Saturday, 21 May 2022

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിനെട്ടില്‍ അശോകന്‍ ചരുവിലിന്‍റെ നോവലിന് ഇ. മീരയുടെ ചിത്രീകരണം
Text Formatted

ആദിവാസികളോട് വോട്ടുചോദിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച്

‘ചൂഷകരെ വിജയിപ്പിക്കേണ്ട ദയനീയാവസ്ഥയിലാണ് ഞങ്ങള്‍' എന്ന ഡോ. കെ.പി. നിതീഷ് കുമാറിന്റെ ലേഖനം (വെബ്സീന്‍ പാക്കറ്റ് 18) കുറിക്കുകൊള്ളുന്ന ഒന്നായിരുന്നു. കാരണം, കേരളത്തിന്റെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മാത്രമല്ല, ജനാധിപത്യ ചരിത്രത്തിലും ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്ന വിഭാഗം ആദിവാസികളാണ്. അത്, ഇന്ന് ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണം മുതല്‍ ആവര്‍ത്തിക്കുന്ന കബളിപ്പിക്കലാണ്. തോട്ടം മേഖലയെ ഒഴിവാക്കിയും ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി നിഷേധിച്ചുമാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയത്. ഭൂപരിഷ്‌കരണത്തിനുശേഷം സമീപകാലം വരെ ആദിവാസികള്‍ അടക്കമുള്ളവര്‍ ഭൂമിക്കുവേണ്ടി നടത്തിയ സമരങ്ങളെ ഇടതുപക്ഷം അടക്കമുള്ള സര്‍ക്കാറുകള്‍ അതിക്രൂരമായാണ് അടിച്ചമര്‍ത്തിയത്. ഇനി ഭൂമിയല്ല, ഫ്ളാറ്റാണ് ഭൂരഹിതര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. അതോടെ, ഒരു ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവം കൂടി അപഹരിക്കപ്പെടും.

ഡോ. കെ.പി. നിതീഷ് കുമാര്‍
ഡോ. കെ.പി. നിതീഷ് കുമാര്‍

ഭൂരഹിതരെ വികസനത്തിന്റെ പുറമ്പോക്കില്‍ തള്ളിയ അതേ ഭരണകൂടങ്ങള്‍ ഹാരിസണെപ്പോലുള്ള തോട്ടം മുതലാളിമാരെ അകമഴിഞ്ഞ് സഹായിച്ചു. ഇവരുടെ കൈവശമുള്ള ഭൂമിയുടെ അവകാശം സംബന്ധിച്ച് സുപ്രീംകോടതി വരെയുള്ള കേസുകളില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണ്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം പോലും നല്‍കാന്‍ തയാറാകാത്ത സര്‍ക്കാര്‍! ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായാണ് എണ്‍പതിനായിരം ഏക്കര്‍ ഭൂമി കൈയടക്കിവച്ചിരിക്കുന്നത് എന്ന് നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എം.ജി. രാജമാണിക്യം അടക്കമുള്ളവരുടെ റിപ്പോര്‍ട്ടുകളും ഇത് സാധൂകരിക്കുന്നതായി ഉണ്ട്. എന്നാല്‍, കോടതി വ്യവഹാരങ്ങളെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. അതേസമയം, ആദിവാസി മേഖലകളില്‍ നടന്നതെന്താണ്? വയനാട്ടില്‍ അവര്‍ കൃഷി ചെയ്തിരുന്ന വയലുകളും സ്ഥലങ്ങളുമെല്ലാം കുടിയേറ്റക്കാര്‍ കൈയേറി. അവര്‍ക്ക് ഭരണകൂടങ്ങള്‍ അവകാശം സ്ഥാപിച്ചുകൊടുക്കുകയും ചെയ്തു. യഥാര്‍ഥ മണ്ണിന്റെ ഉടമകളായ ആദിവാസികള്‍ കൈയേറ്റക്കാരുടെ പണിക്കാരായി മാറി.

