Saturday, 15 January 2022

കത്തുകള്‍


Image Full Width
Image Caption
ഫോട്ടോ : പ്രസൂണ്‍ കിരണ്‍
Text Formatted

നയപ്രഖ്യാപനത്തിലുമില്ല, പരിസ്ഥിതിയും പ്രകൃതി വിഭവ സംരക്ഷണവും

കേരളത്തില്‍ ഇത്തവണ വീണ്ടും അധികാരത്തിലെത്തിയ ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ നിന്ന് "വിട്ടുപോയ', "ക്വാറികള്‍ പൊതുമേഖലയിലാക്കും' എന്ന വാഗ്ദാനം, സര്‍ക്കാറിന്റെ ആദ്യത്തെ നയപ്രഖ്യാപനത്തില്‍നിന്നും എങ്ങനെയോ വിട്ടുപോയി. പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിവിഭവ സംരക്ഷണത്തെക്കുറിച്ചും ഒരു വാക്കുപോലും നയപ്രഖ്യാപനത്തിലില്ല - മുഖ്യമന്ത്രി തന്നെയാണ് പരിസ്ഥിതി വകുപ്പ് കൈയാളുന്നതെന്നും ഓര്‍ക്കണം.

packet-26-cover-out.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 26-ന്റെ കവര്‍

കേരളത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് എന്നല്ല, നിലനില്‍പുമായി തന്നെ ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നമാണ് പരിസ്ഥിതി. പ്രകൃതിദുരന്തങ്ങള്‍, പ്രകൃതിവിഭവ ശോഷണം, കടലോര ജീവിതം നേരിടുന്ന പ്രതിസന്ധികള്‍, ജലസ്രോതസ്സുകള്‍ ഇല്ലാതാകുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് അടിയന്തര ശാസ്ത്രീയപരിഹാരം കാണേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാറിന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന "നവകേരള നിര്‍മിതി'യുടെ കേന്ദ്ര പ്രമേയം ആകേണ്ടത് ഇതായിരുന്നു. എന്നാല്‍, കേരളത്തിലെ ഇടതുപക്ഷത്തിന് ഇപ്പോഴും പരിസ്ഥിതി ഒരു വരട്ടുവാദമാണ്. വൈദ്യുതി മിച്ച സംസ്ഥാനമാകാന്‍ കേരളത്തില്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ വേണമെന്നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നത്. ആ നിലയ്ക്ക് അതിരപ്പിള്ളി അടക്കമുള്ള പദ്ധതികള്‍ വരാനിടയുണ്ട്, അപ്പോള്‍, "പരിസ്ഥിതി പ്രസാദ്' എന്ന അപരനാമമുള്ള സി.പി.ഐയിലെ മന്ത്രി പ്രസാദ് എന്ത് നിലപാടെടുക്കും? ഒരുപക്ഷെ, ഇടതു പക്ഷത്തേക്കാള്‍ കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട് എടുത്തിട്ടുള്ളതെന്ന് തോന്നുന്നു. പ്രകൃതിദുരന്തങ്ങളുടെ കാലത്ത് കേരളത്തില്‍ വന്‍ജല വൈദ്യുത പദ്ധതികളല്ല വേണ്ടത് എന്ന് പഴയ "ഹരിത എം.എല്‍.എ' കൂടിയായിരുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി വേണ്ട എന്നാണ് യു.ഡി.എഫ് നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പരിസ്ഥിതി വിഷയങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്  ഉപയോഗപ്പെടുത്താവുന്ന മികച്ച ഇന്റലക്ച്വല്‍ ബേസുണ്ട്- ഡോ. എം.പി. പരമേശ്വരനെപ്പോലുള്ളവരും ശാസ്ത്രസാഹിത്യപരിഷത്തിനെപ്പോലുള്ള സംഘടനകളും മാത്രമല്ല, പരിസ്ഥിതി വൈജ്ഞാനികതയെ പുതിയ കാലത്തിനനുസരിച്ച് പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്ന ഗവേഷകരും പഠിതാക്കളുമുണ്ട്. കോവിഡ് വന്നപ്പോള്‍, കേരളത്തിന്റെ ആരോഗ്യമേഖലക്ക് നേതൃത്വം നല്‍കാന്‍ പുതിയ തലമുറയില്‍നിന്ന് നിരവധി ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവന്നപോലെ, ഈ ദുരന്തകാലത്തും കേരളം ഇക്കാര്യത്തില്‍ ദരിദ്രമല്ല. എന്നാല്‍, ഇടതുപക്ഷം അതിന്റെ വിഭവദാരിദ്ര്യം അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്.
കെ.കെ. ഉബൈദ്
മസ്കറ്റ്, ഒമാൻ


