Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി പാക്കറ്റ് 24-ല്‍ രണ്‍ജു എഴുതിയ ലെനിന്‍ എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.
Text Formatted

കോവിഡിന്റെ രണ്ടാം തരംഗവും കേരളത്തില്‍ ഇടതുപക്ഷമുന്നണിയുടെ തുടര്‍ഭരണവും വിഷയമാക്കി എന്‍.ഇ. സുധീര്‍, എന്‍.എസ്. മാധവനുമായി നടത്തിയ അഭിമുഖം (വെബ്‌സീന്‍, പാക്കറ്റ് 24) ഉള്‍ക്കാഴ്ചയുള്ള അഭിപ്രായങ്ങളാല്‍ സമ്പന്നമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം, രണ്ടാമതും മുഖ്യമന്ത്രിയാകുന്ന പിണറായി വിജയനെക്കുറിച്ചുള്ളതാണ്. ഇടതുപക്ഷത്തിന്റെ രീതിക്കുചേരാത്ത ഒരു ചീഫ് മിനിസ്റ്റര്‍ഷിപ്പ് അദ്ദേഹം പുലര്‍ത്തുന്നു എന്നത് വേണമെങ്കില്‍ ഒരു ആരോപണമായി പോലും എടുക്കാം. അതിന്റെ പ്രകടമായ ആവര്‍ത്തനമായിരുന്നു ഇത്തവണ ഉയര്‍ന്ന "ക്യാപ്റ്റന്‍' എന്ന വിശേഷണം. ഇതിനെ പാര്‍ട്ടി തന്നെ "ഔദ്യോഗികമായി തള്ളിപ്പറഞ്ഞെങ്കിലും അകമേ ആ വിളി നിത്യസുരഭിലമാക്കിനിര്‍ത്താനുള്ള ഒരു നീക്കം പാര്‍ട്ടിയില്‍ തന്നെ, പിണറായി ഭക്തരിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ഭരണത്തില്‍, എന്‍.എസ്. മാധവന്‍ തുറന്നു പറയുന്നില്ലെങ്കിലും, പാര്‍ട്ടിക്ക് നിയന്ത്രണമില്ലാതെ പോയ ഒരു മേഖല പൊലീസ് ആയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ഒരു വീഴ്ച പോലും തുറന്നുസമ്മതിക്കാന്‍, വകുപ്പ് കൈയാളിയിരുന്ന പിണറായി വിജയന്‍ തയാറായില്ല എന്നോര്‍ക്കുക. തുടര്‍ഭരണം നല്‍കുന്ന (അമിത) ആത്മവിശ്വാസം പാര്‍ട്ടിയും ഭരണവും തമ്മിലുള്ള ഈ ചേര്‍ച്ച കൂട്ടുകയേയുള്ളൂ.

എന്‍.എസ്. മാധവന്‍
എന്‍.എസ്. മാധവന്‍

1967ലെ ഇ.എം.എസ്. സര്‍ക്കാറാണ് "ഭരണവും സമരവും' എന്നൊരു സമീപനം മുന്നോട്ടുവെച്ചത്. അതായത്, ഭരിക്കുന്നവര്‍ തന്നെ സമരവും നടത്തണം. ഫെഡറലിസത്തിനെതിരായി കേന്ദ്രത്തിന്റെ ആയുധപ്രയോഗം നടന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഇ.എം.എസിന്റെ ഈ നിലപാട്. അത്, പിന്നീട് കേന്ദ്ര സര്‍ക്കാറിനെ തിരുത്താന്‍ ശേഷിയുള്ള, കേരളത്തിന്റെ അവകാശ സംരക്ഷണത്തിനുള്ള ഒരു സമീപനം കൂടിയായി വികസിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ തുടര്‍ഭരണത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഈ മുദ്രാവാക്യം കേരളത്തിലേക്കുകൂടി തിരിച്ചുവെക്കേണ്ടതുണ്ട്. ഭരണകൂടമെന്ന നിലയ്ക്ക് തിരുത്തപ്പെടേണ്ട നടപടികളുണ്ടാകുമ്പോള്‍ അവക്ക് മൂക്കുകയറിയാന്‍ പാര്‍ട്ടി ഇല്ലെങ്കില്‍ അത് വിനാശകരമായ അവസ്ഥകളിലേക്കുപോകും.

ബംഗാളില്‍നിന്ന് ശരിക്കുമുള്ള പാഠം കേരളത്തിലെ ഇടതുപക്ഷം ഇനിയാണ് പഠിക്കേണ്ടത്, അത് അവിടത്തെ ഇടതുപക്ഷത്തുനിന്നല്ല, മമത ബാനര്‍ജിയില്‍നിന്നാണ്. തുടര്‍ച്ചയായ ജയവും ഭരണവും ഇപ്പോള്‍ തന്നെ മമതയെ ചോദ്യം ചെയ്യപ്പെടാത്ത ഒരു അധികാരകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. അത്, അവിടെയുണ്ടായിരുന്ന "പഴയ' ഇടതുപക്ഷത്തിന്റെ ജനവിരുദ്ധതയിലേക്ക് തൃണമൂലിനെ അതിവേഗം കൊണ്ടുപോകാനുമിടയുണ്ട്. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ പാര്‍ട്ടിയില്‍ ഒരു വി.എസ്. അച്യുതാനന്ദന്‍ സജീവമായി ഇല്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

