കത്തുകള്‍
വായനക്കാർ

ഇമ്രാന് അജ്മലിന്റെ രാജ്യം
ഇമ്രാന് അജ്മല്‍- ഇ. സന്തോഷ്കുമാറിന്റെ "ഊഴം' എന്ന കഥയിലെ (വെബ്സീന്‍ പാക്കറ്റ് 23) നായകന് എല്ലാം തികഞ്ഞ ഒരു ഇന്ത്യന്‍ പൗരനാണ്; കുട്ടിയായിരുന്നപ്പോള്‍ ജോലി ചെയ്ത കോഴിവെട്ടുകടയില് എപ്പോള്‍ വേണമെങ്കിലും ഒരു കഴുത്തുകണ്ടിക്കാന് കാത്തുകിടക്കുന്നു കോഴികളെപ്പോലെയാണ് അയാള്‍. ഒരു ഉപഭോക്താവ് വരുമ്പോള്‍, അത് തന്റെ മരണമാണ് എന്ന് തിരിച്ചറിയാതെ നിശ്ശബ്ദമായിരിക്കേണ്ട ഒരു ജീവി. ജീവന് പണയം വച്ചിരിക്കുകയാണ് അജ്മല്‍. അത് എങ്ങനെയെങ്കിലും തിരിച്ചെടുക്കാനാള്ള ഒരു പാച്ചിലാണ്, പക്ഷെ, ഒരു മഹാഭൂരിപക്ഷമാണ് ചുറ്റും. സഞ്ജയ് ഗാന്ധിയെ ഒഴിച്ച് മറ്റു ഗാന്ധിമാരോടെല്ലാം പുച്ഛം തോന്നുന്ന സന്ദീപ് വൈഷ്ണവ്. സന്ദീപിനെപ്പോലെ, "അയാളുണ്ടായിരുന്നുവെങ്കില് ഈ രാജ്യത്തില്‍ ഒരു കണ്‍ട്രോളുണ്ടാകുമായിരുന്നു' എന്ന് ആത്മാഥര്മായും വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഒരു പക്ഷെ, ഗുജറാത്ത് വംശഹത്യയുടെ ഒരു ടെസ്റ്റ് ഡോസ് ആയിരുന്നുവല്ലോ അടിയന്തരാവസ്ഥയിലെ തുര്‍ക്ക്മാന്‍ ഗെയ്റ്റ്. അത്തരം ഹിംസകള്‍ ആവര്‍ത്തിച്ചിട്ടും അവയുടെ നടത്തിപ്പുകാരെ തന്നെ ഒടുവില്‍ രാജ്യം ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തുവല്ലോ. അജ്മലിന് തന്റെ രാജ്യം, കുട്ടിക്കാലത്ത് ജോലി ചെയ്ത ഒരു കോഴിവെട്ടുകട പോലെയാണ്. കൂറ്റന്‍ ശരീരവുമായി കടയുടമ എപ്പോള്‍ വേണമെങ്കില്‍ തന്റെ കൂടിനടുത്തുമെത്താം, ഒന്നിനെ തൂക്കിയെടുത്ത് മരത്തടിയില്‍വെച്ച് കഴുത്തുകണ്ടിച്ച് വീപ്പയിലേക്കിടാം. അവിടെനിന്ന് പ്രാണന്റെ പിടച്ചില്‍ കേള്‍ക്കാം. ആ പിടച്ചില്‍ കൂട്ടില്‍ അടുത്ത ഊഴം കാത്തുകിടക്കുന്ന മറ്റു കോഴികളുടേതുകൂടിയാണ്.

സ്വേച്ഛാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും വിദ്വേഷത്തിന്റെയും കൃത്യമായ ഒരു രാഷ്ട്രീയപ്രതീകത്തെ മുന്‍നിര്‍ത്തിയുള്ള സന്തോഷ്കുമാറിന്റെ ആവിഷ്കാരം "ഊഴ'ത്തെ വ്യത്യസ്തമാക്കുന്നു. ആ പ്രതീകത്തിനും "ഗാന്ധി' എന്നുതന്നെയാണല്ലോ പേര് എന്നത് ചരിത്രത്തിന്റെ ഒരു കോമാളിത്തം നിറഞ്ഞ ഒരു ആവര്‍ത്തനമായി അനുഭവപ്പെടുന്നു. വര്‍ഗീയതക്ക് എവിടെയെല്ലാം വേരുകളുണ്ട് എന്ന കറുത്ത യാഥാര്‍ഥ്യത്തിലേക്കാണ് സന്തോഷ്കുമാര്‍ വായനക്കാരെ കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ കഥ നല്‍കുന്നത് അപ്രതീക്ഷിതമായ തിരിച്ചറിവുകളാണ്, നമ്മെ സ്വയം പൊളിച്ചുകളയുന്ന ആഘാതങ്ങളാണ്.
