Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി പാക്കറ്റ് 27-ല്‍ പി.എസ്. റഫീഖ് എഴുതിയ 'കെഴങ്ങും ചമ്മന്തീം' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം.
Text Formatted

സ്വന്തം മക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അറിയാത്ത മലയാളി

ഴിഞ്ഞ വര്‍ഷം തുടങ്ങിയ ഇ- ലേണിങ്ങുമായി ബന്ധപ്പെട്ട ആധികാരികമായ കണ്ടെത്തലുകളാണ് 'കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എങ്ങനെ ജീവിച്ചു' എന്ന പഠനറിപ്പോര്‍ട്ടിലൂടെ (വെബ്സീന്‍, പാക്കറ്റ് 27) പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നേരത്തെ ചര്‍ച്ചയായിട്ടുണ്ടെങ്കിലും, ഈ പഠനത്തിലെ പ്രധാന ഭാഗം, കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. ഉപകരണ ലഭ്യത ഉറപ്പാക്കി ഓണ്‍ലൈന്‍ ക്ലാസിലിരുത്താന്‍ കാണിച്ച ശ്രദ്ധ, അവരുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 27-ന്റെ കവര്‍
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 27-ന്റെ കവര്‍

ഒന്നാം ക്ലാസുമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികളുടെ ഭാവിയെ കൂടി ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണിത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചിന്തകളില്‍, കുട്ടിയുടെ വളര്‍ച്ചയുടെയും സാമൂഹികമായ രൂപീകരണത്തിന്റെയുമെല്ലാം അതിപ്രധാനമായ ഒരു കാലഘട്ടമാണ്, അവര്‍ തികച്ചും ഏകാന്തവാസത്തില്‍ കഴിച്ചുകൂട്ടിയത്. കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പഠനത്തിന് ഉപകരിക്കുന്ന മുന്‍കാല ഡാറ്റ ഇല്ലെന്ന പഠിതാക്കളുടെ വെളിപ്പെടുത്തല്‍ കാര്യമായി പരിഗണിക്കേണ്ട ഒന്നാണ്. കാരണം, ഇതുവരെ, നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ഒരു പഠനവും നടന്നിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.

കോവിഡുകാലത്ത് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ന്നതായി ഈ പഠനം പറയുന്നുണ്ട്. കുടുംബങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ലഭിക്കുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്. മാത്രമല്ല, സാമ്പത്തിക ദുരിതങ്ങള്‍ കുടുംബബന്ധങ്ങളിലും വലിയ സംഘര്‍ഷങ്ങളുണ്ടാക്കിയിട്ടുണ്ടാകാം.

ഇനിയാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത് എന്നുതോന്നുന്നു. കാരണം, തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് നമ്മുടെ കുട്ടികള്‍ കൂടുതല്‍ തീവ്രമായ ഒറ്റപ്പെടലിന് വിധേയരാകാന്‍ പോകുന്നത്. ഈ പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥി സമൂഹത്തിന് സാമൂഹികമായി പിന്തുണ നല്‍കാനുള്ള ഒരു യത്നം തന്നെ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തുടങ്ങേണ്ടതുണ്ട്.

എന്‍.എം.സീമ
അധ്യാപിക, ആലപ്പുഴ


ഡിജിറ്റല്‍ ക്ലാസിലും നഷ്ടം അവര്‍ക്കുതന്നെ

ഴിഞ്ഞ വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസുകള്‍, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പൂര്‍ണമായും എത്തിയില്ല എന്ന് വെബ്സിന്‍ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നു (പാക്കറ്റ് 27). ഡിജിറ്റല്‍ ക്ലാസുകള്‍ തുടരാന്‍ തീരുമാനിച്ച ഈ സമയത്ത് അധികൃതര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്.

പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍, ഉള്‍പ്രദേശങ്ങളിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറവായതിന് സാമൂഹികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്. ഒരു മൊബൈല്‍ ഫോണോ ടെലിവിഷന്‍ സെറ്റോ നെറ്റ് കണക്ഷനോ എടുത്തുകൊടുത്തതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളല്ല അവരുടേത്. മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ പ്രശ്നം എടുക്കാം. കഴിഞ്ഞ രണ്ടുമൂന്നുമാസങ്ങളായി കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖല ജീവിതത്തിനും മരണത്തിനുമിടയിലാണ്. വരാനിരിക്കുന്ന മണ്‍സൂണ്‍ കൂടുതല്‍ തീവ്രമാകുമെന്ന മുന്നറിയിപ്പ് അവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ്. അവരെ കാത്തുകിടക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളാണ്. അഭയാര്‍ഥികളെപ്പോലെ അലയേണ്ടിവരുന്ന ഈ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എങ്ങനെയാണ് ഡിജിറ്റല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയുക?

പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍, ഉള്‍പ്രദേശങ്ങളിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറവായതിന് സാമൂഹികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്.
പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍, ഉള്‍പ്രദേശങ്ങളിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറവായതിന് സാമൂഹികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്.

സാധാരണക്കാരുടെ കുടുംബങ്ങളില്‍ ഒരാള്‍ക്കുമാത്രമേ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടാകൂ. കുടുംബനാഥന്‍ പുറത്തുപോകുമ്പോള്‍ അതും കൊണ്ടുപോകും, അപ്പോള്‍, വീട്ടിലെ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടമാകും. ഫലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ഏറ്റവും ദോഷമുണ്ടാക്കാന്‍ പോകുന്നത്, ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ്. കാരണം, പഠനത്തോടുള്ള താല്‍പര്യം നഷ്ടമായി, പഠനത്തില്‍നിന്ന് പുറന്തള്ളപ്പെട്ട് അവര്‍ നിരക്ഷരരുടെ ഗണത്തിലേക്ക് മാറും. ഡിജിറ്റല്‍ ക്ലാസിനൊപ്പം, പ്രാദേശികമായി അധ്യാപകരുടെ സംഘങ്ങള്‍ ഇത്തരം വിദ്യാര്‍ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തണം, ഇവര്‍ക്ക് പ്രത്യേകമായി തന്നെ ക്ലാസുകള്‍ എടുക്കുന്ന സംവിധാനവും ഒരുക്കണം.

നവാസ് മുഹമ്മദ്
വെള്ളമുണ്ട, വയനാട്


ഹോമി കെ. ഭാഭയെ ആദ്യമായി മലയാളത്തില്‍ വായിക്കുന്നു

കോവിഡുമായി ബന്ധപ്പെട്ട സാമൂഹികശാസ്ത്ര- രാഷ്ട്രീയ പഠനങ്ങളും വിശകലനങ്ങളും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരിക്കുന്നത് ട്രൂ കോപ്പി വെബ്സീനാണ്. കഴിഞ്ഞ പാക്കറ്റില്‍ പ്രസിദ്ധീകരിച്ച ഹോമി കെ. ഭാഭയുടെ ലേഖനം, ആഗോളതലത്തില്‍ കോവിഡ് സൃഷ്ടിച്ച അസമത്വങ്ങളെ തുറന്നുകാട്ടുന്ന ഒന്നാണ്. അദ്ദേഹത്തെ ആദ്യമായാണ് മലയാളത്തില്‍ വായിക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ അസമത്വവും വിവേചനവും രാഷ്ട്രീയ സര്‍വാധിപത്യവും രൂക്ഷമാകുകയാണ് ഈ കാലത്ത് സംഭവിച്ചത്. അതിന് കോവിഡ് ഒരു സന്ദര്‍ഭമായി എന്നല്ലാതെ, ഇവയെല്ലാം കോവിഡിന്റെ സൃഷ്ടിയാണ് എന്നു പറയാനാകില്ല. കാരണം, ഇരുപതുകളിലും മുപ്പതുകളിലും ലോകത്തെ വേട്ടയാടിയ മഹാമാന്ദ്യം എന്ന സാമ്പത്തിക വൈറസിനുശേഷം, നവലിബറല്‍ മൂലധനശക്തികള്‍ക്കും അവയാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകളുടെ ഒരു പുതിയ പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുകയാണ് കോവിഡുകാലത്തിലൂടെ ലോക സമ്പദ്വ്യവസ്ഥ.

കോവിഡ് ആദ്യം ആരോഗ്യദുരിതവും പിന്നീട് സാമ്പത്തിക ദുരന്തവുമാകും എന്ന് സാമ്പത്തിക വിദഗ്ധര്‍ കഴിഞ്ഞവര്‍ഷം തന്നെ മുന്നറിയിപ്പുനല്‍കിയിരുന്നു. ലക്ഷങ്ങളുടെ തൊഴില്‍ നഷ്ടം, പൊതുകടത്തിന്റെ കുത്തനെയുള്ള വര്‍ധന, നികുതിവരുമാനത്തിലുണ്ടായ വന്‍ ഇടിവ്, എണ്ണ ഉല്‍പാദന രാജ്യങ്ങളിലെ മാന്ദ്യം തുടങ്ങി സമ്പദ്  വ്യവസ്ഥയുടെ അടിത്തറ തന്നെ ഇളക്കുന്ന പ്രതിസന്ധികളാണ് ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്നത്. ഇന്ത്യയില്‍ 15 കോടി തൊഴിലുകളാണത്രേ നഷ്ടമാകുക.

ഹോമി കെ. ഭാഭ / Photo: Wikimedia Commons
ഹോമി കെ. ഭാഭ / Photo: Wikimedia Commons

സാമ്പത്തികമായ ഈ തകര്‍ച്ച സാമൂഹികമായും നൈതികവുമായ അടിത്തറകളെയാണ്, ഹോമി കെ. ഭാഭ ചൂണ്ടിക്കാട്ടുന്നതുപോലെ, ആക്രമിക്കാനൊരുങ്ങുന്നത്. അതിന്റെ ഇരകള്‍ തീര്‍ച്ചയായും അടിസ്ഥാനവര്‍ഗങ്ങള്‍ തന്നെയായിരിക്കും. അതുകൊണ്ട്, "സമൂഹഗാത്രത്തെ ഗ്രസിച്ച മൗലികപ്രശ്ന'മായി തന്നെ കോവിഡിനെ കണക്കിലെടുക്കേണ്ടിവരും. രാഷ്ട്രീയത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും പരിപ്രേക്ഷ്യത്തില്‍ ഇത്തരം പ്രശ്നങ്ങളെ മൂര്‍ത്തമായും പ്രായോഗികതലത്തിലും പരിശോധിക്കാന്‍ കെല്‍പ്പുള്ള ഭരണകൂടങ്ങളെയാണ് കോവിഡ് കാലം ആവശ്യപ്പെടുന്നത്. ശരിക്കും ഒരു പുതിയ ലോകക്രമത്തിന്റെ ആരംഭമായിരിക്കണം ഇത്.

ജെന്നിഫര്‍ കെ.മാര്‍ട്ടിന്‍
കെന്റക്കി, യു.എസ്.എ


'അനന്തരം മാനവാനന്തരം' ഒരു ഒളിയുദ്ധ വാദം

രു വര്‍ഗമെന്ന നിലയ്ക്കും അസ്തിത്വമെന്ന നിലയ്ക്കുമുള്ള മനുഷ്യന്റെ അതീതഭാവിയെ മതവും മിത്തുകളുമൊക്കെ മുന്നോട്ടുവെക്കുന്ന ഒരുതരം വിധിത്തീര്‍പ്പിലേക്ക് ചുരുക്കുകയാണ് ഉമര്‍ ഒ. തസ്നീം "അനന്തരം മാനവാനന്തരം (വെബ്സീന്‍, പാക്കറ്റ് 27) എന്ന ലേഖനത്തില്‍. എല്ലാ വിധിനിര്‍ണയവാദികളും ചെയ്യുന്നതുപോലെ, കോവിഡിനെപ്പോലൊരു സന്ധിയെ, ഈ വിഷയവുമായി ചേര്‍ത്തുകെട്ടുന്നതുതന്നെ അദ്ദേഹത്തിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. കാരണം, കോവിഡ് ഒരു ഭൂതകാലമില്ലാത്ത മഹാമാരിയൊന്നുമല്ല.

ഡോ. ഉമര്‍ ഒ. തസ്​നീം
ഡോ. ഉമര്‍ ഒ. തസ്​നീം

കോവിഡിനേക്കാള്‍ മനുഷ്യരാശിയെ കൊന്നൊടുക്കിയ നിരവധി മഹാമാരികളിലൂടെ മനുഷ്യവര്‍ഗം വികസിക്കുകയാണ് ചെയ്തിട്ടുള്ളത്, ചത്തൊടുങ്ങുകയല്ല. കോവിഡ് മഹാമാരി ഒരിക്കലും മനുഷ്യനെക്കുറിച്ചുള്ള അതീത വ്യവഹാരങ്ങളെ റദ്ദാക്കുന്നില്ല എന്നുമാത്രമല്ല, ആ പരിവര്‍ത്തനത്തിന് കൂടുതല്‍ ടൂളുകള്‍ നല്‍കുകയാണ് ചെയ്യുക. "അതിമാനവന്‍' എന്ന രൂപകത്തെ വ്യാഖ്യാനിക്കുന്നതില്‍, സംജ്ഞാപരമായി തന്നെ ലേഖകന് പിഴവുസംഭവിക്കുന്നുണ്ട്. വെറും സാങ്കേതികതയിലൂന്നിയതും ഘടനാപരവുമായ ഒരു സത്തയെന്ന നിലയ്ക്കാണ് ലേഖനത്തില്‍ അതിമാനുഷന്‍ എന്ന രൂപകത്തെ നിര്‍വചിക്കുന്നത്. അതായത്, മെഴുക് ഉരുക്കിയുറപ്പിച്ച തൂവല്‍ച്ചിറകുമായി സൂര്യനിലേക്ക് പറന്നുയരാന്‍ ശ്രമിച്ച ഡെഡാലസിനെപ്പോലൊരു നായകനായി. കേവല ശാസ്ത്രവാദത്തില്‍ പോലും ഇടം ലഭിക്കാത്ത ഒരു വാദം, ശാസ്ത്രത്തിന്റെയും യുക്തിയുടെയും ചുമലില്‍ കെട്ടിവക്കുന്നതിനുപുറകിലെ ലക്ഷ്യം ലേഖകന്‍ വെളിപ്പെടുത്തുന്നുമുണ്ട്- നാസ പരീക്ഷിച്ച ചാലഞ്ചര്‍ ദൗത്യത്തിന്റെ പരാജയം മുതല്‍ കോവിഡിന്റെ ഉച്ചസ്ഥായി വരെ, ഭാവിമനുഷ്യനെക്കുറിച്ചുള്ള വൈജ്ഞാനിക ഭാവനയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ശാസ്ത്രത്തെ തള്ളിപ്പറയാന്‍ എവിടെയും മതം പ്രയോഗിക്കുന്ന വിദ്യ ലേഖകനും പയറ്റുന്നു;

മിത്തിനെയും ചരിത്രത്തെയും കൂട്ടിക്കുഴക്കുക. ശാസ്ത്രത്തിന്റെ റാഷനല്‍ യുക്തിയെ റദ്ദാക്കാന്‍ "നിത്യത കാമിച്ച് വിലക്കപ്പെട്ട കനി ഭുജിച്ച ആദാം' എന്ന പ്രമേയകല്‍പ്പനയില്‍ തന്റെ വാദത്തെ കൊണ്ടുവന്നുകെട്ടുമ്പോള്‍ എവിടെയാണ് ഈ വാദത്തിന്റെ ഉറവിടം എന്ന് മറനീക്കി പുറത്തുവരുന്നു.

ആധുനിക ശാസ്ത്രത്തിനെതിരെ ഇന്ന് പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആയുധം കേവല യുക്തിവാദമാണ്. അതുകൊണ്ടാണ് കേവല യുക്തിവാദികളുമായി മതത്തിന് സംവാദം സാധ്യമാകുന്നത്. ശാസ്ത്രമെന്ന മട്ടില്‍ കേവല യുക്തിയെ കൂട്ടുപിടിച്ച് നടത്തുന്ന ഒളിയുദ്ധത്തിന്റെ ഒരു അധ്യായം മാത്രമാണ് ഉമര്‍ ഒ. തസ്നീമിന്റെ ലേഖനം.

ഡോ.ഗംഗ അമല്‍
അന്ധേരി ഈസ്റ്റ്, മുംബൈ


എം.ടിയുടെ കോവിഡുകാല വായന

എം.ടി. വാസുദേവന്‍ നായരുടെ എഴുത്തിനെക്കുറിച്ചുള്ള വി. മുസഫര്‍ അഹമ്മദിന്റെ കോവിഡ് കാല വായന (പാക്കറ്റ് 27) കൗതുകകരമായിരുന്നു. എം.ടി.യെ ധാരാളം വായിച്ചിട്ടുണ്ടെങ്കിലും അതിനിടയിലെ പിറുപിറുക്കലുകള്‍ ശ്രദ്ധിച്ചിരുന്നില്ല. മുസഫിറിന്റെ സൂക്ഷ്മവായന കുറേക്കാലം പിന്നോട്ടുകൊണ്ടുപോയി. വായിച്ചു മാറ്റിവെച്ചത് പലതും വീണ്ടും വായിക്കാന്‍ തോന്നിപ്പിക്കുന്നുണ്ട് ഈ ലേഖനം.  വിസ്പര്‍ കാമ്പയിന്‍ പ്രയോഗം വിരുതോടെ ഉപയോഗിച്ചിരിക്കുന്നു.    

നിര്‍മല
ഹാമില്‍ട്ടണ്‍, കാനഡ

എം.ടി. വാസുദേവന്‍ നായര്‍
എം.ടി. വാസുദേവന്‍ നായര്‍

എം.ടിയ്ക്കുമാകാം പുനര്‍വായന

കോവിഡുകാലം, സാഹിത്യത്തില്‍ മികച്ച നിരീക്ഷണങ്ങള്‍ക്ക് വഴിവെക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വി. മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം (പാക്കറ്റ് 27). എം.ടിയുടെ കഥയും നോവലും വായിക്കുമ്പോള്‍ ആദ്യം മൂക്കിലടിച്ചുകയറുന്നതാണ് ഈ മണങ്ങള്‍. കാച്ചിയ വെളിച്ചെണ്ണയുടെയും ഉള്ളി മൂപ്പിച്ചതിന്റെയും മണത്തോടൊപ്പം, ഇഷ്ടം തോന്നുന്ന പെണ്ണുങ്ങളുടെ മണവും കാമത്തിന്റെ രൂക്ഷമായ ഗന്ധങ്ങളുമെല്ലാം വായനയെ ലഹരിപിടിപ്പിക്കുന്ന മട്ടില്‍ എം.ടി ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ വായിച്ചതില്‍നിന്ന് ഭിന്നമായൊരു തലത്തില്‍, പ്രത്യേകിച്ച് മനുഷ്യര്‍ക്ക് മണങ്ങള്‍ നഷ്ടമാകുന്ന രോഗകാലത്ത്, മറ്റൊരു വായന സാധ്യമാക്കുകയാണ് ഈ ലേഖനം.

വി. മുസഫര്‍ അഹമ്മദ്
വി. മുസഫര്‍ അഹമ്മദ്

മാറിക്കൊണ്ടിരിക്കുന്ന ഭാവുകത്വത്തിനുമുന്നില്‍ സ്തംഭിച്ചുനില്‍ക്കുന്നതാണ് എം.ടി സാഹിത്യം എന്നൊരു വിമര്‍ശനമുണ്ട്. അതായത്, വായിച്ചതുതന്നെ വായിച്ചുകൊണ്ടിരിക്കുക എന്നതേ എം.ടി കൃതികളുടെ പുനര്‍വായനയിലൂടെ നടക്കുന്നുള്ളൂ എന്നൊരു വാദമുണ്ട്. അത്, ഏതാണ്ടൊക്കെ ശരിയാണെന്നാണ് ഈ കുറിപ്പുകാരിയടെയും അഭിപ്രായം. എന്നാല്‍, ഈ വിമര്‍ശനത്തിന് ശക്തമായൊരു മറുവാദം അവതരിപ്പിക്കുകയാണ് മുസഫര്‍ അഹമ്മദ്. എം.ടിയുടെ സാഹിത്യമാണ് അദ്ദേഹം വിശകലനവിധേയമാക്കുന്നത് എങ്കിലും, ഏത് എഴുത്തുകാരനിലേക്കും പ്രവേശിക്കാന്‍ കഴിയുന്ന ഒരു വാതില്‍ അദ്ദേഹം തുറന്നുവെക്കുന്നുണ്ട്, ഈ പഠനത്തിലൂടെ. ഒരു തുറന്ന പുനര്‍വായന സാധ്യമാക്കിയതിന് വെബ്സീനിനും നന്ദി.

ഖദീജ അന്‍വറലി
ദുബായ്, യു.എ.ഇ


പുറത്താക്കപ്പെട്ട ഒരു ശബ്ദം, അസ്വീകാര്യയാക്കപ്പെട്ട ഒരു ഗായിക

പോയ തലമുറകളുടെ ഓര്‍മകളിലുള്ള ഒരു ശബ്ദത്തെ വീണ്ടെടുക്കുന്നതായിരുന്നു സി.എസ്. മീനാക്ഷിയുടെ "കലൈവാണി' എന്ന ലേഖനം (പാക്കറ്റ് 27). ഒരു കാലത്ത്, മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും എസ്. ജാനകിയുടെ അതിമധുരശബ്ദം കേള്‍വിയെ ഉറക്കിക്കൊണ്ടിരുന്ന കാലത്ത്, പി. സുശീലയും വാണി ജയറാമുമാണ് കേള്‍വിയെ ഉണര്‍ത്തിയിരുന്ന ശബ്ദങ്ങളായി മാറിയത്. ഇരുവരുടെയും ശബ്ദത്തിന് മാധുര്യം കുറവായിരുന്നു, കൂടുതല്‍ മാംസളമായിരുന്നു, അതുകൊണ്ടുതന്നെ അത് ജീവസ്സുറ്റതുമായിരുന്നു.

വാണി ജയറാം / Photo: Youtube Screen Grab
വാണി ജയറാം / Photo: Youtube Screen Grab

നായികയുടെ ശരീരവും ശാരീരവുമല്ല, വാണി ജയറാമിന്റെ പാട്ടുകളുടെ ശരീരവും ശാരീരവുമായിരുന്നത്. അത്, മറ്റൊരു അസ്തിത്വമായിരുന്നു. അതുകൊണ്ടുകൂടിയാണ് ഇന്ന നടിക്ക് ഇന്ന ഗായിക എന്ന കോമ്പിനേഷനില്‍നിന്ന് വാണി ജയറാം പുറത്തായത്. ഈ പരീക്ഷയില്‍ റാങ്ക് നേടിയത് ജാനകിയും പാസ് മാര്‍ക്ക് കിട്ടിയത് പി. സുശീലക്കുമായിരുന്നു. "ഒത്തുപോകുന്ന കോമ്പിനേഷനുകള്‍'ക്ക് വഴങ്ങുന്ന ശബ്ദങ്ങള്‍ വിപണിയില്‍ വിജയിച്ച കാലം കൂടിയായിരുന്നു വാണി ജയറാമിന്റേത്‌. അതുകൊണ്ട്, തനിമയുള്ള ആ ശബ്ദത്തിന്റെ കനവും അതിന്റെ രാഷ്ട്രീയവും അസ്വീകാര്യമാക്കപ്പെട്ടു. ഒന്നിലും രണ്ടിലും പെടാതെ അവര്‍ അവഗണിക്കപ്പെട്ടു. മറക്കാനാകാത്ത ആ ശബ്ദത്തെ വീണ്ടെടുത്തതിന് നന്ദി.

ലേഖ സജീവ്
കലൂര്‍, കൊച്ചി


മരണങ്ങള്‍ക്കുനടുവിലിരുന്ന് 'കെഴങ്ങും ചമ്മന്തീം' വായിക്കുമ്പോള്‍

പി.എസ്. റഫീഖിന്റെ "കെഴങ്ങും ചമ്മന്തീം' എന്ന കഥ (വെബ്സീന്‍ പാക്കറ്റ് 27) കോവിഡുകാലത്തെ മരണങ്ങളുടെ കൂടി വായനയായി. ചുറ്റുമുള്ളവരും പ്രിയപ്പെട്ടവരും മരിച്ചുപോകുന്ന ഒരു കാലത്ത് സ്വന്തം അമ്മച്ചിയുടെ മരണത്തെ സാംസണ്‍ കൈകാര്യം ചെയ്യുന്നത് റഫീഖ് വായനക്കാരെ വിക്ഷുബ്ദരാക്കുംവിധം വരച്ചിടുന്നു. പെറ്റ തള്ള മരിച്ചുകിടക്കുമ്പോഴും സാംസണ്‍ ബാര്‍ കൗണ്ടറിലാണ്. അയാളെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു ആ മരണം. പഴയ അലമാര തപ്പി ഒരു പഴയ വെള്ളമുണ്ടുടുത്ത് കീറി അമ്മച്ചിയുടെ കീഴ്ത്താടി ചേര്‍ത്തുകെട്ടി.

പി.എസ്. റഫീഖ്
പി.എസ്. റഫീഖ്

പെങ്ങളെയും അളിയനെയും വിവരമറിയിച്ചു. എല്ലാം അതാതിന്റെ വഴിക്കുതന്നെ നടന്നു. പള്ളിപ്പറമ്പിലെ കുഴിമാടങ്ങളില്‍ അയാള്‍ തന്റെ അമ്മച്ചിയെ തേടി നടന്നു.

എല്ലാ മരണങ്ങളും ഒന്നായിരുന്നു, എല്ലാ കുഴിമാടങ്ങളെയും പോലെ. പച്ചമണ്ണിളകിയ ഒരു കുഴി ഒടുവില്‍ അയാള്‍ കണ്ടെത്തുന്നു. അതുകൊണ്ടുമാത്രം അത് അയാളുടെ അമ്മച്ചിയുടെ കുഴിമാടമാണെന്ന് സങ്കല്‍പ്പിക്കുന്നതെങ്ങനെ? വീട്ടിലെത്തിയപ്പോഴോ, അതാ, മരിച്ച അമ്മച്ചി ഒരു പാത്രത്തില്‍ കെഴങ്ങും ചമ്മന്തിയുമായി വിളിക്കുന്നു. മരണം ജീവിതം പോലെ സ്വഭാവികമായി നമ്മോട് ചേര്‍ന്നുനില്‍ക്കുകയാണ്. ഇല്ലാതായെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും അവശേഷിപ്പിക്കാതെയുള്ള മടക്കങ്ങള്‍. ജീവിതത്തോടൊപ്പമുള്ള മരണത്തിന്റെ സഹവാസങ്ങള്‍. വായനക്കൊടുവില്‍ വായനക്കാരെ ശൂന്യമാക്കിക്കളയുന്ന ഒരു കഥ.

ഡോ. നീലിമ ജയേഷ്
തേവര, കൊച്ചി


ഒരു കവി മുഴുവനായി മുന്നില്‍

വെബ്സീനിലെ കോളമായ "റീഡിങ് എ പൊയറ്റ്' വ്യത്യസ്തമായ ഒന്നാണ്. ഒരു കവിയുടെ കാവ്യജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന ഒന്ന്. പാക്കറ്റ് 27ല്‍ എസ്. ജോസഫിന്റെ കവിതകളെക്കുറിച്ചുള്ള എന്‍.ജി. ഉണ്ണികൃഷ്ണന്റെ നിരീക്ഷണങ്ങള്‍ അര്‍ഥവത്തായിരുന്നു. ജോസഫിന്റെ കവിതകളുടെ വിവിധ കാലങ്ങളിലൂടെയുള്ള വായനയാണ് കവി കൂടിയായ ഉണ്ണികൃഷ്ണന്‍ നടത്തുന്നത്. ഈ കാലങ്ങളില്‍ ജോസഫിന്റെ കവിതയുടെ ഭാഷയിലും സമീപനത്തിലും വന്ന മാറ്റങ്ങളെ ഈ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

എസ്. ജോസഫ്
എസ്. ജോസഫ്

കവികള്‍, തങ്ങളുടെ സ്വന്തമായ ഭാഷ ഉപേക്ഷിച്ച് പൊതുധാരാ ഭാഷ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ഈ വായന മുന്നോട്ടുവെക്കുന്നു. "ഇത്തരം സ്റ്റാന്‍ഡേഡ്‌ ഉല്‍പ്പന്നങ്ങള്‍' എളുപ്പം സ്വീകരിക്കപ്പെടുന്നു എന്ന ലേഖകന്റെ അഭിപ്രായത്തോട് വിയോജിപ്പുമുണ്ട്. കാരണം, മലയാളത്തിലെ പുതിയ കവിതയുടെ ഏറ്റവും വലിയ പ്രത്യേകത, ഭാഷയില്‍ നടത്തുന്ന പരീക്ഷണങ്ങളാണ്. തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളെ കവിതയുടെ ഭാഷയായി മാറ്റുന്ന വിദ്യ പുതിയ കവികള്‍ വിജയകരമായി പരീക്ഷിക്കുന്നുണ്ട്. അങ്ങനെയാണ് കടപ്പുറത്തിന്റെയും കാടിന്റെയുമെല്ലാം ഭാഷ പുതിയ കവിതയില്‍ വരുന്നത്. എന്തിന്, സ്ത്രീകളെഴുതുന്ന കവിതകളുടെ ഭാഷാശരീരം പോലും "ആണ്‍കവിത'കളുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമാണിന്ന്. അതായത്, സ്റ്റാന്‍ഡഡൈസേഷനല്ല, വൈവിധ്യങ്ങളിലൂന്നിയാണ് പുതിയ കാവ്യഭാഷ സഞ്ചരിക്കുന്നത്.

ടി. സംഗീത
ധര്‍മ്മടം, തലശ്ശേരി


നടന്‍ മുരളിയുടെ കാണാത്ത വേഷം

യു. ജയചന്ദ്രന്റെ "വെയില്‍ക്കാലങ്ങള്‍' ചരിത്രത്തിലെ കൗതുകങ്ങളെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുന്നു. നടന്‍ മുരളിയെക്കുറിച്ചുള്ള എഴുത്ത് (പാക്കറ്റ് 27) അതീവ ഹൃദ്യമായി. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഓഫീസില്‍ ഉദ്യോഗസ്ഥനായി വന്ന, കേരള കോണ്‍ഗ്രസുകാരനായ, മുരളീധരന്‍ നായര്‍ സി.പി.എം കാരനായി മാറിയ കഥ രസകരമായി ജയചന്ദ്രന്‍ വിവരിക്കുന്നു.

murali
മുരളി

ഒരു പിള്ള ഗ്രൂപ്പുകാരനെ സി.പി.എം. ആക്കാന്‍ ജയചന്ദ്രനും സംഘവും നടത്തിയ "ഗൃഹപാഠം' എന്തായാലും, അത്, ഭാവിയില്‍ മലയാളത്തിന് മികച്ച ഒരു നടനെ മാത്രമല്ല, രാഷ്ട്രീയബോധമുള്ള ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെയുമാണ് സമ്മാനിച്ചത്. സിനിമയിലായിരുന്നപ്പോഴും നാടകത്തിന്റെ സമ്പന്നമായ പാരമ്പര്യം അദ്ദേഹം കൈവിട്ടില്ല. മാത്രമല്ല, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്ക്ക് അദ്ദേഹമാണ്, അന്താരാഷ്ട്ര നാടകോല്‍ത്സവത്തിന്റെ ശില്‍പിയായത്. തമിഴ് സിനിമയുടെ ഷൂട്ടിംഗിന് ദക്ഷിണാഫ്രിക്കയില്‍ പോകുമ്പോഴും, അവിടെയും നാടകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ എന്ന് ജയചന്ദ്രന്റെ വിവരണത്തില്‍ കാണാം. മുരളിയുടെ അവസാനകാലത്തെ ഒരു ജീവിതസന്ദര്‍ഭം ഹൃദയസ്പര്‍ശിയായി വരച്ചിട്ടതിന് നന്ദി.

ഡോ.അശോക് നായര്‍
നാശിക്, മഹാരാഷ്ട്ര

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media