ക്വാറികളെക്കുറിച്ചുള്ള കെട്ടുകഥ പൊളിക്കുന്ന കണ്ടെത്തല്‍

കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ കെട്ടുകഥ പൊളിക്കുകയാണ് ഡോ. ടി.വി. സജീവ് വെബ്‌സീനിന്റെ കഴിഞ്ഞ പാക്കറ്റില്‍ (പ്രകടനപത്രികയില്‍നിന്ന് അപ്രത്യക്ഷമായ ആ വാഗ്ദാനം- ക്വാറികള്‍ പൊതുമേഖലയിലാക്കും, പാക്കറ്റ് 26).

സംസ്ഥാനത്തെ ജനജീവിതത്തെ എത്രയോ വര്‍ഷങ്ങളായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തില്‍ ശാസ്ത്രീയമായ ഡാറ്റ ഇല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ വെബ്‌സൈറ്റിലുള്ളത് വെറും സര്‍വേ നമ്പറുകളാണത്രേ. കേരളത്തിലെ പാറഖനനത്തെക്കുറിച്ചുള്ള വസ്തുകള്‍ നിഗൂഢമാക്കി വെക്കേണ്ടത് ഇത്തരം ലോബികളുടെയും അവര്‍ക്ക് ഒത്താശ കൊടുക്കുന്ന ഉദ്യോഗസ്ഥരുടെയും സര്‍ക്കാറിന്റെ തന്നെയും താല്‍പര്യമായിരിക്കാം. എങ്കിലും, ഡോ. സജീവിന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന ഡാറ്റകള്‍ തന്നെ എന്തുമാത്രം അപകടാവസ്ഥയിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത വെളിപ്പെടുത്തുന്നു. വീടുനിര്‍മാണം മുതല്‍ കടല്‍ഭിത്തി വരെയുള്ളവയുടെ നിര്‍മാണത്തിന് പാറയില്ലെങ്കില്‍ എന്തുചെയ്യും എന്നാണല്ലോ പരിഹാസം. എന്നാല്‍, കടലില്‍ പാകുന്ന ഭിത്തിയുടെ ചെമ്പ്, ഈ വര്‍ഷത്തെ വേനല്‍മഴയോടെ പുറത്തായി. കേരള തീരത്ത് കടല്‍ഭിത്തിയല്ല ശാശ്വത പരിഹാരം എന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മണലില്‍ കരിങ്കല്‍ പാകുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നുമാത്രമല്ല, ഇവ തീരശോഷണത്തിനും ഉദ്യോഗസ്ഥ അഴിമതിക്കും വഴിവെക്കുകയും ചെയ്യുന്നു. കടല്‍ഭിത്തികള്‍ യഥാര്‍ഥത്തില്‍ തീരത്തെ സ്വഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. നമ്മുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ പ്രധാന വിഭവമായി ക്വാറികളെയും അവിടെനിന്ന് ഖനനം ചെയ്യുന്ന കരിങ്കല്ലിനെയും കണക്കാക്കുന്നതിനുപിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ട്. കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബദല്‍ നിര്‍മാണരീതിയെ തുരങ്കം വെക്കുന്നതും ഇത്തരം വാദങ്ങളാണ്. മാത്രമല്ല, തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമല ഒരു സ്റ്റഡി മെറ്റീരിയലായി എടുത്ത് ഡോ. ജെ. ദേവിക നടത്തിയ, വെബ്‌സീന്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ കണ്ടെത്തലുകള്‍ ഡോ. സജീവും ശരിവെക്കുന്നത് ശ്രദ്ധേയമാണ്.