ആര്.എം.സജീവ് മാത്യു
ചെങ്ങന്നൂര്‍, ആലപ്പുഴ
അവര്‍ കാത്തിരിക്കുകയാണ്, അടുത്ത ഊഴത്തിനായി
ഏറെ നാളുകള്‍ക്കുശേഷമാണ് ഇ. സന്തോഷ്കുമാറിന്റെ കഥ വായിച്ചത് ("ഊഴം', വെബ്സീന്‍ പാക്കറ്റ് 23). നമ്മുടെ എഴുത്തുകാര്‍ എത്ര സൂക്ഷ്മമായി കണ്ണും തുറന്നിരിക്കുന്നു എന്നതിന്റെ തീവ്രമായ ഒരു അനുഭവമാണ് ഈ കഥ. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന രാഷ്ട്രീയത്തെയാണ് സന്തോഷ്കുമാറിന്റെ കഥകളില്‍ സാധാരണ കാണാനാകുക. വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങള്ക്കുപകരം, നാനാവിധമായ അടരുകള്‍ക്കുള്ളില്‍ സന്നിവേശിപ്പിച്ച നിലയിലാണ് ആ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ കഥ, അദ്ദേഹത്തിന്റെ മറ്റു രചനകളില്‍നിന്ന് വ്യത്യസ്മായി അനുഭവപ്പെട്ടു. അതായത്, ഒരു ഇറച്ചിക്കടയിലേതുപോലെ, പ്രകടമായി തന്നെ ജീവിതം അനിശ്ചിതമായി മാറുമ്പോള്‍, അതിജീവനത്തിനായുള്ള ചിറകടിയൊച്ചകളെ, ഒതുക്കിനിര്‍ത്താന്‍ കഴിയില്ല, കഥാകൃത്തിനും കഥാപാത്രങ്ങള്‍ക്കും.

മനുഷ്യന് ഒരു വലിയ മഹാമാരിയുടെ മരണമുഖത്ത് നില്ക്കുന്ന ഒരു സന്ദര്‍ഭത്തില്‍ തന്നെ ഇത്തരത്തിലൊരു കഥ വായിക്കാന്‍ കഴിഞ്ഞത് വേറിട്ടൊരു അനുഭവമായി. കാരണം, ഈ ദുരന്തമുഖത്തും ലോകത്താകെ, കഥയിലെ "നായകനായ' ഇമ്രാന് അജ്മലിനെപ്പോലുള്ളവരാണ് ഇരകളാക്കപ്പെടുന്നത്. ഒരു കത്തി കൊണ്ട് എപ്പോള്‍ വേണമെങ്കിലും കഴുത്ത് കണ്ടിക്കാന്‍ കാത്തിരിക്കേണ്ടിവരുന്നവര്. അവരാണ് മഹാമാരിയുടെയും യഥാര്‍ഥ ഇരകള്‍, അവര്‍ക്കാണ് വാക്സിന് നിഷേധിക്കപ്പെടുന്നത്. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന ഇസ്രായേലില്‍ പട്ടാളഭരണത്തിന് കീഴിലുള്ള പടിഞ്ഞാറന്‍ തീരത്തും ഗാസ മുനമ്പിലും താമസിക്കുന്ന ഫലസ്തീനിയന്‍ അറബ് വംശജര്‍ക്ക് വാക്സിന് നിഷേധിക്കപ്പെട്ടത് ഒരു ഉദാഹരണം മാത്രം. ഇന്ത്യയിലാകട്ടെ, ഇമ്രാന് അജ്മിനെപ്പോലുള്ളവര്ക്ക് പൗരത്വം പോലും നിഷേധിക്കാന്‍ ഭരണകൂടം നിയമം കൊണ്ടുവന്ന ഘട്ടത്തിലാണല്ലോ കോവിഡ് വരുന്നത്. കോവിഡിനുശേഷം, ഈ നിയമം നടപ്പാക്കുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുകൊണ്ട്, കോവിഡിനുശേഷവും തുടരുന്ന ഒരു അപകട സന്ധി അജ്മലിനെപ്പോലുള്ളവരെ കാത്തിരിക്കുന്നു. അടുത്ത ഊഴത്തിനുവേണ്ടിയുള്ള, ഒരു ഇറച്ചിക്കോഴിയുടെ കാത്തിരിപ്പുപോലെ...
