കത്തുകള്‍
വായനക്കാർ

പുതുമുഖത്തിലല്ല കാര്യം, പ്രതിനിധാനത്തിലാണ്
എന്തുകൊണ്ട് കെ.കെ. ശൈലജയെ മന്ത്രിയാക്കിയില്ല എന്ന ചോദ്യത്തിന് അണികൾക്ക് സി.പി.എം. വിശദീകരണം നല്‍കിക്കഴിഞ്ഞതാണ്. എങ്കിലും, ജി. ഉഷാകുമാരിയെപ്പോലുള്ളവര്‍ (പാക്കറ്റ് 25) ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍, പ്രശ്‌നങ്ങളായി തന്നെ നിലനില്‍ക്കുന്നു. ജാതിയുടെയും ലിംഗത്തിന്റെയും സമ്പത്തിന്റെയുമെല്ലാം ആധിപത്യങ്ങളെ മറികടന്ന് സ്ത്രീകളും അവഗണിക്കപ്പെട്ടിരുന്ന വിഭാഗങ്ങളും ധാരാളമായി മുന്നോട്ടുവരുന്ന ഒരു സന്ദര്‍ഭമാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍, മുന്‍നിരപ്രവര്‍ത്തകരായി സമൂഹത്തില്‍ നിറഞ്ഞുനിന്നത് സ്ത്രീകളാണ്. വിവിധ മേഖലകളിലുള്ള അവരുടെ സാമൂഹിക പങ്കാളിത്തത്തില്‍, ശൈലജയെപ്പോലുള്ള നേതൃത്വങ്ങളുടെ സാന്നിധ്യവും പ്രധാന ഊര്‍ജ സ്രോതസ്സായിരുന്നു. "ചെത്തുകാരന്റെ മകന്‍' എന്ന് ഓരോ തവണയും പിണറായി വിജയനെ ആക്ഷേപിച്ച് വിളിക്കുമ്പോള്‍, "അതെ, ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണ്' എന്ന് പിണറായി മറുപടി പറയുമ്പോള്‍, കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന് ലഭിക്കുന്ന ആത്മവിശ്വാസവും അഭിമാനബോധവും വലുതായിരുന്നു. മന്ത്രിയെന്ന നിലയ്ക്ക് ശൈലജ പ്രകടിപ്പിച്ച ഭരണപാടവവും നേതൃശേഷിയും കേരളത്തിലെ ഓരോ സ്ത്രീക്കും പ്രചോദനമായിരുന്നു. അതിനെ സാമൂഹികമായി പരിവര്‍ത്തിപ്പിക്കാനുള്ള ഒരു അവസരമാണ് ഇടതുപക്ഷം കളഞ്ഞുകുളിച്ചത്. അതിനെ സങ്കുചിതമായ പാര്‍ട്ടിബോധ്യങ്ങള്‍ക്കകത്തുനിന്ന് മനസ്സിലാക്കാനാകില്ല.