tp sajeev
ഡോ. ടി.വി. സജീവ്

പ്രാദേശിക ഭരണകൂടത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും തദ്ദേശവാസികളെയും എങ്ങനെയെല്ലാം വിലക്കെടുക്കാമെന്ന് മുക്കുന്നിമല കാണിച്ചുതരുന്നു. ക്വാറികള്‍ക്ക് എതിരായ ഉത്തരവുകള്‍ വര്‍ഷങ്ങളോളം ചുവപ്പുനാടയില്‍ അടയിരിക്കുമ്പോള്‍, അനുകൂലമായ ഉത്തരവുകള്‍ ഉടനടി നടപ്പാക്കപ്പെടുന്നത് ഏതു സര്‍ക്കാറിന്റെ കാലത്തായാലും നമുക്കുകാണാം. കേരളത്തിന് വ്യക്തമായ മുന്നറിയിപ്പുനല്‍കിയ ദുരന്തങ്ങള്‍ വന്നുപോയിട്ടും ഒരു പാഠവും നമ്മുടെ ഭരണകൂടങ്ങള്‍ പഠിച്ചിട്ടില്ല. 

2018ലും 2019ലും തുടര്‍ച്ചയായി പ്രകൃതി നമുക്ക് അതിരൂക്ഷമായ മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ഈ രണ്ടുവര്‍ഷവുമുണ്ടായ മണ്ണിടിച്ചിലുകളിലേറെയും മനുഷ്യഇടപെടല്‍ മൂലമാണെന്ന് ഡോ. സജീവ് ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷെ, ഈ വര്‍ഷവും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ദുരന്തനിവാരണമല്ല, ദുരന്തസഹായമാണല്ലോ ഇപ്പോള്‍ നമ്മുടെ നയം.
എം.ബഷീർ
നാദാപുരം, കോഴിക്കോട്


ചെല്ലാനം റിപ്പോര്‍ട്ട് സര്‍ക്കാര്‍ ശ്രദ്ധിച്ചെങ്കില്‍?

ചെല്ലാനത്തെ മനുഷ്യരുടെ ജീവിതം പകര്‍ത്തിയ റിപ്പോര്‍ട്ട് (വെബ്‌സീന്‍, പാക്കറ്റ് 26) യഥാര്‍ഥത്തില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ചെല്ലാനത്തുകാര്‍ പറയുന്നത് മുഖവിലക്കെടുത്തുള്ള നടപടികളാണ് ഇനി വേണ്ടത്.

chellanam

റിപ്പോര്‍ട്ടിനൊപ്പം കൊടുത്ത പടങ്ങള്‍ തന്നെ അവിടുത്തെ ജീവിതത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. കോടിക്കണക്കിന് രൂപയുടെ കരിങ്കല്ലാണ് കടല്‍ഭിത്തിയെന്ന പേരില്‍ ചെല്ലാനം തീരത്ത് പാകിയിരിക്കുന്നത്. അതെല്ലാം ഒലിച്ചുപോയി. കടലിന്റെ സ്വഭാവമാകട്ടെ, വര്‍ഷം തോറും പ്രവചനാതീതമായി വരികയാണെന്ന് കാലാവസ്ഥാ വിദഗധര്‍ പറയുന്നു. ആ നിലയ്ക്ക് തീരത്തെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിവാക്കിയും കടല്‍ഭിത്തി എന്ന ഉപായം ഉപേക്ഷിച്ചും കൊണ്ടുള്ള സ്ഥായിയായ പരിഹാരമാണ് ചെല്ലാനത്തിന് വേണ്ടത്. മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് മാറ്റിത്താമസിപ്പിക്കാമെന്ന നിര്‍ദേശമൊന്നും പ്രായോഗികമല്ല. മാത്രമല്ല, അനധികൃത തീരനിര്‍മാണങ്ങള്‍ ഒരു വശത്ത് പൊടിപൊടിക്കുമ്പോള്‍, മത്സ്യത്തൊഴിലാളികളെ ആട്ടിപ്പായിക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും സംശയിക്കണം.

​​​​​​​ശ്രീകല എം.എസ്.
ചേർത്തല, ആലപ്പുഴ


‘പിഴിഞ്ഞം പദ്ധതി' എങ്ങനെ സ്വപ്‌ന പദ്ധതിയായി?