കേരള കോണ്‍ഗ്രസിലൂടെയും മറ്റും കുടിയേറ്റക്കാര്‍ വോട്ടുബാങ്കായി മാറിയതോടെ, അവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചും വേണ്ടപ്പെട്ടവരായി മാറി. കേരള കോണ്‍ഗ്രസ്- മാണി വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്താണല്ലോ. അവരെ ഏതുതരം പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് എല്‍.ഡി.എഫ് ഒരു ഘടകകക്ഷിയായി സ്വീകരിച്ചത്. കേരള കോണ്‍ഗ്രസിന്റെ കേരളത്തിലെ രാഷ്ട്രീയ പ്രതിനിധാനം ഏത്

വര്‍ഗത്തിന്റേതാണ്‌. അത് സമ്പന്നരുടെയും സഭയുടെയും കൈയേറ്റക്കാരുടേയുമാണ്. അതായത്, കേരളത്തിലെ വിഭവങ്ങള്‍ കാലകാലങ്ങളില്‍ കൈയേറിയ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ഇന്ന് ഇടതുപക്ഷത്തുള്ളത് എന്നോര്‍ക്കണം. ആ പാര്‍ട്ടി തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍, വിലപേശലിലൂടെ സി.പി.എമ്മില്‍നിന്ന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്തതും.

ഇടതുപക്ഷം മാത്രമല്ല, കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ അനുകൂല നിലപാട് എടുത്തിട്ടില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുത്തുനല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമം മറികടക്കാന്‍ എ.കെ. ആന്റണി സര്‍ക്കാറാണ് 1996ല്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 1975ലെ നിയമം റദ്ദാക്കാന്‍ കെ.ആര്‍. ഗൗരിയമ്മ ഒഴിച്ചുള്ള ഇടതു- വലതു എം.എല്‍.എമാര്‍ ഒറ്റക്കെട്ടായാണ് ഒന്നിച്ചത്. ഇതിനുശേഷം കേരളം ഭൂമിക്കുവേണ്ടിയുള്ള എത്രയോ സമരങ്ങള്‍ക്ക് സാക്ഷിയായി. എല്ലാത്തിനെയും ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. നിതീഷ് കുമാര്‍ എഴുതിയതുപോലെ, ആദിവാസികളെ അടിച്ചമര്‍ത്തിയവര്‍ തന്നെ അവര്‍ക്കുമുന്നില്‍ വീണ്ടും വോട്ടുചോദിച്ച് എത്തുമ്പോള്‍, ജനാധിപത്യത്തിന്റെ 'മഹത്തായ മൂല്യം' ഉള്‍ക്കൊണ്ട് സമ്മതിദാനാവകാശത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയില്ലല്ലോ, ചൂഷകര്‍ക്കാണെങ്കിലും വോട്ടുകൊടുക്കാതിരിക്കാനാകില്ലല്ലോ. 
ജാനകി എം.എസ്.
കലിക്കറ്റ് യൂണിവേഴ്‌സിറ്റി


കുറിച്യരുടെ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍

ദിവാസി മേഖലയില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പുരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമായി കാണിച്ചുതരുന്നതായിരുന്നു ഡോ. കെ.പി. നിതീഷ് കുമാറിന്റെ ലേഖനം (വെബ്സീന്‍ പാക്കറ്റ് 18). വയനാട്ടില്‍ ഏറ്റവും ഉയര്‍ന്ന ആദിവാസി വിഭാഗളില്‍നിന്നുള്ളവരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്തു തെരഞ്ഞെടുപ്പുമുതല്‍ സ്ഥാനാര്‍ഥികളാക്കുക. ഭൂമിയില്ലാത്ത പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ എപ്പോഴും അവഗണിക്കപ്പെടുന്നു. കുറിച്യ വിഭാഗത്തില്‍പെട്ട പി.കെ. ജയലക്ഷ്മി മന്ത്രിയായപ്പോള്‍ അവര്‍ ഈ അടിസ്ഥാനവര്‍ഗങ്ങളുടെ കാര്യത്തില്‍ ഒരു ഇടപെടലും നടത്തിയില്ല. അവര്‍ കുറിച്യരുടെ മാത്രം മന്ത്രിയും പ്രതിനിധിയുമായിരുന്നു.

