Wednesday, 29 March 2023

കത്തുകള്‍


Image Full Width
Image Caption
അശോകന്‍ ചരുവില്‍
Text Formatted

സന്ദേഹവാദികളായ ഇടതുപക്ഷക്കാര്‍ വായിക്കണം, അശോകന്‍ ചരുവിലിന്റെ നോവല്‍

ശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവ് 2018, ഹൃദ്യമായ ഒരു വായനാനുഭവമാണ്. ഗ്രാമീണമായ ആഖ്യാനഘടന മാത്രമല്ല, ഏറ്റവും അടിത്തട്ടിലെ ജീവിതവും അതിനെ സദാ ഊര്‍ജസ്വലമാക്കുന്ന രാഷ്ട്രീയബോധ്യങ്ങളും പ്രത്യയശാസ്ത്രാഭിമുഖ്യങ്ങളുമെല്ലാം ചേര്‍ന്ന കഥാപാത്രങ്ങള്‍.

കണ്ടന്‍കുട്ടിയാശാന്‍
കാട്ടൂര്‍ക്കടവ് 2018 എന്ന നോവലിന്, ഇ. മീരയുടെ ചിത്രീകരണം.

കണ്ടന്‍കുട്ടിയാശാന്‍ അത്തരമൊരു കഥാപാത്രമാണ്. മന്ത്രസിദ്ധിയുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന മനുഷ്യന്‍. മടിയിലെ ചാക്കുസഞ്ചിയില്‍ മരുന്നുകള്‍ കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലഘുലേഖകളുമായി സഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പലതരം പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലം. ആശാന്‍ ഒരു പരിഹാരം മുന്നോട്ടുവെക്കുന്നു. പാര്‍ട്ടി ആപ്പീസിന്റെ മുറ്റത്ത് ഒരു ഭദ്രകാളിക്കളം കഴിക്കണം. സഖാക്കളുടെ സൂക്കേടുകള്‍ മാറിയില്ലെങ്കിലും പാര്‍ട്ടിയിലെ അന്തഃച്ഛിദ്രം മാറും. അതൊറപ്പാണ് ആശാന്. പാര്‍ട്ടയില്‍ നടക്കുന്നത് അന്തഃച്ഛിദ്രമല്ല, ആശയസമരമാണ് എന്ന് പി.എസ്. നമ്പൂതിരി എന്ന പാര്‍ട്ടി നേതാവ് ആശാനെ തിരുത്തുന്നുമുണ്ട്.

ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിശ്വാസവിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍, അതിനെ കേവല യുക്തി ഉപയോഗിച്ച് കീറിമുറിക്കുകയും വൈരുധ്യാത്മക ഭൗതികവാദമടക്കമുള്ള വിശകലനരീതികളാല്‍ ശരിതെറ്റുകള്‍ അളക്കുകയും ചെയ്യുമ്പോള്‍, ജീവിതബോധ്യങ്ങളില്‍നിന്ന് മനുഷ്യനും അവരുടെ രാഷ്ട്രീയത്തിനും വേണ്ട ചികിത്സ നിര്‍ദേശിക്കുന്ന വെറും സാധാരണക്കാരായ മനുഷ്യന്മാര്‍. എന്നാല്‍, ഇത്തരം മനുഷ്യരുടെ യുക്തികളെയും ബോധ്യങ്ങളെയും പാര്‍ട്ടി തന്നെ പിന്നീട് എത്രത്തോളം ഉള്‍ക്കൊണ്ടു എന്നത് ഒരു ചോദ്യമാണ്. ഒരുപക്ഷെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരന്‍ കൂടിയായ അശോകന്‍ ചരുവില്‍ ഈ നോവലിലൂടെ ഉന്നയിക്കുന്നത്, ഇത്തരമൊരു വിമര്‍ശനം കൂടിയാണ് എന്നുതോന്നുന്നു.

