Friday, 26 November 2021

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിനഞ്ചില്‍ ഇന്ദുമേനോന്റെ എന്റെ കഥയ്ക്ക് (ആത്മകഥ) കെ.പി. മുരളീധരന്റെ ചിത്രീകരണം
Text Formatted

തെരുവിലെ പാര്‍ട്ടി പ്രകടനങ്ങളില്‍ എത്ര ജനമുണ്ട്?

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മികച്ച ആമുഖമായിരുന്നു എം. കുഞ്ഞാമന്റെ ലേഖനം. (രാഷ്ട്രീയാനന്തര കേരളത്തിലെ തെരഞ്ഞെടുപ്പ്, വെബ്‌സീന്‍ പാക്കറ്റ് 15). രാഷ്ട്രീയ പാര്‍ട്ടികള്‍ തത്വത്തില്‍ ഇല്ലാതാകുകയും അവ ഭരണം മാത്രം മുന്‍നിര്‍ത്തിയുള്ള മുന്നണി സംവിധാനമെന്ന അഡ്ജസ്റ്റുമെന്റായി മാറുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് എന്നത് ജനങ്ങളുമായോ ജനാധിപത്യവുമായോ എന്തെങ്കിലും ബന്ധമുള്ള ഒന്നല്ല എന്നു വന്നിരിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന, സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തന്നെ എടുക്കാം. പാര്‍ട്ടി നേതൃത്വങ്ങളാണ് ശരിക്കും ആരാണ് ജനങ്ങളെ പ്രതിനിധീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. അതില്‍ വോട്ടുചെയ്യുന്ന ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല. അതായത്, കുഞ്ഞാമന്‍ തന്നെ മുമ്പ് എഴുതിയിട്ടുള്ളതുപോലെ, പാര്‍ട്ടി സെലക്റ്റ് ചെയ്ത ഒരാളെയാണ് ഇലക്ഷന് വോട്ടറുടെ മുന്നില്‍ കൊണ്ടുനിര്‍ത്തുന്നത്. അപ്പോള്‍ വോട്ടര്‍ക്ക് തെരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ അടയുന്നു. മാത്രമല്ല, ആ സ്ഥാനാര്‍ഥി, ഒരു മുന്നണിയുടെ പലതരം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആളായിരിക്കുകയും ചെയ്യും. അതായത്, ഒരു പ്രത്യേക ജാതിക്കോ സമുദായത്തിനോ ഭൂരിപക്ഷമുള്ള ഒരു മണ്ഡലത്തില്‍, ആ ജാതിക്കാരന്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥിയായി വരുന്നു. വോട്ടുബാങ്കുകള്‍ എന്ന, മുന്നണികള്‍ രൂപപ്പെടുത്തിയിട്ടുള്ള അവിഹിത സ്വാധീനങ്ങളുടെ പ്രതിനിധികളായി അവര്‍ മാറുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെടുന്ന ഇത്തരം വ്യാജ പ്രതിനിധികളാണ് നമ്മുടെ ജനപ്രതിനിധികള്‍. അപ്പോള്‍, കുഞ്ഞാമന്‍ സൂചിപ്പിക്കുന്ന "രാഷ്ട്രീയാനന്തര കേരളം' എന്ന സംജ്ഞ കൃത്യമായി വരുന്നു. ഇപ്പോള്‍, കേരളത്തില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കാണുന്ന തെരുവുപ്രകടനങ്ങള്‍ യഥാര്‍ഥ ജനപ്രതിനിധിക്കുവേണ്ടിയുള്ളതാണോ? തീര്‍ച്ചയായും അല്ല. അവയെല്ലാം തങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു വ്യക്തിക്കുവേണ്ടിയുള്ള സമ്മര്‍ദതന്ത്രങ്ങളാണ്.