Katturkadavu
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 19-ന്റെ കവര്‍

കുറുമ, കുറിച്യ സമുദായക്കാര്‍ മാത്രമാണ് എപ്പോഴും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളായി വരുന്നത്. വയനാട്ടില്‍ നാലിലൊന്നും പണിയ സമുദായക്കാരായിട്ടും ഇവര്‍ ഒരുവിധ പ്രാതിനിധ്യവും ലഭിക്കാറില്ല. മറ്റു മുഖ്യധാരാ സമുദായങ്ങള്‍ വോട്ടുബാങ്കുകളുടെ അടിസ്ഥാനത്തിലുള്ള വിലപേശലിലൂടെ അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുമ്പോള്‍ ആദിവാസി വിഭാഗങ്ങളിലെ അധഃകൃതര്‍ നിരന്തരം രാഷ്ട്രീയ പാര്‍ട്ടികളാല്‍ ചവുട്ടിമെതിക്കപ്പെടുകയാണ്. ഈ സത്യം, ആ വിഭാഗത്തിന്റെ തന്നെ പ്രതിനിധിയായ ഒരാള്‍ തുറന്നെഴുതിയത് തീര്‍ത്തും പ്രസക്തമായി.
അര്‍ജുന്‍ എസ്.
വെള്ളമുണ്ട, വയനാട്


അദൃശ്യരാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ ദൃശ്യരാക്കുന്ന ലേഖനം 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ വെബ്സീന്‍ പ്രസിദ്ധീകരിച്ചുവരുന്ന ഇലക്ഷന്‍ ആന്റ് റിയാലിറ്റീസ് എന്ന പരമ്പര കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയം അവഗണിച്ചുകളഞ്ഞ അതിപ്രധാനമായ നിരവധി വിഷയങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നു. പാക്കറ്റ് 18ല്‍ ഡോ. ലിസ്ബ യേശുദാസ് എഴുതിയ കേരള മോഡലില്‍നിന്ന് അദൃശ്യരാക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ എന്ന ലേഖനം, ഇത്തരത്തിലുള്ള ഒന്നായിരുന്നു. ലേഖിക എഴുതിയതുപോലെ, സമീപകാലത്തുണ്ടായ പ്രളയമാണ് മത്സ്യത്തൊഴിലാളികളെ ഒരു സമൂഹം എന്ന നിലയക്ക് അടയാളപ്പെടുത്തിയത്. എന്നാല്‍, കടല്‍ക്ഷോഭങ്ങള്‍, പട്ടിണി, ദാരിദ്ര്യം, മത്സ്യസമ്പത്തിന്റെ ശോഷണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പാരിസ്ഥിതിക മാറ്റങ്ങള്‍ കടലോരത്തുണ്ടാക്കുന്ന പ്രതികൂല മാറ്റങ്ങള്‍ തുടങ്ങിയവ അവര്‍ നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്.

lisba.jpg
ഡോ. ലിസ്ബ യേശുദാസ്

ഇവ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ശ്രദ്ധയില്‍ വരാറില്ല. മത്സ്യത്തൊഴിലാളികളുടെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉപവിഭാഗങ്ങളുണ്ട്. ജാഥകളും പ്രകടനങ്ങളും വേണ്ടുവോളം നടക്കാറുണ്ട്. അവയില്‍നിന്ന് പുതിയ നേതാക്കള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇപ്പോള്‍, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തന്നെ ഒരു ഇലക്ഷന്‍ വിവാദം എന്നതിനപ്പുറത്തേക്ക് പോകുമെന്ന് തോന്നുന്നില്ല. അത് അങ്ങനെ വികസിപ്പിക്കാന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനും താല്‍പര്യമുണ്ടെന്നും തോന്നുന്നില്ല. കാരണം, മത്സ്യബന്ധമേഖല കോര്‍പറേറ്റുകള്‍ക്കും വിദേശികള്‍ക്കും തുറന്നുകൊടുക്കാനുള്ള നയപരമായ തീരുമാനങ്ങളുണ്ടായത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്താണ്, പ്രത്യേകിച്ച്, നരസിംഹറാവുവിന്റെ കാലത്ത് കൊണ്ടുവന്ന ലിബറലൈസേഷനിലൂടെ. അതുകൊണ്ട്, കോണ്‍ഗ്രസിന് ഇതിനെ ഒരു ഇഷ്യുവായി ഉന്നയിക്കാന്‍ കഴിയില്ല. വോട്ടുകിട്ടാനുളള തന്ത്രവും വിവാദവും മാത്രമായേ അവതരിപ്പിക്കാന്‍ കഴിയൂ. മത്സ്യത്തൊഴിലാളികളുടെ ഓരോ പ്രശ്നവും ഇത്തരത്തില്‍ നിര്‍വീര്യമാക്കപ്പെടുകയാണ്  ചെയ്യുന്നത്.

