കത്തുകള്‍
വായനക്കാർ

കാലാവസ്ഥാ ഉച്ചകോടിയും കഴിഞ്ഞു, ഒരു പ്രതീക്ഷയുമില്ലാതെ
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ 40 ലോക നേതാക്കള്‍ പങ്കെടുത്ത ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ പാശ്ചാത്തലത്തിലാണ് വെബ്‌സീന്‍ പാക്കറ്റ് 21ല്‍ കെ. സഹദേവന്‍ എഴുതിയ "കാലാവസ്ഥ വ്യതിയാനം: ശാസ്ത്രം തെളിവുനല്‍കുന്നു; ഭരണകൂടങ്ങള്‍ കേള്‍ക്കുന്നുണ്ടോ?' എന്ന റിപ്പോര്‍ട്ട് വായിച്ചത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മനുഷ്യ ഇടപെടലുകളുടെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്തുന്നതായിരുന്നു ഈ പഠനം.

ഭൗമ ദിനമായ ഏപ്രില്‍ 22നും 23നും നടന്ന ആഗോള ഉച്ചകോടിയില്‍, കാലാവസ്ഥക്ക് ഭീഷണിയാകുന്ന വികിരണങ്ങളുടെ അളവ് കുറയ്ക്കാന്‍ ധാരണയിലെത്തിയതായി വാര്‍ത്തകളിലുണ്ട്. മലിനീകരണമുക്തമായ ഇന്ധനങ്ങളുപയോഗിക്കുന്ന വാഹനങ്ങള്‍ വ്യാപിപ്പിച്ചും പവര്‍ ഗ്രിഡുകള്‍ വികസിപ്പിച്ചും പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ നിര്‍മിച്ചുമൊക്കെ ആഗോള താപനത്തില്‍നിന്ന് രക്ഷപ്പെടാനാണ് ആഹ്വാനം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ആഗോള താപനത്തിന്റെ വേഗം കുറയ്ക്കാനുമുള്ള ആഹ്വാനങ്ങള്‍ ഓരോ ഉച്ചകോടിയിലും ഉണ്ടാകാറുണ്ടെങ്കിലും അത് കാലാവസ്ഥയില്‍ പ്രതിഫലിക്കാറില്ലെന്നുമാത്രം. ഇത്തവണയും കാര്‍ബണ്‍ ബഹിര്‍ഗമനമായിരുന്നു പ്രധാന ചര്‍ച്ച. 2030 ആകുമ്പോഴേക്കും ഇത് 50-52 ശതമാനമായി കുറയ്ക്കാനാകുമെന്ന് യു.എസ് ഉറപ്പുനല്‍കുന്നു. 46 ശതമാനമായി കുറയ്ക്കുമെന്നാണ് ജപ്പാന്റെ ഉറപ്പ്.

ശക്തമായി നിയന്ത്രിക്കും എന്നുമാത്രമേ ചെെന പറയുന്നുള്ളൂ. എന്നാല്‍, ഇത്തരം ഉറപ്പുകള്‍, പുത്തന്‍ മൂലധനശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ആഗോള ഭരണകൂടങ്ങള്‍ക്ക് എത്രത്തോളം സാക്ഷാല്‍ക്കരിക്കാനാകും എന്നത് വലിയ ചോദ്യമാണ്. കോവിഡാനന്തര ലോകത്ത് "back to basics' എന്നൊരു പ്രയോഗമാണ് നമ്മുടെ പ്രധാനമന്ത്രി നടത്തിയത്. ഇത് എന്താണ് എന്ന് ഇനിയും വിശദീകരിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. വ്യവസായങ്ങള്‍, ഗതാഗതമേഖല, ഊര്‍ജം, കെട്ടിടനിര്‍മാണം തുടങ്ങിയവയില്‍ ഡീ കാര്‍ബണൈസ് സാങ്കേതികവിദ്യ ഉറപ്പുവരുത്താന്‍ യു.എസുമായുള്ള സഹകരണമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയില്‍ നടന്നുവരുന്ന "വികസനം' ഗ്രാമങ്ങളുടെ തകര്‍ച്ചക്കും ദാരിദ്ര്യവല്‍ക്കരണത്തിന്റെ തോതുയര്‍ത്താനും മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നതിന്റെ കണക്കുകള്‍ വന്നുകഴിഞ്ഞു. ഇത്തരമൊരു അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണകൂടം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് എത്രത്തോളം പുരോഗമനപരമായ നിലപാടെടുക്കുമെന്ന് ഊഹിക്കാവുന്നതാണ്.
