില്ല. ഇക്ബാല്‍ പറയുന്ന ഒരു കാര്യം കൗതുകമുള്ളതാണ്: ""ബ്രസീലില്‍ കോവിഡ് കൊണ്ടുവന്നത് യൂറോപ്പില്‍ അവധിക്കാല ഉല്ലാസത്തിന് പോയ വെള്ളക്കാരാണ്. അവരാവട്ടെ രോഗം തങ്ങളുടെ വീടുകളില്‍ ജോലിചെയ്യുന്ന കറുത്തവരിലേക്ക് പരത്തുകയും ചെയ്തു. ബ്രസീലിലെ ഫാവിയോള എന്നറിയപ്പെടുന്ന ചേരിപ്രദേശത്ത് കഴിയുന്ന 12 ദശലക്ഷം വരുന്ന കറുത്തവര്‍ തികച്ചും ശോചനീയ ജീവിതസാഹചര്യങ്ങളിലാണ് കഴിഞ്ഞുകൂടുന്നത്.'' കോവിഡ്, സമൂഹത്തിലെ വര്‍ഗങ്ങളെ, വര്‍ണങ്ങളെ എത്ര സമര്‍ഥമായി വര്‍ഗീകരിക്കുകയും വിവേചനത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന് അമ്പരപ്പോടെ മാത്രമേ കാണാനാകൂ. 
പ്രമോദ് സി.ജോസഫ് 
കലിഫോര്‍ണിയ യു.എസ്.


വവ്വാലുകള്‍ എന്ന 'ഭീകരജീവി'കള്‍

ഡോ. ജയകൃഷ്ണന്‍ ടി.യുടെ ലേഖനം (അടുത്ത മഹാമാരിയിലേക്ക്  ഒരു മ്യൂട്ടേഷന്റെ അകലം മാത്രം, പാക്കറ്റ് 14) വവ്വാലുകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ പകര്‍ന്നുനല്‍കുന്നതായി. കോഴിക്കോട് നിപ്പ പടര്‍ന്നുപിടിച്ച സമയത്താണ് വവ്വാലുകളുടെ സംഹാരശക്തി നമ്മള്‍ തിരിച്ചറിയുന്നത്. എന്നാല്‍, അന്നും ഒരുതരം ആശയക്കുഴപ്പമുണ്ടായിരുന്നു, ഏതുതരം വവ്വാലുകളാണ് രോഗം പരത്തുക എന്നതിനെച്ചൊല്ലിയൊക്കെ. എന്നാല്‍, ഡോ. ജയകൃഷ്ണന്‍ ഇത്തരം സംശയങ്ങളെല്ലാം ദൂരീകരിക്കുന്നു, മാത്രമല്ല, രോഗവാഹിയായ ഒരു ശരീരമായി ഇവ എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്ന് വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ പുതിയ പാഠങ്ങളാണ് കോവിഡ് പകര്‍ന്നുനല്‍കുന്നത്. തങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഏല്‍ക്കുന്ന ആക്രമണങ്ങളാണ് ഒരു ജീവിയുടെ സാമൂഹികജീവിതത്തിലും ജൈവികതയിലും മാറ്റങ്ങളുണ്ടാക്കുന്നതെന്ന് ഇന്ന് ശാസ്ത്രം പറയുന്നുണ്ട്.

