Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് 19 ല്‍ പി.വി. ഷാജികുമാർ എഴുതിയ കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം
Text Formatted

പി.വി. ഷാജികുമാറിന്റെ 'ചായ'ക്ക് അല്‍പം കടുപ്പം കൂടുതലാണ്

പി.വി. ഷാജികുമാറിന്റെ കഥ "ചായ' (പാക്കറ്റ് 19) കലക്കി. നിസ്സഹായനായ ഒരു മനുഷ്യന്‍ വ്യവസ്ഥിതിയാല്‍ തോല്‍പ്പിക്കപ്പെടുമ്പോള്‍ പോലും അയാളുടെ അതിജീവനശ്രമം തന്നെ ഒരു വിജയമാണെന്ന് സ്ഥാപിക്കുന്ന കഥ. വലിയ മൂലധനങ്ങള്‍ സമൂഹത്തിന്റെ അരികിലുള്ള മനുഷ്യരെ കൈകാര്യം ചെയ്യുന്നതിന്റെ വലിയ കഥ കൂടിയാണിത്. മലയാളിക്ക് പരിചിതനാണ് കഥയിലെ ജോണ്‍ മാത്തനെപ്പോലെ കോട്ടും സൂട്ടുമിട്ട് വിമാനമിറങ്ങുന്ന വിദേശ മലയാളി കോടീശ്വരന്‍. "കേരളത്തിലെ എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രിയപ്പെട്ടവനും നാട്ടിലും മറുനാട്ടിലും സാധാരണക്കാര്‍ക്ക് ജീവിതം നല്‍കുന്നയാളും ഏതു ദുരന്ത സമയത്തും നാടിനൊപ്പം സാമ്പത്തികമായി കൂടെ നില്‍ക്കുന്നയാളും ആരും കുറ്റം പറയാത്തതുമായ' ഈ മുതലാളിമാര്‍ ഒരു വശത്ത് നാടിന്റെ രക്ഷകരായി അവതരിക്കുകയും മറുവശത്ത് "കൊച്ചിയിലെ കായലിനോടു ചേര്‍ന്നുകിടക്കുന്ന ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി' തട്ടിയെടുത്ത് വലിയ മാളുകള്‍ പണിയുകയും ചെയ്യും.

shaji--kumar.jpg
പി.വി. ഷാജികുമാര്‍

ഒരു മാള്‍ എന്നാല്‍, അതിനോട് ചേര്‍ന്നുകിടക്കുന്ന എത്രയോ ജീവിതങ്ങളുടെ മണ്ണ് കൂടിയാണ് എന്നും ഓര്‍ക്കാം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍  കെട്ടിപ്പൊക്കുന്ന മാളുകള്‍ നമ്മുടെ എത്രയോ ചെറുകിട വ്യാപാരികളുടെ ജീവിതം തകര്‍ത്ത കഥകള്‍, കഥകളായി പോലും വന്നിട്ടില്ല എന്നും ഓര്‍ക്കണം. വന്‍കിട മൂലധനങ്ങളും അതിന്റെ ഉടമകളും അധികാരവ്യവസ്ഥയിലൂടെ പൊതുസമൂഹത്തിന് സ്വീകാര്യരാകുന്നതിന്റെയും അതിന്റെ മറവില്‍ അവര്‍ സ്വന്തം ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെയും അനുഭവങ്ങള്‍ എത്രയോ മലയാളിയുടെ മുന്നിലുണ്ട്.

""ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അയാളെ വിളിച്ചിട്ടുണ്ടായിരുന്നു. ഇരുവര്‍ക്കും വേണ്ടപ്പെട്ട ഗംഗാധരന്റെ മകന്‍ ദിനേശന്‍ അബുദാബിയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാണ്. അവനെയിറക്കിയാല്‍ ജോണ്‍ മാത്തന് പലതുണ്ട് കാര്യം.'' എന്ന കഥയിലെ വരികള്‍ വ്യക്തമായ സൂചനയാണ്. നാട്ടിലെ സാധാരണക്കാര്‍ക്ക് നല്‍കുന്ന സഹായങ്ങളുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും കണക്ക് നിരത്തിയാണല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുചോദിക്കുന്നത്. എന്നാല്‍, ഇത്തരം മുതലാളിമാര്‍ക്ക് നല്‍കുന്ന വഴിവിട്ട സഹായങ്ങള്‍ എത്ര കോടികളുടേതാണ് എന്നതിന് വല്ല കണക്കുമുണ്ടോ? ആ സഹായങ്ങളുടെ മറവില്‍ നമ്മുടെ നേതാക്കള്‍ അനുഭവിക്കുന്ന സമ്പാദ്യങ്ങള്‍ക്ക് കണക്കുണ്ടോ? മലയാളിയുടെ സമകാലിക ജീവിതത്തിന്റെ എഴുതപ്പെടാത്ത ഒരു ഏടാണ് ഷാജികുമാര്‍ ആവിഷ്‌കരിക്കുന്നത്. അതിന് സാഹിത്യ മൂല്യം മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവുമായ മൂല്യം കൂടിയുണ്ട്.
ഫസീല അമൻ
ബർക്ക, ഒമാൻ


മലയാളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ നോവല്‍

ശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവ് 2018 എന്ന നോവല്‍ മനോഹരമായി വരുന്നുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെ അടിസ്ഥാന സ്വഭാവം ഈ നോവലിലും തുടരുന്നു. അതായത്, സാധാരണ മനുഷ്യരാണ് നാടിന്റെ യഥാര്‍ഥ നായകരെന്നും അവരുടെ രാഷ്ട്രീയജീവിതമാണ് സമൂഹത്തെ സൃഷ്ടിക്കുന്നതെന്നുമുള്ള വലിയ പാഠം. വ്യവസ്ഥിതിക്കെതിരെ സാധാരണത്വം കൊണ്ടൊരു പോരാട്ടം. ജീവിതം തന്നെ സമരമാകുന്ന അനുഭവം. പ്രമേയപരമായ വലിയ പരീക്ഷണങ്ങളോ അട്ടിമറികളോ അദ്ദേഹത്തിന്റെ രചനകളിലുണ്ടാകില്ല. എന്നാല്‍, നാം ജീവിച്ചിരിക്കുന്ന കാലത്തിനോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയം അതില്‍ കാണാം.

ashokan
അശോകന്‍ ചരുവില്‍

ഒരുപക്ഷെ, ഭാവുകത്വ അട്ടിമറികളെന്നപേരില്‍ സാഹിത്യത്തിലൂടെ ഒളിച്ചുകടത്തുന്ന അരാഷ്ട്രീയ വാദത്തിനെതിരായ ചെറുത്തുനില്‍പ്പുകൂടിയായി മാറുന്നു അതുകൊണ്ടുതന്നെ അശോകന്റെ രചനകള്‍. പ്രതിബദ്ധരചനകളുടെ പേരില്‍ മുദ്രാവാക്യങ്ങള്‍ പോലും കവിതകളും കഥകളുമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. അത്തരം വ്യാജസൃഷ്ടികളില്‍നിന്ന് എഴുത്തിന്റെ രാഷ്ട്രീയം വീണ്ടെടുത്തതില്‍ ഒരു പ്രധാന പങ്ക് അശോകന്‍ ചരുവിലിന്റെ രചനകള്‍ക്കുമുണ്ട്. അരികിലാക്കപ്പെട്ടവര്‍ പ്രധാന പ്രമേയമായി വരുന്ന കഥകളും നോവലുകളും ഇന്ന് മലയാളത്തില്‍ ഏറെയുണ്ടാകുന്നുണ്ട്. എന്നാല്‍, അരികിലാക്കപ്പെടാന്‍ വിസമ്മതിക്കുന്ന മനുഷ്യരെയാണ് കാട്ടൂര്‍ക്കടവ് അടക്കമുള്ള നോവലുകളില്‍ കാണാനാകുക. വെബ്‌സീനില്‍ വരുന്ന കാട്ടൂര്‍ക്കടവ് 2018 ആ നിലയ്ക്ക് മലയാള നോവലിലെ ഏറ്റവും പുതിയ ഒരു രാഷ്ട്രീയ രചന കൂടിയായി മാറുകയാണ്.
സജി സ്കറിയ
കട്ടപ്പന, ഇടുക്കി


ഏച്ചിക്കാനമേ, ലാല്‍ സലാം....