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളുടെ യഥാര്‍ഥ അവസ്ഥ വിവരിക്കുന്ന സിന്ധു മരിയ നെപ്പോളിയന്റെ ലേഖനം (വെബ്‌സീന്‍, പാക്കറ്റ് 27) വായിച്ചു. കേരളത്തിന് ഒരു ഗുണവും ചെയ്യാത്ത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ചാല്‍, ജില്ലയുടെ ഏതാണ്ട് പാതി തീരപ്രദേശങ്ങളെയും സംരക്ഷിക്കാം. ഹാര്‍ബറുകളും തുറമുഖനിര്‍മാണത്തിനുവേണ്ടി കടലില്‍ കല്ലിടുന്നതുമെല്ലാമാണ് നിരവധി ഗ്രാമങ്ങളെ വെള്ളത്തിലാക്കുന്നത്. മാത്രമല്ല, തുറമുഖനിര്‍മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ടുകള്‍ മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാനും ഹാര്‍ബറിലേക്ക് തിരികെ കയറാനുമുള്ള വഴി ചുരുങ്ങിവരികയാണ്. ഇതേതുടര്‍ന്നാണ് കഴിഞ്ഞദിവസം നാല് ബോട്ടുകള്‍ അപകടത്തില്‍ പെട്ടത് എന്നത് ശ്രദ്ധിക്കണം.

chellanam.jpg
ചെല്ലാനം ഫിഷിങ് ഹാർബർ

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറിയതിനുപിന്നില്‍ കോടികളുടെ അഴിമതി ആരോപിച്ചത് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനാണ്. 7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപ മാത്രമാണെന്നും ഇതില്‍ തന്നെ 1635 കോടി സര്‍ക്കാര്‍ ഗ്രാന്റാണെന്നുമാണ് വി.എസ് പറഞ്ഞത്. 6000 കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയും പാശ്ചാത്തല സൗകര്യങ്ങളുമാണ് വി.എസ്. പറയുന്ന കരാറിലൂടെ അദാനിക്ക് ലഭിച്ചത്. കരാറിന്റെ കാര്യത്തിലുള്ള തര്‍ക്കത്തേക്കാള്‍ പ്രധാനമാണ് തുറമുഖം തിരുവനന്തപുരത്തെ തീരമേഖലക്ക് ഏല്‍പ്പിക്കുന്ന ആഘാതം. "പിഴിഞ്ഞം പദ്ധതി' എന്നാണ് ഇതിനെ മുമ്പ് വി.എസ് ആക്ഷേപിച്ചത്. ആ പദ്ധതി ഇടതുപക്ഷം വന്നപ്പോള്‍, സ്വപ്‌ന പദ്ധതിയായി മാറി. 
നീന അഗസ്റ്റിൻ
​​​​​​​വേളി, തിരുവനന്തപുരം


മാറുന്ന കാലാവസ്ഥക്കനുസരിച്ച് ജീവിതം ക്രമീകരിക്കാനാകുമോ?

കേരളത്തിലെ കാലാവസ്ഥക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ലളിതമായി വിശകലനം ചെയ്യുന്ന ലേഖനമായിരുന്നു എസ്. അഭിലാഷിന്റേത്‌  (പാക്കറ്റ് 26). ആവര്‍ത്തിക്കുന്ന ചുഴലിക്കാറ്റും അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങളും കേരളത്തിന്റെ ജീവിതം താറുമാറാക്കിത്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാ പ്രവചന ശാസ്ത്രത്തിലുണ്ടായ പുരോഗതികളെപ്പോലും കവച്ചുവെക്കുന്ന രീതിയിലാണ് കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകുന്നത്. മനുഷ്യനിര്‍മിത ഇടപെടലകളെ ഒരു പരിധിവരെ നിയന്ത്രിക്കാമെങ്കിലും, തീര്‍ത്തും പ്രകൃതിയിലുണ്ടാകമെന്ന മാറ്റങ്ങളുടെ ആഘാതത്തെ എങ്ങനെ നേരിടുമെന്നതില്‍ ശാസ്ത്രം ഇന്നും ഇരുട്ടില്‍ തപ്പുകയാണ് എന്നു വേണം കരുതാന്‍. മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാണ് എന്ന അവകാശവാദത്തേക്കാള്‍, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥക്ക് അനുസൃതമായി ഭൂമിയിലെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കാം എന്ന ചിന്തയാണ്, ദീര്‍ഘകാല പരിഹാരമെന്ന നിലയ്ക്ക് ഇനി മുന്നോട്ടുവെക്കേണ്ടത് എന്നുതോന്നുന്നു. ഉദാഹരണത്തിന് കോവിഡ് വന്നപ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നമ്മുടെ ജീവിതരീതിയില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത്. അതിലും ആഴത്തിലുള്ള മാറ്റങ്ങളാണ് കാലാവസ്ഥാ വ്യതിയാനം ഈ ഭൂമിയിലെ മനുഷ്യരോട് ആവശ്യപ്പെടുന്നത്. 