സമാനമാണ്, കെ. രാധാകൃഷ്ണന് നല്‍കിയ ദേവസ്വം മന്ത്രിസ്ഥാനവും. ഒരു പട്ടികജാതിക്കാരനെ ദേവസ്വം മന്ത്രിയാക്കിയതില്‍ എന്ത് വിപ്ലവമാണുള്ളത് എന്ന് അടുത്ത അഞ്ചുവര്‍ഷം തെളിയിക്കും. ദേവസം എന്നാല്‍, യാഥാസ്ഥിതികവും ജനാധിപത്യവിരുദ്ധവുമായ മതശാസനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഇടങ്ങളാണ്. ക്ഷേത്രങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്നത് നടക്കാത്ത കാര്യമാണ്, കാരണം, അവയുടെ അടിത്തറ തന്നെ സവര്‍ണതയിലും ജാതി- മത മേല്‍ക്കോയ്മകളിലും അധിഷ്ഠിതമാണ്. കടകംപള്ളി സുരേന്ദ്രനെപ്പോലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ അവിടത്തെ ഏറ്റവും വലിയ വഴിപാട് കഴിക്കുന്ന ഒരാളാണ് ദേവസ്വം മന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍. കെ. രാധാകൃഷ്ണന് നല്‍കേണ്ടിയിരുന്നത് ധനകാര്യമോ വ്യവസായമോ വിദ്യാഭ്യാസമോ ആയിരുന്നു. കേരളത്തിലെ അടിസ്ഥാനവര്‍ഗത്തിനുവേണ്ടത് സാമ്പത്തികവും വിദ്യാഭ്യാസപരവും വ്യവസായികവുമായ മുന്നേറ്റമാണ്. ഈ വകുപ്പുകളിലേതിലെങ്കിലുമുള്ള രാധാകൃഷ്ണന്റെ പ്രാതിനിധ്യം, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമായിരുന്ന ഒന്നാകുമായിരുന്നു. അതുകൊണ്ട്, പുതുമുഖങ്ങള്‍ എന്നത് വെറും ആലങ്കാരികമായ പ്രയോഗം മാത്രമാണ്, ഈ സര്‍ക്കാറിനെ സംബന്ധിച്ച്. പുതിയ മുഖങ്ങളിലല്ല കാര്യം, പുതിയ പ്രതിനിധാനങ്ങളിലാണ്.
എം.എസ്.അജിത
ഇരുമ്പനം, എറണാകുളം
'അട്ടിപ്പേറവകാശ'ത്തില്‍നിന്ന് സമുദായ മുതലാളിമാരെ ഒഴിച്ചുനിര്‍ത്താനാകുമോ?
പുതിയ സര്‍ക്കാറിനുമുന്നിലുള്ള വിഷയങ്ങള്‍ വിശകലനം ചെയ്ത് വെബ്‌സീനിന്റെ 25ാം പാക്കറ്റില്‍ വന്ന ലേഖനങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. അതില്‍, കേരളീയ സമൂഹത്തെ സംബന്ധിച്ച് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമാണ് അനാമിക അജയ് ചൂണ്ടിക്കാട്ടിയത്. അത് കേരളത്തിലെ ജാതി സംഘടനകളുടെ അവിഹിതമായ ഇടപെടലാണ്. ഇത്തവണ എല്‍.ഡി.എഫിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാനായി എന്ന് ഇടതുപക്ഷം അവകാശപ്പെടുന്നുണ്ട്. ഈ "വിഭാഗ'ങ്ങളില്‍ രാഷ്ട്രീയത്തില്‍ അവിഹിതമായ ഇടപെടല്‍ നടത്തുന്ന സാമുദായിക ശക്തികളുമുണ്ടെന്ന കാര്യം അവഗണിക്കാന്‍ കഴിയില്ല. അതായത്, ക്രിസ്ത്യാനികളുടെയും നായന്മാരുടെയും ഈഴവരുടെയും മുസ്‌ലിംകളുടെയുമെല്ലാം പിന്തുണ ഒരു സംഘടിത വിലപേശല്‍ എന്ന രീതിയിലാണ് ഈ വിഭാഗങ്ങളുടെ "അട്ടിപ്പേറവകാശം' അവകാശപ്പെടുന്ന നേതൃത്വങ്ങള്‍ പരിഗണിക്കാറ്. സര്‍ക്കാറുകള്‍ അത് ഔദാര്യപൂര്‍വം അനുവദിച്ചുകൊടുക്കാറുമുണ്ട്. അങ്ങനെയാണ് നായന്മാരുടെ പേരില്‍ എന്‍.എസ്.എസും ഈഴവരുടെ പേരില്‍ എസ്.എന്‍.ഡി.പിയും ക്രിസ്ത്യാനികളുടെ പേരില്‍ സഭകളുമെല്ലാം, ലേഖനത്തില്‍ സൂചിപ്പിക്കുന്നതുപോലെ ജാതിയുടെയും മതത്തിന്റെയും കൂടുതല്‍ സ്വാധീനശേഷിയുള്ള സ്ഥാപനങ്ങളായി മാറിയത്.