സി.കെ.അരവിന്ദ് രാജ്
പുകയൂർ, മലപ്പുറം


വിമര്‍ശനം കുറ്റകൃത്യമാകുന്ന കോവിഡ് കാലം

കോവിഡിന്റെ രണ്ടാം തരംഗത്തെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ കൃത്യമായ രാഷ്ട്രീയ വായനയായിരുന്നു എന്‍.എസ്. മാധവനുമായുള്ള അഭിമുഖം (പാക്കറ്റ് 24). വാക്‌സിന്‍ വിതരണത്തിലെ അനീതിവരെയുള്ള വിഷയങ്ങളില്‍ പിടിപ്പുകേട് തെളിയിക്കുകയും ദുരന്തമുഖത്ത് സ്വേച്ഛാധിപത്യം പ്രകടമാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറിനെയാണ് നരേന്ദ്രമോദി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ വാക്‌സിന്‍ കോര്‍പറേറ്റിസത്തിലെ ജനവിരുദ്ധത വരെയുള്ള കാര്യങ്ങള്‍ ഇതാണ് തെളിയിച്ചത്. ജനങ്ങള്‍ക്ക് വാക്‌സിന്‍ വിലയിട്ട് വില്‍ക്കുന്ന സര്‍ക്കാര്‍, ജനസംഖ്യയുടെ 60 ശതമാനത്തിന് വാക്‌സിന്‍ നല്‍കാനുള്ള പണമാണ് സെന്‍ട്രല്‍ വിസ്ത എന്ന ധൂര്‍ത്തിന് ചെലവഴിക്കുന്നത്.

തനിക്കെതിരായ ഉയരുന്ന എതിര്‍പ്പുകളെ മോദി നേരിടുന്ന രീതിയും ഒരു ഏകാധിപതിയുടേതാണ്. ആഗോളതലത്തില്‍ തന്നെ "റിസൈന്‍ മോദി' എന്ന ഹാഷ്ടാഗുകള്‍ പ്രചരിച്ചപ്പോള്‍ അത് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പാളിച്ചപറ്റിയെന്ന് വിമര്‍ശിച്ചതിന് ഡല്‍ഹിയില്‍ നിരവധി പേരെയാണ് അറസ്റ്റുചെയ്തത്. "നമ്മുടെ കുട്ടികള്‍ക്കായി നിര്‍മിച്ച വാക്‌സിന്‍ എന്തിനാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്' എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്നാണ് ഡല്‍ഹിയില്‍ പലയിടത്തും അറസ്റ്റ് നടന്നത്.

ഗാസിപൂരിലെ സെമിത്തേരിയില്‍ നിന്ന്. ഇവിടെ രണ്ടിടങ്ങളിലായി നാല്‍പതോളം മൃതദേഹങ്ങളാണ് ഒരേസമയം ദഹിപ്പിക്കുന്നത്. / Photo: Hemant Rajaura, Twitter
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ ശവശരീരം കൂട്ടത്തോടെ കത്തിക്കുന്നു / Photo: Hemant Rajaura, Twitter

ഒരു ശതമാനം പോലും ജനങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടാത്ത അവസ്ഥയിലാണ്, ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാണ് എന്ന് മോദി തട്ടിവിട്ടത് ഗാര്‍ഡിയന്‍ പത്രം മുഖപ്രസംഗത്തില്‍ എഴുതിയത് ഓര്‍ക്കുന്നു. വാക്‌സിന്‍ നയം ഏറ്റവും ജനവിരുദ്ധമായ രീതിയില്‍ നടപ്പാക്കുന്ന ഒരു രാജ്യത്താണ്, അതിനെ വിമര്‍ശിക്കുന്നത് തടവുശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമായി മാറുന്നത്. എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ, ബംഗാള്‍ ക്ഷാമകാലത്ത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ ഭക്ഷ്യധാന്യം ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനുതുല്യമായ ഒരു നടപടിയാണ്, 6.6 കോടി വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്ത ഇന്ത്യന്‍ നടപടി. കോവിഡുകാലം, സ്വന്തം അധികാരം ഉറപ്പിക്കാനുള്ള ഒരു സാഹചര്യമായി വികസിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാർ.

എം.അബ്ദുൾ നാസർ
അബൂദബി, യു.എ.ഇ.


'ഉറപ്പില്ല, നിലനില്‍പ്'; ഒരു ചെല്ലാനം ദൃഷ്ടാന്തം

എം. സുചിത്ര എഴുതിയ ഉറപ്പില്ല, നിലനില്‍പ് (പാക്കറ്റ് 24) ശ്രദ്ധേയമായ ഒരു വിശകലനമായിരുന്നു. ആ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ ദുരന്തങ്ങളുടെ ആവര്‍ത്തനം കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക പഠനമില്ലാത്ത, നാട്ടുകാരുടെ പങ്കാളിത്തമില്ലാത്ത "വികസന' പ്രവര്‍ത്തനങ്ങളുടെ ഒരു ഇരയായി എറണാകുളം ജില്ലയിലെ ചെല്ലാനത്തെ എടുക്കാം. നൂറോളം വീടുകളിലേക്കാണ് കടല്‍ കയറിക്കിടക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ മേഖലയില്‍, ക്യാമ്പുകളിലേക്കുപോകാന്‍ ആളുകള്‍ക്ക് പേടി. സാധാരണ കുറച്ചുപ്രദേശങ്ങളില്‍ മാത്രമാണ് ഇവിടെ കടലാക്രമണമുണ്ടാകാറ്. എന്നാല്‍, ഇത്തവണ ചെല്ലാനം മുഴുവന്‍ വെള്ളത്തിലായിരിക്കുകയാണ്. നാട്ടുകാര്‍ ഒരു വര്‍ഷത്തിലേറെയായി അവിടെ സമരം നടത്തിവരികയാണ് എന്ന കാര്യം ഇപ്പോഴാണ് പുറത്തറിയുന്നതുതന്നെ.