kunhaman
എം. കുഞ്ഞാമന്‍

സ്ഥാനാര്‍ഥിക്കുവേണ്ടി ജനം തെരുവിലിറങ്ങി എന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ പ്രകടനങ്ങളില്‍ എവിടെയാണ് ജനം? അവര്‍ക്ക് ഇതില്‍ എന്താണ് താല്‍പര്യം? പാര്‍ട്ടി തീരുമാനിച്ച ഒരാള്‍ക്കുപകരം ഈ പ്രകടനക്കാര്‍ പറയുന്ന ആളെ സ്ഥാനാര്‍ഥിയാക്കിയെന്നുവെക്കുക? അതില്‍ എന്തുതരം രാഷ്ട്രീയമായ മാറ്റമാണ് സംഭവിക്കുക? കേരളത്തില്‍ സമീപകാലത്ത് സ്വാധീനം നേടുന്ന, ട്വന്റി ട്വന്റിയെപ്പോലുള്ള അരാഷ്ട്രീയ കൂട്ടായ്മകളുടെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും വേരുകള്‍ കിടക്കുന്നത് മുന്നണി രാഷ്ട്രീയത്തിന്റെ ഇത്തരം ചളിക്കുഴികളിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ജനാധിപത്യത്തിന്റെ പേരില്‍ നേടിയ ജയത്തെ തുറന്നുകാട്ടാന്‍ അവിടത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്‍.ഡി.എഫിനോ യു.ഡി.എഫിനോ കഴിഞ്ഞില്ല. ഒരു കമ്പനിയുടെ ഔദാര്യം പറ്റുന്ന കൂട്ടത്തിലേക്ക് ഒരു ജനതയെ തള്ളിവിടുന്ന അരാഷ്ട്രീയതക്ക് ആ കമ്പനിയെയല്ല, നമ്മുടെ മുന്നണികളെയാണ് ശരിക്കും വിചാരണ ചെയ്യേണ്ടത്. തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ട ഇത്തരം യഥാര്‍ഥ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നത് തീര്‍ച്ചയായും അഭിനന്ദനീയമാണ്.

മിഥുന കെ.എസ്
ഹൈദരാബാദ്


ബംഗാളില്‍ ഇടതുപക്ഷത്തിന് ഇപ്പോഴും ഇടമുണ്ട്

ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാലുമായുള്ള അഭിമുഖം (പാക്കറ്റ് 15), ബംഗാളിലെ അടിയൊഴുക്കുകള്‍ വ്യക്തമാക്കിത്തരുന്നതായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള അവലോകനങ്ങള്‍ക്കുമപ്പുറത്ത്, ബംഗാളിന്റെ ഇടതുപക്ഷാടിത്തറ എങ്ങനെയാണ് പതുക്കെ ഇല്ലാതായി വരുന്നത് എന്നും അവിടേക്ക് ബി.ജെ.പിയെപ്പോലുള്ള വര്‍ഗീയ ശക്തികള്‍ എങ്ങനെയാണ് കയറിപ്പറ്റുന്നത് എന്നും രാജഗോപാല്‍ വിശദീകരിക്കുന്നു. ഉദാഹരണത്തിന്, ഭൂപരിഷക്‌രണത്തെക്കുറിച്ച് അദ്ദേഹം വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. ഭൂപരിഷ്‌കരണത്തിന്റെ തിയററ്റിക്കല്‍ അന്തഃസ്സത്തയെ നമുക്ക് എത്ര വേണമെങ്കിലും വിമര്‍ശിക്കാം, പക്ഷെ, അതിന്റെ അതിസൂക്ഷ്മമായ പ്രയോഗങ്ങള്‍ വലിയൊരു വിഭാഗം മനുഷ്യരിലുണ്ടാക്കിയ മാറ്റത്തെ തള്ളിക്കളയാനാകില്ല. ഒരുപക്ഷെ, ഇടതുപക്ഷം ഒരു ഭരണകൂടം എന്ന നിലയില്‍ ഏറെക്കാലം ജനപ്രിയമായിരുന്നതും അതുകൊണ്ടാകാം. ഭൂപരിഷ്‌കരണത്തിലൂടെ, യഥാര്‍ഥത്തില്‍ മണ്ണില്‍ അധ്വാനിക്കുന്നവരുടെ കൈവശം ഭൂമി എത്തിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. അതോടൊപ്പം, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനാകും എന്ന ബോധ്യം, ഒരു ജനതയുടെ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാണ്.