മുമ്പ് ഈ സമുദായങ്ങളിലുണ്ടായിരുന്ന പരിമിതമായ തോതിലുള്ള പരിഷ്‌കരണ ശ്രമങ്ങളെ പോലും റദ്ദാക്കിയാണ് ഇപ്പോഴത്തെ സമുദായ- സഭാ നേതൃത്വത്തില്‍ പുതിയൊരു മൂലധന ശക്തിയായി മാറിയത്. അതായത്, എത്രത്തോളം യാഥാസ്ഥിതികമാകാമോ, അത്രത്തോളം മുതലാളിത്ത മൂലധനത്തിന് ഇവര്‍ സ്വീകാര്യരായി മാറുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിത മതിലിന്റെ മുന്നില്‍ വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും അണിനിരന്നത് "സമുദായ മുതലാളിമാര്‍' എന്ന നിലയ്ക്കുതന്നെയാണ്. ഇവരുടെ സാന്നിധ്യത്തെ ഈഴവരുടെയും പുലയരുടെയും പങ്കാളിത്തമായി തെറ്റിധരിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന് സംഭവിക്കുന്ന പിഴവ്. ഇത്തവണ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്ത് നടത്തിയ പ്രസ്താവന ഒരു നല്ല തുടക്കമാണ്. "മുസ്‌ലിംലീഗിനല്ല മുസ്‌ലിം ജനങ്ങളുടെ അട്ടിപ്പേറവകാശം, അതൊക്കെ അവരുടെ പേരിലേയുള്ളൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ലീഗിനെ കൂടാതെ, മുസ്‌ലിംകളുടെ പേരില്‍ നിരവധി മത (മുതലാളി) സംഘടനകളുണ്ട്. അവയെയും ഈ "അട്ടിപ്പേറവകാശത്തില്‍' നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? എന്‍.എസ്.എസിനെ നായന്മാരുടെയും എസ്.എന്‍.ഡി.പിയെ ഈഴവരുടെയും "അട്ടിപ്പേറവകാശ'ത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ?. എങ്കില്‍ ജാതി വ്യവസ്ഥയെ ബലപ്പെടുത്തുന്ന സാമുദായിക മുതലാളിത്തത്തില്‍നിന്ന് ഒരുപരിധി വരെ കേരളത്തിന് മുക്തമാകാന്‍ കഴിയും.
ബിൽന മാത്യു
തൃപ്രയാർ, തൃശൂർ
സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യത്യസ്ത പഠനങ്ങള്‍
കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ രണ്ട് പാക്കറ്റുകളിലായി ഡോ. രാഖി തിമോത്തിയും അനാമിക അജയും നടത്തിയ പഠനവും വിശകലനവും ഏറെ ശ്രദ്ധേയമായിരുന്നു. ഉല്‍പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴില്‍ അന്വേഷിക്കുകയോ ചെയ്യുന്നുള്ളൂ എന്നാണ് രാഖി തിമോത്തിയുടെ പഠനം പറയുന്നത്. സ്ത്രീകള്‍ ഗാര്‍ഹികവല്‍ക്കരിക്കപ്പെടുന്നതിന്റെയും കുടുംബങ്ങളുടെ പ്രത്യുല്‍പാദന- പരിചരണ ചുമതലകളിലേക്ക് ഒതുക്കപ്പെടുന്നതിന്റെയും കാരണങ്ങളാണ് അനാമിക അജയ് പരിശോധിക്കുന്നത്. കേരളത്തില്‍ നടക്കുന്ന സ്ത്രീശാക്തീകരണവും അതിനെ നിയന്ത്രിക്കുന്ന ലിംഗാധികാര വ്യവസ്ഥകളും അന്തിമമായി മുതലാളിത്ത നിര്‍മിതിയാണ് എന്ന് തിരിച്ചറിയേണ്ടിവരും. അതുകൊണ്ടാണ് ആഗോള സ്‌കില്‍ഡ് തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തവും അതിന്റെ മൂല്യവും അസമത്വങ്ങള്‍ നിറഞ്ഞതായിരിക്കുന്നത്. വിദ്യാസമ്പന്നകളായ സ്ത്രീകള്‍ ഇന്ന് ധാരാളമായി വീടുവിട്ട് പുറത്തുപോകുന്നുണ്ട് എന്ന സാമാന്യധാരണയെ പൊളിക്കുന്നതാണ് ഈ രണ്ടു വിശകലനങ്ങളും. ആധുനിക മുതലാളിത്തത്തെ ബലപ്പെടുത്തുന്ന കുടുംബസംവിധാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഉപകരണങ്ങളെന്ന നിലയ്ക്കാണ് വിദ്യാഭ്യാസം നേടിയ സ്ത്രീയെ ഇന്ന് ഉപയോഗപ്പെടുന്നത്.