CYCLONE
ടോട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടലാക്രമണത്തിനുശേഷം തീരത്തടിഞ്ഞ മാലിന്യം / Photo: Twitter, @gentlepurush

സാധാരണ മനുഷ്യന്‍ മുതല്‍ ഭരണകൂടങ്ങള്‍ വരെ പങ്കാളികളാകുന്ന പ്രക്രിയയായിരിക്കും ഇത്. ആധുനിക ശാസ്ത്രത്തിനുമാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടുനടത്താന്‍ കഴിയൂ. ഓന്തിനെപ്പോലെ നിറംമാറാന്‍ കഴിവുള്ള 'വൈല്‍ഡ് ടര്‍ക്കി' എന്നൊരു പക്ഷിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. ശത്രു അടുത്തെത്തിയാല്‍ ഈ പക്ഷിയുടെ തലയുടെ നിറം കടുംചുവപ്പാകുമത്രേ. ഇത്തരം ലളിതവിദ്യകള്‍ പോലും കൈവശമില്ലാത്ത മനുഷ്യന്റെ അതിജീവനം എന്തുമാത്രം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കാലാവസ്ഥാ വ്യതിയാനം.
ഡോ.ജയന്തി ശ്യാംകുമാർ
ടൊറൻറോ,കാനഡ


എത്രയെത്ര ഡോണ മയൂരമാര്‍!

ഡോണ മയൂരയുടെ കുറിപ്പുകള്‍ അതീവഹ്രദ്യമാണ്. ലോക്ക്ഡൗണില്‍, അകത്ത് ഒറ്റപ്പെട്ടപ്പോള്‍, ആ ദിവസങ്ങളെ അവര്‍ ക്രിയാത്മകമാക്കി മാറ്റിയെടുത്തത് വായിച്ചപ്പോള്‍ (പാക്കറ്റ് 26) വിസ്മയം തോന്നി. നമ്മുടെ സമൂഹമാധ്യമങ്ങള്‍ പഠിപ്പിക്കുന്ന പാചകവിദ്യകള്‍ക്കുപകരം, വീട്ടിലെ സാധനങ്ങള്‍ കൊണ്ട് അവര്‍ ചെയ്ത പ്രവൃത്തികളെ സ്വന്തം ആവിഷ്‌കാരത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തി എന്നതാണ് ശ്രദ്ധേയം. സ്വന്തം ശരീരത്തില്‍ നടത്തിയ പരീക്ഷണങ്ങളെ ദൃശ്യകവിതകളായി അവര്‍ മാറ്റിയെടുക്കുകയും ചെയ്തു. കാന്‍വാസ് സൂചികള്‍, ലേബലുകള്‍, ഉണങ്ങിയ പൂക്കള്‍... ഏവരുടെയും പക്കലുള്ള ടൂളുകളാണിവ. അവ ശരീരവുമായി ചേര്‍ത്തുവെച്ചപ്പോള്‍, അവരുടെ ചിത്രങ്ങളില്‍ കാണുന്നതുപോലെ എന്തെല്ലാം തരം കവിതകളും ആഖ്യാനങ്ങളുമാണ് രൂപപ്പെട്ടുവന്നത്. 'വേണ്ടത്ര' മുടിയില്ലാത്ത അവരുടെ ശിരസ്സും കണ്ണുകളും മൂക്കും ചുണ്ടും ചെവിയുമെല്ലാം പലതരം എക്‌സ്പ്രഷനുകളുടെ ഫീല്‍ നല്‍കുന്നു. വാടിയ പൂക്കള്‍ തോളില്‍ ചേര്‍ത്തുവച്ചുള്ള, മറച്ചുപിടിച്ച ആ മുഖം ഏകാന്തമായ, സ്പര്‍ശങ്ങളില്ലാത്ത ഒരു ലോകത്തിന്റെ കവാടം പോലെ തോന്നുന്നു. മറച്ചുപിടിച്ച മുഖത്ത്, വായില്‍ തിരുകിവെച്ച വാടിയ പൂക്കള്‍ ഒരുതരം വീര്‍പ്പുമുട്ടലുണ്ടാക്കുന്നു. എത്രയെത്ര ഡോണ മയൂരമാരെയാണ് ലോക്ക്ഡൗണ്‍ പടച്ചുവിടുന്നത്? ഒരു പ്രതിസന്ധിയെ ഏതെല്ലാം രീതിയിലാണ് ഒരു മനുഷ്യന്‍ അതിജീവിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഡോണ മയൂര.
​​​​​​​അനസൂയ കല്ലോട്
ബംഗളൂരു