ന്തോഷ് ഏച്ചിക്കാനം എഴുതിയ ലേഖനം (ഏച്ചിക്കാനത്തെ ഒരേയൊരു കമ്യൂണിസ്റ്റുകാരന്‍, പാക്കറ്റ് 19) വായിച്ച് ഞെട്ടിപ്പോയി. പ്രത്യേകിച്ച്, ""വിയോജനാധികാരവും അഭിപ്രായസ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ പറയട്ടെ; അന്നും ഇന്നും എന്നും എന്റെ വോട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്'' എന്ന വരികള്‍ വായിച്ചപ്പോള്‍. കാരണം, ഒരു മലയാളി എഴുത്തുകാരന്‍, അതും പുതിയ തലമുറകളിലൊന്നിലെ, ഒരാള്‍ ഇത്ര തുറന്നും നിര്‍ഭയമായും രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കുന്നത് അത്ര സാധാരണമല്ല. അതും ഇതു പറയുന്നതുകൊണ്ട് "നഷ്ടപ്പെടാന്‍' ഏറെയുള്ള ഒരു കാലത്തും പ്രായത്തിലും. കാരണം, പലവിധ ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമാകാനും അവാര്‍ഡുകമ്മിറ്റികളില്‍ കയറിപ്പറ്റാനും യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്തകമാകാനും സാഹിത്യ അക്കാദമി ഭാരവാഹിയാകാനും എന്തിന് അവാര്‍ഡുകള്‍ കൈപ്പറ്റാനുമൊക്കെയുള്ള പാതി അവസരങ്ങളാണ് ഏച്ചിക്കാനും ഈ തുറന്നുപറച്ചിലിലൂടെ നഷ്ടപ്പെടുത്തുന്നത്. മാത്രമല്ല, അദ്ദേഹം ഇപ്പോള്‍ സിനിമയുടെ കൂടി ഭാഗമാണ്. സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ വരെ അദ്ദേഹം ഭാഗമാകുന്ന സിനിമകള്‍ക്ക് നഷ്‌പ്പെട്ടേക്കാം. അത്തരം സാധ്യതകളാണ്, ഈ തുറന്നുപറച്ചിലിനെ ഒരു ഞെട്ടലാക്കി മാറ്റുന്നത്.

santhosh
സന്തോഷ് ഏച്ചിക്കാനം

രാഷ്ട്രീയമുണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന നമ്മുടെ എഴുത്തുകാരുടെ രാഷ്ട്രീയാഭിപ്രായപ്രകടനങ്ങള്‍ നോക്കിയാല്‍ അതിലൊരു സമര്‍ഥമായ ബാലന്‍സിങ് ഉണ്ടെന്ന് തോന്നിപ്പോകും. കാരണം, ഈ മുന്നണി മാറി ആ മുന്നണി വന്നാലും, തങ്ങള്‍ക്കൊരു സ്‌പെയ്‌സ് ഉറപ്പാക്കിയായിരിക്കും മിക്കവാറും അഭിപ്രായപ്രകടനങ്ങള്‍. അതായത്, പുറമേക്ക് ഇടതുപക്ഷമെന്ന് തോന്നിപ്പിക്കും, എന്നാല്‍, യു.ഡി.എഫ് വന്നാലും ഇവര്‍ക്ക് അവിടെയൂം ഒരു സ്‌പെയ്‌സ് ഉണ്ടായിരിക്കും. കേന്ദ്രത്തില്‍ ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കിലും, ആ സര്‍ക്കാറിന്റെ ഫണ്ടിനും അവരുടെ രാഷ്ട്രീയാധികാരത്തിനും നിയന്ത്രണമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലും അവരുണ്ടാകും. എന്നിട്ട്, ഫാസിസ്റ്റ് വിരുദ്ധ രചനകള്‍ നടത്തിക്കൊണ്ടിരിക്കും. ഇടതുപക്ഷം എന്ന വാക്കുതന്നെ ഒരുതരം ബാലന്‍സിങ്ങിനുവേണ്ടിയാണ് ഇവര്‍ ഉപയോഗിക്കുന്നത്, അവര്‍ ഒരിക്കലും സി.പി.എം എന്നോ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നോ തുറന്നു പറയില്ല. ഇടതുപക്ഷത്തിനെ രാഷ്ട്രീയേതരമായ ഒരു ഐഡന്റിറ്റിയാക്കി മാറ്റുന്നത് പ്രധാനമായും കേരളത്തിലെ ഇത്തരം എഴുത്തുകാരാണെന്നുപറയാം. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഷാളണിയിച്ച് തങ്ങള്‍ കോണ്‍ഗ്രസുകാരാണ് എന്ന് തുറന്നുപറയുന്ന രമേശ് പിഷാരടിയെപ്പോലുള്ള മിമിക്രിക്കാരൊക്കെ ഈ എഴുത്തുകാരേക്കാള്‍ എത്രയോ ഭേദമാണ്. അവര്‍ക്ക് രാഷ്ട്രീയ കാപട്യമില്ല.