സഫിയ ജമാൽ,
കൊണ്ടോട്ടി, മലപ്പുറം
സര്‍ക്കാര്‍ മാറിയിട്ട് കാര്യമില്ല, ഇച്ഛാശക്തി വേണം
വെബ്‌സീനിലുടെ പുതിയ സര്‍ക്കാറിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ (പാക്കറ്റ് 25) കേരളത്തിലെ വിവിധ സാമൂഹിക വിഭാഗങ്ങളെ സംബന്ധിച്ച് അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളാണ്. ഇതുവരെ വോട്ടുബാങ്കുള്ള സാമുദായിക വിഭാഗങ്ങളുടെ വിലപേശലുകള്‍ക്കായിരുന്നു മുന്നണി സര്‍ക്കാറുകള്‍ വില കൊടുത്തിരുന്നത് എങ്കില്‍ മേലില്‍ അത്തരം അഡ്ജസ്റ്റുമെന്റുകള്‍ നടക്കില്ല എന്നിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സാമുദായിക വിഭാഗങ്ങളല്ല, വിവിധ സാമൂഹിക വിഭാഗങ്ങളാണ് ഇനി അജണ്ട തീരുമാനിക്കേണ്ടത് എന്നതിന്റെ തുടക്കമായി വെബ്‌സീനിലൂടെ വിവിധ എഴുത്തുകാരികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ പരിഗണിക്കാം.

രേഖാ രാജ് സമഗ്രമായ ഒരു പരിപാടിയാണ് മുന്നോട്ടുവെക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ആദിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ഈ വിഷയം സര്‍ക്കാറുകള്‍ കൈയൊഴിഞ്ഞമട്ടാണ്. ഭൂമി എന്ന വിഭവാധികാരത്തെ ഫ്‌ളാറ്റ് എന്ന പരിമിതമായ ഒരു ആവശ്യത്തിലേക്ക് ചുരുക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ പോലും ചെയ്തത്. അതിനെതിരെ, ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ ഒരുതരത്തിലുമുള്ള പ്രതിഷേധവും കേരളത്തിലുണ്ടായില്ല. ഫ്‌ളാറ്റ് ആധുനിക കോളനിയാണ് എന്നൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ബുദ്ധിജീവികള്‍ക്ക്, വിമര്‍ശനങ്ങളെ ഒരു സമരരൂപത്തിലേക്ക് വികസിപ്പിക്കാനായില്ല എന്നത് കേരളത്തിലെ ദളിത് സംഘാടനത്തിന്റെ പരാജയമായി കാണണം. ലേഖനത്തില്‍ പറയുന്ന കണക്കനുസരിച്ച്, ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ കേരളത്തില്‍ ഭൂമിയുണ്ട്. മുതലാളിമാര്‍ അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമിയുണ്ട്. ഇവയുടെ പുനര്‍വിതരണത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മാത്രമേ വേണ്ടൂ.

അവഗണിക്കപ്പെട്ട മറ്റൊരു വിഭാഗം മത്സ്യത്തൊഴിലാളികളാണ്. ഇവരുടെ ജീവിതം തന്നെ അപകടത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാത്രമല്ല, വഴിപിഴച്ച വികസനത്തിന്റെയും ഏറ്റവും വലിയ ഇരകളാണിവര്‍. തിരുവനന്തപുരത്ത് വലിയതുറയിലും വിഴിഞ്ഞത്തും എറണാകുളം ചെല്ലാനത്തുമെല്ലാം നടക്കുന്ന 'വികസന'പ്രവര്‍ത്തനങ്ങളാണ്, അവിടങ്ങളിലെ തീരപ്രദേശത്തെ അപകടത്തിലാക്കിയത്. ഇതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാറുകളുടെയും ശ്രദ്ധയിലുള്ളതാണ്. ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ ഒരു വര്‍ഷമായി സമരത്തിലാണ്. ഇതിനിടക്ക് പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വന്നുപോയി. എന്നിട്ടും അവര്‍ സമരം തുടരുകയാണ്. അപ്പോള്‍, ഒരു കാര്യം വ്യക്തമാണ്. പുതിയ സര്‍ക്കാര്‍ വന്നതുകൊണ്ടുമാത്രം ഇത്തരം അടിസ്ഥാന വിഷയങ്ങളില്‍ തീരുമാനമാകില്ല. അതിന് രാഷ്ട്രീയമായ ഒരു തീരുമാനമാണ് വേണ്ടത്. അത് കഴിഞ്ഞ സര്‍ക്കാറിന്റെ തുടര്‍ച്ചയായ ഈ സര്‍ക്കാറില്‍നിന്ന് എത്രത്തോളം പ്രതീക്ഷിക്കാനാകും?
കെ.കെ.ശരീഫ്
ദുബൈയ്, യു.എ.ഇ.
ഒരുറപ്പുമില്ല
"ഇടതല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനുള്ള അതിശക്തമായ പ്രവണത പലതലങ്ങളില്‍ കാണിച്ചുതുടങ്ങിയ ഒരു സര്‍ക്കാറി'നോട് വേണം, ഒരിടതുദിശ എന്ന് ആവര്‍ത്തിക്കുന്നതില്‍ കാര്യമുണ്ടോ? (വേണം, ഒരിടതുദിശ, ജെ. ദേവിക, പാക്കറ്റ് 25). പിണറായി വിജയന്റെ കഴിഞ്ഞ സര്‍ക്കാറിനെ ജനപ്രിയമാക്കുകയും തുടര്‍ഭരണത്തിലേക്ക് അവരെ നയിക്കുകയും ചെയ്ത നടപടികള്‍ പരിശോധിച്ചാലറിയാം, അവ നയപരമായ പരിപാടികളായിരുന്നില്ല. ഒരു ദുരന്തസമയത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കുകയും തങ്ങള്‍ സുരക്ഷിതരാണ് എന്ന് അവര്‍ക്ക് തോന്നാനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു എന്നതില്‍ കവിഞ്ഞ്, കേരളത്തിന്റെ അടിസ്ഥാന വിഷയങ്ങളില്‍ എന്ത് മാറ്റമാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയത്? കിഫ്ബി എന്ന "ഇടതുപക്ഷ' പരിപാടി എടുക്കാം. അത് എത്രത്തോളം ഇടതുപക്ഷത്താണ്? അടിസ്ഥാന സൗകര്യവികസനം എന്നും കൈയടി കിട്ടുന്ന ഒരു പരിപാടിയാണ്. എന്നാല്‍, ഇത് കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് എന്തുഗുണമാണ് ചെയ്തത് എന്ന് പരിശോധിക്കണം. കേരളത്തിന്റെ തീരപ്രദേശം, കാടുകള്‍, പുഴയോരങ്ങള്‍, മലയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മനുഷ്യന്റെയും മൃഗങ്ങളുടെയും നിലനില്‍പുതന്നെ അപകടത്തിലായിരിക്കുകയാണ്.