ഡോ. എം.പി. പരമേശ്വരന്‍
ഡോ. എം.പി. പരമേശ്വരന്‍

മുമ്പ്, ഡോ. എം.പി. പരമേശ്വരന്റേതായി വന്ന ഒരു അഭിമുഖം വായിച്ചതോര്‍ക്കുന്നു. അതില്‍, മതം, ദൈവം, വിശ്വാസം എന്നിവയോടുള്ള ഇടതുപക്ഷസമീപനത്തില്‍ മാറ്റം അനിവാര്യമല്ലേ എന്ന ചോദ്യത്തിന് എം.പി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ""ദൈവവിശ്വാസിക്ക് നല്ല കമ്യൂണിസ്റ്റും ആകാം. മനുഷ്യന് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റിയുണ്ട്. തലച്ചോറില്‍ ഒരുപകുതി ദൈവവിശ്വാസിയാകാം, ഒരു പകുതി ശാസ്ത്രവിശ്വാസിയാകാം. മനുഷ്യന്‍ എന്നത് ഒരു ഏക സ്വത്വമല്ല. മുമ്പ് സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി അംഗങ്ങളായ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലാസെടുക്കുമ്പോള്‍ അവര്‍ ഒരു ചോദ്യം ചോദിച്ചു; അമ്പലത്തില്‍ പോകുന്ന ഒരാള്‍ക്ക് നല്ല കമ്യൂണിസ്റ്റ് ആകാന്‍ കഴിയുമോ?  ഉത്തരം: അമ്പലത്തില്‍ പോകുന്നുണ്ടോ എന്നതല്ല കാര്യം. ഒരു സമരം വന്നു എന്നിരിക്കട്ടെ, അപ്പോള്‍ അയാള്‍ അവധിയെടുത്ത് പോകുന്നു. അല്ലാത്ത സമയത്തെല്ലാം അമ്പലത്തിനും മുതലാളിത്തത്തിനും എതിരായി പ്രസംഗിക്കുന്നു. സമരം വന്നാല്‍ അവധിയെടുത്ത് വീട്ടിലിരിക്കുന്നു. മറ്റൊരാള്‍ അമ്പലത്തില്‍ പോകുന്നുണ്ട്. എന്നാല്‍, സമരം വന്നാല്‍ അതിന്റെ മുന്‍പന്തിയില്‍ കാണും. എല്ലാ അടിയും അയാള്‍ കൊള്ളും. ഇയാളാണ് വിപ്ലവകാരി, ആദ്യത്തെയാളല്ല. കമ്യൂണിസം എന്നത് ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന പ്രശ്‌നമല്ല. കമ്യൂണിസം കൊണ്ടുവരാനുള്ള ഉപകരണങ്ങളിലൊന്നാണ് മാര്‍ക്‌സിസം എന്നും ഓര്‍ക്കുക. മതത്തെയും ദൈവത്തെയും വിശ്വാസങ്ങളെയും വളരെ യാന്ത്രികമായാണ് ഇടതുപക്ഷം കൈകാര്യം ചെയ്യുന്നത്. ഈ യാന്ത്രികതയാണ് ഇവിടുത്തെ ബി.ജെ.പിയെ വളര്‍ത്തിയത്. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ മതത്തിനോടും ദൈവത്തിനോടും വിശ്വാസങ്ങളോടുമുള്ള യാന്ത്രിക സമീപനം.''
​​​​​​​കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ എത്രയോ കാലം വൈരുധ്യാത്മക ഭൗതികവാദം ക്ലാസിലിരുത്തിയെന്നപോലെ പഠിപ്പിച്ച എം.പിയുടെ അഭിപ്രായവും ഇടതുപക്ഷത്തെക്കുറിച്ചുള്ള വിമര്‍ശനവും ഇക്കാലത്ത് ഏറെ പ്രസക്തമാണ്. അശോകന്‍ ചരുവില്‍ എഴുതുന്ന ഈ നോവല്‍ അതുകൊണ്ടുതന്നെ, സന്ദേഹവാദികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ വായിക്കേണ്ടതാണ്.

വി.സുചിത്ര
കൊച്ചിൻ യൂണിവേഴ്സിറ്റി, എറണാകുളം


കോളേജ് അധ്യാപകരും മേല്‍- നോട്ടക്കാരും

കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും അധ്യാപകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാറാണ് പതിവ്. ഒരു പുതിയ അധ്യാപന രീതിയിലേക്ക് മാറുന്നതുമുതലുള്ള സംഘര്‍ഷങ്ങള്‍ കോളേജ് അധ്യാപക സമൂഹം ഒരു വര്‍ഷമായി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ വിഷയം പ്രത്യേകമായി തന്നെ ചര്‍ച്ച ചെയ്യുന്ന വെബ്‌സിന്‍ പാക്കറ്റ് 28ല്‍ ദിലീപ് രാജ് എഴുതിയ ലേഖനം ശ്രദ്ധേയമായി.