അഹ്മദ് ശരീഫ് എം.
അബു ഹാലിഫ, കുവൈത്ത്
'ഊഴം' ഒരു രാഷ്ട്രീയ പ്രഖ്യാപനം

ഇ. സന്തോഷ്കുമാര്‍ എന്ന കഥാകൃത്തിന്റെ ധീരമായ രാഷ്ട്രീയ പ്രഖ്യാപനമാണ് "ഊഴം' എന്ന കഥ. സഹജീവികള്‍ക്കിടയില്‍ അപരരാക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചുമാത്രമല്ല, ആ അപരത്വത്തിലേക്കുള്ള ഒരു ദേശത്തിന്റെ സഞ്ചാരത്തെക്കുറിച്ച്, മൂടിവെക്കപ്പെടുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ധീരമായി കടന്നുചെല്ലുകയാണ് കഥാകൃത്ത്. ഇന്നത്തെ ഇന്ത്യ എല്ലാത്തരം ന്യൂനപക്ഷങ്ങള്‍ക്കും എന്തുമാത്രം അരക്ഷിതമായിത്തീര്ന്നിരിക്കുന്നു! മതത്തിന്റെ മാത്രമല്ല, വിമത അഭിപ്രായങ്ങളുടെയും വിമത രാഷ്ട്രീയപ്രവര്ത്തനങ്ങളുടെയുമെല്ലാം ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. വ്യാജ ഭൂരിപക്ഷത്തിന്റെ ഹിംസാത്മകമായ വേട്ടയാടലുകള്‍. അതിന്റെ ചരിത്രം, കേവലം സമകാലികമല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് സന്തോഷ്കുമാര്‍. വര്‍ഗീയമെന്ന് പ്രത്യക്ഷത്തില്‍ തിരിച്ചറിയപ്പെടുന്ന ശക്തികളെപ്പോലെ തന്നെ, മുഖംമൂടിയിട്ട രൂപങ്ങളെക്കുറിച്ചുകൂടിയുള്ള മുന്നറിയിപ്പ്. ഹിംസയുടെ പലവിധ രൂപകങ്ങള്‍ ഒരു വ്യക്തിയില്‍, സമൂഹത്തില്‍ ബോധപൂര്‍വം ഇടപെടുന്നതിന്റെ അപകടങ്ങള്‍ എല്ലാം അതിശക്തമായി വരച്ചിടുന്ന ഈ കഥ, മലയാളത്തില്‍ സമീപകാലത്ത് എഴുതപ്പെട്ട കഥകളില്‍ മികച്ചുനില്ക്കുന്നു.
സോന രാംകുമാര്‍
മട്ടാഞ്ചേരി ,എറണാകുളം
വെര്‍ചല്‍ റിയാലിറ്റിയില്‍ പിണറായിയും രാഹുലും
സൈനുല്‍ ആബിദിന്റെ ഇലക്ഷന് നിരീക്ഷണങ്ങള്‍ വേറിട്ട ഒന്നായി. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഡിസൈനില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുകൂടിയാണ് അദ്ദേഹം പറയുന്നത്.
ജനങ്ങള്‍ക്കുമുന്നില്‍ സ്വയം തങ്ങളെ അവതരിപ്പിക്കുന്നതില്‍ ഇന്ന് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെയെത്തിനില്ക്കുന്ന എന്ന പരിശോധന കൂടി ഈ സംഭാഷണം മുന്നോട്ടുവെക്കുന്നു. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും കാര്യത്തില്‍ "നമ്മുടെ' സി.പി.എമ്മും കോണ്‍ഗ്രസും ലീഗുമൊക്കെ ഇന്നും അറുപഴഞ്ചനായി തുടരുന്നു എന്നാണ് പ്രചാരണങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നാറ്. കാരണം, സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിനപ്പുറം ഇവക്ക് പുതിയ തലമുറയെ ആശയപരമായി പ്രതിനിധീകരിക്കാനാകുന്നില്ല എന്നൊരു പ്രശ്നമുണ്ട്.

