കത്തുകള്‍
വായനക്കാർ

കോണ്‍ഗ്രസ് എന്തുകൊണ്ട് മോദിയുടെ രാജി ആവശ്യപ്പെടുന്നില്ല?
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംഭവിച്ച ശാസ്ത്രീയവും സാമൂഹികവുമായ എല്ലാ മാറ്റങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്യുന്നതായിരുന്നു ഡോ.ബി. ഇക്ബാല്‍ എഴുതിയ ലേഖനം (വെബ്സീന്‍ , പാക്കറ്റ് 22).
ഇന്ത്യയിലേതുപോലെ തന്നെ ബ്രിട്ടന്, സ്പെയിന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടാം തരംഗമുണ്ടായിരുന്നു. ഈ രാജ്യങ്ങളെല്ലാം മെഡിക്കല്‍ സയന്‍സില്‍ വിശ്വാസമര്‍പ്പിച്ചും സാമൂഹിക ജീവിതം ചിട്ടപ്പെടുത്തിയുമാണ് അതിനെ നിയന്ത്രിച്ചത്. ഇന്ത്യയിലേതിനുസമാനമായി വ്യാപനത്തിന്റെയും മരണത്തിന്റെയും കാര്യത്തില്‍ വന്‍ കുതിപ്പാണ് ഇവിടങ്ങളിലുണ്ടായത്. എന്നിട്ടും അവര്‍ക്ക് സാധിച്ചത് എന്തുകൊണ്ടാണ് ഇന്ത്യക്ക് കഴിയാതിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. വാക്സിനേഷന് ത്വരിതഗതിയിലാക്കി ഹേര്‍ഡ് ഇമ്യൂണിറ്റി കഴിവതും വേഗം കൈവരിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗം എന്ന് ഇക്ബാല്‍ എഴുതുന്നു. എന്നാല്‍, വാക്സിന് വിതരണം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അനീതിയും വിവേചനവും നിറഞ്ഞ ഒരു അസംബന്ധമായി മാറിയിരിക്കുന്നു. വിദേശ കമ്പനികളില്‍നിന്ന് ആവശ്യമായ ഡോസിന്റെ 50 ശതമാനം വാങ്ങി സൗജന്യമായി നല്‍കും, ബാക്കി 50 ശതമാനം സംസ്ഥാന സര്‍ക്കാറുകളും സ്വകാര്യ ഏജന്‍സികളും ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് വിലപേശി നേരിട്ടു വാങ്ങി വിതരണം ചെയ്യണം എന്നാണ് പുതിയ വാക്സിന് നയത്തില്‍ പറയുന്നത്. കോവിഡ് വാക്സിന് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് യു.എസ് നിരോധിച്ചിരിക്കുകയാണ്. അമേരിക്കക്കാര്‍ വാക്സിന് എടുക്കേണ്ടത് ലോകത്തിന്റെ മുഴുവന്‍ ആവശ്യമാണ് എന്നാണ് യു.എസ് പറയുന്ന ന്യായം. മനുഷ്യരാശിക്കുവേണ്ടി എന്നതിനുപകരം ഒരു രാജ്യത്തിന്റെ സ്വകാര്യനയമായി ചുരുങ്ങുകയാണ് വാക്സിന് നയതന്ത്രം.