അക്കാദമികമായും വൈജ്ഞാനികമായും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം ഏറെ മുന്നോട്ടുപോകുകയാണെങ്കിലും പ്രയോഗതലത്തില്‍ നിലനില്‍ക്കുന്ന അധ്യാപന സങ്കേതങ്ങള്‍ അറുപഴഞ്ചനായി തുടരുകയാണ്. പരീക്ഷാസമ്പ്രദായം, മൂല്യനിര്‍ണയം, ക്ലാസ്‌റൂം അധ്യയനം  തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ പ്രധാന ഗുണഭോക്താക്കളായ പൊതുസമൂഹം പുലര്‍ത്തുന്ന കുറ്റകരമായ ഉദാസീനത പ്രശ്‌നം ഗുരുതരമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ഈയിടെ ചര്‍ച്ച ചെയ്യപ്പെട്ട, കോളേജ് അധ്യാപകര്‍ വാങ്ങുന്ന "ഉയര്‍ന്ന' ശമ്പളവും അവര്‍ ചെയ്യുന്ന "തുച്ഛ'മായ ജോലിയും. സ്‌കൂള്‍ ക്ലാസുകളുടെ ഒരു എക്‌സ്‌റ്റെന്‍ഷന്‍ എന്ന നിലയ്ക്കല്ലാതെ, ഒരു വ്യക്തിയുടെ ബൗദ്ധികമായ രൂപപ്പെടലിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു കാലമെന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസത്തെ കേരളത്തിലെ പൊതുസമൂഹം ഒരിക്കലും പരിഗണിച്ചിട്ടില്ല.

ദിലീപ് രാജ്
ദിലീപ് രാജ്

അതുകൊണ്ടാണ്, "ഇത്ര ശമ്പളം വാങ്ങിയിട്ടും കോളേജ് അധ്യാപകര്‍ എന്ത് ജോലിയാണ് ചെയ്യുന്നത്' എന്ന ചോദ്യങ്ങളുയരുന്നത്. ആഗോളീയമായി തന്നെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഇവിടേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടയുന്ന ഏറ്റവും വലിയ ഘടകം പൊതുസമൂഹത്തിന്റെ ഈ മനോഭാവമാണ്. ഭരണകൂടങ്ങളും ഇതിനെ തൃപ്തിപ്പെടുത്തുംവിധം അക്കാദമിക മേഖലയെ വെറും സാങ്കേതികമായ ചിട്ടവട്ടങ്ങളില്‍ തളച്ചിടുന്നു. നമ്മുടെ സര്‍കലാശാലകള്‍ നാടിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എന്ത് വിഷയത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നുമാത്രം ആലോചിച്ചാല്‍ മതി.

എത്ര ഗവേഷണപ്രബന്ധങ്ങള്‍ വര്‍ഷം തോറും ഓരോ സര്‍വകലാശാലകളിലും സമര്‍പ്പിക്കപ്പെടുന്നു. ഉദ്യോഗത്തിനുള്ള ഒരു ക്വാളിഫിക്കേഷന്‍ എന്നതിലപ്പുറം കേരളത്തിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തുന്ന ഗവേഷണങ്ങളുടെ ഫലപ്രാപ്തി എന്താണ്? അവ കേരളത്തിന്റെ സംസ്‌കാരത്തിനോ സാഹിത്യത്തിനോ സാമ്പത്തിക സംവിധാനത്തിനോ കൃഷിക്കോ ഒക്കെ എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത്? യഥാര്‍ഥത്തില്‍, സര്‍വകലാശാലകള്‍ക്കുപുറത്തുള്ള വൈജ്ഞാനികലോകമല്ലേ, പരിമിതമെങ്കിലും കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിന് സംഭാവനകള്‍ നല്‍കുന്നത്?

നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എന്തുതരം  വൈജ്ഞാനിക വിപ്ലവം നടന്നാലും അതിനെയെല്ലാം നിര്‍വീര്യമാക്കാന്‍, ദിലീപ് രാജ് പറയുന്നതുപോലെ ഒരുസംഘം മേല്‍- നോട്ടക്കാര്‍ ഇവിടെ സദാ ജാഗരൂകരായി നില്‍ക്കുന്നുണ്ട്.

സീന ഫിലിപ്പ്
പാറ്റൂർ, തിരുവനന്തപുരം


കോവിഡിനുമുന്നില്‍ വലിയ തോല്‍വികളായി മാറിയ ഭരണകൂടങ്ങള്‍

 "PANDEMIC!: Covid-19 Shakes the World' എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച കോവിഡുകാലത്തെ ജീവിത പരിണാമങ്ങളെ, ഭാവിയിലേക്ക് വിപുലപ്പെടുത്തുന്ന ഒരു വിശകലനമാണ് വെബ്‌സീന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് (സിസെക് പ്രവചിക്കുന്ന മനുഷ്യന്റെ ഭാവി, പാക്കറ്റ് 28). ഒരു മഹാമാരി ആകസ്മികമായി മനുഷ്യരാശിയെ ആക്രമിക്കുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടലിന്റെയും ഇരുട്ടിന്റെയും അതിജീവനശ്രമങ്ങളുടെയും സാമൂഹിക ജീവിതത്തിലെ അട്ടിമറികളെയുമെല്ലാം സിസെക് തന്റെ പുസ്തകത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്.