സോഷ്യല്‍ മീഡിയയിലും ഈ പാര്‍ട്ടികള്‍ തങ്ങളുടെ അതേ പഴഞ്ചന്‍ സ്വത്വത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിനുകാരണം, ഈ പാര്‍ട്ടികളിലെ യുവ പ്രാതിനിധ്യം, പഴഞ്ചന്‍ നേതൃത്വങ്ങളുടെ റിമോട്ട് കണ്ട്രോളുകളാണ് എന്നതാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമീപകാലത്ത് എന്നാണ് ഒരു യൂത്ത് റവലൂഷന് നടന്നിട്ടുള്ളത്. അതിന്റെ സര്‍വ കുഴപ്പങ്ങളും ഈ പ്രചാരണങ്ങളിലും കാണാം. ഈ പാര്‍ട്ടികളുടെ കാലഹരണപ്പെട്ട ആശയങ്ങളുടെ മാറാപ്പും ആണ്കോയ്മയും പുതുലോകത്തെ നോക്കിക്കാണുന്നതിലെ വൈമുഖ്യവുമെല്ലാം സുന്ദരമായി ആവിഷ്കരിക്കപ്പെടുകയാണ് പുതിയ ഡിസൈനിലൂടെ. അതുകൊണ്ടാണ് പിണറായി വിജയന് തന്റെ പ്രശസ്തമായ ആ അനാറ്റമി അതേപടി പുതിയ മീഡിയങ്ങളില്‍ ആവര്ത്തിക്കാനാകുന്നത്. ഒരുപക്ഷെ, വി.എസ്. അച്യുതാനന്ദനെ വരെ ഒരു വിജയിയായ രൂപകമായി സോഷ്യല്‍ മീഡിയക്ക് ആവിഷ്കരിക്കാനാകുന്നത്, ഈ യാഥാസ്ഥിതികത്വവുമായുള്ള ഇടപാടുമൂലമാണ്. താരതമ്യേന ചെറുപ്പം എന്നു പറയാവുന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകള്ക്കുപോലും ആധുനികതയെയും നവീനതയെയും നിഷേധിക്കുന്ന ഒരു ഫീലാണുള്ളത്. കോണ്‍ഗ്രസിന്റെ സമകാലികമായ അപ്രസക്തിയെയാണ് ഈ പഴഞ്ചത്വം പ്രതീകവല്‍ക്കരിക്കുന്നത്. രാഷ്ട്രീയേതര ഓഡിയന്സിനുമുന്നില് തികഞ്ഞ യൗവനത്തോടെയും സര്‍ഗാത്മകമായും പുത്തനായുമാണ് രാഹുല്‍ പ്രത്യക്ഷപ്പെടാറുള്ളത് എന്ന് ഓര്‍ക്കുക. എന്നാല്‍, ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍, കോണ്‍ഗ്രസിന്റെ ആ "നൂറ്റാണ്ടത്വം' രാഹുലിനെയും ബാധിക്കുന്നു. കാലം വെര്ചലായി മാറിയെങ്കിലും നമ്മുടെ പ്രസ്ഥാനങ്ങള്‍ രൂപപരമായോ ആശയപരമായോ പഴയ ഇടത്തുതന്നെയാണ് നില്‍ക്കുന്നത്.
അപ്പു,
ബംഗളൂരു
നഴ്സുമാര്‍ സൂപ്പര്‍ ഹീറോകളല്ല, മനുഷ്യരാണ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആരും ഉയര്‍ത്തിക്കാട്ടാത്ത ഒരു വിഷയമാണ് കഴിഞ്ഞ പാക്കറ്റില്‍ നഴ്സായ സിദ്ദിഹ എഴുതിയിരിക്കുന്നത്. കോവിഡ് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് എന്തുമാത്രം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത് എന്നത്, അവരെക്കുറിച്ചുള്ള പ്രകീര്ത്തനങ്ങള്ക്കിടയില് മുങ്ങിപ്പോകുകയാണ്. ഒരു നഴ്സ് രോഗം ബാധിച്ച് മരിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒഴുക്കുന്ന മുതലക്കണ്ണീരിനപ്പുറത്തേക്ക് ഇവരുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പരിഗണനയില്‍ തീരെ വന്നിട്ടില്ല. കോവിഡ് ബാധിച്ച് 60 രാജ്യങ്ങളില്‍ മൂവായിരത്തോളം നഴ്സുമാര്‍ മരിച്ചതായി ഒരു മാസം മുമ്പ് വായിച്ചത് ഓര്‍ക്കുന്നു. തികച്ചും അരക്ഷിതമായ സാഹചര്യം, മാനസിക പിരിമുറുക്കം, മറ്റു സമ്മര്‍ദങ്ങള്‍ എന്നിവ മൂലം ലോകമെമ്പാടും നഴ്സുമാര്‍ വന്‍ തോതില്‍ ജോലിയില്‍നിന്ന് കൊഴിഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നാണ് നഴ്സുമാരുടെ അന്താരാഷ്ട്ര കൗണ്‍സിലായ ഐ.സി.എന്‍ പറയുന്നത്.

ഇന്ത്യയില്‍ രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ നില്‍ക്കേ സിദ്ദിഹ സൂചിപ്പിച്ച ദുരിതങ്ങളും കൂടുതല്‍ വ്യാപകമാകുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് കൂടാതെ, മെഡിക്കല്‍ അഡ്മിനിസ്ട്രേഷനില്‍ സംഭവിക്കുന്ന കുഴപ്പങ്ങള്‍ സ്ഥിതി സങ്കീര്മാക്കിയിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത്, ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചൂണ്ടിക്കാട്ടുന്നത്, രാജ്യത്താകെ, മെഡിക്കല്‍ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണ് എന്നാണ്. രോഗികളുടെ ബന്ധുക്കള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ റോഡുകളിലൂടെ ഉരുട്ടിക്കൊണ്ടുപോകുന്ന കാഴ്ചകളേക്കാള്‍ ദയനീയമായ ദൃശ്യങ്ങള്‍ ഏത് ഇന്ത്യന്‍ നഗരത്തിലെയും ഗ്രാമത്തിലെയും ആശുപത്രികളില്‍ ചെന്നാല്‍ കാണാം. ഇത് ഏറ്റവും അടിസ്ഥാനപരമായി ബാധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരെയാണ്. സിദ്ദിഹ വിവരിക്കുന്ന തരത്തിലുള്ള ശാരീരിക- മാനസിക പ്രശ്നങ്ങള്‍ എവിടെയാണ് റിപ്പോര്‍ട്ടു ചെയ്യുക? കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്ത്തകരിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രത്യേകമായി തന്നെ അഡ്രസ് ചെയ്യപ്പെടണം എന്നാണ് ഈ ലേഖനം കാണിക്കുന്നത്.
അനിത എം.എസ്.
നഴ്സ്, മുളങ്കുന്നത്തുകാവ്, തൃശൂര്‍
കാലുഷ്യമില്ലാത്ത കലഹങ്ങള്‍
യു. ജയചന്ദ്രന്റെ ഓര്‍മക്കുറിപ്പുകള്‍ ഹൃദ്യമാണ്. "ചിന്ത'യില്‍ പണിയെടുത്ത് ശമ്പളം കിട്ടാതെ ഇറങ്ങിപ്പോരേണ്ടിവന്ന കഥ രസകരം. ആരാണ് ആ "വെളുത്ത' മനുഷ്യന് എന്നറിയാന്‍ കൗതുകമുണ്ട്. കലഹങ്ങളെ കാലുഷ്യമില്ലാതെയാണ് ജയചന്ദ്രന് അവതരിപ്പിക്കുന്നത്. അവ ഒരിക്കലും പ്രസ്ഥാനത്തിന്റെ കുഴപ്പങ്ങള്‍ കൊണ്ടാകണമെന്നില്ല, ഇത്തരം "വെളുത്ത' മനുഷ്യരുടെ ഈഗോകള്‍ കൊണ്ടാകാം. എന്തായാലും ഒരു കാലഘട്ടത്തിന്റെ അപ്രകാശിത അനുഭവങ്ങള്‍ എന്ന നിലയ്ക്ക് ഈ ഓര്‍മകള്‍ വിലപ്പെട്ടതാണ്.
പ്രസാദ് മോഹന്‍
വേളി, തിരുവനന്തപുരം
വൈജ്ഞാനിക സ്ഥാപനങ്ങള്‍ക്കുവേണം പൊളിറ്റിക്കല്‍ ഓഡിറ്റിങ്
തന്റെ ആത്മകഥയില്‍ ഡോ.എ.കെ. ജയശ്രീ, കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയിലെ അഭിമാനസ്തംഭങ്ങളായ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നത് താല്പര്യത്തോടെയാണ് വായിച്ചത് (പാക്കറ്റ് 23). തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര എന്നിവയും ഗവേഷണ സ്ഥാപനമായ സി.ഡി.എസുമെല്ലാം കേരളത്തിന്റെ വൈജ്ഞാനികമേഖലക്ക് നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഇവയുടെ രൂപവത്കരണം സാധ്യമാക്കുന്ന തരത്തിലുള്ള, കാര്യശേഷിയും ഭാവനാശേഷിയുമുള്ള ഒരു രാഷ്ട്രീയ നേതൃത്വം അക്കാലത്തുണ്ടായിരുന്നതായി ഡോ. ജയശ്രീ സൂചിപ്പിക്കുന്നുണ്ട്. ഡോ. വല്യത്താനെപ്പോലെ, ഒരു സംരംഭം കെട്ടിപ്പടുക്കാന്‍ കൂടി ക്രിയാശേഷിയുള്ള വിദഗ്ധര്‍, അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് പ്രാപ്തിയുള്ള ഭരണനേതൃത്വം എന്നിവ അക്കാലത്തുണ്ടായിരുന്നു. സി. അച്യുതമേനോന്റെ ഭരണകാലം രാഷ്ട്രീയമായി വിലയിരുത്തിയാല്‍ അസ്വീകാര്യമാണെങ്കിലും, വൈജ്ഞാനിക മേഖലയിലെ ഇത്തരം അടിസ്ഥാന വിഭവശേഷി വികസനത്തിനുള്ള വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായിട്ടുണ്ട്. എന്നാല്‍, അറുപതുകള്‍ക്കുശേഷം, മുന്നണി ഭരണത്തിന്റെ അനഭിലഷണീയമായ മാത്സര്യങ്ങളില്പെട്ട് ഈ വൈജ്ഞാനിക മുന്നേറ്റം സ്തംഭിച്ചുപോയി.

കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു സ്ഥാപനം ഉയര്ന്നുവരികയുണ്ടായില്ലെന്നുമാത്രമല്ല, നിലവിലുള്ളവ തന്നെ വെറും കടലാസ് ഗവേഷണങ്ങളില്‍ ഒതുങ്ങുകയും ചെയ്തു. ഏറ്റവും വലിയ ഉദാഹണമാണ് കാര്‍ഷിക സര്‍വകലാശാല. കേരളം അഭിമുഖീകരിക്കുന്ന കാര്‍ഷിക പ്രതിസന്ധിയില്‍ ഈ സര്‍വകലാശാല എവിടെ നില്ക്കുന്ന എന്നാലോചിച്ചാല്‍ ഉത്തരം രസകരമായിരിക്കും. കേരളത്തിലെ കാര്ഷികമേഖലക്കുവേണ്ട എന്തുതരം ഗവേഷണമാണ് ഇവിടെ നടക്കുന്നത്? വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര്‍വിളികളുടെയും അനധികൃത നിയമനങ്ങളുടെയും വാര്‍ത്തകളല്ലാതെ നമ്മുടെ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് എന്തെങ്കിലും കാര്യമായ സംഭാവനകള്‍ ഉണ്ടാകുന്നുണ്ടോ? ഓരോ സര്ക്കാറുവരുമ്പോഴും, അതാതു കൃഷിമന്ത്രിമാരുടെ ബുദ്ധിയില്‍ എന്തെങ്കിലും ഉദിച്ചാല്‍ ഉദിച്ചു എന്നുമാത്രം. കഴിഞ്ഞ സര്‍ക്കാറിലെ കൃഷിമന്ത്രി സുനില്‍കുമാര്‍ സ്വയം ഒരു കര്ഷകനായതുകൊണ്, തരിശായി കിടന്ന കുറെ ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കാന്‍ ശ്രമിച്ചു, ചില ഇന്‍സെന്റീവുകള്‍ നല്കി. എന്നാല്‍, ഇത്തരം കതിരില്‍ വളം വെക്കുന്ന പരിപാടികളല്ല കാര്‍ഷിക മേഖലക്കുവേണ്ടത്, അതിനുള്ള ഭാവനാത്മകമായ പ്രായോഗിക പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ കാര്‍ഷിക സര്‍വകലാശാലക്ക് കഴിയുന്നില്ല. വൈജ്ഞാനിക സ്ഥാപനങ്ങള്‍ അടിയന്തരമായ പൊളിറ്റിക്കല്‍ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഡോ. ജയശ്രീയുടെ ആത്മകഥാ അധ്യായം.
ഡോ. ഷാന്‍ ഡേവിസ്
പോടന്നൂര്‍, കോയമ്പത്തുര്
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്ഷന് സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന് എക്സിക്യൂട്ടിവ് എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന് സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
അലി ഹൈദര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് സിദാന് ടെക്നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന് ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്സ്ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്സ്ക്രിപ്ഷന് സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media