ഇന്ത്യയില്‍ തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാലാവസ്ഥയില്‍ വന്‍ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗ്‌നമായ രാഷ്ട്രീയ ഇടപെടലുകള്‍ സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പുകള്‍, രാഷ്ട്രീയ ഭരണകൂടങ്ങളുടെ പ്രധാന അജണ്ടയായിത്തീരുമെന്ന പ്രതീക്ഷക്ക് ഒരു വകയുമില്ല. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങളുടെ മരണമുനമ്പില്‍നില്‍ക്കുന്ന ലോകത്തെ സംബന്ധിച്ച് പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍, പൊതുസമൂഹത്തിന്റെയെങ്കിലും ആശങ്കയായി മാറാന്‍ വന്‍ കാമ്പയിനുകള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
ഡോ. ഒ. മുഹമ്മദ്
ടൊറന്റോ, കാനഡ
ഡോണ മയൂര നല്‍കുന്ന കിടിലന്‍ ആത്മവിശ്വാസം
ഡോണ മയൂരയുടെ "കവിത ശരീരം രാഷ്ട്രീയം' പരമ്പര അതീവ ശ്രദ്ധയോടെയാണ് വായിക്കുന്നത്. ഇരുണ്ട ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍ പോലും, അവിടെനിന്ന് സ്വയം കുടഞ്ഞെറിഞ്ഞ് പുറത്തുവരാനുള്ള കുതിപ്പാണ് പ്രകടമാകുന്നത്. കവിത എഴുതിയതിന് വീട്ടുകാരുടെ തല്ലുകിട്ടേണ്ടിവന്ന കുട്ടികള്‍ ഡോണയുടെ തലമുറയില്‍ അധികമുണ്ടാകില്ല. മുന്‍തലമുറകളുടെ കഥകളിലാണ് അത്തരം പെണ്ണനുഭവങ്ങളെക്കുറിച്ച് വായിച്ചിട്ടുള്ളത്. എന്നാല്‍, അന്ന് തല്ലിക്കൊഴിക്കപ്പെട്ട ഊര്‍ജം പിന്നീട് എത്ര ഇരട്ടിയായാണ് ഡോണയില്‍ പ്രവര്‍ത്തിച്ചതെന്നാലോചിക്കുമ്പോള്‍ വിസ്മയം മാത്രം. കവിതയുടെ മാത്രമല്ല, വ്യക്തിത്വത്തിന്റെ കൂടി പലതരം ആവിഷ്‌കാരങ്ങളിലേക്കായിരുന്നു ആ പടര്‍ച്ച.

വിദേശത്ത്, ഒറ്റയ്ക്ക്, ഡോണക്ക് നടത്താന്‍ കഴിഞ്ഞ ഇടപെടലുകളാണ്, ഒരു മലയാളി സ്ത്രീയായ എന്നെ സംബന്ധിച്ച് ഏറെ പ്രധാനമായി തോന്നിയത്. കേരളത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ഇത്ര വിപുലമായ ഒരു ലോകത്തേക്കുള്ള സഞ്ചാരം, ഏതു പെണ്‍കുട്ടിയെ സംബന്ധിച്ചും സാധ്യമാണെന്ന ഒരുതരം കിടിലന്‍ ആത്മവിശ്വാസം തരുന്നതാണ് അവരുടെ എഴുത്ത്. ഇതുവരെ കവിതയിലൂടെ മാത്രം അറിഞ്ഞ ഡോണ, വെബ്‌സീനിലെ എഴുത്തിലൂടെ മറ്റൊരു അപരിചിത ആവിഷ്‌കാരമായി മാറുന്നു. നന്ദി.
സി.കെ. പ്രേംജിത്
ബത്തേരി, വയനാട്
എം.കെ. സാനുവും സി. അയ്യപ്പനും അപമാനിക്കപ്പെട്ട ഒരു മഹാരാജാസും ഉണ്ടായിരുന്നു
എഴുപതുകളെക്കുറിച്ചുള്ള എഴുത്തുകളിലാണ്, എസ്. ജോസഫ് എഴുതുന്ന (മഹാരാജാസില്‍നിന്ന് പടിയിറങ്ങുമ്പോള്‍, പാക്കറ്റ് 21) മട്ടിലുള്ള കാമ്പസുകളെക്കുറിച്ച് അധികവും വായിച്ചിട്ടുള്ളത്. മഹാരാജാസിനെക്കുറിച്ചാകട്ടെ, ജോസഫ് മാഷ് എഴുതിയതുപോലുള്ള, സാംസ്‌കാരിക വിനിമയങ്ങളുടെ കഥകളാണ് കൂടുതലും കേട്ടിരിക്കുന്നത്. എന്നാല്‍, ഓര്‍മയില്‍ നില്‍ക്കുന്നത് മറ്റൊരു കഥയാണ്. 2006ല്‍ എം.ബി. മനോജുമായി നടത്തിയ ഒരഭിമുഖത്തില്‍, കഥാകൃത്തും മഹാരാജാസിലെ അധ്യാപകനുമായിരുന്ന സി. അയ്യപ്പന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇന്നും ഓര്‍മയിലുള്ളത്: ""എം.കെ. സാനു എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി വന്നകാലം. സ്റ്റാഫ് റൂമില്‍ അദ്ദേഹത്തിന് മേശയും കസേരയും കൊടുത്തു. ഒരു ദിവസം ക്‌ളാസില്‍നിന്ന് തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ മേശമേല്‍ ഒരു ലിഖിതം. തനി വര്‍ഗീയമാണ്. "കൊട്ടിയുടെ മേശ'.
ഒരുപ്രാവശ്യം സാനുമാഷ്‌ക്ക് അറ്റാക്ക് വന്നു. എം. അച്യുതന്‍ മാഷിന്റെ പക്കല്‍ എപ്പോഴും ഒരു കാറ് കാണും. ചോദിച്ചപ്പോള്‍, അയാളെ കൊണ്ടുപോകാനാണെങ്കില്‍ വണ്ടി വേറെ പിടിച്ചോളാന്‍ പറഞ്ഞു. സി. അയ്യപ്പന്‍ തുടരുന്നു: ""പഠിപ്പിക്കുന്ന സമയത്ത് മൂന്ന് മാഷന്മാരാണ് ഞങ്ങളൊന്നിച്ച് ഊണുകഴിക്കുന്നത്. ഈ രണ്ട് മാഷന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും കറി വാരിത്തിന്നും. എന്റെ കറി ഈ രണ്ടുപേരും എടുക്കില്ല. അതുകൊണ്ടുതന്നെ ഞാന്‍ അവരുടെ കറി എടുക്കാറില്ല. അതിനവരെ പ്രേരിപ്പിക്കാത്ത ഒരാളായി ഞാന്‍ ഇരിക്കുന്നു. അത് ഞാന്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ഞാന്‍ വേറൊരു വിഭാഗമാണെന്ന് അവരെ തോന്നിപ്പിച്ച, അവരത് അടയാളപ്പെടുത്തിയ ആ സമയം...ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം...അങ്ങനെ ചില സമയങ്ങളുണ്ട്...''.

ജോസഫ് മാഷ് ജോലി ചെയ്ത കാലത്തേക്കാളും ഒരുപക്ഷെ രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ ഉണര്‍ന്നിരുന്ന ഒരു കാലത്താണ് സി. അയ്യപ്പനെപോലൊരു അധ്യാപകന്, കേരളത്തിലെ ഏറ്റവും "സമ്പന്നമായ' ഒരു കാമ്പസില്‍ ഇത്തരം അധിക്ഷേപം അനുഭവിക്കേണ്ടിവന്നത്. പിന്നീടും പല അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിരിക്കാം. ""മറ്റൊരു കോളേജിനുമില്ലാത്ത ഒരു പ്രത്യേകത മഹാരാജാസിനുണ്ട്. അത് കീഴാള- ദളിത് ചിന്തകരെയും എഴുത്തുകാരെയും സൃഷ്ടിച്ചതാണ്'' എന്ന് ജോസഫ് മാഷ് എഴുതിയത് വായിച്ചപ്പോള്‍ ഓര്‍ത്തുപോയതാണ് ഈ സംഭവം. സാംസ്‌കാരിക സത്തയുള്ള ഒരു കാമ്പസ് ഇത്തരം വിരുദ്ധ അടരുകളെ കൂടി അതിന്റെ ഗര്‍ഭത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കും. എന്നാല്‍, കാലത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ മാത്രമേ ഉച്ചത്തില്‍ നാം കേള്‍ക്കുകയുള്ളൂ. വിലാപങ്ങളും സംഘര്‍ഷങ്ങളും അപ്രകാശിതമായിരിക്കും.
മാനവ് രാമചന്ദ്രൻ
കുണ്ടന്നൂർ, എറണാകുളം
ജയശ്രീയുടെ പ്രണയ സംഘര്‍ഷങ്ങള്‍
പ്രണയബന്ധങ്ങളെക്കുറിച്ചുള്ള വിചിത്രവിചാരങ്ങളാല്‍ സമ്പന്നമായിരുന്നു ഡോ. ജയശ്രീയുടെ ആത്മകഥയുടെ 21ാം അധ്യായം (പാക്കറ്റ് 21). ജയശ്രീയെപ്പോലൊരു വ്യക്തിയെ സംബന്ധിച്ച് അത് സ്വഭാവികമായ വിചാരങ്ങളാണെങ്കിലും കുടുംബങ്ങളുടെയും വിവാഹബന്ധങ്ങളുടെയും ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അത് വിചിത്രങ്ങളായി തോന്നാം. കാരണം, ഇത്തരം ബന്ധങ്ങള്‍ അവരുടെ ഭാവനയില്‍ പോലും ഇടം തേടുന്നവയല്ല. ജയശ്രീ എഴുതുന്നത് സത്യമാണ്; വിവാഹബന്ധം ഒരു ഘട്ടം പിന്നിട്ടാല്‍ അതിന്റെ യാഥാസ്ഥിതികമായ ആവര്‍ത്തനങ്ങളെ വെറുക്കാന്‍ തുടങ്ങുകയും പുതിയ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയും ചെയ്യും. അത് വ്യക്തിപരമോ സാമൂഹികമോ ആയിരിക്കും. എന്നാല്‍, വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഏതുതരം ബന്ധങ്ങള്‍ക്കും കുടുംബം എന്ന സ്ഥാപനം വിലങ്ങുകളിടും. അതുകൊണ്ടുതന്നെ വിവാഹേതര ബന്ധങ്ങള്‍ ജയശ്രീ എഴുതുന്നതുപോലെ അസാധ്യവും അതിസങ്കീര്‍ണവുമായിരിക്കുന്നു. അതില്‍ പ്രണയത്തിന്റെ വൈയക്തികമായ സ്വാര്‍ഥതകള്‍ കൂടിയുണ്ട്. പ്രണയബന്ധങ്ങളില്‍, അതിലെ പങ്കാളികളുടെ പൊസ്സസീവ്‌നെസ്സ് ഒരു അപകടം പിടിച്ച സംഗതിയായി തീരും. ""എന്നെ പ്രണയിക്കുന്നു എന്ന് പറയുകയും അതേ സമയം മറ്റ് സ്ത്രീകളുടെ സൗന്ദര്യത്തെ പുകഴ്ത്തുകയും ചെയ്യുന്നവരെ ഞാന്‍ സ്വീകരിക്കാറില്ല. പ്രണയിക്കുന്ന സമയത്ത് പ്രണയിനിയില്‍ മാത്രം സൗന്ദര്യം കണ്ടെത്തുക എന്നത് ഒരു മിനിമം യോഗ്യതയായിട്ടാണ് ഞാന്‍ കാണുന്നത്.'' എന്ന ജയശ്രീയുടെ പ്രണയസങ്കല്‍പം വേണമെങ്കില്‍ പിന്തിരപ്പനാണ് എന്നും പ്രണയബന്ധങ്ങളെക്കുറിച്ച് അവര്‍ മുന്നോട്ടുവെക്കുന്ന പുരോഗമനനിലപാടുകളുടെ നിഷേധമാണ് എന്നും പറയാം.

മുപ്പതുവയസ്സിനുശേഷമാണ് എന്റെ കൗമാരപ്രണയങ്ങള്‍ തുടങ്ങിയത് എന്നെഴുതുന്ന ജയശ്രീ തന്നെയാണ്, പ്രണയബന്ധങ്ങളിലെ പൊസ്സസ്സീവ്‌നസ്സിനെ ആദര്‍ശവല്‍ക്കരിക്കുന്നത് എന്നത് ചിന്തിച്ചാല്‍ രസമുള്ള ഒരു കാര്യമാണ്. "നമ്മള്‍ അവരുടെ കുടുംബത്തെയും ഭാര്യയെയും ഓര്‍ക്കേണ്ടേ' എന്ന മാധവിക്കുട്ടിയുടെ സൂത്രം നിറഞ്ഞ ഉപദേശം, ഫലത്തില്‍ കുടുംബ യാഥാസ്ഥിതികത്വത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു പുരുഷകാഴ്ചപ്പാടാണ്. അതായത്, കുടുംബം എന്ന സ്ഥാപനത്തിനകത്ത് വ്യക്തിക്ക് ഒരുതരത്തിലുമുള്ള തെരഞ്ഞെടുപ്പുകളും സാധ്യമല്ല. ഒരു വഞ്ചകന്‍ എന്ന കുറ്റബോധത്തിലൂടെ മാത്രമേ ബന്ധങ്ങളുടെ നൈസര്‍ഗികമായ ആവിഷ്‌കാരങ്ങള്‍ കുടുംബത്തികത്ത് സാധ്യമാകൂ. അതില്‍നിന്ന് സ്വതന്ത്രരായി പുറത്തുവന്നാലോ, ഒരുതരം ഭ്രഷ്ടജീവിതത്തിലേക്ക് സമൂഹം അവരെ തള്ളിവിടും. നാം അഭിമുഖീകരിക്കുന്ന യാഥാര്‍ഥ്യങ്ങളും നമ്മുടെയുള്ളിലെ നൈസര്‍ഗികതകളും തമ്മിലുള്ള കടുത്ത ഏറ്റമുട്ടലിനെക്കുറിച്ച് അത്യന്തം ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു വിശകലനമാണ് ജയശ്രീ തന്റെ ആത്മകഥയിലൂടെ നടത്തുന്നത്.
സീതാലക്ഷ്മി
വെല്ലൂർ, തമിഴ്നാട്
'വെയില്‍ക്കാലങ്ങള്‍' കാലത്തിന്റെ ആവശ്യം
യു. ജയചന്ദ്രന്‍ എഴുതുന്ന വെയില്‍ക്കാലങ്ങള്‍ എന്ന പരമ്പര, കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. എഴുപതുകള്‍ക്കും എണ്‍പതുകള്‍ക്കും ശേഷമുള്ള തലമുറയാണ് ഇപ്പോഴത്തേത്. കാമ്പസുകള്‍ നേതൃത്വം നല്‍കിയ ഒരു രാഷ്ട്രീയ- സാംസ്‌കാരിക കേരളം ഉണ്ടായിരുന്നു എന്ന രേഖപ്പെടുത്തലാണ് ജയചന്ദ്രന്‍ നടത്തുന്നത്. എണ്‍പതുകളുടെ മധ്യത്തില്‍ കാമ്പസിലുണ്ടായിരുന്ന ഒരാളാണ് ഞാന്‍. ഒരുതരം അത്യാവേശത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ട്, പാകമായി വരുന്ന ഒരു തലമുറയാണ് അന്ന് കാമ്പസിലുണ്ടായിരുന്നത്. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം അതിന്റെ സങ്കല്‍പലോകങ്ങളോട് വിട പറഞ്ഞ് കേരളീയമായ ഒരു അസ്തിത്വത്തിലേക്ക് വന്നുതുടങ്ങിയത് അക്കാലത്താണ്. കാമ്പസിനുപുറത്ത് കവിതയുടെയും സിനിമയുടെയും ചിത്രകലയുടെയും രാഷ്ട്രീയ പ്രതികരണങ്ങളുടെയെല്ലാം ഒരു ബദല്‍ ലോകമുണ്ടായിരുന്നു. തൃശൂര്‍ കേരളവര്‍മ കോളേജില്‍ അക്കാലത്തെ ഒരു കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് സോപാന സംഗീതജ്ഞന്‍ ഞെരളത്ത് രാമപ്പൊതുവാളിനെ കൊണ്ടുവന്ന അനുഭവം കവി കൂടിയായ രാവുണ്ണി മുമ്പ് എഴുതിയത് ഓര്‍ക്കുന്നു.

അതുവരെ ഒരു സ്‌റ്റേജില്‍ കയറിയിട്ടില്ലാത്ത ആ മഹാഗായകന്‍ അത്യന്തം പരിഭ്രമത്തോടെ ഒരു നിമിഷം നിന്ന്, പിന്നീട് ഒരു പാട്ടു പാടാം എന്നു പറഞ്ഞ്, പാടിക്കൊണ്ട് ആ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇത്തരത്തില്‍, പലതരം വിമതസ്വരങ്ങളുടെ ഒരു കേന്ദ്രമായിരുന്നു അന്നത്തെ കാമ്പസുകള്‍. ഇടതുപക്ഷം നേടിയ മേല്‍ക്കൈയാണ് കാമ്പസുകളെ ഇത്തരത്തില്‍ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയത്. അതിന് നേതൃത്വം നല്‍കിയവരാണ് ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലുള്ള പല നേതാക്കളും. ചാനല്‍ ചര്‍ച്ചകളില്‍ മാത്രം അവരെ കണ്ടുള്ള പരിചയമേ ഇന്നത്തെ തലമുറക്കുണ്ടാകൂ. സമ്പന്നമായ ഭൂതകാലങ്ങളുടെ വീണ്ടെടുപ്പ് ഒരു തിരിച്ചറിവിന്റെ ഫലം ചെയ്യും.
ജെയ്ക് ആന്റണി
തിരുവല്ല, കോട്ടയം
ഇന്ദുമേനോന്റെ ആത്മഭാഷ

ഇന്ദുമേനോന്റെ ആത്മകഥ, ഭാഷയുടെ മനോഹാരിത കൊണ്ട് ആകര്‍ഷകമാണ്. അവരുടെ ജീവിതത്തിലെ സാധാരണത്വങ്ങളെല്ലാം ഭാഷയുടെ മാന്ത്രികതയാല്‍ അസാധാരണമായിത്തീരുന്നു. "രണ്ടാം ഗെയിറ്റില്‍നിന്ന് അവനെന്നോട് തുള വീണ ഹൃദയം ചോദിച്ചു' എന്ന എട്ടാം അധ്യായം (പാക്കറ്റ് 21) ഒരു പെണ്‍കുട്ടിയുടെ പ്രണയബന്ധങ്ങളെക്കുറിച്ചുള്ളതാണ്. ദാമ്പത്യബന്ധത്തിലെ സ്‌നേഹരാഹിത്യവും തിരസ്‌കാരങ്ങളും അവഗണനകളും വൈകാരികശൂന്യതകളുമെല്ലാം, മാധവിക്കുട്ടി ആവിഷ്‌കരിച്ചതിനുതുല്യമായ തീവ്രതയോടെ ഇന്ദുമേനോന്‍ എഴുതുന്നു. പ്രണയം എന്ന് തെറ്റിധരിക്കുന്ന ബന്ധങ്ങള്‍ പിന്നീട് പലതരം ഈഗോകളില്‍പെട്ട് ഉലഞ്ഞില്ലാതാകുന്നതും അതില്‍നിന്ന് ഒരു പാഠവും പഠിക്കാതെ മറ്റൊരു ബന്ധത്തിലേക്ക് വീണുപോകുന്നതുമെല്ലാം എത്ര ഹൃദയാവര്‍ജകമായാണ് ഇന്ദുമേനോന്‍ എഴുതുന്നത്.
ഹസീന റഹീം
മെഡിക്കൽ കോളജ് , കോഴിക്കോട്
ആണ്‍- പെണ്‍ സൗഹൃദത്തെ പേടിക്കുന്ന അധ്യാപകര്‍
പാക്കറ്റ് 21ല്‍ സജീവ് പി.ബി എഴുതിയ "ആറാം ക്ലാസുകാരന്റെ പ്രേമം കൈകാര്യം ചെയ്ത മാഷ്' എന്ന അനുഭവക്കുറിപ്പില്‍, നമ്മുടെ അധ്യാപകര്‍ എങ്ങനെയാണ് വിദ്യാര്‍ഥികളെ മനസ്സിലാക്കുന്നത് എന്നതുസംബന്ധിച്ച വലിയൊരു പാഠമുണ്ട്. അത്, ഏറെക്കുറെ സ്വയം വിമര്‍ശനപരമായി തന്നെയാണ് ഈ അധ്യാപകന്‍ വിവരിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധം, നമ്മുടെ യാഥാസ്ഥിതികമായ ആണ്‍ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ കൈകാര്യം ചെയ്യാറ്. ഇതേ പംക്തിയില്‍ മുമ്പ് പുണ്യ സി.ആറും, പെണ്‍കുട്ടികളെ സദാചാരനിയമം പാലിക്കാന്‍ പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

ആണ്‍കുട്ടികളുമായി സൗഹൃദബന്ധങ്ങള്‍ വളര്‍ന്നുവരുന്ന പ്രായത്തിലാണ്, മനുഷ്യവിരുദ്ധമായ സദാചാരസങ്കല്‍പ്പങ്ങള്‍ അധ്യാപകര്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതോടെ, സ്‌കൂളുകളില്‍ ആരോഗ്യകരമായ ആണ്‍- പെണ്‍ സൗഹൃദം ഇല്ലാതാകുന്നു. നമ്മുടെ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കി, പകരം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടകലര്‍ന്ന് പഠിക്കാവുന്ന സാഹചര്യമൊരുക്കണം എന്ന് എത്രയോ കാലമായുള്ള ആവശ്യമാണ്. എന്നാല്‍, ആണ്‍- പെണ്‍ ബന്ധങ്ങളെ സംശയത്തോടെ മാത്രം കാണുന്ന ഒരുതരം പൊതുബോധമാണ് ഇന്നും ഇത്തരം സ്‌കൂളുകളെ നിലനിര്‍ത്തിപ്പോരുന്നത്. യു.പി., ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുട്ടികള്‍ എന്തു പഠിക്കുന്നു എന്നതിനോളം പ്രധാനപ്പെട്ടതാണ്, അവര്‍ ഏതുസാഹചര്യത്തിലാണ് പഠിക്കുന്നത് എന്നത്. പെണ്‍കുട്ടികളുമായുള്ള സൗഹൃദം അസാധ്യമാക്കുന്നതും അവരെ വെറും ശരീരങ്ങള്‍ മാത്രമായി കാണാന്‍ പ്രേരിപ്പിക്കുന്നതുമായ സാഹചര്യമാണ് ഇന്ന് സ്‌കൂളുകളില്‍ നിലനില്‍ക്കുന്നത്. ഇവരാണ് പിന്നീട് കുടുംബം അടക്കമുള്ള സ്ത്രീവിരുദ്ധമായ പലതരം സ്ഥാപനങ്ങളുടെ അധികാരികളായി മാറുന്നത് എന്നതും മറന്നുകൂടാ.
അഞ്ജലി അഗസ്റ്റിൻ
സൗത്ത് യോക് ഷെയർ, യു.കെ
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media