5000 കോടിയിലേറെ രൂപയുടെ മീന്‍ ഉല്‍പ്പന്നങ്ങളാണ് ഒരു വര്‍ഷം കേരളത്തില്‍നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നത് എന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണ്? തീര്‍ച്ചയായും മത്സ്യത്തൊഴിലാളികളല്ല. കാരണം, തീരദേശത്ത്, മത്സ്യവിഭവങ്ങളുടെ വ്യാപാര നിയന്ത്രണം ഇന്നും ഒരുതരം ഫ്യൂഡല്‍ ബന്ധങ്ങളില്‍ അധിഷ്ഠിതമാണ്, അതൊരുതരം കങ്കാണിപ്പണിയായി തുടരുന്നു. മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് അധ്വാനത്തിന്റെ നേരിയ ശതമാനം പോലും വരുമാനമായി ലഭിക്കുന്നില്ല.

മത്സ്യബന്ധത്തിന്​ തൊഴിലാളികളുടെ തയ്യാറെടുപ്പ് / Photo: പി.പി. യൂനസ്‌
മത്സ്യബന്ധത്തിനു മുന്നോടിയായുള്ള തൊഴിലാളികളുടെ തയ്യാറെടുപ്പ് / Photo: പി.പി. യൂനസ്‌

എല്ലാം ഇടനിലക്കാരാണ് കൈയടക്കുന്നത്. ചില ആനുകൂല്യങ്ങളല്ലാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണുന്ന പദ്ധതികളും ഒരു സര്‍ക്കാറിനുമില്ല. എല്ലാ തൊഴിലിനും കാലത്തിനനുസരിച്ച നവീകരണ ഉപാധികളുണ്ടാകാറുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ സ്വന്തം തൊഴിലില്‍ വൈദഗ്ധ്യം നേടുന്നത് ഇന്നും പരമ്പരാഗതമായ അറിവുകളില്‍നിന്നാണ്. അച്ഛന്‍ മത്സ്യത്തൊഴിലാളിയായതുകൊണ്ട് ആ തൊഴില്‍ ചെയ്യുന്ന മകന്‍. ഒരുപക്ഷെ, കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്നതിനേക്കാള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗം അഭിമുഖീകരിക്കുന്നുണ്ട്. ഇലക്ഷന്‍ കാലത്തുപോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ മടി കാണിക്കുമ്പോള്‍, യഥാര്‍ഥ ഇഷ്യുകളെ കണ്ടെത്താന്‍ ഒരു മാധ്യമമെന്ന നിലയ്ക്ക് വെബ്സീന്‍ നടത്തുന്ന ശ്രമം പ്രധാനപ്പെട്ടതാണ്.
ജീന ചിത്തരഞ്ജന്‍
ചെന്നൈ


അറിഞ്ഞുകൊണ്ട് എന്തിനാണ് ഇണ്ടനമ്മാവന് വോട്ട് ചെയ്യുന്നത്?

രാജേഷ് ആര്‍. വര്‍മയുടെ ‘ഈ വോട്ട് ഇണ്ടനമ്മാവന്' എന്ന ലേഖനം (പാക്കറ്റ് 18), ആക്ഷേപഹാസ്യത്തിലൂന്നി ചില യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും, ചില വാദങ്ങളോട് വിയോജിപ്പുണ്ട്. ഭരണത്തുടര്‍ച്ച വേണ്ട എന്ന അഭിപ്രായത്തെ, മുന്നണികള്‍ക്കുണ്ടായ വിശ്വാസത്തകര്‍ച്ചയുമായി ബന്ധിപ്പിച്ചാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല, ഒരു തവണ കൂടി കേരളത്തില്‍ ഇടതുപക്ഷം ഭരിച്ചാല്‍, അത് ദശാബ്ദങ്ങളോളം ബംഗാളില്‍ നടത്തിയ ഭരണത്തിന്റെ പ്രത്യാഘാതമുണ്ടാക്കും എന്ന ഭരണത്തുടര്‍ച്ചാവിരുദ്ധരുടെ വാദം തന്നെയാണ് രാജേഷും ആവര്‍ത്തിക്കുന്നത്.