dr-jayakrishnan.jpg
ഡോ. ജയകൃഷ്ണന്‍ ടി

വൈറസുകളെ സുരക്ഷിതമായി വവ്വാലുകളുടെ ശരീരം പേറിനടക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ഇടപെടലുകൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഈ വൈറസുകളെ അപകടകാരികളാക്കി മാറ്റുന്നു. രോഗങ്ങളുടെ കാര്യത്തില്‍ ഇത് തീവ്രമായി നമുക്ക് അനുഭവപ്പെടുന്നു. എന്നാല്‍, കാട്ടുമൃഗങ്ങളുടെ മനുഷ്യനുനേരെയുള്ള ആക്രമണം കൂടിവരുന്നതും ഇതുമായി ബന്ധപ്പെടുത്തി ചിന്തിക്കാം. വനാതിര്‍ത്തികളില്‍ ഇത്തരം ആള്‍നാശങ്ങള്‍ ഏറെയുണ്ടാകുന്നുണ്ട് സമീപകാലത്തായി. നാട്ടുകാരുടെ വൈകാരികമായ പ്രതികരണങ്ങളാണ് ഇതിനോടുണ്ടാകുന്നത്. ഇതിന്റെ കാരണങ്ങളും സ്ഥായിയായ പരിഹാരങ്ങളും കണ്ടെത്താന്‍ സര്‍ക്കാറിനുപോലും താല്‍പര്യമില്ല. തങ്ങള്‍ക്ക് വിനയാകുന്ന സഹജീവനങ്ങളെ മാത്രം കൈകാര്യം ചെയ്യുക, അല്ലാത്തവയെ അടിച്ചമര്‍ത്തി ജീവിക്കുക എന്നൊരു വിചാരത്തില്‍നിന്ന് മനുഷ്യന്‍ മുക്തനാകുന്ന കാലത്തേ ഇതിന് ഒരു പരിഹാരം കാണാനാകൂ.
സി. മിത്രന്‍
അബൂദബി, യു.എ.ഇ.


ഇ. ശ്രീധരന്‍ എന്തുകൊണ്ട് ഒരു ട്രോളല്ല?

പാക്കറ്റ് 14ല്‍ ഡോ. യാസ്സര്‍ അറഫാത്ത് പി. കെ. എഴുതിയ കേരള ഹിന്ദുത്വത്തിന്റെ ഒരു ഹൈദഗര്‍ മൊമെന്റ് എന്ന ലേഖനം സന്ദര്‍ഭോചിതമായിരുന്നു. ഓരോ ചെറിയ തെരഞ്ഞെടുപ്പുകളെ പോലും തങ്ങളുടെ സാന്നിധ്യമുറപ്പിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ ബുദ്ധിപരമായി മറ്റൊരു പദ്ധതിയാണ് ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനത്തോടെ സംഭവിച്ചിരിക്കുന്നത്. മുമ്പും ഈ പദ്ധതി ബി.ജെ.പി കേരളത്തെപ്പോലെ അവര്‍ക്ക് വലിയ സ്വാധീനമില്ലാത്തിടങ്ങളില്‍ പ്രയോഗിച്ചുവരുന്നു. മരിക്കുന്നതിന് നാലഞ്ചുവര്‍ഷം മുമ്പാണ്, ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപി ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇടതുപക്ഷ ധാരയോട് ചേര്‍ന്നുനില്‍ക്കുന്ന കലാ- സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. മാത്രമല്ല, സിനിമയെ ഒരുതരം പ്രതിബന്ധതയോടെ സമീപിക്കുകയും താരാധിപത്യമടക്കമുള്ള അവിഹിത സ്വാധീനങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത നടന്‍ കൂടിയാണദ്ദേഹം.

dr yaser arafath
ഡോ. യാസ്സര്‍ അറഫാത്ത്

പ്രതിഭാശാലിയായ ആ നടന്‍ ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഒരുതരത്തിലുമുള്ള ന്യായീകരണം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഈ സമയത്തുതന്നെയാണ് ഫോട്ടോഗ്രാഫര്‍ എന്‍.എല്‍. ബാലകൃഷ്ണന്‍, സിനിമ നിര്‍മാതാവ് ആര്‍.എസ്. മധു, പി.ശശിധരന്‍ പിള്ള, കഥകളി നടന്‍ മടവൂര്‍ വാസുദേവന്‍ പിള്ള തുടങ്ങിയവരും ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രേംനസീറിന്റെ മകന്‍ ഷാനവാസ് പാര്‍ട്ടി അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഈ ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറയുകയും ചെയ്തു. സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍, ഗായകന്‍ കെ.പി. ഉദയഭാനു എന്നിവരടക്കമുള്ള നിരവധി പ്രമുഖരാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്. ഭരത് ഗോപി ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ട് അദ്ദേഹത്തിനോ പാര്‍ട്ടിക്കോ ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ല എന്ന ഒരുതരം അവഗണനയാണ് അന്ന് കേരളം പുലര്‍ത്തിയത്. എന്നാല്‍, സാംസ്‌കാരികമായ സംഘ്പരിവാര്‍ ഗൂഢപദ്ധതി പടിപടിയായി വിജയിക്കുന്നതിന്റെ ഒരു ഘട്ടമായിരുന്നു അത്.

packet-14.jpg
വെബ്സീന്‍ പാക്കറ്റ് പതിനാലിന്റെ കവർ

ലേഖകന്‍ പറയുന്നതുപോലെ, സംഘ്പരിവാറുകാരനാകുന്നതിലുള്ള മലയാളിയുടെ ഒരുതരം ലജ്ജ ഈ പ്രവേശനങ്ങള്‍ ഇല്ലാതാക്കിവന്നു. അതിനോടുള്ള തൊട്ടുകൂടായ്മ നീങ്ങിത്തുടങ്ങി. വ്യക്തികളെ മാത്രമല്ല, അമൃതാനന്ദമയിയെപ്പോലെ ആള്‍ക്കൂട്ടങ്ങളെ സ്വാധീനിക്കുന്ന വലിയ സംവിധാനങ്ങളെയും ഏറ്റവുമൊടുവില്‍ എസ്.എന്‍.ഡി.പിയെയും ക്രിസ്ത്യന്‍ സഭകളെയുമെല്ലാം സംഘ് കുടക്കീഴിലാക്കാന്‍ ഈ സാംസ്‌കാരിക പദ്ധതിക്കുകഴിഞ്ഞു. ഇത്തരം സംഘടനകളെയും സംവിധാനങ്ങളെയും ഉപയോഗിച്ച്, സാമുദായികവും ജാതീയവും സവര്‍ണവുമായ ധ്രുവീകരണങ്ങളിലൂടെ മധ്യവര്‍ഗ മലയാളിയുടെ സ്വീകരണമുറിയിലേക്ക് അതിവേഗം അവര്‍ കയറിപ്പറ്റുകയും ചെയ്തു. കേരളത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന രാഷ്ട്രീയ ദൃശ്യതക്കുവേണ്ടിയുള്ള പാച്ചിലുകള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ പേരില്‍ നാം മാധ്യമങ്ങളെ ഏറെ കുറ്റവും പറയുന്നുണ്ട്- തെരഞ്ഞെടുപ്പുകളെ ത്രികോണ മത്സരങ്ങളാക്കി മാറ്റിയതിലൂടെ, യു.ഡി.എഫ്- എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പടം കൂടി കൊടുക്കുന്നത് സാധാരണത്വമാക്കിയതിലൂടെ. എന്നാല്‍, സംഘ്പരിവാറിന്റെ സാംസ്‌കാരികമായ നുഴഞ്ഞുകയറ്റം ഇതിനേക്കാള്‍ അപകടകരമാണ്, കാരണം, അത് അദൃശ്യമാണ് എന്നതുതന്നെ. അതുകൊണ്ട്, ഇ.ശ്രീധരനെപ്പോലെ കേരളീയ സമൂഹം പൊതുവെ ആദരിക്കുന്ന, അതിന്റെ മധ്യവര്‍ഗവികാരങ്ങളുടെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള ഒരു വ്യക്തിയുടെ കടന്നുവരവ് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഒന്നായി തന്നെ പരിഗണിക്കപ്പെടണം. അത് വെബ്സീന്‍ ചര്‍ച്ചക്കെടുത്തത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്.
ജയന്തി പൊക്കാട്ട്
തിരൂരങ്ങാടി, മലപ്പുറം