packet-19-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 19-ന്റെ കവര്‍

കോണ്‍ഗ്രസിന്റെ പരിണാമത്തെയും ബി.ജെ.പി നല്‍കുന്ന അപായസൂചനകളെയും ആഴത്തില്‍ പരിശോധിച്ചുകൊണ്ടുതന്നെയാണ്, ഏച്ചിക്കാനം എന്തുകൊണ്ട് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് തുറന്നു പറയുന്നത്. ""ഇരിക്കേണ്ട കസേരയില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇരിക്കാന്‍ പറ്റാതാവുമ്പോള്‍ അവിടെ ബി.ജെ.പി കേറിയിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്'' എന്ന നിരീക്ഷണം കൃത്യമാണ്. വര്‍ഗീയതക്കെതിരെ ആര്‍ക്ക് വോട്ടുചെയ്യണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. എഴുത്തുകാരനെന്ന നിലയ്ക്ക് അടിസ്ഥാനപരമായി ഉണ്ടാകേണ്ട ആര്‍ജവമാണ് സന്തോഷ് ഏച്ചിക്കാനം പ്രകടിപ്പിക്കുന്നത്.
നിഷാന്ത് കുമാർ
ബാലുശ്ശേരി , കോഴിക്കോട്


കുഞ്ഞാമനോടും കുഞ്ഞുണ്ണി സജീവിനോടും വിയോജിപ്പോടെ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം. കുഞ്ഞാമനും കുഞ്ഞുണ്ണി സജീവും പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് (പാക്കറ്റ് 19) വിയോജിപ്പുണ്ട്.
ഭരണത്തുടര്‍ച്ചയല്ല, ഇടര്‍ച്ചയാണ് വേണ്ടത്, ഭയവും അസ്ഥിരതയുമാണ് ജനാധിപത്യത്തില്‍ ആശയങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളിലേക്ക് നയിക്കുക എന്ന കുഞ്ഞുണ്ണി സജീവിന്റെ അഭിപ്രായം വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്ന ഒന്നാണ്. കേരളത്തിലെ അവസ്ഥ എന്താണ്? എല്‍.ഡി.എഫിനുപകരം അധികാരത്തില്‍ വരിക യു.ഡി.എഫാണല്ലോ.