ചെല്ലാനത്ത് കടൽക്ഷോഭത്തെ തുടര്‍ന്ന് നാവികസേന രക്ഷാപ്രവര്‍ത്തനം നടത്തുന്നു / Photo: Indian Navy
ചെല്ലാനത്ത് കടൽക്ഷോഭത്തെ തുടര്‍ന്ന് നാവികസേന രക്ഷാപ്രവര്‍ത്തനം നടത്തുന്നു / Photo: Indian Navy

കടലേറ്റം തടയാന്‍ ജിയോ സിന്തറ്റിക് ട്യൂബ് സ്ഥാപിക്കണം എന്നാണ് അവരുടെ ആവശ്യം. മൂന്നുവര്‍ഷം മുമ്പ് ഉറപ്പുനല്‍കപ്പെട്ട പദ്ധതിയാണിത് എന്നോര്‍ക്കണം. ഇത്തവണ ഇലക്ഷന്‍ സമയത്തുപോലും നാട്ടുകാരുടെ ഈ ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. തീരപ്രദേശത്ത് കടലിന് ആഴം കൂടുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പും ഒരുവിധത്തിലും അധികാരികളുടെ കണ്ണില്‍ പെട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നൂറിലധികം വീടുകളാണ് ഇവിടെ നശിച്ചത്. ദുരിതാശ്വാസനടത്തിപ്പിന്റെ ക്രെഡിറ്റിനേക്കാള്‍ ഒരു സര്‍ക്കാറിന് അഭിമാനമാകേണ്ടത് ദുരന്തനിവാരണത്തിന്റെ ക്രെഡിറ്റാണ്. അത് ഇല്ലാത്തതാണ്, ഇപ്പോള്‍ കേരളത്തിന്റെ തീരപ്രദേശം അനുഭവിക്കുന്ന ദുരന്തത്തിന് പ്രധാന കാരണം. സുചിത്രയുടെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന, കടലോര ഖനനത്തിന്റെ പ്രശ്‌നമാണ് ചെല്ലാനവും അഭിമുഖീകരിക്കുന്നത്. കൊച്ചി തുറമുഖ നിര്‍മാണത്തിനുശേഷമാണ് ചെല്ലാനം കേരളത്തിലെ ഏറ്റവും രൂക്ഷമായ കടലാക്രമണ മേഖലയായി മാറിയത്. ചെല്ലാനത്തെ ഹാര്‍ബര്‍ നിര്‍മാണവും സ്ഥിതി രൂക്ഷമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റുക എന്ന 'ആശ്വാസ' പ്രവര്‍ത്തനമല്ലാതെ, ദുരന്തം പരിഹരിക്കാനുള്ള ഒന്നും അവിടെ നടന്നിട്ടില്ല.
കാലാവസ്ഥ വ്യതിയാനം കേരളത്തിലും കടലിന്റെയും കാറ്റിന്റെയുമെല്ലാം സ്വഭാവത്തില്‍ വന്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ട് എന്ന കാര്യം വിദഗ്ധര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഇത്തവണത്തെ പ്രകടനപത്രികകയില്‍ പോലും സി.പി.എം. അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള ഭാവനാപൂര്‍ണമായ ഒരു നടപടി പോലും മുന്നോട്ടുവച്ചിട്ടില്ല. 
ദുരന്തനിവാരണത്തിനുപകരം ദുരിതാശ്വാസത്തെ ഒരു നയമായി സ്വീകരിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകൂടങ്ങള്‍ക്ക് ഇനിയും തുടര്‍ഭരണം ലഭിക്കും.

ഷംസാദ് എ.
ഊട്ടി, തമിഴ്നാട്


കൃഷ്ണപ്രസാദിന്റെ പ്രതീക്ഷ പൂവണിയട്ടെ

പുതിയ ഇടതുപക്ഷ സര്‍ക്കാറിന് ബംഗാളില്‍നിന്ന് പാഠം പഠിക്കാനുണ്ട് എന്ന പി. കൃഷ്ണപ്രസാദിന്റെ അല്‍പം സ്വയം വിമര്‍ശനപരമായ വിലയിരുത്തല്‍ (പാക്കറ്റ് 24) കേരളത്തെ സംബന്ധിച്ച് അത്യന്തം പ്രസക്തമാണ്. വിജയഘടകങ്ങളായി കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരിക്കലും ഒരു പരിപ്രേക്ഷ്യമായി വളര്‍ത്തിയെടുക്കാന്‍ പിണറായി വിജയന്റെ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കിഫ്ബി എന്ന പരീക്ഷണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനം കുറെയൊക്കെ സാധ്യമായി എന്നു സമ്മതിക്കാം.