ഭാഷയില്‍ വെബ്സീന്‍ നടത്തുന്നത് ഒരു വലിയ മാറ്റമാണ്

ഞാന്‍ ഒരു മലയാളം അധ്യാപകനാണ്. ട്രൂ കോപ്പി വെബ്സീനിന്റെ ഭാഷയോടുള്ള സമീപനം വളരെ വ്യത്യസ്തമായി തോന്നി, അത് അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. മലയാളത്തിന്റെ മൗലികവാദപരവും യാഥാസ്ഥിതികവുമായ എല്ലാത്തരം പാരമ്പര്യങ്ങളെയും മറികടക്കുന്നതുമാത്രമല്ല, മലയാളത്തിന് സാധ്യമാകുന്ന ഏറ്റവും നവീനമായ ആഖ്യാനരൂപങ്ങള്‍ വെബ്സീന്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ സവശേഷതയാണ്. പുതിയ നിരവധി എഴുത്തുകാരുടെ സാന്നിധ്യമാണ് ഭാഷയുടെ നവീനതക്ക് ഒരു കാരണമായി എനിക്കുതോന്നുന്നത്. പുതിയ എഴുത്തുകാര്‍ മലയാളത്തെ നിസ്സങ്കോചം പ്രയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് കഥാകൃത്തുക്കള്‍. അവര്‍ മലയാളത്തിന്റെ എല്ലാതരത്തിലുമുള്ള ഭൂതകാലജീവിതത്തോട് വിപ്രതിപത്തിയുള്ളവരാണ്. അവര്‍ കൊണ്ടുവരുന്ന പുതിയ പദപ്രയോഗങ്ങളും വാചകഘടനയുടെ പൊളിച്ചെഴുത്തുമെല്ലാം വായനയെ ഉന്മേഷഭരിതമാക്കുന്നു. പുതിയ എഴുത്തുകാര്‍ മാത്രമല്ല, എന്‍. പ്രഭാകരന്‍, ഡോ. ജയശ്രീ എന്നിവരെപ്പോലുള്ളവരുടെ എഴുത്തുകള്‍ പോലും വെബ്സീനിലൂടെ വായിക്കുമ്പോള്‍ പുതിയ ഒരുതരം ഊര്‍ജം നല്‍കുന്നതായി അനുഭവപ്പെടുന്നു. ഈ രണ്ടുപേരും എഴുതുന്നത് ആത്മകഥയാണ്.

jayasre.jpg
എന്‍.പ്രഭാകരന്‍, എ.കെ. ജയശ്രീ

എന്നാല്‍, പ്രഭാകരന്‍ തന്റെ വ്യക്തിസത്തയിലേക്കും ചുറ്റുപാടുകളിലേക്കും സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയല്ല, ഡോ. ജയശ്രീ അതേതരം ആവിഷ്‌കാരത്തിന് ഉപയോഗിക്കുന്നത്. ജയശ്രീ ആത്മകഥയില്‍ പറയുന്ന ഭാഷക്ക് സ്ത്രീ ഐഡന്റിറ്റിയുടെയും അതിന്റെ രാഷ്ട്രീയബോധ്യങ്ങളുടെയും തീവ്രതയും ആഴവുമുണ്ട്. പ്രഭാകരന്‍ മാഷുടേത് ഇതില്‍നിന്ന് വ്യത്യസ്തമായ, ആശയപരമായ ഉള്‍ക്കാഴ്ചയുള്ള വ്യക്തിസത്തയുടെ വികാരഭരിതമായ ഒരു ഭാഷയായി മാറുന്നു. അതുകൊണ്ടുതന്നെ, ഞാന്‍ മാത്രമല്ലാത്ത ഞാന്‍ എന്ന ആത്മകഥ, വ്യക്തിയുടെ മാത്രമല്ല, ഭാഷയുടെ കൂടി മിടിപ്പുള്ള ഒന്നായി മാറുന്നു. അതുപോലെ, പാക്കറ്റ് 14ല്‍ സി.ജെ. ജോര്‍ജ് എഴുതിയ ഉച്ചാരണവും പാരമ്പര്യങ്ങളും എന്ന ലേഖനം വലിയ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്. ഭാഷയുടെ ശാസ്ത്രീയമായ വിശകലനങ്ങള്‍ ഏറെ വായിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹികവും വൈയക്തികവും പ്രാദേശികവുമായ തലങ്ങളെ രാഷ്ട്രീയമായ പക്ഷപാതിത്വത്തോടെ ആവിഷ്‌കരിക്കുന്ന ഇത്തരമൊരു ലേഖനം ആദ്യമായാണ് വായിക്കുന്നത്. ഭാഷയുടെ ലാളിത്യത്തെക്കുറിച്ചും ഭാഷ മനഃപൂര്‍വം ദുരൂഹമാക്കുന്നതിനെക്കുറിച്ചും ഭാഷയിലെ സംസ്‌കൃതവല്‍ക്കരണത്തെക്കുറിച്ചും ആഴമില്ലായ്മയെക്കുറിച്ചുമെല്ലാം നിരന്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളീയമായ മാനങ്ങളുള്ള വിച്ഛേദങ്ങള്‍ അത്യന്തം ഗൗരവത്തോടെ സമീപിക്കേണ്ടവയാണ്. വെബ്സീന്‍ ഈയൊരു പുതിയ ഭാഷയുടെ പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
എം. അബ്ബാസ് 
പെരുമ്പാവൂര്‍, എറണാകുളം


വെബ്സീനിലെ അധ്യാപകനും വിദ്യാര്‍ഥിയും

വെബ്സീനില്‍ ഞാന്‍ ആദ്യം വായിക്കുന്നത് അധ്യാപകരും വിദ്യാര്‍ഥികളും എഴുതുന്ന കോളങ്ങളാണ്. പാക്കറ്റ്  13 ല്‍ അമല്‍ ഫെര്‍മിസും അലോക് പെല്ലിശ്ശേരിയും എഴുതിയ അനുഭവക്കുറിപ്പുകള്‍ ഹൃദയസ്പര്‍ശിയായി.

amal fermis
അമല്‍ ഫെര്‍മിസ്

സ്വന്തം ക്ലാസില്‍ അധ്യാപകരുടെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന എത്രയോ വിദ്യാര്‍ഥികളുണ്ടാകും എന്ന തിരിച്ചറിവുണ്ടാക്കുന്നതാണ് അമല്‍ ഫെര്‍മിസിന്റെ അനുഭവം. അത് രോഗമായാലും വൈകല്യങ്ങളായാലും പഠനത്തിലെ പിന്നാക്കാവസ്ഥയായാലും. ശ്രദ്ധയോടെയും സ്നേഹത്തോടെയും ചേര്‍ത്തുപിടിച്ചാല്‍ ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന വലിയ പാഠം കൂടിയാണിത്. വേറിട്ട ഒരു ഗണിതശാസ്ത്ര അധ്യാപികയുടെ വിദ്യാര്‍ഥിയായ അനുഭവമാണ് അലോക് എഴുതുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്കാണ് എനിക്ക് ഏറ്റവും വിഷമം തോന്നിയിരുന്ന വിഷയം. കണക്കുടീച്ചറെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ആ വിഷയത്തോട് വെറുപ്പുതോന്നിത്തുടങ്ങും. വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ രൂപപ്പെടുന്ന ഇത്തരം സമീപനങ്ങള്‍ എങ്ങനെയൊക്കെ കുട്ടികളെ വഴിതെറ്റിക്കുമെന്ന കാര്യം അലോകിന്റെ കുറിപ്പില്‍ പറയാതെ പറയുന്നുണ്ട്. സ്വന്തം അനുഭവങ്ങളുടെ സ്പര്‍ശമുള്ള ഇത്തരം കുറിപ്പുകള്‍ എല്ലാ പാക്കറ്റിലും വേണം. 

ജെ.നാസര്‍
പന്തക്കല്‍, മയ്യഴി


പുതിയ കാലത്തിന്റെ നോവല്‍

arun-prasad.jpg
അരുണ്‍പ്രസാദ്

രുണ്‍പ്രസാദിന്റെ നോവല്‍ 3 എ.എം താല്‍പര്യത്തോടെ വായിക്കുന്നു. ഓരോ അധ്യായവും പുതുമ നിറഞ്ഞത്. കഥാപാത്രനിര്‍മിതിയിലും ഉള്ളടക്കത്തിന്റെ ശൈലിയിലും മലയാളത്തിലെ ഏറ്റവും പുതിയ നോവലായി മാറുകയാണിത്.

മനുഷ്യരും അവര്‍ ഇടപെടുന്ന ചുറ്റുപാടുകളും അവരുടെ വികാരവിചാരങ്ങളും ചേതനയുള്ളതും അചേതനവുമായ വസ്തുക്കളുമെല്ലാം കൂടിക്കുഴഞ്ഞുവരുന്ന നരേഷന്‍, അറുപതുകളുടെ ഒടുവില്‍ കെ.പി. നിര്‍മല്‍ കുമാറും മേതില്‍ രാധാകൃഷ്ണനും സാധിച്ച പുതിയ ഭാവുകത്വസൃഷ്ടിയുടെ പുതിയ കാലത്തിലെ തുടര്‍ച്ചയായി മാറുന്നു.
ശില്‍പ ജോജു
കഞ്ഞിക്കുഴി, കോട്ടയം


ഷെഫീക്കിന് ഒരു പ്രവാസിയുടെ നന്ദി

രു പ്രവാസിയുടെ ഗള്‍ഫില്‍നിന്ന് നാട്ടിലെ വര്‍ക്ക് ഫ്രം ഹോം വരെയുള്ള ജീവിതയാത്ര അതീവഹൃദ്യമായി അവസാനിച്ചു. ഷഫീഖ് മുസ്തഫയുടെ അനുഭവ പരമ്പര, ഒരു സാധാരണ പ്രവാസിക്കുറിപ്പില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ സ്വഭാവികമായും തോന്നുന്ന വൈകാരികതയെയും അതിന്റെ അനുബന്ധവിചാരങ്ങളെയും പൂര്‍ണമായി ഒഴിവാക്കി ഒരു സാധാരണ പ്രവാസിയുടെ തോന്നലുകളിലൂടെ പുതിയ കാലത്തെ പ്രവാസി ജീവിതം ഷെഫീഖ് ഹൃദ്യമായി രേഖപ്പെടുത്തി.

shafeeq.jpg
ഷഫീഖ് മുസ്തഫ

ഗള്‍ഫിലുള്ള  ഏതൊരു സാധാരണക്കാരനും അനുഭവിക്കുന്ന ജീവിതം തന്നെയാണ്  ഈ കുറിപ്പുകളിലുണ്ടായിരുന്നത്. കേരളത്തിലിരുന്ന് വായിച്ചാല്‍ ചിലപ്പോള്‍ തീര്‍ത്തും സാധാരണമെന്ന് തോന്നുന്ന പല കാര്യങ്ങളും പ്രവാസിയെ സംബന്ധിച്ച് ശ്വാസോച്ഛ്വാസത്തോളം പ്രധാനപ്പെട്ടതാണ്. കാരണം, അത്തരം പല കെട്ടുപാടുകളിലൂടെയുമാണ് ഗള്‍ഫില്‍ ഒരു സാധാരണ മലയാളി കഴിഞ്ഞുകൂടുന്നത്. വ്യക്തിജീവിതത്തിലും തൊഴിലിലും സുഹൃത്തുക്കളുടെ ജീവിതങ്ങളിലും ചുറ്റുപാടുകളിലുമൊക്കെ സംഭവിക്കുന്ന അതിസൂക്ഷ്മമായ ചലനങ്ങള്‍ പോലും ഒപ്പിയെടുത്ത ഷെഫീഖിന് ഒരു പ്രവാസിയുടെ നന്ദി.

മുരളി നായര്‍
റാസല്‍ ഖൈമ, യു.എ.ഇ


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media