2021 ജനുവരിയില്‍ ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍, സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിനുമുന്നില്‍ വച്ച ഒരു കണക്കില്‍ ഇങ്ങനെ പറയുന്നു: 49 സമ്പന്ന രാജ്യങ്ങളില്‍ മൂന്നുകോടി 90 ലക്ഷം വാക്സിന് ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍, ദരിദ്ര രാജ്യങ്ങളില്‍ നല്കിയതോ, വെറും 25 ഡോസ് വാക്സിന് മാത്രം. 25 മില്യനോ 25 ആയിരമോ അല്ല, വെറും 25 ഡോസ് മാത്രം. 170 ദരിദ്ര രാജ്യങ്ങളില്‍ ഇതുവരെ ഒരു ഡോസ് പോലും കിട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം ഇദ്ദേഹം ഈ കണക്ക് ഒന്ന് അപ്ഡേറ്റ് ചെയ്തു: സമ്പന്ന രാജ്യങ്ങളിലെ നാലില്‍ ഒരാള്‍ക്ക് വാക്സിന് ലഭിച്ചപ്പോള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ അഞ്ഞൂറില്‍ ഒരാള്‍ക്കാണ് വാക്സിന് ലഭിച്ചത്. കോവിഡ് വാക്സിനേഷന് വികസിത രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു. ഇന്ത്യയിലും സംഭവിക്കാന്‍ പോകുന്നത് ഇതേ ദുരന്തമാണ്. കാരണം, ഇവിടെയും മനുഷ്യരെ പല തട്ടുകളിലായി കാണുന്ന ഒരു ഭരണകൂടമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു മഹാവ്യാധിയുടെ അന്തരീക്ഷത്തില്‍ പോലും ജനപക്ഷത്തുനിന്ന് ഒരു തീരുമാനമെടുക്കാന്‍പോലും കേന്ദ്ര ഭരണകൂടത്തിന് കഴിയുന്നില്ല എന്നുമാത്രമല്ല, അത് നഗ്നമായി തന്നെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ജനപക്ഷത്തുള്ള പൊതുജനാരോഗ്യപ്രവര്ത്തകരല്ലാതെ, ഈ കൊള്ളയ്ക്കെതിരെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പോലും ഫലപ്രദമായ പ്രതിഷേധമുയര്‍ത്തുന്നില്ല. കാരണം, കോണ്‍ഗ്രസായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത് എങ്കിലും ഇതേ കൊള്ള ഭംഗിയായി കോര്‍പറേറ്റുകള്‍ക്ക് നടത്താന്‍ കഴിയുമായിരുന്നു. ഒരു പ്രതിപക്ഷം എന്ന നിലയില്‍, രാഷ്ട്രീയ മുതലെടുപ്പിന്റെ മറവിലാണെങ്കില്‍ പോലും കോണ്‍ഗ്രസിന്, നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടാന്‍ കഴിയാത്തത് പരമ കഷ്ടം തന്നെ.
സി. അരവിന്ദ്
ബംഗളൂരു
പൂനാവാലയുടെ സമ്പത്തും ഇന്ത്യക്കാരന്റെ ജീവിതവും
ഡോ.ബി. ഇക്ബാല്‍ കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ (വെബ്സീന്‍, പാക്കറ്റ് 22) കോവിഡ് വംശീയതയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ആധുനിക ശാസ്ത്രം, പ്രത്യേകിച്ച് മെഡിക്കല്‍ സയന്‍സ് കുത്തക മൂലധന ശക്തികളുടെ നിയന്ത്രണത്തില്‍ അമര്‍ന്നുപോയതിന്റെ ദുരവസ്ഥയാണ് വാക്സിന് വംശീയതയിലൂടെ ഇന്ന് ലോകത്തെ പാര്ശ്വവല്കൃത സമൂഹം അനുഭവിക്കുന്നത്. മുമ്പും മനുഷ്യരാശി ഇത്തരം മഹാമാരികളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍, അന്ന് മെഡിക്കല്‍ സയന്സിനുമേല് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഒട്ടൊക്കെ സാമൂഹിക നിയന്ത്രണം സാധ്യമായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍, ഇപ്പോള്‍ വാക്സിന് ഗവേഷണവും നിര്‍മാണവും വിതരണവുമെല്ലാം കുത്തക കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. അവര്‍, പൊതുജനക്ഷേമത്തിന്റെ മറവില്‍ ലഭിക്കുന്ന ഫണ്ടും