rajagopal
ആര്‍. രാജഗോപാല്‍

ആ ഒരു തുറസ്സിലേക്കാണ് ബംഗാളിലെ ഗ്രാമീണ ജനത ഭൂപരിഷ്‌കരണത്തിനുശേഷം സഞ്ചരിച്ചത് എന്ന് വ്യക്തമാണ്. ഇടതുപക്ഷം ബംഗാളില്‍ സൃഷ്ടിച്ചെടുത്ത ഇത്തരം വലിയ വിജയങ്ങള്‍, സമീപകാല പരാജയങ്ങളുടെ കണക്കില്‍ എഴുതിത്തള്ളേണ്ടതല്ല. തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് തകര്‍ച്ചയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനാകും. ബംഗാളിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ അതിന് ഇടതുപക്ഷത്തെ പ്രേരിപ്പിക്കുമെന്നുതന്നെയാണ് ഈ കുറിപ്പെഴുതുന്നയാളുടെ പ്രതീക്ഷ. വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷ് ഇത്തവണ അവിടെ സി.പി.എം സ്ഥാനാര്‍ഥയാണല്ലോ. അതുപോലെ, സിംഗൂരില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സിരിജന്‍ ഭട്ടാചാര്യ മത്സരിക്കുന്നുണ്ട്. ദീപ്‌സിതയെ, പ്രതീഖുര്‍ റഹ്‌മാന്‍ തുടങ്ങിയ വിദ്യാര്‍ഥി നേതാക്കളും ഇത്തവണ സി.പി.എം സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം ഒരു സൂചനയായി ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കാമെന്നുതോന്നുന്നു. രാജഗോപാല്‍ ചൂണ്ടിക്കാട്ടിയപോലുള്ള ചില പാഠം പഠിക്കലുകള്‍ അവിടെയുണ്ടായിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്ത കാലത്തുണ്ടായിട്ടില്ലാത്ത അത്ര രാഷ്ട്രീയമായി മാറ്റപ്പെട്ടത് ഇടതുപാര്‍ട്ടികളുടെ ഇടപെടലോടെയാണ്. യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്, സാധാരണക്കാരുടെ പ്രതിനിധകളെ സ്ഥാനാര്‍ഥികളാക്കി, തികച്ചും ഇടതുപക്ഷത്തുനിന്നുകൊണ്ടാണ് അവിടത്തെ ബി.ജെ.പി അടക്കമുള്ള ശക്തികളെ നേരിട്ടത്. അത് ഭരണത്തിലെത്തിയോ എന്നത് പരമപ്രധാനമായ കാര്യമല്ല.

രാജഗോപാല്‍ ചൂണ്ടിക്കാട്ടുന്ന ഏറ്റവും പ്രധാന കാര്യം, ജാതിയുടെ അതിജീവനമാണ്. ബംഗാള്‍ അതിവേഗം സംഘ്പരിവാറിന് ഇടം നല്‍കുന്നതില്‍ ഈ ജാതി പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളെ നിഷ്പ്രഭമാക്കി ജാതി, ആത്യന്തികമായി വര്‍ഗീയമായ സഖ്യത്തിലേക്കുതന്നെയായിരിക്കും ചെന്നെത്തുക. ഈ വാസ്തവം നന്നായി അറിയുന്ന സംഘ്പരിവാര്‍ ആ വൈരുധ്യം നന്നായി മുതലെടുക്കുന്നു, ഇടതുപക്ഷം അടക്കമുള്ള സംവിധാനങ്ങള്‍ അതിനുമുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കുന്നു.

ജെ.എച്ച്. ഇന്ദു
പൂങ്കുന്നം, തൃശൂർ
​​​​​​​


മുസ്‌ലിംകളുടെ നിലപാട് പ്രഖ്യാപനം

ബംഗാളിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ ഏറ്റവും മികച്ച അവലോകനങ്ങളാണ് എം. സുചിത്രയുടേത്. കഴിഞ്ഞ പാക്കറ്റില്‍ പ്രസിദ്ധീകരിച്ച, മുസ്‌ലിം വോട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വായിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മമതക്ക് പിന്തുണ നല്‍കിയിരുന്ന അബ്ബാസ് സിദ്ദിഖി ഇത്തവണ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ നല്‍കുന്നത്, ഫലത്തില്‍ ബി.ജെ.പിയെയാണ് സഹായിക്കുക എന്ന വിലയിരുത്തലുകളുണ്ട്. മാത്രമല്ല, ഇത് വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുമെന്നും പറയുന്നു. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം നിര്‍വീര്യമാക്കാനുള്ള തിയറികളാണിത്തരം വിശകലനങ്ങള്‍ എന്നാണ് തോന്നുന്നത്.

suchithra
എം. സുചിത്ര

തെരഞ്ഞെടുപ്പില്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം മുസ്‌ലിം പാര്‍ട്ടികള്‍ക്കെതിരെ ഉയരാറുള്ള ആരോപണം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസി ഇത്തരം പഴി കേട്ടിരുന്നു. ബി.ജെ.പിയെപ്പോലുള്ള പാര്‍ട്ടികള്‍ അഴിച്ചുവിടുന്ന ഇത്തരം വര്‍ഗീയ പ്രതികരണങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇത് പ്രീണനത്തിന്റെയും പ്രാതിനിധ്യത്തിന്റെയും പ്രശ്‌നം കൂടിയാണ്. മുസ്‌ലികളെ വോട്ടുബാങ്കാക്കി പ്രീണിപ്പിക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നത്. അതിനെതിരായ പ്രതിഷേധമാണ് അബ്ബാസ് സിദ്ദിഖിയുടേത്. ഇടതുപക്ഷ- കോണ്‍ഗ്രസ് മുന്നണിയിലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രാതിനിധ്യമെന്നത്, പ്രീണനത്തിനെതിരായ രാഷ്ട്രീയ പ്രതികരണം കൂടിയാണ്. അത്, വോട്ടിന്റെ കണക്കിലുണ്ടാക്കുന്ന താല്‍ക്കാലിക ലാഭങ്ങളേക്കാള്‍, ബി.ജെ.പിയോടും ബി.ജെ.പിയില്‍നിന്ന് ഒരുതരത്തിലും വ്യത്യസ്തത പുലര്‍ത്താത്ത തൃണമൂല്‍ കോണ്‍ഗ്രസിനോടുമുള്ള മുസ്‌ലിംകളുടെ നിലപാട് പ്രഖ്യാപനം കൂടിയാണത്.

മുഹമ്മദ് ഇഖ്ബാൽ
മസ്ക്കറ്റ്, ഒമാൻ


ഒരു തോളില്‍ സി.പി.എം, മറുതോളില്‍ ബി.ജെ.പി... ശ്രീ എമ്മിനെ സമ്മതിച്ചിരിക്കുന്നു

ടതുപക്ഷത്തെ വലതുപക്ഷമാക്കുന്ന ബോധപൂര്‍വമായ ചില അവിഹിത സ്വാധീനങ്ങളെക്കുറിച്ചുള്ള അതിശക്തമായ വിശകലനമായിരുന്നു പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ "ശ്രീ എമ്മും ശ്രീ എച്ചും (ഹിന്ദുത്വ)  ശ്രീ എല്ലും (ലെഫ്റ്റ്) തമ്മിലെന്ത്?' (വെബ്‌സീന്‍, പാക്കറ്റ് 15). ഒരു സെക്യുലര്‍ സന്യാസിവര്യന്‍ എന്ന് പിണറായി വിജയന്‍ തന്നെ വിശേഷിപ്പിച്ച ശ്രീ എം, ഇന്ത്യയില്‍ സമീപകാലത്ത് രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്കുവേണ്ടി ഹിന്ദുത്വത്തിന്റെ ആശീര്‍വാദത്തില്‍ രൂപപ്പെട്ടുവരുന്ന, ആധ്യാത്മിക ബിംബങ്ങളുടെ കണ്ണിയില്‍പെട്ടയാളാണ്.

cover
വെബ്‌സീന്‍ പാക്കറ്റ് പതിനഞ്ചിന്റെ കവര്‍

ശ്രീ ശ്രീ രവിശങ്കറിന്റെ സമാനമായ രാഷ്ട്രീയ ഇടപെടലുകള്‍ ആരെ സഹായിക്കാനുള്ളതാണ് എന്ന് നാം കണ്ടു കഴിഞ്ഞു. മതത്തെയും ആധ്യാത്മികതയെയും വേര്‍തിരിച്ചുകാണാനാകാത്ത ഒരു പൊതുസമൂഹത്തില്‍ ഇത്തരം കാഷായബിംബങ്ങള്‍ക്ക് ഒളിഞ്ഞിരുന്നു പ്രവര്‍ത്തിക്കാന്‍ സാധ്യതകളേറെയാണ്. ഒരു തോളില്‍ സി.പി.എമ്മിനെയും മറുതോളില്‍ ബി.ജെ.പിയെയും വച്ച് അഭ്യാസം നടത്താന്‍ ഒരു സന്യാസിക്ക് കഴിയുന്നതില്‍ അത്ഭുതപ്പെടേണ്ട ഒരു കാര്യവുമില്ല. കാരണം, മതത്തെയും വിശ്വാസത്തെയും കുറിച്ച് സി.പി.എമ്മിനുള്ള ആശയക്കുഴപ്പങ്ങള്‍ ശമനമില്ലാതെ തുടരുകയാണ് എന്നതിന്റെ ഉദാഹരണങ്ങള്‍, പലരുടെയും അഭിപ്രായപ്രകടനങ്ങളിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നു. ശ്രീ എമ്മിനുള്ള പിണറായി വിജയന്റെ സെക്യുലര്‍ ഗിഫ്റ്റും, ഈ അന്തക്കേടിനെയാണ് കാണിക്കുന്നത്. കേരളത്തിലെ രണ്ട് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഒരു രാഷ്ട്രീയപ്രശ്‌നത്തില്‍ എങ്ങനെയാണ് ശ്രീ എമ്മിനെപ്പോലൊരു വ്യക്തിയുടെ മുന്‍കൈ സാധ്യമാകുക എന്നതാണ് ഇവിടെ കാതലായ ചോദ്യം.

gopikrishnan
പി.എന്‍. ഗോപീകൃഷ്ണന്‍

കണ്ണൂരിലെ"രാഷ്ട്രീയ' കൊലപാതകങ്ങള്‍ക്കുപുറകില്‍ വെറും വ്യക്തിവിരോധത്തിന്റെ തലം മാത്രമാണോ ഉള്ളത്? അല്ല  എന്നാണ് ഇതുവരെ സി.പി.എം പറഞ്ഞുപഠിപ്പിച്ചിട്ടുള്ളത്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ചെറുത്തുനില്‍പ്പെന്നും ഇടതുപക്ഷത്തിന്റെ സക്രിയമായ ഇടപെടലുകളെന്നുമുള്ള നിലക്കുകൂടിയാണ് ഇവയെ സി.പി.എം അവതരിപ്പിക്കാറ്. എന്നാല്‍, ഒരു സ്വാമിയുടെ "സന്നിധി'യിലിരുന്ന് സംസാരിച്ചപ്പോള്‍, വ്യക്തികള്‍ക്ക് മാനസാന്തരം സംഭവിക്കുകയും കൊലപാതകങ്ങള്‍ ഇല്ലാതാകുകയും ചെയ്‌തെങ്കില്‍, കണ്ണൂരില്‍ നടന്നിരുന്നത് വെറും കൊലപാതകരാഷ്ട്രീയം തന്നെയാണെന്ന് സി.പി.എമ്മിന് സമ്മതിക്കേണ്ടിവരും. വൈദിക ബ്രാഹ്‌മണ്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയും അതിന്റെ മനുഷ്യവിരുദ്ധമായ ആസ്തിക്യദര്‍ശനങ്ങളുടെ പ്രചാരകനാകുകയും അധികാരകേന്ദ്രങ്ങളുമായി ദുരൂഹമായ വിനിമയം നടത്തുകയും ചെയ്യുന്ന ഇത്തരം "ബാഹ്യശക്തി'കളെ പിണറായി വിജയനുപോലും തിരിച്ചറിയാനാകുന്നില്ല എന്നത് അത്ഭുതകരമായിരിക്കുന്നു.