രാജേഷ് ആര്‍. വര്‍മ
രാജേഷ് ആര്‍. വര്‍മ

സി.പി.എം അടക്കം ഒരു പാര്‍ട്ടിയുടെയും സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും, അദ്ദേഹം ശ്രമിച്ചാല്‍ പോലും ഒരു സര്‍വാധിപതിയായി മാറാനുള്ള ഒരു സാഹചര്യവും ഇന്ന് കേരളത്തിലും ഇന്ത്യയിലുമില്ല. ഫാസിസ്റ്റ് പ്രവണതകള്‍ അതിശക്തമായി പ്രകടിപ്പിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ  പ്രധാനമന്ത്രി നരേന്ദ്രമോദിക്കുപോലും ജനങ്ങള്‍ക്കുമേല്‍ ഒരു ഏകാധിപതിയായി ഭരിക്കാനുള്ള സാഹചര്യം ഒരിക്കലും ഇന്ത്യന്‍ ജനാധിപത്യം നല്‍കുമെന്ന് തോന്നുന്നില്ല. സി.പി.എം സ്ഥാനാര്‍ഥി പട്ടികക്കെതിരെ ഇത്തവണ അണികള്‍ നടത്തിയ പ്രതിഷേധം ഒരു ഉദാഹരണം മാത്രം. അണികളെ പേടിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ വരെ സി.പി.എമ്മിന് മാറ്റേണ്ടിവന്നില്ലേ? അതുകൊണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമയത്തുണ്ടായിരുന്ന അധികാര കേന്ദ്രീകരണത്തിന്റെ തലം വെച്ച് ഇന്നത്തെ പാര്‍ട്ടിയെയും ഭരണകൂടത്തെയും താരതമ്യം ചെയ്യുന്നത് ബാലിശമാണ്. യു.ഡി.എഫിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പുലര്‍ത്തുന്ന ആശങ്ക രാജേഷും പങ്കിടുന്നതായി തോന്നുന്നു, അതായത്, ഇത്തവണ യു.ഡി.എഫ് തോറ്റാല്‍, അണികളും ഘടകകക്ഷികളും മുന്നണിയെ ഉപേക്ഷിച്ചുപോകുമെന്ന്.

അണികള്‍ ബി.ജെ.പിയിലേക്ക് പോകുമെന്നാണല്ലോ സുധാകരന്റെ പേടി. യു.ഡി.എഫ് ഇല്ലാതാകുന്നതിലൂടെയല്ല കേരളത്തില്‍ ബി.ജെ.പി വളരുക, യു.ഡി.എഫിനോടൊപ്പം തന്നെയായിരിക്കും. മാത്രമല്ല, ഒരു മുന്നണിയെന്ന നിലയ്ക്ക് യു.ഡി.എഫ് ഇല്ലാതാകുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകാനുമിടയില്ല. ചില പാര്‍ട്ടികള്‍ കൂടുമാറി അങ്ങോട്ടുമിങ്ങോട്ടും പോകുമെന്നതൊഴിച്ചാല്‍. അതുകൊണ്ട്, ഇത്തവണ, ഇടതുപക്ഷത്തിന് പകരം തെരഞ്ഞെടുക്കാന്‍ ഒരു ബദല്‍ ഇല്ലാത്ത സ്ഥിതിക്ക്, അറിഞ്ഞുകൊണ്ടുതന്നെ ഇണ്ടനമ്മാവന് എന്തിനാണ് വോട്ടുചെയ്യുന്നത്?
അബ്ദുള്‍ സലിം
ദോഹ, ഖത്തര്‍


സുരേഷ് ഗോപിക്ക് വളംവെച്ചുകൊടുക്കുന്ന സി.പി.ഐ

ത്തവണ തൃശൂരില്‍ കാവിപ്പകര്‍ച്ചയുണ്ടായാല്‍ (എന്‍.കെ. ഭൂപേഷ്, പാക്കറ്റ് 18) അതിനുകാരണം സി.പി.ഐ എന്ന പാര്‍ട്ടിയായിരിക്കും. കാരണം, സി.പി.ഐക്കും ഇടതുപക്ഷത്തിനും നല്ല സ്വാധീനമുള്ള മണ്ഡലമാണ് തൃശൂര്‍. കോണ്‍ഗ്രസുകാര്‍ തന്നെ കോണ്‍ഗ്രസുകാരെ, അത് സാക്ഷാല്‍ കെ. കരുണാകരനായാലും ശരി, കാലുവാരി തോല്‍പ്പിക്കുന്ന മണ്ഡലം. ഇതൊക്കെ പരിഗണിച്ചുകൊണ്ട് വിജയസാധ്യതയുള്ള, നന്നായി പൊരുതാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥിയെ വേണമായിരുന്നു സി.പി.ഐ അവിടെ നിര്‍ത്താന്‍.