dona-cover_1.jpg
ഡോണ മയൂര

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഷോഭാശക്തി

ര്‍ഷങ്ങള്‍ക്കുമുമ്പ് ടി.ഡി. രാമകൃഷ്ണന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത "മ്' എന്ന നോവല്‍ വായിച്ചതിനുശേഷം, ഇപ്പോഴാണ് ഷോഭാശക്തിയുടെ ഒരു കഥ വായിക്കുന്നത് (വെബ്‌സീന്‍, പാക്കറ്റ് 26). ഞെട്ടിപ്പിക്കുന്ന ഒരു വായനാനുഭവമാണ് "ആഴമുള്ള ആഭ്യന്തര വിചാരണ' എന്ന കഥ. യുദ്ധത്തില്‍ തമിഴനും സിംഹളനും ഇന്ത്യക്കാരുമെല്ലാം മരിക്കുന്നു. ശവക്കുഴികളില്‍ അവര്‍ ഒരുമിച്ച് കിടക്കുന്നു. അസ്ഥികൂടങ്ങളില്‍നിന്ന് അവരുടെ വംശവും ഭാഷയും ദേശവും അറിയാനാകില്ല. പക്ഷെ, ശവക്കുഴികളിലേക്കുപോലും അനീതിയുടെയും അധികാരത്തിന്റെയും വിധി തീര്‍പ്പുകളെത്തുന്നു. അന്ന് മരിക്കാത്തവരെ വീണ്ടും കൊല്ലാന്‍. രണ്ടു കാലങ്ങള്‍, നടപ്പാക്കപ്പെടുന്നത് ഒരേ അനീതി. മനുഷ്യനുമേല്‍ അധികാരവും സ്വേച്ഛാധിപത്യവും ഭരണകൂടങ്ങളും നടത്തുന്ന ഹിംസകളെക്കുറിച്ച് ഇത്ര തീവ്രമായി എഴുതുന്ന ശ്രീലങ്കന്‍ തമിഴ് എഴുത്തുകാരന്‍ വേറെയില്ല. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കുനേരെ നടന്ന വംശഹത്യക്കുസമാനമായ കുരുതികള്‍ക്കൊപ്പം തന്നെ എല്‍.ടി.ടി.യുടെ നേതൃത്വത്തില്‍ നടന്ന ഭീകരപ്രവര്‍ത്തനവും ഷോഭാ ശക്തി പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. ഒരു ന്യായവും ആരോപിക്കാന്‍ കഴിയാത്ത ഹിംസയാണ് ഇരുപക്ഷവും നടത്തിയിരുന്നത്. മാനവികതയുടെ പക്ഷത്തുനിന്ന് ആക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം ചേരാന്‍ പോലും കഴിയാത്ത ഒരുതരം നിസ്സഹായത അനുഭവിച്ച എഴുത്തുകാരനാണ് ഷോഭാശക്തി. വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹം നേരിട്ട ആ ധര്‍മസങ്കടങ്ങള്‍ തീവ്രമായി അദ്ദേഹത്തിന്റെ രചനകളിലൂടെ നമുക്ക് ലഭിക്കുന്നു. കാലാതീതമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഇത്തരം രചനകള്‍ ഇനിയും വെബ്‌സീനിലൂടെ പ്രതീക്ഷിക്കുന്നു.
​​​​​​​സെൽമ ഇംത്യാസ്
മലാപ്പറമ്പ് ,കോഴിക്കോട്

temple.jpg
ഷോഭാശക്തിയുടെ കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.