2018ലെ പ്രളയത്തിനുശേഷം പിണറായി വിജയന്‍ പ്രഖ്യാപിച്ച "റീ ബില്‍ഡ് കേരള' ഇപ്പോള്‍ എവിടെയാണ്? വീടുകളുടെ അറ്റകുറ്റപ്പണിയിലും സബ്‌സിഡി വിതരണത്തിലും ഒതുങ്ങി "നവ കേരള' നിര്‍മിതി. 2018നുശേഷം കേരളത്തില്‍ എത്രയോ മനുഷ്യര്‍ മണ്ണും മലയും ഇടിഞ്ഞ് മരിച്ചുപോയി, എത്രയോ വീടുകള്‍ കടലെടുത്തു, എത്രയോ മൃഗങ്ങള്‍ക്ക് അവയുടെ ആവാസവ്യവസ്ഥ ഇല്ലാതായി. ദേവിക ചൂണ്ടിക്കാണിക്കുന്നതുപോലെ ഒരിടതു ദിശയുടെ അഭാവമാണ്, മുതലാളിത്ത രീതിയിലുള്ള ഇത്തരം ഉപരിതല വികസന പരിപാടികള്‍ക്ക് ഇടതുപക്ഷ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. 1957ല്‍ അധികാരത്തില്‍ വരുമ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ഇവിടുത്തെ അധ്വാനിക്കുന്ന, അടിസ്ഥാന വര്‍ഗങ്ങളായിരുന്നു. ആ വോട്ടുബാങ്കാണ് അന്നത്തെ സര്‍ക്കാറിനെ നേര്‍വഴിക്കുനടത്തിയത്, വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും വിഭവാധികാരത്തിലുമെല്ലാം ആ വര്‍ഗത്തിനുവേണ്ടിയുള്ള പരിപാടികള്‍ മുന്നോട്ടുവെച്ചത്. ഇപ്പോള്‍, അതേ വര്‍ഗങ്ങള്‍ അന്നത്തേതിലും പരിതാപകരമായ അവസ്ഥയിലാണ്. തുടര്‍ഭരണമില്ലാത്തതുകൊണ്ട്, വികസന നയങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല എന്നാണ് ഇടതുപക്ഷം ഇപ്പോള്‍ പറയുന്നത്. എന്നാല്‍, പിന്നീടു വന്ന ഏത് ഇടതുപക്ഷ സര്‍ക്കാറാണ്, തോട്ടമുടമകളുടെ കൈയില്‍നിന്ന് ഭൂമി പിടിച്ചെടുക്കാന്‍ ധൈര്യം കാട്ടിയത്? ഭൂപരിഷ്‌കരണത്തില്‍ അനീതി നേരിട്ട വിഭാഗങ്ങള്‍ക്ക് നീതി പുനഃസ്ഥാപിച്ചത്? സംവരണം എന്ന ദുര്‍ബലന്റെ അവകാശത്തെ അട്ടിമറിച്ചത് ആരാണ്? പുതിയ സര്‍ക്കാറിനോട് ചോദിക്കാന്‍ ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരങ്ങളുടെ കാര്യത്തിലാണ് ഒരുറപ്പുമില്ലാത്തത്.
അനുരാധ വിൽസൺ,
ഹൈദരാബാദ്
യമയും രാഷ്ട്രീയ ശരികളും
രാഷ്ട്രീയശരിയെക്കുറിച്ചുള്ള തന്റെ നിലപാട് സ്ഥാപിക്കാന്‍, രാഷ്ട്രീയ ശരിയെത്തന്നെ തള്ളിപ്പറയുകയാണ് യെമ ചെയ്യുന്നത് (രണ്ടുചോദ്യങ്ങള്‍, പാക്കറ്റ് 25). എഴുത്തുകാരി എന്ന നിലയ്ക്കും പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് എന്ന നിലക്കും രാഷ്ട്രീയ ശരികളുടെ പുറകേ ഓടുന്നയാളല്ല താന്‍ എന്ന് യമ പറയുന്നു.

അത് അംഗീകരിക്കാം. എന്നാല്‍, സമൂഹത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യമെന്ന നിലയ്ക്കാണ് യമ രാഷ്ട്രീയ ശരിയെ വിശദീകരിക്കുന്നത്. രാഷ്ട്രീയ ശരി കലയുടെ ആവിഷ്‌കാരങ്ങളെ സങ്കുചിതമാക്കും എന്നൊരു മുന്‍വിധിയും അവര്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍, കലയിലും ജീവിതത്തിലും ഒഴുക്കിനെതിരെ നീന്തുന്ന ഒരാള്‍ക്ക് അനിവാര്യമായ ഒന്നാണ് രാഷ്ട്രീയ ശരി എന്നത്. വില്ലനോട് മരണാവസ്ഥയില്‍ അനുകമ്പ തോന്നുന്നതും ഒരു ദുഷ്ടകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അല്ല രാഷ്ട്രീയശരികേട്. കഥാപാത്രങ്ങളുടെ റെപ്രസന്റേഷനാണ്, അതിനെ ശരിയും തെറ്റുമാക്കുന്നത്. ആ വേഷം കൈകാര്യം ചെയ്യുന്ന നടന്റെയോ നടിയുടെയോ സ്വാധീനശേഷിയും സാമൂഹികാംഗീകാരവും തുടങ്ങി നിരവധി കാര്യങ്ങള്‍ അതിലെ രാഷ്ട്രീയശരിയെ നിര്‍ണയിക്കും.
"എത്ര വല്യ ഉദാത്തകല ചെയ്യുന്നയാളാണെങ്കിലും പെണ്ണാണെന്ന് കണ്ടാല്‍ ഭോഗിക്കാനുള്ള ശരീരം മാത്രമാക്കിക്കാണാനും കാണിക്കാനും ഉള്ള ആണുങ്ങളുടെ കൂട്ടങ്ങള്‍ ഇവിടെയുണ്ട്' എന്ന യമയുടെ അഭിപ്രായത്തില്‍ തന്നെ രാഷ്ട്രീയശരിയുടെ സത്ത അടങ്ങിയിരിക്കുന്നു.
ജെന്നിഫർ കെ.മാർട്ടിൻ
കെൻ്റക്കി, യു.എസ്.എ.
3 AM: 90 കളില്‍ ജനിച്ചവരുടെ നൊസ്റ്റാള്‍ജിയ
വെബ്‌സീനില്‍ ഏറ്റവും ആദ്യം വായിക്കുന്നത് അരുണ്‍പ്രസാദിന്റെ 3 AM നോവലാണ്. ഓരോ അധ്യായവും വേറിട്ടുനില്‍ക്കുന്ന അനുഭവം. 90 കളില്‍ ജനിച്ചവരുടെ നൊസ്റ്റാള്‍ജിയയാണ് മേരിയുടെ കുട്ടിക്കാലം. ആടും മീനും തോടും പറമ്പും. കത്ത് എഴുതുവാനുള്ള കാരണം അതൊന്നുമല്ല. പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന തിക്താനുഭവങ്ങളില്‍ ഏറിയ പങ്കും വീടുകളില്‍ വച്ചാണ് സംഭവിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി പറയുന്നതിനാണ്. മേരിയെപ്പോലെ എന്നെപ്പോലെ എത്ര പേര്‍ക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് എനിക്കൊരു ഉറപ്പുമില്ല. എങ്കിലും ഇന്ന് എന്റെ ഇന്‍സെക്യൂരിട്ടിക്ക് കാരണം അത്തരം അനുഭവങ്ങളാണ്.

അതു കൊണ്ടു തന്നെ കഴിഞ്ഞ അധ്യായം വായിച്ച് കണ്ണുനിറഞ്ഞു. ഇതേ രീതിയില്‍ struggle ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു. അടുത്ത തലമുറക്ക് എങ്കിലും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. നോവലിനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു അധ്യായത്തില്‍ നിന്ന് അടുത്ത അധ്യായം തികച്ചും വേരുകള്‍ അറ്റ് നില്‍ക്കുകയാണെന്ന് പറയേണ്ടി വരും. എങ്കിലും പുതിയ ഒരു അനുഭവം നല്‍കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച വെബ്‌സീനിന് അഭിനന്ദനങ്ങള്‍.
മേഘ
മുംബൈ
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.
TEAM TRUECOPY
കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍
സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media