triisur.jpg
തൃശൂരിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ

രണ്ടുവര്‍ഷം മത്സരിച്ചവര്‍ക്ക് സീറ്റില്ല എന്നൊക്കെയുള്ള യാന്ത്രികമായ ഉപാധികള്‍ മുന്നോട്ടുവെക്കുമ്പോള്‍, ഒരു വര്‍ഗീയ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത ഇല്ലാതാക്കുക എന്ന അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു? കേരളത്തിലെ മറ്റു പല മണ്ഡലങ്ങളിലും ഇത്തവണ ഇടതുപക്ഷത്തിന് സംഭവിച്ച പാളിച്ച ഇതുതന്നെയാണ്. കാലത്തിന്റെ ചുമരെഴുത്ത് വായിക്കാതെ, യാന്ത്രികമായി തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടി എന്ന ചീത്തപ്പേര് ഇത്തവണയും ആവര്‍ത്തിക്കുന്നു.
മുഹമ്മദ് ബഷീര്‍ എന്‍.കെ.
ദുബായ്, യു.എ.ഇ.


മാന്‍ഡ്രേക്ക് വീണ്ടും വരുന്നു

വെബ്സീന്‍ പാക്കറ്റ് 18ല്‍ വിനീത വെള്ളിമന എഴുതിയ ‘മാന്‍ഡ്രേക്കേ, മറക്കില്ലൊരിക്കലും' എന്ന ലേഖനം ഏതൊക്കെയോ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ മക്കളിരുന്ന് ഫോണില്‍ കാര്‍ട്ടൂണ്‍ വീഡിയോകള്‍ കാണുമ്പോള്‍, ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് മാന്‍ഡ്രേക്കിനും ഫാന്റത്തിനും പുറകേ ആവേശത്തോടെ അലഞ്ഞുനടന്നിരുന്ന കാലം ഓര്‍ത്തു. നാട്ടിലെ ലൈബ്രറിയില്‍ കുറെ ലക്കങ്ങള്‍ ഒന്നിച്ച് ബയന്റു ചെയ്ത് വച്ചിരുന്നു. അവ കൊണ്ടുവന്ന് വായിക്കുക മാത്രമല്ല, അതേപോലെ, നോട്ടുബുക്കില്‍ കളര്‍പേനകൊണ്ട് പുനരാവിഷ്‌കരിക്കുകയും ചെയ്യും.

മാന്‍ഡ്രേക്ക് കോമിക് പുസ്തകങ്ങളിലൊന്നിന്റെ കവര്‍
മാന്‍ഡ്രേക്ക് കോമിക് പുസ്തകങ്ങളിലൊന്നിന്റെ കവര്‍

സ്വന്തമായി മാന്‍ഡ്രേക്കിനെ ഉണ്ടാക്കിയെടുത്ത്, അതിന് ജീവന്‍ നല്‍കി കഴിച്ചുകൂട്ടിയ ബാല്യം പഴയ ത ലമുറയുടെ വിലപ്പെട്ട സമ്പാദ്യമായിരിക്കും. അന്ന്, ഇന്ത്യന്‍ കോമിക് കഥാപാത്രങ്ങളേക്കാള്‍ ഇഷ്ടമുള്ളവരായിരുന്നു വിദേശത്തുനിന്നെത്തുന്ന ഈ കഥാപാത്രങ്ങള്‍. വിക്രമാദിത്യനും വേതാളത്തിനും ഹനുമാനും ഒന്നും നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള ആനന്ദം നല്‍കിയിരുന്നവര്‍. നന്ദി, ഓര്‍മയിലേക്ക് ഇത്തരമൊരു വീണ്ടെടുപ്പു നടത്തിയതിന്.
അനുപമ സി. 
ചേര്‍ത്തല, ആലപ്പുഴ


ആ കത്തുകള്‍, ഈ നോവല്‍ വേറെ ലെവല്‍

വിടെയിരുന്ന് ദൂരെയൊരു രാജ്യത്തിലെ മുറിയിലിരുന്ന്  ഞാനവളെ ഓര്‍ത്തു. സോളമന്‍ മേരിയെ ഓര്‍ക്കുന്ന പോലെയൊക്കെ. വര്‍ഷങ്ങള്‍ക്കിപ്പുറം 3 A M  എന്ന നോവല്‍ വായിക്കുമ്പോള്‍ പഴയ ഈമെയില്‍ ഐഡി തുറന്ന് മെയിലുകള്‍ എടുത്ത് നോക്കി. അവള്‍  എഴുതിയത്. പല വട്ടം വായിച്ചതാണ്. എന്നാലും. സോളമനെപ്പോലെ ഞാനും വായിച്ച് കരഞ്ഞിട്ടുണ്ട്. ഇന്ന് കത്തുകളിലെ വാക്കുകള്‍ക്ക് എന്തര്‍ത്ഥം. ചോദ്യങ്ങള്‍ മാത്രമേ അന്നും ഇന്നും ബാക്കിയുള്ളൂ.

എന്തിന്. എന്തിനാണ് ഇത്രയും സ്നേഹം നല്‍കി ആളുകളെ ആളുകള്‍ അടിമകളാക്കി കടന്നു കളയുന്നത്. എനിക്ക് മനസിലാകുന്നില്ല.

ശ്രീജിത്ത് പി.എസ്
3 AM നോവലിന് വേണ്ടി ശ്രീജിത്ത് പി.എസ്​. വരച്ച ചിത്രം.

എനിക്ക് പറ്റിയില്ലേലും സോളമനെങ്കിലും ആ ഇറങ്ങിപ്പോക്കിന്റെ കാരണം അറിയാന്‍ സാധിക്കട്ടെ. പ്രിയ സോളമന്‍ മേരിയേക്കാള്‍ സ്നേഹം നല്‍കുന്ന സമയം നല്‍കുന്ന ഇറങ്ങിപ്പോകാത്ത ഒരാളെ എനിക്ക് ലഭിച്ച പോലെ നിങ്ങള്‍ക്കും ലഭിക്കട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ ചാപ്റ്ററിലെ കത്തുകള്‍ വേറെ ലെവല്‍ ആയിരുന്നു. ഏതൊക്കെയോ വൈകുന്നേരങ്ങള്‍ രാത്രികള്‍ എന്നെ ഓര്‍മിപ്പിച്ചു. നന്ദി, ട്രൂ കോപ്പി വെബ്‌സീന്‍, അരുണ്‍ പ്രസാദ്.
ആനന്ദ് രഞ്ജിത്ത്
യു.കെ. 


കവിതയിലില്ലാത്തവരുടെ കവിതകള്‍

പാക്കറ്റ് 18ല്‍ രേഷ്മ സി. എഴുതിയ കവിതകള്‍ വായിച്ചു. മികച്ച കവിതകള്‍. ചെമ്മരത്തി മൂത്തമ്മ കവിതയിലേക്ക് കടന്നുവരുന്നത് എത്ര സ്വഭാവികമായാണ്. എന്നോ ജീവിച്ച് എന്നോ മരിച്ച ഒരാള്‍. ഓര്‍മയുടെ ഒരു തുണ്ടുപോലുമില്ലാത്തവള്‍.

രേഷ്മ സി.
രേഷ്മ സി.

പേരുപോലും മറക്കപ്പെട്ടവള്‍. ഓര്‍ക്കാന്‍ ആരുമില്ലാത്തവര്‍. എന്നിട്ടും അവര്‍ കവിതയിലേക്ക് കടന്നുവന്നു, അത് കവിയിലൂടെ തന്നെ. മരിച്ച ഒരാളെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്ന കവിതയുടെ വിസ്മയകരമായ വിദ്യ രേഷ്മ നന്നായി പ്രയോഗിക്കുന്നു. 

ഇല്ലാത്തവയുടെ മറ്റൊരു ആഖ്യാനമാണ് 'തീരുന്നില്ല'  എന്ന കവിത. പാടാത്ത, പൂത്തുലയാത്ത, ഉറഞ്ഞാടാത്ത, പാതിരാവറിയാത്ത...ഒരു ഉടലാട്ടം, അതും ഉടല്‍ പോലുമില്ലാത്ത ഒരു ഉടലാട്ടം. രേഷ്മയുടെ കവിതയില്‍ പ്രമേയവും അതിന്റെ ഭാഷയും ഉണ്ടായിവരുന്നതിന്റെ കൗതുകം ഓരോ വായനയിലും വേറിട്ട അനുഭവമായി മാറുകയാണ്.
സമദ് എ .
​​​​​​​അബൂദബി, യു.എ.ഇ


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media