 ലഖ്‌നൗവിലെ ആ സ്ത്രീകള്‍

വി.എസ്. സനോജ് എഴുതുന്ന അനുഭവക്കുറിപ്പുകള്‍, വേദനയോടെ മാത്രമേ വായിക്കാനാകൂ, പ്രത്യേകിച്ച്, "ഷീറോസ് എന്ന വേദന പുരട്ടിയ ഉയിരിന്റെ ലോകം' എന്ന ലേഖനം (പാക്കറ്റ് 26). സമൂഹത്തിലെ ഏറ്റവും ക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ ഇരകള്‍ ജീവിക്കാന്‍ നടത്തുന്ന പോരാട്ടം അമ്പരപ്പിക്കുന്നതാണ്. പൊള്ളലേറ്റ ഈ സ്ത്രീകളുടെ സംരംഭകത്വം സമൂഹത്തിന് നല്‍കുന്നത് കീഴടങ്ങില്ല എന്ന പ്രഖ്യാപനമാണ്. ജീവിച്ചിരിക്കേ തന്നെ ഈ ലോകത്തുനിന്ന് ആട്ടിയോടിക്കാന്‍ നടത്തിയ ഒരു കൊടുംപാതകത്തെ എത്ര ധീരമായാണ് അവര്‍ നേരിടുന്നത്. ലഖ്‌നൗവിലെ അവരുടെ കഫേ, സമൂഹത്തില്‍ ഇത്തരം ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നത്. സ്ത്രീശാക്തീകരണം വെറും തിയറി മാത്രമല്ല എന്ന് ഈ സ്ത്രീകള്‍ തെളിയിക്കുന്നു. കോവിഡിന്റെയും അതിലേറെ യു.പി. സര്‍ക്കാറിന്റെയും ആക്രമണങ്ങളെയും ഈ സ്ത്രീകള്‍ അതിജീവിക്കുമെന്ന് പ്രത്യാശിക്കാം.
ഡോ.എസ്. ജയകൃഷ്ണൻ
മഞ്ചേരി ,മലപ്പുറം


ഡോ. ജയശ്രീയുടെ ധ്യാനാനുഭവങ്ങള്‍ ശരിക്കുള്ളതാണോ?

ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ എല്ലാ നിലയ്ക്കും പുതുമ നിറഞ്ഞതു കൂടിയാണ്. കാരണം, സ്വന്തം വ്യക്തിത്വത്തെ അവര്‍ പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു, അതിന്റെ ഫലങ്ങളെക്കുറിച്ച് ഒട്ടും ആകുലതകളില്ലാതെ. ചിലപ്പോള്‍ നമുക്ക് വിയോജിപ്പ് തോന്നും, ഇഷ്ടക്കേട് തോന്നും, എങ്കിലും അതിന്റെ ആകര്‍ഷകത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ആധുനിക മെഡിക്കല്‍ സയന്‍സില്‍ വിദഗ്ധയായ അവര്‍ ഒരു യോഗിയില്‍നിന്ന് ധ്യാന പരീശീലനം നേടുന്നതിനെക്കുറിച്ചുള്ള വിവരണം കൗതുകകരമാണ്. തനിക്കും സ്വാമിക്കും പൊതുവെയുണ്ടായിരുന്ന കൃഷ്ണപ്രേമമാണത്രേ അദ്ദേഹത്തിലേക്ക് അവരെ ആകര്‍ഷിച്ചത്. ധ്യാനപരിശീലനത്തിനുശേഷം തനിക്ക് സുഗന്ധം നിറഞ്ഞ പ്രത്യേക അനുഭവങ്ങള്‍ ഉണ്ടായതായി അവര്‍ പറയുന്നു. ഇത്, യോഗവിദ്യയുടെ കഴിവാണെന്നുപറയാന്‍ കഴിയുമോ? കാരണം, മുമ്പത്തെ അധ്യായങ്ങളില്‍ അവര്‍ തന്നെ എഴുതിയിട്ടുണ്ട്, കാറ്റും മഴയും പ്രകൃതിയുമെല്ലാം തന്റെ ശരീരത്തിലും മനസ്സിലും നടത്തുന്ന വിചിത്രങ്ങളായ പരീക്ഷണങ്ങളെക്കുറിച്ച്. ഏതൊരാള്‍ക്കുമുണ്ടാകും പ്രകൃതിയുമായുള്ള ഇത്തരം സംവേദനങ്ങള്‍. ഇതിനെ യോഗവിദ്യയുടെ ഗുണമായി അവര്‍ തെറ്റിധരിക്കുകയാണെന്നുതോന്നുന്നു.
യമുന കാർത്യായനി
ശ്രാവണബലഗൊള, കർണാടക

vs sanoj
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകള്‍ ലഖ്‌നൗ നഗരത്തില്‍ നടത്തുന്ന ഷീറോസ് കഫേ / Photos: Rakesh Anand

​​​​​​​

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM