Tuesday, 28 March 2023

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിനേഴില്‍ അരുണ്‍ പ്രസാദിന്റെ നോവലിന് ശ്രീജിത്ത് പി.എസിന്റെ ചിത്രീകരണം
Text Formatted

ഇനി ഗ്രാമങ്ങള്‍ ക്വാറി കമ്പനികളുടെ നിയന്ത്രണത്തിലുമാകും

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാരിസ്ഥിതിക പ്രശ്‌നത്തിലെ സന്ദര്‍ഭോചിതമായ ഇടപെടലായിരുന്നു ജെ. ദേവികയുടെ പഠനത്തിലൂടെ വെബ്‌സീന്‍ നടത്തിയത്. (ക്വാറി മൂലധനം തുരന്നെടുക്കുന്ന കേരളം).

j devika
ജെ. ദേവിക

മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്, ഒരു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, സാമൂഹിക ജീവിതത്തെയും ഇത്തരമൊരു മൂലധനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് തുറന്നുകാട്ടുന്നു. കേരളത്തിലെ നിരവധി ഗ്രാമങ്ങളില്‍ ക്വാറികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് പ്രാദേശികമായി ഒടുങ്ങിപ്പോകുന്നതില്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന ഭരണകൂടത്തിന്റെ തന്നെയും പാരിസ്ഥിതിക നയങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. കോടതികളുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും നിബന്ധനകള്‍ ഇക്കാര്യത്തിലുണ്ടെങ്കിലും അവയെ മറികടക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ ഇടതു- വലതു സര്‍ക്കാറുകള്‍ അവരുടെ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഉദാഹരണത്തിന്, ജനവാസകേന്ദ്രങ്ങളില്‍നിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്റര്‍ ആകണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ക്കൊപ്പം കോടതിയില്‍ പോയത് ഇടതുപക്ഷ സര്‍ക്കാറാണ്. തരാതരം ലൈസന്‍സ് പുതുക്കി നല്‍കിയും ഇളവുകള്‍ അനുവദിച്ചും കേരളത്തിന്റെ ഭൗമ പ്രകൃതിയെ തകര്‍ക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കുള്ള പങ്ക് വിസ്മരിച്ചുകൂടാ. ഈയിടെ ഒരു വാര്‍ത്ത വായിച്ചു: തെരഞ്ഞെടുപ്പുഫണ്ടിന് വന്‍കിട ക്വാറി ഉടമകളില്‍നിന്ന് ജിയോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ പാര്‍ട്ടികള്‍ക്കുവേണ്ടി പണപ്പിരിവ് നടക്കുന്നു. സംസ്ഥാനത്ത് ഒന്നിലധികം ക്വാറികള്‍ സ്വന്തമായുള്ള വന്‍കിടക്കാരില്‍നിന്നാണത്രേ അഞ്ചു ലക്ഷം രൂപ വീതം പിരിക്കുന്നത്. ഇതിനുപകരം, ഇവര്‍ക്ക് ഇളവുകള്‍ നല്‍കും.

mookkunnimala
മൂക്കുന്നിമലയില്‍ പാട്ടക്കാലാവധി അവസാനിച്ചതിന് ശേഷം അടച്ചിട്ട ക്വാറി കമ്പനികളിലൊന്ന്‌

ബാറുടമകളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം പിരിക്കുന്നത് നാട്ടുനടപ്പാണല്ലോ. അതിനേക്കാള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഒരു പ്രവൃത്തിയാണിത്. ഗ്രാമീണ മേഖലയിലെ പ്രതിഷേധങ്ങളെയും അവിടുത്തെ പൗരസമൂഹത്തെയും എങ്ങനെയാണ് ക്വാറി മൂലധനം വിലക്കെടുക്കുന്നത് എന്നത് ദേവിക കൃത്യമായി വരച്ചിടുന്നുണ്ട്. എന്നാല്‍, നയരൂപീകരണം നടക്കുന്ന സംസ്ഥാന തലത്തില്‍ തന്നെ ഒരു ക്വാറി ഉടമയേക്കാള്‍ കൊള്ളമനസ്സോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്.

ഇപ്പോള്‍, ട്വന്റി ട്വന്റി നേടിയെടുത്ത പഞ്ചായത്ത് ഭരണത്തെക്കുറിച്ച് സിവില്‍ സൊസൈറ്റി പലതരം ഉല്‍ക്കണ്ഠകള്‍ പുലര്‍ത്തുന്നുണ്ടല്ലോ. അതിന് സമാനമായ ഒരു കമ്പനി നിയന്ത്രണത്തിലേക്കാണ് കേരളത്തിലെ ക്വാറി ഗ്രാമങ്ങള്‍ അധഃപ്പതിക്കാന്‍ പോകുന്നത്. തുച്ഛമായ സഹായം നല്‍കിയും ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയും, ഇത്തരം അനുകൂല സാഹചര്യങ്ങളോടെ ഏത് ക്വാറി കമ്പനിക്കും ഇപ്പോള്‍ കേരളത്തിലെ ഏതുഗ്രാമവും സ്വന്തമാക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. പുറകിലൂടെ പണം വാങ്ങുന്ന പാര്‍ട്ടികള്‍ തന്നെ ക്വാറി വിരുദ്ധസമരങ്ങളെ നയിക്കാനെത്തും. സമരങ്ങള്‍ അനന്തകാലം നീണ്ടുപോകും. കുറെ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ജയത്തിന് അതുപകരിക്കും. അപ്പോഴേക്കും ഗ്രാമങ്ങള്‍ ബാക്കിയുണ്ടാകില്ല. 

എം.കെ.റിയാസ്
അബുദാബി, യു.എ.ഇ.


അബ്ബാസിന്റെത് ഞങ്ങളുടെ തലമുറയുടെ ജീവിതം കൂടിയാണ്

മുഹമ്മദ് അബ്ബാസിനെക്കുറിച്ച് വെബ്‌സീനില്‍ മുമ്പ് നൗഫല്‍ എഴുതിയ ലേഖനം വായിച്ചിട്ടുണ്ട്, കൂടാതെ ചില വായനാഗ്രൂപ്പുകളില്‍ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ കണ്ടിട്ടുണ്ട്. ജീവതത്തെ തൊടുന്ന ആ എഴുത്തുകള്‍ ഏതു തലത്തിലുമുള്ള വായനക്കാരെ ആകര്‍ഷിക്കുന്നതാണ്. വെബ്‌സീനിന്റെ പാക്കറ്റ് 17ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ, മറ്റൊരു വിധത്തില്‍ കൂടി പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു, അതായത്, പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതം ജീവിച്ചുതീര്‍ത്ത ഒരു തലമുറയുടെ കൂടി കഥയാണിത്. ഭക്ഷണത്തിന്റെ മാത്രമല്ല, ഒരു വ്യക്തിയെ നിര്‍ണയിക്കുന്ന സകലതിന്റെയും ദാരിദ്ര്യം കൂടിയാണ് ഞങ്ങളുടെ തലമുറ അനുഭവിച്ചത്. ഉച്ചക്ക് കിട്ടുന്ന അമേരിക്കന്‍ ഉപ്പുമാവ് കഴിക്കാന്‍ വേണ്ടിമാത്രം സ്‌കൂളില്‍ പോയിരുന്ന തലമുറകള്‍ ഇന്ന് കേരളത്തിലുണ്ട്.

abbas
മുഹമ്മദ് അബ്ബാസ്

വസ്ത്രത്തിന്റെയും പുസ്തകങ്ങളുടെയും ഒന്നും ആഡംബരങ്ങള്‍ അവരെ ബാധിച്ചിരുന്നില്ല. ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഇല്ലാതിരുന്നിട്ടും സാംസ്‌കാരികമായ ഒരു തലത്തിലേക്ക് വ്യക്തിത്വത്തെ ഉയര്‍ത്താന്‍ കഴിഞ്ഞ ഒരാള്‍ എന്ന നിലക്കാണ് മുഹമ്മദ് അബ്ബാസിന്റെ ജീവിതം ആകര്‍ഷകമാകുന്നത്. തന്റെ മുന്‍ തലമുറ ചെയ്ത ജോലി തന്നെയായിരിക്കാം അബ്ബാസ് ചെയ്യുന്നത്. എന്നാല്‍, ആ തലമുറക്ക് ജീവിക്കാന്‍ കഴിയാതെ പോയ ഒരു ജീവിതമാണ് അബ്ബാസ് ഇന്ന് ജീവിക്കുന്നത്. വായന കൊണ്ടും ചിന്തകള്‍ കൊണ്ടും രൂപപ്പെടുത്തിയ ഒരു സര്‍ഗാത്മക ജീവിതം, മറ്റെന്തു പ്രാരാബ്ദങ്ങള്‍ക്കിടയിലും ഉയര്‍ന്നു തന്നെ നില്‍ക്കും. അത് പ്രസരിപ്പിക്കുന്ന ഊര്‍ജമാണ് അബ്ബാസിന്റെ എഴുത്തുകളില്‍ പ്രകടമാകുന്നത്. തന്റെ എഴുത്ത് വായനക്കാരെ രസിപ്പിക്കില്ല എന്ന് അബ്ബാസ് പറയുന്നുണ്ട്. ശരിയാണത്. ഇന്ന്, ഒരു നല്ല എഴുത്ത് ആരെയും രസിപ്പിക്കുന്ന ഒന്നായിരിക്കില്ല. രസനിയമങ്ങള്‍ അവിടെ കിടന്നോട്ടെ. മനുഷ്യരെ മാറ്റുന്ന എഴുത്താണ് ഇന്ന് വേണ്ടത്. അതാണ് അബ്ബാസിന്റേത്. 

അനുരാഗ എസ്.
ഹൈദരാബാദ്


ഡോ. ജയശ്രീ എന്ന അമ്മ, 
കനി എന്ന മകള്‍

ഡോ. ജയശ്രീയുടെ ആത്മകഥ താല്‍പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഞാന്‍. പാക്കറ്റ് 17ല്‍ "മാതൃത്വവും മനുഷ്യത്വവും തമ്മിലെന്ത്' എന്ന ഹെഡിംഗ് ഏറെ ആകര്‍ഷകമായിരുന്നു. മകളായ കനിയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ എഴുതുന്നത് എങ്കിലും പ്രസവം മുതലുള്ള ഒരു സ്ത്രീയുടെ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളെ മനഃശാസ്ത്രപരമായി തന്നെ അവര്‍ വിശദീകരിക്കുന്നു.

മകള്‍ തന്റെ മുഖത്തുനോക്കി ആദ്യമായി ചിരിച്ച സന്ദര്‍ഭത്തെക്കുറിച്ചെല്ലാം എന്തുമാത്രം ഹൃദയസ്പര്‍ശിയായാണ് അവര്‍ എഴുതുന്നത്. എന്നാല്‍, മാതൃത്വം എന്ന സ്വത്വത്തെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും ന്യൂറോ സയന്‍സിനെയും സാമൂഹിക ശാസ്ത്രത്തിന്റെയുമെല്ലാം വെളിച്ചത്തില്‍ വിശകലനം ചെയ്തത് ഒരു പുതിയ അനുഭവമായിരുന്നു. കാരണം, മാതൃത്വം എന്നതിനെ ഇപ്പോഴും പരിശുദ്ധമായ ഒരു ഐഡന്റിറ്റിയായാണ് പൊതുസമൂഹം കരുതുന്നത്. പരിശുദ്ധി എന്നത്, കുടുംബ വ്യവസ്ഥയുമായും ആണ്‍കോയ്മയുമായും ബന്ധപ്പെട്ട ഒരു സ്ത്രീവിരുദ്ധ പരികല്‍പനയാണെന്ന വിമര്‍ശനവുമുണ്ട്. അതേസമയം. ശാരീരികവും വൈകാരികവുമായ സവിശേഷതകള്‍ പരിഗണിച്ചാല്‍ മാതൃത്വത്തിന് സാമൂഹിക ശാസ്ത്രപരം എന്നതില്‍നിന്ന് കവിഞ്ഞ ഒരു അനുഭവലോകമുണ്ട് എന്നുകാണാം.

jayasree
കനിയും ജയശ്രീയും

അതിനെ എങ്ങനെയാണ് സാംസ്‌കാരികമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പ്രശ്‌നം. അതായത്, മാതൃത്വം എന്നത് വൈകാരികമായ ഒരു നിക്ഷേപം മാത്രമായിരിക്കരുത് കുഞ്ഞിന്റെ ജീവിതത്തില്‍. എന്നാല്‍, നമ്മുടെ കുടുംബവ്യവസ്ഥ മാതൃത്വത്തെ വെറും വൈകാരിക നിക്ഷേപമാക്കി തളച്ചിടുകയാണ് ചെയ്യുന്നത്. അത്, കുടുംബത്തില്‍ സ്ത്രീയുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പദവിയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്. രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കി അവരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാകുമ്പോഴേക്കും സ്ത്രീയുടെ ജീവിതത്തില്‍ ബാക്കിയായി ഒന്നുമുണ്ടാകില്ല. മുതിര്‍ന്നുകഴിഞ്ഞാലും "മാതൃത്വ'ത്തെ വെറുതെവിടാതെ, അതിനെ അടക്കിപ്പിടിച്ചുനിര്‍ക്കുന്ന പുത്രന്മാരും പുത്രികളും കൂടി വരികയുമാണ്. അതായത്, മാതൃത്വം മുമ്പത്തേക്കാള്‍ അസ്വതന്ത്രമായ ഒരു സ്വത്വമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രരായ പുതിയ തലമുറകളെക്കുറിച്ച് നാം സംസാരിക്കുന്നതുപോലും മാതൃത്വം എന്ന പരികല്‍പ്പനയെ തകര്‍ത്തുകൊണ്ടല്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 

ജെന്നിഫർ കെ.മാർട്ടിൻ
കെന്റക്കി, യു.എസ്.എ.


മലമ്പുഴയും കോഴിക്കോട് നോര്‍ത്തും; 'മൃദു'സ്ഥാനാര്‍ഥികള്‍ ചെയ്യുന്ന അപകടം

കേരളത്തില്‍ ബി.ജെ.പിക്ക് മറ്റു പാര്‍ട്ടികളുമായും മുന്നണികളുമായുമുള്ള രഹസ്യബാന്ധവത്തിന്റെ കഥകള്‍ ശരിയോ തെറ്റോ ആകട്ടെ, അതിലും ഗൗരവകരമായതാണ്, കോണ്‍ഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന അടവുനയങ്ങള്‍. കേരളത്തില്‍ ബി.ജെ.പി കച്ചവടമൊക്കെ നിര്‍ത്തി സ്വന്തം വോട്ടുഷെയറുണ്ടാക്കാനുള്ള പരിപാടികള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടോ മൂന്നോ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞെങ്കിലും ബി.ജെ.പിക്ക് നല്‍കുന്ന ഒത്താശകള്‍ അവിഹിതമായി തുടരുന്നു എന്നു തന്നെയാണ് ഇത്തവണ മലമ്പുഴ തെളിയിച്ചത്.

COVER

നേമത്തെ ചൂണ്ടിക്കാട്ടുന്നത്, ബാക്കി മണ്ഡലങ്ങളിലെ ഒത്താശകള്‍ക്കുള്ള ന്യായമാണോ എന്നുപോലും സംശയിക്കേണ്ട വിധത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ബി.ജെ.പിക്ക് വോട്ട് കൂടുതല്‍ സമാഹരിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളിലെ മത്സരം രാഷ്ട്രീയമായി തീവ്രമാക്കാനും അതുവഴി വോട്ടുകള്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടാതിരിക്കാനും യു.ഡി.എഫും എല്‍.ഡി.എഫും വിചാരിച്ചാല്‍ കഴിയും. എന്നാല്‍, വര്‍ഗീയതതെ തടഞ്ഞുനിര്‍ത്തുക എന്ന വേവലാതിയൊന്നും പലയിടത്തും ഈ മുന്നണികളില്‍ കാണുന്നില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ രണ്ടാം മണ്ഡലമായ കോന്നിയില്‍, കോണ്‍ഗ്രസിലെ പടലപ്പിണക്കം അവസാനിച്ചിട്ടില്ല. ആര്‍ക്കെതിരെയാണ് മത്സരം എന്നുപോലും തിരിച്ചറിയാനാകാത്ത ഒരുതരം അന്ധത ബാധിച്ചിരിക്കുന്നു അവിടെ കോണ്‍ഗ്രസിന്. 

കോഴിക്കോട് നോര്‍ത്തില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിത്വവും ശ്രദ്ധിക്കേണ്ടതാണ്. രണ്ടുതവണ മത്സരിച്ചെന്നു പറഞ്ഞ് എ. പ്രദീപ്കുമാറിനെ മാറ്റിനിര്‍ത്തി, സ്ഥാനാര്‍ഥിയായത് തോട്ടത്തില്‍ രവീന്ദ്രനാണ്. ബി.ജെ.പിയിലേക്ക് വരാന്‍ സര്‍വഥാ യോഗ്യനായി ആ പാര്‍ട്ടി തെരഞ്ഞെടുത്ത ആളാണ് രവീന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ നേരിട്ടെത്തി രവീന്ദ്രനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതും "വിശ്വാസിയായ പാര്‍ട്ടി അംഗമായി തുടരും' എന്ന് രവീന്ദ്രന്‍ മറുപടി പറഞ്ഞതുമെല്ലാം വാര്‍ത്തയായതാണ്. ഇത്തരം മൃദുവാദികളെ, ബി.ജെ.പിക്ക് വോട്ട് സമാഹരിക്കാന്‍ കഴിയുന്നിടത്ത് സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ സി.പി.എം നല്‍കുന്ന സന്ദേശം എന്താണ്. ഈ സ്ഥാനാര്‍ഥിത്വങ്ങള്‍ നിഷ്‌കളങ്കമാണെന്ന് പറയാനാകുമോ?. കേരളം സൃഷ്ടിക്കപ്പെട്ടപ്പോള്‍ മുതല്‍ ഇവിടെയുള്ള പാര്‍ട്ടിയൊന്നുമല്ല ബി.ജെ.പി എന്നോര്‍ക്കണം. അത്, സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയുമെല്ലാം വോട്ടുകള്‍ അപഹരിച്ചുതന്നെയാണ് വളര്‍ന്നിട്ടുള്ളത്. ആ വളര്‍ച്ച ഒരു നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ അതിനെ തടയേണ്ട ഉത്തരവാദിത്തമുള്ളവര്‍ തന്നെ അവര്‍ക്ക് വളംവെച്ചുകൊടുക്കുന്നത് കേരള ജനതയെ കൊഞ്ഞനംകുത്തുന്നതിന് സമമാണ്.

ഹൈദർ എസ്.വാഴയിൽ
ആലുവ


ഞെട്ടിച്ച ജീവിതം

വെബ്‌സിന്‍ പാക്കറ്റ് 17ല്‍ ഷൈല ആര്‍.ദാസ് എഴുതിയ "ജാസ്മിന്‍ മൂസയുടെ കഥ കുട്ടികള്‍ക്കായി' എന്ന ഓര്‍മക്കുറിച്ച് ഞെട്ടിപ്പിക്കുന്ന അനുഭവമായി. ഒരു സാധാരണ പെണ്‍കുട്ടി, ജീവിതത്തിലെ കൊടുംക്രൂരതകള്‍ അതിജീവിച്ച് സ്വയം കണ്ടെത്തിയ അനുഭവം, ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, ഓരോ സ്ത്രീക്കും മാതൃകയാണ്. ഇന്നും എത്രയോ പെണ്‍കുട്ടികള്‍ മതനിയമങ്ങളിലും അതിന്റെ ആചാരങ്ങളിലും ബന്ധിക്കപ്പെട്ട് ജീവിതം ഹോമിക്കുന്നു.