പി. കൃഷ്ണപ്രസാദ്
പി. കൃഷ്ണപ്രസാദ്

എന്നാല്‍, അത് കേരളത്തിന്റെ വികസനത്തിന് എങ്ങനെയാണ് മുതല്‍ക്കൂട്ടാകുന്നത്? കൃഷ്ണപ്രസാദ് തന്നെ വിമര്‍ശിക്കുന്നതുപോലെ, ഇന്‍ഫ്രാസ്ട്രക്ചറുണ്ടായാല്‍ വിദേശമൂലധനം വന്നുകൊള്ളും എന്ന നവ ഉദാരവല്‍ക്കരണ നയം തന്നെയല്ലേ കേരളത്തിലും പിന്തുടര്‍ന്നത്? കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാറായിരുന്നുവല്ലോ കേരളം ഭരിച്ചിരുന്നത്. തീര്‍ച്ചയായും വിപ്ലവകരമായ ഈ നിയമം കൊണ്ടുവന്നശേഷം, ആ നിയമം ഒരുവിധത്തിലും ബാധിക്കാതെ പോയ അടിസ്ഥാനയെ കണക്കിലെടുത്തുകൊണ്ടുള്ള എന്തെങ്കിലും ആത്മപരിശോധന കേരളത്തിലുണ്ടായോ?, ഇല്ലെന്നുമാത്രമല്ല, ഭൂപരിഷ്‌കരണം ഒരു അടഞ്ഞ അധ്യായമെന്ന നിലയ്ക്കാണ് മന്ത്രിമാര്‍ വരെ സംസാരിച്ചത്. കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങളെ ഭൂപരിഷ്‌കരണത്തിനപ്പുറത്തേക്ക് വികസിപ്പിക്കണം എന്ന് കൃഷ്ണപ്രസാദ് പറയുന്നുണ്ട്.

അദ്ദേഹം തന്നെ പറയുന്നതുപോലെ, തുടര്‍ഭരണം ഇല്ലാത്തതുകൊണ്ടുമാത്രമാണോ അത് സംഭവിക്കാതെ പോയത്? അല്ല. കേരളത്തിന്റെ കാര്‍ഷിക പരിഷ്‌കാരവും വ്യവസായവല്‍ക്കണവുമായും ബന്ധപ്പെട്ട ദീര്‍ഘകാല പരിപാടിയോ നയമോ ഇടതുപക്ഷം അടക്കം ഒരു സര്‍ക്കാറുകള്‍ക്കും ഉണ്ടായിട്ടില്ല. മാത്രമല്ല, ജീവകാരുണ്യം എന്ന വെല്‍ഫെയറിസത്തില്‍ അമിതമായി ഭ്രമിച്ചുപോയ ഒരു സര്‍ക്കാറിനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം കണ്ടത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആശ്വാസം നല്‍കുന്നത് ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍, അത് ഒരു നയമായി സ്വീകരിക്കപ്പെടുമ്പോള്‍, ആശ്വാസം സ്വീകരിക്കുന്നയാള്‍ എപ്പോഴും അതുതന്നെ ചെയ്തുകൊണ്ടിരിക്കേണ്ട അവസ്ഥയിലാകും.
പിണറായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന കൃഷ്ണപ്രസാദിന്റെ നിരീക്ഷണം മാത്രമാണ് അദ്ദേഹത്തിന്റെ വിശകലനത്തില്‍ ഏക ആശ്വാസമായി തോന്നിയത്. വീഴ്ചകളില്‍നിന്ന് പാഠം പഠിക്കുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ചുള്ള പ്രതീക്ഷ വലുതാണ്.

മിനു അഗസ്റ്റിൻ
മുണ്ടക്കയം, കോട്ടയം


മമത തന്നെ ബി.ജെ.പിക്ക് പാലം പണിയും

ബംഗാളിലെ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്ത് എ.എം. ഷിനാസ് നടത്തുന്ന നിരീക്ഷണങ്ങള്‍ (പാക്കറ്റ് 24), ഭാവി സൂചനകള്‍ കൂടി നല്‍കുന്നതാണ്. ബംഗാളില്‍ സര്‍ക്കാറുണ്ടാക്കാന്‍ സ്വന്തം നിലയ്ക്ക് ബി.ജെ.പി നടത്തുന്ന ശ്രമങ്ങളേക്കാള്‍ അടുത്ത തവണ അവര്‍ക്ക് തുണയാകുക തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം തന്നെയായിരിക്കും എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. അല്‍പം ക്ഷമയോടെ തൃണമൂലിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിക്ക് കഴിയുകയാണെങ്കില്‍ അത് ഒരു വിജയത്തിലേക്കായിരിക്കും ആ പാര്‍ട്ടിയെ നയിക്കുക. കാരണം, ബി.ജെ.പി. തോറ്റുവെന്ന് പറയുമ്പോഴും മൂന്നില്‍നിന്ന് 77 സീറ്റുള്ള, ഏക പ്രതിപക്ഷമാണ് അവര്‍ എന്ന യാഥാര്‍ഥ്യം മറക്കരുത്.

മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

രണ്ടു പാര്‍ട്ടികള്‍ മാത്രമായി ബംഗാളിലെ അധികാര രാഷ്ട്രീയം ചുരുങ്ങിയിരിക്കുന്നു. മാത്രമല്ല, നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ച് നടത്തിയ തന്ത്രം ഈ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടു, മമതയുടെ തോല്‍വി അടക്കം. ബി.ജെ.പിയിലേക്ക് ഒഴുകാന്‍ ഒരു മടിയുമില്ലാത്ത നേതൃത്വമാണ് തൃണമൂലിലുള്ളത്, അണികളും അങ്ങനെത്തന്നെയാണ്. മാത്രമല്ല, ആശയപരമായോ സംസ്ഥാനത്തിന്റെ വികസനക്കാര്യങ്ങളിലോ പ്രത്യേകിച്ച് ഒരു നയവുമില്ലാത്ത, വെറും വൈകാരികമായ സ്വത്വബോധത്താല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് മമതയുടെ നേതൃത്വത്തിലുള്ളത്.

shinas
എ.എം. ഷിനാസ്

മമതയുടെ പരാജയം അവരുടെ ധിക്കാരമോ അണികള്‍ക്കുമേല്‍ നിയന്ത്രണമില്ലാത്ത അവസ്ഥയോ ബി.ജെ.പിയുടെ ശക്തി കുറച്ചുകാണുന്നതോ മുസ്‌ലിം സ്വത്വരാഷ്ട്രീവുമായുള്ള കൊടുക്കല്‍ വാങ്ങലുകളോ അല്ല, പശ്ചിമബംഗാള്‍ രാഷ്ട്രീയത്തെ പുതിയ വഴിയിലൂടെ റീ- ഇമേജിന്‍ ചെയ്യുന്നതിലുള്ള കഴിവുകേടാണ് എന്ന് മുമ്പൊരിക്കല്‍ ശിവം വിജ് എന്ന രാഷ്ട്രീയനിരീക്ഷകന്‍ എഴുതിയത് ഓര്‍ക്കുന്നു. മമതയുടെ തൊട്ടുമുന്നില്‍, വലിയ പാഠമായി അരനൂറ്റാണ്ടോളം ഭരിച്ച ഇടതുമുന്നണിയുണ്ട്. അവരുടെ തകര്‍ച്ചയാണ് മമതക്കുള്ള പാഠം, അല്ലാതെ അവര്‍ പിന്തുടര്‍ന്ന വഴികളല്ല.

ഡോ. രജനി ശ്രീകുമാർ
ട്രിങ്കോമാലി, ശ്രീലങ്ക


'രമണി' അല്ല, 'രമണന്‍' തന്നെയാണ് ഇന്നും ബെസ്റ്റ് സെല്ലര്‍

നൂജ ഭട്ടതിരി സരസ്വതിയമ്മയെക്കുറിച്ച് എഴുതിയത് (പാക്കറ്റ് 24) അതീവ ഹൃദ്യമായി. സ്ത്രീപക്ഷ എഴുത്തിന്റെ ആവേശഭരിതവും വേദനാജനകവുമായ ഒരു ലോകമായിരുന്നു ആ ജീവിതം. സരസ്വതിയമ്മയുടെ തീക്ഷ്ണജീവിതത്തെക്കുറിച്ച് അന്നത്തെ മലയാള സാഹിത്യലോകം തീര്‍ത്തും അജ്ഞരായിരുന്നു എന്ന്, അവരുടെ മരണശേഷം എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ വരികള്‍ കാണിക്കുന്നു: ""ഏകാന്തപഥികയായ ഈ എഴുത്തുകാരിയെ പറ്റി, അവരുടെ സുദീര്‍ഘമായ മൗനത്തെ പറ്റി, അറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അവ്യക്തതകളുടെ വഴിയറിയാക്കവലകളില്‍ ഈ അന്വേഷണം പരുങ്ങിനിന്നു. നീണ്ട നിശബ്ദത പാലിച്ച വലിയ ഒരെഴുത്തുകാരി മരിച്ചു''.

കെ. സരസ്വതി അമ്മ / Photo: Wikimedia Commons
കെ. സരസ്വതി അമ്മ / Photo: Wikimedia Commons

പിന്നീട് സാഹിത്യത്തില്‍ വികസിച്ചുവന്ന പല പ്രമേയങ്ങളും- കുടുംബം, വിവാഹം എന്നീ സ്ഥാപനങ്ങളുടെ അപചയം, പുരുഷമേധാവിത്തം, സ്ത്രീ സ്വാതന്ത്ര്യം- സരസ്വതിയമ്മയിലൂടെയാണ് തീക്ഷ്ണമായി വായനക്കാരിലെത്തിയത്. പെണ്ണിന്‍റേത് പിന്‍ബുദ്ധിയല്ല എന്നുകാണിക്കാന്‍ അവര്‍ പെണ്‍ബുദ്ധി എന്നൊരു കഥപോലും എഴുതി. "ഞാനൊരു ഭര്‍ത്താവായിരുന്നെങ്കില്‍' എന്ന ലേഖനം അവരുടേതായിട്ടുണ്ട്. "ഭയഭക്തിയോടെ എന്റെ ദാസ്യവേലകള്‍ ചെയ്യുകയും എന്റെ ഉച്ഛിഷ്ടം അമൃതാണെന്ന് വിചാരിക്കുകയും ചെയ്യുന്ന വിനീതദാസിയുടെ യജമാനനാകുന്നത് അഭിമാനാര്‍ഹമാണെന്ന് ഞാന്‍ കരുതുന്നില്ല' എന്ന് അവര്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. മലയാള ഭാവുകത്വത്തില്‍ പടര്‍ന്നുപന്തലിച്ചുകിടക്കുന്ന ചങ്ങമ്പുഴയുടെ രമണന് (ഇന്നും ബെസ്റ്റ് സെല്ലറാണല്ലോ "രമണന്‍'!) "രമണി' എന്ന ഒരു എതിര്‍ക്കഥ എഴുതാന്‍ കാണിച്ച ധൈര്യം ഇക്കാലത്തുപോലും കാണാനാകാത്തതാണ്.

ഇത്തരം സ്‌ഫോടനാത്മകമായ സ്ത്രീവാദ ചിന്തകളെ എഴുത്തിലൂടെ കെട്ടഴിച്ചുവിട്ടെങ്കിലും അവയെല്ലാം എഴുതപ്പെട്ട കാലത്ത് അതിന്റെ സത്ത തിരിച്ചറിയപ്പെടാതെ പോയി. പുരുഷവിദ്വേഷത്തിന്റെ കഥാകാരി എന്ന് അവര്‍ ആക്ഷേപിക്കപ്പെട്ടു. സ്വന്തം കഥകള്‍ അച്ചടിച്ചുവന്ന മാസികകള്‍ കത്തിച്ചുകളയേണ്ടി വന്നു. എഴുത്തും വായനയും അവസാനിപ്പിച്ച് ഏകാന്തയായയാണ് അവര്‍ യാത്രയായത്. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തിന് ഒരു ദിശ നല്‍കുകയാണ് അവര്‍ ചെയ്തത്. അതിന് പ്രത്യയശാസ്ത്രപരമായ അടിസ്ഥാനങ്ങളേക്കാള്‍ സ്വന്തം ജീവിതത്തിന്റെ ചൂരാണുണ്ടായിരുന്നത് എന്നുമാത്രം. സരസ്വതിയമ്മയുടേത് ഒരു ത്യാഗമായോ ബലിയായോ കാണേണ്ടതില്ല. അവരുടേത് എഴുത്തിലെ ഒരു പ്രതിനിധാനമായിരുന്നു, വ്യക്തിയെന്ന നിലയ്ക്കുള്ളതല്ല, ഒരു ഭാവുകത്വം എന്ന നിലയ്ക്കുതന്നെയുള്ളത്. അതുകൊണ്ടാണ്, ഇപ്പോഴും അവര്‍ പ്രസക്തയായിരിക്കുന്നത്.

അഞ്ജന
കൈനകരി, ആലപ്പുഴ


ഓണ്‍ലൈന്‍ കാലത്ത് മീനാക്ഷി ടീച്ചറെ വായിക്കുമ്പോള്‍

വെബ്‌സീനില്‍ പ്രസിദ്ധീകരിക്കുന്ന വിദ്യാര്‍ഥി അനുഭവങ്ങള്‍ അതീവ ഹൃദ്യമാണ്. പാക്കറ്റ് 24ല്‍ പുഷ്പവതി എഴുതിയ കുറിപ്പ്, അധ്യാപകരുടെ ചില ചെറിയ സ്പര്‍ശങ്ങള്‍ പോലും വിദ്യാര്‍ഥിയില്‍ എന്തുവലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് കാണിച്ചുതരുന്നു. ടീച്ചറുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കാനാണ് പുഷ്പവതി തനിക്ക് വിഷമമുണ്ടായിരുന്ന ഇംഗ്ലീഷ് നന്നായി പഠിച്ചുതുടങ്ങിയത്.

പുഷ്പവതി / Photo: Facebook
പുഷ്പവതി / Photo: Facebook

ടീച്ചറെ മനസ്സില്‍ കരുതിയാണ് പത്താം ക്ലാസുവരെ ഇംഗ്ലീഷ് പഠിച്ചത് എന്ന് അവര്‍ പറയുമ്പോള്‍, ആ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുള്ള അസാധാരണരമായ ബന്ധത്തിന്റെ നൂലിഴകള്‍ കാണാനാകുന്നു. പിന്നീട്, തന്റെ സര്‍ഗാത്മകമായ പ്രവൃത്തികളുടെയും ശ്രോതാവായി മാറുന്നുണ്ട് ആ ടീച്ചര്‍. അധ്യാപകരെ നേരിട്ടു കാണാതെ അധ്യയനം പൂര്‍ത്തിയാക്കേണ്ടിവരുന്നു, ക്ലാസ് മുറികള്‍ അന്യമാക്കപ്പെട്ട, ഓണ്‍ലൈനിലേക്ക് ചുരുങ്ങിപ്പോകുന്ന നമ്മുടെ കുട്ടികള്‍ക്ക് വിലപ്പെട്ടതാണ് ഇത്തരം അനുഭവങ്ങള്‍.

താജുദ്ദീൻ അനസ്
ആലുവ, എറണാകുളം


രാഷ്ട്രീയ പ്രഹസന പത്രികകള്‍

"കേരള ഇലക്ഷന്‍ ഒരു മാച്ചോ പ്രകടനം' എന്ന തലക്കെട്ടില്‍ സൈനുല്‍ ആബിദും കമല്‍റാം സജീവും നടത്തിയ സംഭാഷണം (വെബ്‌സീന്‍, പാക്കറ്റ് 23) പല സുപ്രധാന നിരീക്ഷണങ്ങളും മുന്നോട്ടുവെക്കുന്നു.
നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പുത്സവങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ആണത്ത ആഘോഷ പ്രകടനങ്ങളാണ്. അധികാരസ്ഥാനങ്ങളില്‍ അഭിപ്രായമുള്ള സ്ത്രീകള്‍ കടന്നു വരുമ്പോള്‍ ഭരണമികവിനോ, കാര്യക്ഷമതക്കോ, ആസൂത്രണ-സംഘാടന പ്രക്രിയകള്‍ക്കോ ഒരു കോട്ടവും സംഭവിക്കില്ലെന്നും മറിച്ച് കൂടുതല്‍ മെച്ചപ്പെടുമെന്നുള്ള മുന്‍കാല അനുഭവങ്ങള്‍ എത്രതന്നെ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ലഭിക്കാന്‍ ആണധികാരത്തിന്റെ ദയാവായ്പ് പ്രതീക്ഷിച്ചും, തല മുണ്ഡനം ചെയ്തും, കണ്ണീരൊഴുക്കിയും പലവിധ സമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകുന്ന സ്ത്രീകള്‍ അനവധിയാണ്.
എന്നാല്‍ സ്ത്രീകളെന്ന വലിയ വോട്ടുബാങ്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേറെ പ്രിയങ്കരവുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ വലിയ വോട്ടിംഗ് പോപ്പുലേഷനെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വമോ അല്ലാതെയോ പ്രയോഗിക്കുന്ന പല സ്ട്രാറ്റജികളും സ്ത്രീവിരുദ്ധമെന്ന് മാത്രമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകളെ നിലനിര്‍ത്തുകയും ചെയ്യുന്നു.

സൈനുല്‍ ആബിദ്
സൈനുല്‍ ആബിദ്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം (ഈ സ്‌കീമില്‍ പട്ടുസാരിയും പൊന്‍താലിയും സൗജന്യമായി ഉള്‍പ്പെടുത്തിയ സംസ്ഥാനങ്ങളുണ്ട്), സൗജന്യ ഗ്യാസ് സിലിണ്ടര്‍, കുക്കിംഗ് സ്റ്റൗ, വീട്ടമ്മമാരുടെ അധ്വാനഭാരം ലഘൂകരിക്കാനുള്ള ഗൃഹോപകരണങ്ങള്‍ക്കുള്ള വായ്പാ സൗകര്യം തുടങ്ങിയ വാഗ്ദാനങ്ങളുടെ പട്ടികയിലേക്കാണ് വീട്ടമ്മമാര്‍ക്ക് ശമ്പളം അല്ലെങ്കില്‍ പെന്‍ഷന്‍ എന്ന "സൂപ്പര്‍ ഓഫര്‍' കടന്നു വരുന്നതും അതിനെ മുന്‍നിര്‍ത്തി കേരളം, തമിഴ്‌നാട് ഉള്‍പ്പെട്ട പല സംസ്ഥാനങ്ങളിലേയും നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടതും. വരാനിരിക്കുന്ന പല തിരഞ്ഞെടുപ്പുകളിലും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഇതിന്റെ വിപുലീകരിച്ച മാതൃകകള്‍ പലരും പയറ്റാനുള്ള സാധ്യതയും ഏറെയാണ്.
പ്രത്യക്ഷത്തില്‍ വളരെ പുരോഗമനപരവും, സ്ത്രീ മുന്നേറ്റം ലക്ഷ്യം വെച്ചാണെന്നുമുള്ള പ്രതീതി ജനിപ്പിക്കുമെങ്കിലും ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും എന്ന കാര്യം സംശയരഹിതമാണ്. ഈ യാഥാര്‍ത്ഥ്യം ഭൂരിഭാഗം ജനങ്ങള്‍ -പ്രത്യേകിച്ച് സ്ത്രീകള്‍ തിരിച്ചറിയുന്നില്ല എന്നതാണ് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

ഇവിടെയാണ് സൈനുല്‍ ആബിദ് നടത്തിയ ചില നീരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്: ""വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതിലൂടെ സ്ത്രീകള്‍ വീട്ടിനകത്തു തന്നെയെന്ന് ഊട്ടിയുറപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പുരുഷന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കും എന്ന് ഒരു പ്രകടനപത്രികയിലും വരാത്തതെന്താണ്?''.
അതിലേറെ ഗൗരവമായി തോന്നിയത് ഇലക്ഷന്‍ കാലത്തെ ഇത്തരം "സ്ത്രീ സൗഹൃദവാഗ്ദാനങ്ങളെ' മുഖ്യധാര മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയാണ്.

ഓഗ്‌മെന്റഡ് റിയാലിറ്റി (Augmented Reality) യുടെ അനന്ത സാധ്യതകളുപയോഗിച്ച് തിരഞ്ഞെടുപ്പിന്റെ ഓരോ സ്പന്ദനവും ഇഴകീറി വിശകലനം ചെയ്ത മാധ്യമങ്ങള്‍ക്ക്, മേല്‍പ്പറഞ്ഞ "സ്ത്രീ സൗഹൃദ ഓഫറുകള്‍' ഒരു പ്രശ്‌നമായി തോന്നിയതേയില്ല. പച്ചക്കറിക്കോ, കുക്കിംഗ് ഗ്യാസിനോ വില കൂടുമ്പോള്‍ മൈക്കുമായ് അടുക്കളയിലേക്ക് ഓടിച്ചെന്ന് സ്ത്രീകളുടെ (പുരുഷന്റെയല്ല) അഭിപ്രായം ആരായുന്ന ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ക്ക് മിനിമം ജെന്‍ഡര്‍ നോളേജ് (Gender knowledge ) അനിവാര്യമാണെന്ന് ഇത്തരം സംഭവങ്ങള്‍ അടിവരയിട്ടു പറയുന്നു.

"വീട്ടമ്മ' എന്നത് ഒരു തൊഴിലായി അംഗീകരിച്ച് ശമ്പളവും പെന്‍ഷനും നല്‍കിയാലും അമ്മക്ക് / ഭാര്യക്ക് ജോലിയില്ല - ഹൗസ് വൈഫാണ് എന്ന് പറയുന്നിടത്ത് നിന്ന് എന്തെങ്കിലും മുന്നേറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അസംബന്ധമാണ്. ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നു വരുന്ന നിരവധി FAQ (Frequently Asked Questions ) കളില്‍ ചിലത് പരിശോധിക്കാം.

വീട്ടമ്മ എന്നത് എന്തു തരം പ്രൊഫഷനാണ്?, അതിനു വേണ്ടുന്ന യോഗ്യതകള്‍ എന്തൊക്കെയാണ്? വീട്ടമ്മയാകുന്ന സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിലോ പെന്‍ഷനിലോ ഏറ്റക്കുറച്ചിലുണ്ടാകുമോ? വീട്ടുജോലിക്ക് പുറമേ മറ്റ് ജോലികള്‍ ചെയ്ത് ശമ്പളം കൈപ്പറ്റുന്ന സ്ത്രീകളെ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തുമോ?എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന സാര്‍വ്വദേശീയ തൊഴില്‍ മാനദണ്ഡം വീട്ടമ്മ ജോലിയില്‍ സന്നിവേശിപ്പിക്കാനാകുമോ? ഓവര്‍ടൈം ജോലി ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുമോ? വീടിന്റെ വലിപ്പവും വീട്ടംഗങ്ങളുടെ എണ്ണവും (പശു, ആട്, കോഴി ഉള്‍പ്പെടെ)മാറുന്നതനുസരിച്ച് വീട്ടുജോലിയും വ്യത്യാസപ്പെടുമെന്നതിനാല്‍ ശമ്പളത്തില്‍ എന്ത് മാറ്റം സംഭവിക്കും? മോശപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനെതിരെ പരാതിപ്പെടാനും, സമരം ചെയ്യാനുമുള്ള ചോയ്‌സ് മറ്റു തൊഴില്‍ മേഖലകളിലെന്നപോലെ ഇവിടെയും ലഭിക്കുമോ? വീട്ടുജോലിയില്‍ മറ്റു കുടുംബാംഗങ്ങളുടെ "സഹായം' തേടാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ അവര്‍ ചെയ്യുന്ന സഹായത്തിന്റെ തോതനുസരിച്ച് ശമ്പളത്തിലോ പെന്‍ഷനിലോ കുറവ് സംഭവിക്കുമോ? പ്രസവാവധി ഉണ്ടോ? ആര്‍ത്തവ ദിനങ്ങളില്‍ അവധിയെടുക്കാന്‍ സാധിക്കുമോ? ഇവിടെ വീട്ടച്ഛന്മാരുടെ റോള്‍ എന്താണ്?

അനന്തമായി നീളുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നതിലും ഭേദം വീട്ടുജോലിയുടെ സ്ത്രീവത്കരണം അവസാനിപ്പിക്കുക എന്നത് തന്നെയാണ്. ഇനി സ്ത്രീ മുന്നേറ്റം സാധ്യമാക്കിയേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ നയപരമായി നടപ്പിലാക്കാന്‍ കഴിയുന്ന ധാരാളം ചെറിയ മാറ്റങ്ങള്‍ ഉണ്ട്. അത് അടിത്തട്ടില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

ഒന്ന്) സ്‌കൂളുകളില്‍ Unisex uniform / Gender neutral uniform നടപ്പിലാക്കാം. സ്വന്തം ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധം സൃഷ്ടിക്കുന്ന യൂണിഫോമില്‍ നിന്നുള്ള വിടുതി ഏതൊരു കുട്ടിയുടെയും അവകാശമാണ്.
രണ്ട്) സെക്‌സ്, ജെന്‍ഡര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, Gender orientation, Gender identity, queer, Homosexual, heterosexual, Asexual തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥമറിയുന്ന, അവയുടെ വ്യത്യാസമറിയുന്ന എത്ര അധ്യാപകരുണ്ട് സാക്ഷര കേരളത്തില്‍? അതിനാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ ലൈംഗിക വിദ്യാഭ്യാസ ക്ലാസുകള്‍ നല്‍കേണ്ടിയിരിക്കുന്നു. ലൈംഗീക വിദ്യാഭ്യാസമെന്നാല്‍ ലൈംഗീകത എന്നല്ല അര്‍ത്ഥമാക്കുന്നത് എന്നത് തന്നെയാകട്ടെ ആദ്യത്തെ ക്ലാസ്. 
മൂന്ന്) വിധി പ്രസ്താവിക്കുന്ന കോടതികള്‍, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍, അധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ സ്ത്രീവിരുദ്ധ-മനുഷ്യത്വ വിരുദ്ധ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ നിരന്തരമായ അവബോധം അനിവാര്യമാണ്. ഇതിനു പുറമെ സുഷുപ്തിയിലാണ്ടു കിടക്കുന്ന വനിതാ സംവരണ ബില്ലിനെ തൊട്ടുണര്‍ത്തല്‍, സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി, പുരുഷന്മാര്‍ക്ക് പിതൃത്വ അവധി തുടങ്ങിയ നിരവധി പോളിസികളും പരിഗണനക്കെടുക്കാം.

സാമൂഹ്യസമ്മര്‍ദങ്ങളുടെ ഫലമായി ഒരു മാച്ചോ ഇമേജ് സൃഷ്ടിക്കാനും അത് നിലനിര്‍ത്താനും കഷ്ടപ്പെട്ട് പ്രഷര്‍കുക്കര്‍ ജീവിതം നയിക്കുന്ന പുരുഷന്മാരുടെ വിമോചനവും ഇതില്‍ ഉള്‍ച്ചേര്‍ക്കപ്പെടണം.
​​​​​​​പക്ഷെ സ്ത്രീകള്‍ക്ക് സൗജന്യമായി പുട്ട് കുറ്റിയും, സോപ്പ് പെട്ടിയും നല്‍കുന്നത് പോലെ അത്ര എളുപ്പമല്ല മേല്‍പ്പറഞ്ഞ പരിവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നത്. അതിന് പാട്രിയാര്‍ക്കിയുടെ മൂശയില്‍ വാര്‍ത്തെടുത്ത സാമൂഹ്യ അടിത്തറ തന്നെ പൊളിക്കേണ്ടി വരും. ചില കീഴ്‌വഴക്കങ്ങള്‍ ലംഘിക്കണം, പല പ്രിവിലേജുകളും കൈയൊഴിയണം. ആത്യന്തികമായി അതിന് അനല്പമായ ഇച്ഛാശക്തി ആവശ്യമാണ്. ആ ഇച്ഛാശക്തി ആരൊക്കെ പ്രകടിപ്പിച്ചു, സമൂഹം അതിനെ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ കാലഘട്ടത്തെ ചരിത്രം അടയാളപ്പെടുത്തുക.

അശ്വതി ആഷ ശിവറാം
സുല്‍ത്താന്‍ ബത്തേരി, വയനാട്

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media