പുതിയൊരു ബാര്‍ബറിസത്തിന്റെ അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ കാണാം എന്ന് അദ്ദേഹം എഴുതുന്നു. ഈ ബാര്‍ബറിസത്തെ സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ സിസെക് സൂക്ഷ്മമായി പ്രവചിക്കുന്നത്. അത്, പ്രാഥമികമായി നാം വിലയിരുത്തുന്നതുപോലെ ഭരണകൂട രാഷ്ട്രീയവുമായി മാത്രം ബന്ധപ്പെട്ടതല്ല എന്നും പകരം ഓരോ സമൂഹത്തിന്റെയും സംസ്‌കാര വ്യവസ്ഥയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു എന്നും നമുക്ക് അനുമാനിക്കാം.

സ്ലാവോയ് സിസെക്
സ്ലാവോയ് സിസെക്

ഭരണകൂടങ്ങളിലൂടെ കരുത്താര്‍ജിക്കുന്ന ഭരണവര്‍ഗങ്ങളെക്കുറിച്ച് കോവിഡ് കാലത്ത് പലതരം വിശകലനങ്ങള്‍ വന്നിരുന്നു. എന്നാല്‍, ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ച എന്നൊരു പുതിയ വാദമാണ് സിസെക് മുന്നോട്ടുവക്കുന്നത്. ആത്യന്തികമായി ഇതില്‍ ശരിയുണ്ടെന്ന് ആഗോളതലത്തില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തെ അതീവഹ്രസ്വമായ മാറ്റങ്ങള്‍ വിലയിരുത്തിയാല്‍ വ്യക്തമാകും. യു.എസില്‍ ട്രംപിസത്തിനുണ്ടായ തകര്‍ച്ചയും യു.കെയിലും ഇന്ത്യയിലുമെല്ലാം ഭരണകൂടത്തിനുണ്ടായ വിശ്വാസത്തകര്‍ച്ചയും ഉദാഹരണങ്ങള്‍.

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങി നിരവധി കാപ്പിറ്റലിസ്റ്റിക് ഭരണകൂടങ്ങള്‍ പൗരന്റെ മൗലികാവകാശങ്ങളുടെ സംരക്ഷണത്തില്‍ പോലും പരാജയപ്പെടുന്നത് ലോകം കണ്ടു. പകരം, ചൈനയും ക്യൂബയും വിയറ്റ്‌നാമുമെല്ലാം കോവിഡിനെ പ്രതിരോധിച്ചത് ശാസ്ത്രത്തിന്റെയും സാമൂഹിക പ്രതിരോധത്തിന്റെയുമെല്ലാം ടൂളുകളുപയോഗിച്ചാണ്. പുത്തന്‍ മൂലധന രാഷ്ട്രീയം തീവ്രമാക്കുന്ന വലതുപക്ഷവല്‍ക്കരണം മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് കോവിഡിനേക്കാള്‍ ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന വാസ്തവമാണ് കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് സ്ഥിരീകരിക്കപ്പെട്ടത്.

ബിജോയ് സി.എസ്.
വടപളനി, ചെന്നൈ


രാജ്യദ്രോഹ നിയമം എന്ന 'ബയോ വെപ്പണ്‍'

രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള പ്രമോദ് പുഴങ്കരയുടെ ലേഖനം (പാക്കറ്റ് 28) വായിച്ചതിന്റെ അടുത്ത ദിവസമാണ്, ലക്ഷദ്വീപുകാരിയായ ഐഷ സുല്‍ത്താനക്കെതിരെ ഇതേ നിയമം ചുമത്തിയതായി വാര്‍ത്ത വന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഭരണനടപടികള്‍ക്കെതിരെ ദ്വീപുനിവാസികളുടെ വികാരം പങ്കിട്ട് തുടക്കം മുതല്‍ രംഗത്തുള്ളയാളാണ് ഐഷ. ഭരണകൂട പ്രതിനിധിയെ "ബയോ- വെപ്പണ്‍' എന്ന് വിശേഷിപ്പിച്ചതിനെ അക്ഷരാര്‍ഥത്തില്‍ എടുത്താല്‍ പോലും അതൊരു ഭരണകൂട വിമര്‍ശനമായി നിലനില്‍ക്കുന്നതാണ്.

അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ ദ്വീപില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് ഈ പരാമര്‍ശനം എന്നും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍, ഒരു വാക്ക് വീണുകിട്ടിയ ബി.ജെ.പി അത് ഉടന്‍ എടുത്തുപയോഗിച്ചു. അതിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും "നമ്മുടെ' അബ്ദുള്ളക്കുട്ടിയിലൂടെ പുറത്തുവന്നുകഴിഞ്ഞല്ലോ. ലക്ഷദ്വീപുകാരെ ശരിക്കും കൊല്ലാക്കൊല ചെയ്യുകയാണ് ഭരണകൂടം. കൊച്ചിയില്‍നിന്ന് ദ്വീപിലേക്കുള്ള ചരക്കുനീക്കത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി അവശ്യസാധനക്ഷാമം രൂക്ഷമാക്കുന്നു. അവിടെ അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം മനുഷ്യവിരുദ്ധതകളെയും ജനാധിപത്യ ഹിംസയെയും വിമര്‍ശിക്കുന്നതാണ് രാജ്യദ്രോഹമായി ചാപ്പകുത്തുന്നത്.

ഐഷ സുല്‍ത്താന
ഐഷ സുല്‍ത്താന

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയില്‍ ചുമത്തിയ 405 രാജ്യദ്രോഹക്കുറ്റങ്ങളില്‍ 149 കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനും 144 കേസുകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനുമാണ് എന്ന ലേഖനത്തിലെ വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഒരുപക്ഷെ, അടിയന്തരാവസ്ഥക്കാലത്തുപോലും ഇല്ലാതിരുന്ന വേട്ടയാടലാണിത്. ബി.ജെ.പിക്കുമാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഈ നിയമത്തിന്റെ പാപഭാരത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ്, സ്വാതന്ത്ര്യത്തിനുശേഷം ഇത്രയും കാലം ഇത് ഇവിടെ നിലനിന്നു എന്നത്.

ആശ വെങ്കിടേഷ്
ഹൈദരാബാദ്


അഭയാര്‍ഥികളെ പൗരന്മാരായി കാണുന്ന ഒരു ഭരണകൂടമുണ്ടാകുമോ?

രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ അഭയാര്‍ഥികളുടെ സ്വയംഭരണാവകാശം എന്ന വിഷയം (വെബ്‌സീന്‍, പാക്കറ്റ് 28) ഏറെ പുതുമയുള്ളതായി തോന്നി. പലായനങ്ങളുടെ അടുത്ത ഘട്ടം, ഈ മനുഷ്യരുടെ ജീവിതത്തുടര്‍ച്ചയാണല്ലോ. അക്കാര്യത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയാണിത്. അഭയാര്‍ഥികള്‍ എന്ന നിര്‍വചനം തന്നെ ദൈനംദിനം വിപുലമായി വരികയാണ്. ഒരു രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഇരകള്‍ മാത്രമല്ല ഇന്നവര്‍, പകരം, അനവധി സാമൂഹികാസമത്വങ്ങളുടെ കൂടി ഇരകളാണ്.

കോവിഡിനെ തു

രാജ്യം വിട്ടുപോകുന്നവര്‍ മാത്രമല്ല, രാജ്യത്തിനകത്തുതന്നെ അഭയാര്‍ഥികളായി കഴിയേണ്ടിവരുന്നവര്‍. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോയ മനുഷ്യര്‍ ഒരേസമയം, നാടുവിടേണ്ടിവരികയും തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്ത അഭയാര്‍ഥികളാണ്. സ്വന്തം ഗ്രാമത്തിലും നഗരത്തിലും അവരെ കാത്തിരിക്കുന്നത് അഭയാര്‍ഥിത്വമാണ്. അസ്വസ്ഥപ്പെടുത്തുന്ന നിരവധി വിവരങ്ങള്‍ യു.എന്‍ റഫ്യുജി ഏജന്‍സിയുടേതായുണ്ട്. അഭയാര്‍ഥികളില്‍ പകുതിയോളവും കുട്ടികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. ചെന്നെത്തുന്ന രാജ്യങ്ങളില്‍ ഇവരുടെ ഭാവി എന്തായിരിക്കും എന്നത് വലിയ ചോദ്യമാണ്.

ഈ കുട്ടികളുടെ തലമുറ സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ ഇഷ്ടമില്ലാത്തവരായിരിക്കും. ഇത്തരം മനുഷ്യരെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യാവകാശചിന്താപദ്ധതിയിലേക്ക് പലായനം എന്ന പ്രക്രിയക്ക് വിപുലപ്പെടാന്‍ കഴിയുമോ എന്നതാണ് വലിയ ചോദ്യം. കാരണം, ആഗോള ഭരണകൂടങ്ങള്‍ തീവ്രവലതുപക്ഷവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിലടക്കം റൈറ്റ് വിങ് പോപ്പുലിസം കരുത്താര്‍ജിക്കുന്നു. വംശീയതയും ഹിംസാത്മക ദേശീയതയുമൊക്കൊയാണ് ഇത്തരം ഭരണകൂടങ്ങളുടെ പ്രത്യേകതകള്‍. അതുകൊണ്ടുതന്നെ, "പുറത്തുനിന്നുള്ള' മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഇവക്ക് എത്രത്തോളം സാധ്യമാകും എന്നത് ചിന്തനീയമാണ്.

ലോകത്തിലെ വലിയ ജനാധിപത്യശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലടക്കം പൗരത്വവുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മാണങ്ങള്‍ വരുന്നത് വിസ്മരിച്ചുകൂടാ. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനപ്പുറത്തേക്ക് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ ഒരു ആഗോള വിഷയമായി എങ്ങനെ സ്വീകരിക്കപ്പെടുമെന്നത് കാത്തിരുന്നുകാണേണ്ട ഒന്നാണ്.

രേഷ്മ സി.
കുന്നംകുളം, തൃശൂർ


നല്ല മുട്ടന്‍ തെറി 'ബീപ്ബീപ്' ഇല്ലാതെ പറയുന്ന ഒരു മമ്മൂട്ടിയെ കാണാന്‍ കൊതിയാകുന്നു

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ തെറികള്‍ സ്വതന്ത്രമാകുമ്പോള്‍ എന്ന ലേഖനം (പാക്കറ്റ് 28) പുതിയൊരു ചര്‍ച്ചയാണ് തുറന്നിടുന്നത്. കലയിലെ "സദാചാര' അതിരുകള്‍ ഏതു കാലത്തും തര്‍ക്കവിഷയമാണ്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നിലാണ് എന്ന മേനി നടിക്കുന്ന മലയാളിയും സദാചാരത്തിന്റെ കാര്യത്തില്‍ ഫ്യൂഡല്‍ ബോധം വച്ചുപുലര്‍ത്തുന്നവരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ്.

സ്ത്രീപുരുഷബന്ധങ്ങളില്‍ സംഭവിക്കുന്ന പുരോഗമനപരമായ മാറ്റങ്ങളെ പോലും ഉള്‍ക്കൊള്ളാനാകാതെ, ദുരഭിമാനക്കൊലകളും സദാചാര പൊലീസിങ്ങും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ മാധ്യമങ്ങള്‍ പോലും സമൂഹത്തിലെ സദാചാര പൊലീസിങ്ങിന്റെ അതേ ടൂളുകള്‍ പ്രയോഗിച്ചാണ് വായനക്കാരെയും പ്രേക്ഷകരെയും അഭിമുഖീകരിക്കുന്നത്. (ശബരിമലക്കാലത്തെ ആര്‍ത്തവച്ചര്‍ച്ചകള്‍ ഓര്‍ക്കുക).

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യില്‍ ജാഫർ ഇടുക്കി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യില്‍ ജാഫർ ഇടുക്കി

ജീവിതത്തില്‍ ഇത്തരം സദാചാരസങ്കല്‍പങ്ങള്‍ കൃത്യമായി പാലിക്കുന്ന ഒരു സമൂഹത്തിനുമുന്നിലേക്കാണ് "മൈരേ' എന്നു പറയുന്ന നായകന്മാര്‍ എത്തുന്നത്. ജീവിതത്തില്‍ സ്വഭാവികമാകേണ്ട ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് മോറല്‍ ടൂളുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ടിവരുന്നതുതന്നെ മലയാളിയുടെ പുരോഗമന നാട്യത്തെ കുറിയ്ക്കുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ അരങ്ങേറുന്ന ഈ "വിപ്ലവം' ഇനി ജാഫര്‍ ഇടുക്കിയില്‍നിന്നും സ്‌ക്രീനില്‍ "എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത' ഫഹദ് ഫാസിലില്‍നിന്നും തിയറ്റര്‍ സ്‌ക്രീനിലെ പാര്‍വതിയിലേക്കും മഞ്ജുവാര്യരിലേക്കും മോഹന്‍ലാലിലേക്കും മമ്മൂട്ടിയിലേക്കും എത്തുന്ന കാലമായിരിക്കും മലയാള സിനിമയിലെ യഥാര്‍ഥ വിപ്ലവകാലം. സുഹൃത്തിനെ "എടാ മൈരേ' എന്നുവിളിക്കുന്ന ഒരു മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ കാണാന്‍ കൊതിയാകുന്നു.

ശൈല മാർക്കോസ്
മൂലമറ്റം, ഇടുക്കി


ഓരോ വിദ്യാര്‍ഥിയും വായിക്കണം, നൂര്‍ ജലീലയെ

നൂര്‍ ജലീലയുടെ കഥ (പാക്കറ്റ് 28)  ഈ തലമുറയിലെ ഓരോ വിദ്യാര്‍ഥിയും വായിച്ചിരിക്കേണ്ടതാണ്. ഭിന്നശേഷിക്കാര്‍ അടക്കമുള്ള പലതരം പരാധീനതകളുള്ള കുട്ടികളോട് നമ്മുടെ വിദ്യാഭ്യാസ സംവിധാനം പുലര്‍ത്തുന്ന ഉദാസീനതയും അവഗണനയും വരച്ചുകാട്ടുന്നുണ്ട് ആഷിക്ക് കെ.പിയുടെ അനുഭവം. ഇത്തരമൊരു കുട്ടിയെ ഏറ്റെടുത്ത് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുപകരം, അവരെ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. സിസ്റ്റര്‍ എലിസബത്ത് എന്നൊരു പ്രിന്‍സിപ്പലിന്റെ വ്യക്തിപരമായ നന്മയാണ് നൂര്‍ ജലീലയെ ഏറ്റെടുത്തത്.

നൂര്‍ ജലീല / Photo: noorjaleela, instagram
നൂര്‍ ജലീല / Photo: noorjaleela, instagram

ആ കസേരയില്‍ "ചട്ടം പാലിക്കുന്ന' മറ്റൊരു പ്രിന്‍സിപ്പലായിരുന്നുവെങ്കില്‍ ആ കുട്ടി ഇന്നെവിടെയായിരിക്കും? മാത്രമല്ല, ചേര്‍ത്തുപിടിച്ചാല്‍, ഏതുതരം വൈകല്യങ്ങളെയും മറികടക്കാന്‍ ശേഷിയുള്ളവരാണ് ഇവരെന്ന് നൂറിന്റെ ജീവിതം തെളിയിക്കുന്നു. ലേഖനത്തോടൊപ്പം ചേര്‍ത്ത, നൂര്‍ ജലീല ഒരു ബൈക്കിലിരിക്കുന്ന പടം എന്തുമാത്രം ആഹ്ലാദം നല്‍കുന്ന ഒന്നാണ്! എന്തുമാത്രം ആത്മവിശ്വാസവും പ്രതീക്ഷയുമാണ് അവളുടെ മുഖത്ത്. സ്‌പെഷല്‍ സ്‌കൂളുകള്‍ക്കുപകരം മറ്റു കുട്ടികളുമായി ഇടകലര്‍ന്ന് സഹവസിക്കാന്‍ സാധിക്കുന്ന സ്‌കൂളുകളാണ് ഇവര്‍ക്കുവേണ്ടത് എന്ന ഒരു പാഠം കൂടി ഈ കുറിപ്പ് മുന്നോട്ടുവെക്കുന്നു.

കെ. സി. രാധാകൃഷ്ണൻ
തൃക്കാക്കര ,കൊച്ചി


പഠിക്കാന്‍ ഏറെയുള്ള ക്ലാസ്‌റൂം ഓര്‍മകള്‍

വെബ്‌സീനില്‍ വരുന്ന ക്ലാസ്‌റൂം ഓര്‍മകള്‍ വിലപ്പെട്ട അനുഭവങ്ങളാല്‍ സമ്പന്നമാണ്. പാക്കറ്റ് 28ല്‍ പ്രസിദ്ധീകരിച്ച നൂര്‍ ജലീല എന്ന കുട്ടിയെക്കുറിച്ചുള്ള കുറിപ്പ് അത്തരമൊരു അനുഭവമായിരുന്നു. വിദ്യാര്‍ഥികളില്‍നിന്ന് പഠിക്കുന്ന അധ്യാപകരുടെയും അധ്യാപകരുടെ വാക്കും പ്രവൃത്തികളും ജീവിതത്തില്‍ പകര്‍ത്തുന്ന വിദ്യാര്‍ഥികളുടെയും സമ്പന്നമായ ഒരു ലോകമാണ് ഈ ഓര്‍മക്കുറിപ്പുകളിലൂടെ ലഭിക്കുന്നത്.

ഒരു കാലത്ത് ഒരു ക്ലാസ്മുറിയില്‍വെച്ച് ഒരു അധ്യാപകന്‍, അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയുടെ കാര്യത്തിലെടുക്കുന്ന തീരുമാനം തെറ്റായിരുന്നുവെന്ന്, പില്‍ക്കാല ജീവിതത്തിലൂടെ തെളിയിച്ച വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ ഈ കുറിപ്പുകളില്‍നിന്ന് വായിക്കാന്‍ കഴിഞ്ഞു. ക്ലാസ്മുറിയില്‍ തോറ്റുപോകുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്ത ആ വിദ്യാര്‍ഥിയെ പിന്നീട് അതേ അധ്യാപകന്‍ കാണുമ്പോഴായിരിക്കും അവര്‍ക്കിടയിലുള്ള ഒരു വലിയ സിലബസ് പൂര്‍ത്തിയാകുന്നത്. അതായത്, ക്ലാസ്‌റൂമില്‍ അവസാനിച്ചുപോകാത്ത പാഠങ്ങളെക്കുറിച്ചാണ് ഇവിടെ ഓരോ അധ്യാപകനും വിദ്യാര്‍ഥിയും എഴുതുന്നത്. ഒരു പുസ്തമായി ഇറക്കി ഓരോ ക്ലാസ്മുറിയിലും അധ്യാപകരും വിദ്യാര്‍ഥികളും വായിക്കേണ്ട ഒരു പംക്തിയാണിത്.

ജഹാംഗീർ എച്ച്.
ചേളാരി, മലപ്പുറം


മോഷ്ടാവായിരുന്ന മണിയന്‍ പിള്ളയുടെ ആത്മകഥക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കൊടുക്കാമോ?

"മീ റ്റു'വുമായി ബന്ധപ്പെട്ട റിമ കല്ലിങ്കലിന്റെ അഭിപ്രായം വായിച്ചു (പാക്കറ്റ് 28). കല കലയ്ക്കുവേണ്ടിമാത്രമാണെന്ന തരത്തിലുള്ള പഴഞ്ചന്‍ വ്യാഖ്യാനങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. കല ഒരു രാഷ്ട്രീയപ്രയോഗമായി വിപുലപ്പെട്ടുകഴിഞ്ഞിരിക്കേ, അതിന് സാമൂഹികമായ ഒരു അക്കൗണ്ടബിലിറ്റി ആവശ്യമാണ്. രചനയുടെ കാര്യത്തിലുള്ള ഈ അക്കൗണ്ടബിലിറ്റി രചയിതാവിന് ആവശ്യമാണോ എന്ന ചര്‍ച്ച അല്‍പം കുഴഞ്ഞുമറിഞ്ഞതാണ്.

റിമ കല്ലിങ്കല്‍
റിമ കല്ലിങ്കല്‍

മലയാളത്തിലെ വിഖ്യാതരായ എഴുത്തുകാരെ എടുത്തുനോക്കുക. ചങ്ങമ്പുഴയും പി. കുഞ്ഞിരാമന്‍ നായരും വി.കെ.എന്നും പോലെയുള്ള അറിയപ്പെടുന്ന "അഭ്യാസി'കള്‍ മുതല്‍ പരസ്യമായ രഹസ്യജീവിതമുള്ള, സ്ത്രീവിരുദ്ധരും ഫ്യൂഡലും പൊളിറ്റിക്കലി ഇന്‍ കറക്റ്റുമായ എത്രയോ എഴുത്തുകാരുണ്ട്.

ഇവരുടെയൊക്കെ "ആത്മകഥ'കള്‍ വച്ചുകൊണ്ട് ഇവരുടെ രചനകളെ റദ്ദാക്കാനാകുമോ? സര്‍ഗാത്മക രചന എന്നത് രചയിതാവിന്റെ വൈയക്തികതകളെ- അതിന്റെ സകല തെറ്റുകുറ്റങ്ങളെയും- അതിലംഘിക്കുന്നതും ഒരുവേള അവയെയും അവരെയും സ്വയം തിരുത്തുന്നതുമാണ് എന്ന് പല സൃഷ്ടികളും സാക്ഷിയാണ്.

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ മാത്രമല്ല, രചയിതാവിന്റെ അതുപോലുള്ള പിന്തിരിപ്പന്‍ നിലപാടുകളെയെല്ലാം ഈയൊരു സ്‌കെയിലില്‍ പരിശോധിക്കേണ്ടിവന്നാല്‍ എന്തുസംഭവിക്കും? മണിയന്‍ പിള്ള എന്ന മോഷ്ടാവ് എഴുതിയ ആത്മകഥക്ക്, മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് കൊടുക്കാന്‍ കഴിയുമോ? മോഷണം എന്നത് അയാളുടെ ബോധപൂര്‍മായ തെരഞ്ഞെടുപ്പായ സ്ഥിതിക്ക് പ്രത്യേകിച്ചും?

ജെന്നിഫർ കെ.മാർട്ടിൻ
കെന്റക്കി, യു.എസ്.എ.

വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media യിലേക്ക് അയക്കാം.​​​​​​​

TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
ജിന്‍സി ബാലകൃഷ്ണന്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ ഔട്ട്പുട്ട് എഡിറ്റര്‍

മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഫസലുല്‍ ഹാദില്‍ ഓഡിയോ/വീഡിയോ എഡിറ്റര്‍
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍


​​​​​​​വെബ്‌സീന്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെടാന്‍ editor@truecopy.media എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് subscription@truecopy. media പരസ്യം: advt@truecopy.media