jasmine
ജാസ്മിന്‍ മൂസ

ഒരു അധ്യാപിക വിചാരിച്ചാലൊന്നും പൊട്ടിച്ചുകളയാനാകാത്ത ബന്ധനമാണത്. എന്നാല്‍, സ്‌കൂളിലെ സാഹചര്യങ്ങള്‍ ഒരുപക്ഷെ, ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ പര്യാപ്തമാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും അതാണ്. ജാതിക്കും മതത്തിനും അപ്പുറത്തുള്ള സഹവര്‍ത്തിത്തത്തിന്റെ മൂല്യങ്ങളാണ് ഇന്നും വിദ്യാര്‍ഥികള്‍ അവിടെനിന്ന് പഠിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തീര്‍ച്ചയായും അധ്യാപകരും സ്‌കൂളും പകരുന്ന അത്തരം മൂല്യങ്ങളായിരിക്കാം അവരുടെ പിടിവള്ളി. "ഞാന്‍ ഒരു സ്വതന്ത്ര സ്ത്രീയാണ്' എന്ന ജാസ്മിന്റെ ആത്മവിശ്വാസത്തിന്റെ വേരുകള്‍ കിടക്കുന്നത് ഒരുപക്ഷെ, മുക്കം എം.കെ.എച്ച്.എം.എം.ഒ സ്‌കൂളിലായിരിക്കാം.

ഡോ. റംല കബീർ
കുന്നംകുളം, തൃശൂർ


അനില്‍കുമാറിന്റെ കവിതയും ജീവിതവും

പ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന കവികളില്‍ ശ്രദ്ധേയനായ ഡി. അനില്‍കുമാറിന്റെ കവിതകളെക്കുറിച്ചുള്ള നൗഫലിന്റെ വായന (പാക്കറ്റ് 17) വേറിട്ട ഒന്നായിരുന്നു. സ്വന്തം ജീവിത പാശ്ചാത്തലവും അവിടെനിന്ന് രൂപം കൊള്ളുന്ന ഭാഷയുമായി കവിതയെ ഇത്രമേല്‍ കൂട്ടിയിണക്കിയ കവി മലയാളത്തില്‍ വേറെയില്ല. അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെ കവിത, മലയാളത്തിലൂടെ നടത്തുന്ന ഒരു അപനിര്‍മാണം കൂടിയായി മാറുന്നു. മുഖ്യധാരാ സമൂഹത്തില്‍ അദൃശ്യരാക്കപ്പെട്ട ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. തികച്ചും കാല്‍പ്പനികമായി കടലിനെയും കടല്‍ ജീവിതത്തെയും കാണുന്നവരാണ് മലയാളികള്‍. കടല്‍ജീവിതം മലയാള എഴുത്തിലും സിനിമയിലുമെല്ലാം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത് അയഥാര്‍ഥമായാണ്.

d-anil-kumar.jpg
ഡി. അനിൽകുമാർ

എന്നാല്‍, അനില്‍കുമാറിന്റെ കവിത ഈ ആവിഷ്‌കാരങ്ങളെയെല്ലാം റദ്ദാക്കുന്നു. കടലോര മനുഷ്യരുടെ ജീവിതം മാത്രമല്ല, അവരുടെ പേരില്‍ നടത്തപ്പെടുന്ന വികസനത്തിന്റെ രാഷ്ട്രീയവും ഒരു സമൂഹമെന്ന നിലയ്ക്കുള്ള അനിശ്ചിതാവസ്ഥയും മുഖ്യധാരാ രാഷ്ട്രീയ സമൂഹങ്ങളുടെ അവഗണനയും കേരള മോഡല്‍ എന്ന അയഥാര്‍ഥമായ അവകാശവാദങ്ങളുമെല്ലാം കവിതയില്‍ വിമര്‍ശിക്കപ്പെടുന്നു. അങ്ങനെ അനില്‍കുമാറിന്റെ കവിത, സ്വന്തം സമൂഹത്തിന്റെ രാഷ്ട്രീയപഠനം കൂടിയായി മാറുന്നുണ്ട്. കവിതയില്‍ ഇത്ര സമഗ്രമായി സാമൂഹിക ജീവിതം കൊണ്ടുവരുന്ന കവികള്‍ അനില്‍കുമാറിനെപ്പോലെ മറ്റാരുമില്ല.

ആനന്ദ് ആർ.കെ.
പറ്റ്ന, ബിഹാർ


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media