kunjunni-sajeev.jpg
കുഞ്ഞുണ്ണി സജീവ്

അത് എന്തുതരം മുന്നണിയാണ്. കുഞ്ഞുണ്ണി സജീവ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്ന എല്ലാ ജീര്‍ണതകളും എല്‍.ഡി.എഫിനേക്കാള്‍ തീവ്രമായി പ്രതിഫലിപ്പിക്കുന്ന ഒരു മുന്നണിയാണത്. വര്‍ഗീയത, അഴിമതി, മൂലധനത്തോടുള്ള വിധേയത്വം തുടങ്ങി കേരളം ഇന്ന് നേരിടുന്ന എല്ലാതരം തിരിച്ചുപോക്കുകളെയും പാലൂട്ടി വളര്‍ത്തുന്ന പാര്‍ട്ടികളാണ് അതിലുള്ളത്. മാത്രമല്ല, കേരളത്തെ ലക്ഷ്യം വക്കുന്ന സംഘ്പരിവാറിന്റെ ആസൂത്രിതമായ രാഷ്ട്രീയാജണ്ടക്ക് ബലം പകരുന്ന ഒരു മുന്നണി കൂടിയാണിന്ന് യു.ഡി.എഫ്. അവരുടെ പ്രകടന പത്രിക ഇക്കാര്യം പച്ചയ്ക്കുതന്നെ പറയുന്നുമുണ്ട്. ഇത്തരമൊരു രാഷ്ട്രീയ കൂട്ടുകെട്ടിന് ഭരണം വിട്ടുകൊടുത്ത്, കേരളത്തെ പുറകോട്ടു നയിച്ചശേഷം തിരിച്ചുകൊണ്ടുവരാം എന്ന ചിന്ത എന്തുമാത്രം പരിഹാസ്യമാണ്. എല്‍.ഡി.എഫ് ഭരണം പല തലത്തിലും വിമര്‍ശിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. എന്നാല്‍, അഞ്ചുവര്‍ഷം കൂടി അവര്‍ കേരളം ഭരിച്ചാല്‍, ജനാധിപത്യത്തിലെ ആശയസംവാദവും സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള പ്രക്രിയകളും റദ്ദായിപ്പോകുമെന്ന വാദം തീര്‍ത്തും അരാഷ്ട്രീയമായ ഒന്നായേ കാണാനാകൂ.

എം. കുഞ്ഞാമന്റെ വാദവും, പൊതുവായ ഒരു ആശയതലത്തില്‍നിന്നുകൊണ്ടുള്ളതാണ്. അത് കൃത്യമായും കേരളീയ യാഥാര്‍ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഒരു തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍, ഇത്തരം അമൂര്‍ത്തമായ അഭിപ്രായപ്രകടനങ്ങള്‍, യഥാര്‍ഥത്തില്‍ സഹായിക്കുക, അവര്‍ തന്നെ എതിര്‍ക്കുന്ന പക്ഷത്തെയായിരിക്കും. അതാണ് സണ്ണി കപിക്കാട് ഉയര്‍ത്തിയ, ഭരണത്തുടര്‍ച്ചക്ക് എതിരായ വാദത്തിനും സംഭവിച്ചത്.

m-kunjaman-d.jpg
എം. കുഞ്ഞാമന്‍

യു.ഡി.എഫിന് അനുകൂലമായ ഒരു വാദമായല്ല സണ്ണി തന്റെ വാദം അവതരിപ്പിച്ചത് എന്നത് ശരിയാണ്. എന്നാല്‍, ഒരു തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ക്ക്, സ്ഥലകാലവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യബോധമുണ്ടായിരിക്കണം. എം. കുഞ്ഞാമന്റെ വാദത്തിനും ഇതേ പ്രശ്‌നമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയപ്രക്രിയക്കു സംഭവിച്ച പരിണാമങ്ങളെ അദ്ദേഹം കൃത്യമായി തന്നെ വിലയിരുത്തുന്നുണ്ട്. പ്രത്യേകിച്ച്, ഇന്ദിരാഗാന്ധി എന്ന മോഡല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ മോഡലായി മാറുന്ന പ്രക്രിയ. ഇത്, ശ്രദ്ധേയമായ ഒന്നാണ്. കാരണം, വ്യക്തിയെ പേരിലുള്ള അധികാരകേന്ദ്രീകരണം ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് തുടങ്ങുന്നത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികളക്കമുള്ളവര്‍ അതിനെ അനുകരിക്കുകയായിരുന്നു. ഇത്തവണ, കേരളത്തില്‍ പിണറായി വിജയന്‍ എന്ന വ്യക്തിയെ ഉയര്‍ത്തിക്കാട്ടി നടന്ന പ്രചാരണം ഇതിന് ഉദാഹരണമാണ്. മുമ്പ്. വി.എസ്. അച്യുതാനന്ദനെ ഇതേമട്ടില്‍ അവതരിപ്പിച്ചപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിച്ച അതേ പിണറായി വിജയനാണ് അതിന് "ഇര'യായത് എന്നതാണ് കൗതുകകരം. ഭരണാധികാരികള്‍ ഏകാധിപതികളായി മാറുന്ന എന്ന കുഞ്ഞാമന്റെ വിമര്‍ശനം ഇത്തരം സാഹചര്യങ്ങളില്‍ പ്രസക്തമാണ്. എന്നാല്‍, പൗരന്മാരെ സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണ്. സാഹചര്യങ്ങളെ മൂര്‍ത്തമായി വിലയിരുത്തി, ആ തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കണം എന്ന് കുഞ്ഞാമന്‍ വിശദീകരിക്കുന്നില്ല.
എൻ. അബ്ദുൾ റഹ്മാൻ
ദുബായ്, യു. എ. ഇ


ആ ആയുധം കൊണ്ടല്ല സി.പി.എമ്മിനെ കൊല്ലേണ്ടത്

പാക്കറ്റ് 19ല്‍ കരുണാകരന്‍ എഴുതിയ "ഈ തെരഞ്ഞെടുപ്പും എഴുത്തുകാരും' എന്ന ലേഖനം വായിച്ചു. ഏക പാര്‍ട്ടി സേച്ഛാധിപത്യം, സ്റ്റാലിനിസം എന്നൊക്കെ പറഞ്ഞ് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സി.പി.എം ഒരു ജനാധിപത്യ പാര്‍ട്ടിയല്ല എന്ന കെ. വേണുവിന്റെ അഭിപ്രായവും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍, ഇത്തരത്തില്‍, പ്രത്യയശാസ്ത്രാടിസ്ഥാനത്തില്‍ സമീപിക്കാവുന്ന ഒന്നാണോ കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്? പാര്‍ട്ടി സമ്മേളനങ്ങളില്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും അതില്‍ പാസാക്കുന്ന പ്രമേയങ്ങള്‍ക്കും അപ്പുറമുള്ള ഒരു അധികാര- ഭരണ സംവിധാനം മാത്രമല്ലേ അത്? ജോസ് കെ. മാണിയെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയും വിധം, പ്രത്യയശാസ്ത്രവൈപുല്യമുള്ളതല്ലേ അതിന്റെ അടിത്തറ? ഒരു കടകംപള്ളി സുരേന്ദന് സി.പി.എമ്മിന്റെ ഒരു മന്ത്രിയായി കേരളത്തില്‍ ഭരിക്കാന്‍ കഴിയുന്നത് അതുകൊണ്ടുകൂടിയല്ലേ? ഇത്തരത്തിലുള്ള എത്രയോ കടകംപള്ളിമാരുള്ള പാര്‍ട്ടിയാണിത്. ഈ പാര്‍ട്ടിയെ കാണിച്ചാണ് കരുണാകന്‍ മലയാളിയെ പേടിപ്പിക്കുന്നത്. ഇന്നത്തെ ഒരു ചുറ്റുപാടില്‍ എല്‍.ഡി.എഫ് കേരളത്തില്‍  എത്ര വര്‍ഷം തുടര്‍ന്നുഭരിച്ചാലും ഒരു സര്‍വാധിപത്യഭരണകൂടത്തിനൊന്നും സാധ്യതയില്ല, ശരിക്കും മറ്റുതരത്തിലുള്ള അപകടങ്ങളെക്കുറിച്ചാണ് ശരിക്കും ചിന്തിക്കേണ്ടത്. അതായത്, കരുണാകരന്റെയും കെ. വേണുവിന്റെയും കൈയിലുള്ള ആയുധം കൊണ്ടല്ല സി.പി.എമ്മിനെ കൊല്ലേണ്ടത് എന്നര്‍ഥം.
ഡോ. എൻ.കെ.സതീഷ്
തേവര, എറണാകുളം


ഇതോ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത?

തിരന്‍ കതിരവന്റെ തെരഞ്ഞെടുപ്പുലേഖനം (പാക്കറ്റ് 19) കൗതുകത്തോടെയാണ് വായിച്ചത്. അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ്. മലയാളി, തങ്ങള്‍ പറ്റിക്കപ്പെടുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് വോട്ടുചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെ സ്ഥാനാര്‍ഥിയായിരുന്നയാള്‍ ഈ തെരഞ്ഞെടുപ്പില്‍ എതിര്‍ മുന്നണിയില്‍ പ്രത്യക്ഷപ്പെടുന്നു. അതിന് അയാള്‍ക്കും അയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കും ഒരു മടിയുമില്ല. ജോസ് കെ. മാണി വിഭാഗം സ്ഥാനാര്‍ഥികളെക്കുറിച്ചും അവര്‍ക്ക് ഇത്തവണ വോട്ട് ചോദിച്ച എല്‍.ഡി.എഫ് നേതാക്കളെക്കുറിച്ചും മാത്രം ഓര്‍ക്കാം. എന്തിനാണ് അവര്‍ എല്‍.ഡി.എഫിന്റെ ഭാഗമായത് എന്നതിന് ഒരു വിശദീകരണം പോലും അവര്‍ക്ക് വോട്ടര്‍മാരോട് പറയേണ്ടിവരുന്നില്ല. വോട്ടര്‍മാര്‍ക്കാകട്ടെ അത് ആവശ്യമില്ല താനും.

ethiravan
എതിരന്‍ കതിരവന്‍

കഴിഞ്ഞ തവണ അഴിമതിയുടെ പര്യായപദമായി എല്‍.ഡി.എഫ് വിശേഷിപ്പിച്ച ഒരു പാര്‍ട്ടിയെ തോളിലേറ്റി നടക്കാന്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും ഒരു ധാര്‍മിക പ്രശ്‌നവുമില്ല. അതിന്റെ പ്രത്യയശാസ്ത്രവും അവര്‍ക്ക് വോട്ടര്‍മാരോട് വിശദീകരിക്കേണ്ടിവരുന്നില്ല. മാത്രമല്ല, കഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവര്‍ ത ന്നെ ഇത്തവണ ഒരു മുന്നണിയില്‍ നിന്നുകൊണ്ട് വോട്ടുചോദിക്കുന്നുണ്ട്. മറ്റൊന്ന്, ജാതിയും മതവും പറഞ്ഞ് വോട്ടു പിടിക്കുന്നതാണ്. ഒരു സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ആ സമുദായക്കാരനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും കൃത്യമായ ശ്രദ്ധ ചെലുത്തുന്നു. ശരിക്കും, അവിടുത്തെ വോട്ടര്‍മാരെ അപമാനിക്കലല്ലേ അത്? തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് എന്തുന്യായമാണ് ഈ പാര്‍ട്ടികള്‍ നിരത്തുകള്‍. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ചാലോചിച്ചാല്‍ ഒരെത്തും പിടുത്തവും കിട്ടുകയില്ല.
എം.എം. താജുദ്ദീൻ
ദോഹ, ഖത്തർ


ഫാന്റം, ഞങ്ങളുടെ യഥാര്‍ഥ നായകന്‍

​​​​​​​

vineetha-3.jpg
വിനീത വെള്ളിമന

മാന്‍ഡ്രേക്കിനുപുറകേ ഫാന്റവും വന്നു. സന്തോഷമായി. പഴയൊരു കാലം മുന്നില്‍വന്നു നിന്നപോലെ. ആ മുഖംമൂടി, തലയോട്ടി മുദ്ര, ബുദ്ധിയും സാഹസവും കൊണ്ടുള്ള എത്രയോ കളികള്‍. കുട്ടിക്കാലത്തെ ഇത്രയേറെ ചടുലമാക്കിയ മറ്റൊരു വായനാനുഭവം ഓര്‍ത്തെടുക്കാനില്ല. ഇന്നത്തെപ്പോലെ, മാധ്യമങ്ങളുടെ ധാരാളിത്തമില്ലാതിരുന്ന ഒരു കാലത്താണ് ഫാന്റം എന്ന സൂപ്പര്‍ ഹീറോ ജീവിതത്തിലേക്ക് പറന്നെത്തുന്നത്.

എന്തൊക്കെ തരം കഥാപാത്രങ്ങള്‍, പ്രദേശങ്ങള്‍, സംഭവങ്ങള്‍. എല്ലാം തീര്‍ത്തും അപരിചിതം. എന്നിട്ടും, മനസ്സില്‍ അനീതിയോട് പടവെട്ടുന്ന, നന്മയില്‍ വിശ്വാസമുള്ള ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഏതൊരാള്‍ക്കും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന യഥാര്‍ഥ നായകനായിരുന്നു ഫാന്റം. ഈ ഓര്‍മക്കുറിപ്പുകളുടെ വായനയെപ്പോലെ തന്നെ കൗതുകകരമായിരുന്നു വെബ്‌സീന്‍ പോലൊരു പ്രസിദ്ധീകരണം നടത്തിയ ഇത്തരം പുനര്‍വായനകളുടെ തെരഞ്ഞെടുപ്പും. നന്ദി.
ജയന്ത് കെ.
ഷെഫീൽഡ് , യു.കെ.


ബാള്‍ട്ടിക് രാജ്യങ്ങളുടെ 'സ്വാതന്ത്ര്യം'

അമല്‍ പുല്ലാര്‍ക്കാട്ടിന്റെ ബാള്‍ട്ടിക് യാത്രാവിവരണം അതീവ താല്‍പര്യത്തോടെയാണ് വായിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷമുള്ള ബാള്‍ട്ടിക് രാജ്യങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പരിണാമങ്ങള്‍ ശ്രദ്ധാപൂര്‍വം ഒപ്പിയെടുത്ത ഒരു യാത്രയായിരുന്നു ഇത്. സോവിയറ്റുയൂണിയന്റെ തകര്‍ച്ചയെക്കുറിച്ചും അതിനുശേഷമുള്ള രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചും പലതരം പുരാണങ്ങള്‍ നിലനില്‍ക്കുന്ന ഇടമാണ് കേരളം. പുത്തന്‍ മൂലധന അധിനിവേശത്തിന്റെ ആക്രമണത്തെക്കുറിച്ചും പലതരം വംശീയതകളുടെ തിരിച്ചുവരവിനെക്കുറിച്ചുമൊന്നും ആശങ്കകളില്ലാതെ, "കമ്മ്യൂണിസത്തിന്റെ തകര്‍ച്ച' ലോകത്തിന് രക്ഷയായി എന്ന മട്ടിലുള്ള ആഖ്യാനങ്ങളാണ് ഇവയിലേറെയും.

amal-pullarkkattu.jpg
അമല്‍ പുല്ലാര്‍ക്കാട്ട്

എന്നാല്‍, ബാള്‍ട്ടിക് രാജ്യങ്ങളുടെ, അമല്‍ വിവരിക്കുന്ന അനുഭവം ഈ കെട്ടുകഥകളെ പൊളിച്ചുകാട്ടുന്നതാണ്. അധികാര രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സാമൂഹികമായ മാറ്റം മുതല്‍ നിത്യജീവിതം വരെയുള്ള മേഖലകളില്‍ വലിയൊരു തിരിച്ചുപോക്ക് ദൃശ്യമാണ്. 2019ലെ ലിത്വാനിയന്‍ ഇലക്ഷനെക്കുറിച്ച് അമല്‍ എഴുതുന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനോട് ജനങ്ങള്‍ക്കുള്ള വിമുഖത, വലതുപക്ഷത്തിന്റെ സാന്നിധ്യം, മുതലാളിത്ത പക്ഷത്തുള്ള സ്ഥാനാര്‍ഥിയുടെ വിജയം എന്നിവ, വരാനിരിക്കുന്ന കാലത്തിലേക്കുള്ള സൂചനകളാണ്. ഇത്തരം മാറ്റങ്ങളെയാണ് ഇവിടുത്തെ ബുദ്ധിജീവികളടക്കമുള്ളവര്‍ സ്വാതന്ത്ര്യമായി രേഖപ്പെടുത്തുന്നത്.
ജെന്നിഫർ കെ.മാർട്ടിൻ
കെൻ്റക്കി, യു.എസ്.എ.


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media