ഗ്രാന്റും ഭരണകൂട സഹായങ്ങളുമെല്ലാം കൈപ്പറ്റി, മനുഷ്യന്റെ വംശവും നിറവും പ്രദേശവും നോക്കി വില ചുമത്തുന്നു. മറ്റൊന്നുകൂടിയുണ്ട്. ഈ വാക്സിന് ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും ഉപകരണങ്ങള്‍ അവഗണിക്കപ്പെടുന്ന ദരിദ്രരാജ്യങ്ങളിലെ മനുഷ്യര്‍ കൂടിയാണ് എന്നോര്‍ക്കണം. എന്നിട്ടാണ്, എല്ലാതരം മനുഷ്യര്‍ക്കും അവശ്യം വേണ്ട കോവിഡ് വാക്സിന് ധനികര്‍ക്കും ദരിദ്രര്‍ക്കുമായി വിവേചനപൂര്‍വം വീതംവെക്കുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും മനുഷ്യരില്‍ പരീക്ഷിക്കാന്‍ അധികൃതരുടെ അംഗീകാരം ലഭിച്ചുവെന്നും പ്രഖ്യാപിച്ച ഒരു ചൈനീസ് ബയോ ടെക് കമ്പനിയുടെ ഓഹരി വില 256 ശതമാനം ഉയര്‍ന്ന സംഭവം വായിച്ചതോര്‍ക്കുന്നു. ചൈനയിലെ ഏറ്റവും സമ്പന്നരായ പത്ത് പേരുടെ ലിസ്റ്റില്‍ കമ്പനി ചെയര്മാന് ജിയാങ് റെന്ഷെങ് കുതിക്കുകയും ചെയ്തുവത്രേ.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. വാക്സിന് ഉല്പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ സൈറസ് പൂനാവാല ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ ഇടമുള്ളയാളാണ്. 88,800 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലണ്ടനില്‍ ആഴ്ചയില്‍ 50 ലക്ഷം രൂപ വാടകയുള്ള ആഡംബര വസതി അദ്ദേഹം വാടകക്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടത്രേ. ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നാണ് ഇയാളുടേത്. 15 ബില്യന്‍ ഡോളറാണത്രേ കുടുംബത്തിന്റെ ആസ്തി. കോവിഡിനെതുടര്‍ന്നുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യവല്‍ക്കരണത്തിന്റെ തോത് ഭീകരമായി ഉയര്‍ന്നുവരികയാണെന്ന റിപ്പോര്ട്ടുകള്ക്കിടക്കാണ് ഇത്തരം ആത്മനിര്‍ഭര്‍ പ്രചോദിത കണക്കുകള്‍.
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കനുസരിച്ച്, ഇന്ത്യയില്‍ കോവിഡിന്റെ തുടക്കത്തില്‍ 12 കോടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതില്‍ എട്ട് കോടിയോളം പേര് കുടുബത്തിലെ ഏക വരുമാനക്കാരനാണ്. ഈ അസമത്വമാണ് യഥാര്‍ഥത്തില്‍ കോവിഡ് വാക്സിന് ലഭ്യതയുടെ കാര്യത്തിലും പ്രതിഫലിക്കുന്നത്. അത്, ഇനിയും രൂക്ഷമാകാനാണ് സാധ്യത.
ഡോ. അനിത മേനോന്
നോയിഡ, ഉത്തര്‍ പ്രദേശ്
ഡല്‍ഹിയെക്കുറിച്ച്, വേദനയോടെ
ഡല്‍ഹിയിലെ ഇന്നത്തെ ജീവിതം എസ്. ഗോപാലകൃഷ്ണന് (വെബ്സീന്‍ പാക്കറ്റ് 22) തീവ്രമായി രേഖപ്പെടുത്തുന്നു. ഒരു രാജ്യത്തിന്റെ തലസ്ഥാന നഗരമാണ്, ജീവിക്കാന്‍ വേണ്ട അടിസ്ഥാനവസ്തുവായ പ്രാണവായു പോലും ഇല്ലാതെ ശ്വാസം മുട്ടുന്നത് എന്നത്, സങ്കല്‍പ്പിക്കാനാകാത്ത കാര്യമാണ്. കേന്ദ്ര ഭരണകൂടം അവിഹിതമായി ഇടപെടുന്ന ഒരു പ്രദേശം കൂടിയാണ് ഡല്‍ഹി. അവിടുത്തെ സംസ്ഥാന സര്‍ക്കാറിനെ വീര്‍പ്പുമുട്ടിച്ച്, ഭരണസംവിധാനം താറുമാറാക്കാന്‍ നേരിട്ട് ചരടുവലി നടത്തിയ ഒരു കേന്ദ്രം. ഇപ്പോഴിതാ, ഒരു ഭരണകൂടത്തിലും വിശ്വാസമില്ലാത്തവരായി മാറിയിരിക്കുന്നു ഡല്ഹിക്കാര്. പൊതുജനാരോഗ്യം എന്ന സിസ്റ്റം എത്രമാത്രം ദുര്‍ബലമാണ് എന്നതിന്റെ തെളിവുകൂടിയാണ്, നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഡല്‍ഹി ചിത്രങ്ങള്‍.
പ്രവീണ എസ്. കെ.
ദല്‍ഹി
ഇന്ത്യയിലിരുന്ന് ആസ്ത്രലിയയെ നോക്കി വെള്ളമിറക്കാം
ഡോ. പ്രസന്നന് പി.എ. എഴുതിയ ആസ്ത്രേലിയയിലെ കോവിഡ് അനുഭവം (വെബ്സീന്‍, പാക്കറ്റ് 22) ഇന്ത്യക്ക് ഒരു പാഠമാണ്. ശാസ്ത്രീയ നടപടികളും ഭരണകൂട സംവിധാനവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് അവിടുത്തെ കുറഞ്ഞ വ്യാപന നിരക്ക്. ജനസംഖ്യയുടെ കുറവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ എടുത്തുപറയാമെങ്കിലും പ്രാഥമികാരോഗ്യസംരക്ഷണ നടപടികളുടെ കാര്യക്ഷമത എടുത്തുപറയേണ്ടതാണ്. അദ്ദേഹം അവിടത്തെ ആശുപത്രികളിലെ സംവിധാനത്തെക്കുറിച്ച് പറയുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

അടിയന്തര ഘട്ടങ്ങളില്‍ ഏത് സ്റ്റാഫിനും ഫോണ്‍ എടുത്ത് എമര്‍ജന്‍സി അനൗണ്‍സ് ചെയ്യാം. മാത്രമല്ല, ഭരണഘടനാനുസൃതമായ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ ലഭിക്കുന്ന പൊതുജന പിന്തുണയും പ്രധാനപ്പെട്ടതാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിയമസംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ പോലുമാകാത്ത ഒരു ഭരണകൂട അനുഭവമാണ് ഇന്ത്യയിലുള്ളത്. കോവിഡ് പോലൊരു മഹാമാരിയുടെ കാലത്തുപോലും ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ ജനപക്ഷ വ്യവസ്ഥ പ്രയോഗിക്കാന്‍, കോര്‍പറേറ്റ് അനുകൂല നിലപാടു മൂലം കേന്ദ്രത്തിന് കഴിയുന്നില്ല. അതുകൊണ്ട്, ആസ്ത്രേലിയയെപ്പോലൊരു രാജ്യം ഇന്ത്യയെ സംബന്ധിച്ച് നിത്യാല്ഭുതമായി നിലനില്ക്കും.
ജെറീന മലയില്‍
പെരുവണ്ണാമൂഴി, കോഴിക്കോട്
ഇന്ത്യന്‍ നീറോ
ഡോ. എം. മുരളീധരന് എഴുതിയ ലേഖനത്തിന്റെ (വെബ്സീന്‍, പാക്കറ്റ് 22) തലക്കെട്ട് ‘നീറോ ചക്രവര്‍ത്തിയുടെ വാക്സിന്' നിരവധി കാര്യങ്ങള്‍ പറയാതെ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്ത് മനുഷ്യര്‍ പ്രാണവായുവില്ലാതെ പിടഞ്ഞുവീഴുമ്പോള്‍, ആശുപത്രികളില്‍ കൂട്ടമരണം നടക്കുമ്പോള്‍, പിന്നാമ്പുറത്ത് വാക്സിന് വിപണിയില്‍ കച്ചവടം ഉറപ്പിക്കുന്ന തിരക്കിലായിരുന്നു ഭരണകൂടം. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ചെറുവിരലനക്കാത്ത ഒരു ഭരണകൂടം.

എത്രയെത്ര ഹൃദയഭേദകമായ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്? ഓട്ടോറിക്ഷയില്‍ കിടത്തി ഭര്‍ത്താവിന് കൃത്രിമ ശ്വാസം നല്കുന്ന ഭാര്യ, കാലിയായ ഓക്സിജന്‍ സിലിണ്ടറുകള്‍ റോഡുകളിലൂടെ വലിച്ചുകൊണ്ടുപോകുന്ന മനുഷ്യര്‍, ആശുപത്രികള്‍ക്കുമുന്നില്‍ ക്യൂ നില്ക്കുന്ന അവശര്‍, മോര്‍ച്ചറികളില്‍ ചീഞ്ഞളിയുന്ന മൃതദേഹങ്ങള്‍, മൃതദേഹവും കൊണ്ട് ശ്മശാനങ്ങള്ക്കുമുന്നില് ക്യൂ നില്ക്കുന്ന ബന്ധുക്കള്‍... ഈ കാഴ്ചകളുടെ മുന്നിലിരുന്നാണ് നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞദിവസം മന് കി ബാത്തില്‍ പറഞ്ഞത്, ഇന്ത്യയില്‍ ഒന്നിനും ഒരു ക്ഷാമവുമില്ല. ഓക്സിജന്‍ സുലഭം. വാക്സിന് ദൗര്‍ലഭ്യമില്ല. ചരിത്രത്തില്‍ എല്ലാ കാലത്തും നീറോ ചക്രവര്‍ത്തിമാര്‍, ഒരു ദുരന്തമായി ആവര്‍ത്തിക്കും, ഇന്ത്യയിലും.
മുസ്തഫ എ. ആര്.
ഷാര്‍ജ, യു എ ഇ
ഓക്സിജന്‍ ആല്‍മരം
ഡോ. എം. മുരളീധരന്റെ "നീറോ' ലേഖനം (വെബ്സീന്‍, പാക്കറ്റ് 22) വായിച്ച ദിവസം, ഒരു പത്രത്തില്‍ കണ്ട റിപ്പോര്‍ട്ട്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട രോഗികളോടും ബന്ധുക്കളോടും അധികൃതര്‍ പറയുന്നു, ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിക്കാന്‍. ആല്മരത്തിനുകീഴില് ഇരുന്നാല്‍ ഓക്സിജന്‍ അളവ് വര്‍ധിപ്പിക്കാമത്രേ. പ്രയാഗ്രാഗിലെ ബി.ജെ.പി എം.എല്‍.എയായ ഹര്ഷവര്ധന് വാജ്പേയിലുടെ ഓക്സിജന്‍ പ്ലാന്റിനുമുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കായിരുന്നു അധികൃതരുടെ ഉപദേശം. ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പരാതിപ്പെടുന്നവരെ പിടിച്ച് ജയിലിലിടുന്ന ഒരു മുഖ്യമന്ത്രിയുടെ സംസ്ഥാനം കൂടിയാണിത് എന്നും ഓര്‍ക്കാം.
വി. ജയനീത്
ഹൈദരാബാദ്
തേച്ചാലും മാച്ചാലും പോകാത്ത കവിതകള്‍
വിനീത റാഫേല്‍, അശ്വതി എ. എന്നിവരുടെ കവിതകള്‍ (വെബ്സീന്‍, പാക്കറ്റ് 22) പുതുകവിതയിലെ വേറിട്ടുനില്‍ക്കുന്ന രണ്ടു കവിതകളാണ്. തേച്ചാലും മാച്ചാലും സ്വത്വത്തില്‍നിന്ന് വേറിട്ടുപോകാന്‍ അനുവദിക്കാത്ത ചൂരും മണവുമുള്ള മേരിച്ചേടത്തിയും മകളും. മേരിച്ചേട്ടത്തി അലക്കിയുണക്കി വെളുപ്പിക്കുന്ന ഉടുപ്പിട്ടുകൊണ്ട് അമ്മമാര്‍ ചോദിക്കുന്നു, നീ അലക്കണ മേരീടെ മോളല്ലേ? അഴുക്കുനിറഞ്ഞ ചോദ്യങ്ങള്‍. അഴുക്കുനിറഞ്ഞ നോട്ടങ്ങള്‍. ആ അഴുക്കില്നിന്നുള്ള മോചനത്തിന് നിരന്തരം സോപ്പുവെള്ളത്തില്‍ കുളിച്ചുകൊണ്ടിരിക്കുന്ന പെണ്ണ്.

അശ്വതിയുടെ ‘കുളയട്ട'യും മറ്റൊരു അമ്മയുടെ കവിതയാണ്. ഇരുട്ടുവോളം തല്ലുന്ന ആണായ അപ്പന്. വീട്ടിലെ പെണ്ണുങ്ങളുടെ ചോര കുടിക്കുന്ന കുളയട്ട. ‘വേദന പെണ്ണുങ്ങളുടെ അവകാശമാണ്' എന്ന കവിയുടെ പ്രഖ്യാപനം കിടിലമുണ്ടാക്കുന്നത്. അതിനടിയില്‍ വേദനയുടെയും പകയുടെയും രോഷത്തിന്റെയും കനലുകള്‍ നീറിക്കിടക്കുന്നു.
അധികം എഴുതാതെയും അധികം പറയാതെയുമാണ് ഈ കവിതകള്‍, ഇന്നത്തെ പെണ്ണിന്റെ ജീവിതം ആവിഷ്കരിക്കുന്നത്. പുതിയ കവിതകളെ ഇത്തരം പ്രതിനിധാനങ്ങള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ് എന്ന് സൂചിപ്പിക്കുന്നതാണ് രണ്ടു കവിതകളും.
ജയദേവ് ബി കൃഷ്ണന്
ചേളാരി, മലപ്പുറം
കോവിഡ് ലോകം വായിക്കുന്നു, വാസ്തവങ്ങളെ
കോവിഡുകാലത്തെ മാറുന്ന വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമുള്ള രാഹുല്‍ രാധാകൃഷ്ണന്റെ ലേഖനം നന്നായി (വെബ്സീന്‍, പാക്കറ്റ് 22). മനുഷ്യന് ഒരു ദുരന്തമുഖത്തുനില്‍ക്കുമ്പോള്‍, കാല്പനികതയേക്കാള് യാഥാര്‍ഥ്യനിഷ്ഠമായ എഴുത്താണ് അയാള്‍ക്ക് ആലംബമായിത്തീരുന്നത് എന്ന് ലേഖനം പറയുന്നു. കോവിഡ് അത്രയേറെ മനുഷ്യരാശിയുടെ ദൈനംദിന ജീവിതത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു, ഭാവിയെക്കുറിച്ച് തീര്‍ത്തും ഇരുളാണ്ട ഒരു മുദ്ര അവശേഷിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഇതുവരെ നിലനിന്നിരുന്ന എല്ലാത്തരം മനുഷ്യവിരുദ്ധതകളെയും വിവേചനങ്ങളെയും കോവിഡ് രൂക്ഷമാക്കിയിരിക്കുകയാണ്. വംശത്തിന്റെയും നിറത്തിന്റെയും സമ്പത്തിന്റെയും പേരിലുള്ള അതിക്രമങ്ങളും കൈയേറ്റങ്ങളും വര്‍ധിക്കുന്നു.

ആഗോള മനുഷ്യനെക്കുറിച്ചും ഏകലോകത്തെക്കുറിച്ചുമുള്ള വിചാരങ്ങള്‍, സങ്കുചിതമാക്കപ്പെടുന്നു. ഇന്ന് ഓരോ രാജ്യവും ഓരോ സമൂഹവും തുരുത്തുകളായി മാറിയിരിക്കുന്നു. അതില്‍ തന്നെ പലതരം മനുഷ്യരുടെ പരസ്പര ബന്ധമില്ലാത്ത കൂട്ടങ്ങള്‍. കഴിഞ്ഞ ഏപ്രിലില്‍, കോവിഡ് വ്യാപകമായി വരുന്ന സമയത്ത് ഹാര്‍വാര്‍ഡിലെയും യേല്‍ യൂണിവേഴ്സിറ്റിയിലെയും പ്രൊഫസര്‍മാര്‍, കോവിഡ് കാലത്ത് വായിക്കേണ്ട അഞ്ച് മികച്ച പുസ്തകങ്ങളുടെ പട്ടികയില്‍ രണ്ടെണ്ണമൊഴികെ മൂന്നും നോണ്‍ ഫിക്ഷനായിരുന്നുവെന്നത് ഓര്‍ക്കുന്നു. കാമുവിന്റെ പ്ലേഗും ഡെക്കാമെറന്‍ കഥകളുമായിരുന്നു ഫിക്ഷന്‍. The Stoic Challenge, A Jewish refugee in New York, Untamed, എന്നിവയായിരുന്നു മറ്റു പുസ്തകങ്ങള്‍. അതികഠിനമായ യാഥാര്‍ഥ്യങ്ങള്‍ വേട്ടയാടുകയാണ് മനുഷ്യനെ. ലോകത്തിലെ വേദനിക്കുന്ന മനുഷ്യന്റെ പ്രതിനിധികളായ കുടിയേറ്റക്കാരനും ദരിദ്രനും രോഗിയും തൊഴിലാളിയും അങ്ങനെ ആഖ്യാനങ്ങളിലില്ലാത്ത മറ്റു മനുഷ്യരുടെയും അതിജീവനം ചിന്തയുടെ തന്നെ കേന്ദ്രപ്രമേയമാകുന്നതും അത് വായനയുടെ പ്രധാന വിഷയമാകുന്നതും, കോവിഡുകാലത്തെ അനുകൂലമായ ഒരു മാറ്റമാണ്.
ജെന്നിഫര്‍ കെ. മാര്ട്ടിന്
കെന്റക്കി, യു. എസ്. എ
ക്ലാസ്മുറികളില്‍നിന്നുള്ള ആത്മകഥകള്‍
ഡോ. എം. ജല്‍സ താന്‍ പഠിപ്പിച്ച വിദ്യാര്ഥിനിയെക്കുറിച്ചെഴുതിയ ഓര്‍മക്കുറിപ്പ് (ജലശായിയായ ഒരു കല്ല്, പാക്കറ്റ് 22) ഹൃദ്യമായി. വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, അധ്യാപകര്‍ക്കും വഴികാട്ടുന്നവരാണ് സ്വാതിയെപ്പോലുള്ളവര്. വീട്ടിലെ ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ദുരിതങ്ങളിലൂടെ നീന്തിക്കയറിയ നിരവധി കുട്ടികളുടെ ജീവിതങ്ങളെക്കുറിച്ച് നാം വായിക്കാറുണ്ട്. എന്നാല്‍, പ്രസാദാത്മകമായി ആ അതിജീവനശേഷി ചുറ്റുമുള്ളവരിലേക്ക് പകരാനുള്ള ശേഷി വിലപ്പെട്ടതാണ്. സ്വാതി അത്തരമൊരു വിദ്യാര്‍ഥിയാണ്.

മാത്രമല്ല, ദുരിതകാലം താണ്ടി അവര്‍ ഒരു കരയ്ക്കടിഞ്ഞപ്പോഴും, ദുരിതമനുഭവിക്കുന്നവരോടുള്ള അനുതാപം അവര്‍ നിലനിര്‍ത്തുന്നു. വെബ്സീനില്‍ പ്രസിദ്ധീകരിക്കുന്ന അധ്യാപകന് തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയെക്കുറിച്ചും വിദ്യാര്‍ഥി തന്റെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചും എഴുതുന്ന പംക്തികള്‍ ഇത്തരം വിലയേറിയ അനുഭവങ്ങളാല്‍ സമ്പന്നമാണ്. കഴിഞ്ഞ പാക്കറ്റുകളില്‍ വന്ന ഓരോ അനുഭവക്കുറിപ്പും സവിശേഷമായ ഓരോ ജീവിതഖണ്ഡങ്ങള്‍ തന്നെയായിരുന്നു. അവ ക്ലാസ്മുറികളില്‍ ഒതുങ്ങിനില്ക്കാത്ത വലിയ ആത്മകഥകള്‍ കൂടിയാണ്. അധ്യാപകരെ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍, മുതിര്‍ന്നിട്ടും പഴയ അധ്യാപകരുടെ സ്വാധീനത്തില്‍നിന്ന് മുക്തരാകാന്‍ കഴിയാത്ത വ്യക്തികള്‍. ഒരു ചെറിയ സംഭവം, ഒരു ചെറിയ ഇടം, ഒരു സാധാരണ വ്യക്തി- ഇവയെല്ലാം കൂടിച്ചേര്‍ന്ന് ഒരുക്കുന്ന വലിയ അനുഭവങ്ങള്‍. എന്തുമാത്രം വിലപ്പെട്ടതാണ് ഈ ഓര്‍മക്കുറിപ്പുകളുടെ വായന.
എ. എസ്. ഹാരിസ്
ആലുവ, എറണാകുളം
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്ഷന് സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന് എക്സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന് സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് സിദാന് ടെക്നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന് ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്സ്ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്സ്ക്രിപ്ഷന് സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media