ജെന്നിഫർ കെ.മാർട്ടിൻ
കെന്റക്കി, യു.എസ്.എ.


അരാഷ്ട്രീയ ന്യൂ ജനറേഷന്റെ കാലത്തെ രവീന്ദ്രന്‍

വീന്ദ്രനെക്കുറിച്ച് ഒ.കെ. ജോണി എഴുതിയ പഠനം (പാക്കറ്റ് 15) സമഗ്രമായിരുന്നു. മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടേതായ ഒരു സമാന്തരധാരയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായിരുന്നു രവീന്ദ്രന്‍. ഇപ്പോള്‍, അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനത്തെ അനുസ്മരിക്കുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ട്. കാരണം, ഇപ്പോഴത്തെ മലയാള സിനിമ സമാന്തരമായതും ബദലായതുമായ അത്തരം ധാരകളെയെല്ലാം തിരസ്‌കരിച്ചാണ് മുന്നോട്ടുപോകുന്നത്. അന്നത്തെ ന്യൂ ജനറേഷന്‍ എന്നാല്‍, കെ.ജി. ജോര്‍ജ് മുതല്‍ രവീന്ദ്രന്‍ വരെയുള്ളവരായിരുന്നുവെങ്കില്‍ ഇന്ന് ന്യൂ ജനറേഷന്‍ സൗന്ദര്യശാസ്ത്രപരമായ വിച്‌ഛേദനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. അല്ലെങ്കില്‍ അത്തരം സിനിമകളെ നാം തെറ്റായി "ന്യൂ ജനറേഷന്‍' എന്നു വിളിക്കുന്നു. റിയലിസത്തിന്റെ കൗതുകക്കാഴ്ചകള്‍ മാത്രമാണ്, വേറിട്ടതെന്ന് നാം വിലയിരുത്തുന്ന സമകാലിക മലയാള സിനിമ. ഒരു മിമിക്രി കണ്ട് ചിരിച്ച് മറക്കുന്നതുപോലെ, നമ്മുടെ ബോധത്തില്‍ ഒരുതരത്തിലും തങ്ങിനില്‍ക്കാത്തവ.

johny
ഒ.കെ ജോണിയും ചിന്ത രവിയും

അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക മാറ്റങ്ങളില്‍ നേരിട്ടുതന്നെ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തവരായിരുന്നു രവീന്ദ്രനെപ്പോലുള്ള സിനിമാപ്രവര്‍ത്തകര്‍. അവരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ കൂടി എക്‌സ്റ്റന്‍ഷനുകളായിരുന്നു അവരുടെ സിനിമകളും. കബനീനദിയും ഒരേ തൂവല്‍പക്ഷികളുമെല്ലാം നേരിട്ടുതന്നെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളായത് അതുകൊണ്ടാണ്. എന്നാല്‍, ഇന്ന് ഏത് സിനിമാപ്രവര്‍ത്തകനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത്, രാഷ്ട്രീയം പറയുന്നത്? തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നയും ഒരു പാര്‍ട്ടിയില്‍ ചേരുന്നതും സുഹൃത്തായ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തുന്നതുമല്ല ഉദ്ദേശിച്ചത്. സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളാകാന്‍ എത്രപേര്‍ക്കു കഴിയുന്നു? സിനിമ എന്ന മാര്‍ക്കറ്റിന്റെ ലാഭനഷ്ടങ്ങളല്ലാതെ അവരുടെ പരിഗണനകളില്‍ എന്താണുള്ളത്? ജീവിക്കുന്ന സമൂഹത്തിലുണ്ടാകുന്ന ചലനങ്ങളെ രാഷ്ട്രീയമായി രേഖപ്പെടുത്തുന്ന ഒരു സിനിമയുണ്ടാകാത്തത്, ഇത്തരം വിമുഖതകള്‍ മൂലമാണ്. കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമ, ഇന്ന് സിനിമയുമായി ബന്ധപ്പെട്ട നമ്മുടെ ദൃശ്യ-സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വച്ചുകൊണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോഴും അതിന് ഒരു കാലത്തെ സത്യസന്ധമായി രേഖപ്പെടുത്തിയ സൃഷ്ടി എന്ന പ്രാധാന്യമുണ്ട്, അത് സിനിമയുടെ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഭാവനയുമാണ്.

സാജിദ് മുഹമ്മദ്
ദുബായ്, യു.എ.ഇ.


അയ്യപ്പപ്പണിക്കരാണ് എന്റെ കവി

പി.പി. രാമചന്ദ്രന്റെ കവിതകളെക്കുറിച്ചുള്ള സന്ധ്യ എന്‍.പി.യുടെ വായന (പാക്കറ്റ് 15) നന്നായി ആസ്വദിച്ചു. കവിതകളുടെ പൊതുവായ ആസ്വാദനത്തില്‍നിന്ന് വ്യത്യസ്തമായി ഒരു കവിയും അദ്ദേഹത്തിന്റെ കവിതകളും എങ്ങനെയാണ് വൈയക്തികമായി നമ്മെ സ്വാധീനിക്കുന്നതെന്ന് അവര്‍ നന്നായി എഴുതുന്നുണ്ട്. ചില കവിതകള്‍ നമ്മുടെ ബാല്യത്തെ ഓര്‍മിപ്പിക്കുന്നത്, മറവിയില്‍ അടക്കിപ്പിടിച്ച പ്രണയത്തെ വീണ്ടെടുക്കുന്നത്, വെളിപ്പെടുത്താനാകാത്ത വികാരങ്ങളെ സാക്ഷാല്‍ക്കരിക്കുന്നത്, മറ്റാരുമായും പങ്കിടാനാകാത്ത വിചാരങ്ങളുമായി സംവദിക്കുന്നത്...

sandhya
സന്ധ്യ എൻ.പി.

ഇങ്ങനെ ഒരു വ്യക്തിയുടെ അകമേയുള്ള എല്ലാത്തരം ഐഡന്റിറ്റികളെയും അവയുടെ തനിമകളോടെ നമ്മെ അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്ന കവിതകള്‍, കവികള്‍. സന്ധ്യ പി.പി. രാമചന്ദ്രനെക്കുറിച്ച് പറഞ്ഞതുപോലെ, എനിക്ക് അയ്യപ്പപ്പണിക്കരുടെ കവിതകളാണ് ഇങ്ങനെ തീര്‍ത്തും സ്വകാര്യമായി അനുഭവപ്പെടാറ്. ""നീ തന്നെ ജീവിതം സന്ധ്യേ/ നീ തന്നെ മരണവും സന്ധ്യേ /നീ തന്നെയിരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ'' തുടങ്ങിയ വരികളൊക്കെ ഒറ്റക്കിരുന്ന് വായിക്കുന്നത് എന്റെ ഇപ്പോഴുമുള്ള ശീലമാണ്. കവി ഒരു സ്വകാര്യമായ അനുഭവമായി മാറുക എന്നത് ഒരു വായനക്കാരിയെ/ വായനക്കാരനെ സംബന്ധിച്ച് എന്തുമാത്രം ആസ്വാദ്യകരമായ ഒന്നാണ്!

ഷീബ മുഹമ്മദ്
ദോഹ, ഖത്തർ


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM